2013, ജനു 22

മരണ നദിക്കിപ്പുറം പെയ്യുന്ന കവിത,


മരണത്തിന്റെ വണ്ടിയില്‍ അനുവാദം കൂടാതെ ചാടിക്കയറാനുള്ള വ്യഗ്രതയില്‍ വാക്കിന്റെ വക്കില്‍ തട്ടി,
അയാള്‍ ആഴമേറിയ ഒരുറക്കിലേക്ക്‌ അമര്‍ന്നു കിടന്നു.
തുടര്‍ന്ന്‍, അനക്കമില്ലാതെ തന്റെ മരണം പോലോത്ത മഹാ മൗനത്തില്‍
ശൈശവത്തിലേതെന്ന പോലെ നിഷ്കളങ്കനും സുന്ദരനുമായി.

ശരിയെന്ന ഉറപ്പിലാണ്‍ ആ തീരുമാനത്തിലെത്തുന്നത്.

പക്ഷെ, ഇടക്കുവെച്ച് അവളയാള്‍ക്കഭിമുഖം നിന്നു ചോദിച്ചു,

നിന്റെ കവിതകള്‍.?

ആ ഒരൊറ്റ വാക്കില്‍ ചഞ്ചല ചിത്തന്‍. !

പിന്നീടുള്ള ഓരോ നിമിഷവും അയാളൊരു കുട്ടിയിലേക്ക് വലുതായി.

അതിങ്ങനെയാണ് :
സജലങ്ങളെങ്കിലും ഏറെ തിളക്കമുള്ള കണ്ണുകളാല്‍ കാണപ്പെട്ട
അവളുടെ കണ്ണുകള്‍ അയാളെ കൊത്തി വലിക്കുന്നുണ്ടായിരുന്നു.
വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞലങ്കരിച്ച തന്റെ കയ്യിലെ പൊതി തുറന്ന്‍
അവളവന്റെ തൊട്ടരികെയെത്തി നോട്ടം കൃത്യം ഹൃദയത്തിലേക്കെയ്തു വിട്ടു.

നിന്റെ മൊഴിയെവിടെ..?

" എന്റെ മൊഴി, അത് പിറവി കൊണ്ടേയിരിക്കുന്നു ."

അപ്പോള്‍, നീയതിനെ എന്ത് ചെയ്യാന്‍ പോകുന്നു..?

" ഇല്ല, നിനക്കായി പിറവി കൊള്ളുന്നതൊന്നും അനാഥമാകില്ല ."

എന്നിട്ടാണോ നീ..?

" കണിശം , അത് നിന്നില്‍ത്തന്നെ വന്നുചേരും. "

എങ്കില്‍, അവയെല്ലാം ചേര്‍ത്തു വെച്ച് നീയൊരു കവിത പറയ്‌.

"കവിത"

ഉം, കവിത. !

അപ്പോള്‍ അയാളൊരു കവിത പറഞ്ഞു.

" നീ "

ഞാന്‍..?

" അതെ, നീയാണെന്റെ കവിത. "

"നീയിങ്ങനെ ഉള്ളം നിറഞ്ഞുനില്ക്കെ,
മരണം,
ഒരധികപ്പറ്റാണ്.
ജീവിതം,
അതൊരു ലുബ്ധന്റെ
കുപ്പായ മടക്കില്‍ തെറുത്തു വെച്ച
കഞ്ചാവ് ബീഡിയും. !"

ഇപ്പോള്‍ അയാളൊരു ഉറക്കത്തിലാണ്.
ഒരു പുതുകവിതയുടെ പെയ്ത്തിനു ശേഷമുള്ള സുഖാലസ്യത്തില്‍,
അവളുടെ സാമീപ്യത്തില്‍.!

മരണവും ജീവിതവും ഒന്നായി ചേരുന്നിടത്ത്‌ അവരാകുന്ന കവിത പെയ്തുകൊണ്ടേയിരിക്കുന്നു.

45 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

മരണമെന്തെളുപ്പം, ജീവിച്ചിരിക്കുക എന്നതാണ് ശ്രമകരം.!

ആമി അലവി പറഞ്ഞു...

ഞാൻ ഇപ്പോൾ മരിച്ചുപോയാൽ
നീയെന്തു ചെയ്യും?

നിന്നെക്കുറിച്ചൊരു കവിതയെഴുതും.

നീ എന്നെയോർത്തു ദുഃഖിക്കുമോ?

തീർച്ചയായും, ഞാൻ നെടുവീർപ്പിട്ടു.

ഒരുപാടു കാലം?

അതൊന്നിനെ ആശ്രയിച്ചിരിക്കും.

ഏതിനെ?

ആ കവിതയുടെ മേന്മയെ, ഞാൻ പറഞ്ഞു.
കട: ഓര്‍മയില്ല :(

കൊമ്പന്‍ പറഞ്ഞു...

നീ ആണോ കവിത എങ്കില്‍ ജീവിക്ക് മരണത്തെ തോപ്പിച്ചു ജീവിക്ക്
വാക്കും അക്ഷരങ്ങളും അന്നവും വെള്ളവും ആവട്ടെ നീ ജീവിക്ക്
വീണ്ടും വേണ്ടും ജീവിക്ക്

Renjith പറഞ്ഞു...

ജീവിതം,
അതൊരു ലുബ്ധന്റെ
കുപ്പായ മടക്കില്‍ തെറുത്തു വെച്ച
കഞ്ചാവ് ബീഡിയും. !" കിടിലോല്‍ക്കിടിലന്‍ .... :)))))

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വശ്യമായ വാക്കുകള്‍ .
അര്‍ത്ഥമുള്ള വരികള്‍ .

വീകെ പറഞ്ഞു...

ആശംസകള്‍ ...

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

കവിതയുടെ പാലത്തിലൂടെ മരണത്തിന്‍റെ നദി കടക്കാം .

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അതെ ചിലപ്പൊ മരണം കവിതയാണ്
കവിത മനസിൽ പെട്ടെന്ന് പിറവികൊള്ളും
നിശ്ചലമായിരിക്കുമ്പോൾ ,
മൗനത്തിലായിരിക്കുമ്പോൾ
നിവർന്ന് കിടക്കുമ്പോൾ.

അതെ ജീവിതത്തിൽ നിന്ന് പെടുന്നനെ ഒരു കുഴിയിലേക്ക് ....അതെ അവിടെ ഒരു വരി കവിതയല്ല , ഒരു പാട് കാവ്യത്മകതയെയാണ് കാണുന്നത്

ഫൈസല്‍ ബാബു പറഞ്ഞു...

നന്നായിരിക്കുന്നു.

Cv Thankappan പറഞ്ഞു...

ആശംസകള്‍

Ismail Meladi പറഞ്ഞു...

"നീയാണെന്റെ കവിത"
അവള്‍ കവിതയാകുന്ന വിസ്മയം. നന്നായിട്ടുണ്ട്.

ajith പറഞ്ഞു...

ആനന്ദക്കുളിരല വീശുമീ പ്രേമപാനം
ദൂനാന്ത:കരണത്തിനുള്ളോരു സിദ്ധൌഷധം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അതെ..
അവളാണയാളുടെ കവിത..!

ഏ.ആര്‍. നജീം പറഞ്ഞു...

കവിതയെ പ്രണയമായും മരണമായും അവൾ തന്നെയായും അതല്ല താൻ തന്നെ യെന്നും ഓരോ തവണ വായിക്കുമ്പോഴും വ്യത്യസ്ഥമായ തോന്നലുളവാക്കുന്നു ..

അഭിനന്ദനങ്ങൾ...!

© Mubi പറഞ്ഞു...

നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍

നിസാരന്‍ .. പറഞ്ഞു...

ചില വരികളുടെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണല്ലോ പ്രിയ സുഹൃത്തേ
"പിന്നീടുള്ള ഓരോ നിമിഷവും അയാളൊരു കുട്ടിയിലേക്ക് വലുതായി".
കുറെ നേരം ചിന്തിപ്പിച്ചു
നല്ല ചിന്തകള്‍ കഥയായി പകര്‍ത്തി വച്ചിരിക്കുന്നു.

റാണിപ്രിയ പറഞ്ഞു...

നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍!!!

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

മരണവും ജീവിതവും ഒന്നായി ചേരുന്നിടം ........
മരണം കൊണ്ട് ജീവിതത്തെ ജയിക്കുന്നവര്‍ക്കായി ........
ജീവിതം കൊണ്ട് മരണത്തെ ജയിക്കുന്നവര്‍ക്കും .............

Echmukutty പറഞ്ഞു...

ചില വരികള്‍ ഇങ്ങനെയാണ്.... ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പടര്‍ന്നു വളരും.. പിന്നെ കുറെ സമയം ആലോചിച്ചിരിക്കണം...അപ്പോള്‍ ഞാന്‍ ഞാനെന്ന് പിന്നെയും ചില വരികള്‍ മുന്നോട്ടു വരുന്നുണ്ടാകും .... ഇഷ്ടപ്പെട്ടു ഈ രചന.

വരികള്‍ക്ക് നന്ദി... അഭിനന്ദനങ്ങള്‍...

Aneesh chandran പറഞ്ഞു...

നീയാണെന്റെ കവിത

Noushad Koodaranhi പറഞ്ഞു...

അപ്പോള്‍ ഞാനാകുന്നു ആ 'കവിത'

sm sadique പറഞ്ഞു...

“ഇപ്പോള്‍ അയാളൊരു ഉറക്കത്തിലാണ്.
ഒരു പുതുകവിതയുടെ പെയ്ത്തിനു ശേഷമുള്ള സുഖാലസ്യത്തില്‍,
അവളുടെ സാമീപ്യത്തില്‍.!” പല തരം ആലസ്യങ്ങളില്‍ അമരുമ്പോള്‍ കവിത ജനിക്കുന്നു. ഞാനും അവളും (അവനും)പിറവികൊള്ളുന്നു.

Manoj Vellanad പറഞ്ഞു...

അതെ.. അവള്‍ തന്നെയാണ് അയാളുടെ കവിത,,.
നല്ല ഭാഷ.. മനോഹരം...

<<>> ഇത് സജലങ്ങലെങ്കിലും ഏറെ തിളക്കമുള്ള അവളുടെ കണ്ണുകള്‍ എന്നായാല്‍ കുറച്ചു കൂടി ശരിയാകില്ലേ..
ഒരു സജഷന്‍ മാത്രം..

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

///ജീവിതം,
അതൊരു ലുബ്ധന്റെ
കുപ്പായ മടക്കില്‍ തെറുത്തു വെച്ച
കഞ്ചാവ് ബീഡിയും. !"///

അതിരുകൾക്കപ്പുറത്തെ ചിന്തയും ഭാവനയും..!!

മണ്ടൂസന്‍ പറഞ്ഞു...

ഇത് വായിച്ചിട്ട് നാമൂസേ ഞാൻ പതിവിന് വിപരീതമായി, കമന്റ്സൊന്നും വായിച്ചില്ല. എനിക്കിതിന്റെ അർത്ഥങ്ങളും നിന്റെ ഉദ്ദേശങ്ങളുമൊന്നും അറിയണ്ട. കാരണം മൂന്ന് വരികൾ എനിക്കത്രയ്ക്ക് പിടിച്ചു.
ആ മനസ്സിലായതിലും കൂടുതൽ ഉണ്ടെങ്കിലും എനിക്കറിയണ്ട.
ഇതാ അത്,

'" ഇല്ല, നിനക്കായി പിറവി കൊള്ളുന്നതൊന്നും അനാഥമാകില്ല ."
എന്നിട്ടാണോ നീ..?
" കണിശം , അത് നിന്നില്‍ത്തന്നെ വന്നുചേരും. "'

ഇതണത്.
ആശംസകൾ.

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

അവള്‍ തന്നെയാണ് അയാളുടെ കവിത,,.

Unknown പറഞ്ഞു...

നാമൂസിന്റെ എഴുത്തുകൾ എന്നെ സംബന്ധിച്ചിടത്തോളം ദുർഗ്രാഹ്യമായി മാറിക്കൊണ്ടിരിക്കുന്നു! തീരെ ആസ്വദിക്കാൻ പറ്റിയില്ല ഈ പോസ്റ്റ്. ചിലപ്പോൾ മാനസികാവ്സഥയുടെതുമാവാം. പിന്നൊരിക്കൽ ശ്രമിക്കട്ടെ മാറ്റമുണ്ടോന്നറിയാൻ.

മാധവൻ പറഞ്ഞു...

എല്ലാം ചേര്‍ത്ത് നീ പറഞ്ഞ കവിത ..

നന്നായിരിക്കുന്നു നാമൂസ് ..

മനോജ് ഹരിഗീതപുരം പറഞ്ഞു...

നന്നായി.....ആശംസകൾ

Unknown പറഞ്ഞു...

മനോഹരമായിരിക്കുന്നു നാമൂസ്. നല്ലൊരു കവിത കൂടി പിറക്കട്ടെ വീണ്ടും അവള്‍ക്കൊരായിരം കുഞ്ഞുങ്ങളും; ഓമനിക്കാനും തലോടാനും സായൂജ്യമടയാനും!

Madhavikutty പറഞ്ഞു...

NAMOOS , KAVITHA ULLA VAKKUKAL PEYTHUKONDEYIRIKKATE. ASAMSAKAL

Unknown പറഞ്ഞു...

മരണം,
ഒരധികപ്പറ്റാണ്.
ജീവിതം,
അതൊരു ലുബ്ധന്റെ
കുപ്പായ മടക്കില്‍ തെറുത്തു വെച്ച
കഞ്ചാവ് ബീഡിയും. !" യഥാര്‍ത്ഥത്തില്‍ കവിതയിലെ ഈ കവിത മാത്രമാണ് കരുത്തുറ്റതായി വേറിട്ടു നില്‍ക്കുന്നത്. ഒരുപക്ഷെ കവിതയെ അലങ്കരിക്കാന്‍ തുന്നിപ്പിടിപ്പിച്ച ആടയാഭരണങ്ങള്‍ അഴിച്ചു വെച്ചാലും ഇതിലെ ആത്മാവ് അതിന്‍റെ ജൈവികത പ്രകടിപ്പിക്കുമായിരുന്നു, നാമൂസ്‌. .sudheer

MOIDEEN ANGADIMUGAR പറഞ്ഞു...

കൊള്ളാം , നന്നായിട്ടുണ്ട് .

Sandhya S.N പറഞ്ഞു...

kavitha peyyatte anasyootham...
congrats..

Jefu Jailaf പറഞ്ഞു...

എഴുത്തുകാരനൊപ്പം വായനക്കരന്‌ സഞ്ചരിക്കാനാകുന്നില്ല. അതു വായനയുടെ പരിമിതിയാകാം. എങ്കിലും വായനാസുഖം രേഖപ്പെടുത്തുന്നു. ആശംസകൾ

റിയാസ് പെരിഞ്ചീരി പറഞ്ഞു...

ജീവിതത്തില്‍ കവിത പെയ്യുമ്പോള്‍
നീയും ഞാനും...
നീയെന്റെ ..
ഞാന്‍ നിന്റെ ..
പിന്നെ മരണം പോലും കവിയായി തീരും..


പെരുവള്ളൂരിന്റെ നാമൂസിനു അഭിവാദ്യങ്ങള്‍.....!!

Shahida Abdul Jaleel പറഞ്ഞു...

അര്‍ത്ഥമുള്ള വരികള്‍ .നന്നായിട്ടുണ്ട്

Shaleer Ali പറഞ്ഞു...

വാക്കുകള്‍ കൊണ്ട് തീര്‍ത്ത വിസ്മയം ... മറ്റൊന്നും പറയാനില്ല .. ആശംസകള്‍...

Pradeep Kumar പറഞ്ഞു...

ഘടനകൊണ്ട് ഇതൊരു നല്ല ചെറുകഥയാണ്....
കാവ്യത്മകമായ വരികൾ കൊണ്ട് തീർത്ത ചെറുകഥാശിൽപ്പം....
കവിത ചെറുകഥയായി മാറുമ്പോൾ പദങ്ങൾക്കും ഭാവത്തിനും സാന്ദ്രത കൂടുന്നത് അറിയാനാവുന്നു....

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ജീവിതം,
അതൊരു ലുബ്ധന്റെ
കുപ്പായ മടക്കില്‍ തെറുത്തു വെച്ച
കഞ്ചാവ് ബീഡിയും. !"

വേണുഗോപാല്‍ പറഞ്ഞു...

കഥയോ കവിതയോ എന്നറിയില്ല..

എഴുത്തുകാരന്‍ വിവക്ഷിക്കുന്ന അര്‍ത്ഥ തലങ്ങളിലേക്ക് എനിക്ക് എത്താനായില്ല എന്നതാണ് സത്യം. എന്റെ ശുഷ്ക്കിച്ച വായനയുടെ കുഴപ്പം. എന്നിരുന്നാലും ചില വരികള്‍ വായനക്കാരന്റെ കൂടെ പോരുന്നു. താഴെ കൊടുത്തവ പോലെ


"നീയിങ്ങനെ ഉള്ളം നിറഞ്ഞുനില്ക്കെ,
മരണം,
ഒരധികപ്പറ്റാണ്.
ജീവിതം,
അതൊരു ലുബ്ധന്റെ
കുപ്പായ മടക്കില്‍ തെറുത്തു വെച്ച
കഞ്ചാവ് ബീഡിയും. !"

Yasmin NK പറഞ്ഞു...

നീയെന്റെ ഉള്ളം നിറഞ്ഞു നിൽക്കെ ജീവിതം എനിക്ക് പെരുത്തിഷ്ടം.

nalla kavitha. wishes...

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ഈ കവിതയുടെ ഗുപ്തമായ അർത്ഥതലങ്ങളിലേയ്ക്ക് എത്തിപ്പെടാനുള്ള ഭഗീരഥപ്രയത്നത്തിനിടയിൽ ഏതോ വാക്കിന്റെ വക്കിൽതട്ടി ഞാൻ പരാജിതനായി ഉരുണ്ട് താഴെ വീണു.

Vineeth M പറഞ്ഞു...

നല്ലത് തന്നെ.. അഭിനന്ദനങ്ങള്‍..

Unknown പറഞ്ഞു...

"നീയിങ്ങനെ ഉള്ളം നിറഞ്ഞുനില്ക്കെ,
മരണം,
ഒരധികപ്പറ്റാണ്.
ജീവിതം,
അതൊരു ലുബ്ധന്റെ
കുപ്പായ മടക്കില്‍ തെറുത്തു വെച്ച
കഞ്ചാവ് ബീഡിയും. !"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms