2014, ജൂലൈ 21

ഏകാന്തതയുടെ പുസ്തകം

ഇനിയും മോക്ഷം ലഭിക്കാത്ത
പാപമെന്നൊരൊറ്റ'വാക്ക്
അതിന്റെ തന്നെ പാപഭാരവുമായി
മറ്റെല്ലാ വാക്കുകളെയും/ജീവിതങ്ങളെയും
ഭയപ്പെടുത്തി നില്‍ക്കയാണ്.

യോഹന്നാനും ആനിയും വീട്ടിലേക്കുള്ള വഴി തിരിയുമ്പോഴാണ് റാഹേല് കരഞ്ഞോണ്ട് ഓടിപ്പോകുന്നത്. റാഹേല് അവരുടെ സ്കൂളില്‍ അവര്‍ക്കൊപ്പം പഠിക്കുന്ന കുട്ടിയാണ്. റാഹേലിന്റെ വീട്ടില്‍ വേറെയും മൂന്നു പെണ്‍കുട്ടികളുണ്ട്, അനിയത്തിമാര്‍. ഈ ഓടിപ്പോകുന്നവള്‍ പിന്നീട് കന്യാസ്ത്രീയാകേണ്ടവളാണ്. അതിനും മുന്പ് അതായത് ഈ ഓട്ടത്തിനു ശേഷം പിന്നെയും കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരു പകലില്‍ യോഹന്നാന്റെ പ്രണയിനിയാണ് ഈ റാഹേല്.  അപ്പൊ, പറഞ്ഞുവരുന്നത് റാഹേല് ഓടുകയാണ്. അതും കരഞ്ഞുകൊണ്ടോടുകയാണ്. കുട്ടികള്‍ കാര്യം തിരക്കി, റാഹേല് പിന്നെയും കരച്ചില്‍ തുടര്‍ന്നു, ഓട്ടവും. കുട്ടികള്‍ പിന്നെ ഒന്നും ചോദിച്ചില്ല. പക്ഷെ, നടത്തം, അത് നിറുത്തിയില്ല. തുടര്‍ന്നു.

വീട്ടിലെത്തുമ്പോള്‍, അപ്പനുണ്ട് അപ്പാപ്പനെ ഇട്ടു പെരുക്കുന്നു. പന്നിക്കൂടിന്റെ അരികുവീണു അപ്പനും അപ്പാപ്പനും കെട്ടിമറിയുന്നു. കുട്ടികള്‍ അന്ധാളിച്ചു നില്‍പ്പാണ്. അപ്പന്‍ ഈയിടെ ജയില്‍ മോചിതനായി വന്നതാണ്. അതും ഒരു വധശ്രമത്തിന് ശിക്ഷിക്കപ്പട്ട്. അന്നൊക്കെ അപ്പാപ്പന്‍ പറയുന്നത് കേള്‍ക്കാം "കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കി വെക്കാനായിട്ട്" ആനിയും യോഹന്നാനും കരയാന്‍ തുടങ്ങി.

ഈ ആനിയുണ്ടല്ലോ, അവളിപ്പോ പരീക്ഷ എഴുതി നില്‍ക്കയാണ്‌. ജയിക്കും ജയിച്ചാല്‍ പക്ഷെ തുടര്‍ന്നു പഠിപ്പിക്കാനൊക്കില്ല. അപ്പന്‍ തീര്‍ത്ത്‌ പറഞ്ഞിരിക്കുന്നു. ഇനിയിപ്പോ മതി പഠിച്ചത്. കോളേജിലൊക്കെ പോയിട്ട് എന്തുണ്ടാക്കാനാന്നാ..? മാത്രവുമല്ല, മൂപ്പര്‍ക്കിനിയും രണ്ടാമത് കെട്ടാനാകില്ല, വല്ലതുമൊക്കെ വെച്ചുണ്ടാക്കി തരാന്‍ ആള് വേണ്ടായോ..? ഇങ്ങനെയൊക്കെയാണ് ആനീടെ അപ്പന്‍ തോമാടെ മതം. മൂപ്പര്‍ടെ കെട്ട്യോള്, അതായത്, കുട്ടികള്‍ടെ അമ്മ ദീനം വന്നു മരിക്കുമ്പോള്‍ മൂപ്പര് ജയിലിലാണ്. മറ്റൊരു പ്രകാരത്തില്‍, കുട്ടികളുടെ അമ്മ അതായത് മൂപ്പരടെ കെട്ട്യോള് മരിക്കുന്നത് മൂപ്പര് ജയിലിലായിരിക്കുന്ന സമയത്താണ്. ഒന്ന് കാണാതെ പോയതില്‍ നല്ല ദെണ്ണമുണ്ട് തോമാക്ക്. അതുകൊണ്ടായിരിക്കും സേവ്യരുടെ അടുത്തൂന്നു മൂക്കറ്റം മോന്തി എന്നും കല്ലറയില്‍ ചെന്ന് കെട്ട്യോളെ വിളിച്ചു കുമ്പസാരിക്കുന്നത്. അല്ല, പുന്നാരിക്കുന്നത്. ആ അപ്പനാണ് ഇപ്പൊ അപ്പാപ്പനെ തല്ലുന്നത്. യോഹന്നാന് ചിന്തിച്ചാധി കേറി.

അപ്പന്റെ മകന്‍ യോഹന്നാനും അത്ര പാവമൊന്നുമല്ല. അവനും ആളോളെ തല്ലിയിട്ടുണ്ട്. ലോഹിതാക്ഷന്റെ ബാര്‍ബര്‍ ഷോപ്പില്‍ കയറി ആദ്യമായി മീശ വെട്ടി ശരിയാക്കിയ ദിവസമാണത്. അന്നുതന്നെയാണ് യോഹന്നാന്‍ ആദ്യമായി തല്ലുന്നതും തല്ലു വാങ്ങുന്നതും. രണ്ടും ഈ ലോഹിതാക്ഷനെ തന്നെയായിരുന്നു. യോഹന്നാന്‍ പിന്നെയുമൊരിക്കലൊരാളെ തല്ലുന്നുണ്ട്. അതുപക്ഷേ, ലോഹിതാക്ഷനെയല്ല ലോഹിതാക്ഷനെ തല്ലിയതിനുമല്ല. ഇത് ജോഷിയെയാണ്. യോഹന്നാന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. എല്ലാ ഒറ്റപ്പെടലിലും സാന്ത്വനമായി നിന്നവന്‍. പിന്നീട് ഒറ്റയാക്കി അച്ചന്‍ പട്ടത്തിന് സെമിനാരീ പോയവന്‍. എന്നാലും ജോഷി റാഹേല്‍നെപ്പോലെയല്ല, പറഞ്ഞിട്ടാണ് പോയത്. പോകുമ്പോള്‍ കൈവീശി കാണിച്ചിരുന്നു. റാഹേല്‍, അവള് പക്ഷേ...

" തോമാ, താനെന്തിനാണ് ഇങ്ങനെ ഈ വയസ്സായ അപ്പനെ ഇട്ടു പെരുക്കുന്നത്. അതും ഒരാള്‍ക്കും ഒരുപദ്രവോം ചെയ്യാത്ത പള്ളീം പ്രാര്‍ത്ഥനേമായി കഴിഞ്ഞുകൂടുന്ന ഒരു സത്യക്രിസ്ത്യാനിയായ പൗലോച്ചായനെ... ഒന്നുമില്ലേലും തന്തേം തള്ളേം ഇല്ലാത്ത സ്ഥിതീല്‍ കഴിഞ്ഞിരുന്ന നിന്റെ കൊച്ചുങ്ങളെ നോക്കി ഇക്കോലമാക്കിയത് അയാളല്ലേ..? " കുട്ടികളുടെ കരച്ചിലുകേട്ട് ഓടിവന്ന യാക്കോബും ഫിലിപ്പോസുമാണ്. അല്ലേലും ചോദ്യങ്ങള്‍ ഏതും കര്‍ത്താവിന്റെ മനോധര്‍മ്മത്തിനനുസരിച്ച് ഉണ്ടാക്കാവുന്നതാണ്. പക്ഷേ, അതിന്റെ ബഹളം. അല്ലെങ്കില്‍ അകത്തും പുറത്തും അതുണ്ടാക്കുന്ന കുതൂഹലം, അതാണ്‌ അതിനെ ചോദ്യമായി നിലനിറുത്തുന്നത്.

ഈ ബഹളങ്ങള്‍ എല്ലാം തീര്‍ന്ന്, എല്ലാ ബഹളവും തന്റെ ഉള്ളില്‍ നടക്കുമ്പോള്‍ യോഹന്നാന്‍ ഒരിക്കല്‍ മല കയറിപ്പോകുന്നുണ്ട്‌. പിന്നീട് സാറ ചോദിക്കുമ്പോള്‍ "ഒരിക്കല്‍ മാത്രം അതും യാക്കോബ് നിര്‍ബന്ധിച്ചപ്പോ" എന്ന് മറുപടി പറയുന്ന ആ മദ്യസേവ നടന്നത് ആ കയറിപ്പോക്കിലാണ്. ഈ ചോദ്യോം വര്‍ത്താനോം കഴിഞ്ഞ് പിന്നെയും ദിവസങ്ങള്‍ക്ക് ശേഷം പതിനേഴുകാരന്‍ യോഹന്നാന്‍ വിധവയായ സാറയുടെ തറയില്‍കിടന്നുരുണ്ട് വിയര്‍ക്കുന്നുണ്ട്‌. യോഹന്നാന്‍ എണീറ്റ്‌ പോയ ക്ഷീണത്തില്‍ കട്ടിലില്‍ കിടന്നുറങ്ങുന്ന സാറയെ കല്യാണാലോചനക്ക് വന്ന അപ്പന്‍ തോമ പിന്നെ ഉണര്‍ത്തുന്നേയില്ല എന്നത് വേറെകാര്യം. അന്നും തോമ ആവശ്യത്തിനു കഴിച്ചിരുന്നു എന്നതും അതുപോലെത്തന്നെ വേറെ ഒരു കാര്യം.

ഈ അപ്പനും നാട്ടുകാര്‍ക്കും കുടിക്കാന്‍ മാത്രംള്ളത് സേവ്യര്‍ അയാള്‍ടെ ഷാപ്പില് കരുതീട്ടുണ്ട്. പക്ഷെ, യാക്കോബ്ന് അതൊന്നും വേണ്ട. അല്ലെങ്കില്‍ അതൊന്നും പോര. യാക്കോബിന് സ്വന്തമായിട്ട് വാറ്റിയ സാധനം തന്നെ വേണം. അതില്‍നിന്നും അല്പമാണ് ഇപ്പൊ യോഹന്നാനെയും കുടിപ്പിച്ചിരിക്കുന്നത്. ഇത് കുടിപ്പിച്ചിട്ടുവേണം യാക്കോബിന് ഉറക്കത്തില്‍ മരിക്കാന്‍. പക്ഷെ, അത് ഉണര്‍ന്നു എണീറ്റ്‌ പോകുന്ന യോഹന്നാനോ യാക്കോബിനെ തിരയുന്ന നാട്ടുകാരോ അറിയരുത്. അതിനിനിയും രണ്ടുനാള്‍ കഴിയണം.

അതിനും ദിവസങ്ങള്‍ക്ക് മുന്പ് സ്കറിയ്യയും മരിച്ചിരുന്നു. സാറയുടെ കെട്ട്യോന്‍.! നാട്ടില്‍ വേറെയും മരണങ്ങള്‍ നടന്നിട്ടുണ്ട്. സാമുവല്‍ സാറായിയിരുന്നു ആ വേറെ ഒരാള്‍. നല്ല തങ്കപ്പെട്ട മനുഷ്യന്‍. പക്ഷേ, മരിച്ചു പോയി. മൂപ്പര്‍ക്ക് മുന്‍പേ മൂപ്പര്ടെ ഏക മകനും മരിച്ചുപോയി. ഇനിയൊരു പ്രസവം റോസമ്മയുടെ ജീവനാപത്താണെന്ന് കരുതി  അവന്‍ ജനിച്ച ഉടനെ ആ ഏര്‍പ്പാട് നിറുത്താന്‍ സ്വന്തം ഇഷ്ടം മാഷ്‌ ശസ്ത്രക്രിയക്ക് വിധേയനായി. ആദ്യം മാഷ്‌ പാടെ തളര്‍ന്നു പോവുകയായിരുന്നു. അന്ന് സ്കൂളില്‍ നിന്ന് കുട്ടികളെല്ലാം മാഷിന്റെ വീട്ടില്‍ പോയിരുന്നു. ആ കൂട്ടത്തില്‍ വിശ്വാസിയായ ജോഷിയും ഉണ്ടായിരുന്നു. പിന്നീട് മാഷ്‌ മരിച്ചപ്പോള്‍ റോസമ്മയെ കുറിച്ചോ ആ വീടിനെ കുറിച്ചോ ഒരു വിവരവുമില്ലാണ്ടായി നാട്ടാര്‍ക്ക്.

പക്ഷെ, സാറാടെ വീടൊരു 'മരിച്ച വീട്' ആയിരുന്നില്ല. അതുകൊണ്ടുതന്നെ ആരും ആരെയും മറന്നില്ല. യോഹന്നാനും യോഹന്നാന്റെ അപ്പന്‍ തോമായും അപ്പന്റെ സുഹൃത്ത് ഫീലിപ്പോസും പോസ്റ്റ്മാന്‍ പീറ്ററും അച്ചനും ഇടവകേം ഒന്നും ഒന്നും സാറയെ മറന്നില്ല. അതുപോലെയുമായിരുന്നില്ല യാക്കോബിന്റെ മരണം. അങ്ങനെ ഒരു വീടാകാനല്ല ഒന്നിനും ഒരു വീടില്ലായിരുന്നു യാക്കോബിന്. "എന്റെ കൂട് പാറയില്‍"ന്നായിരുന്നു ഈ യാക്കോബ്ന് വീട്. ഒന്ന് കിടന്നു മരിക്കാന്‍ ഒരു വീട് നല്ലതാണ്. ഒന്നുമില്ലേലും 'മരിച്ച വീട്' ഒന്ന്‍ മറക്കാന്‍ മാത്രം പോന്ന നല്ലൊരു ഓര്‍മ്മയാണ്.

നാട്ടുകാരുടെ ഓര്‍മ്മയില്‍ യാക്കോബ് എപ്പോഴും വികാരിയച്ചനേം എന്തിന് കര്‍ത്താവീശോയെ വരെ നിരന്തരം പ്രാകുമായിരുന്നു. അതും ദീനം പിടിച്ചു ആശുപത്രിയിലായി അവിടെ കിടന്നു മരിക്കേണ്ട പാവം സ്കറിയ്യായെ പ്രതിയായിരുന്നു ഈ പ്രാക്ക് മുഴുവന്‍. ഇത്രേം സുന്ദരിയായ സാറയെ കണ്ണീരു കുടിപ്പിക്കാനാണോ ഈശോയെ നീ ഈ സ്കറിയ്യായെക്കൊണ്ട് അവളെ കെട്ടിച്ചത്.? അവള്‍ക്കുമില്ലേ ആശകളും ആഗ്രഹങ്ങളും... എന്നാലും ഈശോയെ നീ... യാക്കോബ് അങ്ങനെയാണ്. അയാള്‍ സാറയെ ഇങ്ങനെ പ്രണയിച്ചുകൊണ്ടേയിരുന്നു. ഈ പ്രണയത്തിന് യാക്കോബിന്റെ ആരോഗ്യമായിരുന്നു ഈട്. ആ യാക്കോബാണ് ഇപ്പൊ...

അപ്പാപ്പന്‍ പക്ഷെ ഇങ്ങനെയൊന്നുമായിരുന്നില്ല. എന്തൊരു സ്നേഹായിരുന്നു അപ്പാപ്പന്. എന്തൊരു വിശ്വാസായിരുന്നു അപ്പാപ്പന്. യോഹന്നാന്‍'ന്നു വെച്ചാ എന്ത് കാര്യായിരുന്നു. ഇതുപോലൊരു കാര്യായിരുന്നു വികാരിയച്ചന് അപ്പാപ്പനോട്. ആനി ഓര്‍ത്തു. അതും ഏതാനും മാസംകൂടെ കഴിഞ്ഞാല്‍ പള്ളീലെ കൊച്ചച്ചന്റെ {ഇടവകയിലെ പുതിയ വികാരിയച്ചന്‍} മുന്‍കൈയ്യില്‍ നടത്താനിരിക്കുന്ന പാരലല്‍ കോളേജിലെ ആദ്യ ബാച്ചുകാരിപ്പെണ്ണുങ്ങളില്‍ സുന്ദരിയായ ആനി. മാത്രവുമല്ല, അവിടന്ന് കുറച്ചുംകൂടെ മാസം കഴിഞ്ഞാല്‍ അനിയന്‍ യോഹന്നാന് ഒരു കത്തെഴുതി വെച്ചിട്ട് ഈ കൊച്ചച്ചന്റെ കൂടെ ജീവിതം ഉണ്ടാക്കാന്‍ പോകുന്ന അതെ ആനി. പിന്നീട് ഒരു കൊച്ചുണ്ടായിട്ടും നാട്ടില്‍ വന്നു അപ്പനെയോ അനിയനെയോ കാണാന്‍ കൂട്ടാക്കാത്ത അതെ ആനിയാണ് ഇപ്പൊ ഇങ്ങനെ ഓര്‍ക്കുന്നത്.

എന്തിനാണ് അപ്പന്‍ അപ്പാപ്പനെ ഇങ്ങനെ ..? പാവം അപ്പാപ്പന്‍.! നാളെ കഴിഞ്ഞുള്ള ദിവസം തോട്ടത്തിലെ മരത്തില്‍ മറ്റൊരു ഇലയായി തൂങ്ങി നില്‍ക്കാനുള്ള തടിയാണ് ഈ അടി മുഴുവന്‍ വാങ്ങികൂട്ടുന്നത്. അയല്‍ക്കാര്‍ പിന്നെയും ചോദിച്ചു."ഇയാള്‍, ഈ വൃദ്ധന്‍ തന്റെ കൊച്ചുമോള്‍ടെ പ്രായള്ള ആ കുട്ടിയെ" അപ്പന്‍ പാതിയില്‍ പറഞ്ഞു നിറുത്തി.

അപ്പാപ്പനും മരിച്ച് ആനി കൊച്ചച്ചന്റെ കൂടെ പോയതിനു ശേഷം തീര്‍ത്തും ഒറ്റക്കായിപ്പോയ യോഹന്നാന്റെ വീട്ടിലേക്ക് ഒരുപറ്റം ആട്ടിന്കൂട്ടത്തിനൊപ്പം കയറി വന്ന് പൊടിയില്‍ ഒന്നിച്ചുരുണ്ട്പിരണ്ട് തറ നിറയെ നഗ്ന ചിത്രം വരഞ്ഞ് ഒരു വാക്ക് പോലും മിണ്ടാതെഅവന്റെ ജീവിതത്തീന്നു തന്നെ  ഇറങ്ങിപ്പോയ റാഹേല്നെ ഈ അപ്പാപ്പന്‍ എന്ത് ചെയ്തൂന്നാ ഈ അപ്പന്‍ പറയണേ.? യോഹന്നാന്‍  പിന്നെയും കുട്ടിയായി.

ഓടിത്തുടങ്ങുന്നതിനു മുന്പ്, ഏകാന്തതയില്‍ അനുതപിക്കുന്ന ഒരാളെ അങ്ങനെയെങ്കിലും ഒന്ന് സഹായിക്കാമെന്നു വെച്ച് കഞ്ചാവിലെ കുരു കളയാന്‍ സഹായിക്കയായിരുന്നു റാഹേല് .ബാര്‍ബര്‍ ലോഹിതാക്ഷന്റെ കയ്യീന്നാണ് മൂപ്പരിത് തരാക്കുന്നത്. "ഇവിടെ തോമാച്ചനുണ്ട്. മക്കളുണ്ട്. എന്നാലും ഞാനെന്തുമാത്രം ഒറ്റയ്ക്കാ" "ഒറ്റയ്ക്കാവുമ്പോ മരിച്ചതിനു തുല്യമാണ്. ജീവനുണ്ടായിട്ടും മരിച്ച ഒരാള്" പിന്നീട് കുറെ നേരത്തേക്ക് പൗലോ മിണ്ടിയില്ല. പൗലോ റാഹേലിന്റെ മുടിയില്‍ വിരലോടിച്ചുകൊണ്ടിരുന്നു. അവളതു ശ്രദ്ധിച്ചതേയില്ല. എന്നാല്‍, ഞൊടിയിടയില്‍ എന്തോ സംഭവിച്ചു. അതിന്റെ ഓര്‍മ്മയില്‍ റാഹേല്‍ സെമിനാരിയിലെ മടുപ്പിക്കുന്ന ഏകാന്തതയിലും കരഞ്ഞു.

ഇനിയുമെത്രയോ പെസഹ കാണുമെന്നു പറഞ്ഞപ്പോള്‍, എലീശായുടെ ശബ്ദം കേട്ടിട്ടെന്ന പോലെ പൗലോ തരിച്ചുപോയി. റാഹേല്‍ ചിരിക്കുകയായിരുന്നു. അവളുടെ മുടിയിഴകള്‍ക്ക്‌ പാട്ടിന്റെ മിനുസമായിരുന്നു. എലീശായോടൊപ്പം കഴിച്ച പെസഹ നാളുകള്‍ പൌലോയില്‍ മിന്നിമറഞ്ഞു. തൊട്ടും തലോടിയും അവളുടെ ഉടലിനെ അറിയാന്‍ മനസ്സുവെമ്പി. പൗലോ ഇപ്പോഴും മരത്തില്‍ വലിഞ്ഞു കയറുകയാണ്. മറ്റൊരു ഇലയായി തൂങ്ങിയാടാന്‍.

അമ്മയില്ലാത്ത വീട്ടില്‍ അപ്പന്‍ ജയിലിലായിരിക്കെ യോഹന്നാന് അപ്പാപ്പനായിരുന്നു കൂട്ട്. ആനി കൊച്ചച്ചന്റെ കൂടെ പോയതോട്കൂടി യോഹന്നാന്‍ പിന്നെയും ഒറ്റക്കായി. അപ്പോഴാണ്‌ മേരി സ്വപ്നത്തിലും റാഹേല് വീട്ടിലും വരുന്നത്. ഉണര്‍ച്ചയില്‍പക്ഷേ പതിനാറുകാറി മേരി അന്‍പതുകാരന്‍ മാപ്ലക്കൊപ്പം അയാള്‍ടെ കുട്ടികളെ നോക്കാന്‍ പോയി. റാഹേല്‍ ഒന്നും മിണ്ടാതെ മഠത്തിലേക്കും. അതിനും മുന്‍പേ കൂട്ടുകാരന്‍ ജോഷി സെമിനാരിയിലേക്ക് പോയിരുന്നു. ഇതുംകൂടെയായപ്പോള്‍ യോഹന്നാന്‍ തീര്‍ത്തും ഒറ്റയായി. ഇപ്പോള്‍ സാറയും... ഇന്ന്,
യോഹന്നാനെ ഇല്ലാത്ത വിധം യോഹന്നാന്‍ ഒറ്റയാണ്.

സ്കറിയ്യ മരിച്ച് ഒന്നും ചെയ്യാനില്ലാതെ സാറ സാറയുടെ വീട്ടില്‍ ഒറ്റക്കായിരിക്കുമ്പോ "കൂട്ട് വേണോ" എന്ന് പീറ്ററാദികള്‍ തഞ്ചത്തില്‍ ഉദാരമതികളാവാന്‍ വെമ്പി നില്‍ക്കയായിരുന്നു. അപ്പോഴാണ്‌ മറ്റൊരു കല്യാണമേ വേണ്ടെന്നു കരുതി കാലം കഴിക്കയായിരുന്ന തോമായില്‍ ഫീലിപ്പോസ് സാറയെ നിറക്കുന്നത്. ഒറ്റയാകല്‍ അത്രമേല്‍ തോമയിലും ബഹളങ്ങള്‍ ഉണ്ടാക്കിയിരിക്കണം. എന്നാല്‍, അതേനിലയില്‍ ഒറ്റയായ യോഹന്നാന്റെ കൂട്ട് സാറക്ക്‌ അതിനുമെത്രയോ മുന്‍പേ സമാധാനമായിരുന്നു. സ്കറിയ്യ/യാക്കോബ്/യോഹന്നാന്‍/തോമ കല്ലറയില്‍ ഏകാകിയായി സാറ.

" ജീവിതത്തെ അര്‍ത്ഥമുള്ളതാക്കുക ചിലപ്പോള്‍ പാപത്തിന്റെ ഒരു നിമിഷമായിരിക്കും." മനുഷ്യന്‍  പിന്നെയും പുസ്തകമാവുകയാണ്.

ബൈബിളിന്റെ അസാധ്യ സാന്നിദ്ധ്യം ഉള്‍ക്കൊള്ളുന്ന ഒരു മനോഹര ഭാഷ ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ഒരുപക്ഷെ, ഒരു സുവിശേഷ പ്രഘോഷകന്‍റെ വായ്ത്താരിയെന്നു തോന്നിപ്പിക്കുന്നത്രയും താളാത്മകവും അമ്മയുടെ താരാട്ട് കണക്കു ആര്‍ദ്രവുമായ ഒരു സ്വരക്കൂട്ടം. എന്നാല്‍, പറയുന്നതോ അത്ര ലളിതമായ സുഖാനുഭവലോകത്തെയല്ല. അതിന്റെ ആദ്യ താളുകള്‍ മറിയുമ്പോള്‍ തന്നെ പുസ്തകം നമ്മോടു പറയാന്‍ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ഗൌരവം നമുക്ക് ബോധപ്പെടും. ഒറ്റയാകലിന്റെ ഒരു വലിയ നരകം/കൂട്ട് ചേരുന്നതിലെ സുഖദ സ്വര്‍ഗ്ഗം. നിരാശതയുടെ എരിവ്/ നിറ പ്രണയത്തിന്റെ മധുരം. വിരുദ്ധോക്തികളില്‍ ആയിരം നാവായ്‌ ജീവന്‍/ജീവിതം/മനുഷ്യന്‍.


ആയുസ്സിന്റെ പുസ്തകം.
സിവി ബാലകൃഷ്ണന്‍
ഡിസി ബുക്സ്.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms