2016, ജനു 25

ജാതീയതയ്ക്ക് ബദൽ: ഒന്നാമത് ഭരണഘടന, പിന്നെ...?

  വര: നിജാസ്

'പൊളിറ്റിക്കൽ ഇസ്ലാം' എന്നത്‌ അങ്ങനെ ഒരു ഗ്രൂപ്പ്‌ നിലനിൽക്കുമ്പോൾ മാത്രം സജീവമാകുന്നതാണെങ്കിൽ ഇന്ത്യയിലെ 'അധികാര ഹിന്ദു' അങ്ങനെയൊരു പൊളിറ്റിക്കൽ ഗ്രൂപ്പ്‌ ഇല്ലെങ്കിലും ഇന്ത്യയിൽ സജീവമായിരിക്കും എന്നതാണ്‌ ചരിത്രാനുഭവം.

കാരണം, ഇന്ത്യൻ സാമൂഹ്യ വിഭജനത്തിൽ ഒരു 'വിഭജന യന്ത്ര'മായി പ്രവർത്തിക്കുന്ന 'ശ്രേണീകൃത അസമത്വ'ത്തിന്റെ ഉള്ളടക്കം തന്നെ ഈ അധികാര ഹിന്ദുവിനെ കേന്ദ്രീകരിച്ചുള്ളതാണ്‌. മനുഷ്യൻ എന്നതിന്‌ മനുഷ്യൻ എന്ന ഒരൊറ്റ മൂല്യം കണക്കാക്കപ്പെടുന്നതിന്‌ പകരം ജാതികേന്ദ്രീകൃത മാനദണ്ഡങ്ങളിലൂടെ അനേകമൂല്യങ്ങൾ കൽപ്പിക്കപ്പെടുന്ന വിധത്തിൽ അത് അതിഹീനമാംവിധം മനുഷ്യത്വവിരുദ്ധമാണ്‌. ഈ മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രമാണ്‌ ഇന്ത്യയിലെ അധികാര ഹിന്ദുവിന്റെ പ്രയോഗമാതൃക നിശ്ചയിക്കുന്നത്‌.

നിലവിൽ അത്‌ ജാതിയിൽ ജനിക്കുക എന്ന നിഷ്കർഷക്കപ്പുറം സവർണ്ണ ജാതിബോധത്തെ ഉള്ളിൽ വഹിക്കുക എന്ന തലത്തിലേക്ക്‌ അദൃശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ്‌ 'ഗ്രാംഷീയൻ വിശകലനം' പ്രസക്തമാകുന്നത്‌.  

പറഞ്ഞുവരുന്നത്‌, ഇന്ത്യയിൽ അധികാര ഹിന്ദു എന്നത്‌ ചരിത്രപരമായിത്തന്നെ ഒരു യാഥാർത്ഥ്യമാണ്‌. അതിനെ അൽപമെങ്കിലും പ്രതിരോധിക്കുന്നത്‌ ഭരണഘടനയിലെ 'മതേതരത്വം' ആണ്‌. അതെടുത്ത്‌ കളയണമെന്നാണ്‌ ഇപ്പോഴത്തെ സംഘാ'വശ്യം. ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ അദൃശ്യത പൊഴിഞ്ഞ്‌ പടം അഴിച്ച പാമ്പിന്റെ വേഗം ആർജ്ജിക്കുന്നത്‌ കാണാം.

ഭരണഘടനയിലെ സെക്കുലറിസത്തെ ആക്രമിക്കുന്ന സംഘപരിവാര രാഷ്ട്രീയം സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌ വർണ്ണശബ്ദങ്ങളുടെ സംസ്ഥാപനമാണ്‌. സൂക്ഷ്മതലത്തിൽ അത്‌ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കിക്കളയുന്ന ഒരു നീക്കമാണ്‌.

എല്ലാവർക്കും ബാധകമായ ഒരു നിയമനിർമ്മാണമെന്ന ആശയം പ്രത്യക്ഷത്തിൽ തന്നെ ശ്രേണീകൃത ജാതിഹിന്ദുവിനെതിരാണ്‌. ജനാധിപത്യ ഇന്ത്യയിൽ കേവലം 'ജാതി ശരീര'ങ്ങളായ മനുഷ്യരെ പൗരര്‍ എന്ന കർതൃത്വത്തിലേക്ക്‌ ഉയർത്തി 'സമന്മാരിൽ കൂടുതൽ സമന്മാർ' എന്ന ജാതിസൗകര്യത്തെയാണ്‌ ഇല്ലാതാക്കിയത്‌. വർണ്ണാശ്രമത്തിൽ അധികമായാൽ ജാതി ഭ്രഷ്ടിനപ്പുറം ശിക്ഷയില്ലാത്ത ബ്രാഹ്മൺസിനെയടക്കം ഒരേ നിയമത്തിന്‌ കീഴെ കൊണ്ടുവന്നു എന്നതാണ്‌ 'മനുഷ്യന്‌ ഒരു മൂല്യം' എന്ന ഭരണഘടനയിലെ മുഖ്യമായ ഒരുകാര്യം. ഇത്‌ വർണ്ണാശ്രമഹിന്ദുവിനസഹ്യമായ കാര്യമാണ്‌.

മറ്റൊരു സംഗതിയുള്ളത്‌, പതിനേഴാം വകുപ്പിൽ പറയുന്ന 'അയിത്ത വിരുദ്ധ' വകുപ്പാണ്. അന്നുവരെയും തുടർന്ന് പോന്ന അയിത്തം നിയമപരമായി നിരോധിക്കുകയും തുടരുന്നത്‌ ശിക്ഷാർഹമായ കുറ്റമെന്ന് നിർണ്ണയിക്കുകയും ചെയ്തു. ഇതും ജാതിഹിന്ദുവിനംഗീകരിക്കാനാകുന്ന ഒന്നല്ല.

ന്യൂനപക്ഷാവകാശം/ജാതി സംവരണം തുടങ്ങിയ ഭരണഘടനാവകാശം, അന്നുവരെ പൂർണ്ണാധീനതയിലുണ്ടായിരുന്ന രാജ്യവിഭവങ്ങൾക്ക്‌ മേൽ ഭരണഘടനാപരമായിത്തന്നെ ജാതിയിൽ കീഴാളരായ അതുകൊണ്ടുതന്നെ സ്വാഭാവിക അടിമകളായ അയിത്തജാതിക്കാർക്ക്‌ കൂടെ അവകാശമുണ്ടാകുന്നു. വിഭവങ്ങളിൽ പങ്ക്‌കാരുണ്ടാകുന്നു. ഇത്‌ സാമൂഹികബലങ്ങളിലെ ശ്രേണീവ്യവസ്ഥയെ തകിടം മറിക്കുന്ന ഒന്നാണ്‌. ചുരുക്കത്തിൽ ഇന്ത്യൻ ഭരണഘടന ഒന്ന് മാത്രമാണ്‌ ഈ 'സവർണ്ണ ഹൈന്ദവ മേൽക്കോയ്മ'യെ ശരിയാംവിധം പ്രതിരോധിക്കുന്നൊള്ളൂ... എന്നിട്ടും അതെത്ര അജയ്യമായി നിൽക്കുന്നു എന്നറിയുമ്പോൾ അതിന്റെ പ്രയോഗക്ഷമത നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ്‌. തീർച്ചയായും അതത്ര നിസ്സാരമായ ഒരു സംഗതിയല്ല.

നിലവിൽ കീഴ്ത്തട്ടിലും ഈ മേൽത്തട്ട്‌ ബോധം സജീവമാണ്‌.

കേവലാർത്ഥത്തിലുള്ള അനുകരണത്തിൽ നിന്നും അത്‌ പൈതൃക-സാംസ്കാരികതയുടെ തലത്തിലേക്ക്‌ വികസിച്ചിട്ടുണ്ട്‌. നേരത്തെയുണ്ടായിരുന്ന അംബേദ്കറുടെ ബുദ്ധാശ്ലേഷണ സാഹചര്യത്തിലല്ല, വർത്തമാന ദളിത്‌ ബോധം. അത്‌ കേവലമായ സവർണ്ണാനുകരണത്താൽ ഉപകരണവത്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌.

ഇടത്‌-മതേതര-പുരോഗമന ചേരി പോലും അന്തം വിട്ട്‌ നിൽക്കുന്നത്രയും ആഴത്തിലും വേഗത്തിലും ഇത്‌ പടർന്ന് കൊണ്ടിരിക്കുന്നു എന്നതാണ്‌ വസ്തുത.

മറ്റെല്ലാ അസ്പൃശ്യതകളും നിലനിൽക്കുമ്പോഴും 'വിശാലഹിന്ദു' എന്ന പരിവാര മുദ്രാവാക്യത്തിൽ കഥയറിയാതെ ആടിക്കൊണ്ടിരിക്കയാണ്‌ ഈ കീഴ്ത്തട്ട്‌ ജീവിതവും.

ഇത്‌ സൂചിപ്പിക്കുന്നത്‌, മേൽത്തട്ട്‌ന്റെ സാംസ്കാരിക മേൽക്കോയ്മ എതകണ്ട്‌ ശക്തമാണ്‌ എന്നാണ്‌.

നാം ഇവിടെ ചർച്ച ചെയ്യുന്ന അധികാര ഹിന്ദുവിന്റെ മുഖ്യചാലകമായ ജാതി പ്രവർത്തിക്കുന്നതും സചേതനമാകുന്നതും ഈ സാംസ്കാരികതക്കുള്ളിലാണ്‌.

അത്‌ തകർക്കപ്പെടേണ്ടതുണ്ട്‌, കൃത്യമായ സാംസ്കാരിക പ്രതിരോധത്തിലൂടെയാണ്‌ അത്‌ സാധ്യമാകുന്നതെന്ന് കരുതുന്നു.

ഒന്ന്: വികേന്ദ്രീകൃത പ്രതിരോധം
രണ്ട്‌: കേന്ദ്രീകൃത പ്രതിരോധം

വികേന്ദ്രീകൃത പ്രതിരോധമെന്നാൽ, രാജ്യത്തെ ബഹുതല-സ്വര വൈജാത്യങ്ങളെ അതിന്റെ സാംസ്കാരിക ഉള്ളടക്കത്തോടെ മുഖ്യധാരവത്കരിക്കുക. തെളിച്ച്‌ പറഞ്ഞാൽ, എല്ലാതരം ഉപദേശീയതകളെയും ഔദ്യോഗികവത്കരിക്കുക. അതുവഴി സവർണ്ണ മേൽക്കോയ്മയേയും അതിന്റെ സങ്കുചിതവാദത്തിലൂന്നിയ അക്രമാസക്തതയെ ചെറുക്കാനും സാംസ്കാരിക തലത്തിലെ വിശാലജനാധിപത്യത്തെ മുൻപോട്ട്‌ വെക്കാനുമാകുന്നു.

കേന്ദ്രീകൃത പ്രതിരോധം എന്നത്‌ കൊണ്ട്‌ അർത്ഥമാക്കുന്നത്‌, ഇത്തരം സവർണ്ണ ബഹിഷ്കരണമോ അവർണ്ണ പുനരുത്ഥാനമോ അല്ലാത്ത തീർത്തും മത ഇതര-അതീത സാംസ്കാരികതയുടെ സജീവതയെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാധ്യമാക്കുന്ന വിധത്തിലുള്ള ഇടപെടൽ. ഇത്‌ കൂടുതൽ പഠനവും കരുതലും ആവശ്യപ്പെടുന്ന സംഗതിയാണ്‌.

ഇതുരണ്ടുമല്ലാത്ത ഒരു വാദമുള്ളത്‌: സവർണ്ണ സാംസ്കാരികത മുൻപോട്ട്‌ വെക്കുന്ന അടയാളങ്ങളുടെ 'പവിത്രത' ഇല്ലാതാക്കുന്ന വിധം അതിനെ സാർവ്വത്രികമാക്കുക വഴി ബഹുജനങ്ങൾ എല്ലാവരും കൈകാര്യം ചെയ്ത്‌ അതിന്റെ സ്വഭാവത്തെ നിർവ്വീര്യമാക്കുക എന്നതാണ്‌. യഥാർത്ഥത്തിൽ ആ പവിത്രത അതിന്റെ മർമ്മങ്ങളിൽ യഥാസ്ഥിതി നിലനിൽക്കുകയും അടയാളങ്ങളുടെ സാർവ്വത്രികത ഈ ചിലവിൽ സാധ്യമാക്കുകയുമാകും. സത്യത്തിൽ ഇത്‌ മൂന്ന് നാല്‌ പക്ഷികൾ ഒന്നിച്ച്‌ വീഴുന്നതിന്‌ സമമാണ്‌.

ഒന്ന്: സവർണ്ണ ചിഹ്നങ്ങളുടെ വ്യാപനം
രണ്ട്‌: പവിത്രതാസംരക്ഷണം
മൂന്ന്: ബഹുസ്വരതയുടെ സ്വാഭാവിക നിഷ്കാസനം
നാല്‌: സാംസ്കാരിക തലത്തിലെ സമ്പൂർണ്ണ ആധിപത്യം.

നിലവിൽ, പ്രായോഗികവും സർഗ്ഗാത്മകവുമായ പ്രതിരോധമെന്നത്‌ 'വികേന്ദ്രീകൃത പ്രതിരോധ'മാണെന്നാണ്‌ ഇന്ത്യനനുഭവം. ഈ അർത്ഥത്തിൽ സാംസ്ജാരിക ഇടങ്ങളിൽ ഇടപെടുക എന്നത്‌ ചരിത്രത്തെപ്പോലും അതിന്റെ ആധിപത്യയുക്തിക്കനുഗുണമായ രീതിയിൽ നിർമ്മിച്ചെടുക്കുന്ന ഫാഷിസ്റ്റ്‌ കാലത്ത്‌ അവശ്യവും ശ്രദ്ധേയവുമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്‌.

രാജ്യം അതിന്റെ 66-മത്‌ റിപ്പബ്ലിക്ക്‌ ആഘോഷിക്കുമ്പോൾ ഭരണഘടന ഉറപ്പ്‌ നൽകുന്ന മതേതരമൂല്യസങ്കൽപ്പങ്ങളുടെ സംരക്ഷണംകൂടെ ചർച്ചയാകുന്നത്‌ ഒരു രാഷ്ട്രം എന്ന നിലക്ക്‌ ഇന്ത്യ മുൻപോട്ട്‌ വെക്കുന്ന ജനാധിപത്യ ആരോഗ്യത്തിനത്യാവശ്യമാണ്‌. തീർച്ചയായും അത്‌ ഏകശിലാത്മകമായ സവർണ്ണാധിപത്യ-ഫാഷിസ്റ്റ്‌ യുക്തിയെ നേരിട്ട്‌ പ്രതിരോധിക്കുന്ന ഒരു രാഷ്ട്രീയ ഇടപെടലും കൂടെയാണ്‌.

7 comments:

Sabu Hariharan പറഞ്ഞു...

Solution: Uniform civil code, Inter caste/religion marriage..

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

അടുത്തത്, ജാതീയതക്കപ്പുറമുള്ള മാനവീകതയിലേക്ക് അടുത്ത തലമുറയെയെങ്കിലും വാർത്തെടുക്കുക എന്നത്..... (സാബുവിന്റെ പരിഹാര നിർദ്ദേശത്തോടൊപ്പം ചേർക്കാം )

V P Gangadharan, Sydney പറഞ്ഞു...

ദൈവങ്ങളെ പിണച്ചുകെട്ടി, അഹന്ത അലങ്കാരമാക്കി കഴുത്തില്‍ കെട്ടിത്തൂക്കിയിടപ്പെട്ട പൂണൂല്‍ ചരട്‌ തൂക്കുകയറായി ചിത്രീകരിച്ച ചിത്രകാരന്‌ സ്തുതി! കാഴ്ചയ്ക്കപ്പുറം നിറഞ്ഞു നില്‌കുന്ന കഴമ്പന്‍ ചിത്രം! ചരടില്‍ തൂങ്ങിക്കിടക്കുന്ന വസ്തുക്കളെ(?) നരജന്മത്തിലെ ഏഴകളാണെന്ന്‌ മനസ്സിലാക്കുവാനുള്ള കെല്‍പ്‌ നേടിയെങ്കില്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കപ്പെടുന്നുള്ളൂ! ഇത്‌, ജ്ഞാനികളെന്ന്‌ ഞെളിഞ്ഞ്‌ നടക്കുന്ന ഏഭ്യന്മാര്‍ അറിഞ്ഞിരിക്കേണ്ട കാലം വൈകി.

"....ഇത്തരം സവർണ്ണ ബഹിഷ്കരണമോ അവർണ്ണ പുനരുത്ഥാനമോ അല്ലാത്ത തീർത്തും മത ഇതര-അതീത സാംസ്കാരികതയുടെ സജീവതയെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാധ്യമാക്കുന്ന വിധത്തിലുള്ള ഇടപെടൽ. ഇത്‌ കൂടുതൽ പഠനവും കരുതലും ആവശ്യപ്പെടുന്ന സംഗതിയാണ്‌..."

* രത്നച്ചുരുക്കത്തില്‍, പ്രതിവിധി ഇതു തന്നെ!
വാള്‍ത്തലയ്ക്ക്‌ മൂര്‍ച്ച പോരെന്ന് തോന്നുന്നൂ, പ്രിയ നാമൂസേ.




ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഉള്ളടക്കങ്ങളില്‍ ഉള്ളതെല്ലാം മനസ്സിലാക്കാന്‍ വീണ്ടും വീണ്ടും വായിക്കണം. ചിത്രം ചിന്തനീയം.. അര്‍ത്ഥവത്തം.

ente lokam പറഞ്ഞു...

വര തന്നെ ഒരു കഥ പറയുന്നു.
കയ്പുള്ള യാഥാര്ധ്യങ്ങളുടെ
കദനങ്ങൾ...

ഈ ജാതി എന്തെന്നു അറിയില്ലാത്ത
ഒരു പുതിയ തലമുറ വളർന്നു വരുന്നുണ്ട്‌,
അവരെ ദയവു ചെയ്തു ചരിത്രം പഠിപ്പിക്കാതെ
പള്ളിക്കൂടത്തിൽ വിട്ടു പുറത്തു ഇറക്കുക..

അവരുടെ കണ്ണു കെട്ടുക..പുതിയതും നല്ലതും
മാത്രം പഠിപ്പിക്കുക..ഒരു ഭ്രാന്തൻ ചിന്ത
ആവും..ഈ ഭ്രാന്തിന് പിന്നെന്തു പരിഹാരം..

ബൈജു മണിയങ്കാല പറഞ്ഞു...

മതം ജാതി വരണം വര്ഗം അതൊക്കെ ഇന്ത്യൻ വ്യവസ്ഥിതിയിൽ
ദാരിദ്ര്യം അപമാനം സമ്പത്തിന്റെ കുന്നു കൂടൽ എന്നിവ വെച്ച് തന്നെ നോക്കി കാണണം സോഷ്യലിസം തളര്ന്നു എന്ന് മാത്രമല്ല ജമീന്ദാരി വ്യവസ്ഥ ശക്തി പെട്ടു വടക്കേ ഇന്ത്യയിൽ രാഷ്ട്രീയത്തിൽ അധികാരത്തിൽ വരുന്നത് ജന്മി കളാണ്
സാമ്പത്തിക പ്രകൃതി വിഭവങ്ങളുടെ അഴിമതി ഇല്ലാത്ത പങ്കിടൽ കൊണ്ട് ഒരു പരിധി വരെ ഇത് മറികടക്കാം
മത വികാരം വൃണപ്പെട്ടാൽ വൃ ണ പ്പെടുന്നവനെതിരെ നിയമ നടപടി സ്വീകരിക്കാൻ കഴിയുന്ന നിയമം മതേതര ഇന്ത്യയിൽ വരണം
മതം ജാതി എന്നിവ അധികാരത്തിലേയ്ക്ക് കയറുവാനുള്ള കുരുക്കി വഴിയായി മതേതര പാര്ട്ടി യും വര്ഗീയ പാർട്ടിയും ഒരുമിച്ചു ഉപയോഗിക്കുമ്പോൾ ഇതൊന്നും അത്ര എളുപ്പമല്ല

കണ്ണ് തുറന്നു വായിക്കേണ്ട ലേഖനം നാമൂസ്
ആഴത്തിൽ അപഗ്രഥിച്ചിരിക്കുന്നു വിഷയം

Vaisakh Narayanan പറഞ്ഞു...

കൊണ്ടും കൊടുത്തും കൂട്ടംചേർന്നു പൊരുതിയും ഉരുത്തിരിഞ്ഞ ഹോമോസാപ്പിയൻസിൻറെ ഗോത്രബോധം അവരുടെ ജനിതക പാരമ്പര്യങ്ങളിൽ ഉൾപ്പെട്ടതാകണം. പെണ്ണിനും പ്രകൃതിക്കും മേൽ അധീശത്വം നേടാനായുള്ള ഗോത്രയുദ്ധങ്ങളുടെ ബാർബേറിയൻ യുഗം കഴിഞ്ഞ്, ആധുനിക രാഷ്ട്രീയ -രാജ്യങ്ങളുടെ കാലത്തിലേക്കെത്തുമ്പോൾ മനുഷ്യൻറെ ആദിമ വികാരമായ ആക്രമണോത്സുകത കൂടുതൽ ഭീകരരൂപം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിൻറെ മേലാളന്മാരാകാൻ, പുതിയ ഗോത്രത്തലവന്മാരാകാൻ ശ്രമിക്കുന്ന മുതലാളിത്തം (അതിന് രാജ്യമോ രാജഭക്തിയോ ജാതിയോ മതമോ ഇല്ല) ഭിന്നിപ്പിച്ചും പ്രീണിപ്പിച്ചും താന്താങ്ങളുടെ കാര്യംനേടാൻ ലോകംമുഴുവൻ വിതച്ചുപോയതാണ് വർത്തമാനകാല വർഗ്ഗീയത. അഞ്ചുഭൂഖണ്ഡങ്ങളിലെയും ഒട്ടുമിക്ക രാജ്യങ്ങളും നേരിടുന്ന ഏറ്റവും വലിയ ഭീഷണി വർഗ്ഗീതയും മതമൗലികവാദവും തത്ഫലമായ രാഷ്ട്രീയ അസ്തിരത്വവുമാണ്. രാജ്യങ്ങളുടെ അതിർത്തികൾ നിരന്തരം മാറ്റിവരക്കേണ്ടിവരുന്നു. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ രാജ്യങ്ങളിലെ പൗരന്മാർക്കുപോലും പട്ടിണിയും വ്യക്തിസുരക്ഷയില്ലായ്മയും അനുഭവപ്പെടുന്നു. പാർലമെൻറ് മുതൽ പഞ്ചായത്ത് വരെയുള്ള ഇലക്ഷനുകളിൽ താൽക്കാലിക വിജയം നേടുന്നതിന് അത് ആളിക്കത്തിച്ച രാഷ്ട്രീയക്കാർ ഇക്കാര്യത്തിൽ രണ്ടാംപ്രതികൾ മാത്രമാണ്. പക്ഷേ 1947 ന് മുൻപ് വരെ ഏറിയകൂറും രാഷ്ട്രീയമായി ഭിന്നിച്ചു കിടന്നിരുന്ന, സംസ്കാരത്തിലും വിശ്വാസങ്ങളിലും ഭാഷയിലും ഭാഷണത്തിലും ഭക്ഷണത്തിലും വ്യക്തമായ വേർതിരിവുകൾ ഉണ്ടായിരുന്ന ഇന്ത്യ എന്ന ഈ ബൃഹദ് രാജ്യത്ത് വർഗ്ഗീയതയുടെ പ്രയോഗം അങ്ങേയറ്റം ആത്മഹത്യാപരമാണെന്നുമാത്രം. ജന്മനാ തന്നെ രാഷ്ട്രീയ മതമായ ഇസ്ലാം ന്യൂനപക്ഷമായും, ചാതുർവർണ്യത്തിലും സവർണമേൽക്കോയ്മയിലും അധിഷ്ടിതമായ ഹിന്ദു ഭൂരിപക്ഷമായും വർത്തിക്കുന്ന ഇന്ത്യയിൽ ചെറിയ പ്രകോപനങ്ങൾ പോലും ഇപ്പോഴുണ്ടായവയേക്കാൾ വലിയകലാപങ്ങൾക്ക് വഴിവെച്ചേക്കാം. സോഷ്യലിസത്തിലും മതനിരപേക്ഷതയിലും അധിഷ്ടിതമായ ആധുനിക ഇന്ത്യൻ ഭരണഘടനമാത്രമാണ് നവീന ഫാസിസത്തിൻറെ പ്രയോഗവൽക്കരണത്തിന് ഏകതടസം. യുക്തിക്കുപകരം വികാരം പ്രവർത്തിക്കുന്ന ഇപ്പോഴത്തെ രാഷ്ട്രീയനേതൃത്വസംഘം പടിപടിയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് മൗലികവാദത്തിലധിഷ്ടിതമായ സവർണ ഫാസിസംതന്നെയാണ്. തിരിച്ചറിവുള്ള പൗരന്മാരും സംഘടനാശേഷിയും നേതൃബലവുമുള്ള രാഷ്ട്രീയബദലും ഇല്ലാത്തിടത്തോളം കാലം ഒറ്റപ്പെട്ടുയരുന്ന വിമതശബ്ദങ്ങൾ ഉരുക്കുമുഷ്ടിയാൽ നിശബ്ദമാക്കി അത് തുടരുകതന്നെചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms