2015, സെപ്റ്റം 15

ജീവിതാസക്തിയും വെളുത്തമരണവും

ജീവിതാസക്തി: എര്‍വിംഗ് സ്റ്റോണ്‍
വിവര്‍ത്തനം: ജയേന്ദ്രന്‍
ഡിസി ബുക്സ്
പേജ്: 192. രൂപ 110

ഒരുപക്ഷേ അത്രതന്നെ അല്ലലില്ലാതെ കഴിഞ്ഞുകൂടാമായിരുന്ന ഒരവസ്ഥയില്‍ നിന്നും അങ്ങേയറ്റം ക്ലേശകരമായ ഒരു ജീവിതാവസ്ഥയിലേക്ക് സ്വയം നടന്നുപോയ ഒരു ആത്മാന്വേഷകന്റെ/കലാ ഉപാസകന്റെ/ഉന്മാദിയുടെ/ ഒരു മനുഷ്യന്റെ സാക്ഷാല്‍ വിന്‍സെന്റ് വാന്‍ഗോഖിന്റെ ജീവചരിത്രനോവലാണ്‌ ജീവിതാസക്തി.

ആദ്യം ജോലിസ്ഥലത്തെ 'ഏര്‍സ്യുല'യാല്‍ പിന്നെ അമ്മാവന്റെ വിധവയായ മകള്‍ 'കേ'യാലും തിരസ്കരിക്കപ്പെട്ട പ്രണയം വഴിയോര ബാറില്‍ വെച്ച് കണ്ടുമുട്ടുന്ന ക്രിസ്റ്റീന്‍ എന്ന ലൈംഗീകതൊഴിലാളിയില്‍ കണ്ടെടുക്കപ്പെടുകയും ചെയ്യുന്ന വിന്‍സെന്റ്, അവരാലും ഉപേക്ഷിക്കപ്പെട്ട് പിന്നെയും  വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെക്കാള്‍ 20 വയസ്സിനിളപ്പമുള്ള ഒരു പതിനാറുകാരിപ്പെണ്കുട്ടിക്ക് ചെവിയറുത്ത് കൊടുക്കുന്നത്രയും പ്രണയാന്വേഷകനായിത്തുടരുന്ന തിരസ്കൃത ജീവിതത്തിന്റെയും ചരിത്രമാണ് ജീവിതാസക്തി.

ഒരു ചിത്രവില്പ്പനശാലയിലെ എടുത്ത്കൊടുപ്പുകാരനായ വിന്‍സെന്റ് തന്റെ മേഖല എന്തെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അയാളില്‍ ലീനമായ സൃഷ്ട്യോന്മുഖത ജീവിതത്തിന്റെ എല്ലാഘട്ടത്തിലും അയാളില്‍ ഈയൊരസ്വസ്വസ്ഥത പെരുപ്പിക്കുകയും ചിത്രരചനയുടെ വഴിയില്‍ പരീക്ഷണയാത്ര തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.  ചിത്രരചനാശ്രമങ്ങളുടെ രണ്ടാമത്തെ ഘട്ടത്തില്‍ ഖനിത്തൊഴിലാളികള്‍ക്കൊപ്പം തീര്‍ത്തും അവരിലൊരാളായുള്ള  ജീവിതം അയാളില്‍ ഒരു രാഷ്ട്രീയത്തെക്കൂടെ സന്നിവേശിപ്പിക്കയായിരുന്നു.പിന്നീട് കര്‍ഷകര്‍ക്കും നെയ്ത്തുകാര്‍ക്കും ഒപ്പം ഇടപഴുകാന്‍ ലഭിച്ച അവസരത്തില്‍ ഇത് ശക്തമാവുകയും തുടര്‍ന്നുള്ള രചനകളില്‍ ഈ രാഷ്ട്രീയാവബോധം  ഒരിടപെടല്‍ എന്ന നിലക്ക് തന്നെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.

അപസ്മാരത്തിന്റെ നീലഞരമ്പുകള്‍ വലിഞ്ഞ് പൊട്ടി ഒടുക്കം ബുദ്ധിയും ബോധവും നശിച്ച് ഇനി ചിത്രം വരക്കാനേ കഴിയില്ലേ എന്ന ഭയാശങ്ക കലശലാകുന്ന ഘട്ടത്തില്‍ സ്വയം നിറയൊഴിച്ചവസാനിക്കുന്ന വാന്‍ഗോഖ് പക്ഷെ ഇന്നും അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലൂടെ ജീവിക്കുന്നുവെന്നത് ഏത് കവിത കൊണ്ടാണ് മനസ്സിലാക്കേണ്ടതെന്നറിയാതെ കരഞ്ഞുപോകുന്ന സമയത്ത് എനിക്ക് പുസ്തകം അവസാനിക്കുന്നു.

തീര്‍ച്ചയായും ഇതില്‍ അതിശയിപ്പിക്കുന്ന ഒരു ജീവിതമുണ്ട്.  വിശ്വാസിയും മതവും തമ്മിലുള്ള സംഘര്‍ഷമുണ്ട്.  കലയും ജീവിതവും തമ്മിലുള്ള സംവാദമുണ്ട്.  കലഹപ്രിയരും കലാപകാരികളും വിഗ്രഹഭജ്ഞരുമായ കലാകാരന്മാരുണ്ട്.  എത്രതന്നെ നിഷേധിക്കപ്പെടുമ്പോഴും പിന്നെയും പിന്നെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അതിതീവ്രമായ പ്രണയാഭിലാഷമുണ്ട്.  എല്ലാത്തിനും അപ്പുറം ഇതില്‍ തിയോ വാന്‍ഗോഖ് എന്ന അത്ഭുതമുണ്ട്. മനുഷ്യരുണ്ട്‌.

പുസ്തകം വായിച്ച് ജീവിതത്തെ അനുഭവിക്കുക,


ശൂന്യമനുഷ്യര്‍: പി സുരേന്ദ്രന്‍
ഡിസി ബുക്സ്

വെളുത്തതും കറുത്തതുമായ മരണക്കുതിപ്പുകള്‍ക്കിടയിലെ ജീവിതക്കിതപ്പുകള്‍ ഇടക്കൊക്കെ വികാരപരമായും കൂടുതല്‍ ദാര്‍ശനികമായും മറ്റുചിലപ്പോള്‍ ഭ്രമാത്മകമായും അനുഭവിപ്പിക്കുന്ന മരണത്തിന്റെ അതോ ജീവിതത്തിന്റെ തന്നെയോ പുസ്തകമാണ് പി സുരേന്ദ്രന്റെ ശൂന്യമനുഷ്യര്‍.

ചങ്ങാതിയും സഞ്ചാരിയുമായ കൃഷ്ണചന്ദ്രന്‍ വാസുവിനോട് 'സല്ലേഖന'ത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നിടത്തുനിന്നാണ് വാസു പിന്നീട് കറുത്തതും വെളുത്തതുമായ മരണത്തെക്കുറിച്ച് എഴുതിത്തുടങ്ങുന്നത്. അതില്‍, പോലീസുകാരന്‍ സുന്ദരേശന്‍ പറയുന്ന ആത്മഘാതകരുടെ കഥകള്‍ ഒരു കുറ്റാന്വേഷണ ഡയറി മറിയുന്നത്രയും അവിശ്വസനീയതയും നടുക്കവും ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും ഒരു ചേച്ചിയുടെയും മറ്റൊരുമ്മയുടെയും ആത്മഹത്യകള്‍ വിവരിക്കുന്ന അദ്ധ്യായങ്ങള്‍. ഒരുപക്ഷേ, മറ്റനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി അത് ചില ഹിംസ-അക്രമണോത്സുകത കൂടെ പ്രകടമാക്കുന്നുണ്ട്.

ദേവികയുടെ മരണം പക്ഷെ, അവസാനത്തെ ആ ഒരൊറ്റ വാചകത്തില്‍ സ്തബ്ധരായിപ്പോകുന്നത്രയും വികാരോജ്ജ്വലമായ ഒരു ജീവിതം പറച്ചിലായിരുന്നു. നമ്മുടെ സൗന്ദര്യസങ്കല്പം വൈകല്യം ബാധിച്ചൊരാളെ എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്യുന്നതെന്ന്, ഒരാളുടെ ആശാഭിലാഷ'നുഭൂതികളെ പരിമിതപ്പെടുത്തുന്നതെന്ന്... ദേവികയില്‍ നിന്ന് പറിഞ്ഞുപോകുന്ന കൂട്ടുകാരന്‍ കേശവന്‍കുട്ടി ആ രതിവിയര്‍പ്പുണങ്ങിയ പനിക്കിടക്കയിലും ഉത്തരമില്ലാത്തവനാകുമ്പോള്‍ ഞെട്ടലാകുന്നുണ്ട്. ഇനിയുമൊരിക്കല്‍ക്കൂടി ആകസ്മികമായി ഒരാക്രമണത്തിലൂടെപ്പോലും ആശക്ക്‌ വകയില്ലെന്ന നിരാശയില്‍ നിന്നാണ് ദേവി മരണത്തെ വേള്‍ക്കുന്നത്. 'ഉടലിലെ കൊക്കരണികള്‍' വായനയില്‍ ഒരുയിര്കുടുക്കായിട്ടാണനുഭവപ്പെടുന്നത് അതുകൊണ്ടാണ്.

ഉന്മാദത്തിന്റെ നിറമേതായിരിക്കും..? പലനിറക്കോലങ്ങളില്‍ അത് ജീവിതത്തില്‍ കോറിവരകള്‍ നടത്തിയേക്കാം, ചിലപ്പോള്‍ അതൊരു കുത്തിപ്പരത്തലുമാകാം. അതെന്തുതന്നെയാലും ഉന്മാദത്തിന്റെ നീലവര്‍ണ്ണസാധ്യതയാണ് 'വാര്യേത്ത് വീട്ടിലെ ശ്രീധരന്‍ മാഷ്‌'ന്റെ മരണമെഴുത്ത് പറയുന്നത്. ഉന്മാദത്തിന്റെ കയറ്റിറക്കങ്ങളില്‍ ഒരിക്കല്‍പ്പോലും സൗമ്യത കൈവെടിഞ്ഞിട്ടില്ലാത്ത മാഷ്‌ അതെ നിഷ്കളങ്ക ബുദ്ധിയാല്‍ ബലിത്തറയില്‍ ആടിന് പകരം മകന്റെ ശിരസ്സറുക്കുമ്പോള്‍, ഉന്മാദം തീണ്ടിയ ശരീരം നീലിച്ചുതുടങ്ങിയിരുന്നിരിക്കണം. മറ്റുനിറങ്ങളെയെല്ലാം അപ്രസക്തമാക്കി കറുത്തമരണത്തിലേക്ക് മാഷിനെ പായിക്കുന്നത് ഉന്മാദത്തിന്റെ ഈ നീലവര്‍ണ്ണമാണ്. നീലയില്‍ നിന്നും കറുപ്പിലേക്കധികദൂരമില്ലെന്നാണ് മാഷിന്റെ ഉന്മാദമൊഴിഞ്ഞല്പ'നേരജീവിതം വായനക്കാരോട്  പറയുന്നത്.

മാജിക്കല്‍ റിയലിസത്തിന്റെ അനുരണനങ്ങള്‍ പ്രകടമാക്കുന്ന 'കവിയുടെ ശിരസ്സ്' നോവലിലെ വ്യത്യസ്തമായ ഒരാഖ്യാനമാണ്. സത്യാ-മിഥ്യ ആലോചന'ഭാരത്താല്‍ കുഴമറിഞ്ഞ സന്ദേഹമനസ്സിലേക്ക് മനോഹരങ്ങളായ സ്വപ്നങ്ങളും അനുഭവങ്ങളും ഭാവനാലോകവും കാണിച്ച് ഭ്രമിപ്പിക്കുന്ന ഒരു മാന്ത്രികത നാരായണവാര്യരെന്ന കവിയുടെ ജീവിതത്തിനുണ്ട്. ഒരുപക്ഷെ, ഈ മരണപുസ്തകത്തില്‍ വികാര-വിചാര തലത്തില്‍ ഒരുപോലെ ആവേശിച്ച ഒരു ജീവിതം നാരായണവാര്യരെന്ന ഈ കവിയുടെതാണ്.

ജീവിതത്തിലെ ഏറ്റം വിശ്വസ്തമായ ഒരു സാധ്യതയെ ജീവിതം തന്നെയായി പുനരാലോചിപ്പിക്കുന്ന ഒരു വിചാരശാന്തത ഈ നോവല്‍ വായന നല്‍കുന്നുണ്ട്. ഒരുപക്ഷെ,  ജീവിക്കാന്‍ വേണ്ടി മരിക്കുന്നു എന്നാരെങ്കിലും ജീവിതത്തെക്കുറിച്ച് സ്വപ്നം കണ്ടാല്‍ അതുമൊരു സാധ്യതയാണെന്നതിനോട് പ്രതികരിക്കാന്‍ ശൂന്യമനുഷ്യര്‍ വായനക്കൊടുവില്‍ നമുക്കൊപ്പം പോരുന്നുണ്ട്.

പി സുരേന്ദ്രന്‍ ചെയ്ത 'ശൂന്യമമനുഷ്യര്‍' എന്ന ഈ നോവല്‍ ഡിസിയാണ് പ്രസിദ്ധപ്പെടുത്തിയത്. വാങ്ങി വായിക്കാന്‍ ശ്രമിക്കുക എന്നെഴുതി ഈ കുറിപ്പവസാനിപ്പിക്കുന്നു, വായനാശംസകള്‍.!

10 comments:

Rainy Dreamz ( പറഞ്ഞു...

ജീവിതാസക്തി കിട്ടണം, ശ്യൂന്യമനുഷ്യൻ കയ്യിലുണ്ട്... വായിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് പുസ്തകപരിചയം...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല വിവരണം,
ചിലപ്പോൾ ഞാൻ വായിച്ചേക്കാം, കുറച്ച് കഴിഞ്ഞ് മാത്രം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

തീര്‍ച്ചയായും ഇതില്‍
അതിശയിപ്പിക്കുന്ന ഒരു ജീവിതമുണ്ട്.
വിശ്വാസിയും മതവും തമ്മിലുള്ള സംഘര്‍ഷമുണ്ട്.
കലയും ജീവിതവും തമ്മിലുള്ള സംവാദമുണ്ട്. കലഹപ്രിയരും കലാപകാരികളും വിഗ്രഹഭജ്ഞരുമായ കലാകാരന്മാരുണ്ട്.
എത്രതന്നെ നിഷേധിക്കപ്പെടുമ്പോഴും പിന്നെയും പിന്നെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അതിതീവ്രമായ പ്രണയാഭിലാഷമുണ്ട്. എല്ലാത്തിനും അപ്പുറം ഇതില്‍ തിയോ വാന്‍ഗോഖ് എന്ന അത്ഭുതമുണ്ട്. മനുഷ്യരുണ്ട്‌.

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

പരിചയപ്പെടുത്തൽ വായനയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്, വാങ്ങണം, എന്നാലേ വായിക്കാൻ കഴിയൂ....

mini//മിനി പറഞ്ഞു...

പുസ്തകപരിചയം നന്നായി,, വായിക്കാൻ പ്രേരിപ്പിക്കുന്ന ലേഖനം.

ശിഹാബ് മദാരി പറഞ്ഞു...

വാൻ-ഗോഗിനെ കുറിച്ച് പഠിച്ചിട്ടുണ്ട്. അൽപം കൂടി വിശാലമായി എന്ന് വേണമെങ്കിൽ പറയാം. ശൂന്യ മനുഷ്യൻ വായിച്ചിട്ടില്ല.
ഞാൻ മുഖസ്തുതി ഒന്നും പറയുന്നില്ല - ഈ എഴുത്ത് കണ്ടിട്ട് വായിക്കാൻ പ്രേരണ ഒന്നും തോന്നുന്നില്ല. ഒരു സാധാരണ വിവരണം മാത്രമേ ഇതിലുള്ളൂ.
(സത്യം പറഞ്ഞാൽ അപരാധി ആവുന്ന കാലമാണ്) ;)

Cv Thankappan പറഞ്ഞു...

പരിചയപ്പെടുത്തല്‍ നന്നായി
ലൈബ്രറിയിലേക്ക്‌ വാങ്ങണം.
ആശംസകള്‍

vijin manjeri പറഞ്ഞു...

നമൂസ് ഭായ് ങ്ങളെ ബ്ലോഗ്ഗില്‍ വന്നാല്‍ എന്റെ പൈസ പോകും എന്ന അവസ്ഥയാണ് പക്ഷെ ഇതില്‍ നോക്കി വാങ്ങിയ ഒരു ബുക്കും നിരാശ എനിക്ക് സമ്മാനിച്ചിട്ടില്ല തുറന്നു സമ്മതിക്കുന്നു. നന്നായി പരിചയപ്പെടുത്തല്‍ എന്നെ പോലെയുള്ള തുടക്കക്കാര്‍ക്ക് വളരെ ഉപകാരപ്രദം തന്നെ ....സന്തോഷം നമൂസ് ഭായ് ...സന്തോഷം ....

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല വിവരണങ്ങള്‍ .. ആശംസകള്‍

Mukesh M പറഞ്ഞു...

രണ്ടും വായിച്ചിട്ടില്ല..
ആശംസകള്‍ ഈ നല്ല വിവരണത്തിന്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms