നാളുകളായി നമ്മുടെ ദേശീയ രാഷ്ട്രീയ രംഗത്ത് സജീവ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒന്നാണ് അഴിമതി വിരുദ്ധ സമരങ്ങളും ലോക്പാല്‍ ബില്ലും. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ ബില്ല് ഇരുപതില്‍പരം തവണ നമ്മുടെ ജനാധിപത്യ കോവിലില്‍ അവതരിപ്പിച്ചെങ്കിലും അതൊരു നിയമമായി പാസ്സാക്കിയെടുക്കാന്‍ നമ്മുടെ രാജ്യത്തിനായിട്ടില്ല. ഇപ്പോള്‍, ഏറെ കാലത്തെ ഒച്ചപ്പാടുകള്‍ക്കൊടുവില്‍ കേന്ദ്ര മന്തിസഭ ബില്ലിനംഗീകാരം നല്‍കിയിരിക്കുന്നു. അടുത്ത വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് വീണ്ടും സഭയില്‍ വെക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്ന മുച്ചൂടും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഈ ബില്ലിനെ ഇത്രയും താമസിപ്പിച്ചത്. എന്നാല്‍, രാജ്യത്തെ നിയമഞ്ജരുടെ ഭൂരിപക്ഷാഭിപ്രായവും പിറക്കാന്‍ പോകുന്ന നിയമം ഏറെ ദുര്‍ബലമാണെന്നാണ്. രാജ്യത്തെ നീതി ക്ഷേത്രങ്ങള്‍ പോലും അഴിമതിയില്‍നിന്നും ഒട്ടും മുക്തമല്ല എന്ന വാര്‍ത്തകള്‍ നമ്മുടെ ജനാധിപത്യാരോഗ്യത്തിന്‍റെ വീണ്ടെടുപ്പിന് ഒരു നല്ല ചികിത്സാരിയെ നിര്‍ബന്ധിപ്പിക്കുന്നുമുണ്ട്.
സാമൂഹിക നീതിയിലതിഷ്ടിതമായ സമഗ്ര വികസനത്തിലൂടെ മാത്രമേ ഒരു സമാധാന സമൂഹത്തെ സൃഷ്ടിക്കാന്‍ സാധ്യമാകൂവെന്നിരിക്കെ.. അഴിമതി പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്തേ മതിയാകൂ. എന്നാല്‍, ജനാധിപത്യത്തിലെ പ്രയോക്താക്കളായ 'ലെജസ്ലീവും എക്സിക്യുട്ടീവും ജഡീഷ്വറിയും' അഴിമതിയെന്ന സാമൂഹ്യ തിന്മയുടെ ഉപാസകരായി മാറിയ കാഴ്ചയാണ് വര്‍ത്തമാന രാജ്യം കണ്ട് കൊണ്ടിരിക്കുന്നത്. കോടികളെഴുതാന്‍ പൂജ്യം തികയാത്ത അഴിമതിക്കഥകളാണെങ്ങും കേള്‍ക്കാനാകുന്നത്. കൊട്ടിഘോഷിക്കപ്പെട്ട വികസനങ്ങളുടെ പേരില്‍ ജീവിതത്തിന്‍റെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ട ദശലക്ഷക്കണക്കിന് വരുന്ന ജന സമൂഹങ്ങളുണ്ട് ഇവിടെ.സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളായും ഇടക്കൊക്കെ കയ്യേറ്റക്കാരായും കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ട വികസനത്തിന്‍റെ ഗുണഭോക്താക്കള്‍.അപ്പോഴും ചില രാഷ്ട്രീയ മാന്യന്മാര്‍ സത്ര/ഭൂമി കുംഭകോണങ്ങള്‍ പോലോത്ത അഴിമതികള്‍ ഒരു ജന്മാവകാശമായി നിര്‍ബാധം തുടര്‍ന്ന് ഒരുന്നു.വിലക്കിയും നിഷേധിച്ചും നേടിയെടുത്ത സുഖാലാസ്യത്തില്‍ ഇവിടത്തെ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ പള്ളിയുറക്കം തുടരുമ്പോള്‍, ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനുമിടക്ക് മരിച്ചു വീഴുന്ന ആയിരങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇവിടെയൊരു ജനാധിപത്യത്തിലെ കണിയാരെയും ആകുലചിത്തനാക്കാത്തതെന്തു കൊണ്ടാവണം..? ഈ സാഹചര്യത്തിലും കല്‍മാഡിമാര്‍ക്ക് കട്ടുമുടിക്കാന്‍ സൌകര്യമൊരുക്കുന്ന പുറംഭിത്തി കെട്ടാനുള്ള തിരക്കിലാണ് നമ്മുടെ ഭരണകൂടങ്ങള്‍.അതിനുപയോഗിക്കുന്നതോ വികസനത്തിന്‍റെ ഇരകളായ ഇതേ പാവങ്ങളുടെ കായികാധ്വാനത്തെ തന്നെയാണ്.വികസനത്തിന്‍റെ സാങ്കേതികാര്‍ത്ഥത്തിലുള്ള ഗുണഭോക്താക്കള്‍ പോലുമല്ലാത്ത ഈ പാവങ്ങളുടെ ജീവനെ കുരുതി കൊടുത്തു കൊണ്ട് തിന്നു കൊഴുക്കുന്ന ഈ രാഷ്ടീയ ദുര്‍ഭൂതങ്ങളെ സംരക്ഷിക്കാനാണ് പലപ്പോഴും രാജ്യത്ത് നിയമങ്ങള്‍ പടക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ പൊതുരംഗം എത്രമാത്രം മലിനപ്പെട്ടിരിക്കുന്നുവെന്നതിന്‍റെ തെളിവായി ദിനേനയെന്നോണം എന്തുമാത്രം രോദനങ്ങളാണ് ജനാധിപത്യത്തിന്‍റെ കണ്ഠനാദമായി രാജ്യത്തിന്‍റെ ആത്മാവ് കേട്ടുകൊണ്ടിരിക്കുന്നത്..?
അഴിമതിയില്‍ മുങ്ങിത്താണ് കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ സാമൂഹികനീതിയെന്ന ഒന്ന് പ്രതീക്ഷിക്കുന്നതില്‍പരം വലിയ രാഷ്ട്രീയ മണ്ടത്തരം മറ്റൊന്നില്ല. അഴിമതി നിര്‍മ്മാര്‍ജ്ജനം ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു ജനസമൂഹം ശക്തമായ നിയമ പരിപാടികള്‍ ആവിഷ്കരിച്ചു ജാഗ്രതയിലായിരിക്കുകയാണ് ജനാധിപത്യത്തില്‍ അവശ്യം വേണ്ടത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതിനാര്‍ജ്ജവമില്ലാത്തൊരു ഭരണ നേതൃത്വമാണ് നമുക്കുള്ളത്. അല്ലെങ്കില്‍, രാജ്യമേറെ മുറവിളി കൂട്ടിയ ഒരു നിയമത്തിനിത്രയും കാലതാമസം വരില്ലാല്ലോ..? എന്നിട്ടവസാനം പ്രധാനമന്ത്രിയേയും ജഡ്ജുമാരേയും ബില്ലിന്‍റെ പരിധിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ പോകുന്നുവെന്നാണ് രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരിക്കുന്ന ഒരു നിയമത്തിന്‍റെ പ്രത്യേകത..! അതുപോലും ഈ നിയമത്തിന്‍റെ ദൗര്‍ബല്യമായേ കണക്കാക്കാനോക്കൂ. കാരണം, മുമ്പും രാജ്യം ഭരിച്ച പ്രധാനമന്ത്രിമാര്‍ വിവിധങ്ങളായ അഴിമതിയാരോപണങ്ങളില്‍ പെട്ടിട്ടുള്ളവരാണ്. നമ്മുടെ നീതി ക്ഷേത്രത്തിലെ പൂജിതരുമതേ, സമീപകാല സംഭവങ്ങള്‍ അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. രാജ്യത്തെ ഓരോ പൗരനും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ ഇടമുണ്ടാവേണ്ടതുണ്ട്. അതുപോലെതന്നെ, ജനാധിപത്യാരോഗ്യ സംരക്ഷണത്തിന് ഓരോ പൗരനേയും വിചാരണ ചെയ്യപ്പെടേണ്ടതുമുണ്ട്. ഒരിക്കലുമൊരാളും സംശയത്തിന്‍റെ ആനുകൂല്യത്തിലോ പദവിയുടെ ഔദാര്യാത്തിലോ മാറ്റിനിര്‍ത്തപ്പെടാന്‍ പാടില്ല.
ലോക്പാല്‍ ബില്ല് മുന്നോട്ടു വെക്കുന്ന സാമൂഹ്യവും നിയമപരവുമായ കടമയെന്നത് ഇത്തരുണത്തില്‍ അതിന്‍റെ ഏറ്റവും തലപ്പത്തുള്ളവരെ മാറ്റി നിര്‍ത്തുക എന്നതായാല്‍ "സമൂഹത്തിലെ കുറച്ചു പേര്‍ കൂടുതല്‍ സമന്മാര്‍ " ആണെന്ന ഏറ്റവും പ്രാകൃതമായ അതേ പഴയ നിയമത്തെ തന്നെ യാതൊരു മാറ്റവും കൂടാതെ ഒരു ചടങ്ങ് പോലെ ആചരിക്കാന്‍ ജനാധിപത്യ സമൂഹത്തെയും നിര്‍ബന്ധിപ്പിക്കലാകും.എങ്കില്‍, എന്തിനീ കഷ്ടപ്പാട്..? ഇവിടെ ശ്രദ്ധേയം, ഇങ്ങനെ പ്രധാനമാന്ത്രിമാരെയും ഉയര്‍ന്ന കോടതികളേയും ഒഴിവാക്കിക്കൊണ്ടുള്ള ഒരു നിയമം അറുവഷളത്തരം ആണെന്നിരിക്കെ എന്തിനിത് കൊണ്ടുവരുന്നു.? അതിന്‍റെ ഉത്തരം വളരെ ലളിതമാണ്.അമ്മയെ തല്ലിയാലും രണ്ടുപക്ഷം പിടിക്കുന്ന നമ്മുടെ ജനത ഈ ബില്ലിന്‍റെ തലേ നാള്‍ വരെ ഒറ്റെക്കെട്ടെന്നു തോന്നിപ്പിക്കുന്ന വാഗ്വാദങ്ങളില്‍ ഒന്ന് ചേരുകയും പിറ്റേന്ന് മുതല്‍ കോണ്‍ഗ്രെസ്സും ബിജെപിയുമൊക്കെയായി വേര്‍പിരിയുകയും ചെയ്യും.! ഭൂരിപക്ഷ സാമൂഹ്യ മനശാസ്ത്രം നന്നായറിയാവുന്ന ഭരണപക്ഷവും പ്രതിപക്ഷവും അവിടം മുതല്‍ പുതിയ നാടകങ്ങള്‍ മെനഞ്ഞ് തുടങ്ങും.ആ അര്‍ത്ഥത്തിലിത് 'ഗംഭീര'മായൊരു ചുവടുവെപ്പ് തന്നെ..!! പഴയ കാലമെന്നോ പുതിയ കാലമെന്നോ ജനാധിപത്യമെന്നോ എകാധിപത്യമെന്നോ വ്യത്യാസമില്ലാതെ ഇവര്‍ മാറിമാറി 'കള്ളനും പോലീസും' കളിച്ചു രാജ്യത്തെ പൗരന്മാരെ വിഡ്ഢികളാക്കികൊണ്ടിരിക്കും.ഇവിടെ യുക്തമെന്നു നമ്മള്‍ കരുതുന്ന നിയമങ്ങളിലെ പഴുതുകള്‍ തന്നെയാണ് പ്രതികളെ രക്ഷിക്കുന്നതും നീതിന്യായത്തെ അവഹേളിക്കുന്നതും എന്നിരിക്കെ,സാമാന്യ ബുദ്ധിക്ക് യുക്തമെന്നു പോലും തോന്നാത്ത നിയമ നിര്‍മാണത്തിന് പഴുതുകളെണ്ണാന്‍ മാത്രമേ നേരമുണ്ടാകൂ..അത് മറ്റൊരു ദുര്‍വിധി.! അര്‍ത്ഥഗര്‍ഭമായ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഒരു വേര്‍തിരിവ് ലോക്പാലില്‍ അനുവദിക്കുന്നതെങ്കില്‍ അത് ജനങ്ങളേയും നിയമഞ്ജരേയും സത്യസന്ധമായി ബോധ്യപ്പെടുത്താന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നത്..?
വേണം നമുക്കൊരു ലോക്പാല്‍. ശക്തവും യുക്തവുമായ ഒരു നിയമം ഭാരതത്തിന്‍റെ അവകാശമാണ്. ജനാധിപത്യത്തിന്‍റെ ആവശ്യവുമാണത്. എന്നാല്‍, നിയമം എന്നത് രാജ്യ താത്പര്യത്തിനുള്ളതായിരിക്കണം. അഥവാ, അതിന്‍റെ സൃഷ്ടിപ്പ് മൊത്തം ജനതയുടെ ഹിതത്തിനനുഗുണവമായിരിക്കണം. അല്ലാതിത് പോലെ ജനതയെ പരിഹസിച്ചു ചിരിക്കുന്നതാവരുത്.
49 comments:
ലോക്പാല്‍ ബില്ല് മുന്നോട്ടു വെക്കുന്ന സാമൂഹ്യവും നിയമപരവുമായ കടമയെന്നത് ഇത്തരുണത്തില്‍ അതിന്‍റെ ഏറ്റവും തലപ്പത്തുള്ളവരെ മാറ്റി നിര്‍ത്തുക എന്നതായാല്‍ "സമൂഹത്തിലെ കുറച്ചു പേര്‍ കൂടുതല്‍ സമന്മാര്‍ " ആണെന്ന ഏറ്റവും പ്രാകൃതമായ അതേ പഴയ നിയമത്തെ തന്നെ യാതൊരു മാറ്റവും കൂടാതെ ഒരു ചടങ്ങ് പോലെ ആചരിക്കാന്‍ ജനാധിപത്യ സമൂഹത്തെയും നിര്‍ബന്ധിപ്പിക്കലാകും.
{ ലേഖനം വര്‍ത്തമാനം പത്രത്തിലെ ഫോക്കസ് എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്. സുഹൃത്ത് മുക്താറിനും, വര്‍ത്തമാനത്തിനും നന്ദി. }
"സമൂഹത്തിലെ കുറച്ചു പേര്‍ കൂടുതല്‍ സമന്മാര്‍ "ആണെന്ന ഏറ്റവും പ്രാകൃതമായ അതേ പഴയ നിയമത്തെ തന്നെ യാതൊരു മാറ്റവും കൂടാതെ .....
ഇതു തന്നെയല്ലേ ഏതു 'ലോക്‌പാല്‍ 'വന്നാലും സ്ഥിതി.ഒരു അഴിമതിമുക്തലോകം എന്ന് ,എപ്പോള്‍ ????
പ്രിയ സുഹൃത്തിന്‍റെ പോസ്റ്റിനു നന്ദി....
ജനാതിപത്യം എത്ര സുന്ദരമായ പദം.....
ജനാതിപത്യം എന്ന് മുറവിളിക് എതിര്‍ വിളികൂടുമ്പോള്‍, സുധാര്യത എന്നതിന്റെ അര്‍ത്ഥമ്പോലും മാറ്റി മറിക്കപെടുന്ന ഒരു കോര്‍പറേറ്റ് ഭരണമാണ് ഇവിടെ നമുക് മുമ്പില്‍ കണാന്‍ കഴിയുന്നത്....
അതിന് ശക്തമായി എതിര്‍ത്തുകൊണ്ട് തന്നെ അണ്ണ ഹസരെയുടെ ബില്ല് സമര്‍പിച്ചതെങ്കിലും, അത്രവലിയ മുന്‍ന്തൂകം കിട്ടിയില്ലാ, കാരണം അവിടേയം നിയമാളന്മാരുടെ കയ്യിടലുകളുടെ വിരലയടാളങ്ങള്‍ കാണാം
വളരെ വ്യക്തമായ നോട്ട്, കാര്യങ്ങള്‍ ശക്തമായി പറഞ്ഞു
ആശംസകള്‍
"സമൂഹത്തിലെ കുറച്ചു പേര്‍ കൂടുതല്‍ സമന്മാര്‍ " ആണെന്ന ഏറ്റവും പ്രാകൃതമായ അതേ പഴയ നിയമത്തെ തന്നെ യാതൊരു മാറ്റവും കൂടാതെ ഒരു ചടങ്ങ് പോലെ ആചരിക്കാന്‍ ജനാധിപത്യ സമൂഹത്തെയും നിര്‍ബന്ധിപ്പിക്കലാകും.എതരു മനിശ്യനും സ്വപ്നം കാണുന്നത് അഴിമതിയില്ലാത്ത എല്ലാവരുംസമന്മാരായ ഒരു ലോകതെയാണ് .അതു അസംബ്യവ്യം എന്നാലും ഈ വിഷയം നിങ്ങളുടെ തുലികയില്‍ കൊണ്ട് വന്നതിനെ അഭിനന്തിക്കുന്നു ..
സ്വന്തം കുഴി തോണ്ടാൻ ആരെങ്കിലും ഇറങ്ങിത്തിരിക്കോ...?!
മറ്റുള്ളവരുടെതാണെങ്കിൽ ഞാൻ റെഡി...!!
നിയമൊക്കെ മറ്റുള്ളോർക്ക് മാത്രം മതി.ഞാൻ നിയമത്തിന്റെ മേലെയാണ്....
ലേഖനം നന്നായി. അഭിനന്ദനങ്ങൾ.
Nothing will happen; liars will continue to lie, corrupted will grow more in corruption, poor become poorer, millionaire become billionaire.
ഇപ്പോള്‍ ഉണ്ടാക്കി എന്ന് പറയുന്നത് തന്നെ സമരങ്ങള്‍ കണ്ടു മടുപ്പ് അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു അടവ് മാത്രം ആണ്..പാവപ്പെട്ടവന്റെ കഞ്ഞിയില്‍ കയ്യിട്ടു വാരുന്ന ഇവറ്റകള്‍..പണക്കാരന്‍ പൂഴ്ത്തി വെച്ചിരിക്കുന്ന കോടികളില്‍ ഒരു അംശം എങ്കിലും കണ്ടെടുക്കാന്‍ തുനിയാത്തതെന്ത്?..പെട്രോള്‍ ഡീസല്‍ മണ്ണെണ്ണ,പാചകവാതകം..തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്ക് വില ഉയര്‍ത്തുന്ന നടപടികള്‍ ഒരു വശത്തു..പലിശ ഉയര്‍ത്തല്‍ മറു വശത്തു..പുറത്തു നിന്നുള്ള കോടികളുടെ കള്ളപ്പണം,,നമ്മുടെ നാട്ടിലേക്ക് കൊണ്ട് വന്നിരുന്നെങ്കില്‍ ഇതൊക്കെ ഒഴിവാക്കാമായിരുന്നു എന്ത്യേ?
പണ്ട് കൂറുമാറ്റ നിരോധന നിയമം കൊണ്ടു വന്നിട്ട് ഇപ്പോൾ കൂറുമാറ്റത്തിനോ രാഷ്ട്രീയ കുതിരകച്ചവടങ്ങൾക്കോ എന്തെങ്കിലും കുറവുണ്ടോ???.
ജനപ്രധിനിധികളുടെമേൽ സാധാരണ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം കൂടി നഷ്ടപ്പെട്ടു എന്നല്ലാതെ??!!!...
ഒരു വലിയ സമൂഹം അരാഷ്ട്രിയവല്ക്കരിക്കപെട്ടു എന്നല്ലാതെ??!!...
അതുപോലെതന്നെ സാധാരണക്കാർക്ക് ജുഡീഷറിയിലുള്ള വിശ്വാസംകൂടി നഷ്ടപെട്ടാലുള്ള അവസ്ഥ മേല്പറഞ്ഞ സ്വഭാവത്തിലായിരിക്കില്ല എന്നത് ചിന്തിക്കേണ്ടതുതന്നെയല്ലേ????
ജഡിലമായ രാക്ഷ്ട്രീയ നാടകങ്ങളില്‍ അഴിമതികളുടെ പുത്തന്‍ paadheyangal തേടുന്ന രാക്ഷ്ട്രീയ pungavanmarn എങ്ങനെ ആണ് anuvathikukka തന്റെ nelpadangalilekku ചാഴികളെ പ്രവേശിപിക്കാന്‍
ആരും നിയമത്തിനു അധീയരല്ല എന്ന് നൂറു vaTTom കവലകളില്‍ ഖണ്ടക്ഷോഭം നടത്താനല്ലാതെ പ്രവര്ത്തികമായി കാണാന്‍ ആരും ആഗ്രഹികുന്നില്ല എന്ന ദുഖസത്യം നാം മനസ്സിലാക്കണം.
പൂച്ചക്കാരു മണികെട്ടും എന്നതല്ല ഇവിടെ പ്രശ്നം എന്തിനു കെട്ടണം എന്നതാണ്.
ജനങ്ങള്‍ ഒന്നായി ബാലറ്റു പേപ്പറിലൂടെ അഭിപ്രായം രേഖപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാ പാറ്ട്ടികളും ഒരുപോലെ അല്ലെന്നു നമുക്കു ആശിക്കാം.
നാമൂസേ, എനിക്ക് എടുത്താല്‍ പൊങ്ങാത്ത വിഷയം ആണ്. നാലും വായിച്ചു ട്ടോ .
റമദാന്‍ മുബാറക്
നിയമങ്ങള്‍ ഉണ്ടാക്കുന്നവര്‍ ബലവാന്മാരും അത് അനുസരിക്കുന്നവര്‍ ദാസന്മാരുമാണല്ലോ എന്നും എവിടെയും.നന്നായി പറഞ്ഞു ,വര്‍ത്തമാനത്തില്‍ വായിച്ചു.
വളരെ നന്നായി നാമൂസ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പ്രകാരം എല്ലാവരും സമന്‍മാര്‍ ആണെന്ന വസ്തുത നീലനില്‍ക്കേ പ്രധാനമന്ത്രിയും ജഡ്ജിമാരും എങ്ങനെ അതിന് അതീതരാകുന്നു? നമ്മള്‍ക്ക് ലജ്ജിക്കാം നമ്മളെയോര്‍ത്തുതന്നെ
നന്നായി പറഞ്ഞു. ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നറിയാം. പക്ഷെ സാധാരണക്കാരായ ജനങ്ങള്‍ ഇതിനെതിരെ എങ്ങനെ പ്രതികരിക്കും. ഉപവാസങ്ങള്‍ പോലും കയ്യിലുള്ള ബ്ലാക്ക് മണി പുറത്ത് കൊണ്ടുവരാന്‍. രാശ്ട്രീയത്തില് പുതിയ ഒരു പ്രതിച്ചായ സൃഷ്ടിക്കുവാന്‍. ആരെ വിശ്വസിക്കും. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയാന്‍ ഒരു തൊമ്മനെ പോലും കിട്ടാതായിരിക്കുന്‍..
ഇതൊരു മനസ്സില്ലാമനസ്സോടെ കൊണ്ടുവന്ന ബില്ലാണെന്ന കാര്യത്തിൽ പൂർണ്ണമായും യോജിക്കുന്നു
സി.ബി.ഐ.യുടെയും പോലീസിന്റെയും മറ്റു കോടതികളുടെയും നിയമങ്ങളുടെയും പരിധിയില്‍ പ്രധാനമന്ത്രിയും ജസ്റ്റിസുമാരും വരും.. കാരണം അവര്‍ ഇന്ത്യന്‍ പൌരന്മാരാണ്.. ലോക്പാല്‍ ബില്ലില്‍ എല്ലാ പൌരന്മാരെയും ഉള്പ്പെടുത്താമെങ്കില്‍ ഇന്ത്യന്‍ പൌരനായ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം.. ഇന്ത്യന്‍ അഴിമതിയുടെ തുടക്കം 1948 Jeep purchase scam ആണ്.. അന്ന് 80 ലക്ഷം രൂപയുടെതായിരുന്നു.. ഇന്ന് 2-ജി യില്‍ 176000 കോടി.. അതില്‍ പ്രധാനമന്ത്രി പോലും ആരോപിതനാണ്.. ഈ ഘട്ടത്തില്‍ പ്രധാനമന്ത്രിയെ ഒഴിവാക്കിയില്ലെന്കിലെ അത്ഭുതമുള്ളൂ..
ജനങ്ങളെ സേവിക്കാന്‍ ശിര്‍ക്കും ആര്‍ക്കെങ്കിലും താല്പര്യമുണ്ടോ ?
ലോക്'പാൽ' ലും വെള്ളം ചേർക്കാനുള്ള നീക്കം..നന്നാവൂല്ല.. ഒരിക്കലും നന്നാവൂല്ല.. ഉള്ള പ്രതീക്ഷയും പോയി :(
ഇന്ന് അഴിമതി വളരെ ചൂടേറിയ വിഷയമാണ്. അഴിമതിയില്ലാതാക്കാന്‍ നിയമ നിര്‍മാണവും അതിന്‍റെ പോരായ്മകളും എല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നത് വാര്‍ത്താ പ്രാധാന്യവും നേടുന്നു. കാരണം സാധാരണക്കാര്‍ വെറുക്കുന്ന, പൊറുതിമുട്ടിയ ഒരു വിഷയം പൊതുജന മധ്യത്തില്‍ അലക്കുമ്പോള്‍ നല്ല പിന്തുണ കിട്ടും എന്നത് ഉറപ്പുമാണ്. ഞാന്‍ ചോദിക്കട്ടെ ഇവിടെ നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ കുറ്റകൃത്യങ്ങള്‍ കൂടുന്നത്. മനുഷ്യ നിര്‍മിതമായ ഓരോ നിയമത്തിലും പഴുതുകള്‍ എന്ന രക്ഷാമാര്‍ഗവും അതില്‍ ഉണ്ടായിരിക്കും. സമര്‍ത്ഥന്‍മാരായ വക്കീലിന്‍റെ സഹായത്തോടെ കുറ്റവാളികള്‍ രക്ഷപ്പെടുന്നതും നാം നിത്യേന കാണുന്നതുമാണ്. ഞാന്‍ പറഞ്ഞു വരുന്നത് നിയമം ഉണ്ടാക്കുന്നതല്ല പ്രധാനം. നമ്മള്‍ സ്വയം കുറ്റങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍കലാണ് ഏറ്റവും നല്ലത് എന്നാണ്. ശരിക്കും മനസ്സാക്ഷിയോട് 'ഞാന്‍ കുറ്റം ചെയ്യുന്നുണ്ടോ' എന്ന് ചോദിച്ചാല്‍ "ഇല്ല" എന്ന് ഉത്തരം തരാന്‍ കഴിയുന്ന മനസ്സുകള്‍ ഉണ്ട്. നാം നമ്മള്‍ നന്നായി കാണാനല്ല മറ്റുള്ളവര്‍ നാം പ്രതീഷിക്കുന്നത് പോലെ ജീവിക്കണം എന്ന് നിര്‍ബന്ധം കാണിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അഴിമതി സ്വന്തം ജീവിതത്തില്‍ ഇല്ലാതാക്കുവാന്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും? അതിനു എന്തെല്ലാമാണ് അഴിമതി എന്ന് മനസ്സിലാക്കണം കൈക്കൂലി വാങ്ങുന്നത് മാത്രമാണോ? അല്ല; പിന്നെ ഓരോന്നും വിഷയങ്ങളെ അടിസ്ഥാനമാക്കി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് അഴിമതി ഉണ്ടാകുന്നത് അതും കണ്ടുപിടിക്കണം.
നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാവട്ടെ
രാജാവായാലും പ്രജയായാലും.
പാലില്‍ വെള്ളം ചേര്‍ത്തവര്‍ ഒരിക്കലും ഗുണം പിടിച്ചിട്ടില്ല
ലോക്പാലിന്റെ സ്ഥിതിയും അതുതന്നെ
കാലികപ്രസക്തമായ ലേഖനം അഭിനന്ദനം അര്‍ഹിക്കുന്നു
നാല്പത്തി നാല് വര്‍ഷമായി തടഞ്ഞു വച്ചിരിക്കുന്ന ലോക്പാല്‍ ബില്ല് ചില ഉപാധികളോടെ അതായത് പ്രധാന മന്ത്രിയുടെ ഓഫീസ് ,പ്രധാന ജുഡീഷ്യറി എന്നിവരെ ഒഴിവാക്കി ക്കൊണ്ട് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹാമാണ്. ഇത്രയുമാണ് നാമൂസിന്റെ ലേഖനത്തിന്റെ രത്നച്ചുരുക്കം.( The bill proposes to keep the office of Prime Minister outside its purview during his term in office besides excluding higher judiciary and conduct of MPs inside Parliament.)
ഇത്രയും ആളുകളെ ഒഴിവാക്കി ബില്‍ നടപ്പാക്കിയാല്‍ തന്നെ രാജ്യത്തെ നൂറു കണക്കിന് സര്‍ക്കാര്‍ വകുപ്പുകളില്‍ നടക്കുന്ന ഭരണ രംഗത്തെ അഴിമതി തടയാനാകും എന്നത് ചെറിയ കാര്യമല്ല, എന്ന് വച്ച് വന്‍ സ്രാവുകളെ ഒഴിവാക്കുന്നത് ന്യായീകരിക്കാനും ആവില്ല. കേന്ദ്ര മന്ത്രി സഭയിലെ നാല് സീനിയര്‍ മന്ത്രി മാര്‍ അടങ്ങിയ ഡ്രാഫ്റ്റ്സ് കമ്മിറ്റിയുടെ ഇടപെടല്‍ കൂടി ഇക്കാര്യത്തില്‍ ഉണ്ടെന്നു അനുമാനിക്കാം.എന്തായാലും ബില്‍ ഒരിക്കലും നടപ്പാകാതിരിക്കുന്നതിനേക്കാള്‍ നല്ലത് ഈ രൂപത്തിലെങ്കിലും നടപ്പാകുന്നതാണ് .
നാമൂസ് :ഇത്തരം ലേഖനങ്ങള്‍ എഴുതുമ്പോള്‍ പരമാവധി ഡാറ്റ ശേഖരിക്കാന്‍ ശ്രമിക്കണം..നേരത്തെ ലഭ്യമായ വിവരങ്ങളില്‍ കൂടുതല്‍ ഒന്നും നാമൂസിന്റെതായി ഇല്ലല്ലോ .:) അല്ലെങ്കില്‍ വെറും പ്രതിഷേധം മാത്രമായി മാറും ..അക്ഷര പിശകുകളും നിരവധിയുണ്ട് ,,സൂക്ഷിക്കുക :)
>>>സാമൂഹിക നീതിയിലതിഷ്ടിതമായ സമഗ്ര വികസനത്തിലൂടെ മാത്രമേ ഒരു സമാധാന സമൂഹത്തെ സൃഷ്ടിക്കാന്‍ സാധ്യമാകൂവെന്നിരിക്കെ.. അഴിമതി പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്തേ മതിയാകൂ. എന്നാല്‍, ജനാധിപത്യത്തിലെ പ്രയോക്താക്കളായ ലെജസ്ലീവും എക്സിക്യുട്ടീവും ജഡീഷ്വറിയും അഴിമതിയെന്ന സാമൂഹ്യ തിന്മയുടെ ഉപാസകരായി മാറിയ കാഴ്ചയാണ് വര്‍ത്തമാന രാജ്യം കണ്ട് കൊണ്ടിരിക്കുന്നത്<<.
വാസ്തവം. ഒട്ടേറെ നിരീക്ഷണങ്ങള്‍ നടത്തി നല്ല ഭാഷയില്‍ പറഞ്ഞിരിക്കുന്നു നാമൂസ്. നാം ആശങ്കപ്പെടുന്നപോലെ ഒരു കുറ്റമറ്റ അഴിമതി വിരുദ്ധ നിയമ സംഹിത നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ അത്ര എളുപ്പമല്ല എന്ന് സമര്‍ഥിക്കാന്‍ നാമൂസിനു കഴിഞ്ഞു. ലേഖകന്‍ പറയുന്ന പോലെ "നിയമം എന്നത് രാജ്യ താത്പര്യത്തിനുള്ളതായിരിക്കണം. അഥവാ, അതിന്‍റെ സൃഷ്ടിപ്പ് മൊത്തം ജനതയുടെ ഹിതത്തിനനുഗുണവമായിരിക്കണം". അല്ലാത്ത പക്ഷം എല്ലാം വെറും പൊറാട്ട് നാടകങ്ങളായി കെട്ടടങ്ങും. അഴിമതി എന്ന കാന്‍സര്‍ ഇന്ത്യുടെ ആതമാവിനെ കാര്‍ന്നുതിന്നു കൊണ്ടേ ഇരിക്കും.
വളരെ കാലിക പ്രസക്തിയുള്ള ഈ വിഷയത്തില്‍ ഈടുറ്റ ലേഖനം തയ്യാറാക്കിയ നാമൂസിനു എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. തൌദാരം ഇങ്ങിനെ നല്ല ചിന്തകള്‍ കൊണ്ട് സമ്പന്നമാവട്ടെ. ആശംസകളോടെ.
Dear Namoos,
Ramadan Mubarak!
Let's appreciate the movements against such vices of our society!
Hope for a Ramarajya!
Good effort and you deserve congrats!:)
Insha Allah!
Sasneham,
Anu
1966 ല്‍ അഴിമതി നിരോധനത്തെ കുറിച്ച് പഠിച്ച ശാന്താറാം കമ്മിറ്റിയാണ് ഇത്തരത്തില്‍ ഒരു നിയമത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നത്. അതിനു ശേഷം ലോക്ബാല്‍ നിയമം പാസാക്കുവാന്‍ മടിച്ച് കഴിഞ്ഞ നാല്‍പത് വര്‍ഷമായി നീട്ടിക്കൊണ്ടു പോന്നതിന്റെ ഉത്തരവാദികള്‍ ആരാണ്?, ഈ കാലയളവിനുള്ളില്‍ പല ഗവണ്‍മെന്റുകളും മാറി മാറി ഇന്ത്യാമഹാരാജ്യം ഭരിച്ചുവല്ലോ!.മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ കാലയളവില്‍ പ്രസിദ്ധീകരിച്ച ഇലക്ഷന്‍ മാനിഫെസ്റ്റോകളില്‍ ലോക്പാല്‍ ബില്‍ എന്ന വാഗ്ദാനം സ്ഥാനം പിടിച്ചു!!. പഴുതുകളോടെ എങ്കിലും അതു നടപ്പാക്കാനുള്ള ആര്‍ജവം എന്തേ ആര്‍ക്കും ഇല്ലാതെ പോയി?.
ഉത്തരം ലളിതമാണ്.തുറന്നു വിട്ടവനെത്തന്നെ തിരിച്ചു വിഴുങ്ങാന്‍ സാദ്ധ്യതയുള്ള ഒരു നിയമത്തെ അവര്‍ -നിയമങ്ങള്‍ ഉണ്ടാക്കുന്നവര്‍- ഭയപ്പെടുന്നു.
അവര്‍ക്കു രക്ഷപ്പെടാനുള്ള പഴുതുകള്‍ ഇട്ടിട്ടായാലും നിയമം പ്രാബല്യത്തില്‍ വരട്ടെ. തുടര്‍ന്നുകൊണ്ടിരിക്കുന്ന എതിര്‍പ്പുകള്‍ ഈ ബില്ലിനെ അനിശ്ചിതമായി വൈകിക്കുകയേ ഉള്ളു. ഈ ബില്ലുകൊണ്ട് ദന്തഗോപുരങ്ങളില്‍ നടക്കുന്ന അഴിമതി കുറച്ചെങ്കിലും തടയാനായാല്‍ അത്രയെങ്കിലുമാവട്ടെ. ഒന്നുമില്ലാത്തതിലും ഭേദമല്ലെ കുറച്ചെങ്കിലും നടക്കുന്നത് (അതിനപ്പുറം ഇന്ത്യാമഹാരാജ്യത്തെ അരപ്പട്ടിണിക്കാര്‍ക്കും ആരോരുമില്ലാത്തവര്‍ക്കും മറ്റെന്താണ് സ്വപ്നം കാണാനുള്ളത്)
അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ നമ്മുടെ രാഷ്ട്രീയ കെട്ടുപാടുകളോടും, പുറമേക്ക് ആശയ വ്യതിരിക്തത നടിക്കുമ്പോഴും പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടുകളോടും ,അതിനു സമാന്തരമായി നീങ്ങുന്ന ബ്യൂറോക്രസിയുടെയോടും ജുഡീഷറിയോടുമൊക്കെ സന്ധി ചെയ്യുവാന്‍ മടിച്ചതിന്റെ പരിക്കുകളുമായി നടക്കുന്ന ഹതഭാഗ്യരായ ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഏതൊരു കച്ചിത്തുരുമ്പും രക്ഷക്കുള്ള ഉപാധികയായി തോന്നുക സ്വാഭാവികം.
ബില്ലിന്റെ പരിധിയില്‍ വരേണ്ട പല മേഖലകളേയും ഒഴിവാക്കിയാണെങ്കിലും ബില്‍ എത്രയും വേഗം നടപ്പില്‍ വന്നാല്‍ അത്രയും നല്ലത് എന്ന് ചിന്തിച്ചു പോവുന്നത് ഇത്തരുണത്തിലാണ്. Right to Information പോലുള്ള ചില നല്ല നിയമ നിര്‍മാണങ്ങള്‍ ജീവിക്കുന്ന ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ടല്ലോ.അതുപോലുള്ള ചില സാദ്ധ്യതകളുടെ വെളുപ്പുകള്‍ ലോക്പാല്‍ ബില്ലിലെ കറുപ്പില്‍ നിന്നും നമുക്കു കണ്ടെടുക്കുവാന്‍ കഴിഞ്ഞാല്‍ അതൊരു നേട്ടമല്ലെ?
കാലിക പ്രസക്തിയുള്ള ചിന്തകള്‍ ഞങ്ങളുമായി പങ്കുവെക്കുന്ന മന്‍സൂറിന് അഭിവാദ്യങ്ങള്‍.
ഇവ്വിഷയകമായി കുറെയോന്നും പറയാന്‍ അറിയില്ല..
എങ്കിലും പറയട്ടെ,,
നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധകം തന്നെ,
ജനവികാരത്തെ തൃണവത്ഗണിച്ച് അവര്‍ക്ക്
മേല്‍ ഇങ്ങിനെ അഴിമതിയുടെയും കോര്‍പറേറ്റു
മുഷ്ക്കിന്‍റെയും ദുര്‍ഭരണം നടത്താന്‍ ഇവര്‍ക്ക്
എങ്ങിനെ സാധ്യമാവുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്.
അപ്പോഴാണ് ജാതിയുടെയും മതത്തിന്റെയും പേരില്‍
ആളുകളെ വികാരം കൊള്ളിച്ചു ഭിന്നിപ്പിച്ചു നിര്‍ത്തുന്ന
നമ്മുടെ വ്യവസ്ഥിതിയെ പറ്റി അറിയുക. ആളുകള്‍
ഇത്തരം മൂഢ വിശ്വാസങ്ങളില്‍ പരസ്പരം വിഘടിച്ചു
നില്‍ക്കുവോളം തിന്മയുടെ വ്യവസ്ഥിതിക്കെതിരെ
യോജിച്ച മുന്നേറ്റം സ്വപ്നം മാത്രമായി നില കൊള്ളും.
വര്‍ത്തമാനം പത്രത്തില്‍ വായിച്ചിരുന്നു, അഭിനന്ദനങ്ങള്‍....
പോസ്റ്റില്‍ പറയുന്നത് ശരി തന്നെ നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാര്‍ ആണ്. പക്ഷെ നാം ഒരു കാര്യം ഓര്‍ക്കണം, ഇന്ന് ഒരു ഉദ്യോഗസ്ഥനോ മന്ത്രിക്കോ എതിരെ നിയമ നടപടിക്കു നേരിടുന്ന തടസ്സങ്ങളും, കാലതാമസ്സവും എല്ലാം ഈ ബില്‍ നിലവില്‍ വരുന്നതോടെ ഇല്ലാതാവും. നമുക്ക് പ്രതീക്ഷിക്കാന്‍ ഏറെ ഉള്ളപ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത് ! എല്ലാവരെയും ഉള്‍പ്പെടുത്തി ഈ ബില്‍ വരണം എന്ന് വാശി പിടിച്ചാല്‍ ഒരിക്കലും നടക്കില്ലെന്നു വരുമ്പോള്‍, ചില വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായിട്ടാണെങ്കിലും ഇത് എത്രയും വേഗം നടപ്പില്‍ വരുത്തുക എന്നതല്ലേ ഉചിതം ? പെട്ടെന്നൊരു സുപ്രഭാതത്തില്‍ എല്ലാ അഴിമതിയും മാറി ഇന്ത്യയില്‍ തേനും പാലും ഒഴുകും എന്നു വിശ്വസിക്കാന്‍ നാം അത്ര മണ്ടന്മാര്‍ അല്ലല്ലോ ! പതുക്കെയെങ്കിലും ഒരു മാറ്റത്തിനുള്ള തുടക്കമാണ് ഇതെന്ന് കരുതി സമാധാനിക്കാം...
നിരീക്ഷണം കൊള്ളാം....!
എല്ലാം ഒരു പ്രഹസനം മാത്രം...!
പ്രതീക്ഷിക്കനല്ലാതെ എന്തിനാവും...?
ലോകം കണ്ട അതുല്യനായ ഒരു ഭരണാധികാരിയായിരുന്ന ഖലീഫ ഉമറുബ്നു അബ്ദുല്‍ അസീസിനെക്കാണാന്‍ ഒരാള്‍ വന്നു അവര്‍ സംസാരം തുടങ്ങി , കുറച്ചു കഴിഞ്ഞപ്പോള്‍ അവരുടെ മേശപ്പുറത്ത് കത്തിച്ചു വെച്ചിരുന്ന വിളക്ക് കെടുത്തിയത്തിനു ശേഷം മറ്റൊരു വിളക്ക് കത്തിച്ചു സന്ദര്‍ശകന്‍ എന്താണ് ഖലീഫ ഇങ്ങന്റെ ചെയ്യുന്നത് എന്ന് ആശ്ചര്യത്തോടെ ചോദിച്ചു അപ്പോള്‍ ഖലീഫ കൊടുത്ത മറുപടി , ഇത്രയും നേരം നമ്മള്‍ സംസാരിച്ചു കൊണ്ടിരുന്നത് രാജ്യത്തിന്റെ കാര്യമാണ് അപ്പോള്‍ ഞാന്‍ ഉപയോഗിച്ച വിളക്ക് രാജ്യത്തിന്റെ ഖജനാവില്‍ നിന്നും എടുത്ത തുകകൊണ്ട് വാങ്ങിയതാണ് . ഇപ്പോള്‍ നമ്മുടെ സംസാരം എന്റെയും നിങ്ങളുടെയും വ്യക്തിപരമായ കാര്യമാണ് ആയതിനാല്‍ ഇപ്പോള്‍ ഇവിടെ കത്തിച്ചു വെച്ചിരിക്കുന്നത് എന്റെ പോക്കറ്റില്‍ നിന്നും എടുത്ത തുകകൊണ്ട് വാങ്ങിയ വിളക്കാണ്.
മറ്റൊരിക്കല്‍ കൂട്ടിയിട്ടിരിക്കുന്ന ഇന്തപ്പഴത്തില്‍ (രാജ്യത്തിന്റെ ഖജനാവിലെ) നിന്നും ഒരു ചീളെടുത്ത് വായില്‍ വെച്ച കൊച്ചു കുട്ടിയുടെ വായില്‍
കൈയ്യിട്ടു അത് എടുത്തുകളഞ്ഞു. ആ ഒരു ഇന്തപ്പഴത്തിന്റെ പേരില്‍ നാളെ ദൈവത്തിന്റെ മുന്നില്‍ കണക്കു പറയേണ്ടി വരും എന്നാ ബോധ്യമായിരുന്നു അത്.
ഇസ്ലാമിലെ രണ്ടാം ഉത്തരാധികാരി ഖലിഫ ഉമര്‍, പാതിരാത്രിയില്‍ ഞങ്ങളുടെ ക്ഷേമം അന്യേഷിക്കാന്‍ ഇറങ്ങി നടക്കുന്നു. ഒരു ദിനം തന്റെ പ്രദേശത്ത് ഏത്തിയ
മറു നാട്ടുകാരുടെ തമ്പില്‍ അദ്ദേഹം എത്തുന്നു അവിടെ പ്രസവം അടുത്ത ഒരു സ്ത്രീ വല്ലാതെ ബുദ്ധിമുട്ടുന്നു എന്ന് മനസ്സിലാക്കിയ ഖലീഫ രാജ്യത്തെ പ്രഥമ വനിതയെ
(ഖലീഫയുടെ സഹദര്‍മിണിയെ) വായിറ്റാട്ടിയായി തമ്പില്‍ കൊണ്ടാക്കുന്നു.
രാജ്യം അഭിമുഖീകരിക്കുന്ന അഴിമതിക്കും സ്വജന പക്ഷപതിത്വത്തിനും എന്താണ് പരിഹാരം എന്ന് ചിന്തിക്കുംപോഴാണ് ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ഈ സംഭവങ്ങള്‍ ഓര്‍മവന്നത്. ഇവിടെ കാതലായ പ്രശ്നം പൂച്ചക്കാര് മണികെട്ടും എന്നതാണ് , നിയമം കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ പറ്റുന്നതല്ല അഴിമതി എന്നാ പിശാച്ച്. നിയമം നിര്‍മിച്ചാല്‍ അതില്‍ നിന്നും എങ്ങനെ മുക്തമാവും എന്നാണ് പ്രധാനമന്ത്രി മുതല്‍ ചിന്തിക്കുന്നത്. ഇവിടെയാണ് മത ധാര്‍മിക മൂല്യങ്ങള്‍ രാഷ്ട്രീയ ത്തിന്റെ ഇരുളടഞ്ഞ ഇടനാഴികളില്‍ എങ്ങെനെയാണ് പ്രകാശം പരത്തിയിരുന്നതെന്ന് നാം ചിന്തിക്കേണ്ടത്. ഗാന്ധിജി സ്വപ്നം കണ്ട രാമാ രാജ്യവും , ഉമറിന്റെ ഭരണവും പ്രസക്തമാവുന്നതും ഇവിടെയാണ്. സത്യവും നീതിയും ധര്‍മവും തുടങ്ങി സനാധന മൂല്യങ്ങള്‍ വ്യക്തി ജീവിതത്തില്‍ മാത്രം മതി എന്നതും
പള്ളിക്കമ്മറ്റിയിലും അമ്പലകമ്മിറ്റിയിലും, ചര്‍ച്ചിന്റെ സഭയിലുമൊക്കെ മാത്രം ഉപയോഗിക്കാനുള്ളതാണ് ഇതെന്നും എങ്ങനയോ നാം ധരിച്ചു വശായിരിക്കുന്നു.
പൊതു ജീവിതത്തില്‍ കള്ളം മുതല്‍ വ്യഭിചാരം വരെ എന്തുമാവാം എന്നും നാം മനസ്സിലാക്കിയിരിക്കുന്നു. ഈ കാഴ്കാപ്പാട് അടിസ്ഥാനപരമായി മാറുകയും
ഭരണത്തിന്റെ ഇടനാഴികളില്‍ ദൈവിക മൂല്യങ്ങള്‍ ഇടം കണ്ടെത്തുകയും ചെയ്യുന്നതിലൂടെ ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെ നിയന്തിക്കാന്‍ ആവും
പഴുതുകൾ ഇല്ലാത്ത ഏതെങ്കിലും നിയമം നമുക്ക് വേണമോ ?
വേണ്ട..
അപ്പോ പിന്നെ പുതിയ നിയമത്തിന്റെ പഴുതുകൾ കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നതേ ഉള്ളു.
ഉടൻ ശരിയാകും.
ഇവിടെ അയല്പക്കത്തെ പാലായിട്ട് മുഴുവനും വെള്ളമാ...
അപ്പോഴാ ലോകപാൽ
മികച്ചൊരു ലേഖനത്തിന് അഭിനന്ദനങ്ങൾ.
നന്നായി എഴുതി ..ആശംസകള്‍ ,കൂടെ പ്രാര്‍ത്ഥനയും ..
ലേഖനത്തിലെ “കാര്യത്തെ” പ്പറ്റിയാണെങ്കിൽ ലോക്പാൽ ബില്ലും,അണ്ണാഹസാരയുടെ ജൻലോക്പാൽ ബില്ലും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ... ഒരു നിയമം ഉണ്ടാക്കുമ്പോൾ അത് തങ്ങൾക്ക് നേരേ തന്നെ തിരിച്ച് പതിക്കുന്ന ‘ബൂമറാംഗ്’ ആണ് എന്ന് ഭാരതത്തിലെ ഏറ്റൊരു രാഷ്ട്രീയക്കാരനും അറിയാം...പണത്തിന് പിന്നാലെ പാഞ്ഞോടുന്ന ഒരു കാലത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്...അഴിമതിയില്ലാത്ത ഒരു ഭരണം എന്നത് അടുത്തയുഗത്തിൽ പോലും സംഭവിക്കാൻ പോകുന്നില്ലാ..അണ്ണാഹസാരയുടെ വാദങ്ങളൊക്കെ വനരോദനമായേ ഭവിക്കൂ...എങ്കിലും ശുഭാപ്തിവിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം.. ഇനി നാമൂസിന്റെ രചനയെപ്പറ്റി പറ്യുകയാണെങ്കിൽ ഇത്തരം ചിന്തകളിലൂടെ ചരിക്കുന്നത് തന്നെ നല്ല കാര്യം..ഓരൊദിവസത്തെ പത്രം പോലും വായിക്കാത്തവരാണ് ഇന്നത്തെ യുവ തലമുറ...ഒരു ദിവസം പത്രം വായിച്ചില്ലെങ്കിൽ നാം ഒരു ദിവസം പിന്നിലാകുന്നൂവെന്ന് അവർ അറിയുന്നില്ലാ.. എന്തിന് നാമൂസിന്റെ ഈ ലേഖനം പോലും എത്ര പേർ വായിച്ചിരിക്കും..പലർക്കും ഫിക്ഷനിലാണ് താല്പര്യം..പ്രീയ നാമൂസ് താങ്കളുടെ ഇത്തരം ലേഖനങ്ങൾ കൂടുതല്പേർ വായിക്കട്ടെ അതോടൊപ്പം രമേശ് അരൂർ പറഞ്ഞതിലെ സത്യം കാര്യമായെടുക്കുക...എല്ലാ ഭാവുകങ്ങളും.....
ന്റെ പൊന്നു ചങ്ങായി ഈ പാലുകുടിചാലോന്നും ഭാരതാമ്മ സംപുഷ്ട്ടി പ്രാപിക്കും എന്ന് നിന്നെ പോലെ തന്നെ എനിക്കും അഭിപ്രായം ഇല്ല
പ്രധാന മന്ത്രിയെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പാടില്ല എന്ന് പ രഞ്ഞവരുടെ ചേതോ വികാരം രാജയുടെ മൊഴ് യിലൂടെ നമ്മള്‍ കണ്ടതല്ലേ
ഇന്ത്യ യഥാര്‍ത്ഥ ജനാധി പത്യത്തിനു കൊതിക്കുന്നു
നാമൂസ്, വര്‍ത്തമാനത്തില്‍ കണ്ടിരുന്നു. ഇവിടെയും വായിച്ചു. ഈ വിഷയം ഇപ്പോള്‍ നമ്മുടെ പരിധിക്കും പുറത്താണ്. എങ്കിലും ഒന്നറിയാം , ഇത് എന്ന് നടപ്പിലാക്കിയാലും , നിയമം കൊണ്ടുവരുന്നവര്‍ ' നാളേക്ക് വേണ്ടി ' അതില്‍ ഒരു ലൂപ്‌ഹോള്‍ കണ്ടു വെച്ചിരിക്കും.
ഇന്ന് രാജ്യം വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാനായി കൊണ്ടുവന്ന "ലോക്പാല്‍ ബില്ല്". വലിയ ബഹുജന പ്രക്ഷോപങ്ങള്‍ക്കും, നീണ്ട കാത്തിരിപ്പിനും ഒടുവില്‍ ബില്ല് ഇന്ന് ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടു. പ്രധാനമന്ത്രിയെയും, ഉന്നത നീതിപീഠത്തെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക വഴി എല്ലാ ഭാരതീയരും നിയമവ്യവസ്ഥക്ക് മുന്നില്‍ സമന്മാരാണ് എന്ന ഭരണഘടനാ അവകാശം പരസ്യമായിത്തന്നെ വെല്ലുവിളിക്കപ്പെട്ടിരിക്കുകയാണ്. കൊണ്ഗ്രെസ്സ് ഒഴികെയുള്ള എല്ലാ കക്ഷികളും (പ്രതിപക്ഷ പാര്‍ട്ടികള്‍) സഭയില്‍ ഇതിനെതിരെ പ്രധിഷേധിക്കുന്നുണ്ട് എങ്കിലും ഇക്കാര്യത്തില്‍ ഇവരുടെ ആത്മാര്‍ത്ഥയെ സംശയത്തോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. അഴിമതി ഒരു വന്‍വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ചങ്ങലകള്‍ക്കുപോലും ഭ്രാന്ത് പിടിക്കുന്ന ഈ അവസ്ഥയില്‍ ഇതുപോലെയുള്ള ഒരു നിയമം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു ചെപ്പടിവിദ്യയാണ് എന്ന് സംശയിക്കേണ്ടിവരും. ഈ വിഷയത്തില്‍ നമൂസിന്റെ ലേഖനം വളരെ പ്രാധ്യാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ഒരു വിഷയം പൊതുചര്‍ച്ചയാകുന്ന സമയത്ത് തന്നെ അതെ കുറിച്ച് ശക്തമായ ഒരു അഭിപ്രായ പ്രകടനം നടത്തിയതിന് അഭിനന്ദനങ്ങള്‍...!
ശ്രീ. നാമൂസ്..
താങ്കളുടെ ലേഖനം സമഗ്രമായതും കാലികമായ വസ്തുതകളെ വിശദമായി പരാമർശിക്കുന്നതുമാണ്..
ഇതിനോട് പരിപൂർണ്ണമായും യോജിക്കുന്നു..
എനിക്കു തോന്നുന്നത്
മൂഷികവർഗ്ഗം ഒരു കൊതുകുവല നെയ്തെടുക്കാനുള്ള തിടുക്കത്തിലാണ്..
ഈച്ചകളും കൊതുകുകളും മാത്രമേ കുരുങ്ങാവൂ..അവരല്ലെ ശല്യക്കാർ.. വിളിച്ചുകൂവുന്നവർ..!!
ഇത്, മൂഷികർക്കായി മൂഷികരുണ്ടാക്കുന്ന കൊതുകുവല..!!
ആശംസകൾ.
ഭരണഘടനയെക്കുറിച്ച് വലുതായ് അറിയാത്തത് കൊണ്ടും നിയമത്തില്‍ ബിരുദവുമൊന്നുമില്ലാത്തത് കൊണ്ടും ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.. :)
ലോകപാലായാലും ആഗോള പാലായാലും കൊള്ളാം .. എനിക്കും കിട്ടണം പണം ..!!??
ശക്തമായ വിഷയമവതരിപ്പിച്ചതിനു ആത്മാര്‍ഥമായ അഭിനന്ദനങള്‍..
>>വേണം നമുക്കൊരു ലോക്പാല്‍. ശക്തവും യുക്തവുമായ ഒരു നിയമം ഭാരതത്തിന്‍റെ അവകാശമാണ്. ജനാധിപത്യത്തിന്‍റെ ആവശ്യവുമാണത്. എന്നാല്‍, നിയമം എന്നത് രാജ്യ താത്പര്യത്തിനുള്ളതായിരിക്കണം. അഥവാ, അതിന്‍റെ സൃഷ്ടിപ്പ് മൊത്തം ജനതയുടെ ഹിതത്തിനനുഗുണവമായിരിക്കണം.
അല്ലാതിത് പോലെ ജനതയെ പരിഹസിച്ചു ചിരിക്കുന്നതാവരുത്.<<
വര്‍ത്തമാനങ്ങളൊക്കെ മാറി ..
പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും എതിരാണെന്നു ആരോപിച്ചു ഹസാരെ ബില്‍ കത്തിക്കുകയും ചെയ്തു.
വര്‍ഷമേറെയായിട്ടും നടപ്പിലാക്കാതിരുന്ന ലോക്പാലില്‍ പ്രധാനമന്ത്രിയെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളെയും ഉള്‍പ്പെടുത്തി ശക്തമായൊരു ജനപക്ഷ ലോക്പാല്‍ അവതരിപ്പിക്കുക തന്നെയാണ് വേണ്ടത്.
അല്ലെങ്കിലും പ്രധാനമന്ത്രി ആ പരിധിയില്‍ വരുന്നതിനു എന്താണിത്ര എതിര്‍ക്കാന്‍?
പക്ഷേ..
അഴിമതി മുച്ചൂടും ഗ്രസിച്ചൊരു സംവിധാനത്തില്‍ ആര്‍ക്കു ആരെയാണ് വിശ്വാസം?"
വര്‍ത്തമാനം Sunday യില്‍ കണ്ടു. നന്നായി നാമൂസ്. അകക്കനമുള്ള എഴുത്ത്.
കൂടുതൽ പാശ്ചാത്യവായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇതിന്റെ ലിങ്ക് ഈയാഴ്ച്ചയിലെ ‘ബിലാത്തി മലയാളിയുടെ’ വരാന്ത്യത്തിൽ ഞങ്ങൾ കൊടുത്തിട്ടുണ്ട് കേട്ടൊ നമൂസെ...
നന്ദി.
ദേ...ഇവിടെ https://sites.google.com/site/bilathi/vaarandhyam
നല്ല എഴുത്ത്.
മാറ്റുവിന്‍ ചട്ടങ്ങളെ
അല്ലെങ്കില്‍..
ഭരണഘടനയും നീതിന്യായ വ്യവസ്ഥകളുംമെല്ലാം കാലനുസൃതം മാറ്റേണ്ടതാണ്. സ്വാതന്ത്യകാലത്തെ സാമൂഹികവ്യവസ്ഥയല്ല ഇന്ന്. മാറ്റങ്ങള്‍ വരുത്താന്‍ ഇത്രയ്ക്കും ബുദ്ധിമുട്ടുള്ള ഭരണക്രമം ജനാധിപത്യമെന്നറിയുമ്പോള്‍ ലജ്ജിക്കേണ്ടി വരുന്നു..
ഇവിടം സന്ദര്‍ശിച്ചു വായനയെ അടയാളപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വ്വം നന്ദി.
കാലിക വിഷയങ്ങളില്‍ കയറിക്കസറുന്ന നാമൂസ് ബ്ലോഗ്ഗിനു പുറത്ത് വരേണ്ട സമയമായി.
അഭിനന്ദനങ്ങള്‍..
വായിച്ചപ്പൊ വിഷമം തോന്നി. വേറൊന്ന്വല്ല. ചെറുവാടി പറഞ്ഞപോലെ, ഈ റൂട്ട് അത്ര പിടിയില്ല. അതാ പ്രശ്നം. എന്നാലും ശക്തമായൊരു ഭാഷയാണ.
അഭിനന്ദനംസ് :)
എന്റിക്കാ ..ഇതൊന്നും നമ്മക്ക് ശേരിയാവില്ല, ഇത് പാസ്സായാല്‍ പാലിന് വിലകുറയുമോ? എന്തായാലും പാസ്സാവട്ടെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?