2012, ഫെബ്രു 5

ഈന്തപ്പനയില്‍ നാളികേരം തേടുമ്പോള്‍

"ദുരന്തമുഖത്ത് നിന്നും 'വിലാപ കാവ്യങ്ങള്‍' മാത്രമല്ല പിറവി കൊള്ളേണ്ടത്‌. ശക്തമായ 'ഉയിര്‍പ്പ് ഘോഷങ്ങള്‍' കൂടെയാണ്. പിന്നീടോര്‍ത്തു ആശ്ചര്യം കൂറുകയല്ല ആവേശം കൊള്ളുകയാണ് വായനയില്‍ ഉറപ്പ് വരുത്തേണ്ടത്".

ലോകത്തെ ഓരോ സൃഷ്ടികളും അതാതു വ്യക്തികളുടെ ഉറക്കെയുള്ള ചിന്തകളാണ്. ആവിഷ്കാര രൂപങ്ങള്‍ അതെന്ത്തന്നെയുമാകട്ടെ അവയുടെ ഉത്തമ താത്പര്യമെന്നത് ഇത്തരം ഉറക്കെപ്പറച്ചിലുകള്‍ തന്നെയാണ്. പരിസര വായനയില്‍ കാണപ്പെടുന്ന ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം അവയെ സ്വാധീനിക്കുകയും അവയിലുള്‍ചേര്‍ന്നിരിക്കുകയും ചെയ്യും. അത്തരം ഇഷ്ടാനിഷ്ടങ്ങളുടെ അനുപാതത്തില്‍ ആവിഷ്കരിക്കുന്ന സൃഷ്ടി രൂപങ്ങളിലൂടെയാണ് കാലംപോകെ 'ലോക'ങ്ങളെ വായിക്കുന്നതും വിലയിരുത്തപ്പെടുന്നതും. അഥവാ, എഴുത്തുകാര്‍ കാലങ്ങളെ അടയാളപ്പെടുത്തുന്നുവെന്നാണ്.

ഈയൊരു തലത്തില്‍ നിന്നുകൊണ്ട് പ്രവാസികളായ മലയാലാളികള്‍ എഴുതുന്നവയില്‍ 'ഈന്തപ്പനയില്‍ നാളികേരം കാണുന്ന' ഏര്‍പ്പാട് മാത്രമായി ചുരുങ്ങുമ്പോള്‍, അത് കേവലമൊരു 'പായാരം പറച്ചില്‍' മാത്രമാവുകയാണ് എന്നോര്‍ക്കുന്നത് നന്നെന്നു തോന്നുന്നു.
എന്തുകൊണ്ട്, പ്രവാസ ലോകത്ത് തന്റെ തൊഴിലിടങ്ങളില്‍ കാണുന്ന വ്യത്യസ്ത സംസ്കാരങ്ങളും ജീവിതരീതികളുമുള്ള ആയിരങ്ങളെ രചനകളിലൂടെ പകര്‍ത്തി തന്റെ ഭാഷയായ മലയാളത്തിന് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നില്ല. പതിറ്റാണ്ടുകള്‍ പിന്നിട്ട പ്രവാസത്തിലും 'തെങ്ങും കമുകും വയലും പുഴയും ഇടവഴിയും പൂച്ചയും കാലിയും' മാത്രം വിഷയമാകുന്നു. ഈയൊരു കുറ്റിയില്‍ തിരിയുന്ന രചനകള്‍ മാത്രമുണ്ടാകുന്നു. നീണ്ട വര്‍ഷങ്ങളുടെ പ്രവാസാനുഭവങ്ങളില്‍ നിന്നും പരിചയപ്പെട്ട ഒരൊറ്റ സാംസ്കാരിക സാമൂഹ്യ പ്രത്യേകതകളെപ്പോലും കാര്യമായി സമീപിക്കാത്ത ഇക്കരയിലെ മലയാളി എഴുത്തുകാര്‍ പിന്നെങ്ങനെയാണ് കാലങ്ങളെ അടയാളപ്പെടുത്തുക..?

പ്രവാസം അതിന്റെ സൂക്ഷമാര്‍ത്ഥത്തില്‍ സ്വന്തം ഗ്രാമത്തില്‍ താമസിക്കുന്നവരെയും പ്രവാസിയെന്നു വിളിക്കുന്നുവെന്നതാണ് സത്യം. കാരണം, നാം ജനിച്ചു വളര്‍ന്ന നാടോ പരിസരമോ അല്ല ഇന്നു നമുക്കനുഭവപ്പെടുന്നത്. അതത്രയും നമ്മുടെ ഓര്‍മ്മകളില്‍ മാത്രമാണ് കാണാനാകുന്നത്. അങ്ങനെ ഓര്‍മ്മകളില്‍ മാത്രം നാട്ടിലാവുകയും ജീവിതമെപ്പോഴും പ്രവാസത്തിലായിരിക്കയും ചെയ്യുമ്പോള്‍ നാട്ടിലുള്ളവരും നാടിന് പുറത്തുള്ളവരും ഒരുപോലെ പ്രവാസത്തിലാണെന്നത് കൌതുകമുണര്‍ത്തുന്ന ഒരുകാര്യമാണ് . അതെ, ഈയൊരര്‍ത്ഥത്തില്‍ ലോകത്തെ എല്ലാവരും പ്രവാസികളാണ്. !

അപ്പോള്‍ പ്രവാസത്തില്‍ നിന്നും സ്വദേശത്തേക്കുള്ള മടക്കമെന്നത് ഓര്‍മ്മകളിലൂടെയാണ് സാധ്യമാകുന്നത്. ആ ഓര്‍മ്മകളിലെ ജീവിതം വര്‍ത്തമാനത്തില്‍ 'നഷ്ടവും വിരഹവും വ്യഥ'യുമായി മുളക്കുന്നു. അത് ചിന്തകളെയും കാഴചകളെയുമെല്ലാം ആകുലതയോടെ സമീപിക്കുകയും നഷ്ടം നഷ്ടമെന്നു പേര്‍ത്തും പേര്‍ത്തും വിലപിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമായി കേരളീയ പ്രവാസ സമൂഹം ചെയ്യുന്നത് എത്തിപ്പെടുന്നിടത്തൊരു കേരളം സൃഷ്ടിക്കുന്നുവെന്നതാണ്. പലപ്പോഴും, ഇത്തരം കൂടിച്ചേരലുകള്‍ താന്താങ്ങളുടെ ഹൃദയവേദനകളെ അത്ര ചെറുതല്ലാത്ത രീതിയില്‍ ശമിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍, അപ്പോഴും നഷ്ടത്തെ ചൊല്ലിയുള്ള പതംപറച്ചിലുകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. തത്ഫലം മനസ്സും ശരീരവും കൂടുതല്‍ ആതുരമാകുന്നുവെന്നതാണ് വസ്തുത. ഈയൊരാതുരത അവരുടെ മൊത്തം ജീവിതത്തെയുമാണ് ബാധിക്കുന്നത്. ചിന്തയിലും ആലോചനയിലുംവരെ അത് സാരമായ പങ്കുവഹിക്കുന്നു. ഇവിടംമുതലാണ്‌ ആരോഗ്യമില്ലാത്ത, ഒന്നിനെയും സൃഷ്ടിക്കാനാവാത്ത വിധം നിഷ്ക്രിയരും നിസ്സഹായരുമായി പ്രവാസലോകം പരിമിതപ്പെടുന്നത്. ഈ പരിമിതപ്പെടലുകളില്‍ നിന്നുമുള്ള മോചനം സാധ്യമാകാതെ പ്രവാസത്തിനു യാതൊരു പ്രത്യുത്പാദനവും പുനര്‍നിര്‍മ്മാണവും വാഗ്ദാനം ചെയ്യാനൊക്കില്ല തന്നെ.

അവശ്യം വേണ്ടുന്നത്, അതാതു ഇടങ്ങളുമായി സാദ്ധ്യമായ തലത്തില്‍ താദാത്മ്യം പ്രാപിക്കുക എന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍ സ്വത്വബോധമുണ്ടാകുന്നതോടൊപ്പം നാഗരികതകളുടെ നിലനില്‍പ്പ് തന്നെയുമായ 'കൊടുക്കല്‍ വാങ്ങലുകളെ' പരിചയപ്പെടാനും അതിനെ സ്വീകരിക്കുവാനും തയ്യാറാവണം. ഇത്തരം കൊള്ളക്കൊടുക്കലുകളുടെ വ്യവഹാരങ്ങള്‍ അടയാളപ്പെടുത്തുന്ന ആവിഷ്കാരങ്ങളില്‍ കൃത്യമായി ഇടപെടുകയും വേണം. ' പ്രവാസി കൂട്ടങ്ങളുടെ' താത്പര്യം ഇവ്വിധം വിശാലവും സക്രിയവും ആവേണ്ടതുണ്ട്‌. ഒരുപക്ഷെ, ഈ ഇടപെടലുകളെയാണ് 'കാലങ്ങളെ അടയാളപ്പെടുത്തുക' എന്നതിന്റെ വിവക്ഷയായി ചൊല്ലുന്നത്.

ഇന്ന്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന 'മുല്ലപ്പൂ വിപ്ലവം' പോലും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നാം മനസ്സിലാക്കുകയോ അവതരിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഒരു പ്രത്യേക ഘട്ടത്തില്‍ സംഭവിച്ചുപോയ ഒരു മുന്നേറ്റമല്ല അതെന്നും കാലങ്ങളോളമായുള്ള അസംതൃപ്തിയും അസമത്വവുമാണ് സര്‍വ്വാത്മനാ ഒരു പോരാട്ടത്തിലേക്ക് ആ ജനതയെ നയിച്ചതെന്നും മറ്റെല്ലാ സമരങ്ങളുടെയും കാരണങ്ങളെന്ന കണക്കിന് ഇത് സ്വഭാവികമെന്നുമാണ് നാം മനസ്സിലാക്കി വെച്ചിട്ടുള്ളത്‌. എന്നാല്‍, അതിനും അപ്പുറത്തേക്ക് ചില ചിന്തകള്‍ക്ക് നിര്‍ബന്ധിക്കുന്ന ഒന്നാണ് നാം വല്ലാതെ മേനി പറയുന്ന മുല്ലപ്പൂ വിപ്ലവം.!

ഏതാണ്ട് ഇതേ സാഹചര്യങ്ങളിലൂടെ തന്നെയാണ് നമ്മുടെ രാജ്യവും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളും കാലങ്ങളായി ഭരണകൂടങ്ങളുടെ അതിശക്തമായ വിവേചന ഭീകരതയുടെ ഇരകളായിട്ടാണ് കഴിഞ്ഞുകൂടുന്നത്. എന്നിട്ടും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഈ ഭരണകൂട ഭീകരതക്കെതിരില്‍ കാര്യമായ പ്രതികരണങ്ങള്‍ ഇനിയും ഉണ്ടായി തുടങ്ങിയിട്ടില്ല. എന്തായിരിക്കും കാരണം..? ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും നേതാക്കന്മാരും ബുദ്ധിജീവികളുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ജനതയില്‍നിന്നും ശക്തമായൊരു മുദ്രാവാക്യം പോലും ഉണ്ടാകുന്നില്ലായെങ്കില്‍ നാം അന്വേഷിക്കേണ്ടതുണ്ട്. അതായത്, വേണ്ടത്ര രാഷ്ട്രീയവിദ്യാഭ്യാസം കിട്ടിയിട്ടില്ലാത്ത ഒരു സമൂഹത്തിന്റെ {അറബ് ലോകത്തെ} സ്വാതന്ത്ര്യാഭിവാജ്ഞയും പ്രബുദ്ധമെന്നുത്ഘോഷിക്കുന്ന നമ്മുടെ ജനാധിപത്യത്തിലെ ജനതയുടെ മാനസികാടിമത്വവും 'മുല്ലപ്പൂ വിപ്ലവം' കൊണ്ടാടപ്പെടുന്ന സമയത്ത് സജീവ ചര്‍ച്ചയില്‍ ഉണ്ടായിരിക്കേണ്ട ഒരു വലിയ ആലോചനാ വിഷയമാണ്.

പൂര്‍വ്വ കാലത്തെയപേക്ഷിച്ച് ഇന്ന് ലോകത്ത് നടക്കുന്നത് സാംസ്കാരികാധിനിവേശമാണ്. ബ്രിട്ടനില്‍ നിന്നും സാമ്രാജ്യത്വം അമേരിക്കയിലേക്ക് എത്തപ്പെടുമ്പോള്‍ അതാത് നാടിന്റെ ബോധത്തെ കൂടെ കെടുത്തിക്കൊണ്ടാണ് അവര്‍ അധീശത്വം സ്ഥാപിക്കുന്നത്. ഈ ബോധ നിര്‍മ്മിതിക്കുപയോഗിക്കുന്ന വിഭവങ്ങള്‍പോലും എന്തെന്ന് തിരിച്ചറിയാന്‍ പറ്റാത്ത പരുവത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നതാണ് വസ്തുത. ഈയൊരു സാഹചര്യത്തില്‍ ജനത ശരിയായ ബോധം നേടുകയെന്നത് അതിജീവനത്തിന്റെ ഭാഗം കൂടെയാവുകയാണ്. ഓരോ ജനതയേയും അവരുടെ ജീവിത രീതികളെയും അവിടത്തെ തൊഴില്‍പരവും വിശ്വാസപരവും രാഷ്ട്രീയവുമായ കാര്യങ്ങളെ പരിചയപ്പെടുകയും നേരാംവണ്ണം മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ ബോധം നേടാന്‍ സാധിക്കുക. ഇങ്ങനെ ബോധം നേടുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നതിലൂടെയാണ് ജനതയുടെ മാനസികാടിമത്തം മാറുന്നതും അവര്‍ സ്വാതന്ത്ര്യകാംക്ഷികളും അവകാശബോധമുള്ളവരുമായി വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നത്. ഇതിന് ഓരോ പ്രദേശത്തിന്റെയുമെന്ന കണക്കിന് ചരിത്രങ്ങള്‍ ആഖ്യാനിക്കേണ്ടതുണ്ട്. അതുവഴി ഒരു പുതിയ സമരമുഖം രൂപപ്പെട്ടുവരികയാണ് ചെയ്യുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് നാവും നാരായവും കൈകാര്യം ചെയ്യുന്നവരുടെ ധര്‍മ്മമാണ്.

ഈ സാഹചര്യത്തിലാണ് അറേബ്യന്‍ സാഹിത്യത്തിലെ പ്രതിഭകള്‍ ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും സന്ദര്‍ശനം നടത്തുകയും അവിടങ്ങളില്‍ താമസിച്ച് അതാതു പ്രദേശത്തിന്റെ സാംസ്കാരിക ഞരമ്പുകളിലൂടെ വലിഞ്ഞു കയറുന്നതും അതാതിന്റെ ചൂടറിയുന്നതും അവരുടെ ഭാഷയിലേക്കവ പകര്‍ത്താന്‍ ശ്രമിക്കുന്നതും നാമറിയുന്നത്. എന്നാല്‍, ഇവ്വിധമൊന്നും ക്ലേശങ്ങളില്ലാതെ കൈകാര്യം ചെയ്യപ്പെടാവുന്ന ഒന്നാണ് നാം {പ്രവാസം} ജീവിക്കുന്ന വര്‍ത്തമാന കാലത്തെ ഒന്ന് വായിക്കാനെങ്കിലും മിനക്കെടുകയെന്നത്. വര്‍ത്തമാനത്തെ വായിക്കുമ്പോള്‍ കാഴ്ച കൂടുതല്‍ വിശാലമാക്കേണ്ടതുണ്ട്. അപ്പോള്‍ മേല്‍ചൊന്ന ആകുലതകളില്‍ നിന്നും സ്വാഭാവികമായ മോചനം സാദ്ധ്യമാവുകയും ചെയ്യും.

ഈ സ്വാതന്ത്ര്യം നമ്മിലേക്ക് പുതുമണങ്ങളും പുതുരുചികളും അനുഭവിപ്പിക്കും. നമുക്കൊപ്പം ജീവിക്കുന്ന വ്യത്യസ്ത 'സാമൂഹിക സാംസ്കാരിക രാഷ്ട്രീയ' സാഹചര്യങ്ങളിലെ ജനങ്ങളെ, അവരുള്‍ക്കൊള്ളുന്ന 'നാഗരികതകളെ' പരിചയപ്പെട്ടും കൃത്യമായും 'കണ്ടും കേട്ടും വായിച്ചു'മാണ് പുതിയ 'മണങ്ങളും രുചികളും' അനുഭവിക്കാനും ആസ്വദിക്കാനുമാകൂ എന്നതാണ് ഒരു വലിയ സത്യം. ഇവിടെ 'കണ്ണും കാതും നാവും ശബ്ദവും' 'കൊടുക്കുകയും വാങ്ങുകയും' ചെയ്യുന്നുവെന്നത് പുതിയൊരു 'വ്യവഹാര തലം' കൂടെ കാണിക്കുന്നു. ഇവ്വിധം ഉള്ചെര്‍ന്നുള്ള, അഥവാ 'താങ്ങിയും തൂങ്ങിയുമുള്ള' നില്പ്പിലാണ് മനുഷ്യ സംസ്കാരത്തിന്റെ നിലനില്പും വികാസവുമെന്നു പറയുന്നത്. ഇവയെ സ്വന്തം ജനതയിലേക്ക്‌ എത്തിക്കാനുള്ള ചുമതല കൂടെ ഏറ്റെടുക്കുന്നതിലൂടെ അയാളൊരു ചരിത്ര നിര്‍മ്മിതിയുടെ ഭാഗമാവുകയുമാണ്. ഈ ദൌത്യമാണ് പ്രവാസ കൂട്ടങ്ങളും എഴുത്തിടങ്ങളിലെ പ്രവാസി സമൂഹവും ഏറ്റെടുക്കേണ്ടത്.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms