2011, ഏപ്രി 22

യേമാനേ, അടിയങ്ങള്‍ പാവങ്ങളാണേ...!!!ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുമ്പോഴോ എന്തെങ്കിലും വലിയ ദുരന്തങ്ങള്‍ അവര്‍ക്ക് മേല്‍ വന്നു പതിക്കുകയോ ചെയ്യുമ്പോള്‍ മാത്രം ചര്‍ച്ചയാകുന്ന ഇന്ത്യയിലെ ശതകോടി വരുന്ന ജനതയുടെ ദാരിദ്ര്യം ബഹുമാന്യ നീതി ക്ഷേത്രത്തിന്‍റെ പുതിയ അഭിപ്രായ പ്രകടനത്തോടെ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.''ഇന്ത്യയിലെ ജനതയെ രണ്ടു തരം പൗരന്മാരായി നില നിര്‍ത്താനാണോ സര്‍ക്കാര്‍ തീരുമാനം.? അല്ലെങ്കില്‍, സാമൂഹിക വികസന വിഷയവുമായി ബന്ധപ്പെട്ടു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യം വെച്ച് നടപ്പാക്കിയ പദ്ധതികള്‍ അത്രയും ഒരു പുനര്‍ വിചാരണക്ക് വിധേയമാക്കെണ്ടതില്ലേ." തുടങ്ങിയ സര്‍ക്കാരിനോടായുള്ള സുപ്രീം കോടതിയുടെ ചോദ്യങ്ങളും 'ബി പി എല്‍' ലിസ്റ്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍റെ 'സത്യവാങ്ങ് മൂലം' ആവശ്യപ്പെടലുമൊക്കെയും രാജ്യത്ത് ദരിദ്രരും ദാരിദ്ര്യവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും എല്ലാം ചര്‍ച്ച ചെയ്യുന്നതിന്‍റെ ഒരു പുതിയ തലം ആവശ്യപ്പെടുന്നു. ബഹുമാന്യ നീതിപീഠം അതിനു തുടക്കം കുറിക്കയും ചെയ്തിരിക്കുന്നു.

ദാരിദ്ര്യത്തെ നിര്‍വ്വചിക്കുമ്പോള്‍ ക്ഷാമാത്തോടടുത്ത ജീവിത സാഹചര്യങ്ങളെയും വിശപ്പ്‌ മൂലമുള്ള മരണങ്ങളെയും മാത്രമായി ചുരുക്കി കാണുന്ന പ്രവണത ശരിയല്ല. അതിനെ കുറേക്കൂടി സമഗ്രമായ ഒരു അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്. നിരവധി കാരണങ്ങളുടെ ആകെത്തുകയാണ് യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യമെന്നവസ്ഥ. പ്രദേശങ്ങളില്‍ നിന്നും പ്രദേശങ്ങളിലേക്കും സമൂഹങ്ങളില്‍ നിന്നും സമൂഹങ്ങളിലേക്കും സംസ്കാരങ്ങളില്‍ നിന്നും സംസ്കാരങ്ങളിലേക്കും മാറുന്നതിന്നനുസരിച്ചു അടിസ്ഥാന കാരണങ്ങളില്‍ ചില ഏറ്റകുറച്ചിലുകള്‍ സംഭിവിച്ചേക്കാം. എന്നാല്‍, ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നതിനനുസരിച്ചു കാരണങ്ങള്‍ക്ക് സമാനതകള്‍ ഉണ്ടെന്നതാണ് വാസ്തവം. പ്രതി ശീര്‍ഷ വരുമാനത്തിലോ,കലോറി ലഭ്യതയിലോ മാത്രം അതിനെ ഒതുക്കി നിര്‍ത്താനാവില്ല. ഭൂമിയുടെ ലഭ്യത,ആരോഗ്യം,വിദ്യാഭ്യാസം,സാക്ഷരത, ശിശുമരണ നിരക്ക്,ആയുര്‍ ദൈര്‍ഘ്യം, കടങ്ങള്‍,ആസ്തികള്‍,കൃഷിക്ക് ആവശ്യവും അനുയോജ്യവുമായ ഭൂമിയും ജലലഭ്യതയും, തൊഴിലവസരങ്ങളും തൊഴില്‍ ശാലകളുടെ സാന്നിദ്ധ്യവും, കുടിവെള്ളം തുടങ്ങിയ വിഭവങ്ങളും ആ കൂട്ടത്തില്‍ പെടുത്തേണ്ടവയാണ്. ഈ പറയപ്പെടുന്ന വിഭവങ്ങളില്‍ എല്ലാ ജനതക്കും തുല്യമായ അവകാശവും സാധ്യതയുമാണ് ഉള്ളതെന്ന് പറയുമ്പോഴും ആരോഗ്യ/വിദ്യാഭ്യാസ/തൊഴില്‍ വിഷയങ്ങളില്‍ രാജ്യത്തെ മഹാ ഭൂരിപക്ഷവും സമീപസ്ഥാരാണോ..?

രാജ്യത്തെ മൊത്തം ഭൂമിയുടെ പകുതിയോളം ഉടമസ്ഥാവകാശം ജനസംഖ്യയില്‍ കേവലം 5% മാത്രം വരുന്ന വിഭാഗങ്ങളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. രാജ്യത്തെ 20% ആളുകളും ഭൂരഹിതരുമാണ്. അവരത്രെ രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 85% വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുമാണ്. മൊത്തം ഭൂമിയുടെ 2% മാത്രം പുനര്‍ വിതരണം ചെയ്യപ്പെട്ടാല്‍ തീരുന്ന പ്രശ്നമാണ് ഇതെന്നിരിക്കെ ഇതിലടങ്ങിയിരിക്കുന്ന നീതി നിഷേധനത്തിന്‍റെ വലുപ്പം മനസ്സിലാകും. എന്നിട്ടും, അത് കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം കാണിക്കുന്ന കാലതാമസവും മറ്റും സൂചിപ്പിക്കുന്നത് ഭരണാധികാരികളുടെ താത്പര്യത്തെയാണ്. ഇത് സഗൌരവം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ഭൂമിയുടെ കൈകാര്യകര്‍ത്തിത്വമെന്നത് കേവല ആവാസവ്യവസ്ഥക്ക് അപ്പുറമുള്ളോരു കാര്യമായി കാണേണ്ടതുണ്ട്. മനുഷ്യരുടെ ചലനാത്മകതക്ക് ആക്കം കൂട്ടുകയും അതിനെ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഒരു വലിയ ഘടകമാണ്. അത് കൊണ്ട് തന്നെ ഇത് വലിയ ഗൗരവമര്‍ഹിക്കുന്ന ഒന്നാണ്.

പോഷകാഹാരക്കുറവും ആരോഗ്യസ്ഥിതിയും ചര്‍ച്ചക്കെടുക്കുമ്പോള്‍ പട്ടിണിയുടെ പിടിയിലാണെന്ന് രാജ്യമിനിയും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു വലിയ കൂട്ടം ആളുകള്‍ ഉണ്ടിവിടെ. അവരുടെ കുട്ടികള്‍ക്ക് അവരര്‍ഹിക്കുന്നത്രയും ഭക്ഷണം ലഭിക്കാതിരിക്കുമ്പോഴും കാര്യങ്ങളെല്ലാം ഭദ്രമാണെന്ന് പറഞ്ഞു പാവം ജനതയെ അധികാരികള്‍ നിരന്തരം പറ്റിക്കുന്നു. എന്നാല്‍, പോഷകാഹാരക്കുറവ് മാനസികവും ശാരീരികവുമായ വളര്‍ച്ചയെ തടയുകയും ജീവിതങ്ങളെയാകെ തന്നെ മുരടിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് പഠനം. ഏറ്റവും നിര്‍ണ്ണായകമായ ഘട്ടങ്ങളില്‍ ആവശ്യത്തിനു വൈദ്യസഹായം ലഭിക്കാത്ത ഒരു വ്യക്തി നിത്യ ദാരിദ്ര്യത്തിലായിരിക്കുന്നതിനു തുല്യമായ ഒരവസ്ഥയിലൂടെയാണ് ജീവിക്കുന്നത്. അതും ഒരു വലിയ തകര്‍ച്ചയുടെ ഗണത്തിലാണ് ഗണിക്കപ്പെടേണ്ടത്. കോടിക്കണക്കിനു വരുന്ന ഗ്രാമീണ ദരിദ്രര്‍ക്ക് മറ്റുള്ളവര്‍ അനുഭവിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ..? അവരില്‍ എത്ര പേര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ക്രയ ശേഷിയുണ്ട്...?

മിക്കപ്പോഴും ചില കണക്കിലെ കളികള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഒരു സമയം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണവും അതിന്‍റെ വ്യാപ്തിയും കണക്കാക്കാന്‍ നിയോഗിക്കപ്പെട്ട 'വിദഗ്ദ സമിതി' നിലവിലെ 'മാനദണ്ഡം' അനുസരിച്ചു ദാരിദ്ര രേഖക്ക് താഴെയുള്ള ആളുകളുടെ എണ്ണം ജനസംഖ്യയുടെ ഏതാണ്ട് 39% ആണെന്ന നിഗമനത്തിലെത്തുകയുണ്ടായി. എന്നാല്‍, അത് പൊതുജനസമക്ഷം സര്‍ക്കാരിനാല്‍ അവതരിക്കപ്പെട്ടപ്പോള്‍ കേവലം 19%മായി കുറയുകയാണുണ്ടായത്. അത്ഭുതം അതല്ല, ഈ പുതിയ കണക്ക് വെളിപ്പെടുത്തുന്നതിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോപ്പന്‍ ഹേഗനിലെ ഉച്ചകോടിയില്‍ ഭാരതത്തില്‍ 40% ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലാണെന്ന് പറയാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് യാതൊരു ജാള്യതയുമുണ്ടായില്ല എന്നതാണ് ഏറെ വിചിത്രമായ സംഗതി..!! അതിനു കാരണമോ..? പണം തരാന്‍ കഴിവുള്ളവരുടെ മുമ്പില്‍ ചെന്ന് രാജ്യത്തെ ജനതയുടെ ദയനീയതയെ പറഞ്ഞു നിരന്തരം യാചിക്കുക അതിനിക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല. രാജ്യത്തിന്നകത്ത് എത്രയധികം പാവങ്ങളുണ്ടോ അത്രയധികം പണം' നമുക്ക്' കിട്ടും. കൂടെ, അനുബന്ധ സൌകര്യങ്ങളും. അതിനു വേണ്ടി എത്രയും കൂട്ടിപ്പറയാം..!! എന്നാല്‍ ഈ വാങ്ങിച്ചു കൂട്ടുന്ന പണമത്രയും പതിന്മടങ്ങായി പിന്നീട് ഒടുക്കപ്പെടെണ്ടതുണ്ട്. കൂടെ, രാജ്യത്തെയും അതിലെ ജനതയെയും ഒരു പരീക്ഷണശാലയായും പരീക്ഷണവസ്തുവായും ഉപയോഗിക്കുവാനുള്ള സൗകര്യം ലോകത്തെ കുത്തകകളായ മരുന്നുത്പാദക സംരംഭകര്‍ക്ക് ഒരുക്കി കൊടുക്കുകയുമാവാം.

എന്നാല്‍, രാജ്യത്തെ ജനതയോട് ദാരിദ്ര്യത്തിന്‍റെ കുറഞ്ഞ {കള്ള} കണക്ക് പറഞ്ഞുകൊണ്ട് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ ദരിദ്ര ഗ്രാമങ്ങള്‍ക്കായി ആരോഗ്യം വിദ്യാഭ്യാസം കാര്‍ഷിക കുടിവെള്ളാവശ്യങ്ങള്‍ എന്നിവക്കായി അനുവദിക്കുന്ന ആനുകൂല്യങ്ങളും സഹായങ്ങളുമൊക്കെയും വെട്ടി ചുരുക്കുകയും, ശേഷം ഇത്തരം ആവശ്യങ്ങള്‍ അത്രയും മുതലാളിത്ത താത്പര്യാര്‍ത്ഥം സ്വകാര്യവത്കരിക്കുകയും അത് വഴി മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ ജനതക്ക് മേലുള്ള സര്‍ക്കാരിന്‍റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന നയമാണ് ഇക്കാലമത്രയുമായി നാം നമ്മുടെ രാജ്യത്ത് കണ്ടു വരുന്നത്. ഫലമോ, രാജ്യത്തെ പാവം ജനതക്ക് ആവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടുന്നതിനു വേണ്ടി ആശുപത്രി ഉടമയുടെയും വിദ്ദ്യാഭ്യാസ മുതലാളിയുടെയും തിണ്ണ നിരങ്ങേണ്ട ഗതികേടിലേക്ക് നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് അതിന്‍റെ ആത്യന്തികമായ റിസള്‍ട്ട്...!! ഇപ്പോള്‍ കാര്യങ്ങള്‍ അല്പം കൂടെ വ്യക്തമാകുന്നു. "യേമാനേ, അടിയങ്ങള്‍ പാവങ്ങളാണേ...!!!" എന്ന് പറയുന്നതിന്‍റെ ഗുട്ടന്‍സ്.

ഈ സവിശേഷ സാഹചര്യത്തില്‍ മറ്റൊരു ഉച്ചകോടിയും കൂടെ ഓര്‍മ്മയിലേക്ക് വരുന്നു. ലോകത്തെ മൊത്തം 88 രാജ്യങ്ങള്‍ നിരോധിച്ച കീടനാശിനി കേരളമടക്കം വരുന്ന സംസ്ഥാനങ്ങള്‍ ദേശവ്യാപകമായി നിരോധിക്കണം എന്നാവശ്യപ്പെട്ടിട്ടും അതിനു കൂട്ടാക്കാത്ത ഒരു കേന്ദ്രവും കൃഷിമന്ത്രിയും ഒരു സഹനും.. മറ്റൊരു ഉച്ചകോടിക്കായി യാത്രക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ആ 'മഹാ ദുരന്ത ലായനി' ഇനിയും നിര്‍ബാധം പാവം ജനതക്ക് മേല്‍ തളിക്കാന്‍ സാധനം ഇറക്കുമതി ചെയ്യാനുള്ള വണ്ടിയിലാണ് ഈ കൂട്ടം യാത്ര പോകുന്നത്. "ഇവിടെ കരിഞ്ഞു വീഴുന്നത് കേവലം തേയില കൊതുകുകളല്ല. ഈ രാജ്യത്തെ പാവം ജനതയുടെ ജീവനും ജീവിതങ്ങളുമാണ്". ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ ഈ അധികാരി വര്‍ഗ്ഗത്തിന് സാധിക്കാത്തതെന്ത് കൊണ്ട്..?

ചോദ്യം മറ്റൊരര്‍ത്ഥത്തില്‍ ഉത്തരമായി പരിണമിക്കുന്നു. ഈ കൂട്ടത്തിന്‍റെ താത്പര്യമത്രയും തന്നെ മുതലാളിത്ത ദാസ്യമാണ്. ഈ പാവം പാവങ്ങളുടെ ചിലവില്‍ ലഭിക്കുന്ന ഔദാര്യത്തെ വിറ്റു തിന്നാന്‍ ഈ ദുര്‍ഭൂതങ്ങള്‍ക്ക് യാതൊരു ഉളുപ്പുമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ഹാ കഷ്ടം..!! എന്‍റെ രാജ്യമേ...!!! ഇവിടെ, നമ്മുടെ നീതി ക്ഷേത്രങ്ങളുടെ ഇടപെടലുകള്‍ പ്രത്യാശക്ക്‌ വക നല്‍കുന്നു.

സാമൂഹിക നീതി ഉറപ്പു വരുത്തുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ഇച്ഛാശക്തിയുള്ള ജാഗ്രതയുള്ള ഒരു സംവിധാനമായി മൊത്തം രാജ്യവും മാറുന്ന ഒരു നല്ല രാഷ്ട്ര നിര്‍മ്മിതിക്കായുള്ള വഴി വെളിച്ചമായി നമുക്ക് നമ്മുടെ കോടതികളെ ആശിക്കാം.

നീതി ക്ഷേത്രത്തിനു അഭിനന്ദനങ്ങള്‍ കൂടെ, പൊതു ജനം കഴുതയാണെന്നു പറഞ്ഞ പഴം ചൊല്ലുകാരന് നല്ല നമസ്കാരവും.

2011, ഏപ്രി 16

നൂറ്റിപ്പത്തു കോടിയുടെ 'അണ്ണന്‍'

1983ലെ ലോകകപ്പ് കിരീടത്തിനു ശേഷം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ നൂറ്റിപ്പത്ത് കോടിയുടെ ഹൃദയം തുടിച്ചുവെങ്കില്‍ അതിന്‍റെ ആഹ്ലാദം വിട്ടടങ്ങും മുമ്പ് ഇന്ദ്രപ്രസ്ഥത്തിന്‍റെ അകത്തളങ്ങളില്‍ അലയടിച്ചത് അണ്ണാ ഹസാരെയെന്ന ഗാന്ധി ശിഷ്യന്‍റെ ആദര്‍ശ വിജയമായിരുന്നു.ഉത്തരേന്ത്യന്‍ തെരുവോരങ്ങളില്‍ റിക്ഷ വലിക്കുന്ന, രക്തം വിയര്‍പ്പാക്കി പാട ശേഖരങ്ങളില്‍ പകലന്തിയോളം പണിയെടുക്കുന്ന യഥാര്‍ത്ഥ ഭാരതീയന്‍റെ മനസ്സകത്ത് കമ്പോളക്കണ്ണുള്ള ക്രിക്കറ്റിലെ താരങ്ങളേക്കാള്‍ തിളങ്ങുന്നത് അണ്ണാ ഹസാരെയായിരിക്കും എന്നതില്‍ സംശയമില്ല. തന്‍റെ നിരാഹാരത്തിലൂടെ സത്യാന്വേഷണ പരീക്ഷയുടെ ഒരു പുതിയ അദ്ധ്യായം രചിച്ചു ഹസാരെ. ഇത് പ്രതീക്ഷ നഷ്ടപ്പെട്ട ഭാരതീയന്‍റെ വികലവും വഴിപിഴച്ചതുമായ മാര്‍ഗ്ഗങ്ങളേക്കാള്‍ സ്വ സമര്‍പ്പണത്തിന്‍റെ സമര മാര്‍ഗ്ഗത്തിന് ബാധിരവും മൂകവുമായ ഒരു സമൂഹത്തിലെ പ്രസക്തി ബോദ്ധ്യപ്പെടുത്തുന്നു. വാര്‍ത്താ മാദ്ധ്യമങ്ങള്‍ വാണിജ്യവത്കരിക്കപ്പെട്ടുവെന്ന ആശങ്കക്ക് അല്പം ആശ്വാസം പകരുന്ന ചില നല്ല ദിവസങ്ങള്‍ പ്രതീക്ഷാവഹമാണ്.


ജനാധിപത്യത്തിന്‍റെ നല്ല നടപ്പിന് 'ജീര്‍ണ്ണത' ബാധിക്കാത്ത ജനുസ്സില്‍പ്പെട്ടവരുടെ സാന്നിദ്ധ്യം ചില ഓര്‍മ്മപ്പെടുത്തലുകളാണ്. ഗാന്ധിയെ മറന്ന ഇന്ത്യക്കാരന് വികലമായ ഗാന്ധിയന്‍ ചരിത്രം പഠിപ്പിക്കാനിരുന്ന മുതലാളിത്തത്തിന്‍റെ പുതിയ തന്ത്രം പുസ്തക താളുകള്‍ ഏറ്റെടുത്തപ്പോള്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു നമ്മള്‍.! ഏറെ കഴിയും മുമ്പ് ആത്മാര്‍ഥതയുള്ള ഭാരതീയന് ആശ്വാസമായിഗാന്ധിയന്‍ സ്മൃതികളെത്തിയത് കാവ്യ നീതിയാണെന്ന് കരുതാം.


ആവശ്യങ്ങള്‍ കടലാസിലംഗീകരിക്കാന്‍ തയ്യാറായാല്‍ സമരം നിര്‍ത്താമായിരുന്നുവെന്നു കരുതുന്ന അഭിനവ ആദര്‍ശ ധീരതയുടെ പട്ടികയിലല്ല ചരിത്രത്തിലെയും വര്‍ത്തമാന കാലത്തെയും അണ്ണാ ഹസാരെ. തന്‍റെ ദൗത്യം പുലരുവോളം സമരം പ്രഖ്യാപിച്ച അണ്ണാ ഹസാരെക്ക് ആയിരം വര്‍ഷത്തെ ആയുരാരോഗ്യം നേരണം നാം ഭാരതീയര്‍.


ആണ്‍കുട്ടികള്‍ അവശേഷിക്കുന്നുവെങ്കില്‍ കപട രാഷ്ട്രീയക്കാരനും കൂട്ടി കൊടുപ്പുകാരനും അഭ്രപാളികളില്‍ മാത്രം പോരാടുന്ന സിനിമാ മാഫിയക്കാരനുമല്ല ഫാന്‍സ്‌ അസോസിയേഷനുകള്‍ സ്ഥാപിക്കേണ്ടത്. പകരം ആയിരം കോടികളുടെ അഴിമതിക്കെതിരെ പോരാടിയ അണ്ണാ ഹസാരെ എന്ന മഹാ മനുഷ്യന് വേണ്ടിയാണ്. അണ്ണാ ഹസാരെ എന്ന മനുഷ്യന്‍റെ തോള്‍ ചേര്‍ന്ന് ഈ പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്ന ആയിരങ്ങളുടെ അഴിമതി വിരുദ്ധ മനസ്സുകള്‍ക്കാണ് നാം സ്മാരകങ്ങള്‍ പണിയേണ്ടത്

2011, ഏപ്രി 1

'അരി' രാഷ്ട്രീയത്തിന്‍റെ അകം പൊരുള്‍

ഗ്രീക്ക് നഗര രാഷ്ട്രത്തില്‍ രൂപം കൊണ്ട് ഗതി തെറ്റിയൊഴുകുന്ന ജനാധിപത്യത്തില്‍ ജനകീയ പരമാധികാരത്തിന്‍റെ പ്രസക്തി ഗവേഷണ വിഷയമാവേണ്ട കാലത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു.


1950നു ശേഷം ഇന്ത്യയിലും കേരളത്തിലുമായി നിരവധി തിരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച ജനത മുന്‍കാലങ്ങളില്‍ നിന്ന്‍ വിഭിന്നമായി രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്‍റെ നിര്‍വ്വചനങ്ങളില്‍ എവിടെയും കേ ട്ട്കേള്‍വിപോലുമില്ലാത്ത രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ മറന്നു പോവുന്നതായാണ് സമകാലിക സാഹചര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നത്. താരാരാധക സംഘങ്ങളെപ്പോലെ അധ:പതിച്ച രാജ്യത്തിലെ {പാര്‍ട്ടി}യുവത പ്രകടിപ്പിക്കുന്ന വീറും വാശിയും രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ക്രിയാശേഷി നഷ്ടപ്പെട്ടതിന്‍റെ സൂചനകളായി ദോഷൈകദൃക്കുകള്‍ക്കെങ്കിലും സംശയമുന്നയിക്കാനുള്ള സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. അപ്പോഴും, അപകടകരമായ അരാഷ്ട്രീയവത്കരണമല്ലിതെന്നു അഭിനവ ജനാധിപത്യത്തിന്‍റെ അപ്പോസ്തലന്മാര്‍ക്ക് ആശ്വസിക്കുകയുമാവാം....!!!!

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കൊട്ടിഘോഷിച്ച് ആരോപണ പ്രത്യാരോപണ മാമാങ്കത്തോടെ ആരംഭിക്കുന്ന പ്രചരണ കോലാഹലങ്ങളുടെ തനിയാവര്‍ത്തനം, 'ഭരണ'വ്യവസായത്തിനൊരുങ്ങുന്ന സംരംഭകരുടെ ആധുനിക കമ്പോള വിപണി ശാസ്ത്രത്തിലെ ഉത്പന്ന വൈവിധ്യവത്കരണത്തെപ്പോലും വെല്ലുന്ന പ്രകടന പത്രികകള്‍, ചിന്തക്കും അന്വേഷണത്തിനും ഇടം തരാത്ത വാര്‍ത്താ വൈവിധ്യങ്ങള്‍, ഒരിക്കല്‍പ്പോലും മുന്‍ വര്‍ഷങ്ങളിലെ പ്രകടന പത്രികകളും വാഗ്ദാനങ്ങളും രാജ്യതാത്പര്യങ്ങളും ജനകീയ വികസന പദ്ധതികളും വിചാരണക്ക് വിധേയമാവാതെ 'വാര്‍ത്ത' ചരക്കാക്കി വാണിജ്യം കൊഴുപ്പിക്കാന്‍ രാഷ്ട്രീയക്കാരന്‍റെ അരമന അരിച്ചു പെറുക്കി വ്യക്തിപരമായ ദുഷിപ്പിന്‍റെ കെട്ടഴിക്കുന്ന അന്വേഷണാത്മക പത്ര/മാധ്യമ പ്രവര്‍ത്തകര്‍.... ഇത്രയും ചേരുവകളൊത്തു ചേര്‍ന്നാല്‍ ഇനിയുമൊരായിരം തിരഞ്ഞെടുപ്പുകള്‍ മുറ തെറ്റാതെ നടന്നു പോകും....!!!

എക്സിറ്റ് പോളില്‍ വോട്ടര്‍മാര്‍ പ്രതിപക്ഷത്തും രാഷ്ട്രീയക്കാര്‍ ഭരണ പക്ഷത്തുമെന്നു വിധിയെഴുതാന്‍ അന്നം തിന്നുന്നവര്‍ക്ക് അധികം ബുദ്ധിവ്യയത്തിന്‍റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ലാ. ഇത് ദൂഷിത വലയത്തിന്‍റെ ചാക്രിക പരിക്രമണമാണെന്നാശ്വസിച്ചു അടുത്ത അഞ്ചു വര്‍ഷവും കൂടെ സഹിച്ചു വീണ്ടും സഹിക്കാനായി ഇടത്തെ കാലിലെ മന്ത് വലത്തോട്ടും പിന്നീട് ഇടത്തോട്ടും...!!!

ധവള പത്രവും ട്രഷറി സ്തംഭനവും നിത്യ സംഭവമായ ഒരു നാട്ടില്‍ ഇങ്ങിനെയൊരു സാമ്പത്തിക ധൂര്‍ത്തിന്‍റെ ആവശ്യമുണ്ടോയെന്ന് സാമ്പത്തിക ശാസ്ത്രത്തിന്‍റെ ബാലപാഠമില്ലാത്തവര്‍പ്പോലും ചിന്തിക്കാന്‍ പര്യാപ്തരായിട്ടും നമ്മുടെ സാമ്പത്തികാസൂത്രണ വിദഗ്ധര്‍ക്ക് ഈ കണക്ക് പിടി കിട്ടാത്താതെന്ത്കൊണ്ടാണ്..? മഹിതമായ ജനാധിപത്യ പാരമ്പര്യത്തിന്‍റെ അവകാശികള്‍ക്ക് പരസ്പര ചര്‍ച്ചക്ക് ശേഷമുള്ള ഒരു ധാരണയില്‍ കൃത്യമായ ചില വര്‍ഷങ്ങള്‍ പങ്കിട്ടെടുക്കുന്നതല്ലേ ഏറ്റം കരണീയം..? മറ്റനേകം കടങ്ങളുടെ കൂട്ടത്തില്‍ നിന്നും ഈ ഭാരിച്ച സാമ്പത്തിക ചിലവെങ്കിലും പാവം ജനതയുടെ തലയില്‍ നിന്നും ഒഴിവാക്കാമല്ലോ..? ഭരണ_പ്രതിപക്ഷ ഭേദമന്യേ അവനവന്‍റെ കാര്യങ്ങള്‍ക്ക് സൌകര്യപ്രദമായ സൌഹൃദം നില നില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയ നേത്രത്വത്തിനു ഈ സമവായം തൃപ്തികരമാകുമെന്നു വളരെ പരസ്യമായ ഒരു രഹസ്യം തന്നെ...!!!

മത ബോധം തൊട്ടു തീണ്ടാത്ത പൌരോഹിത്യം ആവര്‍ത്തിക്കുന്ന വില പേശലുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ സമുദായ മത സ്നേഹ പ്രകടനങ്ങള്‍, ഉന്നത നേത്രത്വത്തിനു 'ദയാ വധം' വിധിച്ചാല്‍ മാത്രമേ അവനവനു പാത തുറക്കുകയോള്ളൂവെന്നു വ്യക്തമായും ബോദ്ധ്യം വന്ന യുവ രാഷ്ട്രീയക്കാര്‍.. "മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു.. കണ്ണടകള്‍ വേണം" എന്ന് പറയാത്തവരാരുണ്ടിനി ബാക്കി..? തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം കുടത്തില്‍ നിന്നും പുറത്തിറങ്ങുന്ന മാനം കവര്‍ന്നു കൊല ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ആത്മാക്കള്‍, അതുവരെയും പഞ്ചായത്തിലും പാര്‍ലമെന്റിലും കോടതി വരാന്തകളിലും ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന മഹാന്മാരുടെ നാവുകളിലും കുടി കൊള്ളാന്‍ മടിക്കുന്നതിന്‍റെ മന:ശ്ശാസ്ത്രം പഠന വിധേയമാക്കെണ്ടതല്ലേ..?

മാര്‍ക്സും ലെനിനും കാലങ്ങള്‍ക്ക് ശേഷവും ഓരോ അഞ്ചു വര്‍ഷത്തിലും ഓണത്തിനു മാവേലിയെന്ന പോലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നിരൂപകരുടെയും പി ബി, കേന്ദ്ര കമ്മറ്റി ഇത്യാദി ഉന്നത കേന്ദ്രങ്ങളുടെയും ഉറക്കം കെടുത്തുന്ന തരത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതെന്ത് കൊണ്ടാണ്..?

രാജ്യത്തിന്‍റെ പരമാധികാരത്തെയും അഭിമാനത്തെയും വെല്ലു വിളിക്കുന്ന തരത്തില്‍ കരാറുകളും അഴിമതിയുമായി വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ അരമനയില്‍ ഒരു പഞ്ചായത്ത് മെമ്പറായിപ്പോലും തിരഞ്ഞെടുക്കപ്പെടാത്ത ദശകോടിക്കണക്കിന് ഭാരതീയരുടെ പ്രധിനിധി { പ്രധാന മന്ത്രി } സധൈര്യം മുന്നേറുമ്പോള്‍ നമ്മുടെ ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പിന്‍റെ സ്ഥാനം അതി വിശാലവും അതി പ്രസക്തവും തന്നെയല്ലേ..?

ഈ വൈരുദ്ധ്യാധിഷ്ടിത ജനാധിപത്യത്തില്‍ ഇടതു വലതു വ്യക്തി ദുഷിപ്പിന്‍റെ പട്ടിക നിരത്തി പരസ്പരം വാദിക്കുമ്പോള്‍, ലക്ഷം അഴിമതികളുടെ ചോദ്യ മുനയൊടിക്കാന്‍ കോടി അഴിമതികള്‍ ഉപയോഗപ്പെടുത്തുന്നു. മറു വശത്ത്‌ താമരയിതളില്‍ സുഖ നിദ്രയിലാണ്ടു കഴിയുന്ന കാവിയുടുത്ത സവര്‍ണ്ണ ഫാഷിസ്റ്റ് കൂട്ടങ്ങള്‍ ശവപ്പെട്ടിയിലും പണക്കൊയ്ത്തു നടത്തുന്നു. അവര്‍ക്ക് 'രാമരാജ്യം' എന്നത് അവരുടെ രാഷ്ട്രീയ ഇന്ധനമത്രേ...!!

മഹിത പാരമ്പര്യ തകര്‍ച്ചയില്‍ രക്തം തിളക്കാത്ത സിരകളിലിനി കൃത്രിമ മായി ഒരു രൂപദേശത്തിന് വേണ്ടി രക്തം തിളപ്പിക്കാന്‍ എത്ര പാട്പെടേണ്ടി വരും..? ഇതിനിടയില്‍ ഇടതു വലതു ഭേദമന്യേ സാര്‍വ്വത്രികമായി വികേന്ദ്രീകരിക്കപ്പെട്ട വ്യക്തി ആദര്‍ശ ജീര്‍ണ്ണതകളില്‍ കൊത്തി വലിക്കുന്ന ആയിരം കാക്കകളെ ഒന്നെന്നും രണ്ടെന്നും രൂപ വില നിശ്ചയിച്ചു അരിയെറിഞ്ഞു വശീകരിക്കാനാകുമോ..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms