2011, ഫെബ്രു 13

കാക്കപ്പൂവ്.

ചിത്രം നല്‍കിയത്.. ബഹുമാന്യ സുഹൃത്ത് ഒഴാക്കാന്‍.



ഇന്നെന്‍ പ്രണയംചൊല്ലാന്‍ കാമിനീനീയില്ലെന്നൊ-
രറിവു നോവായെന്‍റെ നെഞ്ചകമെരിയ്ക്കുന്നു
മണല്‍കാട്ടിലെ ദിനരാത്രങ്ങള്‍ വിരസമായി
ജീവിച്ചു തീര്‍ക്കുന്നതോ നിന്‍റെയോര്‍മ്മയില്‍ മാത്രം
എന്നിലെയെന്നെത്തീര്‍ത്ത നല്ല കലാകാരിനീ ,-
യേതിനുമുത്തരമാണെന്‍റെ കാക്കപ്പൂവു നീ .

അറിയുന്നു ഞാനെന്നും കേവലം ഭ്രമമല്ല
അഭിനിവേശമല്ല ഭൗതികതൃഷ്ണയല്ല
മനസ്സച്ചുടുകാട്ടിലാകാശഗംഗയായി നീ
മൃതസഞ്ജീവനിയായി പുനര്‍ജ്ജനിയേകി ,
ആലസ്യരാവിലൊന്നിലുന്മേഷപ്രഭയായി
വന്നണഞ്ഞൊരു ദേവസുന്ദരീ മനോഹരീ .

ഹരിതന്‍ നാഭിച്ചുഴിതന്നിലുയര്‍ന്നു നില്‍ക്കും
പങ്കജദളങ്ങളില്‍ ബ്രഹ്മദേവനു സൗഖ്യം
എന്‍റെ മാനസഭൂമിതന്നില്‍ വിരിഞ്ഞു നീയാം
കാക്കപ്പൂദളങ്ങളില്‍ സൗഖ്യമാണിന്നെനിയ്ക്ക് ,
തലമുണ്ഡനംചെയ്തെന്‍ വാമഭാഗമായൊരു
അടിയാളത്തിപ്പൂവേ നിന്മുന്നില്‍ ശിശുവല്ലോ

വര്‍ഷകാലക്കൊയ്ത്തിലെ കലങ്ങുംപാടംപോലെ
നിന്‍റെകണ്‍കളിലുള്ള ദൈന്യതയാണെനിക്ക് -
വിശ്വത്തെക്കാണാനുള്ള വെളിച്ചമേകിയത് ,
നന്ദികൊണ്ടാകില്ലെന്നും കടപ്പാടു ചൊല്ലുവാന്‍ ,
വേര്‍പ്പുകുഴഞ്ഞ മണ്ണിലദ്ധ്വാനചൂഷണങ്ങള്‍ -
കൊണ്ടു തമ്പ്രാക്കള്‍ മൂടും രോദനത്തുടര്‍ച്ചകള്‍-
കാട്ടിനീയെന്‍റെയുള്ളം മാറ്റങ്ങള്‍ക്കായുണര്‍ത്തി
നവമാനവനായി പുനര്‍ജ്ജനിയേകി നീ...

ഇന്നുനിന്‍ പ്രണയമാധുര്യങ്ങള്‍ കേള്‍ക്കാനായി
പേറ്റെന്റെടുക്കേണ്ടതീ കെട്ടകാലത്തിന്‍ സൃഷ്ടി ,
സംവരണമെന്നൊരാ വികലാംഗ പെറ്റൊരു
മാനവനെനിയ്ക്കില്ല പ്രണയാവകാശങ്ങള്‍ ..

2011, ഫെബ്രു 11

ഒരപരാഹ്നം

'ഖത്തര്‍ ബ്ലോഗ് മീറ്റ്' വിശേഷങ്ങള്‍..!!



കൂട്ടുകാരെ.. വളരെ കുറഞ്ഞ നാളുകളുടെ പരിചയമേ എനിക്കീ ബ്ലോഗുലകത്തിലൊള്ളൂ. എന്നാല്‍, ഇതിനോടകം ധാരാളം ആളുകളുമായി നല്ല സൌഹൃദം സ്ഥാപിക്കാന്‍ എനിക്കായി എന്നത് ഇവിടെയുള്ള കൂട്ടുകാരുടെ ഹൃദയവിശാലതയൊന്ന് കൊണ്ട് മാത്രണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇടക്കൊക്കെയും ചില പൊട്ടലും ചീറ്റലുകളും ഏറുപടക്കം കൊണ്ടുള്ള കളിയും കരിമ്പിന്‍തോട്ടം പാട്ടത്തിനെടുക്കലും അതുവഴി ഉറുമ്പിന്‍കൂട്ടത്തെ കൂടെ കൂട്ടലുമൊക്കെ നടക്കുന്ന്നുന്ടെങ്കിലും പൊതുവില്‍, ഒരു നല്ല അന്തരീക്ഷമാണ് ഇവിടെ അനുഭവപ്പെടുന്നത്.


നമ്മില്‍ അധിക പേരും ആരെയും നേരിട്ട് കാണുകയോ ശബ്ദത്തെ കേള്‍ക്കുകയോ ശാരീരികഭാഷയെ അറിയുകയോ ചെയ്തിട്ടില്ലാ.. അത്തരുണത്തില്‍ ഒരു വ്യക്തിയെ വിലയിരുത്തല്‍ ഇവിടെ അസാദ്ധ്യവുമാണ് എന്നിരിക്കെ ഒരു ചെറിയ അളവിലെങ്കിലും നാം പരസ്പരം മനസ്സിലാക്കിയിട്ടുള്ളത് അന്യോന്യം കൈമാറപ്പെടുന്ന കൊച്ചു കൊച്ചു വിശേഷങ്ങളിലൂടെയും ചില സൃഷ്ടികളിലേക്കും അതുവഴിയുള്ള പുതിയ ചിന്തകളിലെക്കുമുള്ള വഴി നടത്തലുകളും, അവിടം കാണുന്ന ചെറു വായനകളും അതിനോടോതുന്ന മറുവാക്കുകളിലൂടെയും സംവദിക്കപ്പെടുന്ന ആശയങ്ങളിലൂടെയുമാണ്. അത്തരം ഒരു സംവാദ സമൂഹമാണ് നമ്മള്‍. അതില്‍ സംവേദനക്ഷമത നമ്മില്‍ പലരിലും ഏറിയും കുറഞ്ഞുമിരിക്കും. സ്വാഭാവികം..!!


ഒരു ആരാമത്തില്‍ വിരിഞ്ഞ വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെപ്പോലെ വ്യത്യസ്തരാണ് നാമൊക്കെയും. അവയില്‍ പൂജക്കെടുക്കുന്നവയും മാലയില്‍ കൊര്‍ക്കുന്നവയും മുടിയില്‍ ചൂടുന്നവയും ആരാലും പരിഗണിക്കപ്പെടാതെ പോകുന്നവയും ഉണ്ടാകാം. എന്നാല്‍, ഈ വ്യത്യസ്തതയാണ് ഇതിന്‍റെ സൌന്ദര്യം എന്ന് കണ്ട്‌ അതിനെ പരിഗണിക്കുകയും അവയെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ധാരാളം ഹൃദയങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ കൂട്ടായ്മ. അത് ഈ ബ്ലോഗുലകത്തിന്‍റെ മാറ്റ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരം ഒരു ചെറിയ കൂട്ടം ഇന്ന് {11.2.2011ന്} മുഖാമുഖമിരുന്നു. എല്ലാതരം കെട്ടുപാടുകളില്‍ നിന്നും യാന്ത്രികതയില്‍ നിന്നും മോചിതരായി തീര്‍ത്തും പച്ച മനുഷ്യരായി ആ കുറഞ്ഞ മണിക്കൂറുകളില്‍ അവര്‍ ജീവിക്കുകയായിരുന്നു. നിഷ്കളങ്ക ബുദ്ധ്യാ സംസാരിച്ചും അതിന്‍റെ സ്വാഭാവിക താളത്തെ സ്വീകരിച്ചും അനുഭവിച്ചും ആസ്വദിച്ചും അവരൊരു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയായിരുന്നു. വിശാലതയില്‍ നിന്നും ഓടിയോളിച്ചും സ്വയം തീര്‍ത്ത ഒരറക്കുള്ളില്‍ ചുരുങ്ങിയും പുറം കാഴചകളില്‍ നിന്നും കണ്ണുകള്‍ മടക്കിയും താന്‍, തനിക്ക്, തന്‍റെത് എന്നതിനപ്പുറത്തുള്ളവയെയെല്ലാം ശത്രുവായിക്കാണുന്ന അസഹിഷ്ണുതയില്‍ നിന്നും രാജിയായ, എല്ലാപേര്‍ക്കും തുല്യ ബഹുമാനവും ബഹുമതിയും വകവെച്ചു കൊടുക്കുന്ന കുറച്ചു നല്ല മനുഷ്യരെ എനിക്കിന്ന് ഈ കൂട്ടത്തില്‍ കാണാന്‍ സാധിച്ചു.

ഇനിയും കൂടുതലായി പറഞ്ഞ് ഞാന്‍ താങ്കളുടെ ക്ഷമയെ പരീക്ഷിക്കുന്നില്ലാ. ഇതെഴുതുമ്പോള്‍ വളരെ വേഗത്തില്‍ എന്‍റെ ഓര്‍മ്മയിലേക്ക് വരുന്ന ചില കാര്യങ്ങളും കൂടെ പങ്കുവെച്ച് നാമൂസിന്‍റെ ഈ തൌദാരം ഞാന്‍ അവസാനിപ്പിക്കാം.

ഊണ്‍ കഴിച്ചിട്ടേ വരാവൂ എന്നൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ നല്ലോണം വയറു നിറച്ചു കഴിച്ചിട്ടാണ് ഞാന്‍ എന്‍റെ റൂമീന്നിറങ്ങിയത്. നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെ തണല്‍ വെട്ടിയ വഴിയെ എന്നെയും കൂടെ ഖത്തറിലെ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ 'ശാഹുല്‍ക്കയെയും' വഹിച്ചു കൊണ്ട് 'ഇസ്മായീലിക്കായുടെ'{തണല്‍} ശകടം സംഗമവേദിയെ ലക്ഷയം വെച്ച് കൊണ്ട് ആളൊഴിഞ്ഞ വഴിയെ കുതിച്ചു. വഴി മദ്ധ്യേ പച്ചക്കറി ചരിതത്തിലൂടെ ബ്ലോഗുലകത്തില്‍ ഇടം കണ്ടെത്തിയ 'ജിപ്പൂസെന്ന' സുന്ദരനെയും കൂടെ കൂട്ടി വണ്ടി മുന്നോട്ട് തന്നെ. ജിപ്പുവിന്‍റെ സാമീപ്യം എന്നില്‍ ഒരല്‍പം അസൂയയും അഹങ്കാരവും ഉണ്ടാക്കിയെന്നത് നേര്. മറ്റൊന്നുമല്ല, അവനെപ്പോലൊരു സുന്ദരന്‍ എന്‍റെ അടുത്തിരിക്കെ സ്വാഭാവികമായും ഞാനും ശ്രദ്ധിക്കപ്പെടുമല്ലോ..? കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങള്‍ സമാഗമ വേദിക്കരികിലെത്തി.

കാലത്ത് തന്നെ കുളിയും നനയും ഒന്നും നടത്താതെ ഈ പരിപാടി സ്ഥലത്തേക്ക് തിരിക്കുകയും അവിടെ സൊറ പറഞ്ഞിരിക്കുകയും ചെയ്യുന്ന ശ്രദ്ധേയനെയും,സുനില്‍ പെരുമ്പാവൂരിനെയും,രാമചന്ദ്രന്‍ വെട്ടിക്കാടിനെയുമാണ് ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്.{അവര്‍ വളരെ നേരത്തെതന്നെ അവിടെ സജീവമായിരുന്നു} എന്നെ കണ്ടമാത്രയില്‍ ആലിംഗനം എന്ന വ്യാജേനയെന്നെ ഇറുമ്പടക്കം കെട്ടിപ്പിടിച്ച് എനിക്ക് സ്വന്തമായുള്ള കേവലം കുറച്ചു എല്ലുകളെ നുറുക്കികളഞ്ഞ 'ശ്രദ്ധേയന്‍റെ' സ്നേഹ പ്രകടനത്തോടെയാണ് ഈ സംഗമത്തില്‍ ഞാന്‍ പങ്കുചേര്‍ക്കപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് ഒരാളെപ്പോലും ഞാനിതിന് അനുവദിച്ചില്ലാ... എല്ലാം ഒരു ഹസ്തദാനത്തില്‍ ഒതുക്കി..!! ശേഷം, സദസ്സിലേക്ക് കടന്നപ്പോള്‍ 'മിഴിനീര്‍ റിയാസിന്‍റെ' "കനപ്പെട്ട" വാക്കുകളുടെ ഭാരം താങ്ങാനാവാതെ ഒരു വശം ചെരിഞ്ഞിരിക്കുന്ന 'ഹാരിസ് എടവനയെയാണ്' ഞാന്‍ കാണുന്നത്.

മറ്റു ഔദ്യോദികമായ യാതൊരു ഉപചാരങ്ങളുമില്ലാതെ പതിവിനെ പാരമ്പര്യത്തെ ഒഴിവാക്കി ഞങ്ങളൊന്നിച്ചു ഒരു കൂട്ടമായി മീറ്റിനു തുടക്കം കുറിച്ചു.പിന്നീട് ഓരോരുത്തരെയും പരിചയപ്പെടുത്തലായിരുന്നു.. അസീസ്ക്കായിലൂടെ തുടങ്ങി ദിനകരനിലൂടെ ദീപകിലൂടെ സഗീറിലൂടെ സിദ്ധിക്ക് തൊഴിയൂരിലൂടെ സ്മിതയിലൂടെ ബിജുവേട്ടനിലൂടെ മനോഹരനിലൂടെ എആര്‍ നജീമിലൂടെ മറ്റു ധാരാളം പെരിലൂടെയും സഞ്ചരിച്ച് ചാണ്ടിക്കുഞ്ഞില്‍ അതവസാനിച്ചു. വളരെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ആ സമയമത്രയും സഞ്ചരിച്ച് കൊണ്ടിരുന്നത്. ഗൂഗിള്‍ കമ്പനി ബ്ലോഗ്സ്പോട്ട് തുടങ്ങുന്നതിന്‍റെ ആലോചനയുടെ പ്രാരംഭ ഘട്ടങ്ങളില്‍ തന്നെയും ആ ചര്‍ച്ചയില്‍ പങ്കു കൊണ്ട ആളുകളില്‍ തുടങ്ങി, നാലാം തരത്തില്‍ വെച്ച് തന്നെയും ഒരു 'ബ്ലോഗു കല്യാണത്തില്‍'പങ്കെടുത്തവരും തന്‍റെ ശിഥില ചിന്തകളുടെ സൂക്ഷിപ്പ് കേന്ദ്രമായും മറ്റും ബ്ലോഗു ആരംഭിച്ചവരെയും കേള്‍ക്കാനിടയായി.. കൂടെ അവള്‍ക്കാകാമെങ്കില്‍ എന്ത് കൊണ്ട് എനിക്കായിക്കൂടാ എന്ന 'കുശുമ്പും' ബ്ലോഗ് നിര്‍മ്മാണത്തിന് കാരണമായി എന്ന് പറഞ്ഞാല്‍ എന്തെ നമുക്ക് കുറഞ്ഞത്‌ രണ്ട് തവണയെങ്കിലും 'ഞെട്ടല്‍' രേഖപ്പെടുത്തിക്കൂടെ..? കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും അവിടം പങ്കുകൊണ്ടാവരിലെല്ലാം തന്നെയും എഴുത്തിലും വായനയിലും ശക്തമായ ഒരു നിലപാടും വ്യക്തമായ ഒരു കാഴ്ചപ്പാടും ഉണ്ടായിരുന്നുവെന്നത് ഇതൊരു ബദല്‍ മാദ്ധ്യമായി വികാസം പ്രാപിക്കും എന്നതിന്‍റെ ശുഭ സൂചകമായി ഞാന്‍ കരുതുന്നു. ഈ മാധ്യമത്തിന്‍റെ ആരോഗ്യകരമായ മുന്നേറ്റത്തെ അതുറപ്പാക്കുന്നു.

ശേഷം, ഒരല്‍പ സമയത്തേക്ക് ഞങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ ധൃതിയില്‍ തെക്കോട്ട്‌ നടന്നു തുടങ്ങി... ആരും തെറ്റിദ്ധരിക്കരുതേ അപകടമൊന്നും പിണഞ്ഞതല്ല..അവിടെ, ചായയും ലഘുകടിയും ഉണ്ടായിരുന്നു.ആ സമയം കൂടുതല്‍ സ്വകാര്യ സംഭാഷണങ്ങളില്‍ വ്യാപ്രതരായി താന്താങ്ങളുടെ 'ജിജ്ഞാസക്ക്' ഉത്തരം തേടുകയായിരുന്നു. വീണ്ടും പഴയ ഇരിപ്പിടത്തിലേക്ക്...

സംസാരത്തിന്‍റെ തുടക്കത്തില്‍ 'അസീസ്‌ മഞ്ഞിയില്‍' സൂചിപ്പിച്ചത് പോലെ കൂടുമ്പോള്‍ ഉണ്ടാകുന്ന ഇമ്പത്തെ അതിന്‍റെ പരമാവധി അളവില്‍ ആസ്വദിക്കുവാന്‍ ആദ്യമാദ്ധ്യാന്ത്യം ഞങ്ങള്‍ക്കായി എന്നത് മറ്റുള്ളവരെപ്പോലെ എന്നിലും സന്തോഷത്തെ അധികരിപ്പിക്കുന്നു. ഇടക്ക്, കവിതകളുമായി ബന്ധപ്പെട്ടുയര്‍ന്ന ചില സംസാരങ്ങള്‍ കുറച്ചു സമയത്തേക്ക് എനിക്ക് തീര്‍ത്തും അജ്ഞാതമായ ഒരു ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സുനിലും, രാമചന്ദ്രനും, ശ്രദ്ധേയനും, ശാഹുല്‍ക്കയും, അസീസ്ക്കയും സഗൗരവം സമീപിച്ച ആ സംവാദം ചില വിഷയങ്ങളിലേക്കുള്ള ശക്തമായ വിരല്‍ ചൂണ്ടലുമായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നമ്മുടെ എഴുത്തുകളില്‍ കാര്യമാത്ര പ്രസക്തമായ വിഷയങ്ങളെ കൈകാര്യം ചെയ്തു കൊണ്ട് ഈ സംവിധാനത്തിന്‍റെ ജീവനെ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെ സവിസ്തരം പറഞ്ഞു വെക്കുകയുണ്ടായി. കൂടെ, നാം വായിക്കപ്പെടുന്നവയില്‍ സത്യസന്ധമായി അഭിപ്രായം കുറിക്കുന്നതിന് സൗഹൃദം ഒരു തടസ്സമായി വരരുതെന്നും, നിര്‍ബന്ധമായും സത്യസന്ധമായ വിലയിരുത്തലുകള്‍ ഉണ്ടാകണമെന്നും അത് നമ്മുടെ വായനാ നിലാവരത്തെ ഉയര്‍ത്തുമെന്നും എഴുത്തിനെ മെച്ചപ്പെടുത്തുമെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് എല്ലാവരും യോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പരിചയത്തിലുള്ള മറ്റു എഴുത്തുകാരിലേക്കും ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനും അതിന്‍റെ സാങ്കേതിക വശങ്ങളെ പഠിപ്പിക്കുന്നതിനും സഹായകമാകുന്ന തരത്തില്‍ ഒരു ശില്പശാല സംഘടിപ്പിക്കുവാനും തത്വത്തില്‍ അംഗീകാരമായി.


ഇതിന്നിടക്കെല്ലാം നമ്മുടെ'ശ്രീ ഇസ്മായീല്‍ കുറവമ്പടി' അവര്‍കള്‍ കൊച്ചു കുട്ടികള്‍ ഇച്ച് മുള്ളണം ഇച്ച് മുള്ളണം എന്ന് പറയുമ്പോലെ ബ്ലഡ് ബാങ്ക്, ബ്ലഡ് ബാങ്ക് എന്നാവര്‍ത്തിക്കുന്ന്നുണ്ടായിരുന്നു. ദോഷം പറയരുതല്ലോ..? ഗുരു മുഖത്ത് നിന്നും മറ്റു പാഠങ്ങള്‍ ഒന്നും തന്നെ ഉരുവിട്ട് കണ്ടില്ലാ...!!!

വരും നാളുകളില്‍ ഞങ്ങള്‍ക്ക് സാദ്ധ്യമാകുന്ന അളവില്‍ സേവന പ്രവര്‍ത്തങ്ങളില്‍ സജീവമാകാനുള്ള ഒരു തീരുമാനവും കൈകൊണ്ടിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. ഈ കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാ കൂട്ടുകാര്‍ക്കും, ഈ സംഗമത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ശ്രീ ഇസ്മായീല്‍ കുറവമ്പടി, ശ്രദ്ധേയന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്,സുനില്‍ പെരുമ്പാവൂര്‍ തുടങ്ങിയ ബഹുമാന്യ സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി അറിയിക്കുന്നു.


കൂടെ, വരുന്ന'ഏപ്രില്‍ മാസം പതിനേഴിന്'നടക്കുന്ന തിരൂര്‍ മീറ്റിനും, അധികം താമസിയാതെ തന്നെ സംഘടിപ്പിക്കപ്പെടുന്ന സൌദി മീറ്റിനും എല്ലാ വിധ പിന്തുണയും ആശംസകളും..!!

2011, ഫെബ്രു 5

ദര്‍പ്പണം

വളര്‍ന്നും തകര്‍ന്നും നാഗരികതകളുടെ ചരിത്ര പഥങ്ങള്‍ സാക്ഷിയാണ്. കടന്നു പോയ നിരവധി മനുഷ്യ മഹത്തുകള്‍.

സോക്രട്ടീസും അരിസ്റ്റോട്ടിലും റൂസ്സോയും മാര്‍ക്സും അംബേദ്കറും ഗാന്ധിയും ശ്രീ ഗൗതമ ബുദ്ധനും മഹാവീരനും യേശുവും രാമനും കൃഷണനും കാലത്തോട് സംവദിച്ച് കടന്നു പോയവര്‍ നിരവധി. ഭൗതിക ആത്മീയത എന്നൊക്കെ തരംപോലെ പേരിട്ടു വിളിക്കാമെങ്കിലും കലഹിച്ചതൊക്കെ തന്നിലെ വെളിപാടുകളുടെ വെളിച്ചത്തില്‍ കാണപ്പെടുന്ന പൊരുത്തക്കേടുകളോടായിരുന്നു.

പലരും ശരീരം കൊണ്ട് വധിക്കപ്പെടാന്‍ വിധിക്കപ്പെട്ടു.
പലരും ആശയ തീവ്രതയുടെ തടവറയില്‍ ആത്മാഹുതി ചെയ്തു.

{ യഥാര്‍ത്ഥത്തില്‍ 'മരണമില്ലാതെ ജീവിക്കുന്നവര്‍' അതാതു കാലങ്ങളില്‍ ശാരീരികമായോ ആത്മീയമായോ വധിക്കപ്പെട്ടവരായിരുന്നു.}

-------------------------------------------------------------------------------------------------------------



കാലത്തിന്‍റെ മഹാ പ്രവാഹത്തിലൊരു
മദ്ധ്യ കാലം കടന്നു വരുന്നു.
അവിടെ വന്നതും വാരാനിരിക്കുന്നതുമായ
കല്‍പാന്ത കാലങ്ങളുടെ സമ്മിശ്ര സമ്മേളനം.
വിജ്ഞാനത്തിന്‍റെ, വിഭവത്തിന്‍റെ, വിശ്വ സാഹിത്യത്തിന്‍റെ
മദ്യത്തിന്‍റെ, മാദകത്വത്തിന്‍റെ, മാരക യുദ്ധത്തിന്‍റെ
അടിമത്വത്തിന്‍റെ, അജ്ഞതയുടെ നാളുകളില്‍

അനാഥത്വത്തിന്‍റെ പാഠശാലയില്‍
നിരക്ഷരതയുടെ വിശുദ്ധിയില്‍
മാലാഖയുടെ വായിക്കുവാനുള്ളാഹ്വാനം
'മുസ്ത്വഫ' വായനയാരംഭിച്ചു.
അക്ഷരങ്ങള്‍ അപ്രത്യക്ഷമായി
അനശ്വരതയുടെ അനന്തമുക്തത്തില്‍
ആകാശ ലോകങ്ങള്‍, അതിലുള്ളതും

ആയിരം ശബ്ദങ്ങളിലെ
അനിര്‍ണ്ണിതമായ അനുഭവങ്ങള്‍
ഒരു പുരുഷായുസ്സിന്‍റെ ആദ്യാന്ത്യം
കാലാതിവര്‍ത്തിയായ അനുഭവങ്ങളുടെ ആവിഷ്കാരം
പ്രവാചകന്‍, പ്രബോധകന്‍, സ്ത്രീ വിമോചകന്‍.

പരമമായ അടിമത്വത്തിന്‍റെ പ്രചാരകനും
അടിമ മോചനത്തിന്‍റെ പ്രയോക്താവും
ദാരിദ്ര്യത്തിന്‍റെ ആസ്വാദകന്‍
ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ആചാര്യന്‍
വിപ്ലവത്തിന്‍റെ വീര നായകന്‍
സമാധാനത്തിന്‍റെ സന്ദേശവാഹകന്‍
വിരുദ്ധ ഭാവങ്ങള്‍.......

ഇവിടെ നമുക്ക് 'ദര്‍പ്പണ'മാവാം
അനന്തമായി അന്തരാത്മാവില്‍
പ്രവഹിക്കുന്ന അന്ധകാരത്തെ
കെടുത്തിക്കളയുന്ന പ്രകാശത്തിന്‍ സാക്ഷിയായ്
ഇടക്കെപ്പോഴോ അശാന്തികളുടെ വഴികളിലേക്ക്
നയിക്കുന്ന ചിന്താ ശകലങ്ങളുടെ മിന്നലുകള്‍ക്കും
അപഥ സഞ്ചാരത്തിന്‍റെ മണിമുഴക്കങ്ങള്‍ക്കും
കാതോര്‍ക്കാതെ നമുക്ക് യാത്ര തുടരാം.
'വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച..!!!

2011, ഫെബ്രു 1

സമാരാഘോഷം

ന്താപ്പോയിത്, 'ഈ അസമയത്ത് ഈ വഴിയൊക്കെ.'.?

അല്ലാ, നിങ്ങളറിഞ്ഞില്ലേ നമ്മുടെ പരിപാടി.

"ഉവ്വ്, അറിഞ്ഞു. ചുമരഴെത്തും നോട്ടീസും വാഹന പ്രചരണവൊമൊക്കെയായി നല്ല സജീവമാണല്ലോ"?

എന്നിട്ടാണോ ഇപ്പം ഇങ്ങനെയൊരു ചോദ്യം. "ഇനീപ്പോ നേരിട്ട് വന്നു ക്ഷണിക്കാത്തത് കൊണ്ട് താന്‍ വരാതിരുന്നാലോ എന്ന് കരുതീട്ടാ ഈ നേരല്ലാത്ത നേരത്തും നിന്നെത്തേടി ഞാനിവിടെ വന്നത്"..!
നീയും മക്കളും നേരത്തെ കാലത്തെ അങ്ങോട്ട്‌ വന്നേക്കണം.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms