2011, സെപ്റ്റം 25

നിറുത്തുക, ഈ ഭീകരത.

ഇറോം...
നിറുത്തുക, ഈ നിരാഹാര ഭീകരത
ഞങ്ങള്‍ നവ ഭാരതീയര്‍ {കോളനീയര്‍}
'യാങ്കി'യേമാന്റെ പൊന്നോമനകള്‍
ഭീകരതെക്കിതിരായി,
തലയോട്ടി കൊണ്ട് കുഴിമാടം നിറച്ചവര്‍.
വികസനത്തിനായി സ്വയം വിറ്റു തീര്‍ക്കുവോര്‍
സംവരണത്തിനായി ജീവിതം ഉഴിഞ്ഞവര്‍.
സൈന്യത്തിനായി സ്വത്വവും, സ്വത്തും നല്‍കിയോര്‍.

അറിയില്ലേ...
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം..!
ആഭ്യന്തര ഭീകരാക്രമണം..!
'ആദിവാസി നക്സല്‍' ഭീഷണി..!
അല്പം തിരക്കിലാണ്.
ജന സേവകര്‍ ജയിലഴിക്കുള്ളിലാണ്.

ധൈര്യമായിരിക്കുക.
ഒരപരാധിയും ശിക്ഷിക്കപ്പെടുകയില്ല.
പരമോന്നത നീതിപീഠം പരിമിതപ്പെടുകയില്ല.
സ്ത്രീയും {അവളുടെ വയറ്റിലെ} കുട്ടിയും
സംരക്ഷിക്കപ്പെടണം: അവന്‍,
ഭാവി സൈന്യാധിപനാണ്.

നന്ദി,
ശാന്തമായി ഒരു വ്യാഴവട്ടം പിന്നിട്ടതിനല്ല.
ധീരമായി ചെറുത്തു നിന്നതിനുമല്ല.
നിന്റെ നാടിന്റെ നഗ്ന മാംസത്താല്‍
എന്റെ വായനക്കൊരു 'കവറൊ'രുക്കിയതിന്.
എന്റെ 'പെട്ടിയില്‍' ദൃശ്യ'വിരുന്നൊരുക്കിയതിന്.

പ്ലീസ്..!
ഞാനൊന്ന് മിണ്ടാതിരിക്കട്ടെ,
എനിക്ക്, ദേശസ്നേഹം കൊണ്ട് നില്‍ക്കാന്‍ വയ്യ.
നിറുത്തുക, ഈ നിരാഹാര ഭീകരത.
എന്നെ ഭീകരനാക്കരുത്. പ്ലീസ്..!!

----------------------------------------------------
മറ്റു പോസ്റ്റുകള്‍..

92 comments:

നാമൂസ് പറഞ്ഞു...

ഒരു ജനത ഒന്നായി നിന്ന് ഞങ്ങള്‍ ഭാരതത്തിലെ ആരാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം .? പൗരന്മാര്‍ എന്നാണു ഉത്തരമെങ്കില്‍, പൗരാവകാശങ്ങളെ അവര്‍ ചോദിക്കുമ്പോള്‍ എന്ത് മറുപടിയാണ് നമ്മിലുള്ളത്..?

A പറഞ്ഞു...

മനുഷ്യാവകാശ ലംഘനങ്ങള്‍ചില ക്രീമിലെയറുകാര്‍ക്ക് മാത്രമുള്ളതാനെന്നും
മറ്റുള്ള പതിത കോടികള്‍ പാര്‍ശ്വവത്കരിക്കപ്പെടേണ്ടാവരാനെന്നും
മനസ്സാ അംഗീകരിക്കലാണ് വാര്‍ത്തമാന കാലത്തെ ദേശസ്നേഹമെന്നത് .
ഇരകള്‍ പോലും ഇത് അംഗീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
ഈ കാലത്തെ ആത്മാവിന്റെ നോവുകളെ നമൂസ് നല്ല വരികളിലൂടെ
വ്യക്തമാക്കി.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ധൈര്യമായിരിക്കുക.
ഒരപരാധിയും ശിക്ഷിക്കപ്പെടുകയില്ല.
പരമോന്നത നീതിപീഠം പരിമിതപ്പെടുകയില്ല.
സ്ത്രീയും{അവളുടെ വയറ്റിലെ} കുട്ടിയും
സംരക്ഷിക്കപ്പെടണം: അവന്‍,
ഭാവി സൈന്യാധിപനാണ്.

വരികള്‍ പലതും വായികുമ്പോള്‍ മുഖത്തേക് ചുടുകാറ്റ് വീശുനുണ്ട്

പിന്നെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ദൈരം കാണിക്കുന്ന ശര്‍മിളയപ്പോലുള്ളവര്‍ വരട്ടെ അപ്പോള്‍ മാത്രം ഇത്തരം തിരയാം അതല്ലെ നമ്മുടെ പാരമ്പര്യം.....

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ധൈര്യമായിരിക്കുക.
ഒരപരാധിയും ശിക്ഷിക്കപ്പെടുകയില്ല.
പരമോന്നത നീതിപീഠം പരിമിതപ്പെടുകയില്ല.
എന്തുകൊണ്ട് ഇറോം ശര്മിലയുടെ സമരം വിജയിക്കുന്നില്ല?എവിടെ നമ്മുടെ മനിശ്യവകാശ സങ്കടനകള്‍,എവിടെ ചാനലുകാര്‍ ഇവര്‍ക്ക് സത്യത്തിന്റെ നേര്‍ക്ക്‌ എത്രകാലം കണ്ണടച്ചിരിക്കനാകും,പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . ശക്തമായ വരികള്‍,
nb:എന്നെ ഭീകരനാക്കരുത്. പ്ലീസ്..!!(പൊന്നര ചെങ്ങയീ ജ്ജി ഭീകരനാകനോന്നുംനില്‍ക്കല്ല)

Mohammed Kutty.N പറഞ്ഞു...

എന്തു ചെയ്യും നമ്മള്‍ .ഒച്ചവെക്കുന്നവരെപ്പോലും വായടപ്പിക്കുന്ന നിയമങ്ങളും,നീതിപാലകരും!ഷാഹിന എന്ന പത്രപ്രവര്‍ത്തക ഒരു ഉദാഹരണം .ഇറോം!നീ ജീവിക്കുന്നു... നീയൊരു 'ഹസാരെ'അല്ലെങ്കിലും'ഹസാരോം കെ ലിയെ...'
പ്രിയ സുഹൃത്തെ ഈ കവിതക്ക്,ഈ ചിന്തക്ക് അഭിനന്ദനങ്ങള്‍ ....അഭിവാദ്യങ്ങള്‍ !!

ഫൈസല്‍ ബാബു പറഞ്ഞു...

അല്പം തിരക്കിലാണ്.
ജന സേവകര്‍ ജയിലഴിക്കുള്ളിലാണ്".
=======================
പ്രിയപ്പെട്ട നമൂസ്‌ ,,
ഈ ഒരൊറ്റ വരി മതി നിങ്ങളുടെ മനസ്സാക്ഷി മരിക്കാത്ത മനസ്സിനെ വായിക്കാന്‍ ,,
താങ്കള്‍ക്ക് ഈ വിഷയത്തിലുള്ള ആത്മാര്‍ഥത ,തൊട്ടു മുമ്പില്‍ എഴുതിയ പോസ്റ്റില്‍ വെറുതെ പറഞ്ഞു പോകാതെ ആ സമരത്തിനായി മാത്രം നാട്ടില്‍ പോയി എന്നറിഞ്ഞപ്പോള്‍ ,മാനസ്സിലാക്കാന്‍ കഴിഞ്ഞു !!
ഈ സമരത്തില്‍ തുടര്‍ന്നും നമുക്ക്‌ ഒന്നിച്ചണിചേരാം ,,എല്ലാ അനുഗ്രഹങ്ങളും ,ആശംസകളും

TPShukooR പറഞ്ഞു...

കാര്യങ്ങള്‍ വ്യക്തമാക്കിപ്പറഞ്ഞ ഒരു കവിത

സര്‍ദാര്‍ പറഞ്ഞു...

ഇവിടെവിടെയാണ് പൌരന് നീതി ലഭിച്ചിട്ടുള്ളത്...എഴുതിവെക്കപ്പെട്ട പഴുതുകളെല്ലാം രാഷ്ട്രീയക്കാരനും അഴിമതിക്കാര്‍ക്കും രക്ഷപ്പെടാന്‍ വേണ്ടി മാത്രമല്ലേ...നമ്മെളെന്തു പൌരന്മാര്‍...ആര്‍ക്കും വേണ്ടാത്ത കുറേ ജീവിതങ്ങള്‍...

ഭാനു കളരിക്കല്‍ പറഞ്ഞു...

ഭാരതം ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ സ്വന്തമാണ്. നാം ഇന്ത്യാക്കാര്‍ ഇന്നു ഇന്ത്യന്‍ സായിപ്പിന്റെ കാല്‍ ചവുട്ടടിയില്‍ ആണ്.
നമ്മുടെ ഭാരതത്തെ അമേരിക്കന്‍ സാമ്രാജ്യത്തത്തിനു അനുദിനം അടിയറവെക്കുന്ന, അതിന്റെ ദല്ലാള്‍ പണം കൊണ്ടു ചീര്‍ത്തു വളരുന്ന ഒരു ഭരണ വര്‍ഗ്ഗം നമ്മെ ഭരിക്കുന്നു. ദാരിദ്ര്യ നിര്മാര്‍ജ്ജനമല്ല ഇന്നതിന്റെ മുദ്രാവാക്യം. ദരിദ്ര നിര്മാര്‍ജ്ജനമാണ്. ഇരകള്‍ അദ്ധ്വാനിക്കുന്ന ജനകോടികളാണ്. ഭാരതത്തെ ഒരു രണ്ടാം സ്വാതന്ത്ര്യത്തിലേക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന വിശാലമായ സമരമുന്നണി കെട്ടിപ്പെടുക്കുകയാണ് ആവശ്യം.

അഭിഷേക് പറഞ്ഞു...

nirahara samaram new trend

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നല്ല വരികള്‍ ...........
നാമൂസ് ......ഈ ചിന്തകള്‍ തീര്‍ച്ചയായും ബ്ലോഗ്ഗിനു പുറത്ത് എത്തേണ്ടതാണ് ........

അജാതശത്രു പറഞ്ഞു...

നല്ല കവിത..അഭിനന്ദനങ്ങൾ .

ഇറോം ശർമ്മിളയുടെ സമരം ശ്രദ്ധിക്കപ്പെടെണ്ടതു തന്നെ..

ഒരു സംശയം മാത്രം.. അണ്ണാഹസാരെ സമരം തുടങുന്നതിനു മുന്നെ ഈ ലോകസ്നേഹം ഒന്നും കാണാനില്ലായിരുന്നല്ലോ ? ഇപ്പോൾ പെട്ടെന്നുണ്ടായ ഈ സ്നേഹത്തിനു പിന്നിൽ (താങ്കളെപ്പോലെ പലരുടെയും) ഏതോ ഒരു ഹിഡൻ അജെൻഡ അല്ലേ ? ഇതിന്റെ ഉദ്ദേശം ശർമ്മിളയെ സ്നേഹിക്കുക എന്നതിലുപരി ആരെയൊക്കെയോ എതിർക്കുകയല്ലേ ?

Mizhiyoram പറഞ്ഞു...

ഈ ആശയത്തിനും ശക്തമായ വരികള്‍ക്കും എന്‍റെ
ആശംസകള്‍.

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

നീതിനിഷേദത്തിനും പൗരാവകാശലംഘനത്തിനുമെതിരെ പൊരുതുന്നവരെ അടിച്ചമര്‍ത്തുന്ന ഭരണകര്‍ത്താക്കളും, കണ്ടിട്ടും കാണാത്തത് പോലെ നടിക്കുന്ന മാധ്യമങ്ങളും പൊതുസമൂഹവും തീര്‍ച്ചയായും വിമര്‍ശനം അര്‍ഹിക്കുന്നു...അവയ്ക്കു നേരേ പിടിച്ച കൂരമ്പ്പോലെയുണ്ട് വരികള്‍....

Njanentelokam പറഞ്ഞു...

കൂട്ടായ്മകള്‍ നഷ്ടപ്പെടുന്നു.ആദര്‍ശം ചോദ്യം ചെയ്യപ്പെടുന്നു.
കാഴ്ചകളുടെ ധാരാളിത്വത്തില്‍ ശരിയായ കാഴ്ച മറയ്ക്കപ്പെടുന്നു.
ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി
തല്ലി കൊല്ലുന്ന ഇന്നത്തെ ലോകത്തിന്റെ
യഥാര്‍ത്ഥ ചിത്രം.......

ajith പറഞ്ഞു...

ഹസാരെമാര്‍ ആഘോഷിക്കപ്പെടുന്നു..ശര്‍മിളയോ, അവള്‍ ആരെന്ന് പൊതുജനം...കഷ്ടം കഷ്ടം

ആചാര്യന്‍ പറഞ്ഞു...

മുലക്കച്ച കെട്ടിക്കൊടുക്കെണ്ടവര്‍ തന്നെ അതഴിച്ച് പിച്ചി ചീന്തുന്നു...
തോക്കുകള്‍ കൊണ്ട് മറ തീര്‍ക്കെണ്ടവര്‍ തന്നെ തോക്ക് കൊണ്ടവളെ അബലയാക്കുന്നു..
ഇവിടെ ജനാധിപത്യം ജനങ്ങള്‍ക്കുല്ലതോ അതോ!!!
നല്ല വരികള്‍ നമൂസ്‌

ധനലക്ഷ്മി പി. വി. പറഞ്ഞു...

നിരാഹാരം കോടികള്‍ ചിലവഴിച്ച് ആഘോഷിക്കപ്പെടുമ്പോള്‍ സ്വന്തം ശരീരത്തോട് യുദ്ധം ചെയ്തു ഇറോം ശര്‍മ്മിള ഇപ്പോഴും പൊരുതുന്നു ..അവളുടെ നാട്ടിലെ സ്ത്രീകളുടെ മാനത്തിനു വേണ്ടി..അതെ നമുക്ക് കണ്ണും കാതും അടച്ചിരിക്കാം..ചാനലുകള്‍ കോര്പറേറ്റ് വികസനത്തിന്‍റെ ബ്രാന്‍ഡ്‌ അംബാസഡറെ കണ്ടെത്തട്ടെ

K@nn(())raan*خلي ولي പറഞ്ഞു...

ബലഭേഷ്‌..!

പ്ലീസ്,
എന്നെ ഭീകരനാക്കൂ..!

(ഇന്ന് ഭീകരനെന്ന് പറഞ്ഞാലേ ഒരു നിലയും വിലയുമുള്ളൂ. ഇരിക്കട്ടെ ഞമ്മക്കൊരു ഫീകരത്വം!)

shahjahan പറഞ്ഞു...

ഈ ആശയത്തിനും ശക്തമായ വരികള്‍ക്കും എന്‍റെ
ആശംസകള്‍.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കൂട്ടിവായിക്കാൻ ലോകപാലും അഫ്‌സപയും!.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

മാർക്കറ്റ് ചെയ്യാൻ ആളുണ്ടെങ്കിലെ എന്തും ശ്രദ്ധിക്കപ്പെടൂ, വിജയിക്കൂ.

MOIDEEN ANGADIMUGAR പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു എന്നു പറയുമ്പോൾ അതുവെറും ഭംഗിവാക്കായിപ്പോകും. വരികൾ കൂരമ്പുകളാണ്.
നമുക്ക് ഇങ്ങനെയൊക്കെയേ പ്രതികരിക്കാൻ കഴിയൂ നാമൂസ്. ഈ കിടപ്പ് ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും ‘യാങ്കിയുടെ പൊന്നോമനകൾ’അറിഞ്ഞ മട്ടില്ല.ശീതീകരിച്ച പന്തലോ കൂട്ടം കൂടി ഭജന പാടാൻ ആ‍യിരങ്ങളോ ഇല്ലാത്തതാവാം കാരണം.
“നന്ദി,
ശാന്തമായി ഒരു വ്യാഴവട്ടം പിന്നിട്ടതിനല്ല.
ധീരമായി ചെറുത്തു നിന്നതിനുമല്ല.
നിന്റെ നാടിന്റെ നഗ്ന മാംസത്താല്‍
എന്റെ വായനൊക്കൊരു കവറൊരുക്കിയതിന്.
എന്റെ 'പെട്ടിയില്‍' ദൃശ്യ'വിരുന്നൊരുക്കിയതിന്.“

അഭിനന്ദനങ്ങൾ..!

gibru പറഞ്ഞു...

""ശാന്തമായി ഒരു വ്യാഴവട്ടം പിന്നിട്ടതിനല്ല.
ധീരമായി ചെറുത്തു നിന്നതിനുമല്ല.
നിന്റെ നാടിന്റെ നഗ്ന മാംസത്താല്‍
എന്റെ വായനൊക്കൊരു കവറൊരുക്കിയതിന്.
എന്റെ 'പെട്ടിയില്‍' ദൃശ്യ'വിരുന്നൊരുക്കിയതിന്.""

"നാമൂസ് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു
...നിങ്ങള്‍ ആരെന്നു വിളിച്ചു പറയുന്ന ഈ വരികള്‍
തന്നിലേക്ക് തിരുഞ്ഞു നോക്കാന്‍ നിര്‍ബന്ധിക്കുന്നു .
കാലം വരുത്തിയ മാറ്റം,.നിസ്സഹായാവസ്ഥ എന്നല്ലാം പറഞ്ഞൊഴിയാം ..
...എന്നാലും ഈ ഒരു ഓര്മ പെടുത്തലിനു നന്ദി .....

രമേശ്‌ അരൂര്‍ പറഞ്ഞു...

നാമൂസ് ശക്തമായ വരികള്‍ ...

സ്വയം വിറ്റു 'തീര്‍ത്തവര്‍' അല്ലെങ്കില്‍ 'തീര്‍ക്കുവോര്‍' എന്ന് തിരുത്തുക.
തീര്‍ത്തുവോര്‍ എന്നത് തെറ്റാണ് .

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

നാമൂസ്, ശക്തമായ വരികള്‍... ഇവിടെ എല്ലാം കച്ചവടവല്ക്കരിക്കപ്പെടുമ്പോള്‍, സ്പോണ്‍സര്‍ ചെയ്യപ്പെടുമ്പോള്‍ ഷര്‍മിളമാരെ കാണാതെ പോവുക സ്വാഭാവികം മാത്രം.

Lipi Ranju പറഞ്ഞു...

ഈ ചിന്തകള്‍ക്ക് മുന്നില്‍ നമിക്കുന്നു സുഹൃത്തേ...

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ന്റ്റെ തല കറങ്ങും പോലെ..
വിപത്തുകളെല്ലാം കുന്നു കൂടി മുന്നില്‍ വന്ന് വീണ പോലെ..
ഏറ്റു വാങ്ങാന്‍ ശക്തിയില്ലല്ലോ കൂട്ടുകാരാ...
പ്ലീസ്..!
നീ എന്നെ നിസ്സഹായയാക്കരുത്.

റാണിപ്രിയ പറഞ്ഞു...

ശക്തമായ വരികള്‍...

Pradeep Kumar പറഞ്ഞു...

അഭിവാദ്യങ്ങള്‍...

Hashiq പറഞ്ഞു...

അമര്‍ഷത്തില്‍ നിന്നുള്ള വരികള്‍. നാമൂസ്‌, നിങ്ങള്‍ക്ക് പുറകില്‍ ഒരു വോട്ടുബാങ്ക് ഇല്ലെങ്കില്‍, രാഷ്ട്രീയ ദല്ലാളന്മാരുടെയും ജാതി- മത മേലധ്യക്ഷന്മാരുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ ഇല്ലെങ്കില്‍ , എല്ലാത്തിനുമുപരിയായി മാര്‍ക്കറ്റിംഗ് രംഗത്ത് നിങ്ങളൊരു പരാജയമാണെങ്കില്‍- നീതിക്കു വേണ്ടിയുള്ള മുറവിളിയും, സഹായത്തിനായുള്ള നിലവിളിയും ഒരു പക്ഷേ വനരോദനമായി മാറിയേക്കാം.

grkaviyoor പറഞ്ഞു...

നെഞ്ചിന്റെ നേര് കീറി വന്ന വാക്കുകള്‍

ഇപ്പോഴും നാം എന്ന ബോധം ഉണ്ടാവട്ടെ

ഞാന്‍ എന്ന അഹം മാറട്ടെ അപ്പോള്‍ എല്ലാത്തിനും

ശ്വാശ്വതമായ പരിഹാരം ഉണ്ടാവുകയുള്ളൂ

നല്ല ശക്തമായ വരികള്‍ നാമുസ്സ് ഇഷ്ടമായി പോസ്റ്റ്‌

വേണുഗോപാല്‍ പറഞ്ഞു...

സഹന സമരത്തിന്റെ ഉജ്ജ്വല പ്രതീകം ... ഇറോം ,,,, അവര്ക് മനസ്സിലെങ്കിലും പിന്തുണ പ്രഖാപിച്ചു കൈ പോക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ധന്യന്‍ ,,,, ഈ വരികള്‍ നാട്ടില്‍ നിങ്ങള്‍ നടത്തിയ ഇറോം സ്മരണക്കു ഞാന്‍ ഇട്ട കമന്റ്‌ ..... ഞാന്‍ പിന്തുണക്കുന്നത് എന്റെ വായനക്ക് കവര്‍ ഒരുക്കിയതിനും എന്റെ പെട്ടിയില്‍ ദൃശ്യ വിരുന്നോരുക്കിയതിനുമല്ല .... ശാന്തമായി ഒരു വ്യാഴവട്ടം പിന്നിട്ട ധീരമായ ആ ചെറുത്തുനില്പിന്നു തന്നെ ... അഭിവാദ്യങ്ങള്‍ ഇറോം ... ആശംസകള്‍ നാമൂസ് ....

ജീവി കരിവെള്ളൂർ പറഞ്ഞു...

കോടികള്‍ കൊണ്ട് ഉപവാസ സമരാഭാസങ്ങള്‍ നടത്തുന്നവര്‍ക്കിടയില്‍ ഇത് വെറും പട്ടിണി കിടക്കല്‍ മാത്രം :(

മുകിൽ പറഞ്ഞു...

നമുക്കൊന്നിനും ഉത്തരങ്ങളില്ല, നാമൂസ്. ചോദ്യങ്ങളധികമായാല്‍ കുഴികളില്‍ മണ്ണിട്ടു മൂടുപ്പെടും. ഇറോം.. ഉള്ളിലൊരു തീവ്റ വ്റണമായി കിടക്കുന്നു, പല വ്റണങ്ങളുടേയും കൂടെ.. സഹോദരി നിന്റെ ഉയിരിനൊപ്പം ഞങ്ങള്‍ക്കു ഉയിരെത്തുന്നില്ല. ഇതു ഞങ്ങളുടെ ഷണ്ഡത്വം.. അവകാശങ്ങള്‍ കൊണ്ടു ആറാട്ടു നടത്തുന്നവര്‍ക്കു വേണ്ടി അവകാശമില്ലായ്മയുടെ ആറാട്ടുകള്‍ മറുത്രാസ്സില്‍ സംതുലനം നേടുന്നു. ഈ ചരിത്രം ഇങ്ങനെ തുടരുന്നു..
വിഷയത്തിന്റെ തീവ്രത വരികളില്‍ തെളിയുന്നുണ്ട്. നല്ലെഴുത്തിനു അഭിനന്ദനങ്ങള്‍.

Jefu Jailaf പറഞ്ഞു...

നാമൂസ് ഭായ്..ഒച്ച്ചയില്ലെങ്കിലും ഞാന് മുഷ്ടി ചുരുട്ടി വിളിച്ചാല്‍ അത് ഇങ്ക്വിലാബ് ആകുമെങ്കില്‍, വിളിക്കുന്നു ഞാനും ഈ വരികള്കൊപ്പം ഇങ്ക്വിലാബ് സിന്ദാബാദ്. മാതൃത്വ വികാരം പകര്‍ന്നു നല്‍കിയ നഗ്നമായ മുലകളില്‍ ആഴ്ന്നിറങ്ങിയ ചെന്നായയുടെ പല്ലുകള്‍ തനിക്കു കാവലകേണ്ട കാവലാളുകളുടെതെന്നു തിരിച്ച്ചരിയുമ്പോള്‍ നാം ആരെ വിശ്വസിക്കണം.. ഭാരത മാതാവിന്റെ പ്രതിര്രൂപങ്ങളെ നഗ്നരാക്കുന്ന കാമാന്ധകാരമോ സൈനിക സേവനം.. ശക്തമായ അവതരണം ഭായ്..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

എന്നും എരിയുന്ന പ്രധിഷേധതിന്റെ വരികള്‍. ശബ്ദങ്ങള്‍ ,
ഇതും ഒരു സമരം തന്നെ നാമൂസ്.
തുടരുക ഈ അക്ഷരങ്ങളെ കൂട്ടുപിടിച്ചുള്ള സമരം.
ആശംസകള്‍

ഷൈജു.എ.എച്ച് പറഞ്ഞു...

രക്തം തിളയ്ക്കുന്ന വരികള്‍...
അധര്‍മ്മത്തിനെതിരെ ധീരമായി സ്ത്രീകള്‍ക്ക് (എല്ലാവര്ക്കും) മോമ്പോട്ടു വരാന്‍ ഇവര്‍ മാതൃകയാവട്ടെ..
അവരുടെ മനസ്സ് പോലെ ശരീരത്തിനും ശക്തിയുണ്ടാവട്ടെ എന്നാശംസിക്കുന്നു..
നമൂസിനു ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

Kalam പറഞ്ഞു...

ഇറോം പട്ടിണി കിടക്കുന്നത് അങ്ങ് ദൂരെയുള്ള മണിപ്പൂര്കാര്‍ക്ക് വേണ്ടി അല്ലെ?
അതില്‍ നമുക്കെന്തു കാര്യം.
ഹസാരെ പട്ടിണി കിടന്നാല്‍ നമ്മള്‍ കൊടുക്കുന്ന കൈക്കൂലിയുടെ റേറ്റ് കുറഞ്ഞാലോ?
നമുക്ക് അര്‍ഹ്ഹമായതും അനര്‍ഹ്ഹമായതും കുറഞ്ഞ ചിലവില്‍ നേടാം.
അപ്പോള്‍ നമ്മള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യണം.
അങ്ങിനെ വേണ്ടെ നമ്മള്‍ സ്വന്തം കാര്യം നോക്കാന്‍. ;)
:(

PS:നമൂസിന്റെ ലേഖനങ്ങളാണ് കവിതകളേക്കാള്‍ ഇഷ്ടപ്പെടുന്നത്.

Yasmin NK പറഞ്ഞു...

അഗ്നി.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നമൂസ്ക്ക ശക്തമായ വരികള്‍..പ്രതിഷേധവും നൈരാശ്യവും എല്ലാം ശക്തമായി പ്രകടിപ്പിച്ചിരിക്കുന്നു..അഭിവാദ്യങ്ങള്‍.

സീത* പറഞ്ഞു...

വാക്കുകളിലെ അഗ്നി...സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു....തിരിച്ചറിയേണ്ടിയിരിക്കുന്നു...

ചന്തു നായർ പറഞ്ഞു...

എന്നെ ഭീകരനാക്കരുത്. പ്ലീസ്..!!തീവ്രമായ ചിന്തകൾ, പ്രതികരിക്കാൻ ആളില്ലെന്ന് വന്നാൽ...ചിലപ്പോൾ നമ്മളും ഭീകരനാകും....അനീതിക്കെതിരെ... നാമൂസ്സ്.... ഈ ഒരു വരിയിൽ തന്നെ “നമ്മുടെ” ആവേശം അലയടിക്കുന്നുണ്ട്...‘എന്റെ വായനൊക്കൊരു കവറൊരുക്കിയതിന്.‘ ഈ വരി ഒന്ന് കൂടെ വ്യക്തമാക്കുക...വായനാമാദ്ധ്യമങ്ങളിൽ കവറേജ് ഒരുക്കിയതിനു ‘ എന്നായിരിക്കും നാമൂസ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു... ഈ കവിക്ക് എന്റെ നമസ്കാരം.....

കീപ്പുറത്ത് പറഞ്ഞു...

അറിയില്ലേ...
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം..!
ആഭ്യന്തര ഭീകരാക്രമണം..!
'ആദിവാസി നക്സല്‍' ഭീഷണി..!
അല്പം തിരക്കിലാണ്.
ജന സേവകര്‍ ജയിലഴിക്കുള്ളിലാണ്.

നന്നായിട്ടുണ്ട്‌ !!!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ധൈര്യമായിരിക്കുക.
ഒരപരാധിയും ശിക്ഷിക്കപ്പെടുകയില്ല.

കൊമ്പന്‍ പറഞ്ഞു...

ഇല്ല നന്നാവില്ല.
നമ്മുടെ നാട് നന്നാവാന്‍ നന്നാ ക്കേണ്ടവര്‍ സമ്മതിക്കില്ല.
ഭാരാതമ്മയുടെ വിരിമാറില്‍ ഒരായിരം ഈറോം ശാര്മിളമാര്‍
ജീവച്ഛവമായി കിടന്നാലും, തലയോട്ടികള്‍ ശവ കുഴികള്‍ നിറച്ചാലും.. ഇതിനു പരിഹാരമാവും എന്ന് പ്രത്യാശ നല്‍കാന്‍ ആവില്ല.
മറിച്ച് ഒന്നര ചാണ്‍ വയറിനുള്ളില്‍ അടക്കിപിടിച്ച മാനാഭിമാനത്തിന്‍ യോനിയിലേക്ക് തള്ളി കയറാന്‍ നില്‍ക്കുന്ന പട്ടാള ഭീകരതയുടെ ചുക്കാമണി ചെത്തി ഉപ്പിലിടും വരെ..!!

ചന്ദ്രകാന്തം പറഞ്ഞു...

..എനിക്ക് ദേശസ്നേഹം കൊണ്ട്.. നില്‍ക്കാന്‍ വയ്യ..!!

അതെ, ദേശത്തെ "സേവിച്ച്‌ സേവിച്ച്‌" ശീലിച്ചുപോയതല്ലേ..

yousufpa പറഞ്ഞു...

ഞാനൊന്ന് മിണ്ടാതിരിക്കട്ടെ,
പ്ലീസ്..!
എനിക്ക് ദേശസ്നേഹം കൊണ്ട് നില്‍ക്കാന്‍ വയ്യേ...
നിറുത്തുക ഈ നിരാഹാര ഭീകരത.
എന്നെ ഭീകരനാക്കരുത്. പ്ലീസ്..!!


നന്നായിട്ടുണ്ട് സഹോദരാ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഭരതത്തിന്റെ മാത്രം പ്രത്യേക ഭീകരതയാണ് കേട്ടൊ
ഈ നിരാഹാര ഭീകരത..

നല്ല പ്രതികരണം...!

Manoraj പറഞ്ഞു...

പ്രതികരണം .. പ്രതികരണം.. ശക്തമായ പ്രതികരണം.

Arun Kumar Pillai പറഞ്ഞു...

..രക്തം നനച്ചു മഹാകല്പവൃക്ഷമായ് സത്യ സമത്വ സ്വാതത്ര്യം വളര്‍ത്തുവോന്‍....
അവഗണന അടിമത്വ അപകര്‍ഷ ജീവിതം
അധികാര ധിക്കാരമധിനിവേശം.....
എവിടെയീ പ്രതിമാനുഷധൂമമുയരുന്നതവിടെ-
കൊടുങ്കാറ്റു രക്തസാക്ഷി......

നാമൂസ്ക്കാ നല്ല പോസ്റ്റ്..

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

നാമൂസിക്കാ....
വാക്കുകളിൽ അഗ്നിയൊളിപ്പിച്ച പ്രതികരണാസ്ത്രം...
തിഹാറിലെ കൽത്തുറുങ്കുകളിലെ ജീർണ്ണഹൃദയങ്ങളെ ഈ അസ്ത്രങ്ങൾ വേവിച്ചെടുക്കട്ടെ....
അങ്ങു രാജധാനിയിൽ,സാധാരണക്കാരന്റെ അടിസ്ഥാനഭൗതികാവശ്യങ്ങൾ യാങ്കികൾക്കും സാം അമ്മാവനും പകുത്തുകൊടുത്ത് പങ്കു പറ്റിയ സ്വിസ്ബാങ്ക് വേശ്യകളിൽ തിരുമേനിമാർ സൃഷ്ടിച്ച പുതിയ മുഖപടങ്ങളെ ഈ അസ്ത്രങ്ങൾ കത്തിച്ചു ചാമ്പലാക്കട്ടെ....
അഭിനന്ദനങ്ങൾ...
അഭിനന്ദനങ്ങൾ....
അഭിനന്ദനങ്ങൾ....

സ്വന്തം സുഹൃത്ത് പറഞ്ഞു...

"എന്നെ ഭീകരനാക്കരുത്. പ്ലീസ്..!!"
പലപ്പോഴും തോന്നിയിട്ടുണ്ട്......! നാമൂസിന്‍റെ ശബ്ദമായ് ദിക്കെങ്ങും മുഴങ്ങട്ടെ.. ഒത്തിരി ആശംസകള്‍!

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

നാമൂസ്, അധികാരവര്‍ഗ്ഗത്തോടുള്ള പുച്ഛം കലര്‍ന്ന രോഷം അസ്സലായി. ഒട്ടും കൂടിയിട്ടുമില്ല, ഒട്ടും കുറഞ്ഞിട്ടുമില്ല. അഭിനന്ദനങ്ങള്‍!!

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ശകതം... തീവ്രം... അഭിവാദ്യങ്ങള്‍

SHANAVAS പറഞ്ഞു...

നാമൂസ്‌, നേരിട്ട് കണ്ടപ്പോള്‍ ഇത്ര ഫീകരന്‍ ആണെന്ന് കരുതിയില്ല..എന്തൊരു കരുത്തുറ്റ കൂരമ്പുകള്‍..നെഞ്ചില്‍ നേരിട്ട് തറയ്ക്കുന്നത് പോലെ..പക്ഷെ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട..ഇത് ഇങ്ങനെ ഒക്കെയേ നടക്കൂ..ആശംസകള്‍..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...


പതിനൊന്നു വര്‍ഷമായി ഇല്ലാത്ത വേറൊരു കവറേജ് .
ഇറോം ശര്‍മിള ഒരാളെ പ്രണയിക്കുന്നത്രേ!!
ആ വ്യക്തി വന്നപ്പോള്‍ അനുയായികള്‍ ഇറോമിനെ കാണാന്‍വിസമ്മതിച്ചുപോലും! യുദ്ധത്തില്‍ പ്രണയത്തിനു എന്ത് പ്രസക്തി! സംഭവം വ്യക്തിപരം ആണെങ്കില്‍ പോലും, മീഡിയകള്‍ക്ക് ഇതാണാവശ്യം.
നിരാഹാരത്തിനേക്കാള്‍ അവര്‍ക്ക് മാര്‍ക്കറ്റ്‌ പ്രണയത്തിന് തന്നെ.
കാത്തിരുന്നു കാണാം.

ശ്രീക്കുട്ടന്‍ പറഞ്ഞു...

അതിശക്തമായ പ്രതികരണം..അഭിവാദ്യങ്ങള്‍..

Ismail Chemmad പറഞ്ഞു...

നന്ദി,
ശാന്തമായി ഒരു വ്യാഴവട്ടം പിന്നിട്ടതിനല്ല.
ധീരമായി ചെറുത്തു നിന്നതിനുമല്ല.
നിന്റെ നാടിന്റെ നഗ്ന മാംസത്താല്‍
എന്റെ വായനക്കൊരു 'കവറൊ'രുക്കിയതിന്.
എന്റെ 'പെട്ടിയില്‍' ദൃശ്യ'വിരുന്നൊരുക്കിയതിന്.


എന്തിനു കൂടുതല്‍ വാക്കുകള്‍ നമൂസ്....
ഇത്രയും പോരെ...

സിവില്‍ എഞ്ചിനീയര്‍ പറഞ്ഞു...

നന്ദി,
ശാന്തമായി ഒരു വ്യാഴവട്ടം പിന്നിട്ടതിനല്ല.
ധീരമായി ചെറുത്തു നിന്നതിനുമല്ല.
നിന്റെ നാടിന്റെ നഗ്ന മാംസത്താല്‍
എന്റെ വായനക്കൊരു 'കവറൊ'രുക്കിയതിന്.
എന്റെ 'പെട്ടിയില്‍' ദൃശ്യ'വിരുന്നൊരുക്കിയതിന്.

ഇത് മാത്രം പോരെ നാമൂസ്, വേറെ ഒന്നും ആവശ്യമില്ല. . .

ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല. . ഒന്നും ഒന്നും നടക്കാന്‍ പോകുന്നില്ല

- സോണി - പറഞ്ഞു...

രാമചന്ദ്രന്‍ വെട്ടിക്കാട്ട് പറഞ്ഞതുപോലെ, മാര്‍ക്കറ്റ്‌ ചെയ്യാന്‍ ആളുണ്ടെങ്കിലേ ഇവിടെ എന്തിനും വിലയുള്ളൂ.
ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഈയടുത്ത കാലത്തായി ഒരുമിച്ചുകൂടിത്തുടങ്ങിയിട്ടുണ്ട് എന്ന് നമുക്ക് ആശ്വസിക്കാം.

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഭരണകൂടം എന്നാ ആശയം തന്നെ ഭീകരമാണ് ,ഭരിക്കുക എന്നാല്‍ തങ്ങളില്‍ ശക്തിയും ബുദ്ധിയും കുറഞ്ഞവനെ കീഴടക്കുക എന്ന് തന്നെയാണ് അത് ജനാധിപത്യത്തിലും നടക്കുന്നുണ്ട് .അതും ഒരു ഭരണ സംവിധാനം തന്നെയാണല്ലോ .ഒരു ചെറിയ മൂളല്‍ കൊണ്ട് പോലും പ്രതിരോധിക്കാന്‍ കഴിയുന്നവര്‍ ആദരിക്കപ്പെടണം,തീര്‍ച്ച ..

ഏ.ആര്‍. നജീം പറഞ്ഞു...

നമൂസേ... നമ്മിച്ചിരിക്കുന്നു...!!

സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിക്കേണ്ട ചില സന്ദർഭങ്ങളിൽ അതിനു കഴിയാതെ വരുമ്പോൾ നിസ്സഹായമായി ഒന്ന് നെടുവീർപ്പിട്ട് ഒഴിഞ്ഞു മാറുന്ന ഇന്നത്തെ തലമുറ അക്ഷരങ്ങളുടെ ശക്തി ബോധ്യപ്പെടേണ്ടത് ഇത്തരം സൃഷ്ടികളിലൂടെയാണ്..

ഇനിയും ഇത്തരം അനീതിക്കെതിരെ പ്രതികരിക്കാൻ താങ്കൾക്കും താങ്കളുടെ അക്ഷരങ്ങൾക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു...

Echmukutty പറഞ്ഞു...

ഈ കൂരമ്പ് തറച്ച് കയറട്ടെ....ആ മുറിവിൽ നിന്നെന്തെങ്കിലും ജന്മമെടുക്കട്ടെ.

ഒരു പ്രണയകഥയുമായി കൂട്ടിച്ചേർത്ത് ഇറോം ശർമിളയുടെ സമരത്തെ പൈങ്കിളിയാക്കി ചിത്രീകരിയ്ക്കാനുള്ള ഒരു ശ്രമം കാണാനിടയായി.....സമരം ആവശ്യമില്ലാത്തതെന്നും ഇറോമിനു തന്നെയും സമരം മതിയായെന്നുമുള്ള മട്ടിലാവും ഇനി അടുത്ത പ്രചരണം.

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഭരിക്കുന്നവർ ക്രിമിനലുകളായി മാറുന്ന ഒരു രാജ്യത്ത് ഈവന്റ് മാനേജ്മെന്റ് സംഘാടകത്ത്വം ഇല്ലെങ്കിൽ ഷർമിളമാർ ഇവിടെ ത്യജിക്കപ്പെടും..

ശക്തമായ ഭാഷ.. ആശംസകൾ..!!

majeed alloor പറഞ്ഞു...

പ്രചരണങ്ങളും പ്രലോഭനങ്ങളും
ഭീഷണികളും സമവായങ്ങളും
നിഷ്ഫലമാകുംബോള്‍
കരുതിയിരിക്കുക..
ആരെയും വിലക്കെടുക്കാന്‍ കഴിയുന്ന ഇക്കാലത്ത്
കൂടെയുള്ളവരെക്കുറിച്ച് ജാഗ്രത പാലിക്കുക..!?
അഭിവാദ്യങ്ങള്‍...

Basheer Kanhirapuzha പറഞ്ഞു...

കോടതിയില്‍ അന്യായം ബോധിപ്പിക്കുക എന്ന് പറഞ്ഞത് പോലെ, ന്യായങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ല അന്യായങ്ങള്‍ കൊടികുത്തി വാഴുന്നു. ശരിയും തെറ്റും നീതിയും നീതികേടും ഒക്കെ തീരുമാനിക്കുന്നത് കയ്യൂക്കുള്ളവരും ഭരണാധികാരികളും ആണ്. ഇറോം നെ ശ്രദ്ധിക്കാന്‍ ആരും ഇല്ല. അമ്പതും നൂറും കോടി ചെലവാക്കി ശീതീകരിച്ച ഹാളുകളില്‍ നടക്കുന്ന പ്രഹസന നിരാഹാരങ്ങള്‍(നീരും ആഹാരവും) വലിയ ചര്‍ച്ചാ വിഷയം ആകുന്നു. ശ്വാസം പിടുത്തം ദൈവിക കല ആയി ചിത്രീകരിക്കുന്നു. വിചിത്രം എന്ന് പറയട്ടെ വിദേശത്തു നിന്ന് ഫണ്ടിംഗ് നടത്തുന്നവന്‍ അതിനെതിരെ സമരം ചെയ്യുന്നു. കള്ള സ്വാമിമാരും കള്ള സിദ്ധന്മാരും കള്ള പാതിരിമാരും പാവപ്പെട്ടവരെ പിഴിയുന്നു. അവര്‍ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അത് മതത്തിന് നേരെയുള്ള കടന്നുകയറ്റം ആയി വേവലാതി കൊള്ളുന്നു. അഴിമതിക്കാരനും കൊലയാളിയും കൊള്ള പലിശക്കാരനും പൂഴ്ത്തി വെപ്പുകാരനും സ്വജനപക്ഷപാതിയും തെമ്മാടിയും മുഴുക്കുടിയനും നാട് ഭരിക്കുന്നു ബഹുമാനിക്കപ്പെടുന്നു .പാര്‍ട്ടികളില്‍ മത സംഘടനകളില്‍ ഗ്രൂപ്പിസം പൊടിപൊടിക്കുന്നു. ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പ്‌. ഒരേ ആശയക്കാര്‍ക്ക് എന്തിനാണ് പല ഗ്രൂപ്പ് എന്ന് ചോദിച്ചാല്‍ ആര്‍ക്കും മറുപടിയില്ല. പലര്‍ക്കും ആശയം അല്ല പ്രശ്നം അധികാരവും ആമാശയവും ആണ് മുഖ്യ അജന്‍ഡ. മിണ്ടരുത് കാണരുത് കേള്‍ക്കരുത് നമുക്ക് ഒരു ലഹരിയുടെ അടിമയാകാം.
നല്ല ഭാഷ കാലിക പ്രസക്തമായ വിഷയം എല്ലാവിധ ഭാവുകങ്ങളും

Elayoden പറഞ്ഞു...

നാമൂസ്

അതി ശക്തമായ വരികളില്‍ പറയേണ്ടത് കുറിക്കു പറഞ്ഞു. ആശംസകള്‍, തൂലിക ഇനിയും ചലിക്കട്ടെ...

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

വളരെ നല്ല കവിത. ശക്തമായ പ്രമേയം.

mayflowers പറഞ്ഞു...

വരാന്‍ വളരെ വൈകി.
ഇറോമിനെപ്പോലെ ഈ ലോകത്ത് ഇറോം മാത്രം..
ആ ഇതിഹാസത്തെ ഓര്‍ത്തതില്‍ സന്തോഷം.

Renjith പറഞ്ഞു...

നാമൂസ്‌ മന്‍സൂര്‍ നീ ഞങ്ങളുടെ പൊതു സമൂഹത്തിന്റെ തോലിയുരിയുന്നു....അതെ...ദേശ സ്നേഹം കൊണ്ടെനിക്കിരിക്കാന്‍ മേലെ.....

അജ്ഞാതന്‍ പറഞ്ഞു...

ജീവിച്ചിരികാനുള്ള ലജ്ജ ...
ഇന്നാട്ടിലൊരു നിശ്ശബ്ദപൌരനായി ...

ഇനിയുമെഴുതൂ..., ഞങ്ങളതു വായിച്ച് ഈ ഭാരം ഇറക്കിവെക്കട്ടെ ...

parammal പറഞ്ഞു...

തീക്ഷ്ണമായ പ്രതികരണം

ഫാരി സുല്‍ത്താന പറഞ്ഞു...

അധര്‍മത്തിന്റെ അരമനകളെ കിടിലം കൊള്ളിക്കുന്ന ശക്തിയുള്ള തൂലികയാകട്ടെ താങ്കളുടേത്...!!! ആശംസകൾ..!!

Bithunshal പറഞ്ഞു...

Really touching...

mayilpeili പറഞ്ഞു...

ധർമ്മമെവിടേയെന്നു ചോദിപ്പീല ഞാൻ
ദൂരെ കടലുകൽക്കപ്പുറം മറഞ്ഞൊരാ
ധർമ്മനീതിയെന്നെ പല്ലിളിച്ചുകാട്ടുന്നു
പണം സർവത്രപണം മാത്രം ഒഴുകട്ടേ
ദുരിതപർവ്വങ്ങളേറിയോരഗ്നിച്ചിറകുകളിൽ
കറൂത്ത നീതിയുടേ മഴനിഴല്പാടുകൾ മാത്രം ....!!! നന്ദി നമൂസ് പ്രിയനേ നിന്റെ വേദനകളിലേക്കൊരിറ്റ് അഗ്നിപകരട്ടേ ഞാൻ.....അമർഷത്തിന്റെ അസ്വാരസ്യത്തിന്റെ ആത്മസംഘർഷത്തിന്റെ ചെറു തീപ്പൊരി പുകയുന്നു........!!!

പാറക്കണ്ടി പറഞ്ഞു...

ഇറോം ഇനിയും നിന്റെ ശബ്ദങ്ങള്‍ കൊണ്ട് മുഖരിതമാകും
അധികാരത്തിനു മുകളില്‍ അലയടിക്കേണ്ട ശബ്ദം .
നീതിക്ക് മുന്നില്‍ മുട്ട് കുത്തി നില്‍ക്കാന്‍
അവര്‍ക്ക് ഒരുങ്ങി നില്‍ക്കേണ്ട സമയമായി
ഇറോം അതിനു നീ സാക്ഷിയാവും
നീ പീടിപ്പിക്കപെട്ടവരുടെ രക്ത ത്തിലൂടെ ഒഴുകുകയാണ്
അതൊരു മഹാ നദിയായി പ്രളയമായി
അനീതിയുടെ വന്മരങ്ങളെ കടപുഴക്കുക തന്നെ ചെയ്യും .
ഞങ്ങള്‍ അക്ഷമയോടെ .......

ഉമ്മു അമ്മാര്‍ പറഞ്ഞു...

അഗ്നി കൊണ്ടെഴുതിയ വരികള്‍...... വളരെ വലിയ ചിന്ത..ഭാവുകങ്ങള്‍..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

theekshnamaya rachana.............. aashamsakal...............

Biju Davis പറഞ്ഞു...

ഐക്യദാർഢ്യം പ്രഖ്യാപിയ്കുന്നു സഹോദരാ; ഒപ്പം നമുക്ക് ചെയ്യാവുന്ന കൊച്ചു കൊച്ചു നന്മകളും വാക്ക് തരുന്നു

ഈറന്‍ നിലാവ് പറഞ്ഞു...

തിളയ്ക്കുന്ന മനസ്സിലെ പൊള്ളുന്ന വാക്കുകള്‍ ...തുടരുക ..ഉയര്‍ത്താം അവര്‍ക്കായി നമ്മുടെ ശബ്ദം ...നല്ല വരികള്‍ .നാമൂസ് ..അഭിനന്ദനങ്ങള്‍ ...

അജ്ഞാതന്‍ പറഞ്ഞു...

സമരങ്ങള്‍ ജയിപ്പിക്കുന്നതും അതിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതും മാധ്യമങ്ങളും രാഷ്ട്റീയപ്പാര്‍ട്ടികളുമാണ്.
ഇറോം ഷര്‍മ്മിളക്ക്ാരും പിന്തുണ കൊടുക്കാനില്ലേ? രാപ്പകല്‍ ഹസാരേക്ക് കൂട്ടിരുന്ന കിരണ്‍ ബേദിക്കെന്തേ പറ്റി? ഇരുപത്തിനാല് മണിക്കൂറും രാം ലീല മൈതാനിയില്‍ നിന്നും ലൈവ് കൊടുത്ത ചാനലുകളും ബര്‍ഖാ ദത്തുകളുമൊന്നുമെന്തേ ഈ സമരത്തെ തിരിഞ്ഞു നോക്കിയില്ല?
എവിടെ ഇടതു പക്ഷം? പ്രതിപക്ഷം? മനുഷ്യാവകാശക്കമ്മീഷന്‍?

നിരാഹാരം നടത്താന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമുണ്ടെന്ന നിയമം ഹസാരേയുടെ കാര്യത്തില്‍ മാത്രമേയുള്ളോ? അഴിമതി വിരുദ്ധ സമരത്തിന്ന് പിന്തുണയുമായി ഇറങ്ങിത്തിരിച്ച് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമൊക്കെയെവിടെ?
ഈ സഹനസമരം ഒരു ചരിത്രം പോലുമാകാതെ മരിച്ചു പോകാതിരിക്കട്ടെ!!

Arif Zain പറഞ്ഞു...

വായിച്ചവരുടെ മുഴുവന്‍ രോഷമിളക്കി വിട്ട ഈ പോസ്റ്റിനെ കുറിച്ച് ഇനി ഞാനെന്ത്‌ പറയാന്‍ - നന്നായിട്ടുണ്ട് ചങ്ങാതീ.

റശീദ് പുന്നശ്ശേരി പറഞ്ഞു...

നന്ദി,
ശാന്തമായി ഒരു വ്യാഴവട്ടം പിന്നിട്ടതിനല്ല.
ധീരമായി ചെറുത്തു നിന്നതിനുമല്ല.
നിന്റെ നാടിന്റെ നഗ്ന മാംസത്താല്‍
എന്റെ വായനക്കൊരു 'കവറൊ'രുക്കിയതിന്.
എന്റെ 'പെട്ടിയില്‍' ദൃശ്യ'വിരുന്നൊരുക്കിയതിന്


ഇനി ഒന്നും പറയുന്നില്ല
:(

നാമൂസ് പറഞ്ഞു...

അറിഞ്ഞ വായനക്ക് നിറഞ്ഞ നന്ദി.
ഇറോമിന്റെ സമരം വിജയിക്കട്ടെ.. മാനവികത വിജയിക്കട്ടെ.
സ്നേഹ പൂര്‍വ്വം, പ്രതീക്ഷയോടെ...!

വാല്യക്കാരന്‍.. പറഞ്ഞു...

ഇറോം..
നിനക്ക് വേണ്ടി
ഉദിച്ചുയര്‍ന്നില്ല സൂര്യന്‍.
മഞ്ഞിലും മഴയിലും
തണുപ്പിലും കുളിരിലും
വാനിലും ഭൂവിലും
നേര്‍ത്ത ഇരുള്‍ മാത്രം ഉണ്ടായിട്ടും,
അകലെ ഓരത്തിരുന്നു
വിഷപ്പേറ്റു വാങ്ങി,
തളരാത്ത കൈ
മുറുകെ വാനിലുയര്‍ത്തി,
ഉറങ്ങാതെ നീ തന്ന
കമ്പളത്താല്‍
ഇപ്പോഴും ഞാന്‍...

മണ്ടൂസന്‍ പറഞ്ഞു...

പ്ലീസ്..!
ഞാനൊന്ന് മിണ്ടാതിരിക്കട്ടെ,
എനിക്ക്, ദേശസ്നേഹം കൊണ്ട് നില്‍ക്കാന്‍ വയ്യ.
നിറുത്തുക, ഈ നിരാഹാര ഭീകരത.
എന്നെ ഭീകരനാക്കരുത്. പ്ലീസ്..!!

ഇതേ ഈ കാലത്ത് നടക്കൂ നാമൂസ്,ഇതേ വിജയിക്കൂ ഈ പണ്ടാറങ്ങളുടെ വിളനിലമായ ഈ ലോകത്ത്. ഹൃദ്യമായ ആശംസകൾ.

മണ്ടൂസന്‍ പറഞ്ഞു...

ഇതൊന്നുകൂടി വായിച്ചൂ.വാക്കിലെ തീവ്രമായ കാര്യങ്ങൾ എന്നെ വീണ്ടും കമന്റേറിയനാക്കി. എന്തൊരു തീക്ഷ്ണതയാ നാമൂസ് ഇതിലെ വാക്കുകൾക്ക് ? ഞാൻ ഇതുവരെ കവിത എഴുതിനോക്കിയിട്ടില്ല,പക്ഷെ ഇതൊക്കെ വായിക്കുമ്പോൾ കവിതയാണ് പ്രതികരിക്കാൻ ഏറ്റവും നല്ലതെന്ന് തോന്നുന്നു. ഒരിക്കൽക്കൂടി ആശംസകൾ

SHAHANA പറഞ്ഞു...

ഇതൊന്നും ആരും കാണില്ല.... :(

Anas. M പറഞ്ഞു...

വമ്പന്‍ കോര്‍പറെറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യാനില്ലാത്ത സമരങ്ങള്‍ ഒക്കെയുമിന്നു ഭീകരതയുടെത് തന്നെ .....

Mizhiyoram പറഞ്ഞു...

മനുഷ്യാവകാശം വാക്കുകളില്‍ മാത്രം ഉതുങ്ങിക്കൂടിയ ഈ കാലഘട്ടത്തില്‍, ഭൂരിഭാഗം ഭാരതീയന്റെയും മനസ്സിലേക്ക് ആഴ്ന്നിറങ്ങാന്‍ മൂര്‍ച്ചയുള്ള വരികള്‍.

"പ്ലീസ്..!
ഞാനൊന്ന് മിണ്ടാതിരിക്കട്ടെ,
എനിക്ക്, ദേശസ്നേഹം കൊണ്ട് നില്‍ക്കാന്‍ വയ്യ.
നിറുത്തുക, ഈ നിരാഹാര ഭീകരത.
എന്നെ ഭീകരനാക്കരുത്. പ്ലീസ്..!!"

Renjith പറഞ്ഞു...

ഇറോം ശര്മിലയാണ് ശരി ..കാരണം ശരികളിലേക്ക് എളുപ്പ വഴികള്‍ ഇല്ല തന്നെ !!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms