2011, മേയ് 15

എന്‍റെ വായനശാല.വഴിവക്കിലെ പുസ്തകശാലയിലന്ന്
വിപ്ലവചരിതങ്ങള്‍ പരതും കൈകളില്‍
വിജയന്‍റെ 'ഇതിഹാസ' വിസ്മയവും
വോയ്നിച്ചിന്‍റെ 'കാട്ടുകടുന്നലും' ശങ്കിച്ചു നില്‍ക്കെ..

പ്രണയകാവ്യം അതിരിട്ട ചില്ലലമാരക്ക്
പിറകില്‍: ചലിക്കും നിഴല്‍ ചിത്രങ്ങളിലൊന്ന്
ഇനിയും പ്രസിദ്ധപ്പെടുത്താത്ത: അവളുടെ,
'ഹൃദയ പുസ്തക'മെനിക്കുപഹാരമായി നല്‍കി.

മറവിക്ക് ജയിക്കാനാവാത്ത ഓര്‍മ്മകളും
കാലത്തെ ജയിക്കും സ്വപ്നങ്ങളുമുള്ള
നാളത്രയും: വീട്ടുതടങ്കലിലാകാത്ത കാറ്റും,
കണ്ണില്‍നിന്നു മാറാത്ത സൂര്യനും സാക്ഷിയായ്

പാലിന്‍ വെളുപ്പില്‍ കറുപ്പ് കലരാത്ത,
ഹിമാലയം മണല്‍ക്കാടാവാത്ത കാലം വരേയ്ക്കും.
വായിക്കുവാനായി: അവളാ ഹൃദയ
പുസ്തകമെനിക്കു സമ്മാനമായി തന്നു.

{ചിത്രം ഗൂഗിളില്‍ സെര്‍ച്ചിയപ്പോള്‍ ലഭിച്ചത്.}

2011, മേയ് 10

ഇങ്ങനെയും ചില നാമൂസുകള്‍.

സുഹൃത്തെ, ആദ്യമേ ഒരു ക്ഷമാപണം:
ചില കൂട്ടുകാരുടെ നിര്‍ബന്ധം ഒന്നുമാത്രമാണ് ഇതിങ്ങിനെ ഇവിടെ പതിപ്പിക്കാന്‍ കാരണം. മുഖപുസ്തകത്തിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ നടന്നു വരുന്ന 'ചാറ്റ് ഷോയില്‍' { ബ്ലോഗുലകത്തിലെ 'പുലികള്‍' എന്ന് വിശേഷിപ്പിക്കുന്ന ബഹുമാന്യ സുഹൃത്തുക്കളുടെ ചാറ്റ് ഷോകള്‍ ഇവിടെ കാണാം } ഇടക്ക് എന്നെയും പരിഗണിച്ചു. ആ സമയം എന്നോട് ചോദിക്കപ്പെട്ട കാര്യങ്ങളും അവക്കുള്ള എന്‍റെ മറുവാക്കുകളുമാണ്‌ താഴെയായി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഒരുപക്ഷെ, വായനയുടെ ഒടുക്കത്തില്‍ കേവലം സമയ നഷ്ടം മാത്രം സംഭവിക്കാനേ സാധ്യതയൊള്ളൂ.... എങ്കില്‍, ആ അവിവേകത്തിന് താങ്കളുടെ ഔദാര്യം അപേക്ഷിക്കുന്നു.
-------------------------------------------------------------------------------------------------------------------------
ഇനി അവിടെ നടന്ന ചോദ്യോത്തരങ്ങളിലേക്ക്.
അതിന്‍റെ തുടക്കം ദേ ഇങ്ങനെയായിരുന്നു...

എല്ലാപേര്‍ക്കും.... സ്നേഹ സലാം, നല്ല നമസ്കാരം.
ഞാന്‍ എന്നോട് തന്നെയും നിരന്തരമായി ചില ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാതെ ഇന്നും ഒരു ജിജ്ഞാസുവായി തുടരുന്നു. ഇപ്പോളിതാ... മറ്റു പലരാല്‍ ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നു. അത് ഒരു 'പുനര്‍വായനക്ക്' പ്രേരകമായും പ്രകോപനമായും വര്‍ത്തിക്കുമെന്നു ഞാന്‍ കരുതുന്നു. എനിക്ക് സാധ്യമാകുന്ന അളവില്‍/തരത്തില്‍ പരമാവധി എന്നെ അറിയിക്കാന്‍ ഞാന്‍ ശ്രമിക്കാം. മറ്റുള്ളവയെ എന്‍റെ അന്വേഷണങ്ങള്‍ക്ക് വേഗത കൂട്ടുന്ന ഇന്ധനമായി ഞാന്‍ പരിവര്‍ത്തിപ്പിക്കും.

അതിനു മുമ്പായി 'എന്നെ കുറിച്ച്' ചിലത്.

ജനനം 1984 നവമ്പര്‍ രണ്ടിന്. സ്വദേശം മലപ്പുറം ജില്ലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത് .വിവാഹിതന്‍, മൂന്നു വയസ്സ് പ്രായമായ ഒരു മകളുടെ അച്ഛന്‍. അച്ഛനും അമ്മയും അനിയനും മൂന്ന് അനിയത്തിമാരുമടങ്ങുന്ന സമ്പന്നതയില്‍ തൃപ്തന്‍.

ഞാന്‍: നാമൂസ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തീര്‍ത്തും നിസ്സാരവും നിര്‍ദോഷവുമായ കാര്യങ്ങളില്‍ പോലും കൊച്ചു കുട്ടികളെപ്പോലെ ദുര്‍വാശി കാണിക്കുന്നവന്‍. എനിക്ക് പൊരുത്തപ്പെടാനാവാത്ത ഏതൊന്നിലും എന്‍റെ പ്രകൃതം ഇത് തന്നെ. മറ്റൊന്ന്, ഒട്ടും ഔചിത്യബോധമില്ലാത്ത ഒരു ശല്യക്കാരനായ വ്യവഹാരി. ഇടക്കൊക്കെയും, ചിലര്‍ക്കിത് അസഹ്യമായി അനുഭവപ്പെട്ടാലും ഞാന്‍ ഈ സ്വഭാവത്തെ പ്രേമത്തോടെ ആലിംഗനം ചെയ്യുന്നു. കാരണം, ഈ 'സ്വഭാവ ഗുണം' എനിക്ക് അളവല്ലാത്ത വിധം സഹായവും സാധ്യതകളും നല്‍കിയിട്ടുണ്ട്. ഒട്ടും മടിയാതെ എന്‍റെ സത്യത്തെ ഉറക്കെ പറയാന്‍ എനിക്ക് അവസരം നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസം: ഏഴാം തരം. ശേഷം, അനിയത്തിക്കും എന്‍റെ 'കാക്കപ്പൂവിനും' ഒപ്പം 'പി ഓ സി' എന്ന സാധ്യതയെ ഉപയോഗിച്ച് എന്‍റെ ഇരുപത്തിയൊന്നാം വയസ്സില്‍ പത്താം തരം എഴുതിയെടുത്തു. എന്തോ, അതില്‍ ഞാന്‍ വിജയിച്ചു.
ഏഴു വര്‍ഷത്തോളം 'മദ്രസാ' പഠനം.

തൊഴില്‍: നേരത്തെ ഏഴാം തരത്തില്‍ പഠനം അവസാനിപ്പിച്ച് കര്‍ണ്ണാടകയിലെ 'തുംകൂര്‍' എന്ന സ്ഥലത്തേക്ക് ആദ്യത്തെ ഹിജറ/പാലായനം. അവിടെ, ഒരു ചായക്കടയില്‍ ജോലി. ശേഷം, 'ടീ മാസ്റ്ററായും' പിന്നീട് ഒരു പെട്ടിക്കടയുടെ ഉടമസ്ഥനായും മൂന്ന് വര്‍ഷക്കാലം അവിടെ 'ജീവിച്ചു' തീര്‍ത്തു. ഇടക്ക് നാട്ടില്‍ വന്നും പോയുമിരുന്നു. പിന്നീട്, നാട്ടില്‍ തന്നെ കുറേക്കാലം പാരലല്‍ സര്‍വ്വീസ് നടത്തുന്ന ജീപ്പില്‍ 'പറവയായും' ഇടക്ക് കെട്ടിടങ്ങള്‍ക്ക് വര്‍ണ്ണക്കുപ്പായമേകിയും അഞ്ചു വര്‍ഷക്കാലം. ആയിടക്ക് എന്‍റെ ഇരുപത്തിയൊന്നാം വയസ്സില്‍ വിവാഹം. ഇപ്പോള്‍, മൂന്ന് വര്‍ഷമായി പ്രവാസം.
രാഷ്ട്രീയം: മര്‍ദ്ദിതപക്ഷ രാഷ്ട്രീയം.
സൌഹൃദം: വിഷയാധിഷ്ടിതം.
ഇടപെടലുകള്‍:തുല്യ ബഹുമാനവും തുല്യ ബഹുമതിയും വക വെച്ച് നല്‍കണമെന്നും അതിനെ ആചരിക്കണമെന്നും നിര്‍ബന്ധം. തീര്‍ത്തും, സഭ്യവും ഹിതകരവുമായ തരത്തില്‍ തന്‍റെ സത്യത്തെ ഉണ്മയെ ഉറക്കെപ്പറയുന്നവരോട് ബഹുമാനം/ ഇഷ്ടം/സ്നേഹം.

സാമൂഹികം: 'പരിഗണിക്കുക' എന്ന ഉന്നതമായ സാംസ്കാരിക മൂല്യത്തെ അനുഷ്ടിക്കുവാന്‍ ജാഗ്രത.
ഈ പറഞ്ഞതിലുമപ്പുറം 'വിവരക്കേടിനെ' ആഘോഷമാക്കിയവന്‍.
-------------------------------------------------------------------------------------------------------------------------
കൂട്ടുകാരുടെ നാമൂസും എന്‍റെ തൌദാരവും.
കൂട്ടുകാരുടെ പേരില്‍ ക്ലിക്കിയാല്‍ അവരുടെ ബ്ലോഗുകളില്‍ എത്താം.

ഇസ്മായീല്‍ ചെമ്മാട്.
‎ചോദ്യം1) താങ്കളുടെ രചനയില്‍ ഒളിച്ചിരിക്കുന്ന ഒരു തീവ്രതയുണ്ട്..........
പലപ്പോഴും താങ്കളുടെ രചനകളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഇതാണ് . ബൂലോഗത്ത് വളരെ കുറഞ്ഞ കാലം കൊണ്ടു താങ്കളെ പോപ്പുലറാക്കിയതും ഇതായിരിക്കാം എന്നാണു എന്‍റെ വിശ്വാസം ..... താങ്കളുടെ രചനകളെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു.?

ഉത്തരം.1) കേവലം, എണ്‍പത്തി രണ്ടു ദിവസത്തെ {രണ്ടു മാസം മുമ്പാണ് കേട്ടോ}പ്രായമേ എന്‍റെ 'തൌദാര'ത്തിനായൊള്ളൂ..
ആ സമയത്തിനകം തന്നെ ധാരാളം സുഹൃത്തുക്കളില്‍ എന്‍റെ 'തോന്ന്യാക്ഷരങ്ങള്‍' സ്വീകാര്യമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്. താങ്കളുടെയടക്കം മറ്റു ധാരാളം കൂട്ടുകാരുടെയും ഹൃദയ വിശാലതക്ക് നന്ദി. എന്‍റെ എഴുത്തില്‍ താങ്കള്‍ സൂചിപ്പിച്ച 'തീവ്രത' ഉണ്ടന്നു എനിക്ക് തോന്നുന്നുന്നില്ല. അത് ചില അവസരങ്ങളില്‍ ചില വിഷയങ്ങളുടെ ഉറക്കെപ്പറച്ചിലുകളില്‍ അതെ അര്‍ത്ഥത്തില്‍ അതെ തലത്തില്‍ തന്നെയും നോക്കികാണുന്ന ഒരാളില്‍ മാത്രം അനുഭവമാകുന്ന ഒന്നുമാകാം. അഥവാ, അത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് ബോധപൂര്‍വ്വം ചെയ്യുന്ന ഒന്നല്ല എന്നര്‍ത്ഥം.

എന്‍റെ എഴുത്ത്: ഞാന്‍ എഴുതാന്‍ വേണ്ടി എഴുതുന്നവനല്ല എഴുതിയെ തീരൂ എന്ന നിര്‍ബന്ധവും എനിക്കില്ലാ. കാരണം, ഞാനൊരു എഴുത്തുകാരനല്ല എന്നതാണ് കാര്യം. എന്നാല്‍, വായിക്കപ്പെടേണ്ട ചിലതുണ്ട്. അതിനെ അറിയിക്കുക മാത്രമാണ് എന്‍റെ ലക്ഷ്യവും താത്പര്യവും. ഒരു പക്ഷെ, എന്‍റെ എഴുത്ത് ഒരു കരച്ചിലിന്‍റെ സ്വഭാവമാകാം. ചിലതിനോടുള്ള ആഗ്രഹം/താത്പര്യം/ഇഷ്ടം/ നഷ്ടം/കൗതുകം/ആവശ്യം ഇവയിലൊക്കെയുമുള്ള ഒരു കൊച്ചു കുട്ടിയുടെ വാശിയുമാവാം എന്‍റെ ഓരോ ശബ്ദവും.

ചോദ്യം2) എഴുത്ത് എന്നത് തീര്‍ച്ചയായും ഒരു സര്‍ഗ കല തന്നെ യാണ് , ആ കല നല്ല അളവില്‍ പകര്‍ന്നു കിട്ടിയ അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളായ താങ്കള്‍ക്ക് ഈറ്റവും ഇഷ്ടപ്പെട്ട സ്വന്തം സൃഷ്ടി എതാണ്? താങ്കള്‍ വായിച്ചവയില്‍ മികച്ച ബ്ലോഗ്‌ പോസ്റ്റുകള്‍ ഒന്ന് അടയാളപ്പെടുത്താമോ? ബ്ലോഗിന് പുറത്തെ വായനയും, ഇഷ്ട എഴുത്ത് കാരെയും, അവരുടെ ഇഷ്ട പുസ്തകങ്ങളും , ഇഷ്ടപ്പെടാനുണ്ടായ കാരണങ്ങളും ?

ഉത്തരം2) എന്‍റെ വായന:
എന്‍റെ സൃഷ്ടി: എന്‍റെ സൃഷ്ടികളില്‍ എനിക്ക് ഏറ്റം ഇഷ്ടമായത്. സംശയമെന്ത്, 'എന്‍റെ കാക്കപ്പൂവ്' തന്നെ. അതിന്നകത്തു ഞാന്‍ എന്നെ തന്നെയാണ് അടയാളപ്പെടുത്തിയത്.

എന്‍റെ വായനയില്‍ ഞാന്‍ എല്ലാ അക്ഷരകൂട്ടങ്ങളെയും ഇഷ്ടത്തോടെയാണ് സമീപിക്കാറുള്ളത്. അവസാനവുമതെ, നിറഞ്ഞ സന്തോഷത്തോടെയാണ് ഞാന്‍ അവയില്‍ നിന്നും താത്കാലികമായി രാജിയാകുന്നതും. എന്നാല്‍, അവയില്‍ ചിലതിനോടെനിക്ക് പ്രത്യേകമായ ഒരു ആകര്‍ഷകണം തോന്നാറുണ്ട്. അക്കൂട്ടത്തില്‍ ഞാന്‍ അവസാനമായി വായിച്ചവയിലെ ഒന്നാണ് എനിക്ക് ആദ്യമറിയിക്കാനുള്ളത്. ബ്ലോഗില്‍ പുതുമുഖമായ 'സോണെറ്റ്' എന്ന സുഹൃത്തിന്‍റെ ആദ്യ പോസ്റ്റ് 'എന്‍റെ മാത്രം പൂക്കാലം' എന്ന തലവാചകവും അതിന്‍റെ ഉള്ളടക്കവും വരികളിലെ കയ്യടക്കവും എന്നിലേറെ ആകര്‍ഷകത്വം നല്‍കിയ ഒന്നാണ്. പിന്നെ, 'ചന്തു നായര്‍' എന്ന ബഹുമാന്യ സുഹൃത്തിന്‍റെ 'വാത്മീകം'. അത് അവതരണ മികവുകൊണ്ടും, ആശയ ഗാംഭീര്യം കൊണ്ടും ഉദ്ദേശ ശുദ്ധി കൊണ്ടും ഏറെ മുമ്പില്‍ നില്‍ക്കുന്ന ഒന്നായാണ് എനിക്കനുഭവപ്പെട്ടത്‌. അതും, എനിക്ക് ഇഷ്ടമാണ്. പിന്നെ, ചാലിയാറിന്‍റെ തോഴരില്‍ അക്ബറിക്കയുടെ 'ഒരു പ്രവാസിയുടെ തുറക്കാത്ത കത്തും'. ചെറുവാടിയുടെ, യാത്രാ വിവരണങ്ങളും അതിന്‍റെ രചനാ ശൈലിയും എനിക്ക് ഒരു അസൂയ തന്നെയാണ്. പിന്നെ, എന്‍റെ പ്രിയന്‍ അയ്യോപവത്തിന്‍റെ എല്ലാ ശ്രമങ്ങളെയും പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ സമീപിക്കാറുള്ളത്.

പുറത്തെ വായന: ഞാന്‍ അധികമൊന്നും വായിച്ചിട്ടില്ല. എങ്കിലും, അപൂര്‍വ്വമായി ചിലത് വായിച്ചിട്ടുണ്ട്. അത്തരം വായനകള്‍ ഇന്നും തുടരുന്നു. ഞാന്‍ ആദ്യമായി വായിച്ച പുസ്തകം. 'പി ഗോവിന്ദപിള്ള' വിവര്‍ത്തനം ചെയ്ത 'കാട്ടുകടുന്നല്‍' ആണ്. മത വിശ്വാസവും നിരീശ്വരവാദവും പൗരോഹിത്യവും അടിമത്വവും വിപ്ലവവും പ്രണയവും പരിവര്‍ത്തനവും ത്യാഗവും സമരവും തടവറയും രക്തസാക്ഷിത്വവും എല്ലാം ചര്‍ച്ച ചെയ്യുന്ന വലിയ വായന സമ്മാനിക്കുന്ന ഒരു നോവല്‍. ഇറ്റലിയുടെ സ്വാതന്ത്ര്യമാണ് ഈ ചര്‍ച്ചയെയൊക്കെയും നയിക്കുന്നത്.

മറ്റൊന്ന്, 'വി കെ ഉണ്ണികൃഷ്ണന്‍' വിവര്‍ത്തനം ചെയ്ത 'ഗ്രബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്‌' എന്ന എഴുത്തുകാരന്‍റെ 'കൊളറാകാലത്തെ പ്രണയം' എന്നെ പിടിച്ചിരുത്തിയ ഒരു നോവലാണത്. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും മനുഷ്യായുസ്സ് മുഴുവനായും അതില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അന്നത്തെ കാലത്തെയും അതിന്‍റെ രാഷ്ട്രീയത്തെയും സാമൂഹിക സാംസ്കാരിക സാമ്പത്തിക പരിസരങ്ങളെയും വ്യക്തമായും പരിചയപ്പെടുത്തുന്നു. അതിലുമപ്പുറം, ഒരു സ്ത്രീയുടെ വിചാരങ്ങളിലൂടെ ഒരു പുരുഷന്‍റെ പ്രക്ഷുബ്ധമായ മനസ്സിലൂടെ അതിന്‍റെ സ്വാഭാവികമായ താളക്രമത്തെ നമ്മിലൊരത്ഭുതമായി നിലനിര്‍ത്താന്‍ ആഖ്യാന ശൈലി ആധ്യമാദ്ധ്യാന്ത്യം വിജയിച്ചിരിക്കുന്നു എന്നാണ് എന്‍റെ അനുഭവം.
വിജയന്‍ മാഷിന്‍റെ 'അന്ധനും അകലങ്ങള്‍ കാണുന്നവനും' മതം രാഷ്ട്രീയം വംശീയം മാറ്കിസം ഇതൊക്കെയും ചര്‍ച്ച ചെയ്യുന്ന എല്ലാ അര്‍ത്ഥത്തിലും മനുഷ്യനോടു കൂറ് പുലര്‍ത്തുന്ന ഒരു അക്ഷരക്കൂട്ടം.

പിന്നെ, നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍റെ ഒട്ടു മിക്ക എഴുത്തുകളും. പൊറ്റക്കാടിന്‍റെ തെരുവിന്‍റെ/ ദേശത്തിന്‍റെ കഥകള്‍. 'കബീന' എന്ന ഒരു ചെറു യാത്രാ വിവരണം. വത്സലയുടെ 'നെല്ല്' 'പന്ഗുരുപുഷ്പത്തിന്‍റെ തേന്‍' എന്‍റെ നാട്ടുകാരന്‍, സുകുമാര്‍ കക്കാട് എഴുതിയ ചില പുസ്തകങ്ങള്‍. ഏറ്റവും അവസാനമായി അംബിക സുതന്‍ മങ്ങാടിന്‍റെ 'എന്‍മകജെ' പിന്നെ, ബെന്യാമിന്‍ എഴുതിയ 'ആട് ജീവിതം' റഹീംകടവത്തും സന്തോഷ്‌ പനയാലും ചേര്‍ന്ന് രചിച്ച ഇലകളും കായ്കളുമില്ലാതെ..

എം കെ ഗാന്ധി, നളിനി ജമീല, സൈനബുല്‍ ഗസ്സാലി തുടങ്ങിയവരുടെ ആത്മകഥ.
കെ ഇ എന്‍ കുഞ്ഞഹമ്മദിന്‍റെ 'ഫാസിസത്തിന്‍റെ അദൃശ്യ ലോകം' 'ഇരകളുടെ മാനിഫെസ്റ്റോ'.. എം പി വീരേന്ദ്രകുമാറിന്‍റെ 'ബുദ്ധന്‍റെ ചിരി' തുടങ്ങിയ ജാതിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന എഴുത്തുകള്‍ /ലേഖന സമാഹാരങ്ങള്‍. ഇപ്പോള്‍, വായിച്ചു കൊണ്ടിരിക്കുന്നത് ദളിത് ബന്ധുവിന്‍റെ മഹര്‍ ജാതിക്കാരെ കുറിച്ചുള്ള ഒരു ചരിത്ര പഠനം. ഡോക്ടര്‍: ബീം റാവു അംബേദ്‌കറിനെ കൂടുതല്‍ അടുത്തറിയാനുള്ള ഒരു ശ്രമം. ഇടക്ക്, കഠം എന്നൊരു ഉപനിഷത്തും. ഇങ്ങനെ പോകുന്നു പുസ്തക പാരായണം. ഇവയില്‍ മികച്ചതേത് എന്ന ചോദ്യത്തിനുത്തരം പ്രയാസം തന്നെ..!! കാര്യങ്ങള്‍ ഇങ്ങയോക്കെയാണ് എന്‍റെ വായനയുടെ ലോകം.

3) ഓണ്‍ലൈന്‍ സൌഹൃദങ്ങളെ കുറിച്ചുള്ള കാഴ്ചപാട് ? ഈ ഗ്രൂപ്പും സൌഹൃദവും? ഈ ഗ്രൂപ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍/ ഈ ഗ്രൂപ്പ്‌ താങ്കളുടെ ബ്ലോഗിന് നല്‍കിയ നേട്ടങ്ങള്‍ ? ഹൃദയം കൊടുത്ത് ഈ ഗ്രൂപ്പ്‌ സ്നേഹിക്കുകയും, ബൂലോഗത്ത് വളര്‍ത്തുകയും ചെയ്ത ചിലര്‍, വളര്‍ന്നു വലുതായതില്‍ പിന്നെ ഈ ഗ്രൂപ്പില്‍ ഒരു ലൈക് പോലും അടിക്കാതെ മന:പൂര്‍വ്വം അവഗണിക്കുകയാണെങ്കില്‍ അതിനേ താങ്കള്‍ എങ്ങിനെ കാണുന്നു? ഈ ഗ്രൂപ്പിനെ മികവുറ്റതാക്കി മാറ്റാന്‍ അല്പം നമൂസിയന്‍ നിര്‍ദേശങ്ങള്‍ ?

ഉത്തരം: 3) ചാറ്റും ഗ്രൂപ്പും. സൌഹൃദങ്ങളും.
സൌഹൃദം.: എനിക്ക് ചാറ്റും ജീവിതവും വേറെ വേറെ കാണാന്‍ ഒക്കില്ല. അകത്തയാലും പുറത്തായാലും ജീവിക്കുന്നത് ഞാനാണ്. അതും എന്‍റെ ജീവിതമാണ് ഞാന്‍ ജീവിച്ചു തീര്‍ക്കുന്നത്. എന്‍റെ ജീവിതത്തിന് ഒരു മുഖമേ പാടൊള്ളൂ എന്നൊരു നിര്‍ബന്ധമെനിക്കുണ്ട്. അത് കൊണ്ട് തന്നെ എല്ലാ ബന്ധങ്ങളെയും അതര്‍ഹിക്കുന്ന ബഹുമതിയും ബഹുമാനവും മാന്യതയും ആത്മാര്‍ഥതയും അനുവദിച്ചു കൊണ്ടാണ് എന്‍റെ കൂടെ കൊണ്ട് പോകുന്നത്.

ഗ്രൂപ്പ്: വിശാലമായ ബ്ലോഗുലകത്തെ എനിക്ക് പരിചയപ്പെടുത്തിയതും എന്നെ അവര്‍ക്കായി പരിചയപ്പെടുത്തിയതും നമ്മുടെ ഈ ഗ്രൂപ്പാണ്. ആ അര്‍ത്ഥത്തില്‍ എനിക്കതിനോട് എന്തുണ്ടാകണമോ അത് അതിന്‍റെ ഏറ്റവും വലിയ അളവില്‍ തന്നെ എന്നിലുണ്ട്.

{വിധേയത്വമെന്നാല്‍ അടിമത്തമല്ലാ എന്ന് കരുതുകയും അതിനെ ആചരിക്കുകയും ചെയ്യുന്നവര്‍ക്ക് വിജയം വരിക്കാം.}

നിര്‍ദേശം: പ്രത്യേകമായി ഒന്നിനെയും നിര്‍ദേശിക്കാന്‍ എനിക്കില്ലാ. "ഞാന്‍ എനിക്കെന്നത് പോലെ ഞാന്‍ മറ്റുള്ളവരോടും" ഇത് തന്നെയാവട്ടെ നമ്മുടെ നയവും മുദ്രാവാക്യവും.
-------------------------------------------------------------------------------------------------------------------------

ഷാനവാസ് ഇളയോടന്‍.
ചോദ്യം
1) നാമൂസ്, താങ്കള്‍ നാമൂസ് എന്ന പേരില്‍ ആണല്ലോ അറിയപ്പെടുന്നത്. താങ്കളുടെ യഥാര്‍ത്ഥ പേര്‍ എന്താകുന്നു? എന്തുകൊണ്ടാണ് നാമൂസ് എന്ന് സ്വീകരിക്കാന്‍ കാരണം?

ഉത്തരം:
നാമവും, കുറിയും:
1) ഞാന്‍ എന്‍റെ സ്വഭാവം കൊണ്ട് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. എന്‍റെ സ്വഭാവത്തോട് ഏറ്റം അടുത്തിരിക്കുന്ന ഒരു നാമമാണ് നാമൂസ്.
{തീര്‍ത്തും നിസ്സാരവും നിര്‍ദോഷവുമായ കാര്യങ്ങളില്‍ പോലും കൊച്ചു കുട്ടികളെപ്പോലെ ദുര്‍വാശി കാണിക്കുന്നവരെയാണ് നാമൂസ് എന്ന പേര്‍ ചൊല്ലാറുള്ളത്. എന്നിലുള്ള സ്വഭാവ ഗുണവും ഇത് തന്നെ. എങ്കില്‍, താങ്കള്‍ക്ക് എന്നെ ധൈര്യപൂര്‍വ്വം 'നാമൂസ്' എന്ന് വിളിക്കാം.}

ചോദ്യം
2) എല്ലാ വിധ തീവ്രവാദത്തെയും ഞാന്‍ എതിര്‍ക്കുന്ന ഒരാളാണ്. എന്നാല്‍ താങ്കളിലെ എഴുത്തിലെ തീവ്രവാദം എനിക്കിഷ്ടമാണ് താനും. താങ്കള്‍ നക്സലുകളെ ഇഷ്ട്ടപെടുന്നതുകൊണ്ടാണോ ബ്ലോഗിന് വരെ കടിച്ചാല്‍ പൊട്ടാന്‍ പ്രയാസമായ എന്‍റെയൊക്കെ നാവിനു വഴങ്ങാത്ത പേര് കൊടുത്തിരിക്കുന്നത്.

ഉത്തരം:
2) ഭാഷയും ശൈലിയും:
ഈ ചോദ്യത്തിലെ ആദ്യ ഭാഗത്തിനുള്ള ഉത്തരം ഞാന്‍ 'പ്രിയന്‍ ഇസ്മായീല്‍ ചെമ്മാടിനു' നല്‍കിയിട്ടുണ്ട്. അതിനെ ശ്രദ്ധിക്കുമെന്ന് കരുതട്ടെ. കൂട്ടുകാരാ... എന്‍റെ ബ്ലോഗിന് നല്‍കിയ പേര് പോലെ തന്നെ അപരിചതരാണോ നമുക്ക് നാം 'നക്സലുകള്‍' എന്ന് വിധിയെഴുതിയ രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗങ്ങളും...? തൌദാരമെന്നാല് സംസാരമെന്നര്‍ത്ഥം. മലപ്പുറമാണ് പ്രിയനേ....!

ചോദ്യം
3) ബൂലോകത്ത് താങ്കള്‍ക്ക് എന്തെങ്കിലും അനിഷ്ടകരമായ അനുഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്താണത്?
(എല്ലാ ചോദ്യങ്ങള്‍ക്കും പുഞ്ചിരി ലേബല്‍ കൊടുത്തുകൊണ്ട്, നല്ലൊരു അവധി ആശംസിച്ചു കൊണ്ട്...)

ഉത്തരം
3) ബ്ലോഗിലെ ഇഷ്ടവും അനിഷ്ടവും:
ഈ സമയം വരെയും എനിക്ക് അഹിതകരമായ ഒരനുഭവവും ഇല്ലാ എന്നതില്‍ ഞാന്‍ തൃപ്തനാണ്.
{ഇഷ്ടക്കാരന്‍റെ പുഞ്ചിരിക്ക് മറു പുഞ്ചിരി സമ്മാനം. സസന്തോഷം ഹൃദയപൂര്‍വ്വം നന്മകള്‍}
-------------------------------------------------------------------------------------------------------------------------


ജെഫു. { ചേരുന്നിടം }
‎1- താങ്കളിലുള്ള ഒരു എഴുത്തുകാരൻ എന്ന പ്രതിഭ തിരിച്ചറിയപ്പെടാൻ താങ്കളെ സഹായിച്ച വസ്തുതകളൊ സംഭവങ്ങളൊ ഒന്നു സൂചിപ്പിക്കാമൊ..

ഉത്തരം:
1.എഴുത്തും, പ്രതിഭയും.
പരിഹസിക്കപ്പെടുന്നതിലെ വേദന ഞാനിപ്പോള്‍ അനുഭവിക്കുന്നു. അല്ലെങ്കില്‍, എന്നില്‍ ഒരു പ്രതിഭയെ ആരോപിക്കപ്പെടാന്‍ മാത്രം ഞാനെന്തു തെറ്റാ ചെയ്തത്...?

ഞാന്‍ ആദ്യമായി എഴുതാന്‍ ശ്രമിച്ചത് എന്‍റെ മന്നസിനെ മഥിക്കുന്ന ചില ഓര്‍മ്മകളെയായിരുന്നു. 'ഓര്‍മ്മകളുടെ തീരം' എന്ന തല വാചകവും അതിനു നല്‍കി. പിന്നീട്, ഒന്നുമെഴുതാന്‍ എന്നില്‍ മിച്ചമില്ലായിരുന്നു. നാളുകള്‍ക്ക് ശേഷം നാട്ടിലെ ഒരു സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒരു 'കയ്യെഴുത്തു മാസിക' ആരംഭിക്കുകയും അതിന്‍റെ തുടക്കത്തില്‍ വളരെ സജീവമായി തന്നെയും ചില ഇടപെടലുകള്‍ ഞാന്‍ നടത്തുകയും ചെയ്തു പോന്നിരുന്നു. . അങ്ങനെ ചിലതൊക്കെയും അതിലും കുറിക്കപ്പെട്ടു. പിന്നീട്, ആ പരിപാടി നിന്ന് പോയപ്പോള്‍ അക്കൂടെ എന്‍റെ എഴുത്തുകളും നിലച്ചു. പിന്നീട്, ഖത്തറില്‍ എത്തിയതിനു ശേഷം ഈയടുത്ത സമയത്ത് 'beyluxe messenger' എന്ന 'ഹൈ ചാറ്റ് സെര്‍വറില്‍' നിന്നും പരിചയപ്പെട്ട ഒരു കൂട്ടുകാരന്‍ വഴി അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി 'മുഖ പുസ്തകത്തിലെത്തുകയും' ചിലതൊക്കെയും എഴുതി തുടങ്ങുകയും ചെയ്തു. ഇപ്പോള്‍, താങ്കള്‍ അടക്കം പലരും വായിക്കപ്പെടുന്ന ഓരോ അക്ഷരവും അങ്ങനെ പിറവി കൊള്ളുന്നതാണ്. {ആ കൂട്ടുകാരനെ ഇവിടെ പലര്‍ക്കും പരിചയമുണ്ട്. 'ലാലാ ദുജ' എന്ന ഐ ഡിയില്‍ അദ്ദേഹം 'മുഖ പുസ്തകത്തില്‍' വളരെ സജീവമാണ്}

2-താങ്കളുടെ തീവ്രമായ വികാരങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ ബ്ലോഗിലെ എഴുത്തുകാരെ നോക്കിക്കാണുന്ന എന്നെ പ്പോലുള്ള നവാഗതർക്കു നല്കുവാനുള്ള ഏറ്റവും നല്ല ഉപദേശം എന്തായിരിക്കും (പുഞ്ചിരിയിൽ ഒതുക്കില്ലല്ലോ..)

ഉത്തരം
2.ഉപദേശ നിര്‍ദേശങ്ങള്‍..?
ഞാനും ഒരു തുടക്കകാരനാണ്‌.
വായനയുടെ കാര്യത്തില്‍ : നാം വായിക്കപ്പെടുന്നവയില്‍ സത്യസന്ധമായി അഭിപ്രായം കുറിക്കുന്നതിന് സൗഹൃദം ഒരു തടസ്സമായി വരരുത്. നിര്‍ബന്ധമായും സത്യസന്ധമായ വിലയിരുത്തലുകള്‍ മാത്രം നടത്തുക. അത് നമ്മുടെ വായനാ നിലാവരത്തെ ഉയര്‍ത്തുന്നതിനും എഴുത്തിനെ മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.
എഴുത്തിന്‍റെ കാര്യത്തില്‍: പറയേണ്ട കാര്യങ്ങളെ സത്യസന്ധതയോടെ ഉറക്കെ പറയുക. സഭ്യവും ഹിതകരവുമായ ഭാഷയെ പ്രയോഗിക്കുക. {ഇതൊന്നും ഒരു ഉപദേശമോ നിര്‍ദേശമോ അല്ല. പകരം, ഇങ്ങനെയൊക്കെ ആയെങ്കിലെന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നവയെ പറഞ്ഞതാണ്. }

ഇത്രയുമേ സാധിക്കൂ..... ഒരു പുഞ്ചിരി തന്നെയും വളരെ ശ്രമകരമായ ഒന്നാണ് പ്രിയാ....!!
-------------------------------------------------------------------------------------------------------------------------

കണ്ണന്‍.
ചോദ്യം: ഞാന്‍ എന്ത് കൊണ്ട് അവനെ പോലെ ആകുന്നില്ല?...(ചോദ്യം അങ്ങയുടെത് തന്നെ ആണ്.. )
ഉത്തരം:ഞാന്‍ അവനല്ല എന്നും എനിക്ക് 'ഞാന്‍' ആകാനെ സാധിക്കൂ എന്നും മാത്രമാണ് മിതമായ രീതിയിലുള്ള ഉത്തരം. അതിലുമപ്പുറം പറയാന്‍ ഞാന്‍ അശക്തനുമാണ്.
{ഇതൊരു ബൂമറാങ്ങ് ആകുമെന്ന് ഞാന്‍ സ്വപ്നേപി നിനച്ചിരുന്നില്ല.}
-----------------------------------------------------------------------------------------------------------------------

ഐക്കരപ്പടിയന്‍
ചോദ്യം: ‎1) ഒരേ നിയോജക മണ്ടലക്കാര്‍, അടുത്ത നാട്ടുകാര്‍ ഒക്കെ ആയിട്ടും വളരെ താമസിച്ചാണ് നമൂസു 'ഐക്കരപ്പടിയില്‍' എത്തിയതും സംസാരിച്ചതും ഒക്കെ...പലപ്പോഴും ഐക്കരപ്പടിയിലേക്ക് ബസ്‌ കയറിയ താങ്കള്‍ക്ക് കൊട്ടപ്പുറത്തും പുളിക്കലും ഇറങ്ങേണ്ടി വന്നു എന്ന് പറ...ഞ്ഞത് ഓര്‍ക്കുന്നു.....സത്യത്തില്‍ നമ്മള്‍ തമ്മില്‍ എത്ര ദൂരമുണ്ട് ?

ഉത്തരം1) പൊരുത്തം.
ഇടക്ക് വെച്ച് യാത്രയുടെ വഴി തിരിച്ചു വിട്ടിരുന്നത് മന:പൂര്‍വ്വമല്ല. ചില പ്രത്യേക കാരണങ്ങളാല്‍ അന്നങ്ങനെയൊക്കെ സംഭവിച്ചു പോയതാണ്. എങ്കിലും, ഇന്നവിടെ വേഗത്തിലെത്താന്‍ ഞാന്‍ കഴിവതും ശ്രമിക്കാറുണ്ട്.
"എനിക്ക് താങ്കളിലേക്കുള്ള ദൂരം താങ്കള്‍ക്ക് എന്നിലേക്കുള്ളത്രയുമുണ്ട്" എന്ന് പറഞ്ഞാല്‍ അതത്രയും ശരിയല്ല...ഒട്ടും ഉപാധികളില്ലാതെ നമുക്കൊരു കച്ചവടം ഉറപ്പിക്കാം. നമുക്ക് പരസ്പരം നന്മയുടെ യാചകരും യജമാനന്മാരുമാകം.

2) സംഭവ ബഹുലമായ താങ്കളുടെ ചെറുപ്പ കാലം.. പഠനം സത്യത്തില്‍ നിഷേധിക്കപ്പെടുകയായിരുന്നോ അതോ സ്വയം ത്യജിച്ചതോ..ഭാഷയുടെ ആചാര്യന്‍ എന്ന് വിളിക്കപ്പെടുന്ന താങ്കളെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ ഭാഷ സമിതിയുടെ മെമ്പര്‍ വരെയാക്കി വലുതാക്കിയ ഭാഷാപാണ്ഡിത്യം എങ്ങനെ കരഗതാമായതാണ്...ഇതില്‍ സ്വാധീനിച്ച വ്യക്തി, പുസ്തകങ്ങള്‍ (നമുക്കും ഒന്ന് നന്നാവാലോ )?

ഉത്തരം
2) വിദ്യാഭ്യാസം, ഭാഷാ പരിചയം.

നിര്‍ബന്ധിത സാഹചര്യത്തില്‍ എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്ന പലതില്‍ ഒന്ന് മാത്രമാണ് സ്കൂള്‍ വിദ്യാഭ്യാസം. ലഭിക്കാതെ പോയ ഒന്നല്ല നഷ്ടമെന്നും ലഭ്യമായവയെ ആസ്വദിക്കാനാവാത്തതാണ് യഥാര്‍ത്ഥ നഷ്ടമെന്നുമുള്ള തിരിച്ചറിവ് എന്നെ ബലവാനാക്കുന്നു. ഇക്കാ... ഞാന്‍ തീര്‍ത്തും പറയുന്നു. എനിക്കതില്‍ അശേഷം നിരാശയില്ല.

ഭാഷാ പരിചയം: എനിക്ക് മലയാളമെന്നല്ല ഒരു ഭാഷയും അത് നിര്‍ബന്ധിക്കുന്ന നിയമത്തിന്‍റെ വട്ടത്തില്‍ ഒതുങ്ങി പ്രയോഗിക്കാനറിയില്ല എന്നതാണ് സത്യം. കാരണം, അത്തരം നിയമങ്ങളെ കുറിച്ചുള്ള ഒരറിവും എനിക്കില്ലാ. മറ്റൊന്ന്, നമ്മുടെ 'അക്ഷരാശ്രമത്തില്‍' എനിക്ക് ചെയ്യുവാനാകുന്നത് അക്ഷരത്തെറ്റുകളെ തിരുത്തുന്നതിന് സഹായകമാകുന്ന ഇടപെടലുകള്‍ നടത്താം എന്നത് മാത്രമാണ്.

പഠന മുറി: ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന { ഇപ്പോഴും അതെ } പുന്നപ്രക്കാരന്‍ 'ദേവസ്യ മാസ്റ്റര്‍' ആയിരുന്നു എനിക്ക് ഏറ്റം ഇഷ്ടപ്പെട്ട എന്നോട് അധികം പ്രിയം കാണിച്ചിരുന്ന അദ്ധ്യാപകന്‍. അദ്ദേഹവുമായി നീണ്ട പതിനാറു വര്‍ഷമായി തുടരുന്ന കത്തിടപാടുകള്‍ എന്നെ ഭാഷാപരമായി ഏറെ സഹായിച്ചിട്ടുണ്ട്. പിന്നെ, വീട്ടില്‍ എന്‍റെ അമ്മാവന്‍ നല്ലോണം വായിക്കുന്ന കൂട്ടത്തിലാണ്. അദ്ദേഹവും ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നെയാണ്. അദ്ദേഹത്തെ അനുകരിച്ചനുകരിച്ചാണ് ഞാനീ വിധമായിത്തീര്‍ന്നത്. എനിക്ക് അപരിചിതമായ ഒരു വാക്കോ വല്ല പ്രയോഗമോ എവിടെ നിന്നെങ്കിലും ലഭിച്ചാല്‍ ഞാനതിനെ അറിവുള്ളവര്‍ക്ക് മുമ്പില്‍ പ്രയോഗിക്കും. ശരിയോ തെറ്റോ, ഞാന്‍ അതിനെ പറഞ്ഞിരിക്കും. വല്ല തിരുത്തും ആവശ്യമെങ്കില്‍ അവരത് തീര്‍ത്ത്‌ നല്‍കും. പോകെപ്പോകെ അതിന്‍റെ ശരിയെ പ്രയോഗിക്കുന്നതില്‍ ഞാന്‍ വിജയിക്കും. ഈ വാക്കുകള്‍ ലഭിക്കുന്ന ഇടം പ്രത്യേകമായി ഒരിടത്ത് മാത്രം കേന്ദ്രീകൃതമല്ല എന്നതില്‍ നമുക്കാര്‍ക്കും തര്‍ക്കം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഇത്രയുമാണ് നാമൂസിന്‍റെ ഭാഷാ പരിചയവും പഠന മുറിയും.

ചോദ്യം 3) താങ്കളുടെ നിലപാടുകള്‍ പലതിലും (പേരില്‍ പോലും) ഒരു നിഗൂഡത ഒളിഞ്ഞിരിക്കുന്നതായി തോന്നുന്നു...സംസാരിച്ചപ്പോഴും അത് തന്നെ തോന്നി...എന്താണ് താങ്കളുടെ ഉള്‍വലിയലിന്‍റെ രസതന്ത്രം....?

ഉത്തരം
3) നിലപാടുകളിലെ വ്യക്തത.
എനിക്കൊരു നിലവാരമുണ്ട് എന്‍റെതായൊരു നിലവാരം. അത് പോലെ എന്‍റെതായൊരു നിലപാട് തറയും. ആ നിലപാട് തറയില്‍ നിന്ന് കൊണ്ട് എന്‍റെ പരിസര വായനയില്‍ അനുഭവമാകുന്ന പൊരുത്തക്കെടുകളോട് ഞാന്‍ പ്രതികരിക്കാറുണ്ട്. ഒരു ആത്മഗതത്തിലോ മുറുമുറുപ്പിലോ അതവസാനികകാറില്ല. അവസാനിപ്പിക്കാന്‍ ഞാനൊരുക്കവുമല്ല. മാത്രവുമല്ല, ഞാന്‍ മറഞ്ഞിരിക്കുന്ന ഒരുവനല്ല. ഒരു പക്ഷെ, മറ്റാരേക്കാളും അധികമായി തുറന്നു കാണിക്കുവാന്‍ ഒട്ടും മടിയില്ലാത്തവനുമാണ്. ഒരല്‍പം കൂടെ എന്നെ പരിഗണിക്കാന്‍ താങ്കള്‍ ഹൃദയ വിശാലത പ്രകടിപ്പിച്ചാല്‍ എന്നെ മനസ്സിലാക്കാവുന്നതേ ഒള്ളൂ...  കാരണം, താങ്കളില്‍ ഒരു മനുഷ്യ ഹൃദയത്തെ ഞാന്‍ അനുഭവിക്കുന്നു.
-------------------------------------------------------------------------------------------------------------------------

ഷാജു അത്താണിക്കല്‍ {അടയാളങ്ങള്‍}
ചോദ്യം 1. നാമൂസ്..... ശെരിക്കുള്ള പേര് തുറന്നു പറയാമോ?

ഉത്തരം 1.ഇനി എന്‍റെ പേര് പറഞ്ഞില്ലാന്നു വേണ്ടാ.. അതുകൊണ്ടിനിയൊരു വിഷമവും എന്‍റെ പ്രിയന്‍ അനുഭവിക്കേണ്ട. ഷാജൂട്ടാ..എന്‍റെ പേര് നാമൂസ് [ മന്‍സൂര്‍ } സന്തോഷമായോടാ..?

ചോദ്യം2.വാക്കുകളെ കൊണ്ട് അമ്മാനമാടുന്ന രണ്ട് പേരോട് ഞാന്‍ സംസാരിച്ചു അതില്‍ ഒന്നാണ് നിങ്ങള്‍ മറ്റൊന്ന് 'ഉമ്മര്‍ ഗുരു' എങ്ങിനെ ഈ എഴാം ക്ലാസ് ഇങ്ങനെയുള്ള 'കടിച്ചാല്‍ പൊട്ടാത്ത' വാക്കുകള്‍ പറയുന്നു?

ഉത്തരം 2.പിന്നെ, ഉമര്‍ ഗുരുവുമായി എന്നെ ചേര്‍ത്തു വെച്ചത് ഒരല്‍പം കടന്ന കയ്യായിപ്പോയില്ലേ പ്രിയാ..!! ഈ പാവം ഇങ്ങനെയൊക്കെ അങ്ങട് ജീവിച്ചു പൊക്കോട്ടേഡാ... എന്നെ അങ്ങ് വെറുതെ വിട്ടേക്ക്...!!!

ചോദ്യം3. വിദ്യയില്‍ ഒന്നും ഒരു പ്രധാന്യവുമില്ല വികൃതിയിലാണ് കാര്യം അല്ലേ നാമൂസ്ക്കാ?

ഉത്തരം3. വിദ്യയിലെ കാര്യം ഞാന്‍ പറയാം. സംശയങ്ങളെ അപരാധമായി കാണാതിരിക്കുക. അത് നമ്മെ ഒരു ജിജ്ഞാസുവാക്കും. ഒരു ജിജ്ഞാസുവിനു മാത്രമേ യഥാര്‍ത്ഥ സത്യത്തെ അന്വേഷിച്ചു കണ്ടെത്താനൊക്കൂ.. ആ വഴിയില്‍ ലഭിക്കുന്ന വിവരങ്ങളത്രയും പുതിയ അറിവുകളായിരിക്കും. അത് നമ്മെ സമ്പന്നമാക്കും.
-------------------------------------------------------------------------------------------------------------------------

കൊമ്പന്‍ മൂസ.
ഡാ നാമൂസ്, ഞാന്‍ എന്താ നിന്നോട് ചോദിക്കുക.? ഓക്കേ ഞാന്‍ ചോദിക്കുന്നു.
നിന്നിലെ നിന്‍റെ പത്തു ദോഷങ്ങള്‍ എന്നിലെ എന്നോട് ഒന്ന് പറയാമോ? കേവലം കളിയായിട്ട്.

{ഡാ കോമ്പാ, നീയും എന്നെ ചോദ്യം ചെയ്യാന്‍ ഇറങ്ങിയിരിക്കുകയാണോ? ശരി, നിന്‍റെ ചോദ്യത്തിനും ഉത്തരം നല്‍കിയേക്കാം...!!}

നല്ലതും തിയ്യതും:
നന്മയും തിന്മയും [ ഗുണവും ദോഷവും} മനുഷ്യന് പ്രകൃത്യാ തന്നെ നല്ല ബോദ്ധ്യമുള്ള ഒന്നാണ്. മനുഷ്യ കുലത്തിന് തീര്‍ത്തും സുപരിചിതമായവയെ നല്ലതെന്നും അല്ലാത്തവയെ തിയ്യതെന്നും ഗണിച്ചു പോരുന്നു. ഇവയില്‍ ഏതൊന്ന് നമ്മില്‍ എറിയിരിക്കുന്നോ അതിന്‍റെ ആനുപാതത്തില്‍ നമ്മിലെ 'സ്വഭാവ ഗുണം' നമുക്ക് തീരുമാനിക്കാം. ഇത്രയും ഞാന്‍ പൊതുവായി പറഞ്ഞു വെക്കുന്നു.

എങ്കില്‍, ഞാന്‍ നല്ലതെന്നു {സ്വഭാവ ഗുണം} കരുതുന്നവയെ ചിലപ്പോള്‍ പൊതു സമൂഹം ചീത്ത ഗുണം എന്ന് വിധിയെഴുതി യേക്കാം. എന്നാല്‍, എന്നിലെ എല്ലാം എനിക്ക് അതാതു കാലങ്ങളില്‍ ആവശ്യമായിരുന്നു എന്നാണ് ഞാന്‍ കരുതിപ്പോരുന്നത്. ഇനി കഴിഞ്ഞ രണ്ടു വര്‍ഷത്തെ സൌഹൃദത്തിന്നിടക്ക് നിനക്ക് തന്നെയും വായിച്ചെടുക്കാം എന്നിലെ നല്ലതും തിയ്യതും.

{ എന്നാലും ഈ ചതി എന്നോട് വേണമായിരുന്നോ..? ആളുകള്‍ എന്നെകൊണ്ട്‌ നല്ലത് പറയുന്നത് നിനക്ക് സഹിക്കുന്നില്ലല്ലേ..? }
-------------------------------------------------------------------------------------------------------------------------

റാണി പ്രിയ { ദേവൂട്ടി }
താങ്കളുടെ എല്ലാ എഴുത്തും സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാന്‍ ഒന്നും ചോദിക്കാനില്ല ... വരികള്‍ ശക്തം ,തീഷ്ണം, മനോഹരം ..... എഴുതുന്ന ഓരോ വാക്കും സത്യം .... എങ്കിലും ചോദിക്കട്ടെ
1 . 'തൌദാരം' എന്ന വാക്കിന്റെ അര്‍ഥം എനിക്കറിയില്ല.
2 . ലോകാ സമസ്താ സുഖിനോ ഭവന്തു : ലോകത്തെ നോക്കി പുഞ്ചിരിക്കാന്‍ കഴിയുന്നുണ്ടോ?

ഉത്തരം.
ദേവൂട്ടി ഞാന്‍ പറഞ്ഞോട്ടെ..?
ഈ പരിഗണനക്ക് പ്രോത്സാഹനത്തിന് പിന്തുണക്ക് നന്ദി. ഹൃദയപൂര്‍വ്വം.
1.തൌദാരമെന്നാല് സംസാരമെന്നര്‍ത്ഥം. പ്രാദേശികമായി ഉപയോഗിക്കുന്ന ഒരു വാക്കാണത്. മലപ്പുറത്തെ പ്രായം ചെന്നവര്‍ ഇപ്പോഴും ഇങ്ങനെ തന്നെയാണ് പ്രയോഗിക്കാറുള്ളത്. പ്രത്യേകിച്ചും എന്‍റെ പരിസരത്തെ അമ്മമാര്‍.

2.ഈ ചോദ്യം {രണ്ടാമത്തെ} എനിക്കൊരായിരം വാക്കുകള്‍ കൊണ്ടും ഉത്തരം നല്‍കാനാവാത്തവണ്ണം കനപ്പെട്ടതും വിശാലവുമാണ്‌. താത്ക്കാലികം ഒന്ന് മാത്രം പറയാം.
"നിഷ്കളങ്കമായി ചിരിക്കാന്‍ കഴിയണേ എന്നാണു പ്രാര്‍ത്ഥന".
-------------------------------------------------------------------------------------------------------------------------

ഫെനില്‍
ഖത്തറില്‍ വന്നിട്ട് ഈ തിരക്കിനിടയില്‍ എങ്ങനെ എഴുതാല്‍ പറ്റുന്നു. ഖത്തറില്‍ എവിടെയാ?
ചിലതൊക്കെ വായിക്കുമ്പോള്‍ ഒരു ബുജി ടച്ച് ഉണ്ട് അത് ജന്മനാ ഉള്ളതാണോ?
@അച്ചായാ..
ഖത്തറില്‍ എത്തിയതിനു ശേഷമാണ് ഞാന്‍ അല്പമെങ്കിലും എഴുതാന്‍ കാര്യമായി ശ്രമിച്ചു തുടങ്ങിയത്. ഖത്തറില്‍ ദോഹയില്‍ തന്നെയാണ്. പിന്നെ, ഞാന്‍ ആളൊരു 'ബുജി'യല്ല. എന്നാല്‍, കേവലമൊരു 'ബാജി'യാവരുതെന്നു നിര്‍ബന്ധം എനിക്കുണ്ട്.
-------------------------------------------------------------------------------------------------------------------------

സിദ്ദീഖ് തൊഴിയൂര്‍.
{എന്‍റെ വീതം, മാലപ്പടക്കം അങ്ങനെ അങ്ങനെ എത്രയോ എണ്ണം ബ്ലോഗുകളുടെ ഉടമസ്ഥന്‍}
എഴുത്തിന് ഇങ്ങിനെ ഒരു ശൈലി സ്വീകരിക്കാനുണ്ടായ പ്രചോദനം എന്തായിരുന്നു ?

‎@സിദ്ധീഖ് തൊഴിയൂര്‍,
ഞാന്‍ എനിക്ക് പറയാനുള്ളതിനെ എനിക്ക് സാദ്ധ്യമാകുന്ന അളവില്‍ എന്‍റെതായ രീതിയില്‍ പറയുന്നു. പറയുന്ന കാര്യങ്ങളില്‍ എനിക്കൊരു സത്യമുണ്ട്. ആ സത്യത്തെ ആചരിക്കാന്‍ ശ്രമിക്കുന്നു/ശ്രദ്ധിക്കുന്നു അത്രമാത്രം , അതില്‍ കവിഞ്ഞു മറ്റൊന്നും തന്നെ അധികമായി എന്നിലോ എന്‍റെ തോന്ന്യാക്ഷരങ്ങളിലോ ഇല്ലായെന്ന് പറയട്ടെ..!!
-------------------------------------------------------------------------------------------------------------------------

ബെന്ചാലി പോസ്റ്റ്‌മാന്‍.
1ബ്ളോഗേർസിന്റെ അടുത്ത് നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യം ?

{ ബ്ലോഗെന്ന മാധ്യമത്തിന്‍റെ സാധ്യതകള്‍..?}

1.ഭരണകൂടത്തിന്‍റെ നാവായി മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞതിന്‍റെ തെളിവാണ് 'നമ്മുടെ' വാര്‍ത്താകോടതികളുടെ സായാഹ്നചര്‍ച്ചകളിലൂടെയും നാരായമെഴുത്തിലൂടെയും ബോധ്യമാകുന്നത്. .മുതലാളിത്തതാത്പര്യം സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും കച്ചവട താത്പര്യങ്ങളുടെ ദല്ലാളന്‍മാര്‍ക്കും വേണ്ടി. ഫാസിസ്റ്റ് ശക്തികളുടെ കൂലിയെഴുത്തുകാരായി മാധ്യമ പ്രവര്‍ത്തകര്‍ അധ:പതിക്കുന്ന ഇക്കാലത്ത് തിരസ്കരിക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്യന്ന വാര്‍ത്തകളുടെ നിജത്തെ പറയാന്‍ ഇങ്ങനെയൊരു മാധ്യമം കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. സ്വതന്ത്രമായ/എല്ലാതരം കെട്ടുപാടുകളില്‍ നിന്നും മോചിതരായ ആളുകളുടെ ഇടപെടലുകള്‍ ഈ മേഖലയില്‍ ശക്തമായി തന്നെയും നടക്കേണ്ടിയിരുന്നു. നമ്മുടെ എഴുത്തുകളില്‍ കാര്യമാത്ര പ്രസക്തമായ വിഷയങ്ങളെ കൈകാര്യം ചെയ്തു കൊണ്ട് ഈ സംവിധാനത്തിന്‍റെ ജീവനെ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകത ബ്ലോഗിങ്ങിനെ സമീപിക്കുന്നവരില്‍ ഗൗരവമായ ആലോചനക്ക് പ്രേരകമാവേണ്ടതുമുണ്ട്.

2അടുത്ത കാലത്താണല്ലൊ ബ്ളോഗ് തുടങ്ങിയത്, എന്ത് കൊണ്ട് വൈകി ?

2.ഇങ്ങനെയൊരു സംഭവത്തെ കുറിച്ചെനിക്ക് നേരത്തെ യാതൊരു വിവരവുമില്ലായിരുന്നു.
മുഖപുസ്തകത്തില്‍ അങ്ങനെ കറങ്ങി തിരിയുമ്പോഴാണ് നമ്മുടെ സുഹൃത്ത് 'പ്രിന്സാദ് പാറയില്‍' ഇങ്ങനെ ഒരാശയം പങ്കു വെച്ചത്. വീണ്ടും കുറെ നാളുകള്‍ക്ക് ശേഷം നമ്മുടെ 'ഫോട്ടോ ഷോപ്പി കുഞ്ഞാക്കയുടെ' സഹായത്താല്‍ ഒരെണ്ണം നിര്‍മ്മിക്കപ്പെടുകയായിരുന്നു. ആ സമയം വരെയും എനിക്കീ ലോകം അജ്ഞാതമായിരുന്നു. ശേഷം, പലരുടെയും പിന്തുണ എനിക്ക് ലഭിക്കുകയുണ്ടായി. ഇന്നിപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. എന്നോട് സഹോദര ബുദ്ധ്യാ ഇടപെട്ട എല്ലാ കൂട്ടുകാര്‍ക്കും ഹൃദയപൂവ്വം നന്ദി അറിയിക്കുന്നു.

3ബ്ളോഗ് ലോകത്ത് അനുഭവിക്കുന്ന വിഷമങ്ങൾ എന്തെല്ലാം?

3.എനിക്ക് പ്രത്യേകമായൊരു അനിഷ്ടവും അനുഭവപ്പെട്ടില്ലാ. ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ എല്ലാത്തിനെയും നോക്കികാണുന്നു. വളരെ സന്തോഷത്തോടെ...!!
-------------------------------------------------------------------------------------------------------------------------

ബൈജുവചനം.
നാമൂസിക്കാ ഈ ബ്ലോഗുലകത്ത് വിമര്‍ശകരുടെ അഭാവം കാര്യമായി അനുഭവപ്പെടുന്നില്ലേ?

@ബൈജു,
പ്രോത്സാഹനവും, വിമര്‍ശനവും.
ഇവിടെ നാം തന്നെയാണ് എല്ലാം. അതൊരു പരിമിതിയും, കൂടെ ആശ്വാസവുമാണ്. നമ്മുടെ ഓരോരുത്തരുടെയും ഇടപെടലുകളില്‍ ഈ പ്രശ്നം പരിഹൃതമാണ് എന്നാണ് എന്‍റെ അഭിപ്രായം. മറ്റൊരു കാര്യമെന്നത് പ്രോത്സാഹനവും വിമര്‍ശനവും ഇവ രണ്ടും നമ്മുടെ വളര്‍ച്ചക്ക് വേഗത കൂട്ടും. ഒന്നിനോട് പ്രിയവും, മറ്റൊന്നിനോട് അസഹിഷ്ണുതയും അരുതെന്ന് മാത്രം. ചുരുക്കത്തില്‍, രണ്ടിനും തുല്യാനുപാതത്തില്‍ സ്വാധീനമുണ്ടെന്ന് സാരം.എങ്കിലും, ഗുണത്തില്‍ മികച്ചത് വിമര്‍ശനം തന്നെ. അതും ആരോഗ്യകരം എങ്കില്‍ മാത്രം...!!!
-------------------------------------------------------------------------------------------------------------------------

ഉസ്മാന്‍ കിളിയമണ്ണില്‍.
ചൂഷിതരോടൊപ്പം സഞ്ചരിക്കുന്ന ഒരു പോരാളിയുടെ മനസ്സ് രചനകളില്‍ കാണുന്നുണ്ട്. തെരഞ്ഞെടുത്ത വായനാ പരിസരത്തും കീഴാളരുടെ ഉയിര്‍പ്പുഘോഷങ്ങളാണ്. വിമോചനം ആണ് ലക്‌ഷ്യം എങ്കില്‍ അതിനു താങ്കള്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം ഏതാണ്?

@ഉസ്മാന്‍ കിളിയമണ്ണില്‍,

{ഞാന്‍ ആദ്യമേ ഒരു കാര്യത്തെ പറയുന്നു. എനിക്ക് തോന്നിയ ചിലതിനെ മാത്രമാണ് ഇവിടെ കുറിക്കുന്നത്. മാത്രവുമല്ല, ഈ അന്വേഷണത്തിന്‍റെ തുടക്കത്തിലുമാണ് ഞാന്‍.}

കീഴാളപക്ഷത്തിന്‍റെ മോചനത്തിന് വേണ്ടി പുതിയതായി ഒന്നിനെയും ആവിഷ്കരിക്കേണ്ടതായിട്ടില്ല. ആദ്യമായി അവരിലുള്ള അധമബോധമാണ് മാറേണ്ടത്. ഒരാള്‍ക്കും മറ്റൊരാളില്‍ നിന്നും വ്യത്യസ്തമായി യാതൊരുവിധ അധികവുമില്ലാ എന്നും ഇനി അഥവാ എന്തെങ്കിലും കല്‍പിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അവരിലെ മനുഷ്യത്വം ഒന്ന് മാത്രമാണ് അതിന് മാനദണ്ഡം എന്നുമുള്ള തിരിച്ചറിവാണ് അവര്‍ക്കാദ്യം വേണ്ടത്. മറ്റൊന്ന്, ഭരിക്കാനും നയിക്കാനും ആവശ്യമായ യോഗ്യത പൊതു ജനതയോടുള്ള സംവേദന ക്ഷമതയാണെന്നും ഒരു പക്ഷെ മറ്റാരേക്കാളും അധികമായി സംവേദന ക്ഷമതയാര്‍ജ്ജിച്ചൊരു സമൂഹം ജനനം തൊട്ടേ രാജ്യത്തിന്‍റെ നോവും നൊമ്പരവും അറിഞ്ഞു വളര്‍ന്ന തങ്ങളാണെന്നും തങ്ങള്‍ക്കു മാത്രമാണ് ഒരര്‍ഥത്തില്‍ കൂടുതല്‍ രാജ്യത്തിന്‍റെ ആത്മാവ് തൊട്ടറിയാനുള്ള ശേഷിയെന്നുമുള്ള ബോധ്യം ഉണ്ടാവുകയുമാണ് രണ്ടാമത്തെ കാര്യം.

മറ്റൊന്ന്, രാജ്യത്തെ എല്ലാ വിഭവങ്ങളിലും അതിന്‍റെ സമാഹരണത്തിലും വിതരണത്തിലും തുല്യാവകാശാമാണെന്നും അത് കൊണ്ട് തന്നെ അതിന്‍റെ പ്രയോക്താക്കളിലും ഉപഭോക്താക്കളിലും തുല്യാനുപാതം ഉണ്ടായിരിക്കണമെന്നുമുള്ള അവകാശ ബോധാവുമായിരിക്കണം അവരെ നയിക്കേണ്ടത്. കൂടെ, ഞാന്‍ മറ്റൊരാളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ എന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഞാന്‍ മറ്റൊരാളെ അനുവദിക്കുകയോ ചെയ്യുകയില്ല എന്ന നിശ്ചയദാര്‍ഡ്യം ആവണം അവരെ ജീവിപ്പിക്കേണ്ടത്. ഏത് സാഹചര്യത്തിലും ഏതൊരാളെയും ജയിക്കാനുള്ള മത്സരക്ഷമതയാര്‍ജ്ജിക്കുവാനും ഇവര്‍ക്ക് സാധിക്കേണ്ടതുണ്ട്‌. ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനത്തില്‍ ഇവര്‍ ഏര്‍പ്പെടെണ്ടതുണ്ട്. അതിന്നാവശ്യമായ തരത്തില്‍ പണിശാലകളെ പുനരാവിഷ്കരിക്കുകയും പുരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

ലോകത്ത് രണ്ടേ രണ്ടു പക്ഷമേ ഒള്ളൂവെന്നും അവയിലൊന്ന് മര്‍ദ്ദിത പക്ഷവും മറ്റൊന്ന് മര്‍ദ്ധക പക്ഷവുമാണെന്നും മര്‍ദ്ധകപക്ഷം എക്കാലവും ഭരണകൂടങ്ങളും മര്‍ദ്ദിതപക്ഷം ഭരണീയരും ആണെന്ന യാഥാര്‍ത്ഥ്യം മനസ്സില്ലാക്കുകയും. അവരതിന് ഭരണ കൂടസ്ഥാപനങ്ങളെ ഒരു മര്‍ദ്ധകോപാധിയായി കണ്ടു ഉപയോഗിക്കുകയും ഭരണീയര്‍ക്ക് മേല്‍ നീതിയൊട്ടുമില്ലാതെ അത് പ്രയോഗിക്കുകയും ചെയ്യുന്നുവെന്നുമുള്ള അനുഭവപാഠത്തെ മതമായി സ്വീകരിച്ച് ഈ നീതിരഹിതമായ/മനുഷ്യത്വരഹിതമായ/ഏകപക്ഷീയ ഭരണങ്ങളെ നിഷ്കാസനം ചെയ്യുന്നതിന് വേണ്ടി മൊത്തം പീഡിത സമൂഹത്തെയും സംഘടിപ്പിക്കാനും സമരം ചെയ്യാനും തയ്യാറാകേണ്ടതുമുണ്ട്.

എങ്കില്‍, ഇവിടത്തെ ഭരണകൂടമാര് ഇവിടത്തെ ഭരണീയരാര് എന്നതിന്‍റെ ഉത്തരമാണ് ആദ്യം തേടേണ്ടത്. അതിനുള്ള കൃത്യമായ ഉത്തരം ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം അലങ്കരിക്കുന്നവരുടെ മുഖങ്ങള്‍ നമ്മോടു പറയുന്നുണ്ട്. ഇവിടത്തെ, ഭരണ സവിധാനങ്ങളിലെ നടത്തിപ്പുകാരുടെ ആനുപാതിക കണക്കെടുപ്പ് നടത്തിയാല്‍ ഭരണീയരുടെ ചിത്രവും വ്യകതമാകും. അപ്പോള്‍, ഈ പരാജയത്തിന്‍റെ/ ഇരയാക്കപ്പെടുന്നതിന്‍റെ/പീഡിപ്പിക്കപ്പെടുന്നതിന്‍റെ 'മന:ശാസ്ത്രം' കൂടുതല്‍ തെളിമയോടെ പ്രകടമാകും. മനസ്സിലാക്കുക, "ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് ഇത്തരം വേട്ടക്കാര്‍ കരുത്തരാകുന്നത്". ഓര്‍മ്മിക്കുക ഇനിയുമിത് അനുവദിച്ചു നല്കിക്കൂടാ... പാരമ്പര്യത്തെ നിഷേധിക്കുന്ന മുദ്രാവാക്യങ്ങളാണ് ഇനി ഈ കൂട്ടത്തെ നയിക്കേണ്ടത്... അതിജീവനം അസാധ്യമാകുന്ന ഘട്ടത്തിലെ സ്വാഭാവിക അവസ്ഥയെ [ഭയം, മാനസികാടിമത്വം]ഇവര്‍ ജയിച്ചേ മതിയാകൂ.. ഈ അവസ്ഥയെ കുറിച്ചുള്ള കൃത്യമായ രാഷ്ട്രീയ വിദ്ദ്യഭ്യാസം നേടുകയും ബോധവത്കരണം നേടുകയും/ നടത്തുകയും വഴി ഒരു പുതിയ രാഷ്ട്രീയാധികാരത്തെ/സാമൂഹ്യാവസ്ഥയെ/ഭരണ സംസ്കാരത്തെ പരിചയപ്പെടുകയും അതിനെ പ്രയോഗിക്കുകയും ചെയ്യുക എന്നതാവശ്യമാണ്‌. അതിന് മലമടക്കുകളില്‍ നിന്നും ഖനിയിടങ്ങളില്‍ നിന്നും പാടശേഖരങ്ങളില്‍ നിന്നും തെരുവുകളില്‍ നിന്നും തടവറകളില്‍ നിന്നും എല്ലാതരത്തിലുമുള്ള രാഷ്ട്രീയ സാമൂഹിക അടിമത്വത്തില്‍ നിന്നുമുള്ള മോചനത്തിന്നായുള്ള ശബ്ദം ഒന്നിച്ചൊന്നായി ഉയരട്ടെ...!!!

അഥവാ, ഒരു രണ്ടാം സ്വാതന്ത്ര്യ സമരം. രാജ്യത്തെ അടിസ്ഥാന ജനതയുടെ മോചനത്തിന്നായുള്ള രാജ്യത്തിന്‍റെ ആത്മാവിന്‍റെ രോദനത്തിന്നുള്ള ഉത്തരം. ഈ സമരം അതിന്‍റെ പ്രാരംഭ ഘട്ടത്തിലോ അതിന്‍റെ വളര്‍ച്ചയുടെ ഘട്ടത്തിലോ വിജയിക്കണം എന്നില്ലാ. എങ്കിലും, ഒരു നാള്‍,.... അത് വിജയം വരിക്കുക തന്നെ ചെയ്യും.

{ബഹുമാന്യരെ... ഇന്ന് രാത്രി പതിനൊന്നിനു ഞാന്‍ നാട്ടിലേക്ക് തിരിക്കുന്നു.. തിടുക്കപ്പെട്ടു എഴുതിയെടുത്തതാണ് ഇക്കാ ണ്ന്നതെല്ലാം.... }

2011, മേയ് 7

നഗര ജീവി


മാറിടം ച്ഛേദിച്ചു ‌പാരതന്ത്ര്യത്തിന്‍
അടയാളമുപേക്ഷിച്ചോരാ ഒറ്റമുലച്ചി
ആധുനിക നാരിമാരുടയാടകളെറിഞ്ഞ്
മേനിക്കൊഴുപ്പ്‌ പ്രദര്‍ശിപ്പിക്കും കാലത്ത്
ഇടവേളകളില്‍, ഇന്നലെ മണ്ണില്‍
നിണമിറ്റി മരിച്ച രക്തവര്‍ണ്ണമാര്‍ന്ന
സ്തന്യംചുരത്തും നിന്‍റെയൊറ്റമുല
നൊമ്പരമടക്കാനാവാതെയെന്നെ നോക്കി
തലതല്ലികരയുന്നതിനെ ഞാനറിയുന്നു..!

ഹേ നായികേ, നിന്നെ നയിക്കും മതമേത്,
വ്യാസന്‍ പറഞ്ഞ കഥയിലെ ജ്ഞാനവൃദ്ധനോ ?
ഹേ നായികേ, നീയാചരിക്കും ധര്‍മ്മമേത്,
യുദ്ധമരുതെന്നു കേണ വിദുരധര്‍മ്മമോ?
ഗുഹാവാസിയാമാദിമനുഷ്യസംസ്കാരത്തിന്‍
ചിഹ്നമൂരിയെറിഞ്ഞഷ്ടദിക്കിനെ
വസ്ത്രമായി സ്വീകരിച്ച ദിഗംബരത്വമോ?
അതോ, പടിഞ്ഞാരിന്‍ വട, തുട, സംസ്കാരമോ?

പരസ്യപലകയിലെ ചായംതേച്ച ശരീരവടിവ്
അറവുശാലകളിലെ മാംസക്കളത്തിലുംകാണാം
ഭോഗസംസ്കാരം, രതിസുഖമനിര്‍വ്വചനീയം..!
അനുകരണം, ഭ്രമിപ്പിക്കും കച്ചവടക്കണ്ണാണത്
നിന്നെ വലയം ചെയ്യും കഴുകക്കണ്ണാണത്
മതിഭ്രമം, നിനക്കലങ്കാരമോ ആഘോഷമോ?
അന്ന്, ഏതൊന്നിനെ നിനക്ക് നിഷേധിച്ചവോ?
ഇന്നതേ 'വെളുപ്പില്‍' നീയനുരക്തയാകുന്നുവോ?
ഹോ, എന്തൊരു വിരോധഭാസമാണിത്..!!

ഇന്നലെ, മോചനമസാധ്യമാം കാലം
ഉള്‍ക്കടലമാമാഗ്രഹത്തിന് തീര്‍പ്പ്‌
തത്വം പ്രയോഗത്തിലാവിഷ്കരിച്ചോരാ
ഒറ്റ മുലച്ചിയാം ധീര മാതാവേ..
നിന്നെയോര്‍ത്ത്‌ ഞാന്‍ കണ്ണീര്‍വാര്‍ക്കുന്നു
കുറ്റബോധത്തിന്‍ ചകിരിനാരിഴകള്‍
ഹൃദയത്തെ കുത്തി മുറിവേല്‍പ്പിക്കുന്നു..
കരിമ്പടം മൌനമാം മരണത്തിന്നടയാളം

നാളെയുടെ പകലില്‍: സൂര്യനമസ്കാരത്തിനായ്
നമുക്ക്, കടലോരം ചേര്‍ന്ന് നടക്കാം
കടല്‍കാറ്റേറ്റു മഞ്ഞലോഹകാന്തിയെ പറയാം
ഹോ, മാറിടം ച്ഛേദിച്ചോരുവളെ....!
ഔദാര്യം പോലെ വന്നുകിട്ടിയതിനെ
സ്വാതന്ത്ര്യത്തിന്നടയാളത്തെ വഴിയിലുപേക്ഷിച്ച്
നമുക്ക് ഗമിക്കാം: നിര്‍ലജ്ജം,
നഗരജീവിയെന്ന ശീര്‍ഷകത്തിലേക്ക്..!

2011, മേയ് 1

രാജ്യദ്രോഹത്തിന്‍റെ രസതന്ത്രം.


ബിനായക് സെന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍റെ കാരാഗൃഹവാസമാണ് രാജ്യദ്രോഹ പരമ്പരയുടെ എപ്പിസോഡില്‍ മായാതെ നില്‍ക്കുന്ന അവസാന ചിത്രം. ഇടക്കെപ്പോഴോ'അരുന്ധതി റോയ്'പ്രമോഷന്‍ ലഭിച്ചു പട്ടികയില്‍ ഇടം നേടിയെങ്കിലും ഇപ്പോള്‍ അവധിയിലാണ്. ഇന്ത്യയുടെ വിവിധ കാരാഗ്രഹങ്ങളില്‍ വര്‍ഷങ്ങളായി വിചാരണ പോലുമില്ലാത്ത അനേകം രാജ്യദ്രോഹികള്‍ വിലപ്പെട്ട ജീവിതം തള്ളി നീക്കുന്നു.

ഇന്ത്യ മഹാരാജ്യത്തിന്‍റെ ജനാധിപത്യ മനുഷ്യാവകാശ മഹിമകൊണ്ട് നിരവധി വര്‍ഷങ്ങളുടെ കാരാഗൃഹവാസത്തിന്നൊടുവില്‍ ഗവണ്‍മെണ്ടു ചിലവില്‍ ഓട്ടോറിക്ഷയും മറ്റു പാരിതോഷികങ്ങളും നല്‍കി മാപ്പും പറഞ്ഞു വിട്ടയക്കുന്ന കാഴ്ചയും ഈ മഹാരാജ്യത്ത് വിരളമല്ല.

'ഹേമന്ത് കര്‍ക്കരെ' എന്ന വിലപ്പെട്ട ജീവന് പകരം മോചിപ്പിക്കപ്പെട്ട രാജ്യദ്രോഹികള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് നമ്മുടെ ഓര്‍മ്മയിലുണ്ട്. ഭാരതീയ ഋഷിപരമ്പരയിലെ "ലോകോ സമസ്തോ സുഖിനോ ഭവന്തു" സന്ദേശത്തിന്‍റെ പിന്‍ഗാമികളില്‍ പെട്ട അസിമാനന്ദമാരുടെ കാരുണ്യവും രാജ്യദ്രോഹികള്‍ക്ക് തുണയാകുന്നതും അതുവഴി ചിലര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതും സമീപകാല സംഭവവികാസങ്ങളാണ്.

ഇടക്കൊരശരീരി പോലെ കര്‍ക്കരെയേ കൊന്നതാര്..? പാര്‍ലമെണ്ടാക്രമണത്തിന്‍റെ പുകമറയില്‍ സംഭവിച്ചതെന്ത്..? എന്നൊക്കെ ചില ദോഷൈക'ഭീകര'ദൃഷ്ടികള്‍ ചോദ്യമുന്നയിക്കുന്നത് തികച്ചും സ്വാഭാവികം...!!!!!

സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുണ്ടായേക്കാവുന്ന ആശങ്കകള്‍ ഇവിടെയവസാനിക്കുന്നില്ല. സ്വാതന്ത്ര്യ സമരങ്ങള്‍ ഒതുക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ആവിഷ്കരിച്ച കോളനി വാഴ്ചയുടെ ബാക്കിപത്രമായ നിയമമാണ് 124Aവകുപ്പ്. സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിയഞ്ചാം വര്‍ഷത്തിലും ചില രാജ്യദ്രോഹികളെ പടച്ചെടുക്കുന്നതില്‍ അവരെ കൈകാര്യം ചെയ്യുന്നതില്‍ മഹാ രാജ്യത്തിന്‍റെ ഭീകര വിരുദ്ധ യജ്ഞത്തില്‍ ഈ നിയമം അകമ്പടി സേവിക്കുന്നുവെന്ന സുപ്രീം കോടതിയുടെ ഈ അടുത്ത സമയത്തെ പരാമര്‍ശം ബ്രിട്ടീഷ് ഭരണത്തിന്‍റെ നേട്ടങ്ങളില്‍ എണ്ണാതെ പോയത് ഏറെ നിര്‍ഭാഗ്യകരമാണ്.

കാര്യങ്ങളുടെ വിചിത്രമായ മറ്റൊരു മുഖം അബ്ദുന്നാസിര്‍ മ'അദനിയെന്ന സര്‍ട്ടിഫൈഡ് രാജ്യദ്രോഹി വരച്ചു കാട്ടുന്നു. രാമന്‍റെ വനവാസത്തെ അനുസ്മരിക്കും വിധമുള്ള കാരാഗൃഹവാസത്തിനൊടുവില്‍ 'നിരപരാധി'മുദ്ര ചാര്‍ത്തി മോചിപ്പിക്കപ്പെടുന്നു. അവര്‍ണ്ണ പക്ഷ രാഷ്ട്രീയത്തിന്‍റെയും, ദേശ സുരക്ഷയുടെയും, ജന സേവനത്തിന്‍റെയും ദൗത്യമേറ്റെടുക്കുകയും സംഭവിച്ചു പോയ അരാഷ്ട്രീയ അരാജക മനസ്സിന്‍റെ ബഹിസ്ഫുരണം അല്പം കടന്നു പോയന്ന സ്വയം വിമര്‍ശനത്തിന് തയ്യാറാവുകയും ചെയ്യുന്നു. കൊട്ടിഘോഷിച്ചു ജനതയും ജന പ്രതിനിധികളും, മന്ത്രിമാരും പൗര പ്രമുഖരും ചേര്‍ന്ന് തലസ്ഥാന നഗരിയില്‍ സ്വീകരിക്കുന്നു. ഏറെക്കഴിയും മുമ്പ് വീണ്ടും തുറുങ്കിലടക്കപ്പെടുന്നു. തനിയാവര്‍ത്തനങ്ങള്‍ നിര്‍ബാധം........തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

പൂര്‍വ്വാശ്രമത്തിലെ കാട്ടാളന് മാനിഷാദ പാടാന്‍ അവസരമൊരുക്കിയ മണ്ണില്‍, കലിംഗ യുദ്ധത്തിന്‍റെ കറ കളഞ്ഞ് അഹിംസയുടെ അശോക ചക്രത്തിന് ഹൃദയപതാകയിലഭയം നല്‍കിയ വിശ്വഭാരതത്തില്‍, ചമ്പല്‍ കൊള്ളക്കാരി ജനപ്രതിനിധിയായി നിയമ നിര്‍മ്മാണം നടത്തിയ മഹാരാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന രാസമാറ്റമെതെന്താണ്..? ഒരു കാലത്തും മോചിപ്പിക്കപ്പെടാനാവാത്ത വിധം ആയിരത്തിന്‍റെ കറന്സിക്ക് ഗാന്ധിത്തലയെന്ന പോലെ ആഗോള ഭീകരതക്ക് അബ്ദുന്നാസിര്‍ മദനി അടയാളവത്കരിക്കപ്പെടുന്നത് ചരിത്രാന്വേഷകര്‍ക്ക് പുതിയ ഗവേഷണ വിഷയമാവേണ്ടതുണ്ട്. ഇവിടെ, ബാലഗംഗാദരതിലകനെ അനുകൂലിച്ചവര്‍ക്ക് രാജ്യദ്രോഹത്തിന് കാരാഗൃഹം നല്‍കിയ ബ്രിട്ടീഷ് രാജിന്‍റെ തന്നെ തുടര്‍ച്ചയാണോ തെഹല്‍ക പത്ര പ്രവര്‍ത്തക ഷാഹിനയുടെ അറസ്റ്റും എന്ന സംശയം പ്രകടിപ്പിക്കലും രാജ്യദ്രോഹത്തിന്‍റെ ഗണത്തില്‍ പെടില്ലെന്നു പ്രത്യാശിക്കാമോ..?

ബ്രിട്ടീഷ് ഭരണകാലത്ത് ദേശാഭിമാനികളായ സ്വാതന്ത്ര്യസമര നായകന്മാര്‍, കോണ്ഗ്രസ് ഭരണകാലത്ത് മാര്‍കിസ്റ്റുകാര്‍ , മാര്‍കിസ്റ്റ് ഭരണകാലത്ത് നക്സലൈറ്റുകള്‍ എന്നീ പരിണാമങ്ങള്‍ രാജ്യദ്രോഹത്തിന്‍റെ ചരിത്രത്തിലുണ്ട്. നവ സാമ്രാജ്യത്ത്വത്തിന്‍റെ കോളനിക്കണ്ണുകള്‍ രാജ്യത്തിലെ ഭൂരിപക്ഷം വരുന്ന ഭരണകര്‍ത്താക്കള്‍ സ്വന്തം അജണ്ടയായി തിരഞ്ഞെടുത്തപ്പോള്‍ ഭരണകൂടത്തിന്‍റെ താത്പര്യത്തിന് വിഭിന്നമായി ചിന്തിക്കുന്നവര്‍, വിമര്‍ശിക്കുന്നവര്‍, അഭിപ്രായപ്രകടനം നടത്തുന്നവര്‍, ജനതയെ സംഘടിപ്പിക്കുന്നവര്‍ രാജ്യദ്രോഹികളാകുന്ന ഭീതിജനകമായ സമകാലിക സാഹചര്യങ്ങളിലേക്ക് കാര്യം എത്തിച്ചേര്‍ന്നിരിക്കുന്നു.

ജനാധിപത്യത്തില്‍ ഫാഷിസത്തിനിടമുണ്ട് എന്ന വായനയെ സാധൂകരിക്കും വിധം ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചോര്‍ച്ച സംഭാവിച്ചതെവിടെ നിന്നാണ്..? അഭിപ്രായ സ്വാത,ന്ത്ര്യം ക്രിയാത്മക വിമര്‍ശനം എന്നിവ ജനാധിപത്യത്തിന്‍റെ പ്രാണവായുപോലെ പ്രധാനമാണെന്ന തിരിച്ചറിവ് ആര്‍ക്കാണ് നഷ്ടപ്പെട്ടത്..? സമരം ചെയ്യാനും, സംഘടിക്കാനും സംവദിക്കാനുമുള്ള അവസരം രാജ്യത്തിന്‍റെ ജനാധിപത്യ വികസനത്തിന്‍റെ സൂചകമാണെന്ന് തിരിച്ചറിയപ്പെടാതിരിക്കുന്നത് എന്ത് കൊണ്ടാണ്..?

ആഭ്യന്തര ക്രമസമാധാന പാലനം മുതല്‍ രഹസ്യാന്വേഷണവും, ഇടക്കുള്ള കോടതി വിധികളുമെല്ലാം ഇരട്ടനീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷം വരുന്ന പോലിസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും മുഖ്യധാരാ നിഗമനങ്ങളെ പൊളിക്കുന്നു. ഗുജറാത്ത് വംശഹത്യയും, ബാബരീ ധ്വംസനവും, 'ഇശ്രത്തു' വ്യാജയേറ്റുമുട്ടലിന്‍റെ വെളിപ്പെടുത്തലുകളും അടങ്ങിയ പത്രപാരായണം. ജീവിക്കാനുള്ള അവകാശം നിഷേധിച്ച് മാതാവാകാനുള്ള ആശയുപേക്ഷിച്ച് ദയാവധം പ്രതീക്ഷിച്ച് കഴിയുന്ന എന്‍ഡോസള്‍ഫാനിരകളുടെ ദീനരോദനത്തെപ്പോലും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി ബലികഴിക്കുന്ന മഹാജനസേവകര്‍. കൊടികളെഴുതാന്‍ പൂജ്യംതികയാത്ത അഴിമതിക്കഥകള്‍, ഇറ്റി വീഴുന്ന മഴ നനയാതെ കിടക്കാന്‍ ചേരികളിലും കടത്തിണ്ണകളിലും അഭയം പ്രാപിക്കുന്ന ഭാരതീയര്‍, ഈ കാഴ്ചകള്‍ തീര്‍ക്കുന്ന മാനസിക വിഭ്രാന്തി അതില്‍ നിന്നുത്ഭവിക്കുന്ന ആശങ്കകള്‍. ഇവയെല്ലാം പ്രതികരണത്തിനും പ്രധിഷേധത്തിനും പ്രേരിപ്പിക്കുന്ന മനസ്സാക്ഷി മരവിക്കാത്ത പൗരാവകാശ പ്രവര്‍ത്തകര്‍ ഇടക്കെപ്പോഴോ ഇലക്ഷന്‍ ബഹിഷ്കരിച്ചതിന് അവരിന്നും വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നു. പ്രാപ്തമായ പ്രബുദ്ധതയില്ലാത്ത രാഷ്ട്രീയ, മത മേലദ്ധ്യക്ഷന്മാര്‍...........

ഈ വിഷമ വൃത്തങ്ങള്‍ തീര്‍ക്കുന്ന അരാജകത്വവും അരാഷ്ട്രീയ വാദവും രാജ്യദ്രോഹത്തിന്‍റെ പരിധിയിലുള്‍പ്പെടുത്താതിരിക്കാന്‍ 'ചൗരി ചൗരാ ' സംഭവത്തില്‍ ആത്മ വിമര്‍ശനത്തിന് തയ്യാറായ ഗാന്ധിയന്‍ നീതിബോധത്തിന്‍റെ ആയിരത്തിലൊരംശം മനുഷ്യത്വം മരവിച്ച അഭിനവ രാജ്യസേവകര്‍ക്കും രാജ്യസ്നേഹികള്‍ക്കും ഉണ്ടാവുമോ..? അല്ലെങ്കില്‍ ഈജിപ്തും യമനും നല്‍കുന്ന ചരിത്ര പാഠത്തിനെ നേരിടാന്‍ ഇനിയും കരി നിയമങ്ങള്‍ തുണയാകുമോ? ഇതാണ് ജനാധിപത്യ പൗരാവലിയില്‍ അലയടിക്കേണ്ട പ്രധാന ചര്‍ച്ച. അല്ലാതെ വില്യം സായിപ്പിന്‍റെ രാജകീയ ചുംബനമല്ല.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms