2011, ജൂൺ 19

വിവരാവകാശത്തിന്‍റെ സ്വകാര്യത.


"ഏതൊരു നിയമത്തിനും ഒരുദ്ദേശ്യമുണ്ട്.ആ ഉദ്ദേശ്യത്തിനുമുണ്ടൊരു ഉദ്ദേശ്യം. അതിന്റെ സാധുതയിലാവണം ഏതൊരു നിയമത്തെയും സ്വീകരിക്കേണ്ടതും ബഹിഷ്കരിക്കെണ്ടതും."

മഹിത ജനാധിപത്യ പാരമ്പര്യ രാജ്യത്തെ ജനതിതിയുടെ അവകാശ സ്വാതന്ത്ര്യങ്ങളെ വ്യക്തമായും നിര്‍വ്വചിക്കുന്ന ഒരു ഭരണഘടന. അത് നിഷ്കര്‍ഷിക്കുന്ന പ്രതലത്തില്‍ ഭരണം നടത്തുന്ന വിവിധ അധികാര കേന്ദ്രങ്ങള്‍. കാലങ്ങളായി അവര്‍ ജനക്ഷേമമെന്ന അടിസ്ഥാന താത്പര്യം മുന്‍നിര്‍ത്തി അനവധി നിയമ പരിഷ്കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുകയുണ്ടായി. വിവിധങ്ങളായ കാര്യ പരിപാടികളുടെ അന്ത്യത്തില്‍ രാഷ്ട്രപതി തുല്യം ചാര്‍ത്തുന്നതോടെ പ്രാബല്യത്തില്‍ വരുന്ന ഓരോ നിയമത്തിന്റെയും നേരിട്ടുള്ള ഗുണഭോക്താക്കള്‍ രാജ്യത്തെ മൊത്തം ജനങ്ങളാണ്. അവരുടെ ജീവിത സന്ധാരണത്തിന് വേഗത കൂട്ടാനെന്ന പേരില്‍ ആവിഷ്കരിച്ച പല നിയമങ്ങളും അതിന്‍റെ വിപരീത ഫലം കൊയ്ത ചരിത്രം നമുക്ക് മുമ്പിലുണ്ട്. രാജ്യത്തെ കരുത്തര്‍ക്കും സൗന്ദര്യമുള്ളവര്‍ക്കും വീണ്ടും വീണ്ടും കരുത്തരാകാനേ അവയില്‍ ചിലതുപകരിച്ചോള്ളൂ...

ഈയടുത്ത സമയത്ത് നമ്മുടെ ദേശീയ മാധ്യമങ്ങള്‍ കൊണ്ടാടിയ രാജ്യത്തെ അനേകം ജനാധിപത്യ വിശ്വാസികളെ സമരമുഖത്തേക്കാനയിച്ച അഴിമതി വിരുദ്ധ സമരങ്ങള്‍. അതിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവരെ നിര്‍ബന്ധിപ്പിച്ച അനേകം സംഭവങ്ങള്‍. ആ സംഭവങ്ങളുടെ വികാസത്തെയും ഗതിയേയും നിര്‍ണ്ണയിച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തന പാരായണങ്ങള്‍.. ശേഷം, കുറ്റാന്വേഷണത്തിന് വേഗത കൂട്ടിയ, അതതു ഏജന്‍സികള്‍ക്ക് സഹായകമായ വിവരം ചോര്‍ത്തല്‍ പ്രക്രിയകള്‍ ഇവയെല്ലാം തന്നെ അരുതെന്ന് വിലക്കുന്ന പുതിയ ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളുമായി ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശങ്ങളുടെ കൂട്ടത്തിലേക്ക് സ്വകാര്യതയെ കൂടെ ഉള്‍പ്പെടുത്തുന്നതോടെ സംഭവിക്കാനിരിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറെ വിപ്ലവാത്മകമായ ഒരു തീരുമാനമായിരുന്നു വിവരാവകാശ നിയമം. അറിയാനുള്ള പൌരന്റെ  സ്വാതന്ത്ര്യത്തെ അനുവദിക്കപ്പെടുകയെന്ന ഏറെ മഹത്തായ ഒരു ജാനാധിപത്യ ധര്‍മ്മത്തെയാണ് വിവരാവകാശ നിയമം കൊണ്ട് രാജ്യത്ത് സ്ഥാപിതമായത്. ജനതയുടെ അറിയാനുള്ള അവകാശത്തെ അനുവദിക്കപ്പെടുക വഴി, {രാഷ്ട്രസുരക്ഷയെ നേരിട്ട് ബാധിക്കാത്ത, തന്ത്രപരമായ രഹസ്യങ്ങളൊഴികെ ഏതൊന്നിനെയും} വിവരം പൂഴ്ത്തി വെക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പുതിയ അടിമ-ഉടമ ബന്ധത്തെ/സമ്പ്രദായത്തെ തകര്‍ക്കുന്ന ഒരു വെല്ലുവിളിയെ വിവരാവകാശ നിയമം സധൈര്യം ഏറ്റെടുക്കുകയായിരുന്നു. അതുവഴി ഒരു വലിയ ജനാധിപത്യ തത്വത്തെ ഈ നിയമം പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട്തന്നെ ഈ നിയമം വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അതിന്റെ കൃത്യവും കണിശവുമായ ഉപയോഗം കൊണ്ട് ജനാധിപത്യ വഴിയില്‍ രാജ്യം ബഹുദൂരം സഞ്ചരിച്ചതായി സമീപകാല അനുഭവങ്ങള്‍ സാക്ഷ്യം നില്‍ക്കുന്നു. എത്രയേറെ നീതിനിഷേധനങ്ങളുടെ പച്ചയായ വാസ്തവകഥകളാണ് ഈ നിയമത്തിലൂടെ രാജ്യമറിഞ്ഞത്. അനേകങ്ങളായ അഴിമതിക്കഥകളുടെ പിന്നാമ്പുറ രഹസ്യങ്ങളാണ് ഈ നിയമം വഴി വെളിവാക്കപ്പെട്ടത്. രാജ്യത്തിന്റെ ആത്മാവിനെതന്നെ വേദനിപ്പിച്ച/മനസ്സാക്ഷിയെ ഞെട്ടിച്ച 'ഭരണകൂട ഭീകരത'കളെപ്പോലും ഈ നിയമം തുറന്നു കാണിക്കുകയുണ്ടായി. ഒരുപക്ഷെ, "ജനം തന്നെയാണ് യഥാര്‍ത്ഥ യജമാനന്‍" എന്ന പ്രഥമ സത്യത്തെ ഒരു ചെറിയ അളവിലെങ്കിലും ബോദ്ധ്യപ്പെടുത്തുന്നതില്‍ ഈ നിയമം ഏറെ വിജയിച്ചിട്ടുണ്ട്.

എന്നാല്‍, ഇപ്പോള്‍ പുതിയതായി മൌലികാവകാശങ്ങളുടെ ഗണത്തിലേക്ക് പൌരന്റെ സ്വകാര്യതയെക്കൂടെ എണ്ണപ്പെടുമ്പോള്‍ വിവരാവകാശ നിയമം അനുവദിക്കുന്ന ഏറെ ഉദാരമായ പല സ്വാതാന്ത്ര്യങ്ങളെയും അത് വിലക്കുകയും പരിമിതപ്പെടുത്തപ്പെടുകയും ചെയ്യും. ഫലമോ, വിവരാവകാശ നിയമത്തിന്റെ ആത്മാവിനെപ്പോലും അത് നശിപ്പിക്കും. പൌരന്റെ സ്വകാര്യതയെ മാനിക്കണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമുണ്ടാകാനിടയില്ലാ. എങ്കില്‍, സംരക്ഷിക്കപ്പെടേണ്ടതും മറക്കപ്പെടേണ്ടതുമായ 'സ്വകാര്യത' ഏതൊക്കെയാണ്..? ഒരു വ്യക്തിയുടെ സ്വകാര്യയുടെ പരിധിയില്‍പ്പെടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്, 'അപരന്' നിര്‍ബന്ധപൂര്‍വ്വം തിരക്കാന്‍ പാടില്ലാത്ത സ്വകാര്യതയുടെ ലോകം എത്രമാത്രം പരന്നതും ആഴമുള്ളതുമാണ്.? അത് എന്തിനെയൊക്കെ അടിസ്ഥാനമാക്കിയാണ് നിര്‍ണ്ണയിക്കേണ്ടത് ? വ്യക്തിയുടെ ആശയ വിനിമയ മാധ്യമങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ ഇവയൊക്കെയും ഇതേ സ്വകാര്യതയുടെ പരിധിയില്‍പ്പെടുമോ..? വ്യക്തിയുടെ സ്വകാര്യതയുടെ സംരക്ഷണം സമൂഹത്തെയോ രാഷ്ട്രത്തെയോ അഴിമതിയെയോ ലൈംഗീക കൃത്യങ്ങളെയോ സംബന്ധിച്ച് എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു..?

സ്വകാര്യത എന്ന സങ്കല്‍പം ഉരുവം കൊള്ളുന്നതും അതിനെ നിര്‍വ്വചിക്കുന്നതും തീര്‍ത്തും വ്യക്തിത്യാധിഷ്ടിതം എന്ന നിലക്കാണോ.? അതില്‍, രാഷ്ട്രത്തെയും സമൂഹത്തെയും ജനാധിപത്യാരോഗ്യത്തെയും ബാധിക്കുന്ന വിഷയങ്ങളിലെ തീര്‍പ്പെന്താണ്.? പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ ഈ നിയമം/അവകാശം എങ്ങനെയാണ് ഇടപെടുക.? ഇവിടെ ആദ്യം നിര്‍വ്വചിക്കപ്പെടെണ്ടത് ഇവയൊക്കേയുമാണ്. എന്നിട്ടാവാം ആ സ്വകാര്യതയുടെ സംരക്ഷണത്തെ മൌലികാവകാശമായി അനുഭവിക്കാനുള്ള വഴിവേട്ടെണ്ടത്. ഒരു കാര്യമുറപ്പ് പൌരന്റെ കുളിമുറിയിലേക്കും കിടപ്പറയിലേക്കുമുള്ള നോട്ടങ്ങള്‍ തീര്‍ച്ചയായും വെട്ടി മാറ്റണം. അതോടൊപ്പം സാമ്പത്തിക കാര്യങ്ങളെ തുറന്നു പറയതിരിക്കല്‍ എന്ന കള്ളത്തരത്തെ അനുകൂലിക്കയുമരുത്.എന്നാല്‍, അതിന്റെ പേരില്‍ വിവരാവകാശ നിയമത്തിന്റെ നിറം കെടുത്തുകയെന്നാല്‍ അതാശാസ്യമോ..?

തീര്‍ച്ചയായും നാം ആശങ്കയിലാണ്. ഏതൊരു മര്‍ദ്ദക ഭരണകൂടവും ഭരണീയന്റെ ചോദ്യം ചെയ്യാനുള്ള /അന്വേഷിച്ചറിയാനുള്ള ഏതൊരു വിവരസമാഹരണത്തെയും ഏറെ ഭയപ്പെടുന്നുണ്ട്. കാരണം, ഇവയത്രയും ഭരണീയന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കാനും പോരാട്ടവീഥിയില്‍ ഉറപ്പിച്ചു നിര്‍ത്താനും കരുത്തു നല്‍കുന്ന ഇന്ധനങ്ങളാണ്. അത്തരമൊരു സാഹചര്യത്തില്‍ ജനതതിയുടെ അവകാശങ്ങളോടുള്ള ഉദാരമായ ഏതൊരു സമീപനവും അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്ന് ഈ മര്‍ദ്ദക പക്ഷത്തിനു നല്ല ബോദ്ധ്യമുണ്ട്. അപ്പോള്‍, ചില പുതിയ അടവുകളുമായി അവര്‍ രംഗപ്രവേശനം ചെയ്യും. ന്യായമായും സംശയിക്കാവുന്ന ചില ചുറ്റുപാടുകളിലൂടെയാണ് രാജ്യം ഈ ആലോചനയിലെക്കേത്തുന്നത്. ഇതും ഈ മര്‍ദ്ദകകകൂടത്തിന് രക്ഷാ കവചമൊരുക്കുകയല്ലെന്ന് എങ്ങനെ ഉറപ്പിക്കും...!!!

വ്യക്തികളുടെ ആസ്തികളും മറ്റുമടങ്ങുന്ന വിവരങ്ങള്‍ തീര്‍ത്തും സ്വകാര്യമായിതന്നെ സൂക്ഷിക്കാമെന്നുള്ള ന്യായവാദത്തെ കൂടുതല്‍ പിടിച്ചുപറിക്കും അഴിമതിക്കും അന്യായമായ സ്വത്ത് സമ്പാദനത്തിനും അവസരമൊരുക്കി കൊടുക്കുകയല്ലാതെ മറ്റേത് തരത്തിലാണ് കാണാനൊക്കുക..? ഇപ്പോള്‍ തന്നെ, സുപ്രീം കോര്‍ട്ട് നേരിട്ട് ആവശ്യപ്പെട്ടിട്ട് കൂടിയും കാലമിന്നോളം സ്വിസ്സ് ബാങ്കിലേക്കൊഴുകിയ ശതകോടി കള്ളപ്പണത്തിന്റെ കണക്കും പേര് വിവരവും വെളിപ്പെടുത്താതിരിക്കുന്നതിന്റെ  താത്പര്യമെന്ത്? തുടര്‍ന്നും ഇത്തരം കാട്ടുകള്ളന്‍മാരെയും ജനഹിതത്തിന്റെ  രക്തമൂറ്റിക്കൊഴുത്ത ഈ തെമ്മാടി വര്‍ഗ്ഗത്തെയും സംരക്ഷിച്ചു നിര്‍ത്താനുള്ള തന്ത്രം മെനയുകയുമാണോ ഈ പരിഷ്കരണം വഴി ലക്ഷ്യമിടുന്നത്..? അല്ലെങ്കില്‍, ഗോപീ കൃഷ്ണന്മാര്‍ക്കും തെഹല്‍കകള്‍ക്കും തടയിടുകയോ..? കൂടെ, നീരാ റാഡിയ പോലുള്ളവര്‍ പരിചയപ്പെടുത്തിതന്ന ഭരണകൂട സ്ഥാപനങ്ങളുടെ ഇടനാഴികളിലെ ഉപജാപക സംഘങ്ങള്‍ക്ക് വിഹരിക്കാനുള്ള പുതിയ തട്ടകമൊരുക്കലോ..? രാജമാര്‍ക്കും കല്‍മാഡിമാര്‍ക്കും ആദര്‍ശ് കൊള്ളക്കാര്‍ക്കും സുരക്ഷിത സങ്കേതമൊരുക്കലോ..? എന്താണിതിന്റെ  പ്രാഥമിക ഉദ്ദേശ്യം..???

പൌരന്റെ കിടപ്പറയിലേക്കും കുളിമുറിയിലേക്കും വരുന്ന വികടന്റെ കണ്ണുകളെ കെട്ടുകയെന്ന മഹത്തായ കര്‍മ്മത്തിന് ഭരണഘടനയില്‍ തന്നെ പണിയെടുക്കെണ്ടതുണ്ടോ.? അതിന് സാംസ്കാരിക വകുപ്പധികൃതര്‍ ഒരു പെരുമാറ്റ ചട്ടം പാസ്സാക്കട്ടെ.. കൂടെ ഒരു നല്ല നടപ്പ് പരീക്ഷയും നടത്തട്ടെ..! അല്ലെങ്കില്‍, കുറച്ചു സദാചാര പോലീസുകാരെ കൂലിക്ക് നിയമിക്കട്ടെ...!!!

ഇവ്വിധമുള്ള വിഷയങ്ങള്‍ക്ക് പ്രധിവിധി തേടേണ്ടത് പുതിയ നിയമ നിര്‍മ്മാണങ്ങള്‍ വഴിയോ നിയമ പരിഷ്കാരങ്ങള്‍ വഴിയോ ആവരുത്. കൃത്യമായ സാംസ്കാരിക മൂല്യങ്ങള്‍ ആചരിക്കുന്ന സമൂഹ നിര്‍മ്മിതിക്കാവശ്യമായ പദ്ധതിയാസൂത്രണത്തിലൂടെ മാത്രമേ ഈ ലക്ഷ്യം നേടാനൊക്കൂ. അതിന് തക്ക വിദ്യാഭ്യാസം നല്‍കുന്നതിനാണ് രാജ്യം ശ്രദ്ധ ചെലുത്തേണ്ടത്. സമൂഹത്തിന്റെ ജാഗ്രതയും അതുവഴിയാണ് കാവലാവേണ്ടത്. അല്ലാതിതുപോലെ 'കുറക്കു വഴികളിലൂടെ' കാര്യം സാധിക്കുകയല്ല വേണ്ടത്.

2011, ജൂൺ 9

മുലയൂട്ടാന്‍ മടിക്കുന്നവര്‍ അമ്മമാരോ?

" ജനിക്കുക എന്നത് ഏതൊന്നിന്‍റെയും അവകാശമാണ്".

ദമ്പതികളുടെ ആഗ്രഹവും ആവശ്യവും ആയിരുന്നു ഒരു കുഞ്ഞ് ഉണ്ടാവുക എന്നത്. അതറിയണം എന്നുണ്ടെങ്കില്‍ വര്‍ഷങ്ങളായി ദാമ്പത്യ ജീവിതം നയിക്കുന്നവര്‍ക്ക് ഒരു കുഞ്ഞുണ്ടാവാത്തതിലുള്ള സങ്കടം അവരനുഭവിക്കുന്ന വേദന അതിലൂടെ മനസ്സിലാക്കാവുന്നതാണ്. എങ്കില്‍, ഇന്ന് മറ്റു ചില പ്രവണത കൂടെ തല പൊക്കി തുടങ്ങിയിരിക്കുന്നു. അത് ഒരു വലിയ അനീതിയും സാമൂഹ്യ തിന്മയുമാകുന്നു. എന്നാല്‍ അതിന്ന് നിരത്തുന്ന കാരണങ്ങളാണ് ഏറെ വിചിത്രം, ഇവിടെ ഗര്‍ഭം ധരിക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീയും [പ്രസവിക്കുന്നവള്‍, പ്രസവിക്കേണ്ടവള്‍ എന്നൊക്കെയാണ് പോലും സ്ത്രീ] ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലുന്നവളും കുഞ്ഞിന്ന് അമ്മിഞ്ഞ നിഷേധിക്കുന്ന അമ്മയും ആ കുഞ്ഞില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നതിന് അര്‍ഹയാണോ?

മുലപ്പാല്‍ നല്‍കാതിരിക്കുക വഴി ആ കുഞ്ഞിന് സ്നേഹം, അറിവ്, ആരോഗ്യം, എന്നീ അവകാശങ്ങള്‍ നിഷേധിക്കുകയും മാനുഷിക ഗുണങ്ങള്‍ അറിയാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും, എന്നിട്ട് ആ മനുഷ്യകുഞ്ഞിന്ന് മാടുകളുടെ പാല്‍ {കബളിപ്പിക്കല്‍} നല്‍കുകയും വഴി ആ കുഞ്ഞില്‍ മൃഗീയമായ സ്വഭാവഗുണങ്ങളാണ് ഉള്ളത് എന്ന് വിലപിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?

തന്‍റെ അവകാശത്തെ കുറിച്ച് ബോധ്യം വരുന്ന അവസരത്തില്‍ അത് നിഷേധിച്ചത് തന്‍റെ 'അമ്മ' തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് ആ കുഞ്ഞില്‍ എങ്ങിനെയാണ് പ്രതിഫലിക്കുക?

ഒരുവളുടെ ജന്മം പൂര്‍ണമാകുന്നത് അവള്‍ അമ്മയകുന്നതിലൂടെ" ആണെങ്കില്‍ "ഒരു അമ്മയുടെ മാതൃത്വം പൂര്‍ണ്ണമാവുന്നത് അവള്‍ തന്‍റെ കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെ"യുമാണ്‌. തന്‍റെ തന്നെയും പൂര്‍ണതയെ നിരാകരിക്കുന്ന ഇവള്‍ ഒരു 'സ്ത്രീ 'ജന്മമോ?

എല്ലാ സുഖങ്ങളെയും ത്യജിക്കുകയും തന്‍റെ കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുകയും ചെയ്യേണ്ടിയിരുന്ന ഒരു 'അമ്മ' തന്നെ അതിന്ന് തയ്യാറവാതിരിക്കുകയും ചെയ്യുമ്പോള്‍ ഇവളും ഒരു അമ്മയോ? അമ്മ എന്ന അവസ്ഥ [പദവി] യാണ് ലോകത്തില്‍ ഏറ്റവും സുന്ദരം എന്നിരിക്കെ, 'സൌന്ദര്യ സംരക്ഷണം' എന്ന പേരിലുള്ള ഇത്തരം ആഭാസത്തരങ്ങളെ എങ്ങനെ ന്യായീകരിക്കും..?

ചരിത്രത്തിലെ പരീക്ഷിത്തിനെയും അശ്വാത്മാവിനെയും നിങ്ങള്‍ ഓര്‍ക്കുന്നുവോ?

ഒരിക്കല്‍, പാണ്ഡവരുടെ സര്‍വ്വ നാശത്തിനായി ബ്രഹ്മാസ്ത്രം തൊടുത്ത, എല്ലാ പേരും അരുതെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ ഉത്തരയുടെ ഗര്‍ഭത്തിലേക്ക് അസ്ത്രം എയ്ത അങ്ങനെ ഉത്തരയുടെ 'ഉദര ശിശു' പരീക്ഷിത്തിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ കൊന്നു കളഞ്ഞ അശ്വാത്മാവ്. ആ അശ്വാത്മാവ് സര്‍വ്വ വ്യാധികളും ബാധിച്ച് ചോരയും ചലവും ഒലിപ്പിച്ച് മൂവായിരത്തോളം വര്‍ഷം മരിക്കാതെ ഭൂമിയില്‍ നരക തുല്യം ജീവിച്ചു.. ജീവനില്ലാതെ പിറന്ന, ഭൂമിയെ തൊട്ട പരീക്ഷിത്ത്‌. പിന്നീട് ജീവന്‍ കിട്ടുകയും സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി രാജ്യം ഭരിക്കുകയും ചെയ്തു എന്ന് മറ്റൊരു വായന. ഇത്തരം പരീക്ഷിത്തുമാര്‍ ഇന്നും ഭൂമിയെ സ്പര്‍ശിച്ചു തീരുന്നു...!

എന്നാല്‍, അശ്വത്മാക്കള്‍ നഗരജീവി { നരക } എന്ന ശീര്‍ഷകത്തിലെക്ക് വാഴ്ത്തപ്പെടുന്നു... അവരിലെ പുഴുക്കളും ജീര്‍ണ്ണിച്ച രക്തവും ചലവുമാണ് ഈ ലോകത്തെ ഇത്രയും മലീമാസമാക്കുന്നത്.

എന്‍റെ ആശങ്കയെ രേഖപ്പെടുത്താന്‍ ശ്രമിച്ചു എന്ന് മാത്രം,,, അനുവാചക ഹൃദയമേ നിന്നിലാണ് എന്‍റെ പ്രതീക്ഷ !

2011, ജൂൺ 1

'സംശയം' ഒരപരാധമോ..?


"ഒരു കാട്ടാളനെ മനുഷ്യനാക്കുന്ന, മനുഷ്യ മനസ്സിന്‍റെ സംസ്കരണ പ്രക്രിയയെ ഞാന്‍'വിദ്യാഭ്യാസം'എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു."

എല്ലാ ഗുണങ്ങളുടെയും ആധാരശില സ്നേഹമാണ് എങ്കില്‍ ഇന്നിന്‍റെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ സ്നേഹം ഒഴികെ മറ്റെല്ലാം നല്‍കുന്നു. സ്നേഹിക്കാന്‍ പറയുന്നു എന്നല്ലാതെ അതിന്നു ക്രിയാത്മകമായി ഒരു പദ്ധതിയും ആവിഷ്കരിച്ചു നടപ്പാക്കുന്നുമില്ല. "സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു" എന്ന് അവകാശപ്പെടുകയും എന്നാല്‍, മൊത്തം സജ്ജീകരണങ്ങളും മത്സരിക്കാനുമാണ് പഠിപ്പിക്കുന്നത്‌. എവിടെ മത്സരമുണ്ടോ?അവിടെ,സ്നേഹമുണ്ടാകില്ല. മത്സരം അസൂയയുടെ വകഭേദമാണ്. ഇതിനെ പാടെ വിസ്മരിച്ചു കൊണ്ടാണ് കൊട്ടിഘോഷിക്കപ്പെട്ട നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുതിച്ചു{?} കൊണ്ടിരിക്കുന്നത്.

അക്ഷര ജ്ഞാനത്തിനു ദാഹിക്കുന്ന മനസ്സുമായി അക്ഷരമുറ്റത്തെത്തുന്ന പഠിതാക്കളോട് ഒരുവന്‍ മുമ്പിലാണെന്നും, അപരന്‍ പിറകിലാണ് ന്നും അവരോടു പറയുന്നതില്‍ നിന്നും തുടങ്ങുന്നു ഈ സംവിധാനത്തിന്‍റെ പരാജയം. അവരെ പുകഴത്താന്‍ പഠിപ്പിക്കുകയും മുന്നിലെതുന്നതിന്നു വേണ്ടി മത്സരിക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുന്നു. ഒരാളെ 'ഉത്തമന്‍' എന്നും മറ്റവനെ 'അധമന്‍' എന്നും വിളിക്കുന്നതിലൂടെ ഒരുവനില്‍ അഹംബോധവും അപരനില്‍ അധമബോധവും വളര്‍ത്തുന്നു. അതിലൂടെ അവരുടെ മാനസികാരോഗ്യത്തെയാണ് ഇവിടെ നശിപ്പിക്കപ്പെടുന്നത്‌. 'വിനീതനും സ്നേഹ ശീലനും' ആവണമെന്ന് പുസ്തകത്തിലൂടെ പറയുകയും അധ്യാപന രീതി കുട്ടികളെ വെറുക്കാനും അസൂയപ്പെടാനും മുന്നില്‍ എത്താനുമാണ് ശീലിപ്പിക്കുന്നത്.

ഇങ്ങനെ അഹംബോധം, അസൂയ, മത്സരം എന്നിവയെല്ലാം പരിശീലിക്കപ്പെടുക വഴി കുട്ടികള്‍ക്ക് എങ്ങിനെയാണ് സ്നേഹിക്കാന് കഴിയുക? സ്നേഹിക്കുന്നവനെ മുന്നോട്ട് പോവാന്‍ അനുവദിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാണ് സ്നേഹത്തിന്‍റെ ഏറ്റവും സുന്ദരമായ മുഖം. എന്നാല്‍ ഇവിടെ അതിനെയും വികൃതമാക്കിയിരിക്കുന്നു. സ്നേഹിക്കുന്നവര്‍ക്ക് പിറകിലായി നില്‍ക്കുക എന്നതാണ് സ്നേഹത്തിന്‍റെ മഹത്വവും/മനസ്സിന്‍റെ തൃപ്തിയും. വിദ്യാഭ്യാസം ആചരിക്കേണ്ട ധര്‍മ്മങ്ങളില്‍ ഒന്നാണ് ഇത്. എന്നാല്‍, ഇന്നിന്‍റെ വിദ്യാഭ്യാസമോ? ഏറ്റവും കുറഞ്ഞത്‌ അപരനെ ജയിക്കേണ്ടത് തന്‍റെ തന്നെ അജ്ഞതതയെ തോല്‍പ്പിച്ച് കൊണ്ടാവണം എന്നെങ്കിലും എന്ത് കൊണ്ട് അവരെ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യുന്നില്ല.

വിദ്യ എന്നത് മറക്കപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ ഒരു നിധിയാണ്‌. ആ അത്ഭുത നിധിയുടെ ഖനനം നടത്തേണ്ടതും നടക്കേണ്ടതും പഠിതാവിന്‍റെ സ്വതന്ത്ര മനസ്സുകളിലാണ്. ഖനനത്തിന്നാവശ്യമായ ആയുധങ്ങളായി ഉപയോഗിക്കപ്പെടെണ്ടത് ശരിയായ സംശയങ്ങളെയും ജിഞാസയെയും ആവണം. വാസ്തവത്തില്‍.ഈ ആയുധങ്ങളെ പരിശീലിപ്പിക്കേണ്ടതും പ്രയോഗിക്കെണ്ടതും അവനവന്‍റെ മനോധര്‍മ്മത്തിനനുസരിച്ചുമായിരിക്കണം. ഗുരുക്കന്മാരും ശിഷ്യരും ഇതനുവദിക്കപ്പെടെണ്ടതുമാണ്. പക്ഷെ, പലപ്പോഴും ഇതനുവദിക്കപ്പെടുന്നില്ലാ എന്നതാണ് വാസ്തവം. അതിന് കാരണമായി പറയുന്നതോ...വിശ്വാസമാണ് പ്രധാനം സംശയം പാപമത്രേ..!! ഇവിടെ നമ്മുടെ വിദ്യാഭ്യാസ രീതികളുടെ പരാജയം ഒരിക്കല്‍കൂടെ ബോദ്ധ്യപ്പെടുന്നു. യഥാര്‍ത്ഥത്തില്‍, വിശ്വസിക്കുന്നതോടൊപ്പം അവിശ്വസിക്കാനും അനുസരണക്കൊപ്പം സംശയം പ്രകടിപ്പിക്കനുമുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടേണ്ടതുണ്ട്.

സംശയം തന്നെയും പാപമായി കരുതപ്പെടുമ്പോള്‍ എവിടെയാണ്/ എന്താണ് നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ താല്പര്യം? സംശയങ്ങളാണ് പുതിയ അന്വേഷണങ്ങള്‍ക്ക് വഴി മരുന്നിടുന്നത്. എങ്കില്‍, സംശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അതിനെ നിരുത്സാഹപ്പെടുത്തുമ്പോള്‍ വായനയുടെ വിശാലമായ ഒരു ലോകത്തെയും കൂടെയാണ് അവര്‍ക്ക് നിഷേധിക്കപ്പെടുന്നത്. അവരുടെ ചിന്താമണ്ഡലത്തെ ഉത്തേജിപ്പിക്കുന്ന വായന അവര്‍ക്ക് ഒരു ശക്തമായ ജീവിത ശൈലി സമ്മാനിക്കുമെങ്കില്‍, വായനയെ പ്രേരിപ്പിക്കുന്ന സംശയത്തെ എന്തിന് പാപമായി കരുതി വിലക്കണം? ചുരുക്കത്തില്‍ , പുതിയ സംശയങ്ങള്‍ ഇല്ലാതെ പുതിയ അന്വേഷണവും പുതിയ ചിന്തകളും ഉണ്ടാവുന്നില്ല. സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത ഒന്നിനും പൂര്‍ണ്ണതയില്ല . അഥവാ, സംശയങ്ങള്‍ ആണ് വിദ്യയ്ക്ക് വേഗത കൂട്ടുന്നത്‌. നമുക്കാവശ്യമായുള്ളത് മത്സരവും അസൂയയും വളര്‍ത്തുന്ന ഇന്നിന്‍റെ വിദ്യാഭ്യാസ രീതിക്ക് പകരം മനസ്സിന്‍റെ ചലനാത്മകതയെ ഉണര്‍ത്തുന്ന ആരോഗ്യപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സ്നേഹത്തിലധിഷ്ടിതവുമായ പഠന രീതികളും , അതിനാവശ്യമായ പദ്ധതികളുടെ ബോധപൂര്‍വ്വമായ ആവിഷ്കാരവുമാണ് വേണ്ടത്.

{ ഒരു കൂട്ടുകാരനുമായുള്ള സ്നേഹ സംവാദത്തില്‍ നിന്നും }

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms