2013, ഏപ്രി 17

വായനയ്ക്കു മേലുള്ള അന്യാധിനിവേശങ്ങള്‍


കഴിഞ്ഞ ദിവസം ഫൈസ് ബുക്ക് പ്രൊഫൈൽ വഴി ഞാനൊരു വിഷയം ചർച്ചക്ക് വെക്കുകയും സുഹൃത്തുക്കളുടെ ശ്രദ്ധ ക്ഷണിക്കുകയുമുണ്ടായി. ഏറെപ്പേരുടെ ഗൗരവ പൂർവ്വമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ ആ ചർച്ച ഇവിടെ പകര്ത്തി വെക്കുന്നു,


16.4.2013
ഫൈസ് ബുക്ക് പ്രൊഫൈൽ,

വായന സമൂഹത്തോട്;

ഒരാളുടെ വായനയിൽ മറ്റൊരാൾ ഇടപെടുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം..?

ഞാൻ പറയുന്നു: വായന എന്നത് ഓരോരുത്തരുടെയും വൈയക്തികമായ അനുഭവങ്ങളുടെയും അറിവിൻറെയും ഗ്രാഹ്യ ശേഷിയുടെയുമൊക്കെ ഭാഗമായി അടയാളപ്പെടുന്ന ഒന്നാണ്. ഇത് ഓരോരുത്തരിലും ഏറിയും കുറഞ്ഞുമിരിക്കും, അതിനനുസരിച്ച് സമീപന രീതിയിലും മാറ്റം കാണും.

ഇവ്വിധം വ്യത്യസ്തമായ ആസ്വാദന നിലവാരം പുലര്ത്തുന്ന ആളുകളുടെ വായനയെ വിധിക്കുന്നതെങ്ങനെ..? അല്ലെങ്കിൽ, അതിനുള്ള അളവ്കോൽ എന്താണ്..? ഏതോ ഒരാളുടെ അല്ലെങ്കിൽ ഏതാനും പേരുടെ ആസ്വാദന നിലവാരം എങ്ങനെയാണ് എല്ലാവരെയും അളക്കാനുള്ള അളവുകോലാകുന്നത്.? അങ്ങനെ ഒരു അളവ്കോലൊക്കെ വെച്ച് നടത്തുന്ന 'വായന നിലവാര പരിശോധന' എങ്ങനെയാണ് ജനാധിപത്യമാകുന്നത്.?

എങ്കിൽ, ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധവും വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും ജനകീയ ആസ്വാദനത്തെ തടുക്കുന്ന ഉത്തരവ് പാസാക്കലുകലുകളുമാണ്. ഇത് അംഗീകരിക്കാൻ സ്വന്തം നിലപാട് സൂക്ഷിക്കുന്ന ഒരു വായനക്കാരനും സാധ്യമല്ല എന്നാണ് എന്റെ അഭിപ്രായം.

ഓർക്കുക; വായിക്കുന്നത് വേദ ഗ്രന്ഥമല്ല, സാഹിത്യമാണ്.
 
പ്രതികരണങ്ങൾ,
 
കൊമ്പൻ മൂസ 
ഇത്തരം ജല്‍പ്പനങ്ങളില്‍ വ്യാകുലപ്പെടുന്നത് എന്തിനാ നാമൂസ്..?  നിന്‍റെ വായന ആവില്ല എന്‍റെത് അത് പോലെ തന്നെ തിരിച്ചും.! ആളുകള്‍ വ്യത്യസ്ത  അഭിരുചിയും മനോധര്‍മവും ഉള്ളവര്‍ അല്ലെ, പിന്നെ ആരെങ്കിലും ഞാന്‍ വായിച്ച പോലെ തന്നെ മറ്റുള്ളവരും വായിക്കണം എന്ന് ശഠിച്ചാല്‍ അത് അവരിലെ അല്പ്പത്തരവും ഞാന്‍ വലിയ ഒരു പണ്ഡിതനും ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള കേവല നാട്യം മാത്രമാണ് എന്ന തിരിച്ചറിവ് എങ്കിലും നിനക്ക് വേണമായിരുന്നു. 

നാമൂസ് പെരുവള്ളൂർ
ഇത് 'ഞാൻ, നീ' എന്ന ഏതെങ്കിലും ദ്വന്ദത്തിലേക്ക് ചുരുക്കി ചര്ച്ച ചെയ്യേണ്ടതല്ല. മറിച്ച്, വായനയെ സംബന്ധിച്ച് ഉണ്ടാകേണ്ടുന്ന 'നിലപാട്' അറിയാനും അറിയിക്കാനുമുള്ള അന്വേഷണത്തിന്റെ ഭാഗമായി പരിഗണിക്കേണ്ടതും ഇടപെടേണ്ടതുമായ ഒന്നാണ്.




സൂര്യൻ
ഒരാളുടെ വായനയിൽ മറ്റൊരാൾ ഇടപെടുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം..?

ഈ അഭിപ്രായം വ്യക്തിപരമായി ചോദിക്കേണ്ട ഒന്നല്ല. ഒരാളുടെ വായനയില്‍ മതം ഇടപെടുന്നുണ്ട്. എന്തൊക്കെ വായിക്കണമെന്നും എങ്ങനെയൊക്കെ ചിന്തിക്കണമെന്നും ഓരോ മതത്തിനും വ്യക്തമായ രൂപരേഖയുണ്ട
്.

മുതലാളിത്തത്തിനും ഫാസിസത്തിനും സാമ്രാജ്യത്ത്വത്തിനും ഈ അജണ്ടയുണ്ട്. എങ്ങനെ വായിക്കണം എന്ന് അവര്‍ നിശ്ചയിക്കും. അത്തരം പുസ്തകങ്ങളും കാഴ്ചകളും മധുരം പുരട്ടി അവര്‍ നല്‍കുകയും മറ്റുള്ളവ നിങ്ങള്‍ക്ക് അപ്രാപ്യമാക്കുകയും ചെയ്യും...

പൊതുവില്‍ സ്വതന്ത്രമായൊരു വായന അനുവദിക്കപ്പെടുന്നൊരു ലോകമല്ലിത്. ഇവിടെ ഓരോ വ്യക്തിയും അയാളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടേ വായനയില്‍ മുന്നേറാന്‍ കഴിയൂ... അതിനു അയാള്‍ ആദ്യം ഒരു സ്വതന്ത്രമനുഷ്യന്‍ ആവേണ്ടതുണ്ട്.

ആ സ്വാതന്ത്ര്യത്തില്‍ നിന്നു വായിക്കുമ്പോള്‍ ഓരോ പുസ്തകവും വലിയ ആകാശം മുന്നില്‍ തുറന്നിടും. സങ്കുചിതമായ മനസ്സോടെ വായിച്ചാല്‍ എല്ലാ പുസ്തകങ്ങള്‍ക്കും ഒരു കിളിവാതില്‍ മാത്രമേ ഉണ്ടാവൂ.. നിങ്ങള്‍ക്ക് കയറാനും ഇറങ്ങാനും കഴിയുന്നൊരു കൊച്ചു വാതിലും അതിനെക്കാള്‍ ചെറിയ അന്ധകാരം നിറഞ്ഞൊരു മുറിയും.
 
നികു കേച്ചേരി
വായനയിൽ ഇടപെടുക എന്നത് വിശാലമായ കാഴ്ച്ചപാടുകൾ മുന്നോട്ട് വെയ്ക്കുന്നുണ്ട് മുകളിൽ സൂര്യൻ സൂചിപ്പിച്ചിരിക്കുന്ന പോലേ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുള്ള/ ഉണ്ടാക്കികൊണ്ടിരിക്കുന്ന ചില കണ്ണുകെട്ടലുകൾ....

മറ്റൊന്ന് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു എന്ന്
ഞാൻ വായിച്ച വായനയെ സ്വാധീനിക്കലാണ്. ഒരു വായനയെ കുറിച്ച ആസ്വാദന കുറിപ്പെഴുതുകയും അതായിരിക്കണം വായനയെന്ന് ശഠിക്കുകയും ചെയ്ത് വശക്കാഴ്ച്ചകൾ മറച്ച് വായനക്കാരനെ ഒരു പൂന്തോട്ടത്തിലൂടെ നടത്തിക്കുന്നത്.
പലപ്പോഴും വായനയുടെ ചില കാണാതലങ്ങൾ ആസ്വാദനകുറിപ്പുകൾ കാണിച്ചുതരുന്നുണ്ടാകുമെങ്കിലും ആത്യന്തികമായി അതാണ് വായനയെന്ന് കരയാതിരുന്നാൽ നന്ന്. 

 
വിഡ്ഢി മാൻ
എനിക്ക് ഇടപെടാൻ സ്വാതന്ത്ര്യമുണ്ട് എന്നു തോന്നുന്നവരുടെ വായനയിൽ ഞാനിടപെടാറുണ്ട്. തിരിച്ചും ഉണ്ടാവാറുണ്ട്. ആ സ്വാത്രന്ത്യം സൗഹൃദം കൊണ്ടോ ബന്ധം കൊണ്ടോ ഒക്കെ ഉണ്ടായതാവാം. പക്ഷെ ഒരപരിചിതൻ/ഞാൻ ആ സ്വാതന്ത്ര്യം നൽകിയിട്ടില്ലാത്തയാൾ എന്റെ വായനയിൽ ഇടപെടുന്നത് എന്നെ അസ്വസ്ഥനാക്കും.
ഒരു തമാശചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്നവർ, അതിൽ തമാശയൊന്നും കണ്ടെത്താനാവാത്ത ഒരാളെ ഇക്കിളിയാക്കി ചിരിപ്പിക്കുന്നതുപോലെ മനുഷ്യത്വവിരുദ്ധമാണത്.

ഞാനെന്തുകൊണ്ടു ചിരിച്ചു എന്ന് ചിരിക്കുന്നയാൾക്ക് പറയാം. ചിരി വിടർന്നതിന്റെ സൂക്ഷ്മാംശങ്ങൾ മറ്റുള്ളവരോട് ചർച്ച ചെയ്യാം.തന്റെ കാഴ്ച്ചപ്പാടിൽ എന്താണ് തമാശ എന്ന് നിരൂപിക്കാം. നല്ല ചിരി എങ്ങനെ സൃഷ്ടിക്കാം എന്നു നിർദ്ദേശിക്കാം. പക്ഷെ തന്നോടൊപ്പം ചിരിക്കാത്തവൻ നർമ്മവിരോധിയാണ് എന്നൊരു പ്രസ്താവന ഇറക്കുന്നത്, അപരന്റെ അവകാശങ്ങൾക്കു മേലുള്ള കടന്നു കയറ്റമാണ്.
 
ശ്രീകല പ്രകാശൻ
നാമൂസ്, വയനയുടെ അനുഭവം തുറന്നിടുന്ന വാതിലുകള്‍ ഓരോരുത്തരിലും വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പുകള്‍ അവനവന്റെ ഇഷ്ടത്തിന് വിടുന്നതിനു തന്നെയാണ് നല്ലത്. എന്നാല്‍ ഒരു പുസ്തകം തെരഞ്ഞെടുക്കാന്‍ മറ്റൊരാള്‍ സഹായിക്കുമ്പോള്‍ അത് സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റമല്ല. എന്നാല്‍ എന്റെ വീക്ഷണവും അളവ് കോലുകളും അടങ്ങുന്ന വായനയാണ് ശെരി എന്ന് പറയുമ്പോള്‍തികച്ചും വിപരീത അനുഭവത്തിലേക്കു നമ്മള്‍ കടക്കുന്നു .

ആസ്വാദന കുറിപ്പുകള്‍ അവയ്ക്ക് അത് പോലുള്ള പ്രാധാന്യം കൊടുത്താല്‍ പോരെ .? ഒരു വ്യക്തി എന്ന നിലയില്‍ വായനാനുനുഭവങ്ങളിലേക്കുള്ള കടന്നു കയറ്റം ചെറുക്കണം .ഒരു പുസ്തകത്തെ പല രീതിയിലും വായിക്കാം .അത് അനുവാചകന്റെ ഇഷ്ടം. സാമൂഹിക ബോധം രൂപപ്പെടുന്ന തരത്തില്‍ ഉള്ളത് വേണോ മതത്തിലധിഷ്ടിതമായതു വേണോ എന്നതൊക്കെത്തന്നെ വ്യക്തിയില്‍ നികഷിപ്തമാണ്.

 
മൊഹിയുദ്ധീൻ എംപി
എന്റെ മനസ്സിൽ വായനക്ക് ശേഷം എന്താണോ തോന്നിയത് അതാണെന്റെ അഭിപ്രായം. അപരന് അതിൽ യാതൊരുവിധ അവകാശവുമില്ല. ഈയിടെ ഒരു എഴുത്തുകാരന്റെ കഥ വായിച്ച് ഞാൻ കമെന്റിട്ടതിനെ അദ്ധേഹം അസഹിഷ്ണുതയോടെയാണെന്ന് തോന്നുന്നു ചോദ്യം ചെയ്തു. എനിക്ക് വായിച്ച് മനസ്സിലാക്കിയതേ അഭിപ്രായം കുറിക്കാനറിയൂ എന്ന് മറുവാക്ക് ചൊല്ലി ഞാൻ അത് അവസാനിപ്പിച്ചു.  പിന്നീട് എന്റെ കമെന്റിനെ പിന്തുടർന്ന് ഒന്നു രണ്ട് പേർ എന്നെ പിന്തുണച്ചു.

തമാശക്ക് വേണ്ടി വായനക്കാരനിട്ട കമെന്റിനെ അവലോകനം ചെയ്യമെങ്കിലും സീരിയസായി അവ ചെയ്യുന്നത് അനൌചിത്യം തന്നെ. വായനക്കാരനെ ചൊദ്യം ചെയ്യാൻ എഴുത്തുകാരനോ അല്ലെങ്കിൽ വേറെ വായനക്കാരനോ എന്തവകാശാം. വായിക്കാതെ കമെന്റിടുന്ന വിദ്വാന്മാർക്ക് ഈ പറഞ്ഞവയൊന്നും ബാധകമല്ല.

 
വേണുഗോപാലൻ കെബി
ഗർഭാവസ്ഥ മുതൽ ജനനശേഷം വളര്ച്ചയുടെ ഓരോ അവസ്ഥകളിലും എന്ന് മാത്രമല്ല, അനുക്ഷണം ഉള്ള വൈകാരിക മാനസിക സാംസ്കാരിക ബൌദ്ധിക ജൈവ ആദിയായ സ്വാധീനങ്ങളുടെ എല്ലാം പരിണത ഫലമായുണ്ടാകുന്ന വീക്ഷണങ്ങൾ, അനുഭവ-അനുഭൂതി വിശേഷതകൾ ഇവ ഓരോരുത്തരെയും മറ്റുള്ളവരിൽ നിന്നും ഭിന്നരാക്കുന്നു. ആയതിനാൽ തന്നെ ഒരേ സൃഷ്ടി രണ്ടു വായനക്കാരിൽ രണ്ടുതരം അനുഭവങ്ങൾ ഉണ്ടാക്കിയേക്കാം. പൊതുവിലുള്ള സാമൂഹ്യ സാംസ്കാരിക പശ്ചാത്തലങ്ങളുടെ പരിപ്രേക്ഷ്യത്തിൽ അനുഭവങ്ങളെ സാമാന്യവൽക്കരിച്ച് കാണാറുണ്ടെങ്കിലും അനുഭൂതിയുടെ തലത്തിൽ ഓരോ വായനയും മറ്റു വായനകളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു.

തികച്ചും വ്യാവഹാരികമായ കാര്യങ്ങളിൽ അല്ലാതെയുള്ള വ്യക്തിപരമായ "വിധി നിർണ്ണയ"ത്തോടുള്ള വിയോജിപ്പ് ഇക്കാര്യത്തിലും ഞാൻ ഉയർത്തിപ്പിടിക്കുന്നു. വായനകളിൽ തെറ്റും ശരിയും ഇല്ല; എഴുത്തുകാരനും രചനയ്ക്കും അപ്പുറത്തേയ്ക്ക് പലപ്പോഴും വായനക്കാരൻ പോയെന്നിരിക്കാം; അതിന് പിന്നിൽ ന്യായയുക്തമായ കാര്യ കാരണങ്ങളും സാഹചര്യങ്ങളും ഉണ്ടെങ്കിൽ. ചിലപ്പോഴൊക്കെ അപ്രകാരമുള്ള ഹേതുക്കൾ സൃഷ്ടിയുടെ ഉള്ളറകളിൽ ഒളിഞ്ഞിരിക്കുന്നുണ്ടാകാം. സൂക്ഷ്മ ദൃക്കായ ഒരു വായനക്കാരന്റെ മനസ്സിൽ അവ മറ്റുള്ളവരിലെക്കാൾ അധികം ചലനങ്ങൾ സൃഷ്ടിച്ചേക്കാം. ഏതിനെ ശരിയെന്ന് പറയും; ഏതിനെ തെറ്റെന്ന് പറയും? ഒന്ന് കൂടുതൽ ആഴത്തിലുള്ളതെന്ന് അഥവാ ഇല്ലാത്തതെന്ന് ഒക്കെ പറയാമെന്ന് മാത്രം.

ഇവിടെ വായനയ്ക്ക് വിഷയമായ രചനയുടെ സത്തയെ കുറിച്ചോ അതിന്റെ ലക്ഷ്യത്തെ കുറിച്ചോ രചനാ സങ്കേതങ്ങളെ കുറിച്ചോ ഒക്കെ അയുക്തികമായ അനുമാനങ്ങളിലോ വിലയിരുത്തലുകളിലോ ചെന്നെത്തുന്ന രീതിയെയല്ല ഞാൻ പരാമർശിക്കുന്നത്.
 
സജീവ്‌ ധർമ്മൻ
ഒരാള്‍ എന്നത് “വായനക്കായി സൃഷ്ടിച്ചവന്റെ” ഇടപെടല്‍ പോലും വായനയില്‍ ഉണ്ടാകരുത് എന്നതാണ് എന്റെയും അഭിപ്രായം. എങ്ങിനെ വേണമെങ്കിലും വായിച്ച് വികാരങ്ങള്‍ കൊള്ളുക എന്നത് തികച്ചും വ്യക്തിപരമാണ്.

വായിക്കുമ്പോള്‍ അളവുകോലില്‍ കൂടി അളക്കുന്നത്  ഒരാളുടെ ചുറ്റും നടക്കുനതിന്റെ/അനുഭവങ്ങളുടെ/അറിവിന്റെ എല്ലാം ചേര്ത്ത് തലച്ചോറില്‍ സൃഷ്ടിച്ചു വെച്ച് മാറ്റത്തിനു വിധേയമാകുന്ന ചില ബിംബങ്ങളാണ്‌. വായനയില്‍ ഈ ബിംബങ്ങളുടെ ക്രമീകരണങ്ങളാണ് നടക്കുന്നതും. ഇതായിരിക്കാം വായനനുഭാവമെന്ന കുറിപ്പായി മാറുന്നതും. ഈ ബിംബങ്ങള്‍ എല്ലാവരിലും വ്യത്യെസ്ഥമാണെന്നിരിക്കെ വായന തികച്ചു വ്യക്ത്യാധിഷ്ടിതവും, സ്വതന്ത്ര, ജനാധിപത്യ വായനക്കാരന്‍ ഈ പ്രത്യേക തരം ”അളവുകോലുകളെ” വകവെച്ചു കൊടുക്കേണ്ടതും ഇല്ല എന്നത് തന്നെ.

സൃഷ്ടികളിലെ ചില തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വായനയില്‍ പൊതുവായ ചില അളവുകോല്‍ ഉണ്ടാകേണ്ടതായി വരുന്നുണ്ട്. അതില്‍ “ഞാന്‍” എവിടെ നില്ക്കുന്നു എന്നത് പ്രശ്നമാകാറുണ്ട്.
 
അൻവർ ഷഫീഖ്
പൊതുവായനക്ക് സമർപ്പിക്കപ്പെടുന്ന ഏതൊന്നും ഓരോ വായനക്കാരന്റെയും വീക്ഷണകോണുകൾക്കും ആസ്വാദനനിലവാരത്തിനും അനുസരിച്ച് വിലയിരുത്തപ്പെടുമെന്നുള്ളത് അവിതർക്കിതമാണ്. അതാണ് വായനയിലെ ജനാധിപത്യം. പൊതുജനം പലവിധം എന്നാണല്ലോ? എന്നാൽ ഞാൻ വായിച്ചപോലെയേ മറ്റുള്ളവരും വായിക്കാവൂ എന്നിടത്ത് ആ സ്വാതന്ത്ര്യം മരിക്കുന്നു. അത്രേയുള്ളൂ... കയ്യടി.... ഞാൻ നിർത്തി. 
 
 പ്രദീപ്‌ കുമാർ
വായനയും ആസ്വാദനവും വ്യക്തി നിഷ്ടമാണ്. വ്യക്തി നിഷ്ഠമായ വായനയേയും ആസ്വാദനത്തേയും തിരുത്താനായി മറ്റൊരാള്‍ ഇടപെടുക എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം തന്നെ . സംശയമില്ല. സ്വകാര്യമായ വായനയേയും, ആസ്വാദനത്തേയും സംബന്ധിച്ചാണ് ഇതു പറഞ്ഞത്.  എന്നാല്‍ ഒരാള്‍ തന്റെ വായനയെ ഒരു പൊതു ഇടത്തില്‍ ചര്‍ച്ചക്കു വെക്കുമ്പോള്‍ അതില്‍ ആരും ഇടപെടെരുതെന്നും , താന്‍ രേഖപ്പെടുത്തിയ അഭിപ്രായത്തിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തരുതെന്നും ശഠിക്കുന്നത് അതിലേറെ ജനാധിപത്യവിരുദ്ധവും , പ്രതിലോമകരവുമാണ്. 
 
ഉദാഹരണമായി - നാമൂസ് എഴുതിയ ഒരു കവിത ഞാന്‍ സ്വകാര്യമായി വായിക്കുന്നു. ആസ്വദിക്കുന്നു .എന്നത് എന്റെ വ്യക്തിനിഷ്ടമായ കാര്യമാണ്. അവിടെ രണ്ടാമതൊരാള്‍ ഇടപെടുന്നത് എന്റെ വ്യക്തിബോധത്തിലേക്കുള്ള കടന്നു കയറ്റമാണ്. ഇനി നാമൂസ് എഴുതിയ കവിതയെ ഞാന്‍ വായിച്ച വിധം നേരിട്ട് താങ്കളെ അറിയിക്കുന്നു. ഇവിടെ മൂന്നാമതൊരാളുടെ ഇടപെടല്‍ നമ്മള്‍ രണ്ടുപേരുടേയും വൈയക്തിക സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാവുന്നു. എന്നാല്‍ നാമൂസ് എഴുതിയ കവിതയെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ അഭിപ്രായം ഒരു പൊതു ഇടത്തില്‍ രേഖപ്പെടുത്തുമ്പോള്‍ ഞാനെന്റെ വായനയെയും ആസ്വാദനത്തേയും പൊതുചര്‍ച്ചക്ക് വിട്ടുകൊടുക്കുകയാണ് എന്നതും മറന്നു പോവരുത്. അവിടെ തുടര്‍ന്നു വരുന്നവര്‍ എന്നോട് യോജിക്കാം, വിയോജിക്കാം. അവര്‍ അനുയോജ്യമായ വേദികളില്‍ എന്റെ വായനയിലുള്ള അവരുടെ വായന ചര്‍ച്ചക്കുവെച്ചേക്കാം. മൂന്നാമത്തെ വായനക്കാരന്റെ ഈ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് ഏറ്റവും ജനാധിപത്യവിരുദ്ധം മാത്രമല്ല. മദ്ധ്യകാലഘട്ടത്തിനും പിന്നീലേക്ക് മാനവികതയെ ആട്ടിയോടിക്കുന്ന പ്രതിലോമകരമായ നിലപാടു കൂടിയാണ്.

വേണുഗോപാലൻ കെബി
ശ്രീ പ്രദീപ്‌ കുമാർ പറയുന്നത് പോലെ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്ന സൃഷ്ടികളെ വായിച്ചവർ അതെ ഇടങ്ങളിലോ അതേപോലുള്ള മറ്റിടങ്ങളിലോ തന്റെ അനുഭവത്തെ പരാമർശിക്കുന്നത് തികച്ചും ന്യായയുക്തമാണ്. ഇങ്ങനെയുള്ള ഇടങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള വായനാ അനുഭവങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ അഥവാ പങ്കു ചേരലുകൾ ഉണ്ടാകുന്നത് സ്വാഭാവികവുമാണ്. അത്തരം ഇടപെടലുകൾ ആരോഗ്യകരവും ജനാധിപത്യ പരവും തന്നെ.

കൊടുക്കൽ വാങ്ങലുകൾ യുക്തിയും അനുഭാവ പൂർണ്ണമായ പാരസ്പര്യവും അടിസ്ഥാനമായി നടക്കുന്ന പ്രക്രിയയാണ്, ഒരു വിധത്തിലുമുള്ള അടിച്ചേൽപ്പിക്കൽ അല്ല. എന്നാൽ, താൻ വായിച്ച വഴിയാണ് ശരിയെന്നും അല്ലാത്ത വായനകളൊക്കെ അബദ്ധമാണെന്നും ഉള്ള കടുംപിടുത്തങ്ങൾ അനാരോഗ്യകരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനർത്ഥം, യഥാർത്ഥ വിഷയം വേറിട്ട വായനയല്ല, മറിച്ച് ഇടപെടലിന്റെ രീതിയിൽ ഉള്ള അനൌചിത്യമാണ്.

അതായത് പ്രശ്നം വ്യാവഹാരികം അഥവാ സ്വഭാവപരമാണ്; behavioural. അതായത് ആ പ്രശ്നത്തിന് സാഹിത്യമോ വായനയോ ആയി ബന്ധപ്പെട്ട ഒരു വിശകലനമോ പരിഹാരമോ തേടേണ്ടതില്ല എന്ന് തന്നെ.
 
നിസാർ എൻ വി
വായന ഓരോ വ്യക്തിയുടെതുമാണ്.. അതിനെ അവന്‍ വളര്‍ന്ന സമൂഹം സ്വധീനിക്കുന്നുണ്ടാകാം. പക്ഷെ അത് വ്യക്തി പോലും അറിയാതെയായിരിക്കും. നമ്മുടെ വായനയില്‍ പരിമിതമായി കാണുന്ന ചിലത് മറ്റുള്ളവരുടെ വായനയില്‍ ഒരുപക്ഷെ മികച്ചതാകാം എന്നതിനാല്‍ വായനയില്‍ ഒരു തീര്‍പ്പു കല്പ്പിക്കാതിരിക്കുന്നതാണ് നല്ലത്. അതോടൊപ്പം വായനയില്‍ വിമര്‍ശന വിധേയമായി കാണുന്ന ഓരോന്നിനെയും പ്രദിപാദിക്കാന്‍ ഓരോ വായനക്കാരനും സ്വാതന്ത്രമുണ്ട്. പക്ഷെ അതാണ്‌ അന്തിമം എന്ന ചിന്തയോടെ ആകരുത് എന്ന് മാത്രം. വിമര്‍ശനങ്ങളാണ് ഒരെഴുത്തുകാരന് പുകഴ്ത്തലിനേക്കാള്‍ വലിയ പരിഗണന എന്ന് വിശ്വസിക്കുന്നു. 
 
ശ്രീദേവി വർമ്മ
വായനയും ആസ്വാദനവും തികച്ചും വൈയക്തികങ്ങളാണ്... ഓരോ വ്യക്തിയുടേയും മാനസികനിലയും ബൌദ്ധികതലവും സാഹചര്യങ്ങളുടെ കടന്നു കയറ്റവുമൊക്കെ അനുസരിച്ച് വായനയുടെ ദൈര്‍ഘ്യവും മൂല്യവും (ആസ്വാദനവും) കൂടിയും കുറഞ്ഞുമിരിക്കും എന്ന് വാള്‍ട്ടര്‍ പറയുന്നു...ഒരിക്കലും ഒരാളുടെ ആസ്വാദനവും വായനയും അടിസ്ഥാനമാക്കി ആ സൃഷ്ടിയെ വിലയിരുത്താനാവില്യാ. .. പൊതുവായനയ്ക്ക് സമര്‍പ്പിക്കുന്ന സൃഷ്ടിയെ വിലയിരുത്തേണ്ടത് പൊതുവായ അഭിപ്രായത്തിലൂടെയാണ്. എങ്കിലും ഒരെഴുത്തുകാരനും എഴുത്തുകാരിയും ശ്രദ്ധിച്ചിരിക്കേണ്ട വസ്തുതയൂണ്ട്...തന്‍റെ സൃഷ്ടിയെ വായിച്ച് അപഗ്രഥിക്കുന്ന ചെറിയൊരു അഭിപ്രായത്തെപ്പോലും അവഗണിക്കരുതെന്ന്.
 
കണ്ണൻ ആർ ബി എ
വായന എന്നത് അറിവിന്റെ ലോകത്തേക്കുള്ള വാതായനങ്ങളാണ്.  അവിടെ വാക്കുകള്‍ വാച്ചകങ്ങളായും വാചകങ്ങള്‍ നമ്മുടെ ചിന്തകളും അറിവും അനുഭവവുമായി മാറുന്നു.  ഒരാള്‍ എന്ത് വായിക്കണം എന്ന് തീരുമാനിക്കുന്നത് അയാളുടെ മാത്രം മനസിന്റെ പ്രത്യേകതയാണ്.  വാസനാജന്യമാണ് വിഷയങ്ങളിലെ ഇഷ്ട്ടങ്ങളും ഇഷ്ട്ടക്കെടുകളും. ഒരാള്‍ക്ക് താത്പര്യമുള്ളതു അപരന് താത്പര്യമുള്ളതായിക്കൊള്ളണം എന്ന് യാതൊരു നിര്‍ബന്ധവും സാധ്യമല്ല. അറിവുകള്‍ ചിന്തകളായും ചിന്തകള്‍ അറിവുകളായും മനുഷ്യനെ ഉയരത്തിലെത്തിക്കുന്നു. വായന മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു എന്ന് ഒരു ദാര്‍ശനികന്‍ പറഞ്ഞിരിക്കുന്നു.! 

ബഷീർ കുമ്മിണി
വായനയുടെ ആകാശം പൂര്‍ണ സ്വതന്ത്രമാവേണ്ട ഒരു ജനാതിപത്യ ഇടമാണ്. വായന ഒരിക്കലുംബുദ്ധിയുടെ നിര്‍ബന്ധമാവരുത്. അത് ഓരോരുത്തര്‍ക്കും ഓരോരോ പുതിയ സൌന്ദര്യവും പുതിയൊരു ശബ്ദവും അസ്വതിക്കാന്‍ കഴിയുന്നതും സര്‍ഗാത്മക ചിന്തകളുടെ പുതുക്കിയെഴുത്ത് സാധ്യമാക്കുകയും ചെയ്യുന്നതവണം. ബാഹ്യ പ്രേരണകള്‍ ലവലേശമില്ലാതെ അവനവനെ തന്നെ നിരന്തരം തിരുത്തിക്കൊണ്ട് മുന്നേറി, തന്‍റെ തന്നെ ധാര്‍മിക ദൌത്യങ്ങളുടെ ജീവിതപാഠശാലയും ഒരു ആത്മീയ അനുഭൂതിയുമാവേണ്ടതുണ്ട്. ഭീകരയാഥാര്‍ത്ഥ്യങ്ങളെ തങ്ങളുടെതായ സ്വകാര്യമൌനത്തിലൂടെ കടത്തിവിട്ടു വെളിയിലെക്കുള്ള തീഷ്ണമായ നോട്ടമായി വികസിക്കുമ്പോള്‍ വായന ഒരു കേവല വിനോദമായി ചുരുങ്ങുന്നുമില്ല.

ഒരു സ്വതന്ത്ര വായനയ്ക്ക് എല്ലാ ആശംസകളും...

ലാലി പോസിറ്റീവ്
എന്റെ വകയിലൊരു കൊച്ചച്ഛനുണ്ടായിരുന്നു.. ബാലരമയും അമര്‍ചിത്രകഥയും വായിച്ചിട്ട് പുരാണേതിഹാസങ്ങളെ കീറി മുറിക്കുന്നൊരാള്‍, എല്ലാത്തിനും താത്വീകമായ നിരീക്ഷണങ്ങളുമുണ്ടാകും. മരിക്കും വരെ പുള്ളിയുടെ വായന ഇതിനപ്പുറത്തേക്ക് പോയിട്ടില്ല. ആ വായനയില്‍ ആരെങ്കിലും ഇടപെട്ടിരുന്നോയെന്നറിയില്ല.
 

വർഷിണി വിനോദിനി
നിർവചിക്കാനാവാത്ത അനുഭൂതികൾ കാഴ്ച്ചവെക്കുന്ന ഒരു അനുഭവമാണ് വായന.വായനയ്ക്കും ആസ്വാദനത്തിനുമപ്പുറം മനുഷ്യമനസ്സിനും ചിന്തകൾക്കും പുതുക്കി പണിയുവാനുള്ള അവസരം കൂടി വായനയാൽ നിർവഹിക്കപ്പെടുന്നു. അങ്ങനെയാവുമ്പോൾ എത്രയോ മഹത്തായ ഒരു കർമ്മമായി വായന രൂപാന്തരപ്പെടുന്നു. കർമ്മഫലങ്ങൾ വളർച്ചയെ സാധ്യമാക്കുന്നു.ഞാൻ എന്ന സങ്കുചിത മനസ്ഥിതി മാറ്റിനിർത്തിയാൽ നിന്നിലൂടെ ഒരു സമൂഹം വളരുകയായി.നിന്റെ വായനയുടെ ഉത്തരവാദിത്തം ഞാൻ കൂടി ഏറ്റെടുക്കയാൽ വായനയിലെ ഇടപെടലുകളും സ്വാഗതാർഹമായിരിക്കും..ഇത്തരം നിരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുവാനൊ അനുകൂലിക്കുവാനൊ തയ്യാറല്ലാത്തവർ, താത്പര്യമില്ലാത്തവർ ഒരു കാഴ്ച്ചവസ്തുവായി നിന്നു കൊടുക്കുന്നതെന്തിന്..? ഒരു പൊതു ഇടത്തിൽ നിന്റെ വായനയെ നിരീക്ഷിക്കുന്നവർ ഉണ്ടെങ്കിൽ അവരെ മാനിയ്ക്കേണ്ടിയിരിക്കുന്നു.അത്തരം ഇടപെടലുകൾ നാശങ്ങൾ കൊയ്യുന്നില്ല, വലിയ പാഠങ്ങൾ നൽകാം. നിന്റെ വായനയിലൂടെ നിന്റെ ചുറ്റുപാടുകൾ വളരുകയും പഠിയ്ക്കുകയും ചെയ്കയാൽ അഭിമാനം കൊള്ളുക. വായനക്കു ശേഷം പുസ്തകം അടച്ചുവെക്കാം. വായനാനുഭവം തുറന്നിരിക്കട്ടെ..നിന്റെ വായനയിലെ അന്യന്റെ ഇടപെടലുകൾ മൂലം വായനാസമ്പത്ത് സമ്പുഷ്ടമാകാം..!

അബ്ദുൽ സലാം
ഒരു അനുഭവം പറയാം. എന്റെ ഒരു ചങ്ങാതിയുണ്ട്. മലയാളവും ഇംഗ്ലീഷുമായി വായിച്ചു കൂട്ടിയ പുസ്തകങ്ങൾക്ക് കണക്കില്ല. പക്ഷെ, ഒ വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസം മലയാളത്തിലെ one of the best ആണെന്ന എന്റെ അഭിപ്രായം ടിയാൻ അംഗീകരിക്കില്ല. കാരണം അത് നാല് പേജിൽ കൂടുതൽ വായിക്കാൻ അവനു കഴിയുന്നില്ല എന്നാണ് അവൻ പറയുന്നത്. അവന്റെ ഇഷ്ട എഴുത്തുകാരൻ എം ടി ആണ്. വിജയനോട് തുലനപ്പെടുത്തുമ്പോൾ എം ടി പൈങ്കിളിയാണെന്ന് ഞാനും. ഹെമിംഗ് വേ മുതൽ, ഷെല്ലി വരെയുള്ളവരുടെ മൂലകൃതികൾ തിന്നു തീർത്ത അവനു പക്ഷെ വിജയനെ പിടി കിട്ടുന്നില്ല.
 
അനാമിക
ഓരോ മനുഷ്യന്റെയും സ്വഭാവരീതികളും, അഭിരുചികളും, കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും വായനാ നിലവാരവും ഒരുപോലെ ആകണം എന്നില്ല . ചിലര്‍ക്ക് നന്നായി തോന്നുന്നത് ചിലര്‍ക്ക് രുചിക്കില്ല . അതിനാല്‍ തന്നെ ഒരു അളവുകോല്‍ കൊണ്ട് അത് നിർണ്ണയിക്കാനും കഴിയില്ല . എഴുത്തുകാരന്റെ ധര്‍മ്മം എഴുതുക എന്നതാണ് . അയാള്‍ അയാൾക്കിഷ്ടമുള്ളതെന്തും എഴുതട്ടെ , വായിക്കണോ വേണ്ടയോ എന്ന് തിരുമാനിക്കാനുള്ള സ്വാതന്ത്രം വായനക്കാരനുള്ളതാണ . കഥയുടെ ആശയം, പ്രമേയം, ഘടന , എന്നിവയെല്ലാം ഓരോ വായനക്കാരനെയും ഓരോ തരത്തില്‍ ആവും സ്വാധീനിക്കുക . അതനുസരിച്ചാവും അവരതിനെ നിരൂപിക്കുക . ഒരുതരത്തില്‍ നിരൂപണവും ഒരു കലയാണ് . എഴുത്തുകാരന് അത് കൊള്ളുകയോ തള്ളുകയോ ആവാം . അല്ലാതെ ഞാന്‍ എഴുതിയ അതെ രീതിയില്‍ വായിക്കപ്പെടണം എന്ന് വാശിപിടിച്ചിട്ടു കാര്യമില്ല . എന്റെ വായനയ്ക്ക് ഒരുപാട് പരിമിതികള്‍ ഉണ്ട് . അതിനാല്‍ തന്നെ എനിക്ക് മനസ്സിലാവുന്ന എഴുത്തുകള്‍ മാത്രം വായിക്കുക എന്ന നിലപാട് ആണ് ഞാൻ സ്വീകരിച്ചിരിക്കുന്നത്.
 
ആരിഫ് സൈൻ
വായനയുടെ ആസ്വാദനം പ്രതിജനഭിന്നമാണ്. അത് കൊണ്ട് ഇങ്ങനെയേ വായിക്കാവൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഒരു ലേഖനം പലരും ഒരുപോലെയായിരിക്കും വായിക്കുന്നത്. എന്നാല്‍ ഒരു നോവലോ കവിതയോ അങ്ങനെയല്ല. സംഭവ ലോകത്ത്‌ നടക്കുന്ന വികാസ സങ്കോചങ്ങളുടെ ഗതാനുഗതിക ഭാവുകങ്ങള്‍ എങ്ങനെ ഓരോ വായനക്കാരനിലും പ്രതിഫലിക്കും എന്ന് പുറത്തു നിന്നുള്ള ഒരാള്‍ക്കെങ്ങനെ കൃത്യമായി അടയാളപ്പെടുത്തിക്കൊടുക്കാനാകും?
എനിക്ക് മനസ്സിലായതല്ല വേറൊരാള്‍ക്ക്‌ മനസ്സികാവുക. വായനയുടെ മട്ടത്രികോണങ്ങള്‍ വ്യത്യാസപ്പെടുമല്ലോ. അതുകൊണ്ടാണ് എഴുത്തുകാരന്‍ സ്വപ്നേപി കരുതിയിട്ടില്ലാത്ത കാര്യങ്ങള്‍ നിരൂപകന്‍ കണ്ടെത്തുന്നത്. ആഷാ മേനോനൊക്കെ എഴുതുമ്പോള്‍ നമുക്കങ്ങനെ തോന്നും. തലച്ചോറിന്‍റെ സര്‍വ ഞരമ്പുകളും കൂട്ടിപ്പിടിച്ച് പ്രയാസപ്പെട്ട് വായിച്ച് ഒരു തലക്കല്‍ നിന്ന് മറു തലക്കലെത്തുമ്പോള്‍ തലക്കലെ വാചകം കയ്യില്‍ നിന്ന് പോയി വായന തന്നെ കട്ടപ്പൊകയാകുന്ന രൂപത്തിലുള്ള എഴുത്തിനും നാട്ടില്‍ നല്ല ആസ്വാദകരുണ്ട്.
ഒരു കാലത്ത് നമ്മുടെ ബുദ്ധിജീവികളും അക്കാദമികന്മാരും സംസാരിച്ചിരുന്നത് പോലും ആ ഭാഷയിലായിരുന്നു. ഇന്നതില്‍ മാറ്റമുണ്ടായി എന്നത് ശുഭോദര്‍ക്കമാണ്. എന്ന് വെച്ച് അവരുടെ അക്കാദമിക കൂറ്റത്വത്തിന്‍റെ ബലത്തില്‍ ഇങ്ങനെയേ ഒരു സാധനം വായിക്കാവൂ എന്ന് പറയുന്നത് ഒരല്‍പം മര്യാദയോടെ പറഞ്ഞാല്‍ തികഞ്ഞ സാംസ്കാരിക ഗുണ്ടായിസമാണ്. ഇത് നിരവധി തവണ ചര്‍ച്ച ചെയ്ത ഒരു വിഷയമല്ലേ? ഇപ്പോള്‍ എന്തെ ഇങ്ങനെ ഒരു തോന്നല്‍.?
 
ശ്രീക്കുട്ടൻ സുകുമാരൻ
വായന എന്നതു ഓരോ വ്യക്തിക്കും വ്യത്യസ്ത അനുഭൂതികളാണ് പ്രദാനം ചെയ്യുന്നത്. ഒരാള്‍ വായിക്കുന്നത് ഇന്ന രീതിയില്‍ തന്നെ ആകണം എന്ന പറച്ചിലുകള്‍ അനാവശ്യമായ ഒന്നാണ്. മറ്റൊരുവന്റെ വായനയെ മോശമെന്നോ ശരിയായില്ലെന്നോ പറയുവാന്‍ ആര്‍ക്കും അധികാരമില്ല. അവരവരുടേ അഭിപ്രായങ്ങള്‍ പറയുവാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടല്ലോ. പക്ഷേ ആ സ്വാതന്ത്ര്യം മറ്റൊരുവന്റെ മേത്തുവലിഞ്ഞുകയറിക്കൊണ്ടാവരുത് പ്രകടിപ്പിക്കേണ്ടതെന്നു മാത്രം. നല്ല വായന മരിക്കാതിരിക്കട്ടെ...
 
സോണി
ചരിഞ്ഞുനിന്ന് ഒരാള്‍ നോക്കിയപ്പോള്‍ ആനയ്ക്ക് കാല് മൂന്ന്. ഒരു വശത്തുനിന്ന് മറ്റൊരാള്‍ നോക്കിയപ്പോള്‍ രണ്ട്. ആനയെ നേരെ കണ്ടിട്ടില്ലാത്ത ഇരുവരില്‍ ഒരാള്‍ മൂന്നും, മറ്റേയാള്‍ രണ്ടുമാണ് ആനയ്ക്ക് കാലുകള്‍ എന്ന് പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ?
ഇനി
ഒരാള്‍ വന്ന് ആനയ്ക്ക് നാലുകാലുണ്ട് എന്ന് പറഞ്ഞാല്‍ ആദ്യത്തെ രണ്ടാളും സമ്മതിച്ചു കൊടുക്കുമോ? നാലാമതൊരാള്‍ തുമ്പിക്കൈ കൂടി ചേര്‍ത്ത്‌ അഞ്ചുകാലുണ്ട് എന്ന് പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും തെറ്റെന്നു പറയാമോ?
അതവരുടെ കാഴ്ചപ്പാടാണ്. ഓരോരുത്തരും നോക്കുന്ന ആംഗിള്‍, വീക്ഷണകോണ്‍.. അത് വ്യത്യസ്തമായിരിക്കും. നാലുകാലുണ്ട് എന്ന് പറഞ്ഞവനെ മറ്റു മൂന്നുപേരും ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചാല്‍ അയാള്‍ പറഞ്ഞത് തെറ്റാവുമോ? കാണാതെയും കേള്‍ക്കാതെയും വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് തര്‍ക്കിക്കേണ്ടിവരുന്നില്ല.
 

28 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ഇരിപ്പിടം മുന്നോട്ട് വെച്ചിട്ടുള്ള വായനയോടുള്ള സമീപനത്തോട് എനിക്കുള്ള വിയോജിപ്പ്‌ ഞാൻ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ, അതിന് വേണ്ടത്ര ഗൗരവം നല്കാതെ ഇരിപ്പിടം അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സ്വയം പിന്മാറുകയാണുണ്ടായത്. അല്ലെങ്കിൽ, ഈ ചർച്ച ഇരിപ്പിടത്തിൽ നടക്കേണ്ടതും ആ അർത്ഥത്തിൽ വികസിക്കേണ്ടതുമാണ്.

അതേ സമയം, എനിക്കെന്റെ നിലപാട് അറിയിക്കാനും 'സഹ ഹൃദയ'ങ്ങളുടെ നിലപാട് അറിയാനും ആഗ്രഹമുണ്ടാവുകയും... ഒരുപക്ഷെ, ഇരിപ്പിടത്തിന്റെ ഈ നിലപാടിനോട് സ്വീകരിക്കാവുന്ന ഏറ്റവും നല്ല സമീപനം ഇതെന്ന് ബോദ്ധ്യം വരികയുമാണ് ഉണ്ടായത്.

ഈ സാഹചര്യത്തിൽ വ്യത്യസ്ത വീക്ഷണങ്ങൾ പുലര്ത്തുന്ന ആളുകളുടെ അഭിപ്രായം സ്വരൂപിക്കുകയും അത് ജനസമക്ഷത്തിൽ വീണ്ടും വീണ്ടും ചര്ച്ച ചെയ്യപ്പെടുന്ന വിധം സുതാര്യതയോടെ അവതരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഈയൊരു ചര്ച്ചയിലൂടെ നിർവഹിക്കപ്പെടുന്നത്.

ഇരിപ്പിടം മാന്യമായി പരിഗണിച്ചിരുന്നുവെങ്കിൽ എനിക്കിത് വേണ്ടിയിരുന്നില്ല. ഞാൻ ഉയർത്തിയ വിഷയത്തിൽ ഒരു ചർച്ചക്ക് സാധ്യതയുണ്ട് എന്നതിന്റെ തെളിവാണ് ഈ ചർച്ചയിൽ ഇടപെട്ട് അഭിപ്രായം പറഞ്ഞവരുടെ ഇടപെടലുകൾ തെളിയിക്കുന്നത്. ആ സമയം 'ബാധിക്കപ്പെട്ടവന്റെ രോദനമായും വിമർശിക്കപ്പെട്ടതിലെ അസഹിഷ്ണുതയായും' ചിലരെങ്കിലും ചുരുക്കി കണ്ടു. അത്തരുണത്തിലുള്ള പ്രതികരണണങ്ങൾ ചില കോണുകളിൽ നിന്നും ഉയരുകയും അതത്ര ചെറുതല്ലാത്ത വിധം ഒറ്റപ്പെടുത്തുകയുമുണ്ടായി.

സുഹൃത്തുക്കൾ ഒരുകാര്യം മനസ്സിലാക്കണം. പൊതു ഇടങ്ങളിൽ ഇടപെടുന്നവർ പ്രത്യേകിച്ചും, കാര്യങ്ങളെ വിഷയാധിഷ്ടിതം സമീപിക്കേണ്ടതുണ്ട്‌. വ്യക്ത്യാധിഷ്ടിതം കൈകാര്യം ചെയ്യപ്പെടുന്നത് സമൂഹത്തിൽ ഇടപെടുന്നതിലെ പക്വത കുറവിനെയാണ് സൂചിപ്പിക്കുന്നത്.

വായനയുടെ വിവിധ വശങ്ങളെ കുറിച്ച് സുഹൃത്തുക്കൾ ചർച്ചയിൽ അവതരിപ്പിക്കയുണ്ടായി. അതിൽത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും സൂക്ഷിക്കുന്നവർ ഉണ്ടായിരുന്നിട്ട് കൂടിയും അവനവന്റെ 'വായനക്ക് മേലുള്ള അന്യാധിനിവേശങ്ങളെ ചെറുക്കുക' തന്നെ വേണമെന്ന് അവർ ഐക്യപ്പെടുന്നു. 'ഈ സ്വാതന്ത്ര്യ ബോധം' അനുവദിക്കൽ തന്നെയാണ് വായനയിലെ ജനാധിപത്യമെന്ന് ഈ ചർച്ച ഉറക്കെ പറയുന്നുണ്ട്.

ഇതിൽ പങ്കുകൊണ്ടവർക്കും ഇനിയും കൂടെ ചേരുന്നവർക്കും ഹൃദയ പൂർവ്വം വായനാശംസകൾ.!

Manoraj പറഞ്ഞു...

എഴുത്തുകാരന്‍ ഇഷ്ടമുള്ളതെഴുതട്ടെ.. വായിക്കണോ വേണ്ടയോ എന്നത് വായനക്കാരന്‍ തീരുമാനിക്കട്ടെ എന്നത് പൊതുവായി നമ്മള്‍ പറയുമെങ്കിലും ഒരു കാര്യം വിസ്മരിക്കാനാവില്ല. ഏതൊരെഴുത്തുകാരനും ആത്മരതിക്കോ മനസ്സുഖത്തിനോ അപ്പുറത്തേക്ക് മറ്റുള്ളവര്‍ എങ്ങിനെ വായിക്കുന്നു എന്നതറിയുവാനാണ് എഴുതുന്നത് എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ അവന്റെ എഴുത്തിന്റെ മൂല്യം അളക്കപ്പെടുന്നത് അവന്റെ വായനക്കാര്‍ (അതിപ്പോള്‍ സ്ഥിരം വായനക്കാരാവാം വല്ലപ്പോഴും വരുന്നവരാവാം.. ആദ്യമായി വരുന്നവര്‍വാം) നല്‍കുന്ന വായനയുടെ അനുഭവങ്ങളില്‍ നിന്നുമാണ്. എഴുത്തുകാരന്‍ എഴുതുമ്പോള്‍ എഴുത്തുകാരന്‍ മാത്രവും എഴുതി കഴിഞ്ഞ് അവന്‍ വായനക്കാരനുമാവണം എന്നാണ് എന്റെ അഭിപ്രായം. ഏതൊരെഴുത്തുകാരനിലും ഒരു വായനക്കാരന്‍ ഉണ്ടെങ്കിലേ അവന് മറ്റുള്ളവരുടെ കണ്ണുകളില്‍ എങ്ങിനെ വായിക്കപ്പെടും എന്ന് ചിന്തിക്കാന്‍ കഴിയൂ.. ഉദാഹരണമായി ഞാന്‍ ഒരു കഥ എഴുതാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം അത് എന്നിലെ എഴുത്തുകാരന്‍ മാത്രം വായിക്കുകയും പിന്നെ അത് എന്റെ സ്ഥിരം വായനക്കാരുടെ മനസ്സിലൂടെ വായിക്കുകയും ചെയ്യുന്നു. ശേഷം ആണ് ഞാന്‍ അത് പോസ്റ്റ് ചെയ്യുന്നത്. അപ്പോള്‍ പോലും എന്റെ വല്ലപ്പോഴുമുള്ള അല്ലെങ്കില്‍ ആദ്യമായി വായിക്കുന്നവന്റെ അഭിപ്രായം കിട്ടുന്നില്ല..

Manoraj പറഞ്ഞു...

അങ്ങിനെ വരുമ്പോള്‍ ഞാന്‍ എന്തെഴുതിയാലും കാലാകാലം എന്റെ ടേസ്റ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയും വ്യത്യസ്തത എന്റെ സൃഷ്ടികള്‍ക്ക് കുറയുകയും ഞാന്‍ എന്ന എഴുത്തുകാരന്‍ ക്രമേണ കൊല്ലപ്പെടുകയും ചെയ്യുന്നു..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

മുമ്പ് സിയാഫിന്‍റെ ഒരു കഥ ചചർച്ചക്ക് വന്നപ്പോൾ തന്നെ ഞാൻ എന്‍റെ നിലപാട് പറഞ്ഞതാണ്‌ . വായനയെ വിമർശിക്കാൻ ആർക്കും അവകാശമില്ല . എന്നാൽ എങ്ങിനെ വായിക്കുന്നു എന്നതിനെ പറ്റി ചർച്ച ചെയ്യുന്നത് ആരോഗ്യകരവുമാണ് .
പക്ഷെ ചിലയിടങ്ങളിൽ എഴുത്തുകാർ തന്നെ വായനയെ തികഞ്ഞ പോരായ്മ ആയി കണ്ട് പരിഹസിക്കുന്നതും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെ . ഇരിപ്പിടം ആയിട്ട് മാറ്റി വെക്കേണ്ടതില്ല.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

എന്നാലും ഇത്ര മാത്രം ചർച്ച ചെയ്യപ്പെടേണ്ട രീതിയിൽ ഉള്ള ഒന്നായി ആ ഇരിപ്പിട പരാമർശം ഇല്ല എന്നാണു എനിക്ക് തോന്നുന്നത് . അതൊക്കെ മാറ്റി വേറെ വിഷയം പിടിക്കാൻ സമയമായി എന്ന് പറഞ്ഞാൽ നാമൂസ് ദേഷ്യം പിടിക്കരുത് . എനിക്ക് തോന്നിയത് പറഞ്ഞെന്നെ ഉള്ളൂ

Unknown പറഞ്ഞു...

എഴുത്തുകാരനും വായനക്കാരനും അവരവരുടെ കര്‍ത്തവ്യങ്ങള്‍ സ്വതന്ത്രമായി നിരവ്വഹിക്കുംമ്പോള്‍ മാത്രമേ ആ സൃഷ്ടിയുടെ യഥാര്‍ത്ഥ സൌന്ദര്യം വെളിവാകു.താല്പര്യാധിഷ്ടിതമായ എഴുത്തും, വായനയും ബോണ്‍സായി വൃക്ഷങ്ങള്‍ പോലെയാണ് .

Echmukutty പറഞ്ഞു...

വായന വളരെ വ്യക്തിപരമായ ഒരനുഭവമാണ്... മനസ്സിലാക്കലും തികച്ചും വ്യക്തിപരമാണ്. ഒരാളുടെ ജീവിത പരിസരങ്ങള്‍, വളര്‍ന്ന രീതി, സ്വായത്തമാക്കിയ സംസ്ക്കാരം, പൊതുവായുള്ള അറിവ്, സഹിഷ്ണുത, ജനാധിപത്യ ബോധം, രാഷ്ട്രീയമായ നിലപാടുകള്‍, നേരിടേണ്ടി വന്നിട്ടുള്ള വ്യത്യസ്തമായ അനുഭവങ്ങള്‍ ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ ഒരാളുടെ വായനയെ സ്വാധീനിക്കാറുണ്ട്.. ഞാനിങ്ങനെ വായിക്കണമെന്ന് നാമൂസിനോ നാമൂസ് ഇങ്ങനെ വായിക്കണമെന്ന് എനിക്കോ അനുശാസിക്കാന്‍ അധികാരമില്ല. അതുപോലെ ഞാന്‍ വായിച്ചതും മനസ്സിലാക്കിയതും മാത്രമാണ് നൂറു ശതമാനം ശരിയെന്ന് ബലം പിടിക്കാനും എനിക്ക് അധികാരമില്ല.... പ്രത്യേകിച്ച് എന്‍റെ വായന ഒരു പൊതുവേദിയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍... അതു പോലെ ആ പൊതു വേദി ചര്‍ച്ചയെ വ്യക്തിപരമായി കാണാതെ വിഷയാധിഷ്ഠിതമായി തന്നെ സമീപിക്കുകയും വേണം..

നമുക്ക് ബൌദ്ധികമായ ചര്‍ച്ചകളാണ് നടത്തേണ്ടത്..... ഏതു വിഷയത്തിലും .അല്ലാതെ തൂ തൂ മേ മേ ആക്രോശങ്ങളല്ല.

Akbar പറഞ്ഞു...

ഹ ഹ ഹ ഇത് എന്താണ് നാമൂസ് കലിപ്പ് തീരുന്നില്ലേ. താങ്കള് പ്രതിഷേധം ഇരിപ്പിടത്തിൽ തന്നെ പറഞ്ഞു. അവിടെ ഇരിപ്പിടം ടീം തന്നെ മറുപടി പറഞ്ഞു. വിഷയം തീർന്നില്ലേ.

പിന്നെ ഫൈസ് ബുക്കിലും കണ്ടു. ഇതിനെ "അസഹിഷ്ണത എന്ന് ചുരുക്കിക്കെട്ടിയത്" അതു കൊണ്ടാവാം. ഇത്തരം ചർച്ചകളിലെ അർത്ഥ ശൂന്യത ബോധ്യമുള്ളതു കൊണ്ട് ചുമ്മാ സമയം കളയണ്ടാ എന്ന് കരുതിയാണ് മിണ്ടാതിരുന്നത് .

ജനാധിപത്യത്തെ കുറിച്ച് താങ്കള് വാചാലനാകുന്നു. എന്നാൽ താങ്കളോ ?. അത് അനുവദിച്ചു കൊടുക്കാറുണ്ടോ ?.

താങ്കളുടെ ബ്ലോഗിൽ ഞാൻ എന്റെ നിലപാട് പറഞ്ഞപ്പോൾ അങ്ങിനെ അല്ല ഇങ്ങിനെ എന്നൊക്കെ താങ്കള് എന്നോട് കമന്റിൽ പറഞ്ഞത് ഞാൻ ഓര്ക്കുന്നു. എന്റെ വായനയിൽ ഇടപെടാൻ താങ്കള് കാണിച്ച സ്വാതന്ത്ര്യം താങ്കളുടെ വായനയിൽ ഇരിപ്പിടം കാണിച്ചാൽ ഇങ്ങിനെ അസഹിഷ്ണത കാണിക്കെണ്ടതുണ്ടോ ?

അഭിപ്രായം വായനക്കാരന്റെ സ്വാതത്ര്യമാണ്. എന്നാൽ പോസ്റ്റും അഭിപ്രായങ്ങളും കൂട്ടി വായിച്ചു അഭിപ്രായം പറയുന്നതു മറ്റു വായനക്കാരുടെ സ്വാതന്ത്ര്യമാണ്. അപ്പോഴല്ലേ എഴുത്തിലെ ജനാതിപത്യം പൂർണമാകൂ.

ഞാൻ പറഞ്ഞ അഭിപ്രായത്തെ പറ്റി താങ്കള് മിണ്ടാൻ പാടില്ല എന്ന് പറഞ്ഞാൽ പിന്നെ എന്തോന്ന് ജനാധിപത്യം ?

അതിനെതിരിൽ താങ്കൾക്കു വീണ്ടും ഇതുപോലെ പോസ്റ്റ്‌ എഴുതിയോ ഫേസ് ബുക്കിൽ ഇട്ടോ അഭിപ്രായം പറയാം. അങ്ങിനെ സമത്വ സുന്ദര ജനാധിപത്ത്യ സോഷ്യലിസ്റ്റ് ബ്ലോഗ്‌ ലോകമാണ് നമ്മുടെ സ്വപ്നം.
---------------------------------------------------------

ബാക്കി ഈ വിഷയത്തിൽ ഉള്ള എന്റെ വ്യക്തി പരമായ നിലപാടുകൾ ഇരിപ്പിടത്തിന്റെ കമന്റു കോളത്തിൽ വായിക്കാം.

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ഇനിയും കുറേയധികം തർക്കിച്ച് കൊണ്ട് സ്ഥാപിച്ചെടുക്കേണ്ട ഒന്നല്ല അവകാശമെന്നും കൃത്യമായ അളവിലും തൂക്കത്തിലും തന്റെ അവകാശത്തെ കുറിച്ച് ബോധവും ബോദ്ധ്യവും ഉണ്ടാവുക മാത്രമേ വേണ്ടൂ എന്നും നല്ല നിശ്ചയമുള്ള ഒരാളെന്ന നിലക്ക് താങ്കളുമായെന്നല്ല ഒരാളുമായും യാതൊരുവിധ ഗുസ്തിക്കും ഞാനില്ലെന്ന് അറിയിക്കട്ടെ.

എനിക്കൊരു നിലപാട് വെക്കാനുണ്ടായിരുന്നു. ആ നിലപാട് ഞാൻ തുറന്ന ഒരിടത്ത് ചർച്ചക്ക് വെച്ചു. കുറേ പേരുടെ പങ്കാളിത്തം കൊണ്ട് സജീവമായ ആ ചർച്ചയുടെ വിശദ രൂപം ഇപ്പോൾ കൂടുതൽ തുറന്ന മറ്റൊരിടത്ത് വീണ്ടും ചർച്ചക്ക് വെച്ചിരിക്കുന്നു. ഈയൊരു പ്രക്രിയയിലൂടെ ഞാനെന്റെ നിലപാട് ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു. ഇപ്പോഴും അതെ..!

വായന ഏതെങ്കിലും വിധത്തിൽ ഒരു സാഹിത്യ രൂപമോ ശാഖയോ അല്ലാത്ത വിധം അത് അതിന്റെ സ്വതന്ത്ര സ്വഭാവം ആവശ്യപ്പെടുന്നുണ്ടെന്ന് ഞാനുറച്ച് പറയുന്നു. അത് വിലക്കപ്പെടരുതെന്നും അതിന്മേൽ ഏതെങ്കിലും വിധത്തിലുള്ള അധിനിവേശം അനുവദിക്കരുതെന്നും ഞാൻ ശഠിക്കുന്നു. ഞാൻ മാത്രമല്ല, ഇവിടെ ചർച്ചയിൽ പങ്കുകൊണ്ട ഒട്ടനവധി പേരും ഇതേ നിലപാടുകാരാണ്. അതിനെയും അതിലംഘിച്ച് മുന്നോട്ട് പോകുന്നതേതും ഈ വിധത്തിൽ എതിർക്കപ്പെടേണ്ടതാണ്. അതിനിയും തുടരുകതന്നെ ചെയ്യും.

ഇപ്രകാരം വ്യക്തിയുടെ സ്വതന്ത്രാവകാശത്തിന് മേൽ കടന്നു കയറാനുള്ള ശ്രമം ഒരുവിധത്തിൽ സാംസ്കാരിക ഗുണ്ടായിസമാണ്. അങ്ങനെ ഒരുപറ്റം തുനിഞ്ഞിറങ്ങിയാൽ ജനകീയാസ്വാദന തത്പരർ സ്വതന്ത്ര കാംക്ഷികൾ അതനുവദിച്ചു തരണമെന്നില്ല.

ഈ വിഷയത്തിൽ ഏറ്റം സുവ്യക്തമായ രീതിയിൽ ആവോളം പറഞ്ഞ സ്ഥിതിക്ക് ഇനിയുള്ളതെല്ലാം അധികമെന്ന് കണ്ട് അവസാനിപ്പിക്കുന്നു. സ്നേഹ സലാം.

Akbar പറഞ്ഞു...

താങ്കളുടെ ബ്ലോഗിൽ ഞാൻ എന്റെ നിലപാട് പറഞ്ഞപ്പോൾ അങ്ങിനെ അല്ല ഇങ്ങിനെ എന്നൊക്കെ താങ്കള് എന്നോട് കമന്റിൽ പറഞ്ഞത് ഞാൻ ഓര്ക്കുന്നു. എന്റെ വായനയിൽ ഇടപെടാൻ താങ്കള് കാണിച്ച സ്വാതന്ത്ര്യം താങ്കളുടെ വായനയിൽ ഇരിപ്പിടം കാണിച്ചാൽ ഇങ്ങിനെ അസഹിഷ്ണത കാണിക്കെണ്ടതുണ്ടോ ?

സാഹിത്യം പറഞ്ഞു ഉരുണ്ടു കളിക്കല്ലേ നാമൂസ്. എന്റെ ചോദ്യം വ്യക്തമാണ്‌. ., താങ്കളുടെ പോസ്റ്റ്‌ ഞാൻ വായിച്ചപ്പോൾ എന്റെ വായനാ സ്വാതന്ത്ര്യത്തിൽ താങ്കള് ഇടപെട്ടത് എന്തിനു ?. അതോടെ പറയൂ . നമുക്ക് ജനാധിപത്യം നടപ്പാക്കേണ്ടേ :)

Akbar പറഞ്ഞു...

ഇരിപ്പിടത്തിലും ഫേസ് ബുക്കിലും കമന്റി കലിപ്പ് തീരാതെ ഇവിടെയും ഗുസ്തി നടത്തിയിട്ട് ഇപ്പൊ ഗുസ്ഥിക്കില്ലെന്നു പറയുന്നോ........ കൊള്ളാം

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

അത് വായനയെ സംബന്ധിച്ചായിരുന്നില്ല. വായിക്കപ്പെട്ടതിലെ രാഷ്ട്രീയത്തെയും നിലപാടിനെയും സംബന്ധിച്ചായിരുന്നു. വേണമെങ്കിൽ, നമുക്കതൊന്ന് കൂടെ പരിശോധിക്കാം, അതങ്ങനെത്തന്നെയല്ലേ എന്ന് .!
{ http://thoudhaaram.blogspot.com/2011/06/blog-post.html }

sudheer പറഞ്ഞു...

ഈ പോസ്റ്റിനു ആധാരമായ നാമൂസിന്റെ അനുഭവങ്ങളില്‍ നിന്നുകൊണ്ട് ഒരു മറുപടി പറയുക എന്‍റെ ലക്ഷ്യമല്ല. ഒരു പക്ഷെ അതിലേക്കു നയിച്ച കാരണങ്ങളുടെ വിശദാംശങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടുമായിരിക്കും ഈ ചര്‍ച്ച ഗുണകരമായി വികസിക്കുക. അതില്‍ ഉള്പെടാത്ത ഒരാള്‍ എന്ന നിലയില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ വിഷയത്തിന്‍റെ പൊതു സ്വഭാവ പരിസരത്ത് നിന്ന് കൊണ്ട് ചില കാര്യങ്ങള്‍ പറയാമെന്നാണ് ഞാന്‍ കരുതുന്നത്. എഴുത്തും വായനയുമെല്ലാം ഓരോ വ്യക്തികളും ആര്‍ജ്ജിച്ച ബോധ നിലവാരവുമായി വ്യതാസപ്പെട്ടിരിക്കും. ചിലര്‍ക്ക് അത് കേവലമായ അറിവുകള്‍ ശേഖരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഉപാധിയാകുമ്പോള്‍ , മറ്റു ചിലര്‍ക്ക് ഗൌരവമേറിയ, ധ്യാനാത്മകമായ ഒരനുഭവമായിരിക്കും. സര്‍ഗാത്മകമായ ഇത്തരം ഇടപെടലുകളില്‍ ഗുണ നിലവാരം നോക്കി മാറ്റി നിര്‍ത്തുന്നത്‌ (അങ്ങനെ ഉണ്ടെങ്കില്‍ ) സാംസ്കാരികമായ ഫാസിസമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അതുകൊണ്ട് തന്നെ വായനയുടെ രാഷ്ട്രീയവും, സാഹിത്യ സംബന്ധിയുമായ ചര്‍ച്ച എന്ന നിലക്കല്ല, മറിച്ച് അവയുടെ ആസ്വാദന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും ഇത് പ്രസക്തമാകുക.

vaachalan വാചാലന്‍ പറഞ്ഞു...

അക്ഷരം പഠിച്ച നാളീല്‍ വായിച്ച് കൂട്ടീയ ബാറ്റണ്‍ ബോസും കോട്ടയം പുഷ്പനാധും ജോയ്സി വാഗമറ്റവും ഒക്കെയാണ്‍ അക്ഷരലോകത്തേക്ക് സന്തോഷത്തോടെ കൂട്ട് നടന്നത്. സ്വന്തം വായനയെ നിരൂപണമനസോടേ വിധിക്കുകകയും തിരുത്തലുകളും ആകണം .. വായന ആസ്വാദന നിലവാരം വളര്ത്തുവാന്‍ ആവശ്യമായ പൊതു വിലയിരുത്തലുകളും ആവാം .. ഒരു വ്യക്തിയുടെ ആസ്വാദന നിലവാരം മറ്റുള്ളവര്‍ വിലയിരുത്താന്‍ ശ്രമിക്കുന്നത് ശരിക്കും നാമൂസിന്‍ ഭക്ഷണം കഴിച്ചിട്ട് വിശപ്പ് മാറിയില്ലെന്ന് ഞാന്‍ വാദിക്കുന്നത് പോലുള്ള അസംബന്ധം മാത്രം ...

സമീരന്‍ പറഞ്ഞു...

ഒക്കെയും വായിച്ചു...
എങ്ങിനെയാണ് വായിക്കേണ്ടത് എന്നത് വായനാക്കാരന്‍റെ മാത്രം അവകാശമാണെന്നതില്‍ തര്‍ക്കമേതുമില്ല.പൊതുവായൊരു ആസ്വാദന രീതി അസംഭവ്യവുമാണ്.

ചര്‍ച്ച തുടരട്ടെ.. അക്ഷരങ്ങള്‍ കൊണ്ടുള്ള ഈ ട്രപ്പീസുകളി ശ്ശി ബോധിച്ചു.
:)

ശിഹാബ് മദാരി പറഞ്ഞു...

(((സുഹൃത്തുക്കൾ ഒരുകാര്യം മനസ്സിലാക്കണം. പൊതു ഇടങ്ങളിൽ ഇടപെടുന്നവർ പ്രത്യേകിച്ചും, കാര്യങ്ങളെ വിഷയാധിഷ്ടിതം സമീപിക്കേണ്ടതുണ്ട്‌. വ്യക്ത്യാധിഷ്ടിതം കൈകാര്യം ചെയ്യപ്പെടുന്നത് സമൂഹത്തിൽ ഇടപെടുന്നതിലെ പക്വത കുറവിനെയാണ് സൂചിപ്പിക്കുന്നത്.
വായനയുടെ വിവിധ വശങ്ങളെ കുറിച്ച് സുഹൃത്തുക്കൾ ചർച്ചയിൽ അവതരിപ്പിക്കയുണ്ടായി. അതിൽത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും സൂക്ഷിക്കുന്നവർ ഉണ്ടായിരുന്നിട്ട് കൂടിയും അവനവന്റെ 'വായനക്ക് മേലുള്ള അന്യാധിനിവേശങ്ങളെ ചെറുക്കുക' തന്നെ വേണമെന്ന് അവർ ഐക്യപ്പെടുന്നു. 'ഈ സ്വാതന്ത്ര്യ ബോധം' അനുവദിക്കൽ തന്നെയാണ് വായനയിലെ ജനാധിപത്യമെന്ന് ഈ ചർച്ച ഉറക്കെ പറയുന്നുണ്ട്. )))

നാമൂസിന്റെ ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു ....




ഒരു പ്രത്യേക ഘട്ടത്തിൽ എഴുത്തുകാരന തീര്ച്ചയായും പിന്മാറണം . അങ്ങനെ പിന്മാരിക്കഴിഞ്ഞു ഇത് ഇങ്ങനെ ഇന്നിന്ന രീതിയിലെ വായിക്കാവൂ എന്നൊരു നിഷ്കര്ഷ പാടില്ല . അങ്ങനെ വന്നാല എഴുത്തുകാരൻ അതിനെ വിശദീകരിച്ചു കൊടുക്കേണ്ടുന്ന ദുരവസ്തയിലേക്ക് കാര്യങ്ങൾ നീളും .

ഒരു കവിത ഗദ്യ രൂപത്തിൽ എഴുതി വെച്ചതിനെ നല്ല കഥ എന്ന് പ്രശംസിച്ചു കണ്ടു ( ബ്ലോഗ്‌ വിസിറ്റിൽ കണ്ടതാണ് . വ്യക്തമാക്കാൻ താല്പര്യക്കുറവു ഉണ്ട് ) . അങ്ങനെ വരുമ്പോൾ ക്രാഫ്റ്റിനെ ചോദ്യം ചെയ്യപ്പെടുകയാണ് . എനിക്കത് പദ്യമായി തോന്നിയാൽ ഞാൻ മനസ്സിലാക്കിയ നിർവചനങ്ങളുടെ കുറ്റമാകാം ഒരു പക്ഷെ .. അല്ലെങ്കിൽ എഴുത്തിന്റെ കുഴപ്പം .. മനസ്സിലാക്കെണ്ടുന്ന കാര്യം എല്ലാത്തിനും ഒരു അടിസ്ഥാന രൂപം ഉണ്ട് എന്ന് തന്നെയാണ് .

ഏതായാലും ആസ്വാദനം എന്നൊരു സാഹിത്യ ശൈലി ഉണ്ടാവുന്നത് ഭൂഷണം എന്ന് തോന്നുന്നില്ല ...... ആന്തരീക അർഥങ്ങൾ പലതുമുണ്ടായാലും പൊതുവായി എല്ലാര്ക്കും വായിച്ചെടുക്കാൻ പറ്റുന്ന ഒരു ഘടകം സൃഷ്ടിയിൽ വേണം ... അല്ലെങ്കിൽ അത് പരാചയം തന്നെയാണ്

ശിഹാബ് മദാരി പറഞ്ഞു...

അങ്ങനെ ആണെങ്കിലും , എഴുത്ത് നന്നെങ്കിൽ ശ്രദ്ധിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് . ഞാൻ എന്റെ അഭിപ്രായം പറഞ്ഞു കഴിഞ്ഞതിനു ശേഷം , വേറെ ഒരാള് അതിനു പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യട്ടെ .... എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു എന്ന് നമ്മളും കരുതണം . (എല്ലാവരുടെ നിലവാരവും ഒരേ പോലെ ആവില്ലല്ലോ ) . ഒരു വിധം ഭേദപ്പെട്ടവര്‍ തന്നെ ആണ് ഇവിടുള്ളത്‌ എന്നാണു എന്റെ പക്ഷം . നല്ല എഴുത്തുകാരും ഉണ്ട് . പല ബ്ലോഗിനും ഞാൻ അഭിപ്രായം പറയാൻ നില്ക്കാത്തത് അത് എതു രീതിയിൽ എടുക്കുമെന്ന തിട്ടക്കുറവ് കൊണ്ട് തന്നെയാണ് . അപ്പൊ മിണ്ടാതിരിക്കും . എന്റേത് മോശമാണെന്ന് പറഞ്ഞാൽ ആ സമയം തൊട്ടു ആ മോശം എങ്ങനെ തിരുത്താമെന്നാണ് ഞാൻ ചിന്തിക്കാറു . ............. നാമൂസിന്റെ വായനയിൽ കണ്ടത് അദേഹത്തിന് വിശദീകരിച്ചു ഇരിപ്പിടം പറഞ്ഞത് ശെരിയല്ല എന്ന് ബോധ്യപ്പെടുത്താനും അവസരം ഉണ്ടല്ലോ .

ചന്തു നായർ പറഞ്ഞു...

ഒക്കെ വായിച്ചും കണ്ടും ഞാൻ ഇവിടെ ഉണ്ട്....“ വായനയ്ക്കു മേലുള്ള അന്യാധിനിവേശങ്ങള്‍“ അതിനെക്കുറീച്ച് ഇത്രയും വലിയ ഒരു ചർച്ച വേണോ എന്ന് എനിക്ക് തോന്നാതിരുന്നില്ലാ.... വായിക്കുന്നവർക്ക് വായനയിൽ ഒരു കാഴ്ചപ്പാടൂണ്ട്...അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലാ.. കമൽ എന്ന സംവിധായകൻ ഒരിക്കൾ എന്നോട് പറഞ്ഞു നമുക്ക് “ഖസാക്കിന്റെ ഇതിഹാസം”ചലച്ചിത്രമാക്കിയാൽ എന്തെന്ന്...ഞാൻ ശ്രീ.ഓ.വി.വിജയൻ എന്ന പ്രതിഭാശാലിയുമായി സംസാരിച്ചു.അദ്ദേഹം അത് തിരക്കഥ ആക്കാനുള്ള അനുവാദവും തന്നു.... ഞാൻ ആ പുസ്തകം വായിച്ചത് 15 തവണ ഓരോ തവണ വായിക്കുമ്പോഴും...എന്നിൽ ഓരോ കാഴ്ചപ്പാടൂകൾ...നന്നേ രസിച്ച ആ പുസ്തകത്തിലെ ഓരോവരികളും എനിക്ക് കാണാപാഠമായി.പിന്നീട് ആ പുസ്തകം ചലച്ചിത്രമാക്കാനുള്ള തീരുമാനം വേണ്ടെന്ന് വച്ചൂ കാരണം....അതിലുള്ള പലതും..പലരും എടുത്തെഴുതിക്കഴിഞ്ഞിരുന്നൂ...അതിലെ പുതുമ നഷ്ടപ്പെട്ടെന്ന് കൂട്ടുകാരുടെ തീരുമാനം... അതുപോലെ തന്നെ മരുഭൂമികൾ ഉണ്ടാകുന്നത്..ഗുരുസാഗരം ഒക്കെ സിനിമയാക്കാൻ വേണ്ടി എത്ര തവണ വായിച്ചിട്ടുണ്ടെന്ന് എനിക്കു പോലും അറിയില്ലാ..സി.രാധാകൃഷ്ണൻ അവർകളുടെ “വേർപാടുകളൂടെ വിരൽ‌പ്പാടുകൾ” എന്ന നോവൽ ഞാൻ കൈരളി ടി.വി.ക്കു വേണ്ടീ ഒരു സീരിയൽ ആക്കി..കഥയുടെ ആശയം അവലമ്പിച്ച് ഞാൻ അതിനെ എന്റെ കാഴ്ചപ്പാടിലൂടെയണ് അവതരിപ്പിച്ചത്...നരേന്ദ്ര പ്രസാദ്,ബാലചന്ദ്രമേനോൻ, സായികുമാർ, തുഡങ്ങിയ ഒരു വൻപൻ താര നിരതന്നെ അതിൽ ഉണ്ടായിരുന്നൂ...55 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ എന്റെ പേരിൽ ഒരു വക്കീൽ നോട്ടീസ് വന്നു.കാരണം അതിലെ ഒരു കഥാ പാത്രത്തിന്റെ ചലനങ്ങളും,സംഭാഷണങ്ങളും, എഴുത്തുകാരന്റെ ഒരു ബന്ധുവിന്റെ സ്വഭാവവുമായി നല്ല സാദൃശ്യം ഉണ്ടെന്നു...പിന്നെ സീരിയലിനു മുൻപേ”ഇതിലെ കഥാപാത്രങ്ങൾ സാങ്കല്പികമാണ് ജീവിച്ചിരിക്കുന്ന വരുമായി ഒരു ബന്ധവുമില്ലാ“ എന്ന് എഴുതി കാണിക്കേണ്ടി വന്നൂ...സംഗതി അവിടെ തീർന്നൂ...അതായത് ഒരാൾ ഒന്നു എഴുതിക്കഴിഞ്ഞാൽ അത് പിന്നെ വായിക്കുന്നവരുടെ വായനയിലാണ് നില നിൽക്കുന്നത്...അത് എങ്ങനെ വായിക്കണം എന്ന് എഴുത്ത്കാരനു പോലും ചോദ്യപ്പെടാൻ അവകാശമില്ലാ... ഇവിടെ ബ്ലോഗു വായനക്കാർക്കിടയിൽ ,അല്ലെങ്കിൽ ബ്ലോഗെഴുത്തുകാർക്കിടയിൽ നില നിൽക്കുന്ന ഒരു നല്ലതല്ലാത്ത പ്രവണതയുണ്ട്...തന്റെ വായനയാണ് ശരി,അല്ലെങ്കിൽ തന്റെ എഴുത്താണ്ശരി എന്ന ശിഥില ചിന്തകൾ...ദയവായി അതൊക്കെ മാറ്റൂ...പ്ലീസ്...............

കൊമ്പന്‍ പറഞ്ഞു...

ഇതില്‍ എനിക്ക് പറയാന്‍ ഉള്ളത് ഞാന്‍ നേരത്തെ പറഞ്ഞു കഴിഞ്ഞു . പക്ഷേ അതിനു നാമൂസ് പറഞ്ഞ മറുപടിഇത് ഏതെങ്കിലും ഒരു കോണില്‍ ചുരുക്കി ചര്‍ച്ച ചെയ്യരുത് എന്നാണു . ഞാന്‍ പറയട്ടെ ഞാനിതനെ ബൂലോകം എന്ന സൈബര്‍ ഇടത്തിലേക്ക് ചുരുക്കി തന്നെ കാണാനാ ശ്രമിക്കുന്നത് കാരണം ഭൂ പരപ്പിലെ വായനയെ ചര്‍ച്ച ചെയ്ത ആരും ഇന്ന് വരെ ഇങ്ങനെ പറഞ്ഞിട്ടില്ല എന്‍റെ കണ്ണിലൂടെ മാത്രം മറ്റുള്ളവനും കാഴ്ചകള്‍ കാണണം എന്ന്, അങ്ങനെ പറയണം എങ്കില്‍ ആരെങ്കിലും അങ്ങനെ പറഞ്ഞെങ്കില്‍ അവരെ നമുക്ക് വിഡ്ഢികളുടെ നേതാവ് എന്ന് വിളിക്കാം എന്നല്ലാതെ വേറെ ഒന്നും പറയുന്നില്ല .
----------------------------------------------------------
ഇവിടെ ചില ബട്കൂസുകള്‍ വായനയുടേയും എയുത്തിന്‍റെയും അപ്പോസ്തലന്മാര്‍ ആവുന്നത് കാണുമ്പോള്‍ സത്യം പറയാലോ പൊട്ടി പൊട്ടി ചിരിക്കാന്‍ തോന്നുന്നുണ്ട് .ഞാന്‍ തന്നെ ആണ് മലയാള സാഹിത്യത്തിലെ മഹാന്‍ ആരാ പറഞ്ഞത് എന്ന് ചോദിച്ചാല്‍ എന്‍റെ കെട്ടിയോളും കുട്ടിയോളും എന്ന് പറയും എന്ത് കോപ്പാ നീ സാഹിത്യത്തില്‍ എഴുതിയത് എന്ന് ചോദിച്ചാലോ അഞ്ചു നാലും അക്ഷരം കൊണ്ട് മൂന്നും നാലും വരികള്‍ എഴുതിയ മഹാ സംഭവം ആണ് ഞാനെന്നും പറയും

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഞാൻ ഒരു സെൽഫ് വായനക്കാരനാണ്, അഭിപ്രായവും സെൽഫ്, മറ്റുള്ളവരെ വായിക്കുമ്പോഴും രഹസ്യമായി വായിക്കുന്നു.............

ചർച്ച തുടരുക..................

റശീദ് പുന്നശ്ശേരി പറഞ്ഞു...

ചൂടേറിയ വായന കത്തിപ്പടരട്ടേ

ഭാനു കളരിക്കല്‍ പറഞ്ഞു...

എഴുത്തും വായനയും വിമര്ശിക്കപ്പെടാം. ഓരോ എഴുത്തും ഓരോ വായനയും നടക്കുന്നത് വായനക്കാരന്റെ എഴുത്തുകാരന്റെ അനുഭവ തലത്തിൽ വെച്ചാണ്. എല്ലാ കാലത്തും വിഭിന്ന വായനകൾ ഉണ്ടായിട്ടുണ്ട്. മഹോന്നതമെന്ന് കരുതിയിരുന്ന പല ഗോപുരങ്ങളും ചോദ്യം ചെയ്യപ്പെട്ടിടുണ്ട്. ചോദ്യം ചെയ്യപ്പെടുമ്പോഴാണ് പുതിയൊരു ചിന്ത ഉയിർകൊള്ളുന്നത്. മേഘങ്ങൾ ഉരസി അഗ്നി വരഷിക്കുംപോലെ. വിമര്ശനങ്ങളെ എന്തിനാണ് ഭയക്കുന്നത്?

ഭൂമി ഉരുണ്ടതെന്നു വിശ്വസിക്കുമ്പോഴും പരന്നതെന്നു വിശ്വസിക്കുമ്പോഴും ഭൂമി ഉരുണ്ടു തന്നെ ഇരുന്നിരുന്നു. നിങ്ങൾ എങ്ങനെ നോക്കികണ്ടാലും വായിച്ചാലും സത്യം സത്യമായി തന്നെ തുടരും. ഒരാള് വന്നു ശാസ്ത്രീയമായി അത് നിങ്ങള്ക്ക് പറഞ്ഞു തരും വരെ നിങ്ങൾ തെറ്റായ വായന തുടരുക തന്നെ ചെയ്യും. അതുകൊണ്ട് എതിര് വായനകളെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.

വിമര്ശനങ്ങളും ചര്ച്ചകളും ആരോഗ്യകരമാകട്ടെ. അറിയാനും അറിയിക്കാനുമായിരിക്കണം ചർച്ചകൾ. തോല്പ്പിക്കുവാനും ജയിക്കാനും ആയിരിക്കരുത് .

നിസാരന്‍ .. പറഞ്ഞു...

ഈ ചര്‍ച്ചകളുടെയും അഭിപ്രായങ്ങളുടെയും മൂലകാരണമായ പോസ്റ്റ്‌ എഴുതിയവന്‍ എന്ന നിലക്ക് മൗനം ഭൂഷണമല്ല എന്ന് എല്ലാവരും പറയുന്നു :).. പക്ഷേ എനിക്കിപ്പോള്‍ വായനയെക്കുറിച്ചു മൗനം മാത്രമേയുള്ളൂ.. ആ മൌനത്തിലൂടെ ഞാനറിയുന്ന വായനയില്‍ ഇടപെടല്‍ സാധ്യമാണോ അല്ലയോ എന്നിപ്പോള്‍ ചിന്തിക്കാറില്ല.. ബാഹ്യ സ്വാധീനങ്ങളില്ലാതെ എഴുത്തോ വായനയോ ചിന്തകള്‍ പോലുമോ അപ്രാപ്യമാണെന്നു തോന്നുന്നു

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഈ ചര്‍ച്ചയില്‍ ഇപ്പോള്‍ ഇടപെടുന്നത് എത്രമാത്രം ഉചിതം ആണെന്ന് അറിഞ്ഞു കൂടാ.പക്ഷെ ഇവിടെ കണ്ട പല അഭിപ്രായങ്ങളും അതിനു കാരണമായ വിഷയവും വായിച്ചരിഞ്ഞപ്പോള്‍ തോന്നിയ കാര്യങ്ങള്‍ ഇവിടെ കുറിക്കാതെ വയ്യ ,
ഒന്നാമത്തെ കാര്യം ഇവിടെ ചര്‍ച്ചക്ക് നാമൂസ് വെച്ചിരിക്കുന്ന വിഷയത്തിന്‍റെ അര്‍ത്ഥവ്യാപ്തി ആണ് .വായനയുടെ രാഷ്ട്രീയം എന്നത് മുഖ്യധാരയെ സംബന്ധിച്ചിടത്തോളം അത്രയൊന്നും പ്രസക്തമല്ല.കാരണം വായനയില്‍ പൊതുവേ വളരെക്കുറച്ചു പേരെ അവിടെ ഇടപെടുന്നുള്ളൂ ,അത് തന്നെ മതപരമോ പ്രത്യയശാസ്ത്രപരമോ ആയ വിഷയങ്ങളില്‍ ആണ് താനും .അത്തരം ഇടപെടലുകളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ വായനാ സമൂഹത്തിനു കഴിഞ്ഞിട്ടുണ്ട് താനും .
എന്നാല്‍ വിഷയം ബ്ലോഗ്‌ വായനയെക്കുറിച്ച് ആകുമ്പോള്‍ കാര്യം വ്യത്യസ്തമാകുന്നു .അവിടെ ഒരു തരം വ്യാജവായനക്കാര്‍ ആണുള്ളത് .തങ്ങളുടെ ബ്ലോഗില്‍ ഇട്ട കമന്റുകള്‍ക്കുള്ള പ്രത്യുപകരമായോ ,തന്‍റെ ബ്ലോഗുമായുള്ള ഒരു താരതമ്യത്തിന് വേണ്ടിയോ ഒക്കെ ആണ് അവിടെ വായനക്കാര്‍ എത്താറുള്ളത് ,വായന മുന്നോട്ടു വെക്കുന്ന പ്രയോജനങ്ങള്‍ ഒന്നും അവിടെ ലഭ്യമല്ലാത്തത് കൊണ്ട് ക്രിയാത്മകമായ വായന അവിടെ നടക്കുന്നില്ല തന്നെ .
സ്വാഭാവികമായും ബ്ലോഗുകളില്‍ വരുന്ന കമന്റുകളെയും അതിനെ വിലയിരുത്തിക്കൊണ്ടുള്ള ആസ്വാദനങ്ങളെയും അത്രയൊന്നും മുഖവിലക്കെടുക്കെണ്ടതില്ല എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം .പല വിധം താല്‍പ്പര്യങ്ങള്‍ അവിടെ ഇടപെടുന്നു എന്നതാണ് കാര്യം ..

മിനി പി സി പറഞ്ഞു...

തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് വായനയും ആസ്വാദനവുമെല്ലാം. വായനയുടെ വിസ്തൃതിയും ,ആസ്വാദന നിലവാരവും നല്ല പുസ്തക വായനയിലൂടെ തന്നെ നമ്മള്‍ മെച്ചപ്പെടുത്തി എടുക്കേണ്ടതുമാണ്.എനിക്കിഷ്ടമായത് മറ്റുള്ളവരും ഇഷ്ടപ്പെടണം എന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും നമുക്ക് നല്ലതെന്നു തോന്നുന്നവ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ മടിയ്ക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു .ഇന്ന് വിപണിയില്‍ കാണുന്ന പുസ്തകങ്ങള്‍ എല്ലാം നമുക്ക് വായിക്കാനായില്ലെന്കിലും കഴിയുന്നതും വായിക്കാം വായിച്ചു വളരാം !

Njanentelokam പറഞ്ഞു...

ഇതിപ്പോള്‍ പണ്ട് ഇന്ത്യ ചൈന യുദ്ധകാലത്ത് അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശത്തെ ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന സ്ഥലം എന്ന് ഇ എം എസ് വിശേഷിപ്പിച്ച് പുലിവാല് പിടിച്ചതുപോലായി.സംഭവം പറഞ്ഞത് ശരിയാണ് എന്നാല്‍ അങ്ങിനെ പറയാമോ എന്നത് മാത്രമാണ് ചോദ്യം

എഴുത്തുകാരന് എഴുതാം വായനക്കാരന് അത് ഏതു രീതിയില്‍ വേണമെങ്കിലും വായിക്കാം ഉള്‍ക്കൊള്ളാം വിമര്‍ശിക്കാം.
എഴുത്തുകാരന്‍ എഴുതിയ അതേ ആശയമായി തന്നെ വായനക്കാരന്‍ അതിനെ കാണണമെന്ന് ആര്‍ക്കും പറയാന്‍ ആവില്ല

എഴുത്തുകാരന്‍ പ്രണയത്തെ കുറിച്ച് എഴുതി വായനക്കാരന് തോന്നിയത് അത് കാമം ആണെന്നാണ്‌.. എഴുത്തുകാരന്‍ അത് പ്രണയമായും വായനക്കാരന്‍ അത് കാമമായും ഉള്‍ക്കൊണ്ടോട്ടെ ആര്‍ക്കു എന്ത് ചേതം?

എഴുത്തിനെ കുറിച്ച് പണ്ട് എം.പി.നാരായണ പിള്ള പറഞ്ഞതിനോടാണ് എനിക്ക് യോജിപ്പ്."എഴുതുന്നത്‌ എന്തും ആയിക്കോട്ടെ നല്ല ചരക്കു ആണേല്‍ ആള്‍ക്കാര്‍ വായിക്കും".ആ പ്രയോഗത്തെ കുറിച്ച് അന്ന് കുറെ വിമര്‍ശനങ്ങള്‍ വന്നതായിരുന്നു.പ്രയോഗത്തില്‍ മാത്രമേ പ്രശ്നം ഉള്ളൂ പക്ഷെ അതാണ്‌ സത്യം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഏതൊരാളുടേയും പ്രഥമ വായനകൾ
രൂപപ്പെടുന്നത് ആ വ്യക്തിയുടെ ജന്മം, ഭാഷ ,
സമൂഹം , മതം , ദേശം , നാട് മുതലായ സംഗതികളിലൂടെയാണ് ...

ഇതിനൊത്ത് ആ വ്യക്തിയുടെ അഭിരുചിയും ,
കാഴ്ച്ചപ്പാടുമനുസരിച്ച് വായനകളിൽ ചില ചെറിയ
വ്യതിയാനങ്ങൾ വന്നേക്കാം....
പിന്നീട് വിദ്യാഭ്യാസം, ജോലി, ജീവിത രീതി
എന്നിവയിൽ കൂടിയെല്ലാം ആ സംഗതികളെല്ലം
മറി കടന്നോ , ആയതിലൊന്നിലോ / രണ്ടിലോ മാത്രം
ഉറച്ച് നിന്നുള്ള പ്രബലമായ ഒരു വായനയാൽ , ആ വ്യക്തിത്വം
ഉറച്ചു പോകും ...!
അപ്പോൾ അതിനനുസരിച്ചാണ് , ആ വ്യക്തി സമൂഹത്തിലും ,
വായനയിലും , എഴുത്തിലും , അഭിപ്രായത്തിലുമൊക്കെ അവന്റെ /
അവളുടെ ഇടപെടലുകൾ നടത്തി വരാറ്..!

mudiyanaya puthran പറഞ്ഞു...

ഈ വിഷയത്തിൽ ഇപ്പോൾ ഒരു കമെന്റ് ഇടുന്നത് എത്രത്തോളം ശരിയനെന്നരിഞ്ഞൂട. എന്നെ സംബധിച്ച് ഒരാളുടെ വായനയിൽ മറ്റൊരാൾ കൈകടത്തുന്നത് ശരിയല്ല എന്ന പക്ഷമാണ്, വേണമെങ്കിൽ ചില നിർദേശങ്ങൾ കൊടുക്കാം. കൗമാരകാലത്തെ വായന തന്നെയാണ് ഒരാളുടെ വിക്തിത്യവികസ്സനത്തിൽ പ്രധാന പങ്കു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms