2013, മേയ് 12

വരള്‍ച്ചയുടെ രാഷ്ട്രീയം, വികസനത്തിന്റെയും

വരള്‍ച്ചയുടെ രാഷ്ട്രീയം
 
ആധുനിക കാലത്ത് മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് വരള്‍ച്ച. വരാനിരിക്കുന്ന വലിയ യുദ്ധങ്ങള്‍ ഇനി വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. വരള്‍ച്ച എന്നത് ആവാസ വ്യവസ്ഥയുടെ സ്വാഭാവിക പ്രതികരണം എന്ന നിലയില്‍  ഗൌരവം കുറച്ചു കാണാന്‍ കഴിയില്ല എന്നതാണ് വരള്‍ച്ചയുടെ രാഷ്ട്രീയ കാരണങ്ങള്‍ പരിശോധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം. അങ്ങേയറ്റത്തെ അശാസ്ത്രീയമായ വികസന നിലപാടുകള്‍ മൂലം പാരിസ്ഥിതികമായ നിരവധി പ്രതിസന്ധികള്‍ ഈ ആവാസ വ്യവസ്ഥയെ പൊതിഞ്ഞു നില്‍ക്കുന്നതായി കാണാനാകും. ആഗോളാടിസ്ഥാനത്തില്‍ പൊതുവിലും സവിശേഷമായി ഇന്ത്യയിലും കേരളത്തിലും ഈ പ്രതിസന്ധിയെ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഭൌതികമായ ആര്‍ത്തിയിലും, സുഖലോലുപതയിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മലയാളിയുടെ പൊതുബോധം തീര്‍ത്തും പാരിസ്ഥിതിക വിരുദ്ധമായ ഒന്നാക്കി മാറ്റിതീര്‍ക്കുന്നതില്‍ മൂലധന ശക്തികള്‍ ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്.

ലോകത്തെ അത്യപൂര്‍വ്വമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടമലനിരകള്‍. തമിഴ്നാട്, കേരളം,കര്‍ണ്ണാടകം,ഗോവ, മഹാരാഷ്ട്ര, ഗുജരാത്ത് ഉള്‍പ്പടെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ നാശമാണ് ഇന്ന് നാം അനുഭവിക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്റെ ഒരു പ്രധാന കാരണം. വികസനത്തിന്റെ പേരിൽ  നടന്ന പ്രവര്‍ത്തനങ്ങളും സംഘടിതമായ രീതിയിലുള്ള വനം കയ്യേറ്റവും കേരളത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം വിനാശകരമായി  ഭവിക്കുന്നു. ചെറുതും വലുതുമായ നാല്പത്തിനാല് നദികള്‍ ഒഴുകുന്ന കേരളത്തില്‍ വേനല്‍ക്കാലമായാല്‍ പൊറുതിമുട്ടുന്ന ജലക്ഷാമവും വരള്‍ച്ചയുമാണ്. അനിയന്ത്രിതമായി ഡാമുകള്‍ പണിത് നദിയുടെ നീരൊഴുക്ക് തടഞ്ഞും ഗതിമാറ്റി വിട്ടും നമ്മള്‍ നദികളെ കൊന്നുകൊണ്ടിരിക്കുന്നു. അതേസമയം നദികളുടെ ഉത്ഭവസ്ഥാനത്ത് നടക്കുന്ന വനനശീകരണവും മറ്റും നദികളിലേക്കുള്ള നീരൊഴുക്കിനെ വിപരീതദിശയില്‍ ബാധിക്കുകയും ചെയ്യുന്നു.


പശ്ചിമഘട്ട മലനിരകളിലെ പാലക്കാട് ചുരപ്രദേശത്തെ മരങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു തമിഴ്നാട്ടിൽ നിന്നും വീശിക്കൊണ്ടിരുന്ന ഉഷ്ണക്കാറ്റിനെ തടഞ്ഞ്, തൃശൂര് മലപ്പുറം തുടങ്ങിയ അയൽപ്രദേശങ്ങളെ പ്രത്യേകിച്ചും മറ്റു പ്രദേശങ്ങളെ പൊതുവിലും വരണ്ട കാലാവസ്ഥയില്‍ നിന്നും സംരക്ഷിച്ചു പോന്നിരുന്നത്. ഈ മേഖലയിലെ വനനാശം ഉഷ്ണക്കാറ്റിനെ നമ്മുടെ നാട്ടിലും എത്തിച്ചു. ഇതുകാരണം തൃശ്ശൂര്‍, മലപ്പുറം എറണാകുളം തുടങ്ങിയ പ്രദേശങ്ങള്‍ മരുഭൂ സമാനമായ അവസ്ഥയിലേക്ക് തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ സൂചകമായി അത്തരം കാലാവസ്ഥകളിൽ കാണപ്പെടുന്ന പക്ഷികളുടെ സാന്നിദ്ധ്യവും ( Wheatear, Wryneck ) തണുപ്പുള്ളതും വരണ്ടതുമായ മേഖലകളില്‍ മാത്രം നന്നായി വിളയുന്ന കാബേജ്, കോളിഫ്ളവർ തുടങ്ങിയവ നമ്മുടെ നാട്ടില്‍ അടുത്തിടയായി കൂടുതല്‍ വ്യാപിക്കുന്നതും കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചകങ്ങള്‍ ആണ്.

പശ്ചിമഘട്ടമലനിരകളുടെ ശരാശരി ഉയരം 2000 മീറ്ററാണ്. പശ്ചിമഘട്ടത്തിനും അറബി കടലിനും ഇടയിലുള്ള ശരാശരി വീതി {കേരളത്തില്‍} 45 കിലോ മീറ്ററുമാണ്. സമുദ്രത്തിലേക്ക് നല്ല ചരിവുള്ളത് കാരണം മലമുകളിൽ പെയ്യുന്ന വെള്ളം അറബിക്കടലിലെത്താൻ പരമാവധി 48 മണിക്കൂർ  മതി. ഈ മലനിരകളിലെ കാട് ഇല്ലാതായാൽ ബംഗാൾ ഉൾക്കടലിൽ നിന്ന് വീശുന്ന ചൂടുള്ള കാറ്റ് നേരെ കേരളത്തിലെത്തും. അതേ ചൂട് ഇവിടെയെത്തിയാൽ നമ്മുടെ കൃഷിയും പരിസ്ഥിതിയും നിലനിൽക്കില്ല. എന്നുമാത്രമല്ല, ലോകത്ത് 97.2 % സമുദ്രജലവും  2 % വെള്ളം ഉറഞ്ഞ് മഞ്ഞിന്റെ രൂപത്തിലും  ബാക്കി വരുന്ന ഏകദേശം 1% മാത്രമാണ് ഉപയോഗയോഗ്യമായിട്ടുള്ളത്. ഈ വെള്ളമാണ് വന നശീകരണവും മറ്റും കാരണം കുത്തിയൊലിച്ച് കടലിലേക്ക് പോകുന്നത്. ഇത് തടയേണ്ടതും ഈ പ്രദേശത്തെ സംരക്ഷിച്ചു പിടിക്കേണ്ടതും അത്യാവശ്യമാണ്.

സംസ്ഥാനത്തിന്റെ മൊത്തം വനപ്രദേശം കേവലം പന്ത്രണ്ടു ശതമാനത്തിലേക്ക് താഴ്ന്നു. ഇതിന്റെയൊക്കെ ഫലമായി മഴക്കാലത്ത് ലഭിക്കുന്ന വെള്ളം ശേഖരിച്ചു വെക്കാനുള്ള ഭൂമിയുടെ കഴിവ് നഷ്ടപ്പെട്ടു. ഫലമോ അതിഭീകരമായ മണ്ണൊലിപ്പും വേനല്‍ക്കാലത്തെ ജലക്ഷാമവും.! സമതലങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. അമിതമായി മണല്‍വാരിയും നദീതടങ്ങള്‍ കയ്യേറിയും ജലം  മലിനമാക്കിയും കൊടിയ നാശം വരുത്തിക്കൊണ്ടിരിക്കുന്നു. നദികളുടെ സമീപപ്രദേശങ്ങളില്‍പോലും കുളങ്ങളും കിണറുകളും വറ്റിവരണ്ടു. കാരണം ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താൻ ‍സഹായിക്കുന്ന നദികളിലെ മണല്‍തിട്ടകള്‍ നമ്മള്‍ എന്നേ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കൂടാതെ, വ്യാവസായിക വിപ്ലവത്തിന്റെ പേരില്‍ കേരളത്തില്‍ വ്യാപകമായി നടന്ന ജല മലിനീകരണം ലഭ്യമായ ജലത്തെപ്പോലും ഉപയോഗശൂന്യമാക്കി. വൻ ‍വ്യവസായങ്ങള്‍ നടത്തിയ ഈ പ്രകൃതി നാശത്തോടൊപ്പം നാം ജനങ്ങള്‍ ആര്‍ഭാടത്തിന്റെ പേരില്‍ നടത്തുന്ന മലിനീകരണപ്രവര്‍ത്തനങ്ങളും പ്രാദേശികമായ ശുദ്ധജല സംഭരണികളെ പലതിനെയും ഇല്ലാതാക്കിയിട്ടുണ്ട്.
ഒരുപക്ഷേ ഇതിനേക്കാള്‍ ഭീകരമായി, സാമൂഹ്യസ്വത്തായ ഭൂഗര്‍ഭജലം പോലും ഊറ്റിയെടുത്ത് പണമാക്കി മാറ്റാന്‍ ആഗോളകുത്തകകള്‍ മത്സരിക്കുന്നു.

പൊതുവില്‍ പുരോഗമന സ്വഭാവം മുന്നൊട്ട് വെച്ച ഭൂപരിഷ്കരണം, കൃഷിഭൂമി കൃഷിക്കാരന് എന്ന ഇടതുപക്ഷസമീപനം നടപ്പാക്കുന്നതിന് പകരം മുകളില്‍നിന്നും നടപ്പാക്കപ്പെട്ട ഒന്നായിരുന്നു. യഥാര്‍ത്ഥ കൃഷിക്കാരാരായിരുന്ന ദളിത് വിഭാഗങ്ങള്‍ ലക്ഷം വീട് കോളനികളിലേയ്ക്കും മറ്റും ആട്ടിയോടിക്കപ്പെട്ടു. പകരം ഇടത്തട്ടുകാരായിരുന്നവര്‍ക്കും കുടിയാന്മാര്‍ക്കും കുടികിടപ്പവകാശം കിട്ടുകയായിരുന്നു പ്രധാനമായും സംഭവിച്ചത്. അതിന്റെ ഭാഗമായി കൃഷി ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു വിഭാഗത്തിലേയ്ക്ക് ഭൂമി എത്തിപ്പെടുകയും ക്രമേണ ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് കമോഡിറ്റി ആയി മാറുകയും ചെയ്തു. എങ്കിലും ചെറിയ തോതിലെങ്കിലും കൃഷി നിലനിന്ന് പോന്നു. എന്നാല്‍ തുടര്‍ന്ന് വന്ന ഹരിതവിപ്ലവം പാരമ്പര്യ കൃഷിരീതികളെ മാറ്റിമറിച്ച് കൃഷിയെ നശിപ്പിച്ചതോടൊപ്പം നമ്മുടെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുകയും ചെയ്തു. ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന തണ്ണീര്‍ത്തടങ്ങളും, തോടുകളും കുളങ്ങളും കോണ്‍ക്രീറ്റ് വികസനം നടപ്പിലാക്കുന്നതിനു വേണ്ടി നികത്തിക്കളഞ്ഞു. മഴക്കാലത്ത് പെയ്യുന്ന ജലം ശേഖരിച്ചു മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ സഹായിച്ചിരുന്ന തണ്ണീര്‍ത്തടങ്ങളും കുളങ്ങളും വയലുകളും വന്‍ തോതില്‍ നികത്തപ്പെട്ടു.  കിണറുകള്‍ തൂര്‍ത്ത് കുഴല്‍ കിണറുകള്‍ കുഴിച്ചു മഴവെള്ളം റീ-ചാര്‍ജ് ചെയ്യാനുള്ള അവസരവും ഇല്ലാതാക്കി. വീടിന്റെ മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്തു ഒരു തുള്ളിവെള്ളം പോലും ഭൂമിയിലേക്ക് ഇറങ്ങുന്നത് തടഞ്ഞു. സുലഭമായി ലഭിക്കുന്ന മഴവെള്ളം, കാനകള്‍ കെട്ടി കടലിലേക്കും മറ്റും ഒഴുക്കി.

വ്യക്തികള്‍ എന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും ഒരു പരിധി വരെ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ലഭിക്കുന്ന മഴയെ നല്ലരീതിയില്‍ പ്രയോജനപ്പെടുത്തുക. കേരളത്തില്‍ വാര്‍ഷിക പാതം മൂവ്വായിരമാണ്. ദേശീയ ശരാശരി ആയിരമാണ് എന്നറിയുമ്പോഴാണ് മഴക്കുറവല്ല നമ്മുടെ ജലക്ഷാമത്തിന് കാരണം എന്ന് മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യയുടെ പല ഭാഗങ്ങളിലും പതിറ്റാണ്ടുകളായി ജലദൌര്‍ലഭ്യത ഉണ്ടായിരുന്നുവെങ്കിലും നാം  മലയാളികള്‍ക്ക് അത് അടുത്തകാലംവരെ കേട്ടുകേള്‍വി മാത്രമായിരുന്നു. ഇന്ന് നാം കാട്ടിക്കൂട്ടുന്ന തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി കടുത്ത ജലക്ഷാമത്തെ നേരിടുമ്പോള്‍, ഇനിയും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ലാത്ത നമ്മുടെ വനസമ്പത്തിനെയും പുഴകളെയും കുളങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും നമുക്ക് കഴിയണം. 

നദീതടങ്ങളിലും ചരിഞ്ഞ പ്രദേശങ്ങളിലും പരമാവധി മരങ്ങള്‍ നട്ടുപിടിപ്പിക്കുക. അതുവഴി മണ്ണൊലിപ്പ് തടയാനും ലഭിക്കുന്ന മഴവെള്ളം  ഒലിച്ചു പോകാതെ മണ്ണില്‍ ഊര്‍ന്നിറങ്ങി ഭൂഗര്‍ഭ ജലനിരപ്പ്‌ ഉയരാനും ഇടവരും. കുളങ്ങളും കിണറുകളും തൂര്‍ക്കാതിരിക്കുക (ഇനിയുള്ളവയെങ്കിലും) വര്‍ഷകാലത്തിന് മുന്‍പ് അവ വൃത്തിയാക്കി മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുവാന്‍ സഹായിക്കുക. മഴക്കുഴികള്‍ ഉണ്ടാക്കി പാഴായിപ്പോകുന്ന മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ അനുവദിക്കുക.

ഒരുമീറ്റര്‍ നീളവും രണ്ടടി വീതിയും രണ്ടടി താഴ്ചയും ഉള്ള ഒരു മഴക്കുഴിയില്‍ 360 ലിറ്റര്‍ വെള്ളം ശേഖരിക്കാനാവും ഒരു വര്ഷം നൂറു തവണയെങ്കിലും ഈ കുഴി നിറക്കാന്‍ നമുക്കാവും അപ്പോള്‍ ഒരു മഴക്കുഴിയിലൂടെ വര്‍ഷത്തില്‍ ഭൂമിയിലേക്ക് ഇറങ്ങുന്ന ജലം 36000 ലിറ്റര്‍ !!! അഞ്ചു സെന്റില്‍ താമസിക്കുന്ന ആള്‍ക്ക് പോലും ഒന്നോ രണ്ടോ മഴക്കുഴികള്‍ ഇപ്രകാരം കുഴിക്കാവുന്നതാണ്. ശുദ്ധജലസ്രോതസ്സുകള്‍ മലിനപ്പെടുത്താതിരിക്കുക. അത് കേവലം വ്യക്തികളുടെ സ്വന്തമല്ലെന്നും ലോകത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണെന്നും തിരിച്ചറിയുക. ഓരോരുത്തരും പാരമ്പര്യ കൃഷിരീതിയിലെക്ക് തിരിച്ചു പോകാന്‍ തയ്യാറാവുക.

എന്നാല്‍ ഇത്തരം വ്യക്തിഗത പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍ണ്ണമായും പരിഹാരിക്കാവുന്ന ഒന്നല്ല നിലവിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍. കൃത്യമായ വികസന നയത്തിലൂടെയും അതിന്റെ ശരിയായ പ്രയോഗത്തിലൂടെയും മാത്രം മറികടക്കാവുന്ന ഒന്നാണ് ഇത്. എന്നാല്‍, വികസന നയങ്ങളില്‍ ഒരു
'പരിസ്ഥിതി സൌഹൃദചിന്ത' ഉണ്ടാക്കി എടുക്കാന് മാറി മാറി വരുന്ന നമ്മുടെ ഗവന്മേന്റുകളൊന്നും തയ്യാറായിട്ടില്ല.  മൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധമായ ഭരണ കൂടങ്ങള്‍ നിരവധി ഉടമ്പടികളിലൂടെ അത് സ്വന്തം ജനതയുടെ മേല്‍ അടിച്ചേല്പിക്കുന്ന കാഴ്ചയാണ് അധികാര കൈമാറ്റത്തിന്റെ 65 ആം ആഘോഷവേളയിലും നാം കാണുന്നത്. ദേശീയ താല്പര്യങ്ങള്‍ ഇല്ലാത്ത ഇന്ത്യയിലെ ദല്ലാള്‍ കുത്തക മുതലാളിത്വം ആഗോള സാമ്രാജ്യത്വ നയങ്ങള്‍ നടപ്പിലാക്കുന്ന ഇടനിലക്കാരായി നില്‍ക്കുന്ന ദയനീയ കാഴ്ചയും നമുക്ക് കാണേണ്ടി വരുന്നു. അതിനെ താങ്ങി നിര്‍ത്തുന്ന 'ഏജന്‍സികള്‍ ' മാത്രമായി നമ്മുടെ സര്‍ക്കാരുകള്‍ ചുരുങ്ങുകയും ചെയ്യുമ്പോള്‍ പരിസ്ഥിതിയെ തിരിച്ചു പിടിക്കുന്ന പ്രക്രിയ സങ്കീര്‍ണ്ണമായ ഒന്നായി മാറുകയും ചെയ്യുന്നു.

യഥര്‍ത്ഥത്തില്‍, ഏതൊരു സമൂഹത്തിന്റെയും ജനതയുടെയും വികസനം എന്ത് എന്ന അടിസ്ഥാനപ്രശ്നത്തെ തലകീഴാക്കി നിര്‍ത്തുന്ന ഒരു അഭിനവ വികസനമാണ് ഇന്ന് നടക്കുന്നത്. കൃഷിയിലും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളിലും ഊന്നുന്ന വികസനത്തിന് പകരം പ്രലോഭനങ്ങളില്‍ വീഴ്ത്തി, ഉപഭോഗതൃഷ്ണ വര്‍ദ്ധിപ്പിച്ച് ഒരു ജനതയെ മുഴുവന്‍ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഏതാനും വ്യക്തികളിലേയ്ക്ക് സമ്പത്ത് കേന്ദ്രീകരിക്കുന്ന പകല്‍കൊള്ളയാണ് കാലങ്ങളോളമായി ഇവിടെ നടക്കുന്നത്. ഇത്, കൃഷിയെ വളരെ അപ്രസക്തമായ ഒന്നാക്കി മാറ്റുന്നു. ഉപഭോഗവസ്തുക്കളുടെ നിര്‍മ്മാണവും അവയുടെ വിപണനവുമാണ് യഥാര്‍ത്ഥവികസനം എന്ന് കൊട്ടിഘോഷിക്കുന്നു. റോഡുകളും എയര്‍പോര്‍ട്ടുകളും വന്‍കെട്ടിടങ്ങളുമാണ്  വികസനം എന്ന് നമ്മെ തെറ്റായി ധരിപ്പിക്കുന്നു.

മുതലാളിത്തം ഇന്ന് ആഗോളവല്‍ക്കരണത്തിലെത്തി നില്‍ക്കുമ്പോള്‍ അത് പ്രകൃതിവിഭവങ്ങളെ ഒരു സാമൂഹികസമ്പത്ത് എന്നതില്‍ നിന്ന് മാറ്റി സ്വകാര്യമൂലധനത്തെ വര്‍ദ്ധിപ്പിക്കാനും കേന്ദ്രീകരിക്കാനും വേണ്ടി ഉപയോഗിക്കുന്നു. അനിയന്ത്രിതമായ ഈ ചൂഷണം പാരിസ്ഥിതിക സന്തുലനത്തെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതിയ്ക്ക് വേണ്ടിയുള്ള നിലപാടുകള്‍ നിലവിലെ വികസന പ്രക്രിയയ്ക്കും വ്യവസ്ഥിതിയ്ക്കും എതിരെയുള്ള നിലപാട് കൂടിയാണ്. മുതലാളിത്തം അതിന്റെ ആവിര്‍ഭാവകാലത്ത് തന്നെ,  മനുഷ്യനെ പ്രകൃതിയ്ക്കെതിരെ പ്രതിഷ്ഠിക്കുന്നതിനെകുറിച്ച് ശാസ്ത്രീയമായിതന്നെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് മുതലാളിത്തവികാസം അതിന്റെ പാരമ്യത്തിലെത്തുകയും ജീര്‍ണ്ണിച്ച് ആഗോളവല്‍ക്കരണത്തിലെത്തുകയും ചെയ്യുമ്പോള്‍ അത് പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുക എന്ന നിലയില്‍ എത്തിയിരിക്കുന്നു. അതുകൊണ്ട്തന്നെ പരിസ്ഥിതിയ്ക്കുവേണ്ടിയുള്ള സമരം സാമ്രാജ്യത്വവിരുദ്ധസമരം കൂടിയാണ്.വികസനവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യം പുരോഗമന പ്രസ്ഥാനം അഭിസംബോധന ചെയ്യേണ്ടത് വളരെ പ്രസക്തമാകുന്നു. സമഗ്രമായ ഒരു ബദല്‍ വികസന നയത്തെ കുറിച്ച് ആലോചിക്കേണ്ടതിന്റെ പ്രാധാന്യം കൈ വരുന്നത് അതുകൊണ്ടാണ്.

കൃഷിയെയും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളെയും  കേന്ദ്രീകരിച്ചുകൊണ്ടാണു യഥാര്‍ത്ഥ വികസനം ഉണ്ടാകേണ്ടത്. കൃഷിയെ വികസിപ്പിക്കാനുതകുന്ന ശാസ്ത്രസാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും ആണ് പ്രാഥമികമായി വികസനം ഊന്നല്‍ നല്‍കേണ്ട മേഖലകള്‍. ഐ ടി അടക്കമുള്ള ശാസ്ത്രമേഖലകള്‍ ഈ മേഖലയിലെ വികസനത്തെ ഊന്നിക്കൊണ്ട് വികസിക്കേണ്ടതാണ്. ഇങ്ങിനെയുണ്ടാകുന്ന സമ്പത്ത് സ്വകാര്യവ്യക്തികളിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന് പകരം സാമൂഹികമായി വിതരണം ചെയ്യപ്പെടുന്നിടത്താണ് ജനതയുടെ ക്രയശേഷി വര്‍ദ്ധിക്കുന്നത്. ഈ ക്രയശേഷി വികസിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഭാവികമായി വികസിക്കേണ്ടതാണ് വിനോദമേഖലകളിലും സേവനമേഖലകളിലുമുള്ള ഉത്പന്നങ്ങളുടെ ഉത്പാദനം. ഇത് പ്രകൃതിയുമായുള്ള സന്തുലനം പൂര്‍ണ്ണമായും നിലനിര്‍ത്തിക്കൊണ്ട് ആകേണ്ടതുണ്ട്.


പിന്നുര: പ്രമുഖ എഴുത്തുകാരി സാറാ ജോസഫിന്റെ 'ആതി' എന്ന നോവലിനെ ആസ്പദമാക്കി 'വരൾച്ചയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ 'അടയാളം ഖത്തർ'  സംഘടിപ്പിച്ച  ചർച്ചയിൽ അവതരിപ്പിച്ച പ്രബന്ധം, 10/5/2013 ദോഹ.
 

29 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

പ്രകൃതി സൌഹാര്‍ദ വികസന ക്രമത്തെ സ്ഥാപിച്ചെടുക്കുന്നതിലൂടെ മാത്രമേ വരള്‍ച്ചയും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹരിക്കാനാകൂ... മുതലാളിത്തം മൂർച്ചിപ്പിക്കുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യത്തെ അഭിസംബോധന ചെയ്യേണ്ടത് പുരോഗമന ശക്തികളുടെ കടമയാണ്. പരിസ്ഥിതിക്ക്‌ വേണ്ടിയുള്ള സമരം സാമ്രാജ്യത്വ വിരുദ്ധ സമരമായി മാറുന്നത് ഇങ്ങനെയാണ്

Unknown പറഞ്ഞു...

മണ്ണുകാണാ മർത്യന്റെ കണ്ണിൽ മണ്ണുവാരിയിട്ടാലെന്ത് കാര്യം!

അത്യാവശ്യമായിരിക്കുന്നു ,ഈ ചര്ച്ച ..ഇതുവായിച്ചു കൊണ്ടിരിക്കുമ്പോൾ പലവട്ടം ഉള്ളിൽ കൊള്ളിയാൻ മിന്നിക്കൊണ്ടിരുന്നു ,,,

കൊമ്പന്‍ പറഞ്ഞു...

ഇന്ന് നമ്മുടെ നാട്ടില്‍ നിന്നും കേള്‍ക്കുന്ന സുഖവിവരങ്ങളില്‍ എല്ലാവരും പറയുന്ന ഒന്ന് വറ്റിയ കിണറിനെയും വീശി അടിക്കുന്ന അസഹ്യമായ ഉഷ്ണത്തേയും കുറിച്ച് മാത്രമാണ് നാളെയുടെ തലമുറയെ കുറിച്ച് ഓര്‍ക്കാതെ നമ്മളോ നമ്മുടെ പൂര്‍വികരോ നടത്തിയ ദീര്‍ഘവീക്ഷണം ഇല്ലാത്തതും ശാസ്ത്രീയവുമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നാടിന്‍റെ സന്തുലിതാവസ്ഥ യെ പാടെ തകിടം മറിച്ച് ഇനി ഇപ്പോള്‍ അത് കേവലം മഴ കുഴി കൊണ്ടോ മഴ വെള്ളം തടഞ്ഞു നിര്‍ത്തുന്നത് കൊണ്ടോ ഒന്നും തിരിച്ച് പിടിക്കാനാവില്ല മറിച്ച് നാം നഷ്ടപെടുത്തിയ ഭൂമിയുടെ ജൈവീകതയെ തിരിച്ചു കൊണ്ടുവരണം അതിനു നമ്മള്‍ നാടാകെ വനവല്‍ക്കരണം നടത്തണം അതൊരിക്കലും സാദ്യമാവുന്ന ഒന്നും അല്ല അപ്പൊ പിന്നെ നമുക്ക് ഇത് പോലെ പ്രബന്ധങ്ങളും ലേഖനങ്ങളും കവല പ്രസംഗങ്ങളും നടത്തി നമുക്ക് പുളകം കൊള്ളാം
ആശംസകള്‍ നാമൂസ്

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഒരു പുരോഗമന ചിന്താ രാഷ്ടീയവും , വെട്ടിപിടിക്കലിന്റെ വിവേചന ആരാഷ്ട്രീയവും വിവേകമില്ല പരിഷ്കാരങ്ങളും ഇന്ന് ചുറ്റുപാടിന്നെ പെറ്റമണ്ണിനെ എങ്ങനെ ഒക്കെ ഉഴുതു നിരപ്പാക്കുന്നുണ്ട് എന്നത് ചർച്ചയിൽ ചിന്താമണ്ഡലത്തിലേക്ക് വഴിതിരിക്കേണ്ടിയിരിക്കുന്നു,
മരുഭൂമിയിൽ ഒരു തുള്ളി ജലത്തിന്റെ ഉറവക്ക് വേണ്ടി യുദ്ധങ്ങൾ നടത്തുന്ന ആധുനിക മുന്നാംലോകാവസ്ഥ അധികം വൈകാതെ കാണാം...................

ഐക്കരപ്പടിയന്‍ പറഞ്ഞു...

മുതലാളിത്വത്തെയും അതിന്റെ ഫലമായുണ്ടാകുന്ന അനിയന്ത്രിത വ്യവസായ വത്കരണത്തെയും പുണരുമ്പോൾ തന്നെ കൃഷിയെ നാം പാടെ അവഗണിക്കുന്നതാണ് മൂല പ്രശ്നം. നമ്മുടെ മനോഭാവം ആണ് ആദ്യം മാറ്റേണ്ടത്. മലയാളിയുടെ അജണ്ടകൾ പുനര് ക്രമീകരിക്കേണ്ടതുണ്ട്. ലാഭകരമായ കാര്ഷിക രീതിയിലേക്ക് സര്ക്കാര് ഏജൻസികൾ വഴി ജനങ്ങളുടെ ജീവിതത്തെ തിരിച്ചു നടത്തേണ്ടതുണ്ട്. കാര്ഷിക വ്രുത്തിക്കനുഗുണമായ രീതിയിൽ വിദ്യാഭ്യാസവും, സംസ്കാരവും, രാഷ്ട്രീയവും, മതവും ഒക്കെ മാറി വരാൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. വ്യാവസായിക പുരോഗതിയെ പാടെ അവഗണിക്കാതെ തന്നെ കൃഷിയിൽ നാം നൂറുമേനി നെടുകയായിരിക്കണം നമ്മുടെ മുന്നിലെ വെല്ലുവിളി.

മഴക്കുഴികളും മരം വെച്ചു പിടിപ്പിക്കലും ഒക്കെ കേരളത്തിലെ യുവജന സംഘടനകൽ തങ്ങളുടെ മുഖ്യ കർമ പരിപാടികളായി മറ്റെണ്ടതുണ്ട്. പ്രവാസികൾ തങ്ങളുടെ കുടുംബങ്ങളെ ബോധാവത്കരിക്കെണ്ടതുണ്ട്.സ്ക്കൂളുകൾ കേന്ദ്രീകരിച്ചു മരം നടീൽ സംഘടിപ്പിക്കെണ്ടതുണ്ട്. അല്ലെങ്കിൽ അനതിവിദൂര ഭാവിയിൽ തന്നെ മരുഭൂമി കാണാൻ അറേബ്യയിൽ വരേണ്ട കാര്യം ഉണ്ടാവില്ല...

UMER CP പറഞ്ഞു...

മാപ്പിള മാര്‍ക്ക് പരിസ്ഥിതി ബോധം വന്നു തുടങ്ങിയ ലക്ഷണം ഉണ്ട് നാമൂസേ ..

mini//മിനി പറഞ്ഞു...

മനുഷ്യന്റെ ചിന്താഗതിയാണ് മാറേണ്ടത്; പണ്ടുകാലത്ത് വൈക്കോൽ കൂട്ടിയിട്ടതും കന്നുകാലികളും ധാരാളം ഉള്ള വീട്ടിൽ മകളെ വിവാഹം ചെയ്തയക്കാൻ രക്ഷിതാക്കൾക്ക് ഇഷ്ടമായിരുന്നു. ഇന്ന് വീട്ടിൽ വൈക്കോലോ കന്നുകാലികളോ ഉണ്ടെങ്കിൽ ആ വീട്ടിൽ പെണ്ണിനെ അയക്കില്ല. മകൾ മണ്ണിലിറങ്ങിയാലോ എന്ന ഭയം,,,

Cv Thankappan പറഞ്ഞു...

നന്നായിരിക്കുന്നു പ്രബന്ധം.
വീടുവെക്കുവാന്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുന്നതും നിലങ്ങളില്‍............
ആശംസകള്‍

ente lokam പറഞ്ഞു...

നമ്മുടെ കാഴ്ചപ്പാട് എങ്ങനെ ആണ്?എല്ലാവര്ക്കും സ്വന്തം കാര്യം നടന്നാൽ മതി എന്ന രീതി.ഒരു പൊതു താല്പര്യം ഒന്നിലും ഇല്ല.


അടുത്ത യുദ്ധം വെള്ളത്തിന്‌ വേണ്ടി ആവും എന്നത് വളരെ ഭയാനകമായ ഒരു സത്യം ആണെന്ന് വന്നാൽ?എല്ലാവരും ഓരോ ആവശ്യങ്ങള്ക്കായി മണ്ണും വെള്ളവും മണലും നദിയും ദുരുപയോഗപ്പെടുതുമ്പോൾ ആത്യന്തികം ആയ നഷ്ടം ഒരു ഭീമാകാരനായി നമ്മെ തിരിഞ്ഞു നോക്കുന്ന കാലം ആരും ഒര്ക്കാറില്ല.


വ്യാപകം ആയ ഒരു പൊതു ബോധവല്കരണ പരിപാടി
വളരെ ഗൌരവം ആയി ചെയ്തില്ലെങ്കിൽ സ്വാഥതയുടെ
അന്ത്യം വലിയ നാശം തന്നെ ആയിരിക്കും.


ഈ ഒരു വിഷയം ചര്ച്ചക്കു ആയി തിരഞ്ഞു എടുത്തതിൽ
'അടയാള' ത്തിനു അഭിനന്ദനങ്ങൾ..

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വളരെ പ്രസക്തിയുള്ള വിഷയം.വളരെ നന്നായി അവതരിപ്പിച്ചു.

Unknown പറഞ്ഞു...

ഭൗമ ജനാധിപത്യവും ജല ജനാധിപത്യവും പുലരണമെങ്കിൽ ജനാധിപത്യ വിശ്വാസികളായ സാധാരണ ജനങ്ങൾ മാത്രം വിചാരിച്ചാൽ പോര. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുകതന്നെ വേണം. ഭരണകൂടവും കോർപ്പറേറ്റ് ഭീമന്മാരും നീതിപീഠവും കൈകോർക്കുമ്പോൾ പ്രകൃതിയും സാധാരണ ജീവജാലങ്ങളും ഒരു പോലെ നിസ്സഹായരാവുന്നു. വരണ്ടു പോകുന്നു. ചെറുത്തു നിൽപ്പുകൾ അയഞ്ഞു പോകാതിരിക്കട്ടെ. ഭൗമ ജനാധിപത്യം പുലരാൻ നമുക്കും ഒരു വാക്കാവാം, ഒരു വിരലനക്കമാവാം.

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

നാളെ എന്നുള്ള ചിന്ത മനുഷ്യന് നഷ്ട്ടപ്പെട്ടോ എന്ന് സന്ദേഹം തോന്നുമാറാന് മനുഷ്യന്റെ പോക്ക് എന്ന് പറയാതെ വയ്യ . വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക എന്നതൊക്കെ സാമൂഹ്യ വനവല്ക്കരണ പരിപാടിയുടെ ( അങ്ങനെ ഒന്ന് ഇപ്പോൾ നിലവിലുണ്ടോ എന്നറിയില്ല ) ആദ്യ ദിനങ്ങളിൽ ഒതുങ്ങുന്നു . മന്ത്രിമാരുടെ ഒരു ദിവസത്തെ പരിപാടിയിൽ ഒരിനം എന്നതിൽ കവിഞ്ഞു പൊതു ജനത്തിനും വലിയ താല്പര്യം ഇല്ല . ഓരോ വ്യക്തിയുടെയും ഉള്ളിൽ നാളേക്ക് വേണ്ടി എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന തോന്നൽ ഉണ്ടായാലേ നമ്മുടെ മണ്ണും പുഴയും കാടും മേടും ഇന്നത്തെ നിലയിൽ എങ്കിലും ഉണ്ടാവൂ .

ഈ അടുത്ത ദിവസം കോഴിക്കോട്ടു കുറെ ആൾകാർ ഒരു മാന്തോപ്പ് ഉണ്ടാക്കുന്നതിനു വേണ്ടി മാവിണ്‍ തൈകൾ വെച്ച് പിടിപ്പിക്കയും ജലസേചനം നടത്തുന്നതുമായ ഒരു വാര്ത്ത കണ്ടു. നമ്മുടെ ഇടയിൽ ഇങ്ങനെയും നിസ്വാർഥരായ കുറെ പേര് ഉണ്ട് എന്ന ചിന്ത തന്നെ സന്തോഷം ഉളവാക്കുന്നു

ചങ്ങല പിടിക്കുന്നവരും പൊതുമുതൽ തല്ലി തകര്ക്കുനവരും മണ്ണിനു വേണ്ടിയും മനുഷ്യനു വേണ്ടിയും എന്തെങ്കിലും ചെയ്തിരുന്നു എങ്കിൽ !

ajith പറഞ്ഞു...

ഞങ്ങള്‍ക്ക് വേണ്ടതെല്ലാം കാശുകൊടുത്ത് വാങ്ങുമെന്ന ധിക്കാരമനസ്സുള്ള ജനം വാഴുന്ന ദേശം വരളുകയും ഉണങ്ങുകയും ചെയ്യും

madhu പറഞ്ഞു...

വരൾച്ചയുടെ രാഷ്ട്രീയം കമ്പോളത്തിന്റെ രാഷ്ട്രീയം കൂടിയാണു. ഈ വരൾച്ചയിലേയ്ക്കു നയിയ്ക്കുന്ന കാരണങ്ങൾ ഉത്ഭവിയ്ക്കുന്നതും നിയന്ത്രിയ്ക്കുന്നതും ഇപ്പോൾ നിയന്ത്രണ വിധേയമല്ലാതായിക്കൊണ്ടിരിയ്ക്കുന്നതും കമ്പോള സംസ്കാരത്തിന്റെ ഭാഗമായ് ഉടലെടുത്ത മിഥ്യാ വികസന സങ്കൽപ്പങ്ങളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഇതിനോടനുബന്ധിച്ചുടലെടുക്കുന്ന പൊതു ബോധവും കൊണ്ടാണു.
പച്ചവെള്ളം പോലെയെന്നൊരു ചൊല്ലു കെട്ടു ശീലിച്ച തലമുറയിപ്പോൾ അതിന്റെ വില മില്ലീ ലിറ്റെറിൽ മനസ്സിലാക്കാൻ ശീലിച്ചു. സമരസപ്പെട്ടു. ഇനിയെല്ലാം കമ്പോളം ചെയ്തു കൊള്ളും.
കണ്ടറിയാത്തവൻ കൊണ്ടറിയുമെന്നു പറയുമെങ്കിലും ഇനിയൊരു തിരിച്ചു പോക്കെങ്ങിനെ സാധ്യമാകും?
നാമൂസ് ജീ, വിജ്ഞാനപ്രദമായൊരു പ്രബന്ധമവതരിപ്പിച്ചതിനഭിനന്ദനങ്ങൾ....ഈ വിഷയം നമ്മുടെ ശരീരത്തേയെന്ന പോലെ ആത്മാവിനേയും മഥിച്ചു കൊണ്ടിരിയ്ക്കും, പൊള്ളിച്ചു കൊണ്ടിരിയ്ക്കും . വരും തലമുറയ്ക്കായ് താനൊരുക്കി വെച്ച കെണിയിൽ ആത്മ നിന്ദയോടെ എന്തെങ്കിലും പ്രതിവിധിയ്ക്കായ് നെട്ടോട്ടമോടും…

Prabhan Krishnan പറഞ്ഞു...

വരള്‍ച്ചയുടെ കാരണങ്ങളും,അതിന്റെ പ്രത്യാഘാതങ്ങളും തികച്ചും ഞെട്ടലുളവാക്കുന്നതുതന്നെയാണ്.ശരിയായ ബോധവല്‍ക്കരണവും നിയമനിര്‍മ്മാണവും അതിന്റെ പ്രാവര്‍ത്തികതയും മാത്രമാണു പരിഹാരമെന്നിരിക്കെ, ഇനിയും അധികാരവര്‍ഗ്ഗത്തിന്റെ കണ്ണുതുറക്കാത്തതെന്തെന്ന ചിന്തയാണ് ഇതിലെ രാഷ്ട്രീയവശങ്ങളിലേയ്ക്കു വിരല്‍ ചൂണ്ടുന്നത്. ഒരു നല്ലചിന്ത നല്‍കിയതിനു നന്ദി നാമൂസ്..!

ചീരാമുളക് പറഞ്ഞു...

പണ്ട് പണ്ട് മഴ എന്നൊരു....അങ്ങനെ തുടങ്ങുന്ന കഥകൾ കേൾക്കുന്ന,
മാളുകളിലും വിനോദകേന്ദ്രങ്ങളിലും കൃത്രിമമഴയത്ത് അത്ഭുതം കൂറുന്ന വരും തലമുറ അത്ര വിദൂരതയിലൊന്നുമല്ല.

"നിശ്ചയദാർഡ്യ മുള്ള, ഭാവനാസമ്പന്നതയുള്ള സർക്കാരുകൾ" എന്നത് ഈ കാലത്ത്
ഒരു നടക്കാത്ത സ്വപ്നമാണെന്ന് നമുക്കറിയാം. എല്ലാത്തിനും അധികാരികളെ കാത്തിരുന്നിട്ട് യാതൊരു കാര്യവുമില്ല.
നമുക്ക് ആ പഴയ നാടൻ കലാസമിതികൾ വേണം, ക്ലബ്ബുകൾ വേണം,
വയലോരത്തും പാതവക്കിലെ മരത്തണലിലും കുത്തിയിരുന്ന് കാരണവർമാരെ
കേൾക്കുന്ന കഠിനാധ്വാനികളായ നാടൻ ചെറുപ്പക്കാർ വേണം, വായനശാലകളും അതിനെ ചുറ്റിയുള്ള
കൂട്ടായ്മകളും വേണം. നാഗരികപരിഷ്കാരത്തിന്റെ വിഷവിത്തുകൾ ആദ്യം നശിപ്പിച്ചു
കളഞ്ഞത് നമ്മുടെ നാടിന്റെ പൈതൃകമായികിട്ടിയ അത്തരം നന്മകളെയാണ്.
നാട്ടുകൂട്ടങ്ങൾ പുനർജ്ജനിക്കട്ടെ,
വിദ്യാലയങ്ങളിൽ കുട്ടികൽ പ്രകൃതിയെ പഠിക്കട്ടെ, ഓരോ മലയാളിയും ആണ്ടിലൊരു
മരമെങ്കിലും നടട്ടെ, നമ്മുടെ അന്തരീക്ഷം
പ്രസന്നമാവട്ടെ, പഴയതുപോലെ നേരം തെറ്റാതെ മഴമേഘങ്ങൾ ഹരിതകൈരളിയുടെ
വിരിമാറിലേക്ക് അനുഗ്രഹം വർഷിക്കട്ടെ.
ആദ്യം നമുക്ക് നമ്മിൽ നിന്ന് തന്നെ തുടങ്ങാം.

usman പറഞ്ഞു...

വരൾച്ചയുടെ രാഷ്ട്രീയത്തിൽ പക്ഷവും പ്രതിപക്ഷവുമില്ല, ഏകപക്ഷം മാത്രമേയുള്ളു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരുപോലെ ബാധിക്കുന്ന ജീവൽ പ്രധാനമായ പ്രശ്നത്തിൽ പലപക്ഷങ്ങളുണ്ടാകുകവയ്യ.ഇതിൽ ഏതെങ്കിലും വിഭാഗത്തിനു മാത്രം ബാധകമായ ഉത്തരവാദിത്തങ്ങളില്ല. ഏതെങ്കിലും വിഭാഗത്തിനുമാത്രം രക്ഷപ്പെടാവുന്ന പോംവഴികളുമില്ല. മനുഷ്യരാശി ഒന്നാകെ പുതിയ ബോധത്തിലേക്ക് ഉണരുകയും കർത്തവ്യങ്ങൾ കയ്യേൽക്കാൻ മുന്നോട്ട് വരികയുമാണ് വേണ്ടത്. അഥവാ, അതിന് ഓരോരുത്തരും നിർബ്ബന്ധിതരാകുന്ന ഒരവസ്ഥയിലേക്കാണ് നാം നടന്നടുത്തുകൊണ്ടിരിക്കുന്നത്.


വെള്ളം കെട്ടി നിൽക്കുന്ന ചെറിയ തടങ്ങൾ നിർമ്മിക്കുക വഴി വരൾച്ചാപരിഹാരപരിശ്രമങ്ങളിൽ അഞ്ച് സെന്റ്കാരനും പത്ത് സെന്റുകാരനും വരെ തങ്ങളാലാവുംവിധം പങ്കെടുക്കാൻ കഴിയും എന്നതിൽ പരമാർത്ഥമുണ്ട്. അതേ സമയം കൂടുതൽ ബ്ര്‌ഹത്തായ വിധത്തിൽ ഈ ഉത്തരവാദിത്തം നിർവ്വഹിക്കാൻ സർക്കാറുകൾക്ക് കഴിയേണ്ടതുണ്ട്.

സ്വകാര്യകുളങ്ങളും കിണറുകളും അപ്രത്യക്ഷമാകുകയും ഭൂഗർഭജലമൂറ്റൽ സാർവ്വത്രികമാകുകയും ചെയ്തതിനു പരിഹാരമായി കിണറുകളും കുളങ്ങളും സർക്കാർ ചിലവിൽ സർക്കാർ ഭൂമിയിൽ ധാരാളമായി ഉണ്ടാക്കാൻ പദ്ധതികളാവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. ബോധവൽക്കരണം വഴി പാരിസ്ഥിതിക സംതുലനാവ്സ്ഥയെ തകിടം മറിക്കുന്ന ചെയികളിൽ നിന്ന് ബഹുജനത്തെ വിലക്കുന്നതിനൊപ്പം അതിനോട് തോളോട് തോൾ ചേർന്ന് പോകേണ്ടതാണ് ഇത്തരം പ്രായോഗികപരിപാടികൾ.

ഗ്രാമങ്ങളുടെ ഉൾഭാഗങ്ങളിൽ അവിടവിടെയായി പത്തോ പതിനഞ്ചോ സെന്റ് ഭൂമി സ്വകാര്യ വ്യതികളിൽ നിന്ന് വാങ്ങി പഞ്ചായത്തിന്റെ ഉടമസ്ഥതയിലാക്കുകയും അതിൽ പഴയ രീതിയിൽ കല്ല് കെട്ടിയ കിണറുകളും കുളങ്ങളും നിർമ്മിച്ച് ഉടമാവകാശം പഞ്ചായത്തിൽ തന്നെ നിക്ഷിപ്തമാക്കുകയും അറ്റകുറ്റപ്പണികൾ സർക്കാർ ചിലവിൽ പഞ്ചായത്ത് മെമ്പറുടെ ചുമതലയാക്കി നിശ്ചയിക്കുകയുമാണെങ്കിൽ നാട് നീളെ കുളങ്ങളും കിണറുകളും സാർവ്വത്രികമാകുമല്ലോ. ഓരോ ഗ്രാമത്തിലും ഇത്തരത്തിൽ സംരക്ഷിക്കപ്പെടുന്ന പല കുളങ്ങൾ ഉണ്ടാകുക എന്നാൽ അതാത് ഗ്രാമങ്ങളിലെ ജലലഭ്യത ഉറപ്പാകുക എന്നത് തന്നെയാണ് അതിന്റെ ഗുണഫലം.

എല്ലാവരേയും പൊള്ളിക്കാൻ തുടങ്ങിയിരിക്കുന്ന ഈ വിഷയം പൊതുചർച്ചയാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഗൌരവപൂർവ്വം വിഷയത്തെ സമീപിച്ച ഈ ലേഖനത്തിനു പിന്നിലെ പഠനവും പരിശ്രമവും ശ്ലാഘനീയം. നന്ദി.

റിനി ശബരി പറഞ്ഞു...

പ്രീയപെട്ട കൂട്ടുകാര , അഭിനന്ദമര്‍ഹിക്കുന്ന എഴുത്താണിത് , ഈ പൊസ്റ്റ് ജന ഹൃദയങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലട്ടെ എന്നാശംസിക്കുന്നു , പ്രാര്‍ത്ഥിക്കുന്നു . അങ്ങനെയൊന്നുണ്ടായില്ലെങ്കില്‍ , വിഫലമായി പൊയേക്കാവുന്ന ഈ അക്ഷരങ്ങളെ കുറിച്ചൊര്‍ത്ത് സങ്കടമുണ്ട് . നൂറാവര്‍ത്തി വായിട്ടലച്ചാലും , കീശയും, നമ്മുടെ സൗകര്യങ്ങളും
മാത്രം നോക്കുന്ന ഒരു മനസ്സ് വല്ലാതെ രൂപപെട്ടു വരുന്നത് ആകുലത സൃഷ്ടിക്കുന്ന ഒന്ന് തന്നെ . ഈ വരികളിലുടനീളം ഒരു മനസ്സ് കാണാം , നമ്മുടെ ഈ സ്ഥിതിയേ കുറിച്ചുള്ള ആകുലതയുടെ മനസ്സ് . ഈ മനസ്സ് നമ്മുക്കെല്ലാവര്‍ക്കുമൊരുപൊലെ കൊണ്ടു വരാന്‍ സാധിച്ചാല്‍ നാം വിജയിച്ചു , ഈ വരികളും .. " ആതി " ഞാന്‍ വായിക്കുന്നത് ഒരു ട്രെയിന്‍ യാത്രയിലാണ് , ആ യാത്രയില്‍ തന്നെ അതു ഞാന്‍ വായിച്ച് തീര്‍ക്കുകയും ചെയ്തു . വായിച്ച് തീര്‍ത്തുന്നല്ല , അതില്‍ പിന്നെ എന്നിലേക്ക് ഒളിച്ചിറങ്ങിയ ഒരു ലാവയുണ്ട് , ഇപ്പൊഴും അതില്‍ നിന്നും പലതും പ്രവഹിക്കുന്നുന്റ് . " ആതി " തന്ന തെളിഞ്ഞ വെള്ളവും , ഇന്നിന്റെ കൈയേറ്റങ്ങളും വല്ലാതെ മനസ്സിലേക്ക് നിരഞ്ഞു പൊകും , അത്രക് മനൊഹരമായിട്ടാണ് സാറാ ജോസഫ് അതു വരച്ചിട്ടത് . ഒരൊ ചര്‍ച്ചകളും പൂര്‍ണതയിലെത്തുമ്പൊഴെ അതിന് എന്തെകിലുമൊരു അര്‍ത്ഥമുള്ളു . ഒരു ചായയിലോ കടിയിലോ , വാക്ക് തര്‍ക്കങ്ങളിലൊ തീര്‍ന്നു പൊകുന്ന ഒന്നു കൊണ്ട് നമ്മുക്കൊരു നേട്ടവുമില്ല . നമ്മളിലേക്ക് എന്തെങ്കിലുമൊരു ചലനം സൃഷ്ടിക്കുവാന്‍ അതിനാവുന്നുവെങ്കില്‍ അതിലേ നന്മ നമ്മളിലേക്ക് പകരുവാന്‍ ആകുന്നുവെങ്കില്‍ അതു നമ്മുടെ വിജയമാണ് . അല്ലെങ്കില്‍ നാളെ എന്നത് നമ്മുക്ക് വെറും നീറുന്ന ഉദയമാകും . ഇന്നു നാം അതിന്റെ വക്കോളമെത്തിയിരിക്കുന്നു . ഹൃദയത്തില്‍ നിന്നും ഇത്തരത്തിലുള്ള ചലങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ പ്രീയ സഖേ . ആ ചലനങ്ങള്‍ മനസ്സുകളേ തിരുത്താനുള്ള കഴിവുണ്ടാകട്ടെ ..!
സ്നേഹപൂര്‍വം .. റിനി .

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

അടിയന്തിര പ്രാധാന്യമുള്ള വിഷയം .കുടിവെള്ളം ഒരു മനുഷ്യന്‍റെ പ്രാഥമികപരിഗണനയില്‍പ്പെടെണ്ട വിഷയം തന്നെയാണ് .എന്നാല്‍ രാഷ്ട്രീയക്കാരും കോര്‍പ്പോരെട്ടുകളും സ്ഥാപിത താല്പ്പര്യക്കാരും ഒക്കെ ചേര്‍ന്ന് തീരുമാനിക്കുന്ന വെള്ളത്തിന്‍റെ രാഷ്ട്രീയം സാധാരണ ജനങ്ങളെ നിവൃത്തികെടിലാഴ്ത്താന്‍ പോകുകയാണ് .ജനങ്ങളോട് പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തിയെ കഴിയൂ ..

Pradeep Kumar പറഞ്ഞു...

ഒരു പ്രമുഖ ഇടതുപക്ഷപ്രസ്ഥാനം ഭരിച്ചിരുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കരാറുകാര്‍ക്കും ഇടനിലക്കാര്‍ക്കും കൊള്ളലാഭം കൊയ്യാനായി കുന്നുകള്‍ ഇടിച്ച് നിരപ്പാക്കി മണ്ണ് ബിസിനസ് നടത്താനുള്ള ഒരു പരിപാടിയെ ഒരിക്കല്‍ എതിര്‍ത്തതിന്റെ പേരില്‍ എനിക്ക് പലരുടേയും അപ്രീതി സമ്പാദിക്കേണ്ടി വന്നിട്ടുണ്ട്. പ്രാദേശികമായ പരിസ്ഥിതി സംബന്ധ വിഷയങ്ങളില്‍ ജനപക്ഷത്തു നില്‍ക്കേണ്ട പ്രസ്ഥാനങ്ങളും, ചില നോണ്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകളും വ്യക്തിതാല്‍പ്പര്യങ്ങളുടേയും കക്ഷിതാല്‍പ്പര്യങ്ങളുടേയും ഉപജാപങ്ങളില്‍ കുരുങ്ങി ജനവിരുദ്ധ നിലപാടുകള്‍ എടുക്കുന്നതിന്റെ ഒരു അനുഭവം സൂചിപ്പിച്ചു എന്നു മാത്രം . പ്രാദേശികതലം മുതല്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഹൈജാക്ക് ചെയ്ത് അതിനെ ഉപജാപസംഘങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കുന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിനപ്പുറം ഒന്നും ചെയ്യാതെ 'ജനങ്ങളോടൊപ്പം ഉണ്ടായിരിക്കും' എന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുന്ന നോണ്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകളും, കേരളം ഇന്ന് നേരിടുന്ന പരിസ്ഥിതി വിഷയങ്ങളില്‍ ഭൂമിയുടേയും മനുഷ്യന്റേയും നിലനില്‍പ്പിനെതിരെ ഉയര്‍ന്നു വന്ന മൂലധനതാല്‍പ്പര്യങ്ങള്‍ക്കെതിരായ പ്രതിരോധത്തിന്റെ അലകളെ നിഷ്ക്രിയമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

പരിസ്ഥിതി വിഷയങ്ങളില്‍ ജനം തോറ്റുപോയത് പലപ്പോഴും കപടമുഖമണിഞ്ഞെത്തിയ ജനസേവകരെ മനസ്സിലാക്കാന്‍ കഴിയാതെ പോയതുകൊണ്ടുകൂടിയാണ്. സാറാജോസഫിന്റെ ആതി ഉയര്‍ത്തുന്ന സൂക്ഷ്മരാഷ്ട്രീയത്തിന്റെ പ്രസക്തി ഇവിടെയാണ്. സൂക്ഷ്മരാഷ്ട്രീയം എന്നത് സന്ധിചെയ്യലുകളുടെ ജനാധിപത്യബോധത്തോട് നിരന്തരം കലഹിക്കുകയും പ്രാന്തവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതത്തിലേക്കും പ്രതിരോധത്തിലേക്കും ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന രാഷ്ട്രീയമാണ്. പ്രതീക്ഷ അര്‍പ്പിച്ച പ്രത്യയശാസ്ത്രങ്ങള്‍ അധികാര രാഷ്ട്രീയ സ്വരൂപത്തിന്റെ ഭാഗമായി, സമരോത്സുക പ്രതിരോധങ്ങളില്‍നിന്ന് സന്ധിചെയ്യലുകള്‍ക്ക് വിധേയമായപ്പോള്‍ നിസ്സഹായരായ മനുഷ്യര്‍ നിലനില്‍പ്പിനായി പ്രതിരോധത്തിന്റെ പാതയിലിറങ്ങിയതിന്റെ സാമൂഹ്യബോധം നിര്‍ണയിച്ചത് ഈ സൂക്ഷ്മരാഷ്ട്രീയമാണ്.

നാളിതുവരെ കണ്ടിട്ടില്ലാത്ത കൊടും വരള്‍ച്ചയെ നേരിടുകയാണ് കേരളം. ഒരിക്കലും വറ്റാത്ത എന്റെ കിണര്‍ വറ്റിയ ദുരവസ്ഥ കഴിഞ്ഞ ദീവസം ഫോണില്‍ സംസാരിക്കുമ്പോള്‍ മന്‍സൂറിനോട് തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഈ ലേഖനം വായിക്കുമ്പോള്‍ അതു ചര്‍ച്ചചെയ്യുന്നതും വരള്‍ച്ചയുടെ രാഷ്ട്രീയം തന്നെ. ദാഹജലം വറ്റുന്ന കാലത്ത് മനുഷ്യരെല്ലാം ചിന്തിക്കുന്നത് ജീവന്റേയും നിലനില്‍പ്പിന്റേയും പ്രശ്നങ്ങള്‍ മാത്രം എന്ന സത്യം ഇത് അടിവരയിടുന്നു. സാധരണക്കാരായ മനുഷ്യരുടെ ജീവിതം നിലനില്‍പിനായുള്ള പ്രതിരോധവഴികള്‍ തേടുകയാണ്. ഭൗമവിശുദ്ധികള്‍ മുഴുവനും വില്‍പനക്കുവെച്ചിരിക്കുന്ന കമ്പോളലോകത്തില്‍ പ്രതിരോധത്തിന്റെ പുതിയ രാഷ്ട്രീയ രൂപകങ്ങള്‍ ഉയര്‍ന്നു വരുയാണ്.

പ്ളാച്ചിമട, എന്‍ഡോസള്‍ഫാന്‍, ആറന്മുള, കൂടംകുളം ഇങ്ങിനെ പലകോണുകളില്‍ നിന്നും ഈ സൂക്ഷ്മരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. അധികാരം അസഹിഷ്ണുതയോടെ ഇത്തരം പ്രതിരോധങ്ങളെ അടിച്ചമര്‍ത്തുന്നു. സ്വന്തം ജലത്തിനും മണ്ണിനും അണുപ്രസരമേല്‍ക്കുന്ന കൂടങ്കുളം പശ്ചാത്തലം യാഥാര്‍ഥ്യമായി നില്‍ക്കുമ്പോഴും ഭരണകൂടഭീകരത പൗരന്റെമേല്‍ അടിച്ചേല്‍പിക്കപ്പെടുന്നത് എങ്ങിനെ എന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. ഇരകള്‍ക്കുമേല്‍ അധികാരരാഷ്ട്രീയത്തിന്റെ കൈയ്യേറ്റങ്ങളാണ് നടക്കുന്നത്. പലതരം കൈയേറ്റങ്ങളിലൂടെ സ്വന്തം ജൈവികതകള്‍ അന്യമായിപ്പോയ ജനതയുടെ പ്രതിനിധാനമാണ് 'ആതി’. ജലവും മണ്ണും ഏറ്റവും വലിയ മൂലധനചരക്കുകളായി മാറിയ രാഷ്ട്രീയകാലത്ത്, പരിമിതപ്പെട്ടുപോയ നമ്മുടെ ശീലങ്ങളെ ‘ആതി’ ചോദ്യംചെയ്യുന്നു.

ജനപക്ഷവും, കക്ഷിരാഷ്ട്രീയത്തിന്റെ പക്ഷവും രണ്ടാവുമ്പോള്‍ അധികാരശക്തികള്‍ നിര്‍ണയിക്കുന്ന വാക്കുകള്‍ക്കും ശബ്ദത്തിനും പുറത്ത് വാക്കും ശബ്ദവും ഉണ്ടെന്ന് വിളിച്ചുപറയേണ്ടിവരുന്നു. ആതി’യുടെ രാഷ്ട്രീയവും ഇത്തരം പ്രതിരോധമാണ്. പൊതുധാരാ രാഷ്ട്രീയം തമസ്കരിക്കുന്ന ജൈവിക ബോധങ്ങളുടെ ഇടങ്ങളില്‍ സൂക്ഷ്മ രാഷ്ട്രീയബോധം എങ്ങനെ ചര്‍ച്ചയാകുന്നു എന്നതിന്റെ സാക്ഷ്യമാണ് സാറാജോസഫിന്റെ ഈ നോവല്‍. ചെറുത്തുനില്‍പിനുവേണ്ടിയുള്ള സമരങ്ങളില്‍ നമ്മള്‍ ഏതുപക്ഷത്തു നില്‍ക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണത് .

പരിസ്ഥിതി വിഷയത്തില്‍ ഇത്തരമൊരു രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന നോവല്‍ അവലംബമായി ചര്‍ച്ച സംഘടിപ്പിക്കുകയും ആകുലതകള്‍ പങ്കുവെക്കുകയും ചെയ്ത സംഘാടകരെ അഭിവാദ്യം ചെയ്യുന്നു. ഈ പ്രബന്ധം പൊതുചര്‍ച്ചക്ക് വെച്ച നാമൂസിന് അഭിനന്ദനങ്ങള്‍......

Renjith പറഞ്ഞു...

പ്രസക്തമായ ചര്‍ച്ച നാമൂസ്‌ ... ഇത്തരം വിഷയങ്ങള്‍ ഗൌരവമായി എടുക്കുന്ന കൂട്ടങ്ങള്‍ കൂടുതല്‍ ഉണ്ടാവുക എന്നതാണ് നല്ല ലക്ഷണം ... വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ തോന്നി അതൊരു കുറിപ്പായി വരും ദിവസങ്ങളില്‍ ഇടാം...അഭിവാദ്യങ്ങള്‍

Jefu Jailaf പറഞ്ഞു...

കൂടുത്തൽ എന്ത് പറയാൻ.. അഭിനന്ദനമര്ഹിക്കുന്ന ലേഖനം..

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

ഉള്ളാളുന്ന ഭയത്തോടെ മാത്രമുള്ള തിരിച്ചറിവ്. തിരിച്ചറിവുകള്‍ മനുഷ്യാഹങ്കാരത്തെ, സ്വാര്‍ത്ഥതയെ നിലംപരിശാക്കുമ്പോഴേക്ക് വരള്‍ച്ചയുടെ ആധി ജീവകണങ്ങളെ നാമാവശേഷമാക്കിയിരിക്കും. നല്ല ലേഖനം.

Ismail Chemmad പറഞ്ഞു...

വളരെ പ്രസക്തമായ വിഷയം . അഭിനന്ദനീയമായ ലേഖനം . ഈ ശ്രമത്തിനു ബിഗ്‌ സല്യൂട്ട് .

മിനി പി സി പറഞ്ഞു...

പ്രകൃതിയെ മറന്നുള്ള വികസനങ്ങള്‍ വരള്‍ച്ചയിലെയ്ക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന ദാരുണമായ കാഴ്ച്ചയിലെയ്ക്കുള്ള ഈ വിരല്‍ചൂണ്ടല്‍ അഭിനന്ദനമര്‍ഹിക്കുന്നു .

Joselet Joseph പറഞ്ഞു...

ഇന്നലെയും ഇന്നും നാം കെട്ട വിഷയം. പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ മറന്നുപോയി. വരും ദിവസങ്ങളില്‍ ചിന്തയും ആകുലതയും ഭൂമിയെപ്പറ്റി തന്നെയാകട്ടെ.

നമൂസിന് ഒരു വിഷയം കൂടി പ്രതിപാദിക്കാമായിരുന്നു. കതിരില്‍ വളം വെക്കുന്നതിലും എളുപ്പം നാളത്തെ തലമുറയെ ഉത്ബോധിപ്പിക്കുകയാകയാല്‍ സ്കൂള്‍ തലം മുതലേ കുട്ടികളെ കൃഷിയോട് ആഭിമുഖ്യമുള്ളവരായി വളര്‍ത്താന്‍ നമ്മുടെ വിദ്യാഭ്യാസ സംബ്രതായം തിരുത്തപ്പെടെണ്ടതുണ്ട്.

ശ്രീക്കുട്ടന്‍ പറഞ്ഞു...

പ്രസക്തമായ ലേഖനം നാമൂസ്. കൂടുതല്‍ വലിയ വില കൊടുക്കുവാന്‍ ഒരുങ്ങുകയാണ് നാമോരുരുത്തരും. തിരിച്ചറിവിന്റെ നാളം ഇനിയെങ്കിലും ഒന്നു മിന്നിത്തുടങ്ങിയിരുന്നെങ്കില്‍...

അജ്ഞാതന്‍ പറഞ്ഞു...

ഇന്നലെ ഒരാള്‍ പറഞ്ഞു 200 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ നാം ചെവ്വയില്‍ പോയി താമസിക്കുവാന്‍ തയ്യാറായിനില്‍ക്കാന്‍ ..അത്രയുണ്ട് ഇന്നത്തെ ഇന്നലത്തെ വികസന മര്യാദകള്‍ .ഗ്രീന്‍ രാഷ്ട്രീയം കൊള്ളാം അതുകൊണ്ടും കുറേപേര്‍ രാഷ്ട്രീയത്തില്‍ അരി വാങ്ങിക്കും. എന്നാല്‍ നമ്മുടെ തെറ്റായ വികസന വിവസ്ഥ അതിനെതിരെ പണിയെടുക്കുവാന്‍ ആര്‍ക്കും താല്‍പ്പര്യം ഇല്ല. ആരുടെയൊക്കെയോ തലയില്‍ ഉദിക്കുന്ന സിലബസുമായി നാം വീണ്ടും മുന്നോട്ട്. മണ്ണുമായി, പുഴയുമായി , കാടുമായി യാതൊരു ബന്ധവും അതിനു കാണില്ല ...കാണിക്കില്ല ... പരിസ്ഥിതി വിഷയം ഇന്ന് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഒരു സ്റ്റാറ്റസ് ആയി കൊണ്ട് നടക്കുന്നു എന്നിട്ടും എന്തെ നമ്മുടെ മണ്ണിനു യാതൊരുവിധ പ്രയോജനവും കിട്ടുന്നില്ല.......

Harinath പറഞ്ഞു...

വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയാലുണ്ടാകുന്ന സാമ്പത്തികനേട്ട്ത്തിലും സുഖസൗകര്യങ്ങളിലും തൊഴിലിലും വൻ കുറവുവരുന്നതിനെ സ്വീകരിക്കാൻ തയ്യാറാവുകയും ആഴ്ചയിൽ കുറച്ച് ദിവസങ്ങളെങ്കിലും കൃഷിപ്പണിയ്ക്ക് തയ്യാറാവുകയും ചെയ്യണം. എസിയും കുഴൽക്കിണരും ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണവും നിരോധനവും ആവശ്യമായിവരും. അങ്ങനെയെങ്കിൽ പ്രകൃതിസംരക്ഷണത്തെക്കുറിച്ച് കൂടുതൽ ബോധമാന്മാരാകും...... ഫ്ലാറ്റിന്റെ സുഖലോലുപതെയെക്കാൾ കാടിന്റെ കുളിരിനെ ഇഷ്ടപ്പെടാൻ ശീലിക്കണം.
ഇങ്ങനെ ഒരുകൂട്ടം കാര്യങ്ങൾ നിർബന്ധബുദ്ധിയോടെ നടപ്പാക്കിയാൽ മാത്രമേ പ്രകൃതിസംരക്ഷണം പായോഗികമാകൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms