2011, മേയ് 7

നഗര ജീവി


മാറിടം ച്ഛേദിച്ചു ‌പാരതന്ത്ര്യത്തിന്‍
അടയാളമുപേക്ഷിച്ചോരാ ഒറ്റമുലച്ചി
ആധുനിക നാരിമാരുടയാടകളെറിഞ്ഞ്
മേനിക്കൊഴുപ്പ്‌ പ്രദര്‍ശിപ്പിക്കും കാലത്ത്
ഇടവേളകളില്‍, ഇന്നലെ മണ്ണില്‍
നിണമിറ്റി മരിച്ച രക്തവര്‍ണ്ണമാര്‍ന്ന
സ്തന്യംചുരത്തും നിന്‍റെയൊറ്റമുല
നൊമ്പരമടക്കാനാവാതെയെന്നെ നോക്കി
തലതല്ലികരയുന്നതിനെ ഞാനറിയുന്നു..!

ഹേ നായികേ, നിന്നെ നയിക്കും മതമേത്,
വ്യാസന്‍ പറഞ്ഞ കഥയിലെ ജ്ഞാനവൃദ്ധനോ ?
ഹേ നായികേ, നീയാചരിക്കും ധര്‍മ്മമേത്,
യുദ്ധമരുതെന്നു കേണ വിദുരധര്‍മ്മമോ?
ഗുഹാവാസിയാമാദിമനുഷ്യസംസ്കാരത്തിന്‍
ചിഹ്നമൂരിയെറിഞ്ഞഷ്ടദിക്കിനെ
വസ്ത്രമായി സ്വീകരിച്ച ദിഗംബരത്വമോ?
അതോ, പടിഞ്ഞാരിന്‍ വട, തുട, സംസ്കാരമോ?

പരസ്യപലകയിലെ ചായംതേച്ച ശരീരവടിവ്
അറവുശാലകളിലെ മാംസക്കളത്തിലുംകാണാം
ഭോഗസംസ്കാരം, രതിസുഖമനിര്‍വ്വചനീയം..!
അനുകരണം, ഭ്രമിപ്പിക്കും കച്ചവടക്കണ്ണാണത്
നിന്നെ വലയം ചെയ്യും കഴുകക്കണ്ണാണത്
മതിഭ്രമം, നിനക്കലങ്കാരമോ ആഘോഷമോ?
അന്ന്, ഏതൊന്നിനെ നിനക്ക് നിഷേധിച്ചവോ?
ഇന്നതേ 'വെളുപ്പില്‍' നീയനുരക്തയാകുന്നുവോ?
ഹോ, എന്തൊരു വിരോധഭാസമാണിത്..!!

ഇന്നലെ, മോചനമസാധ്യമാം കാലം
ഉള്‍ക്കടലമാമാഗ്രഹത്തിന് തീര്‍പ്പ്‌
തത്വം പ്രയോഗത്തിലാവിഷ്കരിച്ചോരാ
ഒറ്റ മുലച്ചിയാം ധീര മാതാവേ..
നിന്നെയോര്‍ത്ത്‌ ഞാന്‍ കണ്ണീര്‍വാര്‍ക്കുന്നു
കുറ്റബോധത്തിന്‍ ചകിരിനാരിഴകള്‍
ഹൃദയത്തെ കുത്തി മുറിവേല്‍പ്പിക്കുന്നു..
കരിമ്പടം മൌനമാം മരണത്തിന്നടയാളം

നാളെയുടെ പകലില്‍: സൂര്യനമസ്കാരത്തിനായ്
നമുക്ക്, കടലോരം ചേര്‍ന്ന് നടക്കാം
കടല്‍കാറ്റേറ്റു മഞ്ഞലോഹകാന്തിയെ പറയാം
ഹോ, മാറിടം ച്ഛേദിച്ചോരുവളെ....!
ഔദാര്യം പോലെ വന്നുകിട്ടിയതിനെ
സ്വാതന്ത്ര്യത്തിന്നടയാളത്തെ വഴിയിലുപേക്ഷിച്ച്
നമുക്ക് ഗമിക്കാം: നിര്‍ലജ്ജം,
നഗരജീവിയെന്ന ശീര്‍ഷകത്തിലേക്ക്..!

42 comments:

നാമൂസ് പറഞ്ഞു...

പരസ്യങ്ങള്‍ക്ക് കണ്ണും കാതും കൊടുത്ത് വിപണിയിലേക്ക് ഇറങ്ങുന്ന നാണയ കൂട്ടത്തില്‍,ഇന്നിന്റെ പെണ്ണ് അറിയാതെ പോയ ഒരു പെണ്ണുണ്ട്.
മാറ് മറക്കാന്‍ നിഷേധിച്ച സവര്‍ണ്ണ തമ്പുരാക്കന്മാര്‍ക്ക് എതിരില്‍ പ്രതികരിച്ച, ശേഷം കൊയ്ത്തരിവാള്‍ കൊണ്ട് തന്റെ ...മാറ് മുറിച്ച് ഒറ്റ മുലച്ചിയായ ഒരു പെണ്ണിന്റെ കഥ.

ആധുനിക നാരിമാര്‍ ഉടയാടകള്‍ വലിച്ചെറിഞ്ഞു ആടയാഭരണങ്ങള്‍ എടുത്തണിയാന്‍ വെമ്പുന്ന സമയത്തും, ഇടവേളകളില്‍ ഇന്നലെ മണ്ണില്‍ നിണമിറ്റി മരിച്ചു പോയ രക്തവര്‍ണ്ണമാര്‍ന്ന സ്തന്യം ചുരത്തുന്ന ഒറ്റ മുല എന്നെ നോക്കി നൊമ്പരമാടക്കാന്‍ കഴിയാതെ തല തല്ലി കരയുന്നതിനെ ഞാന്‍ അറിയുന്നു.
അതിന്റെ മാറ്റൊലി എന്റെ ചെവിക്കല്ലില്‍ ഒരാര്‍ത്തനാദമായി വന്നു പതിക്കുന്നു...!

~ex-pravasini* പറഞ്ഞു...

ഹോ,,
വല്ലാത്തൊരു കവിത തന്നെയിത്,,
ആദ്യം തന്നെ വന്നു വായിച്ചത് ഞാനായിപ്പോയി,
പുത്തരിയില്‍ത്തന്നെ കല്ലുകടി!
ഒരു കവിതയെ വിശദീകരിക്കാന്‍ എനിക്ക് കഴിയാറില്ല.

moideen angadimugar പറഞ്ഞു...

ഗുഹാവാസിയാമാദിമനുഷ്യസംസ്കാരത്തിന്‍
ചിഹ്നമൂരിയെറിഞ്ഞഷ്ടദിക്കിനെ
വസ്ത്രമായി സ്വീകരിച്ച ദിഗംബരത്വമോ?
അതോ, പടിഞ്ഞാരിന്‍ വട, തുട, സംസ്കാരമോ?

Sameer Thikkodi പറഞ്ഞു...

നാമൂസ്... ശക്തമായ വരികൾ ....

ആസ്വാദന തലത്തിൽ നിന്നു കൊണ്ട് അത്രമാത്രം പറയുന്നു....

രമേശ്‌ അരൂര്‍ പറഞ്ഞു...

അത് ഞങ്ങളുടെ തിരുവിതാം കൂര്‍ മണ്ണിലെ വീരാംഗന യായിരുന്നു ...

പണ്ട് കീഴാള വര്‍ഗത്തിലെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല .അത് കൂടാതെ
മുലക്കരം എന്ന നികൃഷ്ടമായ ഒരു കരം ആ സ്ത്രീകളില്‍ നിന്ന് അന്നത്തെ നികൃഷ്ട ഭരണകൂടം ഈടാക്കിയും ഇരുന്നു ..മാറിന്റെ വലുപ്പം അനുസരിച്ച് കരത്തിന്റെ കനവും കൂടിയിരുന്നു . കഞ്ഞി കുടിക്കാന്‍ പോലും ഗതിയില്ലതിരുന്ന ആ പാവങ്ങള്‍ എങ്ങനെ സ്വന്തം കുറ്റം കൊണ്ടല്ലാതെ ഉണ്ടായ ഒരു ശാരീരികാവയവത്തിനു ഭീമമായ കരം കൊടുക്കും ? ഇതുണ്ടായത് കൊണ്ടാണല്ലോ ഈ നെറികേടിനു തങ്ങള്‍ കഷ്ടത അനുഭവിക്കുന്നത് എന്ന അമര്‍ഷവും നീച ഭരണാധികാരി വര്‍ഗത്തോടുള്ള
തീഷ്ണമായ എതിര്‍പ്പും പ്രകടിപ്പിക്കാന്‍ വേണ്ടി ഒരു കര്‍ഷക തൊഴിലാളി സ്ത്രീ
തന്റെ മുലകള്‍ അരിവാള്‍ കൊണ്ട് സ്വയം മുറിച്ചു കരം പിരിക്കാന്‍ വന്ന അധികാരിയുടെ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തു എന്നാണു ചരിത്രം ..
നാമൂസ് കവിതയിലെ അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ ..:)

jiya | ജിയാസു. പറഞ്ഞു...

ഹേ നായികേ, നിന്നെ നയിക്കും മതമേത്,
വ്യാസന്‍ പറഞ്ഞ കഥയിലെ ജ്ഞാനവൃദ്ധനോ ?
ഹേ നായികേ, നീയാചരിക്കും ധര്‍മ്മമേത്,
യുദ്ധമരുതെന്നു കേണ വിദുരധര്‍മ്മമോ?
ഗുഹാവാസിയാമാദിമനുഷ്യസംസ്കാരത്തിന്‍
ചിഹ്നമൂരിയെറിഞ്ഞഷ്ടദിക്കിനെ
വസ്ത്രമായി സ്വീകരിച്ച ദിഗംബരത്വമോ?
അതോ, പടിഞ്ഞാരിന്‍ വട, തുട, സംസ്കാരമോ?....

ഒരൊന്നന്നര ചോദ്യം തന്നെയാണേ.....

KANALUKAL പറഞ്ഞു...

Suuuuuper......

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അതിശക്തമായ വരികള്‍ ..ചരിത്രങ്ങളിലെ അതിപ്രധാനമായ ചില സംസ്കാരചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള അന്വേഷണവ്യഗ്രത അഭിനന്ദനാര്‍ഹം.

ഒരില വെറുതെ പറഞ്ഞു...

നാമൂസ്
ഗദ്യം തിരക്കി വന്ന് പലപ്പോഴും
കവിതയുടെ വഴി മുടക്കുന്നതു പോലെ തോന്നി.
പ്രസംഗ സാധ്യതകള്‍ പോലും തിക്കിത്തരക്കി
കവിതയെ ഹാര്‍ഡ് ആക്കി മാറ്റുന്നതു പോലെയും തോന്നി
കവിത നല്‍കുന്ന അനുഭവം എന്തെന്ന
ചില മുന്‍വിധികളാലാവും ഈ തോന്നല്‍.

ഫെനില്‍ പറഞ്ഞു...

മലയാള കവിതയിലെ ഉത്തരാധുനികത എന്നൊക്കെ പറഞ്ഞാല്‍ ഇതാണോ

Dr.Muhammed Koya @ ഹരിതകം പറഞ്ഞു...

നാമൂസ്‌,
ആദ്യമായാണിവിടെ.
കവിതയില്‍ ഇടയ്ക്കിടെ ഗദ്യത്തിന്റെ നാമൂസ്‌ കയരിവരുന്നില്ലേന്ന്‍ സംശയം.
"പടിഞ്ഞാറിന്‍ വട,തുട സംസ്കാരം" എന്നതൊക്കെ കുറച്ചുകൂടി കവിതയ്ക്ക് വഴങ്ങുന്ന വാക്കുകള്‍ ആക്കാമായിരുന്നു.
കവിയല്ല, ഒരു വെറും ആസ്വാദകന്റെ കാഴ്ചയാണിത്.
ഭാവുകങ്ങള്‍

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

ചരിത്രം ഓര്‍മ്മിപ്പിച്ച കവിത. പലര്‍ക്കുമിന്നറിയില്ല.
ആവേശം രചനയെ ഇടയ്ക്കിടെ ബാധിച്ചു.കടുത്ത
ധാര്‍മ്മിക രോഷവും കാരണമാകാം.

appachanozhakkal പറഞ്ഞു...

നാമൂസ്,
ശ്രീ രമേശ്‌ അരൂര്‍ വളരെ ഭംഗിയായിട്ടു കാര്യങ്ങള്‍ പറഞ്ഞു. ഞാനും അദ്ദേഹത്തിന്റെ വഴിയെ ആണ്.
----------------------------------------------------------
പണ്ട് കീഴാള വര്‍ഗത്തിലെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല .അത് കൂടാതെ
മുലക്കരം എന്ന നികൃഷ്ടമായ ഒരു കരം ആ സ്ത്രീകളില്‍ നിന്ന് അന്നത്തെ നികൃഷ്ട ഭരണകൂടം ഈടാക്കിയും ഇരുന്നു ..മാറിന്റെ വലുപ്പം അനുസരിച്ച് കരത്തിന്റെ കനവും കൂടിയിരുന്നു . കഞ്ഞി കുടിക്കാന്‍ പോലും ഗതിയില്ലതിരുന്ന ആ പാവങ്ങള്‍ എങ്ങനെ സ്വന്തം കുറ്റം കൊണ്ടല്ലാതെ ഉണ്ടായ ഒരു ശാരീരികാവയവത്തിനു ഭീമമായ കരം കൊടുക്കും ? ഇതുണ്ടായത് കൊണ്ടാണല്ലോ ഈ നെറികേടിനു തങ്ങള്‍ കഷ്ടത അനുഭവിക്കുന്നത് എന്ന അമര്‍ഷവും നീച ഭരണാധികാരി വര്‍ഗത്തോടുള്ള
തീഷ്ണമായ എതിര്‍പ്പും പ്രകടിപ്പിക്കാന്‍ വേണ്ടി ഒരു കര്‍ഷക തൊഴിലാളി സ്ത്രീ
തന്റെ മുലകള്‍ അരിവാള്‍ കൊണ്ട് സ്വയം മുറിച്ചു കരം പിരിക്കാന്‍ വന്ന അധികാരിയുടെ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തു എന്നാണു ചരിത്രം ..
നാമൂസ് കവിതയിലെ അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ ..:

mottamanoj പറഞ്ഞു...

പുതിയ അറിവ്.
പഴയ കാലത്തിലേക്കുള്ള മടക്കമായി ഇതിനെ കരുതാം.

രമേശ്ജിയുടെ കമന്റും അറിവ് പകര്‍ത്തുന്നത് തന്നെ.

Manoraj പറഞ്ഞു...

രമേശ് പറഞ്ഞ കഥ കേട്ടിട്ടുണ്ട്. കവിത നന്നായിരിക്കുന്നു. അക്ഷരതെറ്റുകള്‍ തിരുത്തുക

ഷാജു അത്താണിക്കല്‍ പറഞ്ഞു...

താങ്കളുടെ എഴുത്തുകളില്‍ എന്നും ഒരു തീന്നാളമുണ്ട്................
വളരെ ശക്തമായ വരികള്‍................
ശരിയാണ് ഇന്നും വസ്ത്രം അധികരിചിടുണ്ടെങ്കിലും അല്പ വസ്ത്ര്ധാരണ ഒരു ഫാഷനായി വന്നിരിക്കുന്നു.............
ഇവിടെ പരസ്യങ്ങളുടെ അകമ്പടികളില്‍ കുടുങ്ങിയ് കൂറേ ഒറ്റ മുലച്ചികളും നാളെ നമ്മോട് കരയുന്നത് കാണം സുക്ഷിക്കുക

ajith പറഞ്ഞു...

വിഷയം സീരിയസ്സാണല്ലോ

നിശാസുരഭി പറഞ്ഞു...

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബ്ലോഗില്‍.
ആദ്യവായന തന്നെ നല്ല അനുഭവമായി. ശക്തമായ ഈ വരികളെപ്പറ്റി പറയാന്‍ ആളല്ല.

കമന്റ്സിലെ വിവരണങ്ങള്‍ എന്നോ എവിടെയോ കേട്ടതിനെ കുറച്ചധികം പരിചയപ്പെടുത്തി.

Jazmikkutty പറഞ്ഞു...

കരുത്തുറ്റ വരികള്‍...നല്ല മുന്നറിയിപ്പ്...കവിത നന്നായിരിക്കുന്നു,നാമൂസ്...

മുഹമ്മദ് സഗീര്‍ പറഞ്ഞു...

പരസ്യങ്ങള്‍ക്ക് കണ്ണും കാതും കൊടുത്ത് വിപണിയിലേക്ക് ഇറങ്ങുന്ന നാണയ കൂട്ടത്തില്‍,ഇന്നിന്റെ പെണ്ണ് അറിയാതെ പോയ ഒരു പെണ്ണുണ്ട്.
മാറ് മറക്കാന്‍ നിഷേധിച്ച സവര്‍ണ്ണ തമ്പുരാക്കന്മാര്‍ക്ക് എതിരില്‍ പ്രതികരിച്ച, ശേഷം കൊയ്ത്തരിവാള്‍ കൊണ്ട് തന്റെ ...മാറ് മുറിച്ച് ഒറ്റ മുലച്ചിയായ ഒരു പെണ്ണിന്റെ കഥ.അതെ അതു തന്നെയാണ് ശരി കഥ!ഇത് കവിതയുടെ ഗണത്തിൽ വരില്ല നാമൂസേ,ങാ...പിന്നെ ഗദ്യകവിതയെന്നോ മറ്റോ വിളിക്കാം!.വരികൾ ശാക്തമാണ്.ഈ വരികളിൽ നിന്ന് കവിതയുണ്ടാക്കാം പക്ഷെ കുറേ കൂടി മനനം ചെയ്യേണ്ടതുണ്ട് ഈ വരികൾ!.ആശംസകൾ.

ente lokam പറഞ്ഞു...

അന്നു ഏതൊന്നിനെ നിനക്ക് നിഷേധിച്ചുവോ

ആ "വെളുപ്പിനെ"..

കൊള്ളാം പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടവര്‍
തന്നെ അന്നും ഇന്നും കൂടുതല്‍ .കാലം മാത്രം മാറി ..
മുലക്കരം പിരിക്കാന്‍ ‍ ഇന്നും ചൂഷകര്‍
ബാക്കി ....നല്ല പ്രമേയം നാമൂസ് ...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

പരസ്യപലകയിലെ ചായംതേച്ച ശരീരവടിവ്
അറവുശാലകളിലെ മാംസക്കളത്തിലുംകാണാം
ഭോഗസംസ്കാരം, രതിസുഖമനിര്‍വ്വചനീയം..!

പിന്നെ രമേശ് ഭായ് കാര്യങ്ങൾ നാന്നായി പറഞ്ഞിട്ടുണ്ടല്ലോ

റാണിപ്രിയ പറഞ്ഞു...

രമേശ്ജി പറഞ്ഞതു തന്നെ എനിക്കും പറയാന്‍ ... അന്ന്.. ആ കരം അടക്കാന്‍ വിഷമിച്ചിരുന്നു പാവങ്ങള്‍ ... ഇന്നോ? ... അന്ന്.. വസ്ത്രങ്ങള്‍ ഇല്ലായിരുന്നു ഇന്നോ?? എല്ലാം ഉണ്ട് പക്ഷേ .... മാതൃത്വത്തിന്‍ അടയാളമാകുന്നതെന്തോ അത് ഇന്ന് കച്ചവടമാകുന്നു .... നാമൂസ് ..നന്നായി ചിന്തിപ്പിക്കുന്നു താങ്കളുടെ കവിത..

പക്ഷേ അക്ഷരത്തെറ്റ് വേണ്ട.. തിരുത്തുമല്ലോ...

അഭിനന്ദനങ്ങള്‍ ...

Echmukutty പറഞ്ഞു...

ശക്തമായ വരികൾ.

ഇസ്ഹാഖ് കുന്നക്കാവ്‌ പറഞ്ഞു...

വര്ത്തമാന പരിസരം ആവശ്യപ്പെടുന്ന വരികള്‍.
ആശംസകള്‍ ഈ കരുത്തുറ്റ വരികള്‍ക്കും രചയിതാവിനും.

smitha adharsh പറഞ്ഞു...

കുറേക്കാലം കൂടിയാണിവിടെ... വിഷയം കാര്യമാത്ര പ്രസക്തമാണ്.

പക്ഷെ,കവിതയെ കീറി മുറിച്ചു അഭിപ്രായം പറയാന്‍ എന്റെ അറിവ് പോര മാഷേ..

ismail chemmad പറഞ്ഞു...

ശക്തമായ വിഷയമാണ്‌ നമൂസ്. .........
പക്ഷെ പലരും പറഞ്ഞപോലെ ഒരു ഗദ്യ, പ്രസംഗ ശൈലി കടന്നു വരുന്നുണ്ടോന്നു എനിക്കും സംശയം.
എന്തായാലും ആശംസകള്‍

കലാം പറഞ്ഞു...

ആധുനിക ഗദ്യ കവിതകളില്‍ സംഭാഷണശകലങ്ങള്‍ ധാരാളം കണ്ടു വരാരുന്ടു. പദ്യശൈലിയില്‍ എഴുതിയത് കൊണ്ടാണ് ഇവിടെ ഇടയിലെ സംഭാഷണങ്ങള്‍ കല്ലുകടിയായി തോന്നുന്നത്.

കവിത ആശയഗംഭീരം തന്നെ!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

പഴയ കാലത്തിലെ നീചമായ ഏര്‍പ്പാടിനെ നന്നായി ഈ കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം ആധുനിക കാലത്തിലേം. ആശംസകള്‍

ഭാനു കളരിക്കല്‍ പറഞ്ഞു...

വിഷയം പുതിയതല്ല. രോഷം നന്നായിരിക്കുന്നു.

mobile പറഞ്ഞു...

അധസ്ഥിത വിഭാഗത്തിലെ സ്ത്രീകള്‍ മാറുമറക്കാന്‍ ഉള്ള അവകാശത്തിനായി തിരുവിതാംകൂറില്‍ നടന്ന "ചാന്നാര്‍ ലഹള"യെ കുറിച്ച് പഠിച്ചിട്ടുണ്ട്. സവര്‍ണ ജാതിഭ്രാന്തന്മാര്‍ നടത്തിയ ഇത്തരം കാടന്‍ നിയമങ്ങളില്‍ നിന്നും എല്ലാ വിഭാഗം സ്ത്രീകള്‍ക്കും മോചനം ലഭിച്ചു. എന്നാല്‍ ഇന്ന് നഗ്നത പ്രദര്ശിച്ചിപ്പ് നടക്കുന്ന ആധുനിക സ്ത്രീകള്‍ക്ക് (ഒരു ന്യൂനപക്ഷം) ഈ ചരിത്രമൊന്നും അറിയാന്‍ വഴിയില്ല... കവിത നന്നായി അവതരിപ്പിച്ചു, അഭിനന്ദനങ്ങള്‍.. നാമൂസ്‌ മുന്‍പ്‌ ഈ കവിത ഫേസ്ബുക്കില്‍ ചെയര്‍ ചെയ്തപ്പോള്‍ ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നു...

നികു കേച്ചേരി പറഞ്ഞു...

ഇന്നിന്റെ കച്ചവടസംസ്കാരത്തിൽ ഈ ഓർമപെടുത്തൽ നന്നായിരിക്കുന്നു.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

നാമൂസ്‌ കവിതയ്ക്ക് തിരെഞ്ഞെടുത്ത വിഷയം വളരെ നന്നായി. ആശംസകള്‍...

Salam പറഞ്ഞു...

മുലക്കരത്തെ പറ്റി കേട്ടിട്ടുണ്ട്. അത് വെച്ചുള്ള ഇന്നത്തെ മുതലാളിത്ത മാര്‍ക്കറ്റിംഗ് കാണുന്നുമുണ്ട്. രണ്ടു കാലവും സമന്വയിപ്പിച്ച് നമൂസിന്റെ പ്രധിഷേധം ഇരമ്പിയപ്പോള്‍ വിപ്ലവത്തിന്റെ തീപൊരി ചിതറി. പുരോഗമന കവിതയുടെ ഒരു അടയാലപ്പെടുത്തലുമായി. ഇനിയും ശക്തമായി തൂലിക ചലിപ്പിക്കുക.

ഷംസീര്‍ melparamba പറഞ്ഞു...

നമൂസിനെ താങ്കള്‍ ഉപയോഗിച്ച വാക്കുകള്‍ ഗംഭീരം...മനോഹരം....

Reji Puthenpurackal പറഞ്ഞു...

കാലിത്തീറ്റ യുടെ പരസ്യത്തിലും അര്‍ദ്ധ നഗ്നകളായ സ്ത്രീകള്‍. കോടികള്‍ക്ക് വേണ്ടി വിദേശ മാഗസിനുകളുടെ കവര്‍ പേജിനായി "ഐശ്വര്യ" മാര്‍ തുണിയുരിയുന്നു.ടി.വി പ്രോഗ്രാമിന്റെ വിജയത്തിനായി "താരോത്സവ" റാണിമാര്‍ കുത്തിമറിയുന്നു. ഇതാണോ ഈ സ്ത്രീ ശാക്തീകരണം എന്നൊക്കെ പറയുന്നത്.
മാറ് മറയ്ക്കാന്‍ സ്ത്രീകള്‍ സമരം നടത്തിയ നാടാണ് കേരളം.ഇന്ന് മാറ് മറയ്ക്കാതിരിക്കാന്‍ പാട് പെടുകയാണ് പുതു തലമുറ.

അജ്ഞാതന്‍ പറഞ്ഞു...

ഈ കരം പിരിവിന്‍റെ ലോജിക്ക് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല...
ഇത്രയ്ക്ക് വിഡ്ഢി കൂഷ്മാണ്ടന്‍മാര്‍ ആയിരുന്നോ നമ്മുടെ മുന്‍തലമുറ... കഷ്ടംതന്നെ.!!

നാമൂസ് പറഞ്ഞു...

എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

മാറൊരടയാളമാണ്.
മാറില്ലെന്നും മാറരുതെന്നുമുള്ള-
മറിമായങ്ങളുടെ മാറ്.
മാറിടംകാണിച്ചാണ് അവള്-
മാറിത്തുടങ്ങിയത്.
മാറുമാറി, പിന്നെ, മേലുമുഴുവനും-
മാറി, മാറോടൊപ്പം തുറന്നുവച്ചു-
മാറിടംനോക്കിയ പുരുഷനും-
മാറുതേടിവന്ന വില്പ്പനക്കാര്ക്കും
മാറാതിരുന്ന മൂല്യപ്പലകയില്-
മാറിടംചുരത്തി നല്കിയത്, വിഷം.
മാറിപ്പോകുംമനുഷ്യനെ എയ്ഡ്സിന്-
മാറാരോഗിയാക്കിയതോ-
മാറിടം തുറന്നിട്ട സ്ത്രീത്വം.
മാറാതിരിക്കാനെന്നും കൂട്ടായി പുരുഷനും.
മാറാവ്യാധിയായൊരീ മാലിന്യസംസ്കാരം.

തൂവലാൻ പറഞ്ഞു...

കവിത പോലെ അല്ല ഒരു നല്ല ലേഖനം പോലെ എനിക്ക് തോന്നിച്ചു.സമൂഹ മനസ്സക്ഷിയോട് വളരെ ശക്തമായി ചില കാര്യങ്ങൾ താങ്കൾ വിളിച്ചു പറഞ്ഞു..അഭിനന്ദനങ്ങൾ…ഇനിയും വരാം..

shinod പറഞ്ഞു...

ഒന്നുകില്‍ ഈ വാഴ്തലുകാര്‍ നല്ല കവിതകള്‍ വായിച്ചിട്ടില്ല. അല്ലെങ്കില്‍ ഞാന്‍ വായിച്ചിട്ടില്ല.
തുറന്നു പരയാം. ഇക്കാ കവിത എന്നെ ലേബലില്‍ ഈ എഴുതിയിരിക്കുന്നത് ഒരു പൊട്ട സാധനം ആണ്‌.
"ഇതിഹാസം ഉറങ്ങുന്ന തീരങ്ങള്‍"-നോവലാണ്‌. ആരുടെ എന്ന് മരന്നു.
അതില്‍ മുലമുറിച്ച് മുലക്കരത്തിനെതിരെ പ്രതിഷേധിച്ച ആ സ്ത്രീയെക്കുറിച്ച് നല്ലൊരുരു വിവരണം വായിച്ച ഓര്‍മ്മ ഉണ്ട്.
നിങ്ങളുടെ ഗദ്യം നന്നാണ്‌. കമന്റിന്‌ മറുപടി ആയി എഴുതിയിരിക്കുന്ന "മാറൊരു അടയാളമാണ്‌ "എന്നു തുടങ്ങുന്ന കുറിപ്പ്.
"മാറ്" ആവര്‍ത്തിക്കാനുള്ള കസര്‍ത്ത് അവഗണിച്ചാല്‍ കവിത എന്ന ലേബലില്‍ മേലെ എഴുതിയതിലും ഭേദമാണത്.
എന്തിനും ഒരു ലൈക്കടിച്ച് പോകുന്ന ഈ-ലോക പ്രതികരണത്തില്‍ കഷ്ടം തോന്നി പറഞ്ഞെന്ന് മാത്രം.
ഭാവുകങ്ങള്‍

നാമൂസ് പറഞ്ഞു...

@ഷിനോദ്, എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം എന്നുണര്‍ത്തുന്ന ഈ തുറന്നഭിപ്രായത്തിന് ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.

മന്‍സൂര്‍ കൈലമഠം പറഞ്ഞു...

നന്നായിരിക്കുന്നു....ധാര്‍മികരോഷം വല്ലാതെ വലയ്ക്കുന്നു.അല്ലെ...? അഭിപ്രായങ്ങള്‍ പറയാന്‍ കഴിയാരില്ലെന്കിലും വായിച്ചു കൊണ്ട് ഇവിടെയൊക്കെ ഉണ്ട്. തുടരുക.ഭാവുകങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms