2012, മാർ 15

മുതലാളിയാകുന്നത്



ചിന്തകളുടെ കൂമ്പൊടിക്കുക..

എന്നിട്ടവയെ ചന്തയില്‍ വില്പനക്ക് വെക്കുക.

ശ്രദ്ധിക്കുക; വിപണന സാധ്യതയുള്ള ചിന്തകളെ മാത്രമേ ഉത്പാദിപ്പിക്കാവൂ..

അതുകൊണ്ട് 'യൂറോപ്യനായ വെളുത്ത പുരുഷന്റെ' തലയെ മാതൃകയാക്കുക.

കുറഞ്ഞത്‌ , നാടന്‍ സായിപ്പിന്റെ... വര്‍ണ്ണമുള്ള  സൗന്ദര്യശാസ്ത്രത്തെയും  അതിന്റെ ശബ്ദമുയര്‍ത്തുന്ന ചിന്തകളെയും  മാത്രം  അനുധാവനം ചെയ്യുക.

ഏയ്‌, ചിന്തയെ കച്ചവടം ചെയ്യാനുറച്ച വ്യാപാരീ.. ആഗോള വിപണിയില്‍ അമിതോത്പാദനം അത്യാവശ്യമെന്നു എപ്പോഴും ഓര്‍ക്കുകയും അതിനായി നല്ലൊരു യന്ത്രം തന്റെ പണിശാലയില്‍ ഘടിപ്പിക്കുകയും ചെയ്യുക. അസംസ്കൃത വസ്തുക്കളായി കൂടുതല്‍ ചൂഷണോപാധികളെ തന്റെ വ്യാപാര ശാലയിലേക്ക് കുടിയിരുത്തുക.

ഓര്‍ക്കുക, യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത് ആരുമായികൊള്ളട്ടെ/ എങ്ങനെയുമായിക്കൊള്ളട്ടെ ഉത്പന്നമെന്നത്  അന്തക വിത്തിനോട് കൂറ് പുലര്‍ത്തുന്നതായിരിക്കാന്‍ പ്രത്യേകം‍ ശ്രദ്ധിക്കുക. എങ്കില്‍ മാത്രമേ വിപണി പിടിച്ചടക്കാന്‍ സാധിക്കൂ..  അക്കൂടെ  ബ്രഹ്മിയില്‍ 'ജി എം വിത്ത്‌ ' മുളപ്പിക്കുന്നതിനെകുറിച്ചുള്ള ആലോചനകളും അത്യാവശ്യമാണെന്നുണര്ത്തുന്നു.!

പ്രിയപ്പെട്ട മുതലാളീ,  ഉപഭോക്താക്കളുടെ ' ക്രയശേഷി' കൂട്ടുന്ന വിധത്തിലുള്ള യാതൊരു വിധ വിഡ്ഢിത്തവും കാണിക്കാതിരിക്കുക. ഞാനാണു ഉടമയെന്നും ആകയാല്‍ നിനക്ക് ഞാന്‍ നല്‍കുമെന്നും നീ എന്നില്‍ നിന്നും വാങ്ങിക്കൊള്ളണമെന്നുമുള്ള എക്കാലത്തെയും വ്യാപാര ക്രമത്തിലേക്ക് സ്വാഭാവികമായും താങ്കള്‍ ഉയര്‍ത്തപ്പെടുന്നതിന് ഇതത്യന്താപേക്ഷിതമാണ്. അതുകൊണ്ട്, ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നവരാണ് നിങ്ങളെന്നും നിങ്ങള്‍ക്ക് വേണ്ടത് അതിനി ഉത്പന്നമായാലും തൊഴിലായാലും അതിന്റെ വേതനമായാലും ഞാന്‍ നല്‍കുമെന്നും അല്ല എനിക്ക് മാത്രമേ അത് സാധ്യമാകൂവെന്നും അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുക. ഇത്രത്രേ വിപണി സംസ്കാരം.

