
അവള്‍, ആ കൊച്ചു പെണ്‍കുട്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പകലിലും രാത്രിയിലുമൊരുപോലെ എനിക്ക് ചുറ്റും തീര്‍ത്ത 'വലയം' അതെന്നിലെ മനുഷ്യനെ സംരക്ഷിച്ചു പിടിക്കാനായിരിക്കണം. അപ്പോഴും, ചെറുതെങ്കിലും തന്റെ കരതലം കൊണ്ടെന്നെ നിരന്തരം മാന്തി മാന്തി ഹൃദയ രക്തം ഒലിപ്പിക്കയായിരുന്നു അവള്‍. തുടക്കത്തില്‍ അമ്പരപ്പിക്കയും പിന്നീട് ഞെട്ടലില്‍ നിന്നും രക്ഷ നല്‍കാതെ ഭയപ്പെടുത്തി നിറുത്തുകയും പതിയെപ്പതിയെ ഏറ്റം ഹൃദയ പൂര്‍വ്വം ചിരിപ്പിക്കയുംചെയ്ത അവളോടെനിക്കിപ്പോള്‍ 'യെമന്‍ ടൈംസി'ലെ ഹക്കീം പറഞ്ഞത് പോലെ സ്നേഹമാണ്.
"നുജൂദ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു".
പതിവ് വായനാ ശീലത്തില്‍ നിന്നും മാറി എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയൊരു പുസ്തകം തിരഞ്ഞെടുത്തപ്പോള്‍ എനിക്കാദ്യം ആശ്ചര്യം പിന്നെ സന്തോഷം. ഇപ്പോള്‍ എനിക്കവളോട് പെരുത്ത് നന്ദിയും കൂടെയാണ്. അവളാണ് എന്റെ വീടകത്തേക്ക്...