
ചിത്രം നല്‍കിയത്.. ബഹുമാന്യ സുഹൃത്ത് ഒഴാക്കാന്‍.
ഇന്നെന്‍ പ്രണയംചൊല്ലാന്‍ കാമിനീനീയില്ലെന്നൊ-
രറിവു നോവായെന്‍റെ നെഞ്ചകമെരിയ്ക്കുന്നു
മണല്‍കാട്ടിലെ ദിനരാത്രങ്ങള്‍ വിരസമായി
ജീവിച്ചു തീര്‍ക്കുന്നതോ നിന്‍റെയോര്‍മ്മയില്‍ മാത്രം
എന്നിലെയെന്നെത്തീര്‍ത്ത നല്ല കലാകാരിനീ ,-
യേതിനുമുത്തരമാണെന്‍റെ കാക്കപ്പൂവു നീ .
അറിയുന്നു ഞാനെന്നും കേവലം ഭ്രമമല്ല
അഭിനിവേശമല്ല ഭൗതികതൃഷ്ണയല്ല
മനസ്സച്ചുടുകാട്ടിലാകാശഗംഗയായി നീ
മൃതസഞ്ജീവനിയായി പുനര്‍ജ്ജനിയേകി ,
ആലസ്യരാവിലൊന്നിലുന്മേഷപ്രഭയായി
വന്നണഞ്ഞൊരു ദേവസുന്ദരീ മനോഹരീ .
ഹരിതന്‍ നാഭിച്ചുഴിതന്നിലുയര്‍ന്നു നില്‍ക്കും
പങ്കജദളങ്ങളില്‍ ബ്രഹ്മദേവനു സൗഖ്യം
എന്‍റെ മാനസഭൂമിതന്നില്‍ വിരിഞ്ഞു നീയാം
കാക്കപ്പൂദളങ്ങളില്‍ സൗഖ്യമാണിന്നെനിയ്ക്ക് ,
തലമുണ്ഡനംചെയ്തെന്‍ വാമഭാഗമായൊരു
അടിയാളത്തിപ്പൂവേ നിന്മുന്നില്‍ ശിശുവല്ലോ
വര്‍ഷകാലക്കൊയ്ത്തിലെ...