അവള്, ആ കൊച്ചു പെണ്‍കുട്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പകലിലും രാത്രിയിലുമൊരുപോലെ എനിക്ക് ചുറ്റും തീര്‍ത്ത 'വലയം' അതെന്നിലെ മനുഷ്യനെ സംരക്ഷിച്ചു പിടിക്കാനായിരിക്കണം. അപ്പോഴും, ചെറുതെങ്കിലും തന്റെ കരതലം കൊണ്ടെന്നെ നിരന്തരം മാന്തി മാന്തി ഹൃദയ രക്തം ഒലിപ്പിക്കയായിരുന്നു അവള്. തുടക്കത്തില്‍ അമ്പരപ്പിക്കയും പിന്നീട് ഞെട്ടലില്‍ നിന്നും രക്ഷ നല്‍കാതെ ഭയപ്പെടുത്തി നിറുത്തുകയും പതിയെപ്പതിയെ ഏറ്റം ഹൃദയ പൂര്‍വ്വം ചിരിപ്പിക്കയുംചെയ്ത അവളോടെനിക്കിപ്പോള്‍ 'യെമന്‍ ടൈംസി'ലെ ഹക്കീം പറഞ്ഞത് പോലെ സ്നേഹമാണ്.
"നുജൂദ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു".
പതിവ് വായനാ ശീലത്തില്‍ നിന്നും മാറി എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയൊരു പുസ്തകം തിരഞ്ഞെടുത്തപ്പോള്‍ എനിക്കാദ്യം ആശ്ചര്യം പിന്നെ സന്തോഷം. ഇപ്പോള്‍ എനിക്കവളോട് പെരുത്ത് നന്ദിയും കൂടെയാണ്. അവളാണ് എന്റെ വീടകത്തേക്ക് നുജൂദിനെ ആനയിച്ചത്.
"ഭൂമിയിലെ മനുഷ്യരോട് ദൈവത്തിനിപ്പോഴും കരുണ വറ്റിയിട്ടില്ലെന്നതിന് തെളിവായിട്ടാണ് ഓരോ കുഞ്ഞും ജനിക്കുന്നതും വളരുന്നതും ജീവിക്കുന്നതും". എണ്ണി പഠിക്കേണ്ട, പാടി കളിക്കേണ്ട, ഓടിയും ചാടിയും നീന്തിയും രസിക്കേണ്ട, എഴുതിയും വായിച്ചും വരഞ്ഞും പറഞ്ഞും ആസ്വദിക്കേണ്ടുന്ന ബാല്യത്തില്‍ ഭര്തൃമതിയാവുക. കിടപ്പറയിലെ പങ്കാളിയാവുക, ഏറെ ഭയപ്പെടേണ്ടുന്ന ഒരു സംഗതി തന്നെയാണ്. ആ ഭയവും അമ്പരപ്പും സ്നേഹവും കാരുണ്യവുമാണ് നുജൂദ്.
അച്ഛന്റെയും അമ്മയുടെയും കൂട്ടുകുടുംബങ്ങളുടെയും പരിസരവാസികളുടെയും എല്ലാം അനുവാദത്തോടെ തന്നെക്കാള്‍ രണ്ടിരട്ടി പ്രായമുള്ള ഒരാള്‍ക്ക് വിവാഹം ചെയ്തു 'അയക്കപ്പെട്ട' ഒരു പത്തുവയസ്സുകാരി. പുഴയില്‍ കുളിക്കാനും ചിത്രം വരക്കാനും ഖുര്‍ആനും കണക്കും പഠിക്കാനുമിഷ്ടപ്പെട്ടിരുന്ന ഒരു കൊച്ചു മാലാഖ. വിവാഹം ഒരു കൌതുകമായിപ്പോലും സ്പര്‍ശിച്ചിട്ടില്ലാത്ത ലോകത്തിലെ പ്രായം കുറഞ്ഞ ''വിവാഹ മോചിത'.
അവളുടെ കഥ പറയുന്ന 'ഞാന്‍ നുജൂദ്, വയസ്സ് പത്ത്, വിവാഹ മോചിത' രമാ മേനോന് വിവര്‍ത്തനം ചെയ്ത്, ഒലീവ് ബുക്സ് മലയാളക്കരക്ക് പരിചയപ്പെടുത്തിയ, മനക്കരുത്തിന്റെയും ആത്മ ധൈര്യത്തിന്റെയും അന്താരാഷ്ട്ര ബിംബമെന്ന് 'ദി ന്യൂ യോര്‍ക്കരാല്‍' വിശേഷിപ്പിക്കപ്പെട്ട യമനിലെ പത്തു വയസ്സുകാരി പെണ്‍കുട്ടി, നുജൂദ്. അവളെയാണ് ഞാന്‍ സ്നേഹിക്കുന്നത്.
ഒരു പത്തുവയസ്സുകാരി പെണ്‍കുട്ടിക്ക് ഇത്രമാത്രം പറയാനായിട്ട് 'എന്തുണ്ട് കാര്യങ്ങള്‍' എന്ന 'അതിശയപ്പെടല്' നിങ്ങള്‍ക്കെന്നപോലെ എനിക്കുമുണ്ടായിരുന്നു. എന്നാല്‍, നുജൂദ് പറഞ്ഞ കഥ തനിക്ക് മുന്‍പും പിന്‍പുമുള്ള നൂറ്റാണ്ടുകളുടെ കഥയാണ്. വര്‍ത്തമാനത്തിലെ വാസ്തവ കഥകളും.!
'നുജൂദിന് മുന്‍പും പിന്‍പും' എന്ന വായനക്ക് അവളും അവള്‍ക്ക് ശേഷം 'ഒന്‍പതുകാരി അര്വ്വയും പന്ത്രണ്ടുകാരി റിമ്മും' സധൈര്യം നേടിയെടുത്ത വിവാഹ മോചനം സാക്ഷ്യമാണ്. പിന്നീട് യമന്‍ മുന്നോട്ടുവെച്ച വിവാഹക്കരാരുകളും പ്രായപരിധിയും മേല്‍ചൊന്ന 'നുജൂദിന് മുന്‍പും പിന്‍പും' എന്ന വായനക്ക് ബലവുമേകുന്നു. ഇങ്ങനെയൊരു വായനക്ക് ചരിത്രത്തെ നിര്‍ബന്ധിപ്പിക്കുക എന്നത്, ജീവിതത്തെ ജീവിതംകൊണ്ടു തന്നെ മാറ്റിതീര്‍ക്കുന്ന, ജീവിതത്തിന് പുതിയ നിര്‍വ്വചനങ്ങള്‍ ആവശ്യപ്പെടുന്ന ജീവിതത്തെ പ്രകാശിപ്പിക്കുമ്പോഴാണ്. അതിന്റെ തെളിവാര്‍ന്ന നിദര്‍ശനമാണ് നുജൂദ്.
ഏറെ പരിഷ്കൃതമെന്നു ഊറ്റം കൊള്ളുമ്പോഴും പലതരത്തിലും അങ്ങേയറ്റം പ്രാകൃതരായ 'മഹാ' ഭൂരിപക്ഷത്താല്‍ ഭീതിതരാണ് ഒരു 'ചെറു' ന്യൂനപക്ഷം. ആ ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും പ്രധിനിധാനം ചെയ്യുന്നവരെ നമുക്കീ വായനയില്‍ കാണാം, അവക്കിടയിലെ ഭീതി എക്കാലത്തേക്കും അജയ്യമായി തന്റെ പ്രയാണം തുടരുന്നുവെന്ന് വായന നമ്മെയും പേടിപ്പിക്കുന്നു. നുജൂദിന്റെ കുടുംബം മുഴുവനായും ഈ കല്യാണത്തിന് അനുവദിക്കുമ്പോള്‍ 'മരിക്കുകയും നാട് വിടപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്ത ആറു സഹോദരങ്ങള്‍ അടക്കം ഇരുപതിലധികം കൂടപ്പിറപ്പുകള്‍ ഉണ്ടായിട്ടും' തുല്യ ദു:ഖിതയും പീഡിതയുമായ 'മോനാ'യൊഴികെ മറ്റാരുംതന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്നതും ഭര്‍തൃവീട്ടുകാരുടെ സമ്മതങ്ങളുടെ എണ്ണപ്പെരുപ്പവും ഈ ഭൂരിപക്ഷമെന്ന ഭയം വര്‍ദ്ധിപ്പിക്കുന്നു. 'മോനക്ക് ശേഷം നുജൂദ്, ഇനി ഹൈഫ എങ്കിലു'മെന്നത് തുടരുന്ന ഭീതിയെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. അവയുടെ കാരണങ്ങളെ വിശകലനം ചെയ്യാനും പ്രതിവിധി ആരായാനും ആവശ്യമായ ചര്‍ച്ചകളിലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്നുവെന്നതാണ് പുസ്തകത്തിനു അകത്തേയും വെളിയിലെയും നുജൂദുകള്‍ തമ്മിലുള്ള ബന്ധുത്വം.
തന്നെ നിര്‍വചിക്കാനും സ്വയം നിര്‍ണ്ണയിക്കാനുമുള്ള ഒരു വ്യക്തിയുടെ സ്വതന്ത്രാവകാശത്തെ നിരാകരിക്കുന്നതില്‍ തുടങ്ങുന്നു ലോകത്തെ മൊത്തം കടന്നു കയറ്റങ്ങളുടേയും കഥകള്‍. ഇത് യഥാവിധി ഉപയുക്തമാക്കണമെങ്കില്‍ എല്ലാത്തിനുമേലും തന്റെ വിവേചനാധികാരം ശരിയാംവിധം പ്രയോഗിക്കാനുള്ള ശേഷി സംഭരിക്കേണ്ടതായിട്ടുണ്ട്. അവക്കുള്ള അവസരങ്ങള്‍ ഒരുക്കികൊടുക്കുകയും അവകള്‍ അനുവദിക്കുകയും ചെയ്യുക എന്നതാണ് ഒരു പരിഷ്കൃത ലോകം അതിന്റെ സമൂഹങ്ങളോട് ചെയ്യേണ്ടത്.
കുറഞ്ഞത്, ഒരാളുടെ പ്രായപൂര്‍ത്തി നിശ്ചയിക്കുന്നത് വിവേചന ബുദ്ധിയുടെ ശരിയാംവിധമുള്ള ഉപയോഗത്തെ മാനദണ്ഡമാക്കിയാവണം. അതുവരെയും അതിനവരെ പ്രാപ്തരാക്കുംവിധം പ്രോത്സാഹിപ്പിക്കുകയും സഹായിയാവുകയും താന്താങ്ങളുടെ നിര്‍ണ്ണയാവകാശത്തെ അനുവദിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഇതനുവദിക്കുന്നില്ല എന്ന് മാത്രമല്ല വിരുദ്ധമായി പ്രവര്‍ത്തിക്കുകയും നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് നുജൂദിന്റെ പരിസരം അറിയിക്കുന്നത്. കുടുംബത്തിലെ അച്ഛനും അയാളുടെ അഭാവത്തില്‍ മൂത്ത മകനും പ്രയോക്താക്കളാകുന്ന ഇടങ്ങളില്‍ തെല്ലും 'പ്രണയം' അവശേഷിക്കാത്ത മനസ്സുകളുടെ തീര്‍പ്പുകള്‍ നുജൂദുമാരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും.
എങ്കിലും, അവക്കിടയില്‍ നിന്നും ചില കുതറിയോടലുകള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു 'ജീവന്റെ ആത്മബലം' അതാണ് നുജൂദ്.
34 comments:
ഓടിച്ചെന്നു പുസ്തകം വാങ്ങി വായിക്കാന്‍ പ്രേരിപ്പിക്കുന്ന അവലോകനം ...
ആശംസകള്‍
(താങ്കളുടെ പക്കല്‍ ഉണ്ടെങ്കില്‍ തരുമെന്ന് കരുതുന്നു)
nujood...njaanum ninne snehikkunnu........
പറയാൻ വാക്കുകളില്ല
ഒന്നല്ല , ആയിരം നുജൂദുകൾ ഉണ്ടായിരിക്കും അല്ലേ
നല്ല വായന.
സമീപ കാലത്ത് വാര്‍ത്ത പ്രാധാന്യം നേടിയ നുജൂദ് നെക്കുറിച്ചുള്ള അവലോകനം ഇഷ്ട്ടമായി !! പി ഡി എഫ് ഫോര്‍മാറ്റില്‍ ആണേല്‍ എനിക്ക് ഒന്ന് വിടുമോ ?
ഇത് വായിച്ചാല്‍ നജൂദിനെ എങ്ങനെ സ്നേഹിക്കാതിരിക്കും.....!
നുജൂദ്... ഞാനും നിന്നെ സ്നേഹിക്കൂന്നു...
എനിക്കും സ്നേഹിക്കണമെന്നുണ്ട്..
നുജൂദ്.. പറയാൻ വാക്കുകളില്ല...!
പുസ്തകം വാങ്ങി വായിക്കാന്‍ പ്രേരിപ്പിക്കുന്ന അവലോകനം ...
പുസ്തകം വായിക്കാന്‍ ഒരു പ്രചോദനം ആയി..
ദുബൈയില്‍ കിട്ടാന്‍ വഴിയുണ്ടോ എന്ന് നോക്കട്ടെ..
അറിയപ്പെടാത്ത ഒരു കൂട്ടം നിര്ഭാഗ്യവന്മാരും
നിര്ഭാഗ്യവതികളും നമുക്ക് ചുറ്റും ഉണ്ട്...
ഇന്ഗ്നനെ ചുരുക്കം ചിലര്‍ എങ്കിലും മറ്റു
പലരുടെയും വഴികള്‍ വെട്ടിതെളിക്കാന്‍ കാരണം
ആവട്ടെ...
വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒരു പെണ്‍കുട്ടി.ചരിത്രത്തില്‍ ഇടംപിടിച്ച അവളുടെ ജീവിതകഥയുടെ രത്നച്ചുരുക്കം മുമ്പ് വായിച്ചിരുന്നു.ഈ അവലോകനം വളരെ ഇഷ്ടപ്പെട്ടു.ആശംസകള്‍
പരിചയപ്പെടുത്തലിനു നന്ദി.
മനസ്സില്‍ തട്ടുന്ന ആസ്വാദനം നാമൂസ്. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണെന്ന് ആവര്‍ത്തിക്കുന്നു ഓരോ വരികളും...
നാമൂസ് അവധി കയിഞ്ഞു വന്നപ്പോള്‍ നല്ല ഒരു പരിജയപെടുതലായി ..(വായിച്ചു കയിഞ്ഞുട്ടുണ്ടെങ്കില് അടുത്ത വെള്ളിയാഴ്ച ഫ്.സി.സിയിലേക്ക് കൊണ്ട് വരുമോ?)
വളരെ നന്നായി ഒരു പുസ്തകത്തെ അവലോകനം ചെയ്തിരിയ്ക്കുന്നു... അത് വായിക്കാനുള്ള പ്രേരണയുടെ തീവ്രത ഏറി ഏറി വരുന്നു.... നന്ദി.
ഒരു കഥാപാത്രം തന്നിലെ മനുഷ്യനെ സംരക്ഷിച്ചു നിര്‍ത്താന്‍ എത്ര കണ്ടു സഹായിയ്ക്കുന്നു എന്നുള്ള താങ്കളുടെ വരിയില്‍ തന്നെ ആ കഥാപാത്രത്തെ ഞാന്‍ സ്നേഹിയ്ക്കുന്നു.... നമൂസ്... താങ്കള്‍ക്കു ആശംസകള്‍.
പുസ്തകത്തെ കുറിച്ച് മുന്‍പ് വായിച്ചിരുന്നു.. കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന അവലോകനം. വായിച്ച ശേഷം വീണ്ടും അഭ്പ്രായം പറയാം
തന്നെ നിര്‍വചിക്കാനും സ്വയം നിര്‍ണ്ണയിക്കാനുമുള്ള ഒരു വ്യക്തിയുടെ സ്വതന്ത്രാവകാശത്തെ നിരാകരിക്കുന്നതില്‍ തുടങ്ങുന്നു ലോകത്തെ മൊത്തം കടന്നു കയറ്റങ്ങളുടേയും കഥകള്‍ - well said namoos
ഞാനും അവളെ സ്നേഹിക്കുന്നു.
നല്ല പോസ്റ്റ്
ഇതു വായിക്കുന്ന ആരും അവളെ സ്നേഹിച്ചു പോകും, കിട്ടുവാണെങ്കില്‍ എനിക്കും വയികണം ഈ പുസ്തകം ,പോസ്റ്റ് ഇഷ്ട്ടായി, എവിടെയോ ഒരു വേദന അവശേഷിപ്പിച്ചു വായന കഴിഞ്ഞപ്പോള്‍ , ഇനി ബുക്ക് തപ്പി ഇറങ്ങട്ടെ ! ആശംസകള്‍ !!!
പതിവ് പോലെ പുസ്തകങ്ങള്‍ തേടിയുള്ള അലച്ചിലിനൊടുവിലാണ് നുജൂദിനെ കാണുന്നത്."ഞാന്‍ നുജൂദ് .പത്തു വയസ്സ് .വിവാഹ മോചിത" എന്ന പേരുകണ്ടപ്പോള്‍ ഉള്ളിലൊരു കൊള്ളിയാന്‍ മിന്നി .പത്തു വയ്സ്സുകാരിയുടെ ജീവിതമാറിയാനുള്ള ആകാംക്ഷയോടെയാണ് ബുക്ക് വാങ്ങിയത്.പക്ഷെ പിന്നീടുള്ള ദിനരാത്രങ്ങളില്‍ നെഞ്ചിലൊരു വിങ്ങലായി അവളും കൂടെ ഉണ്ടായിരുന്നു.മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയൊരു വേദനയാണ് നുജൂദ്.പുസ്തകത്തോട് പരമാവധി നീതി പുലര്തിയിടുണ്ട് നമൂസ് .അഭിനന്ദനങ്ങള്‍(തൃശ്ശൂരില്‍ H&C യുടെ എല്ലാ ശാഖകളിലും ഈ ബുക്ക് ലഭിക്കും .തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്ന് .)
കേട്ടിട്ടുണ്ട്, ഇപ്പളാണു കാര്യങ്ങൾ മനസ്സിലായത്. വായിക്കണം
വായിക്കണം
നല്ല അവലോകനം.
നുജൂദിനെ പറ്റി ഈ എഴുതിയ പോലെ തന്നെ പറഞ്ഞു തന്നിട്ടുണ്ടല്ലോ നാമൂസ് എനിക്ക്. അപ്പോള്‍ കയറിയ ആകാംക്ഷയാണ് ഇത് വായിക്കാന്‍. .
അപ്പോള്‍ എന്നോട് ഏറ്റ പോലെ പുസ്തകം ഇങ്ങ് എത്തിച്ചേക്കണം സഖാവേ.
നന്നായി ട്ടോ പരിചയപ്പെടുത്തല്‍
നുജൂദിനെക്കുരിച് കുറച്ചൊക്കെ അറിയാം.എങ്കിലും
ആ പുസ്തകം ഉടനെ കൈക്കലാക്കാന്‍ പ്രേരിപ്പിക്കുന്നു ഈ എഴുത്ത്.
ഇതുപോലെ വായ്ക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു പുസ്തകം
കൂടി ഉണ്ട്. അയെന് ഹിര്‍സി യുടെ അവിശ്വാസി ..തീര്‍ച്ചയായും
വായ്ചിരിക്കേണ്ട പുസ്തകം തന്നെ.പ്രത്യേകിച്ചും സ്ത്രീകള്‍.
തേടിപ്പിടിച്ച് വായിക്കുവാൻ പ്രേരിപ്പിക്കുന്ന അവലോകനം കേട്ടൊ ഭായ്
പരിജയപ്പെടുത്തിയപ്പോള്‍ ആ പുസ്തകം ഒന്ന് വായിക്കാന്കൊതി ,ഇപ്പോളും നമുക്കിടയില്‍ ഒരുപാട് "നുജുദ്"മാര്‍ ജീവിക്കുന്ന പരമാര്‍ത്ഥം നമ്മള് തിരിച്ചറിയണം
"ജീവിതം, ജീവിച്ച് തീര്‍ത്തവരേ,
ജീവിച്ച് തീര്‍ക്കുന്നവരേ,
നമ്മുടെ ഹൃദയങ്ങള്‍ തമ്മില്‍
ഒരേ താളത്തില്‍ ശബ്ദിക്കുന്നതെപ്പോഴാണ്.
അസാധ്യമെന്ന് മാത്രം പറയരുത്
നുജൂദ്... നീ, ധീരയാണ്
നിന്റെ കണ്ണുകളില്‍
ലോകം വിശാലമായി പ്രതിഫലിക്കുന്നു".
- വര്‍ക്കേഴ്സ് ഫോറം ബ്ലോഗിലെ "നുജൂദ് അലി നമ്മുടെ കുഞ്ഞനുജത്തി" എന്ന ലേഖനത്തില്‍ നിന്നും.
വിവാഹിതയായ മകളുടെ പ്രായം ഭർതൃവീട്ടുകാർ പറയുന്നു ‘കൂടുതലാണെന്ന്’. അപ്പോൾ മകളുടെ വയസ്സുതെളിയിക്കാൻ വ്യാജസർട്ടിഫിക്കറ്റിനായി സ്ക്കൂളിൽ വന്ന രക്ഷിതാവിനെ ഓർത്തുപോയി. അവർക്ക് വേണ്ടത് എത്രയാണെന്നോ? വെറും 12 വയസ്. ഇത് നടന്നത് നമ്മുടെ കേരളത്തിലാണ്.
നുജൂദിന്റെ വായിച്ചതിന്റെ രണ്ടാം വാരമാണെന്ന് തോന്നുന്നു, സ്വന്തം അച്ഛനാല്‍ ഗർഭം ധരിച്ച പതിമൂന്ന്കാരിയെപ്പറ്റി വായിച്ചത്. അതും അഞ്ചുവർഷം തുടർന്ന പീഡനപരമ്പരയുടെ കരളലിയിപ്പിക്കുന്ന കഥ. നുജൂദുമാർ അല്ലെങ്കിൽ അതിലും വലിയ ക്രൂരതക്കിരയായവർ നമുക്ക് ചുറ്റിലുമുണ്ട്.
നല്ല പുസ്തകം, ചെറുതെങ്കിലും നല്ല പരിചയപ്പെടുത്തല്‍.
gud 1..
നുജൂദ് അലി ഒരു ഓർമപ്പെടുത്തലാണ്..... നമുക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന നാമറിയാത്ത പലതും.... കാണുക... കേൾക്കുക... അറിയുക....
good , നല്ല ഓര്‍മ്മകള്‍
എങ്കിലും, അവക്കിടയില്‍ നിന്നും ചില കുതറിയോടലുകള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു 'ജീവന്റെ ആത്മബലം' അതാണ് നുജൂദ്. ...................... വായിക്കണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?