തൊഴിലാളികളുടെ അദ്ധ്വാനത്തെ പരമാവധി ചൂഷണം ചെയ്തുകൊണ്ടാവണം ഇത് നടപ്പില്‍ വരുത്തേണ്ടുന്നത്.
വില വര്‍ദ്ധനവും ശമ്പള വര്‍ദ്ധനവും തമ്മില്‍ ഇന്നലത്തേതെന്ന പോല്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു ഉറപ്പുവരുത്തണം. കൂലികൂടുമ്പോള്‍ സാധനത്തിനു വിലകൂട്ടുകയും സാധനങ്ങള്‍ക്ക് വിലകൂടുമ്പോള്‍ ആ വിലക്കനുസരിച്ചു തൊഴിലാളിക്ക് വിപണി അന്യമാകുന്ന വിധത്തില്‍ മാത്രം കൂലിയെ സമീപിക്കുകയും ചെയ്യുക.

അഥവാ, ഒറ്റ നോട്ടത്തില്‍ കൂലി കൂടിയതായി തോന്നുന്ന വിധത്തിലാവുകയും എന്നാല്‍  അവശ്യ വസ്തുക്കളുടെ വിലക്കനുസൃതമായി കൂലി ഉയരാതിരിക്കുകയും ചെയ്യണം. ഇങ്ങനെ, വാങ്ങാനാവാതെകണ്ട്  സമൂഹത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളും  പട്ടിണി കിടന്നു മരിക്കുമ്പോള്‍ താങ്കളുടെ ഗോഡൌണില്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കണം എന്ന് ..!

ഇവ്വിധം മഹാഭൂരിപക്ഷത്തിന്റെ വാങ്ങാനുള്ള ശേഷിയെ കെടുത്തിക്കൊണ്ടാവണം, പ്രിയ മുതലാളി സുഹൃത്തേ.. താങ്കളുടെ ശരീരം കൊഴുക്കേണ്ടത്.

ചെറുകിട കച്ചവടക്കാരേയും ഇതേ രീതിയില്‍ കൈകാര്യം ചെയ്യണം. അതിനായി 'വിപണി തുറന്നിടുന്നതിലെ'  വാങ്ങുന്നതിലും കൊടുക്കുന്നതിലുമുള്ള മത്സരം എന്ന കാരണത്തെ/പൊള്ളത്തരത്തെ അധികാരികളെക്കൊണ്ട് ആവര്‍ത്തിപ്പിക്കുക. പുതിയ കരാറുകളിലൂടെ വിസില്‍ ഊതിക്കുക. സാധുക്കള്‍ ഓടി തളരട്ടെ.. തളര്‍ന്നു വീഴട്ടെ...

ആരെങ്കിലും, "പണിയെടുക്കാന്‍ വേണ്ടി ജീവിക്കുന്നു"വെന്ന് പറയുകയോ പറയിപ്പിക്കുകയോ ചെയ്‌താല്‍.... കൊല്ലുകയോ കൊല്ലാനുള്ള ആളുകളെ ഏര്‍പ്പാട് ചെയ്യുകയോ ചെയ്യുക.

അങ്ങനെ, ചിന്തകളെ ഉത്പാദിപ്പിച്ച്, ആ ചിന്തകളെ വിറ്റ്, അതിനൊത്ത ഒരു വിപണിയെ പണിത് ആ വിപണിക്കൊരു സംസ്കാരവും ക്രമവും രൂപപ്പെടുത്തി ഞാനൊരു ഉടമയെന്ന് ഘോഷിക്കുക. അങ്ങനെ എക്കാലത്തെയും മുതലാളിത്ത ചിന്തകള്‍ക്കൊപ്പം നില്‍ക്കാന്‍ താങ്കളുടെയും താങ്കളുടെ സുഹൃത്തുക്കളുടെയും  ചിന്തകള്‍ താങ്കളെ സഹായിക്കട്ടെ എന്നാശംസിക്കുന്നു.

എന്ന്,.
നേരത്തെതന്നെ ഇവ്വിധം ചിന്തകളെ വിലക്ക് വാങ്ങി അടിമയായ വര്‍ണ്ണമില്ലാത്ത സൗന്ദര്യമില്ലാത്ത  ശബ്ദമില്ലാത്ത [ശബ്ദിക്കാന്‍ പാടില്ലാത്ത] ശതകോടികളില്‍ ഒരുവന്‍.!



Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms