2015, ജൂൺ 7

ഭൂപടം കുഴിക്കേണ്ട വിധം

ഒറ്റ നോട്ടത്തില്‍ ഒന്നുമില്ലെന്ന് തോന്നുമെങ്കിലും ഒരു വിരല്‍ദൂരമാഴത്തില്‍ കുഴിച്ചാല്‍ ദൃശ്യപ്പെടുന്ന കഥകള്‍ നമ്മുടെതന്നെ രാഷ്ട്രീയചരിത്രബോധത്തെ ദൃഢമാക്കുന്നത്രയും ശക്തവും സംവാദാത്മകവുമാണ്.

ഏതൊരു പ്രദേശത്തിനും അതിന്റേതായ ഒരു ചരിത്രമുണ്ടാകണം. ജീവിതവും. വിശേഷിച്ചും സഹവര്‍ത്തിത്ത സാമൂഹികതയുടെതായ ഒരുനീണ്ട ജീവിതം ഈ ഗ്രാമങ്ങളുടെയെല്ലാം ഉള്ളുകളില്‍ സജീവമായിരിക്കണം. ഭാഷയില്‍/സംസ്‌കാരത്തില്‍/സാമ്പത്തികബന്ധങ്ങളില്‍/ജീവിതത്തില്‍ എല്ലാം അവരുടേത് എന്ന് അടയാളപ്പെടുന്ന സ്വഭാവശൈലീശീലങ്ങള്‍ കാണാം. ഈയൊരു ജീവിതത്തിന്റെ സമാഹാരമാണ് പിന്നീട് നാം ചരിത്രം എന്ന് വിശേഷിപ്പിക്കുന്ന ഓരോ വായനയും.

ആ അര്‍ത്ഥത്തില്‍ ‘നെഹ്രു ഇന്ത്യാരാജ്യത്തിന്റെ ചരിത്രമെഴുതിയത് പോലെ ഞാന്‍ ഈ അത്തിക്കാട്‌ന്റെ ചരിത്രവുമെഴുതും’ എന്ന് ചെറുകാടിന്റെ മണ്ണിന്റെ മാറിലെ കര്‍ഷകന്‍ പറയുമ്പോലെ ജിംഷാറിന്റെ നോവലും ‘തണ്ണീക്കോട്’ന്റെ ചരിത്രം എഴുതുകയാണ്. വംശ-രക്ത-ഭാഷാ-വിശ്വാസ-ആചാര ശുദ്ധിവാദത്തിന്റെ സങ്കുചിതത്വത്തിലൂന്നിയ അക്രമാസക്ത പ്രാദേശികത്വത്തിന് ബദലായുള്ള, ആദാന- പ്രദാന-സഹവര്‍ത്തിത്ത-ബഹുസ്വര-സാമൂഹികതയിലൂന്നിയ സര്‍ഗ്ഗാത്മക പ്രാദേശികതയെയാണ് ജിംഷാര്‍ ഈ നോവലിലൂടെ കുഴിച്ചെടുക്കുന്നത്.

അബൂട്ടി ഔലിയയും സീമന്തിനി ദേവിയും/അയലക്കുന്നും സീമാന്തിനിപ്പുഴയും/ചാത്തന്‍കുട്ടിയും മയ്യത്തുകളും/മാധവന്‍ നായരും പള്ളിപ്പണിയും തുടങ്ങി സക്കരിയയ്യയും നിരജ്ഞനയും എന്ന് വര്‍ത്തമാനത്തിലെത്തി നില്‍ക്കുമ്പോള്‍ ഈ പ്രാദേശിക ചരിത്യാഖ്യാനത്തിന്റെ താത്പര്യം വ്യക്തമാകുന്നുണ്ട്.

ദേവിയോടും ഔലിയയോടും ഒരേസമയം തേടുന്ന ജനത ബഹുസ്വരജീവിതത്തെ ആന്തരികമായി സ്വാംക്ഷീകരിച്ച സാംസ്‌കാരികജീവിതത്തിന്റെ ചരിത്രാനുഭവങ്ങളായാണ് നോവലില്‍ പ്രത്യക്ഷ്യപ്പെടുന്നത്. അത് തണ്ണീര്‍ക്കോട്‌ന്റെ മാത്രം പ്രത്യേകതയല്ല. ഒരുപക്ഷെ, തൊണ്ണൂറുകള്‍ വരെയും നമ്മുടെയൊക്കെയും ഗ്രാമപ്രദേശത്തെ ജീവിതത്തില്‍ ഈയൊരു സാംസ്‌കാരിക സഹൃദയത്വം നിലനിന്നുപോന്നിരുന്നു. നോവലില്‍ ബാബരിക്കാലം (മ’അദനി) പരാമര്‍ശിക്കുന്നതിലൂടെ വ്യക്തമാകുന്ന ഒരു വര്‍ത്തമാന ചരിത്രമുണ്ട്. അത് അതുവരെയും നിലനിന്നുപോന്നിരുന്ന നമ്മുടെ സാംസ്‌കാരിക ജീവിതത്തെ എങ്ങനെയാണ് തലതിരിച്ച് കുത്തനെപ്പിടിച്ച് നിറുത്തിയത് എന്നതിന്റെ സൂചന കൂടെയാണ്.

ഇര എന്ന വാക്ക് നമ്മുടെ രാഷ്ട്രീയ വ്യവഹാര മണ്ഡലങ്ങളില്‍ ഇന്നത്തെ അത്രയും പ്രചാരത്തിലില്ലാത്ത ബാബരിധ്വംസനാനന്തര അരക്ഷിത മുസ്ലിം കേരളത്തിന് മുന്‍പിലാണ് ഇരവാദവും ഇര രാഷ്ട്രീയവും കടന്നുവരുന്നത്. ഈ രാഷ്ട്രീയത്തിന് ഒരു വശത്ത് വെറുപ്പിന്റെയും മറുവശത്ത് ഭയത്തിന്റെയും രാഷ്ട്രീയം സംഭവിക്കേണ്ടതുണ്ട്. അതിന് അപരത്വനിര്‍മ്മാണം അതിഭീകരമാംവിധം ജീവിതത്തിന്റെ സമസ്തമേഖലകളിലും ആവശ്യമാണ്. അതുവരെയും നാം ആര്‍ജ്ജിച്ചെടുത്ത നവോത്ഥാനന്തര ആധുനിക സാമൂഹ്യബോധജീവിത വിചാരത്തെയും കൂടെയാണ് ഈ അപരനിര്‍മ്മാണം തകര്‍ത്ത് കളയുന്നത്. ഇത് മനുഷ്യനെ പിന്നെയും പിന്നെയും ഇരയാക്കുകയും തുരുത്തിലേക്ക് തളക്കുകയും സ്വന്തത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന പ്രതിലോമ പ്രവര്‍ത്തനമാണ്.

ഈയൊരു സാഹചര്യത്തിലാണ് കൂടുതല്‍ കൂടുതല്‍ ഒറ്റയാകാനുള്ള ശ്രമങ്ങള്‍ നമ്മുടെ സാംസ്‌കാരിക രാഷ്ട്രീയമണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. നാട്ടുനടപ്പെന്ന് സാമാന്യമായി പറഞ്ഞുപോന്നിരുന്ന സാംസ്‌കാരിക കൊടുക്കല്‍  വാങ്ങലുകളുടെ ഭാഗമായി നമ്മുടെ സാംസ്‌കാരിക ഇടത്ത് നിലനിന്നുപോന്നിരുന്ന നേര്‍ച്ച ഉറൂസ്പൂരം/ഇതിന്റെയൊക്കെ ഭാഗമായുള്ള മതേതര ഉത്സവങ്ങള്‍ ആഘോഷങ്ങള്‍/കൊടിയേറ്റം ചന്ദനമെടുപ്പ് പോലുള്ള സാംസ്‌കാരിക കൈമാറ്റങ്ങള്‍/ഇതിലൂടെയൊക്കെ പങ്കുവെക്കപ്പെടുന്ന സാംസ്‌കാരിക സഹൃദയത്വം ഇതൊക്കെയുമാണ് ഈ ഒറ്റയാകലിലൂടെ നിഷിദ്ധമാക്കപ്പെടുന്നതും കയ്യൊഴിക്കപ്പെടുന്നതും ഫലം: സാംസ്‌കാരികമായ അന്യത്വവും.

അബൂബക്കറിനെക്കൊണ്ട് സുബൈദയെ മറിയമെന്നും മകന്‍ മുസ്തഫയെ ഈസയെന്നും തോന്നിപ്പിച്ച നാടിന്റെ ബോധമായ സൈദ് മൊല്ലാക്കയെന്ന മനുഷ്യജീവിതത്തെ മരണാനന്തരം മിത്താക്കി എക്കാലത്തേക്കുമായി സ്വന്തമാക്കുന്ന നാടിന്റെ സംസ്‌കാരികോത്സവമായ നേര്‍ച്ച, യഥാര്‍ത്ഥത്തില്‍ നൂറുകോടികളദിവസിക്കുന്ന പ്രവിശാലമായ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യദിനമാണെന്നത് പ്രാദേശികജീവതത്തിന്റെ നിഷ്‌കളങ്കമായ സര്‍ഗ്ഗാത്മകതയെയാണ് കാണിക്കുന്നത്. ഒരുപക്ഷെ, ഇന്ത്യന്‍ സ്വാതന്ത്ര്യം പോലും ചര്‍ച്ചയാകുന്നത് സൈദ് മൊല്ലക്ക് ശേഷമാണെന്നാണ് ഈ നേര്‍ച്ച പറയുന്നത്.

ഈ നേര്‍ച്ചയും അനിസ്‌ലാമികമെന്ന് വിലക്കി അന്നോളം ആഘോഷിച്ചുപോന്നിരുന്ന സഹവര്‍ത്തിത്തസാംസ്‌കാരിക ജീവിതത്തെ നിഷേധിക്കയാണ് ഈ പ്രതിലോമരാഷ്ട്രീയം ചെയ്യുന്നത്. മറുവശത്ത് സീമന്തിനിപ്പുഴയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന വെറുപ്പിന്റെ രാഷ്ട്രീയവും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ നിരന്തരം സാമൂഹ്യ ജീവിതത്തിലെ ഇഴുകിച്ചേരലിനെ നിരാകരിച്ചുകൊണ്ട് ഒറ്റയാകലിനെ നിര്‍ബന്ധിപ്പിക്കുന്ന ഭയത്തിന്റെ (വെറുപ്പിന്റെയും) രാഷ്ട്രീയത്തെയും ചെറുത്ത് സാംസ്‌കാരിക ഇടങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളിലെ സഹൃദയ ബന്ധുത്വത്തെ സ്വീകരിക്കുമ്പോഴാണ് വെറുപ്പിന്റെ (ഭയത്തിന്റെയും) രാഷ്ട്രീയത്തെ അതിന്റെ ശരിയായ രീതിയില്‍ സാംസ്‌കാരികമായും രാഷ്ട്രീയമായും പ്രതിരോധിക്കാനാവുകയുള്ളൂ എന്ന് നോവല്‍ അതിന്റെ ഭൂപടത്തെ കുഴിച്ച് ഭൂതകാല ജീവിതത്തെ പറയുമ്പോള്‍ നോവല്‍ വായന തന്നെ ഒരു രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്നുണ്ട്.

 ഏതാണ്ട് നൂറുകൊല്ലത്തിനടുത്ത ജീവിതം പറയുന്ന നോവലിന്റെ ഭാഷക്കും അത്രേം വര്‍ഷത്തെ പഴക്കമുണ്ട്. ക്രമേണ ക്രമേണ മാറ്റം സംഭവിക്കുന്ന ഭാഷയില്‍ പിന്നീട് സംഭവിക്കുന്ന വിഭവവിനിമയ മാധ്യമങ്ങളുടെ വളര്‍ച്ചയിലെ സ്വാഭാവിക സ്വാധീനം പ്രകടമാണ്. അത്രയും സൂക്ഷ്മത ഭാഷയുടെ കാര്യത്തില്‍ നോവല്‍ പുലര്‍ത്തുന്നുണ്ട്. സാധാരണയായി പരിഹസിക്കുകയോ കോമഡിവത്കരിക്കുകയോ ചെയ്യുന്ന സാഹിത്യം ഈ നോവലില്‍ മലബാറിനെ അതിന്റെ ജൈവികതയില്‍ സമീപിച്ചു എന്നാണ് ശ്രദ്ധേയമായിട്ടുള്ളത്. അതും നോവല്‍ മുന്നോട്ട് വെക്കുന്ന സാംസ്‌കാരിക ഉള്ളടക്കത്തോടുള്ള സമീപനത്തിന്റെ ഭാഗമായുള്ള സത്യസന്ധതയുടെ ഭാഗമാണെന്നാണ് മനസ്സിലാക്കുന്നത്. തിരിപാട്-മോന്തി-മൊയന്ത്-ഈറ-തോനെ-ചുറ്റോറം-മോറ് -തലക്കാംപുറം-അന്ത്രപ്പാട്-വിക്രസ്സ്-പയ്പ്പ്-നടോത്ത്-കൂറ്റ്- പൗ് ഇങ്ങനെയെത്രയെത്ര സത്യങ്ങളാണ് നോവലില്‍ പൗസാക്ക് കാട്ടി നില്‍ക്കുന്നത്.


പുസ്തകം : ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ (നോവല്‍)
രചയിതാവ് : പി. ജിംഷാര്‍

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms