2011, ജൂലൈ 14

ചരമഗീതം.

പണ്ട് നിന്‍ അഴകായി നിലകൊണ്ട പ്രകൃതി
ഇന്നോ, ചൂഷകരറുത്തു മാറ്റി.

പണ്ടു നീ.. കനകം വിളയിച്ച പാടങ്ങള്‍
പണി തീരാ 'കുടീരങ്ങള്‍' കീഴടക്കി.

പേരിന്‍ പെരുമായിലുള്ളോരു കേരവും
കണ്ണീരു കാണിക്ക വെച്ചിടുന്നു.


ഒഴുകിത്തഴുകിത്തലോടിയ നദികളും
തൊണ്ടവരണ്ടിന്നു കേണിടുന്നു.

മാവേലിമന്നന്‍റെ പിന്ഗാമികളിവര്‍
മാമല നാടിതില്‍ വാണിടുമ്പോള്‍

മാനുജരെല്ലാരുമൊന്നായി മനുജരെ
കൊല ചെയ്തു മതി മറന്നാടിടുന്നു.

മാനഭംഗങ്ങളും മദ്ദ്യാസക്തിയും
മലയാള 'തനിമ'യായ് മാറിടുന്നു.

ദൈവത്തിന്‍ നാടിതില്‍ ആതിഥ്യമരുളുന്ന
അടിമുടി മാറ്റും പരിഷ്കാരവും

അകം കത്തിയെരിയുമീ മനുജ ജന്മങ്ങളും
ആര്‍ക്കും വേണ്ടാ പ്രമാണങ്ങളും,

ശേഷക്രിയകളില്‍ കൂട്ടിനായെത്തുന്നു
ശീര്‍ഷകം മാറ്റിയ പാതകളും,

ശിരസ്സ്‌ നമിക്കും നിന്നാസന്ന മൃത്യുവില്‍
ഞാനും കുറിക്കുന്നു ചരമഗീതം..!!

62 comments:

നാമൂസ് പറഞ്ഞു...

കുറച്ചു നാളായി കേരളത്തോട് ഞാനിത് തന്നെ പറയുന്നു. എങ്കില്‍ പിന്നെ, അത് നിങ്ങളെയും കേള്‍പ്പിക്കാം എന്ന് കരുതി.

പാറക്കണ്ടി പറഞ്ഞു...

ഭൂമിക്ക് ഒരു ചരമ ഗീതം .. വെട്ടിപ്പിടിക്കാനുള്ള അതിമോഹത്തിനു മുന്നില്‍ ഭൂമി മരണക്കിടക്കയിലാണ് . അവള്‍ക്കു ഒരു സ്വാന്തനമാകട്ടെ ഈ ചരമഗീതം ...

കൊമ്പന്‍ പറഞ്ഞു...

പൊഴി ക്കാം ഇവിടെയും രണ്ടിറ്റു കണ്ണുനീര്‍
എന്നിട്ടാ കണ്ണ് നീര്‍ തുടച്ച കര്‍ചീഫ്‌ അലക്ഷ്യമായി വലിച്ചെറിയാം
അത് കയിഞ്ഞു പാശ്ചാത്യ ഉച്ചഭാഷിണിയില്‍ ഒരു സദാചാര പ്രസംഗവും നടത്തി പോകും വഴി വൃദ്ധ സദനത്തില്‍ അച്ഛന്റെ പേരില്‍ അടക്കാനുള്ള കാശും അടച്ചു
ബാറില്‍ കയറി കുറച്ചടിച്ചു വീട്ടില്‍ പോയി ഒരു ബ്ലൂ ഫിലിമും കാണാം

ആചാര്യന്‍ പറഞ്ഞു...

മാനഭംഗങ്ങളും മദ്ദ്യാസക്തിയും
മലയാള 'തനിമ'യായ് മാറിടുന്നു.

പറയുവാന്‍ ഏറെയുണ്ട് ഇനിയും എന്തേ ?...ചെവികെല്‍ക്കാന്‍ ആളുണ്ടാവുംബോലെ നാട് നന്നാവൂ..

രമേശ്‌ അരൂര്‍ പറഞ്ഞു...

ആശയം പ്രസക്തം ...വരികള്‍ കവിതയുടെ സുഖത്തിലേക്ക് വന്നില്ല .ആദ്യം തന്നെ പ്രകൃതിയെ അറുത്തു എന്നതുപോലുള്ള പ്രയോഗം ഒട്ടും ചേരാതെ ...പറയാനുള്ളത് കവിതയായി തന്നെ പറയണം എന്നുണ്ടോ നാമൂസ്‌ ? ഇണങ്ങുന്നത് ലേഖനങ്ങളിലെ ചടുല ഭാഷ തന്നെ ...:) ഗുരു സ്ഥാനീയരായ കവികളുടെ കവിതകള്‍ ഏറെ വായിക്കൂ ..കവിതയുടെ വെളിച്ചം കിട്ടും :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

കവിതയെ പറയാന്‍ ഞാനാളല്ല.
എന്നാല്‍ വരികളിലെ അഗ്നിയെ കണ്ടറിയുന്നു.
'പേരിന്‍ പെരുമായിലുള്ളോരു കേരവും' 'അടിമുടി മാറ്റും പരിഷ്കാരവും' എന്നിവയില്‍ എന്തോ ഒരു അപാകത തോന്നുന്നു.
ഈ ചരമ ഗീതത്തില്‍ ഞാനും കൂടുന്നു.

Rafeeque പറഞ്ഞു...

ശിരസ്സ്‌ നമിക്കും നിന്നാസന്ന മൃത്യുവില്‍
ഞാനും കുറിക്കുന്നു ചരമഗീതം..!!

manni_muth പറഞ്ഞു...

മനുഷ്യന്‍ ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ എന്തിനു പ്രക്ര്തിയെ ദ്രോഹിക്കുന്നു ..!!നമ്മുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയെന്നു എല്ലാം അറിയും എന്നു അവകാശ്പ്പെനുന്ന മനുഷ്യകാട്ടാളന്മാര്‍ സ്വയം ശവക്കുഴി തോണ്ടുന്നു പ്രക്രതി സ്നേഹികളെ നമുക്ക് കണ്ണുനീര്‍ പോഴിക്കുകയല്ലാതെ എന്തു ചെയ്യാം ....ഭൂമിയുടെ മാറിടം വലിച്ചു കീറുന്ന കാട്ടാളാ ......നീയും നാളെ പോകുന്നത് നീ വലിച്ചു കീറിയ ഈ മന്നിലെക്കാന് ......

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഓ.എന്‍.വി-യുടെ ഭൂമിക്കൊരു ചരമഗീതം സ്കൂളില്‍ പഠനവിഷയമായിരുന്നു. അതിന് ശേഷം നിരവധി പേര്‍ ഭൂമിക്കായി ചരമഗീതം കുറിച്ചു. എന്നിട്ടും മരിക്കാതെ പാതി ജീവനായി, മരണാസന്ന നിലയില്‍ കഴിയുന്നു. കാലികമായ ആശയം. പക്ഷെ കവിത എന്ന എന്ന നിലയില്‍ പുതുമ തോന്നിയില്ല...

moideen angadimugar പറഞ്ഞു...

മാനുജരെല്ലാരുമൊന്നായി മനുജരെ
കൊല ചെയ്തു മതി മറന്നാടിടുന്നു.
മാനഭംഗങ്ങളും മദ്ദ്യാസക്തിയും
മലയാള 'തനിമ'യായ് മാറിടുന്നു

കേഴുക നാടേ..കേഴുക.

Salam പറഞ്ഞു...

പറഞ്ഞ കാര്യങ്ങള്‍ പരക്കെ അംഗീകരിക്കപ്പെട്ടത്‌.
പരിഹാരം ആര്‍ക്കും അറിയാതുഴലുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള നമൂസിന്റെ
എഴുത്ത് ഏറെ പ്രസക്തം. കര്യങ്ങളെ
ശരിക്കും ആറ്റിക്കുറുക്കി മനസ്സില്‍ തട്ടും
വിധം അവതരിപ്പിച്ചു.

നസീര്‍ പാങ്ങോട് പറഞ്ഞു...

nallezhutthukal...

mini//മിനി പറഞ്ഞു...

‘ഒഴുകിത്തഴുകിത്തലോടിയ നദികളും
തൊണ്ടവരണ്ടിന്നു കേണിടുന്നു.’
അതിനു പകരം
‘വെള്ളം വെള്ളം സർവ്വത്ര
തുള്ളി കുടിക്കാനില്ലല്ലൊ’
എന്ന അവസ്ഥയാണ് ഇപ്പോൾ,
മറ്റെല്ലാം ശരിയാണ്.

sherriff kottarakara പറഞ്ഞു...

എത്ര പറഞ്ഞാലും മതിയാകാത്ത ആശയം തന്നെയാണു ഈ കവിതയിലേതും. ഇനിയും പറഞ്ഞാലും മതിയാകാത്തതും. രണ്ട് വരി കവിതകളിലൂടെയെങ്കിലും ഈ വിങ്ങല്‍ പുറത്ത് പ്രകടിപ്പിക്കുന്നത് എത്ര നല്ലതാണ്.പദ്യത്തില്‍ നിന്നും മാറി ഗദ്യ കവിത ആയാല്‍ ഒന്നുകൂടി ആശയങ്ങള്‍ക്ക് മിഴിവ് വരുമെന്ന് തോന്നുന്നു.പക്ഷേ അത് വെറും ഗദ്യം ആയിരിക്കരുത്, ഗദ്യ കവിത തന്നെ ആകണം..

Lipi Ranju പറഞ്ഞു...

കവിതയുടെ ഭംഗിയെ കുറിച്ച് പറയാന്‍ അറിയില്ല , പക്ഷെ ഇതിലൂടെ പറയാന്‍ ശ്രമിച്ച ആശയം ശക്തമായി തന്നെ പറഞ്ഞു.

mayflowers പറഞ്ഞു...

ലളിതം,
വാസ്തവം..

ഋതുസഞ്ജന പറഞ്ഞു...

“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി
ഇതു നിന്റെ എന്റെയും ചരമശുശ്രൂഷയ്ക്കു ഹൃദയത്തിലിന്നേ കുറിച്ച ഗീതം“ ഈ കവിത ഓർമ്മ വന്നു. നന്നായിട്ടുണ്ട് പോസ്റ്റ്

നിശാസുരഭി പറഞ്ഞു...

ഗൗരവമായ വിഷയം..

മുല്ല പറഞ്ഞു...

ശക്തം.

സൊണറ്റ് പറഞ്ഞു...

vaayichu .......

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

തൊട്ടു പോകരുതു ദുരാത്മക്കളെ
സത്യം മുളയ്ക്കുന്നൊരി ഭൂവിനെ
എന്ന ആഞ്ജാശക്തിയാണു നമുക്കു വേണ്ടതു്.

anupama പറഞ്ഞു...

പ്രിയപ്പെട്ട നാമൂസ്,
ഇത്തവണ കവിതയാണല്ലോ...
സ്വന്തം നാടിന്റെ ഇന്നത്തെ ഗതിയില്‍ അമര്‍ഷമാകാം......ദുഃഖം ആകാം...രോഷം കൊള്ളാം....
പക്ഷെ,ചരമഗീതം ഇത്ര പെട്ടെന്ന് എഴുതേണ്ട...എഴുതി തള്ളാന്‍ വരട്ടെ!
ഇനിയും ഒരു പാട് നന്മയും ഹരിതഭംഗിയും കാണാന്‍ ബാക്കിയുണ്ട്!
ക്രിയാത്മകമായി നിര്‍ദേശങ്ങള്‍ നല്കിക്കൂടെ,നാമൂസ്?
ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

സിദ്ധീക്ക.. പറഞ്ഞു...

കണ്ടു, കേട്ടു , കൊണ്ടു.
ദൈവത്തിന്‍ നാടിതില്‍ ആതിഥ്യമരുളുന്ന
അടിമുടി മാറ്റും പരിഷ്കാരവും , അതുതന്നെ കാര്യം.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

പണ്ടു നീ.. കനകം വിളയിച്ച പാടങ്ങള്‍
പണി തീരാ 'കുടീരങ്ങള്‍' കീഴടക്കി.

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

ആശംസകള്‍ നാമൂസ്.... പ്രസക്തമായ വിഷയം..ഒന്നുകൂടി ശക്തമായി അവതരിപ്പിക്കാമായിരുന്നെന്ന് തോന്നി..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

രക്തം ചിന്തിയ പാതകളും
രക്തം ഒലിച്ച കാലുകളും ഇന്ന് പരിചിതമായ രക്തമണവും
കൊള്ളാം നല്ല എഴിത് നമൂസ് ഭായി

കെ.എം. റഷീദ് പറഞ്ഞു...

ഇനിവരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനായ പുഴകളും
അതി മലിനാമായൊരു ഭൂമിയും

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

....ശേഷക്രിയകളില്‍ കൂട്ടിനായെത്തുന്നു
ശീര്‍ഷകം മാറ്റിയ പാതകളും,...

ഇഷ്ട്ടപ്പെട്ടു ഈ ചരമഗീതം..!
ആശംസകള്‍...!

Vayady പറഞ്ഞു...

ഓരോ തവണ അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ഒരു മരമെങ്കിലും വെച്ചിട്ട് വരാം നമുക്ക്. ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുന്നു എന്നല്ലേ? അത്രയെങ്കിലും ചെയ്തല്ലോ എന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം.

വരാനിരിക്കുന്ന ദുരന്തത്തെ ഓര്‍മ്മപ്പെടുത്തുന്നു ഈ കവിത.

ajith പറഞ്ഞു...

.
.
.
ശേഷക്രിയകളില്‍ കൂട്ടിനായെത്തുന്നു
ശീര്‍ഷകം മാറ്റിയ പാതകളും,

നാടിന്റെ യഥാര്‍ത്ഥ അവസ്ഥ...പരിഹാരം മാത്രം ആര്‍ക്കുമറിയില്ല

നികു കേച്ചേരി പറഞ്ഞു...

കേഴ്പ്പിക്കാമെന്ന് പറഞ്ഞു..ഇവിടെ ഒന്നും കേഴ്ക്കുന്നില്ലാ....
ബധിരകർണ്ണങ്ങളിലെ വനരോദനം മാത്രം ല്ലേ....

അജ്ഞാതന്‍ പറഞ്ഞു...

കവിതയിലൂടെ ശക്തമായ ഒരു വിഷയം അവതരിപ്പിച്ചു... ആശംസകള്‍... :)

റാണിപ്രിയ പറഞ്ഞു...

നാമൂസ് .... ശക്തമായി എഴുതി...ആശംസകള്‍ ...

വര്‍ഷിണി പറഞ്ഞു...

ഭൂമിയ്ക്കൊരു ചരമ ഗീതം..നല്ല ഭാഷ, നല്ല എഴുത്ത്.....അമര്‍ഷം വരികളില്‍ ഒന്ന് കൂടെ സ്പഷ്ടമാക്കാമായിരുന്നു..ആശംസകള്‍.

സീത* പറഞ്ഞു...

അതിഗംഭീരമായി ചിന്തിക്കേണ്ട വിഷയം...തീരുമാനം എടുക്കേണ്ടതും നമ്മൾ‌ തന്നെ...ആശംസകൾ‌

smitha adharsh പറഞ്ഞു...

കുറച്ചു വരികള്‍ക്കുള്ളില്‍ ശക്തമായ ഒരു വിഷയം ഭംഗിയായി അവതരിപ്പിച്ചു...ഏറെപ്പേര് പറഞ്ഞു പഴകിയ വിഷയമാണെങ്കിലും.... ഓരോ തവണ നാട്ടില്‍ ചെല്ലുമ്പോഴും എന്തൊക്കെ മാറ്റങ്ങളാ ചുറ്റും? പണ്ടത്തെ ഞാറു നടലും,കൊയ്ത്തും,മെതിയും ഒന്നും ഇല്ല.മോളെ ഒന്ന് കാണിച്ചു കൊടുക്കണം എന്നുണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ട് ഒരു ബന്ധു വീട്ടില്‍ അവളെ കൊണ്ട് പോയി.പക്ഷെ,അത് കാണാനൊത്തില്ല.ഒറ്റ ദിവസം കൊണ്ട് കൊയ്ത്തു മഷീന്‍ കൊണ്ട് വന്നു ഏക്കറുകണക്കിന് സ്ഥലം കൊയ്ത് പോയീത്രെ. അവള്‍ക്കത് കാണാത്തതില്‍ ഒരു സങ്കടവും തോന്നിയതും ഇല്ല. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു മനുഷ്യനെയും ഇപ്പൊ കാണാന്‍ കിട്ടുന്നില്ല.

രഞ്ജിത് പറഞ്ഞു...

അടിയാളരുടെ പ്രിയ കവിപെരുമാ....നിന്റെ കവിതയുടെ വാക്കുകള്‍ക്ക് പ്രാസത്തിന്റെയും രൂപത്തിന്റെയും അനുഷ്ടാന ശീലുകള്‍ കൈമോശം വന്നതറിയുന്നു...!!!! പക്ഷെ അലങ്കാര ശബ്ദങ്ങള്‍ക്ക് പകരം അവിടം ചോരപുരണ്ട അക്ഷരങ്ങള്‍ കുടിയേറിയത് കാണുമ്പോള്‍...നീ അടിയാളരുടെ വെളിച്ചപാടാകുന്നു....സ്ഥാനം തെറ്റിയ നിന്റെ അക്ഷരങ്ങളും വിലാപങ്ങളും ഈ ഞങ്ങടെ നെഞ്ചിനു മുകളിലേക്ക് വായ്ക്കരിയായി നീ ഉറഞ്ഞെറിയുന്നു....
"...ശിരസ്സ്‌ നമിക്കും നിന്നാസന്ന മൃത്യുവില്‍
ഞാനും കുറിക്കുന്നു ചരമഗീതം..!!.......""..ആരുടെ മൃത്യുവില്‍...ഓ ഭൂമിയുടെ... അതോ ഞങ്ങളുടെയോ....മനുഷ്യത്വതിന്റെയോ....?????..

subanvengara-സുബാന്‍വേങ്ങര പറഞ്ഞു...

.........സഹജീവികളുടെ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങള്‍ കാതോര്‍ത്തു ,അസ്വസ്ഥനാകുന്ന കവി,പക്ഷെ ശാശ്വതമായ ഒരു പരിഹാരം നിര്‍ദേശിക്കാന്‍ ഒരു ഗദ്യം എഴുതിയെ തീരൂ .....'പറയേണ്ട കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ അത് വിരസമാകില്ല ,എന്ന് ഓര്‍മ്മെടുതുന്നു ...............

ഹാഷിക്ക് പറഞ്ഞു...

നമൂസിന്റെ ലേഖനങ്ങളില്‍ പതിവുള്ള ചൂട് ഈ കവിതയിലും അനുഭവപ്പെടുന്നു

ente lokam പറഞ്ഞു...

ചരമ ഗീതങ്ങള്‍
എഴുതി ഇനിയും നമുക്ക്

"ആഘോഷിക്കാം" ..അല്ലാതെ

ആരെയും നന്നാക്കാന്‍ ‍ ആവില്ല എന്ന്

മാറി മാറി വരുന്ന ഭരണ

കൂടങ്ങള്‍ നമ്മെ കാണിച്ചു തരുക

അല്ലെ ?

moodadiyan പറഞ്ഞു...

ചെവിടിൽ ഈയം ഉരുക്കി ഒഴിച്ച ഒരു സമൂഹത്തോട് താങ്കളുടെ കവിതകൾ പറഞ്ഞ് കൊണ്ടിരിക്കുന്നത്.നന്നായി...എന്തായാലും തുടരുക താങ്കളുടെ പ്രയാണം...

Manoraj പറഞ്ഞു...

ആശയം നല്ലത്. പക്ഷെ എനിക്ക് ഒ.എന്‍.വിയെ മനസ്സില്‍ തട്ടി. അതുകൊണ്ട് നാമൂസിനെ ഓര്‍മ്മ വന്നില്ല..
ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്നമൃതിയില്‍
നിനക്കാത്മശാന്തി
ഇതുനിന്റെ- എന്റെയും
ചരമശുശ്രൂഷക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം

വരികള്‍ മനസ്സില്‍ തത്തിക്കളിക്കുന്നതിലാവാം

Echmukutty പറഞ്ഞു...

ഇനിയും അന്തിമകാഹളം മുഴങ്ങിയിട്ടില്ല. ഇപ്പോൾ ശ്രമിച്ചാലും മതി ബാക്കിയെ രക്ഷപ്പെടുത്താനായേയ്ക്കും.

മുഹമ്മദ് സഗീര്‍ പറഞ്ഞു...

എന്‍റെ കവിതകള്‍ക്ക് കവിത്വം ഉണ്ടാവണം എന്നില്ല എന്ന മുകൂർ ജാമ്യമുള്ളതിനാൽ കവിതയെ പറ്റി ഒന്നും പറയാനില്ല!

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

ഇന്നത്തെ ഏറ്റവുംവലിയ ശാപമായ പീഡനം ഈ കവിതയില്‍ വെറും 'മാനഭംഗം' എന്ന ലവലിലേക്ക് ചുരുക്കിയിരിക്കുന്നു.
അതിനാല്‍ ഈ കവിത അപൂര്‍ണം!

(വേണേല്‍ കമന്റുബോക്സ് പൂട്ടിക്കോ. ഇരുമ്പുലക്കകള്‍ മെയിലായി അയച്ചുതരാം)

**

yousufpa പറഞ്ഞു...

പാലം കുലുങ്ങിയാലും കേളൻ കുലുങ്ങൂല്ലേയ്.

F A R I Z പറഞ്ഞു...

അടിമുടി നാശത്തില്‍ ആണ്ടുകിടക്കുന്ന നമ്മുടെ,
'ദൈവത്തിന്റെ സ്വന്തം നാട്',
ഇനിയെന്നെങ്കിലും അതിന്റെ സ്ഥായിയായ മനോഹാരിത
തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നത്,നിരര്‍ഥകമായ
വ്യാമോഹം മാത്രം.

കുടിലുപോളിച്ചു കൊട്ടാരം പണിയുന്ന നാമാരെന്കിലും
ഓര്‍ക്കാറുണ്ടോ,അറിഞ്ഞോ അറിയാതെയോ നമ്മടെ
നാടിന്റെ പ്രകൃതി നാശത്തിനുള്ള ഒരാണി
നമ്മളും അടിച്ചു താഴ്തുകയാണെന്നു?

ശക്തമാകേണ്ട ഒരു വിഷയം, നിര്‍ജീവമായ കുറച്ചു
വാക്കുകളുടെ പ്രയോഗത്തില്‍ വരികള്‍ വേറിട്ടെഴുതിയാല്‍
കവിതാസ്വാദനം തരുന്നവയാകില്ല.
കവിതാ സങ്കല്പങ്ങള്‍തത്തന്നെ മാറ്റിക്കളയുന്ന രചനകള്‍,
പക്ഷേ ആസ്വദിക്കാന്‍ വെമ്പുന്ന വായനക്കാരന്‍ ഇവിടെ
വലഞ്ഞുപോകുന്നു.

ലേഖനങ്ങളില്‍ കാണുന്ന നമൂസ്‌ ഇവിടെ ഇല്ല.

ഭാവുകങ്ങളോടെ,
--- ഫാരിസ്‌.

മജീദ് അല്ലൂര്‍ പറഞ്ഞു...

ദൈവം സൃഷ്ടിക്കുന്നു.. മനുഷ്യന്‍ നശിപ്പിക്കുന്നു..!!

mottamanoj പറഞ്ഞു...

കാര്യങ്ങള്‍ എല്ലാം ശരി തന്നെ.

ചന്തു നായര്‍ പറഞ്ഞു...

ഇനിയും എഴുതുക..... രമേശ് പറഞ്ഞത് ശ്രദ്ധിക്കുക...എല്ലാ ഭാവുകങ്ങളും

വീ കെ പറഞ്ഞു...

മലയാളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നന്നായി പറഞ്ഞിട്ടുണ്ട്...
കവിതയെപ്പറ്റി അറിവുള്ളവർ പറയട്ടെ...
ആശംസകൾ...

ചെറുത്* പറഞ്ഞു...

ഇഷ്ടപെട്ടു.
കവിതയിലെ ആശയം കാലങ്ങളായി പലരും പറയുന്നത് തന്നെ. ഒരു ഓര്‍‍മിപ്പിക്കല്‍ കൂടി. നല്ലത്.
ബൂലോകത്തിലെ മോഡേണ്‍ ‘കവിത’കളോട് താരതമ്യപെടുത്തുമ്പോള്‍ ഇതിനെ ഇഷ്ടപെടാതെ വയ്യ.

ആശംസകള്‍!

Reji Puthenpurackal പറഞ്ഞു...

ആനുകാലിക പ്രസക്തം...
ഇന്നലകളിലെ നന്മയും ഇന്നത്തെ തിന്മകളും താരതമ്യം ചെയ്യുന്ന കവിത.

Jefu Jailaf പറഞ്ഞു...

വളരെ ശക്തമായി അവതരിപ്പിച്ചു. എങ്കിലും നാടിനെ പ്രാണനായി സ്നേഹിക്കുന്നവര്‍ ഇനിയുമുണ്ട് നമുക്കിടയില്‍. ഈ ചരമ ഗീതത്തിനൊപ്പമ് ഒരു ഉണര്‍ത്തുപാട്ട്‌ കൂടി എഴുതി വെക്കൂ പ്രിയ നാമൂസ് ഭായ്.

മുല്ല പറഞ്ഞു...

റമദാന്‍ ആശംസകള്‍..

mohammedkutty irimbiliyam പറഞ്ഞു...

ശേഷക്രിയകളില്‍ കൂട്ടിനായെത്തുന്നു
ശീര്‍ഷകം മാറ്റിയ പാതകളും
ശിരസ്സു നമിക്കും നിന്നാസന്ന മൃത്യുവില്‍
ഞാനും കുറിക്കുന്നു ചരമഗീതം !!
നല്ല വരികള്‍ ...ഭൂമിയുടെ ചരമഗീതം നമ്മുടെ കൂടി മരണത്തിന്‍റെ മണിമുഴക്കുന്നു!!

faisalbabu പറഞ്ഞു...

ഇത് കവിതയല്ലേ അപ്പോള്‍ അടുത്ത പോസ്റ്റില്‍ കാണാം

ബെഞ്ചാലി പറഞ്ഞു...

കുറേ കള്ള രാഷ്ട്രീയ ദൈവങ്ങളുടെ നാടല്ലെ...
ജനനിബിഡത കൂടീയ സ്ഥലങ്ങളിൽ ഇങ്ങിനെയൊക്കെ സംഭവിക്കും. ഇനി കേരളം അയല്പക്ക സ്റ്റേറ്റിൽ നിന്ന് കുറച്ച് സ്ഥലം വാങ്ങി വലുതാക്കിയാലും നാം നമ്മുടെ ഏരിയ വിട്ട് മാറുമോ? വയല് നികത്തും.. പുഴയും തോടും നശിപ്പിക്കും... എന്നാലും ഞാന് എന്റെ നാട്ടിൽ തന്നെ വസിക്കും....

ഭൂമി വിശാലമല്ലെ.. പക്ഷെ നാമൂസ് നാട് മാറി വീട് വെക്കുമൊ??? ഇല്ല, നമുക്ക് ചരമഗീതം പാടിനടക്കാനെ അറിയൂ...

കോമൺ സെൻസ് പറഞ്ഞു...

ചേട്ടാ.., ചരമഗീതം തുടങ്ങുന്നതിന് മുമ്പ് അറിയിക്കണം.. ഓർക്സ്ട്രാ ശരിയാക്കി വെക്കാനാ.

പള്ളിക്കരയില്‍ പറഞ്ഞു...

കാലികപ്രസക്തം. തിക്തസത്യങ്ങൾ കവിതയിലൂടെ. നന്നായി.

oduvathody പറഞ്ഞു...

നാമൂസേ ... നിങ്ങളുടെ ബ്ലോഗില്‍ ഞാന്‍ ഒരു പുതുമുഖമാണ് .... നിങ്ങളുടെ മറ്റു സൃഷ്ടികളിലൂടെയും ഞാന്‍ പോയി ... പക്ഷെ ഈ കവിത എന്നെ വേദനപ്പിച്ചു ....

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

നല്ല ശക്തവും ഉള്ളില്‍ കൊള്ളുന്നതുമായ വാക്കുകള്‍.
ആദ്യത്തെ ചരമഗീതമെഴുതിയ ഓ. എന്‍. വി. സാര്‍ ഇതൊന്നു വായിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോയി. സത്യം.ആശംസകള്‍ നാമൂസ്!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms