2013, ജൂൺ 1

ഒത്തുതീര്‍പ്പുകളുടെ കാലത്ത് ‘വികസന‘ത്തിനൊരു ലുലു മാതൃക


കേവലമൊരു മേല്പ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് മാത്രമാണ് ലുലു വിഷയത്തിലെ പ്രതിഷേധമെന്നത്, വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കുന്നത്. ചെറുകിടവ്യാപാര മേഖലകളിലേക്കുള്ള കുത്തകകളുടെ കടന്നുവരവിന്റെ പുതിയ രൂപത്തെ ഇങ്ങനെ ചുരുക്കി കാണുമ്പോൾ ഭയക്കേണ്ടതുണ്ട്.

ഇതുപോലുള്ള മാളുകൾ ചെറുകിട വ്യാപാര മേഖലകളിൽ ഉണ്ടാക്കുന്ന അപകടം പരിശോധിക്കപ്പെടാതെ കണ്ട് ഇത്തരം മാളുകളോട് എന്ത് സമീപനമാണ് നാം സ്വീകരിക്കേണ്ടത് എന്ന തീരുമാനത്തിലേക്കെത്താനാവില്ല.

ഈ മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട കച്ചവടക്കാരും അവിടങ്ങളിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന അനുബന്ധ തൊഴിലാളികളും മറ്റു ചെറുകിട വ്യാവസായികളും കുടിൽ വ്യവസായ രംഗത്തെ സഹകരണ സംഘങ്ങളും അടങ്ങുന്ന ഒരു വലിയ ജനാവലിയുടെ ഉപജീവന സാധ്യതകളെ ഇത് ഇല്ലാതാക്കുന്നു.

ഇതുപോലുള്ള വന്‍ മാളുകളുടെ നിർമ്മാണ പ്രവർത്തനം നടക്കുമ്പോൾ പോലും അതിനാവശ്യം വരുന്ന അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും അതിനായി വീണ്ടും വീണ്ടും ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയും നിലവിലെ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആലോചന വിഷയം തന്നെയാണ്.

എന്നാൽ, ഇതൊരു വികസന വിഷയമായി {?) അവതരിപ്പിക്കപ്പെടുമ്പോൾ അത് വാഗ്ദാനം ചെയ്യുന്ന തൊഴിലവസരങ്ങളെ ഉയർത്തിക്കാണിച്ചു കൊണ്ടാണ് മേല്സൂചിപ്പിച്ച പ്രശ്നങ്ങളെ സാധൂകരിക്കുന്നതും യഥാര്‍ത്ഥ പ്രശ്നത്തെ മറച്ചുവയ്ക്കുന്നതും. അവിടെയും ഇതൊരു തെറ്റായ വാദമാണെന്നതാണ്‌ യാഥാർത്ഥ്യം. ഒരു മാളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണവും ആ പ്രദേശത്തെ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണവും മാത്രം പരിശോധിച്ചാൽ മതിയാകും ഈ വാദം എത്ര പൊള്ളയാണെന്ന് മനസ്സിലാക്കാൻ. മാത്രവുമല്ല, ചെറുകിട വ്യാപാര മേഖലയിലെ കുത്തകകളുടെ സാന്നിധ്യം കാരണം ഇല്ലാതെയാകുന്ന ചെറുകിട സ്ഥാപനങ്ങളും അതിലെ തൊഴിലാളികളും ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് എടുത്തെറിയപ്പെടുന്നു എന്നതായിരിക്കും ഇതിന്റെ ദുരന്തം.

മാളുകൾ വഴി വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങൾ അധികവും പുറത്തു നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്‌. തദ്ദേശീയരുടെ നേതൃത്വത്തിലുള്ള ചെറിയ ചെറിയ ഉത്പാദന കേന്ദ്രങ്ങളെയും അതുമായി ബന്ധപ്പെട്ടുള്ള അനുബന്ധ തൊഴിലാളികളെയും തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയില്ലാതെയാകുന്നതോടെ സാരമായി ബാധിക്കും. 

പ്രദേശ വാസികളുടെ ക്രയശേഷിയുടെ പരിധിയിൽ നിന്നുകൊണ്ട് അവര്ക്ക് മെച്ചപ്പെട്ട ജീവിതം അനുവദിക്കുന്നതിൽ നമ്മുടെ ചെറുകിട വ്യാപാര രംഗവും ഉത്പാദന മേഖലയും പരിമിതമായെങ്കിലും സഹായിച്ചു പോരുന്നുണ്ട്. കാരണം, അവിടെ ക്രയവിക്രയം ചെയ്യപ്പെടുന്ന ഏതൊന്നും അവരവരുടെ മാത്രം ഉടമസ്ഥതയിൽ ഉള്ളതല്ല. അത് യഥാസമയം പൊതു സമൂഹത്തിലേക്ക് വികേന്ദ്രീകരിക്കപ്പെടുന്ന ഒരു ചാക്രിക സ്വഭാവത്തെ പ്രധിനിധാനം ചെയ്യുന്നുണ്ട്. എന്നാൽ, പരിമിതമായ തോതിലെങ്കിലും നിലനില്ക്കുന്ന ഉത്പാദന ബന്ധങ്ങളിലെ ഈയൊരു സൗഹൃദം പോലും ഇത്തരം മാളുകൾ അനുവദിക്കുന്നില്ല. എന്നുമാത്രമല്ല, നിലനില്ക്കുന്ന സാഹചര്യത്തെ പൂര്ണ്ണമായും തകിടം മറിച്ച് സമ്പത്ത് മുഴുവൻ ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അങ്ങേയറ്റം അപകടകരമായ ഒരു സ്ഥിതി വിശേഷത്തെയാണ് ഇത് പ്രദാനം ചെയ്യുന്നത്.

യഥാർത്ഥത്തിൽ, ഉത്പാദന മേഖലയിലായാലും സേവന മേഖലയിലായാലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയല്ല, അവസരങ്ങൾ പരിമിതപ്പെടുന്നു എന്നതാണ് സത്യം. അപ്പോൾ, തൊഴിലും ഉപജീവനവും നഷ്ടപ്പെടുന്ന ആളുകളുടെ പുനരധിവാസമായിരിക്കും ഭാവി കേരളത്തെ അലട്ടുന്ന ഒരു മുഖ്യ പ്രശ്നം. എന്നിട്ടും ഇതിനെ വികസനം എന്ന് വെള്ള പൂശുന്നവരുടെ താത്പര്യം ചോദ്യം ചെയ്യപ്പെടാത്തത് ഭീകരമാണ്.

നിലവില്‍ ഉയർന്നു വന്നിട്ടുള്ള പല പ്രതിഷേധങ്ങളും ഈയൊരർത്ഥത്തിലുള്ള ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അല്ല ഉണ്ടായിട്ടുള്ളത്. കേവലമൊരു മേല്പ്പാല നിർമ്മാണവുമായി ബന്ധപ്പെട്ടും തോട് കയ്യേറി പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തി എന്നും തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചും കൊണ്ടാണ് അത് പുരോഗമിക്കുന്നത്. ഇതുരണ്ടും പരിഹരിക്കപ്പെടുന്നതോടെ ഒത്തുതീർപ്പിലാകുന്ന ഒരുതരം നിരുത്തരവാദ സമീപനമാണ് ഈ സമരത്തിൽ കാണാനാകുന്നത്.

മറ്റൊന്ന്, യൂസുഫലി, രവി പിള്ള തുടങ്ങിയ പേരുകളെ ചില വ്യവസ്ഥാപിത ചിൻഹങ്ങളായി ഉപയോഗിച്ചുകൊണ്ട് പ്രശ്നത്തിന് വർഗ്ഗീയ മാനം ഉണ്ടാക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമമാണ് ഇതിന്റെ മറുവശത്ത് നടക്കുന്നത്. ഇത് യഥാർത്ഥത്തിൽ വിഷയത്തിന്റെ മർമ്മത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ മാത്രമേ ഉപകരിക്കൂ...

ചുരുക്കത്തിൽ, മൂലധന ശക്തികളുടെ കടന്നുവരവിന് വഴിവെട്ടുന്ന തിരക്കിലാണ് ഇവിടത്തെ ഭരണ-പ്രതിപക്ഷ കക്ഷികളും മറ്റ് ജാതി മത-മാധ്യമ കൂട്ടുകെട്ടുകളും. മൂലധന ശക്തികളുടെ ലാഭതാത്പര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തില്‍ വികസനം കൈകാര്യം ചെയ്യപ്പെടുന്നതും സര്‍ക്കാരുകളുടെ നയരൂപികരണം ആ രീതിയില്‍ മാറ്റപ്പെടുന്നതും തുറന്നെതിര്‍ക്കേണ്ടതുണ്ട്. ഇവിടെയാണ്‌, ജനങ്ങള്‍ ബോധവാന്മാരാകേണ്ടതും അതിയായ ജാഗ്രത പാലിക്കേണ്ടതും.

'നേർരേഖ'യിൽ  പ്രസിദ്ധീകരിച്ചത്. 

31 comments:

Aneesh chandran പറഞ്ഞു...

കാര്യങ്ങള്‍ കാര്യങ്ങളായി തന്നെ പറഞ്ഞിരിക്കുന്നു.

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

മറു വാക്കില്ല

കൊമ്പന്‍ പറഞ്ഞു...

കാര്യ പ്രസക്തമായ ലേഖനം ഈ ലുലുവിന്‍റെ ചങ്ങായിന്‍റെ കള്ള കളി കണ്ടു പിടിച്ചപ്പോള്‍ അയാള്‍ മൂടും തട്ടി മുങ്ങിയപ്പോള്‍ വികസനം മുടക്കി തൊഴില്‍ സാദ്യത മുടക്കി എന്നൊക്കെ പറഞ്ഞു കലി തുടങ്ങിയ പാമര ബട്കൂസുകള്‍ ഇതൊക്കെ ഒന്ന് വായിച്ചിട്ട് കാര്യങ്ങള്‍ നേരാം വണ്ണം മനസ്സിലാക്കട്ടെ ലേഖകന് ഒരു ബിഗ്‌ സല്യൂട്ട്

റിനി ശബരി പറഞ്ഞു...

ഇതൊക്കെ ആരൊട് പറയാന്‍ ,
പറഞ്ഞാല്‍ ആരു മനസ്സിരുത്തി കേള്‍ക്കും ,
കേട്ടാല്‍ ആര് ഇതിനൊരു ശ്വാശത പരിഹാരം കാണും ??
അബുദാബിയിലേ കാര്യം എടുക്കുക , ചെറു കിട വ്യാപാര സ്ഥാപനങ്ങള്‍
ഒട്ടു മിക്കതും മലയാളികളുടെയാണ് . അവരുടെ വയറ്റത്തടിച്ച് കൊണ്ടുള്ള
നിയമങ്ങള്‍ വരുന്നതില്‍ ഇദ്ധേഹത്തിന് പങ്കുണ്ടെന്ന് പരക്കേ സംസാരം .
ഒട്ടുമിക്ക ഹാര്‍ഡ് വെയര്‍ കടകളും ഇവിടെന്ന് മാറ്റപെട്ടു , തൊട്ടടുത്ത ദിവസങ്ങളില്‍
തന്നെ ഇദ്ധേഹത്തിന്റെ മാളുകളില്‍ അവ നന്നായി തന്നെ സ്ഥാനം പിടിച്ചു .
അതെന്തുമകാട്ടെ , ഈ കഴിഞ്ഞ തവണത്തെ ചേമ്പര്‍ ഓഫ് കോമേര്‍സ് തെരഞ്ഞെടുപ്പില്‍
ചെറു കിടക്കാരുടെ മുഴുവന്‍ സപ്പൊര്‍ട്ടും മറ്റൊരു ചെറുകിട മുതലാളി മലയാളിക്കായിരുന്നു
തൊല്‍ക്കുമെന്നുള്ള അവസ്ഥയിലെത്തുമ്പൊള്‍ "നമ്മുടെ ആശാന്റെ " വിധം മാറി
ഇയാളേ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം തുടങ്ങി , ആദ്യ നടന്ന് തെരഞ്ഞെടുപ്പ് അസാധുവാക്കി
അവസ്സാനം എന്തായി "ആശാന്‍ " തലപ്പത്ത് തന്നെ എത്തി , ശക്തമായ അടിയൊഴിക്കില്‍
കടപുഴകി പൊകേണ്ടതായിരുന്നു ഇദ്ദേഹം , പ്രസ്റ്റീജ് ഇഷ്യൂവായി അദ്ധേഹമത് കണ്ടപ്പൊള്‍
വിജയം അങ്ങേര്‍ക്കൊപ്പൊം നിന്നു . അദ്ധേഹം, അദ്ധേഹത്തിന്റെ വഴികളിലൂടെ
നന്മ ചെയ്യുന്നുണ്ടാകം , അതീന്‍ ഒരിക്കലും എതിര്‍ക്കുന്നില്ല എന്നു പറയുന്നതിനൊടൊപ്പൊം
ഇതൊകെക് ചേര്‍ത്ത് വയ്ക്കാതെ തരമില്ലല്ലൊ ..
നാമൂസ് പറഞ്ഞ പൊലെ , ആയിരം തൊഴില്‍ വാഗ്ദാനങ്ങള്‍
ഒരു വശത്ത് ഉയര്‍ത്തി കാട്ടുമ്പൊള്‍ മറു വശത്ത് അസ്തമിച്ച് പൊകുന്ന പലതുമുണ്ട്
അതി നില നിന്ന് പോകുവാന്‍ പ്രകൃതിക്ക് ഏല്‍ക്കുന്ന മുറിവുകള്‍ ഉള്‍പെടെ ,
അനേകായിരങ്ങളുടെ ജീവിതമാര്‍ഗ്ഗം കൂടിയാണ് നശിച്ച് പൊകുന്നത് , അതിലുപരി
ഉയര്‍ന്ന് വരുന്ന ഒരുതരം സംസ്കാരവും , നമ്മോട് സംവേദിച്ച്, രണ്ട് നാട്ടു വര്‍ത്തമാനങ്ങളും
അന്യൊന്യം അറിഞ്ഞും ചിരിച്ചും , പറ്റ് ബുക്ക് നിറച്ചും കഴിഞ്ഞിരുന്നൊരു കാലം
ഇല്ലാണ്ടായി പൊകുന്നു , കാലത്തിനൊപ്പൊം കോലം കെട്ടുക തന്നെ വേണം
വികസ്സനമെന്നത് നമ്മുടെയൊകെക് തലക്കടിക്കാനുള്ള ആണിയാകരുതെന്ന് മാത്രം .
നാമൂസ് വളാരെ വ്യക്തമായി ചിലത് ബൊധ്യപെടുത്തിയിരിക്കുന്നു .

ഷാജു അത്താണിക്കല്‍ പറഞ്ഞു...

രാഷ്ട്രീയക്കാർ കൊടിപിടിക്കുന്നത് വെറും സ്വന്തം കീശയുടെ രാഷ്ട്രീയം കാക്കാൻ..........

Unknown പറഞ്ഞു...

ഒരു ലുലുമാൾ കൊണ്ടുവരുന്നതിലേക്കോ , ഒരു ലുലുമാൾ പൂട്ടിക്കുന്നതിലേക്കോ ചുരുങ്ങുന്ന രാഷ്ട്രീയ കുബുദ്ധികളുടെ വികസനനാടകത്തിലെ പൊള്ളത്തരങ്ങൾ എന്തിനെയാണ് ലക്‌ഷ്യം വെക്കുന്നത് എന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും മനസ്സിലാകും ,എന്നിട്ടും ഏതെങ്കിലും ഒരു പക്ഷം പിടിച്ച് ശബ്ദമുണ്ടാക്കി സ്ഥാപിച്ചെടുക്കുന്നത് സ്വന്തം കുഴിക്ക് എന്ത് ആഴം വേണം എന്നത് മാത്രമാണ് .കച്ചവടം(വിൽക്കൽ) ലക്ഷ്യം വെക്കുന്നത് ലാഭം മാത്രമാണ് ,അതുപോലെ ഉപഭോഗം (വാങ്ങൽ )ലക്‌ഷ്യം വയ്ക്കുന്നതും ഒരുതരത്തിൽ പറഞ്ഞാൽ ലാഭം തന്നെയാണ് അവിടെ ചെറുകിട എന്നോ വന്കിട എന്നോ യാതൊരു വ്യത്യാസവുമില്ല. സാമൂഹിക സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് ലാഭം ഉണ്ടാക്കുന്നതിനുള്ള മാർഗ്ഗവും വ്ത്യസ്തമാകുന്നു എന്നത് ഒരു വസ്തുതയാണ് .ഇവിടെയാണ്‌ ഒരു സർക്കാരും, പ്രതിപക്ഷവും, മീഡിയയും ,നിയമവ്യവസ്ഥയും എങ്ങനെ പ്രവർത്തിക്കണം എന്ന ചോദ്യം ഉയരുന്നത് ,വിപണിവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ ഇവരെല്ലാം എങ്ങനെ ഇടപെടുന്നു എന്നതാണ് പ്രധാനം ,സ്വയം തന്റെ ജീവിതക്രമത്തെ നിയന്ത്രിക്കാനോ ,നിർവ്വചിക്കാനോ കഴിയാത്ത സാധാരണക്കാരന് അന്നന്നത്തെ അത്താഴം കഴിയുമ്പോൾ നിറഞ്ഞ സംതൃപ്തിയോടെ ഉള്ള ഏമ്പക്കത്തിനു പകരം നാളത്തെ അത്താഴാത്തെപ്പറ്റിയുള്ള വെവലാതിയോടെയുള്ള നിശ്വാസം ആകും ഉയരുക. സർക്കാരുതന്നെ കച്ചവടക്കരനാകുന്നത് സാമൂഹിക നീതിക്ക് നിരക്കാത്ത ഒന്നാണ് ഇവിടെ മാറി വരുന്ന എല്ലാ സര്ക്കാരും ചിന്തിക്കുന്നത് ഒരു വലിയ വിപണി ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് അതാണ്‌ വികസനം എന്ന് സാധാരണക്കാരനെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു .എല്ലാ സമൂഹത്തിലും വിപണി ഉണ്ട് എന്നാൽ ആ വിപണിയുടെ നിയന്ത്രണത്തിൽ പെടാതെ വിപണിയെ നിയന്ത്രിക്കുന്ന വിഭവങ്ങളുടെ ഉൽപ്പാദകരാകാൻ സമൂഹത്തെ പ്രാപ്ത്തരാക്കുന്നതാണ് ശരിയായ വികസന മാതൃക. തൊഴിലവസരങ്ങളും മറ്റും ശരിയായ പാതയിൽ വികസിക്കുന്ന ഒരു രാജ്യത്ത് ആനുപാതികമായി വന്നു ചേരുന്ന ഒന്നാണ് ,വികസിച്ച ഒരു രാജ്യത്ത് തോഴിലില്ലായ്മ ഉണ്ടെങ്കിൽ അത് ശരിയായ ഒരു വികസന മാതൃക അല്ല എന്ന് നിസ്സംശയം പറയാം .ചുവട്ടിൽ വളം ചെയ്താലേ ചെടിയ്ക്ക് പ്രയോജനം ഉള്ളു എന്ന പോലെ ആനുകൂല്യങ്ങൾ കൊടുക്കേണ്ട ശരിയായ മേഖലകൾ ഏതെന്നു ദിശാബൊധമുള്ള ഒരു സര്ക്കാരിനെ നിശ്ചയിക്കാനാകു ,വോട്ടിന് കൂലി എന്ന രീതിയിൽ കൊടുക്കുന്ന ആനുകൂല്യങ്ങൾ ( എന്ത് പേരിട്ടു വിളിച്ചാലും )ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും എന്നത് നിത്യം കാണുന്ന ഒരു സത്യം തന്നെ.ശരിയായ രീതിയിൽ മൂലധനം വിനിയോഗിക്കുന്ന മേഖലയിൽ വികസനം സാധ്യമാകുന്നുണ്ട് എന്നാൽ ഈ വിനിയോഗം മൊത്തമായുള്ള സാമൂഹിക നന്മയെ ലക്ഷ്യമാക്കിയാണെങ്കിൽ അതിനു ചില മുൻഗണനാക്രമങ്ങൾ അനിവാര്യമാണ്. വ്യക്തിനിഷ്ടമായോ ,സാമൂഹികാടിസ്ഥാനത്തിലോ(,മതം ജാതി ) ,സംവരണാടിസ്ഥാനത്തിലോ മൂലധനം വിനിയോഗം ചെയ്യുന്ന ഒരു സര്ക്കാരിനും ഒരു രാജ്യത്തിന്റെ മൊത്തമായ വികസനം എന്ന ലക്‌ഷ്യം സാധ്യമല്ല.
സ്വയംപര്യാപ്തമായിരുന്ന ഒരു രാജ്യം വെറും വിപണി മാത്രമായത് എങ്ങനെ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
അസ്ഥിമാടത്തിൽ പോലും തെങ്ങ് നട്ടിരുന്ന ഒരു ജനസമൂഹം ഇന്ന് പ്ലാസ്റ്റിക്‌ കവറിൽ കിട്ടുന്ന അന്യന്റെ വിയര്പ്പ് ആര്ത്തിയോടെ വലിച്ചു കുടിക്കുന്നത് അപഹാസ്യം തന്നെ .

നമൂസിന്റെ ഈ നല്ല ചിന്തകൾക്കും ലേഖനത്തിനും എന്റെ ഒരു സലാം (ലാൽ അല്ല കേട്ടോ)

MOIDEEN ANGADIMUGAR പറഞ്ഞു...

വിയോജിപ്പുണ്ട്.
എന്നാലും ലേഖനം കൊള്ളാം.

വീകെ പറഞ്ഞു...

നല്ല ലേഖനം...
ആശംസകൾ...

ajith പറഞ്ഞു...

ചെറുകിടകച്ചവടം നടത്തുന്നവര്‍ ചില പരാതികള്‍ പറയാന്‍ കെ.എം മാണിയുടെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം വാണിജ്യസെക്രട്ടറിയുടെ അടുത്തേയ്ക്ക് പറഞ്ഞുവിട്ടു. വാണിജ്യ സെക്രട്ടറി അവരെ അവമാനിയ്ക്കുന്ന തരത്തില്‍ പറഞ്ഞു: “നിങ്ങളെപ്പോലുള്ള അത്തപ്പാടികളൊന്നും കച്ചോടം നടത്തേണ്ടടോ. അതിനുവേറേ കാശൊള്ളവന്മാര്‍ ഇഷ്ടം പോലെയുണ്ട്” അതാണ് സര്‍ക്കാര്‍ ലൈന്‍. പിന്നെയെന്തുപറയാന്‍......(അനുഭവസ്ഥര്‍ പറഞ്ഞ ചരിത്രം)

Cv Thankappan പറഞ്ഞു...

നന്നായിരിക്കുന്നു ലേഖനം.
ആശംസകള്‍

MONALIZA പറഞ്ഞു...

ലേഖനം നനായി എഴുതി ,ഇനിയും കാണാപ്പുറം ബാക്കി കിടക്കുന്നുണ്ടാകാം .

Nassar Ambazhekel പറഞ്ഞു...

'കർഷക ആത്മഹത്യ' ഫാഷനല്ലാതായി. വരാനിരിക്കുന്ന ആത്മഹത്യക്ക് നമ്മളെന്തു പേരിടും?

നിസാരന്‍ .. പറഞ്ഞു...

വികസനമെന്നാല്‍ മാളും ആധുനിക സൌകര്യങ്ങളുമാണെന്നും അതിനു വേണ്ടി 'ചെറിയ ' വിട്ടു വീഴ്ചകള്‍ ആകാം എന്നും മലയാളിയുടെ മനസ്സിലേക്ക് ആരൊക്കെയോ ചേര്‍ന്ന് മിഥ്യാ സന്ദേശങ്ങള്‍ അയക്കുന്നു.. അങ്ങനെ നമ്മുടെ പ്രതികരണശേഷിയെ ഇല്ലാതാക്കി 'വികസന'ത്തിന്റെ മായാലോകം നമുക്ക് മുന്നില്‍ തുറക്കുന്നു.
നാമൂസ് നീ ഇതെഴുതെണ്ടത് തന്നെയാണ് സഖേ..

സീത* പറഞ്ഞു...

ലേഖനം നന്നായിരിക്കുന്നു...പ്രമേയത്തിന്‍റെ എല്ലാ വശങ്ങളും അപഗ്രഥിച്ച് എഴുതിയിരിക്കുന്നു എന്ന് പറയാതെ വയ്യ...ഇത് ലേഖകനുള്ളത്... ഇനി പ്രമേയത്തിലെക്ക് വരാം.. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യത്തിന്‍റെ നേര്‍മുഖങ്ങളാണ്...നമ്മളടക്കമുള്ള സമൂഹം ചിന്തിക്കേണ്ടതുമാണ്...

പൊതു സമൂഹം എങ്ങനെ ഇതിനെ ഉള്‍ക്കൊള്ളുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ..???

കഴിഞ്ഞൊരു ദിവസം സൌഹൃദസമാഗമങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കുറച്ചു പേര്‍ ഒരു ഷോപ്പിംഗിനു ഇറങ്ങി... ആ സ്ഥലം ഒരു വലിയ പട്ടണമൊന്നുമല്ലാന്ന് ആദ്യമേ പറയട്ടെ...ചെറുകിട കച്ചവടക്കാരുടെ നിരകള്‍ക്കിടയ്ക്ക് തലയുയര്‍ത്തി ഒരു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കണു അവിടേം...സുഹൃത്തിന്‍റെ കുട്ടികള്‍ക്ക് നിര്‍ബന്ധം അവിടെ കയറിയാല്‍ മതിയെന്ന്...വീട്ടുകാരിയുടേയും അഭിപ്രായം അതു തന്നെ...മുഴുവനായും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെങ്കിലും അവസാനം അവരുടെ പിടിവാശിക്കു മുന്നില്‍ കീഴടങ്ങി അവിടെ കയറേണ്ടി വന്നു...ഈ വാശിക്കു പിന്നില്‍ കുട്ടികള്‍ക്ക് ഓടി നടക്കാനുള്ള ആഗ്രഹവും വീട്ടുകാരിക്ക് എല്ലാവിധ സാധനങ്ങളും ഒരിടത്ത് കിട്ടും എന്ന ആശ്വാസവുമാണ്...സാധാരണ ജനത്തിന്‍റെ (പൊതുവെ ഒരല്പം മടി കാണിക്കുന്ന) മനസ്സ് ഇപ്പോഴും ഇതിനു പിന്നാലെയാണ് എന്നു പറയാനാണ് ഞാനിതിവിടെ പറഞ്ഞത്...

ഇനി ആലോചിക്കണം നാം ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന്...

ഇത്തരമൊരു സം‍രംഭത്തിന്‍റെ നന്മ-തിന്മകളെ അപഗ്രഥിച്ച് നമ്മള്‍ ആകുലചിത്തരാകുമ്പോള്‍ അതിനെ മനസ്സ് കൊണ്ട് പിന്താങ്ങുന്ന സമൂഹത്തിന്‍റെ ഒരു ഭാഗം ഉണ്ടെന്ന് വിസ്മരിക്കാനാകുന്നതല്ല...

എല്ലാം നല്ലതിനു വേണ്ടിയാവട്ടെ എന്ന് സമാശ്വസിക്കാം...

കാര്യമാത്ര പ്രസക്തമായ ഈ ലേഖനത്തിനു അഭിനന്ദനങ്ങള്‍ ...

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ലുലു ഗ്രൂപ്പും ഗവണ്മന്റും തമ്മിലുണ്ടാക്കിയ കരാറിന്റെ കാര്യവും ലുലു പാട്ടത്തിന് ഭൂമി കരസ്ഥമാക്കിയതിലെ ന്യായാന്യായതകളുമൊക്കെ കോടതിയും നിയമവിശാരദരും വിശകലനം ചെയ്ത് കണ്ടെത്തട്ടെ. ലുലു ഉൾപ്പടെയുള്ള ബഹുരാഷ്ട്രഭീമന്മാരുടെ കടന്നുകയറ്റം നാട്ടിലെ ബഹുഭൂരിഭാഗം വരുന്ന അടിസ്ഥാനജനവിഭാഗങ്ങളുടെ ഭാവിഭാഗധേയത്തെ ഗുണകരമായാണോ അതോ വിനാശകരമായാണോ ബാധിക്കാൻ പോകുന്നത് എന്ന ചിന്തയും വിഷയത്തോടുള്ള തദനുസ്ര്‌തമായ സമീപനവും മനുഷ്യസ്നേഹികളുടെ പ്രഥമ പരിഗണന അർഹിക്കുന്ന വിഷയമാണ്. ആ വഴിയിലെ ഗൌരവമാർന്ന വിശകലനമാണ് നാമൂസിന്റേത്. എല്ലാവരുടേയും കണ്ണ് തുറപ്പിക്കേണ്ട വസ്തുതകളാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

Unknown പറഞ്ഞു...

വികസനത്തെ പൊതുസമൂഹം കാണുന്നത് ലുലുവിന്റെയും അതിവേഗപാതയുടേയും ശോഭാസിറ്റിയുടേയും മറവിൽ നിന്നാണ്. അടിസ്ഥാനപരമായി നമ്മുടെ രാജ്യത്തിന്റെ പ്രശ്നങ്ങൾ എന്താണ് എന്ന് എത്ര സർക്കാരുകൾ പഠിച്ചിട്ടുണ്ട്?

Ismail Chemmad പറഞ്ഞു...

ലേഖനത്തിലെ ഭൂരിഭാഗം ഭാഗത്തോടും യോജിക്കുന്നതോടൊപ്പം , ചിലകാര്യങ്ങള്‍ വിയോജിപ്പുണ്ട് .
ഒരു നാട്ടില്‍ കുത്തകകള്‍ വരുമ്പോള്‍ , ആ നാട്ടിലെ ചെറുകിട കച്ചവടക്കാരെ എല്ലാം അത് ദോഷകരമായി ബാധിക്കുന്നു എന്നത് വസ്തുതാപരമാണ് .
എന്നാല്‍ , കൊച്ചിപോലൊരു അന്താരാഷ്‌ട്ര സിറ്റിയില്‍ ഒരു മാള്‍ വേണ്ട എന്നതിനോട യോജിക്കാന്‍ വയ്യ.

അജ്ഞാതന്‍ പറഞ്ഞു...

കുറിപ്പ് നന്നായിരിക്കുന്നു
എല്ലാം രാഷ്ട്രീയ അധിഷ്ടിത കാഴ്ചപ്പാടുകൾ തന്നെയാണ്. ഇനിയും പറയാൻ ഏറെയുണ്ട്

Pradeep Kumar പറഞ്ഞു...

ഈ വിഷയത്തെക്കറിച്ച് ഒരല്‍പ്പം വായിക്കാനും, വിവിധവശങ്ങള്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങളിലൂടെ പ്രശ്നത്തെക്കുറിച്ച് അറിയാനും സഹായകരമായി നാമൂസിന്റെ ലേഖനം.

പരിമിതവരുമാനക്കാരനായ ഒരു ശരാശരി ഉപഭോക്താവിന് കുറഞ്ഞ ചിലവില്‍ പരമാവധി ഗുണമേന്മ ഉറപ്പുവരുത്തുന്ന ഉല്‍പ്പന്നം ലഭ്യമാവണം എന്നതായിരിക്കും താല്‍പ്പര്യം.കുത്തകകള്‍ ഉയരുകയും,തന്റേ അതേ സാമൂഹികസാമ്പത്തികശ്രേണിയില്‍ നില്‍ക്കുന്നവരായ ചെറുകിടക്കാര്‍ തകരുന്ന അവസ്ഥ ഉണ്ടാവരുത് എന്ന വര്‍ഗബോധവും ശക്തമായിരിക്കും. ഈ രണ്ട് അവസ്ഥകളില്‍ ഏതിനോടൊപ്പം നില്‍ക്കണം എന്നത് സാധാരണക്കാരെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നു.

നാമൂസ് ഉയര്‍ത്തിയ ചിന്തകളോട് നൂറ് ശതമാനവും യോജിക്കുന്നു. എന്നാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ ബോധാവാന്മാരാവേണ്ടത് ചെറുകിട ഇടത്തരം കച്ചവടക്കാരാണ്. ഗുണമേന്മ കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്ക്, അനര്‍ഹമായ വില ഈടാക്കിയും, ജനകീയപ്രശ്നങ്ങളോട് പുറം തിരിഞ്ഞ് നിന്നും പൊതുജനങ്ങളെ തങ്ങളില്‍നിന്ന് പരമാവധി അകറ്റിയിട്ടുണ്ട്. ഒരിക്കല്‍ തൊഴിലെടുക്കുന്നവരുടെ ഏറ്റവും ന്യായമായ ചില ആവശ്യങ്ങള്‍ക്കുവേണ്ടി കക്ഷിഭേദമന്യേ നടത്തിയ ഒരു സമരത്തെ പൊളിക്കാന്‍ നാമൂസ് പറഞ്ഞ സാധാരണ കച്ചവടക്കാരുടെ ഏറ്റവും പ്രധാന സംഘടനതന്നെ മുന്നിട്ടിറങ്ങിയത് ഓര്‍ക്കുന്നു. തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണും ഒലിച്ചുപോവുകയാണെന്ന് അന്നൊന്നും അവര്‍ ഓര്‍ത്തില്ല.

തങ്ങലുടേതും ഒരു സേവനമേഘലയാണെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്തു നില്‍ക്കാന്‍ ചെറുകിട ഇടത്തരം കച്ചവടക്കാര്‍ തയ്യാറാണെങ്കില്‍, നമുക്ക് മാളുകള്‍ക്കെതിരെ സംസാരിച്ചു തുടങ്ങാം.

ഈ വിഷയത്തില്‍ കൃത്യമായി ഒരഭിപ്രായം പറയാനാവാത്ത ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നു

Unknown പറഞ്ഞു...

പളപളാ മിന്നുന്ന റോഡും, കൂറ്റൻ കെട്ടിടങ്ങളുമാണു വികസനമെന്ന് തെറ്റിദ്ധരിക്കുന്നവരോട് മറുവാക്കോതുക വയ്യ. പക്ഷേ.., ചെറുകിട കച്ചവടക്കാർ എന്നൊരു വിഭാഗവും, അവർ മൂലം കഴിയുന്ന ലക്ഷോപലക്ഷം ആളുകളും കേരളത്തിലുണ്ട്., ഈ വിഭാഗത്തിന്റെ വയറ്റത്ത് നേരിട്ടടിക്കുക കൂടാതെ, ഇവരെ ആശ്രയിച്ചു ജീവിക്കുന്ന മറ്റൊരു വിഭാഗമായ ചെറുകിട കർഷകർ, ചെറുകിട വ്യവസായകൾ ഒക്കേത്തിനും പരോക്ഷമായിട്ടും പണി കിട്ടും. മേൽപ്പാലവും, ലീസുമൊന്നുമല്ല വിഷയം., കേരളത്തിൽ ജോലിസാധ്യതയുടെ പെരുപ്പിച്ച കണക്കുകൾ കാട്ടി, ജാതി രാഷ്ട്രീയം പറഞ്ഞു തമ്മിലടിപ്പിച്ച്, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നു ഇടതും വലതും ഒരുപോലെ ഒളിച്ചോട്ടം നടത്തുമ്പോൾ ഗോപാലേട്ടനും, റപ്പായിക്കും, അന്ത്രുക്കാക്കും ആരുണ്ട് ഒരു താങ്ങിനു.., ഒരു യൂസഫലിയോ രവി പിള്ളയോ ഒരിക്കലും അവർക്കൊരു താങ്ങാവില്ല, മറിച്ചവർക്കിട്ടൊരു താങ്ങായിരിക്കും ഇത്തരം കുത്തക മുതലാളിമാർ...

Artof Wave പറഞ്ഞു...

മാളുകൾ വേണമെന്ന് പറയുമ്പോഴും ....
ജോലി സാധ്യതകളായും പുരോഗമന ചിഹ്നമായും മാളുകളെ പലരും കാണുമ്പോൾ ചെറുകിട വ്യവസായികളുടെ നട്ടെല്ലൊടിയുന്ന സത്യം നാം വിസ്മരിച്ചു കൂടാ.. കമ്പോളത്തിന്റെ മാറ്റവും ആകര്‍ഷണവും മലയാളികളുടെ ആവശ്യങ്ങളെ മാറ്റി മറിക്കുന്നതോടൊപ്പം കമ്പോള സംസ്കാരം പൊങ്ങച്ചത്തിനു വിധേയമാകുന്നു. അത് കൊണ്ട് തന്നെ ഉപഭോഗ തൃഷ്ണ യിൽ മുങ്ങി ത്തപ്പുന്ന ഒരു സമൂഹമായി മലയാളികളെ മാറ്റുന്നതിൽ ഇത്തരം മാളുകൾ പങ്കു വഹിക്കുന്നു എന്ന സത്യം നാം കാണേണ്ടിയിരിക്കുന്നു . ഉപഭോഗ സംസ്കാരം വളർത്തുമ്പോഴും മാളുകൾക്ക് വേണ്ടി ശബ്ധിക്കുമ്പോഴും അട്ടപ്പാടിയിലും മറ്റും പട്ടിണി കൊണ്ട് മരിക്കുന്ന കുട്ടികളെ നമുക്ക് ഓർക്കാം, കോടികൾ വാരി വിതറുന്ന ഇത്തരം കുത്തകകൾ ദാരിദ്ര്യ നിർമാർജനത്തിനു വേണ്ടിയുള്ള പദ്ധതികൾക്കു കുറച്ചു കോടികൾ ബാക്കി വെച്ചിരുന്നങ്കിൽ ......
കോരനും കുമ്പിളും കഞ്ഞിയും മാറാതെ ഇന്നും നിലനില്ക്കുന്ന ചില സത്യങ്ങൾ.....

Unknown പറഞ്ഞു...

നല്ല ലേഖനം.
നാമൂസ് വളരെയേറെ ഗൃഹപാഠം ചെയ്ത് പറഞ്ഞിരിക്കുന്നു.
നമ്മുടെ വികസന കാഴ്ചപ്പാടുകള്‍ തീര്‍ച്ചയായും ഒരു പുനര്‍ചിന്തനം ആവശ്യപ്പെടുന്നുണ്ട്.

പക്ഷേ..
പ്രദീപ് മാഷ് പറഞ്ഞ പോലെ ഈ വിഷയത്തില്‍ കൃത്യമായ ഒരു അഭിപ്രായം പറയാനാവാതെ കുഴങ്ങുന്നതിനുത്തരവാദികള്‍ ചെറുകിട കച്ചവടക്കാര്‍ കൂടിയാണെന്ന് തോന്നുന്നു. വില , ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളിലൊക്കെ ശരിക്കും ജനദ്രോഹികള്‍ ആവുന്നുണ്ട് അവരും.

പിന്നെ..
രാഷ്ട്രീയക്കാര്‍..
ഇത്തരം വികസനങ്ങല്‍ വന്നാലേ സ്വന്തം കീശ വികസിക്കൂ എന്നതില്‍ മാത്രം ശ്രദ്ധിക്കുന്നവരാണവര്‍..
ഒരു രാഷ്ട്രീയ പ്രസ്ഥാനം അംഗങ്ങളുടേയും , അഭ്യുദയകാംക്ഷികളുടേയും പിന്തുണയോടെ തുടങ്ങിയ വലിയ നിക്ഷേപം പൊലും ഉല്പാദന മേഖലയില്‍ നിക്ഷേപിക്കാതെ വിനോദ മേഖലയില്‍ നിക്ഷേപിച്ച മാതൃകയാണ് നമുക്കുമുന്നിലുള്ളത്.. അതും ഇടതു പക്ഷം...ആ നിലക്ക് ഇനി ആരില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്..?

അതെ .. നമ്മള്‍ ജനങ്ങള്‍ തന്നെയാണ് ബോധവാന്മാരാവേണ്ടതും , ജാഗ്രത പുലര്‍ത്തേണ്ടതും.

Mukesh M പറഞ്ഞു...

ലേഖനം എന്നെ നിലയില്‍ നന്നായി. പക്ഷെ വിഷയത്തോട് തീരെ യോജിക്കാന്‍ കഴിയുന്നില്ല, അവനവന്‍റെ ഇഷ്ടത്തിനനുസരിച്ചു വിലയിടുന്ന പരമ്പരാഗത കച്ചവട വ്യവസ്ഥയില്‍ നിന്നും സാധാരണകാരന് ലഭിക്കുന്ന ഒരു മോചനം തന്നെയാണ് ഇത്തരം സംരംഭങ്ങള്‍. നേരത്തെ റിലയന്‍സ് ഫ്രഷ്‌ വന്നപ്പോഴും ഇത്തരം പൊള്ളയായ ചില മുറവിളികള്‍ ഉണ്ടായിരുന്നു. പക്ഷെ അവരുടെ വിപണ ശ്രിംഖലയുടെ വശങ്ങളെപറ്റി മനസ്സിലാക്കിയപോള്‍ എല്ലാവരും നിശബ്ദരായി.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ലേഖനത്തേക്കാൾ കൂടുതൽ വിയോജിപ്പ് ഇവിടെ വന്ന അഭിപ്രായങ്ങളോട് ഉണ്ട് . ( ആളുകളോട് അല്ല ) . പക്ഷെ വിഷയത്തിൽ ഇടപെടാൻ സാങ്കേതികമായ പ്രയാസവും ഉണ്ട്

roopeshvkm പറഞ്ഞു...

ശക്തമായ ഭാഷയുള്ള ലേഖനം.പക്ഷെ വിഷയത്തില്‍ വിയോജിപ്പുണ്ട്.

ബെഞ്ചാലി പറഞ്ഞു...

ലിതാണ് കോർപറേറ്റുകൾ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ലേഖനത്തോട് പൂർണ്ണമായി യോജിക്കുന്നില്ലെങ്കിലും
ആശയം പൂർണ്ണമായും മനസ്സിലാക്കി കേട്ടൊ ഭായ്

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

കാലിക ലേഖനം ..നന്നായി ആശംസകൾ

anil nimmi പറഞ്ഞു...

Lekhanam nannayirikkunnu. Mumbu computer vannal pani undakilla ennu paranjille?.. ippol panikku aalkaare kittaan undo?.. ella, nhan thaamasikkunathu gramathilaa.. eppol ellagramavaasikalum naattile kadayil ni num saadhanam vangunudo? Ella.. townil poyi varumbol oru azchakulla saadhanam vangi varum.. kaaranam freshum kittum, kurachu vilahum kuravaayirikkum...

Sabu Kottotty പറഞ്ഞു...

ഇടയരാഗ രമണ ദുഃഖം...

ഭ്രാന്തന്‍ ( അംജത് ) പറഞ്ഞു...

കണ്ടു ലേഖകാ കണ്ടു ... നിനക്കൊരു സ്നേഹ സലാം ..!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms