സ്വന്തം വേരുകൾ തേടുന്ന ഒരു ജനത, തങ്ങളുടെ ആവാസവ്യവസ്ഥയിൽ നിന്ന് തന്ത്രപൂർവ്വം ആട്ടിയോടിക്കപ്പെട്ട ഒരു ജനത, പരിഷ്കൃതരെന്ന് മേനി നടിക്കുന്നവരുടെ അത്യാഗ്രഹത്തിനും ചൂഷണത്തിനും സ്വാർത്ഥതയ്ക്കും സ്വന്തം സ്വസ്ഥ ജീവിതം തന്നെ വിലയായി കൊടുക്കേണ്ടി വന്ന ഒരു ജനത, മാസങ്ങളായി കേരളത്തിന്റെ പൊതു മനഃസാക്ഷിക്ക് മുന്നിൽ രാഷ്ട്രീയ പ്രബുദ്ധതയെന്ന അവകാശവാദങ്ങളെ ശക്തമായി ചോദ്യം ചെയ്തുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ ഇടമില്ലാത്തവരുടെ പുതിയ പ്രതിഷേധരൂപവുമായി നിൽപ്പ് സമരത്തിലാണു. ഭൂമി കിട്ടാതെ, ഇരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്ന് അവർ ഉറക്കെയുറക്കെ പ്രഖ്യാപിക്കുമ്പോൾ നമ്മളും അതിൽ അണിചേരുകയും അവരുടെ ജീവന്മരണ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ലോകത്തിന്റെ ചരിത്രവും വർത്തമാനവും പരിശോധിക്കുമ്പോൾ എല്ലാ അധിനിവേശങ്ങളുടേയും ഏറ്റവും ക്രൂരമായ ഇരകൾ ആ മണ്ണിന്റെ യഥാർത്ഥ അവകാശികളാണു. ഇവിടേയും അധികാരരാഷ്ട്രീയത്തിന്റേയും മുതലാളിത്ത ചൂഷണത്തിന്റേയും നിശ്ശബ്ദരായ ഇരകളാണു ആദിവാസികൾ. ജനിച്ച് വളർന്ന മണ്ണെന്ന കാല്പനികതയ്ക്കപ്പുറം സ്വന്തം മണ്ണിൽ കൃഷി ചെയ്ത് ജീവിക്കാനുള്ള പ്രാഥമികാവകാശത്തിനുവേണ്ടിയുള്ള സമരമാണിത്. സ്വാതന്ത്ര്യസമരവും അത് മുന്നോട്ട് വച്ച ജനകീയ താല്പര്യങ്ങളും മനുഷ്യാവകാശവും ആദിവാസികളുടെ സവിശേഷ പ്രശ്നങ്ങളിലും അവർക്ക് മറ്റ് ഏത് ജനവിഭാഗങ്ങളേയും പോലെ ഭൂമിയുടെ മേലുള്ള അവകാശത്തിന്റെ പ്രശ്നങ്ങളിലും ദിശാബോധത്തോടെയുള്ള ഇടപെടലുകൾ നടത്താൻ സ്വാതന്ത്ര്യാനന്തര ഗവണ്മെന്റുകളെ നിർബന്ധിതരാക്കി. അതിന്റെ ആദ്യപടിയായി മുന്നോട്ട് വെക്കപ്പെട്ട യു എൻ ധേബർ സമിതി റിപ്പോർട്ട് 1950 ജനുവരിയ്ക്ക് ശേഷമുള്ള എല്ലാ കയ്യേറ്റങ്ങളേയും കൈമാറ്റങ്ങളേയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതായിരുന്നു. എന്നാൽ ഇത് നടപ്പിലാക്കുന്നതിനുള്ള യാതൊരു രാഷ്ട്രീയ ധാർമ്മികതയും സർക്കാരുകൾ കാണിച്ചില്ലെന്ന് മാത്രമല്ല, അതിനെയൊക്കെ അട്ടിമറിക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള ഭരണവർഗ്ഗ പാർട്ടികളുടെയെല്ലാം സമീപനം.
കേരളത്തിന്റെ യഥാർത്ഥ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ ആദിവാസി മേഖലകളിലെ രാഷ്ട്രീയപ്രക്ഷോഭങ്ങൾ വളരെ സജീവമാകുന്നത് 1970 കളിലാണെന്ന് കാണാം. ഈ സജീവസമരങ്ങൾക്ക് ആദിവാസികളുടെ പ്രശ്നങ്ങൾ അവഗണിക്കാൻ പറ്റാത്ത വിധം പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണു അവയുടെ ചരിത്രപരവും അനിഷേധ്യവുമായ പ്രാധാന്യം. ഈ സമരങ്ങളെത്തുടർന്ന് 1975 ൽ ആദിവാസിപ്രശ്നങ്ങൾ പരിഹരിക്കാൻ എന്ന വ്യാജേന കേരള നിയമസഭ കേരളാപട്ടികവർഗ്ഗ നിയമം കൊണ്ടുവന്നു. എന്നാൽ ഈ നിയമപ്രകാരം 1960 വരെ നടന്ന കയ്യേറ്റങ്ങൾ എല്ലാം നിയമവിധേയമാക്കുകയും അതുവഴി കൈയ്യേറ്റക്കാരെ സഹായിക്കുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തുകയുമാണു ചെയ്തത്. 1950-1960 കാലഘട്ടങ്ങളിലാണു ഈ കയ്യേറ്റങ്ങൾ ഏറെയും കേരളത്തിൽ നടന്നത് എന്ന വസ്തുത പരിശോധിക്കുമ്പോൾ, എത്ര മാത്രം രാഷ്ട്രീയ സത്യസന്ധതയില്ലായ്മ ഈ ജനവിഭാഗങ്ങളോട് സർക്കാരുകൾ കാണിച്ചിട്ടുണ്ട് എന്നതും നഗ്നമായ ചൂഷണത്തിനു ജനപ്രതിനിധികൾതന്നെ കൂട്ടുനിൽക്കുന്നു എന്നതും നമ്മുടെ സകലപ്രതീക്ഷകളേയും തകിടം മറിക്കുന്നു.
ആദിവാസികളുടെ അടിസ്ഥാനപ്രശ്നങ്ങളോട് പൊതുവേ അലംഭാവം കാണിക്കുന്ന എല്ലാ ഗവണ്മെന്റുകളും 1975 ൽ പാസാക്കപ്പെട്ട ഈ നിയമം പതിനൊന്ന് വർഷത്തോളം അവഗണിക്കുകയായിരുന്നു. പിന്നീട് 1986 ലാണു ഇത് നടപ്പിലാക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരുന്നത്. തുടർന്നും കൈയേറ്റ ഭൂമികൾ തിരിച്ചുപിടിക്കാനും പരാതികൾ പരിഹരിക്കാനും നാമമാത്രമായ ശ്രമങ്ങളാണു സർക്കാരുകൾ നടത്തിയത്. തുടർന്ന് നല്ലതമ്പി തേരയുടെ നേതൃത്വത്തിൽ നടന്ന നിയമയുദ്ധങ്ങൾ ഈ നിയമം നടപ്പിലാക്കാൻ ഹൈക്കോടതി ഉത്തരവിടുന്നതുവരെ നീണ്ടുനിന്നതായിരുന്നു. ഈ വിധി നടപ്പിലാക്കുന്നതിനെതിരെപ്പോലും പുതിയ ബില്ലുകൾ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പാസാക്കി ഈ കാടിന്റെ മക്കൾക്ക് അവരുടെ ഭൂമി തിരിച്ചു പിടിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമായി അപ്രാപ്യമാക്കുകയും ആയിരുന്നു.
1996 ലെ സര്ക്കാമര് പാസാക്കിയ പുതിയ നിയമം, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിക്കേണ്ട വര്ഷംാ 1960 -ൽ നിന്ന് 1986 ആക്കി മാറ്റി. പിന്നീട് 1999 ലെ നിയമം, രണ്ടര ഹെക്ടര്‍ വരെയുള്ള കയ്യേറ്റങ്ങള്‍ നിയമ വിധേയമായി പ്രഖ്യാപിക്കുകയും ഭൂമിയുടെ യഥാര്ത്ഥ അവകാശികളായ ആദിവാസികള്ക്ക് മറ്റ് ഭൂമി വാഗ്ദാനം നല്കുകയും ചെയ്തു. അങ്ങനെ, ആദിവാസികളുടെ ഭൂമിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍, ആദിവാസികളെ ഭൂമിയില്‍ നിന്നും അടിച്ചിറക്കിയവര്ക്ക് അനുകൂലമായ നിയമമാക്കി മാറ്റുകയായിരുന്നു. ഇത് വിശകലനം ചെയ്യുമ്പോൾ ആദിവാസികൾ അനുഭവിക്കുന്ന സാമൂഹ്യ അനീതിക്കൊപ്പം രാഷ്ട്രീയ അവഗണനയും ചൂഷണവും അതിരുകളില്ലാത്തതാണെന്ന് മനസിലാക്കുന്നു.
ഇതിനെതിരെ ആദിവാസി സംഘടനകളും ജനാധിപത്യശക്തികളും നടത്തിയ സമരങ്ങൾ ഒന്നും ലക്ഷ്യപ്രാപ്തിയിലെത്തിയില്ല. അത്തരമൊരു സാഹചര്യത്തിലാണു 2001-ൽ സെക്രട്ടറിയേറ്റിനുമുന്നിലുള്ള കുടിൽ കെട്ടി സമരവും പിന്നീട് മുത്തങ്ങാ സമരവും ഇപ്പോഴത്തെ നില്പുസമരവും എല്ലാം നടക്കുന്നത്. കേരള സര്ക്കാ രുമായി 2001 ഒക്ടോബറില്‍ ഉണ്ടാക്കിയ ഒത്തുതീര്പ്പ് വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാണു നില്പുസമരത്തിലൂടെ ഇന്നും ആവശ്യപ്പെടുന്നത്.
അന്യാധീനപ്പെട്ട എല്ലാ ആദിവാസി ഭൂമിയും തിരികെ പിടിക്കുക / കേന്ദ്ര സര്ക്കാ്ര്‍ അനുമതി നല്കിനയ പത്തൊൻപതിനയിരത്തി അറുന്നൂർ ഏക്കര്‍ വനഭൂമി പതിച്ചു നല്കാന്‍ സര്ക്കാനര്‍ വിജ്ഞാപനമിറക്കുക /വനാവകാശ നിയമപ്രകാരമുള്ള വനാവകാശവും പാരമ്പര്യാവകാശവും അനുസരിച്ച് പട്ടയം നല്കുകക/ജലസേചനം പാരമ്പര്യ കൃഷി എന്നിവക്ക് ഊന്നല്‍ നകുന്ന കാര്ഷിലക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ എത്രയും വേഗത്തില്‍ നടപ്പില് വരുത്തണമെന്ന് ഈ പ്രമേയം ആവശ്യപ്പെടുന്നു.
ആദിവാസി ഊരുഭൂമി അഞ്ചാം പട്ടികയില് ഉള്പ്പെടുത്തി പട്ടിക വര്ഗ്ഗ മേഖലയായി പ്രഖ്യാപിക്കുന്നത്, ഭാവിയിലും അന്യാധീനപ്പെട്ടു പോകുന്ന ഭൂമിയെ സംരക്ഷിച്ചു പിടിക്കാൻ അത്യാവശ്യമാണെന്ന് ഈ പ്രമേയം വിലയിരുത്തുന്നു. അതിനു വേണ്ടി സമഗ്രമായ ഒരു നിയമ നിര്മ്മാണം നടത്തുന്നതിനും അതോടൊപ്പം ആദിവാസിഭൂമിയിലേയ്ക്കുള്ള കൈയേറ്റങ്ങൾ നിയമം മൂലം നിരോധിച്ച് ആദിവാസി ഇതര സമൂഹത്തിനുള്ള തുടർ പട്ടയവിതരണ നടപടികളിൽ നിന്നും സർക്കാർ പൂർണ്ണമായും പിൻ വാങ്ങണമെന്നും ഈ പ്രമേയം സർക്കാരിനോട് ആവശ്യപ്പെടുന്നു.
വനമേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പൂർണ്ണമായി വനവാസി സമൂഹത്തെ നിയമിക്കുന്ന തരത്തിലും വനവാസി വിഭാഗത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിലും ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെയുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പ്രമേയം സർക്കാരിനോട് ആവശ്യപ്പെടുന്നു.
ആദിവാസികളുടെ പാരമ്പര്യ വിളകളുടെയും അറിവുകളുടേയും ശേഖരണത്തിനും അവയ്ക്ക് അന്തരാഷ്ട്ര പേറ്റന്റ് നിയമതലത്തിൽ അംഗീകാരം നേടിയെടുക്കാനും അതിന്റെ ഗുണഫലം പൂർണ്ണമായും ആദിവാസികൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന നടപടികളിലേയ്ക്ക് സർക്കാർ നീങ്ങണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു
തദ്ദേശീയ ജനതയുടെ ജീവത്സമരം അവസാനിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകള് ഉത്തരവാദിത്തപ്പെട്ട എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും പൗര സമൂഹത്തിന്റെ യും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഈ രാഷ്ട്രീയ പ്രമേയം അഭ്യർത്ഥിക്കുന്നു. പ്രകൃതിവിഭവങ്ങൾക്ക് മുകളിൽ ആദിവാസികൾക്കുള്ള അധികാരം ഉറപ്പിക്കുന്നതിനും ആദിവാസികളുടെ എല്ലാ ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്തുവരുവാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിർബന്ധിക്കും വിധം പുരോഗമനശക്തികളും ജനാധിപത്യ സംഘടനകളും വിപ്ലവപ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്നും ഈ പ്രമേയം അഭ്യർത്ഥിക്കുന്നു.