
സ്വന്തം വേരുകൾ തേടുന്ന ഒരു ജനത, തങ്ങളുടെ ആവാസവ്യവസ്ഥയിൽ നിന്ന് തന്ത്രപൂർവ്വം ആട്ടിയോടിക്കപ്പെട്ട ഒരു ജനത, പരിഷ്കൃതരെന്ന് മേനി നടിക്കുന്നവരുടെ അത്യാഗ്രഹത്തിനും ചൂഷണത്തിനും സ്വാർത്ഥതയ്ക്കും സ്വന്തം സ്വസ്ഥ ജീവിതം തന്നെ വിലയായി കൊടുക്കേണ്ടി വന്ന ഒരു ജനത, മാസങ്ങളായി കേരളത്തിന്റെ പൊതു മനഃസാക്ഷിക്ക് മുന്നിൽ രാഷ്ട്രീയ പ്രബുദ്ധതയെന്ന അവകാശവാദങ്ങളെ ശക്തമായി ചോദ്യം ചെയ്തുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ ഇടമില്ലാത്തവരുടെ പുതിയ പ്രതിഷേധരൂപവുമായി നിൽപ്പ് സമരത്തിലാണു. ഭൂമി കിട്ടാതെ, ഇരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്ന് അവർ ഉറക്കെയുറക്കെ പ്രഖ്യാപിക്കുമ്പോൾ നമ്മളും അതിൽ അണിചേരുകയും അവരുടെ ജീവന്മരണ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ ചരിത്രവും വർത്തമാനവും പരിശോധിക്കുമ്പോൾ എല്ലാ അധിനിവേശങ്ങളുടേയും ഏറ്റവും ക്രൂരമായ...