2012, സെപ്റ്റം 15

നുജൂദ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു





അവള്‍, ആ കൊച്ചു പെണ്‍കുട്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പകലിലും രാത്രിയിലുമൊരുപോലെ എനിക്ക് ചുറ്റും തീര്‍ത്ത 'വലയം' അതെന്നിലെ മനുഷ്യനെ സംരക്ഷിച്ചു പിടിക്കാനായിരിക്കണം. അപ്പോഴും, ചെറുതെങ്കിലും തന്റെ കരതലം കൊണ്ടെന്നെ നിരന്തരം മാന്തി മാന്തി ഹൃദയ രക്തം ഒലിപ്പിക്കയായിരുന്നു അവള്‍. തുടക്കത്തില്‍ അമ്പരപ്പിക്കയും പിന്നീട് ഞെട്ടലില്‍ നിന്നും രക്ഷ നല്‍കാതെ ഭയപ്പെടുത്തി നിറുത്തുകയും പതിയെപ്പതിയെ ഏറ്റം ഹൃദയ പൂര്‍വ്വം ചിരിപ്പിക്കയുംചെയ്ത അവളോടെനിക്കിപ്പോള്‍ 'യെമന്‍ ടൈംസി'ലെ ഹക്കീം പറഞ്ഞത് പോലെ സ്നേഹമാണ്.

"നുജൂദ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു".

പതിവ് വായനാ ശീലത്തില്‍ നിന്നും മാറി എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയൊരു പുസ്തകം തിരഞ്ഞെടുത്തപ്പോള്‍ എനിക്കാദ്യം ആശ്ചര്യം പിന്നെ സന്തോഷം. ഇപ്പോള്‍ എനിക്കവളോട് പെരുത്ത് നന്ദിയും കൂടെയാണ്. അവളാണ് എന്റെ വീടകത്തേക്ക് നുജൂദിനെ ആനയിച്ചത്.

"ഭൂമിയിലെ മനുഷ്യരോട് ദൈവത്തിനിപ്പോഴും കരുണ വറ്റിയിട്ടില്ലെന്നതിന് തെളിവായിട്ടാണ്‌ ഓരോ കുഞ്ഞും ജനിക്കുന്നതും വളരുന്നതും ജീവിക്കുന്നതും". എണ്ണി പഠിക്കേണ്ട, പാടി കളിക്കേണ്ട, ഓടിയും ചാടിയും നീന്തിയും രസിക്കേണ്ട, എഴുതിയും വായിച്ചും വരഞ്ഞും പറഞ്ഞും ആസ്വദിക്കേണ്ടുന്ന ബാല്യത്തില്‍ ഭര്തൃ‍മതിയാവുക. കിടപ്പറയിലെ പങ്കാളിയാവുക, ഏറെ ഭയപ്പെടേണ്ടുന്ന ഒരു സംഗതി തന്നെയാണ്. ആ ഭയവും അമ്പരപ്പും സ്നേഹവും കാരുണ്യവുമാണ് നുജൂദ്.

അച്ഛന്റെയും അമ്മയുടെയും കൂട്ടുകുടുംബങ്ങളുടെയും പരിസരവാസികളുടെയും എല്ലാം അനുവാദത്തോടെ തന്നെക്കാള്‍ രണ്ടിരട്ടി പ്രായമുള്ള ഒരാള്‍ക്ക് വിവാഹം ചെയ്തു 'അയക്കപ്പെട്ട' ഒരു പത്തുവയസ്സുകാരി. പുഴയില്‍ കുളിക്കാനും ചിത്രം വരക്കാനും ഖുര്‍ആനും കണക്കും പഠിക്കാനുമിഷ്ടപ്പെട്ടിരുന്ന ഒരു കൊച്ചു മാലാഖ. വിവാഹം ഒരു കൌതുകമായിപ്പോലും സ്പര്ശിച്ചിട്ടില്ലാത്ത ലോകത്തിലെ പ്രായം കുറഞ്ഞ ''വിവാഹ മോചിത'.

അവളുടെ കഥ പറയുന്ന 'ഞാന്‍ നുജൂദ്, വയസ്സ് പത്ത്, വിവാഹ മോചിത' രമാ മേനോന്‍ വിവര്‍ത്തനം ചെയ്ത്, ഒലീവ് ബുക്സ് മലയാളക്കരക്ക് പരിചയപ്പെടുത്തിയ, മനക്കരുത്തിന്റെയും ആത്മ ധൈര്യത്തിന്റെയും അന്താരാഷ്‌ട്ര ബിംബമെന്ന് 'ദി ന്യൂ യോര്‍ക്കരാല്‍' വിശേഷിപ്പിക്കപ്പെട്ട യമനിലെ പത്തു വയസ്സുകാരി പെണ്‍കുട്ടി, നുജൂദ്. അവളെയാണ് ഞാന്‍ സ്നേഹിക്കുന്നത്.

ഒരു പത്തുവയസ്സുകാരി പെണ്‍കുട്ടിക്ക് ഇത്രമാത്രം പറയാനായിട്ട് 'എന്തുണ്ട് കാര്യങ്ങള്'‍ എന്ന 'അതിശയപ്പെടല്' നിങ്ങള്‍ക്കെന്നപോലെ എനിക്കുമുണ്ടായിരുന്നു. എന്നാല്‍, നുജൂദ് പറഞ്ഞ കഥ തനിക്ക് മുന്‍പും പിന്‍പുമുള്ള നൂറ്റാണ്ടുകളുടെ കഥയാണ്‌. വര്‍ത്തമാനത്തിലെ വാസ്തവ കഥകളും.!

'നുജൂദിന് മുന്‍പും പിന്‍പും' എന്ന വായനക്ക് അവളും അവള്‍ക്ക് ശേഷം 'ഒന്പതുകാരി അര്വ്വയും പന്ത്രണ്ടുകാരി റിമ്മും' സധൈര്യം നേടിയെടുത്ത വിവാഹ മോചനം സാക്ഷ്യമാണ്. പിന്നീട് യമന്‍ മുന്നോട്ടുവെച്ച വിവാഹക്കരാരുകളും പ്രായപരിധിയും മേല്‍ചൊന്ന 'നുജൂദിന് മുന്‍പും പിന്‍പും' എന്ന വായനക്ക് ബലവുമേകുന്നു. ഇങ്ങനെയൊരു വായനക്ക് ചരിത്രത്തെ നിര്‍ബന്ധിപ്പിക്കുക എന്നത്, ജീവിതത്തെ ജീവിതംകൊണ്ടു തന്നെ മാറ്റിതീര്‍ക്കുന്ന, ജീവിതത്തിന് പുതിയ നിര്‍വ്വചനങ്ങള്‍ ആവശ്യപ്പെടുന്ന ജീവിതത്തെ പ്രകാശിപ്പിക്കുമ്പോഴാണ്. അതിന്റെ തെളിവാര്‍ന്ന നിദര്‍ശനമാണ് നുജൂദ്.

ഏറെ പരിഷ്കൃതമെന്നു ഊറ്റം കൊള്ളുമ്പോഴും പലതരത്തിലും അങ്ങേയറ്റം പ്രാകൃതരായ 'മഹാ' ഭൂരിപക്ഷത്താല്‍ ഭീതിതരാണ് ഒരു 'ചെറു' ന്യൂനപക്ഷം. ആ ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും പ്രധിനിധാനം ചെയ്യുന്നവരെ നമുക്കീ വായനയില്‍ കാണാം, അവക്കിടയിലെ ഭീതി എക്കാലത്തേക്കും അജയ്യമായി തന്റെ പ്രയാണം തുടരുന്നുവെന്ന് വായന നമ്മെയും പേടിപ്പിക്കുന്നു. നുജൂദിന്റെ കുടുംബം മുഴുവനായും ഈ കല്യാണത്തിന് അനുവദിക്കുമ്പോള്‍ 'മരിക്കുകയും നാട് വിടപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്ത ആറു സഹോദരങ്ങള്‍ അടക്കം ഇരുപതിലധികം കൂടപ്പിറപ്പുകള്‍ ഉണ്ടായിട്ടും' തുല്യ ദു:ഖിതയും പീഡിതയുമായ 'മോനാ'യൊഴികെ മറ്റാരുംതന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്നതും ഭര്തൃവീട്ടുകാരുടെ സമ്മതങ്ങളുടെ എണ്ണപ്പെരുപ്പവും ഈ ഭൂരിപക്ഷമെന്ന ഭയം വര്‍ദ്ധിപ്പിക്കുന്നു. 'മോനക്ക് ശേഷം നുജൂദ്, ഇനി ഹൈഫ എങ്കിലു'മെന്നത് തുടരുന്ന ഭീതിയെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. അവയുടെ കാരണങ്ങളെ വിശകലനം ചെയ്യാനും പ്രതിവിധി ആരായാനും ആവശ്യമായ ചര്‍ച്ചകളിലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്നുവെന്നതാണ് പുസ്തകത്തിനു അകത്തേയും വെളിയിലെയും നുജൂദുകള്‍ തമ്മിലുള്ള ബന്ധുത്വം.

തന്നെ നിര്‍വചിക്കാനും സ്വയം നിര്‍ണ്ണയിക്കാനുമുള്ള ഒരു വ്യക്തിയുടെ സ്വതന്ത്രാവകാശത്തെ നിരാകരിക്കുന്നതില്‍ തുടങ്ങുന്നു ലോകത്തെ മൊത്തം കടന്നു കയറ്റങ്ങളുടേയും കഥകള്‍. ഇത് യഥാവിധി ഉപയുക്തമാക്കണമെങ്കില്‍ എല്ലാത്തിനുമേലും തന്റെ വിവേചനാധികാരം ശരിയാംവിധം പ്രയോഗിക്കാനുള്ള ശേഷി സംഭരിക്കേണ്ടതായിട്ടുണ്ട്. അവക്കുള്ള അവസരങ്ങള്‍ ഒരുക്കികൊടുക്കുകയും അവകള്‍ അനുവദിക്കുകയും ചെയ്യുക എന്നതാണ് ഒരു പരിഷ്കൃത ലോകം അതിന്റെ സമൂഹങ്ങളോട് ചെയ്യേണ്ടത്.

കുറഞ്ഞത്, ഒരാളുടെ പ്രായപൂര്‍ത്തി നിശ്ചയിക്കുന്നത് വിവേചന ബുദ്ധിയുടെ ശരിയാംവിധമുള്ള ഉപയോഗത്തെ മാനദണ്ഡമാക്കിയാവണം. അതുവരെയും അതിനവരെ പ്രാപ്തരാക്കുംവിധം പ്രോത്സാഹിപ്പിക്കുകയും സഹായിയാവുകയും താന്താങ്ങളുടെ നിര്‍ണ്ണയാവകാശത്തെ അനുവദിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഇതനുവദിക്കുന്നില്ല എന്ന് മാത്രമല്ല വിരുദ്ധമായി പ്രവര്‍ത്തിക്കുകയും നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്‌ നുജൂദിന്റെ പരിസരം അറിയിക്കുന്നത്. കുടുംബത്തിലെ അച്ഛനും അയാളുടെ അഭാവത്തില്‍ മൂത്ത മകനും പ്രയോക്താക്കളാകുന്ന ഇടങ്ങളില്‍ തെല്ലും 'പ്രണയം' അവശേഷിക്കാത്ത മനസ്സുകളുടെ തീര്‍പ്പുകള്‍ നുജൂദുമാരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

എങ്കിലും, അവക്കിടയില്‍ നിന്നും ചില കുതറിയോടലുകള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു 'ജീവന്റെ ആത്മബലം' അതാണ്‌ നുജൂദ്.

2012, സെപ്റ്റം 5

വീട്‌


ഒരു വീടുവെക്കണം
നല്ലൊരു വീട്
നാലാള് കണ്ടാല്‍ കൊതിക്കും വീട്

മതിലുയര്‍ത്തണം
മനസ്സോളം പൊക്കത്തില്‍
അയപക്ക,
ചങ്ങാത്തങ്ങള്‍ക്ക് നേരെ..
,
പടിപ്പുര കെട്ടണം
പടിയടക്കണം
പരിധിക്കകത്തേക്ക് പോയിടേണം

പലിശപ്പണത്തിന്റെ പിന്‍ബലത്താലേ
പ്രവാസകാലത്തിന്റെ ഭിക്ഷാപാത്രത്താലേ
ഒരു വീട് വെക്കണം
ഒന്ന് വിശ്രമിക്കണം.

പഴയകാലത്തിന്റെ പരിദേവനങ്ങളും
പൊതുകാര്യ ചിന്തതന്‍ പൊതു മനസാക്ഷിയും
പട്ടിണി, പരിവട്ടം, പരിസ്ഥിതി ചൂഷണം..
എല്ലാം മറക്കണം
എന്നിലൊതുങ്ങണം
എല്ലാം തികഞ്ഞൊരു വീടുവേണം.

കുട്ടിക്ക് 'ഡേ' കെയര്‍
കാര്‍ന്നോര്‍ക്ക് 'ഹോം' കെയര്‍
കാലത്തിറങ്ങണം,
വീട്ടില്‍ നിന്ന്.
കാണുന്നതെല്ലാം വാരിപ്പിടിക്കണം
കാലം കഴിഞ്ഞങ്ങ് പോയിടേണം.

ഒരു വീട് വെക്കണം
ഒന്ന് വിശ്രമിക്കണം
ഒറ്റക്കിരിക്കണം
ഒന്ന് സ്വസ്ഥമാവണം.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms