2012, ഡിസം 22

അവിശ്വാസിയുടെ ഇരുപത്തിയൊന്നേ പന്ത്രണ്ടേ രണ്ടായിരത്തിപന്ത്രണ്ട്.

അവിശ്വാസിയുടെ ഇരുപത്തിയൊന്നേ പന്ത്രണ്ടേ രണ്ടായിരത്തിപന്ത്രണ്ട്.
*******************************************************

ലോകമവസാനിച്ചില്ല,
സന്തോഷം.!
പക്ഷെ, തൊട്ടടുത്ത ദിവസം
കൃത്യമായി പറഞ്ഞാല്‍
കവിത പെയ്ത അതേ രാവ്
* 'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ'
വളര്‍ന്നതും
ലോകമവസാനിച്ചു.!

ഒരു കവിയുടേയും
പിന്നെ, ഒരു മനുഷ്യന്റെയും .
' സഖാവിന്  ഭീകരനായ മനുഷ്യന്‍,
അവള്‍ക്കേറ്റം പ്രിയപ്പെട്ടവന്‍ '
അടുത്ത നിമിഷം മുതല്‍
അയാളൊരു കീടമായ് പുനര്‍ജ്ജനിച്ചു.!

അപ്പോള്‍ , അകലെയൊരുനാട്ടില്‍
ഒരുടല് വിറച്ചു.!
കൃത്യമായ് പറഞ്ഞാല്‍
പുറത്തു മഴപെയ്യുന്ന അതേ സമയം,
 * 'അകം നിറഞ്ഞ ഹൃദയ സ്മിതം'
പൊഴിഞ്ഞതും
അവളയാളെ കൊല്ലാനുറച്ചു,

അല്ല, അവളും
ഒരു ലോകാവസാനം കാണുകയായിരുന്നു.
എന്നാല്‍, അവളയാളെപ്പോലെ കൊല്ലപ്പെട്ടില്ല.
അതുകൊണ്ടുതന്നെ ,
പുനര്‌ജ്ജനിച്ചുമില്ല.
അവളൊരു ചിരജ്ഞീവിയാണ്
സ്നേഹത്തില്‍, ഇഷ്ടത്തില്‍
പിന്നെ, പ്രണയത്തില്‍..!

മായനെ തോത്പ്പിച്ച ലോകം
അയാളെയും അനാഥനാക്കി.
പക്ഷെ, അയാളൊരു അവിശ്വാസിയാണ്.
അവിശ്വാസിയുടെ ലോകം അവസാനിക്കുന്നില്ല,
പ്രത്യേകിച്ചും അവരുടേത്
അതൊരു വിശ്വാസമാണ്,
ഒരവിശ്വാസിയുടെ വിശ്വാസം.!
****************

 * 'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ' ക്യൂ മലയാളം കവിത ശില്പശാല 21/12/2012 ദോഹ .
 * 'അകം നിറഞ്ഞ ഹൃദയ സ്മിതം' അവര്‍ക്കിടയിലെ വാഗ്ദത്തം.

2012, ഡിസം 10

'മ'അദനിയും മലാലയും' പ്രാസത്തിലെ പ്രശ്നം,


ലോകത്തെ എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ടുതന്നെ, മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തില്‍ പങ്കാളിയാവുകയും മനുഷ്യാവകാശ സംരക്ഷണത്തില്‍ ജാഗ്രത്തായിരിക്കുകയും വേണ്ടതുണ്ട്. ഓരോ ലോകത്തെയും വേറെ വേറെ തന്നെയും വിലയിരുത്താനും അതടിസ്ഥാനപ്പെടുത്തിയുള്ള നിലപാടുകള്‍ സ്വീകരിക്കാനും നാം ജനാധിപത്യ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്‌. ഓരോ വിഷയത്തെയും അതാതിന്റെ സാമൂഹ്യ/ മനുഷ്യാവസ്ഥയില്‍ നോക്കി കണ്ടാല്‍ മാത്രമേ നമുക്കിതിനാവുകയൊള്ളൂ...

ഇപ്പോള്‍, അബ്ദുന്നാസര്‍ മ'അദനിയുടെ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ സമമൊപ്പിക്കാന്‍ വേണ്ടി മലാലയും എന്നത് ശരിയായ ഒരു സമീപന രീതിയല്ല. മ'അദനിയും മലാലയും നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാകുമ്പോഴും അവ രണ്ടിനെയും ഒരേ ഇടത്ത് അവതരിപ്പിക്കുന്നതില്‍ വലിയ അനൌചിത്യമുണ്ട്. അവക്ക് രണ്ടിനും രണ്ടു മാനമാണുള്ളത്. മലാലയും മ'അദനിയും രണ്ട് സാമൂഹ്യ/ ജീവിതാവസ്ഥകളില്‍ നിന്നുമുള്ളവരാണ് എന്നതുതന്നെയാണ് അതിലെ മുഖ്യ വിഷയം.

ഒന്ന് 'മത ഭീകരത'യും മറ്റൊന്ന് 'ഭരണകൂട ഭീകരത'യുമാണ്. 
രണ്ടിലേയും മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം രണ്ടിനേയും 'വര്‍ഗീയ വാദികള്'‍ അവര്‍ക്കനുകൂലമായി അവസരോചിതമായി ഉപയോഗിക്കുന്നുവെന്നത് തിരിച്ചറിയുകയും ഇതിനെ മറികടക്കുന്ന തരത്തിലുള്ള നിലപാടുകളും  ഇടപെടലുകളും ജനാധിപത്യ വാദികളുടെ ഭാഗത്തുനിന്നും ‍ ഉണ്ടാകേണ്ടതുണ്ട്.
 
'മലാല' കൃത്യമായ ഫാഷിസ്റ്റ്‌ രീതികള്‍ അവലംബിക്കുന്ന മതാന്ധരായ ഒരു കൂട്ടത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നൂറ്റാണ്ടുകളായി തുടരുന്ന മര്‍ദ്ദന മുറകളുടെ ഇങ്ങേതലക്കലെ ഇരയാണ്. 'സ്വന്തമായി ഒരഭിപ്രായമുണ്ടാവുക എന്നത് പൊറുക്കാനാവാത്ത കുറ്റമാണ്. വിശേഷിച്ചും വഴിപ്പെട്ടും കീഴ്പ്പെട്ടും ജീവിക്കേണ്ട ഒരുവളില്‍ നിന്നും'.! ഇതെക്കാലവും മത ലോകങ്ങളിലെ നീറുന്ന പ്രശ്നങ്ങളില്‍ ഒന്നുമാണ്. അപ്പോള്‍ 'അവള്'‍ ഇല്ലാതായെ തീരൂ എന്നത് ഇക്കൂട്ടങ്ങളുടെ താത്പര്യമാണ്.

എന്നാല്‍, മ'അദനിയുടെ സാമൂഹ്യ പശ്ചാത്തലം വേറെയാണ്. നമ്മളധിവസിക്കുന്ന 'മഹിത ജനാധിപത്യ ഭാരതത്തിലെ പൌരനാണ്' മ'അദനി എന്നത് സവിശേഷ വായന ആവശ്യപ്പെടുന്ന ഒന്നാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൌരന്‍ അതെ രാജ്യത്ത് ജാമ്യമെന്ന ന്യായമായ അവകാശം പോലും നിഷേധിക്കപ്പെട്ട് 'അകാരണ'മായി ജയിലില്‍ കഴിയേണ്ടി വരുന്നു. അതും വിചാരണത്തടവുകാരനെന്ന പേരില്.!‍ ഇതേ പേരില്‍ നേരത്തെയും ഇതേ ധ്വംസനങ്ങള്‍ക്ക് വിധേയനായ ഒരാള്‍ക്ക് ഒട്ടും താമസിയാതെ തന്നെ അതെ അനുഭവം ആവര്‍ത്തിക്കേണ്ടി വരുന്നുവെന്നത് ജനാധിപത്യത്തിലെ നമ്മുടെ ജാഗ്രതയുടെ പിഴവാണ്. ഈയൊരു  സ്വയം വിമര്‍ശനംപോലും ഒരു ജനാധിപത്യ വാദിക്ക്  അയാളോട് കാണിക്കാവുന്ന  ഏറ്റം കുറഞ്ഞ നീതി മാത്രമാണ്.

ഒരു പൌരനു നേരെ പോലീസ് സംശയം പ്രകടപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്ത് അനന്തമായി തടവില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നതിലെ 'നീതി യുക്തി' എന്തെന്ന് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഏതൊരു പൌരനേയും അനന്തമായി തടവില്‍ പാര്‍പ്പിക്കാന്‍ ഭരണകൂടത്തിനു അനുമതി നല്‍കുന്ന 'വിചാരണ തടവ്' എന്ന അനീതിക്കെതിരിലുള്ള സമരമായി ' മ'അദനി വിഷയം' സ്വയം വികസിക്കുന്നുണ്ട്. അത് നമ്മുടെ ജനാധിപത്യ ബോധത്തിന്റെ വീണ്ടെടുപ്പാണ്.

മ'അദനി വിഷയം രാജ്യത്തെ മറ്റു വിചാരണ തടവുകാരിലേക്കുള്ള ഒരു വാതിലും കൂടെയാണ്. രാജ്യത്തെ വിവിധ ജയിലുകളിലായി വിചാരണ തടവുകാരായി കഴിയുന്ന ലക്ഷക്കണക്കിനാളുകളില്‍ എണ്‍പത് ശതമാനവും ഒരു ജനവിഭാഗത്തില്‍ പെട്ടവരാണെന്നത് ഒരു ജനാധിപത്യ വാദിയെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതും അയാളുടെ ജനാധിപത്യ ബോധത്തെ അലോസരപ്പെടുത്തേണ്ടതുമായ സംഗതിയാണ്. ഇവിടെയാണ്‌ നാം മ'അദനിക്കൊപ്പം സമം ചേര്‍ത്ത് മ'അദനിയും മലാലയുമെന്നു പ്രാസമൊപ്പിക്കുന്നത്.

'വിചാരണ തടവ്' എന്നത് തന്നെ വലിയ മനുഷ്യാവകാശ പ്രശ്നമാണ്. അതിന്റെ കൂടെ ഈ കണക്കിലെ ഭീകരത അത്രയും തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വലിയൊരു ജനാധിപത്യ വിഷയമാണ്. ഇത്തരം ജനാധിപത്യ/ മനുഷ്യാവകാശ പ്രശ്നങ്ങളെ നിസ്സാരവത്കരിക്കലാണ് മേല്‍ചൊന്ന മ'അദനിയും മലാലയുമെന്ന പ്രാസമൊപ്പിക്കലിലൂടെ സംഭവിക്കുന്നത്..!‍

മ'അദനി എന്നത് തനിയെ നില്‍ക്കുന്നതും തനിയെ സംസാരിക്കുന്നതുമായ ഒരു പ്രശ്നം തന്നെയാണ്. അത് സ്വയം തന്നെ അതിന്റെ സാമൂഹ്യ/ജീവിതാവസ്ഥകളെ അറിയിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ തന്നെ അതിനെ പരിഗണിക്കാനും കൈകാര്യം ചെയ്യാനും ജനാധിപത്യ വാദികള്‍ക്ക് കഴിയേണ്ടതുണ്ട്. അല്ലാത്ത പക്ഷം, ഇതൊരവസരമായിക്കണ്ടുപയോഗിക്കാന്‍ മറ്റു ചിലര്‍ രംഗത്ത് വന്നേക്കാം. അത് നമ്മുടെ ജനാധിപത്യാരോഗ്യത്തെ കൂടുതല്‍ അപകടത്തിലാഴ്ത്തും.

ഇനിയും ഇതേ പ്രാസമൊപ്പിക്കലുകള്‍ക്കാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങളുടെ ജനാധിപത്യ ബോധത്തിന് എന്തോ തകരാറുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. കാരണം, അതൊരു രോഗമാണ്, മാനസികാടിമത്വത്തോളം വളര്‍ന്ന രോഗം.!

2012, ഡിസം 2

ഹൃദയസ്മിതം

കൂട്ടുകാരെ...
നിങ്ങളിലലെത്രപേരുണ്ടിപ്പോഴും
മരിക്കാതെയിരിക്കുന്നവര്‍..?
 
ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ്
ദേഹത്തൂന്നെന്റെ ഉയിരിറങ്ങിപ്പോയത്.
 
ഞാനെത്ര കെഞ്ചിയെന്നോ,
'അരുതരുതേ'യെന്ന്‍
എത്രയാവര്‍ത്തിച്ചുവെന്നോ..?
 
സത്യം,
മുന്‍പായിരുന്നെങ്കില്‍
ഒട്ടും കൂസാതെ
 "പോട്ടേ പുല്ലെന്ന്"
ധിക്കാരിയായിരുന്നേനേ ഞാന്‍.!
 
ഞാനെന്റെ പെണ്ണിന് വാക്ക് കൊടുത്തതാ..
"മരണംവരെയും നിനക്കെന്റെ ഹൃദയസ്മിതം"
എനിക്കിനിയുമവളെ സ്നേഹിക്കണം.!
 
പ്രിയരേ,
നിങ്ങളിലാരെങ്കിലുമൊന്നു  കൂട്ടുപോകുമോ?
അവന്, ആരായാലും മതിയെന്ന്.!
 

2012, നവം 12

പിണങ്ങിപ്പോയ മഴനൂലുകള്‍

മുത്തശ്ശിയുടെ മടിയില്‍നിന്നും ഞെട്ടിയുണര്‍ന്ന  അവന്റെ കാഴ്ചകളിലേക്ക്, പിണങ്ങിപ്പോയ മഴനൂലുകളും കാണാതായ മയൂര നടനവും അവനില്‍ വലിയൊരു ശൂന്യത നിക്ഷേപിച്ച് കഥയിലേക്ക് തന്നെ തിരിച്ചു നടന്നു.

 പൊയ്പ്പോയ കാഴ്ചയെ കേള്‍വിയെ കഥയെ കവിതയെ എല്ലാം തിരിച്ചുപിടിക്കാനായ് അവന്‍ വീണ്ടും മുത്തശ്ശിയുടെ മടിയിലേക്ക് തല ചെരിച്ചുവെച്ചു.

ശബ്ദങ്ങളുടെ തനിയാവര്‍ത്തങ്ങള്‍..  ഇടക്ക്, മൂക്ക് വിറപ്പിച്ചും കണ്ണ് തുറുപ്പിച്ചും അതിശയപ്പെട്ടും , വാക്കുകളെ സ്നേഹത്താല്‍ നാക്കിലലിയിപ്പിച്ചും മുത്തശ്ശി പറഞ്ഞു കൊണ്ടേയിരുന്നു.

" മഴ പിണങ്ങി പോകവേ മേഘക്കാടുകള്‍ കുശുമ്പോടെ മഴയുടെ പരിഭവത്തിന്റെ മറവിലേക്ക് പതുങ്ങി നില്‍ക്കും. തത്ഫലം, 'ആകാശത്തും ഭൂമിയിലും' ഉള്ളവരോട് പരിഭവപ്പെട്ടു നൃത്തം അവസാനിപ്പിച്ച ആണ്‍ മയില്‍ ചിലങ്കിയഴിച്ച്‌ തന്നെ ആഴിയുടെ ആഴങ്ങളില്‍ നഷ്ടപ്പെടുത്തും.

മരങ്ങള്‍ വെയില്കാഞ്ഞു പോകയാല്‍ ഉഷ്ണ രോഗങ്ങള്‍ ബാധിച്ച ചില്ലകളിലെ കൂടുകള്‍ ഉപേക്ഷിച്ച്‌ പക്ഷികള്‍ പറന്നു പറന്നു ചുട്ടുപഴുത്ത മണ്ണില്‍ അലിഞ്ഞു ചേരും.

പുല്‍മേടുകളുണങ്ങി മൊട്ടയായ കുന്നുകളെയും നരച്ച മൈതാനങ്ങളെയും താണ്ടി കറമ്പിപ്പശു കലമ്പിയാര്‍ത്തു അനന്തതയിലേക്ക് പുറപ്പെട്ടു പോകും.

ഒരു നേര്‍ത്ത ജലരേഖപോലും അവശേഷിക്കാത്ത തോടിന്റെ മാറില്‍ പരല്‍ മീനുകളുടെ വെളുമ്പിച്ച അസ്ഥി കൂടുകള്‍ മുലക്കണ്ണ് പരതും.

വറ്റിപ്പോയ കുളക്കടവിലെ മാളങ്ങളില്‍ നിന്നും പടം പൊഴിച്ച്‌ വേഗത വാങ്ങിയ പാമ്പുകള്‍  നിശ്ചലം തൊട്ടപ്പുറത്തെ പറമ്പുകളില്‍ ഒരു വരയായ് അടയാളം വെക്കും."

ശബ്ദങ്ങളുടെ കൂട്ടം  ശ്വാസം അനുവദിക്കാതെകണ്ട് അവനെ തടവിലാക്കുകയാണ്.

" നിന്റെ  മണവും നിറവും രുചിയും ബുദ്ധിയും ബോധവും ചിന്തയും പ്രണയവും... അവസാനമവസാനം നിന്റെ  ജീവനും, പിണങ്ങിപ്പോയ മഴനാരുകള്‍ക്കൊപ്പം ഇല്ലാതെയാകും.!'


2012, ഒക്ടോ 6

സമ്മാനം

സഖാവേ..
നിന്നിൽനിന്നും
തിരികെയാഗ്രഹിക്കുന്നത്‌
സമ്മോഹനമായ
ആ വാക്ക്‌
ലാൽ സലാം.

പ്രിയപ്പെട്ടവളേ..
നിന്നിൽനിന്നും
ഞാനാഗ്രഹിക്കുന്നേയില്ല,
ജീവനു കുറുകെ വരഞ്ഞ
ഒരു ചെറുവാക്കുപോലും.!

എന്നിട്ടും,
നീയെനിക്കത്‌ മടക്കിത്തരുന്നു.
അക്ഷര മഴ പെയ്ത
പുസ്തകക്കെട്ടിലൂടെ
നിനക്ക്‌ നൽകിയതത്രയും.

ഓടുകയായിരുന്നു,
പേടി തട്ടി
ജീവിതത്തിന്റെ
അപരപാതിയിലേക്ക്‌
ഒരു ഭ്രാന്തനെപ്പോലെ..

അകം പിളർന്നു
 പെയ്യുകയായിരുന്നു,
നിനക്കൊരു
സമ്മാനം തന്നുവിടാൻ
 പുലർച്ചെ,
കറ്റെത്തുംവരേക്കും..!

പ്രിയ സഖാവേ..
നീയും
നൽകാതിരിക്കുക,
ഉടലുകരിഞ്ഞ്‌
അകം വെന്ത്‌
വർഗ്ഗീകരണങ്ങളിലിടമില്ലാത്ത
നിന്റെ
സുഹൃത്തിനു
വെറുതെയൊരു ലാൽ സലാം.

2012, സെപ്റ്റം 15

നുജൂദ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു





അവള്‍, ആ കൊച്ചു പെണ്‍കുട്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പകലിലും രാത്രിയിലുമൊരുപോലെ എനിക്ക് ചുറ്റും തീര്‍ത്ത 'വലയം' അതെന്നിലെ മനുഷ്യനെ സംരക്ഷിച്ചു പിടിക്കാനായിരിക്കണം. അപ്പോഴും, ചെറുതെങ്കിലും തന്റെ കരതലം കൊണ്ടെന്നെ നിരന്തരം മാന്തി മാന്തി ഹൃദയ രക്തം ഒലിപ്പിക്കയായിരുന്നു അവള്‍. തുടക്കത്തില്‍ അമ്പരപ്പിക്കയും പിന്നീട് ഞെട്ടലില്‍ നിന്നും രക്ഷ നല്‍കാതെ ഭയപ്പെടുത്തി നിറുത്തുകയും പതിയെപ്പതിയെ ഏറ്റം ഹൃദയ പൂര്‍വ്വം ചിരിപ്പിക്കയുംചെയ്ത അവളോടെനിക്കിപ്പോള്‍ 'യെമന്‍ ടൈംസി'ലെ ഹക്കീം പറഞ്ഞത് പോലെ സ്നേഹമാണ്.

"നുജൂദ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു".

പതിവ് വായനാ ശീലത്തില്‍ നിന്നും മാറി എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയൊരു പുസ്തകം തിരഞ്ഞെടുത്തപ്പോള്‍ എനിക്കാദ്യം ആശ്ചര്യം പിന്നെ സന്തോഷം. ഇപ്പോള്‍ എനിക്കവളോട് പെരുത്ത് നന്ദിയും കൂടെയാണ്. അവളാണ് എന്റെ വീടകത്തേക്ക് നുജൂദിനെ ആനയിച്ചത്.

"ഭൂമിയിലെ മനുഷ്യരോട് ദൈവത്തിനിപ്പോഴും കരുണ വറ്റിയിട്ടില്ലെന്നതിന് തെളിവായിട്ടാണ്‌ ഓരോ കുഞ്ഞും ജനിക്കുന്നതും വളരുന്നതും ജീവിക്കുന്നതും". എണ്ണി പഠിക്കേണ്ട, പാടി കളിക്കേണ്ട, ഓടിയും ചാടിയും നീന്തിയും രസിക്കേണ്ട, എഴുതിയും വായിച്ചും വരഞ്ഞും പറഞ്ഞും ആസ്വദിക്കേണ്ടുന്ന ബാല്യത്തില്‍ ഭര്തൃ‍മതിയാവുക. കിടപ്പറയിലെ പങ്കാളിയാവുക, ഏറെ ഭയപ്പെടേണ്ടുന്ന ഒരു സംഗതി തന്നെയാണ്. ആ ഭയവും അമ്പരപ്പും സ്നേഹവും കാരുണ്യവുമാണ് നുജൂദ്.

അച്ഛന്റെയും അമ്മയുടെയും കൂട്ടുകുടുംബങ്ങളുടെയും പരിസരവാസികളുടെയും എല്ലാം അനുവാദത്തോടെ തന്നെക്കാള്‍ രണ്ടിരട്ടി പ്രായമുള്ള ഒരാള്‍ക്ക് വിവാഹം ചെയ്തു 'അയക്കപ്പെട്ട' ഒരു പത്തുവയസ്സുകാരി. പുഴയില്‍ കുളിക്കാനും ചിത്രം വരക്കാനും ഖുര്‍ആനും കണക്കും പഠിക്കാനുമിഷ്ടപ്പെട്ടിരുന്ന ഒരു കൊച്ചു മാലാഖ. വിവാഹം ഒരു കൌതുകമായിപ്പോലും സ്പര്ശിച്ചിട്ടില്ലാത്ത ലോകത്തിലെ പ്രായം കുറഞ്ഞ ''വിവാഹ മോചിത'.

അവളുടെ കഥ പറയുന്ന 'ഞാന്‍ നുജൂദ്, വയസ്സ് പത്ത്, വിവാഹ മോചിത' രമാ മേനോന്‍ വിവര്‍ത്തനം ചെയ്ത്, ഒലീവ് ബുക്സ് മലയാളക്കരക്ക് പരിചയപ്പെടുത്തിയ, മനക്കരുത്തിന്റെയും ആത്മ ധൈര്യത്തിന്റെയും അന്താരാഷ്‌ട്ര ബിംബമെന്ന് 'ദി ന്യൂ യോര്‍ക്കരാല്‍' വിശേഷിപ്പിക്കപ്പെട്ട യമനിലെ പത്തു വയസ്സുകാരി പെണ്‍കുട്ടി, നുജൂദ്. അവളെയാണ് ഞാന്‍ സ്നേഹിക്കുന്നത്.

ഒരു പത്തുവയസ്സുകാരി പെണ്‍കുട്ടിക്ക് ഇത്രമാത്രം പറയാനായിട്ട് 'എന്തുണ്ട് കാര്യങ്ങള്'‍ എന്ന 'അതിശയപ്പെടല്' നിങ്ങള്‍ക്കെന്നപോലെ എനിക്കുമുണ്ടായിരുന്നു. എന്നാല്‍, നുജൂദ് പറഞ്ഞ കഥ തനിക്ക് മുന്‍പും പിന്‍പുമുള്ള നൂറ്റാണ്ടുകളുടെ കഥയാണ്‌. വര്‍ത്തമാനത്തിലെ വാസ്തവ കഥകളും.!

'നുജൂദിന് മുന്‍പും പിന്‍പും' എന്ന വായനക്ക് അവളും അവള്‍ക്ക് ശേഷം 'ഒന്പതുകാരി അര്വ്വയും പന്ത്രണ്ടുകാരി റിമ്മും' സധൈര്യം നേടിയെടുത്ത വിവാഹ മോചനം സാക്ഷ്യമാണ്. പിന്നീട് യമന്‍ മുന്നോട്ടുവെച്ച വിവാഹക്കരാരുകളും പ്രായപരിധിയും മേല്‍ചൊന്ന 'നുജൂദിന് മുന്‍പും പിന്‍പും' എന്ന വായനക്ക് ബലവുമേകുന്നു. ഇങ്ങനെയൊരു വായനക്ക് ചരിത്രത്തെ നിര്‍ബന്ധിപ്പിക്കുക എന്നത്, ജീവിതത്തെ ജീവിതംകൊണ്ടു തന്നെ മാറ്റിതീര്‍ക്കുന്ന, ജീവിതത്തിന് പുതിയ നിര്‍വ്വചനങ്ങള്‍ ആവശ്യപ്പെടുന്ന ജീവിതത്തെ പ്രകാശിപ്പിക്കുമ്പോഴാണ്. അതിന്റെ തെളിവാര്‍ന്ന നിദര്‍ശനമാണ് നുജൂദ്.

ഏറെ പരിഷ്കൃതമെന്നു ഊറ്റം കൊള്ളുമ്പോഴും പലതരത്തിലും അങ്ങേയറ്റം പ്രാകൃതരായ 'മഹാ' ഭൂരിപക്ഷത്താല്‍ ഭീതിതരാണ് ഒരു 'ചെറു' ന്യൂനപക്ഷം. ആ ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും പ്രധിനിധാനം ചെയ്യുന്നവരെ നമുക്കീ വായനയില്‍ കാണാം, അവക്കിടയിലെ ഭീതി എക്കാലത്തേക്കും അജയ്യമായി തന്റെ പ്രയാണം തുടരുന്നുവെന്ന് വായന നമ്മെയും പേടിപ്പിക്കുന്നു. നുജൂദിന്റെ കുടുംബം മുഴുവനായും ഈ കല്യാണത്തിന് അനുവദിക്കുമ്പോള്‍ 'മരിക്കുകയും നാട് വിടപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്ത ആറു സഹോദരങ്ങള്‍ അടക്കം ഇരുപതിലധികം കൂടപ്പിറപ്പുകള്‍ ഉണ്ടായിട്ടും' തുല്യ ദു:ഖിതയും പീഡിതയുമായ 'മോനാ'യൊഴികെ മറ്റാരുംതന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്നതും ഭര്തൃവീട്ടുകാരുടെ സമ്മതങ്ങളുടെ എണ്ണപ്പെരുപ്പവും ഈ ഭൂരിപക്ഷമെന്ന ഭയം വര്‍ദ്ധിപ്പിക്കുന്നു. 'മോനക്ക് ശേഷം നുജൂദ്, ഇനി ഹൈഫ എങ്കിലു'മെന്നത് തുടരുന്ന ഭീതിയെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. അവയുടെ കാരണങ്ങളെ വിശകലനം ചെയ്യാനും പ്രതിവിധി ആരായാനും ആവശ്യമായ ചര്‍ച്ചകളിലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്നുവെന്നതാണ് പുസ്തകത്തിനു അകത്തേയും വെളിയിലെയും നുജൂദുകള്‍ തമ്മിലുള്ള ബന്ധുത്വം.

തന്നെ നിര്‍വചിക്കാനും സ്വയം നിര്‍ണ്ണയിക്കാനുമുള്ള ഒരു വ്യക്തിയുടെ സ്വതന്ത്രാവകാശത്തെ നിരാകരിക്കുന്നതില്‍ തുടങ്ങുന്നു ലോകത്തെ മൊത്തം കടന്നു കയറ്റങ്ങളുടേയും കഥകള്‍. ഇത് യഥാവിധി ഉപയുക്തമാക്കണമെങ്കില്‍ എല്ലാത്തിനുമേലും തന്റെ വിവേചനാധികാരം ശരിയാംവിധം പ്രയോഗിക്കാനുള്ള ശേഷി സംഭരിക്കേണ്ടതായിട്ടുണ്ട്. അവക്കുള്ള അവസരങ്ങള്‍ ഒരുക്കികൊടുക്കുകയും അവകള്‍ അനുവദിക്കുകയും ചെയ്യുക എന്നതാണ് ഒരു പരിഷ്കൃത ലോകം അതിന്റെ സമൂഹങ്ങളോട് ചെയ്യേണ്ടത്.

കുറഞ്ഞത്, ഒരാളുടെ പ്രായപൂര്‍ത്തി നിശ്ചയിക്കുന്നത് വിവേചന ബുദ്ധിയുടെ ശരിയാംവിധമുള്ള ഉപയോഗത്തെ മാനദണ്ഡമാക്കിയാവണം. അതുവരെയും അതിനവരെ പ്രാപ്തരാക്കുംവിധം പ്രോത്സാഹിപ്പിക്കുകയും സഹായിയാവുകയും താന്താങ്ങളുടെ നിര്‍ണ്ണയാവകാശത്തെ അനുവദിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഇതനുവദിക്കുന്നില്ല എന്ന് മാത്രമല്ല വിരുദ്ധമായി പ്രവര്‍ത്തിക്കുകയും നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്‌ നുജൂദിന്റെ പരിസരം അറിയിക്കുന്നത്. കുടുംബത്തിലെ അച്ഛനും അയാളുടെ അഭാവത്തില്‍ മൂത്ത മകനും പ്രയോക്താക്കളാകുന്ന ഇടങ്ങളില്‍ തെല്ലും 'പ്രണയം' അവശേഷിക്കാത്ത മനസ്സുകളുടെ തീര്‍പ്പുകള്‍ നുജൂദുമാരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

എങ്കിലും, അവക്കിടയില്‍ നിന്നും ചില കുതറിയോടലുകള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു 'ജീവന്റെ ആത്മബലം' അതാണ്‌ നുജൂദ്.

2012, സെപ്റ്റം 5

വീട്‌


ഒരു വീടുവെക്കണം
നല്ലൊരു വീട്
നാലാള് കണ്ടാല്‍ കൊതിക്കും വീട്

മതിലുയര്‍ത്തണം
മനസ്സോളം പൊക്കത്തില്‍
അയപക്ക,
ചങ്ങാത്തങ്ങള്‍ക്ക് നേരെ..
,
പടിപ്പുര കെട്ടണം
പടിയടക്കണം
പരിധിക്കകത്തേക്ക് പോയിടേണം

പലിശപ്പണത്തിന്റെ പിന്‍ബലത്താലേ
പ്രവാസകാലത്തിന്റെ ഭിക്ഷാപാത്രത്താലേ
ഒരു വീട് വെക്കണം
ഒന്ന് വിശ്രമിക്കണം.

പഴയകാലത്തിന്റെ പരിദേവനങ്ങളും
പൊതുകാര്യ ചിന്തതന്‍ പൊതു മനസാക്ഷിയും
പട്ടിണി, പരിവട്ടം, പരിസ്ഥിതി ചൂഷണം..
എല്ലാം മറക്കണം
എന്നിലൊതുങ്ങണം
എല്ലാം തികഞ്ഞൊരു വീടുവേണം.

കുട്ടിക്ക് 'ഡേ' കെയര്‍
കാര്‍ന്നോര്‍ക്ക് 'ഹോം' കെയര്‍
കാലത്തിറങ്ങണം,
വീട്ടില്‍ നിന്ന്.
കാണുന്നതെല്ലാം വാരിപ്പിടിക്കണം
കാലം കഴിഞ്ഞങ്ങ് പോയിടേണം.

ഒരു വീട് വെക്കണം
ഒന്ന് വിശ്രമിക്കണം
ഒറ്റക്കിരിക്കണം
ഒന്ന് സ്വസ്ഥമാവണം.

2012, ജൂൺ 4

സൗഹൃദപ്പെരുമഴയില്‍ കുതിര്‍ന്ന്.

കഴിഞ്ഞ ഏപ്രിലിന്റെ അവസാനത്തിലെ ഒരു ദിവസം , തൊട്ടുമുന്‍പ് നടന്ന ചില യാത്രകളെ അനുസ്മരിച്ചുകൊണ്ട് "സുഹൃത്തുക്കളെ, ഇനീപ്പോ ചൂടൊക്കെയായ സ്ഥിതിക്ക് നമുക്ക് യാത്രകളൊക്കെ മാറ്റിവെച്ച് ഒരു സാംസ്കാരിക സായാഹ്നത്തെ കുറിച്ചു ആലോചിച്ചാലോ" എന്ന ഒരു 'സാധാരണ' ചോദ്യത്തില്‍നിന്നും ആരംഭിച്ച് കഴിഞ്ഞ ദിവസം {ജൂണ്‍ ഒന്ന് } രാവ് ചെല്ലുമ്പോള്‍ അവസാനിച്ച, തുടക്കം മുതല്‍ ഒടുക്കംവരെ പെയ്തൊരു സൗഹൃദപ്പെരുമഴയില്‍ അകവും പുറവുമൊരുപോലെ നനയുകയായിരുന്നു ഞങ്ങളോരോരുത്തരും. കൂട്ടുകൂടുകയും കൂടെകൂട്ടുകയും ചെയ്യുന്നതിലെ സുഖവും സന്തോഷവും എപ്രകാരമാണ് അനുഭവമാകുന്നത് എന്നതിന്റെ ഏറ്റവും തെളിമയാര്‍ന്ന ഒരുദാഹരണമാണ് ഇക്കഴിഞ്ഞുപോയ ഏതാനും മണിക്കൂറുകള്‍. 'സര്‍ഗ്ഗ സായാഹ്നം' ഒന്ന് പറയാനാശ്യപ്പെട്ടാല്‍ അവരോടായുള്ള എനിക്കുള്ള ഉത്തരമിതാണ്.

സര്‍ഗ്ഗ സായാഹ്നത്തിന്റെ നാള്‍വഴികളെ കുറിച്ചാലോചിക്കുമ്പോള്‍ ഏറെ രസകരമായ ഒട്ടനവധി അനുഭവങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടാകും. അതോടൊപ്പം, ഒരുപറ്റം സ്ഥിരോത്സാഹികളുടെ നിറഞ്ഞ സാന്നിദ്ധ്യത്തേയും അതിന്റെ ഫലത്തെയും നമുക്കൊരു പാഠമായി ചൂണ്ടുന്നുമുണ്ട്.

ഇരുപതോളം കുരുന്നുകളടക്കം 'കഥയും കവിതയും പാട്ടും പ്രസംഗവും നൃത്തവും നാടകവും മൊണോ ആക്ടും മായാജാലവും' അടങ്ങിയ വിവിധയിനം കലാരൂപങ്ങളിലൂടെ ഏതാണ്ട് അറുപതോളം കലാകാരന്മാരും/കാരികളും അവതരിക്കപ്പെട്ട ഒരു വേദി.

മുഖപുസ്തകത്തില്‍ കേവലം ഒരു 'ഇവന്റ്' ഉണ്ടാക്കി സാന്നിദ്ധ്യമാരായുക എന്നതൊഴിച്ചാല്‍ മറ്റു യാതൊരുവിധ പ്രചാരണങ്ങളുമില്ലാതെ മുന്നോറോളം ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കിയ, ഒരുപക്ഷെ ഖത്തറിലെ മലയാളികള്‍ക്ക് അപരിചിതമായ ഒരപൂര്‍വ്വ സംഘാടനം. തീര്‍ച്ചയായും സന്തോഷിക്കാം. ക്യൂ മലയാളത്തിനും അവിടത്തെ സഹൃദയങ്ങള്‍ക്കും. ഇതൊരു തുടക്കമാണ്. മനുഷ്യനെന്ന് ഘോഷിക്കുന്ന നാളുകളിലേക്കുള്ള എളുപ്പത്തെ ചൂണ്ടുന്ന ഒരു നല്ല തുടക്കം. സര്‍ഗ്ഗ സായാഹ്നവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരുവാക്ക് കൊണ്ടുള്ള അന്വേഷണത്തിലൂടെയെണ്ടെങ്കിലും പങ്കാളികളായ ഓരോരുത്തര്‍ക്കും സന്തോഷിക്കാവുന്ന ഒന്ന്.

ഇപ്പോള്‍ ഈ തെളിഞ്ഞ പകലില്‍, സര്‍ഗ്ഗ സായാഹ്നവുമായി സഹകരിച്ച എല്ലാ 'ഇഷ്ട ബന്ധു'ക്കള്‍ക്കും പകരം എന്നുമെക്കാലവും ഹൃദയസ്മിതം കൂട്ടെന്നു മാത്രം വാഗ്ദത്തം.

"ചിത്രമൊന്നായിരംവാക്കിനു
സമമെന്നു
ശീലുകള്‍ ചൊല്ലുന്നു പഴം തമിഴില്‍".
ഇനിയുള്ള കഥകള്‍ ചിത്രങ്ങള്‍ പറയട്ടെ...

നൃത്തം,











നാടകം: ഇപ്രകാരം ഇന്ദ്രജിത്ത്







കുട്ടികള്‍ അവതരിപ്പിച്ച വിവിധയിനം പരിപാടികള്‍..


















കുട്ടികള്‍ അവതരിപ്പിച്ച ലഘുനാടകം.





കവിത




കഥ




മോണോ ആക്റ്റ്




ഗാനം.












സദസ്സ് , പിന്നെ ചില കാഴ്ചകള്‍.,


























ഒന്നര വര്ഷം മുന്‍പൊരു സായാഹ്നം..

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms