2012, ഏപ്രി 24

പൊതുനിരത്തുകള്‍ വില്പനക്ക് വെക്കുമ്പോള്‍

നീണ്ട നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്നും പതിറ്റാണ്ടുകളിലൂടെ തുടര്‍ന്നുവന്ന സമരങ്ങളിലൂടെയാണ് കഴിഞ്ഞ കാല കേരളം നാമിന്നനുഭവിക്കുന്ന പല അവകാശങ്ങളും നേടിയെടുത്തിട്ടുള്ളത്. കേരളത്തിന്റെ നവോത്ഥാന കാലഘട്ടമെന്നറിയപ്പെടുന്ന അക്കാലയളവില്‍ ജനതയെ ബോധവത്കരിക്കുകയും കൃത്യമായ ഇടപെടലുകളിലൂടെ കേരളത്തെ നയിക്കുകയും ചെയ്ത വിശാല ഇടതുപക്ഷ മനസ്സും ബോധവും ആ സമരങ്ങള്‍ക്ക് അമരത്തം നല്‍കിക്കൊണ്ടിരുന്നു. ഒരേ സമയം, ജാതീയവും അതുവഴിയുണ്ടാകുന്ന അസമത്വങ്ങള്‍ക്ക് നേരെയും  സാംസ്കാരിക പോരാട്ടം നടത്തിയും അതോടൊപ്പം കൃത്യമായ രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയും കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിരന്തരം ഇടപെട്ടുംകൊണ്ട് ഈ പുരോഗമന ബോധം മലയാളത്തിനുമേല്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കയായിരുന്നു. എന്നാല്‍, പുരോഗമനം എന്നത് ഒരു തുടര്‍ പ്രക്രിയയാണെന്നുകണ്ട് അതിന്റെ തുടര്‍ച്ചയില്‍ ശ്രദ്ധ നല്‍കാതെ പാതിയില്‍ വലതുപക്ഷ താത്പര്യങ്ങളോട് സമരസപ്പെട്ട് മാറ്റത്തിന്റെ വഴിയില്‍ നിന്നും ജനതയെ അനാഥരാക്കിക്കൊണ്ട് സ്വയം ഷണ്ഡീകരിക്കുന്ന കാഴചയാണ്‌ പിന്നീട് കേരളം കാണുന്നത്. അതിന്റെ കെടുതി അത്ര ചെറുതല്ലാത്ത വിധത്തില്‍ കേരളമിന്നനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

മത പൌരോഹിത്യവും വലതുപക്ഷ മുതലാളിത്ത താത്പര്യങ്ങളും ഒരു മനസ്സും ശരീരവുമായി കളം നിറഞ്ഞാടുന്ന വര്‍ത്തമാന കേരളത്തില്‍ ഒരു ബദലായി സ്വയമുയരേണ്ടിയിരുന്ന ഇടതുപക്ഷം വ്യവസ്ഥാപിത രാഷ്ട്രീയങ്ങളുടെ ആലയങ്ങളില്‍ സ്ഥാപനവത്കരിക്കപ്പെട്ട രാഷ്ട്രീയത്തിന്റെ സര്‍വ്വമാന ദുര്‍ഗന്ധങ്ങളോടും കൂടി സ്വയം നാറിക്കൊണ്ടിരിക്കുന്നു. 

പൂര്‍വ്വകാലത്ത് വഴി നടക്കാനുള്ള സ്വാതത്ര്യം നിഷേധിക്കപ്പെട്ടിടത്തുനിന്ന് 'പൊതു നിരത്തെന്ന' യാഥാര്‍ത്ഥ്യത്തിലേക്ക് കേരള ജനത അവകാശം സ്ഥാപിക്കുമ്പോള്‍ അതിന് ബഹുമുഖമാനങ്ങള്‍ ഉണ്ടായിരുന്നു. സവര്‍ണ്ണാധിപത്യത്തില്‍ നിന്നുമുള്ള മോചനം എന്ന അര്‍ത്ഥത്തില്‍ അത് സര്‍വ്വതന്ത്രസ്വതന്ത്രന്‍ എന്ന വിശാല തലത്തിലേക്കുള്ള മനുഷ്യന്റെ സാമൂഹികവളര്‍ച്ചയെ സൂചിപ്പിക്കുന്നു. അതിന് പിന്നീടങ്ങോട്ടുണ്ടായ വിവിധങ്ങളായ സാമൂഹിക/സാംസ്കാരിക/രാഷ്ട്രീയ/സാമ്പത്തിക പുരോഗതികള്‍ക്ക് അത് വേഗം വര്‍ദ്ധിപ്പിച്ച ഒരു ചാലകമായി വര്‍ത്തിക്കുകയും ചെയ്തു എന്നതിന് ചരിത്രം സാക്ഷ്യം.  

കഴിഞ്ഞത്  മാത്രമല്ല ; നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതും ഓരോ ചരിത്രമാണ്. ആ ചരിത്രത്തിലേക്കാണ് കേരളീയ സമരഭൂമികയില്‍ നിന്നും പുതിയ താളുകള്‍ ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് ഉപേക്ഷിക്കപ്പെട്ട രാഷ്ട്രീയത്തിന്റെയും, അനാഥമാക്കപ്പെട്ട ജനതയുടെയും, ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയുടെയും, ഭയം ഭരിക്കുന്ന ലോകത്തിന്റെയും ദൈന്യമുഖത്ത് നിന്നുമാണ് വരക്കപ്പെടുന്നത്. അതിലെ ഏറ്റം ഭീകരമായ അനീതിയുടെ വാസ്തവകഥകളാണ് നാമിന്നു പാലിയേക്കരയില്‍നിന്നും കേള്‍ക്കുന്നത്., 

പാലിയേക്കര സമരം; അഥവാ, ബി ഒ ടി വിരുദ്ധ ജനകീയ സമരം. അതുയര്‍ത്തുന്നൊരു വലിയ രാഷ്ട്രീയമുണ്ട്. അതീ ചരിത്രത്തിലേക്കുള്ള ഒരു ആമുഖമാണ്. കഴിഞ്ഞകാലകേരളം തന്റെ ജനതക്ക് വഴി തുറന്നിട്ടുകൊടുത്തുവെങ്കില്‍ വര്ത്തമാന കേരളം തന്റെ ജനതയുടെ 'വഴി'യിലുള്ള അവകാശത്തെ, സഞ്ചാരസ്വാതന്ത്ര്യത്തെ  മുതലാളിക്ക്  തീറ് കൊടുക്കുകയാണ്. പൊതുനിരത്ത് മുതലാളിക്ക് തീറാക്കുമ്പോള്‍ ഇടതും വലതുമടങ്ങുന്ന ഭരണവര്‍ഗ്ഗം ഒന്നെന്നുകണ്ട് തുല്യം ചാര്‍ത്താന്‍ തിടുക്കം കൂട്ടുകയാണ്. ഇവിടെയാണ്‌ ജനമെന്ന യഥാര്‍ത്ഥ ഉടമ വിസമ്മതത്തിന്റെ തലവെട്ടിക്കലിലൂടെ സ്വയമൊരു മുദ്രാവാക്യമായി മാറുന്നതും  പ്രതിരോധം തീര്‍ക്കുന്നതും. 

വാസ്തവത്തില്‍, എന്താണ്  ഇതിന്റെ  പ്രേരണ..? അന്വേഷിക്കേണ്ടതുണ്ട്. വര്‍ദ്ധിച്ചു  വരുന്ന  യാത്രാക്ലേശവും അപകടനിരക്കും മതിയായ ഗതാഗത സൌകര്യമില്ലാത്തത്കൊണ്ടെന്ന കാരണത്തെ ചൂണ്ടുകയും  ആദ്യം 'എക്സ്പ്രസ് ഹൈവേ' എന്നും പിന്നീട് 'തെക്ക് വടക്ക് പാത'യെന്നും ഒടുക്കം 'നാലുവരി പാത' { ബിഒടി}യെന്നുമുള്ള പരിഹാരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്തു. ഏറെ ജനസാന്ദ്രതയുള്ള കേരളത്തിന്റെ ജീവിത പരിസരത്തിനു ഒരുപക്ഷെ ജീവീയലോകത്തിന്റെ ആവാസവ്യവസ്ഥയെതന്നെ തകിടംമറിക്കുന്ന പാരിസ്ഥിതീക പ്രശ്നങ്ങളെചൊല്ലി ഈ ആലോചനയുടെ പ്രാരംഭ ഘട്ടങ്ങളില്‍തന്നെ സമൂഹത്തിന്റെ  വിവിധ കോണുകളില്‍നിന്നും ഏറെ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുള്ളതാണ്‌. ആ സമയംതന്നെ മനുഷ്യന്‍ തന്റെ സ്വാര്‍ഥതയില്‍നിന്നും ഒരു മറുചോദ്യമുയര്‍ത്തുകയും അതിനുള്ള ഉത്തരമായി പ്രകൃതിയെത്തന്നെ നശിപ്പിച്ചും ഗുരുതരമായ പ്രത്യാഘാതങ്ങളെ നിസ്സാരവത്കരിച്ചും തന്റെമാത്രം കേവല താത്പര്യത്തിലേക്ക് ചുരുങ്ങി ഏറെ വൈകല്യം നിറഞ്ഞ വികസന കാഴ്ച്ചപ്പാടിലേക്ക് പോവുകയുമാണുണ്ടായത്. അത്തരമൊരു വികസനത്തിന്റെ പുതിയ പേരാണ് നാലുവരി പാത. എന്നാല്‍, പ്രശ്നം അവിടംകൊണ്ടും അവസാനിക്കുന്നില്ല.  ചൂഷണം ചെയ്യപ്പെടുന്നത് പ്രകൃതി മാത്രമല്ല. ഹേ മനുഷ്യാ .. നിന്റെയും നിന്റെ നാടിന്റെയും സമ്പത്തിനെയും കൂടെയാണെന്നും അതിന് ഇടനിലക്കാരാകുന്നത് തന്റെ തന്നെ ഭരണകൂടവുമാണെന്ന് മനസ്സിലാക്കുമ്പോഴാണ് പുതിയ കാലത്തെ അധിനിവേശായുധത്തിന്റെ മൂര്‍ച്ച വെളിവാകുന്നത്. 

ഈ നാലുവരിപാത എന്നത് പുതിയൊരു ആശയമല്ല. മൂന്നര പതിറ്റാണ്ട് മുന്പ് തന്നെ  ഇതേ ആവശ്യത്തിനായ് അഥവാ, 'മുപ്പതു മീറ്റര്‍ വീതിയില്‍ ' ദേശീയ പാത വികസനത്തിന് ഇതേ കേരളക്കരയില്‍ സ്ഥലമേറ്റെടുത്തിട്ടുണ്ട്. അന്നുതൊട്ടിന്നേവരെ ഒരിഞ്ചു ഭൂമിപോലും റോഡു നിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടാതെകണ്ട് അവകാശികള്‍ ഒഴിഞ്ഞു കൊടുത്ത ഭൂമി വെറുതെ കിടക്കുന്നു. ദേശീയപാത വികസനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടുത്തരവാദിത്തത്തിലാണെന്നിരിക്കെ പ്രത്യേകിച്ചും ഇക്കാലമത്രയും നാട് ഭരിച്ച ഒരു സര്‍ക്കാരിനും ഈ നിഷ്ക്രിയത്വത്തിന് മറുപടി നല്കാതിരിക്കാനാവില്ല. എന്നിട്ടൊടുക്കം ദേശീയപാതയിലെ  ഗതാഗതകുരുക്കും വര്‍ദ്ധിച്ച് വരുന്ന അപകടനിരക്കും ചൂണ്ടി മുപ്പതു മീറ്റര്‍ എന്നത് നാലപ്പത്തിയഞ്ചും നാലുവരിപാത എന്നത് 'ബി ഒ ടി'യെന്നും  പൊതുനിരത്തെന്നത് സ്വകാര്യ മുതലാളിയുടെ ഉടമസ്ഥതയിലുള്ള ഒരു വ്യവസായമായും മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നതും ഇടനിലക്കാരാകുന്നതും ഇതേ ഭരണകൂടങ്ങളും..!

എന്താണ് ഈ മാറ്റങ്ങളുടെ പ്രേരകം. രാജ്യത്തെ റോഡ്‌ നിര്‍മ്മാണവും ഉപയോഗവും സംബന്ധിച്ചുള്ള വേള്‍ഡ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളിലെ 'മുതല്‍ മുടക്ക്,  ലാഭം, വ്യവസായം' എന്നതില്‍ നിന്നാരംഭിച്ച് ഏറ്റവുമൊടുക്കം കേന്ദ്ര ധനകാര്യമന്ത്രി 'പ്രണബ് മുഖര്‍ജി'യുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ രാജ്യത്തെ സേവന മേഖലകള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന എല്ലാതരം സബ്സിഡികളും നിറുത്തലാക്കുന്നതിനു 'പ്രതിജ്ഞാബദ്ധമാണ്' എന്ന ഉറപ്പില്‍വരെ എത്തിനില്‍ക്കുന്ന വായനയില്‍ തെളിയുന്ന, രാജ്യത്തെ പൊതു സ്വത്തുകള്‍ക്ക്മേലുള്ള 'സാമ്രാജ്യത്ത മൂലധന ശക്തി'കളുടെ കടന്നുകയറ്റവും അതെളുപ്പമാക്കുന്ന രാജ്യാധികാരികളുടെ 'ഉദാര' നയ സമീപനങ്ങളും മാത്രമാണ് പ്രേരകം എന്നുത്തരം. അതായത്, "പൊതുഖജനാവ്‌ കാലിയാണ്. മൂലധന നിക്ഷേപമില്ലാതെ രാജ്യത്തൊരു വികസനവും സാദ്ധ്യമല്ല." അതിനാല്‍  മൂലധനശക്തികളുടെ സഹായം സ്വീകരിക്കുകയല്ലാതെ അഥവാ, അവര്‍ക്ക് വിധേയപ്പെടുകയല്ലാതെ വേറെവഴിയില്ലെന്ന ശുദ്ധമായ  കള്ളം.  ഇതുതന്നെയാണ് ബി ഒ ടിയും.

കേരളത്തിലെ ദേശീയപാത വികസനത്തിനായ്‌ നേരത്തെയുള്ളതില്‍ നിന്നും 'ബി ഒ ടി' സംവിധാനത്തിലേക്ക് മാറുമ്പോള്‍ എന്താണ് സംഭവിക്കുന്നത്‌..? അതുതന്നെയാണ് പാലിയേക്കരയടക്കം ഉയര്‍ത്തുന്ന സമരവും ചരിത്രവും. ബി ഒ ടി അടിസ്ഥാനത്തില്‍ പാത നിര്‍മ്മിക്കാന്‍ ബി ഒ ടിക്കാരന്‍ പറയുന്നത് മുപ്പതു മീറ്റര്‍ വീതിയിലുള്ള ഭൂമി മതിയാകില്ല , നാല്പത്തിയഞ്ച് മീറ്റര്‍ തന്നെ വേണമെന്നാണ്. അതിനായ് നേരത്തെ കുടിയിറങ്ങിയവരെകൂടാതെ   ഇരു ദേശീയപാതകളിലുമായി ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകള്‍ വീണ്ടും കുടിയിറക്കപ്പെടുന്നു. പാതക്കിരുവശവുമുള്ള ചെറുകിട കച്ചവടക്കാരും അനുബന്ധജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ദശലക്ഷക്കണക്കിന് ആളുകള്‍ വേറെയും.. ഇനിയൊരിക്കലും തിരിച്ചുവരാന്‍ സാധിക്കാതെകണ്ട് തന്റെ ജീവിത പരിസരങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നു. എന്ത് പുനരധിവാസമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നത്..?  മൂലമ്പള്ളിയിലെ കേവലം ഇരുപത്തിനാല്  കുടുംബങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട  വീട് പോലും വെച്ചുകൊടുക്കാന്‍  ഇന്നേവരെ സാധിക്കാത്ത ഒരു കൂട്ടത്തിന്റെ ഉറപ്പില്‍ എങ്ങനെയാണ് കൂടൊഴിയാന്‍ സാധിക്കുക..?

സര്‍ക്കാര്‍ ഇങ്ങനെയെല്ലാം ഏറ്റെടുത്ത് നല്‍കുന്ന  ഭൂമിയുടെ കാര്യമാണ് ഏറെ രസം നല്‍കുന്നത്.  ഏറ്റെടുത്തു നല്‍കുന്ന ഭൂമിക്ക്മേലുള്ള  പൂര്‍ണ്ണ അവകാശം കമ്പനിക്ക്. ഭൂമി ഏറ്റെടുക്കലിന്റെ നഷ്ടം സഹിക്കുന്നതോ ബാധിക്കപ്പെടുന്ന ജനതയും പിന്നെ മൊത്തം ജനതക്കും അവകാശപ്പെട്ട പൊതുഖജനാവും. ഭൂമിയോ  ഒരു സ്വകാര്യ മുതലാളിക്ക് മാത്രം സ്വന്തം.!  ഈ ഭൂമിയില്‍ റോഡിനു പുറമേ എന്തെന്ത് മാതൃകയില്‍  ഏതേത് നിര്‍മ്മാണങ്ങള്‍ വേണമെന്ന് നിശ്ചയിക്കാനും അതു നടപ്പില്‍വരുത്താനുമുള്ള പൂര്‍ണ്ണ അധികാരം കമ്പനിക്ക് ഉണ്ടായിരിക്കുന്നതാണ്. അഥവാ, പൊതുനിരത്തില്‍ മുതലാളിയുടെ  നേതൃത്വത്വത്തില്‍ ഒരു സമാന്തര ഭരണകൂടം.!

ബി ഒ ടി അടിസ്ഥാനത്തില്‍ നാല്പത്തിയഞ്ച് മീറ്റര്‍ പാത നിര്‍മ്മിക്കുന്നതിന് മൊത്തം നിര്‍മ്മാണ ചിലവിന്റെ 40 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായി കമ്പനിക്ക് നല്‍കും. നീണ്ട മുപ്പതു വര്ഷം ചുങ്കം പിരിക്കാനും വേണ്ടിവന്നാല്‍ ചുങ്കം കാലാവധി നീട്ടിക്കിട്ടാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നുമുണ്ട്.  ഈ മുപ്പതു കൊല്ലത്തിനിടക്ക് ചുങ്കം റോഡിനു സമാന്തരമായി മറ്റൊരു പാതയും സര്‍ക്കാര്‍ പണി കഴിക്കാന്‍ പാടില്ല. കമ്പനിക്കാരന്‍ നിര്‍മ്മിക്കുന്ന സര്‍വ്വീസ് റോഡുകള്‍, കനാലുകള്‍ തുടങ്ങിയവയ്ക്കും ഇവ്വിധം ചുങ്കം ഏര്‍പ്പെടുത്താനും ടോള്‍ തുക പുതുക്കാനും കമ്പനിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്. ചുരുക്കത്തില്‍, ഏറ്റെടുത്തു നല്‍കുന്ന ഭൂമിയും, ആ ഭൂമിയില്‍ പണിയുന്ന റോഡും ആ റോഡിനു ഇരുവശവുമുള്ള വ്യാപാരങ്ങളും ജീവിതങ്ങളുമെല്ലാം മുതലാളിയുടെ സ്വന്തം. അഥവാ, ദേശീയപാത എന്നത് മാറി സ്വകാര്യ മുതലാളിയുടെ സ്വത്ത് എന്ന അര്‍ത്ഥത്തിലേക്ക് നമ്മുടെ പൊതുനിരത്തുകള്‍ മാറുന്നുവെന്ന്. ഇതാണ് ബി ഒ ടി. !

ഇനി, റോഡ്‌ നിര്മ്മാണാവശ്യത്തിനായി ചിലവഴിക്കുന്ന പണം ആരുടേതാണ്..? കിലോമീറ്റര്‍ ഒന്നിന് 17.6കോടി രൂപ ചെലവ് കണക്കാക്കുന്ന ബി ഒ ടി റോഡിന് ആദ്യഘട്ടമെന്ന നിലയില്‍ പ്രവര്‍ത്തി തുടങ്ങാന്‍ ആലോചിക്കുന്ന ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള 172കിലോമീറ്റര്‍ ദൂരം നാലുവരിയില്‍ പാത നിര്‍മ്മിക്കാന്‍ 3027കോടി രൂപ. എന്നാല്‍, പൊതുമരാമത്ത് വകുപ്പിന്റെ കണക്കനുസരിച്ച് ഇതേ നാലുവരിപാത ഇതേ ഇടത്ത് പണിയാന്‍ കിലോമീറ്റര്‍ ഒന്നിന് 6 കോടി രൂപ. ബി ഒ ടി ചിലവിന്റെ 40 ശതമാനം സര്‍ക്കാര്‍ കമ്പനിക്ക്  നല്‍കുമ്പോള്‍  ആ തുക കിലോമീറ്റര്‍ ഒന്നിന് 7.2  കോടി. അപ്പോള്‍, ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നിന്നും 6 കോടി രൂപ ചിലവഴിച്ചാല്‍തന്നെ ഒരുകോടി രണ്ട് ലക്ഷം രൂപ കിലോമീറ്റര്‍ ഒന്നെന്ന കണക്കിന് കമ്പനിക്ക് വെറുതെ {ലാഭമെന്ന് പേര്}  ലഭിക്കുന്നു. അപ്പോള്‍, ഈ പറയുന്ന മുതലാളിയുടെ പണം കൊണ്ടല്ല റോഡു നിര്‍മ്മാണം.! ഇങ്ങനെ കേരളത്തിലെ ഇരു ദേശീയപാതകളുടെയും നീളം ഒന്നളന്ന്  ഈ തുക കൊണ്ട് പെരുക്കുമ്പോള്‍.. അക്കം മാത്രമല്ല നമ്മുടെ തലയും പെരുക്കും..!!!  പൊതുമരാമത്ത് വകുപ്പ്തന്നെ സര്‍ക്കാര്‍ ചിലവില്‍ പാത നിര്‍മ്മാണം ഏറ്റെടുത്തു നടപ്പാക്കിയാല്‍ ബി ഒ ടിയേക്കാള്‍ രണ്ടിരട്ടി കുറവില്‍ പണിതീര്‍ക്കുകയും ബാക്കി തുക പൊതുഖജനാവിന് ലാഭിക്കുകയും ചെയ്യാമെന്നിരിക്കെ പിന്നെന്തിനീ പെരുംകൊള്ളക്ക് അവസരമൊരുക്കുന്നു..?

ഇതുകൂടാതെയാണ് ചുങ്കം പിരിക്കുന്നത്. ചുങ്കം എത്രയെന്നു തീരുമാനിക്കുന്നതും റോഡിന്റെ മുതലാളിയായിരിക്കും. ഒരു കാറിന് ഈ പറയുന്ന മുതലാളിയുടെ റോഡിലേക്ക് കടക്കാന്‍ തന്നെ 40 രൂപ മുതലാളിക്ക് നല്‍കണം. കിലോമീറ്റര്‍ ഒന്നിന് മൂന്ന് രൂപ കണക്കിന് വേറെയും.!  മുപ്പതുകൊല്ലം ഓരോ കാറുകാരനില്‍നിന്നും മുതലാളിക്ക് ഇവ്വിധം പണം പിരിക്കാം. വേണ്ടിവന്നാല്‍, അതില്‍കൂടുതല്‍ കാലവും. തുക ഇഷ്ടാനുസരണം കൂട്ടുകയുമാവാം. അതും മുതലാളിയുടെ അവകാശങ്ങളില്‍പെട്ടത്. ഹെവിവാഹനങ്ങള്‍ കിലോമീറ്റര്‍ ഒന്നിന് 4.50ഉം ഭാരം കയറ്റിയ വണ്ടികള്‍ക്ക് അനുവദിച്ചിട്ടുള്ള ഭാരത്തേക്കാള്‍ പത്തു ശതമാനം കൂടുതല്‍ കയറ്റിയാല്‍ 6.45ഉം അതു ഇരുപതു ശതമാനമെങ്കില്‍ ഇരട്ടിയും നല്‍കണം. വാഹനങ്ങളിലെ ചരക്ക് കമ്പോളത്തിലും പിന്നീട് വാങ്ങുന്നവന്റെ കയ്യിലെമെത്തുമ്പോള്‍ വ്യാപാരി അതിനനുസരിച്ച് വില ഈടാക്കി അവന്റെ നഷ്ടം നികത്തും. അപ്പോഴും വിലവര്‍ദ്ധനവിന്റെ കെടുതിയനുഭവിക്കേണ്ടി വരുന്നതും ജനങ്ങള്‍ തന്നെ..! ജനങ്ങളുടെ ചിലവില്‍ നിര്‍മ്മിച്ച റോഡു വഴിയുള്ള വികസനവും പുരോഗതിയും ഇവ്വിധം ജനങ്ങളെ സന്തോഷത്തിലാക്കും..! 


അതെ, "അല്ലുമ്മാ.. ഇതാണോ പോക്കരാക്ക" എന്നാരെങ്കിലും ചോദിച്ചാല്‍ അത്ഭുതമില്ല എന്ന്.!
                                        

നാം ചിന്തിക്കണം. ഇങ്ങനെയൊരു വികസനം നമുക്കാവശ്യമുണ്ടോ..? അല്ലെങ്കിലും ആരാണിതിനെ വികസനം എന്ന് വിളിക്കുന്നത്‌..?  മുടക്കുമുതലും അതിന്റെ ആറിരട്ടി ലാഭവുമെന്ന മൂലധനശക്തികളുടെ കച്ചവടനയത്തിന്റെ ഭാഗമായി ഒരു രാജ്യം അതിന്റെ ജനതക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ക്ക്മേല്‍ വിശേഷിച്ചും സേവന മേഖലയിലെ പൊതുസ്വത്തുക്കള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്നും പൂര്‍ണ്ണമായും പന്‍വാങ്ങുന്നതും എന്നിട്ടവയത്രയും മൂലധനശക്തികള്‍ക്ക്  യഥേഷ്ടം കച്ചവടം ചെയ്യാന്‍ പാകത്തില്‍ വിട്ട് കൊടുക്കയും ചെയ്യുന്നതിന്റെ പേരാണ് വികസനമെങ്കില്‍ ആ വികസനം ഞങ്ങള്‍ക്ക് വേണ്ടന്നും അതിന് കൂട്ട്നില്‍ക്കാന്‍ ഞങ്ങളൊരുക്കമല്ലെന്നും ആവത്തിച്ചു പ്രഖ്യാപിക്കുന്നുവെന്നതാണ്  ബി ഒ ടി വിരുദ്ധ സമരം ഉയര്‍ത്തുന്ന രാഷ്ട്രീയം.  പാലിയേക്കര അടക്കമുള്ള സമരങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നതിങ്ങനെയാണ്. 

അതുകൊണ്ടുതന്നെ ബി ഓ ടി വിരുദ്ധ സമരമെന്നത് ജനങ്ങളുടെ സമരമാണ്. നമ്മുടെ സേവന മേഖലകളെ അതേപടി തിരിച്ചുപിടിക്കാനുള്ള, ഇനിയും പൊതുസ്വത്ത് കൊള്ളയടിക്കാതിരിക്കാനുള്ള, പൊതുനിരത്ത് അന്യാധീനപ്പെടാതിരിക്കാനുള്ള, പൌരന്റെ പൊതുജീവിത പരിസരത്തു സ്വതന്ത്രനായി ജീവിക്കാനുള്ള അവകാശത്തിനായുള്ള സമരമാണ്. ഇനിയുമൊരുനാളിലും ഭീതിയേതുമില്ലാതെ തലയുയര്‍ത്തി നില്‍ക്കാനുള്ള /ജീവിക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം.  അതുകൊണ്ടുതന്നെ ഈ സമരം വിജയിക്കേണ്ടതുണ്ട്.

കാരണം, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ  ഇടതുവലത് ഭേദമന്യേയുള്ള എല്ലാ ഭരണവര്‍ഗ്ഗവും അവരാല്‍ നയിക്കപ്പെടുന്ന ഭരണകൂടവും ഇങ്ങ് കേരളത്തിലും അങ്ങ് കേന്ദ്രത്തിലും അതിന്റെ മൊത്തം സംവിധാനവും ഉപയോഗിച്ച് ഈ കള്ളത്തരത്തിന് കൂട്ട്നില്‍ക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ കാര്യങ്ങളെ പഠിച്ചും ജനതയെ ബോധവത്കരിച്ചും മൊത്തം ജനതയുടെയും പിന്തുണ ഉറപ്പാക്കിയും സമരമുഖത്ത് ഉറച്ചു നില്‍ക്കേണ്ടതുണ്ട്. പൂര്‍വ്വകാലത്തെ സവര്‍ണ്ണ മേല്ക്കോയ്മയിലും പിന്നീട് നീണ്ട വര്‍ഷങ്ങളുടെ കോളനി ഭരണത്തിലും ഈ നാട്ടിലെ വിഭവങ്ങളത്രയും  കൊള്ളയടിക്കപ്പെടുകയും ജനത കാലങ്ങളോളം അടിമകളെപ്പോലെ കഴിഞ്ഞു കൂടുകയുമായിരുന്നു. അതിനൊരറുതിവരുന്നത് നീണ്ടകാലത്തെ സമരത്തിലൂടെയാണ്‌.  ഇവിടെയിപ്പോള്‍ ജനായത്ത ഭരണത്തിലും അതേ അടിമ-ഉടമ സമ്പ്രദായത്തെ സഹിക്കേണ്ടിവരുന്നത് വലിയ ദുരന്തമാണ്. ഈ ദുരന്തമുഖത്തുനിന്നു നടത്തുന്ന  പോരാട്ടത്തിന് ,  ഇനിയും അടിമകളായി തുടരാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന ഉറച്ച പ്രഖ്യാപനം ഉയര്‍ത്തുന്ന 'ബി ഓ ടി വിരുദ്ധ സമരത്തിന്' നമ്മുടെ ഓരോരുത്തരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ടാകേണ്ടതുണ്ട്.. 


സമരമുഖത്തുള്ള അവകാശ പോരാളികള്‍ക്ക്  അഭിവാദ്യങ്ങള്‍. 


നന്ദി:          വ്യാഴച്ചന്തകളിലെ പതിവ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക്.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms