2013, നവം 27

ഒരു നുണയനെ വായിക്കുമ്പോള്‍

"കടല് കാണാൻ കഴിയാത്ത
ഒരു കുഞ്ഞ്
ഫ്ലാറ്റിലെ തറയിൽ
"കടലമ്മ കള്ളി"
എന്നെഴുതിയത് മായ്ക്കാനാകുമോ
സുനാമി ഉണ്ടായത്" രാമചന്ദ്രന്‍ വെട്ടിക്കാട്.

അവിശ്വസനീയമായ നുണകളെ ഏറ്റം വിശ്വസനീയമായും മനോഹരമായും വിതാനിക്കുന്ന ഒരു പെരുംനുണയനാണ് ഒരു കഥാകാരന്‍. ആ അര്‍ത്ഥത്തില്‍ ഞാനൊരു നല്ല നുണയനെന്ന് ആപ്പിളിലെ ഓരോ കഥകളിലൂടെയും സിയാഫ് സ്ഥാപിക്കുന്നുണ്ട്. ഒരു കഥപറയുമ്പോള്‍ അതിന്റെ പശ്ചാത്തല രൂപീകരണവും അത് പറയാനുപയോഗിക്കുന്ന ഭാഷാ സങ്കേതവും പറയിപ്പിക്കാനുപയോഗിക്കുന്ന പാത്ര സൃഷ്ടിപ്പും ഒരുവലിയ ഘടകമാണ്, ഇതെല്ലാം ഒത്തിണങ്ങുമ്പോഴാണ് അതില്‍ രസനീയത രുചിക്കാനാവുന്നത്. ആ രസനീയത  സിയാഫിന്റെ ഓരോ കഥകളിലും അനുഭവിച്ചറിയാനാകുന്നുണ്ട് എന്നാണ് എന്റെ ആപ്പിളനുഭവം.

ഭൂതവും തവളയും പുകവണ്ടിയും മദ്യവും മൈതാനവും ആപ്പിളും താക്കോലും രാജിയും പാത്രമായും ഒരുവേള കഥയും ജീവിതവുമായും നിറഞ്ഞാടുന്ന കഥയരങ്ങിലെ ഈ കണ്ണ്കെട്ടലുകള്‍ വായനയെ രസമുള്ള ഒരേര്‍പ്പാടാക്കി തീര്‍ക്കുന്നുണ്ട്. വെറുതെ പറഞ്ഞു പോവുകയല്ല, കണ്ടെത്തുവോളം ശ്രമം തുടരാന്‍ പ്രേരിപ്പിക്കുന്ന ഒരു കൗശലം ഈ അക്ഷരക്കൂടങ്ങളില്‍ ഭംഗിയായി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. 'തവളയുടെ ജീവ ചരിത്രത്തില്‍ നിന്നുമൊരേട്' അവസാന വരിവരെയും വായിപ്പിക്കാനുള്ള എന്തോ ഒരിത് ഒളിപ്പിച്ചു വെക്കുന്ന സിയാഫിന്റെതായ ആ വൈഭവത്തിനുദാഹരമാണ്.

 ഈ സമാഹാരത്തിലെ ഓരോ ജീവിതത്തിനും അവകാശപ്പെടാവുന്ന ഒരു മൗലികതയുണ്ട്. അതവരുടെ ഭാഷയിലും സ്വഭാവത്തിലും ശീലത്തിലും പ്രകടവുമാണ്. ഇത് കഥയെ ജീവിതമെന്ന സത്യത്തിലേക്ക് വിശ്വാസപ്പെടുത്തുത്തുന്നുണ്ട്. 'കാസിനോ'യിലെ  ടെസ്സ ഒരസാധാരണ കഥാപാത്രമല്ല. എന്നാല്‍, ടെസ്സയെ പരിചയപ്പെടുത്തുന്ന കഥയുടെ 'ഭാഷ'  മറ്റു കഥകളെ അപേക്ഷിച്ച് അധികം പരിചയപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ ഭാഷ കൈകാര്യം ചെയ്യുന്നുണ്ട്. അത് പുതിയ കാലത്തെ ജീവിത ഭാഷയും കൂടെയാണെന്ന് ചില 'പ്രണയ വ്യായാമങ്ങള്‍' അടിവരയിടുന്നു. ഇതേ ജീവിതത്തിന്റെ മറുവശത്തുനിന്ന്‍ ഒരു വണ്ടി പുകതുപ്പി ഓടുന്നുണ്ട്. അത് കാടും മേടും കടന്ന് തലസ്ഥാന നഗരിയിലേക്ക് ചില കാഴ്ചപ്പണ്ടാരങ്ങളെ നാടിറക്കുകയാണ്. അപ്പോഴും ആദിമവംശജരെന്ന പൈതൃക ഭാരം അപരിഷ്കൃതരെന്ന പരിഹാസ്യം സൗജന്യമായി കയ്യേല്‍പ്പിക്കുന്നുണ്ട്. കൈകൊട്ടിക്കളിയുടെ അവസാനത്തില്‍ കെമ്പിയും കുമാരനും മല കയറിപ്പോകുന്നത് ജീവിക്കാനാണ്. അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കാനാണ്. ആ ജീവിതത്തിന്റെ സ്വാഭാവിക താളമാണ് 'വൈകിയോടുന്ന വണ്ടി' .

അതിസൂക്ഷ്മ വായനയുടെ തലപ്പെരുക്കമാണ് 'സുഷിരക്കാഴ്ച്ചകള്‍'. കേവലം  ഒരു താക്കോല്പഴുതിലൂടെ ഇത്രേം കാഴ്ചകള്‍ കാണാമെങ്കില്‍ അത് നമ്മെ കാഴ്ച്ചപ്പെടുത്തുന്നത് ഒട്ടും നിസ്സാരമായ ഒരു കാര്യമല്ല. കൂടുതല്‍ തുറന്നതും ആഴമേറിയതുമായ ജീവിതത്തിലേക്കാണ്. കൃത്യം ഇരുപത്തിയേഴെന്നു എണ്ണിയെടുക്കാവുന്ന വരികളിലൂടെ ഒരു കൊച്ചുദ്വാരത്തിനിപ്പുറത്തെ വലിയ കാഴ്ചകളിലേക്ക് നന്നേ ചെറുതായിപ്പോയ രണ്ടു കണ്ണുകളിലെ പകപ്പ് നെഞ്ചിലെ പിടപ്പ്/കിതപ്പ് ഇപ്പോഴുമുണ്ട് വായനയില്‍. ജീവിതത്തിന് മദ്ധ്യേ കറങ്ങുന്ന പങ്കയും കുറുകെ വരഞ്ഞ മറുകും. എല്ലാത്തരം  ജിജ്ഞാസക്കും അപ്പുറം മരണം മറ്റൊരു വലിയ ജിജ്ഞാസയായി ത്വരയൂട്ടുന്നുണ്ട്. ഈ വായനയുടെ തുടര്‍ച്ചയില്‍  'ഭൂതം' എന്ന കഥയില്‍ ഒരു ഭൂതത്തെ കാണിച്ചു വര്‍ത്തമാനത്തിലെ കശാപ്പിന്റെയും വേട്ടയുടെയും ചിത്രം അവതരിപ്പിക്കുമ്പോള്‍ അതിനെ കഥയെന്നോ ആക്ഷേപമെന്നോ എന്ത് തന്നെ വിളിച്ചാലും ഉന്നം കൃത്യമാണ്. അതുകൊണ്ടുതന്നെ അതതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നുമുണ്ട്.

പല ഗൃഹപാഠങ്ങളെയും തെറ്റിക്കുകയോ തെറ്റെന്ന് തിരുത്തിക്കുകയോ ചെയ്യുന്ന അനേക സന്ദര്‍ഭങ്ങളിലൂടെയാണ് നമ്മുടെ ജീവിതങ്ങള്‍ കയറിയിറങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്നത്. ആപ്പിളിലെ കഥകളിലൂടെ സിയാഫ് അത്തരം സംഭവങ്ങളെ/ജീവിതങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ, അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു സാധാരണ ജീവിതത്തെ അത് പറഞ്ഞുവെച്ച രീതിയാൽ മനോഹരമാക്കിയ ഒരു കഥയാണ് യൂത്തനേഷ്യ. അതേസമയം വിഷയത്തിന്റെ പ്രത്യേകമായ ഗൗരവം കൊണ്ട് അതൊരുപാട് ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നുമുണ്ട്.

*എത്ര തന്നെ ചേർത്തു  പിടിച്ചാലും വഴുതിപ്പോകുന്ന ചിലതുണ്ടെന്ന്  പല്ലിയും   നിശാശലഭവും. *എത്രതന്നെ സോദ്ദ്യേശപരമെന്ന് പറയുമ്പോഴും ഒരു ജീവനെ ഇല്ലാതാക്കാൻ മുതിരുന്നതിലെ നീതിയുക്തി. *ഒരു ജീവിതത്തിന്റെ സിംഹഭാഗവും ജീവിച്ച് തീർത്ത് ജീവച്ഛവമായി കട്ടിലിൽ കിടക്കുന്ന ഒരാളൊരു കുരുന്നിന് ജീവനാകുന്ന വൈപരീത്യം. *ഒരുപക്ഷെ, മരിച്ചുപോകുമ്പോഴും ജീവിച്ചിരിക്കുന്നവർക്ക് അവരുടെ വൈഷമ്യത്തിൽ വായ്ക്കരിയിടുന്ന മഹത്തരം. *കാര്യസാധ്യത്തിനായി നിർമ്മിച്ചെടുക്കുന്ന പണാധിപത്യത്തിന്റെ സാധുതകളും ന്യായീകരണങ്ങളും. *കാര്യത്തിൽ വലുത് സ്വന്തം കാര്യമെന്ന എക്കാലത്തെയും മനുഷ്യന്റെ  സ്വാർത്ഥ വിചാരം. *സ്വാസ്ഥ്യം തേടുന്ന മനസ്സ് സ്വയം കണ്ടെത്തുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ചില ആശ്വാസ തുരുത്തുകൾ. *രാജി എന്നത് കേവലം ഒരു രാജിയല്ല അത് ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത ഒരുവന്റെ/ ഒരുവളുടെ ജീവിതത്തോടുള്ള തീർപ്പോ / പകരം വീട്ടലോ ആണ് എന്നുതുടങ്ങിയ അനേകം കാര്യങ്ങളുടെ ഒരു ചുരുക്കെഴുത്തായി യൂത്തനേഷ്യയെ വായിച്ചെടുക്കാം.

കഥ പറയുന്ന പശ്ചാത്തലത്തിലെ ദൈവ സാനിദ്ധ്യം ഒരുപക്ഷെ ഈ ദുർബ്ബല മാനസത്തിന് അഭയമായി സമ്മാനിച്ചതാവാം. പക്ഷെ, അതെത്ര വ്യാജമെന്ന് ഓരോ ചൊല്ലിപ്പറയലിലും വ്യക്തമാണ്. എങ്കിലും സുന്ദരമാണ് ആ ഭാഷണങ്ങൾ/ ആത്മഗതങ്ങൾ. മനുഷ്യൻ സർഗ്ഗാത്മകനാകുന്നത് ഇത്തരം ചില സങ്കൽപങ്ങൾ സൂക്ഷിക്കുന്നതിലും കൂടിയാവണം. എന്തായാലും ഈയൊരു വിശ്വാസ പരിസരം യൂത്തനേഷ്യക്ക്  വേറെയും മാനങ്ങൾ നല്കുന്നുണ്ട്.

ജീവിതത്തിന്റെ അടുക്കും ചിട്ടകളെയും കുറിച്ച് നന്നേ ചെറുപ്പത്തിലേ കുട്ടികളോട് വാചാലമാകുന്ന വിശ്വാസാചാര മാമൂലുകള്‍ മരിക്കുന്നതിനുമുന്പേ പെട്ടിക്ക് സമം ചേര്‍ന്ന്‍ ജീവിതം ശീലിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. അതുപോലെത്തന്നെയാണ് പുറംകാഴ്ച്ചകളില്‍ നിന്നും അകന്ന്‍ നാല് ഭിത്തികള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട ഫ്ലാറ്റ് ജീവിതവും. ഇത്, ഏറ്റം സമ്മോഹനമായ ബാല്യത്തെ  നിഷേധിക്കല്‍ മാത്രമല്ല മറ്റനേകം വൈകല്യങ്ങള്‍ കൂടെ പരിശീലിപ്പിക്കുകയാണെന്ന് ഗൃഹപാഠം എന്ന കഥയിലൂടെ സിയാഫ് പഠിപ്പിക്കുന്നു.

ഒരു ജാലകവിരി  'അടുക്കും ചിട്ട'യിലുമെന്ന അതിന്റെ 'അച്ചടക്കം' കാണിച്ചാൽ നിഷേധിക്കപ്പെടുന്ന പുറംകാഴ്ചകളേ ഇപ്പറയുന്ന ഫ്ലാറ്റ് ബാല്യങ്ങള്‍ക്കൊള്ളൂ... ഒന്ന് 'വലുതായാൽ' ഇതൊക്കെയും തനിക്കും സ്വന്തമെന്ന് സ്റ്റൂളിൽ  കയറിയ കുട്ടി കഥയിൽ നിന്നും സമൂഹത്തിലേക്ക് ഇറങ്ങി നടക്കുന്നത് അതുകൊണ്ടാണ്.  "അമ്മ എപ്പോഴാ വരിക" എന്ന അക്ഷമ ആ തെരുവിലേക്ക്/ അതുവഴി സമൂഹത്തിലേക്ക് അലിയാനുള്ള ആ കുട്ടിയുടെ ത്വരയാണ്. അങ്ങനെയുള്ള ഒരു ബാല്യത്തിന് തെരുവിലെ ജീവിതങ്ങൾ ശുഷ്കമെങ്കിലും അനുഭവത്തിൽ സമ്പന്നമെന്ന് പൂ വില്പനക്കാരിയും മാമ്പഴവും തെരുവ് ബാലികയും എല്ലാമടങ്ങുന്ന ജീവിതങ്ങളിലൂടെ  ഒരു കൗതുകമായി ആവേശിക്കുന്നുണ്ട്.

അവിടെയാണ് കഥയിൽ തെരുവ് പ്രധാനമാകുന്നത്. ഈയൊരു കാഴ്ച്ചയല്ലാത്ത മറ്റൊന്നും കുഞ്ഞിന് അനുവദിക്കപ്പെട്ടിട്ടില്ല എന്നിരിക്കെ പ്രത്യേകിച്ചും.! അതുപോലും എത്ര പരിമിതമെന്ന് കഥാവായന. കാരണം, കുട്ടിയുടെ വീടിരിക്കുന്നത് {ഫ്ലാറ്റ്] തെരുവിന്റെ ഇങ്ങേയറ്റത്താണ്. പിന്നെയുള്ളത് മതിലും മതിലനകത്തെ ഫ്ലാറ്റുമാണ്. അതാണേൽ പുറത്തൂന്ന് താഴിട്ട് പൂട്ടിയ തടവറയുമാണ്. ഒരു മുഴുവൻ തെരുവും ഒരുപക്ഷെ കുട്ടിയെക്കൊണ്ട് തടവറ ഭേദിക്കാൻ പ്രാപ്തനാക്കും വിധം പ്രകോപനം ഉണ്ടാക്കിയേനേ.

കഥയുടെ അവസാനത്തിൽ കുട്ടിയിലെ പ്രതികാരം പോലും ഈയൊരു മന:ശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഒരുതരം അസൂയയും കൊതിക്കെറുവും എല്ലാം ഈ കുട്ടിയെ കുട്ടിക്ക് നിഷേധിക്കപ്പെട്ട കാഴ്ചകളനുഭവിക്കുന്നവരോടുള്ള അമർഷവും വെറുപ്പുമായി  മാറുന്നുണ്ട്. തനിക്കെന്ന് കരുതിയത് സ്വന്തമാക്കിയ ഒരാളോടുള്ള സ്വാഭാവിക വികാരമല്ല അത്. ഇത്തരം കുട്ടികളിൽ അനുഭവപ്പെടുന്ന ഹിംസാത്മക മനസ്സ് കൂടെയാണ്.  അതിന്റെ സൂചനകൾ  കുട്ടി നേരത്തെ തന്നെ കാണിക്കുന്നുണ്ട്. അച്ഛന്റെ തോക്ക് അന്വേഷിക്കുന്നത് കുട്ടിയുടെ ഈ മനസ്സാണ്.

അതുപോലെ തന്നെ അനാവശ്യ ഭീതിയും കാര്യങ്ങളെ നേരിടാനുള്ള ഉള്ഭയവും ഇങ്ങനെ അടച്ചിട്ട് വളരുന്ന കുട്ടികളെ അലട്ടുന്ന ഒരു പ്രശ്നമാണ്.

അതുകൊണ്ടാണ് മുന്പൊരു കുട്ടി  രാമചന്ദ്രൻ വെട്ടികാടിന്റെ കവിതയിൽ കയറി ഇങ്ങനെ ചോദിച്ചത്.

"കടല് കാണാൻ കഴിയാത്ത
ഒരു കുഞ്ഞ്
ഫ്ലാറ്റിലെ തറയിൽ
"കടലമ്മ കള്ളി"
എന്നെഴുതിയത് മായ്ക്കാനാകുമോ
സുനാമി ഉണ്ടായത്"


കൃതി ബുക്സ് പ്രസിദ്ധപ്പെടുത്തിയ സുഹൃത്ത് സിയാഫ് അബ്ദുല്‍ ഖാദറിന്റെ 'ആപ്പിള്‍' എന്ന കഥാ സമാഹാരത്തിലെ ത്യവത്തിന്റെ അമ്മ/ആറാമന്റെ മൊഴി/തൃക്കാല്‍ സുവിശേഷം/അണയാത്ത തിരിനാളം/ഗുരു അത്ര തന്നെ  ലഘു/മനോരോഗിയുടെ ആല്‍ബം കറുപ്പിലും വെളുപ്പിലും/മറവിയിലേക്ക് ഒരു ടിക്കറ്റ് തുടങ്ങിയ മറ്റു കഥകളും ഒരുപാട് വാക്കുകളെ ഉത്പാദിപ്പിക്കുന്ന നല്ല വിതകുള്ള വായന ഉറപ്പ് തരുന്നവയാണ്.  അവയെകുറിച്ച് മറ്റൊരവസരത്തില്‍ പറയാമെന്ന പ്രതീക്ഷയില്‍ വിസ്താരഭയത്താല്‍ :) അവസാനിപ്പിക്കുന്നു.

തുടരും :)

ആപ്പിളിനെ കുറിച്ച് ഇവിടെയും വായിക്കാം

2013, നവം 20

സ്ക്രാപ്പ്

















ഇതിങ്ങനെ ചെയ്തുതന്ന സുഹൃത്തുക്കള്‍ക്ക്  സ്നേഹത്തിന്... :)

2013, നവം 2

രഹസ്യത്തിന്റെ ഭാഷ


മൗനം/നിശ്ശബ്ദത ഒരേ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന രണ്ടു വാക്കുകള്‍. അതേസമയം മറ്റു വാക്കുകളെ അപേക്ഷിച്ച് ഏറെ വാചാലവും. മൌനത്തിന്റെ സ്വഭാവ വൈവിധ്യമാണ് ഇതിനെ ഇത്രയധികം വാചാലമാക്കുന്നത്. ഉദാഹരണത്തിന്, രഹസ്യം എന്ന വാക്ക് അതിന്റെ കേവലാര്‍ത്ഥത്തില്‍ പോലും വലിയ ജിജ്ഞാസ ഉണ്ടാക്കുന്നുണ്ട്. അതിന് പല കാരണങ്ങള്‍ ഉണ്ടാവാം.

പ്രധാനമായും അതിന്റെ സ്വഭാവം 'ഉള്ളതും എന്നാല്‍ കണ്ടു കിട്ടാത്തതുമായ' ഒന്നാണ് എന്നുതന്നെയാണ്. ഈയൊരു സ്വഭാവം ഉള്‍ക്കൊള്ളുന്നവയെ മാത്രമേ നമുക്ക് രഹസ്യം എന്ന്‍ വിശേഷിപ്പിക്കാനാകൂ... ഈ രഹസ്യത്തെ പൊതിഞ്ഞു നില്‍ക്കുന്ന ഒന്നാണ് മൗനം. ഇവിടെ മൗനം സ്വയം അതിന്റെ സ്വഭാവം സ്വീകരിക്കുകയും രഹസ്യത്തിന്റെ സ്വഭാവത്തെ സംരക്ഷിച്ചു പിടിച്ച് രഹസ്യത്തെ രഹസ്യമാക്കി നിലനിറുത്തുകയും ചെയ്യുന്നു. ഇതും ഇതുപോലുള്ള പലതിലും മൗനം അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നത് അപ്രാപ്യമായ അതിന്റെ ആഴത്തെ പ്രയോഗിച്ചു കൊണ്ടാണെന്ന് കാണാം.

ഈ രഹസ്യങ്ങള്‍ വസ്തുനിഷ്ഠമാകുമ്പോള്‍ കൂടുതല്‍ പരീക്ഷണങ്ങളുടെയും അന്വേഷണാത്മക പഠനങ്ങളുടെയും ഭാഗമായി അവയ്ക്ക് പുതിയ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും പുതിയ ഭാഷ നല്‍കാന്‍ സാധിക്കുകയും അങ്ങനെ സാധിക്കുന്ന പക്ഷം മൌനമുടയുകയും അതിന്റെ സ്വഭാവം നഷ്ടപ്പെട്ട് രഹസ്യമഴിയുകയും ചെയ്യുന്നു. അഥവാ, വസ്തുനിഷ്ഠ കാര്യങ്ങള്‍ക്ക് മേലുള്ള മൌനങ്ങള്‍ അന്വേഷണാത്മക ഇടപെടലുകളുടെയും പരീക്ഷണാത്മക പ്രയോഗങ്ങളിലൂടെയും ഉടക്കാനും നാവ് നല്‍കാനും സാധിക്കും.

എന്നാല്‍, രഹസ്യങ്ങള്‍ ആത്മനിഷ്ഠമാകുമ്പോള്‍ അതിന്റെ കാരണങ്ങള്‍ ഒരാളുടെ മനോവിചാരങ്ങളുടെയും മനോവ്യാപാരങ്ങളുടെയും ഭാഗമായി ഉയിര്‍കൊള്ളുന്നന്നതും നിലനില്‍ക്കുന്നതും അതിന്റെ തന്നെ മറുതലക്കല്‍ മറ്റൊരു കാരണത്തിന്റെ തന്നെ പേരില്‍ അഴിയുന്നതുമാണ്. കാരണം ഇതൊക്കെയും സംഭവിക്കുന്നത് സചേതനമായ ഒരു മനുഷ്യനിലാണ്. ആത്മനിഷ്ഠ രഹസ്യങ്ങളുടെ സ്വഭാവത്തിന് മനുഷ്യ സ്വഭാവത്തിലെ നല്ലതും ചീത്തയും ഒരുപോലെ സ്വീകരിക്കപ്പെടുന്നുണ്ട്.

ഈ നല്ലതും തിയ്യതും/ശരിയും തെറ്റും ആപേക്ഷികമാണ് എന്നത് മറ്റൊരു വിഷയവും ചര്‍ച്ചയും തന്നെയാണ്. എങ്കിലും, പൊതുവില്‍ ഇതിനെയെല്ലാം വിവക്ഷിക്കുന്ന ബോധന ശാസ്ത്രാവലംബങ്ങളിലും ഇതേ രഹസ്യവും അതിന്റെ ഭാഷയും പ്രകടമായി കാണാം. അപ്പോള്‍, മൗനം എന്നത് വസ്തുനിഷ്ഠവും ആത്മനിഷ്ഠവും പ്രത്യശാസ്ത്രപരവുമായ രഹസ്യങ്ങളുടെ ആവരണവും ഒളിയിടവും ആണെന്ന്‍ മനസ്സിലാക്കാം. വസ്തുനിഷ്ഠ രഹസ്യങ്ങളെ അപേക്ഷിച്ച് ആത്മനിഷ്ഠ രഹസ്യങ്ങള്‍ക്ക് മനുഷ്യ സ്വഭാവങ്ങളുടെ എല്ലാ ഗുണവും സ്വാധീനിക്കുന്നുണ്ട്.

ശബ്ദമില്ലാതാക്കുന്നതും ശബ്ദമില്ലാതെയാകുന്നതും അടിമ/ഉടമ ബോധത്തിന്റെ പുതിയ രൂപമായ അധികാര സ്ഥാപനങ്ങളുടെ അധികാര പ്രയോഗത്തിന്റെ ഒരു സ്വഭാവമായി മനസ്സിലാക്കണം. ഭാഷ ഉത്പാദിപ്പിക്കുന്ന ഒരധികാര പരിസരമുണ്ട്. അത്, മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ചെറുതായും വലുതായും അനുഭവപ്പെടുന്ന ഒന്നാണ്.  ഇത് തിരിച്ചറിഞ്ഞാല്‍ അധികാര പ്രയോഗത്തിന്റെ ഭാഷയും അതിന്റെ രഹസ്യ സ്വഭാവവും അതിലെ മൗനവും വ്യക്തമാകും. തീര്‍ച്ചയായും അതിനൊരു അധിനിവേശ സ്വാഭാവം ഉണ്ട്. ഇവിടെ മൗനം രണ്ടു തരത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്., ഒന്ന്. അധികാരി വര്‍ഗ്ഗത്തിന്റെ അധിനിവേശ മനസ്സിനെ സംരക്ഷിക്കുകയും അതിന്റെ പ്രയോഗ പദ്ധതികളെ ഒളിപ്പിക്കുകയും ചെയ്യുന്ന തീര്‍ത്തും ഔദ്ദ്യോഗികമായ മൗനം. മറ്റൊന്ന്, ഈ അധികാര പ്രയോഗങ്ങളുടെ ഉരുക്ക് മുഷ്ടിക്ക് മുന്‍പില്‍ അല്ലെങ്കില്‍ അതിന്റെ പ്രലോഭന/ചൂഷണ യുക്തിക്ക് മുന്‍പില്‍ നാവറ്റ് വിധേയരാകുന്ന അടിമബോധ മനസ്സ് ഉത്പാദിപ്പിക്കുന്ന വിധേയത്വത്തിന്റെ ഭാഷ. ഇതിനെതിരിലുള്ള ആത്മബോധത്തിന്റെ കരുത്തുറ്റ സമര പ്രയോഗമാണ് ഈ രഹസ്യത്തെ ഉടക്കുന്നതും മൌനമുടച്ച് ശബ്ദമാകുന്നതും. ഈയൊരു മാറ്റത്തിനിടക്കുള്ള സംഘര്‍ഷവും മൗനത്തിലൂടെയാണ് കരുത്താര്‍ജ്ജിക്കുന്നത് എന്നത് അധികാര ഇടനാഴികളിലെ രഹസ്യവും ഭാഷയും മൌനവും എന്നതിന്റെ വ്യവഹാര തലങ്ങളെ നിര്‍വ്വചിക്കുന്നതിനെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.

ഇനി ഇതിന്റെ തന്നെ മറ്റൊരു തലം എന്നത്: തീര്‍ത്തും വൈയക്തികമായ അനുഭവങ്ങളുടെ ഭാഗമായുള്ള മൌനമാണ്. ഇവിടെമാത്രം മൗനം രഹസ്യത്തിനും അപ്പുറത്തേക്ക് പരസ്യത്തെയും ഉള്‍ക്കൊള്ളുന്നുണ്ട് എന്നതാണ് കൗതുകം. ഉദാഹരണത്തിന്, പിടിക്കപ്പെട്ടവന്‍ വെളിവാക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കുന്നത് ഈയൊരു പരസ്യമാക്കപ്പെട്ടതിലുള്ള മൗനത്തിന്റെ സൂചനയാണ്.

പിന്നെ, പിണക്കങ്ങളില്‍ ഈര്‍ഷ്യയായും വെറുപ്പായും നഷ്ടമായും നിരാശയായും  അന്ത:ക്ഷോഭങ്ങളിലും വിയോജിപ്പുകളിലും നീരസത്തിലും പ്രതിഷേധത്തിലും  ആയുധമായും മൗനം സമരവും ജീവനവുമാകുന്നുണ്ട്. ഒരുപക്ഷെ, മൌനത്തിന്റെ മറ്റവസ്ഥകളില്‍ നിന്നും മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും സമീപസ്ഥമായ ഇത്തരം വൈയക്തിമായ പ്രയോഗാനുഭവമാണ് 'മൗനം' എന്ന്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് വരിക. അതുകൊണ്ടുതന്നെ ഇത് സാധാരണവും അതേസമയംതന്നെ അതീവ തീവ്രവുമാണ്. ഈ മൗനം ഏറെ ആഴമുള്ളതാണ് വാചാലവുമാണ്‌. ഈ മൌനത്തിന് പ്രാദേശിക ഭാഷ്യങ്ങളും വ്യക്തിഗത സ്വഭാവവും ഉണ്ടാവുക സ്വാഭാവികമാണ്. അതിനെ ആ ഒരു തലത്തില്‍ നിന്ന്കൊണ്ട് സമീപിക്കുമ്പോള്‍ മാത്രമേ... അതിനെ ശരിയായി വിലയിരുത്താനും അതിനെയഴിക്കാനും സാധിക്കുകയോള്ളൂ... എങ്കിലും അത് പ്രാപ്യമാണ്.

എന്നാല്‍, പ്രത്യശാസ്ത്രപരമായ രഹസ്യങ്ങള്‍ അനാവശ്യ വാശി സൂക്ഷിക്കുന്നതും സ്വയം പവിത്രവും ആരാധ്യതയും അവകാശപ്പെടുന്നതും രഹസ്യത്തെ ഭേദിക്കാനുള്ള ശ്രമങ്ങളെ കുറ്റകരം എന്ന് വിധിക്കുകയും ചെയ്യുന്ന ഒന്നാണ്. രഹസ്യങ്ങളുടെ കൂട്ടത്തിലെ അപകടകാരി പ്രത്യശാസ്ത്ര രഹസ്യങ്ങളും അതിന്റെ മൌനവുമാണ്.

ചുരുക്കത്തില്‍, മൗനം കേവലം മൌനമല്ല. ലോകത്തെ എല്ലാ ഭാഷയിലും ഇടമുള്ള അനേകം ഉപഭാഷകളും ഭേദങ്ങളും സ്വന്തമായുള്ള അനേക സ്വഭാവങ്ങളും പ്രയോഗങ്ങളും സ്വീകരിച്ചിട്ടുള്ള നിര്‍വ്വചിക്കാന്‍ പ്രയാസമുള്ള അതേസമയം സചേതനമായ ഒന്നാണ് മൗനം.

2013, ജൂൺ 1

ഒത്തുതീര്‍പ്പുകളുടെ കാലത്ത് ‘വികസന‘ത്തിനൊരു ലുലു മാതൃക


കേവലമൊരു മേല്പ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് മാത്രമാണ് ലുലു വിഷയത്തിലെ പ്രതിഷേധമെന്നത്, വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കുന്നത്. ചെറുകിടവ്യാപാര മേഖലകളിലേക്കുള്ള കുത്തകകളുടെ കടന്നുവരവിന്റെ പുതിയ രൂപത്തെ ഇങ്ങനെ ചുരുക്കി കാണുമ്പോൾ ഭയക്കേണ്ടതുണ്ട്.

ഇതുപോലുള്ള മാളുകൾ ചെറുകിട വ്യാപാര മേഖലകളിൽ ഉണ്ടാക്കുന്ന അപകടം പരിശോധിക്കപ്പെടാതെ കണ്ട് ഇത്തരം മാളുകളോട് എന്ത് സമീപനമാണ് നാം സ്വീകരിക്കേണ്ടത് എന്ന തീരുമാനത്തിലേക്കെത്താനാവില്ല.

ഈ മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട കച്ചവടക്കാരും അവിടങ്ങളിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന അനുബന്ധ തൊഴിലാളികളും മറ്റു ചെറുകിട വ്യാവസായികളും കുടിൽ വ്യവസായ രംഗത്തെ സഹകരണ സംഘങ്ങളും അടങ്ങുന്ന ഒരു വലിയ ജനാവലിയുടെ ഉപജീവന സാധ്യതകളെ ഇത് ഇല്ലാതാക്കുന്നു.

ഇതുപോലുള്ള വന്‍ മാളുകളുടെ നിർമ്മാണ പ്രവർത്തനം നടക്കുമ്പോൾ പോലും അതിനാവശ്യം വരുന്ന അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും അതിനായി വീണ്ടും വീണ്ടും ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയും നിലവിലെ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആലോചന വിഷയം തന്നെയാണ്.

എന്നാൽ, ഇതൊരു വികസന വിഷയമായി {?) അവതരിപ്പിക്കപ്പെടുമ്പോൾ അത് വാഗ്ദാനം ചെയ്യുന്ന തൊഴിലവസരങ്ങളെ ഉയർത്തിക്കാണിച്ചു കൊണ്ടാണ് മേല്സൂചിപ്പിച്ച പ്രശ്നങ്ങളെ സാധൂകരിക്കുന്നതും യഥാര്‍ത്ഥ പ്രശ്നത്തെ മറച്ചുവയ്ക്കുന്നതും. അവിടെയും ഇതൊരു തെറ്റായ വാദമാണെന്നതാണ്‌ യാഥാർത്ഥ്യം. ഒരു മാളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണവും ആ പ്രദേശത്തെ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണവും മാത്രം പരിശോധിച്ചാൽ മതിയാകും ഈ വാദം എത്ര പൊള്ളയാണെന്ന് മനസ്സിലാക്കാൻ. മാത്രവുമല്ല, ചെറുകിട വ്യാപാര മേഖലയിലെ കുത്തകകളുടെ സാന്നിധ്യം കാരണം ഇല്ലാതെയാകുന്ന ചെറുകിട സ്ഥാപനങ്ങളും അതിലെ തൊഴിലാളികളും ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് എടുത്തെറിയപ്പെടുന്നു എന്നതായിരിക്കും ഇതിന്റെ ദുരന്തം.

മാളുകൾ വഴി വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങൾ അധികവും പുറത്തു നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്‌. തദ്ദേശീയരുടെ നേതൃത്വത്തിലുള്ള ചെറിയ ചെറിയ ഉത്പാദന കേന്ദ്രങ്ങളെയും അതുമായി ബന്ധപ്പെട്ടുള്ള അനുബന്ധ തൊഴിലാളികളെയും തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയില്ലാതെയാകുന്നതോടെ സാരമായി ബാധിക്കും. 

പ്രദേശ വാസികളുടെ ക്രയശേഷിയുടെ പരിധിയിൽ നിന്നുകൊണ്ട് അവര്ക്ക് മെച്ചപ്പെട്ട ജീവിതം അനുവദിക്കുന്നതിൽ നമ്മുടെ ചെറുകിട വ്യാപാര രംഗവും ഉത്പാദന മേഖലയും പരിമിതമായെങ്കിലും സഹായിച്ചു പോരുന്നുണ്ട്. കാരണം, അവിടെ ക്രയവിക്രയം ചെയ്യപ്പെടുന്ന ഏതൊന്നും അവരവരുടെ മാത്രം ഉടമസ്ഥതയിൽ ഉള്ളതല്ല. അത് യഥാസമയം പൊതു സമൂഹത്തിലേക്ക് വികേന്ദ്രീകരിക്കപ്പെടുന്ന ഒരു ചാക്രിക സ്വഭാവത്തെ പ്രധിനിധാനം ചെയ്യുന്നുണ്ട്. എന്നാൽ, പരിമിതമായ തോതിലെങ്കിലും നിലനില്ക്കുന്ന ഉത്പാദന ബന്ധങ്ങളിലെ ഈയൊരു സൗഹൃദം പോലും ഇത്തരം മാളുകൾ അനുവദിക്കുന്നില്ല. എന്നുമാത്രമല്ല, നിലനില്ക്കുന്ന സാഹചര്യത്തെ പൂര്ണ്ണമായും തകിടം മറിച്ച് സമ്പത്ത് മുഴുവൻ ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അങ്ങേയറ്റം അപകടകരമായ ഒരു സ്ഥിതി വിശേഷത്തെയാണ് ഇത് പ്രദാനം ചെയ്യുന്നത്.

യഥാർത്ഥത്തിൽ, ഉത്പാദന മേഖലയിലായാലും സേവന മേഖലയിലായാലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയല്ല, അവസരങ്ങൾ പരിമിതപ്പെടുന്നു എന്നതാണ് സത്യം. അപ്പോൾ, തൊഴിലും ഉപജീവനവും നഷ്ടപ്പെടുന്ന ആളുകളുടെ പുനരധിവാസമായിരിക്കും ഭാവി കേരളത്തെ അലട്ടുന്ന ഒരു മുഖ്യ പ്രശ്നം. എന്നിട്ടും ഇതിനെ വികസനം എന്ന് വെള്ള പൂശുന്നവരുടെ താത്പര്യം ചോദ്യം ചെയ്യപ്പെടാത്തത് ഭീകരമാണ്.

നിലവില്‍ ഉയർന്നു വന്നിട്ടുള്ള പല പ്രതിഷേധങ്ങളും ഈയൊരർത്ഥത്തിലുള്ള ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അല്ല ഉണ്ടായിട്ടുള്ളത്. കേവലമൊരു മേല്പ്പാല നിർമ്മാണവുമായി ബന്ധപ്പെട്ടും തോട് കയ്യേറി പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തി എന്നും തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചും കൊണ്ടാണ് അത് പുരോഗമിക്കുന്നത്. ഇതുരണ്ടും പരിഹരിക്കപ്പെടുന്നതോടെ ഒത്തുതീർപ്പിലാകുന്ന ഒരുതരം നിരുത്തരവാദ സമീപനമാണ് ഈ സമരത്തിൽ കാണാനാകുന്നത്.

മറ്റൊന്ന്, യൂസുഫലി, രവി പിള്ള തുടങ്ങിയ പേരുകളെ ചില വ്യവസ്ഥാപിത ചിൻഹങ്ങളായി ഉപയോഗിച്ചുകൊണ്ട് പ്രശ്നത്തിന് വർഗ്ഗീയ മാനം ഉണ്ടാക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമമാണ് ഇതിന്റെ മറുവശത്ത് നടക്കുന്നത്. ഇത് യഥാർത്ഥത്തിൽ വിഷയത്തിന്റെ മർമ്മത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ മാത്രമേ ഉപകരിക്കൂ...

ചുരുക്കത്തിൽ, മൂലധന ശക്തികളുടെ കടന്നുവരവിന് വഴിവെട്ടുന്ന തിരക്കിലാണ് ഇവിടത്തെ ഭരണ-പ്രതിപക്ഷ കക്ഷികളും മറ്റ് ജാതി മത-മാധ്യമ കൂട്ടുകെട്ടുകളും. മൂലധന ശക്തികളുടെ ലാഭതാത്പര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തില്‍ വികസനം കൈകാര്യം ചെയ്യപ്പെടുന്നതും സര്‍ക്കാരുകളുടെ നയരൂപികരണം ആ രീതിയില്‍ മാറ്റപ്പെടുന്നതും തുറന്നെതിര്‍ക്കേണ്ടതുണ്ട്. ഇവിടെയാണ്‌, ജനങ്ങള്‍ ബോധവാന്മാരാകേണ്ടതും അതിയായ ജാഗ്രത പാലിക്കേണ്ടതും.

'നേർരേഖ'യിൽ  പ്രസിദ്ധീകരിച്ചത്. 

2013, മേയ് 12

വരള്‍ച്ചയുടെ രാഷ്ട്രീയം, വികസനത്തിന്റെയും

വരള്‍ച്ചയുടെ രാഷ്ട്രീയം
 
ആധുനിക കാലത്ത് മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് വരള്‍ച്ച. വരാനിരിക്കുന്ന വലിയ യുദ്ധങ്ങള്‍ ഇനി വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. വരള്‍ച്ച എന്നത് ആവാസ വ്യവസ്ഥയുടെ സ്വാഭാവിക പ്രതികരണം എന്ന നിലയില്‍  ഗൌരവം കുറച്ചു കാണാന്‍ കഴിയില്ല എന്നതാണ് വരള്‍ച്ചയുടെ രാഷ്ട്രീയ കാരണങ്ങള്‍ പരിശോധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം. അങ്ങേയറ്റത്തെ അശാസ്ത്രീയമായ വികസന നിലപാടുകള്‍ മൂലം പാരിസ്ഥിതികമായ നിരവധി പ്രതിസന്ധികള്‍ ഈ ആവാസ വ്യവസ്ഥയെ പൊതിഞ്ഞു നില്‍ക്കുന്നതായി കാണാനാകും. ആഗോളാടിസ്ഥാനത്തില്‍ പൊതുവിലും സവിശേഷമായി ഇന്ത്യയിലും കേരളത്തിലും ഈ പ്രതിസന്ധിയെ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഭൌതികമായ ആര്‍ത്തിയിലും, സുഖലോലുപതയിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മലയാളിയുടെ പൊതുബോധം തീര്‍ത്തും പാരിസ്ഥിതിക വിരുദ്ധമായ ഒന്നാക്കി മാറ്റിതീര്‍ക്കുന്നതില്‍ മൂലധന ശക്തികള്‍ ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്.

ലോകത്തെ അത്യപൂര്‍വ്വമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടമലനിരകള്‍. തമിഴ്നാട്, കേരളം,കര്‍ണ്ണാടകം,ഗോവ, മഹാരാഷ്ട്ര, ഗുജരാത്ത് ഉള്‍പ്പടെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ നാശമാണ് ഇന്ന് നാം അനുഭവിക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്റെ ഒരു പ്രധാന കാരണം. വികസനത്തിന്റെ പേരിൽ  നടന്ന പ്രവര്‍ത്തനങ്ങളും സംഘടിതമായ രീതിയിലുള്ള വനം കയ്യേറ്റവും കേരളത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം വിനാശകരമായി  ഭവിക്കുന്നു. ചെറുതും വലുതുമായ നാല്പത്തിനാല് നദികള്‍ ഒഴുകുന്ന കേരളത്തില്‍ വേനല്‍ക്കാലമായാല്‍ പൊറുതിമുട്ടുന്ന ജലക്ഷാമവും വരള്‍ച്ചയുമാണ്. അനിയന്ത്രിതമായി ഡാമുകള്‍ പണിത് നദിയുടെ നീരൊഴുക്ക് തടഞ്ഞും ഗതിമാറ്റി വിട്ടും നമ്മള്‍ നദികളെ കൊന്നുകൊണ്ടിരിക്കുന്നു. അതേസമയം നദികളുടെ ഉത്ഭവസ്ഥാനത്ത് നടക്കുന്ന വനനശീകരണവും മറ്റും നദികളിലേക്കുള്ള നീരൊഴുക്കിനെ വിപരീതദിശയില്‍ ബാധിക്കുകയും ചെയ്യുന്നു.


പശ്ചിമഘട്ട മലനിരകളിലെ പാലക്കാട് ചുരപ്രദേശത്തെ മരങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു തമിഴ്നാട്ടിൽ നിന്നും വീശിക്കൊണ്ടിരുന്ന ഉഷ്ണക്കാറ്റിനെ തടഞ്ഞ്, തൃശൂര് മലപ്പുറം തുടങ്ങിയ അയൽപ്രദേശങ്ങളെ പ്രത്യേകിച്ചും മറ്റു പ്രദേശങ്ങളെ പൊതുവിലും വരണ്ട കാലാവസ്ഥയില്‍ നിന്നും സംരക്ഷിച്ചു പോന്നിരുന്നത്. ഈ മേഖലയിലെ വനനാശം ഉഷ്ണക്കാറ്റിനെ നമ്മുടെ നാട്ടിലും എത്തിച്ചു. ഇതുകാരണം തൃശ്ശൂര്‍, മലപ്പുറം എറണാകുളം തുടങ്ങിയ പ്രദേശങ്ങള്‍ മരുഭൂ സമാനമായ അവസ്ഥയിലേക്ക് തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ സൂചകമായി അത്തരം കാലാവസ്ഥകളിൽ കാണപ്പെടുന്ന പക്ഷികളുടെ സാന്നിദ്ധ്യവും ( Wheatear, Wryneck ) തണുപ്പുള്ളതും വരണ്ടതുമായ മേഖലകളില്‍ മാത്രം നന്നായി വിളയുന്ന കാബേജ്, കോളിഫ്ളവർ തുടങ്ങിയവ നമ്മുടെ നാട്ടില്‍ അടുത്തിടയായി കൂടുതല്‍ വ്യാപിക്കുന്നതും കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചകങ്ങള്‍ ആണ്.

പശ്ചിമഘട്ടമലനിരകളുടെ ശരാശരി ഉയരം 2000 മീറ്ററാണ്. പശ്ചിമഘട്ടത്തിനും അറബി കടലിനും ഇടയിലുള്ള ശരാശരി വീതി {കേരളത്തില്‍} 45 കിലോ മീറ്ററുമാണ്. സമുദ്രത്തിലേക്ക് നല്ല ചരിവുള്ളത് കാരണം മലമുകളിൽ പെയ്യുന്ന വെള്ളം അറബിക്കടലിലെത്താൻ പരമാവധി 48 മണിക്കൂർ  മതി. ഈ മലനിരകളിലെ കാട് ഇല്ലാതായാൽ ബംഗാൾ ഉൾക്കടലിൽ നിന്ന് വീശുന്ന ചൂടുള്ള കാറ്റ് നേരെ കേരളത്തിലെത്തും. അതേ ചൂട് ഇവിടെയെത്തിയാൽ നമ്മുടെ കൃഷിയും പരിസ്ഥിതിയും നിലനിൽക്കില്ല. എന്നുമാത്രമല്ല, ലോകത്ത് 97.2 % സമുദ്രജലവും  2 % വെള്ളം ഉറഞ്ഞ് മഞ്ഞിന്റെ രൂപത്തിലും  ബാക്കി വരുന്ന ഏകദേശം 1% മാത്രമാണ് ഉപയോഗയോഗ്യമായിട്ടുള്ളത്. ഈ വെള്ളമാണ് വന നശീകരണവും മറ്റും കാരണം കുത്തിയൊലിച്ച് കടലിലേക്ക് പോകുന്നത്. ഇത് തടയേണ്ടതും ഈ പ്രദേശത്തെ സംരക്ഷിച്ചു പിടിക്കേണ്ടതും അത്യാവശ്യമാണ്.

സംസ്ഥാനത്തിന്റെ മൊത്തം വനപ്രദേശം കേവലം പന്ത്രണ്ടു ശതമാനത്തിലേക്ക് താഴ്ന്നു. ഇതിന്റെയൊക്കെ ഫലമായി മഴക്കാലത്ത് ലഭിക്കുന്ന വെള്ളം ശേഖരിച്ചു വെക്കാനുള്ള ഭൂമിയുടെ കഴിവ് നഷ്ടപ്പെട്ടു. ഫലമോ അതിഭീകരമായ മണ്ണൊലിപ്പും വേനല്‍ക്കാലത്തെ ജലക്ഷാമവും.! സമതലങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. അമിതമായി മണല്‍വാരിയും നദീതടങ്ങള്‍ കയ്യേറിയും ജലം  മലിനമാക്കിയും കൊടിയ നാശം വരുത്തിക്കൊണ്ടിരിക്കുന്നു. നദികളുടെ സമീപപ്രദേശങ്ങളില്‍പോലും കുളങ്ങളും കിണറുകളും വറ്റിവരണ്ടു. കാരണം ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താൻ ‍സഹായിക്കുന്ന നദികളിലെ മണല്‍തിട്ടകള്‍ നമ്മള്‍ എന്നേ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കൂടാതെ, വ്യാവസായിക വിപ്ലവത്തിന്റെ പേരില്‍ കേരളത്തില്‍ വ്യാപകമായി നടന്ന ജല മലിനീകരണം ലഭ്യമായ ജലത്തെപ്പോലും ഉപയോഗശൂന്യമാക്കി. വൻ ‍വ്യവസായങ്ങള്‍ നടത്തിയ ഈ പ്രകൃതി നാശത്തോടൊപ്പം നാം ജനങ്ങള്‍ ആര്‍ഭാടത്തിന്റെ പേരില്‍ നടത്തുന്ന മലിനീകരണപ്രവര്‍ത്തനങ്ങളും പ്രാദേശികമായ ശുദ്ധജല സംഭരണികളെ പലതിനെയും ഇല്ലാതാക്കിയിട്ടുണ്ട്.
ഒരുപക്ഷേ ഇതിനേക്കാള്‍ ഭീകരമായി, സാമൂഹ്യസ്വത്തായ ഭൂഗര്‍ഭജലം പോലും ഊറ്റിയെടുത്ത് പണമാക്കി മാറ്റാന്‍ ആഗോളകുത്തകകള്‍ മത്സരിക്കുന്നു.

പൊതുവില്‍ പുരോഗമന സ്വഭാവം മുന്നൊട്ട് വെച്ച ഭൂപരിഷ്കരണം, കൃഷിഭൂമി കൃഷിക്കാരന് എന്ന ഇടതുപക്ഷസമീപനം നടപ്പാക്കുന്നതിന് പകരം മുകളില്‍നിന്നും നടപ്പാക്കപ്പെട്ട ഒന്നായിരുന്നു. യഥാര്‍ത്ഥ കൃഷിക്കാരാരായിരുന്ന ദളിത് വിഭാഗങ്ങള്‍ ലക്ഷം വീട് കോളനികളിലേയ്ക്കും മറ്റും ആട്ടിയോടിക്കപ്പെട്ടു. പകരം ഇടത്തട്ടുകാരായിരുന്നവര്‍ക്കും കുടിയാന്മാര്‍ക്കും കുടികിടപ്പവകാശം കിട്ടുകയായിരുന്നു പ്രധാനമായും സംഭവിച്ചത്. അതിന്റെ ഭാഗമായി കൃഷി ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു വിഭാഗത്തിലേയ്ക്ക് ഭൂമി എത്തിപ്പെടുകയും ക്രമേണ ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് കമോഡിറ്റി ആയി മാറുകയും ചെയ്തു. എങ്കിലും ചെറിയ തോതിലെങ്കിലും കൃഷി നിലനിന്ന് പോന്നു. എന്നാല്‍ തുടര്‍ന്ന് വന്ന ഹരിതവിപ്ലവം പാരമ്പര്യ കൃഷിരീതികളെ മാറ്റിമറിച്ച് കൃഷിയെ നശിപ്പിച്ചതോടൊപ്പം നമ്മുടെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുകയും ചെയ്തു. ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന തണ്ണീര്‍ത്തടങ്ങളും, തോടുകളും കുളങ്ങളും കോണ്‍ക്രീറ്റ് വികസനം നടപ്പിലാക്കുന്നതിനു വേണ്ടി നികത്തിക്കളഞ്ഞു. മഴക്കാലത്ത് പെയ്യുന്ന ജലം ശേഖരിച്ചു മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ സഹായിച്ചിരുന്ന തണ്ണീര്‍ത്തടങ്ങളും കുളങ്ങളും വയലുകളും വന്‍ തോതില്‍ നികത്തപ്പെട്ടു.  കിണറുകള്‍ തൂര്‍ത്ത് കുഴല്‍ കിണറുകള്‍ കുഴിച്ചു മഴവെള്ളം റീ-ചാര്‍ജ് ചെയ്യാനുള്ള അവസരവും ഇല്ലാതാക്കി. വീടിന്റെ മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്തു ഒരു തുള്ളിവെള്ളം പോലും ഭൂമിയിലേക്ക് ഇറങ്ങുന്നത് തടഞ്ഞു. സുലഭമായി ലഭിക്കുന്ന മഴവെള്ളം, കാനകള്‍ കെട്ടി കടലിലേക്കും മറ്റും ഒഴുക്കി.

വ്യക്തികള്‍ എന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും ഒരു പരിധി വരെ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ലഭിക്കുന്ന മഴയെ നല്ലരീതിയില്‍ പ്രയോജനപ്പെടുത്തുക. കേരളത്തില്‍ വാര്‍ഷിക പാതം മൂവ്വായിരമാണ്. ദേശീയ ശരാശരി ആയിരമാണ് എന്നറിയുമ്പോഴാണ് മഴക്കുറവല്ല നമ്മുടെ ജലക്ഷാമത്തിന് കാരണം എന്ന് മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യയുടെ പല ഭാഗങ്ങളിലും പതിറ്റാണ്ടുകളായി ജലദൌര്‍ലഭ്യത ഉണ്ടായിരുന്നുവെങ്കിലും നാം  മലയാളികള്‍ക്ക് അത് അടുത്തകാലംവരെ കേട്ടുകേള്‍വി മാത്രമായിരുന്നു. ഇന്ന് നാം കാട്ടിക്കൂട്ടുന്ന തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി കടുത്ത ജലക്ഷാമത്തെ നേരിടുമ്പോള്‍, ഇനിയും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ലാത്ത നമ്മുടെ വനസമ്പത്തിനെയും പുഴകളെയും കുളങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും നമുക്ക് കഴിയണം. 

നദീതടങ്ങളിലും ചരിഞ്ഞ പ്രദേശങ്ങളിലും പരമാവധി മരങ്ങള്‍ നട്ടുപിടിപ്പിക്കുക. അതുവഴി മണ്ണൊലിപ്പ് തടയാനും ലഭിക്കുന്ന മഴവെള്ളം  ഒലിച്ചു പോകാതെ മണ്ണില്‍ ഊര്‍ന്നിറങ്ങി ഭൂഗര്‍ഭ ജലനിരപ്പ്‌ ഉയരാനും ഇടവരും. കുളങ്ങളും കിണറുകളും തൂര്‍ക്കാതിരിക്കുക (ഇനിയുള്ളവയെങ്കിലും) വര്‍ഷകാലത്തിന് മുന്‍പ് അവ വൃത്തിയാക്കി മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുവാന്‍ സഹായിക്കുക. മഴക്കുഴികള്‍ ഉണ്ടാക്കി പാഴായിപ്പോകുന്ന മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ അനുവദിക്കുക.

ഒരുമീറ്റര്‍ നീളവും രണ്ടടി വീതിയും രണ്ടടി താഴ്ചയും ഉള്ള ഒരു മഴക്കുഴിയില്‍ 360 ലിറ്റര്‍ വെള്ളം ശേഖരിക്കാനാവും ഒരു വര്ഷം നൂറു തവണയെങ്കിലും ഈ കുഴി നിറക്കാന്‍ നമുക്കാവും അപ്പോള്‍ ഒരു മഴക്കുഴിയിലൂടെ വര്‍ഷത്തില്‍ ഭൂമിയിലേക്ക് ഇറങ്ങുന്ന ജലം 36000 ലിറ്റര്‍ !!! അഞ്ചു സെന്റില്‍ താമസിക്കുന്ന ആള്‍ക്ക് പോലും ഒന്നോ രണ്ടോ മഴക്കുഴികള്‍ ഇപ്രകാരം കുഴിക്കാവുന്നതാണ്. ശുദ്ധജലസ്രോതസ്സുകള്‍ മലിനപ്പെടുത്താതിരിക്കുക. അത് കേവലം വ്യക്തികളുടെ സ്വന്തമല്ലെന്നും ലോകത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണെന്നും തിരിച്ചറിയുക. ഓരോരുത്തരും പാരമ്പര്യ കൃഷിരീതിയിലെക്ക് തിരിച്ചു പോകാന്‍ തയ്യാറാവുക.

എന്നാല്‍ ഇത്തരം വ്യക്തിഗത പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍ണ്ണമായും പരിഹാരിക്കാവുന്ന ഒന്നല്ല നിലവിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍. കൃത്യമായ വികസന നയത്തിലൂടെയും അതിന്റെ ശരിയായ പ്രയോഗത്തിലൂടെയും മാത്രം മറികടക്കാവുന്ന ഒന്നാണ് ഇത്. എന്നാല്‍, വികസന നയങ്ങളില്‍ ഒരു
'പരിസ്ഥിതി സൌഹൃദചിന്ത' ഉണ്ടാക്കി എടുക്കാന് മാറി മാറി വരുന്ന നമ്മുടെ ഗവന്മേന്റുകളൊന്നും തയ്യാറായിട്ടില്ല.  മൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധമായ ഭരണ കൂടങ്ങള്‍ നിരവധി ഉടമ്പടികളിലൂടെ അത് സ്വന്തം ജനതയുടെ മേല്‍ അടിച്ചേല്പിക്കുന്ന കാഴ്ചയാണ് അധികാര കൈമാറ്റത്തിന്റെ 65 ആം ആഘോഷവേളയിലും നാം കാണുന്നത്. ദേശീയ താല്പര്യങ്ങള്‍ ഇല്ലാത്ത ഇന്ത്യയിലെ ദല്ലാള്‍ കുത്തക മുതലാളിത്വം ആഗോള സാമ്രാജ്യത്വ നയങ്ങള്‍ നടപ്പിലാക്കുന്ന ഇടനിലക്കാരായി നില്‍ക്കുന്ന ദയനീയ കാഴ്ചയും നമുക്ക് കാണേണ്ടി വരുന്നു. അതിനെ താങ്ങി നിര്‍ത്തുന്ന 'ഏജന്‍സികള്‍ ' മാത്രമായി നമ്മുടെ സര്‍ക്കാരുകള്‍ ചുരുങ്ങുകയും ചെയ്യുമ്പോള്‍ പരിസ്ഥിതിയെ തിരിച്ചു പിടിക്കുന്ന പ്രക്രിയ സങ്കീര്‍ണ്ണമായ ഒന്നായി മാറുകയും ചെയ്യുന്നു.

യഥര്‍ത്ഥത്തില്‍, ഏതൊരു സമൂഹത്തിന്റെയും ജനതയുടെയും വികസനം എന്ത് എന്ന അടിസ്ഥാനപ്രശ്നത്തെ തലകീഴാക്കി നിര്‍ത്തുന്ന ഒരു അഭിനവ വികസനമാണ് ഇന്ന് നടക്കുന്നത്. കൃഷിയിലും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളിലും ഊന്നുന്ന വികസനത്തിന് പകരം പ്രലോഭനങ്ങളില്‍ വീഴ്ത്തി, ഉപഭോഗതൃഷ്ണ വര്‍ദ്ധിപ്പിച്ച് ഒരു ജനതയെ മുഴുവന്‍ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഏതാനും വ്യക്തികളിലേയ്ക്ക് സമ്പത്ത് കേന്ദ്രീകരിക്കുന്ന പകല്‍കൊള്ളയാണ് കാലങ്ങളോളമായി ഇവിടെ നടക്കുന്നത്. ഇത്, കൃഷിയെ വളരെ അപ്രസക്തമായ ഒന്നാക്കി മാറ്റുന്നു. ഉപഭോഗവസ്തുക്കളുടെ നിര്‍മ്മാണവും അവയുടെ വിപണനവുമാണ് യഥാര്‍ത്ഥവികസനം എന്ന് കൊട്ടിഘോഷിക്കുന്നു. റോഡുകളും എയര്‍പോര്‍ട്ടുകളും വന്‍കെട്ടിടങ്ങളുമാണ്  വികസനം എന്ന് നമ്മെ തെറ്റായി ധരിപ്പിക്കുന്നു.

മുതലാളിത്തം ഇന്ന് ആഗോളവല്‍ക്കരണത്തിലെത്തി നില്‍ക്കുമ്പോള്‍ അത് പ്രകൃതിവിഭവങ്ങളെ ഒരു സാമൂഹികസമ്പത്ത് എന്നതില്‍ നിന്ന് മാറ്റി സ്വകാര്യമൂലധനത്തെ വര്‍ദ്ധിപ്പിക്കാനും കേന്ദ്രീകരിക്കാനും വേണ്ടി ഉപയോഗിക്കുന്നു. അനിയന്ത്രിതമായ ഈ ചൂഷണം പാരിസ്ഥിതിക സന്തുലനത്തെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതിയ്ക്ക് വേണ്ടിയുള്ള നിലപാടുകള്‍ നിലവിലെ വികസന പ്രക്രിയയ്ക്കും വ്യവസ്ഥിതിയ്ക്കും എതിരെയുള്ള നിലപാട് കൂടിയാണ്. മുതലാളിത്തം അതിന്റെ ആവിര്‍ഭാവകാലത്ത് തന്നെ,  മനുഷ്യനെ പ്രകൃതിയ്ക്കെതിരെ പ്രതിഷ്ഠിക്കുന്നതിനെകുറിച്ച് ശാസ്ത്രീയമായിതന്നെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് മുതലാളിത്തവികാസം അതിന്റെ പാരമ്യത്തിലെത്തുകയും ജീര്‍ണ്ണിച്ച് ആഗോളവല്‍ക്കരണത്തിലെത്തുകയും ചെയ്യുമ്പോള്‍ അത് പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുക എന്ന നിലയില്‍ എത്തിയിരിക്കുന്നു. അതുകൊണ്ട്തന്നെ പരിസ്ഥിതിയ്ക്കുവേണ്ടിയുള്ള സമരം സാമ്രാജ്യത്വവിരുദ്ധസമരം കൂടിയാണ്.വികസനവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യം പുരോഗമന പ്രസ്ഥാനം അഭിസംബോധന ചെയ്യേണ്ടത് വളരെ പ്രസക്തമാകുന്നു. സമഗ്രമായ ഒരു ബദല്‍ വികസന നയത്തെ കുറിച്ച് ആലോചിക്കേണ്ടതിന്റെ പ്രാധാന്യം കൈ വരുന്നത് അതുകൊണ്ടാണ്.

കൃഷിയെയും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളെയും  കേന്ദ്രീകരിച്ചുകൊണ്ടാണു യഥാര്‍ത്ഥ വികസനം ഉണ്ടാകേണ്ടത്. കൃഷിയെ വികസിപ്പിക്കാനുതകുന്ന ശാസ്ത്രസാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും ആണ് പ്രാഥമികമായി വികസനം ഊന്നല്‍ നല്‍കേണ്ട മേഖലകള്‍. ഐ ടി അടക്കമുള്ള ശാസ്ത്രമേഖലകള്‍ ഈ മേഖലയിലെ വികസനത്തെ ഊന്നിക്കൊണ്ട് വികസിക്കേണ്ടതാണ്. ഇങ്ങിനെയുണ്ടാകുന്ന സമ്പത്ത് സ്വകാര്യവ്യക്തികളിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന് പകരം സാമൂഹികമായി വിതരണം ചെയ്യപ്പെടുന്നിടത്താണ് ജനതയുടെ ക്രയശേഷി വര്‍ദ്ധിക്കുന്നത്. ഈ ക്രയശേഷി വികസിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഭാവികമായി വികസിക്കേണ്ടതാണ് വിനോദമേഖലകളിലും സേവനമേഖലകളിലുമുള്ള ഉത്പന്നങ്ങളുടെ ഉത്പാദനം. ഇത് പ്രകൃതിയുമായുള്ള സന്തുലനം പൂര്‍ണ്ണമായും നിലനിര്‍ത്തിക്കൊണ്ട് ആകേണ്ടതുണ്ട്.


പിന്നുര: പ്രമുഖ എഴുത്തുകാരി സാറാ ജോസഫിന്റെ 'ആതി' എന്ന നോവലിനെ ആസ്പദമാക്കി 'വരൾച്ചയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ 'അടയാളം ഖത്തർ'  സംഘടിപ്പിച്ച  ചർച്ചയിൽ അവതരിപ്പിച്ച പ്രബന്ധം, 10/5/2013 ദോഹ.
 

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms