2014, ജൂൺ 2

ഗ്രന്ഥപ്പശു

                                            ഗ്രന്ഥപ്പശു 

"ഗവണ്മെന്റിനെതിരെ പ്രവർത്തിച്ചവരെ ജയില്‍ ഭേദിച്ച് രക്ഷപ്പെടുത്തി എന്നതാണ് താങ്കള്‍ ചെയ്ത കുറ്റം"

തൊഴുത്തിനരികില്‍ ചെന്ന കുമാരന്‍ പുല്ലും വൈക്കോലും വേണ്ടത്ര ഉണ്ടെന്നു ഉറപ്പുവരുത്തിയ ശേഷം ചൂട്ടും മിന്നിച്ച് ഒതുക്കുകല്ലിറങ്ങി. വയല് മുറിച്ച് കടക്കുമ്പോള്‍ അയാളുടെ നെഞ്ചൊന്ന് പിടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ കാറ്റും മഴയും പിഴുതെറിഞ്ഞ വാഴയും നെല്ലും പാടത്തും പറമ്പിലുമായി ചത്തു ചീഞ്ഞു കിടക്കുന്നു. കാലില്‍ പുല്ലുരഞ്ഞ് മുറിഞ്ഞ് നീറുന്നുണ്ട്. കുമാരന്‍ ചൂട്ട് വീശി തീ ആളിച്ച് വെട്ടമുണ്ടാക്കി ധൃതി കൂട്ടി നടന്നു. വളവിലെത്തിയപ്പോള്‍ ബാങ്ക് വിളി ഉച്ചത്തില്‍ കേട്ട് തുടങ്ങിയിരുന്നു. പള്ളിയിലേക്ക് കയറിപ്പോകുന്നവരുടെ നിരയിലേക്ക് പതറി നോക്കി കയ്യിലെ കവര്‍ മുറുക്കിപ്പിടിച്ച് അവരെയും കടന്നു പോകാന്‍ അയാള്‍ തിടുക്കം കൂട്ടി.

"നേരം ബെളിബെരുന്നതിനു മുന്‍പേ നീ ഏടെ പോണ്?" 

"അത്, അതുപിന്നെ ഒരിടം വരെ".

"അതേട്രാ ഒരു സലം.? കുമാരാ നീ ചെല്ലീറ്റ്‌ പോടാ" 

വരി മുറിച്ച് വഴിയിലേക്കിറങ്ങി മൊല്ല ഒച്ചയിട്ടു.

ബസ്സ്‌ പോയിട്ടില്ല, കുമാരന്‍ ഓടിക്കയറി സീറ്റ് പിടിച്ചു. ഒന്ന് രണ്ട് സീറ്റിലൊഴികെ പണിക്കാരത്തിപ്പെണ്ണുങ്ങളും ആണുങ്ങളും നിറഞ്ഞിരിക്കുന്നു. മഴ പെയ്ത് തോര്‍ന്നെങ്കിലും മരം പെയ്യുന്ന പോലെ തവണ മുടങ്ങിയ കുടിശ്ശിക അപ്പോഴും കുമാരനെ ഭരണി പെയ്യുന്നുണ്ടായിരുന്നു. 

അടിവാരത്തെ തോട്ടപ്പണി ഉപേക്ഷിച്ച് ഭാര്യക്കും മക്കള്‍ക്കുമൊപ്പം കാലി വളര്‍ത്തലും കൃഷി നടത്തലുമൊക്കെയായി കുമാരന്‍ നാട്ടില്‍ക്കൂടാന്‍ തുടങ്ങിയിട്ടിപ്പോ ഏതാണ്ട്  പത്തുവര്‍ഷമായിക്കാണും. അതിന് ശേഷം അയാള്‍ ചുരം താണ്ടുന്നത് ഇതാദ്യമാണ്. 'അന്നൊക്കെ ഇതിനേക്കാള്‍ പച്ചയും തണുപ്പും ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. ഇനിയിപ്പോ ഉള്ളിലെ തീയ്യാണോ എന്തോ.?' 

കുമാരനെ വിയര്‍ക്കാന്‍ തുടങ്ങി. 

തോട്ടം തൊഴിലാളികളാണ്, ഇരു ഭാഗങ്ങളില്‍ നിന്നും റോഡു നിറഞ്ഞ് മുദ്രാവാക്യം വിളിക്കുകയാണ്‌. ഇത്ര കാലത്തെ ഇവരിതെന്തിനാണ് തൊഴില് മുടക്കി വഴി തടയുന്നത്? എത്ര പേരുടെ സമയമാണ് ഇവരപഹരിക്കുന്നത്.?  ആ, അവര്‍ക്കും എന്തേലും ന്യായം കാണുമായിരിക്കും. ചിന്തകളെ മുറിച്ചുകൊണ്ട് അയാള്‍ അടുത്തിരിക്കുന്ന ചെറുപ്പക്കാരന്റെ കയ്യില്‍ നിന്നും പത്രം വാങ്ങി വായിക്കാന്‍ തുടങ്ങി. 

ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു, അതാത് ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി. 

"ആദിവാസി ഊരുകളിലെ പട്ടിണിയും നിരക്ഷരതയും ചൂഷണം ചെയ്താണ് ഭരണകൂട വിരുദ്ധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്" 

അടുത്തിരിക്കുന്ന ചെറുപ്പക്കാരന്‍ വായന തടസ്സപ്പെടുത്തിക്കൊണ്ട് സംസാരത്തിനു തുടക്കമിട്ടു. അതിലൊന്നും വലിയ താത്പര്യം കാണിക്കാതെ കുമാരന്‍ പത്രം തിരികെ കൊടുത്ത് പൊതി കയ്യിലെടുത്തു പിടിച്ചു സീറ്റിലേക്ക് ചാഞ്ഞു.

ഉറക്ക് ഞെട്ടിയ കുമാരന്‍ കണ്ണുതുറന്നു നോക്കവേ ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നതാണ് കണ്ടത്. കാര്യം മനസ്സിലാകാതെ അയാള്‍ നാലുചുറ്റും നോക്കിയിട്ട് പുറത്തേയ്ക്ക് ദൃഷ്ടിപായിച്ചു.ടൗണിലേക്കുള്ള പ്രവേശന കവാടത്തില്‍ എത്തിയിട്ടേയുള്ളൂ. ഈ ബസ്സ്‌ എന്തിനായിരിക്കും നിര്‍ത്തിയിട്ടിരിക്കുന്നത്?. കാര്യങ്ങള്‍ മനസ്സിലാക്കി വരുമ്പോഴേക്കും ഏതാനും പോലീസുകാര്‍ ബസ്സിലേക്ക് ഇരച്ചു കയറിയിരുന്നു. തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരനെ പിടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ട് പകച്ചുപോയ കുമാരന്‍ ഇരിപ്പിടത്തില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. ഈ സമയം കുമാരന്റെ കയ്യിലെ പൊതി ശ്രദ്ധയില്‍പെട്ട പോലീസുകാരൻ കുമാരന്റെ കുപ്പായത്തിലും കടന്ന് പിടിച്ചു.


"സാര്‍, എന്തിനാണ് എന്നെ പിടിച്ചുകൊണ്ടുപോകുന്നത്.? സത്യമായും എനിക്കൊന്നുമറിയില്ല. ഞാനൊന്നും ചെയ്തിട്ടില്ല."

ബസ്സിലുള്ളവരുടെ സഹായത്തിനായി ദൈന്യത മുറ്റിയ കണ്ണുകളുമായ് കുമാരന്‍ നിസ്സഹായനാകുമ്പോള്‍,  ഇതെല്ലാംകണ്ട് മിഴിച്ചു നില്‍ക്കുന്ന സഹയാത്രികര്‍ക്കും ഓടിക്കൂടിയ നാട്ടുകാര്‍ക്കും ഇടയിലൂടെ പോലീസ് കുമാരനെ ബസ്സില്‍ നിന്നും ഉന്തിത്തള്ളി പുറത്തിറക്കി വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റി ഓടിച്ചുപോയി. 

"ഇപ്പോള്‍ തന്നെ ഇടിച്ചേനെ, ഇവറ്റകളെക്കൊണ്ട് വല്ല്യ പാടായിട്ടുണ്ട്. വല്ല ബസ്സോ ലാറിയോ കയറി ചത്താലും മ്മക്കെന്നെ എടങ്ങേറ്. ശവമെടുത്തോണ്ട് പോകാന്‍ മുനിസിപ്പാലിറ്റിക്കാര് പോലും വരില്ല"
 
പുരാതന കാലത്തെന്നോ വന്നടിഞ്ഞതാണ്, ഈ മഹാനഗരത്തിന്റെ ചീഞ്ഞളിഞ്ഞ ഓടയില്‍. മുഷിഞ്ഞും ശകാരിച്ചും പച്ചച്ചാണകം കൊട്ടയിലാക്കുന്ന തിരക്കിലാണ് മമ്മത്. 

"ആ... ഇന്ന് നല്ല കോളൊത്ത മട്ടുണ്ടല്ലോ"

ചാണകം നിറച്ച കൊട്ട ഷെഡ്ഡിന്റെ ഓരത്തേക്ക് മാറ്റി വെച്ച് മുന്‍പിലെ മുക്കാലിപ്പലകയിലേക്കിരുന്ന്‍ മമ്മതൊരു വഷളച്ചിരി പാസ്സാക്കി.

"എന്ത് കോള്, ഇന്നും കണക്കാ... ബൈപാസിന് പിറകിലെ ഗ്യാരേജ്ന്ന്‍ കിട്ടിയ ഒടിഞ്ഞ നാലഞ്ച് ലീഫുണ്ട്" 

തലച്ചുമട് തറയിലിറക്കി നിവര്‍ന്ന്‍ നന്നേ മെലിഞ്ഞ ആ ശബ്ദം നെടുവീര്‍പ്പിട്ടു.

"കിട്ടിയാന്ന് പറയുമ്പോ" മമ്മതിന്‍റെ ചുളിഞ്ഞ നെറ്റിക്ക്" ങ്ങളെന്നാ പോലീസിന്റെ പണി തൊടങ്ങ്യേ" കഴുത്ത് വളച്ചൊരു മറുപടി കൊടുത്തുകൊണ്ട് അളവൊക്കാത്ത ബനിയനുള്ളില്‍ നിന്നും മെലിഞ്ഞ രണ്ട് കൈകള്‍ കണ്ടെടുത്ത് ചുവന്ന നിക്കറുകാരന്‍ പയ്യന്‍ തന്റെ സഞ്ചിയിലെ ഇരുമ്പ് കുടഞ്ഞിട്ടു.

"ഇതോണ്ടൊക്കെപ്പെന്താകാനാ, ഒരുനേരം തികച്ച് തിന്നാനുള്ളതില്ലല്ലോ? നീ കൊറച്ചുംകൂടെ മുന്തിയ എന്തെങ്കിലും കിട്ട്വോന്ന് നോക്കെന്റെ മരുതാ. അതാകുമ്പോ വാങ്ങുന്ന ഇനിക്കും നാല് മുക്കാല് തടയും"
"ഞാനിത് അപ്രത്തെ അന്ത്രുപ്പാക്ക് കൊടുത്തോളാം."  

വിലയില്‍ തൃപ്തനാവാതെ മരുതന്‍  ആക്രികള്‍ തിരിച്ചു സഞ്ചിയിലേക്ക് ഇടാന്‍ തുനിഞ്ഞു.

"നീ പിണങ്ങാതെടാ കുണ്ടാ. ഏതായാലുമായില്ലേ ഇതാ പിടിച്ചോ അഞ്ചിന്റെ നാല് മുട്ടുറുപ്പ്യ"

മമ്മത് കോന്തല അഴിച്ചു കെട്ടി.

"ഗവണ്മെന്റിനെതിരിൽ പ്രവർത്തിച്ചവരെ ജയില്‍ ഭേദിച്ച് രക്ഷപ്പെടുത്തി എന്നതാണ് താങ്കള് ചെയ്ത കുറ്റം"


കയ്യിലെ സഞ്ചി മതിലിനു പിറകില്‍ ഒളിപ്പിച്ചുവെച്ചു പശുക്കളെ  വകഞ്ഞ്  മരുതന്‍ ഗെയ്റ്റ് കടന്ന് ജനലിലൂടെ അകത്തേക്കെത്തിനോക്കി.

പറയൂ. താങ്കള്‍ എങ്ങനെയാണ് ആ കൃത്യം നിര്‍വ്വഹിച്ചത്..?
ദയ യാചിക്കുന്ന പോലെ കുമാരന്‍ മുഖമുയര്‍ത്തി. 

നോക്കൂ. താങ്കള്‍ ഇങ്ങനെ മിണ്ടാതിരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഒരുകാര്യം ഉറപ്പു പറയുന്നു. കുറ്റം സമ്മതിക്കാതെ താങ്കളെ ശിക്ഷിക്കുകയില്ല. പറയൂ എന്താണ് സംഭവിച്ചത്..? 

കുമാരന്‍ ഭാഷ മറന്നവനെപ്പോലെ സ്വയം നഷ്ടപ്പെട്ട് പോയി.

"ശരി, താങ്കള്‍ക്ക് ഈ ചിത്രത്തില്‍ കാണുന്ന ആളെ എത്ര നാളായിട്ടറിയാം..?"

മരുതന്‍  ജനല്‍പ്പടിയില്‍ കയ്യൂന്നി നിവര്‍ന്ന്‍ ചിത്രത്തിലേക്കേന്തി നോക്കി.

"അറിയില്ല" 

ശരി, ഈ പത്രത്തില്‍ കാണുന്ന ആളെ ഇവിടെ കൊണ്ടുവരുന്നതിനും ഏതാനും മണിക്കൂറുകള്‍ക്ക് മുന്പ് നിങ്ങള്‍ കണ്ടിട്ടുണ്ട്.  എന്താ, ശരിയല്ലേ..? 

"അതെ. പഷേ എവിടെ വെച്ചെന്ന് ശരിക്കോര്‍മ്മയില്ല"

കുമാരന്‍ ശബ്ദമില്ലാത്തവനായി.

എവിടെ വെച്ചെന്ന് ശരിക്കും ഓര്‍ത്ത്‌ നോക്കൂ. താങ്കളുടെ സഹകരണത്തിനനുസരിച്ചായിരിക്കും കോടതി നിങ്ങളോടുള്ള സമീപനം സ്വീകരിക്കുന്നത്. 

"ആ ഓര്‍ക്കുന്നു. അടിവാരത്തെ സമരവും ലാത്തി ചാര്‍ജ്ജും കഴിഞ്ഞ് ഞങ്ങള്‍ സഞ്ചരിച്ച ബസ്സ്‌ യാത്ര തുടരുന്നു. എനിക്കൊപ്പമിരുന്ന്‍ യാത്ര ചെയ്തിരുന്ന ആ  ചെറുപ്പക്കാരനോട്‌ മുഷിഞ്ഞ്‌ എന്തോ ഓര്‍ത്തിരിക്കുന്നതിനിടക്ക് ഞാനുറങ്ങിപ്പോയി. അപ്പോഴാണ്‌ ഞാനിയാളെ കാണുന്നത്"

ഇപ്പോള്‍ കുമാരന്റെ കണ്ണുകള്‍ ശാന്തമാണ്.

"താങ്കള്‍ സംസാരിക്കുന്നത് കോടതിയോടാണെന്നോര്‍മ്മവേണം. കോടതിയെ പരിഹസിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്, മറക്കാതിരിക്കുക".  

"സത്യമായും ഞാന്‍ പരിഹസിച്ചതല്ല. ഞാനിയാളെ  സ്വപ്നത്തിലാണ് കാണുന്നത്. എത്രയോ നാളുകളായ് പലപല ആവശ്യങ്ങള്‍ ഉന്നയിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന എല്ലാ സമരങ്ങളും ഒന്നിച്ചൊരോറ്റ സമരമായി ജനങ്ങളെ സംഘടിപ്പിക്കുന്നതും രാജ്യത്തെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതും ജനതയെ വിമോചിപ്പിക്കുന്നതുമായിരുന്നു ആ സ്വപ്നം. ആ സ്വപ്നത്തില്‍ ഒരു തൊഴിലാളിയുടെ വേഷത്തില്‍ ഇയാളുമുണ്ടായിരുന്നു. അങ്ങനെയാണ് ഞാനിയാളെ കാണുന്നത്. അതിന് മുന്പ്  കുടിവെള്ളത്തിന് വേണ്ടി/ വന നശീകരണത്തിനെതിരില്‍/ കിടപ്പാടത്തിനും കൃഷിഭൂമിക്കും വേണ്ടി/  തൊഴിലിനും വിദ്യാഭ്യാസവകാശങ്ങള്‍ക്കും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി ഒക്കെ നടന്നിട്ടുള്ള  എല്ലാ സമരത്തിലും ഇയാളുള്ളതായി ഞാന്‍ വായിച്ചറിഞ്ഞിരുന്നു. ഇയാള്‍ അപ്പോഴും ഒരു തൊഴിലാളിയായിരുന്നു."

കുമാരന്‍ സ്വപ്നമാവേശിച്ച പോലെ പറഞ്ഞു നിറുത്തി.

"സ്വപ്നം എന്നത് ഒരാളുടെ ഉപബോധമനസ്സിന്റെ പ്രവർത്തനമോ പ്രതിപ്രവർത്തനമോ ആണെന്നാണ്‌ കോടതി മനസ്സിലാക്കിയിട്ടുള്ളത്. എങ്കിൽ, പ്രതിയുടെ ഉപബോധമനസ്സിൽ ഭരണകൂടത്തിനെതിരിൽ നിലനില്ക്കുന്ന ചിന്തയാണ് ഈയൊരു സ്വപ്നത്തിലൂടെ വെളിവായിട്ടുള്ളത് എന്ന് കോടതി വിലയിരുത്തുന്നു. ഭരണകൂടത്തിന്റെ ഇംഗിതത്തിനും നിലനില്ക്കുന്ന നിയമവ്യവസ്ഥക്കും എതിരിൽ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് അങ്ങേയറ്റത്തെ ഗുരുതരമായ ഒരു കുറ്റമായി കോടതി വിധിക്കുന്നു. ആകയാൽ, ഇത്തരത്തിലൊരു ചിന്ത സൂക്ഷിക്കുന്ന ഇയാളെ വെറുതെ വിടുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കരുതി ഇയാളെ തടവിൽ വെക്കാൻ ഈ കോടതി ഉത്തരവിടുന്നു "

മറ്റേതോ ലോകത്തുനിന്നും കറുപ്പ് പുതച്ച വിചിത്ര ഭാഷ സംസാരിക്കുന്ന എന്തോ ഒന്ന്‍ തന്നെ പരിഹസിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന പോലെ കുമാരന്‍ തനിക്ക് ചുറ്റിലും മനുഷ്യരെ പരതി. നടപടികള്‍ അവസാനിപ്പിച്ച് കോടതി പിരിയാന്‍ ഒരുങ്ങവേ പുറത്തൊരു പശു കറുത്ത തുണിയിലേക്ക്  മൂത്രമൊഴിച്ച്  പോലീസ് സ്റ്റേഷന് നേരെ അലസ നടത്തം തുടരുകയും സമാന്തരമായി ഒരു ശബ്ദം കോടതിക്കകത്തേക്ക് കൂസലന്യേ പ്രവേശിക്കുകയും ചെയ്തു. 
"കോടതിക്ക് തെറ്റു പറ്റിയിരിക്കുന്നു, ഇയാള്‍ നിരപരാധിയാണ്" 

കോടതി തെല്ലിട നിശബ്ദമായി. പിന്നെ, സമചിത്തത വീണ്ടെടുത്തു. 

"ഇത് നിന്റെ തെരുവോ തെരുവിലെ ചന്തയോ അല്ല, കോടതിയാണ്. കോടതിയോട് മര്യാദക്ക് സംസാരിക്കണം"

"ശരി, അങ്ങുന്നേ. അങ്ങിപ്പോ ജയിലലടക്കാൻ വിധിച്ച ഇയാള് നിരപരാധിയാണ്." 

ചെറുതെങ്കിലും മരുതന്റെ ഉറച്ച ശബ്ദം.

"അതെങ്ങനെയാണ് നീ തീര്‍പ്പാക്കുന്നത്?"

"ഇയാള്‍ ആ സ്വപ്നത്തിലേക്ക്  ഇടക്ക് വന്നു കയറുകയും വേഗത്തിൽ ഇറങ്ങിപ്പോവുകയും ചെയ്ത ആളാണ്‌. ആ സ്വപ്നം മുഴുവൻ കണ്ടത് ഞാനാണ്. കാരണം, അത് എന്റെ സ്വപ്നമായിരുന്നു" 

ഇപ്പോഴും ആ സ്വപ്നത്തിലെന്ന പോലെ മരുതന്‍ ശാന്ത ചിത്തനായിരുന്നു.

"ഇൻസ്പെക്ടർ പ്രേരണാകുറ്റം ചുമത്തി ഈ  കൂട്ടു പ്രതിയെകൂടി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കൂ"

ഉത്തരവിട്ടശേഷം ന്യായാധിപന്‍ കോടതി വരാന്ത ഇറങ്ങി മുറിയിലേക്ക് നടന്നു.

അപ്പോള്‍ കോടതിക്ക് വെളിയില്‍ പോലീസ് സ്റ്റേഷനകത്തെ  മാലിന്യക്കൂമ്പാരത്തില്‍  എംഎല്‍എ'യുടെ ശുപാര്‍ശക്കത്ത് വൈക്കോല്‍ രുചിയുടെ സന്തോഷത്തില്‍ അയവെട്ടുകയായിരുന്നു നഗരത്തിലെ മുത്തശ്ശിപ്പശു.

%ഗുല്‍മോഹറില്‍ വായിക്കാം
ചിത്രം: അഷ്‌റഫ്‌ മേലെവീട്ടില്‍  

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms