2014, ജനു 1

അമ്മ/രതി/പ്രകൃതി മൂന്ന്‍ വായനകള്‍



പുത്രന്മാരും കാമുകന്മാരും
ഡി എച്ച് ലോറന്‍സ്
ഡി സി ബുക്സ്

സ്വജീവിതത്തില്‍ അമ്മ ചെലുത്തിയ സ്വാധീനം മറ്റു പ്രണയങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഒരൊത്ത പുരുഷനെ മാറ്റുന്ന/ അതിന് കാരണമായി ഒരുവേള മകന് അമ്മയോടും അമ്മക്ക് മകനോടും തോന്നുന്ന പ്രണയമോ പ്രണയ സമാനമോ ആയ ഒരു വൈകാരിക അടുപ്പമാണ് എന്നുള്ളിടത്ത് മനുഷ്യ മനസ്സിന്റെ അതി സങ്കീര്‍ണ്ണമായ ചില സങ്കേതങ്ങളെ തുറന്നുകാണിക്കുന്ന/ നമ്മെപ്പോലുള്ള ഒരു സാംസ്കാരിക പരിസരത്ത് അത്ഭുതവും അമാന്യവുമായി കരുതപ്പെടുന്ന/ എന്നാല്‍ അസംഭവ്യമെന്ന് തീര്‍പ്പാക്കാന്‍ പറ്റാത്ത ഒരു കീറാമുട്ടിയെ അവതരിപ്പിക്കുന്ന ധൈര്യമാണ് പുത്രന്മാരും കാമുകന്മാരും.

ക്ലാരയോടും മിറിയമിനോടും തോന്നുന്ന പ്രണയം വ്യത്യസ്ത മാനങ്ങള്‍ അവകാശപ്പെടുന്ന ഒന്നായാണ് എനിക്കനുഭവപ്പെട്ടത്‌. ഒരേസമയം തന്നെ ഒരാള്‍ക്ക് ഒരാളില്‍ അനുഭവമാകുന്ന പലതും വെവ്വേറെ പകുത്ത് നല്‍കുന്ന വിധം രണ്ടു പേര്. അങ്ങനെയാണ് ഇതിലെ കേന്ദ്ര {?} പാത്രത്തിനു ക്ലാരയും മിറിയമും. വായനയില്‍ മറിയമിനെ മിറിയം എന്ന് തെറ്റി എഴുതിയതാണോ എന്ന് പലപ്പോഴും സംശയിച്ചു നിന്നിട്ടുള്ള ഞാന്‍ ഒടുക്കം അത് എന്റെ ഒരു കേവല സംശയം മാത്രമായിരുന്നില്ല, മിറിയമില്‍ ഒരു മറിയം ഉണ്ട് എന്ന്‍ ബോദ്ധ്യപ്പെടുന്ന സാഹചര്യം നോവലില്‍ കാണിക്കുന്നുണ്ട്. ഇങ്ങനെ ദിവ്യമെന്നും ആത്മീയമെന്നും മറ്റൊരവസ്ഥയില്‍ ഭ്രാന്തെന്നും തോന്നിക്കുന്ന കൂടുതല്‍ ആജ്ഞേയമായ ഒരു സ്വഭാവം മിറിയമിനും അവളുടെ പ്രണയത്തിനും കാണാന്‍ കഴിയുന്നുണ്ട്. തിരിച്ച് മിറിയമിനോടും ഏതാണ്ട് അതെ സ്വഭാവം ഇയാളും സൂക്ഷിക്കുന്നുണ്ട്. എന്നാല്‍, ക്ലാര തന്റെ ശരീര ചോദനകളുടെ തീര്‍പ്പ്‌ എന്ന രീതിയില്‍ തന്നെ പരസ്പരം സ്വീകരിക്കപ്പെടുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുണ്ട്. ഈ രണ്ടവസ്ഥയും ഒരാളില്‍ തന്നെ സമീപസ്ഥമാകുന്ന പ്രണയങ്ങളാണ്‌ സാധാരണയായി അറിയിക്കപ്പെടാറുള്ളത് എന്നിരിക്കെ ഈ ജീവിതങ്ങള്‍ക്ക് സ്വാഭാവികമായ പ്രത്യേകത അനുവദിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.

പിന്നെ, തന്റെ പ്രണയത്തിനു മുന്‍പില്‍ അത്യുത്സാഹിയും പ്രസന്നരുമായി നിലനില്‍ക്കുന്നതിന് ഏറ്റം ശ്രമകരമായ സാഹചര്യത്തിലും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രണയോന്മേഷമോ ഹര്‍ഷമോ ഈ നാല് പേരിലും പ്രകടമാണ്. അതൊരു ത്യാഗമായോ പയ്യാരമായോ കണക്ക് ചോദിക്കുന്ന ഒരവസരവും നോവലില്‍ എങ്ങുമില്ല. പ്രണയം അത് പുറത്തേക്ക് ഗമിക്കുന്ന ഒരൂര്‍ജ്ജം തന്നെയാണെന്നും അത് ശരിയാം വിധം ജീവിപ്പിക്കുന്നുവെന്നും തന്നെയാണ് ക്ഷമാശീലരായ പ്രണയിതാക്കളിലൂടെ  കാണിക്കുന്നത്. അതിനര്‍ത്ഥം പൂര്‍ണ്ണമായും സ്വാര്‍ത്ഥ മുക്തമായ ഒരു ജീവിതമാണ് ഇവര്‍ നയിക്കുന്നത് എന്നല്ല. ഈ ക്ഷമ തന്നെയും മറുവായനയില്‍ സ്വാര്‍ത്ഥമെന്ന് ഉള്ളില്‍ ചിരിക്കാം... അതും പ്രണയ പൂര്‍വ്വം മാത്രമേ സാധിക്കൂ എന്ന് ചുരുക്കം.

ഇതിന്റെ കൂടുതല്‍ വായനകള്‍ നടന്നിട്ടുണ്ടാകാം. ശരാശരിയില്‍ താഴെ എന്ന നിരാശ പേറുന്ന ഒരു സാധാരണ വായനക്കാരന്റെ തോന്നലുകള്‍ മാത്രമാണ് ഇതെന്ന് ജാമ്യമെടുത്തവസാനിപ്പിക്കുന്നു.

ദേഹാന്തരയാത്രകള്‍
നോവല്‍: വി ഡി മനോജ്‌
കൃതി ബുക്സ്

ദേഹാന്തരയാത്രയവസാനിക്കുമ്പോള്‍
കിതച്ചുകിതച്ചൊടുക്കമമര്‍ന്നു
കിടപ്പാണ് താളം, സ്വസ്ഥം/സുഷുപ്തി.

നോവലുകളില്‍ സാധാരണയായി കാണുന്ന തുടര്‍ച്ച/ അതിനനുവര്‍ത്തിക്കുന്ന എഴുത്ത് രീതിയല്ല  ഇതില്‍ കാണാനാകുന്നതെന്നതാണ് ആദ്യത്തെ വര്‍ത്തമാനം. ഓരോ അദ്ധ്യായത്തിനും സ്വയം നിലനില്‍ക്കുവാനുള്ള ജീവന്റെ ബലമുണ്ട് എന്നതാണ് ആ വര്‍ത്തമാനത്തിന്റെ സാക്ഷ്യം.

അത്ര സാധാരണമല്ലാത്ത എന്നാല്‍ സംഭവ്യമെന്ന് തോന്നിക്കുന്ന ഒരു സാഹചര്യത്തില്‍നിന്നും യാത്രയാരംഭിച്ച്/ മറ്റനേക സാഹചര്യങ്ങളിലൂടെ നടത്തിച്ച്/ മനുഷ്യാവസ്ഥകളിലെ സമാനതകളെ കാണിക്കുക്കയാണ്  സുഹൃത്ത് മനോജ്‌ തന്റെ ദേഹാന്തരയാത്രകളിലൂടെ... ജന്മരഹസ്യം അസ്വസ്ഥപ്പെടുത്തുന്ന രമേശ്‌ നാടോര്‍മ്മയില്‍ നിന്നും അനന്തതയിലേക്ക് ഇറങ്ങിപ്പോകുമ്പോള്‍ അയാളുടെ ഉള്ളം നിറയെ കടുത്ത കാലുഷ്യവും അമര്‍ഷവുമായിരുന്നു. പിന്നീട്, ചെന്നുപെട്ട ഇടങ്ങളില്‍ കണ്ടും കൊണ്ടും പരിചയിച്ച ജീവിതങ്ങള്‍ അത്ര ചെറുതല്ലാത്ത പാഠങ്ങളിലൂടെ ജീവിക്കാനുള്ള ഊര്‍ജ്ജവും ധൈര്യവുമേറ്റുന്നതാണ് ഇക്കഥ.

ദേഹാന്തര യാത്ര ഒരു ദേശാന്തരയാത്ര കൂടെയാണ്. തെലുങ്കും ഗുജറാത്തിയും മറാത്തിയും ഹിന്ദിയും തമിഴും സംസാരിക്കുന്ന നഗര/ഗ്രാമ പ്രദേശങ്ങളിലൂടെയുള്ള യാത്ര. അവിടങ്ങളിലുള്ള സാംസ്കാരിക പ്രത്യേകതകളെ പരിമിതമായ അളവിലെങ്കിലും പരാമര്‍ശിച്ചു പോകുകവഴി അതാത്  ജീവിതങ്ങള്‍ക്ക് താന്താങ്ങളുടേതായ പശ്ചാത്തലം രൂപീകരിക്കാനും വിഭിന്നങ്ങളായ സാംസ്കാരിക പശ്ചാത്താലത്തില്‍ ജീവിക്കുമ്പോഴും ഒരു ശരാശരി മനുഷ്യന്റെ ജീവിത പ്രശ്നങ്ങളില്‍ അനുഭവമാകുന്ന സമാനതകള്‍ കാണിക്കാനും എഴുത്തുകാരന് സാധിക്കുന്നുണ്ട്. ഇത് തനിച്ച്/സ്വന്തം, ദേശീയ/ഉപ ദേശീയ  തുടങ്ങിയ പരിമിതപ്പെടലുകളെ  നിരാകരിക്കുകയും മാനവിക/സാമൂഹികതയെ  ആവശ്യപ്പെടുകയും ജീവിതമെന്ന ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ഐക്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പക്ഷെ, പോയകാലത്തെ അധീശത്വ ജീര്‍ണ്ണതകളുടെ ഭാരം താങ്ങി ഇന്നും ജീവിക്കേണ്ടി വരുന്ന ജീവിതം കറുത്തുപോയ മനുഷ്യരില്‍ തുടങ്ങി സ്വതന്ത്രരെന്നഹങ്കരിച്ച് വെളുപ്പാശ്ലേഷിച്ച ആധുനിക മനുഷ്യരുടെ വരെയും ആത്മഗതങ്ങളിലെ അസ്വാസ്ഥ്യവും സംഘര്‍ഷവും ദീനമെങ്കിലും പതിയെ പതിയെ ഉറച്ചുയരുന്ന ശബ്ദവും തീരുമാനവുമായി  ആവിഷ്കരിക്കുന്ന എഴുത്തുകാരന്‍,  തന്റെ എഴുത്തിലെ അപൂര്‍വ്വാവസരങ്ങളില്‍ മാത്രം സ്വീകരിക്കുന്ന ചില രാഷ്ട്രീയ തീര്‍പ്പുകളില്‍ പാരമ്പര്യ മതത്തിന്റെ അതേ മുഖ്യധാരാ ഭാഷ തന്നെ ഉപയോഗിക്കുന്നത് കണ്ട് അത്ഭുതപ്പെടുന്ന സാഹചര്യവും ഈ { കരക്കപ്പല്‍, എനെ ജവ ന ദേജോ } വായനയിലു/ലെനിക്കുണ്ട്.

എങ്കിലും നോവലില്‍ മുഴുനീളെ പറയുന്ന മനുഷ്യന്റെ ലൈംഗീക ജീവിതത്തില്‍ നിലനില്‍ക്കുന്ന സദാചാര ദുര്‍വാശിക്ക് പുറത്തുനിന്ന് ജീവിതത്തിലെ സ്വാഭാവികതയെ നാട്യമേതുമില്ലാതെ ആവിഷ്കരിക്കാനുള്ള ശ്രമത്തെ ശ്ലാഘിക്കുന്നു. ഈയൊരു 'സ്വാഭാവികത' മറച്ചുവെക്കുന്നില്ല, തുറന്ന്‍ പറയുന്നു/കാണിക്കുന്നു എന്ന്‍ മാത്രമാണ്. ജീവിതമപ്പോഴും അസ്വാതന്ത്ര്യത്തിലൂടെയും  അസമത്വത്തിലൂടെയും  തിരഞ്ഞെടുക്കാനുള്ള അവകാശമില്ലായ്മയിലൂടെയും തുടരുന്നു എന്നുതന്നെയാണ് കാണിക്കുന്നത്. ഇത്, ഭാവനാ ദാരിദ്ര്യം/ലൈംഗീക ദാരിദ്ര്യം/ ജീവിത ദാരിദ്ര്യം തുടങ്ങിയ സകലമാന ദാരിദ്യത്തെയും ഉത്പാദിപ്പിക്കുകയോ പ്രതിനിധീകരിക്കുകയോ ചെയ്യുന്നുണ്ടെന്നും ഈ നോവല്‍ പറയുന്നു.

പുഴ അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് തന്നെ തിരികെയൊഴുകണം എന്ന നിര്‍ബന്ധം ജീവിതത്തിലോ { ജീവിതത്തിനു പുറത്തോ അകത്തോ ഉള്ള } സാഹിത്യത്തിലോ ഉണ്ടാകുന്നത് പ്രകൃതിയില്‍ നിന്ന് വേറിട്ട്‌ നില്‍ക്കലും അബദ്ധ നിര്‍മ്മാണവുമാണ്. അതിനെ അതിന്റെ സ്വാഭാവിക ഒഴുക്കിന് വിടുകയും പിന്നെയും ഉയിര്‍ത്ത് പെയ്യുന്ന അതിന്റെ ചാക്രികതയെ അനുവദിക്കുകയും ചെയ്യുക എന്നതാണ് പ്രകൃതി ജന്യ ജീവിതം. ആ അര്‍ത്ഥത്തില്‍ രമേശ്‌ തിരികെ ഒഴുകുകയായിരുന്നില്ല, അതതിന്റെ ഒഴുക്കിലെ സ്വാഭാവികത അനുഭവിക്കുകയായിരുന്നു എന്ന സ്വയം ബോധ്യത്തില്‍ യാത്ര അവസാനിപ്പിക്കുന്നു.


ആതി
സാറാ ജോസഫ്
കറന്‍റ് ബുക്സ്

ആതിയിലേക്ക്‌ കയറിപ്പോകുന്തോറും അതിശയക്കാഴ്ചയുടെ അധികങ്ങളാണു നമ്മെ സ്വാഗതം ചെയ്യുന്നത്‌. പോകെപ്പോകെ ആതിയൊരു നടുക്കമായ്‌ ദുരന്തമായ്‌ നമ്മെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. ഇടക്കൊക്കെയും ആർദ്രമായ ചിലതിനെ ആവശ്യപ്പെടുകയും പരീക്ഷിച്ചറിയുകയും ചെയ്യുന്ന ജീവിതാനുഭവങ്ങൾ ആതിയെ കൂടുതൽ സ്വന്തത്തിലേക്ക്‌ ചേർക്കുകയും ചെയ്യുന്നു.

ആതി സാധ്യമോ എന്ന ചോദ്യം ഒരു ദോഷൈക ദൃക്കിന്റെ കുശുമ്പ്‌ മാത്രമായി കാണാനാണ് എനിക്കിഷ്ടം. കാരണം, ആതി പല ഗ്രാമ്യ ജീവിതാവസ്ഥകളെയും ഒരുമിച്ച്‌ ചേർത്ത്‌ ഒരു വീടകമാക്കി മാറ്റുകയാണു ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ ആതി നമ്മിൽ നിന്നൊഴിവല്ല.

പലഹാര വണ്ടികളെ ചതുപ്പിലേക്ക്‌ മറിച്ചിട്ടുകൊണ്ട്‌, കുട്ടികളോട്‌ ചതുപ്പ്‌ വേണോ പലഹാരങ്ങൾ വേണോ എന്ന് ചോദിക്കുന്ന മാജിക്കുകാരൻ നമ്മുടെയൊക്കെയും വീടകങ്ങളിലേക്ക്‌ നമ്മുടെയാരുടെയും അനുവാദം കൂടാതെ കയറി വരുന്ന പരസ്യക്കാരാണെന്ന തിരിച്ചറിവ്‌ മുതലാളിത്തത്തിന്റെ പ്രലോഭന തന്ത്രങ്ങളെ കരുതിയിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്‌.

ഭക്ത ജനങ്ങളുടെ നിഷകളങ്കതയെ ചൂഷണം ചെയ്ത്‌ സമ്പന്ന വർഗ്ഗത്തിന്റെ കച്ചവടതാത്പര്യത്തിനനുസൃതമായി അവരുടെ മനസ്സിനെയും പരിസരങ്ങളെയും ഒരുക്കികൊടുത്ത്‌ കൂട്ടുകൃഷിക്കൊരുങ്ങുന്ന പുരോഹിത വർഗ്ഗവും ലോകത്തിന്റെ എല്ലാഭാഗത്തും കാണുന്ന മുതലാളിത്തത്തിന്റെ പങ്കുകാരെയാണ് കാണിക്കുന്നത്‌.

നഗരങ്ങൾ ഗ്രാമങ്ങളിലേക്ക്‌ വലുതാകുന്ന വിധം ആതിയിലൂടെ കാണുമ്പോൾ അന്യാധിനിവേശങ്ങൾ എത്ര എളുപ്പത്തിലൂടെയാണ് സാധ്യമാകുന്നതെന്ന് ബോദ്ധ്യം വരും.

അറിയുന്തോറും ആധി ഏറിയേറി വരുന്ന ഒരു വായനാനുഭവമാണ് ആതി. തലതിരിഞ്ഞ വികസന നയങ്ങളിലൂടെ പ്രകൃതിയെ നശിപ്പിക്കുകയും ജീവിതം ദു:സഹമാക്കി തീർക്കുകയും ചെയ്യുന്ന ദ്രോഹ നടപടികളിൽ നിന്നും സർക്കാരുകൾ പിന്തിരിയേണ്ടതിന്റെയും ഒരു ബദൽ രാഷ്ട്രീയവും വികസന പരിപാടികളും ഉയർന്നു വരേണ്ടുന്നതിന്റെ ആവശ്യകതയും ആതി മുന്നോട്ട്‌ വെക്കുന്നുണ്ട്‌. അതുതന്നെയാണ് ഇതിന്റെ വായനയെ നിർബന്ധിക്കുന്നതിന്റെ ഘടകവും.

മറ്റു വായനകള്‍:
ഒന്ന്: ഒരു നുണയനെ വായിക്കുമ്പോള്‍, ആപ്പിള്‍ {കഥാസാമാഹാരം} സിയാഫ് അബ്ദുല്‍ ഖാദിര്‍
 
രണ്ട്: നുജൂദ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. 'ഞാന്‍ നുജൂദ്, വയസ്സ് പത്ത്, വിവാഹ മോചിത' {വിവര്‍ത്തനം}  രമാ മേനോന്‍

10 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

"അധികമില്ലാത്ത
ഒരു 'അ' ചേർത്ത്‌
പൊട്ടനാകാൻ
വെല്ലുവിളിക്കുന്നു നിന്നെ,
രണ്ടായിരത്തിപ്പതിനാലേ..." എന്ന്
ഒടിത്തോറ്റ രണ്ട്‌ കണ്ണും
പിന്നെ അതിന്റെ ചെവികളും.!

പോരാട്ടത്തിന്‍റെയും പ്രതീക്ഷയുടെയും ദിനങ്ങളാശംസിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല ഒരു നിരൂപണക്കുറിപ്പ്..

Cv Thankappan പറഞ്ഞു...

അവലോകനം നന്നായി
ആശംസകള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

നല്ല വായന ,

വീകെ പറഞ്ഞു...

പുസ്തകാവലോകനം നന്നായിരിക്കുന്നു.
‘പുതുവത്സരാശംസകൾ...’

Pradeep Kumar പറഞ്ഞു...

ആതിയാണ് ഇപ്പോൾ വായിക്കുന്ന പുസ്തകം. മനോജിന്റെ നോവൽ വെടിക്കഥകൾ എന്ന പേരിൽ ബ്ലോഗിൽ വന്നപ്പോൾ വായിച്ചിട്ടുണ്ട്. ദേഹാന്തരയാത്രകളിലേക്ക് ഇതുവരെ പോയിട്ടില്ല. ഡി.എച്ച് ലോറൻസിന്റെ പുസ്തകം ഈഡിപ്പസ് കോംപ്ലക്സിന്റെ ആഖ്യാനമെന്ന രീതിയിൽ ശക്തമാണെന്ന് കേട്ടിട്ടുണ്ട്. വായിച്ചിട്ടില്ല.

മൂന്നിൽ രണ്ടും വായിക്കാത്തവ, ഒന്നു വായന ഇനിയും പൂർത്തിയാക്കാത്തത്. എന്റെ വായനയുടെ നിലവാരം മനസ്സിലായല്ലോ. ഇത്തരം റിവ്യൂകളാണ് പുസ്തകങ്ങളെക്കുറിച്ച് എനിക്ക് അറിവു തരന്നത്. നന്ദി

ajith പറഞ്ഞു...

നല്ല വായനയും വിശേഷവും
ലോറന്‍സിന്റെ പുസ്തകം വായിച്ചിട്ടില്ല

ഫൈസല്‍ ബാബു പറഞ്ഞു...

നല്ല പരിചയപെടുത്തല്‍,, ഇതില്‍ ഒന്ന് പോലും വായിച്ചിട്ടില്ല :)

മിനി പി സി പറഞ്ഞു...

ആതി വായിച്ചു പകുതിയായി ....മറ്റുള്ളവ വായിച്ചിട്ടില്ല .നല്ല അവലോകനം .

Geethakumari പറഞ്ഞു...

നന്നായി ഈ വിശകലനം
ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms