ഇനിയും മോക്ഷം ലഭിക്കാത്ത
പാപമെന്നൊരൊറ്റ'വാക്ക്
അതിന്റെ തന്നെ പാപഭാരവുമായി
മറ്റെല്ലാ വാക്കുകളെയും/ജീവിതങ്ങളെയും
ഭയപ്പെടുത്തി നില്‍ക്കയാണ്.
യോഹന്നാനും ആനിയും വീട്ടിലേക്കുള്ള വഴി തിരിയുമ്പോഴാണ് റാഹേല് കരഞ്ഞോണ്ട് ഓടിപ്പോകുന്നത്. റാഹേല് അവരുടെ സ്കൂളില്‍ അവര്‍ക്കൊപ്പം പഠിക്കുന്ന കുട്ടിയാണ്. റാഹേലിന്റെ വീട്ടില്‍ വേറെയും മൂന്നു പെണ്‍കുട്ടികളുണ്ട്, അനിയത്തിമാര്‍. ഈ ഓടിപ്പോകുന്നവള്‍ പിന്നീട് കന്യാസ്ത്രീയാകേണ്ടവളാണ്. അതിനും മുന്പ് അതായത് ഈ ഓട്ടത്തിനു ശേഷം പിന്നെയും കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരു പകലില്‍ യോഹന്നാന്റെ പ്രണയിനിയാണ് ഈ റാഹേല്. അപ്പൊ, പറഞ്ഞുവരുന്നത് റാഹേല് ഓടുകയാണ്. അതും കരഞ്ഞുകൊണ്ടോടുകയാണ്. കുട്ടികള്‍ കാര്യം തിരക്കി, റാഹേല് പിന്നെയും കരച്ചില്‍ തുടര്‍ന്നു, ഓട്ടവും. കുട്ടികള്‍ പിന്നെ ഒന്നും ചോദിച്ചില്ല. പക്ഷെ, നടത്തം, അത് നിറുത്തിയില്ല....