ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുമ്പോഴോ എന്തെങ്കിലും വലിയ ദുരന്തങ്ങള്‍ അവര്‍ക്ക് മേല്‍ വന്നു പതിക്കുകയോ ചെയ്യുമ്പോള്‍ മാത്രം ചര്‍ച്ചയാകുന്ന ഇന്ത്യയിലെ ശതകോടി വരുന്ന ജനതയുടെ ദാരിദ്ര്യം ബഹുമാന്യ നീതി ക്ഷേത്രത്തിന്റെ പുതിയ അഭിപ്രായ പ്രകടനത്തോടെ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.''ഇന്ത്യയിലെ ജനതയെ രണ്ടു തരം പൗരന്മാരായി നില നിര്‍ത്താനാണോ സര്‍ക്കാര്‍ തീരുമാനം.? അല്ലെങ്കില്‍, സാമൂഹിക വികസന വിഷയവുമായി ബന്ധപ്പെട്ടു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യം വെച്ച് നടപ്പാക്കിയ പദ്ധതികള്‍ അത്രയും ഒരു പുനര്‍ വിചാരണക്ക് വിധേയമാക്കെണ്ടതില്ലേ." തുടങ്ങിയ സര്‍ക്കാരിനോടായുള്ള സുപ്രീം കോടതിയുടെ ചോദ്യങ്ങളും 'ബി പി എല്‍' ലിസ്റ്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്റെ 'സത്യവാങ്ങ് മൂലം' ആവശ്യപ്പെടലുമൊക്കെയും രാജ്യത്ത് ദരിദ്രരും ദാരിദ്ര്യവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും എല്ലാം ചര്‍ച്ച ചെയ്യുന്നതിന്റെ ഒരു പുതിയ തലം ആവശ്യപ്പെടുന്നു. ബഹുമാന്യ നീതിപീഠം അതിനു തുടക്കം കുറിക്കയും ചെയ്തിരിക്കുന്നു.
ദാരിദ്ര്യത്തെ നിര്‍വ്വചിക്കുമ്പോള്‍ ക്ഷാമാത്തോടടുത്ത ജീവിത സാഹചര്യങ്ങളെയും വിശപ്പ് മൂലമുള്ള മരണങ്ങളെയും മാത്രമായി ചുരുക്കി കാണുന്ന പ്രവണത ശരിയല്ല. അതിനെ കുറേക്കൂടി സമഗ്രമായ ഒരു അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്. നിരവധി കാരണങ്ങളുടെ ആകെത്തുകയാണ് യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യമെന്നവസ്ഥ. പ്രദേശങ്ങളില്‍ നിന്നും പ്രദേശങ്ങളിലേക്കും സമൂഹങ്ങളില്‍ നിന്നും സമൂഹങ്ങളിലേക്കും സംസ്കാരങ്ങളില്‍ നിന്നും സംസ്കാരങ്ങളിലേക്കും മാറുന്നതിന്നനുസരിച്ചു അടിസ്ഥാന കാരണങ്ങളില്‍ ചില ഏറ്റകുറച്ചിലുകള്‍ സംഭിവിച്ചേക്കാം. എന്നാല്‍, ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നതിനനുസരിച്ചു കാരണങ്ങള്‍ക്ക് സമാനതകള്‍ ഉണ്ടെന്നതാണ് വാസ്തവം. പ്രതി ശീര്‍ഷ വരുമാനത്തിലോ,കലോറി ലഭ്യതയിലോ മാത്രം അതിനെ ഒതുക്കി നിര്‍ത്താനാവില്ല. ഭൂമിയുടെ ലഭ്യത,ആരോഗ്യം,വിദ്യാഭ്യാസം,സാക്ഷരത, ശിശുമരണ നിരക്ക്,ആയുര്‍ ദൈര്‍ഘ്യം, കടങ്ങള്‍,ആസ്തികള്‍,കൃഷിക്ക് ആവശ്യവും അനുയോജ്യവുമായ ഭൂമിയും ജലലഭ്യതയും, തൊഴിലവസരങ്ങളും തൊഴില്‍ ശാലകളുടെ സാന്നിദ്ധ്യവും, കുടിവെള്ളം തുടങ്ങിയ വിഭവങ്ങളും ആ കൂട്ടത്തില്‍ പെടുത്തേണ്ടവയാണ്. ഈ പറയപ്പെടുന്ന വിഭവങ്ങളില്‍ എല്ലാ ജനതക്കും തുല്യമായ അവകാശവും സാധ്യതയുമാണ് ഉള്ളതെന്ന് പറയുമ്പോഴും ആരോഗ്യ/വിദ്യാഭ്യാസ/തൊഴില്‍ വിഷയങ്ങളില്‍ രാജ്യത്തെ മഹാ ഭൂരിപക്ഷവും സമീപസ്ഥാരാണോ..?
രാജ്യത്തെ മൊത്തം ഭൂമിയുടെ പകുതിയോളം ഉടമസ്ഥാവകാശം ജനസംഖ്യയില്‍ കേവലം 5% മാത്രം വരുന്ന വിഭാഗങ്ങളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. രാജ്യത്തെ 20% ആളുകളും ഭൂരഹിതരുമാണ്. അവരത്രെ രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 85% വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുമാണ്. മൊത്തം ഭൂമിയുടെ 2% മാത്രം പുനര്‍ വിതരണം ചെയ്യപ്പെട്ടാല്‍ തീരുന്ന പ്രശ്നമാണ് ഇതെന്നിരിക്കെ ഇതിലടങ്ങിയിരിക്കുന്ന നീതി നിഷേധനത്തിന്റെ വലുപ്പം മനസ്സിലാകും. എന്നിട്ടും, അത് കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം കാണിക്കുന്ന കാലതാമസവും മറ്റും സൂചിപ്പിക്കുന്നത് ഭരണാധികാരികളുടെ താത്പര്യത്തെയാണ്. ഇത് സഗൌരവം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ഭൂമിയുടെ കൈകാര്യകര്‍ത്തിത്വമെന്നത് കേവല ആവാസവ്യവസ്ഥക്ക് അപ്പുറമുള്ളോരു കാര്യമായി കാണേണ്ടതുണ്ട്. മനുഷ്യരുടെ ചലനാത്മകതക്ക് ആക്കം കൂട്ടുകയും അതിനെ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഒരു വലിയ ഘടകമാണ്. അത് കൊണ്ട് തന്നെ ഇത് വലിയ ഗൗരവമര്‍ഹിക്കുന്ന ഒന്നാണ്.
പോഷകാഹാരക്കുറവും ആരോഗ്യസ്ഥിതിയും ചര്ച്ചക്കെടുക്കുമ്പോള് പട്ടിണിയുടെ പിടിയിലാണെന്ന് രാജ്യമിനിയും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു വലിയ കൂട്ടം ആളുകള്‍ ഉണ്ടിവിടെ. അവരുടെ കുട്ടികള്‍ക്ക് അവരര്‍ഹിക്കുന്നത്രയും ഭക്ഷണം ലഭിക്കാതിരിക്കുമ്പോഴും കാര്യങ്ങളെല്ലാം ഭദ്രമാണെന്ന് പറഞ്ഞു പാവം ജനതയെ അധികാരികള്‍ നിരന്തരം പറ്റിക്കുന്നു. എന്നാല്‍, പോഷകാഹാരക്കുറവ് മാനസികവും ശാരീരികവുമായ വളര്‍ച്ചയെ തടയുകയും ജീവിതങ്ങളെയാകെ തന്നെ മുരടിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് പഠനം. ഏറ്റവും നിര്‍ണ്ണായകമായ ഘട്ടങ്ങളില്‍ ആവശ്യത്തിനു വൈദ്യസഹായം ലഭിക്കാത്ത ഒരു വ്യക്തി നിത്യ ദാരിദ്ര്യത്തിലായിരിക്കുന്നതിനു തുല്യമായ ഒരവസ്ഥയിലൂടെയാണ് ജീവിക്കുന്നത്. അതും ഒരു വലിയ തകര്‍ച്ചയുടെ ഗണത്തിലാണ് ഗണിക്കപ്പെടേണ്ടത്. കോടിക്കണക്കിനു വരുന്ന ഗ്രാമീണ ദരിദ്രര്‍ക്ക് മറ്റുള്ളവര്‍ അനുഭവിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ..? അവരില്‍ എത്ര പേര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ക്രയ ശേഷിയുണ്ട്...?
മിക്കപ്പോഴും ചില കണക്കിലെ കളികള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഒരു സമയം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണവും അതിന്റെ വ്യാപ്തിയും കണക്കാക്കാന്‍ നിയോഗിക്കപ്പെട്ട 'വിദഗ്ദ സമിതി' നിലവിലെ 'മാനദണ്ഡം' അനുസരിച്ചു ദാരിദ്ര രേഖക്ക് താഴെയുള്ള ആളുകളുടെ എണ്ണം ജനസംഖ്യയുടെ ഏതാണ്ട് 39% ആണെന്ന നിഗമനത്തിലെത്തുകയുണ്ടായി. എന്നാല്‍, അത് പൊതുജനസമക്ഷം സര്ക്കാരിനാല് അവതരിക്കപ്പെട്ടപ്പോള്‍ കേവലം 19%മായി കുറയുകയാണുണ്ടായത്. അത്ഭുതം അതല്ല, ഈ പുതിയ കണക്ക് വെളിപ്പെടുത്തുന്നതിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോപ്പന് ഹേഗനിലെ ഉച്ചകോടിയില്‍ ഭാരതത്തില്‍ 40% ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലാണെന്ന് പറയാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് യാതൊരു ജാള്യതയുമുണ്ടായില്ല എന്നതാണ് ഏറെ വിചിത്രമായ സംഗതി..!! അതിനു കാരണമോ..? പണം തരാന്‍ കഴിവുള്ളവരുടെ മുമ്പില്‍ ചെന്ന് രാജ്യത്തെ ജനതയുടെ ദയനീയതയെ പറഞ്ഞു നിരന്തരം യാചിക്കുക അതിനിക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല. രാജ്യത്തിന്നകത്ത് എത്രയധികം പാവങ്ങളുണ്ടോ അത്രയധികം പണം' നമുക്ക്' കിട്ടും. കൂടെ, അനുബന്ധ സൌകര്യങ്ങളും. അതിനു വേണ്ടി എത്രയും കൂട്ടിപ്പറയാം..!! എന്നാല്‍ ഈ വാങ്ങിച്ചു കൂട്ടുന്ന പണമത്രയും പതിന്മടങ്ങായി പിന്നീട് ഒടുക്കപ്പെടെണ്ടതുണ്ട്. കൂടെ, രാജ്യത്തെയും അതിലെ ജനതയെയും ഒരു പരീക്ഷണശാലയായും പരീക്ഷണവസ്തുവായും ഉപയോഗിക്കുവാനുള്ള സൗകര്യം ലോകത്തെ കുത്തകകളായ മരുന്നുത്പാദക സംരംഭകര്‍ക്ക് ഒരുക്കി കൊടുക്കുകയുമാവാം.
എന്നാല്‍, രാജ്യത്തെ ജനതയോട് ദാരിദ്ര്യത്തിന്റെ കുറഞ്ഞ {കള്ള} കണക്ക് പറഞ്ഞുകൊണ്ട് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ദരിദ്ര ഗ്രാമങ്ങള്‍ക്കായി ആരോഗ്യം വിദ്യാഭ്യാസം കാര്‍ഷിക കുടിവെള്ളാവശ്യങ്ങള്‍ എന്നിവക്കായി അനുവദിക്കുന്ന ആനുകൂല്യങ്ങളും സഹായങ്ങളുമൊക്കെയും വെട്ടി ചുരുക്കുകയും, ശേഷം ഇത്തരം ആവശ്യങ്ങള്‍ അത്രയും മുതലാളിത്ത താത്പര്യാര്‍ത്ഥം സ്വകാര്യവത്കരിക്കുകയും അത് വഴി മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ ജനതക്ക് മേലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന നയമാണ് ഇക്കാലമത്രയുമായി നാം നമ്മുടെ രാജ്യത്ത് കണ്ടു വരുന്നത്. ഫലമോ, രാജ്യത്തെ പാവം ജനതക്ക് ആവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടുന്നതിനു വേണ്ടി ആശുപത്രി ഉടമയുടെയും വിദ്ദ്യാഭ്യാസ മുതലാളിയുടെയും തിണ്ണ നിരങ്ങേണ്ട ഗതികേടിലേക്ക് നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് അതിന്റെ ആത്യന്തികമായ റിസള്‍ട്ട്...!! ഇപ്പോള്‍ കാര്യങ്ങള്‍ അല്പം കൂടെ വ്യക്തമാകുന്നു. "യേമാനേ, അടിയങ്ങള്‍ പാവങ്ങളാണേ...!!!" എന്ന് പറയുന്നതിന്റെ ഗുട്ടന്‍സ്.
ഈ സവിശേഷ സാഹചര്യത്തില്‍ മറ്റൊരു ഉച്ചകോടിയും കൂടെ ഓര്‍മ്മയിലേക്ക് വരുന്നു. ലോകത്തെ മൊത്തം 88 രാജ്യങ്ങള്‍ നിരോധിച്ച കീടനാശിനി കേരളമടക്കം വരുന്ന സംസ്ഥാനങ്ങള്‍ ദേശവ്യാപകമായി നിരോധിക്കണം എന്നാവശ്യപ്പെട്ടിട്ടും അതിനു കൂട്ടാക്കാത്ത ഒരു കേന്ദ്രവും കൃഷിമന്ത്രിയും ഒരു സഹനും.. മറ്റൊരു ഉച്ചകോടിക്കായി യാത്രക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ആ 'മഹാ ദുരന്ത ലായനി' ഇനിയും നിര്‍ബാധം പാവം ജനതക്ക് മേല്‍ തളിക്കാന്‍ സാധനം ഇറക്കുമതി ചെയ്യാനുള്ള വണ്ടിയിലാണ് ഈ കൂട്ടം യാത്ര പോകുന്നത്. "ഇവിടെ കരിഞ്ഞു വീഴുന്നത് കേവലം തേയില കൊതുകുകളല്ല. ഈ രാജ്യത്തെ പാവം ജനതയുടെ ജീവനും ജീവിതങ്ങളുമാണ്". ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ ഈ അധികാരി വര്‍ഗ്ഗത്തിന് സാധിക്കാത്തതെന്ത് കൊണ്ട്..?
ചോദ്യം മറ്റൊരര്‍ത്ഥത്തില്‍ ഉത്തരമായി പരിണമിക്കുന്നു. ഈ കൂട്ടത്തിന്റെ താത്പര്യമത്രയും തന്നെ മുതലാളിത്ത ദാസ്യമാണ്. ഈ പാവം പാവങ്ങളുടെ ചിലവില്‍ ലഭിക്കുന്ന ഔദാര്യത്തെ വിറ്റു തിന്നാന്‍ ഈ ദുര്‍ഭൂതങ്ങള്‍ക്ക് യാതൊരു ഉളുപ്പുമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ഹാ കഷ്ടം..!! എന്റെ രാജ്യമേ...!!! ഇവിടെ, നമ്മുടെ നീതി ക്ഷേത്രങ്ങളുടെ ഇടപെടലുകള്‍ പ്രത്യാശക്ക് വക നല്കുന്നു.
സാമൂഹിക നീതി ഉറപ്പു വരുത്തുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്കുന്ന ഇച്ഛാശക്തിയുള്ള ജാഗ്രതയുള്ള ഒരു സംവിധാനമായി മൊത്തം രാജ്യവും മാറുന്ന ഒരു നല്ല രാഷ്ട്ര നിര്‍മ്മിതിക്കായുള്ള വഴി വെളിച്ചമായി നമുക്ക് നമ്മുടെ കോടതികളെ ആശിക്കാം.
നീതി ക്ഷേത്രത്തിനു അഭിനന്ദനങ്ങള്‍ കൂടെ, പൊതു ജനം കഴുതയാണെന്നു പറഞ്ഞ പഴം ചൊല്ലുകാരന് നല്ല നമസ്കാരവും.
61 comments:
സാമൂഹിക നീതി ഉറപ്പു വരുത്തുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്കുന്ന ഇച്ഛാ ശക്തിയുള്ള ജാഗ്രതയുള്ള ഒരു സംവിധാനമായി മൊത്തം രാജ്യവും മാറുന്ന ഒരു നല്ല രാഷ്ട്ര നിര്‍മ്മിതിക്കായുള്ള വഴി വെളിച്ചമായി നമുക്ക് നമ്മുടെ കോടതികളെ ആശിക്കാം.
രാജ്യം പ്രതിസന്ധികള്‍ നേരിടുകയാണ്.. ഒട്ടേറെ പ്രതിസന്ധികള്‍.. കാലീകമായ ലേഖനം. നാമൂസിന്റെ വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്. ലേഖനത്തില്‍ കാമ്പും
@@
സമ്പാദ്യം ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഒതുങ്ങുകയും ശേഷിക്കുന്നവര്‍ പട്ടിണിയിലാവുകയും ചെയ്യുമ്പോള്‍ എങ്ങനെയാ ദാരിദ്ര്യം നാട് നീങ്ങുക!
****
വസ്തുതകള്‍ മനസ്സിലായി. ഇതിനുള്ള പ്രതിവിധി ? അതാര് തരും?
എങ്ങനെയാണ് ഈ ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങള് പുറന്തള്ളപ്പെട്ടത് ?
ചെറിയ ശതമാനം വരുന്ന കുത്തകള്ക്കെതിരെ ഒരുമിച്ചു പോരാടെണ്ട അധസ്ഥിതരും ദരിദ്രരും വിഘടിച്ചു പോയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ?
വളരെ പ്രസക്തം..
നമുക്ക് നീതിപീഠങ്ങളെ വിശ്വസിക്കാം. പക്ഷെ അഴിമതിയുടെ കറപുരളാത്ത ഒരാളെയെങ്കിലും കിട്ടാൻ മഷിയിട്ടുനോക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതും പാഴ്വേലയാകുമോ?
കാലികപ്രസക്തിയുള്ള പോസ്റ്റ്.
വളരെ അവസരോചിതമായ പൊസ്റ്റ്.അവസാനത്തെ ആശ്രയമായി ലേഖകൻ ചൂന്ദിക്കാണിച്ച പോലെ നമുക്കു കോടതികളെ ആശ്രയിക്കാം.
നല്ല എഴുത്തിനു അഭിനന്ദനങ്ങൾ.
ദരിദ്രന് ദരിദ്രനായി തന്നെ മണ്ണടിയുന്നു. ആറടി പോലും ലഭിക്കാതെ സ്വന്തം അടുക്കളയില്‍ തന്നെ ശവമടക്കിയത് ചരിത്രമായത് കൊല്ലങ്ങളുടെ പഴക്കമില്ല.ശരാശരി മുസ്ലീംകള്‍ മാത്രം അവരുടെ സക്കാത്ത് ഫലപ്രദമായ രീതിയില്‍ പ്രയോഗിച്ചാല്‍ തന്നെ കുറെ പട്ടിണി മാറ്റാം.എല്ലാ സമുദായവും അതിന് അര്‍ഹരാണ്.ഇന്ന് ഏറ്റവും കൂടുതല്‍ ഭിക്ഷാടനത്തിനിറങ്ങുന്ന ആളുകളില്‍ മുക്കാല്‍ ഭാഗവും മുസ്ലീംകള്‍ ആണെന്നതില്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു.‘തിരുമുടി’ക്കു പിന്നാലെ പോകുന്ന മാന്യര്‍ അതെന്തേ മനസ്സിലാക്കാതെ പോയി..?
കാലികപ്രസക്തിയുള്ള പോസ്റ്റ്.
ഗൌരവതരമായ ഒരു പഠനം തന്നെ..നാമൂസ് വളരെ ആഴമായി പറഞ്ഞു.
ജനാധിപത്യത്തിന്റെ നാല് തൂണുകളും ദ്രവിച്ചു അടിത്തറ ഇളകി നിലനില്‍പ്പ് തന്നെ അവതാളത്തിലായിരിക്കുകയാണ് ..ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്ന് തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ .ഭരണാധികാരികള്‍ മോശമായാല്‍ (ലെജിസ്ലെട്ടിവും , എക്സിക്യൂട്ടിവും അടക്കമുള്ള) ജഡീഷ്യറി രക്ഷയ്ക്കുണ്ടെന്ന ധാരണയും ഏറെക്കാലമായി തെറ്റാണെന്ന് തെളിഞ്ഞു വരുന്നു ..താഴെ തട്ടിലെ സിവില്‍ കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ (ഇപ്പോളിതാ ചീഫ് ജസ്റ്റീസും!!) അഴിമതി ആരോപണങ്ങളുടെ നിഴലില്‍ വന്നു കഴിഞ്ഞു ..പിന്നെ ആര് രക്ഷിക്കും നമ്മുടെ രാജ്യത്തെ ? പരിപാവനമെന്നു കരുതിയ ജനാധിപത്യത്തെ ?
നാലാം തൂണായ മാധ്യമങ്ങളും മുതലാളിത്ത വ്യവസ്ഥയുടെ പിണിയാളുകളും സ്തുതി പാഠകാരും ആയി മാറി ..രാഷ്ട്രീയ സംവിധാനങ്ങള്‍ ഒന്നാകെ അഴിമതിയുടെ യും സ്വജന പക്ഷ പാതിത്വത്തിന്റെയും കൂത്തരങ്ങായും മാറി ..
ഇനി ദിശാ ബോധമുള്ള ജനകീയ മുന്നേറ്റങ്ങള്‍ വരണം ..ആരാലും ഹൈജാക്ക് ചെയ്യപ്പെടാത്ത വിപ്ലവം ..അതിനു തുടക്കം കുറിക്കാന്‍ എല്ലാക്കാലത്തെയും പോലെ ഈ പട്ടിണി പാവങ്ങള്‍ തന്നെ മുന്നോട്ടു വരണം ..അതിനവരെ സജ്ജരാക്കാന്‍ പ്രാപ്തരായ പ്രസ്ഥാനങ്ങള്‍ പുതിയതായി ഉണ്ടാകേണ്ടി യിരിക്കുന്നു ..നാമൂസിന്റെ ലേഖനം നന്നായി പ്രതികരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ..ആശംസകള്‍ ..:)
nallayezhutthukal....
ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വിശപ്പെന്ന വികാരത്തിന് വേര്‍തിരിവില്ല... പണക്കാര് കൂടുതല്‍ പണക്കാരും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരും ആയിക്കൊണ്ടിരിക്കുന്ന ഈ വ്യവസ്ഥിതിക്കു എന്താണ് പരിഹാരം? ദുരന്തം വിതച്ചു കൊണ്ട് വിഷമഴ പെയ്തു കൊണ്ടേ ഇരിക്കുന്നു... കേരളജനതയുടെ വോട്ടു വാങ്ങി കേന്ദ്ര മന്ത്രിമാരായ മഹാന്മാര്ക്ക് ഇതൊക്കെ നോക്കാന്‍ എവിടെ സമയം?
കാലികം
നീതി ക്ഷേത്രത്തിനു അഭിനന്ദനങ്ങള്‍ കൂടെ, പൊതു ജനം കഴുതയാണെന്നു പറഞ്ഞ പഴം ചൊല്ലുകാരന് നല്ല നമസ്കാരവും.
ശ്രദ്ധേയം, അഭിനന്ദനങ്ങൾ
നമ്മുടെ ഭരണാധികാരിയായി
മാറി നോക്കി ഞാനപ്പോള്‍
ചോദിപ്പൂ ഫ്രഞ്ചു രാഞ്ജിയെപ്പോല്
വാങ്ങി തിന്നൂടെയിവര്ക്കു കേക്ക്
ദാരിദ്യം! അത് നില നില്‍ക്കേണ്ടത് മുതലാളിത്തത്തിന്റെ അനിവാര്യതയാണ് ,വയറൊട്ടി കൂനിക്കൂടിയ പാവപ്പെട്ടവന്റെ മുമ്പില്‍ കൂപ്പു കയ്യോടെ വോട്ടു ചോദിക്കുന്ന(ലജ്ജാവഹമായ ) രാഷ്ട്രീയക്കാരന്റെ ചിത്രം നമുക്ക് ചിരപരിചിതമാണല്ലോ!!..സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുഖ്യമായും പ്രചാര വിഷയം ദാര്‍ദ്ര്യ നിര്‍മാര്‍ജനം തന്നെ!!! അധികാര വര്ഗ്ഗത്തിനെതിരായുള്ള നാമൂസിന്റെ ഈ താക്കീത് ഒരുറച്ച ശബ്ദമായി വാനിലുയരട്ടെ ,,,മര്‍ദ്ദിത പക്ഷം സിന്ദാബാദ്!!
വളരെ പ്രസക്തം..നമുക്ക് നീതിപീഠങ്ങളെ വിശ്വസിക്കാം. നാമൂസിന്റെ വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്.
പോസ്റ്റ് നന്നായി നാമൂസ്.
ഇന്ത്യ തിളങ്ങുന്നു, വന്‍ സാമ്പത്തിക ശക്തിആയിക്കൊണ്ടിരിക്കുന്നു എന്നെല്ലാം നാം പെരുമ്പറ മുഴക്കി വിളംബരം ചെയ്യുമ്പോഴും പാര്ശ്വവല്കരിക്കപ്പെട്ട ബഹുഭൂരിപക്ഷം മനുഷ്യജീവികളെ നിയന്ത്രിക്കുന്നത് കേവലം വിരലിലെണ്ണാവുന്നവര്‍ ആണെന്നത് ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്.രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണമുഖം മാത്രം സ്വീകരിക്കുന്ന ഇന്നത്തെ നേതാകളെ ജനകീയ വിചാരണക്ക് വിധേയമാക്കെണ്ടിയിരിക്കുന്നു.ഒപ്പം പലിശഎന്ന വ്യാളിയെ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ഒരു വ്യവസ്ഥ ഉണ്ടാകെണ്ടിയുമിരിക്കുന്നു.
(വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട് , രചനാ ശൈലി വശ്യവുമാണ്.)
സ്വിസ് ബാങ്കിലെ കണക്ക് എടുക്കാന്‍
ഒരു രാഷ്ട്രീയകാരനും താല്പര്യം
ഇല്ലത്രെ .അക്കാര്യത്തില്‍ ഭരണ പ്രതിപക്ഷ
കഷികള്‍ ഒറ്റക്കെട്ട് !!!അഭിനന്ദനങ്ങള്‍
നല്ല ലേഖനം ..
സാമൂഹിക നീതി ഉറപ്പു വരുത്തുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്കുന്ന ഇച്ഛാ ശക്തിയുള്ള ജാഗ്രതയുള്ള ഒരു സംവിധാനമായി മൊത്തം രാജ്യവും മാറുന്ന ഒരു നല്ല രാഷ്ട്ര നിര്‍മ്മിതിക്കായുള്ള വഴി വെളിച്ചമായി നമുക്ക് നമ്മുടെ കോടതികളെ ആശിക്കാം.
നമുക്കു വിശ്വസിക്കാമോ നമ്മുടെ കോടതിയെ??????????????????
ആകാലവും കഴിഞ്ഞുപോയില്ലേ?????????????????
മൂര്‍ച്ചയുള്ള വാക്കുകളില്‍ വീണ്ടും നമൂസിന്റെ കാലിക പ്രസക്തമായ ലേഖനം
വളരെ കാലികപ്രസക്തമായ പോസ്റ്റ്. അഭിനന്ദനങ്ങൾ
വളരെ കാലിക പ്രധാനമായ പോസ്റ്റ്. ഒരുപാടു കാര്യങ്ങള്‍ പറയാതെ തന്നെ പറഞ്ഞിട്ടുമുണ്ട്.
നമ്മുടെ രാജ്യം ഇതുപോലെയുള്ള ഒട്ടേറെ പ്രതിസന്ധികള്‍ ഇന്ന് നേരിടുകയാണ്
സ്നേഹപൂര്‍വ്വം
ഫെനില്‍
വല്ലാത്തൊരു ജന്മം തന്നെ അല്ലെ നാമൂസ് ...നിന്നെ ഒക്കെ സമ്മതിക്കണം ..അല്ല സമ്മതിച്ചിരിക്കുന്നു ..എല്ലാത്തിനെയും പോലെ ഇതും സമൂഹ നന്മാക്കുതകുന്ന ലേഖനം തന്നെ.നന്നായി കാര്യങ്ങളെ അവതരിപ്പിക്കാന്‍ അതിനെ കുറിച്ച് ആഴത്തില്‍ ഉള്ള അറിവ് അനിവാര്യം തന്നെ ,അതുണ്ടെന്നു സംമ്മതിക്കാതെ വയ്യ ..അല്ല സമ്മതിചിരിക്കുന്നു ...തുടരുക ഈ പോരാട്ടം .അനീതിക്കും അക്രമതിന്നു മെതിരെ യുള്ള ഈ സമരത്തില്‍ നങ്ങളെല്ലാം കൂടെ ഉണ്ട് എന്നും..കാരണം നക്ലംക്ക കൂട്ട്ട്ടാകുന്നതും പുണ്യം തന്നെ ...നാഥന് അനുഗ്രഹിക്കട്ടെ ആമീന്‍ ..ഒരുപാട് സ്നേഹത്തോടെ അതിലേറെ പ്രാര്‍ത്ഥനയോടെ ......
ഗൌരവതരമായ ശ്രദ്ധയുടേയും വിവേകപൂർവ്വമായ ചിന്തയുടേയും കരുതലോടെയുള്ള പ്രവർത്തനങ്ങളുടേയും ആവശ്യകത വരച്ചുകാട്ടുന്ന ലേഖനം. കാലികം, അവസരോചിതം.
PALLIKKARAYIL
http://ozhiv.blogspot.com/
തിര്‍ച്ചയായും മുതലാളിത്തതാല്പര്യങ്ങള്ക് മാത്രം ഊന്നല്‍ നലകി, സ്വയം രാജ്യതിന്റെ സ്വത്ത് തട്ടിയെടുത്ത് മറ്റു വിദേഷബാങ്കുകളില് നിന്നും കോടികള്‍ കടമെടുക്കുന്ന രാഷ്ട്രീയ മമ്മികളാണ് ഇന്ന് ഇന്ത്യന്‍ രാഷ്ടീയതിന്റെ തലപ്പത്ത് എന്ന് പറയുമ്പോള്‍ നാം ചെയ്യുന്ന വോട്ട് പാഴകുന്നു എന്ന് നാം ഒന്ന് ഒരുന്ന് ചിന്തികേണ്ടതാണ്, ആ ത്രിവര്ണ്ണപതക്കക് താഴെ അണിനിരക്കാന്‍ പോലും ഇത്തരം കള്ളന്മാര്ക് അവകാശമില്ല
ആശംസകള്‍
ഇപ്പോഴത്തെ സാഹചര്യത്തില്‍..പാവപ്പെട്ടവന്നു നിത്യ പട്ടിണി തന്നെയാണ് അധികാര..മുതലാളിമാര്‍ വിധിച്ചിരിക്കുന്നത്...ഇവിടെ സാമൂഹിക നീതി..യഥാര്‍ത്തത്തില്‍ സോഷിയലിസം വരനമെന്കില്‍ ഇസ്ലാമിലെ സക്കാത് ഈ രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളും അംഗീകരിച്ചു നിര്ബന്തമാക്കെണ്ടിയിരിക്കുന്നു ..എന്തേ...അപ്പോഴേ ഉള്ളവന്നും ഇല്ലാത്തവന്നും തമ്മിലുള്ള അന്തരം ഒഴിവാക്കൂ..
പാവപ്പെട്ടവന്നു കിട്ടേണ്ട കോണകം പോലും വഴി മാറ്റി ചിലവാക്കുന്ന അധികാര വര്‍ഗം എന്ന് നന്നാവാനാ
നല്ല രീതിയില്‍ പറഞ്ഞു
സാമൂഹിക നീതി ഉറപ്പു വരുത്തുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്കുന്ന ഇച്ഛാ ശക്തിയുള്ള ജാഗ്രതയുള്ള ഒരു സംവിധാനമായി മൊത്തം രാജ്യവും മാറുന്ന ഒരു നല്ല രാഷ്ട്ര നിര്‍മ്മിതിക്കായുള്ള വഴി വെളിച്ചമായി നമുക്ക് നമ്മുടെ കോടതികളെ ആശിക്കാം.
അവിടെയും ആശ നശിച്ചിരിക്കുന്നു നാമൂസ്. ഒരു രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തെ എന്നും ചൂഷണം ചെയ്തു അവരുടെ അദ്വാനത്തെ കാശാക്കി അവരുടെ മേല്‍ മാരക വിഷം തളിച്ച് അധികാര കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന രാഷ്ട്രീയ മേലാളന്മാര് കോടതികളെയും വിലക്ക് വാങ്ങാന്‍ പ്രാപ്തരായി ക്കഴിഞ്ഞു എന്നത് അവര്‍ തന്നെ മൈക്ക് കെട്ടി പറഞ്ഞത് കേട്ടില്ലേ.
ലേഖനം കാര്യങ്ങളെ ശരിയായി വിലയിരുത്തുന്നു. ശക്തമായ പ്രതികരണവും നല്ല ഭാഷയും കൊണ്ട് ലേഖനത്തെ മികവുറ്റതാക്കി.
ഏകകക്ഷി ഭരണം ആയിരുന്നപ്പോള്‍ കൂട്ടുകക്ഷിഭരണം ഭരണം വന്നാല്‍ അഴിമതി കുറയും എന്ന് പറഞ്ഞു. അല്ലെങ്കില്‍ ചിലരെങ്കിലും അങ്ങനെ വിശ്വസിച്ചു. ഇപ്പോള്‍ സവര്‍ണ്ണന്റെയും അവര്ണ്ണന്റെയും തുടങ്ങി ദളിതന്റെയും ദ്രാവിഡന്റെയും ലേബലില്‍ വരെ വോട്ട് തെണ്ടി ജയിച്ചെത്തുന്ന വര്‍ഗീയ, പ്രാദേശിക 'നൂല് പാര്‍ട്ടികളെ' കൂട്ട് പിടിച്ചുള്ള ദുര്‍ബല ഭരണത്തില്‍ ആ പ്രതീക്ഷയും പോയിരിക്കുന്നു. ഒന്നും രണ്ടും അംഗങ്ങള്‍ മാത്രമുള്ള ഏതൊരു പ്രാദേശിക പാര്‍ട്ടിയും കീ കൊടുത്താല്‍ തിരിയുന്ന പാവയായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അധപതിച്ചിരിക്കുന്നു. അഴിമതികൊണ്ട് സാധാരണക്കാരന് ഗുണമില്ല എന്നാരു പറഞ്ഞു? കട്ട് കൂട്ടിയ പണം മിക്സിയായും ലാപ്ടോപ്പായും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നമ്മുടെ അയല്‍ സംസ്ഥാനത്ത് ജനങ്ങളിലേക്ക് എത്തുന്നത് കണ്ടു!!!!!!!.
നമൂസ്, പൊള്ളിക്കുന്ന സത്യങ്ങള്‍ വീറോടെ വിളിച്ചു പറഞ്ഞിരിക്കുന്നു.
കാശുള്ളവന്റെ കയ്യില്‍ കാശ് കുന്നുകൂടുന്നു. ഇല്ലാത്തവന്റെ കയ്യില്‍ ദാരിദ്ര്യവും...!
ലക്ഷപ്രഭുക്കള്‍ കോടീശ്വരന്മാരും, ശത കോടീശ്വരന്മാരും ഒക്കെ ആകുന്നു. വെറും പട്ടിണിക്കാര്‍ അര്ദ്ധപട്ടിണിക്കാരോ, മുഴുപ്പട്ടിണിക്കാരോ ആയും വികസിക്കുന്നു.. ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തിളങ്ങുന്നു.. !!!
ഈ സാമ്പത്തിക കുതിപ്പിലും (???) പട്ടിണി മാറാത്തതെന്തേ എന്ന സുപ്രീം കോടതിയുടെ ചോദ്യം കേള്‍ക്കുമ്പോള്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഏതോ തമാശ പോലെ തോന്നുന്നു.. (കള്ളന്! പാവം ഒന്നും അറിയാത്തപോലെ)
സാമൂഹിക നീതി ഉറപ്പു വരുത്തുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്കുന്ന ഇച്ഛാ ശക്തിയുള്ള ജാഗ്രതയുള്ള ഒരു സംവിധാനമായി മൊത്തം രാജ്യവും മാറുന്ന ഒരു നല്ല രാഷ്ട്ര നിര്‍മ്മിതിക്കായുള്ള വഴി വെളിച്ചമായി നമുക്ക് നമ്മുടെ കോടതികളെ ആശിക്കാം.
മൊത്തം കള്ള കണക്കാണ്. നികുതിപണത്തിന്റെ തോത് കുറയാനും റേഷൻ വിതരണത്തിൽ ഉൾപെടാനും ജനങ്ങളിൽ നല്ലൊരൂ പങ്കും വരുമാനം കുറച്ചുകാണിക്കുന്നു. തൊഴിലില്ലാത്തവരാണ് ഇന്നു നാട്ടിലെ മുതലാളികളും ധാരാളികളും. അങ്ങിനെയാണ് കണക്കുകളുടെ അവസ്ഥ. നാം കാര്യം സാധിക്കാൻ വളഞ്ഞവഴികൾ തേടുന്നു, ഉദ്ദ്യോഗസ്ഥന്മാർ കൈകൂലി വാങ്ങുന്നു. ആരെ ഉഴിച്ചു നിർത്താൻ പറ്റും.
നോർത്തിന്ത്യൻ വില്ലേജുകളിലാണ് കൂടുതലും പട്ടിണിയും മരണവുമെല്ലാം നടക്കുന്നത്. അവിടെ നിന്നുള്ള കണക്കുകൾ കൃത്യമായിരിക്കാം. അവിടെ ഇന്ത്യൻ ഭരണഘടന അനുസരിച്ചല്ല, ഗ്രമത്തലവന്മാരും ഭൂപ്രഭുക്കളുമാണ്. അടിമത്വത്തിന്റെ, ജാതീയതയുടെ പ്രതീകങ്ങൾ ഇന്നും നിലനിൽക്കുന്നു. ഈ അക്രമം നടത്തുന്നവരെയാണ് ഭരണ ചക്രം തിരിക്കാൻ നിയോഗിക്കുന്നത്. സമത്വവും സ്വതന്ത്ര്യവും വാങ്ങികൊടുക്കേണ്ടവർ മുതലെടുപ്പുകാരായാൽ പാവങ്ങൾ എന്നും അടിച്ചമർത്തപെട്ടവർ തന്നെയാകും. രാഷ്ട്രീയ പാർട്ടികൾക്കപ്പുറം കോടതികൾക്ക് കാര്യമായി ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. ജനങ്ങളെ അടുത്തറിയുന്നവരുണ്ടായാൽ നാട് നന്നാകും.അത്ര തന്നെ.
നാമൂസിക്കാ as usual മൂർച്ചയുള്ള വാക്കുകൾ...
ദാരിദ്ര്യവും പട്ടിണിയും നിലനില്‍ക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്. പട്ടിണി അറിയാത്ത, അടിസ്ഥാന സൗകര്യങ്ങള്ക്കുപരിയുള്ള പൗരന്മാര്ക്ക് ഇതുപോലെ പ്രതികരിക്കാന്‍ കഴിയും. ആ സമയം പട്ടിണിയുള്ളവന് ഒരുനേരത്തെ അന്നത്തിനായി കൈനീട്ടും. പ്രതികരിക്കുന്ന പൗരന്മാര് കൂടുതലുണ്ടാകുംബോള് ഭരണഘടനയ്ക്ക് അല്ലെങ്കില്‍ ഭരിക്കുന്നവര്‍ക്ക് അത് ക്ഷീണമല്ലേ...
ബെഞ്ചാലിയുടെ കമന്റിലെ ചില കാര്യങ്ങളോട് യോജിക്കുന്നു. നമ്മളില്‍ എത്രപേരുടെ റേഷന്‍ കാര്‍ഡില്‍ ശരിയായ വരുമാന വിവരങ്ങള്‍ നല്കിയിട്ടുണ്ടാകും?
കാലിക പ്രസക്തമായ ലേഖനം... വാക്കുകള്‍ക്ക് ചോരപൊടിക്കാനുള്ള ശക്തി...
കാലിക പ്രസക്തമായ ലേഖനം. വരികള്‍ക്ക് വാക്കുകളേക്കാള്‍ മാസ്മരികത.
പണക്കാര് കൂടുതല്‍ പണക്കാരാവുകയും പാവങ്ങള്‍ കൊടിയ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന നമ്മുടേ നാടിന്റെ വ്യവസ്ഥിതി മാറുമെന്ന് ആശിക്കാം!
പ്രസക്തമായ പോസ്റ്റ്!
രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങൾ ദാർശനിക മികവോടെ അവതരിപ്പിച്ചു....എല്ലാം ശരി തന്നെ...ഒന്നും പറയാനില്ല, ഒപ്പ് വെച്ച് പോവുന്നു.
മൂർച്ചയുള്ള വാക്കുകളിലൂടെ സാമൂസ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ബ്ലോഗ് വായനക്കാരിൽ മാത്രം ഒതുങ്ങിപോകരുത് എന്നൊരു അപേക്ഷ ഇത് ഏതെങ്കിലും പത്ര,വാരികയിൽ ക്കുടെ പ്രസിദ്ധീകരിച്ച്കാണൻ ആഗ്രഹിക്കുന്നൂ......... സാമൂസ് അഭിവാദനങ്ങൾ
വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഒട്ടുമിക്ക എല്ലാ വെല്ലുവിളികളെയും അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ പതിവുപോലെ പൂച്ചക്ക് ആര് മണികെട്ടും എന്ന ചോദ്യം അവശേഷിക്കുന്നു. ചൂഷകരെ സംരക്ഷിക്കുന്നത് ചൂഷിതര്‍ ആണ് എന്ന ഒരു വിരോധാഭാസം നമ്മള് കാണുന്നു. തങ്ങളെ ഭരിച്ചു മുടിക്കുന്ന എമാന്മാര്ക്ക് വേണ്ടി കച്ച കെട്ടി ഇറങ്ങുന്നത് ഇതേ ജനങ്ങള്‍ തന്നെ. വിമോചന സ്വപ്നങ്ങള്‍ ജന മനസ്സുകളില്‍ കരുപ്പിടിപ്പിക്കുകയല്ലാതെ രക്ഷയില്ല. അല്ലാമാ ഇക്ബാല്‍ പറഞ്ഞ പോലെ കപ്പലിലെ ചരക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നതല്ല പ്രശ്നം ; ചരക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന ബോധം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. കേവല വിലാപങ്ങള്‍ നമുക്ക് ഒന്നും നേടിതരുന്നില്ല....
കാലികപ്രസക്തമായ വിഷയം.
നാമൂസിന്റെ ശക്തമായ വരികളിലൂടെ
അവതരിപ്പിച്ചിരിക്കുന്നു.
വളരെ നല്ല പോസ്റ്റ്.
ഒരിടവും വിശ്വസിക്കാന്‍ പറ്റാതായി തീര്‍ന്നിരിക്കുന്നു.
നല്ല ലേഖനം.
അവശരായവർക്കു വെണ്ടി എഴുതപ്പെട്ട വാക്കുകൾ.. അക്ഷരം പ്രതി യോജിക്കുന്നു ശക്തമായ ഈ വാക്കുകളൊട്
കണക്കില്‍ ഇന്ത്യ ജ്വലിക്കുന്നു ........പക്ഷെ നഗ്ന സത്യങ്ങള്‍ കോടതി വിളിച്ചു പറയുന്നു അത് കേട്ട് നമ്മുക്ക് ലജ്ജിക്കാം
രാജ്യത്തെ മൊത്തം ഭൂമിയുടെ പകുതിയോളം ഉടമസ്ഥാവകാശം ജന സംഖ്യയില്‍ കേവലം 5% മാത്രം വരുന്ന വിഭാഗങ്ങളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. രാജ്യത്തെ 20% ആളുകളും ഭൂരഹിതരുമാണ്. അവരത്രെ രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 85% വരുന്ന അടിസ്ഥാന ജന വിഭാഗങ്ങളുമാണ്. മൊത്തം ഭൂമിയുടെ 2% മാത്രം പുനര്‍ വിതരണം ചെയ്യപ്പെട്ടാല്‍ തീരുന്ന പ്രശ്നമാണ് ഇതെന്നിരിക്കെ ഇതിലടങ്ങിയിരിക്കുന്ന നീതി നിഷേധനത്തിന്റെ വലുപ്പം മനസ്സിലാകും. എന്നിട്ടും, അത് കൈകാര്യം ചെയ്യുന്നതില്‍ ഭരണ കൂട്ടം കാണിക്കുന്ന കാല താമസവും മറ്റും സൂചിപ്പിക്കുന്നത് ഭരണാധികാരികളുടെ താത്പര്യത്തെയാണ്. ഇത് സഗൌരവം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ഭൂമിയുടെ കൈകാര്യകര്‍ത്തിത്വമെന്നത് കേവല ആവാസ വ്യവസ്ഥക്ക് അപ്പുറമുള്ലൊരു കാര്യമായി മനുഷ്യരുടെ ചലനാത്മകതക്ക് ആക്കം കൂട്ടുകയും അതിനെ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഒരു വലിയ ഘടകമാണ്. അത് കൊണ്ട് തന്നെ ഇത് വലിയ ഗൗരവമര്‍ഹിക്കുന്ന ഒന്നാണ്.
"ഇതിനെക്കെ പരിഹാരം എന്നുണ്ടാവും ? ഉണ്ടാവുമോ ? ഇത്തരം കുറെ ചോദ്യങ്ങളുമായി ഞാനും നാമൂസിനൊപ്പമുണ്ട്."
കോടതിയെ വിശ്വസിയ്ക്കാമെന്ന്തും വ്യാമോഹമല്ലേ...
"ഇവിടെ രണ്ടുതരം ഇന്ത്യയാണുള്ളത്. സമ്പന്നരുടെ സമൃദ്ധിയുടെ ഇന്ത്യയും പട്ടിണിക്കാരുടെ ഇന്ത്യയും. ഇത് തുടരാന്‍ അനുവദിച്ചുകൂടാ."
സുപ്രീം കോടതിയുടെ ഈ ശകാരം ........ഇതു തന്നെയല്ലേ ഈ സോഷ്യലിസം എന്ന് പറയുന്നത്..?
പഴയ മുദ്രവാക്ക്യം ആണെങ്കിലും പറഞ്ഞു തരുന്നത് കോടതിആയതുകൊണ്ടായിരിക്കാം ഹസ്സാരയുടെ അനുയായികള്‍ക്ക് ഈ താല്പര്യം
.അടുത്ത ശകാരം വരുമ്പോള്‍ ഉണര്‍ത്തു.. ഞാന്‍ എന്റെ പുതപ്പിനുള്ളിലേക്ക് വലിയട്ടെ ........
മന്മോഹന് സിംഗിന്റെ കാര്യമെടുക്കാം. corporate media കെട്ടിപ്പൊക്കിയ ഈ "ഡീസന്റ്" മാന്‍ പോയ്കാലുകളില് നില്‍ക്കുന്നത് ഇന്ന് വെളിവാകുന്നു. ഇനി വരാനുള്ളവര്‍ ഫാസിസത്തിന്റെ കച്ചവടക്കാരും. എവിടെയാണ് പ്രതീക്ഷ. ജനാധിപത്യം അതിന്റെ സ്വന്തം മക്കളെ തന്നെ ചുട്ടു കൊല്ലുന്നിടത്തു എത്തി നില്ക്കുന്നു. എവിടെ വെളിച്ചം? നല്ല ലേഖനം
ഇന്ത്യ വികസനപാതയിൽ കുതിക്കുന്നു വെന്ന് നാം പൊങ്ങച്ചം പറയുമ്പോഴും പട്ടിണിയും ദാരിദ്റ്ര്യവും നമ്മെ വിടാതെ പിന്തുടരുന്ന യാഥാർത്ഥ്യമാണ്. പോഷകാഹാരകുറവ് മൂലവും ഉയർന്ന ചികിത്സാ സംവിധാനങ്ങളുടെ അഭാവവും കാരണം ഇന്ത്യയിൽ എത്രപേർ ദിവസവും മരിക്കുന്നുണ്ടെന്ന യഥാർത്ഥ കണക്ക് കിട്ടിയാൽ നാം അൽഭുതപ്പെട്ടുപോകും.
കാലികവും പ്രസക്തവുമായ വിഷയം
നന്നായി അവതരിപ്പിച്ചു.
എല്ലാ ആശംസകളും!
നമ്മുടെ നാടിനെ എങ്ങനെ രക്ഷപ്പെടുത്തും? നമുക്ക് അതാലോചിക്കണം. കള്ളന്മാരുടെയും കൊള്ളക്കാരുടെയും കയ്യില്‍ നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്തണം.
ഉന്നത നീതിപീഠത്തിൽ മാത്രം അവശേഷിച്ച ഈ പ്രകാശദീപം , മക്കൾക്കും മരുമക്കൾക്കും സ്വന്തക്കാർക്കും വേണ്ടി ന്യായം വിറ്റ് കാശാക്കുന്നവരുടെ കൈകളിൽ എത്രമാത്രം ഭദ്രമാണു് എന്നോർക്കുമ്പോൾ ദു:ഖവും ഭയവും തോനുന്നു. ലേഖനം നീതിപൂർണ്ണവും കാലോചിതവും ആയിരുന്നു.
നാമൂസിന്റെ ചിന്തകള്ക്കൈക്യദാര്ഢ്യം.
എന്നാല്‍ എല്ലായ്പ്പോഴും പീഢിതന്റെ കൂടെയാണോ നമ്മുടെ നീതിക്ഷേത്ര പൂജാരികള്‍ നിലയുറപ്പിച്ചിട്ടുള്ളത്? എന്തായാലും നമ്മുടെ ഭരണാധികാരികള്‍ കോര്‍പ്പറേറ്റുകളുടെ സി.ഇ.ഒ മാരായിത്തീര്ന്നിരിക്കുന്നു. സത്യത്തില്‍ ഒരു സാദാ കമ്പനി മേനേജരുടെ അന്തസ്സോ ഇച്ഛാശക്തിയോ പോലും അവര്‍ക്കില്ല. മൂലധന ശക്തികള്‍ കല്പ്പിക്കുന്നു, അവര്‍ അനുസരിക്കുന്നു. അത്ര തന്നെ.
-നാവ്
-ദിശ
ഒന്നും ചെയ്യാനില്ല..ചെയ്യാൻ കഴിയുമെന്നു തോന്നുന്നുമില്ല..
ഞാൻ ഒരു അവതാരത്തിനെ കാത്തിരിക്കുകയാണ്..
നമ്മുടെ രാജ്യത്തെ ദരിദ്രരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.എങ്കിലും നമ്മുടെ ഭരണകൂടം മുതലാളിത്തത്തിന്റെ പ്രചാരകരാവുകയും അവര്‍ക്കുവേണ്ടി ഭരിക്കുകയും ചെയ്യുന്നു.ഇന്ത്യരാജ്യം ലോകത്തിനുമുന്പില് കുതിച്ചുയരുന്ന ഒരു സാബത്തിക ശക്തിയാണ്.ഇതൊക്കെയും അഴുക്കുപുരണ്ട വസ്ത്രത്തില്‍ സ്പ്രേ അടിച്ചു നടക്കുന്നതിനു തുല്യമാണ്.ഭരണകൂടങ്ങാളെക്കള് കഷ്ടമാണ് നമ്മുടെ മാധ്യമങല് ദരിദ്രന്റെ സങ്കടം കാണാന്‍ അവര്‍ക്കു നേരമില്ല .സബന്നരുടെ അവധാനങ്ങള്‍ പാടാനും അവരുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനും മല് സരിക്കുന്ന അവര്‍ക്കു സാധാരണക്കാരനോട് എന്തു വിധേയത്വം ..പട്ടിണികിടക്കുന്ന പാവങ്ങള്‍ ക്കു ഇനി ഒരു ആശ്രയം നീതിന്യായ വ്യവസ്ത മാത്രമാണ്..നാമൂസ് നമ്മുടെ മനസിലെ ഈ തീപ്പൊരി തുറന്നുവിടാന്‍ കഴിയാതെ നമ്മളൊക്കെയും നപും സകങ്ങളായിതീരുബോളാണ് കണ്ണില്‍ നിന്നും ചോര വരുന്നത്
ഒരു നല്ല രാഷ്ട്ര നിര്‍മ്മിതിക്കായുള്ള വഴി വെളിച്ചമായി നമുക്ക് നമ്മുടെ കോടതികളെ ആശിക്കാം..
മന്‍സൂര്‍ ഈ ലേഖനം എഴുതുന്നത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്. അതിനു മുമ്പും ശേഷവും ഉണ്ടായ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരം ഒരു വഴിവെളിച്ചത്തില്‍ ഒട്ടും പ്രതീക്ഷ അര്‍പ്പിക്കേണ്ട എന്നു തന്നെയാണ്... ഒരു ജനതയുടെ രാഷ്ട്രീയമായ മുന്നേറ്റം മാത്രമാണ് ഏക പോംവഴി... നിലവിലുള്ള സാഹചര്യത്തില്‍ അത്തരം അടിസ്ഥാന ജനവിഭാഗങ്ങളോട് തോളോടു തോളുരുമ്മിയുള്ള ഒരു മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാന്‍ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തയ്യാറല്ല എന്ന കാര്യം ഉറപ്പാണ്... പ്രഖ്യാപിത വിപ്ലവപ്രസ്ഥാനങ്ങള്‍ പോലും അതിനു തയ്യാറല്ല തന്നെ.ആ സാഹചര്യത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയില്‍ നിന്ന് ഉരുവം കൊള്ളാന്‍ പോവുന്ന ഒരു വിസ്ഫോടനത്തില്‍ നമുക്ക് പ്രതീക്ഷ അര്‍പ്പിക്കാം... ഇതു കേവല പ്രതീക്ഷ അല്ല.. സംഭവിക്കാന്‍ പോവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്... കാരണം ലോകചരിത്രത്തിന്റെ ഗതിവിഗതികള്‍ അങ്ങിനെയാണ്...
വസ്തുനിഷ്ടമായി അവതരിപ്പിച്ച ഈ ലേഖനം അഭിനന്ദനം അര്‍ഹിക്കുന്നു.. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മറ്റു മാധ്യമങ്ങളിലൂടെയും അവതരിപ്പിക്കേണ്ടിയിരുന്ന നല്ല ലേഖനം...
ഒരു വര്‍ഷം തികയാന്‍ പോകുന്നു ഈ ലേഖനം എഴുതിയിട്ട് ,ഇപ്പോഴും എല്ലാം തഥൈവ,പക്ഷെ നാമൂസ് എന്ത് ചെയ്തു ?വെറുതെ കോടതികളില്‍ വിശ്വാസമര്‍പ്പിച്ച് ഇരുന്നോ ?ചോദ്യം ഞാന്‍ എന്നോട് ചോദിച്ചപ്പോള്‍ (ഞാന്‍ എന്ത് ചെയ്തു )എന്റെയുള്ളില്‍ ഒരു പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നതിനെക്കുരിച്ചു മ്യാവൂ ,മ്യാവൂ ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?