2013, നവം 27

ഒരു നുണയനെ വായിക്കുമ്പോള്‍

"കടല് കാണാൻ കഴിയാത്ത
ഒരു കുഞ്ഞ്
ഫ്ലാറ്റിലെ തറയിൽ
"കടലമ്മ കള്ളി"
എന്നെഴുതിയത് മായ്ക്കാനാകുമോ
സുനാമി ഉണ്ടായത്" രാമചന്ദ്രന്‍ വെട്ടിക്കാട്.

അവിശ്വസനീയമായ നുണകളെ ഏറ്റം വിശ്വസനീയമായും മനോഹരമായും വിതാനിക്കുന്ന ഒരു പെരുംനുണയനാണ് ഒരു കഥാകാരന്‍. ആ അര്‍ത്ഥത്തില്‍ ഞാനൊരു നല്ല നുണയനെന്ന് ആപ്പിളിലെ ഓരോ കഥകളിലൂടെയും സിയാഫ് സ്ഥാപിക്കുന്നുണ്ട്. ഒരു കഥപറയുമ്പോള്‍ അതിന്റെ പശ്ചാത്തല രൂപീകരണവും അത് പറയാനുപയോഗിക്കുന്ന ഭാഷാ സങ്കേതവും പറയിപ്പിക്കാനുപയോഗിക്കുന്ന പാത്ര സൃഷ്ടിപ്പും ഒരുവലിയ ഘടകമാണ്, ഇതെല്ലാം ഒത്തിണങ്ങുമ്പോഴാണ് അതില്‍ രസനീയത രുചിക്കാനാവുന്നത്. ആ രസനീയത  സിയാഫിന്റെ ഓരോ കഥകളിലും അനുഭവിച്ചറിയാനാകുന്നുണ്ട് എന്നാണ് എന്റെ ആപ്പിളനുഭവം.

ഭൂതവും തവളയും പുകവണ്ടിയും മദ്യവും മൈതാനവും ആപ്പിളും താക്കോലും രാജിയും പാത്രമായും ഒരുവേള കഥയും ജീവിതവുമായും നിറഞ്ഞാടുന്ന കഥയരങ്ങിലെ ഈ കണ്ണ്കെട്ടലുകള്‍ വായനയെ രസമുള്ള ഒരേര്‍പ്പാടാക്കി തീര്‍ക്കുന്നുണ്ട്. വെറുതെ പറഞ്ഞു പോവുകയല്ല, കണ്ടെത്തുവോളം ശ്രമം തുടരാന്‍ പ്രേരിപ്പിക്കുന്ന ഒരു കൗശലം ഈ അക്ഷരക്കൂടങ്ങളില്‍ ഭംഗിയായി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. 'തവളയുടെ ജീവ ചരിത്രത്തില്‍ നിന്നുമൊരേട്' അവസാന വരിവരെയും വായിപ്പിക്കാനുള്ള എന്തോ ഒരിത് ഒളിപ്പിച്ചു വെക്കുന്ന സിയാഫിന്റെതായ ആ വൈഭവത്തിനുദാഹരമാണ്.

 ഈ സമാഹാരത്തിലെ ഓരോ ജീവിതത്തിനും അവകാശപ്പെടാവുന്ന ഒരു മൗലികതയുണ്ട്. അതവരുടെ ഭാഷയിലും സ്വഭാവത്തിലും ശീലത്തിലും പ്രകടവുമാണ്. ഇത് കഥയെ ജീവിതമെന്ന സത്യത്തിലേക്ക് വിശ്വാസപ്പെടുത്തുത്തുന്നുണ്ട്. 'കാസിനോ'യിലെ  ടെസ്സ ഒരസാധാരണ കഥാപാത്രമല്ല. എന്നാല്‍, ടെസ്സയെ പരിചയപ്പെടുത്തുന്ന കഥയുടെ 'ഭാഷ'  മറ്റു കഥകളെ അപേക്ഷിച്ച് അധികം പരിചയപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ ഭാഷ കൈകാര്യം ചെയ്യുന്നുണ്ട്. അത് പുതിയ കാലത്തെ ജീവിത ഭാഷയും കൂടെയാണെന്ന് ചില 'പ്രണയ വ്യായാമങ്ങള്‍' അടിവരയിടുന്നു. ഇതേ ജീവിതത്തിന്റെ മറുവശത്തുനിന്ന്‍ ഒരു വണ്ടി പുകതുപ്പി ഓടുന്നുണ്ട്. അത് കാടും മേടും കടന്ന് തലസ്ഥാന നഗരിയിലേക്ക് ചില കാഴ്ചപ്പണ്ടാരങ്ങളെ നാടിറക്കുകയാണ്. അപ്പോഴും ആദിമവംശജരെന്ന പൈതൃക ഭാരം അപരിഷ്കൃതരെന്ന പരിഹാസ്യം സൗജന്യമായി കയ്യേല്‍പ്പിക്കുന്നുണ്ട്. കൈകൊട്ടിക്കളിയുടെ അവസാനത്തില്‍ കെമ്പിയും കുമാരനും മല കയറിപ്പോകുന്നത് ജീവിക്കാനാണ്. അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കാനാണ്. ആ ജീവിതത്തിന്റെ സ്വാഭാവിക താളമാണ് 'വൈകിയോടുന്ന വണ്ടി' .

അതിസൂക്ഷ്മ വായനയുടെ തലപ്പെരുക്കമാണ് 'സുഷിരക്കാഴ്ച്ചകള്‍'. കേവലം  ഒരു താക്കോല്പഴുതിലൂടെ ഇത്രേം കാഴ്ചകള്‍ കാണാമെങ്കില്‍ അത് നമ്മെ കാഴ്ച്ചപ്പെടുത്തുന്നത് ഒട്ടും നിസ്സാരമായ ഒരു കാര്യമല്ല. കൂടുതല്‍ തുറന്നതും ആഴമേറിയതുമായ ജീവിതത്തിലേക്കാണ്. കൃത്യം ഇരുപത്തിയേഴെന്നു എണ്ണിയെടുക്കാവുന്ന വരികളിലൂടെ ഒരു കൊച്ചുദ്വാരത്തിനിപ്പുറത്തെ വലിയ കാഴ്ചകളിലേക്ക് നന്നേ ചെറുതായിപ്പോയ രണ്ടു കണ്ണുകളിലെ പകപ്പ് നെഞ്ചിലെ പിടപ്പ്/കിതപ്പ് ഇപ്പോഴുമുണ്ട് വായനയില്‍. ജീവിതത്തിന് മദ്ധ്യേ കറങ്ങുന്ന പങ്കയും കുറുകെ വരഞ്ഞ മറുകും. എല്ലാത്തരം  ജിജ്ഞാസക്കും അപ്പുറം മരണം മറ്റൊരു വലിയ ജിജ്ഞാസയായി ത്വരയൂട്ടുന്നുണ്ട്. ഈ വായനയുടെ തുടര്‍ച്ചയില്‍  'ഭൂതം' എന്ന കഥയില്‍ ഒരു ഭൂതത്തെ കാണിച്ചു വര്‍ത്തമാനത്തിലെ കശാപ്പിന്റെയും വേട്ടയുടെയും ചിത്രം അവതരിപ്പിക്കുമ്പോള്‍ അതിനെ കഥയെന്നോ ആക്ഷേപമെന്നോ എന്ത് തന്നെ വിളിച്ചാലും ഉന്നം കൃത്യമാണ്. അതുകൊണ്ടുതന്നെ അതതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നുമുണ്ട്.

പല ഗൃഹപാഠങ്ങളെയും തെറ്റിക്കുകയോ തെറ്റെന്ന് തിരുത്തിക്കുകയോ ചെയ്യുന്ന അനേക സന്ദര്‍ഭങ്ങളിലൂടെയാണ് നമ്മുടെ ജീവിതങ്ങള്‍ കയറിയിറങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്നത്. ആപ്പിളിലെ കഥകളിലൂടെ സിയാഫ് അത്തരം സംഭവങ്ങളെ/ജീവിതങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ, അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു സാധാരണ ജീവിതത്തെ അത് പറഞ്ഞുവെച്ച രീതിയാൽ മനോഹരമാക്കിയ ഒരു കഥയാണ് യൂത്തനേഷ്യ. അതേസമയം വിഷയത്തിന്റെ പ്രത്യേകമായ ഗൗരവം കൊണ്ട് അതൊരുപാട് ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നുമുണ്ട്.

*എത്ര തന്നെ ചേർത്തു  പിടിച്ചാലും വഴുതിപ്പോകുന്ന ചിലതുണ്ടെന്ന്  പല്ലിയും   നിശാശലഭവും. *എത്രതന്നെ സോദ്ദ്യേശപരമെന്ന് പറയുമ്പോഴും ഒരു ജീവനെ ഇല്ലാതാക്കാൻ മുതിരുന്നതിലെ നീതിയുക്തി. *ഒരു ജീവിതത്തിന്റെ സിംഹഭാഗവും ജീവിച്ച് തീർത്ത് ജീവച്ഛവമായി കട്ടിലിൽ കിടക്കുന്ന ഒരാളൊരു കുരുന്നിന് ജീവനാകുന്ന വൈപരീത്യം. *ഒരുപക്ഷെ, മരിച്ചുപോകുമ്പോഴും ജീവിച്ചിരിക്കുന്നവർക്ക് അവരുടെ വൈഷമ്യത്തിൽ വായ്ക്കരിയിടുന്ന മഹത്തരം. *കാര്യസാധ്യത്തിനായി നിർമ്മിച്ചെടുക്കുന്ന പണാധിപത്യത്തിന്റെ സാധുതകളും ന്യായീകരണങ്ങളും. *കാര്യത്തിൽ വലുത് സ്വന്തം കാര്യമെന്ന എക്കാലത്തെയും മനുഷ്യന്റെ  സ്വാർത്ഥ വിചാരം. *സ്വാസ്ഥ്യം തേടുന്ന മനസ്സ് സ്വയം കണ്ടെത്തുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ചില ആശ്വാസ തുരുത്തുകൾ. *രാജി എന്നത് കേവലം ഒരു രാജിയല്ല അത് ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത ഒരുവന്റെ/ ഒരുവളുടെ ജീവിതത്തോടുള്ള തീർപ്പോ / പകരം വീട്ടലോ ആണ് എന്നുതുടങ്ങിയ അനേകം കാര്യങ്ങളുടെ ഒരു ചുരുക്കെഴുത്തായി യൂത്തനേഷ്യയെ വായിച്ചെടുക്കാം.

കഥ പറയുന്ന പശ്ചാത്തലത്തിലെ ദൈവ സാനിദ്ധ്യം ഒരുപക്ഷെ ഈ ദുർബ്ബല മാനസത്തിന് അഭയമായി സമ്മാനിച്ചതാവാം. പക്ഷെ, അതെത്ര വ്യാജമെന്ന് ഓരോ ചൊല്ലിപ്പറയലിലും വ്യക്തമാണ്. എങ്കിലും സുന്ദരമാണ് ആ ഭാഷണങ്ങൾ/ ആത്മഗതങ്ങൾ. മനുഷ്യൻ സർഗ്ഗാത്മകനാകുന്നത് ഇത്തരം ചില സങ്കൽപങ്ങൾ സൂക്ഷിക്കുന്നതിലും കൂടിയാവണം. എന്തായാലും ഈയൊരു വിശ്വാസ പരിസരം യൂത്തനേഷ്യക്ക്  വേറെയും മാനങ്ങൾ നല്കുന്നുണ്ട്.

ജീവിതത്തിന്റെ അടുക്കും ചിട്ടകളെയും കുറിച്ച് നന്നേ ചെറുപ്പത്തിലേ കുട്ടികളോട് വാചാലമാകുന്ന വിശ്വാസാചാര മാമൂലുകള്‍ മരിക്കുന്നതിനുമുന്പേ പെട്ടിക്ക് സമം ചേര്‍ന്ന്‍ ജീവിതം ശീലിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. അതുപോലെത്തന്നെയാണ് പുറംകാഴ്ച്ചകളില്‍ നിന്നും അകന്ന്‍ നാല് ഭിത്തികള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട ഫ്ലാറ്റ് ജീവിതവും. ഇത്, ഏറ്റം സമ്മോഹനമായ ബാല്യത്തെ  നിഷേധിക്കല്‍ മാത്രമല്ല മറ്റനേകം വൈകല്യങ്ങള്‍ കൂടെ പരിശീലിപ്പിക്കുകയാണെന്ന് ഗൃഹപാഠം എന്ന കഥയിലൂടെ സിയാഫ് പഠിപ്പിക്കുന്നു.

ഒരു ജാലകവിരി  'അടുക്കും ചിട്ട'യിലുമെന്ന അതിന്റെ 'അച്ചടക്കം' കാണിച്ചാൽ നിഷേധിക്കപ്പെടുന്ന പുറംകാഴ്ചകളേ ഇപ്പറയുന്ന ഫ്ലാറ്റ് ബാല്യങ്ങള്‍ക്കൊള്ളൂ... ഒന്ന് 'വലുതായാൽ' ഇതൊക്കെയും തനിക്കും സ്വന്തമെന്ന് സ്റ്റൂളിൽ  കയറിയ കുട്ടി കഥയിൽ നിന്നും സമൂഹത്തിലേക്ക് ഇറങ്ങി നടക്കുന്നത് അതുകൊണ്ടാണ്.  "അമ്മ എപ്പോഴാ വരിക" എന്ന അക്ഷമ ആ തെരുവിലേക്ക്/ അതുവഴി സമൂഹത്തിലേക്ക് അലിയാനുള്ള ആ കുട്ടിയുടെ ത്വരയാണ്. അങ്ങനെയുള്ള ഒരു ബാല്യത്തിന് തെരുവിലെ ജീവിതങ്ങൾ ശുഷ്കമെങ്കിലും അനുഭവത്തിൽ സമ്പന്നമെന്ന് പൂ വില്പനക്കാരിയും മാമ്പഴവും തെരുവ് ബാലികയും എല്ലാമടങ്ങുന്ന ജീവിതങ്ങളിലൂടെ  ഒരു കൗതുകമായി ആവേശിക്കുന്നുണ്ട്.

അവിടെയാണ് കഥയിൽ തെരുവ് പ്രധാനമാകുന്നത്. ഈയൊരു കാഴ്ച്ചയല്ലാത്ത മറ്റൊന്നും കുഞ്ഞിന് അനുവദിക്കപ്പെട്ടിട്ടില്ല എന്നിരിക്കെ പ്രത്യേകിച്ചും.! അതുപോലും എത്ര പരിമിതമെന്ന് കഥാവായന. കാരണം, കുട്ടിയുടെ വീടിരിക്കുന്നത് {ഫ്ലാറ്റ്] തെരുവിന്റെ ഇങ്ങേയറ്റത്താണ്. പിന്നെയുള്ളത് മതിലും മതിലനകത്തെ ഫ്ലാറ്റുമാണ്. അതാണേൽ പുറത്തൂന്ന് താഴിട്ട് പൂട്ടിയ തടവറയുമാണ്. ഒരു മുഴുവൻ തെരുവും ഒരുപക്ഷെ കുട്ടിയെക്കൊണ്ട് തടവറ ഭേദിക്കാൻ പ്രാപ്തനാക്കും വിധം പ്രകോപനം ഉണ്ടാക്കിയേനേ.

കഥയുടെ അവസാനത്തിൽ കുട്ടിയിലെ പ്രതികാരം പോലും ഈയൊരു മന:ശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഒരുതരം അസൂയയും കൊതിക്കെറുവും എല്ലാം ഈ കുട്ടിയെ കുട്ടിക്ക് നിഷേധിക്കപ്പെട്ട കാഴ്ചകളനുഭവിക്കുന്നവരോടുള്ള അമർഷവും വെറുപ്പുമായി  മാറുന്നുണ്ട്. തനിക്കെന്ന് കരുതിയത് സ്വന്തമാക്കിയ ഒരാളോടുള്ള സ്വാഭാവിക വികാരമല്ല അത്. ഇത്തരം കുട്ടികളിൽ അനുഭവപ്പെടുന്ന ഹിംസാത്മക മനസ്സ് കൂടെയാണ്.  അതിന്റെ സൂചനകൾ  കുട്ടി നേരത്തെ തന്നെ കാണിക്കുന്നുണ്ട്. അച്ഛന്റെ തോക്ക് അന്വേഷിക്കുന്നത് കുട്ടിയുടെ ഈ മനസ്സാണ്.

അതുപോലെ തന്നെ അനാവശ്യ ഭീതിയും കാര്യങ്ങളെ നേരിടാനുള്ള ഉള്ഭയവും ഇങ്ങനെ അടച്ചിട്ട് വളരുന്ന കുട്ടികളെ അലട്ടുന്ന ഒരു പ്രശ്നമാണ്.

അതുകൊണ്ടാണ് മുന്പൊരു കുട്ടി  രാമചന്ദ്രൻ വെട്ടികാടിന്റെ കവിതയിൽ കയറി ഇങ്ങനെ ചോദിച്ചത്.

"കടല് കാണാൻ കഴിയാത്ത
ഒരു കുഞ്ഞ്
ഫ്ലാറ്റിലെ തറയിൽ
"കടലമ്മ കള്ളി"
എന്നെഴുതിയത് മായ്ക്കാനാകുമോ
സുനാമി ഉണ്ടായത്"


കൃതി ബുക്സ് പ്രസിദ്ധപ്പെടുത്തിയ സുഹൃത്ത് സിയാഫ് അബ്ദുല്‍ ഖാദറിന്റെ 'ആപ്പിള്‍' എന്ന കഥാ സമാഹാരത്തിലെ ത്യവത്തിന്റെ അമ്മ/ആറാമന്റെ മൊഴി/തൃക്കാല്‍ സുവിശേഷം/അണയാത്ത തിരിനാളം/ഗുരു അത്ര തന്നെ  ലഘു/മനോരോഗിയുടെ ആല്‍ബം കറുപ്പിലും വെളുപ്പിലും/മറവിയിലേക്ക് ഒരു ടിക്കറ്റ് തുടങ്ങിയ മറ്റു കഥകളും ഒരുപാട് വാക്കുകളെ ഉത്പാദിപ്പിക്കുന്ന നല്ല വിതകുള്ള വായന ഉറപ്പ് തരുന്നവയാണ്.  അവയെകുറിച്ച് മറ്റൊരവസരത്തില്‍ പറയാമെന്ന പ്രതീക്ഷയില്‍ വിസ്താരഭയത്താല്‍ :) അവസാനിപ്പിക്കുന്നു.

തുടരും :)

ആപ്പിളിനെ കുറിച്ച് ഇവിടെയും വായിക്കാം

2013, നവം 20

സ്ക്രാപ്പ്

ഇതിങ്ങനെ ചെയ്തുതന്ന സുഹൃത്തുക്കള്‍ക്ക്  സ്നേഹത്തിന്... :)

2013, നവം 2

രഹസ്യത്തിന്റെ ഭാഷ


മൗനം/നിശ്ശബ്ദത ഒരേ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന രണ്ടു വാക്കുകള്‍. അതേസമയം മറ്റു വാക്കുകളെ അപേക്ഷിച്ച് ഏറെ വാചാലവും. മൌനത്തിന്റെ സ്വഭാവ വൈവിധ്യമാണ് ഇതിനെ ഇത്രയധികം വാചാലമാക്കുന്നത്. ഉദാഹരണത്തിന്, രഹസ്യം എന്ന വാക്ക് അതിന്റെ കേവലാര്‍ത്ഥത്തില്‍ പോലും വലിയ ജിജ്ഞാസ ഉണ്ടാക്കുന്നുണ്ട്. അതിന് പല കാരണങ്ങള്‍ ഉണ്ടാവാം.

പ്രധാനമായും അതിന്റെ സ്വഭാവം 'ഉള്ളതും എന്നാല്‍ കണ്ടു കിട്ടാത്തതുമായ' ഒന്നാണ് എന്നുതന്നെയാണ്. ഈയൊരു സ്വഭാവം ഉള്‍ക്കൊള്ളുന്നവയെ മാത്രമേ നമുക്ക് രഹസ്യം എന്ന്‍ വിശേഷിപ്പിക്കാനാകൂ... ഈ രഹസ്യത്തെ പൊതിഞ്ഞു നില്‍ക്കുന്ന ഒന്നാണ് മൗനം. ഇവിടെ മൗനം സ്വയം അതിന്റെ സ്വഭാവം സ്വീകരിക്കുകയും രഹസ്യത്തിന്റെ സ്വഭാവത്തെ സംരക്ഷിച്ചു പിടിച്ച് രഹസ്യത്തെ രഹസ്യമാക്കി നിലനിറുത്തുകയും ചെയ്യുന്നു. ഇതും ഇതുപോലുള്ള പലതിലും മൗനം അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നത് അപ്രാപ്യമായ അതിന്റെ ആഴത്തെ പ്രയോഗിച്ചു കൊണ്ടാണെന്ന് കാണാം.

ഈ രഹസ്യങ്ങള്‍ വസ്തുനിഷ്ഠമാകുമ്പോള്‍ കൂടുതല്‍ പരീക്ഷണങ്ങളുടെയും അന്വേഷണാത്മക പഠനങ്ങളുടെയും ഭാഗമായി അവയ്ക്ക് പുതിയ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും പുതിയ ഭാഷ നല്‍കാന്‍ സാധിക്കുകയും അങ്ങനെ സാധിക്കുന്ന പക്ഷം മൌനമുടയുകയും അതിന്റെ സ്വഭാവം നഷ്ടപ്പെട്ട് രഹസ്യമഴിയുകയും ചെയ്യുന്നു. അഥവാ, വസ്തുനിഷ്ഠ കാര്യങ്ങള്‍ക്ക് മേലുള്ള മൌനങ്ങള്‍ അന്വേഷണാത്മക ഇടപെടലുകളുടെയും പരീക്ഷണാത്മക പ്രയോഗങ്ങളിലൂടെയും ഉടക്കാനും നാവ് നല്‍കാനും സാധിക്കും.

എന്നാല്‍, രഹസ്യങ്ങള്‍ ആത്മനിഷ്ഠമാകുമ്പോള്‍ അതിന്റെ കാരണങ്ങള്‍ ഒരാളുടെ മനോവിചാരങ്ങളുടെയും മനോവ്യാപാരങ്ങളുടെയും ഭാഗമായി ഉയിര്‍കൊള്ളുന്നന്നതും നിലനില്‍ക്കുന്നതും അതിന്റെ തന്നെ മറുതലക്കല്‍ മറ്റൊരു കാരണത്തിന്റെ തന്നെ പേരില്‍ അഴിയുന്നതുമാണ്. കാരണം ഇതൊക്കെയും സംഭവിക്കുന്നത് സചേതനമായ ഒരു മനുഷ്യനിലാണ്. ആത്മനിഷ്ഠ രഹസ്യങ്ങളുടെ സ്വഭാവത്തിന് മനുഷ്യ സ്വഭാവത്തിലെ നല്ലതും ചീത്തയും ഒരുപോലെ സ്വീകരിക്കപ്പെടുന്നുണ്ട്.

ഈ നല്ലതും തിയ്യതും/ശരിയും തെറ്റും ആപേക്ഷികമാണ് എന്നത് മറ്റൊരു വിഷയവും ചര്‍ച്ചയും തന്നെയാണ്. എങ്കിലും, പൊതുവില്‍ ഇതിനെയെല്ലാം വിവക്ഷിക്കുന്ന ബോധന ശാസ്ത്രാവലംബങ്ങളിലും ഇതേ രഹസ്യവും അതിന്റെ ഭാഷയും പ്രകടമായി കാണാം. അപ്പോള്‍, മൗനം എന്നത് വസ്തുനിഷ്ഠവും ആത്മനിഷ്ഠവും പ്രത്യശാസ്ത്രപരവുമായ രഹസ്യങ്ങളുടെ ആവരണവും ഒളിയിടവും ആണെന്ന്‍ മനസ്സിലാക്കാം. വസ്തുനിഷ്ഠ രഹസ്യങ്ങളെ അപേക്ഷിച്ച് ആത്മനിഷ്ഠ രഹസ്യങ്ങള്‍ക്ക് മനുഷ്യ സ്വഭാവങ്ങളുടെ എല്ലാ ഗുണവും സ്വാധീനിക്കുന്നുണ്ട്.

ശബ്ദമില്ലാതാക്കുന്നതും ശബ്ദമില്ലാതെയാകുന്നതും അടിമ/ഉടമ ബോധത്തിന്റെ പുതിയ രൂപമായ അധികാര സ്ഥാപനങ്ങളുടെ അധികാര പ്രയോഗത്തിന്റെ ഒരു സ്വഭാവമായി മനസ്സിലാക്കണം. ഭാഷ ഉത്പാദിപ്പിക്കുന്ന ഒരധികാര പരിസരമുണ്ട്. അത്, മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ചെറുതായും വലുതായും അനുഭവപ്പെടുന്ന ഒന്നാണ്.  ഇത് തിരിച്ചറിഞ്ഞാല്‍ അധികാര പ്രയോഗത്തിന്റെ ഭാഷയും അതിന്റെ രഹസ്യ സ്വഭാവവും അതിലെ മൗനവും വ്യക്തമാകും. തീര്‍ച്ചയായും അതിനൊരു അധിനിവേശ സ്വാഭാവം ഉണ്ട്. ഇവിടെ മൗനം രണ്ടു തരത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്., ഒന്ന്. അധികാരി വര്‍ഗ്ഗത്തിന്റെ അധിനിവേശ മനസ്സിനെ സംരക്ഷിക്കുകയും അതിന്റെ പ്രയോഗ പദ്ധതികളെ ഒളിപ്പിക്കുകയും ചെയ്യുന്ന തീര്‍ത്തും ഔദ്ദ്യോഗികമായ മൗനം. മറ്റൊന്ന്, ഈ അധികാര പ്രയോഗങ്ങളുടെ ഉരുക്ക് മുഷ്ടിക്ക് മുന്‍പില്‍ അല്ലെങ്കില്‍ അതിന്റെ പ്രലോഭന/ചൂഷണ യുക്തിക്ക് മുന്‍പില്‍ നാവറ്റ് വിധേയരാകുന്ന അടിമബോധ മനസ്സ് ഉത്പാദിപ്പിക്കുന്ന വിധേയത്വത്തിന്റെ ഭാഷ. ഇതിനെതിരിലുള്ള ആത്മബോധത്തിന്റെ കരുത്തുറ്റ സമര പ്രയോഗമാണ് ഈ രഹസ്യത്തെ ഉടക്കുന്നതും മൌനമുടച്ച് ശബ്ദമാകുന്നതും. ഈയൊരു മാറ്റത്തിനിടക്കുള്ള സംഘര്‍ഷവും മൗനത്തിലൂടെയാണ് കരുത്താര്‍ജ്ജിക്കുന്നത് എന്നത് അധികാര ഇടനാഴികളിലെ രഹസ്യവും ഭാഷയും മൌനവും എന്നതിന്റെ വ്യവഹാര തലങ്ങളെ നിര്‍വ്വചിക്കുന്നതിനെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.

ഇനി ഇതിന്റെ തന്നെ മറ്റൊരു തലം എന്നത്: തീര്‍ത്തും വൈയക്തികമായ അനുഭവങ്ങളുടെ ഭാഗമായുള്ള മൌനമാണ്. ഇവിടെമാത്രം മൗനം രഹസ്യത്തിനും അപ്പുറത്തേക്ക് പരസ്യത്തെയും ഉള്‍ക്കൊള്ളുന്നുണ്ട് എന്നതാണ് കൗതുകം. ഉദാഹരണത്തിന്, പിടിക്കപ്പെട്ടവന്‍ വെളിവാക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കുന്നത് ഈയൊരു പരസ്യമാക്കപ്പെട്ടതിലുള്ള മൗനത്തിന്റെ സൂചനയാണ്.

പിന്നെ, പിണക്കങ്ങളില്‍ ഈര്‍ഷ്യയായും വെറുപ്പായും നഷ്ടമായും നിരാശയായും  അന്ത:ക്ഷോഭങ്ങളിലും വിയോജിപ്പുകളിലും നീരസത്തിലും പ്രതിഷേധത്തിലും  ആയുധമായും മൗനം സമരവും ജീവനവുമാകുന്നുണ്ട്. ഒരുപക്ഷെ, മൌനത്തിന്റെ മറ്റവസ്ഥകളില്‍ നിന്നും മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും സമീപസ്ഥമായ ഇത്തരം വൈയക്തിമായ പ്രയോഗാനുഭവമാണ് 'മൗനം' എന്ന്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് വരിക. അതുകൊണ്ടുതന്നെ ഇത് സാധാരണവും അതേസമയംതന്നെ അതീവ തീവ്രവുമാണ്. ഈ മൗനം ഏറെ ആഴമുള്ളതാണ് വാചാലവുമാണ്‌. ഈ മൌനത്തിന് പ്രാദേശിക ഭാഷ്യങ്ങളും വ്യക്തിഗത സ്വഭാവവും ഉണ്ടാവുക സ്വാഭാവികമാണ്. അതിനെ ആ ഒരു തലത്തില്‍ നിന്ന്കൊണ്ട് സമീപിക്കുമ്പോള്‍ മാത്രമേ... അതിനെ ശരിയായി വിലയിരുത്താനും അതിനെയഴിക്കാനും സാധിക്കുകയോള്ളൂ... എങ്കിലും അത് പ്രാപ്യമാണ്.

എന്നാല്‍, പ്രത്യശാസ്ത്രപരമായ രഹസ്യങ്ങള്‍ അനാവശ്യ വാശി സൂക്ഷിക്കുന്നതും സ്വയം പവിത്രവും ആരാധ്യതയും അവകാശപ്പെടുന്നതും രഹസ്യത്തെ ഭേദിക്കാനുള്ള ശ്രമങ്ങളെ കുറ്റകരം എന്ന് വിധിക്കുകയും ചെയ്യുന്ന ഒന്നാണ്. രഹസ്യങ്ങളുടെ കൂട്ടത്തിലെ അപകടകാരി പ്രത്യശാസ്ത്ര രഹസ്യങ്ങളും അതിന്റെ മൌനവുമാണ്.

ചുരുക്കത്തില്‍, മൗനം കേവലം മൌനമല്ല. ലോകത്തെ എല്ലാ ഭാഷയിലും ഇടമുള്ള അനേകം ഉപഭാഷകളും ഭേദങ്ങളും സ്വന്തമായുള്ള അനേക സ്വഭാവങ്ങളും പ്രയോഗങ്ങളും സ്വീകരിച്ചിട്ടുള്ള നിര്‍വ്വചിക്കാന്‍ പ്രയാസമുള്ള അതേസമയം സചേതനമായ ഒന്നാണ് മൗനം.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms