
കോവിലന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'പ്രഥമ കോവിലന്‍ ആക്ടിവിസ്റ്റ് പുരസ്കാരം' പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മ്മിളക്ക് നല്‍കാന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു. പട്ടാളക്കാരനായി ജീവിച്ച ഒരെഴുത്തുകാരന്റെ പേരിലുള്ള ഒരു പുരസ്കാരം പട്ടാളാധികാര നിയമങ്ങളുടെ തെറ്റായ ഉപയോഗത്തിനെതിരെ സ്വജീവിതം കൊണ്ട് പൊരുതുന്ന ഒരു വനിതാ ആക്ടിവിസ്റ്റിനു നല്‍കുമ്പോള്‍ അതിലെ വൈരുദ്ധ്യം വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു.
അനുഭവങ്ങളില്‍ കഥയുണ്ടെങ്കില്‍ പട്ടാള ജീവിതം കഥകളുടെ അക്ഷയ ഖനികളാണ്. പട്ടാള ജീവിതത്തില്‍ നിന്ന് കഥകള്‍ കുഴിച്ചെടുക്കുന്ന അനേകം എഴുത്തുകാര്‍ മലയാളത്തിലുണ്ട്. നന്ദനാര്‍, പാറപ്പുറത്ത്, കോവിലന്‍, കൃഷ്ണന്‍ കുട്ടി, ഏകലവ്യന്‍ തുടങ്ങിയവരൊക്കെ ഈ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുകയും അവയെ കഥകളിലേക്ക് വിവര്‍ത്തനം ചെയ്തവരുമാണ്. തീക്ഷ്ണാനുഭവങ്ങളുടെ അഗ്നിയോടൊപ്പം പ്രതിഭയുടെ മാന്ത്രിക സ്പര്ശംകൂടെ ചേരുമ്പോഴാണ് ഉള്ളുറച്ച കഥകളുണ്ടാകുന്നത്. ഒരുപക്ഷെ, കാലത്തിനെളുപ്പം തോല്‍പ്പിക്കാനാവാത്ത കഥകള്‍.! കോവിലന്റെ കഥകള്‍ അത്തരത്തിലുള്ളതാണ്. വേഗത്തില്‍ തുരുമ്പെടുക്കാത്തവ.
ഹിംസയ്ക്ക് ഒരു ആള്‍രൂപം കല്പിക്കാനാവുമെങ്കില്‍ യൂണിഫോമിട്ട പട്ടാളക്കാരനെയാണ് നാമാ'സ്ഥാനത്ത് കാണുക., കൊല്ലാന്‍ ചുമതലപ്പെട്ടവന്‍. രാജ്യരക്ഷയും ജനസംരക്ഷണവും ഒക്കെ ഇതിന്റെ ഉപോത്പന്നങ്ങള്‍ മാത്രമാണ്. എന്നാല്‍, ഒരു സാധാരണ പട്ടാളക്കാരന്‍ ഒരു സാധാരണ മനുഷ്യന്‍ മാത്രമാണെന്നും അയാള്‍ ഹിംസാത്മകമായ ഒരു സംവിധാനത്തിന്റെ ഇര മാത്രമാണെന്നും നാം അറിയുന്നുണ്ട്. പക്ഷേ, വേട്ടപ്പട്ടിയുടെ ചുമതല നിര്‍വഹിക്കുന്നതിനാല്‍ അവന്റെ ദംഷ്ട്രകളില്‍ എപ്പോഴും ചോരക്കറയുണ്ട്., ചോരയുടെയും മാംസത്തിന്റെയും രുചിയറിയുന്നതിനാല്‍ അവരില്‍ പലരും സ്വന്തമായി വേട്ട നടത്തുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഒരു മുന്‍ പട്ടാളക്കാരനായ കോവിലന്റെ പേരിലുള്ള ഒരവാര്‍ഡ് ഇറോമിന് നല്‍കുന്നത്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുകയാണ്. അവിശ്വസനീയമായി..!
കണ്മുന്നില്‍ നടന്ന 'മാലോം കൂട്ടക്കൊല' എന്ന നിന്ദ്യമായ നരവേട്ടയാണ് കവി മനസ്സുള്ള ഈ സാധാരണ യുവതിയെ ഭരണ കൂടത്തിന്റെ അര്‍ദ്ധ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. ഒരിക്കലും അവസാനിക്കാത്ത ഒരു സമരത്തിന്റെ വഴിയില്‍ അവര്‍ തന്റെ യൌവ്വനം മൊത്തം ചിലവഴിച്ചു കഴിഞ്ഞു. ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഇറോമിന്റെതെന്ന് പറയാം. കാരണം, അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മാര്‍ദ്ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വസന്തകാലമാത്രയും ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്. ഈ സമരമുഖത്ത് അവര്‍ ആവര്‍ത്തിക്കുന്നുണ്ട് "എന്റെ ശരീരമാണ് എന്റെ സമരായുധാമെന്ന്". ഒരു പക്ഷേ, മഹാത്മാ ഗാന്ധിക്ക് പോലും സാധിക്കാത്തത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ സമര നായികയെ 'കോവിലന്‍ പുരസ്കാരം' കൊണ്ട് ആദരിക്കുമ്പോള്‍ അതിലെവിടെയോ ഉണ്ട് കാലത്തിന്റെ കാവ്യനീതി.
ഭരണകൂട അനീതിക്കെതിരെ സൈനീക കലാപം നടത്തിയ ഇന്ത്യയിലെ അവസാനത്തെ സൈനീക ദളമായിരുന്നു ഇന്ത്യന്‍ റോയല്‍നേവി. റോയല്‍നേവിയില്‍ അംഗമായിരുന്ന അദ്ദേഹം നാല്പത്തിയാറിലെ നാവിക കലാപത്തിനുശേഷം നാവികന്റെ കുപ്പായം ഊരിവെച്ചു സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവുകയായിരുന്നു. പിന്നീട് നാല്പത്തിയെട്ടില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. രാഷ്ട്രാധികാരത്തിന്റെ രാക്ഷസീയ രൂപം അദ്ദേഹം തിരിച്ചറിയുന്നത് അങ്ങനെയാണ്. മനുഷ്യാവകാശങ്ങളേക്കാള്‍ വലുതല്ല രാജ്യാഭിമാന മിഥ്യകള്‍ എന്ന് തിരിച്ചറിഞ്ഞ അപൂര്‍വ്വം പട്ടാളക്കാരില്‍ ഒരാളാണ് കോവിലന്‍. 1950 മുതല്‍ 70 വരെയുള്ള അദ്ദേഹത്തിന്റെ എഴുത്തുകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹിംസാത്മകമായ രാഷ്ട്രാധികാരത്തിന്റെ വിമര്‍ശനം ആ കാലത്തിലെ രചനകളിലെ അന്തര്‍ധാരയാണ്.
കോവിലന്‍ പുരസ്കാരത്തിന് ഇറോം അവകാശിയാകുന്നതിലെ നീതി ഇതാണ്. അധികാരവും അന്ധകാരവും ഒന്ന് തന്നെയായിത്തീരുന്ന ഈ തമോലോകത്ത് കോവിലന്‍ കൃതികളും ഇറോമിന്റെ ജീവിതവും പ്രസരിപ്പിക്കുന്നത് ഒരേ വെളിച്ചമാണ്. ഇന്ത്യന്‍ പൗരബോധം എപ്പോഴും ബാക്കിവെക്കുന്ന വര്‍ത്തമാന കാല പ്രതീക്ഷയാണ് ഇറോം. അവരോടു നീതിപാലിക്കാന്‍ ഭരണകൂടത്തിനു ലഭിക്കുന്ന ഒരു അപൂര്‍വ്വ അവസരമാണ് ഇത്. കുറ്റബോധം കഴുകിക്കളയാന്‍ അല്പം ജലം. അതുകൊണ്ട് ഈ പുരസ്കാരം സ്വീകരിക്കാനായെങ്കിലും ഇറോമിനെ അനുവദിക്കണമെന്ന് ഞങ്ങളുടെ രക്ഷിതാക്കളായ ഭരണകൂടത്തിനോട് താഴ്മയായി അപേക്ഷിക്കുകയാണ്.,
തമസ്സാര്‍ന്ന ഈ പൊയ്ക്കാലത്ത് കേരളീയര്‍ എന്ന് പറയാന്‍ വിശ്വമാനവികതയ്ക്കുള്ള മലയാളത്തിന്റെ ഹൃദയാഭിവാദ്യമായി ഈ പുരസ്കാര പ്രഖ്യാപനം മാറുമ്പോള്‍, നമ്മള്‍ കേരളീയര്‍ക്ക് ഒരുനിമിഷം ശിരസ്സ് നമിക്കാം കോവിലന്‍ പുരസ്കാര സമിതിയോട്.
ഇറോം ശര്‍മ്മിള' {എഫ് ബി} ഗ്രൂപ്പിന് വേണ്ടി പ്രസിദ്ധീകരിക്കുന്നത്.