2011, ഡിസം 13

സാമൂഹ്യ നീതി, സമഗ്ര വികസനം.

ഒരു കാലത്ത് നമ്മുടെ സാമ്പത്തികാടിത്തറയും രാജ്യത്തെ 70% ഓളം ജനതയുടെ ജീവിത മാര്‍ഗ്ഗവുമായിരുന്നു കൃഷി. നമ്മുടെ സംസ്കാരം തന്നെയും കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. കറകളഞ്ഞ വ്യക്തി ബന്ധങ്ങള്‍ അന്നത്തെ നേട്ടങ്ങളായി നാമിന്നും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇന്ന് സ്പെഷ്യല്‍ എക്കണോമിക് സോണും ആധുനിക ഡിസ്പോസ്ബള്‍ സംസ്കാരവും അതേ രീതിയില്‍ തന്നെ നമ്മുടെ വ്യക്തിബന്ധങ്ങളിലും എന്തിന് രക്തബന്ധങ്ങളിലും തന്നെ കടന്നുകയറി. കര്‍ഷകരുടെ കൂട്ടത്തോടെയുള്ള ആത്മഹത്യ, നാട്ടിലെ ജലസംഭരണികളായ പാടങ്ങള്‍ ഷോപ്പിംഗ്‌ മാളുകള്‍ക്കായി മണ്ണിട്ട്‌ നികത്തല്‍ അങ്ങനെ പോകുന്നു.... വര്‍ത്തമാന വിശേഷങ്ങള്‍..!

പൂമ്പാറ്റകളും, പൂത്തുമ്പികളും, നാടുകടത്തപ്പെട്ടു. ദാഹജലം പോലും നമുക്ക് കിട്ടാക്കനിയായി. 'പ്രകൃതി'ക്കുണ്ടായ വേദനകള്‍ കടിച്ചമര്‍ത്തി നിന്ന കാലം പോയി. അവ സ്വയം പ്രതികരിച്ചു തുടങ്ങി. അവയെ നമ്മള്‍ പല പേരിട്ടു വിളിക്കുന്നു..... അല്ലാതെന്തു ചെയ്യാന്‍?

കര്‍ഷകന്‍ സ്വന്തം അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുന്ന വിളകള്‍ മറിച്ചു വിറ്റ ഇടനിലക്കാര്‍ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി.. കര്‍ഷകന്‍ എല്ലായിടത്തും നിരന്തരം വഞ്ചിക്കപ്പെട്ടു.

ഇപ്പോളിതാ അവസാനമായി 'ആസിയാന്‍ കരാറും' ചെറുകിട വ്യാപാര മേഖലകളിലേക്കുള്ള ഭീമന്‍ കുത്തകകളുടെ കടന്നു കയറ്റവും.. ഒരു വലിയ ദുരന്തത്തെ രാജ്യത്തെ ദരിദ്ര നാരായണന്മാര്‍ക്ക് മേല്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ഏകദേശം നാനൂറില്പരം കാര്‍ഷിക വിളകള്‍ ഇന്ത്യയിലെ വിപണിയിലേക്ക് യഥേഷ്ടം ഇറക്കുമതി ചെയ്യുവാനുള്ള അനുവാദം പുറം രാജ്യങ്ങള്‍ക്ക് {ആസിയാന്‍} നല്‍കപ്പെട്ടിരിക്കുന്നു. അതും, ഒരു നയാ പൈസയുടെ ഇറക്കുമതി തീരുവയില്ലാതെ.! അതുകൊണ്ടുള്ള ഗുണമെന്ത്..? "മൂഷിക സ്ത്രീ വീണ്ടും വീണ്ടും മൂഷിക സ്ത്രീ" തന്നെയാകുന്നു. രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ കൊടും ദുരിതത്തിലാകുമ്പോഴും അവര്‍ക്കാശ്വാസമാകുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ രാജ്യത്തെ ഭരണാധികാരികള്‍ക്ക് 'സാങ്കേതിക പ്രശ്നങ്ങള്‍' തടസ്സമാകുന്നു പോലും.! ഈയടുത്ത കാലങ്ങളിലായി നമ്മുടെ വാര്‍ത്താ കോളങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ ആത്മഹത്യകള്‍ അവക്കൊരു കണക്കുമില്ല. ഇനിയത് വര്‍ദ്ധിക്കാനേ തരമൊള്ളൂ. അതിന്റെ കൂടെ ചെറുകിട വ്യാപാര മേഖലകളില്‍ ജീവിക്കുന്ന ശതകോടി വരുന്ന കച്ചവടക്കാരും അനുബന്ധ തൊഴിലുകളില്‍ ഏറെപ്പെട്ടിരിക്കുന്ന ഒരു വലിയ കൂട്ടം വേറെയും... ചരമ കോളങ്ങള്‍ക്ക് എണ്ണം കൂട്ടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്.

പരിഹാരമായി എന്തുണ്ട് എന്ന ചോദ്യത്തിന് ഒരുത്തരമേ ഒള്ളൂ.. ജനതയുടെ ക്ഷേമത്തിനും അതിജീവനത്തിനും മേലുള്ള സര്‍ക്കാരുടെ നിലപാടുകളില്‍ കാതലായ മാറ്റം ഉണ്ടാവേണ്ടിയിരിക്കുന്നു. അതിനാദ്യം വികസനത്തിന്റെ കാഴ്ചപ്പാട് തന്നെ പുതുക്കി പണിയണം. വികസനമെന്നാല്‍ അത് കേവലമൊരു വാക്കല്ലെന്നും ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മേലുള്ള ശക്തമായ ഒരുറപ്പാണെന്നും ഭരണ വര്‍ഗ്ഗം തിരിച്ചറിയാതെ ഇതിനൊരു പരിഹാരം സാധ്യമല്ല തന്നെ.! ആസിയാന്‍ കരാറിനും, വിപണി തുറന്നിടുന്നതിനും കാരണമായി പറയുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് തിരഞ്ഞെടുക്കാനുള്ള സൗകര്യം, ഉത്പന്നങ്ങളുടെ ലഭ്യത എന്നിവവയൊക്കെയാണ്. എങ്കില്‍, ഇത് വാങ്ങി ഉപയോഗിക്കുവാന്‍ രാജ്യത്തെ എത്ര ശതമാനം ആളുകള്‍ക്ക് സാമ്പത്തിക ശേഷിയുണ്ട്..? ഇപ്പോഴും, രാജ്യത്തെ ഇരുപതു ശതമാനം വരുന്ന ജനങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാ. ഭൂമി എന്നാല്‍ കേവല ആവാസ വ്യവസ്ഥയിലെ ഒരു വിഭവം എന്നത് മാത്രമല്ല. മനുഷ്യന്റെ ചലനാത്മകതയെ നിര്‍ണ്ണയിക്കുന്ന ഒരു വലിയ ഘടകം കൂടെയാണ്. രാജ്യത്തെ മൊത്തം ഭൂമിയുടെ നാല്പതു ശതമാനത്തിലധികം കൈവശം വെച്ചനുഭവിക്കുന്നത് കേവലം നാലര ശതമാനം വരുന്ന ഒരു ന്യൂനപക്ഷമാണ് എന്നറിയുമ്പോള്‍ ഇതിന്റെ ഭീകരത ബോധ്യപ്പെടും.

ചലനാത്മകതയെ നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകമാണ് തൊഴില്‍. രാജ്യത്തെ മുപ്പതു ശതമാനം വരുന്ന ജനതക്ക് വര്‍ഷത്തില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പോലും ഉറപ്പാക്കാന്‍ കാലമിന്നോളമായിട്ടും നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് ആയിട്ടില്ല. അതില്‍ തന്നെ വലിയൊരു ശതമാനം ആളുകള്‍ക്കും ഇരുപതിനും മുപ്പതിനും രൂപക്കിടക്കാണ് ദിവസ വേതനം. ഇവരോടാണ് "നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പാകത്തില്‍ യഥേഷ്ടം ഉത്പന്നങ്ങള്‍ വിപണിയില്‍ ഉറപ്പ് വരുത്താനാണ് ആസിയാന്‍ കരാറും വിപണി തുറന്നിടുന്നതെന്നും" പറയുന്ന ബഹുമാന്യ അധികാരി വര്‍ഗ്ഗമേ.. രാജ്യത്തെ പാവം ജനതയെ ഇങ്ങനെ പരിഹസിക്കരുത്.! നിങ്ങള്‍ ആദ്യം ചെയ്യേണ്ടുന്നത്, ജനതയുടെ 'ക്രയ ശേഷി' വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ വാങ്ങാനുള്ള ശേഷി കൂടുമ്പോള്‍ വിപണിയില്‍ ഉത്പന്നങ്ങള്‍ തികയാതെയാകും. അപ്പോള്‍, അതിനനുസൃതമായി ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍ നിര്‍ബന്ധമാവുകയും അങ്ങനെ ഉത്പാദന കേന്ദ്രങ്ങള്‍ കൂടുതല്‍ സ്ഥാപിക്കുന്നത് ഒരു ആവശ്യമായും വരും. അങ്ങനെ ചാക്രികമായ ഒരു വികസന രൂപമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്.

ഇതിനൊക്കെയും ആദ്യം ചെയ്യേണ്ടുന്നത് ജനതയുടെ ക്രയ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ്. അതിനായി അവശ്യം വേണ്ടുന്നത്; നേരത്തെ സൂചിപ്പിച്ച ഭൂമിയുടെ അവകാശത്തിലെ അസമത്വം അവസാനിപ്പിക്കുക എന്നതാണ്. രാജ്യത്ത് ഇന്ന് നടക്കുന്ന കൃഷി അതിന്റെ എണ്‍പത് ശതമാനവും കര്ഷകര്‍ ഒറ്റക്കോ കൂട്ടമായോ നടത്തുന്ന 'പാട്ട' കൃഷിയാണുള്ളത്.അഥവാ, രാജ്യത്തെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനാവശ്യമായ ഭൂമി കൈവശമില്ല എന്നു സാരം. അതെ, ഭൂമി പുനര്‍വിതരണം ചെയ്യപ്പെട്ടേ മതിയാകൂ. അങ്ങനെ വിതരണം ചെയ്യപ്പെടുന്ന ഭൂമിയില്‍ കൃഷിക്ക് യോഗ്യമായ ഭൂമി കര്‍ഷകര്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഭൂമി വ്യവസായികള്‍ക്കും നിജപ്പെടുത്തുകയും അത് യഥാവിധി വിതരണം ചെയ്യപ്പെടുകയും വേണം. കര്‍ഷകര്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുകയും, അവരുത്പാദിപ്പിക്കുന്ന വിളകള്‍ ന്യായ വിലക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ക്കും വാങ്ങാന്‍ ഉപഭോക്താവിനും വിപണിയില്‍ ലഭ്യമാവുക വഴി പുതിയൊരു വിപണന നയമാണ് കൈവരുന്നത്.

കര്‍ഷകര്‍ അഭിവൃദ്ധി പ്രാപിക്കുന്നതോടെ വിപണിയിലെ മറ്റു ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രാപ്തി നേടുകയാണ്‌. ഫലമോ, നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു 'ചാക്രിക വികസനം' എന്ന മാനം കൈവരുന്നു. ഇതിനാവശ്യമായ നിയമ നിര്‍മ്മാണങ്ങളും ഭരണ പരിഷ്കാരങ്ങളുമാണ് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവേണ്ടത്. രാജ്യത്തെ ചില അവയവങ്ങള്‍ മാത്രം ക്രമാതീതമായി വളരുകയും മറ്റു ചില അവയങ്ങള്‍ ഭീകരമാം വിധം ശോഷിക്കുകയും ചെയ്യുന്ന നിലവിലെ അനാരോഗ്യകരകരമായ ഈ പ്രവണത അവസാനിപ്പിച്ചേ തീരൂ. ഈ കാര്യത്തിന്മേലുള്ള ഒരു തീര്‍പ്പ്‌ സാധ്യമാകും വരെ ഭരണകൂടങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്ന തരത്തിലുള്ള 'തുടര്‍ സമരങ്ങള്‍' രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും യോജിച്ചു കൊണ്ടു നടത്തേണ്ടിയുമിരിക്കുന്നു.

ഇങ്ങനെയുള്ള സമരങ്ങള്‍ ഒരു വശത്ത്‌ നടക്കുമ്പോള്‍.. രാജ്യത്തെ ജനതയെ നേരിട്ട് ബാധിക്കുന്ന പെട്ടെന്നുണ്ടാകുന്ന വിഷയങ്ങളിലും അവസരോചിതമായ ഇടപെടലുകളും പ്രതികരണങ്ങളും തുടര്‍ന്ന് കൊണ്ടേയിരിക്കണം. ഇപ്പോള്‍ അത്തരമൊരു ഘട്ടത്തിലാണ് രാജ്യമുള്ളത്. സ്വദേശ/വിദേശ കുത്തകകള്‍ക്ക് വിപണി തുറന്നിടുന്ന പരിപാടി താത്ക്കാലികം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു എന്നാണ് അറിവെങ്കിലും, അത് പൂര്‍വ്വാധികം ശക്തിയോടെ പുനരവതരിക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം. പതിറ്റാണ്ടുകളായി ഇക്കാര്യത്തില്‍ നമ്മുടെ ഭരണവര്‍ഗ്ഗം കാണിക്കുന്ന സമാനതയില്ലാത്ത വ്യഗ്രത നമ്മള്‍ കാണുന്നുണ്ട്. മാത്രവുമല്ല, ആസിയാന്‍ കരാറിന്റെ കാര്യത്തിലെ മുന്നനുഭവങ്ങളും അതാണ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ സമരത്തിലായിരിക്കെ.. അല്പമൊന്നു തണുപ്പിച്ച 'ആലോചനാ നടപടികള്‍' ലോകത്തെ തീരങ്ങളെ നക്കിത്തുടച്ച് പോയ സുനാമി തിരമാലകളുടെ അലയൊലികള്‍ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന നാളിലാണ് കരാറില്‍ ഒപ്പുവെക്കുന്ന നടപടികള്‍ പുനരാരംഭിക്കുന്നതും അത് പിന്നീട് ഇന്ന് നാമറിയുന്ന ഒരു കരാറായി പരിണമിക്കുന്നതും.

ആരുടെയോ കയ്യില്‍ നിന്നും അച്ചാരം വാങ്ങി കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടി നടക്കുന്ന ഒരു വേട്ടക്കാരന്റെ മുഖമാണ് നമ്മുടെ ഭരണകൂടത്തിനുള്ളത്..! അപ്പോള്‍, ജനത കൂടുതല്‍ കരുതിയിരിക്കേണ്ടതുണ്ട്. ആസിയാന്‍ കരാറിനെയും, വിപണി തുറന്നിടുന്നതിനെയും ഫലപ്രദമായി ചെറുക്കാന്‍ ശക്തമായ ഒരു പ്രതിരോധം തീര്‍ക്കാന്‍ സാധിക്കേണ്ടതുണ്ട്‌. അതിന്, രാജ്യത്തെ കര്‍ഷകരും വ്യാപാരികളും തമ്മില്‍ ഒരു പുതിയ വിപണി സംസ്കാരം രൂപപ്പെടേണ്ടതുണ്ട്. രാജ്യത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് വിപണി അനുവദിക്കാന്‍ വ്യാപാരികള്‍ തയ്യാറാവുകയും. വ്യാപാരി സംഘങ്ങളുടെ കീഴില്‍ ചെറുകിട വ്യാപാര സംരംഭങ്ങള്‍ പ്രാദേശികമായി രൂപപ്പെടുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാവുകയും വേണം.

എന്നാല്‍, രാജ്യത്തെ വ്യാപാരി സമൂഹത്തിന്റെ സമര മുഖത്തെ മുന്‍കാല ഇടപെടലുകള്‍ ഒട്ടും ആശാവഹമല്ല. അത്തരമനുഭവങ്ങള്‍ ഞാന്‍ തന്നെയും നേരിട്ട് അറിഞ്ഞിട്ടുള്ളതാണ് "ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക" എന്ന് ആവശ്യപ്പെട്ടു സമര രംഗത്തുണ്ടായിരുന്നവരോട് അന്നത്തെ വ്യാപാരി സമൂഹം നല്‍കിയ മറുപടി. "ഞങ്ങള്‍ക്ക് ലാഭം കിട്ടുന്നുണ്ട്‌. മറ്റേതൊരു ഉത്പന്നത്തെയും പോലെ" അതെ, അവര്‍ക്ക് ലാഭം കിട്ടുമ്പോള്‍ അവര്‍ക്ക് മറ്റൊന്നും വിഷയമേയല്ല. പിന്നെയുമൊരിക്കല്‍, പ്ലാച്ചിമട സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് നാട്ടിലൊരു സാംസ്കാരിക സംഘടനയുടെ ഭാഗമായി നടന്ന കാംപൈനില്‍ വിശേഷിച്ചും 'ജല ചൂഷണത്തിന്റെ കാണാപ്പുറങ്ങള്‍' ചര്ച്ചയായപ്പോള്‍ പ്രദേശത്തെ സാധാരണ ജനങ്ങളില്‍ നിന്നും കുറഞ്ഞത്‌, നമ്മുടെ നാട്ടിലെങ്കിലും കോള ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യപ്പെടരുത് എന്ന ഉറച്ച തീരുമാനത്തിലേക്കെത്തിയപ്പോള്‍ "പകരം, ഇളനീര്‍ മേടിക്കാന്‍ ഇവിടെ ആരെ കിട്ടും..? ഞങ്ങള്‍ക്കാവശ്യം കച്ചവടം നടക്കുക എന്നതാണ് " അന്നുമിക്കൂട്ടരുടെ മറുപടി ഇത് തന്നെയായിരുന്നു. !

രാജ്യത്ത് മാസാമാസം നടന്നു വരുന്ന സവിശേഷ ആഘോഷമായ 'ഇന്ധന വില വര്‍ദ്ധനവില്‍' എന്താണ് ഇവരുടെ നിലപാട്..? ഏതെങ്കിലും കാലത്ത് വ്യാപാരി സമൂഹത്തിന്റെ സംഘം ചേര്‍ന്നുകൊണ്ടുള്ള ഒരു പങ്കാളിത്തം വില വര്ദ്ധനവിലുള്ള പ്രതിഷേധ പരിപാടികളില്‍ കാണാനായിട്ടുണ്ടോ..? അതെ, അവര്‍ക്കതിന്റെ ആവശ്യമില്ല. വില വര്ദ്ധവിന്റെ പശ്ചാത്തലത്തില്‍ അവശ്യ വസ്തുക്കള്‍ക്ക് വിപണിയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ അത് വ്യാപാരികളെ ഒരു തരത്തിലും ബാധിക്കുന്നില്ലല്ലോ..? കാരണം, അവര്‍ നല്‍കുന്നവരാണല്ലോ..? മേടിക്കെണ്ടവര്‍ അവര്‍ നിശ്ചയിക്കുന്ന വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരും അപ്പോഴും, വ്യാപാരി സമൂഹത്തിനു നഷ്ടമേതുമില്ലാ..

ചുരുക്കത്തില്‍, വ്യാപാരികള്‍ അവരിനി കുത്തകകള്‍ ആയാലും.. {സ്വദേശിയോ വിദേശിയോ ഏതുമാവട്ടെ,} ചെറുകിട കച്ചവടക്കാരും ഒരേ തൂവല്‍ പക്ഷികളാണ്. രണ്ടു കൂട്ടര്‍ക്കും ലാഭമാണ് പ്രശ്നം. ഇത്തരക്കാരുടെ 'സാമൂഹ്യ പ്രതിബദ്ധത' ഇത്തരം ഓരോ കാര്യത്തിലും വെളിവായിട്ടുള്ളതാണ്. കാലം പോകെ.. ഹിന്ദുസ്ഥാന്‍ ലിവറിനു അനുകൂലമായി നിലപാടെടുത്തവര്‍, കോള ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍, ഇന്ധന വില വര്ദ്ധനവിനെതിരില്‍ നിസ്സംഗത പാലിച്ചവര്‍.... എല്ലാമിപ്പോള്‍ സമര മുഖത്താണ്. എന്നിട്ടവര്‍ 'പൌരാവലി'യുടെ സഹായം തേടുന്നു.! ഈ നാളത്രയും ജനതയുടെ ന്യായമായ അവകാശ സമരങ്ങളോട് വിമുഖത കാണിച്ചവര്‍. അവരോടെന്തു സമീപനം സ്വീകരിക്കണം എന്നത് തീര്‍ച്ചയായും ഒരു വലിയ ചര്‍ച്ചാ വിഷയം തന്നെയാണ്. ഇങ്ങനെ കേവലം 'അവനാന്‍ പോറ്റികളായ' കുലം കുത്തികളോട് നമുക്കെങ്ങനെ സഹകരിക്കാനാകും.?

എങ്കിലും, ഇവരോട് നമുക്ക് ഐക്യപ്പെടാം. ഇവര്‍ക്കാകുമോ പ്രദേശത്തെ സാധാരണ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കി വിപണി അനുവദിച്ചു കൊടുക്കാന്‍..? ഇവര്‍ക്കാകുമോ.. "വീഴാന്‍ പോകുന്നവന്റെ പിറകില്‍ ഒരു തള്ളും" എന്ന കണക്കിന് രാജ്യത്തെ ചെറുകിട നിര്‍മ്മാണ യൂണിറ്റുകളെ നിലനിപ്പിനു തന്നെ ഭീഷണിയാകുന്ന തരത്തില്‍ ബഹു രാഷ്ട്ര കുത്തക കമ്പനികളുടെ വിപണിയിലെ സാന്നിദ്ധ്യത്തെ സഹായിക്കുന്ന നിലപാടുകളില്‍ നിന്നും വിടുതല്‍ നേടാന്‍... ? എങ്കില്‍ ഇവരോട് നമുക്ക് സന്ധിയാവാം. അതെ, ഇവരിത്ര നാളും ആവര്‍ത്തിച്ചു ചെയ്തു കൊണ്ടിരുന്ന തെറ്റുകള്‍ തിരുത്താന്‍ ഇവര്‍ തയ്യാറുണ്ടോ..? അതെ, അവരുടെ നിലപാടുകളിലെ ജന വിരുദ്ധ സമീപനങ്ങളെ തുറന്നു കാണിച്ചുകൊണ്ടും, തെറ്റ് തിരുത്തലിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തി കൊണ്ടും നമുക്കീ സമരത്തില്‍ പങ്ക് ചേരാം.

ആ സമരമെന്നത് പുതിയൊരു സംസ്കാരത്തിലേക്കുള്ള യോജിച്ച പോരാട്ടവുമായിരിക്കണം. ജനതയുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനുള്ള കൂട്ടായ പ്രയ്തനം. അങ്ങനെ നമുക്ക് നമ്മുടെ ഭരണകൂടത്തിന്റെ തെറ്റായ നയ സമീപനങ്ങളെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കാം. ലോകത്ത് കേള്‍ക്കുന്ന അവകാശ സമരങ്ങളുടെ എല്ലാം ശബ്ദം ഒന്നാണെന്നും അത് ജനതയുടെ അതിജീവനത്തിനായുള്ള മുറവിളിയാണെന്നും അങ്ങനെയത് എന്റെയും കൂടെ ശബ്ദമാകുന്നുവെന്നുമുള്ള മാനവിക ബോധമുള്‍ക്കൊണ്ട് കൊണ്ട് നമുക്ക് സമര മുഖത്തു സജീവമാകാം.

എങ്കില്‍ എന്താണ് ആ സമരം. അല്ലെങ്കില്‍, നേരത്തെ സൂചിപ്പിച്ചത് പോലെ എന്തായിരിക്കണം നമ്മുടെ വികസന സങ്കല്‍പം. ? അതിന് പലതകാന്‍ കഴിയുമോ..? ഇത് കേള്‍ക്കുമ്പോള്‍ നമ്മില്‍ ആദ്യമുയരുക ഇതെന്തു ചോദ്യമാ എന്നായിരിക്കും. എന്നാല്‍, കൃത്യമായ ദേശാതിര്‍ത്തികളുള്ള, അതിന്റെ വിഭവങ്ങളെ കൃത്യമായും തിരിച്ചറിയുന്ന ഒരു രാജ്യത്തിന്‌ വിവിധ വികസന കാഴ്ചപ്പാടുകള്‍ പാടില്ല തന്നെ..!

അതിന് ഒരൊറ്റ വികസന കാഴ്ച്ചപ്പാടേ ഉണ്ടാകാന്‍ പാടൊള്ളൂ..  അഥവാ, നമ്മുടെ നാട്ടിലെ വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നമ്മുടെ നാട്ടിലുള്ള വിഭവങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കേണ്ടതുണ്ട്. അതെ, "രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍" അതാണ്‌ ചര്‍ച്ചാ വിഷയം. ആ ഒരു ഉറപ്പിലല്ലേ നമ്മുടെ ജനാധിപത്യ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നതും നാമവരില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതും അവരെ അനുസരിക്കുന്നതും..? എങ്കില്‍, പൊതു ഖജനാവിലെ സമ്പത്ത് ചിലവഴിക്കപ്പെടുന്നിടത്ത് കൃത്യമായ 'മുന്‍ഗണനകള്‍' വെച്ചുകൊണ്ടുള്ള കാര്യക്ഷമമായ ഉപയോഗം വേണം. എന്താണ് നമ്മുടെ മുന്‍ഗണനകള്‍..? ഇതിന് രാജ്യത്തെ മൊത്തം ജനതയും ഉത്തരം പറയേണ്ടതായിട്ടുണ്ട്. അത് തോന്നിയ പടിയാവാന്‍ പാടുണ്ടോ..? കാരണം, എന്റെ സ്ഥലമാണ് എന്നു പറഞ്ഞ് ആര്‍ക്കെങ്കിലും അവന്റെ സ്ഥലത്ത് 'ഭൂമി' പരിധിവിട്ട് താഴ്ത്തി മണ്ണെടുക്കാന്‍ പറ്റുമോ..? ഇല്ല. കാരണം, അത് അയല്പക്കങ്ങളെയും അവന്റെ തന്നെയും ഭൂമിയുടെ പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കും. അപ്പോള്‍, സ്വന്തം ആവശ്യങ്ങളെപ്പോലും സമൂഹത്തിന്റെ ആവശ്യങ്ങളുമായി തട്ടിച്ചു നോക്കണം. അങ്ങനെ സ്വന്തം മുന്‍ഗണനകളെ എല്ലാവരും മറ്റു വിഭാഗങ്ങളുമായി തട്ടിച്ചു നോക്കിയിട്ട് വേണം കാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പിലാക്കാനും. ഇതാണ് നാം ശീലിക്കേണ്ട ആദ്യത്തെ പാഠം.

ഇവ്വിധം, തൊഴിലാളികള്‍ ബഹുജനങ്ങളുമായും തട്ടിച്ചു നോക്കണം, കൈവേലക്കാരുടെയും വികസിത വ്യവസായ താത്പര്യവും തട്ടിച്ചു നോക്കണം. ഭാരതം അതിന്റെ മുന്‍ഗണനകള്‍ അവയുടെ സംസ്ഥാന താത്പര്യങ്ങളുമായും, സംസ്ഥാനങ്ങള്‍ താന്താങ്ങളുടെ താത്പര്യങ്ങളും, അവ അവരുടെ കുടുംബ സമൂഹങ്ങളുമായും ഇവ്വിധം പരിശോധിക്കേണ്ടതായിട്ടുണ്ട്. അപ്പോള്‍, നമ്മുടെ കയ്യില്‍ എന്തെന്തുണ്ടെന്നും അതെത്രയെത്രയുണ്ടെന്നും അവയത്രയും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചും സമൂലമായൊരു ചര്‍ച്ച ആവശ്യമായി വരും. അതിന്റെയൊക്കെ 'അടിത്തറ' ഭാരതം എല്ലാ ഭാരതീയര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്നതായിരിക്കും. അപ്പോള്‍, ഏതെങ്കിലും വന്‍കിടക്കാര്‍ക്ക് മാത്രമായി മുന്‍ഗണന കൊടുക്കണമെങ്കില്‍ അവര്‍ക്കും സര്‍ക്കാരിനും ജനതയോട് വ്യക്തമായ കാരണം ബോധിപ്പിക്കെണ്ടാതിട്ടു വരും.എങ്കില്‍., 'യു ജി സി സ്കൈല്‍' കൂട്ടലാണോ രാജ്യത്തെ കര്‍ഷകര്‍ക്ക് ആ ഫണ്ടെടുത്തു സബ്സിഡി കൊടുക്കലാണോ വേണ്ടത്..? ഇത് സര്‍ക്കാര്‍ ആലോചിക്കേണ്ടതാണ്. പൊതുജനം സര്‍ക്കാരിനോട് ചോദിക്കേണ്ടതാണ്.

സ്വന്തം ദേശീയ വിഭവങ്ങളുടെ സമതുലിതമായ ഉപയോഗത്തിനും ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനും ഒരു ദേശീയ സാമ്പത്തിക വീക്ഷണവും നയവും ഉണ്ടാകണം. അത്തരം ഒരു ചര്‍ച്ച നമ്മുടെ പരസ്പരമുള്ള ബാധ്യതകളെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കും. അപ്പോള്‍ വ്യാപാരി കര്‍ഷകരുടേയും, കര്‍ഷകര്‍ വ്യവസായികളുടേയും, വ്യവസായികള്‍ ബഹുനജങ്ങളുടേയും, ബഹുജനങ്ങള്‍ അവരുടെ രാജ്യത്തിന്റെയും കൈപിടിക്കും. ഇതാണ് വികസനത്തിന്റെ അടിത്തറ. ഇനിയൊന്നു ചിന്തിക്കൂ... കൃത്യമായ ദേശാതിര്‍ത്തികള്‍ ഉള്ള കൃത്യമായ ജന സംഖ്യയുള്ള അതിന്റെ വിഭവങ്ങള്‍ കൃത്യമായും തിരിച്ചറിയുന്ന ഒരു രാജ്യത്തിന്‌ വിവിധ വികസന കാഴ്ചപ്പാടുകള്‍ സാധ്യമാണോ..? അതെ, നമ്മുടെ വികസന സങ്കല്പങ്ങള്‍ക്ക് പലതാകാന്‍ കഴിയില്ല. കാരണം, നമ്മുടെ വിഭവങ്ങള്‍ നമുക്കറിയാം.!

2011, ഡിസം 6

'ഒന്ന്' ആകുമ്പോള്‍.

മുഖമൊഴി 
ഇതിനോടകം മുപ്പത്തിയാറ് പോസ്റ്റുകള്‍ ഞാനിവിടെ പബ്ലിഷ് ചെയ്തു. അതിന്റെ വായനയില്‍ പങ്കുകൊണ്ട സഹൃദയര്‍ക്കിന്നു നാമൂസിനോട് അഭിപ്രായങ്ങള്‍ നേരിട്ട് പറയാനുള്ള ഒരവസരമായിട്ട് ഈ പോസ്റ്റ് ഉപയോഗിക്കാം.  ഈ പോസ്റ്റിനൊടുക്കം നിങ്ങളുടെ മനസ്സിലുള്ളത്, താഴ കാണുന്ന കമന്റ് ബോക്സില്‍ അതിനി എന്ത് തന്നെയായാലും തുറന്നു പറയണം എന്നപേക്ഷ.. എന്നിട്ട് വേണം... 'ന്ത് 'വേണമെന്ന് തീരുമാനിക്കാന്‍..!!!


അനുഭവങ്ങളിലൂടെ..

നാല് വര്ഷം മുമ്പ് പ്രവാസം സ്വീകരിക്കുമ്പോള്‍ നഷ്ടമായതെന്ന് കരുതിയ പലതും പതുക്കെയെങ്കിലും തിരികെ വരുന്നതിന്റെ ഇങ്ങേതലക്കലെ അവസാനത്തെ അടയാളമാണ് സൈബര്‍ ഇടങ്ങളിലേക്കുള്ള പ്രവേശനവും തുടരനുഭവങ്ങളും. എപ്പോഴും ഒരാള്‍ക്കൂട്ടത്തിലെ ഒച്ചപ്പാടുകള്‍ക്കിടയില്‍ ഒരുവനായി കഴിയുകയായിരുന്ന ഞാന്‍, ആഗ്രഹിച്ചിട്ടല്ലെങ്കില്‍കൂടിയും മറ്റു പലരെയുംപോലെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ പ്രവാസിയാവുകയയിരുന്നു. വളരെ കുറഞ്ഞ സമയത്തെ ജോലിക്ക് ശേഷം നീണ്ട മണിക്കൂറുകളുടെ ഒഴിവു സമയത്തെ കേവലം നാല് ഭിത്തികള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട രണ്ട് വര്‍ഷത്തിനോളം നീണ്ട പകലിരവുകളുടെ വിരസതക്ക് തെല്ലൊന്നു അയവ് വന്നുതുടങ്ങിയത് നെറ്റ സൗകര്യം ഉപയോഗിച്ച് തുടങ്ങിയതില്‍ പിന്നെയാണ്. അതില്‍ പ്രധാനമായും 'ബെയ്ലുക്സ് മെസ്സഞ്ചര്‍' എന്ന ഹൈ ചാറ്റ് സെര്‍വറാണ് ഏറെ സഹായകമായത്. പിന്നീട്, ഒരു സുഹൃത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി എഫ് ബിയിലും അധികം താമസിയാതെ ബ്ലോഗിലും എത്തിപ്പെടുകയാണുണ്ടായത്.

ഇന്ന് ഞാനേറെ സന്തോഷത്തിലാണ്. എന്റേതായ ചില പരിമിതികള്‍ക്കുള്ളില്‍ നിന്നും നിരന്തര വായന ഉറപ്പാക്കുന്ന ഒരവസ്ഥയിലേക്ക് എന്റെ ഒഴിവുസമയത്തെ ഉപയോഗിക്കാന്‍ എനിക്കിന്നാകുന്നു. അതിലും അപ്പുറത്തേക്ക് അനേകം സൗഹൃദങ്ങളെ എനിക്കീലോകം സമ്മാനിച്ചിട്ടുണ്ട്. പേരെടുത്തു പറയാന്‍ ധാരാളം പേര്. അവരോടുള്ള എന്റെ സമീപനം കൊണ്ടു തന്നെ എന്നില്‍ അവരെത്ര കണ്ട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ഞാന്‍ പറയാതെ തന്നെ അവര്‍ക്ക് അറിവുള്ളതാണ്. എങ്കിലും, ഒരു വല്ലാത്ത ഹൃദയ ബന്ധം സൂക്ഷിക്കുന്ന രണ്ട് സുഹൃത്തുക്കളെ പറയാതെ പോകാന്‍ എനിക്കാവില്ല തന്നെ.. ശ്രീ കൊമ്പന്‍ മൂസയും ഫോട്ടോ ഷോപ്പി  കുഞാക്കയും ഏകദേശം മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ഞങ്ങളുടെ ചങ്ങാത്തം എനിക്ക് ചെറുതല്ലാത്ത വിധം ആശ്വാസമാണ്. സമാധാനമാണ്. നന്ദി പ്രിയരേ.. എന്നുമെക്കാലവും ഹൃദയ സ്മിതം കൂട്ട്.

ബ്ലോഗില്‍ എത്തിയ ആദ്യ നാളുകളില്‍ വല്ലാതെകണ്ട് പകച്ചു നിന്നിരുന്നയെനിക്ക് സഹായകരമായ വലിയ ഇടപെടലുകള്‍ നടത്തിയ എണ്ണമറ്റ സുഹൃത്തുക്കളുടെ ഹൃദയ വിശാലതയെയും ഞാനിവിടെ നന്ദിയോടെ ഓര്‍ക്കുന്നു. അതില്‍ പ്രധാനമായും പറയേണ്ടുന്ന ഒരു കൂട്ടമാണ്‌ 'മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്'. ബ്ലോഗെന്ന വിശാല ലോകത്തെ പരിചയപ്പെടുത്തി തന്നത്. ആ ഒരു കൂട്ടായ്മയാണ്. ഇന്നുമിപ്പോഴും, പുതുമുഖ ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ പിന്തുണയുമായി ആ കൂട്ടം ഫൈസ് ബുക്കില്‍ സജീവമാണ്. ആ കൂട്ടത്തിലെ സഹൃദയരായ എല്ലാ മനുഷ്യര്‍ക്കും അഭിവാദനങ്ങള്‍..!

ശേഷം, ഞാന്‍ കണ്ടനുഭവിച്ചറിഞ്ഞ ബ്ലോഗ്‌: അനേകം സൃഷ്ടികളിലേക്ക് വഴി നടത്തി എന്നത് മാത്രമല്ല ഒട്ടനേകം പുതുകാഴ്ച്ചകളും എനിക്കിവിടെ കാണാനുമറിയാനുമായി എന്നത് വിശേഷാല്‍ അനുഭവം തന്നെ..! നല്ലതും തിയ്യതുമായ ധാരാളം കാഴ്ചകള്‍... പലപ്പോഴും, വൃത്തികെട്ട പല പദപ്രയോഗങ്ങളും കടുത്ത അസഹിഷ്ണുതയും വലിയ തോതില്‍ പ്രകടമാകുന്ന കാഴ്ച മടുപ്പുളവാക്കിയിട്ടുണ്ട് എന്നു ഞാന്‍ തുറന്നു പറയുന്നു.  സ്വാഭാവികം..! എങ്കിലും, ചിലതുണ്ട്. നമ്മുടെ താത്പര്യം ഗുണകാംക്ഷയെങ്കില്‍ അതിന്റെ ഭാഷയിലും ആ മിതത്വം നാം പാലിക്കേണ്ടതുണ്ട്. സഹിഷ്ണുത എന്നത് കേവലം ഒരു വാക്കല്ലെന്നും തുല്യമായ ബഹുമാനവും ബഹുമതിയും വകവെച്ചു നല്കുക എന്നതാണെന്നും, പരിഗണിക്കുക എന്നത് ഏറ്റം മുന്തിയ സാംസ്കാരിക മൂല്യമാണെന്നുകണ്ട് ഒരു പരിഷ്കൃത സമൂഹം എന്നനിലക്ക് അത് പാലിക്കുന്നതില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്. പറയാതെ വയ്യ. സഭ്യവും ഹിതകരവുമായ ഒന്നിലേ ഗുണകാംക്ഷ പ്രകടമാകൂ... ഇത് നമ്മുടെ നയമായി പരിഗണിച്ചു നാം അതിനെ ശീലിക്കേണ്ടതുണ്ട്‌. കുറഞ്ഞത്‌, തന്നിലെങ്കിലും ഇത് പാലിക്കപ്പെടണം എന്ന ഉത്ക്കടമായ ആഗ്രഹവും നിര്‍ബന്ധ ബുദ്ധിയും നമ്മിലുണ്ടാകണം.

ബ്ലോഗും, അതിന്റെ സാധ്യതകളും.

ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം ഒരുപാട് സാധ്യതകള്‍ ഉണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍, നമ്മിലെത്ര പേര് അതിന്റെ സാധ്യതയെ ഉപയോഗിച്ചിട്ടുണ്ട്...? ഒരു എഡിറ്ററുടെ കത്രികയേല്‍ക്കാതെ തനിക്ക് പറയാനുള്ളതിനെ കേള്പ്പിക്കാനാകുന്നു എന്നതാണ് അതിലെ സവിശേഷ സാധ്യതകളില്‍ ആദ്യത്തേത്. പക്ഷേ,സൃഷ്ടിയുടെ ഗുണത്തെ അത് സാരമായി ബാധിക്കുന്നുവെന്ന പരാതിയും പരക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. പ്രത്യേകിച്ചും ഈയിടെ ശ്രദ്ധ നേടിയ പല പ്രസ്താവനകളിലും അതിലേക്കുള്ള സൂചനകളുമുണ്ട്. അതിന് പരിഹാരമായി രണ്ടാമതൊരാളുടെ സഹായം തേടാവുന്നതാണ്. അതിന് ശേഷിയുള്ളവര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ടെന്നിരിക്കെ  കുറഞ്ഞപക്ഷം,ഒരു പ്രൂഫ്‌ റീഡര്‍ എന്ന കണക്കിന് നമുക്കവരെ സമീപിക്കാവുന്നതാണ്.

മറുവശത്ത്‌, ഇത് നല്‍കുന്ന സ്വാതന്ത്ര്യം ഒരു ബദല്‍ മാധ്യമമായി കണ്ട് ഉപയോഗിക്കാനുള്ള സാധ്യതയെ നാം നേരാംവണ്ണം പ്രയോജനപ്പെടുത്തുന്നില്ലാ എന്നു വേണം മനസ്സിലാക്കാന്‍. പലപ്പോഴും, മുഖധാരാ മാധ്യമങ്ങള്‍ പറയുന്നതിനെ ആവര്‍ത്തിക്കുന്ന കേവല അനുകരണങ്ങളായി നമ്മുടെ അന്വേഷണ'ത്വരയെ കെടുത്തുന്ന സമീപനമാണ് നമ്മുടെ മിക്ക എഴുത്തുകളിലും കാണാനാകുന്നത്. നാം യഥാവിധി വിഷയങ്ങളെ കൈകാര്യം ചെയ്യുകില്‍, ശബ്ദമില്ലാതെ പോയ പലതിനും ഉറച്ചൊരു ശബ്ദമാവാന്‍ ഈ മാധ്യമത്തിനു സാധിക്കും. അപ്പോള്‍ മാത്രമേ ഒരു ബദല്‍ മാധ്യമം എന്ന ഉത്തമ താത്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകൂ... തീര്‍ച്ചയായും ഇതൊരു ഗൗരവമുള്ള വിഷയം തന്നെയാണ്. 

അതെ, എഴുത്തും എഴുത്തുകാരന്റെ പൊതു മണ്ഡലവും എക്കാലവും ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. വര്‍ത്തമാന കാലത്തും അതൊരു വലിയ ചര്‍ച്ചാ വിഷയം തന്നെയാണ്. "എഴുത്തുകാരന്‍/കാരി തന്റെ കാലത്തെ  അടയാളപ്പെടുത്തുന്നുവെന്നാണ്" എന്നിരിക്കെ പ്രത്യേകിച്ചും. പൌരന്റെ.. വിശേഷിച്ചും, എഴുത്തിടങ്ങളിലെ 'സാമൂഹ്യ പ്രതിബദ്ധത' ആവശ്യപ്പെടുന്ന ധാരാളം സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പണാധിപത്യം എന്ന പുതിയ ജാതിക്കും രാഷ്ട്രീയത്തിനും കീഴ്പ്പെട്ട ദാരുണമായ ഒരു ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. വ്യക്തിയേയും അയാളുടെ ബന്ധങ്ങളെയും, സമൂഹത്തെയും അതിന്റെ രാഷ്ട്രീയത്തെയും അപകടകരമാം വിധം ഗ്രസിച്ചിരിക്കുന്ന ഈ രോഗത്തിനെതിരില്‍ നിലകൊള്ളുക എന്നത് നൈതികതയുടെയും മാനുഷിക മൂല്യങ്ങളുടെയും മാനവികതയുടെയും വീണ്ടെടുപ്പിനുള്ള ഒരു സമര'വിളംബരം കൂടെയാണ്. വിശേഷിച്ചും എഴുത്തുകാരന് അത് സാദ്ധ്യമാവേണ്ടതുണ്ട്. തന്റെ പരിസരങ്ങളിലെ പൊരുത്തക്കേടുകളോട് തന്റെടത്തോടെ യുദ്ധം പ്രഖ്യാപിക്കാന്‍ തന്റെ എഴുത്താണിക്ക് ശേഷി സംഭരിക്കേണ്ടതായിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ അവകാശ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനതകളോട് ഐക്യപ്പെട്ടുകൊണ്ടു ആ സമരത്തില്‍ പങ്കാളിത്തം വഹിക്കുന്ന തരത്തിലുള്ള ആവിഷ്കാരങ്ങള്‍ ഉണ്ടാവേണ്ടത് കാലം നിര്‍ബന്ധിക്കുന്ന ഒന്നാണ്. കൂടെ അവര്‍ക്കൊപ്പം സമര ഭൂമിയിലും സാന്നിദ്ധ്യം അറിയിക്കുന്ന, കാലം ആവശ്യപ്പെടുന്ന ധര്‍മ്മത്തിന് ഉത്തരമാവാനും എഴുത്തിനും എഴുത്താണിക്കും സാധ്യമാവേണ്ടതുണ്ട്.

അത്തരമൊരു കൂട്ടായ്മയുടെ ഭാഗമാവാനും അതിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സമര പരിപാടികളില്‍ സജീവമായും ഇടപെടാനും കഴിഞ്ഞുവെന്നത് പോയ നാളുകളിലെ എന്റെ സന്തോഷങ്ങളില്‍ ഒന്നാണ്. ശേഷം, നമ്മുടെ തന്നെ ഒരു സഹോദരന് ഒരു ജീവനോപാധി എന്ന ആശയത്തില്‍ സാധ്യമായത് ബ്ലോഗിടങ്ങളിലെ സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ ചെയ്തു കൊടുക്കുന്നതില്‍ ചെറിയ തോതിലുള്ള ചില ഇടപെടലുകള്‍ നടത്താന്‍ സാധിച്ചുവെന്നതും എന്നിലെ മനുഷ്യനെ സന്തോഷിപ്പിക്കുന്നു. രണ്ടിനോടും സഹകരിച്ച ബഹുമാന്യ സുഹൃത്തുക്കള്‍ക്ക് എന്നും പുഞ്ചിരിക്കുന്ന സ്നേഹം പകരം വാഗ്ദത്തം.

ബ്ലോഗും, അതിന്റെ വിപണനവും.

'വായിക്കപ്പെടണം' എന്നത് 'പ്രഥമ'കാരണമായി ലോകത്ത് ഒരു സാഹിത്യ കൃതിയും ഉണ്ടാകുന്നില്ല. {അങ്ങനെ ഒന്നിന്റെ താത്പര്യം മറ്റെന്തോ ആണ്, അത് ചര്‍ച്ചക്ക് പുറത്തുമാണ്. } സാഹിത്യം അയാളുടെ ഉച്ചത്തിലുള്ള ചിന്തയാണ്. അത് പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ആ ചിന്ത വായനക്കാരന്‍/കാരി , തന്റെതെന്നു കരുതുന്നു. അല്ലെങ്കില്‍ ഈ ചിന്തയെ ഞാന്‍ അടുത്തറിയും എന്ന് കരുതുന്നു. അതൊരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ സാഫല്യമാണ്. അത്തരം സൃഷ്ടികള്‍ ആളുകള്‍ തിരഞ്ഞു പിടിച്ചു വായിക്കുക തന്നെ ചെയ്യും. തീര്‍ച്ച..!

എങ്കിലും, നല്ല എഴുത്തുകളില്‍ വായനക്കാരുടെ സാന്നിധ്യം താരതമ്യേന കുറഞ്ഞതായി പലപ്പോഴും കാണാനായിട്ടുണ്ട്. പ്രധാനമായും ബ്ലോഗ് പരിചിതമല്ല എന്നതാണ് ഒരു കാരണം. ബ്ലോഗിടങ്ങളിലെ എഴുത്തുകള്‍ വായനക്കാരിലേക്ക് എത്തിക്കുന്നതിന് അതാതു ബ്ലോഗര്‍മാര്‍ തന്നെ പണിയെടുക്കേണ്ട ഒരു സവിശേഷ സാഹചര്യമാണ്  നിലവിലുള്ളത്. അപ്പോള്‍, അതിനെ അറിയിക്കേണ്ടതായിട്ടുണ്ട്. അഗ്രിഗേറ്ററുകള്‍ നാളുകള്‍ക്ക് മുമ്പും,  ബ്ലോഗര്മാര്‍ക്കായുള്ള ഫൈസ് ബുക്കിലെ ഗ്രൂപ്പുകളും മറ്റും ഈയിടെയായും, വായനയില്‍ കണ്ട നല്ലതിനെ സുഹൃത്തുക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്ന ചില സുഹൃത്തുക്കളും ഇക്കാര്യത്തില്‍ വളരെ സഹായകരമായ രീതിയില്‍ വര്‍ത്തിക്കുന്നുണ്ട്. അടുത്ത കാലത്തായി 'ഇരിപ്പിടം' വളരെ കൃത്യമായി അതിന്റെ ദൌത്യം നിര്‍വ്വഹിക്കുന്നു. എങ്കിലും, ബ്ലോഗര്‍ തന്നെയും അതിന് പ്രത്യേക പരിഗണന നല്‍കണം എന്നാണു എന്റെ അഭിപ്രായം.

മറ്റൊന്ന്, ബ്ലോഗിടങ്ങളില്‍ കാണുന്ന അഭിപ്രായങ്ങളില്‍ പലതും ഒരുതരം കൊടുക്കല്‍ വാങ്ങലുകളാണ് എന്നൊരു ആരോപണവും നമുക്കിടയില്‍ തന്നെയുണ്ട്‌. അതൊരു നല്ല രീതിയാണോ എന്ന ചോദ്യം പ്രസക്തമെങ്കിലും, 'കൊടുത്തു വാങ്ങുക' എന്ന താത്പര്യം മാറ്റി നിര്‍ത്തിക്കൊണ്ട് കൊടുക്കലിനെ നമുക്കും ശീലിക്കാവുന്നതെ ഒള്ളൂ.. അതുവഴി പുതിയ എഴുത്തുകളും എഴുത്ത് രീതികളും അറിയാനും, അക്കൂടെ നമ്മുടെ സാന്നിധ്യം അറിയിക്കാനും നമുക്കാകുന്നുണ്ട്. മാത്രവുമല്ല: ഈ സമീപനം ആ എഴുത്തുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം കൂടെയാണ്. ഒരു അക്ഷരക്കൂട്ടം എങ്ങനെ സംവദിച്ചുവോ ആ അര്‍ത്ഥത്തില്‍ അതിനോടൊരു  മറുവാക്കോതാന്‍ മടിയൊട്ടും വേണ്ടാ എന്നാണു എന്റെ മതം. 'സംവേദന ക്ഷമത' {എഴുത്തിലും, വായനയിലും} അതൊരു വലിയ ഘടകമെങ്കിലും, നമ്മി
ത് ഏറിയും കുറഞ്ഞുമിരിക്കും. അതുതന്നെയാണ് പ്രകൃതി നിയമവും. എന്നു കരുതി നാമെന്തിന് ഉള്വലിയണം.? പലപ്പോഴും, നമ്മില്‍ പലരും അതിന് മുതിരാറില്ല എന്നതാണ് വാസ്തവം. 

അവസാനിപ്പിക്കുകയാണ്:
പറയാനിനിയുമുണ്ട് ധാരാളം. ഞാന്‍ പങ്കെടുത്ത മൂന്ന് ബ്ലോഗു മീറ്റുകളിലെ അനുഭവങ്ങള്‍ അടക്കം. അവയൊക്കെ  പിന്നീട് ഒരവസരത്തില്‍ ആവാമെന്ന് കരുതുന്നു.  വിസ്താര ഭയം തന്നെയാണ് കാരണം.{ ഇതുതന്നെ വല്ലാണ്ട് നീണ്ടു പോയത് പോലെ..!}

നാമൂസ് എന്തെന്ന് ഈ ഒരു വര്‍ഷംകൊണ്ട് ചെറിയ അളവിലെങ്കിലും സുഹൃത്തുക്കള്‍ക്ക് ബോദ്ധ്യം വന്നിട്ടുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തുടര്‍ന്നും അതൊക്കെ തന്നെയായിരിക്കും നാമൂസ്..! ഇക്കാലയളവില്‍ അനേകം നല്ല ബന്ധങ്ങള്‍, ഒട്ടനേകം ഇഷ്ട ബന്ധുക്കള്‍, ബഹുമാന്യ ഗുരുമുഖങ്ങള്‍.. എല്ലാവരോടും ഞാന്‍ സ്നേഹമുള്ളവനായിരിക്കും. ഞാന്‍ പറയുന്നതിനെ കേള്‍ക്കുകയും, ഗുണകാംക്ഷ കരുതി തിരുത്താവശ്യപ്പെടുകയും ചെയ്ത എല്ലാ ബഹുമാന്യ സുഹൃത്തുക്കളോടും നീതിയാചരിക്കുന്നതില്‍ ഞാന്‍ ശ്രദ്ധാലുവായിരിക്കും. തുടര്‍ന്നും ആവശ്യമായ തിരുത്തലുകല്‍ക്കായ് എന്റെ ചിന്തകളെയും നിലപാടുകളെയും അറിയിക്കുമ്പോള്‍ ഇക്കാലമത്രയും ഞാനേറെ സന്തോഷത്തോടെ അനുഭവിച്ച സ്നേഹവും പരിഗണനയും, കരുതലും താത്പര്യവും തുടര്‍ന്നും ഒരു പ്രാര്‍ത്ഥന പോലെ അപേക്ഷിക്കുന്നു.
 
ഹൃദയപൂര്‍വ്വം,
നാമൂസ് 


2011, ഡിസം 2

ബഹുമാന്യ ഘാതകര്‍.

"വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്."


ഒരു കൂട്ടം ജനങ്ങളുടെ.. {പ്രകൃതിയിലെ മറ്റനേകങ്ങളുടെ} ന്യായ{നീതി}മായ ആവശ്യങ്ങള്‍ക്കുള്ള എല്ലാ തെളിവുകളും നേരത്തെ തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അവ കോടതിയുടെ പരിഗണനയിലുമാണ്. ഇത്രയും കാര്യങ്ങള്‍ മാത്രമേ ഇനി എല്ലാവരുംകൂടി തലകുത്തി നിന്നാലും കോടതിക്ക് മുന്നിലും പ്രധാനമന്ത്രിയുടെ മുന്നിലും, ജനതയുടെ മുന്നിലും വെക്കാന്‍ കഴിയൂ...എന്നിട്ടും, പ്രധാനമന്ത്രിയും, തമിഴ്നാടും ഇവ അംഗീകരിച്ചിട്ടില്ല. ഇനി അംഗീകരിക്കുകയും ഇല്ല..!


ആരെയാണ് നാമിനി പ്രതീക്ഷിക്കേണ്ടത്. ഇത്ര നാളും ഒരു പരിഗണനയും തരാത്ത പ്രധാനമന്ത്രിയേയോ.. അതോ, ഇതെല്ലാം ശരിയായിരിക്കാം. പക്ഷെ, ഞങ്ങള്‍ അംഗീകരിക്കില്ലെന്നു പറയുന്ന തമിഴ്നാടിനെയോ.. അതോ, ഇപ്പോള്‍ പന്ത് കയ്യാളുന്ന കോടതിയെയോ..?
 
ഇതൊക്കെയും ഒരു ജനാധിപത്യ വിശ്വാസിയില്‍ അനേകം ചോദ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിലേറെ ആശങ്കയും..! രാജ്യത്തിനകത്തെ ഒരു സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ യാതൊന്നും നാളിതുവരെ ചെയ്യാനാവാത്ത ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാ അയല്പക്ക രാജ്യങ്ങളുമായി കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുക...?  കറന്‍സിയിലെ അക്കങ്ങളുടെ പെരുപ്പത്തെ വരക്കുന്നതിലെ മിടുക്കല്ല ഞങ്ങള്‍ ജനങ്ങള്‍ക്കാവശ്യം. പൌരന്റെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു ഭരണാധികാരിയെയാണ്. അല്ലാതെകണ്ടു യാങ്കിയേമാന്മാര്‍ തന്നുവിടുന്ന പാചക കുറിപ്പുമായി രാജ്യത്തെ വിഭവങ്ങള്‍ ഉപയോഗിച്ച് സദ്യ'വട്ടമൊരുക്കുന്ന ഒരു ദേഹണ്ണക്കാരനെയല്ല. മഹിത ജനാധിപത്യ രാജ്യത്തെ ഒരു കുക്കറി ഷോ' കണക്കുപയോഗിക്കുന്ന വാചക റാണിമാരെയുമല്ല. ഈ അനാസ്ഥ ഈ നിസ്സംഗത ഇത് കുറ്റകരമാണ് സര്‍ദാര്‍ജി..!

രാജ്യത്തെ മറ്റൊരിടത്തും കാണാത്ത'കണ്ട് ഏറെ സഹോദര്യത്തില്‍ കഴിയുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ അനാവശ്യമായ പ്രാദേശിക വാദങ്ങള്‍ ഉപയോഗിച്ച് ശത്രുവിനോടെന്ന കണക്ക് പെരുമാറാന്‍ പ്രേരിപ്പിക്കുന്ന തമിഴ്നാടിന്റെ ശുദ്ധ തെമ്മാടിത്തരത്തെ അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ യൂണിയനില്‍.. അതിനകത്ത് തന്നെ മറ്റൊരു രാജ്യമോ..? ഇതിനുവദിച്ചു നല്കിക്കൂടാ.. എന്തേ, രാജ്യത്തെ ദേശീയ പ്രസ്ഥാനങ്ങളുടെ മിണ്ടാനുപയോഗിക്കുന്ന 'സാമാനം' കാശിക്കു പോയോ..? നിലപാട് അറിയിക്കണം ഹേ..!

ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്ന ഉത്തരവാദിത്വം രാജ്യത്തിനുണ്ട്. അത് യഥാവിധി ഉറപ്പാക്കാത്ത പക്ഷം, രാജ്യത്തെ കോടതികള്‍ ഇടപെട്ടേ തീരൂ.. അല്ലാതെകണ്ടു 'കുറ്റ വിചാരണ'ക്ക് മാത്രമായി പരിമിതപ്പെടരുത്. ദീര്‍ഘ ദൃഷ്ടിയോടുകൂടി ഇടപെടുകയാണ് വേണ്ടത്. ഒരു കൂട്ടമാളുകള്‍ ചത്തൊടുങ്ങിയിട്ടു തുടങ്ങുന്ന നീതിന്യായ പാരായണം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടാ.. അതിനുംമുമ്പ് ഒരൊറ്റ താളൊന്നു തുറന്ന്  നേരാം വണ്ണം ആ ഒരു വരി മാത്രം മനസ്സിരുത്തി വായിച്ചാല്‍ മതി. "വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്." എന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മുദ്രാവാക്യങ്ങളില്‍ പ്രധാനപ്പെട്ടത്. 

അതെ, നമ്മുടെ പ്രതിഷേധവും വികാരവും കാണിക്കേണ്ടത് സുപ്രീം കോടതിയോടാണ്. ഭീതിതമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു വലിയ ജന വിഭാഗത്തിന്റെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം  കോടതി താമസംവിനാ നടപ്പില്‍ വരുത്തേണ്ടതുണ്ട്.

ഇവിടെ ലളിതമായ രണ്ടു മൂന്നു ചോദ്യങ്ങളില്‍ ഈ പോസ്റ്റ് സംഗ്രഹിക്കാം എന്നാണ് തോന്നുന്നത്.

ഒന്ന്: നമ്മള്‍ മലയാളികള്‍ക്ക് പുതിയ ഡാം വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. നിലവിലത്തേത് അപകടാവസ്ഥയില്‍ അല്ലെങ്കില്‍..!

രണ്ട്; ഇനി നിലവിലെ ഡാം അപകടാവസ്ഥയില്‍ ആണെന്ന് സ്ഥാപിക്കുന്ന മുഴുവന്‍ തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.! എങ്കില്‍, നമ്മള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഇവ ആധികാരികമായി പരിശോധിക്കാനോ തീര്‍പ്പു കല്പ്പിക്കാണോ പറ്റില്ലല്ലോ..?  അത് ചെയ്യേണ്ടത്, ചെയ്യിക്കേണ്ടത് നീതിപീഠത്തിന്റെ കര്‍ത്തവ്യം ആണെന്നാണ് നമ്മള്‍ പൊതു ജനങ്ങള്‍ മനസ്സിലാക്കുന്നത്.

മൂന്ന്: അങ്ങനെ പരിശോധിച്ച്‌  ഈ ഡാമിന് യാതൊരു തകരാറോ ജനതയ്ക്ക് ഭീഷണിയോ ഇല്ലെന്നാണ് കോടതി പറയുന്നതെങ്കില്‍ നമ്മള്‍ മലയാളികള്‍ അത് അനുസരിക്കാന്‍ തയ്യാറാണ്. പക്ഷെ, അത് കോടതിയാകണം പറയേണ്ടത്. അതും വസ്തുതകളുടെ വെളിച്ചത്തില്‍.

നാല്: നിലവിലെ ഭൂകമ്പങ്ങളുടെയും വര്‍ദ്ധിച്ച നീരൊഴുക്കിന്റെയും പശ്ചാത്തലത്തില്‍ ഈ കേസ് ഉടനടി പരിശോധിച്ച് തീര്‍പ്പു കല്പ്പിക്കെണ്ടതല്ലേ..? അതല്ലേ കോടതിയോട് ഈ നാട്ടിലെ മുഴുവന്‍ ജനതയും, രാഷ്ട്രീയ നേതാക്കളും, സേവ് മുല്ലപ്പെരിയാര്‍ കമ്മിറ്റികളും ചെയ്യേണ്ടത്. അല്ലാതെ ഒച്ചയെടുക്കുന്നത് വെറുതെ പ്രശ്നം വഷളാക്കുമെന്നത് വ്യക്തമല്ലേ..?

അഞ്ച്‌; വികാരങ്ങള്ക്കപ്പുറത്തു കോടതി തീരുമാനിക്കട്ടെ എന്നും എത്രയും വേഗം തീരുമാനിക്കണം എന്നതുമല്ലേ അപ്പോള്‍ ശരിയായ നിലപാട്.

ആറ്: അങ്ങനെ കോടതിക്ക് ഈ കേസില്‍ പെട്ടന്ന് ഇടപെടാനുള്ള പ്രേരണകള്‍ എങ്ങനെയൊക്കെ നല്‍കാം, ഏതെല്ലാം രീതികളില്‍ നമ്മുടെ പ്രതിഷേധം അറിയിക്കാം എന്നൊക്കെയല്ലേ നമ്മള്‍ കൂലംകഷമായി ചിന്തിക്കേണ്ടത്. കാര്യങ്ങള്‍ ഇത്രയും 'ലളിതം' എന്നിരിക്കെ നമ്മുടെ പ്രതിഷേധങ്ങള്‍ യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍  പ്രശ്നത്തെ വല്ലാതെ നീട്ടിക്കൊണ്ടുപോകുന്നുണ്ടോ...? എങ്കില്‍, ഈ ഭീതിയിലും ആശങ്കയിലും ജനത ഇനിയും മരിച്ചു ജീവിക്കട്ടെ എന്നാരാണ് ജനതക്ക് മേല്‍ വിധി നടപ്പാക്കിയത്. ?

എങ്കില്‍, കോടതിയെ അതിന് പ്രേരിപ്പിക്കും വിധം കോടതിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ പാകത്തിലുള്ള ജനാധിപത്യ സമരങ്ങളില്‍ സംസ്ഥാനം ഒറ്റക്കെട്ടാവണം. നമ്മുടെ സ്കൂള്‍/കോളേജ് കാംപസുകളും, തൊഴില്‍ ഇടങ്ങളും, ഓരോ കുടുംബവും, പ്രവാസ ലോകവും..എല്ലാം ഈ സമരത്തില്‍ ഭാഗഭാക്കാകണം. കട കമ്പോളങ്ങള്‍ അടച്ചിട്ടു കൊണ്ടോ, നിരത്തുകള്‍ ഉപരോധിച്ചു കൊണ്ടോ, സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടോ ഉള്ള പതിവ് രീതികളില്‍ നിന്നും
മാറിയുള്ളോരു സമരം. ഇതത്രയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനജീവിതം ദു:സഹമാക്കുന്നുണ്ട്. അങ്ങനെ തീര്‍ത്തും വ്യത്യസ്തമായൊരു സമര രീതി ആവിഷ്കരിച്ചു കൊണ്ടായിരിക്കണം കോടതിയോടിക്കാര്യം ആവശ്യപ്പെടേണ്ടുന്നത്. 


സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ തപാല്‍ വിലാസത്തില്‍ മേല്‍ചൊന്ന ഇടങ്ങളില്‍ നിന്നും മുല്ലപ്പെരിയാര്‍ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റ് കാര്‍ഡുകള്‍ പോകട്ടെ.. തീര്‍ത്തും വ്യക്തിപരമായി അയക്കപ്പെടുന്ന ഇത്തരം കാര്‍ഡുകളില്‍ ചേര്‍ക്കപ്പെടുന്ന ഓരോന്നും അതാതു വ്യക്തിയുടെ മനസ്സില്‍ തോന്നുന്നത് അവരുടെ തന്നെ കൈപ്പടയില്‍ കുറിച്ചത് ഇങ്ങനെ ആവണം. സ്കൂള്‍ കുട്ടികള്‍ക്ക് ഒറ്റക്കും കൂട്ടമായും ഇങ്ങനെ ചെയ്യാവുന്നതാണ്. ഒന്നാം ഘട്ടം ഇങ്ങനെയും. രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ഒപ്പുവെക്കുന്ന ഒരു ഭീമ ഹര്‍ജിയും ഇതേ വിഷയത്തില്‍ കോടതിയിലേക്കെത്തട്ടെ.. നാട്ടിലെ സന്നദ്ധ സംഘങ്ങളുടെയും, സേവ് മുല്ലപ്പെരിയാര്‍ ഫോറങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത് ഓരോ ജില്ലാ കേന്ദ്രീകൃതമായി ഏകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയും ചെയ്‌താല്‍.. കുറഞ്ഞ സമയത്തിനുള്ളില്‍ ഈരണ്ടാം ഘട്ട സമരം അവസാനിക്കുകയായി. ഈ ഓരോ പോസ്റ്റ്‌ കാര്‍ഡിനും ഓരോ ഹര്‍ജിയുടെ മാനം കൈവരുന്നത് വിഷയത്തിന്റെ ഗൌരവം ഉറപ്പാക്കുന്നുണ്ട്.  ഇതിനോടകം കോടതി ഈ വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞിരിക്കും. പിന്നീട്, അമാന്തം കാണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല തന്നെ....!

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms