2013, നവം 2

രഹസ്യത്തിന്റെ ഭാഷ


മൗനം/നിശ്ശബ്ദത ഒരേ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന രണ്ടു വാക്കുകള്‍. അതേസമയം മറ്റു വാക്കുകളെ അപേക്ഷിച്ച് ഏറെ വാചാലവും. മൌനത്തിന്റെ സ്വഭാവ വൈവിധ്യമാണ് ഇതിനെ ഇത്രയധികം വാചാലമാക്കുന്നത്. ഉദാഹരണത്തിന്, രഹസ്യം എന്ന വാക്ക് അതിന്റെ കേവലാര്‍ത്ഥത്തില്‍ പോലും വലിയ ജിജ്ഞാസ ഉണ്ടാക്കുന്നുണ്ട്. അതിന് പല കാരണങ്ങള്‍ ഉണ്ടാവാം.

പ്രധാനമായും അതിന്റെ സ്വഭാവം 'ഉള്ളതും എന്നാല്‍ കണ്ടു കിട്ടാത്തതുമായ' ഒന്നാണ് എന്നുതന്നെയാണ്. ഈയൊരു സ്വഭാവം ഉള്‍ക്കൊള്ളുന്നവയെ മാത്രമേ നമുക്ക് രഹസ്യം എന്ന്‍ വിശേഷിപ്പിക്കാനാകൂ... ഈ രഹസ്യത്തെ പൊതിഞ്ഞു നില്‍ക്കുന്ന ഒന്നാണ് മൗനം. ഇവിടെ മൗനം സ്വയം അതിന്റെ സ്വഭാവം സ്വീകരിക്കുകയും രഹസ്യത്തിന്റെ സ്വഭാവത്തെ സംരക്ഷിച്ചു പിടിച്ച് രഹസ്യത്തെ രഹസ്യമാക്കി നിലനിറുത്തുകയും ചെയ്യുന്നു. ഇതും ഇതുപോലുള്ള പലതിലും മൗനം അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നത് അപ്രാപ്യമായ അതിന്റെ ആഴത്തെ പ്രയോഗിച്ചു കൊണ്ടാണെന്ന് കാണാം.

ഈ രഹസ്യങ്ങള്‍ വസ്തുനിഷ്ഠമാകുമ്പോള്‍ കൂടുതല്‍ പരീക്ഷണങ്ങളുടെയും അന്വേഷണാത്മക പഠനങ്ങളുടെയും ഭാഗമായി അവയ്ക്ക് പുതിയ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും പുതിയ ഭാഷ നല്‍കാന്‍ സാധിക്കുകയും അങ്ങനെ സാധിക്കുന്ന പക്ഷം മൌനമുടയുകയും അതിന്റെ സ്വഭാവം നഷ്ടപ്പെട്ട് രഹസ്യമഴിയുകയും ചെയ്യുന്നു. അഥവാ, വസ്തുനിഷ്ഠ കാര്യങ്ങള്‍ക്ക് മേലുള്ള മൌനങ്ങള്‍ അന്വേഷണാത്മക ഇടപെടലുകളുടെയും പരീക്ഷണാത്മക പ്രയോഗങ്ങളിലൂടെയും ഉടക്കാനും നാവ് നല്‍കാനും സാധിക്കും.

എന്നാല്‍, രഹസ്യങ്ങള്‍ ആത്മനിഷ്ഠമാകുമ്പോള്‍ അതിന്റെ കാരണങ്ങള്‍ ഒരാളുടെ മനോവിചാരങ്ങളുടെയും മനോവ്യാപാരങ്ങളുടെയും ഭാഗമായി ഉയിര്‍കൊള്ളുന്നന്നതും നിലനില്‍ക്കുന്നതും അതിന്റെ തന്നെ മറുതലക്കല്‍ മറ്റൊരു കാരണത്തിന്റെ തന്നെ പേരില്‍ അഴിയുന്നതുമാണ്. കാരണം ഇതൊക്കെയും സംഭവിക്കുന്നത് സചേതനമായ ഒരു മനുഷ്യനിലാണ്. ആത്മനിഷ്ഠ രഹസ്യങ്ങളുടെ സ്വഭാവത്തിന് മനുഷ്യ സ്വഭാവത്തിലെ നല്ലതും ചീത്തയും ഒരുപോലെ സ്വീകരിക്കപ്പെടുന്നുണ്ട്.

ഈ നല്ലതും തിയ്യതും/ശരിയും തെറ്റും ആപേക്ഷികമാണ് എന്നത് മറ്റൊരു വിഷയവും ചര്‍ച്ചയും തന്നെയാണ്. എങ്കിലും, പൊതുവില്‍ ഇതിനെയെല്ലാം വിവക്ഷിക്കുന്ന ബോധന ശാസ്ത്രാവലംബങ്ങളിലും ഇതേ രഹസ്യവും അതിന്റെ ഭാഷയും പ്രകടമായി കാണാം. അപ്പോള്‍, മൗനം എന്നത് വസ്തുനിഷ്ഠവും ആത്മനിഷ്ഠവും പ്രത്യശാസ്ത്രപരവുമായ രഹസ്യങ്ങളുടെ ആവരണവും ഒളിയിടവും ആണെന്ന്‍ മനസ്സിലാക്കാം. വസ്തുനിഷ്ഠ രഹസ്യങ്ങളെ അപേക്ഷിച്ച് ആത്മനിഷ്ഠ രഹസ്യങ്ങള്‍ക്ക് മനുഷ്യ സ്വഭാവങ്ങളുടെ എല്ലാ ഗുണവും സ്വാധീനിക്കുന്നുണ്ട്.

ശബ്ദമില്ലാതാക്കുന്നതും ശബ്ദമില്ലാതെയാകുന്നതും അടിമ/ഉടമ ബോധത്തിന്റെ പുതിയ രൂപമായ അധികാര സ്ഥാപനങ്ങളുടെ അധികാര പ്രയോഗത്തിന്റെ ഒരു സ്വഭാവമായി മനസ്സിലാക്കണം. ഭാഷ ഉത്പാദിപ്പിക്കുന്ന ഒരധികാര പരിസരമുണ്ട്. അത്, മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ചെറുതായും വലുതായും അനുഭവപ്പെടുന്ന ഒന്നാണ്.  ഇത് തിരിച്ചറിഞ്ഞാല്‍ അധികാര പ്രയോഗത്തിന്റെ ഭാഷയും അതിന്റെ രഹസ്യ സ്വഭാവവും അതിലെ മൗനവും വ്യക്തമാകും. തീര്‍ച്ചയായും അതിനൊരു അധിനിവേശ സ്വാഭാവം ഉണ്ട്. ഇവിടെ മൗനം രണ്ടു തരത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്., ഒന്ന്. അധികാരി വര്‍ഗ്ഗത്തിന്റെ അധിനിവേശ മനസ്സിനെ സംരക്ഷിക്കുകയും അതിന്റെ പ്രയോഗ പദ്ധതികളെ ഒളിപ്പിക്കുകയും ചെയ്യുന്ന തീര്‍ത്തും ഔദ്ദ്യോഗികമായ മൗനം. മറ്റൊന്ന്, ഈ അധികാര പ്രയോഗങ്ങളുടെ ഉരുക്ക് മുഷ്ടിക്ക് മുന്‍പില്‍ അല്ലെങ്കില്‍ അതിന്റെ പ്രലോഭന/ചൂഷണ യുക്തിക്ക് മുന്‍പില്‍ നാവറ്റ് വിധേയരാകുന്ന അടിമബോധ മനസ്സ് ഉത്പാദിപ്പിക്കുന്ന വിധേയത്വത്തിന്റെ ഭാഷ. ഇതിനെതിരിലുള്ള ആത്മബോധത്തിന്റെ കരുത്തുറ്റ സമര പ്രയോഗമാണ് ഈ രഹസ്യത്തെ ഉടക്കുന്നതും മൌനമുടച്ച് ശബ്ദമാകുന്നതും. ഈയൊരു മാറ്റത്തിനിടക്കുള്ള സംഘര്‍ഷവും മൗനത്തിലൂടെയാണ് കരുത്താര്‍ജ്ജിക്കുന്നത് എന്നത് അധികാര ഇടനാഴികളിലെ രഹസ്യവും ഭാഷയും മൌനവും എന്നതിന്റെ വ്യവഹാര തലങ്ങളെ നിര്‍വ്വചിക്കുന്നതിനെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.

ഇനി ഇതിന്റെ തന്നെ മറ്റൊരു തലം എന്നത്: തീര്‍ത്തും വൈയക്തികമായ അനുഭവങ്ങളുടെ ഭാഗമായുള്ള മൌനമാണ്. ഇവിടെമാത്രം മൗനം രഹസ്യത്തിനും അപ്പുറത്തേക്ക് പരസ്യത്തെയും ഉള്‍ക്കൊള്ളുന്നുണ്ട് എന്നതാണ് കൗതുകം. ഉദാഹരണത്തിന്, പിടിക്കപ്പെട്ടവന്‍ വെളിവാക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കുന്നത് ഈയൊരു പരസ്യമാക്കപ്പെട്ടതിലുള്ള മൗനത്തിന്റെ സൂചനയാണ്.

പിന്നെ, പിണക്കങ്ങളില്‍ ഈര്‍ഷ്യയായും വെറുപ്പായും നഷ്ടമായും നിരാശയായും  അന്ത:ക്ഷോഭങ്ങളിലും വിയോജിപ്പുകളിലും നീരസത്തിലും പ്രതിഷേധത്തിലും  ആയുധമായും മൗനം സമരവും ജീവനവുമാകുന്നുണ്ട്. ഒരുപക്ഷെ, മൌനത്തിന്റെ മറ്റവസ്ഥകളില്‍ നിന്നും മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും സമീപസ്ഥമായ ഇത്തരം വൈയക്തിമായ പ്രയോഗാനുഭവമാണ് 'മൗനം' എന്ന്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് വരിക. അതുകൊണ്ടുതന്നെ ഇത് സാധാരണവും അതേസമയംതന്നെ അതീവ തീവ്രവുമാണ്. ഈ മൗനം ഏറെ ആഴമുള്ളതാണ് വാചാലവുമാണ്‌. ഈ മൌനത്തിന് പ്രാദേശിക ഭാഷ്യങ്ങളും വ്യക്തിഗത സ്വഭാവവും ഉണ്ടാവുക സ്വാഭാവികമാണ്. അതിനെ ആ ഒരു തലത്തില്‍ നിന്ന്കൊണ്ട് സമീപിക്കുമ്പോള്‍ മാത്രമേ... അതിനെ ശരിയായി വിലയിരുത്താനും അതിനെയഴിക്കാനും സാധിക്കുകയോള്ളൂ... എങ്കിലും അത് പ്രാപ്യമാണ്.

എന്നാല്‍, പ്രത്യശാസ്ത്രപരമായ രഹസ്യങ്ങള്‍ അനാവശ്യ വാശി സൂക്ഷിക്കുന്നതും സ്വയം പവിത്രവും ആരാധ്യതയും അവകാശപ്പെടുന്നതും രഹസ്യത്തെ ഭേദിക്കാനുള്ള ശ്രമങ്ങളെ കുറ്റകരം എന്ന് വിധിക്കുകയും ചെയ്യുന്ന ഒന്നാണ്. രഹസ്യങ്ങളുടെ കൂട്ടത്തിലെ അപകടകാരി പ്രത്യശാസ്ത്ര രഹസ്യങ്ങളും അതിന്റെ മൌനവുമാണ്.

ചുരുക്കത്തില്‍, മൗനം കേവലം മൌനമല്ല. ലോകത്തെ എല്ലാ ഭാഷയിലും ഇടമുള്ള അനേകം ഉപഭാഷകളും ഭേദങ്ങളും സ്വന്തമായുള്ള അനേക സ്വഭാവങ്ങളും പ്രയോഗങ്ങളും സ്വീകരിച്ചിട്ടുള്ള നിര്‍വ്വചിക്കാന്‍ പ്രയാസമുള്ള അതേസമയം സചേതനമായ ഒന്നാണ് മൗനം.

63 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

മൗനം കേവലം മൌനമല്ല. ലോകത്തെ എല്ലാ ഭാഷയിലും ഇടമുള്ള അനേകം ഉപഭാഷകളും ഭേദങ്ങളും സ്വന്തമായുള്ള അനേക സ്വഭാവങ്ങളും പ്രയോഗങ്ങളും സ്വീകരിച്ചിട്ടുള്ള നിര്‍വ്വചിക്കാന്‍ പ്രയാസമുള്ള അതേസമയം സചേതനമായ ഒന്നാണ് മൗനം.

Karthika പറഞ്ഞു...

മൌനത്തിന്റേയും ശബ്ദത്തിന്റേയും ബഹുമുഖവ്യാഖ്യാനങ്ങള്‍ ... മൌനം അധികാരത്തിന്റെ ആയുധവും പ്രയോഗവുമാണെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്... നന്നായെഴുതി നാമൂസ്...

chillujalakangal പറഞ്ഞു...

മൌനത്തിന്റെ ഭാഷ......പറയുന്നതിനേക്കാള്‍ ഉചിതം പറയാതിരിക്കുന്നതനെങ്കില്‍ ..പറയാനുള്ളത് കേവലം വാക്കുകളില്‍ ഒതുക്കനാവില്ലെങ്കില്‍ ...മൌനം താന്‍ രാജാവ്‌ ..:)

madhu പറഞ്ഞു...

മൗനം എന്ന കൃയയുടെ അർത്ഥം നിർവ്വചിയ്ക്കുക എളുപ്പമല്ല. മൗനം എടുത്തണിയാൻ പ്രേരകമായ ശക്തികൾ/കാരണങ്ങൾ എന്തെന്നറിയാതെ ഒരർത്ഥം കൽപ്പിയ്ക്കാനുമാകില്ല. മനോധർമ്മമനുസരിച്ചോ സാഹചര്യങ്ങൾ വിവക്ഷിച്ചോ അനുമാനങ്ങളിലെത്താമെന്നു മാത്രം. മൗനമെടുത്തണിഞ്ഞ വാത്മീകമുടയാതെ ഉടയ്ക്കാതെ ഇതു സാധ്യമാകില്ല. മൗനം സ്വയം രക്ഷപ്പെടലിനുള്ള ഉപകരണമാകുമ്പോൾ കാരണങ്ങൾ സ്വയം കൃതമാണോ അതോ സമൂഹമടിച്ചേൽപ്പിച്ചതാണോയെന്നന്വേഷിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഗാന്ധിജിയേപ്പോലുള്ള പരിഷ്കരണ, പരീക്ഷ്ണ കുതുകികൾ ഈ രണ്ടവസ്ഥയേയും അഭിമുഖീകരിച്ചിട്ടുണ്ടെന്നു തോന്നുന്നു. അദ്ദേഹം നിർദ്ദേശിച്ച പോം വഴികളോട് അഭിപ്രായ വ്യത്യാസമുണ്ടാകാമെങ്കിലും ഇതൊരു സത്യമായ് തോന്നിയിട്ടുണ്ടു.

മൗനം വാത്മീകം പൊളിച്ചു അത്യുച്ചത്തിൽ പ്രതികരിയ്ക്കേണ്ടതു വ്യക്തിയുടേയും സമൂഹത്തിന്റേയും ആരോഗ്യകരമായ നിലനിൽപ്പിനത്യാവശ്യമാണു. അതിലേയ്ക്കുള്ള പ്രവർത്തനങ്ങളാണു സാമൂഹ്യ പരിഷ്കർത്താക്കളും വിപ്ലവകാരികളും എന്നും നടത്തിക്കൊണ്ടിരിയ്ക്കുന്നതു. അതു വിജയത്തിലെത്തേണ്ടതു പതിതരുടേയും പാമരന്റേയും കൂട്ടായ ആവശ്യമാണു. കാരണം അവരാണെന്നും മൗനത്തിന്റെ ഇരകൾ.

അൻവർ തഴവാ പറഞ്ഞു...

മൌനത്തിന്റെ അധിനിവേശ തലം പുതിയ ചർച്ചയാണ് . ഇനിയും ഇതിന്മേൽ മൌനം വേണ്ട!

റിയാസ് ടി. അലി പറഞ്ഞു...

ഈ അന്വേഷണാത്മകമായ ഇടപെടല്‍ പരീക്ഷണാത്മകമായ പ്രയോഗങ്ങള്‍ക്ക് വഴിവെക്കുമോ ആവോ...! മൗനമെഴുതുമ്പോഴെങ്കിലുമൊന്നു മൗനിയായി എഴുതിക്കൂടേ മനുഷ്യാ. ഇതു വല്ലാതെ വാചാലമായി...! നാമൂസിയന്‍ ശൈലി എപ്പോഴത്തേയും പോലെ കലക്കി; വിഷയവും. എന്നെപ്പോലെയുള്ള അല്പര്‍ക്ക് കത്താന്‍ ഇത്തിരി സമയമെടുക്കുമെന്നു മാത്രം. അതിനാല്‍ ഒരുവട്ടം കൂടി വായിക്കേണ്ടി വരും. :) ആശംസകള്‍ .. (Y)

Unknown പറഞ്ഞു...

അതുകൊണ്ട് ഞാന്‍ മൌനം പാലിക്കുന്നു !!

Unknown പറഞ്ഞു...

എന്നെ പോലുള്ള ട്യൂബ് ലൈറ്റ് കള്‍ക്ക് ഇവിടെ ഒരു വരവ് കൂടി വരേണ്ടിവരും...മനസ്സിരുത്തി ഒന്നുകൂടി വായിച്ചാലെ ഒരു അഭിപ്രായം പറയാന്‍ കഴിയൂ..അത് കൊണ്ട് വീണ്ടും വരും വരെ മൌനമാണ് എനിക്ക് ഭൂഷണം

Rainy Dreamz ( പറഞ്ഞു...

സുഹൃത്തെ പോസ്റ്റ് വായിച്ചു. ചില കാര്യങ്ങളോട് എനിക്ക് അല്ലെങ്കിൽ എന്റെ ഈ ചെറിയ ശരീരത്തിലെ പക്വമല്ലാത്ത ബുദ്ധിക്കു വിയോജിക്കാൻ തോന്നിയതും യോജിക്കാൻ തോന്നിയതുമായ ചില കാര്യങ്ങൾ അടിയിൽ കുറിക്കട്ടെ.
"പ്രധാനമായും അതിന്റെ സ്വഭാവം 'ഉള്ളതും എന്നാല്‍ കണ്ടു കിട്ടാത്തതുമായ' ഒന്നാണ് എന്നുതന്നെയാണ്. ഈയൊരു സ്വഭാവം ഉള്‍ക്കൊള്ളുന്നവയെ മാത്രമേ നമുക്ക് രഹസ്യം എന്ന്‍ വിശേഷിപ്പിക്കാനാകൂ... ഈ രഹസ്യത്തെ പൊതിഞ്ഞു നില്‍ക്കുന്ന ഒന്നാണ് മൗനം."
രഹസ്യത്തെ പൊതിഞ്ഞു നിൽക്കുന്നത് മൌനമല്ല, വാചാലതയാണ്. ഈയടുത്ത് ഓക്സ്ഫോർഡ് യൂനിവേർസിറ്റിയിലെ ചില പഠിതാക്കളുടെ അന്വേഷണത്തിൽ അവർ ഒരു സ്ത്രീക്ക് രഹസ്യം 32 മിനിറ്റിലധികം സൂക്ഷിക്കുക സാധ്യമല്ല എന്ന് കണ്ടെത്തുകയുണ്ടായി. പുരുഷന് അല്പം കൂടി രഹസ്യം സൂക്ഷിക്കാൻ കഴിയുമെങ്കിലും ഒരുപാട് സമയം സാധ്യമല്ല തന്നെ.. എങ്കിൽ രഹസ്യം ഏറെ താമസിയാതെ തന്നെ വലിയ വാചലതയുടെ വാതിൽ തുറക്കുന്നുണ്ട് എന്ന എന്റെ ചിന്തയോട് എനിക്ക് യോജിക്കാതെ തരമില്ല.
"ഈ രഹസ്യങ്ങള്‍ വസ്തുനിഷ്ഠമാകുമ്പോള്‍ കൂടുതല്‍ പരീക്ഷണങ്ങളുടെയും അന്വേഷണാത്മക പഠനങ്ങളുടെയും ഭാഗമായി അവയ്ക്ക് പുതിയ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും പുതിയ ഭാഷ നല്‍കാന്‍ സാധിക്കുകയും അങ്ങനെ സാധിക്കുന്ന പക്ഷം മൌനമുടയുകയും അതിന്റെ സ്വഭാവം നഷ്ടപ്പെട്ട് രഹസ്യമഴിയുകയും ചെയ്യുന്നു." പൂർണ്ണമായ അർഥത്തിൽ അല്ലെങ്കിൽ കൂടി ഇതിനോട് ഞാൻ നൂറ് ശതമാനവും യോജിക്കുന്നത് അതുകൊണ്ട് തന്നെയാണ്.
"എന്നാല്‍, പ്രത്യശാസ്ത്രപരമായ രഹസ്യങ്ങള്‍ അനാവശ്യ വാശി സൂക്ഷിക്കുന്നതും സ്വയം പവിത്രവും ആരാധ്യതയും അവകാശപ്പെടുന്നതും രഹസ്യത്തെ ഭേദിക്കാനുള്ള ശ്രമങ്ങളെ കുറ്റകരം എന്ന് വിധിക്കുകയും ചെയ്യുന്ന ഒന്നാണ്. രഹസ്യങ്ങളുടെ കൂട്ടത്തിലെ അപകടകാരി പ്രത്യശാസ്ത്ര രഹസ്യങ്ങളും അതിന്റെ മൌനവുമാണ്. " സത്യസന്ധമായ കണ്ടെത്തൽ എന്ന് ഇതിനെ വിളിക്കാതെ തരമില്ല.
"ചുരുക്കത്തില്‍, മൗനം കേവലം മൌനമല്ല. ലോകത്തെ എല്ലാ ഭാഷയിലും ഇടമുള്ള അനേകം ഉപഭാഷകളും ഭേദങ്ങളും സ്വന്തമായുള്ള അനേക സ്വഭാവങ്ങളും പ്രയോഗങ്ങളും സ്വീകരിച്ചിട്ടുള്ള നിര്‍വ്വചിക്കാന്‍ പ്രയാസമുള്ള അതേസമയം സചേതനമായ ഒന്നാണ് മൗനം."

സത്യ..! ലോകത്തിൽ മറ്റേതൊരു ഭാഷയെക്കാളും ഒരു അന്വേഷിക്ക് ഏറ്റവും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന വാചാലതയാണ് മൌനം എന്ന് എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്.

ശ്രീക്കുട്ടന്‍ പറഞ്ഞു...

പൊട്ടിത്തെറിക്കുവാന്‍ ഏറ്റവും അനുയോജ്യമായ ഭാഷയാണ് മൌനം.

Aneesh chandran പറഞ്ഞു...

മൌനത്തിനു ഒരുപാടു അര്‍ഥങ്ങളുണ്ട് .പ്രത്യേകത അതൊന്നും പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നതുതന്നെ.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

മൗനം രഹസ്യത്തിന്റെ പുറന്തോടാകുമ്പോൾ, നിസ്സഹായതയുടെ ഉൽപ്പന്നമാകുമ്പോൾ ഒക്കെ ഗർഹണീയമാകുന്നു.
ചെയ്ത് കാണിച്ചുതരാം എന്ന ദൃഡനിശ്ചയത്തിന്റെ അടയാളമാകുമ്പോൾ ശുഭോദർക്കമാകുന്നു.
മൗനത്തിന്റെ നാനാർത്ഥങ്ങൾ നന്നായെഴുതി.

Cv Thankappan പറഞ്ഞു...

നന്നായി എഴുതി
ആശംസകള്‍

സീത* പറഞ്ഞു...

വായിച്ചു...വല്ലപ്പോഴുമാണിപ്പോ ബൂലോകത്തെ കറക്കം...എങ്കിലും തൌദാരത്തിൽ ഒരു പോസ്റ്റുണ്ടെന്നറിഞ്ഞാൽ വരാതിരിക്കില്ല...ഇവിടെ കാര്യങ്ങൾ ഒന്നിനോടും ചായ്‌വില്ലാതെ പ്രസ്താവിക്കുന്നു എന്നതു തന്നെയാവാം കാരണം..
തുറന്നു പറയുകയാണെങ്കിൽ എനിക്ക് ഈ ലേഖനം അത്രയ്ക്ക് ആസ്വാദ്യമായി തോന്നിയില്ലെന്നു തന്നെ പറയാം...ഒരുപക്ഷേ എന്റെ വായനയുടെ പരിമിതി ആയിരിക്കാം...
മൌനം, നിശബ്ദത എന്നിവയ്ക്കൊക്കെ നിർവ്വചനം നൽകി തുടങ്ങുന്നതിൽ എഴുത്തുകാരൻ വിജയിച്ചുവെങ്കിലും അത് നിലനിർത്താൻ കഴിഞ്ഞില്ലെന്ന അഭിപ്രായമാണെനിക്കുള്ളത്..
വസ്തുനിഷ്ഠവും ആത്മനിഷ്ഠവും പ്രത്യശാസ്ത്രപരവുമായ രഹസ്യങ്ങളുടെ ഒളിയിടം എന്നു പറഞ്ഞു കണ്ടു...അതിനെ സമർത്ഥിക്കുന്ന വാദങ്ങളും...പക്ഷേ പരത്തിപ്പറഞ്ഞ് മൂല്യം നഷ്ടപ്പെടുത്തിയ പോലെ തോന്നി എനിക്ക്..
ഇളകിക്കിടക്കുന്ന മണ്ണിൽ എങ്ങുനിന്നോ ഒലിച്ചു വന്ന ജലം സൃഷ്ടിച്ച നേരിയ ജലരേഖകൾ ...ഇത്തരത്തിലൊരു ചിത്രമാണ് ഈ ലേഖനത്തെക്കുറിച്ച് ഇപ്പോ എന്റെ മനസ്സിൽ തോന്നുന്നത്...ഒന്നും ആഴത്തിലിറങ്ങിയിട്ടില്ല..ഒക്കെ ഉപരിപ്ലവം മാത്രം...അതും ഒക്കെയും പറയാൻ വേണ്ടി പറഞ്ഞു എന്ന മട്ടിലും...
ഏതെങ്കിലും ഒരു വസ്തുവിൽ ഉറച്ച് നിന്ന് ആധികാരികമായി സംസാരിക്കാമായിരുന്നു...മറ്റുള്ള വസ്തുതകൾ വായനക്കാരുടെ സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞ് വരുമായിരുന്നു...
ഇത് എന്റെ മാത്രം അഭിപ്രായം ആണുട്ടോ...
ഇനി എങ്ങനെ നന്നാക്കാമെന്നു കുറച്ചുകൂടെ വ്യക്തമായി പറഞ്ഞു തരാൻ മാത്രം അറിവുകൾ എനിക്കിന്നും സ്വായത്തമല്ല...എനിക്കു തോന്നിയത്...വായന എനിക്കു സമ്മാനിച്ചത് ഞാൻ പറഞ്ഞു എന്നു മാത്രം..
അടുത്ത ലേഖനത്തിനു പ്രതീക്ഷിക്കുന്നു...

mini//മിനി പറഞ്ഞു...

രഹസ്യം രഹസ്യമായി ഇരിക്കുമ്പോൾ മൌനം വാചാലമാവുന്നു.

Unknown പറഞ്ഞു...

മൌനം, ശാന്തമായ തടാകത്തിലേക്ക് തെറിച്ചുവരുന്ന ഒരു കല്ലാണ് , അതിന്റെ ആയം അളക്കാന്‍ ആവുന്നതല്ല , അത് സ്വതന്ത്രമാണ് വലിച്ചുമുറുക്കിയ ശീലങ്ങളോ നിയമങ്ങളോ അവയ്ക്കൊപ്പമില്ല, അത് അണുബോംബിനെക്കാള്‍ മാരകമായി പ്രതികരിക്കാന്‍ ആവുന്ന ഒരു സമരമാണ് .

തുമ്പി പറഞ്ഞു...

മൌനത്തിന്റെ വിവിധ മാനങ്ങളിലൂടെ കടന്ന് പോയപ്പോഴും ഇപ്പോള്‍ ഞാനെന്തിന് ഒരു സ്ക്കൂള്‍ കുട്ടിയെപ്പോലെ ഒരു തിയറിക് ളസില്‍ ഇരിക്കണം എന്ന ചിന്ത ഉദിച്ചു. ആ നിര്‍വചനങ്ങളെല്ലാം മനസ്സിലാക്കിയെടുത്തപ്പോള്‍ നിഗൂഢതയെ മനനം ചെയ്തെടുക്കുന്ന ഈ പ്രതിഭാധനന്റെ മുന്നില്‍ നിന്ന് ഒളിച്ചോടി ഒരുമൂലയില്‍ പോയി മൌനം പൂണ്ടിരിക്കാന്‍ തോന്നി.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

മൌനത്തില്‍ ഇങ്ങിനെ ഭയങ്കരമായ എന്തൊക്കെയോ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ അത് വിദ്വാന് ഭൂഷണമാകുന്നത്.

നസീര്‍ പറഞ്ഞു...

മൌനം പലപ്പോഴും ആയുധമായും, രക്ഷപ്പെടലായും തോന്നാറുണ്ട്, പക്ഷെ എല്ലാ കാലവും മൌനം രഹസ്യങ്ങള്‍ മൂടി വെക്കാനുള്ള ഒരുപാധി ആവില്ല.. താങ്കളുടെ ചിന്തകള്‍ വളരട്ടെ....ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു..

Vishnu N V പറഞ്ഞു...

രഹസ്യത്തെ പൊതിഞ്ഞു നില്‍ക്കുന്ന ഒന്നാണ് മൗനം. ഇവിടെ മൗനം സ്വയം അതിന്റെ സ്വഭാവം സ്വീകരിക്കുകയും രഹസ്യത്തിന്റെ സ്വഭാവത്തെ സംരക്ഷിച്ചു പിടിച്ച് രഹസ്യത്തെ രഹസ്യമാക്കി നിലനിറുത്തുകയും ചെയ്യുന്നു. മൌനം രഹസ്യങ്ങള്‍ മൂടി വെക്കാനുള്ള ഒരുപാധിയാണോ.അങ്ങനെയൊരു പ്രസ്താവനയോടെ എഴുതി തുടങ്ങിയത് എന്തിനാണ്? പിന്നീട് താങ്കള്‍ തന്നെ പറയുന്ന പോലെ മൗനം കേവലം മൌനമല്ല. ലോകത്തെ എല്ലാ ഭാഷയിലും ഇടമുള്ള അനേകം ഉപഭാഷകളും ഭേദങ്ങളും സ്വന്തമായുള്ള അനേക സ്വഭാവങ്ങളും പ്രയോഗങ്ങളും സ്വീകരിച്ചിട്ടുള്ള നിര്‍വ്വചിക്കാന്‍ പ്രയാസമുള്ള അതേസമയം സചേതനമായ ഒന്നാണ് മൗനം.

Ismail Meladi പറഞ്ഞു...

മൗനവും നിശ്ശബ്ദതയും തമ്മില്‍ ചിലപ്പോള്‍ ഒരു നൂലിഴയുടെ വ്യത്യാസവും മറ്റു ചിലപ്പോള്‍ ഒരു യുഗാന്തരവും കണ്ടേക്കും. എന്നാല്‍ നിശ്ശബ്ദത സൃഷ്ടിക്കപ്പെടുന്നതും മൗനം സൃഷ്ടിക്കുന്നതും ആണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പക്ഷെ, ഇവിടെ നാമൂസ് ഇത് രണ്ടിന്റെയും മറ്റു തലങ്ങൾ, അതും സാധാരണ രീതിയില്‍ ചിന്താ മണ്ടലത്തിൽ നിന്ന് മാറ്റി നിർത്തിയിട്ടുള്ള തലങ്ങൾ നീ ചൂണ്ടിക്കാട്ടി. ഇത് ഇനിയും ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. നേരിൽ പറയാം. എന്തായാലും നാമൂസിന്റെ ചിന്താസരണി വളരെ വിശിഷ്ടമാണ്. �ഭാവുകങ്ങൾ.

drpmalankot പറഞ്ഞു...

രഹസ്യം, മൗനം - ഇവയുടെ നിർവചനങ്ങൾ ഇങ്ങിനെയൊക്കെത്തന്നെയാണ്. രഹസ്യം അതിന്റെ നിഗൂഡതയെ ഓർമ്മപ്പെടുത്തുമ്പോൾ, മൗനം (പുറത്തേക്ക് വരുന്നില്ലെങ്കിലും) വാചാലതയെയും. മൗനം വിദ്വാനു ഭൂഷണം എന്ന പഴഞ്ചൊല്ലിൽ പതിരില്ല. ഇതിനെ കളിയാക്കിക്കൊണ്ട്‌ ചിലര് മൗനം വിഡ്ഢിയാനു ഭൂഷണം എന്ന് പറയുന്നുണ്ട്. ആ പറയുന്നവർ തന്നെയാണ് വിഡ്ഢികൾ. മൗനത്തിന്റെ അര്ത്ഥം അഗാധമാണ്. ചില സന്ദർഭങ്ങളിൽ അതുതന്നെയാണ് ഉത്തമം. അഥവാ പറഞ്ഞുപോയാൽ തെറ്റിദ്ധരിക്കാനും വിപരീതഫലം ഉണ്ടാക്കാനും അത് വഴിയൊരുക്കും എന്നതുകൊണ്ട്‌. കാലം, അനുഭവം അവരെ മനസ്സിലാക്കിക്കൊടുത്തുകൊള്ളും എന്നാണു ഇവിടെ മൗനം അവലംബിക്കുന്നവരുടെ നിലപാട്. നല്ല ലേഖനം. ആശംസകൾ.

dsad പറഞ്ഞു...

രഹസ്യത്തിന്റെ മാത്രമല്ല , ശൂന്യതയുടെയും ഭാഷ മൗനമാണ് .

■ uɐƃuɐƃ ■ പറഞ്ഞു...

നോട്ടം , ബ്ലോഗിക , കവിത says:

വായിച്ചാല്‍ നമ്മുടെ മനസ്സില്‍ എന്തെങ്കിലും ബാക്കി ഉണ്ടാകണം. അതാണ്‌ നല്ല ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ലക്ഷണമാക്കുന്നത്. ചിന്തയുടെ ഒരു മിന്നല്‍ അവശേഷിപ്പിച്ചു ഇത്.
മൌനം ഒരു വലിയ കരിമ്പടം ആണ്. അതിന്റെ അവസ്ഥാന്തരങ്ങളിലേക്ക് ഒരു പക്ഷിക്കാഴ്ച . നന്നായി മാഷേ.

ajith പറഞ്ഞു...

മൌനംന്നാല്‍ മൌനം തന്നെയാണ്
ഒരു തര്‍ക്കവുമില്ല.
പിന്നെ നാല് ചവിട്ട് കിട്ടിയാല്‍ കരടി “ഞാന്‍ പുലിയാണേ” എന്നും പറഞ്ഞുകളയും!

asrus irumbuzhi പറഞ്ഞു...

മൌനത്തിന്‍റെ വിവിധഭാവങ്ങള്‍ !,നല്ല നിരീക്ഷണങ്ങള്‍ക്ക് നല്ല ആശംസകള്‍
മൌനംഭജിക്കല്‍ ചില സമയങ്ങളില്‍ അനിവാര്യതയും മാറ്റ് ചിലപ്പോള്‍ സാന്ദര്‍ഭികവും അനീതിക്കെതിരെ മുനിയുടെ ഭാവം കടുത്ത അമര്‍ഷവുമാണ് .
നിശബ്ദതയില്‍ മനസ്സ് കൂടുതല്‍ സമ്പുഷ്ടമായികൊണ്ടിരിക്കുന്നത് മൌനവും നിശബ്ദതയും ആത്മ മിത്രങ്ങള്‍ ആയതു കൊണ്ടാവാം .

ധനലക്ഷ്മി.പി.വി പറഞ്ഞു...

മൌനം എപ്പോഴും വാചാലമാണോ ? ചിലപ്പോള്‍ ശൂന്യമല്ലേ ? ചിലപ്പോഴെങ്കിലും ഒരു നിശബ്ദകൊലയാളി അല്ലെ? ചൂഷണത്തിനെതിരെ മൌനം പാലിക്കുന്നത് അതിനു കൂട്ടുനില്‍ക്കുന്നതിനു തുല്യമല്ലേ? .രഹസ്യങ്ങള്‍ മൌനത്തിന്‍റെ മറയിലൊളിപ്പിക്കുന്നത് അധികാരത്തില്‍ നീതി നിഷേധമല്ലേ? നാമൂസിന്റെ മൌന ഭാഷ വായിച്ചപ്പോള്‍ ഇതൊക്കെ മനസ്സില്‍ വന്നുപോയി...നല്ല വിശകലനം നാമൂസ് ..

ബി.ജി.എന്‍ വര്‍ക്കല പറഞ്ഞു...

അതെ അധിനിവേശത്തില്‍ മാത്രമല്ല അതിജീവനത്തിലും മൌനം സാരമായ മൌനം പാലിക്കുന്നുണ്ട് എന്നതാണ് സത്യം

Philip Verghese 'Ariel' പറഞ്ഞു...

നാമൂസ് വളരെ വിജ്ജാനപ്രദമായ ഒരു കുറിപ്പ്
പക്ഷെ മറ്റൊന്നും ഇപ്പോൾ പറയുന്നില്ല കാരണം
"കാരണം മൌനം വിദ്വാനു ഭൂഷണം എന്നാണല്ലോ
ചിരിയോ ചിരി
എഴുതുക അറിയിക്കുക
ആശംസകൾ

ഭ്രാന്തന്‍ ( അംജത് ) പറഞ്ഞു...

മൗനം മൂര്‍ച്ചയേറിയ ആയുധമാണ്. ആഴത്തിലുള്ള മുറിവുണ്ടാക്കുവാന്‍ അത് ധാരാളം !

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

നമ്മള്‍ നമുക്ക് അറിവില്ലാത്ത കാര്യങ്ങളില്‍ മൗനം പാലിക്കുന്നതാണ് ഉചിതം . നാമൂസ് കവിത എഴുതുന്നതാണ് ഉചിതം എന്ന് പറയുന്നത് പോലെ .എഴുതി വന്നപ്പോള്‍ പറഞ്ഞു വന്നതിനെക്കുറിച്ചു നാമൂസ് തന്നെ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു എന്ന് തോന്നി .

Roshan PM പറഞ്ഞു...

പോസ്റ്റിനെ കുറിച്ച് മൌനം. പകരം ഒരനുഭവം പറയാം

കഴിഞ്ഞ മാസം ടൈം മാനേജ്മെന്റിനെ കുറിച്ചൊരു സെഷന്‍ അറ്റന്‍ഡ് ചെയ്തിരുന്നു. ക്ലാസ്സെടുക്കേണ്ട അമ്മച്ചി എത്താന്‍ അര മണിക്കൂര്‍ താമസിച്ചത് കൊണ്ട് ക്ലാസ് തുടങ്ങാന്‍ അല്‍പ്പം വൈകിയെങ്കിലും രണ്ട് മണിക്കൂര്‍ എന്ന് പറഞ്ഞ സെഷന്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് അവര്‍ തീര്‍ത്തു. അതിമനോഹരമായിരുന്നു ടൈം മാനേജുമെന്റിനെ കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങളും ക്ലാസും.

മണ്ടൂസന്‍ പറഞ്ഞു...

'എല്ലാ നിശബ്ദതയും മൗനരൂപം പൂണ്ടതായിരിക്കും,
പക്ഷെ എല്ലാ മൗനവും നിശബ്ദത ആയിരിക്കില്ല.!'

ഇത്രയേ ഇവയെ കുറിച്ച് എനിക്ക് തോന്നുന്നുള്ളൂ.
കൂടുതൽ കിട്ടുമ്പോൾ വരാം മൗനത്തിലേക്ക്,
ആശംസകൾ.

sm sadique പറഞ്ഞു...

മൌനം ഒരായിരം നാവുള്ള സൂത്രശാലി. മൌനം ഇനിയുമിനിയും കൂടുതൽ കൂടുതൽ ചുരുളഴിയേണ്ടതുണ്ട്. സ്വപ്നം പോലെ....

ഷൈജു നമ്പ്യാര്‍ പറഞ്ഞു...

മൗനം

Pradeep Kumar പറഞ്ഞു...

മൗനവും, രഹസ്യവും വിവേചനശേഷിയുള്ള മനുഷ്യനിൽ മാത്രമല്ല കണ്ടുവരുന്നത്. ഉത്സവത്തിടമ്പേറ്റി മനഷ്യന്റെ പീഠനങ്ങൾ ആവോളം ഏറ്റുവാങ്ങുന്ന ആനകൾ ഉള്ളിലെ സങ്കടങ്ങൾ ഒതുക്കി ആവോളം അതു സഹിക്കുകയാണെന്ന് ഈയ്യിടെ ഒരു ശാസ്ത്രലേഖനത്തിൽ വായിച്ചത് ഓർക്കുന്നു. കൂടെയുള്ള തന്റെ സഹജീവികളുമായി ആ വേദനകൾ മനുഷ്യന് പിടിച്ചെടുക്കാനാവാത്ത ഫ്രീക്വൻസികളിൽ അവ അത് സംവേദനം ചെയ്യാറുണ്ടെന്നും വായിച്ചു. രാജവെമ്പാലകൾ അവയുടെ മുട്ടകൾ രഹസ്യമായി ഒളിപ്പിച്ചുവെക്കുന്നു. പരവകൾ അവയുടെ നിലനിൽപ്പിനായുള്ള ചില രഹസ്യസങ്കേതങ്ങൾ ഒരുക്കുന്നു. തൊട്ടാവാടികൾ വാടിക്കരിഞ്ഞ് ഇല്ലാതായപോലെ അഭിനയിക്കുന്ന രഹസ്യം സൂക്ഷിക്കുന്നു.

ചുരുക്കത്തിൽ മൗനവും, രഹസ്യവും ഒരു ജൈവീക പ്രക്രിയയാണ്. പക്ഷേ ഈ ജൈവികചോതനയെ വിദഗ്ദ്ധമായി മോഡിഫൈ ചെയ്ത് പലതരം താൽപ്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ഒരേയൊരു ജീവി വിവേചനബുദ്ധിയുള്ള മനുഷ്യനാണ്.

മൗനം എന്ന അപാരാധം ചെയ്യുന്നതും മനുഷ്യൻ. മൗനം കൊണ്ട് അധീശത്വത്തോട് കീഴടങ്ങുന്നതും മനുഷ്യൻ. മൗനത്തിന്റെ നാനാർത്ഥങ്ങൾ എക്കാലവും കവികൾക്കും, ചിന്തകർക്കും വിഷയീഭവിച്ചിട്ടുണ്ട്.

ഇനിയും നിർവ്വചിച്ചു തീർന്നിട്ടില്ലാത്ത ജൈവികമായ സ്വഭാവസവിശേഷതയും മൗനംതന്നെ......

ശിഹാബ് മദാരി പറഞ്ഞു...

വായിച്ചു - വലിയ ചര്ച്ചകളിലേക്ക് പോകുന്ന വിഷയങ്ങള വിട്ടു ഓടിപ്പോകാനാണ് തീരുമാനം.
കാരണങ്ങള പലതാണ്.
എന്തുമാകട്ടെ.
എനിക്ക് തോന്നിയ ഒരു കാര്യം പറയാം -
ഞാനും നിങ്ങളും ഒക്കെ വായനക്കാരിലേക്ക് വെക്കുന്ന ആശയങ്ങളെ അവര്ക്ക് അപ്രാപ്യമായ ഒരു തലത്തിൽ നിന്നാണ് പറയുന്നത് എന്നത് ഒരു ന്യൂനതയായാണ് ഇപ്പോഴെനിക്ക്‌ തോന്നുന്നത്.
എമ്മെൻ വിജയന് സാറിന്റെ എഴുത്തുകൾ ബൌദ്ധീകവും എന്നാൽ പ്രാപ്യവുമാണ്.
സംവേദനം നടക്കാൻ പ്രയാസമുണ്ടാക്കുന്ന ആഖ്യാനം മാറ്റി - എല്ലാര്ക്കും ചിന്തിക്കാൻ കഴിയുന്ന തലത്തിൽ നിന്ന് കാര്യങ്ങളെ പറയണം എന്ന് ഒരു നിര്ധേശൻ
(അറിയാം - നിർദ്ദേശം നാമൂസിനോടാണ് - അതും ഞാനും )
മറ്റൊന്ന്.
പറഞ്ഞ കാര്യങ്ങളിൽ ചില കാര്യങ്ങൾ ചര്ച്ചക്കു വെക്കേണ്ടതാണ് (മേല്‍ പറഞ്ഞ പോലെ ഞാൻ തല്ക്കാലം വിട്ടു നില്ക്കുന്നു)
മൌനം >> ക്രിയയും
നിശ്ശബ്ദത >> അവസ്ഥയും അല്ലെ ?
രൈനി പറഞ്ഞതിലും ഇത്തിരി കാര്യമുണ്ടോ ഇല്ലേ ? ഹേ - ഹൂം - ഹി !! :)

Sillage പറഞ്ഞു...

മൌനം അനിര്‍വചനീയമാണ്.എന്നിരുന്നാലും ചില മൌനങ്ങള്‍ മനസ്സിന്റെ ഉറക്കമാണ്,അസഹിഷ്ണുതയുടെ പണ്ടാര മടങ്ങല്‍. :P

ചന്തു നായർ പറഞ്ഞു...

ആശംസകൾ

roopeshvkm പറഞ്ഞു...

അറിവിന്‍ മഹാ മൌനം....ഇത്രയുമേ അറിയൂ..അതിനപ്പുറം ഈ എഴുത്തിനെ ഗ്രഹിക്കാന്‍ പ്രാപ്തനല്ല.

ആശംസകള്‍.

usman പറഞ്ഞു...

മൌനം അസഹ്യമായ ഒരലര്‍ച്ചയാണ് ...ഇന്ദ്രിയങ്ങളിലൂടെ അത് സൂചി തുളച്ചു നിങ്ങളെ അസ്വോസ്തമാക്കി കൊണ്ടിരിക്കും ..ശബ്ദമില്ലാത്ത ചിവീടുകള്‍

Pushpamgadan Kechery പറഞ്ഞു...

ആത്മവിശ്വാസത്താലുളവാകുന്ന ഗൗരവമോ നിശ്ചയമില്ലായ്മയെന്ന ശൂന്യതയോയാണ് മൗനമെന്ന നിരായുധീകരണമാവുന്നത്.

Manoj Vellanad പറഞ്ഞു...

വിദ്വാന്‍മാര്‍ എഴുതുന്നത് വായിക്കുമ്പോള്‍
മൌനം മണ്ടന്നു ഭൂഷണം എന്നാണല്ലോ...

വായിച്ചു വന്നപ്പോള്‍ എവിടെയൊക്കെയോ ഒരു ആശയക്കുഴപ്പവും തോന്നി..

ശിവകാമി പറഞ്ഞു...

ആദ്യമായാണ് ഈ വഴി... ആരും അധികം ചിന്തിക്കാത്ത വിഷയം ഇത്ര ഗഹനമായി നിരീക്ഷിച്ച് എഴുതിയിരിക്കുന്നു! ഗ്രേറ്റ്‌ ! എങ്കിലും ഒരൊറ്റ വായനയിൽ ഇതെല്ലാം അതേപോലെ എന്റെ തലയിൽ കേറിയില്ല എന്നത് വായനയുടെ ന്യൂനതയായി മനസിലാക്കുന്നു.

Nisha പറഞ്ഞു...

വാചാലമായ ഈ മൌനത്തെ ശരിക്കറിയാന്‍ ഇനിയുമൊരു വരവ് കൂടി വേണ്ടി വരും...

കൊമ്പന്‍ പറഞ്ഞു...

എന്‍റെ ചുണ്ടുകള്‍ മൌനത്തെ ഗര്‍ഭം ധരിചിരിക്കുക്യാണ് അത് കൊണ്ട് ഒന്നും പറയുന്നില്ല കാപാട്യത്തെ മറച്ചു പിടിക്കാന്‍ വാചാലത തന്നെ വേണം

Unknown പറഞ്ഞു...

വാചാല മൌനം
ആശംസകൾ

ente lokam പറഞ്ഞു...

രഹസ്യത്തിന്റെ ഭാഷ മൌനം ആണോ?അല്ല..
മൌനത്തിന്റെ ഭാഷ രഹസ്യം ആണോ അതും അല്ല..
മൌനം വെടിഞ്ഞാൽ ഇത് എങ്ങും എത്തില്ല..അത്
കൊണ്ട് തല്ക്കാലം മൌനം പാലിക്കുന്നു..
എങ്കിലും ലേഖനം കൊള്ളാം എന്ന് ഞാൻ പറയാം
അതിൽ അപ്പുറം ഒന്നും ഇല്ല...

Unknown പറഞ്ഞു...

മൌനം വാചാലം ...

Mukesh M പറഞ്ഞു...

മൌനം, ഇത്രയും ശക്തമായ ഒരു പദമായിരുന്നോ? എനിക്കറിയാവുന്ന ഒരേ ഒരു മൌനം, അവളുടെ മൌനം മാത്രമാണ്. അത് പലപ്പോഴും ഒരു മഹാസമുദ്രമായി എന്നെ ഗ്രസിക്കാറുമുണ്ട് ..................... !!

V P Gangadharan, Sydney പറഞ്ഞു...

നാക്കെടുത്ത്‌ സംസാരിക്കാത്തവര്‍- സത്യസന്ധമായ ആശയവിനിമയം ചെയ്യാതിരിക്കുന്നവര്‍ ധര്‍മ്മദോഷികളാണ്‌, ഭീരുക്കളാണ്‌, ഭൂലോകത്ത്‌ അനര്‍ത്ഥം വിതയ്ക്കുന്നവരാണ്‌, ജീവിക്കാന്‍ മറക്കുന്നവരാണ്‌- എരിഞ്ഞു തീരാത്ത അഗ്നിപര്‍വ്വതങ്ങളാണ്‌!
അതുകൊണ്ട്‌ തന്നെ, മൗനിയുടെ നാക്ക്‌ പിഴുതെടുത്ത്‌ ചുട്ടു ഭസ്മമാക്കി നെറ്റിയില്‍ പൂശുന്നവനെ ഞാന്‍ ജ്ഞാനിയെന്ന്‌ വിളിക്കും.
(അജിത്‌ ഭായി പറഞ്ഞത്‌ ഞാന്‍ ഉച്ചത്തില്‍ കേട്ടു!)
മൗനത്തെ സഹിഷ്ണുത എന്ന്‌ വിളിക്കുന്നത്‌ ഭോഷത്വമാണ്‌. അങ്ങിനെ ഒരു പര്യായം അതിനില്ല. ഇല്ലേയില്ല! ഉണ്ടായിക്കൂടാ!
ചീഞ്ഞളിഞ്ഞ രഹസ്യം സൂക്ഷിക്കുന്ന മൗനത്തെ കുറിച്ചെഴുതുന്ന നാം മൂഢരാണ്‌.
- ഞാന്‍ ഒരു മൂഢന്‍!
(They say: Open your mouth and communicate- The world will become a better place to live in.)

റോസാപ്പൂക്കള്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റോസാപ്പൂക്കള്‍ പറഞ്ഞു...

വായിച്ചു. മൌനം ഏതെല്ലാം കാര്യങ്ങളിലെ ആയുധമാണ്.
രഹസ്യത്തെ പൊതിഞ്ഞു നിൽക്കുന്നത് മൌനമല്ല, വാചാലതയാണ്. സത്യം

നീലക്കുറിഞ്ഞി പറഞ്ഞു...

മൌനം പാലിക്കുക ..നിശബ്ദതയില്‍ ലയിക്കുക ...രഹസ്യം അതിലുമപ്പുറത്തെവിടെയോ...രഹസ്യത്തിന്റെ ഭാഷയ്ക്ക് വാചാലതയുടെ തീവ്രത കാണും ..

അജ്ഞാതന്‍ പറഞ്ഞു...

രഹസ്യങ്ങൾ സൂക്ഷിക്കാൻ വേണ്ടി മാത്രം കൈക്കൊള്ളുന്ന ഒരുപാധിയല്ല മൗനം. ചില സന്ദർഭങ്ങളിൽ അത് ശക്തമായ ഒരു ആയുധം കൂടെയാണു., പ്രത്യേകിച്ചും നിസ്സഹായന്റെ മൂർച്ചയേറിയ ആയുധം. ദുർബലനായ ഒരു മനുഷ്യൻ, അല്ലെങ്കിൽ ഒരു ഇര, അവൻ മൗനം ആയുധമാക്കുമ്പോൾ അവൻ ശക്തനായി മാറുന്നുവെന്നത് ഒരു സത്യമല്ലേ..

പക്ഷേ മൗനവും നിശ്ശബ്ദതയും ഒന്നും തന്നെയെന്ന് എനിക്ക് തോന്നുന്നില്ല., നിശ്ശബ്ദത ആർക്കും ഭേദിക്കാനാവും., മൗനത്തിന്റെ വൽമീകത്തിൽ നിന്നു പുറത്ത് വരണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണ്ടേ...??

ബൈജു മണിയങ്കാല പറഞ്ഞു...

മൌനം സ്വയം സംസാരിക്കേണ്ട ഭാഷയാണ് അതിൽ അന്യരോട് സഹജീവികളോട് സംസാരിക്കുന്നതു അവരോടു ചെയ്യുന്ന ക്രൂരതയാണ്
നിശബ്ധത പ്രകൃതിയുടെ മൌനമാണ്
എന്തായാലും ചിന്ത നന്നായി

Risha Rasheed പറഞ്ഞു...

മൌനമെന്നും നോവാണ്,,,അത് നമ്മുടെ സംവേദനകള്‍ക്കും അപ്പുറത്താകുമ്പോള്‍................rr

Aarsha Abhilash പറഞ്ഞു...

മൌനം വെറും മൌനമല്ലാതെ പലതും സംവദിക്കും -അതൊണ്ട് "മൌനം" :)

വേണുഗോപാല്‍ പറഞ്ഞു...

വായിച്ചു ... മൌനത്തോടെ മടങ്ങുന്നു

ഇനിയും വരാം

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

ഇത് മുഴുവൻ വായിച്ചു വന്നപ്പോൾ ഞാൻ കടുത്ത മൌനിയായി മാറുകയാണ്. അത് പക്ഷേ എന്റെയുള്ളിൽ പറയാതെ എടുത്തു വച്ചിരിക്കുന്ന ഒരു പിടി രഹസ്യങ്ങൾ കൊണ്ടല്ല. മറിച്ച്, കുറച്ചു സമയത്തിനുള്ളിൽ പരസ്യപ്പെടുത്താനുള്ള ചില കാര്യങ്ങൾ എങ്ങിനെ അവതരിപ്പിക്കണം എന്നറിയാതെ കുഴയുന്ന ഒരു മനസ്സ് കൊണ്ട്. എങ്കിൽ പറയട്ടെ , ഇനി വൈകിക്കുന്നില്ല ആ പരസ്യപ്പെടുത്തൽ . നാമൂസിന്റെ ചിന്ത വളരെ പ്രസക്തമായിരുന്നു. പക്ഷേ അത് പ്രകടിപ്പിച്ച ഭാഷ ഒരൽപ്പം കട്ടിയായി എന്ന് തോന്നുന്നു . എഴുത്ത് തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ലക്ഷ്യ ബോധം പാതി വഴിക്ക് വച്ച് കൈമോശം വന്നു പോയ പോലെയാണ് എനിക്കനുഭവപ്പെട്ടത്‌. രഹസ്യത്തിന്റെ ഭാഷ മൌനം ആണോ എന്ന ചോദ്യം ഉന്നയിക്കപ്പെടുകയും അതിന്റെ ആധികാരിക വിശദീകരണങ്ങളിലേക്ക് പോകുകയും ചെയ്യുമ്പോൾ ഭാഷാ മിതത്വം പാലിക്കപ്പെടുമായിരുന്നെങ്കിൽ സംഭവം തകർപ്പനാകുമായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാൻ. എന്നിരുന്നാലും ആശയ സമ്പുഷ്ടമാണ് നാമൂസിന്റെ പോസ്റ്റ്‌.

ആശംസകളോടെ

Risha Rasheed പറഞ്ഞു...

ന്‍റെ മൌനം ,,,
നിന്‍റെ വരികള്‍ക്ക് ഈണമായ്
മാറുമെങ്കിലെന്തിനു
ഞാനാ അകഷര്ങ്ങളായ്
ജെനിക്ക്യണം!!rr

viddiman പറഞ്ഞു...

മൗനത്തിന്റെ സകലമാനങ്ങളെ കുറിച്ചും വാചാലമാകുന്ന പോസ്റ്റ്.. വാക്കുകൾ പോലെ തന്നെ മൗനവും ഒരായുധമാണല്ലോ. അധികാരികൾ ഉപയോഗിക്കുമ്പോൾ അത് അടിച്ചമർത്തലിന്റെ ഔന്നത്യത്തിലെത്തുന്നു. സമരത്തിൽ അത് പ്രതിഷേധത്തിന്റെ ഉച്ചിയിലും.

Risha Rasheed പറഞ്ഞു...

മൌനം പലപ്പോഴും സത്ത ഉള്‍ക്കൊള്ളുന്നത് ശരി തന്നെ..പക്ഷെ അത് ചിലയിടങ്ങളില്‍ പൊള്ളയായ വാക്ദ്ധോരണിഎന്നാ പോല്‍ വാചാലമാകാറുണ്ട് .ചിലയിടങ്ങളില്‍ ബാലിശവും..!!.rr

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms