2015, ഒക്ടോ 9

ഊര്‍ന്നുപോയേക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍




പ്രിയരേ,

അങ്ങനെ പല കാലങ്ങളിലായി ഇവിടെ കുറിച്ചിട്ട അക്ഷരങ്ങളില്‍ ചിലത് പുസ്തക രൂപത്തിലേക്കാകുന്നു.

തുടക്കം മുതല്‍ ഈ നേരം വരെയും വായിക്കേം വിമര്‍ശിക്കേം ചെയ്ത ചങ്ങാത്തങ്ങള്‍ ഈ പുസ്തകത്തെയും അത് അര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. 

ഇങ്ങനെ ഒരു പുസ്തകം വ്യക്തിപരമായി എന്നെ ഏറെ സന്തോഷിപ്പിക്കുമ്പോഴും അത് പൂര്‍ണ്ണമാകുന്നത് എപ്പോഴും കൂട്ടുള്ള എന്റെ കൂട്ടുകാരിക്കൊപ്പം പങ്കുവെക്കുമ്പോഴാണ്. 

ഓര്‍മ്മയില്‍ അനേകര്‍,
എല്ലാവര്‍ക്കും എന്റെ സ്നേഹങ്ങള്‍.

തിരക്കിലും സ്നേഹപരിഗണനയാല്‍ കവിതകള്‍ വായിക്കാനും അവതാരികയാലും ചെറുകുറിപ്പുകളാലും എന്നെ സന്തോഷിപ്പിക്കാനും മനസ്സിറക്കം കാണിച്ച, സഖാവ് കെഇഎന്നും കവി സച്ചിമാഷിനും പ്രിയ സുഹൃത്തും സഖാവും ഇഷ്ടകവിയുമായ പി എന്‍ ഗോപീകൃഷ്ണനും എന്റെ ഹൃദയസ്മിതങ്ങള്‍. 

കവിതകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധം ചെയ്യാനുള്ള ആലോചന പങ്കുവെച്ചപ്പോള്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് കൂടെ നിന്ന മലയാള നോവല്‍-ചെറുകഥ സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യം പി സുരേന്ദ്രന്‍ മാഷിനും എന്റെ സ്നേഹങ്ങള്‍.

പുസ്തകത്തിന് കവര്‍ ഡിസൈന്‍ ചെയ്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുധീര്‍ എംഎ,
കവിതകള്‍ക്ക് വരഞ്ഞും ഈ ശ്രമത്തിന് പ്രോത്സാഹനമായും കൂടെനിന്ന സ്വാതി ജോര്‍ജ്ജ്/അഷ്‌റഫ്‌ മേലേവീട്ടില്‍ എന്നീ  ചങ്ങാത്തങ്ങള്‍ക്കും നിറഞ്ഞ സ്നേഹം. 

ബ്ലോഗിലെ/എഫ്ബിയിലെ/അടയാളത്തിലെ/ക്യൂ മലയാളത്തിലെ സ്നേഹസാമീപ്യങ്ങള്‍ക്കും എന്റെ സ്നേഹം. 

കൈരളിയിലെ അശോകേട്ടന്/ദിവ്യക്ക്/മറ്റു ജീവനക്കാര്‍ക്ക്/മൊത്തം കൈരളിക്ക്... എന്റെ സന്തോഷം പറയുന്നു.

ഈ നവംബറില്‍ ഷാര്‍ജ്ജ  ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ പ്രകാശിതമാകുന്ന 'ഊര്‍ന്നുപോയേക്കാവുന്നത്രയും മെലിഞ്ഞ രണ്ടുകാലുകള്‍' എന്ന ഈ ചെറിയ പുസ്തകത്തെ വാങ്ങി/ വായിച്ച്/അഭിപ്രായിക്കണം എന്ന്‍ എന്റെ എല്ലാ സ്നേഹങ്ങളോടും പറയുന്നു, പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കുന്നു.







2015, ഒക്ടോ 3

ഒരാണും ഒരു പെണ്ണും: മലയാളത്തിലെ രണ്ട് നസ്രാണി ജീവിതങ്ങള്‍


ഏഴ് പതിറ്റാണ്ട് കാലത്തെ തൃശൂരിന്റെ സാമൂഹ്യ-സാംസ്കാരിക പരിണാമം  ഒരു ചരിത്രാഖ്യായികയുടെ സ്വഭാവത്തില്‍ വിലാപ്പുറങ്ങളില്‍ നമുക്ക് വായിക്കാനാകും. സാധാരണ ഹിസ്‌-സ്റ്റോറിയായി അവതരിപ്പിക്കാറുള്ള ചരിത്രത്തെ അവളിലൂടെ അവതരിക്കുന്നു എന്നൊരു തിരുത്ത് കൂടെ ഈ നോവലിനുണ്ട്. വടക്കുന്നാഥനും ശക്തന്‍ തമ്പുരാനും ഐക്യകേരളവും മുണ്ടശ്ശേരിയും വിമോചനസമരവും ലീഡറും നവാബും അഴീക്കോടനും സഖാവ് ആര്യനും തട്ടില്‍ എസ്റ്റേറ്റും തൊഴിലാളി സമരോം വില്ലുവണ്ടീം മോട്ടോര്‍ വണ്ടീം പൂരപ്പറമ്പും ആറുംകൂട്യേടവും എല്ലാമെല്ലാം പതിവിന് വിപരീതമായി മറിയയുടെ കാലത്തെ ജീവിതങ്ങളെന്ന്‍ പരിഭാഷപ്പെടുകയാണ് നോവലില്‍.

ഈ നോവല്‍ മുഴുവനായും ഒരു പെണ്കോണ്‍ ആഖ്യാനമാണെന്ന് തറപ്പിച്ചു പറയാനാകും. ജീവിതത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രം തന്റേടവും സ്വാതന്ത്യവും പ്രഖ്യാപിച്ച് പിന്നീട് വിവിധ സമൂഹകുടുംബങ്ങളിലെ സ്വാഭാവിക വിധേയത്വത്തിലേക്ക് ചുരുങ്ങിപ്പോകുന്ന വാര്‍പ്പ്മാതൃകയല്ല ഈ നോവലിലെ സ്ത്രീ.

ഉപേക്ഷിക്കപ്പെട്ട സ്ത്രീയായല്ല, ജീവിക്കുന്ന സ്ത്രീയായാണ് നോവലിലുടനീളം മറിയയെ വായിക്കാനാവുക. സ്നേഹിക്കുന്നത് പാപമെങ്കില്‍ എനിക്കാ പാപം ചെയ്യാതിരിക്കനാവില്ലെന്ന  ജീവിതബോധമാണ് മറിയയെ ജീവിപ്പിക്കുന്നത്. അവസാനംവരെയും പ്രണയമുഘോഷിക്കുന്ന അംബരവിളംബരങ്ങളായി ഒരു ഇടിയൊച്ച മറിയക്കകത്തും പുറത്തും എപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നിരുന്നു. ഇത് പലപ്പോഴും സമൂഹത്തിന്റെ ആണ്‍ബോധത്തെ അസ്വസ്ഥപ്പെടുത്തുകയും മറിയയെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു പോരുന്നുണ്ട്. അപ്പോഴെക്കെയും സ്വശരീരത്തെ അത്തരം എല്ലാ ആണധികാരങ്ങളിൽ നിന്നും വിമോചിപ്പിച്ച് പ്രണയത്തിന്റെ ആകാശത്തിലേക്കെയ്തുവിട്ട് അരാജകത്വമാഘോഷിക്കയായിരുന്നു മറിയ. എന്റെ ശരീരത്തിന്റെയും പ്രണയത്തിന്റെയും അധികാരി ഞാന്‍ തന്നെ എന്ന പ്രഖ്യാപനവും കൂടിയാണത്. തീര്‍ച്ചയായും മറിയ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന ഒരു പെണ്ജീവിതമാകുന്നതങ്ങനെയാകും.

മറിയയിലെന്ന {സ്ത്രീ} പോലെ നോവലിന്റെ കാര്യത്തിലും വലിയ വ്യത്യസ്തത കാണാനാകും. സാധാരണയായി ഒരുപാട് ഉപഗ്രഹനിര്‍മ്മിതികളിലൂടെ ഒരു വ്യക്തിയെ/വിഷയത്തെ ശ്രദ്ധാകേന്ദ്രമാക്കി നിറുത്തി ഏകമുഖാത്മകമായ ഒരു പറച്ചില്‍ രീതിയാണ് നമ്മുടെ സാഹിത്യത്തില്‍ അധികമായുള്ളത്. ഇവിടെപക്ഷേ, ഒരു നാട് മുഴുവന്‍ എഴുപത് കൊല്ലത്തോളം തുടര്‍ച്ചയായി അതിന്റെ ജീവിതം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഭിന്ന ഭാഷാ-ലിംഗ-ജാതി-മത-ആചാര-സാംസ്കാരിക വൈവിധ്യങ്ങളിലൂടെ അതൊരു സമൂഹമായി നിലനില്‍ക്കുകയും നിരന്തരം സംസാരിക്കുകയും ചെയ്യുന്നു എന്നൊരു പ്രത്യേകത ഇതിന്റെ കഥപറച്ചിലില്‍ ഉണ്ട്.

ഞാന്‍ പ്രതീക്ഷിക്കുന്നത്, ഈ നോവല്‍ന്റെ സ്വഭാവവും അതിലെ സ്ത്രീയും ജീവിതവും ജീവിതഭാഷയും പ്രത്യേകം പരിഗണിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുമെന്നാണ്.

ലിസി എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച വിലാപ്പുറങ്ങള്‍ എന്ന ഈ നോവലിന്റെ വില 250 രൂപയാണ്, വായിക്കുന്നവര്‍ വായിക്കുക.

ഇറാനിമോസ്‌ എന്ന മനുഷ്യൻ അയാളുടെ വേര്‌ തേടിയുള്ള ദീർഘവും നിരന്തരവുമായ  യാത്രക്കിടയിൽ അഭിമുഖീകരിക്കുന്ന അനുഭവലോകങ്ങളുടെ വിവരണമാണ്‌ കരിക്കോട്ടക്കരി. ആ യാത്ര സമൂഹത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഭീതിതവും ദാരുണവുമായ ജീവിതസംഘർഷങ്ങളെ പരിചയപ്പെടുത്തുന്നു. അകത്തും പുറത്തും അതുണ്ടാക്കുന്ന അസ്വസ്ഥതകളിൽക്കൂടി എഴുത്തും വായനയും കടന്നുപോകുമ്പോൾ ഒരുവേള ചുറ്റിലും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ കരിക്കോട്ടക്കരി ദൃശ്യമാകുന്നത്രയും സാർവ്വത്രികാനുഭവമായി നോവൽലെ ജീവിതം നമ്മെ ചിന്തിപ്പിക്കുന്നു.

നൂറ്റാണ്ടുകൾക്ക്‌ പിറകിൽ നിന്ന് തുടങ്ങുന്ന പുലയ (ദളിത്‌) ജീവിതത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ സംഘർഷങ്ങളെ തൊട്ടറിയാനുള്ളൊരവസരം ഈ നോവൽ നൽകുന്നുണ്ട്‌. വിരുന്നുകാർ വീട്ടുകാരായി ഉടമയെ അടിമകളാക്കി വെളുക്കെച്ചിരിക്കുന്ന അധിനിവേശതന്ത്രത്തിനൊപ്പം നിഷ്കളങ്ക-നിസ്സഹായത അധമ-വിധേയഭാവമായി മാറുന്നതിന്റെ സാമൂഹിക-സാംസ്കാരിക പ്രതലങ്ങളെക്കൂടെ നോവൽ ചർച്ചക്കെടുക്കുന്നു. അതിൽതന്നെ അടിമ ഉടമയായി വേഷം പുതുക്കുന്ന ഒരു പ്രച്ഛന്നകാലത്ത്‌ മർദ്ദകന്റെ അതേ ആയുധം ജീവിതത്തെ നയിക്കുന്ന അധികാരാനുനകരണം അതിന്റെ എല്ലാ ഹിംസാത്മകതയോടെയും പ്രവർത്തിക്കുന്നതും നോവൽ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമാണ്‌.

കേവലം ഒരു വ്യക്തി നടത്തുന്ന തന്റെ സ്വത്വാന്വേഷണം പ്രദേശപരിസരങ്ങളിൽ നിലനിൽക്കുന്ന നിഷ്കളങ്കവും നിർദ്ദോഷവുമായ നാട്ടുപേച്ചുകളിലും പണ്ഡിതമേശകളിലെ വിചാരിപ്പ്‌ വാർത്തകളിലെ ക്രൗര്യവാക്കുകളിലും ഒരുപോലെ തട്ടിത്തെറിച്ചസ്വസ്ഥമാകുന്ന കാഴ്ചയും കരിക്കോട്ടക്കരിയിൽ സുലഭം. ഇത്‌ അരിക്‌വത്കരിക്കപ്പെട്ട അധ:സ്ഥിത ജീവിതം അനുഭവിക്കുന്ന സാമൂഹികമായ പീഡാവസ്ഥയാണ്‌. തൊഴിൽ/ധനം/സമ്പത്ത്‌/അധികാരം ഇതൊക്കെയും ഇതിൽ കാരണമായിവരുമ്പോഴും ഇതൊന്നുമല്ലാത്ത മുഖ്യമായ ഒരു കാരണം മന:സ്ഥിതിയാണ്‌. ഉത്തമനെന്നും അധമനെന്നും വിധിച്ച്‌ വിലക്കിയും നിഷേധിച്ചും അപരസ്വത്വത്തെ കൈകാര്യം ചെയ്യുന്ന ഈ മന:സ്ഥിതി വിചാരണ ചെയ്യപ്പെടേണ്ടതാണ്‌. തീർച്ചയായും അതൊരു ക്രിമിനൽ കുറ്റം തന്നെയാവണം. അതിനുള്ള ഒരെളിയ ശ്രമം ഈ വിനോയ്‌ തോമസ്‌ ഈ നോവലിലൂടെ നടത്തുന്നുണ്ട്‌.

പരിവർത്തിത സമൂഹങ്ങളിലും മേൽസൂചിപ്പിച്ച ജാതി എന്ന ക്രിമിനൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പുലയക്രൈസ്തവ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പശ്ചാത്തലമാക്കിയുള്ള ഈ നോവൽ പറഞ്ഞുതരും. സംവരണമൊക്കെ ചർച്ചയാകുന്ന ദേശീയസാഹചര്യത്തിൽ കരിക്കോട്ടക്കരി എന്ന പ്രാദേശികാനുഭവം വലിയ വലിയ ഉത്തരങ്ങളാകുന്നുണ്ട്‌.

കൂട്ടുകാർ വാങ്ങി വായിക്കാൻ ശ്രമിക്കുക


കരിക്കോട്ടക്കരി: നോവല്‍
വിനോയ് തോമസ്‌
ഡിസി ബുക്സ്


2015, സെപ്റ്റം 15

ജീവിതാസക്തിയും വെളുത്തമരണവും

ജീവിതാസക്തി: എര്‍വിംഗ് സ്റ്റോണ്‍
വിവര്‍ത്തനം: ജയേന്ദ്രന്‍
ഡിസി ബുക്സ്
പേജ്: 192. രൂപ 110

ഒരുപക്ഷേ അത്രതന്നെ അല്ലലില്ലാതെ കഴിഞ്ഞുകൂടാമായിരുന്ന ഒരവസ്ഥയില്‍ നിന്നും അങ്ങേയറ്റം ക്ലേശകരമായ ഒരു ജീവിതാവസ്ഥയിലേക്ക് സ്വയം നടന്നുപോയ ഒരു ആത്മാന്വേഷകന്റെ/കലാ ഉപാസകന്റെ/ഉന്മാദിയുടെ/ ഒരു മനുഷ്യന്റെ സാക്ഷാല്‍ വിന്‍സെന്റ് വാന്‍ഗോഖിന്റെ ജീവചരിത്രനോവലാണ്‌ ജീവിതാസക്തി.

ആദ്യം ജോലിസ്ഥലത്തെ 'ഏര്‍സ്യുല'യാല്‍ പിന്നെ അമ്മാവന്റെ വിധവയായ മകള്‍ 'കേ'യാലും തിരസ്കരിക്കപ്പെട്ട പ്രണയം വഴിയോര ബാറില്‍ വെച്ച് കണ്ടുമുട്ടുന്ന ക്രിസ്റ്റീന്‍ എന്ന ലൈംഗീകതൊഴിലാളിയില്‍ കണ്ടെടുക്കപ്പെടുകയും ചെയ്യുന്ന വിന്‍സെന്റ്, അവരാലും ഉപേക്ഷിക്കപ്പെട്ട് പിന്നെയും  വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെക്കാള്‍ 20 വയസ്സിനിളപ്പമുള്ള ഒരു പതിനാറുകാരിപ്പെണ്കുട്ടിക്ക് ചെവിയറുത്ത് കൊടുക്കുന്നത്രയും പ്രണയാന്വേഷകനായിത്തുടരുന്ന തിരസ്കൃത ജീവിതത്തിന്റെയും ചരിത്രമാണ് ജീവിതാസക്തി.

ഒരു ചിത്രവില്പ്പനശാലയിലെ എടുത്ത്കൊടുപ്പുകാരനായ വിന്‍സെന്റ് തന്റെ മേഖല എന്തെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അയാളില്‍ ലീനമായ സൃഷ്ട്യോന്മുഖത ജീവിതത്തിന്റെ എല്ലാഘട്ടത്തിലും അയാളില്‍ ഈയൊരസ്വസ്വസ്ഥത പെരുപ്പിക്കുകയും ചിത്രരചനയുടെ വഴിയില്‍ പരീക്ഷണയാത്ര തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.  ചിത്രരചനാശ്രമങ്ങളുടെ രണ്ടാമത്തെ ഘട്ടത്തില്‍ ഖനിത്തൊഴിലാളികള്‍ക്കൊപ്പം തീര്‍ത്തും അവരിലൊരാളായുള്ള  ജീവിതം അയാളില്‍ ഒരു രാഷ്ട്രീയത്തെക്കൂടെ സന്നിവേശിപ്പിക്കയായിരുന്നു.പിന്നീട് കര്‍ഷകര്‍ക്കും നെയ്ത്തുകാര്‍ക്കും ഒപ്പം ഇടപഴുകാന്‍ ലഭിച്ച അവസരത്തില്‍ ഇത് ശക്തമാവുകയും തുടര്‍ന്നുള്ള രചനകളില്‍ ഈ രാഷ്ട്രീയാവബോധം  ഒരിടപെടല്‍ എന്ന നിലക്ക് തന്നെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.

അപസ്മാരത്തിന്റെ നീലഞരമ്പുകള്‍ വലിഞ്ഞ് പൊട്ടി ഒടുക്കം ബുദ്ധിയും ബോധവും നശിച്ച് ഇനി ചിത്രം വരക്കാനേ കഴിയില്ലേ എന്ന ഭയാശങ്ക കലശലാകുന്ന ഘട്ടത്തില്‍ സ്വയം നിറയൊഴിച്ചവസാനിക്കുന്ന വാന്‍ഗോഖ് പക്ഷെ ഇന്നും അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലൂടെ ജീവിക്കുന്നുവെന്നത് ഏത് കവിത കൊണ്ടാണ് മനസ്സിലാക്കേണ്ടതെന്നറിയാതെ കരഞ്ഞുപോകുന്ന സമയത്ത് എനിക്ക് പുസ്തകം അവസാനിക്കുന്നു.

തീര്‍ച്ചയായും ഇതില്‍ അതിശയിപ്പിക്കുന്ന ഒരു ജീവിതമുണ്ട്.  വിശ്വാസിയും മതവും തമ്മിലുള്ള സംഘര്‍ഷമുണ്ട്.  കലയും ജീവിതവും തമ്മിലുള്ള സംവാദമുണ്ട്.  കലഹപ്രിയരും കലാപകാരികളും വിഗ്രഹഭജ്ഞരുമായ കലാകാരന്മാരുണ്ട്.  എത്രതന്നെ നിഷേധിക്കപ്പെടുമ്പോഴും പിന്നെയും പിന്നെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അതിതീവ്രമായ പ്രണയാഭിലാഷമുണ്ട്.  എല്ലാത്തിനും അപ്പുറം ഇതില്‍ തിയോ വാന്‍ഗോഖ് എന്ന അത്ഭുതമുണ്ട്. മനുഷ്യരുണ്ട്‌.

പുസ്തകം വായിച്ച് ജീവിതത്തെ അനുഭവിക്കുക,


ശൂന്യമനുഷ്യര്‍: പി സുരേന്ദ്രന്‍
ഡിസി ബുക്സ്

വെളുത്തതും കറുത്തതുമായ മരണക്കുതിപ്പുകള്‍ക്കിടയിലെ ജീവിതക്കിതപ്പുകള്‍ ഇടക്കൊക്കെ വികാരപരമായും കൂടുതല്‍ ദാര്‍ശനികമായും മറ്റുചിലപ്പോള്‍ ഭ്രമാത്മകമായും അനുഭവിപ്പിക്കുന്ന മരണത്തിന്റെ അതോ ജീവിതത്തിന്റെ തന്നെയോ പുസ്തകമാണ് പി സുരേന്ദ്രന്റെ ശൂന്യമനുഷ്യര്‍.

ചങ്ങാതിയും സഞ്ചാരിയുമായ കൃഷ്ണചന്ദ്രന്‍ വാസുവിനോട് 'സല്ലേഖന'ത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നിടത്തുനിന്നാണ് വാസു പിന്നീട് കറുത്തതും വെളുത്തതുമായ മരണത്തെക്കുറിച്ച് എഴുതിത്തുടങ്ങുന്നത്. അതില്‍, പോലീസുകാരന്‍ സുന്ദരേശന്‍ പറയുന്ന ആത്മഘാതകരുടെ കഥകള്‍ ഒരു കുറ്റാന്വേഷണ ഡയറി മറിയുന്നത്രയും അവിശ്വസനീയതയും നടുക്കവും ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും ഒരു ചേച്ചിയുടെയും മറ്റൊരുമ്മയുടെയും ആത്മഹത്യകള്‍ വിവരിക്കുന്ന അദ്ധ്യായങ്ങള്‍. ഒരുപക്ഷേ, മറ്റനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി അത് ചില ഹിംസ-അക്രമണോത്സുകത കൂടെ പ്രകടമാക്കുന്നുണ്ട്.

ദേവികയുടെ മരണം പക്ഷെ, അവസാനത്തെ ആ ഒരൊറ്റ വാചകത്തില്‍ സ്തബ്ധരായിപ്പോകുന്നത്രയും വികാരോജ്ജ്വലമായ ഒരു ജീവിതം പറച്ചിലായിരുന്നു. നമ്മുടെ സൗന്ദര്യസങ്കല്പം വൈകല്യം ബാധിച്ചൊരാളെ എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്യുന്നതെന്ന്, ഒരാളുടെ ആശാഭിലാഷ'നുഭൂതികളെ പരിമിതപ്പെടുത്തുന്നതെന്ന്... ദേവികയില്‍ നിന്ന് പറിഞ്ഞുപോകുന്ന കൂട്ടുകാരന്‍ കേശവന്‍കുട്ടി ആ രതിവിയര്‍പ്പുണങ്ങിയ പനിക്കിടക്കയിലും ഉത്തരമില്ലാത്തവനാകുമ്പോള്‍ ഞെട്ടലാകുന്നുണ്ട്. ഇനിയുമൊരിക്കല്‍ക്കൂടി ആകസ്മികമായി ഒരാക്രമണത്തിലൂടെപ്പോലും ആശക്ക്‌ വകയില്ലെന്ന നിരാശയില്‍ നിന്നാണ് ദേവി മരണത്തെ വേള്‍ക്കുന്നത്. 'ഉടലിലെ കൊക്കരണികള്‍' വായനയില്‍ ഒരുയിര്കുടുക്കായിട്ടാണനുഭവപ്പെടുന്നത് അതുകൊണ്ടാണ്.

ഉന്മാദത്തിന്റെ നിറമേതായിരിക്കും..? പലനിറക്കോലങ്ങളില്‍ അത് ജീവിതത്തില്‍ കോറിവരകള്‍ നടത്തിയേക്കാം, ചിലപ്പോള്‍ അതൊരു കുത്തിപ്പരത്തലുമാകാം. അതെന്തുതന്നെയാലും ഉന്മാദത്തിന്റെ നീലവര്‍ണ്ണസാധ്യതയാണ് 'വാര്യേത്ത് വീട്ടിലെ ശ്രീധരന്‍ മാഷ്‌'ന്റെ മരണമെഴുത്ത് പറയുന്നത്. ഉന്മാദത്തിന്റെ കയറ്റിറക്കങ്ങളില്‍ ഒരിക്കല്‍പ്പോലും സൗമ്യത കൈവെടിഞ്ഞിട്ടില്ലാത്ത മാഷ്‌ അതെ നിഷ്കളങ്ക ബുദ്ധിയാല്‍ ബലിത്തറയില്‍ ആടിന് പകരം മകന്റെ ശിരസ്സറുക്കുമ്പോള്‍, ഉന്മാദം തീണ്ടിയ ശരീരം നീലിച്ചുതുടങ്ങിയിരുന്നിരിക്കണം. മറ്റുനിറങ്ങളെയെല്ലാം അപ്രസക്തമാക്കി കറുത്തമരണത്തിലേക്ക് മാഷിനെ പായിക്കുന്നത് ഉന്മാദത്തിന്റെ ഈ നീലവര്‍ണ്ണമാണ്. നീലയില്‍ നിന്നും കറുപ്പിലേക്കധികദൂരമില്ലെന്നാണ് മാഷിന്റെ ഉന്മാദമൊഴിഞ്ഞല്പ'നേരജീവിതം വായനക്കാരോട്  പറയുന്നത്.

മാജിക്കല്‍ റിയലിസത്തിന്റെ അനുരണനങ്ങള്‍ പ്രകടമാക്കുന്ന 'കവിയുടെ ശിരസ്സ്' നോവലിലെ വ്യത്യസ്തമായ ഒരാഖ്യാനമാണ്. സത്യാ-മിഥ്യ ആലോചന'ഭാരത്താല്‍ കുഴമറിഞ്ഞ സന്ദേഹമനസ്സിലേക്ക് മനോഹരങ്ങളായ സ്വപ്നങ്ങളും അനുഭവങ്ങളും ഭാവനാലോകവും കാണിച്ച് ഭ്രമിപ്പിക്കുന്ന ഒരു മാന്ത്രികത നാരായണവാര്യരെന്ന കവിയുടെ ജീവിതത്തിനുണ്ട്. ഒരുപക്ഷെ, ഈ മരണപുസ്തകത്തില്‍ വികാര-വിചാര തലത്തില്‍ ഒരുപോലെ ആവേശിച്ച ഒരു ജീവിതം നാരായണവാര്യരെന്ന ഈ കവിയുടെതാണ്.

ജീവിതത്തിലെ ഏറ്റം വിശ്വസ്തമായ ഒരു സാധ്യതയെ ജീവിതം തന്നെയായി പുനരാലോചിപ്പിക്കുന്ന ഒരു വിചാരശാന്തത ഈ നോവല്‍ വായന നല്‍കുന്നുണ്ട്. ഒരുപക്ഷെ,  ജീവിക്കാന്‍ വേണ്ടി മരിക്കുന്നു എന്നാരെങ്കിലും ജീവിതത്തെക്കുറിച്ച് സ്വപ്നം കണ്ടാല്‍ അതുമൊരു സാധ്യതയാണെന്നതിനോട് പ്രതികരിക്കാന്‍ ശൂന്യമനുഷ്യര്‍ വായനക്കൊടുവില്‍ നമുക്കൊപ്പം പോരുന്നുണ്ട്.

പി സുരേന്ദ്രന്‍ ചെയ്ത 'ശൂന്യമമനുഷ്യര്‍' എന്ന ഈ നോവല്‍ ഡിസിയാണ് പ്രസിദ്ധപ്പെടുത്തിയത്. വാങ്ങി വായിക്കാന്‍ ശ്രമിക്കുക എന്നെഴുതി ഈ കുറിപ്പവസാനിപ്പിക്കുന്നു, വായനാശംസകള്‍.!

2015, ജൂൺ 7

ഭൂപടം കുഴിക്കേണ്ട വിധം

ഒറ്റ നോട്ടത്തില്‍ ഒന്നുമില്ലെന്ന് തോന്നുമെങ്കിലും ഒരു വിരല്‍ദൂരമാഴത്തില്‍ കുഴിച്ചാല്‍ ദൃശ്യപ്പെടുന്ന കഥകള്‍ നമ്മുടെതന്നെ രാഷ്ട്രീയചരിത്രബോധത്തെ ദൃഢമാക്കുന്നത്രയും ശക്തവും സംവാദാത്മകവുമാണ്.

ഏതൊരു പ്രദേശത്തിനും അതിന്റേതായ ഒരു ചരിത്രമുണ്ടാകണം. ജീവിതവും. വിശേഷിച്ചും സഹവര്‍ത്തിത്ത സാമൂഹികതയുടെതായ ഒരുനീണ്ട ജീവിതം ഈ ഗ്രാമങ്ങളുടെയെല്ലാം ഉള്ളുകളില്‍ സജീവമായിരിക്കണം. ഭാഷയില്‍/സംസ്‌കാരത്തില്‍/സാമ്പത്തികബന്ധങ്ങളില്‍/ജീവിതത്തില്‍ എല്ലാം അവരുടേത് എന്ന് അടയാളപ്പെടുന്ന സ്വഭാവശൈലീശീലങ്ങള്‍ കാണാം. ഈയൊരു ജീവിതത്തിന്റെ സമാഹാരമാണ് പിന്നീട് നാം ചരിത്രം എന്ന് വിശേഷിപ്പിക്കുന്ന ഓരോ വായനയും.

ആ അര്‍ത്ഥത്തില്‍ ‘നെഹ്രു ഇന്ത്യാരാജ്യത്തിന്റെ ചരിത്രമെഴുതിയത് പോലെ ഞാന്‍ ഈ അത്തിക്കാട്‌ന്റെ ചരിത്രവുമെഴുതും’ എന്ന് ചെറുകാടിന്റെ മണ്ണിന്റെ മാറിലെ കര്‍ഷകന്‍ പറയുമ്പോലെ ജിംഷാറിന്റെ നോവലും ‘തണ്ണീക്കോട്’ന്റെ ചരിത്രം എഴുതുകയാണ്. വംശ-രക്ത-ഭാഷാ-വിശ്വാസ-ആചാര ശുദ്ധിവാദത്തിന്റെ സങ്കുചിതത്വത്തിലൂന്നിയ അക്രമാസക്ത പ്രാദേശികത്വത്തിന് ബദലായുള്ള, ആദാന- പ്രദാന-സഹവര്‍ത്തിത്ത-ബഹുസ്വര-സാമൂഹികതയിലൂന്നിയ സര്‍ഗ്ഗാത്മക പ്രാദേശികതയെയാണ് ജിംഷാര്‍ ഈ നോവലിലൂടെ കുഴിച്ചെടുക്കുന്നത്.

അബൂട്ടി ഔലിയയും സീമന്തിനി ദേവിയും/അയലക്കുന്നും സീമാന്തിനിപ്പുഴയും/ചാത്തന്‍കുട്ടിയും മയ്യത്തുകളും/മാധവന്‍ നായരും പള്ളിപ്പണിയും തുടങ്ങി സക്കരിയയ്യയും നിരജ്ഞനയും എന്ന് വര്‍ത്തമാനത്തിലെത്തി നില്‍ക്കുമ്പോള്‍ ഈ പ്രാദേശിക ചരിത്യാഖ്യാനത്തിന്റെ താത്പര്യം വ്യക്തമാകുന്നുണ്ട്.

ദേവിയോടും ഔലിയയോടും ഒരേസമയം തേടുന്ന ജനത ബഹുസ്വരജീവിതത്തെ ആന്തരികമായി സ്വാംക്ഷീകരിച്ച സാംസ്‌കാരികജീവിതത്തിന്റെ ചരിത്രാനുഭവങ്ങളായാണ് നോവലില്‍ പ്രത്യക്ഷ്യപ്പെടുന്നത്. അത് തണ്ണീര്‍ക്കോട്‌ന്റെ മാത്രം പ്രത്യേകതയല്ല. ഒരുപക്ഷെ, തൊണ്ണൂറുകള്‍ വരെയും നമ്മുടെയൊക്കെയും ഗ്രാമപ്രദേശത്തെ ജീവിതത്തില്‍ ഈയൊരു സാംസ്‌കാരിക സഹൃദയത്വം നിലനിന്നുപോന്നിരുന്നു. നോവലില്‍ ബാബരിക്കാലം (മ’അദനി) പരാമര്‍ശിക്കുന്നതിലൂടെ വ്യക്തമാകുന്ന ഒരു വര്‍ത്തമാന ചരിത്രമുണ്ട്. അത് അതുവരെയും നിലനിന്നുപോന്നിരുന്ന നമ്മുടെ സാംസ്‌കാരിക ജീവിതത്തെ എങ്ങനെയാണ് തലതിരിച്ച് കുത്തനെപ്പിടിച്ച് നിറുത്തിയത് എന്നതിന്റെ സൂചന കൂടെയാണ്.

ഇര എന്ന വാക്ക് നമ്മുടെ രാഷ്ട്രീയ വ്യവഹാര മണ്ഡലങ്ങളില്‍ ഇന്നത്തെ അത്രയും പ്രചാരത്തിലില്ലാത്ത ബാബരിധ്വംസനാനന്തര അരക്ഷിത മുസ്ലിം കേരളത്തിന് മുന്‍പിലാണ് ഇരവാദവും ഇര രാഷ്ട്രീയവും കടന്നുവരുന്നത്. ഈ രാഷ്ട്രീയത്തിന് ഒരു വശത്ത് വെറുപ്പിന്റെയും മറുവശത്ത് ഭയത്തിന്റെയും രാഷ്ട്രീയം സംഭവിക്കേണ്ടതുണ്ട്. അതിന് അപരത്വനിര്‍മ്മാണം അതിഭീകരമാംവിധം ജീവിതത്തിന്റെ സമസ്തമേഖലകളിലും ആവശ്യമാണ്. അതുവരെയും നാം ആര്‍ജ്ജിച്ചെടുത്ത നവോത്ഥാനന്തര ആധുനിക സാമൂഹ്യബോധജീവിത വിചാരത്തെയും കൂടെയാണ് ഈ അപരനിര്‍മ്മാണം തകര്‍ത്ത് കളയുന്നത്. ഇത് മനുഷ്യനെ പിന്നെയും പിന്നെയും ഇരയാക്കുകയും തുരുത്തിലേക്ക് തളക്കുകയും സ്വന്തത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന പ്രതിലോമ പ്രവര്‍ത്തനമാണ്.

ഈയൊരു സാഹചര്യത്തിലാണ് കൂടുതല്‍ കൂടുതല്‍ ഒറ്റയാകാനുള്ള ശ്രമങ്ങള്‍ നമ്മുടെ സാംസ്‌കാരിക രാഷ്ട്രീയമണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. നാട്ടുനടപ്പെന്ന് സാമാന്യമായി പറഞ്ഞുപോന്നിരുന്ന സാംസ്‌കാരിക കൊടുക്കല്‍  വാങ്ങലുകളുടെ ഭാഗമായി നമ്മുടെ സാംസ്‌കാരിക ഇടത്ത് നിലനിന്നുപോന്നിരുന്ന നേര്‍ച്ച ഉറൂസ്പൂരം/ഇതിന്റെയൊക്കെ ഭാഗമായുള്ള മതേതര ഉത്സവങ്ങള്‍ ആഘോഷങ്ങള്‍/കൊടിയേറ്റം ചന്ദനമെടുപ്പ് പോലുള്ള സാംസ്‌കാരിക കൈമാറ്റങ്ങള്‍/ഇതിലൂടെയൊക്കെ പങ്കുവെക്കപ്പെടുന്ന സാംസ്‌കാരിക സഹൃദയത്വം ഇതൊക്കെയുമാണ് ഈ ഒറ്റയാകലിലൂടെ നിഷിദ്ധമാക്കപ്പെടുന്നതും കയ്യൊഴിക്കപ്പെടുന്നതും ഫലം: സാംസ്‌കാരികമായ അന്യത്വവും.

അബൂബക്കറിനെക്കൊണ്ട് സുബൈദയെ മറിയമെന്നും മകന്‍ മുസ്തഫയെ ഈസയെന്നും തോന്നിപ്പിച്ച നാടിന്റെ ബോധമായ സൈദ് മൊല്ലാക്കയെന്ന മനുഷ്യജീവിതത്തെ മരണാനന്തരം മിത്താക്കി എക്കാലത്തേക്കുമായി സ്വന്തമാക്കുന്ന നാടിന്റെ സംസ്‌കാരികോത്സവമായ നേര്‍ച്ച, യഥാര്‍ത്ഥത്തില്‍ നൂറുകോടികളദിവസിക്കുന്ന പ്രവിശാലമായ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യദിനമാണെന്നത് പ്രാദേശികജീവതത്തിന്റെ നിഷ്‌കളങ്കമായ സര്‍ഗ്ഗാത്മകതയെയാണ് കാണിക്കുന്നത്. ഒരുപക്ഷെ, ഇന്ത്യന്‍ സ്വാതന്ത്ര്യം പോലും ചര്‍ച്ചയാകുന്നത് സൈദ് മൊല്ലക്ക് ശേഷമാണെന്നാണ് ഈ നേര്‍ച്ച പറയുന്നത്.

ഈ നേര്‍ച്ചയും അനിസ്‌ലാമികമെന്ന് വിലക്കി അന്നോളം ആഘോഷിച്ചുപോന്നിരുന്ന സഹവര്‍ത്തിത്തസാംസ്‌കാരിക ജീവിതത്തെ നിഷേധിക്കയാണ് ഈ പ്രതിലോമരാഷ്ട്രീയം ചെയ്യുന്നത്. മറുവശത്ത് സീമന്തിനിപ്പുഴയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന വെറുപ്പിന്റെ രാഷ്ട്രീയവും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ നിരന്തരം സാമൂഹ്യ ജീവിതത്തിലെ ഇഴുകിച്ചേരലിനെ നിരാകരിച്ചുകൊണ്ട് ഒറ്റയാകലിനെ നിര്‍ബന്ധിപ്പിക്കുന്ന ഭയത്തിന്റെ (വെറുപ്പിന്റെയും) രാഷ്ട്രീയത്തെയും ചെറുത്ത് സാംസ്‌കാരിക ഇടങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളിലെ സഹൃദയ ബന്ധുത്വത്തെ സ്വീകരിക്കുമ്പോഴാണ് വെറുപ്പിന്റെ (ഭയത്തിന്റെയും) രാഷ്ട്രീയത്തെ അതിന്റെ ശരിയായ രീതിയില്‍ സാംസ്‌കാരികമായും രാഷ്ട്രീയമായും പ്രതിരോധിക്കാനാവുകയുള്ളൂ എന്ന് നോവല്‍ അതിന്റെ ഭൂപടത്തെ കുഴിച്ച് ഭൂതകാല ജീവിതത്തെ പറയുമ്പോള്‍ നോവല്‍ വായന തന്നെ ഒരു രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്നുണ്ട്.

 ഏതാണ്ട് നൂറുകൊല്ലത്തിനടുത്ത ജീവിതം പറയുന്ന നോവലിന്റെ ഭാഷക്കും അത്രേം വര്‍ഷത്തെ പഴക്കമുണ്ട്. ക്രമേണ ക്രമേണ മാറ്റം സംഭവിക്കുന്ന ഭാഷയില്‍ പിന്നീട് സംഭവിക്കുന്ന വിഭവവിനിമയ മാധ്യമങ്ങളുടെ വളര്‍ച്ചയിലെ സ്വാഭാവിക സ്വാധീനം പ്രകടമാണ്. അത്രയും സൂക്ഷ്മത ഭാഷയുടെ കാര്യത്തില്‍ നോവല്‍ പുലര്‍ത്തുന്നുണ്ട്. സാധാരണയായി പരിഹസിക്കുകയോ കോമഡിവത്കരിക്കുകയോ ചെയ്യുന്ന സാഹിത്യം ഈ നോവലില്‍ മലബാറിനെ അതിന്റെ ജൈവികതയില്‍ സമീപിച്ചു എന്നാണ് ശ്രദ്ധേയമായിട്ടുള്ളത്. അതും നോവല്‍ മുന്നോട്ട് വെക്കുന്ന സാംസ്‌കാരിക ഉള്ളടക്കത്തോടുള്ള സമീപനത്തിന്റെ ഭാഗമായുള്ള സത്യസന്ധതയുടെ ഭാഗമാണെന്നാണ് മനസ്സിലാക്കുന്നത്. തിരിപാട്-മോന്തി-മൊയന്ത്-ഈറ-തോനെ-ചുറ്റോറം-മോറ് -തലക്കാംപുറം-അന്ത്രപ്പാട്-വിക്രസ്സ്-പയ്പ്പ്-നടോത്ത്-കൂറ്റ്- പൗ് ഇങ്ങനെയെത്രയെത്ര സത്യങ്ങളാണ് നോവലില്‍ പൗസാക്ക് കാട്ടി നില്‍ക്കുന്നത്.


പുസ്തകം : ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ (നോവല്‍)
രചയിതാവ് : പി. ജിംഷാര്‍

2015, മേയ് 9

ലീല

വിചിത്ര കാമനകളുടെ വിസ്മയക്കൂടാണ്‌ കുട്ടിയപ്പൻ. അത്‌ ചിത്രീകരിക്കുന്നിടത്ത്‌ മണ്ണാറത്തൊടീലെ ജയകൃഷ്ണൻ ഒളിപാത്തുനോക്കുന്നത്‌ ജയകൃഷ്ണന്റെ സ്വാധീനം വായിക്കുന്ന എന്നിലുള്ളതുകൊണ്ടാകാം എന്ന് ലീലയുടെ മൗലികതയെ വിശ്വസിക്കുന്നു. ഇനിയുള്ള വാചകങ്ങൾ അതിനെ സാധൂകരിക്കുന്നു.

ലീലയിലെ ശ്രദ്ധേയമായ ഒരു സംഗതി ഇവർക്കിടയിലേ (കുട്ടിയപ്പനും പിള്ളെച്ചനും) സംഭാഷണത്തിലെ പരിഹാസ്യോദ്ദീപകമായ നന്നേ കറുത്തതും ഉൾപ്പിരിവുകളുമുള്ള തമാശകളാണ്‌. ഇടക്കിടെ ഭാണ്ഡമഴിഞ്ഞുവീഴുന്ന ലോകകാര്യങ്ങളിലെ രാഷ്ട്രീയ നിരീക്ഷണവും ലീലയെ വേറെ ഒരു മാനത്തിലെത്തിക്കുന്നുണ്ട്‌.

പിന്നെ, എടുത്തുപറയേണ്ടുന്ന ഒന്ന് കൃത്രിമമെന്ന് തോന്നിപ്പിക്കുന്ന അട്ടഹാസങ്ങളിലൂടെ എത്താകൊമ്പുകളിലേക്ക്‌/ഓടുന്ന വണ്ടിയിലേക്ക്‌ ഒക്കെ പായിക്കുന്ന പൊള്ളച്ചിരികൾ ത്രില്ലൊടുങ്ങുമ്പോൾ ബാക്കിയാകുന്ന നിസാരതയെയാണ്‌ സൂചിപ്പിക്കുന്നത്‌. അതുപക്ഷേ അപരനിലേൽപ്പിക്കുന്ന മുറിവാഴങ്ങൾ അളക്കാനാവാത്തതായിരിക്കും. മേൽസൂചിപ്പിച്ച നിസ്സാരത അതവതരിപ്പിക്കാനുപയോഗിച്ച പ്രയോഗനിർമ്മിതി സൂക്ഷമതലത്തിൽ ഒരു കവിതയുടെ സുഖം നൽകുന്നത്‌ ഇതിലെ വിചിത്രമായ മറ്റൊരു സംഗതിയാണ്‌ . ലീലയിൽ ഇങ്ങനെ അതിന്റെ ചില പ്രയോഗ രസങ്ങളിൽ വേറെയും കവിതകൾ കാണാം.

അതുപോലെത്തന്നെയാണ്‌ വായനയുടെ ഓരോ അടരിലും വെളിവാകുന്ന സ്വയംപരിഹാസ്യത്തിന്റേതായ മുനകൂർത്ത ചിരികൾ. അത്തരം സന്ദർഭങ്ങളിൽ പിള്ളേച്ചനും കുട്ടിയപ്പനും നമ്മെ ആദ്യം രസിപ്പിക്കേം ചിരിപ്പിക്കേം ചെയ്യുമെങ്കിലും അടുത്ത നിമിഷത്തിൽ ചിരിയെ അർദ്ധോക്തിയിൽ നിറുത്തി ചിന്തിപ്പിക്കുന്നത്‌ കാണാം.

അങ്ങനെ ഒരു സന്ദർഭമാണ്‌ ലീല. ലീല എന്ന പേര്‌ തന്നെ വലിയ വ്യാഖ്യാനക്ഷമത നൽകുന്ന ഒന്നാണ്‌. അത്‌ ആ പെൺകുട്ടിയുടെ പേരെല്ലെന്നിരിക്കെ വാങ്ങുന്ന/ഉപയോഗിക്കുന്ന കുട്ടിയപ്പൻ എന്ന മനുഷ്യന്റെ ഉദ്ദേശ്യമാണ്‌ ലീല. അയാളെത്ര വിചിത്ര സ്വഭാവക്കാരനാകുമ്പോഴും ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പും വിനോദാപാധിയുമാണ്‌ ലീല. ലൈംഗീകത വിലക്ക്‌ വാങ്ങുമ്പോൾ ചരക്കായി മാറുന്ന പെണ്ണിന്റെ ശബ്ദമില്ലായ്മയാണ്‌ ലീല.


മറ്റു സ്ത്രീ സാന്നിദ്ധ്യമായ ഉഷയും ബിന്ദുവും  ഇങ്ങനെ കുട്ടിയപ്പന്‍ വിലക്ക്‌ വാങ്ങിയ വിചിത്ര ലൈംഗീകതയുടെ അടയാളങ്ങളാണ്‌ . ആനയുടെ തുമ്പിക്കയ്യിൽ നിറുത്തി കൊമ്പുകളിൽ പിടിച്ച്‌ എനിക്കൊരു പെണ്ണിനെ ഭോഗിക്കണം. എനിക്കതിനൊരു ആനയെ വേണം. പിന്നെ ഒരു പെണ്ണും. ഈ വിചിത്രാവശ്യത്തിന്റെ ഒടുക്കത്തിലാണ്‌ കഥ ലീലയിലെത്തി നിൽക്കുന്നത്‌.

ദാസപ്പാപ്പിയും പാപ്പാൻ പണിക്കരും തങ്കപ്പൻ നായരും എല്ലാം ലീലയിൽ അധികമല്ലെന്ന് പാത്രങ്ങളുടെ വ്യക്തിത്വസാന്നിദ്ധ്യംകൊണ്ട്‌ തെളിയിക്കുന്നുണ്ട്‌. ഏലിയാമ്മയും അമ്മച്ചിയും എല്ലാം അങ്ങനെത്തന്നെ.! തോമയാണോടാ എന്ന അമ്മച്ചിയുടെ അന്വേഷണം പുറപ്പെട്ടുപോയ ഏതോ ഒരു നന്മയെ പ്രതീക്ഷിച്ചുള്ളതാകാം എന്നൊരു വിചാരത്തിലൂടെയാണ് എന്റെ വായന കടന്ന് പോയത്‌.

എന്തായാലും ലീല സിനിമയാകുമെങ്കിൽ (അങ്ങനെ ചില വാർത്തകൾ ഉണ്ടായിരുന്നു) ഞാനത്‌ കാണില്ലെന്ന് ഉറപ്പിച്ചിരിക്കയാണ്‌.

വായന ശീലമാക്കിയവർ 'ഉണ്ണി ആർ'ന്റെ  'ലീല' വായിക്കാതിരിക്കരുത്‌.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms