2011, ഓഗ 14

'ഇറോം' മലയാളം സംസാരിക്കുന്നു.

രാജ്യം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിതമായതിന്റെ അറുപത്തിയഞ്ചാമത് വാര്‍ഷികം കൊണ്ടാടുന്ന വേളയില്‍ ഞാനിവിടെ കുറിക്കുന്നത് മറ്റൊരു സ്വാതന്ത്ര്യ പോരാട്ടത്തെ കുറിച്ചാണ്. ഭരണകൂട ഭീകരതക്കെതിരില്‍ ഒരു സ്ത്രീ നടത്തുന്ന, നീതിക്ക് വേണ്ടിയുള്ള പോരാട്ടാത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് വരുന്ന ഭാരതീയര്‍ക്ക് ആവേശവും ഊര്‍ജ്ജവുമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സഹന സമരത്തെ കുറിച്ച്. വളരെ അപ്രതീക്ഷിതമായി സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സഹോദരിയെകുറിച്ച്. ഉരുക്കിനെപ്പോലും നാണിപ്പിക്കുന്ന/അസൂയപ്പെടുത്തുന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ചാണ് ഈ കുറിപ്പ്.

ഈജിപ്തില്‍ വിജയിച്ച, ഇപ്പോഴും ലിബിയടക്കമുള്ള അറബ് നാടുകളില്‍ നടന്നു കൊണ്ടിരിക്കുന്ന, ഇന്ന് ലോകം 'ജാസ്മിന്‍ വിപ്ലവം' എന്ന് പേര്ചൊല്ലി വിളിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് വേഗതകൂട്ടാന്‍ 'ഫൈസ് ബുക്ക്' പോലോത്ത സൈബര്‍ ഇടങ്ങളിലെ കൂട്ടായ്മകളുടെ സാന്നിധ്യം പോയ നാളുകളുടെ വിശേഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നൈല്‍ നദിക്ക് കുറുകെ മുമ്പൊരു വിമോചകന്‍ വിമോചനത്തിന്റെ മാര്‍ഗ്ഗം തെളിച്ചിരുന്നുവെന്നത് പോയ ചരിതത്തിലെ അവിസ്മരണീയമായ ഒരേട്‌. ഇന്നതേ തീരങ്ങളിലെ സമൂഹം അവരാല്‍ തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള പാലം പണിതുവെന്നത് വര്‍ത്തമാന ചരിത്രം. സ്വാതന്ത്ര്യത്തിനായുള്ള ഈ സമര വിളംബരത്തിന് വേദിയായത് ഇന്റര്‍ നെറ്റിന്റെ അതിരുകളില്ലാത്ത ലോകമായത് നാളെയുടെ ചരിത്രത്തെ, അതിലെ സൈബര്‍ ഇടങ്ങളുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു.

ആ കൂട്ടായ്മയുടെ കരുത്തിങ്ങ് മാമലകളുടെയും അളങ്ങളുടെയും നാട്ടിലേക്കും കൂടെ.. ഇറോം ശര്‍മ്മിളക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ആഗസ്റ്റ് 26ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഒരു ഉപവാസ സമരം സംഘടിപ്പിക്കുവാന്‍ മുഖ പുസ്തകത്തിലെ 'സപ്പോര്‍ട്ട് ഇറോം ശര്‍മ്മിള' എന്ന മലയാളി കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഒരു നീണ്ട നിരയെത്തന്നെ ഉറപ്പുവരുത്തുന്നതില്‍ ഈ കൂട്ടായ്മയുടെയും ഐക്യദാര്‍ഡ്യ സമ്മേളനത്തിന്റെയും സംഘാടകര്‍ വിജയിച്ചിരിക്കുന്നുവെന്നത് സാംസ്കാരിക കേരളത്തിന് ഏറെ സന്തോഷത്തിന് വക നല്‍കുന്നൊരു കാര്യമാണ്. വ്യത്യസ്ത ആശയം പുലര്‍ത്തുമ്പോള്‍ തന്നെയും ഒരു നല്ല ലക്ഷ്യത്തിനായ് കൂട്ട്കൂടുകയും കൂടെകൂട്ടുകയും പരസ്പരം പറയുകയും കേള്‍ക്കുകയും ചെയ്യുക എന്നതെല്ലാം ജനാധിപത്യത്തില്‍ അവശ്യം വേണ്ട നല്ല ഗുണങ്ങളില്‍ ചിലത് മാത്രമാണ്. ആ അര്‍ത്ഥത്തില്‍, ഒരു നല്ല പ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കാനുള്ള മലയാളത്തിന്റെ സന്നദ്ധതയെ നമ്മുടെ ജനാധിപത്യബോധത്തിന്റെ വളര്‍ച്ചയായി ഗണിക്കാവുന്നതാണ്. ഈ നല്ല ശ്രമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന സുഹൃത്ത് രഞ്ജിത്, ഇര്‍ഷാദ്, റഫീഖ്, അഭിലാഷ് തുടങ്ങിയ ബഹുമാന്യ സുഹൃത്തുക്കള്‍ക്ക് ബ്ലോഗുലകത്തിന്റെയും ആദരം .
അറുപതുകളുടെ ആദ്യം മണിപ്പൂരില്‍ നടപ്പിലാക്കുകയും പിന്നീട് ആസ്സാം, മിസോറം, കശ്മീര്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയും ചെയ്ത 'പ്രത്യേക സൈനികാവകാശനിയമം' അതിന്റെ ക്രൂരമുഖം വെളിവാക്കിയപ്പോള്‍ സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സമൂഹം. അവരുടെ പ്രതിനിധിയാണ് കവയത്രിയും പത്രപ്രവര്‍ത്തകയുമായ ഇറോം ശര്‍മ്മിള. ഈ നിയമപ്രകാരം സൈന്യത്തിന് ആരെയും എപ്പോഴും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം. കേസ് ചാര്‍ജ്ജ് ചെയ്യാതെ നിരപാധിത്വം തെളിയിക്കാനുള്ള അവകാശംപോലും നിഷേധിച്ച് അനന്തകാലം തടവില്‍പ്പാര്‍പ്പിക്കുകയും ചെയ്യാം. പൗരാവകാശങ്ങളെ കശാപ്പുചെയ്യുന്ന ജനാധിപത്യവിരുദ്ധമായ ഈ നിയമത്തിന്റെ മറവില്‍ സൈന്യം നടത്തിയ അതിനിഷ്ടൂരമായ വെടിവെപ്പില്‍ {മാലോം കൂട്ടക്കൊല} സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര് കൊല്ലപ്പെട്ടു. ഇതില്‍ പ്രധിഷേധിച്ച്, ഈ നിയമമെടുത്തുകളയണമെന്നും ഭരണകൂടഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2000ല്‍ ഇറോം നിരാഹാരസത്യഗ്രഹം ആരംഭിച്ചു. അന്ന് തുടങ്ങി ഇന്നുമവസാനം കണ്ടിട്ടില്ലാത്ത ആ സമരത്തില്‍ നിന്നും അവരീസമയം വരെയും പിന്നാക്കം പോയിട്ടില്ല. അറിയാതെ അല്പം ജലം അകത്താകുമോ എന്ന ഭയത്താല്‍ പല്ലുതേപ്പ് പോലും ഉപേക്ഷിച്ച നിരാഹാര സത്യാഗ്രഹം. ഈ സമയത്തിനിടയില്‍ ആന്തരാവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും അകാലത്തില്‍ ആര്‍ത്തവം ചക്രം നിലക്കുക ചെയ്തിട്ട് കൂടിയും ഭരണകൂടത്തിനിവര്‍ കേവലം ആത്മഹത്യക്ക് ശ്രമിച്ച ഒരു പെണ്ണുമാത്രമാണ്ത്രേ..! എന്നാല്‍, കോടിക്കണക്കിനു വരുന്ന ജനഹൃദയങ്ങളില് ഇവര്‍ ഭരണകൂട ഭീകരതക്കെതിരെയുള്ള പോരാട്ടാത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്.

ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഷര്‍മിളയുടേതെന്ന് പറയാം. കാരണം, അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മാര്‍ദ്ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വസന്തകാലമാത്രയും ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്. ഈ സഹന സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന, ഇന്നും ഈ ഗാന്ധിയന്സമരത്തോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടം ജനകീയവിചാരണ ചെയ്യപ്പെടേണ്ടേ?

ഈ കൂട്ടായ്മ ഉറക്കെ പറയുന്നു.: പട്ടാളവും തീവ്രവാദികളും ഇരു ഭാഗത്തുമായി കളം ഭരിക്കുന്ന മണിപ്പൂരില്‍ അതു അമര്‍ച്ച ചെയ്യുന്നതിന്നായി ഒരു നിയമം ആവശ്യമെങ്കില്‍ അതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ, നിലവിലുള്ള നിയമത്തിനു മറവില്‍ നടന്ന അതിഭീകര ലൈംഗീകപീഡനങ്ങളും ക്രൂരതകളും അത്തരം ഒരു നിയമത്തിന്റെ ദുരുപയോഗം ശരിക്കും തുറന്നു കാട്ടുന്നു. ഭര്‍ത്താവിന്റെയും അമ്മമാരുടെയും മുന്നില്‍ വെച്ച് പട്ടാളക്കാരുടെ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന പെണ്‍കുട്ടികളുടെ നാട്ടില്‍ അമ്മമാര്‍ പൂര്‍ണ നഗ്നരായി " വരൂ ഇന്ത്യന്‍ പട്ടാളക്കാരെ.. വന്നു ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ " എന്ന് ഗതികെട്ട് അലറിക്കരയുമ്പോള്‍ ഇടിഞ്ഞു വീണത്‌ എന്റെയും നിങ്ങളുടെയും {ഓരോ ഇന്ത്യന്റെയും} മനസ്സാക്ഷി തന്നെയല്ലേ..? അവിടെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഈ നിയമത്തെ, അല്ല. ഈ കരിനിയമത്തെ ഈ ചതിയെ, ഭാരതീയരുടെ​ മാനം നശിപ്പിക്കുന്ന, ലജ്ജ കൊണ്ടവന്റെ തല താഴ്‌ത്താന്‍ നിര്‍ബന്ധിപ്പിക്കുന്ന ഏതൊരു നിയമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു. കാരണം, 'മനുഷ്യന്‍' എന്നത് കുറച്ചു കൂടി ഭേദപ്പെട്ട ഒരു വാക്കാണ്‌.
അതെ, നാം കേവലമൊരു ഉടലല്ലെന്നും നമ്മിലിപ്പോഴും ജീവനുള്ളൊരു ആത്മാവ് അവശേഷിക്കുന്നുവെന്നതിന്റെ തെളിവിനായിട്ടാണെങ്കിലും നമുക്കൊന്ന് ഉറക്കെ കരയേണ്ടിയിരിക്കുന്നു. കുറഞ്ഞത്‌ ഈ അനീതികള്‍ക്കെതിരെ അരുതേ എന്നൊരു വിസമ്മതത്തിന്റെ തലയാട്ടലെങ്കിലും നമ്മില്‍നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇറോം പറയുന്നു. "ആത്മാവ് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സമര്‍പ്പിക്കാന്‍ നാം ഒട്ടും ഭയപ്പെടേണ്ടതില്ല. സ്നേഹപൂര്‍വ്വം പ്രതീക്ഷയോടെ "- ഈ വാക്കുകളില്‍ കാണാം സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, അര്‍പ്പണ ബോധത്തിന്റെ, നിര്‍ഭയത്വത്തിന്റെ, മനുഷ്യത്വത്തിന്റെ ഉറച്ചശബ്ദം.

'ഈ ഉരുക്ക് വനിതയുടെ' പോരാട്ടം മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി മാത്രമല്ല. ചൂഷണത്തിന്റെയും അവഗണനയുടെയും അന്യതാബോധത്തിന്റെയും പടുകുഴിയില്‍ ഉഴലുന്ന ആയിരങ്ങളുടെ കണ്ഠനാദമാണത്. ഇത്തരം അനീതികള്‍ക്കെതിരില്‍ ശബ്ദിക്കാതിരിക്കാന്‍ എന്ത് ന്യായമാണ് നമുക്കുള്ളത്. ഓര്‍ക്കുക, അനീതിക്കെരെ ശബ്ദിക്കാതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്. ഇവിടെ, നമുക്ക് ഒരൊറ്റ മനസ്സോട് കൂടെ തോളോട്തോള്‍ ചേര്‍ന്ന് മുന്നോട്ടു കുതിക്കാം.നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വിളവെടുപ്പിനായ്‌ നമുക്ക് ജനാധിപത്യമര്യാദകളെ വിത്തിറക്കാം. കൊടിയുടെ വര്‍ണ്ണമല്ല നമ്മുടെ ഈ ഒത്തു ചേരലിനു പ്രേരകം. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണീ ഒത്തുചേരല്‍. 'ജനാധിപത്യത്തിന്റെ പേരില്‍' അധികാരമേറി മനുഷ്യത്വ വിരുദ്ധത ജീവിതവ്രതമാക്കി മാറ്റിയ, നിരന്തരം നമ്മെ നോക്കി കൊഞ്ഞനം കുത്തുന്ന എല്ലാ അധികാര കേന്ദ്രങ്ങളും പ്രതിഷേധത്തിന്റെ ഈ തിരമാലകളില്‍ ഉലഞ്ഞു തകരട്ടേ.. ഈ സാഗര ഗര്‍ജ്ജനം കേട്ടിട്ടും സ്വസ്ഥമായി ഉറങ്ങാന്‍ ഇക്കൂട്ടര്‍ക്കാവുമോ.?

ഏതൊരു സമരമുഖത്തും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളെ നിരന്തരം അവഗണിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തിനുമാവില്ല എന്നതാണ് സത്യം. കാരണം, അതാതുകാലങ്ങളില്‍ ജനത അനുഭവിക്കുന്ന അസംതൃപ്തിയുടെ ഉറക്കെപ്പറച്ചിലുകളാണ് സമരങ്ങള്‍. അവ സാധാരണ ജനതയുടെ ജനാധിപത്യത്തിലെ ഇടപെടലും പങ്കാളിത്തവും കൂടെയാണ്. അതിനെ തിരസ്കരിക്കുന്നതും നിരോധിക്കുന്നതും ജനാധിപത്യപ്രക്രിയയുടെ പരാജയവും മരണവുമാണ്‌. അതെ, ഇറോമിനുള്ള നമ്മുടെ പിന്തുണ നമ്മുടെ ജനാധിപത്യാരോഗ്യത്തിന്റെ വീണ്ടെടുപ്പിന്നും കൂടിയുള്ളതാണ്.

പിന്‍ കുറിപ്പ്: ഈ വിവരത്തെ കഴിവതും ആളുകളിലേക്ക് എത്തിക്കുന്നതില്‍, കൂടെ നമ്മുടെ ഗ്രാമങ്ങളില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ശ്രദ്ധയെ ക്ഷണിക്കുന്നതില്‍ സുഹൃത്തുക്കളുടെ സഹായം തേടുന്നു.

അന്നേ ദിവസം കോഴിക്കോട് മാനാഞ്ചിറയില്‍ ബ്ലോഗുലകത്തിലെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യവും ആഗ്രഹിക്കുന്നു. സന്നദ്ധരായിട്ടുള്ള ബ്ലോഗര്‍മാരുടെ പേര് വിവരം താഴെ കമന്റ്‌ ബോക്സിലായി രേഖപ്പെടുത്താന്‍ താത്പര്യപ്പെടുന്നു.
------------------------------------------------------------------------------------------------------------------------

ചേര്‍ത്തു വായിക്കാം.

നിറുത്തുക, ഈ ഭീകരത.

2011, ഓഗ 1

ലോക് 'പാലി'ലെ കറുപ്പ്.


നാളുകളായി നമ്മുടെ ദേശീയ രാഷ്ട്രീയ രംഗത്ത് സജീവ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒന്നാണ് അഴിമതി വിരുദ്ധ സമരങ്ങളും ലോക്പാല്‍ ബില്ലും. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ ബില്ല് ഇരുപതില്‍പരം തവണ നമ്മുടെ ജനാധിപത്യ കോവിലില്‍ അവതരിപ്പിച്ചെങ്കിലും അതൊരു നിയമമായി പാസ്സാക്കിയെടുക്കാന്‍ നമ്മുടെ രാജ്യത്തിനായിട്ടില്ല. ഇപ്പോള്‍, ഏറെ കാലത്തെ ഒച്ചപ്പാടുകള്‍ക്കൊടുവില്‍ കേന്ദ്ര മന്തിസഭ ബില്ലിനംഗീകാരം നല്‍കിയിരിക്കുന്നു. അടുത്ത വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് വീണ്ടും സഭയില്‍ വെക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്ന മുച്ചൂടും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഈ ബില്ലിനെ ഇത്രയും താമസിപ്പിച്ചത്. എന്നാല്‍, രാജ്യത്തെ നിയമഞ്ജരുടെ ഭൂരിപക്ഷാഭിപ്രായവും പിറക്കാന്‍ പോകുന്ന നിയമം ഏറെ ദുര്‍ബലമാണെന്നാണ്. രാജ്യത്തെ നീതി ക്ഷേത്രങ്ങള്‍ പോലും അഴിമതിയില്‍നിന്നും ഒട്ടും മുക്തമല്ല എന്ന വാര്‍ത്തകള്‍ നമ്മുടെ ജനാധിപത്യാരോഗ്യത്തിന്‍റെ വീണ്ടെടുപ്പിന് ഒരു നല്ല ചികിത്സാരിയെ നിര്‍ബന്ധിപ്പിക്കുന്നുമുണ്ട്.

സാമൂഹിക നീതിയിലതിഷ്ടിതമായ സമഗ്ര വികസനത്തിലൂടെ മാത്രമേ ഒരു സമാധാന സമൂഹത്തെ സൃഷ്ടിക്കാന്‍ സാധ്യമാകൂവെന്നിരിക്കെ.. അഴിമതി പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്തേ മതിയാകൂ. എന്നാല്‍, ജനാധിപത്യത്തിലെ പ്രയോക്താക്കളായ 'ലെജസ്ലീവും എക്സിക്യുട്ടീവും ജഡീഷ്വറിയും' അഴിമതിയെന്ന സാമൂഹ്യ തിന്മയുടെ ഉപാസകരായി മാറിയ കാഴ്ചയാണ് വര്‍ത്തമാന രാജ്യം കണ്ട് കൊണ്ടിരിക്കുന്നത്. കോടികളെഴുതാന്‍ പൂജ്യം തികയാത്ത അഴിമതിക്കഥകളാണെങ്ങും കേള്‍ക്കാനാകുന്നത്. കൊട്ടിഘോഷിക്കപ്പെട്ട വികസനങ്ങളുടെ പേരില്‍ ജീവിതത്തിന്‍റെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ട ദശലക്ഷക്കണക്കിന് വരുന്ന ജന സമൂഹങ്ങളുണ്ട് ഇവിടെ.സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളായും ഇടക്കൊക്കെ കയ്യേറ്റക്കാരായും കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ട വികസനത്തിന്‍റെ ഗുണഭോക്താക്കള്‍.അപ്പോഴും ചില രാഷ്ട്രീയ മാന്യന്മാര്‍ സത്ര/ഭൂമി കുംഭകോണങ്ങള്‍ പോലോത്ത അഴിമതികള്‍ ഒരു ജന്മാവകാശമായി നിര്‍ബാധം തുടര്‍ന്ന് ഒരുന്നു.വിലക്കിയും നിഷേധിച്ചും നേടിയെടുത്ത സുഖാലാസ്യത്തില്‍ ഇവിടത്തെ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ പള്ളിയുറക്കം തുടരുമ്പോള്‍, ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനുമിടക്ക് മരിച്ചു വീഴുന്ന ആയിരങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇവിടെയൊരു ജനാധിപത്യത്തിലെ കണിയാരെയും ആകുലചിത്തനാക്കാത്തതെന്തു കൊണ്ടാവണം..? ഈ സാഹചര്യത്തിലും കല്‍മാഡിമാര്‍ക്ക് കട്ടുമുടിക്കാന്‍ സൌകര്യമൊരുക്കുന്ന പുറംഭിത്തി കെട്ടാനുള്ള തിരക്കിലാണ് നമ്മുടെ ഭരണകൂടങ്ങള്‍.അതിനുപയോഗിക്കുന്നതോ വികസനത്തിന്‍റെ ഇരകളായ ഇതേ പാവങ്ങളുടെ കായികാധ്വാനത്തെ തന്നെയാണ്.വികസനത്തിന്‍റെ സാങ്കേതികാര്‍ത്ഥത്തിലുള്ള ഗുണഭോക്താക്കള്‍ പോലുമല്ലാത്ത ഈ പാവങ്ങളുടെ ജീവനെ കുരുതി കൊടുത്തു കൊണ്ട് തിന്നു കൊഴുക്കുന്ന ഈ രാഷ്ടീയ ദുര്‍ഭൂതങ്ങളെ സംരക്ഷിക്കാനാണ് പലപ്പോഴും രാജ്യത്ത് നിയമങ്ങള്‍ പടക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ പൊതുരംഗം എത്രമാത്രം മലിനപ്പെട്ടിരിക്കുന്നുവെന്നതിന്‍റെ തെളിവായി ദിനേനയെന്നോണം എന്തുമാത്രം രോദനങ്ങളാണ് ജനാധിപത്യത്തിന്‍റെ കണ്ഠനാദമായി രാജ്യത്തിന്‍റെ ആത്മാവ് കേട്ടുകൊണ്ടിരിക്കുന്നത്..?

അഴിമതിയില്‍ മുങ്ങിത്താണ് കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ സാമൂഹികനീതിയെന്ന ഒന്ന് പ്രതീക്ഷിക്കുന്നതില്‍പരം വലിയ രാഷ്ട്രീയ മണ്ടത്തരം മറ്റൊന്നില്ല. അഴിമതി നിര്‍മ്മാര്‍ജ്ജനം ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു ജനസമൂഹം ശക്തമായ നിയമ പരിപാടികള്‍ ആവിഷ്കരിച്ചു ജാഗ്രതയിലായിരിക്കുകയാണ് ജനാധിപത്യത്തില്‍ അവശ്യം വേണ്ടത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതിനാര്‍ജ്ജവമില്ലാത്തൊരു ഭരണ നേതൃത്വമാണ് നമുക്കുള്ളത്. അല്ലെങ്കില്‍, രാജ്യമേറെ മുറവിളി കൂട്ടിയ ഒരു നിയമത്തിനിത്രയും കാലതാമസം വരില്ലാല്ലോ..? എന്നിട്ടവസാനം പ്രധാനമന്ത്രിയേയും ജഡ്ജുമാരേയും ബില്ലിന്‍റെ പരിധിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ പോകുന്നുവെന്നാണ് രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരിക്കുന്ന ഒരു നിയമത്തിന്‍റെ പ്രത്യേകത..! അതുപോലും ഈ നിയമത്തിന്‍റെ ദൗര്‍ബല്യമായേ കണക്കാക്കാനോക്കൂ. കാരണം, മുമ്പും രാജ്യം ഭരിച്ച പ്രധാനമന്ത്രിമാര്‍ വിവിധങ്ങളായ അഴിമതിയാരോപണങ്ങളില്‍ പെട്ടിട്ടുള്ളവരാണ്. നമ്മുടെ നീതി ക്ഷേത്രത്തിലെ പൂജിതരുമതേ, സമീപകാല സംഭവങ്ങള്‍ അതാണ്‌ നമ്മെ ബോധ്യപ്പെടുത്തുന്നത്. രാജ്യത്തെ ഓരോ പൗരനും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ ഇടമുണ്ടാവേണ്ടതുണ്ട്. അതുപോലെതന്നെ, ജനാധിപത്യാരോഗ്യ സംരക്ഷണത്തിന് ഓരോ പൗരനേയും വിചാരണ ചെയ്യപ്പെടേണ്ടതുമുണ്ട്. ഒരിക്കലുമൊരാളും സംശയത്തിന്‍റെ ആനുകൂല്യത്തിലോ പദവിയുടെ ഔദാര്യാത്തിലോ മാറ്റിനിര്‍ത്തപ്പെടാന്‍ പാടില്ല.

ലോക്പാല്‍ ബില്ല് മുന്നോട്ടു വെക്കുന്ന സാമൂഹ്യവും നിയമപരവുമായ കടമയെന്നത് ഇത്തരുണത്തില്‍ അതിന്‍റെ ഏറ്റവും തലപ്പത്തുള്ളവരെ മാറ്റി നിര്‍ത്തുക എന്നതായാല്‍ "സമൂഹത്തിലെ കുറച്ചു പേര്‍ കൂടുതല്‍ സമന്മാര്‍ " ആണെന്ന ഏറ്റവും പ്രാകൃതമായ അതേ പഴയ നിയമത്തെ തന്നെ യാതൊരു മാറ്റവും കൂടാതെ ഒരു ചടങ്ങ് പോലെ ആചരിക്കാന്‍ ജനാധിപത്യ സമൂഹത്തെയും നിര്‍ബന്ധിപ്പിക്കലാകും.എങ്കില്‍, എന്തിനീ കഷ്ടപ്പാട്..? ഇവിടെ ശ്രദ്ധേയം, ഇങ്ങനെ പ്രധാനമാന്ത്രിമാരെയും ഉയര്‍ന്ന കോടതികളേയും ഒഴിവാക്കിക്കൊണ്ടുള്ള ഒരു നിയമം അറുവഷളത്തരം ആണെന്നിരിക്കെ എന്തിനിത് കൊണ്ടുവരുന്നു.? അതിന്‍റെ ഉത്തരം വളരെ ലളിതമാണ്.അമ്മയെ തല്ലിയാലും രണ്ടുപക്ഷം പിടിക്കുന്ന നമ്മുടെ ജനത ഈ ബില്ലിന്‍റെ തലേ നാള്‍ വരെ ഒറ്റെക്കെട്ടെന്നു തോന്നിപ്പിക്കുന്ന വാഗ്വാദങ്ങളില്‍ ഒന്ന് ചേരുകയും പിറ്റേന്ന് മുതല്‍ കോണ്‍ഗ്രെസ്സും ബിജെപിയുമൊക്കെയായി വേര്‍പിരിയുകയും ചെയ്യും.! ഭൂരിപക്ഷ സാമൂഹ്യ മനശാസ്ത്രം നന്നായറിയാവുന്ന ഭരണപക്ഷവും പ്രതിപക്ഷവും അവിടം മുതല്‍ പുതിയ നാടകങ്ങള്‍ മെനഞ്ഞ് തുടങ്ങും.ആ അര്‍ത്ഥത്തിലിത് 'ഗംഭീര'മായൊരു ചുവടുവെപ്പ് തന്നെ..!! പഴയ കാലമെന്നോ പുതിയ കാലമെന്നോ ജനാധിപത്യമെന്നോ എകാധിപത്യമെന്നോ വ്യത്യാസമില്ലാതെ ഇവര്‍ മാറിമാറി 'കള്ളനും പോലീസും' കളിച്ചു രാജ്യത്തെ പൗരന്മാരെ വിഡ്ഢികളാക്കികൊണ്ടിരിക്കും.ഇവിടെ യുക്തമെന്നു നമ്മള്‍ കരുതുന്ന നിയമങ്ങളിലെ പഴുതുകള്‍ തന്നെയാണ് പ്രതികളെ രക്ഷിക്കുന്നതും നീതിന്യായത്തെ അവഹേളിക്കുന്നതും എന്നിരിക്കെ,സാമാന്യ ബുദ്ധിക്ക് യുക്തമെന്നു പോലും തോന്നാത്ത നിയമ നിര്‍മാണത്തിന് പഴുതുകളെണ്ണാന്‍ മാത്രമേ നേരമുണ്ടാകൂ..അത് മറ്റൊരു ദുര്‍വിധി.! അര്‍ത്ഥഗര്‍ഭമായ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഒരു വേര്‍തിരിവ് ലോക്പാലില്‍ അനുവദിക്കുന്നതെങ്കില്‍ അത് ജനങ്ങളേയും നിയമഞ്ജരേയും സത്യസന്ധമായി ബോധ്യപ്പെടുത്താന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നത്..?

വേണം നമുക്കൊരു ലോക്പാല്‍. ശക്തവും യുക്തവുമായ ഒരു നിയമം ഭാരതത്തിന്‍റെ അവകാശമാണ്. ജനാധിപത്യത്തിന്‍റെ ആവശ്യവുമാണത്. എന്നാല്‍, നിയമം എന്നത് രാജ്യ താത്പര്യത്തിനുള്ളതായിരിക്കണം. അഥവാ, അതിന്‍റെ സൃഷ്ടിപ്പ് മൊത്തം ജനതയുടെ ഹിതത്തിനനുഗുണവമായിരിക്കണം. അല്ലാതിത് പോലെ ജനതയെ പരിഹസിച്ചു ചിരിക്കുന്നതാവരുത്.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms