"ഇനിയുമുണ്ട് നെഞ്ചുകളില്‍
ശ്വാസം മുട്ടിപ്പിടയ്ക്കുന്ന വസന്തങ്ങള്‍
പ്രത്യാശയുടെ നക്ഷത്രങ്ങള്‍
ഭൂഖണ്ഡങ്ങള്‍ " സച്ചിദാനന്ദന്‍
പ്രത്യാശയുടെ നക്ഷത്രങ്ങള്‍
ഭൂഖണ്ഡങ്ങള്‍ " സച്ചിദാനന്ദന്‍

എഴുപതിന്റ സമര യൗവ്വനത്തെ/ജീവിതത്തെ ഒരു മുത്തശ്ശിക്കഥ പോലെ പറഞ്ഞു കേട്ടിടത്തുനിന്ന് മുന്പിലെന്ന്‍ അനുഭവിപ്പിക്കുന്ന വിധം ആ കാലം അതേപടി പുനരവതരിക്കുന്നതാണ് യുപി ജയരാജിന്റെ കഥകൾ.
എഴുത്തുകാര്‍ കാലത്തെ അടയാളപ്പെടുത്തുന്നു എന്നാണ്. ജീവിച്ചിരിക്കുന്ന കാലത്തെ അപാരമായ സത്യസന്ധതയാല്‍ ജീവിക്കുകയും ആ അതിജീവനത്തെ തന്റെ എഴുത്തിലേക്ക് പകര്‍ത്തുകയും ചെയ്ത ജയരാജ് അതേറ്റം കൃത്യമായി നിര്‍വ്വഹിച്ചു എന്നതിന്റെ ശക്തമായ വായനയാണ് അദ്ദേഹത്തിന്‍റെ ഓരോ കഥകളും.
അധീശ വര്‍ഗ്ഗത്തിന്റെ അധികാരപ്രയോഗങ്ങള്‍ക്ക് നേരെ ആത്മബോധത്തിന്റെ തീര്‍ച്ചയില്‍ നിന്ന് കൊണ്ട് പ്രതിരോധം തീര്‍ത്ത അനേകം സമര ജീവിതങ്ങളെ കഥകളിലേക്ക് സ്വാഗതം ചെയ്ത് , എക്കാലത്തും സമകാലികമെന്ന വായന ഉറപ്പാക്കുന്ന മനുഷ്യാവസ്ഥകളാണ് ജയരാജന്‍ കഥകളുടെ അകവും പുറവും.
ഉത്തര കേരളത്തിലെ തെയ്യങ്ങളുടെ രാഷ്ട്രീയം സ്പഷ്ടമാണ്. അന്നേ ദിവസം ദൈവമാകുന്ന തെയ്യം ഒരു തികഞ്ഞ മനുഷ്യനെന്ന സ്വാതന്ത്ര്യം നേടുന്നത് ഇനിയടുത്ത കോലം കെട്ടുന്ന ദിവസമാണ്. മാത്രമല്ല, പ്രാദേശികമായി കെട്ടിയാടുന്ന തെയ്യങ്ങള്‍ അതാത് പ്രദേശത്തെ സമരജീവിതങ്ങളോ രക്തസാക്ഷികളോ തന്നെയാണ്. ഇത്തരം പ്രാദേശിക ദൈവങ്ങളെ/തെയ്യങ്ങളെ അങ്ങനെത്തന്നെ അതിന്റെ സ്വത്വ പരിസരത്തുടര്‍ച്ചകളില്‍ പരിമിതപ്പെടുത്താതെ എങ്ങനെ കൂടുതല്‍ രാഷ്ട്രീയവത്ക്കരിക്കാമെന്ന ആലോചന ജയരാജിന്റെ 'തെയ്യങ്ങള്‍' എന്ന കഥ മുന്നോട്ട് വെക്കുന്നുണ്ട്. പുതിയകാലത്തും വിവിധ സ്വത്വങ്ങള്‍ അങ്ങനെത്തന്നെ നിലനില്‍ക്കണമെന്ന തീര്‍ത്തും അമാനവികമായ പാരമ്പര്യ യജമാന/ദാസ്യബോധം നിലനില്‍ക്കുമ്പോഴാണ് ജയരാജിന്റെ കഥയില്‍ നിന്നും അപകടപ്പെടുന്ന തെയ്യം 'വിപ്ലവ മുദ്രാവാക്യം' വിളിച്ച് ജനങ്ങളുടെ സംരക്ഷണ കവചം ഒരുക്കുന്നത്. അതൊരു ശ്രമമാണ്. ഈയൊരു ബോധത്തെ ജയിക്കുന്ന രാഷ്ട്രീയ/സാമൂഹ്യ/സാംസ്കാരിക ഉയര്‍ച്ചയിലേക്കുള്ള ജനതയുടെ ആത്മബോധം ഉണര്‍ത്തുന്നത്തിലേക്കുള്ള ഒരു ശ്രമം. ആ ശ്രമത്തിന്റെ കഥാവതാര രൂപമായ തെയ്യവും ബീഹാറും എല്ലാം പറയുന്നത് ഇതേ ജീവിതങ്ങളെയാണ്.
ബീഹാര്‍, ആരെയും ഏത് സമയത്തും പൊള്ളിപ്പിക്കുന്നത്രയും തീവ്രമായ വേഗത്തിലും ആഴത്തിലും തീ പാറിപ്പിച്ചുകൊണ്ടിരിക്കയാണ്. നാട്ടിലെപ്പെണ്ണുങ്ങള്‍ തമ്പ്രാന് ഉഴുതുമറിക്കാനുള്ള ഒരു വയല് മാത്രമാണെന്ന അധികാര മത്തതയുടെ സീത്ക്കാരമാണ് ബീഹാര്‍. തമ്പ്രാന് ശേഷം മാടമ്പിമാരാലും പിച്ചി ചീന്തപ്പെട്ട് അലങ്കോലപ്പെടാതെ 'രക്ഷ'പ്പെട്ടു പോരാന്‍ തന്റെ പെണ്ണ് തമ്പ്രാന് പൂര്‍ണ്ണാര്‍ത്ഥത്തില്‍ തൃപ്തയാകും വിധം സഹകരിച്ചെങ്കിലെന്ന കല്യാണ ചെറുക്കന്റെ നിസ്സഹായതയാണ് ബീഹാര്‍. പതിവൃതയുടെ കഥ വായിച്ച് അടിയാത്തിപ്പെണ്ണുങ്ങളുടെ ചെറ്റ പൊക്കുന്ന പണ്ഡിത ശ്രേഷ്ഠരായ വിശ്വാസികളുടെ ബീഹാര്‍. ധര്‍മ്മാധര്‍മ്മ പാലനത്തില്‍ പൈതൃകം അവകാശപ്പെടുന്ന അവതാരങ്ങളില്‍ സ്വയം കല്‍പ്പിത രൂപങ്ങളായ മാന്യ ദേഹങ്ങളാല്‍ മണ്ണും പെണ്ണും വിത്തും വിളയും അപഹരിക്കപ്പെട്ട നേരവകാശികളുടെ ദൈന്യ നൊമ്പരങ്ങള്‍ പറഞ്ഞ് ഉള്ള് പൊള്ളിക്കുന്ന ബീഹാര്‍.
ഇങ്ങനെ പുരാതനമായ ഒരു നിലവിളിയായ് ബീഹാര്‍ അതിഭീകരമായ അതിന്റെ ദൈന്യമുറ്റിയ ഹൃദയ താളം പ്രകടമാക്കുമ്പോള്‍ തന്നെയാണ് അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ഉയിര്‍പ്പ് ഘോഷമായ് ബോജ്പൂര്‍ കഥയിലേക്ക് കയറി വരുന്നത്. തമ്പ്രാന്റെ വരവും കാത്ത് കാവല്‍പ്പുരയില്‍ ആലയിലെ ഇരുമ്പ് കണക്ക് പഴുത്തു നില്‍ക്കുന്ന തന്റെ പെണ്ണിനോട് വയല് മുറിച്ച് ഇക്കരെ വരമ്പത്ത് നില്‍ക്കുന്ന തന്നിലേക്ക് സമരമാകാന്‍ ധൈര്യം നല്‍കുന്ന വിപ്ലവവീര്യം ജയരാജ് കരുതിവെക്കുന്നത് ഒരു തിരിച്ചറിവിന്റെ പാഠമാണ്. "ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്" എന്നതാണ് ആ പാഠം.
ഇത് പോയ കാലത്തെ മുത്തശ്ശിക്കഥകളിലെ ഒരു ചൊല്ലിപ്പറയലല്ല എന്നും, സമാനമായ അതിക്രമങ്ങളും ഇരയാക്കലുകളും അധികാരപ്രയോഗങ്ങളും ഈ വര്‍ത്തമാനത്തിലെ ഡിജിറ്റല്‍ കലണ്ടറിലും ബീഹാര്‍ അടക്കം വരുന്ന പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് ബോജ്പൂരുകള്‍ സംഭവിക്കാത്തത് കൊണ്ടാണെന്ന് കഥയില്‍ നിന്നുകൊണ്ട് സംശയിച്ചാല്‍ അതൊരു വലിയ ശരിയാകുന്നുണ്ട്. അതിന് രണ്ടായിരത്തിപ്പതിനാലിലെ ഈ ജനുവരി മാസം വന്ന ഒരു പ്രത്രവാര്‍ത്തയും സാക്ഷി. അന്യമതത്തില്‍പ്പെട്ട ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ കൂട്ടമായി ആക്രമിക്കാന്‍ അതും ലൈംഗീകമായി ആക്രമിക്കാന്‍ വിധി നടപ്പാക്കുന്ന നാട്ടുകൂട്ടം ഇന്നും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു എന്നത് കഥക്ക് പുറത്തുള്ള വര്‍ത്തമാന യാഥാര്‍ത്ഥ്യത്തില്‍ എത്ര ഭീകരമാണ്.? ഇതുതന്നെയാണ് 'ബീഹാര്‍'നെ കാലികമാക്കുന്നതും.!
ഇങ്ങനെ തെയ്യവും ബീഹാറും അടങ്ങുന്ന സമാഹാരത്തിലെ മിക്ക കഥകളിലൂടെയും രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തെ വിപ്ലവ ജനതയായും അവരുടെ ജീവിതത്തെ തന്നെ പ്രത്യയശാസ്ത്രമായും വിപ്ലവ പദ്ധതിയായും പരിഗണിക്കുന്ന ഒരു ചിന്ത ജയരാജന്‍ കഥകളുടെ പൊതുസ്വഭാവമായി മനസ്സിലാക്കുന്നു. നേതൃത്വത്താല്‍ വഞ്ചിക്കപ്പെട്ട് ഇനിയൊരു സമരമാവാന്‍ കെല്‍പ്പില്ലാതെ നാവറ്റ് പോകുന്ന തൊഴിലാളി സമൂഹത്തെ അവതരിപ്പിച്ചുകൊണ്ട് {ശവഭോജനം സാക്ഷി: നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള പാര്‍ട്ടികളുടെ അനുരഞ്ജന രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന കഥയാണ് ശവഭോജനം} 'ഒത്തുതീര്‍പ്പുകളുടെ ഈ സമരകാലത്ത്' അതെത്ര ശരിയെന്ന്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ദീര്‍ഘവും അതിസൂക്ഷമവുമായ 'തൊഴിലാളി പക്ഷ വായന' ജയരാജ് കഥകളുടെ ആന്തരീക സ്വഭാവമായി ജീവിതത്തിന്റെ ഉപ്പും വിയര്‍പ്പും അനുഭവിപ്പിക്കുന്നുണ്ട്.
കീഴ്പ്പെടാന്‍ വിസമ്മതിക്കുന്ന വ്യക്തിത്വമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ജയരാജ് കഥകളിലെ സാമൂഹ്യമാറ്റത്തിന്റെ ആഹ്വാനങ്ങളാണ്. പുരുഷനൊപ്പം അല്ലെങ്കിൽ അതിനും മുകളിലായി ഒട്ടും താഴെയല്ല ഞാനുമെന്ന ആത്മബോധത്തിന്റെ ശക്തി ചൈതന്യം ഉള്‍ക്കൊണ്ട അത്തരം പാത്ര സൃഷ്ടികള്‍, സ്ത്രീകള്‍ സമൂഹത്തില്‍ ഇടപെടുന്നതിനെ സംബന്ധിച്ചുള്ള സമൂഹത്തിന്റെ പാരമ്പര്യ മതത്തെ നിരാകരിക്കുന്നതും ജയരാജിന്റെ മനുഷ്യപക്ഷ ചിന്തയുടെ അടയാളവുമാണ്.
നേരിട്ടല്ലാതെയും സ്ത്രീയുടെ ജീവിതത്തെ പറയുന്ന ഒരു സന്ദര്‍ഭം 'വിചാരണ' എന്ന കഥയിലുണ്ട്. അച്ഛനെ കൊല്ലാന്‍ ശ്രമിച്ച മകന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നടത്തുന്ന വിധി പ്രസ്താവനയില്‍ "തന്റെ ജനനത്തിനു നേരിട്ട് കാരണക്കാരിയായ അമ്മയെ ശിക്ഷിക്കാതെ പ്രതിക്ക് തന്നെ ഉറപ്പില്ലാത്ത അച്ഛനെ വധിക്കാന്‍ ശ്രമിച്ചു എന്നത് തന്നെ സത്യത്തെ മറച്ചു വെക്കുന്നതാണ്" എന്നുതുടങ്ങുന്ന പരാമര്‍ശം സ്ത്രീകള്‍ക്ക് മേല്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അധീശ മനസ്സിന്റെ അധിക്ഷേപ വാക്കുകളാണ്.
ഇതുപോലെത്തന്നെ പരിഗണിക്കേണ്ടുന്ന കഥയാണ് മഞ്ഞ്. അടിയന്തരാവസ്ഥയുടെ കറുത്ത കാലത്തെ പറയാന്‍, സാമൂഹ്യ ജീവിതത്തിനു മുകളില്‍ പടരുന്ന മഞ്ഞിനെ/വെളുപ്പിനെ ഉപയോഗിക്കുന്ന ഇന്ത്യന്‍ പരിസരത്തെ വര്‍ണ്ണവുമായി ബന്ധപ്പെട്ടുള്ള ഈ വിരുതിനെ/ ധൈര്യത്തെ/ ചരിത്രത്തോടുള്ള സത്യസന്ധമായ ചേര്‍ന്നുനില്‍ക്കലിനെ അദ്ദേഹത്തിന്‍റെ മഞ്ഞെന്ന കഥയില്‍ കാണാം. വേദങ്ങളിലെ സമത്വ സങ്കല്‍പ്പത്തെ പരതിയും തന്റെ ശരീര സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായുള വ്യായാമങ്ങളിലും സ്ത്രീ സൗന്ദര്യാസ്വാദനത്തിലും മുഴുകിയിരിക്കുന്ന അവനവനിസ്റ്റുകള്‍ അപ്പോള്‍ മഞ്ഞിന്റെ തണുപ്പില്‍ സൗഖ്യത്തിലായിരുന്നു. ഒരാള്‍ മാത്രം, ഒരാള്‍ മാത്രം മഞ്ഞിന്റെ ഭീകരമായ വളര്‍ച്ചയെയും ശവം തീനിപ്പക്ഷികളുടെ ആഗമനവും തെല്ല് ഭീതിയോടെയും ആശങ്കയോടെയും വീക്ഷിക്കുകയായിരുന്നു. അയാള്‍, അയാളാണ് എക്കാലത്തെയും യുദ്ധസമാനമായ ഈ ഭൂമിയെ മനുഷ്യവാസത്തിന് യോഗ്യമാക്കുന്ന പണിയില്‍ ഏര്‍പ്പെടുന്ന ജാഗ്രത്തായുള്ളവന്‍. അയാളാണ് സര്‍വ്വ ലോക മനുഷ്യര്‍ക്കും വേണ്ടി തൊഴിലെടുക്കുന്നവന്‍. ഇപ്പോഴും ഈ ദല്ലാള്‍- കുത്തക-മുതലാളിത്ത മൂലധനശക്തികളുടെ പ്രലോഭനങ്ങളില്‍ ഉണ്ടുറങ്ങുന്ന, രാഷ്ട്രീയമെന്നാല്‍ ഏതോ കള്ളക്കടത്ത് മുതലെന്ന് കരുതി സാമൂഹ്യജീവിതത്തിന്റെ ബാധ്യതകളില്‍ നിന്നും ഒഴിഞ്ഞ് തീര്‍ത്തും അരാഷ്ട്രീയമായ ഒരു യുവതയോട് ജയരാജ് കഥകള്‍ ഇങ്ങനെ കണക്ക് ചോദിക്കുന്നുണ്ട്.
അന്നത്തെ ഇന്ത്യയുടെയും മലയാളത്തിന്റെയും ജീവിതത്തെ അതിന്റെ ഏറ്റം ഉയര്‍ന്ന സത്യസന്ധതയോടെ തന്റെ കഥകളിലേക്ക് കുടിയിരുത്തിയ ജയരാജന്റെ കഥകള്‍ ഇന്നത്തെയും ഇന്ത്യയും കേരളവും തന്നെയാണ് എന്നറിയുമ്പോള്‍ നമ്മള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന ആത്മവിചാരത്തിന് തിടുക്കം കൂട്ടുന്നുണ്ട്.
ഏറ്റവും കലുഷിതമായ ജീവിത സാഹചര്യങ്ങളിലും, ഏറ്റവും നിരാശാഭരിതമായ ജീവിതാവസ്ഥയിലും മനുഷ്യന്റെ അതിജീവന സാധ്യതയില്‍ വിശ്വസിക്കുന്ന/ പോരാട്ട മനസ്സില്‍ ധൈര്യം കാണിക്കുന്ന ഒരു വിപ്ലവകാരിയുടെ പ്രത്യാശ ബാക്കിയാക്കുന്നു ജയരാജ് കഥകള്‍.
*വായന
യു പി ജയരാജിന്റെ കഥകൾ: സമ്പൂർണ്ണം
ഡി സി ബുക്സ്