2011, സെപ്റ്റം 25

നിറുത്തുക, ഈ ഭീകരത.

ഇറോം...
നിറുത്തുക, ഈ നിരാഹാര ഭീകരത
ഞങ്ങള്‍ നവ ഭാരതീയര്‍ {കോളനീയര്‍}
'യാങ്കി'യേമാന്റെ പൊന്നോമനകള്‍
ഭീകരതെക്കിതിരായി,
തലയോട്ടി കൊണ്ട് കുഴിമാടം നിറച്ചവര്‍.
വികസനത്തിനായി സ്വയം വിറ്റു തീര്‍ക്കുവോര്‍
സംവരണത്തിനായി ജീവിതം ഉഴിഞ്ഞവര്‍.
സൈന്യത്തിനായി സ്വത്വവും, സ്വത്തും നല്‍കിയോര്‍.

അറിയില്ലേ...
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം..!
ആഭ്യന്തര ഭീകരാക്രമണം..!
'ആദിവാസി നക്സല്‍' ഭീഷണി..!
അല്പം തിരക്കിലാണ്.
ജന സേവകര്‍ ജയിലഴിക്കുള്ളിലാണ്.

ധൈര്യമായിരിക്കുക.
ഒരപരാധിയും ശിക്ഷിക്കപ്പെടുകയില്ല.
പരമോന്നത നീതിപീഠം പരിമിതപ്പെടുകയില്ല.
സ്ത്രീയും {അവളുടെ വയറ്റിലെ} കുട്ടിയും
സംരക്ഷിക്കപ്പെടണം: അവന്‍,
ഭാവി സൈന്യാധിപനാണ്.

നന്ദി,
ശാന്തമായി ഒരു വ്യാഴവട്ടം പിന്നിട്ടതിനല്ല.
ധീരമായി ചെറുത്തു നിന്നതിനുമല്ല.
നിന്റെ നാടിന്റെ നഗ്ന മാംസത്താല്‍
എന്റെ വായനക്കൊരു 'കവറൊ'രുക്കിയതിന്.
എന്റെ 'പെട്ടിയില്‍' ദൃശ്യ'വിരുന്നൊരുക്കിയതിന്.

പ്ലീസ്..!
ഞാനൊന്ന് മിണ്ടാതിരിക്കട്ടെ,
എനിക്ക്, ദേശസ്നേഹം കൊണ്ട് നില്‍ക്കാന്‍ വയ്യ.
നിറുത്തുക, ഈ നിരാഹാര ഭീകരത.
എന്നെ ഭീകരനാക്കരുത്. പ്ലീസ്..!!

----------------------------------------------------
മറ്റു പോസ്റ്റുകള്‍..

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms