നാട്ടെഴുത്ത്. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാട്ടെഴുത്ത്. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, മാർ 15

മുതലാളിയാകുന്നത്



ചിന്തകളുടെ കൂമ്പൊടിക്കുക..

എന്നിട്ടവയെ ചന്തയില്‍ വില്പനക്ക് വെക്കുക.

ശ്രദ്ധിക്കുക; വിപണന സാധ്യതയുള്ള ചിന്തകളെ മാത്രമേ ഉത്പാദിപ്പിക്കാവൂ..

അതുകൊണ്ട് 'യൂറോപ്യനായ വെളുത്ത പുരുഷന്റെ' തലയെ മാതൃകയാക്കുക.

കുറഞ്ഞത്‌ , നാടന്‍ സായിപ്പിന്റെ... വര്‍ണ്ണമുള്ള  സൗന്ദര്യശാസ്ത്രത്തെയും  അതിന്റെ ശബ്ദമുയര്‍ത്തുന്ന ചിന്തകളെയും  മാത്രം  അനുധാവനം ചെയ്യുക.

ഏയ്‌, ചിന്തയെ കച്ചവടം ചെയ്യാനുറച്ച വ്യാപാരീ.. ആഗോള വിപണിയില്‍ അമിതോത്പാദനം അത്യാവശ്യമെന്നു എപ്പോഴും ഓര്‍ക്കുകയും അതിനായി നല്ലൊരു യന്ത്രം തന്റെ പണിശാലയില്‍ ഘടിപ്പിക്കുകയും ചെയ്യുക. അസംസ്കൃത വസ്തുക്കളായി കൂടുതല്‍ ചൂഷണോപാധികളെ തന്റെ വ്യാപാര ശാലയിലേക്ക് കുടിയിരുത്തുക.

ഓര്‍ക്കുക, യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത് ആരുമായികൊള്ളട്ടെ/ എങ്ങനെയുമായിക്കൊള്ളട്ടെ ഉത്പന്നമെന്നത്  അന്തക വിത്തിനോട് കൂറ് പുലര്‍ത്തുന്നതായിരിക്കാന്‍ പ്രത്യേകം‍ ശ്രദ്ധിക്കുക. എങ്കില്‍ മാത്രമേ വിപണി പിടിച്ചടക്കാന്‍ സാധിക്കൂ..  അക്കൂടെ  ബ്രഹ്മിയില്‍ 'ജി എം വിത്ത്‌ ' മുളപ്പിക്കുന്നതിനെകുറിച്ചുള്ള ആലോചനകളും അത്യാവശ്യമാണെന്നുണര്ത്തുന്നു.!

പ്രിയപ്പെട്ട മുതലാളീ,  ഉപഭോക്താക്കളുടെ ' ക്രയശേഷി' കൂട്ടുന്ന വിധത്തിലുള്ള യാതൊരു വിധ വിഡ്ഢിത്തവും കാണിക്കാതിരിക്കുക. ഞാനാണു ഉടമയെന്നും ആകയാല്‍ നിനക്ക് ഞാന്‍ നല്‍കുമെന്നും നീ എന്നില്‍ നിന്നും വാങ്ങിക്കൊള്ളണമെന്നുമുള്ള എക്കാലത്തെയും വ്യാപാര ക്രമത്തിലേക്ക് സ്വാഭാവികമായും താങ്കള്‍ ഉയര്‍ത്തപ്പെടുന്നതിന് ഇതത്യന്താപേക്ഷിതമാണ്. അതുകൊണ്ട്, ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നവരാണ് നിങ്ങളെന്നും നിങ്ങള്‍ക്ക് വേണ്ടത് അതിനി ഉത്പന്നമായാലും തൊഴിലായാലും അതിന്റെ വേതനമായാലും ഞാന്‍ നല്‍കുമെന്നും അല്ല എനിക്ക് മാത്രമേ അത് സാധ്യമാകൂവെന്നും അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുക. ഇത്രത്രേ വിപണി സംസ്കാരം.

തൊഴിലാളികളുടെ അദ്ധ്വാനത്തെ പരമാവധി ചൂഷണം ചെയ്തുകൊണ്ടാവണം ഇത് നടപ്പില്‍ വരുത്തേണ്ടുന്നത്.
വില വര്‍ദ്ധനവും ശമ്പള വര്‍ദ്ധനവും തമ്മില്‍ ഇന്നലത്തേതെന്ന പോല്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു ഉറപ്പുവരുത്തണം. കൂലികൂടുമ്പോള്‍ സാധനത്തിനു വിലകൂട്ടുകയും സാധനങ്ങള്‍ക്ക് വിലകൂടുമ്പോള്‍ ആ വിലക്കനുസരിച്ചു തൊഴിലാളിക്ക് വിപണി അന്യമാകുന്ന വിധത്തില്‍ മാത്രം കൂലിയെ സമീപിക്കുകയും ചെയ്യുക.

അഥവാ, ഒറ്റ നോട്ടത്തില്‍ കൂലി കൂടിയതായി തോന്നുന്ന വിധത്തിലാവുകയും എന്നാല്‍  അവശ്യ വസ്തുക്കളുടെ വിലക്കനുസൃതമായി കൂലി ഉയരാതിരിക്കുകയും ചെയ്യണം. ഇങ്ങനെ, വാങ്ങാനാവാതെകണ്ട്  സമൂഹത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളും  പട്ടിണി കിടന്നു മരിക്കുമ്പോള്‍ താങ്കളുടെ ഗോഡൌണില്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കണം എന്ന് ..!

ഇവ്വിധം മഹാഭൂരിപക്ഷത്തിന്റെ വാങ്ങാനുള്ള ശേഷിയെ കെടുത്തിക്കൊണ്ടാവണം, പ്രിയ മുതലാളി സുഹൃത്തേ.. താങ്കളുടെ ശരീരം കൊഴുക്കേണ്ടത്.

ചെറുകിട കച്ചവടക്കാരേയും ഇതേ രീതിയില്‍ കൈകാര്യം ചെയ്യണം. അതിനായി 'വിപണി തുറന്നിടുന്നതിലെ'  വാങ്ങുന്നതിലും കൊടുക്കുന്നതിലുമുള്ള മത്സരം എന്ന കാരണത്തെ/പൊള്ളത്തരത്തെ അധികാരികളെക്കൊണ്ട് ആവര്‍ത്തിപ്പിക്കുക. പുതിയ കരാറുകളിലൂടെ വിസില്‍ ഊതിക്കുക. സാധുക്കള്‍ ഓടി തളരട്ടെ.. തളര്‍ന്നു വീഴട്ടെ...

ആരെങ്കിലും, "പണിയെടുക്കാന്‍ വേണ്ടി ജീവിക്കുന്നു"വെന്ന് പറയുകയോ പറയിപ്പിക്കുകയോ ചെയ്‌താല്‍.... കൊല്ലുകയോ കൊല്ലാനുള്ള ആളുകളെ ഏര്‍പ്പാട് ചെയ്യുകയോ ചെയ്യുക.

അങ്ങനെ, ചിന്തകളെ ഉത്പാദിപ്പിച്ച്, ആ ചിന്തകളെ വിറ്റ്, അതിനൊത്ത ഒരു വിപണിയെ പണിത് ആ വിപണിക്കൊരു സംസ്കാരവും ക്രമവും രൂപപ്പെടുത്തി ഞാനൊരു ഉടമയെന്ന് ഘോഷിക്കുക. അങ്ങനെ എക്കാലത്തെയും മുതലാളിത്ത ചിന്തകള്‍ക്കൊപ്പം നില്‍ക്കാന്‍ താങ്കളുടെയും താങ്കളുടെ സുഹൃത്തുക്കളുടെയും  ചിന്തകള്‍ താങ്കളെ സഹായിക്കട്ടെ എന്നാശംസിക്കുന്നു.

എന്ന്,.
നേരത്തെതന്നെ ഇവ്വിധം ചിന്തകളെ വിലക്ക് വാങ്ങി അടിമയായ വര്‍ണ്ണമില്ലാത്ത സൗന്ദര്യമില്ലാത്ത  ശബ്ദമില്ലാത്ത [ശബ്ദിക്കാന്‍ പാടില്ലാത്ത] ശതകോടികളില്‍ ഒരുവന്‍.!



2011, നവം 24

വിരേചനത്തിന്റെയൊഴുക്ക്



വിരേചനത്തിന്റെയൊഴുക്ക്.


അഴിഞ്ഞ കെട്ടുകളും കൊളുത്തുകളും കുടുക്കുകളും..
ഇത്രമേലെനിക്കാരെയും ഒന്നിനെയും വിശ്വാസമില്ല.
ഇടക്ക് സമര്‍പ്പണം പോലൊരു വായ്പ്പാട്ട്,
ഒപ്പമിരിക്കുമ്പോള്‍, സഭ്യയതയൊട്ടുമില്ലാത്തൊരു ആഭാസനാകുന്നു ഞാന്‍.
മറ്റു ചിലപ്പോള്‍, ധ്യാനത്തിലുമാണ്.
ഞങ്ങളുടെ പ്രണയത്തിലെന്ന പോലെ..!!!
പതയിലലിഞ്ഞു കമിതാക്കളെന്നകണക്ക് നമ്മളൊന്നാകുന്നു.

അപ്പോഴായിരിക്കും,
'വിരേചന ഗുളിക' കഴിച്ചൊരു കൂട്ടം,
"ജോലിക്ക് പോവാന്‍ സമയമായി" എന്നാര്‍ത്തു ശകാരിക്കുന്നത്.

എന്നെ തണുപ്പിച്ച ജലധാരയില്‍ നിന്നും ദേഹത്തല്പാല്പം ജലകണങ്ങള്‍ ബാക്കിയാക്കി,
നനഞ്ഞ അരക്ക് താഴെ ആയി മുണ്ട് വാരിച്ചുറ്റി തിടുക്കത്തില്‍ പുറത്തേക്ക്....!!!

ഇന്നുമിന്നലെയും, ഇനിയെന്നും... ഇതുതന്നെ ഗതി.!

നിയമസഭാമന്ദിരം പോലൊരു ശൌച്യാലയം പണിയിക്കാന്‍ ഞാനും സമരത്തിലാണ്.

ഭാര്‍ഗ്ഗവ'ക്ഷേത്രാങ്കണത്തില്‍,
'എച്ചില്‍ കൂനകള്‍' അടയാളം കാണിക്കുമ്പോള്‍,

"കൃത്യമായൊരു 'വിരേചന നയ'മില്ലാതെ പോയ കുറവിനെ 'മുല്ലപ്പെരിയാര്‍' നികത്തുമെന്ന് "
{അഥവാ, ഒഴുക്കികളയുമെന്ന്} വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

പൂമുഖവും കടന്നു, 'ചില്ല് കൂട്ടില്‍' നിന്നും വാര്‍ത്താവതാരകന്റെ, പതിവ് ഓക്കാനം.

അവകാശ പോരാളികള്‍ക്കും, കേന്ദ്ര-സംസ്ഥാന ഭരണേതിഹാസങ്ങള്‍ക്കും അഭിവാദ്യങ്ങള്‍..!!!

2011, ഫെബ്രു 11

ഒരപരാഹ്നം

'ഖത്തര്‍ ബ്ലോഗ് മീറ്റ്' വിശേഷങ്ങള്‍..!!



കൂട്ടുകാരെ.. വളരെ കുറഞ്ഞ നാളുകളുടെ പരിചയമേ എനിക്കീ ബ്ലോഗുലകത്തിലൊള്ളൂ. എന്നാല്‍, ഇതിനോടകം ധാരാളം ആളുകളുമായി നല്ല സൌഹൃദം സ്ഥാപിക്കാന്‍ എനിക്കായി എന്നത് ഇവിടെയുള്ള കൂട്ടുകാരുടെ ഹൃദയവിശാലതയൊന്ന് കൊണ്ട് മാത്രണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇടക്കൊക്കെയും ചില പൊട്ടലും ചീറ്റലുകളും ഏറുപടക്കം കൊണ്ടുള്ള കളിയും കരിമ്പിന്‍തോട്ടം പാട്ടത്തിനെടുക്കലും അതുവഴി ഉറുമ്പിന്‍കൂട്ടത്തെ കൂടെ കൂട്ടലുമൊക്കെ നടക്കുന്ന്നുന്ടെങ്കിലും പൊതുവില്‍, ഒരു നല്ല അന്തരീക്ഷമാണ് ഇവിടെ അനുഭവപ്പെടുന്നത്.


നമ്മില്‍ അധിക പേരും ആരെയും നേരിട്ട് കാണുകയോ ശബ്ദത്തെ കേള്‍ക്കുകയോ ശാരീരികഭാഷയെ അറിയുകയോ ചെയ്തിട്ടില്ലാ.. അത്തരുണത്തില്‍ ഒരു വ്യക്തിയെ വിലയിരുത്തല്‍ ഇവിടെ അസാദ്ധ്യവുമാണ് എന്നിരിക്കെ ഒരു ചെറിയ അളവിലെങ്കിലും നാം പരസ്പരം മനസ്സിലാക്കിയിട്ടുള്ളത് അന്യോന്യം കൈമാറപ്പെടുന്ന കൊച്ചു കൊച്ചു വിശേഷങ്ങളിലൂടെയും ചില സൃഷ്ടികളിലേക്കും അതുവഴിയുള്ള പുതിയ ചിന്തകളിലെക്കുമുള്ള വഴി നടത്തലുകളും, അവിടം കാണുന്ന ചെറു വായനകളും അതിനോടോതുന്ന മറുവാക്കുകളിലൂടെയും സംവദിക്കപ്പെടുന്ന ആശയങ്ങളിലൂടെയുമാണ്. അത്തരം ഒരു സംവാദ സമൂഹമാണ് നമ്മള്‍. അതില്‍ സംവേദനക്ഷമത നമ്മില്‍ പലരിലും ഏറിയും കുറഞ്ഞുമിരിക്കും. സ്വാഭാവികം..!!


ഒരു ആരാമത്തില്‍ വിരിഞ്ഞ വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെപ്പോലെ വ്യത്യസ്തരാണ് നാമൊക്കെയും. അവയില്‍ പൂജക്കെടുക്കുന്നവയും മാലയില്‍ കൊര്‍ക്കുന്നവയും മുടിയില്‍ ചൂടുന്നവയും ആരാലും പരിഗണിക്കപ്പെടാതെ പോകുന്നവയും ഉണ്ടാകാം. എന്നാല്‍, ഈ വ്യത്യസ്തതയാണ് ഇതിന്‍റെ സൌന്ദര്യം എന്ന് കണ്ട്‌ അതിനെ പരിഗണിക്കുകയും അവയെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ധാരാളം ഹൃദയങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ കൂട്ടായ്മ. അത് ഈ ബ്ലോഗുലകത്തിന്‍റെ മാറ്റ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരം ഒരു ചെറിയ കൂട്ടം ഇന്ന് {11.2.2011ന്} മുഖാമുഖമിരുന്നു. എല്ലാതരം കെട്ടുപാടുകളില്‍ നിന്നും യാന്ത്രികതയില്‍ നിന്നും മോചിതരായി തീര്‍ത്തും പച്ച മനുഷ്യരായി ആ കുറഞ്ഞ മണിക്കൂറുകളില്‍ അവര്‍ ജീവിക്കുകയായിരുന്നു. നിഷ്കളങ്ക ബുദ്ധ്യാ സംസാരിച്ചും അതിന്‍റെ സ്വാഭാവിക താളത്തെ സ്വീകരിച്ചും അനുഭവിച്ചും ആസ്വദിച്ചും അവരൊരു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയായിരുന്നു. വിശാലതയില്‍ നിന്നും ഓടിയോളിച്ചും സ്വയം തീര്‍ത്ത ഒരറക്കുള്ളില്‍ ചുരുങ്ങിയും പുറം കാഴചകളില്‍ നിന്നും കണ്ണുകള്‍ മടക്കിയും താന്‍, തനിക്ക്, തന്‍റെത് എന്നതിനപ്പുറത്തുള്ളവയെയെല്ലാം ശത്രുവായിക്കാണുന്ന അസഹിഷ്ണുതയില്‍ നിന്നും രാജിയായ, എല്ലാപേര്‍ക്കും തുല്യ ബഹുമാനവും ബഹുമതിയും വകവെച്ചു കൊടുക്കുന്ന കുറച്ചു നല്ല മനുഷ്യരെ എനിക്കിന്ന് ഈ കൂട്ടത്തില്‍ കാണാന്‍ സാധിച്ചു.

ഇനിയും കൂടുതലായി പറഞ്ഞ് ഞാന്‍ താങ്കളുടെ ക്ഷമയെ പരീക്ഷിക്കുന്നില്ലാ. ഇതെഴുതുമ്പോള്‍ വളരെ വേഗത്തില്‍ എന്‍റെ ഓര്‍മ്മയിലേക്ക് വരുന്ന ചില കാര്യങ്ങളും കൂടെ പങ്കുവെച്ച് നാമൂസിന്‍റെ ഈ തൌദാരം ഞാന്‍ അവസാനിപ്പിക്കാം.

ഊണ്‍ കഴിച്ചിട്ടേ വരാവൂ എന്നൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ നല്ലോണം വയറു നിറച്ചു കഴിച്ചിട്ടാണ് ഞാന്‍ എന്‍റെ റൂമീന്നിറങ്ങിയത്. നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെ തണല്‍ വെട്ടിയ വഴിയെ എന്നെയും കൂടെ ഖത്തറിലെ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ 'ശാഹുല്‍ക്കയെയും' വഹിച്ചു കൊണ്ട് 'ഇസ്മായീലിക്കായുടെ'{തണല്‍} ശകടം സംഗമവേദിയെ ലക്ഷയം വെച്ച് കൊണ്ട് ആളൊഴിഞ്ഞ വഴിയെ കുതിച്ചു. വഴി മദ്ധ്യേ പച്ചക്കറി ചരിതത്തിലൂടെ ബ്ലോഗുലകത്തില്‍ ഇടം കണ്ടെത്തിയ 'ജിപ്പൂസെന്ന' സുന്ദരനെയും കൂടെ കൂട്ടി വണ്ടി മുന്നോട്ട് തന്നെ. ജിപ്പുവിന്‍റെ സാമീപ്യം എന്നില്‍ ഒരല്‍പം അസൂയയും അഹങ്കാരവും ഉണ്ടാക്കിയെന്നത് നേര്. മറ്റൊന്നുമല്ല, അവനെപ്പോലൊരു സുന്ദരന്‍ എന്‍റെ അടുത്തിരിക്കെ സ്വാഭാവികമായും ഞാനും ശ്രദ്ധിക്കപ്പെടുമല്ലോ..? കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങള്‍ സമാഗമ വേദിക്കരികിലെത്തി.

കാലത്ത് തന്നെ കുളിയും നനയും ഒന്നും നടത്താതെ ഈ പരിപാടി സ്ഥലത്തേക്ക് തിരിക്കുകയും അവിടെ സൊറ പറഞ്ഞിരിക്കുകയും ചെയ്യുന്ന ശ്രദ്ധേയനെയും,സുനില്‍ പെരുമ്പാവൂരിനെയും,രാമചന്ദ്രന്‍ വെട്ടിക്കാടിനെയുമാണ് ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്.{അവര്‍ വളരെ നേരത്തെതന്നെ അവിടെ സജീവമായിരുന്നു} എന്നെ കണ്ടമാത്രയില്‍ ആലിംഗനം എന്ന വ്യാജേനയെന്നെ ഇറുമ്പടക്കം കെട്ടിപ്പിടിച്ച് എനിക്ക് സ്വന്തമായുള്ള കേവലം കുറച്ചു എല്ലുകളെ നുറുക്കികളഞ്ഞ 'ശ്രദ്ധേയന്‍റെ' സ്നേഹ പ്രകടനത്തോടെയാണ് ഈ സംഗമത്തില്‍ ഞാന്‍ പങ്കുചേര്‍ക്കപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് ഒരാളെപ്പോലും ഞാനിതിന് അനുവദിച്ചില്ലാ... എല്ലാം ഒരു ഹസ്തദാനത്തില്‍ ഒതുക്കി..!! ശേഷം, സദസ്സിലേക്ക് കടന്നപ്പോള്‍ 'മിഴിനീര്‍ റിയാസിന്‍റെ' "കനപ്പെട്ട" വാക്കുകളുടെ ഭാരം താങ്ങാനാവാതെ ഒരു വശം ചെരിഞ്ഞിരിക്കുന്ന 'ഹാരിസ് എടവനയെയാണ്' ഞാന്‍ കാണുന്നത്.

മറ്റു ഔദ്യോദികമായ യാതൊരു ഉപചാരങ്ങളുമില്ലാതെ പതിവിനെ പാരമ്പര്യത്തെ ഒഴിവാക്കി ഞങ്ങളൊന്നിച്ചു ഒരു കൂട്ടമായി മീറ്റിനു തുടക്കം കുറിച്ചു.പിന്നീട് ഓരോരുത്തരെയും പരിചയപ്പെടുത്തലായിരുന്നു.. അസീസ്ക്കായിലൂടെ തുടങ്ങി ദിനകരനിലൂടെ ദീപകിലൂടെ സഗീറിലൂടെ സിദ്ധിക്ക് തൊഴിയൂരിലൂടെ സ്മിതയിലൂടെ ബിജുവേട്ടനിലൂടെ മനോഹരനിലൂടെ എആര്‍ നജീമിലൂടെ മറ്റു ധാരാളം പെരിലൂടെയും സഞ്ചരിച്ച് ചാണ്ടിക്കുഞ്ഞില്‍ അതവസാനിച്ചു. വളരെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ആ സമയമത്രയും സഞ്ചരിച്ച് കൊണ്ടിരുന്നത്. ഗൂഗിള്‍ കമ്പനി ബ്ലോഗ്സ്പോട്ട് തുടങ്ങുന്നതിന്‍റെ ആലോചനയുടെ പ്രാരംഭ ഘട്ടങ്ങളില്‍ തന്നെയും ആ ചര്‍ച്ചയില്‍ പങ്കു കൊണ്ട ആളുകളില്‍ തുടങ്ങി, നാലാം തരത്തില്‍ വെച്ച് തന്നെയും ഒരു 'ബ്ലോഗു കല്യാണത്തില്‍'പങ്കെടുത്തവരും തന്‍റെ ശിഥില ചിന്തകളുടെ സൂക്ഷിപ്പ് കേന്ദ്രമായും മറ്റും ബ്ലോഗു ആരംഭിച്ചവരെയും കേള്‍ക്കാനിടയായി.. കൂടെ അവള്‍ക്കാകാമെങ്കില്‍ എന്ത് കൊണ്ട് എനിക്കായിക്കൂടാ എന്ന 'കുശുമ്പും' ബ്ലോഗ് നിര്‍മ്മാണത്തിന് കാരണമായി എന്ന് പറഞ്ഞാല്‍ എന്തെ നമുക്ക് കുറഞ്ഞത്‌ രണ്ട് തവണയെങ്കിലും 'ഞെട്ടല്‍' രേഖപ്പെടുത്തിക്കൂടെ..? കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും അവിടം പങ്കുകൊണ്ടാവരിലെല്ലാം തന്നെയും എഴുത്തിലും വായനയിലും ശക്തമായ ഒരു നിലപാടും വ്യക്തമായ ഒരു കാഴ്ചപ്പാടും ഉണ്ടായിരുന്നുവെന്നത് ഇതൊരു ബദല്‍ മാദ്ധ്യമായി വികാസം പ്രാപിക്കും എന്നതിന്‍റെ ശുഭ സൂചകമായി ഞാന്‍ കരുതുന്നു. ഈ മാധ്യമത്തിന്‍റെ ആരോഗ്യകരമായ മുന്നേറ്റത്തെ അതുറപ്പാക്കുന്നു.

ശേഷം, ഒരല്‍പ സമയത്തേക്ക് ഞങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ ധൃതിയില്‍ തെക്കോട്ട്‌ നടന്നു തുടങ്ങി... ആരും തെറ്റിദ്ധരിക്കരുതേ അപകടമൊന്നും പിണഞ്ഞതല്ല..അവിടെ, ചായയും ലഘുകടിയും ഉണ്ടായിരുന്നു.ആ സമയം കൂടുതല്‍ സ്വകാര്യ സംഭാഷണങ്ങളില്‍ വ്യാപ്രതരായി താന്താങ്ങളുടെ 'ജിജ്ഞാസക്ക്' ഉത്തരം തേടുകയായിരുന്നു. വീണ്ടും പഴയ ഇരിപ്പിടത്തിലേക്ക്...

സംസാരത്തിന്‍റെ തുടക്കത്തില്‍ 'അസീസ്‌ മഞ്ഞിയില്‍' സൂചിപ്പിച്ചത് പോലെ കൂടുമ്പോള്‍ ഉണ്ടാകുന്ന ഇമ്പത്തെ അതിന്‍റെ പരമാവധി അളവില്‍ ആസ്വദിക്കുവാന്‍ ആദ്യമാദ്ധ്യാന്ത്യം ഞങ്ങള്‍ക്കായി എന്നത് മറ്റുള്ളവരെപ്പോലെ എന്നിലും സന്തോഷത്തെ അധികരിപ്പിക്കുന്നു. ഇടക്ക്, കവിതകളുമായി ബന്ധപ്പെട്ടുയര്‍ന്ന ചില സംസാരങ്ങള്‍ കുറച്ചു സമയത്തേക്ക് എനിക്ക് തീര്‍ത്തും അജ്ഞാതമായ ഒരു ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സുനിലും, രാമചന്ദ്രനും, ശ്രദ്ധേയനും, ശാഹുല്‍ക്കയും, അസീസ്ക്കയും സഗൗരവം സമീപിച്ച ആ സംവാദം ചില വിഷയങ്ങളിലേക്കുള്ള ശക്തമായ വിരല്‍ ചൂണ്ടലുമായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നമ്മുടെ എഴുത്തുകളില്‍ കാര്യമാത്ര പ്രസക്തമായ വിഷയങ്ങളെ കൈകാര്യം ചെയ്തു കൊണ്ട് ഈ സംവിധാനത്തിന്‍റെ ജീവനെ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെ സവിസ്തരം പറഞ്ഞു വെക്കുകയുണ്ടായി. കൂടെ, നാം വായിക്കപ്പെടുന്നവയില്‍ സത്യസന്ധമായി അഭിപ്രായം കുറിക്കുന്നതിന് സൗഹൃദം ഒരു തടസ്സമായി വരരുതെന്നും, നിര്‍ബന്ധമായും സത്യസന്ധമായ വിലയിരുത്തലുകള്‍ ഉണ്ടാകണമെന്നും അത് നമ്മുടെ വായനാ നിലാവരത്തെ ഉയര്‍ത്തുമെന്നും എഴുത്തിനെ മെച്ചപ്പെടുത്തുമെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് എല്ലാവരും യോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പരിചയത്തിലുള്ള മറ്റു എഴുത്തുകാരിലേക്കും ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനും അതിന്‍റെ സാങ്കേതിക വശങ്ങളെ പഠിപ്പിക്കുന്നതിനും സഹായകമാകുന്ന തരത്തില്‍ ഒരു ശില്പശാല സംഘടിപ്പിക്കുവാനും തത്വത്തില്‍ അംഗീകാരമായി.


ഇതിന്നിടക്കെല്ലാം നമ്മുടെ'ശ്രീ ഇസ്മായീല്‍ കുറവമ്പടി' അവര്‍കള്‍ കൊച്ചു കുട്ടികള്‍ ഇച്ച് മുള്ളണം ഇച്ച് മുള്ളണം എന്ന് പറയുമ്പോലെ ബ്ലഡ് ബാങ്ക്, ബ്ലഡ് ബാങ്ക് എന്നാവര്‍ത്തിക്കുന്ന്നുണ്ടായിരുന്നു. ദോഷം പറയരുതല്ലോ..? ഗുരു മുഖത്ത് നിന്നും മറ്റു പാഠങ്ങള്‍ ഒന്നും തന്നെ ഉരുവിട്ട് കണ്ടില്ലാ...!!!

വരും നാളുകളില്‍ ഞങ്ങള്‍ക്ക് സാദ്ധ്യമാകുന്ന അളവില്‍ സേവന പ്രവര്‍ത്തങ്ങളില്‍ സജീവമാകാനുള്ള ഒരു തീരുമാനവും കൈകൊണ്ടിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. ഈ കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാ കൂട്ടുകാര്‍ക്കും, ഈ സംഗമത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ശ്രീ ഇസ്മായീല്‍ കുറവമ്പടി, ശ്രദ്ധേയന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്,സുനില്‍ പെരുമ്പാവൂര്‍ തുടങ്ങിയ ബഹുമാന്യ സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി അറിയിക്കുന്നു.


കൂടെ, വരുന്ന'ഏപ്രില്‍ മാസം പതിനേഴിന്'നടക്കുന്ന തിരൂര്‍ മീറ്റിനും, അധികം താമസിയാതെ തന്നെ സംഘടിപ്പിക്കപ്പെടുന്ന സൌദി മീറ്റിനും എല്ലാ വിധ പിന്തുണയും ആശംസകളും..!!

2011, ഫെബ്രു 1

സമാരാഘോഷം

ന്താപ്പോയിത്, 'ഈ അസമയത്ത് ഈ വഴിയൊക്കെ.'.?

അല്ലാ, നിങ്ങളറിഞ്ഞില്ലേ നമ്മുടെ പരിപാടി.

"ഉവ്വ്, അറിഞ്ഞു. ചുമരഴെത്തും നോട്ടീസും വാഹന പ്രചരണവൊമൊക്കെയായി നല്ല സജീവമാണല്ലോ"?

എന്നിട്ടാണോ ഇപ്പം ഇങ്ങനെയൊരു ചോദ്യം. "ഇനീപ്പോ നേരിട്ട് വന്നു ക്ഷണിക്കാത്തത് കൊണ്ട് താന്‍ വരാതിരുന്നാലോ എന്ന് കരുതീട്ടാ ഈ നേരല്ലാത്ത നേരത്തും നിന്നെത്തേടി ഞാനിവിടെ വന്നത്"..!
നീയും മക്കളും നേരത്തെ കാലത്തെ അങ്ങോട്ട്‌ വന്നേക്കണം.

2011, ജനു 24

എന്‍റെ മുറ്റം.

മലപ്പുറം ജില്ലയില്‍, കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനടുത്ത് കണ്ണമംഗലം, നെടിയിരുപ്പ്‌ എന്നീ പഞ്ചായത്തുകളുടെ കിഴക്കേ അതിര് പങ്കിടുന്ന ഭാഗം.. എന്‍റെ വീട്ടില്‍ നിന്നും കേവലം ഒരു കിലോമീറ്റര്‍ മാത്രമേ അകലമൊള്ളൂ... ഈ സ്ഥലത്തേക്ക്.

അഗാധ ഗര്‍ത്തങ്ങളൊരുക്കി 'ചെരുപ്പടി മല' അപകടം കാത്തിരിക്കുന്നു- വാര്‍ത്ത.

2010, ഡിസം 28

കലണ്ടര്‍



പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത് എപ്പൊഴും സന്തോഷത്തിനു വക നല്‍കുന്ന ഒന്നാണ്.
കാരണം, പുതുജീവിതത്തിന്‍റെയും പുതിയ തുടക്കത്തിന്‍റെയും പൊന്‍പുലരി ഒരുക്കുന്നതാണ് പുതു വര്‍ഷം.
എന്നാല്‍, ഈ ആമോദത്തിലും കഴിഞ്ഞു പോയ കാലത്തെ ഒന്ന് വിലയിരുത്താന്‍ നാം ശ്രമിക്കണം. സന്തോഷത്തിന്‍റെയും സന്താപത്തിന്‍റെയും നിമിഷങ്ങള്‍, സ്നേഹത്തിന്‍റെയും വിദ്വേഷത്തിന്‍റെയും അനുഭവങ്ങള്‍, പ്രയാസങ്ങള്‍ പരിഭവങ്ങള്‍ പ്രതീക്ഷകള്‍ താത്പര്യങ്ങള്‍ വിവിധങ്ങളായ വിഷയങ്ങളിലെ നമ്മുടെ സമീപനങ്ങള്‍ എല്ലാം നമ്മുടെ വ്യക്തിത്വത്തെ എങ്ങിനെ രൂപപ്പെടുത്തി എന്നത് ആലോചിക്കേണ്ടത് ഈ അവസരത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കഴിഞ്ഞ കാലത്തെ നന്മകളെ പരിപോഷിപ്പിച്ചു കൊണ്ടും, തെറ്റിനെ തിരുത്തിയും വ്യക്തമായ ഒരു കാഴ്ചപ്പാടുമായി ജീവിതത്തെ യാതാര്‍ത്ഥ്യബോധത്തോടെ നോക്കികാണാന്‍ നമുക്കാകണം.


2010, ഡിസം 22

'പരേതന്‍' തിരിച്ച് വന്നിരിക്കുന്നു....!!!!

ഒരു തിരഞ്ഞെടുപ്പ് കാലം.
ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ മരണത്തോട് കാരണമായി ഒരു ബൈ ഇലക്ഷന്‍ പ്രഖ്യാപിക്കപ്പെട്ടു. നേതാവിന്റെ മരണത്തില്‍ ദു:ഖം ഉണ്ടെങ്കിലും മറ്റൊരു ഉത്സവത്തിന് കേളി കൊട്ട് ഉയരുന്ന ആവേശത്തിലാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍. മറുപക്ഷത്തിന്, ഒരു അതികായകന്‍ അരങ്ങ് ഒഴിഞ്ഞിരിക്കുന്നുവെന്ന ആശ്വാസവും.! ഭരണപക്ഷം, മത്സരത്തില്‍ പിറകില്‍ നില്‍ക്കുന്ന അണികളില്‍ നിന്നും മറ്റൊരു നേതാവിനെ കണ്ടെത്തലും അയാളുടെ സ്ഥാനാര്‍ഥിത്വവും ആകെ കുഴഞ്ഞു മറിഞ്ഞ് കിടക്കുകയാണ്. ഒന്ന് കിണഞ്ഞു ശ്രമിച്ചാല്‍ കോട്ട വാതില്‍ മലര്‍ക്കെ തുറക്കപ്പെടും. അത്ര മാത്രം ഭരണപക്ഷത്തിന്റെ അലയും അകലും എല്ലാം വേര്‍പ്പെട്ടിരിക്കുകയാണ് എന്ന കണക്കു കൂട്ടലില്‍ തന്ത്രം മെനയുകയാണ് പ്രതിപക്ഷം.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms