2014, ജൂൺ 2

ഗ്രന്ഥപ്പശു

                                            ഗ്രന്ഥപ്പശു 

"ഗവണ്മെന്റിനെതിരെ പ്രവർത്തിച്ചവരെ ജയില്‍ ഭേദിച്ച് രക്ഷപ്പെടുത്തി എന്നതാണ് താങ്കള്‍ ചെയ്ത കുറ്റം"

തൊഴുത്തിനരികില്‍ ചെന്ന കുമാരന്‍ പുല്ലും വൈക്കോലും വേണ്ടത്ര ഉണ്ടെന്നു ഉറപ്പുവരുത്തിയ ശേഷം ചൂട്ടും മിന്നിച്ച് ഒതുക്കുകല്ലിറങ്ങി. വയല് മുറിച്ച് കടക്കുമ്പോള്‍ അയാളുടെ നെഞ്ചൊന്ന് പിടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ കാറ്റും മഴയും പിഴുതെറിഞ്ഞ വാഴയും നെല്ലും പാടത്തും പറമ്പിലുമായി ചത്തു ചീഞ്ഞു കിടക്കുന്നു. കാലില്‍ പുല്ലുരഞ്ഞ് മുറിഞ്ഞ് നീറുന്നുണ്ട്. കുമാരന്‍ ചൂട്ട് വീശി തീ ആളിച്ച് വെട്ടമുണ്ടാക്കി ധൃതി കൂട്ടി നടന്നു. വളവിലെത്തിയപ്പോള്‍ ബാങ്ക് വിളി ഉച്ചത്തില്‍ കേട്ട് തുടങ്ങിയിരുന്നു. പള്ളിയിലേക്ക് കയറിപ്പോകുന്നവരുടെ നിരയിലേക്ക് പതറി നോക്കി കയ്യിലെ കവര്‍ മുറുക്കിപ്പിടിച്ച് അവരെയും കടന്നു പോകാന്‍ അയാള്‍ തിടുക്കം കൂട്ടി.

"നേരം ബെളിബെരുന്നതിനു മുന്‍പേ നീ ഏടെ പോണ്?" 

"അത്, അതുപിന്നെ ഒരിടം വരെ".

"അതേട്രാ ഒരു സലം.? കുമാരാ നീ ചെല്ലീറ്റ്‌ പോടാ" 

വരി മുറിച്ച് വഴിയിലേക്കിറങ്ങി മൊല്ല ഒച്ചയിട്ടു.

ബസ്സ്‌ പോയിട്ടില്ല, കുമാരന്‍ ഓടിക്കയറി സീറ്റ് പിടിച്ചു. ഒന്ന് രണ്ട് സീറ്റിലൊഴികെ പണിക്കാരത്തിപ്പെണ്ണുങ്ങളും ആണുങ്ങളും നിറഞ്ഞിരിക്കുന്നു. മഴ പെയ്ത് തോര്‍ന്നെങ്കിലും മരം പെയ്യുന്ന പോലെ തവണ മുടങ്ങിയ കുടിശ്ശിക അപ്പോഴും കുമാരനെ ഭരണി പെയ്യുന്നുണ്ടായിരുന്നു. 

അടിവാരത്തെ തോട്ടപ്പണി ഉപേക്ഷിച്ച് ഭാര്യക്കും മക്കള്‍ക്കുമൊപ്പം കാലി വളര്‍ത്തലും കൃഷി നടത്തലുമൊക്കെയായി കുമാരന്‍ നാട്ടില്‍ക്കൂടാന്‍ തുടങ്ങിയിട്ടിപ്പോ ഏതാണ്ട്  പത്തുവര്‍ഷമായിക്കാണും. അതിന് ശേഷം അയാള്‍ ചുരം താണ്ടുന്നത് ഇതാദ്യമാണ്. 'അന്നൊക്കെ ഇതിനേക്കാള്‍ പച്ചയും തണുപ്പും ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. ഇനിയിപ്പോ ഉള്ളിലെ തീയ്യാണോ എന്തോ.?' 

കുമാരനെ വിയര്‍ക്കാന്‍ തുടങ്ങി. 

തോട്ടം തൊഴിലാളികളാണ്, ഇരു ഭാഗങ്ങളില്‍ നിന്നും റോഡു നിറഞ്ഞ് മുദ്രാവാക്യം വിളിക്കുകയാണ്‌. ഇത്ര കാലത്തെ ഇവരിതെന്തിനാണ് തൊഴില് മുടക്കി വഴി തടയുന്നത്? എത്ര പേരുടെ സമയമാണ് ഇവരപഹരിക്കുന്നത്.?  ആ, അവര്‍ക്കും എന്തേലും ന്യായം കാണുമായിരിക്കും. ചിന്തകളെ മുറിച്ചുകൊണ്ട് അയാള്‍ അടുത്തിരിക്കുന്ന ചെറുപ്പക്കാരന്റെ കയ്യില്‍ നിന്നും പത്രം വാങ്ങി വായിക്കാന്‍ തുടങ്ങി. 

ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു, അതാത് ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി. 

"ആദിവാസി ഊരുകളിലെ പട്ടിണിയും നിരക്ഷരതയും ചൂഷണം ചെയ്താണ് ഭരണകൂട വിരുദ്ധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്" 

അടുത്തിരിക്കുന്ന ചെറുപ്പക്കാരന്‍ വായന തടസ്സപ്പെടുത്തിക്കൊണ്ട് സംസാരത്തിനു തുടക്കമിട്ടു. അതിലൊന്നും വലിയ താത്പര്യം കാണിക്കാതെ കുമാരന്‍ പത്രം തിരികെ കൊടുത്ത് പൊതി കയ്യിലെടുത്തു പിടിച്ചു സീറ്റിലേക്ക് ചാഞ്ഞു.

ഉറക്ക് ഞെട്ടിയ കുമാരന്‍ കണ്ണുതുറന്നു നോക്കവേ ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നതാണ് കണ്ടത്. കാര്യം മനസ്സിലാകാതെ അയാള്‍ നാലുചുറ്റും നോക്കിയിട്ട് പുറത്തേയ്ക്ക് ദൃഷ്ടിപായിച്ചു.ടൗണിലേക്കുള്ള പ്രവേശന കവാടത്തില്‍ എത്തിയിട്ടേയുള്ളൂ. ഈ ബസ്സ്‌ എന്തിനായിരിക്കും നിര്‍ത്തിയിട്ടിരിക്കുന്നത്?. കാര്യങ്ങള്‍ മനസ്സിലാക്കി വരുമ്പോഴേക്കും ഏതാനും പോലീസുകാര്‍ ബസ്സിലേക്ക് ഇരച്ചു കയറിയിരുന്നു. തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരനെ പിടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ട് പകച്ചുപോയ കുമാരന്‍ ഇരിപ്പിടത്തില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. ഈ സമയം കുമാരന്റെ കയ്യിലെ പൊതി ശ്രദ്ധയില്‍പെട്ട പോലീസുകാരൻ കുമാരന്റെ കുപ്പായത്തിലും കടന്ന് പിടിച്ചു.


"സാര്‍, എന്തിനാണ് എന്നെ പിടിച്ചുകൊണ്ടുപോകുന്നത്.? സത്യമായും എനിക്കൊന്നുമറിയില്ല. ഞാനൊന്നും ചെയ്തിട്ടില്ല."

ബസ്സിലുള്ളവരുടെ സഹായത്തിനായി ദൈന്യത മുറ്റിയ കണ്ണുകളുമായ് കുമാരന്‍ നിസ്സഹായനാകുമ്പോള്‍,  ഇതെല്ലാംകണ്ട് മിഴിച്ചു നില്‍ക്കുന്ന സഹയാത്രികര്‍ക്കും ഓടിക്കൂടിയ നാട്ടുകാര്‍ക്കും ഇടയിലൂടെ പോലീസ് കുമാരനെ ബസ്സില്‍ നിന്നും ഉന്തിത്തള്ളി പുറത്തിറക്കി വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റി ഓടിച്ചുപോയി. 

"ഇപ്പോള്‍ തന്നെ ഇടിച്ചേനെ, ഇവറ്റകളെക്കൊണ്ട് വല്ല്യ പാടായിട്ടുണ്ട്. വല്ല ബസ്സോ ലാറിയോ കയറി ചത്താലും മ്മക്കെന്നെ എടങ്ങേറ്. ശവമെടുത്തോണ്ട് പോകാന്‍ മുനിസിപ്പാലിറ്റിക്കാര് പോലും വരില്ല"
 
പുരാതന കാലത്തെന്നോ വന്നടിഞ്ഞതാണ്, ഈ മഹാനഗരത്തിന്റെ ചീഞ്ഞളിഞ്ഞ ഓടയില്‍. മുഷിഞ്ഞും ശകാരിച്ചും പച്ചച്ചാണകം കൊട്ടയിലാക്കുന്ന തിരക്കിലാണ് മമ്മത്. 

"ആ... ഇന്ന് നല്ല കോളൊത്ത മട്ടുണ്ടല്ലോ"

ചാണകം നിറച്ച കൊട്ട ഷെഡ്ഡിന്റെ ഓരത്തേക്ക് മാറ്റി വെച്ച് മുന്‍പിലെ മുക്കാലിപ്പലകയിലേക്കിരുന്ന്‍ മമ്മതൊരു വഷളച്ചിരി പാസ്സാക്കി.

"എന്ത് കോള്, ഇന്നും കണക്കാ... ബൈപാസിന് പിറകിലെ ഗ്യാരേജ്ന്ന്‍ കിട്ടിയ ഒടിഞ്ഞ നാലഞ്ച് ലീഫുണ്ട്" 

തലച്ചുമട് തറയിലിറക്കി നിവര്‍ന്ന്‍ നന്നേ മെലിഞ്ഞ ആ ശബ്ദം നെടുവീര്‍പ്പിട്ടു.

"കിട്ടിയാന്ന് പറയുമ്പോ" മമ്മതിന്‍റെ ചുളിഞ്ഞ നെറ്റിക്ക്" ങ്ങളെന്നാ പോലീസിന്റെ പണി തൊടങ്ങ്യേ" കഴുത്ത് വളച്ചൊരു മറുപടി കൊടുത്തുകൊണ്ട് അളവൊക്കാത്ത ബനിയനുള്ളില്‍ നിന്നും മെലിഞ്ഞ രണ്ട് കൈകള്‍ കണ്ടെടുത്ത് ചുവന്ന നിക്കറുകാരന്‍ പയ്യന്‍ തന്റെ സഞ്ചിയിലെ ഇരുമ്പ് കുടഞ്ഞിട്ടു.

"ഇതോണ്ടൊക്കെപ്പെന്താകാനാ, ഒരുനേരം തികച്ച് തിന്നാനുള്ളതില്ലല്ലോ? നീ കൊറച്ചുംകൂടെ മുന്തിയ എന്തെങ്കിലും കിട്ട്വോന്ന് നോക്കെന്റെ മരുതാ. അതാകുമ്പോ വാങ്ങുന്ന ഇനിക്കും നാല് മുക്കാല് തടയും"
"ഞാനിത് അപ്രത്തെ അന്ത്രുപ്പാക്ക് കൊടുത്തോളാം."  

വിലയില്‍ തൃപ്തനാവാതെ മരുതന്‍  ആക്രികള്‍ തിരിച്ചു സഞ്ചിയിലേക്ക് ഇടാന്‍ തുനിഞ്ഞു.

"നീ പിണങ്ങാതെടാ കുണ്ടാ. ഏതായാലുമായില്ലേ ഇതാ പിടിച്ചോ അഞ്ചിന്റെ നാല് മുട്ടുറുപ്പ്യ"

മമ്മത് കോന്തല അഴിച്ചു കെട്ടി.

"ഗവണ്മെന്റിനെതിരിൽ പ്രവർത്തിച്ചവരെ ജയില്‍ ഭേദിച്ച് രക്ഷപ്പെടുത്തി എന്നതാണ് താങ്കള് ചെയ്ത കുറ്റം"


കയ്യിലെ സഞ്ചി മതിലിനു പിറകില്‍ ഒളിപ്പിച്ചുവെച്ചു പശുക്കളെ  വകഞ്ഞ്  മരുതന്‍ ഗെയ്റ്റ് കടന്ന് ജനലിലൂടെ അകത്തേക്കെത്തിനോക്കി.

പറയൂ. താങ്കള്‍ എങ്ങനെയാണ് ആ കൃത്യം നിര്‍വ്വഹിച്ചത്..?
ദയ യാചിക്കുന്ന പോലെ കുമാരന്‍ മുഖമുയര്‍ത്തി. 

നോക്കൂ. താങ്കള്‍ ഇങ്ങനെ മിണ്ടാതിരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഒരുകാര്യം ഉറപ്പു പറയുന്നു. കുറ്റം സമ്മതിക്കാതെ താങ്കളെ ശിക്ഷിക്കുകയില്ല. പറയൂ എന്താണ് സംഭവിച്ചത്..? 

കുമാരന്‍ ഭാഷ മറന്നവനെപ്പോലെ സ്വയം നഷ്ടപ്പെട്ട് പോയി.

"ശരി, താങ്കള്‍ക്ക് ഈ ചിത്രത്തില്‍ കാണുന്ന ആളെ എത്ര നാളായിട്ടറിയാം..?"

മരുതന്‍  ജനല്‍പ്പടിയില്‍ കയ്യൂന്നി നിവര്‍ന്ന്‍ ചിത്രത്തിലേക്കേന്തി നോക്കി.

"അറിയില്ല" 

ശരി, ഈ പത്രത്തില്‍ കാണുന്ന ആളെ ഇവിടെ കൊണ്ടുവരുന്നതിനും ഏതാനും മണിക്കൂറുകള്‍ക്ക് മുന്പ് നിങ്ങള്‍ കണ്ടിട്ടുണ്ട്.  എന്താ, ശരിയല്ലേ..? 

"അതെ. പഷേ എവിടെ വെച്ചെന്ന് ശരിക്കോര്‍മ്മയില്ല"

കുമാരന്‍ ശബ്ദമില്ലാത്തവനായി.

എവിടെ വെച്ചെന്ന് ശരിക്കും ഓര്‍ത്ത്‌ നോക്കൂ. താങ്കളുടെ സഹകരണത്തിനനുസരിച്ചായിരിക്കും കോടതി നിങ്ങളോടുള്ള സമീപനം സ്വീകരിക്കുന്നത്. 

"ആ ഓര്‍ക്കുന്നു. അടിവാരത്തെ സമരവും ലാത്തി ചാര്‍ജ്ജും കഴിഞ്ഞ് ഞങ്ങള്‍ സഞ്ചരിച്ച ബസ്സ്‌ യാത്ര തുടരുന്നു. എനിക്കൊപ്പമിരുന്ന്‍ യാത്ര ചെയ്തിരുന്ന ആ  ചെറുപ്പക്കാരനോട്‌ മുഷിഞ്ഞ്‌ എന്തോ ഓര്‍ത്തിരിക്കുന്നതിനിടക്ക് ഞാനുറങ്ങിപ്പോയി. അപ്പോഴാണ്‌ ഞാനിയാളെ കാണുന്നത്"

ഇപ്പോള്‍ കുമാരന്റെ കണ്ണുകള്‍ ശാന്തമാണ്.

"താങ്കള്‍ സംസാരിക്കുന്നത് കോടതിയോടാണെന്നോര്‍മ്മവേണം. കോടതിയെ പരിഹസിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്, മറക്കാതിരിക്കുക".  

"സത്യമായും ഞാന്‍ പരിഹസിച്ചതല്ല. ഞാനിയാളെ  സ്വപ്നത്തിലാണ് കാണുന്നത്. എത്രയോ നാളുകളായ് പലപല ആവശ്യങ്ങള്‍ ഉന്നയിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന എല്ലാ സമരങ്ങളും ഒന്നിച്ചൊരോറ്റ സമരമായി ജനങ്ങളെ സംഘടിപ്പിക്കുന്നതും രാജ്യത്തെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതും ജനതയെ വിമോചിപ്പിക്കുന്നതുമായിരുന്നു ആ സ്വപ്നം. ആ സ്വപ്നത്തില്‍ ഒരു തൊഴിലാളിയുടെ വേഷത്തില്‍ ഇയാളുമുണ്ടായിരുന്നു. അങ്ങനെയാണ് ഞാനിയാളെ കാണുന്നത്. അതിന് മുന്പ്  കുടിവെള്ളത്തിന് വേണ്ടി/ വന നശീകരണത്തിനെതിരില്‍/ കിടപ്പാടത്തിനും കൃഷിഭൂമിക്കും വേണ്ടി/  തൊഴിലിനും വിദ്യാഭ്യാസവകാശങ്ങള്‍ക്കും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി ഒക്കെ നടന്നിട്ടുള്ള  എല്ലാ സമരത്തിലും ഇയാളുള്ളതായി ഞാന്‍ വായിച്ചറിഞ്ഞിരുന്നു. ഇയാള്‍ അപ്പോഴും ഒരു തൊഴിലാളിയായിരുന്നു."

കുമാരന്‍ സ്വപ്നമാവേശിച്ച പോലെ പറഞ്ഞു നിറുത്തി.

"സ്വപ്നം എന്നത് ഒരാളുടെ ഉപബോധമനസ്സിന്റെ പ്രവർത്തനമോ പ്രതിപ്രവർത്തനമോ ആണെന്നാണ്‌ കോടതി മനസ്സിലാക്കിയിട്ടുള്ളത്. എങ്കിൽ, പ്രതിയുടെ ഉപബോധമനസ്സിൽ ഭരണകൂടത്തിനെതിരിൽ നിലനില്ക്കുന്ന ചിന്തയാണ് ഈയൊരു സ്വപ്നത്തിലൂടെ വെളിവായിട്ടുള്ളത് എന്ന് കോടതി വിലയിരുത്തുന്നു. ഭരണകൂടത്തിന്റെ ഇംഗിതത്തിനും നിലനില്ക്കുന്ന നിയമവ്യവസ്ഥക്കും എതിരിൽ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് അങ്ങേയറ്റത്തെ ഗുരുതരമായ ഒരു കുറ്റമായി കോടതി വിധിക്കുന്നു. ആകയാൽ, ഇത്തരത്തിലൊരു ചിന്ത സൂക്ഷിക്കുന്ന ഇയാളെ വെറുതെ വിടുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കരുതി ഇയാളെ തടവിൽ വെക്കാൻ ഈ കോടതി ഉത്തരവിടുന്നു "

മറ്റേതോ ലോകത്തുനിന്നും കറുപ്പ് പുതച്ച വിചിത്ര ഭാഷ സംസാരിക്കുന്ന എന്തോ ഒന്ന്‍ തന്നെ പരിഹസിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന പോലെ കുമാരന്‍ തനിക്ക് ചുറ്റിലും മനുഷ്യരെ പരതി. നടപടികള്‍ അവസാനിപ്പിച്ച് കോടതി പിരിയാന്‍ ഒരുങ്ങവേ പുറത്തൊരു പശു കറുത്ത തുണിയിലേക്ക്  മൂത്രമൊഴിച്ച്  പോലീസ് സ്റ്റേഷന് നേരെ അലസ നടത്തം തുടരുകയും സമാന്തരമായി ഒരു ശബ്ദം കോടതിക്കകത്തേക്ക് കൂസലന്യേ പ്രവേശിക്കുകയും ചെയ്തു. 
"കോടതിക്ക് തെറ്റു പറ്റിയിരിക്കുന്നു, ഇയാള്‍ നിരപരാധിയാണ്" 

കോടതി തെല്ലിട നിശബ്ദമായി. പിന്നെ, സമചിത്തത വീണ്ടെടുത്തു. 

"ഇത് നിന്റെ തെരുവോ തെരുവിലെ ചന്തയോ അല്ല, കോടതിയാണ്. കോടതിയോട് മര്യാദക്ക് സംസാരിക്കണം"

"ശരി, അങ്ങുന്നേ. അങ്ങിപ്പോ ജയിലലടക്കാൻ വിധിച്ച ഇയാള് നിരപരാധിയാണ്." 

ചെറുതെങ്കിലും മരുതന്റെ ഉറച്ച ശബ്ദം.

"അതെങ്ങനെയാണ് നീ തീര്‍പ്പാക്കുന്നത്?"

"ഇയാള്‍ ആ സ്വപ്നത്തിലേക്ക്  ഇടക്ക് വന്നു കയറുകയും വേഗത്തിൽ ഇറങ്ങിപ്പോവുകയും ചെയ്ത ആളാണ്‌. ആ സ്വപ്നം മുഴുവൻ കണ്ടത് ഞാനാണ്. കാരണം, അത് എന്റെ സ്വപ്നമായിരുന്നു" 

ഇപ്പോഴും ആ സ്വപ്നത്തിലെന്ന പോലെ മരുതന്‍ ശാന്ത ചിത്തനായിരുന്നു.

"ഇൻസ്പെക്ടർ പ്രേരണാകുറ്റം ചുമത്തി ഈ  കൂട്ടു പ്രതിയെകൂടി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കൂ"

ഉത്തരവിട്ടശേഷം ന്യായാധിപന്‍ കോടതി വരാന്ത ഇറങ്ങി മുറിയിലേക്ക് നടന്നു.

അപ്പോള്‍ കോടതിക്ക് വെളിയില്‍ പോലീസ് സ്റ്റേഷനകത്തെ  മാലിന്യക്കൂമ്പാരത്തില്‍  എംഎല്‍എ'യുടെ ശുപാര്‍ശക്കത്ത് വൈക്കോല്‍ രുചിയുടെ സന്തോഷത്തില്‍ അയവെട്ടുകയായിരുന്നു നഗരത്തിലെ മുത്തശ്ശിപ്പശു.

%ഗുല്‍മോഹറില്‍ വായിക്കാം
ചിത്രം: അഷ്‌റഫ്‌ മേലെവീട്ടില്‍  

61 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

*എങ്കിലെന്ത് സഖാവേ
സഹോദരാ
നിന്‍റെ ശമിക്കാത്ത
ചോരയുടെ
ഗഹന സന്ദേശങ്ങളില്‍ നിന്ന്
ഇനിയുമുണ്ട് നെഞ്ചുകളില്‍
ശ്വാസം മുട്ടിപ്പിടക്കുന്ന വസന്തങ്ങള്‍
പ്രത്യാശയുടെ നക്ഷത്രങ്ങള്‍
ഭൂഖണ്ഡങ്ങള്‍ * കെ സച്ചിദാനന്ദന്‍ .

ചിന്താക്രാന്തൻ പറഞ്ഞു...

നിരപരാധിത്വം തെളിയിപ്പിക്കാനും തെളിവുകള്‍ ഹാജരാക്കണം .അപരാധിയായാലും നിരപരാധി ആയാലും തെളിവുകളാണ് പ്രദാനം .നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം .സംഭാഷണം കണ്ണൂര് കാസര്‍ഗോഡ്‌ ഭാഗത്തെ ആള്‍ക്കാര്‍ സംസാരിക്കുന്നത് പോലെ തോന്നിപ്പിച്ചു .ആശംസകള്‍

SATCHIDANANDAN പറഞ്ഞു...

Nannaayi, Namoos. Ee kathakal namukku venam irunda kaalathu swapnam kaananum jeevichirikkaanum.

ente lokam പറഞ്ഞു...

ഇന്നിന്റെ നേർക്കാഴ്ച ആയി
നിസ്സാഹയരായ സാധാരണക്കാർ.

മനസ്സിലാകാത്ത ഭാഷ കേട്ടു മനസ്സു
മരവിക്കുമ്പോൾ അതു മനസ്സിലാക്കാൻ
ആവാതെ കോടതി വിധികൾ നമ്മുടെ
വിധിയും ഗതിയും മാറ്റി മറിക്കുന്നു.
ശക്തമായ പ്രമേയം നാമൂസ്.ആശംസകൾ

സുനിതാ കല്യാണി പറഞ്ഞു...

നല്ല എഴുത്ത് നാമൂസ് , ആശംസകൾ

Vaisakh Narayanan പറഞ്ഞു...

നീതിപീഠത്തിൻറെ കൊലക്കയറിലെ കുരുക്കിനു പാകത്തിൽ കഴുത്തുണ്ടായതുകൊണ്ടുമാത്രം കുറ്റവാളിയെന്ന് ആരോപിച്ച് വധശിക്ഷക്കുവിധിക്കപ്പെട്ട ഗോവർദ്ധനെ ഓർമ്മവന്നു. ഗോവർദ്ധനും കുമാരനും ധനികനും ദരിദ്രനും ഞാനും നീയുമെല്ലാം വിധിക്കപ്പെടുന്ന നിയമങ്ങളുടെ വൈരുദ്ധ്യംനിറഞ്ഞ നീതികളെക്കുറിച്ചോർത്തു. നന്ദി.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഗഹനമായ അര്‍ത്ഥതലങ്ങളുള്ള ഒരു കഥ..

aami aami പറഞ്ഞു...

നല്ല നാളെ എന്നാ സ്വപ്നം കാണുന്ന ഞാനും നീയും കൊടും അപരാധികള്‍ തന്നെ നാമൂസ് ... എങ്കിലും ഈ അപരാധം ചെയ്യാതിരിക്കാന്‍ ആവുമോ ?

Sameer Thikkodi പറഞ്ഞു...

സമരമാണൂ ജീവിതം...

പക്ഷേ സ്വപ്നം പോലും സർക്കാറിനെതിരാവരുത്... അതായത്; സ്വപ്നത്തെ ജീവിതത്തിൽ നിന്നും വെട്ടിയരിയുക !!

ബൈജു മണിയങ്കാല പറഞ്ഞു...

നിന്റെ സ്വപ്നത്തിലെ പശുവിന്റെ നീണ്ട കൊമ്പ് വളര്ന്നു കൊണ്ടേ ഇരിക്കും ഒരു പക്ഷെ ഇറോം ശരമിളയെ പോലെ നോവുന്ന മനസ്സുകൾ ഉള്ളിടത്തോളം കാലങ്ങളോളം അയവിറക്കാൻ ഒരു കഥ

ശിഹാബ് മദാരി പറഞ്ഞു...

കഥ സ്വയം ഒരു മെസ്സേജ് ആകുന്നുണ്ട് ഇവിടെ
ഭരണ കൂടം പൌരന്റെ സ്വകാര്യതയിലേക്ക് എത്രത്തോളം കടന്നു കയറുന്നു. സ്വപനം പോലുള്ള തീര്‍ത്തും സ്വകാര്യപരമായ ഒന്നില്‍ പോലും അത് അതിന്റെ ചാര കണ്ണ് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്
ബൂര്‍ഷ്വാ കോടതികള്‍ എനഗ്നെയാണ് ഭരണ കൂടത്തിനു അനുകൂലമായി വിധി എഴുതുന്നത്. എന്നതൊക്കെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്.
സമകാലിക സംഭവങ്ങളിലേക്ക് ചൂഴ്ന്നു കയറാൻ ശ്രമിച്ച കഥ എന്ന് വേണമെങ്കില പറയാം
എന്നാൽ;
ഒരു കഥ എന്നാൽ ആയാസമില്ലാതെ , തടസ്സമില്ലാതെ , പ്രയാസം കൂടാതെ വിഷയം വായനക്കാരിൽ എത്തണം എന്ന് ഞാൻ കരുതുന്നുണ്ട്. ഇലകള കാണിച്ചു ആടിനെ പിന്നാലെ നടത്തിക്കുന്ന പോലെ ഉള്ള ഒരു ഗുട്ടന്സ് കഥയില ഉണ്ടാവുമ്പോൾ വായന രസകരമാവുന്നു - ഇവിടെ അല്പം പ്രയാസപ്പെട്ടു വായിക്കേണ്ടി വരുന്നുണ്ട് - പലപ്പോഴും തുടര്ച്ച നഷ്ടപ്പെടുന്നതായും ഒരു പാട് നേരം ആലോചിച്ചു വീണ്ടും വായിക്കെണ്ടാതായും വരുന്നു - ഇത്രയൊക്കെ കഷ്ടപ്പെട്ട് എന്നെ പോലെ ഒരു മടിയാൻ വായിക്കില്ല.
നിങ്ങൾ ഒരു കംമ്യൂനിസ്ടാനു എന്ന് കൂടി വില്ച്ചു പറയുന്നുണ്ടീ കഥ -
കവിതയിൽ മാന്ത്രികത പുലര്ത്തുന്ന നിങ്ങളുടെ കഥയുടെ അവസാന ഭാഗം വളരെ ഒഴുക്കോടെ സംവദിക്കുന്നു എന്നാണു എനിക്ക് തോന്നിയത് -
വെറുതെ ഒരു തംബ് ഉയർത്തിക്കാണിച്ചു "അടിപൊളി" എന്നും പറഞ്ഞു പോകുന്നതിനു പകരം ഇത്രയും വിശദമാക്കാൻ നിന്നത് മറ്റാരുടെയെങ്കിലും വായനയിൽ ഇതിനേക്കാൾ ഉശാറായും, മനസ്സിലാക്കിയും വായിച്ചിട്ടുണ്ടോ എന്ന് കൂടി അറിയാനാണ് -
എന്റെ പര്ധിയിൽ നിന്ന് പെട്ടെന്ന് ഉള്ക്കൊല്ലാൻ കഴിഞ്ഞില്ല - സദയം ക്ഷമിക്കണേ !


ചന്തു നായർ പറഞ്ഞു...

ശിഹാബ്മദാരി പറഞ്ഞതിൽ ചെറുതായിട്ട് ഞാനും അനുകൂലിക്കുന്നു... കാരണം കഥ സധാരണക്കാരനും വായിക്കാനുള്ളതാണ്.മനസ്സിലാക്കാനുള്ളതു മാണ്. ഇവിടെ നാമൂസിന്റെ കഥ വായിക്കുമ്പോൾ നമ്മുടെ മൂന്നാം കണ്ണും ഉപയോഗിക്കപ്പെടേണ്ടതുണ്ട്. മുന്നാം കണ്ണിലൂടെ യുള്ള വായനക്ക് ഒരു സുഖവും ഉണ്ട്. ഗോവർദ്ധനന്റെ യാത്രകളും, മരുഭൂമികൾ ഉണ്ടാകുന്നതും...എന്തിനു നാമൂസിന്റെ ലേഖനങ്ങൾ വായിക്കുമ്പോഴും ‘വായന’ മൂന്നാം കണ്ണിനെ വല്ലാതെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇവിടെ ഈ കഥയിൽ ചില ചോദ്യങ്ങൾ നമ്മളെ അലട്ടുന്നു. കുമാ‍ാന്റെ കയ്യിൽ എന്താണുണ്ടായിരുന്നത്? മമ്മത് എന്ന കഥാ പാത്രത്തിനു ഈ കഥയിലേ പ്രസക്തി?..ഇവ ചോദ്യങ്ങളായി അവശേഷിക്കുന്നുണ്ടെങ്കിലും........ ചിന്തയെ, അല്ലെങ്കിൽ സ്വപ്നത്തെ കുറ്റമായി കാണുന്ന കോടതിയുടെ ഭാഷ്യം..ഈ കഥയിലെ അല്ലെങ്കിൽ അടുത്തിട വായിച്ച കഥകളിലിൽ കാണാത്ത വലിയൊരു ചിന്തയാണു.ആ ചിന്തക്ക് 100 മാർക്ക് ഞാൻ നൽകുന്നു... കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ (ഇനിയും ആകാം) അടുത്തകാലത്ത് വായിച്ച നല്ല കഥകളിലൊന്നായി നാമൂസിനെ ഹസ്തദാനം ചെയ്തേനെ.... ഞാൻ.. പിന്നെ..അവസാനത്തെ ആ പാരഗ്രാഫ് പോലെ ആയിരിക്കണം ആയിരുന്നൂ മറ്റ് വരികളും................അപ്പോള്‍ കോടതിക്ക് വെളിയില്‍ പോലീസ് സ്റ്റേഷനകത്തെ മാലിന്യക്കൂമ്പാരത്തില്‍ എംഎല്‍എ'യുടെ ശുപാര്‍ശക്കത്ത് വൈക്കോല്‍ രുചിയുടെ സന്തോഷത്തില്‍ അയവെട്ടുകയായിരുന്നു നഗരത്തിലെ മുത്തശ്ശിപ്പശു......ഇനിയും ഞാൻ വരും..ഇപ്പോൾ ഒരു സ്നേഹ സലാം......

ajith പറഞ്ഞു...

സ്വപ്നം കാണുന്നവരേ, നിങ്ങള്‍ അധികാരത്തിനെതിരായി കുറ്റം ചെയ്യുന്നു. എന്നുവച്ച് നിങ്ങള്‍ സ്വപ്നം കാണാതിരിക്കുകയും നാമൂസ് കഥകള്‍ തുടര്‍ന്ന് എഴുതാതിരിക്കയും ചെയ്യരുത്. ഇത്തരം സ്വപ്നങ്ങള്‍ ഇനിയും കാണുക, എഴുതുക. നാമൂസിന്റെ ചിന്താഗതികള്‍ മുന്‍പ് പല കവിതകളില്‍ നിന്നും വായിച്ചിട്ടുള്ളതുകൊണ്ട് ഈ കഥ വായിച്ച് മനസ്സിലാക്കാന്‍, കഥയ്ക്ക് പിന്നിലെ കഥയെന്തെന്ന് പഠിക്കുവാന്‍ ഒട്ടും ആയാസപ്പെടേണ്ടിവന്നില്ല എനിയ്ക്ക്.

M. Ashraf പറഞ്ഞു...

സ്വപ്നങ്ങള്‍ തടയാനും യന്ത്രങ്ങള്‍ വരുമായിരിക്കും. അതിനു ഇനി അധികകാലം വേണ്ടി വരില്ല.
എന്നാലും ഭയപ്പെടാതെ സ്വപ്നങ്ങള് കണ്ടുകൊണ്ടിരിക്കണം. ഇറോം ഷര്‍മിളയും നരേന്ദ്ര മോഡിയും തമ്മിലൊരു കൂടിക്കാഴ്ച ഞാന്‍ സ്വപ്നം കാണുന്നു.
നല്ല എഴുത്ത്, അഭിനന്ദനങ്ങള്‍

Pradeep Kumar പറഞ്ഞു...

കല കതക്കു വേണ്ടിയോ അതോ സമൂഹ്യനിർമ്മിതിക്കുവേണ്ടിയോ എന്ന വാദത്തിന് മലയാളത്തിൽ എം.പി പോളിനോളം പഴക്കമുണ്ട്.....
മാക്സിം ഗോർക്കിയുടെ അമ്മ ഒരേ സമയം ശുദ്ധസാഹിത്യമാവുകയും, അതേ സമയം ശക്തമായ പ്രചരണായുധമവുകയും ചെയ്തതുപോലെ മലയാളത്തിൽ കടമ്മനിട്ടക്കവിതകളും തെരുവുമൂലകളിലെ കവിയരങ്ങിലെ ആവേശമാവുകയും യൂണിവേഴ്സിറ്റി പാഠപുസ്തകങ്ങളാവുകയും ചെയ്തു....

ആക്ടിവിസ്റ്റിന്റെ മനസ്സുള്ള ആൾ കഥ എഴുതുമ്പോൾ കഥയുടെ ശിൽപ്പഭദ്രതയെ പ്രചരാണാംശം തളർത്താതിരിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവാം.....

പട്ടേപ്പാടം റാംജി പറഞ്ഞു...

പ്രതികരിക്കാന്‍ കഴിയാതെ എല്ലാ മനസ്സിലും പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു കിടക്കുന്ന സ്വപ്‌നങ്ങള്‍. പൊട്ടിച്ചിതറിയ അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്ന സ്വപങ്ങളെ പോലും കൂച്ചുവിലങ്ങിടാന്‍ പര്യാപ്തമായ വാചക കസര്‍ത്തുകള്‍ നിറഞ്ഞ ഗ്രന്ഥങ്ങള്‍..സമകാലീനസംഭവങ്ങളുടെ നേര്‍ക്ക് പിടിക്കുന്ന കണ്ണാടി പോലെ കഥ.

ആദ്യത്തെ കഥ എന്ന് തോന്നിയില്ല.
കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകള്‍

Renjith പറഞ്ഞു...

ഉറങ്ങാതിരിക്കുന്ന എഴുതുമുറിയെ എപ്പോഴും തെരുവിലെ നിലവിളികള്‍ അസ്വസ്തമാക്കുക തന്നെ ചെയ്യും ....നിന്റെ എഴുതുമുറിക്ക് ഉറക്കമില്ലാത്തതും അതില്‍ നിന്നും മൂര്‍ച്ചയുള്ള വാക്കുകള്‍ തെരുവിലേക്ക് തീയലകള്‍ പെയ്തിറങ്ങുന്നതും കാണുന്നു ..ശക്തമായ ഇതിവൃത്തം ..ശക്തമായ അവതരണം ...നന്ദി അഭിവാദ്യങ്ങള്‍ :)

K.V Manikantan പറഞ്ഞു...

എന്റെ നാട്ടിൽ
നിങ്ങൾ ചിന്തിക്കുന്നതായി
അവർ ചിന്തിക്കുന്നതെന്തോ
അതിന്റെ പേരിൽ നിങ്ങളെ അവർ ജയിലിലിടും.

ജോൺ വാസ്റ്റർ ചത്വരത്തിലെ
കൂറ്റൻ സ്ക്രീനിൽ
എന്റെ ചിന്തകളും സ്വപ്നങ്ങളും
തെളിഞ്ഞു കാണാനായി
അവരെന്റെ ഉള്ളിൽ
മൈക്രോ ചിപ്പ് നിക്ഷേപിക്കും.

എനിക്കു ഭയമാണ്.
പകൽ ഞാനെന്റെ നാവിനു തടയിടും,
രാത്രി എന്റെ സ്വപ്നങ്ങൾക്കും.

(എന്റെ നാട്ടിൽ, ദക്ഷിണാഫ്രിക്കൻ കവി പീടിക ൻ‌ടുലി)

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

കഥ ചില സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ കൂടി നിര്‍വ്വഹിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍ ,,ആ അര്‍ത്ഥത്തില്‍ ഈ കഥ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു ,ചോദ്യം ചെയ്യപ്പെടെണ്ടവയെ നിശിതമായി ചോദ്യം ചെയ്യുന്നുണ്ട് .അഭിനന്ദനങ്ങള്‍

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

@മണിയേട്ടോ.. നന്ദി, ഈ നല്ല കവിത ഇവിടെയിങ്ങനെ വായനക്ക് വെച്ചതിന്... ഇല്ലേല്‍ ഞാനൊന്നും ഇതെന്റെ മരണത്തിലും കാണില്ലായിരുന്നു.

*താങ്കളില്‍ നിന്നും വേറെ ചിലത് കൂടെ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.

Cv Thankappan പറഞ്ഞു...

കാലികപ്രസക്തിയുള്ള ശക്തവും അര്‍ത്ഥവത്തുമായ രചന.
ആശംസകള്‍

ഗൗരിനാഥന്‍ പറഞ്ഞു...

സ്വപ്നത്തിന്റെ പങ്കില്‍ പോലും അസ്വസ്ഥരാകുന്ന ഒരു സിസ്റ്റം ഇവിടെ വളരുന്നുണ്ട്.. അതു കാണുമ്പോ അസ്വസ്ഥമായ മനസ്സാണീ കഥ എഴുതിയത്, എവിടെയും മാവോയിസ്റ്റ് വാലുകളും നഖങ്ങളും കണ്ടെത്താന്‍ ത്വര പൂണ്ട് നടക്കല്ലേ, കുറെ ദൂരം ഇനിയും യാത്ര ഉണ്ട്..തെളിവുകള്‍ കൊണ്ട് മാത്രം നിലനിലക്കേണ്ടി വരുന്ന കാലം...എങ്കിലും പ്രതീക്ഷകള്‍ ആരുടേയും അവസാനിക്കില്ല, അവസാനിക്കാതിരിക്കട്ടെ

pradeep nandanam പറഞ്ഞു...

സ്വപ്‌നങ്ങൾ പകർച്ചവ്യാധി ആണെന്ന് പറഞ്ഞാൽ നിങ്ങൾ ചിരിക്കും.
എന്നാൽ ലോകത്തിൽ വലിയ വലിയ കാര്യങ്ങൾ സംഭവിച്ചത് അങ്ങിനെയായിരുന്നു. ഒരു സ്വപ്നത്തിൽ നിന്നും തിരി കൊളുത്തി അങ്ങനെയങ്ങനെ..
അതുകൊണ്ടുതന്നെ അധികാരവർഗം എന്നും ഭയപ്പെട്ടിരുന്നത് സ്വപ്നങ്ങളെയായിരുന്നു. അവയെ അടിച്ചമർത്താനും ചവിട്ടിത്തേക്കാനും അവർ എന്നും ശ്രമിച്ചിരുന്നു.
ചൂഷിതന്റെ സ്വപ്നങ്ങൾക്ക് അടിച്ചമർത്തും തോറും ഉയർന്നുവരാനുള്ള കഴിവും സ്വന്തമെന്നു ഏറ്റു പറയാനുമുള്ള നെഞ്ചൂക്കും എന്നുമുണ്ടായിരുന്നു. വിശുദ്ധപശുക്കൾ ഗ്രന്ഥങ്ങളിൽ കഴിയുമ്പോഴും പോരാട്ടങ്ങൾക്ക് വേണ്ടി സ്വപ്നം കാണാൻ അവൻ തയ്യാർ ..

നാമൂസ്, കഥാലോകത്തിനു നിന്നെ ആവശ്യമുണ്ട്.

Aarsha Abhilash പറഞ്ഞു...

ഈ കഥയില്‍ നമുക്ക് നേരെ ഉയരുന്ന ചോദ്യങ്ങള്‍ ഉണ്ട്.. നല്ല കഥാതന്തൂ , നാമൂസില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത് പോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു,. പക്ഷേ, ഒരു സാധാരണ വായനയില്‍ ഇത് മുഴുവനായി ഉള്ളിലേക്ക് കയറുമോ എന്നൊരു സംശയം ഉണ്ട്. (അതെന്‍റെ വായനയുടെ പരിമിതി ആണെന്ന് ബോധ്യവും ഉണ്ട്)
ആശംസകള്‍ സൌഹൃദമേ

ഫൈസല്‍ ബാബു പറഞ്ഞു...

നമൂസ് ശൈലി ശരിക്കും അറിയുന്നത് കൊണ്ട് മനസ്സിരുത്തിയാണ് വായിച്ചത് . കഥകളെ കുറിച്ച് ഇങ്ങിനെയുള്ള ചര്‍ച്ചകള്‍ കാണുമ്പോള്‍ പലതും നമുക്ക് പഠിക്കാം. ചര്‍ച്ച തുടരെട്ടെ ,, ആശംസകള്‍.

നിസാരന്‍ .. പറഞ്ഞു...

വായനയുടെ ആയാസം നല്‍കിയതിനു കഥയോട് കലഹിക്കുന്നു..
മനസ്സിന്റെ സ്വാസ്ഥ്യം കെടുത്തിയതിനു കഥാതന്തുവിനോടും

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

i സച്ചി മാഷ്‌ എന്നെ അത്ഭുതപ്പെടുത്തുന്നു.
നമ്മുടെയൊക്കെ ബ്ലോഗുകളില്‍/എഴുത്തുകളില്‍ അദ്ദേഹം വരുന്നു, വലിയ സന്തോഷങ്ങള്‍ തന്നിട്ട് പോകുന്നു.  ഇഷ്ടവും സ്നേഹവും പറയുന്നു ഞാന്‍.

Nidheesh Varma Raja U പറഞ്ഞു...

അധികാരത്തിനു സ്വപ്നങ്ങളെ ഭയമാണ്. സ്വപ്നങ്ങൾക്ക് വിലങ്ങ് അധികാരത്തിന്റെ സ്വപ്നമാണ്.

Manoj Vellanad പറഞ്ഞു...

നാമൂസിയന്‍ കവിതകളും ലേഖനങ്ങളും പരിചിതമായതിനാല്‍ വായനയുടെ തുടക്കം മുതല്‍ ആകാംക്ഷയും ഭയവും നിഴലിച്ചിരുന്നു. കഴുത്തില്‍ കുരുക്കിട്ട് കുറ്റിയില്‍ തറക്കാന്‍ ചെല്ലുമ്പോള്‍ ചില പശുക്കള്‍, മൂക്ക് കയര്‍ ഉണ്ടെങ്കിലും മുഖം കുലുക്കി പ്രതിഷേധിക്കുന്നത് പോലെയായിരുന്നല്ലോ എഴുത്തുകള്‍.. ഇപ്പോഴിതാ, ആ പശു "ഗ്രന്ഥപ്പശു" രൂപത്തില്‍ വായനയില്‍ അക്രമമൊട്ടും കാട്ടാതെ, എന്നാല്‍ അക്രമങ്ങളോടടുക്കുമ്പോള്‍ താനൊരു തികഞ്ഞ ഒരു അക്രമിയാണ് പറഞ്ഞു വച്ച് കൊണ്ട്, ഒരുപാട് കഥകള്‍ക്ക് വയ്ക്കോലും വെള്ളവും നിറച്ച തൊഴുത്താണ് തന്നെന്ന് പ്രഖ്യാപിച്ചിരിക്കുന്നു..

ഇനിയും ഇത്തരം സ്വപ്‌നങ്ങള്‍ കാണൂ.. ഞങ്ങളെയും കൂട്ടുപ്രതിയാക്കൂ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഭായ് താങ്കളിതുപോലെ സ്വപ്നം കാണുകയും
കഥകൾ എഴുതുകയും ചെയ്യണം കേട്ടൊ

കൊമ്പന്‍ പറഞ്ഞു...

ഒരു പാരതന്ത്ര്യ ഭരണ കൂടെ ചിന്തക്കെതിരെ ഉള്ള ഒരു വിപ്ലവാക്ഷരം കുറിക്കാൻ ഉള്ള ശ്രമമാണ് നടന്നത് പക്ഷെ അതിനു ആവശ്യമില്ലാത്ത കുറെ സാധനങ്ങളും വലിച്ചു കയറ്റി കുറെ അനാവശ്യ ബിംബ ശ്രിഷ്ടി നടത്തി എന്നതാണ് എന്റെ വായന

KHARAAKSHARANGAL പറഞ്ഞു...

കൊള്ളാം നാമൂസ്.. പ്രമേയം വളരെ ശക്തമാണ്.
ആസംസകൾ.

Joselet Joseph പറഞ്ഞു...

നാമൂസിന്‍റെ വിപ്ലവ വീര്യത്തോടൊപ്പം യു.പി. ജയരാജിനെ വായിച്ച ആലസ്യം കൂടി ചേര്‍ന്നപ്പോള്‍ ഒരു കഥയായി.
ആശയങ്ങളുടെ സംസ്ഥാനസമ്മേളനം.

Risha Rasheed പറഞ്ഞു...

സ്വപനം പോലും അന്യവല്‍കരിക്കപ്പെടുന്നവന്‍റെ നിസ്സഹായത...സ്വപനത്തിലെങ്കിലും നീതി പുലരണമെന്ന വ്യാമോഹം..സത്യത്തില്‍ നമ്മുടെ ഉള്ളിലെ ചിന്തകള്‍ തന്നെയല്ലേ ഇതെന്ന് തോന്നിപ്പിക്കുന്ന സാദ്രിശ്യം,,,ഇതൊക്കെ പുകഴ്ത്തലുകള്‍...ഇനി പച്ച പരമാര്‍ത്ഥം...ഈ വരികള്‍ ഒരു വട്ടം വായിച്ചാല്‍ ഒന്നും മനസ്സിലാകില്ല..(ഞാനൊരു വിഡ്ഢിയായത്‌ കൊണ്ടാകാം,,,)പിന്നീടുള്ള വായനയില്‍ പതുക്കെ കാര്യങ്ങള്‍ തെളിയും..പക്ഷെ അത്രയും മിനക്കെടാന്‍ ...വെറുതെ ബുദ്ധിമുട്ടിക്കല്ലേ മാഷേ...വായനക്കാരന് ഒരൊറ്റ വായനയില്‍ മനസ്സിലാകും വിധം ലളിതമായി പറയുന്നതല്ലേ നന്ന്...(ചുമ്മാ...ഒന്ന് ചൊറിയുന്നതും ഒരു രസമാണല്ലാ..rr

smitha adharsh പറഞ്ഞു...

:)
kathakalude oru kuthozhukku thanne ivide iniyum pratheekshikkunnu..

vijin manjeri പറഞ്ഞു...

ആദ്യ വായനയില്‍ എനിക്ക് കൂടുതല്‍ ഒന്നും തെളിയുന്നില്ല എന്ന് ഞാനും സമ്മതിച്ചു തരുന്നു ,പലതും വിളിച്ചു പറയുന്നുണ്ട് ഈ കാലിക പ്രസക്തി ഉള്ള
വരികള്‍ ,നിങ്ങള്‍ക്ക് എല്ലാം വഴങ്ങും എന്റെ നമൂസ് ഭായ് .....
സന്തോഷം സ്നേഹാശംസകള്‍

ശ്രീക്കുട്ടന്‍ പറഞ്ഞു...

സ്വപ്നം കാണാന്‍ പോലും നിയന്ത്രണങ്ങള്‍ വയ്ക്കുന്ന ഒരു അധികാരകേന്ദ്രത്തിന്റെ അടിമകളായി കഴിയുവാന്‍ വിധിക്കപ്പെട്ടുപോയ സാധാരണക്കാര്‍. ആള്‍ക്കാര്‍ തീവ്രവാദികളും നക്സലുകളും ഒക്കെ ആകുന്നത് ചുമ്മാതല്ല.

കഥയിഷ്ടമായ്. എന്നിരുന്നാലും നേര്‍ രേഖയില്‍ കഥ പറയാന്‍ ശ്രമിക്കു നാമൂസേ..

മണ്ടൂസന്‍ പറഞ്ഞു...

വെറും മൂന്ന് കമന്റ്സ് മാത്രമുണ്ടായിരുന്നപ്പോളാണ് ഞാനിവിടെ ആദ്യം വന്നത്. അപ്പോൾ നെറ്റിന്റെ പ്രശ്നം കാരണം അഭിപ്രായമിടാൻ സാധിച്ചില്ല, പലതവണ ശ്രമിച്ചെങ്കിലും. എനിക്ക് നാമൂസിന്റെ പതിവ് എഴുത്തുകൾ പോൽഎ തന്നെ മനസ്സിനെ മഥിച്ച ഇതും മൂന്നാംകണ്ണ് കൊണ്ടല്ലാതെ വായിക്കാൻ കഴിഞ്ഞില്ല. പക്ഷെ അവയ്ക്കൊക്കെ മുൻപേ ഞാനിത് വായന തുടങ്ങിയപ്പോൾ മുതൽ തന്നെ മനസ്സിൽ തെളിഞ്ഞ ചിത്രം അബ്ദുൾ നാസർ മഅദനിയുടെയായിരുന്നു. അതെന്തുകൊണ്ടാ അങ്ങനെ അതിനിതിലൊന്നും സൂചിപ്പിക്കുന്നൊന്നുമില്ലാ എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷെ ആ സ്വപ്നത്തെ അദ്ദേഹം ഉയർത്തിയ ധീരമായ നിലപാടുകളായും മറ്റും ഞാൻ കണ്ടു. ബാക്കിയെല്ലാം ചരിത്രം.
ആശംസകൾ നാമൂസ്.

Unknown പറഞ്ഞു...

ശക്തം ....



ഉമ്മകള്‍ ഇച്ചായോ

Echmukutty പറഞ്ഞു...

ഈ കഥാവായന എളുപ്പമല്ല.
മുഴുവന്‍ ശ്രദ്ധയും ഈ വരികള്‍ ആവശ്യപ്പെടുന്നു.
ഇത് ഭൂതവും വര്‍ത്തമാനവുമാണ്... ഭാവിയെന്നെഴുതാന്‍ എനിക്ക് ഭയമുണ്ട്.. പ്രവാചകരാവരുത് ഇങ്ങനെയൊക്കെ കഥ എഴുതുമ്പോള്‍ എഴുത്തുകാര്‍ .

നാമൂസ് ഇനിയും കഥകള്‍ എഴുതണം..
കൂടുതല്‍ നല്ല കഥകള്‍...

Aneesh chandran പറഞ്ഞു...

ഞാനിപ്പോള്‍ ശബ്ദത്തെ കുറിച്ചു കൂടുതല്‍ ബോധവാനയിരിക്കുന്നു....ഇതു എന്നിലെ വായനക്കാരന് ശക്തമെന്നു തോന്നിയ കഥ.

viddiman പറഞ്ഞു...

ഏട്ടിലെ പശുക്കൾ ഏറെയാണ്. പിന്നെയും പിന്നെയും പെരുകുകയും ചെയ്യുന്നു. പക്ഷേ പാലിനു പകരം ഗുണഭോക്താക്കളായ ജനങ്ങൾക്ക് കിട്ടുന്നത് വിസർജ്യങ്ങൾ മാത്രം.

നിയമഗ്രന്ഥങ്ങളെ ജനപക്ഷത്തു നിന്നു വ്യാഖ്യാനിക്കേണ്ട നീതിപീഠങ്ങളാകട്ടെ, എന്നും ഭരണകൂടത്തിനൊപ്പമാണ്. സ്വപ്നങ്ങൾ പോലും അപഹരിച്ചു കൊണ്ട് മുന്നേറുന്ന ഭരണകൂടത്തിനു വ്യാഖ്യാനപിന്തുണ നൽകുന്ന നീതിപീഠങ്ങൾ. ജനാധിപത്യത്തിന്റെ ശുപാർശക്കത്തുകൾ ദുർബലവും അപ്രസക്തവുമെന്ന് വിധിച്ചുകൊണ്ട് കയറി വരികയാണ് അവർ. അതിനെതിരെ മരുതനും കുമാരനും നാണിയും റസിയയുമെല്ലാം നാവുയർത്തേണ്ട കാലം..ഞാനും സ്വപ്നം കാണുകയാണ് എഴുത്തുകാരാ..

കയ്യിലെ സഞ്ചി മതിലിനു പിറകില്‍ ഒളിപ്പിച്ചുവെച്ചു പശുക്കളെ വകഞ്ഞ് മരുതന്‍ ഗെയ്റ്റ് കടന്ന് ജനലിലൂടെ അകത്തേക്കെത്തിനോക്കി. >> കഥ തുടങ്ങേണ്ടത് ഇവിടം മുതലാവേണ്ടിയിരുന്നു. അതിനു മുമ്പു പറഞ്ഞതെല്ലാം അതിനു ശേഷം ഒന്നോ രണ്ടോ വരികളിൽ ഒതുക്കിയിരുന്നെങ്കിൽ കഥ പതിന്മടങ്ങ് ശക്തമാവുമായിരുന്നു.

A പറഞ്ഞു...

കഥ വായിച്ചു നാമൂസേ. സമീപകാല അനുഭവങ്ങളോട് ഒട്ടി നില്‍ക്കുന്ന കഥ. Pradeep Kumar പറഞ്ഞത് ഞാനും പങ്കു വെയ്ക്കുന്നു.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഈ അടുത്ത് വായിക്കുകയുണ്ടായി ഒരു വാർത്ത:-
നല്ല താടിയും നന്നായി മുടി വളർത്തുള്യും കവിത എഴുതുകയും ചെയ്യുന്നവർക്ക് പിന്നാലെ ആന്റി മാവോ സ്കോഡ് ഉണ്ട് എന്ന്,

ഇന്നത്തെ ചില സമകാലിന്നതിയിൽ എത്തിച്ചേരുന്ന എഴുത്ത്

ആശംസകൾ

Akbar പറഞ്ഞു...

കഥ വായിച്ചു. കഥയുടെ തലക്കെട്ടിൽ തന്നെ കഥ കൈകാര്യം ചെയ്യുന്ന പ്രമേയത്തെ കുറിച്ചുള്ള വ്യക്തമായ സൂചന ഉണ്ട്..പാവപ്പെട്ടവരുടെ സ്വപ്നങ്ങളിലേക്ക് പോലും കടന്നു കയറി വിലങ്ങു വെക്കുന്ന നിയമ വാഴ്ചയുടെ കറുത്ത അദ്ധ്യായത്തിനു ഇതിലും അനുയോജ്യമായ ഒരു പേരില്ല.

പലരും പറഞ്ഞപോലെ ഒരു പൊള്ളുന്ന സമകാലിക യാഥാർത്യത്തെ കഥ അതിന്റെ ചട്ടക്കൂടിൽ നിന്നും വ്യക്താക്കാൻ ശ്രമിക്കുന്നു. അതിൽ ഒരു പരിധി വരെ കഥാകാരൻ വിജയിക്കുന്നുണ്ട്. പക്ഷെ കഥയുടെ ആത്മാവിലേക്ക് എത്തിപ്പെടാൻ വായനക്കാർ അൽപം ക്ലേശിക്കേണ്ടി വരുന്നു എന്നത് സത്യം. ഇനിയുള്ള കഥകളിൽ ആ വഴികള കുറെ കൂടെ എളുപ്പമാക്കാനുള്ള ശ്രമം ഉണ്ടാവട്ടെ..ആശംസകളോടെ..

റിനി ശബരി പറഞ്ഞു...

ഇന്നലെയുടെ ഇന്നിന്റെ ദീന മുഖങ്ങളിലൂടെ
ഇറങ്ങി കേറി പൊകുന്നുണ്ട് വരികള്‍ ..
കുമാരന്‍ ഒട്ടനവധി നിരപരാധികളുടെ പ്രതീകമാണ് ...
ഒറ്റയായ് ഉള്ള ശ്ബ്ദങ്ങളേ പൊലും
തുടക്കത്തിലേ വച്ച് പൊതിയാന്‍ നിയമമെന്ന
കട്ടിതുണിക്ക് സാധിക്കുന്നുണ്ട് .. നിയമം , നിയമം
എന്ന് വാവിട്ട് അലറുമ്പൊഴും സാധാരണക്കാരന്
എപ്പൊഴും അന്യം നില്‍ക്കുന്ന ഒന്ന് തന്നെയാണത് ..
പാലിക്കപെടാത്ത നിയമസംഹിതകളേ കാറ്റില്‍ പറത്തി
ഒരുവേള കൈയ്യിലെടുത്ത് നേര്‍ വഴി തെളിക്കുമ്പൊള്‍
ഉള്ളിലമരുന്ന രോക്ഷം പുറം തൊട് പൊട്ടിച്ച്
പുറത്തെത്തുമ്പൊള്‍ അപരാധിയെന്ന വേഷം
സമൂഹമെടുത്തണിയിക്കുന്നു .. ഒരുപാട് കണ്ണുകളുടെ
മനസ്സുകളുടെ ആകെ തുകയുണ്ട് നാമുസ്സിന്റെ ഈ വരികളില്‍ ..
ഒരിക്കലും തെളിയിക്കാനാവാതെ , ഒരു സാധാരണക്കാരന്റെ
നിസ്സഹായവസ്ഥയാണ് ഒരൊ ഘട്ടത്തിലും നാമും അനുഭവിക്കുന്നത് ..
പറയാതെ പറഞ്ഞ് വയ്ക്കുന്ന പലതുമുണ്ടിതില്‍ ...
സ്വപ്നം കാണാന്‍ പൊലും അനുമതി നിഷേധിക്കുന്ന
നിയമ കൊടുമുടിയില്‍ നാം സ്വന്തന്ത്രരോ ..?

ബി.ജി.എന്‍ വര്‍ക്കല പറഞ്ഞു...

പിടയ്ക്കുന്ന നേരിലെക്ക് പകപ്പോടെ നോക്കുന്ന പകലോന്റെ എഴുത്ത്
ആശംസകള്‍

Manoj vengola പറഞ്ഞു...

വായിച്ചു. പുനര്‍ വായന ആവശ്യപ്പെടുന്ന നല്ല കഥയാണ് ഭായി.

ഭ്രാന്തന്‍ ( അംജത് ) പറഞ്ഞു...

ആഖ്യാന രീതി വ്യത്യസ്തമാകണം, വരികള്‍ക്കിടയില്‍ വായനക്കാരനുള്ള വ്യായാമം ഒളിഞ്ഞിരിക്കണം, ഭാഷ വ്യത്യസ്തമായിരിക്കണം, തുടക്കം തന്നെ ഒടുക്കം പിടികിട്ടുന്ന ആഖ്യാനരീതി ആകരുത്, എല്ലാത്തിലുമുപരി അവസാനം അപ്രതീക്ഷിതമാകണം , വായനക്കാരന്‍ ഞെട്ടണം ! ഇങ്ങിനെയാണ്‌ കഥയെ വിലയിരുത്തുവാന്‍ ശ്രീ.എം.കൃഷ്ണന്‍നായര്‍ സാഹിത്യവാരഫലത്തില്‍ പലപ്പോഴായി പറയുന്നത്.

ആ അടിസ്ഥാനത്തില്‍ ഈ കഥയെ സമീപിക്കുമ്പോള്‍ കഥ പറയുവാന്‍ ശ്രമിക്കുന്ന ശക്തമായ വിഷയം വായനക്കാരനുമായി പങ്കുവെയ്ക്കുവാന്‍ കഥാകാരന് കഴിഞ്ഞു എന്നത് തന്നെയാണ് അടിസ്ഥാന നേട്ടം.

വരികള്‍ക്കിടയില്‍ ഒളിപ്പിച്ച ബിംബങ്ങളെ കണ്ടുപിടിച്ചു നേരിട്ട് നിര്‍ത്താന്‍ ആവശ്യമുള്ള വ്യായാമം വായനക്കാരന്റെതായും കിട്ടുന്നു. ഉദാഹരണം വരിതെറ്റിക്കുന്ന മുല്ലാക്ക, നഗരത്തിന്‍റെ പച്ചചാണകം വാരുന്ന ആള്‍, കോടതിയില്‍ ഇടയ്ക്ക് കയറുന്ന മരുത്. !

പക്ഷേ വായനയിലുടനീളം എഴുത്തുകാരന്റെ രാഷ്ട്രീയഭാഷ തെളിഞ്ഞുകാണുന്നുണ്ട്. മാറ്റങ്ങള്‍ക്ക് വേണ്ടി മുറവിളിയിടുന്നവനെ നക്സല്‍ എന്നോ തീവ്രവാദിയെന്നോ മുദ്രകുത്തുന്ന ഭരണ - നിയമ സംഹിതകളോടുള്ള അമര്‍ഷത്തിന്റെ ചൂട് തൊട്ടറിയാം.

( നിയമ ) ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചിരിക്കുന്നതപ്പടി ചവച്ചുതിന്നു പുറത്തേയ്ക്ക് ( സാധാരണ ജനങ്ങളുടെ മേല്‍ ) വിസര്‍ജ്ജിക്കുന്ന ഗ്രന്ഥപ്പശു നിശ്ചയം ശ്രദ്ധനേടുന്ന വായനയാണ്.

ഇനി കഥയുടെ സാങ്കേതികതയിലേക്ക് കണ്ണോടിക്കുമ്പോള്‍ കാണുന്നവ. മനപ്പൂര്‍വ്വമെന്നപോലെയുള്ള നാട്ടുശകലങ്ങള്‍ കഥയില്‍ നിലനിര്‍ത്തുവാന്‍ കഥാകാരന് കഴിഞ്ഞില്ല. ഉദാഹരണം കുമാരന്‍ തുടങ്ങുന്ന നാട്ടുശീലുകളില്‍ നിന്നുമാണ്. പക്ഷേ, കോടതിയില്‍ പ്രസംഗിക്കുന്ന (?) കുമാരന്‍ എഴുത്തുകാരന്റെ പരകായപ്രവേശമാണ്.

പിന്നെ, മരുതിനെ സാധാരണജനതയുടെ പ്രതീകമായി അവതരിപ്പിക്കുവാന്‍ ശ്രമിച്ചു എങ്കിലും ജീവിതപ്പാച്ചിലിനു ലീഫ് മോഷ്ടിക്കുവാന്‍ ( ഭ്രാന്തന്‍ വായന അങ്ങിനെയായിരുന്നു ) തയ്യാറാകുന്ന മരുതിന്റെ കോടതി ഇടപെടല്‍ എത്രത്തോളം യുക്തി നിറഞ്ഞതെന്നു രണ്ടാമതൊന്നു വായനക്കാരന് ആലോചിക്കെണ്ടിവരുന്ന അര്‍ദ്ധവിരാമമാണ്.

എങ്കില്‍കൂടിയും ഈ പശുവിനെ പേര്‍ത്തുപേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. ആദ്യകഥയ്ക്ക്‌ അഭിവാദ്യങ്ങള്‍ സഖാ !

വേണുഗോപാല്‍ പറഞ്ഞു...

സമരസപ്പെടാനാകാത്ത ചില ജീവിതാനുഭാവങ്ങല്‍ക്കെതിരെ കലഹിച്ചു ജീവിച്ച ഒരാള്‍ ഈ എഴുത്തുകാരനില്‍ ഒളിഞ്ഞിരിക്കുന്നു. ബാലിശമായ മുട്ടുന്യായങ്ങള്‍ നിരത്തി നീതി ദേവതയുടെ മൂടിയ കണ്ണിനു മുകളില്‍ മറ്റൊരു കറുപ്പ് തുണി കൂടി കെട്ടാന്‍ ശ്രമിക്കുന്ന ഇന്നത്തെ നിയമവ്യവസ്ഥയെയും നീതി ന്യായ സംഹിതകളെയും മറ നീക്കി കാണിക്കാന്‍ കുമാരനിലൂടെയും മരുതനിലൂടെയും നടത്തിയ ശ്രമം തികച്ചും വിജയം കണ്ടിരിക്കുന്നു എന്നതാണ്‌ എന്നിലെ ചെറിയ വായനക്കാരന് തോന്നിയത്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ജനം നേരിടുന്ന പാരതന്ത്ര്യ ചിത്രങ്ങള്‍ നിറം ചാലിച്ച് വരക്കാന്‍ ഈ കഥയില്‍ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. സാധാരണ മനുഷ്യന്റെ സ്വപ്‌നങ്ങള്‍ പോലും ഭരണകൂടത്തിനെതിരായി വര്‍ത്തിക്കും വിധം ഏതു നിയമ പുസ്തകമാണോ വിവക്ഷിക്കുന്നത് അത്തരം പുസ്തകങ്ങള്‍ തിന്നു വിസര്‍ജ്ജിക്കുന്ന ഇത്തരം പശുക്കളെ എനിക്കിഷ്ട്ടമാണ്. ആയതിനാല്‍ തന്നെ ഈ ഗ്രന്ഥപശുവിനെ ഞാന്‍ എന്റെ തൊഴുത്തില്‍ കെട്ടുന്നു. വരും നാളുകളില്‍ അനീതികള്‍ പ്രതിപാദിക്കുന്ന നിയമഗ്രന്ഥ കൂമ്പാരങ്ങള്‍ ഉയരുമ്പോള്‍ അവക്ക് നടുവിലേക്ക് കെട്ടഴിച്ചു വിടാന്‍.....

നല്ല നമസ്കാരം നാമൂസ്‌. കവിത മാത്രമല്ല. കഥയും ആവാം. ഇടയ്ക്കിടെ ....

റോസാപ്പൂക്കള്‍ പറഞ്ഞു...

ഞാനും, കഥ രണ്ടു പ്രാവശ്യം വായിച്ചു, മനസ്സിലാക്കി.
കഥ ഇഷ്ടമായി

K.V Manikantan പറഞ്ഞു...

ഇത് അവസാനത്തെ ശ്രമം ആക്കിയാൽ മി. നാമൂസ്, കാലുകൾ തല്ലി ഒടിക്കും.

മുമ്പ് ഞാൻ വായിച്ചിരുന്ന രൂപത്തിനോട് ഇത് താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. സൂപ്പർ കഥയാണ് ഇത്. വിളിച്ചു പറച്ചിലെന്റെ അതിപ്രസരം തീർത്തും കുറഞ്ഞിരിക്കുന്നു. നാമൂസിനെ പോലെ ഇസത്തിന്റെ അല്ലെങ്കിൽ ആത്മാർത്ഥതയുടെ അതിപ്രസരം ബാധിച്ച ഒരാൾക്ക് കഥ എഴുതുമ്പോൾ art for arts sake വരുത്താൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ ഈ കഥ ശരിക്കും സ്റ്റിക്ക് ടു ദ സബ്ജക്റ്റ് ആയിരിക്കുന്നു.

കവികൾ കഥ എഴുതുമ്പോൾ എന്തോ എനിക്ക് ഇഷ്ടമാകാറില്ല. താങ്കൾ അതിൽ നിന്ന് കുതറി മാറിയിരിക്കുന്നു. നന്നായിരിക്കുന്നു നാമൂസ്. കീറിമുറിക്കാൻ വേണ്ടി വായിക്കാനിരിക്കുമ്പോൾ ആ മൂഡ് വരണം. അതു കൊണ്ട് ഇതു വരെ പ്രതികരിക്കാൻ കഴിഞ്ഞില്ല. ബ്ലോഗിൽ ഞാൻ ഇട്ടിരുന്ന കമന്റ്, ആ ദക്ഷിണാഫ്രിക്കൻ കവിത തന്നെ ഇതിന്റെ തീം. ഒരു യൂണിവേഴ്സൽ തീം തന്നെ.

ഇതിൽ പ്രതിഭ വെളിപ്പെടുത്തുന്ന ചില ഭാഗങ്ങൾ ഉണ്ട്.

1) ‘മഴ പെയ്ത് തോര്‍ന്നെങ്കിലും മരം പെയ്യുന്ന പോലെ തവണ മുടങ്ങിയ കുടിശ്ശിക അപ്പോഴും കുമാരനെ ഭരണി പെയ്യുന്നുണ്ടായിരുന്നു.‘
2) 'അന്നൊക്കെ ഇതിനേക്കാള്‍ പച്ചയും തണുപ്പും ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. ഇനിയിപ്പോ ഉള്ളിലെ തീയ്യാണോ എന്തോ.?'
3)‘ആ സ്വപ്നം മുഴുവൻ കണ്ടത് ഞാനാണ്. കാരണം, അത് എന്റെ സ്വപ്നമായിരുന്നു.’

പോരായ്മകൾ എന്റെ നോട്ടത്തിൽ - 'കഥ' എന്ന നിലയിൽ നോക്കുമ്പോൾ ഒന്നു കൂടി compact ആക്കാമായിരുന്നു എന്നു തോന്നുന്നു. ബസ്സ്‌ പോയിട്ടില്ല, കുമാരന്‍ ഓടിക്കയറി സീറ്റ് പിടിച്ചു. ഇവിടെ നിന്ന് കഥ തുടങ്ങി എന്ന് കരുതുക. അതിനു മുകളിൽ വിവരിച്ച സംഗതികൾ എന്ത് purposaണ് സെർവ് ചെയ്യുന്നത്? ഒന്നുമില്ല. കുമാരന്റെ ജീവിതോപായപരിസരം, അത് തൊട്ടടുത്ത വരിയിൽ ‘അടിവാരത്തെ തോട്ടപ്പണി ഉപേക്ഷിച്ച് ഭാര്യക്കും മക്കള്‍ക്കുമൊപ്പം കാലി വളര്‍ത്തലും...’ വരുന്നുണ്ടല്ലോ. അതോണ്ട് ആ ആദ്യഭാഗം കഥയുടെ മുറുക്കം കുറക്കുന്നില്ലേ. ചെത്തിക്കളഞ്ഞാലും താങ്കൾ പറയാൻ ഉദ്ദേശിച്ചതിൽ നിന്ന് എന്താണ് കുറയുന്നത്? ഒന്നുമില്ല എന്നാ‍ണ് എന്റെ അഭിപ്രായം.

ഒരു വിശാല വീക്ഷണത്തിൽ നോക്കുമ്പോൾ എവടേയും എന്നും റെലവന്റ് ആയ കഥ എന്നെനിക്ക് തോന്നുന്നു. മുഖ്യധാരന്മാരോട് താങ്കളുടെ നിലപാട് എനിക്കറിയില്ല. എന്നിരിക്കലും, ഇത് കൂടുതലാളുകൾ വായിക്കാൻ വേണ്ടി അയച്ചു കൊടുക്കാൻ അപേക്ഷ.

Rainy Dreamz ( പറഞ്ഞു...

ഇവിടെ നിന്നുള്ള പ്രഥമ കഥാ വായന ഇനിയും ഒരുപാട് കഥകൾ വായിക്കാൻ ആഗ്രഹം ജനിപ്പിക്കുന്നതായിരുന്നു, കുമാരനും, മരുതും മുല്ലാക്കയും ആധുനിക കാലഘട്ടത്തിലെ സ്ഥിരം പത്രവാർത്തകളോടും നവ ജീവിതത്തോടും താദാത്മ്യം പ്രാപിക്കുന്നിടത്ത് കഥയുടെ ഉൾക്കാമ്പ് ദൃഡമാവുന്നു. നീതിയും അനീതിയും തമ്മിലല്ല, മേലാളനും കീഴാളനും തമ്മിലുള്ള മത്സരത്തിന്ം ഫുൾബോളിലെ പന്ത്രണ്ടാം കളിക്കാരനായി മാറുന്ന റഫറിയെ പോലെയുള്ള ന്യായാധിപന്മാർ വിധി പ്രസ്താവിക്കുകയും ചെയ്യുന്നു. ആരാണ് അപരാധി, ആരാണ് നിരപരാധി എന്നറിയാതെ കഥയറിയാതെ ആട്ടം കാണുന്നവർ പക്ഷം ചേരുകയും രക്തകലഹങ്ങളും രക്തരഹിത കലഹങ്ങളും നാട്ടിൽ നടമാടുന്നു. ആരാണ് അപരാധി? ആരാണ് നിരപരാധി? ന്യായത്തിന്റെ യഥാർഥ ത്രാസിൽ അടിയാളനെങ്കിലും അധികാരത്തിന്റെയും വളച്ചൊടിക്കാനാവുന്ന നിയമങ്ങളുടെ ബലത്തിലും ഉടയോൻ അവനെ ജയിലിലടക്കുന്നു. ഒരക്ഷരം ശബ്ദിക്കാതെ മുതുകിൽ കൈകെട്ടി നിൽക്കാൻ മാത്രമായി അടിയാളൻ മാറുന്നത് പഴയ കാഴ്ചകളല്ല, ഇന്നിന്റെ വർത്തമാനപത്രങ്ങളിലെ നവയുഗക്കാഴ്ചൾ.. കഥ ഏറ്റവും അടുത്ത ചില വാർത്തകളുമായി കൂട്ടിവായിക്കുമ്പോൾ കുമാരനും മർതിനും മൊല്ലാക്കക്കും ചാണകം വാരുന്നവനും ഇന്നലെ അല്ലെങ്കിൽ മിനിഞ്ഞാന്ന് അതല്ലെങ്കിൽ ഇക്കഴിഞ്ഞ ദിനങ്ങളിൽ ടി വിയിൽ കണ്ട മുഖങ്ങളുമായി ഏറ്റവുമടുത്ത സാമ്യം തന്നെയാണ് ഈ കഥയുടെ സവിശേഷത. അപ്പോൾ തന്നെ ഈ കഥയെ എല്ലാക്കാലത്തെക്കുമുള്ള ഒരു കഥയായി കാണാനും കഴിയുന്നു. ഇന്നലെയുടെ ഇന്നിന്റെ നാളെയുടെ ( നാളെ ഒരു മാറ്റമുണ്ടാവട്ടെ) കഥയായി വായിക്കാൻ കഴിയുന്ന ഒരു മാസ്മരികത പ്രമേയത്തിനുണ്ടാവുന്നു. ആയാസമുള്ള വായനയായിരുന്നു എന്ന് പറയുമ്പോൾ തന്നെ ആ വായന സുഖകരമാവുകയും ചെയ്തു. നേരത്തെ രണ്ട് തവണ വായിച്ച് കമന്റ് എഴുതി പോസ്റ്റ് ചെയ്തിരുന്നെങ്കിലും സാങ്കേതിക തടസം മൂലം അത് പോസ്റ്റ് ആയില്ല. കുറേ കാര്യങ്ങൾ ഇനിയും എഴുതി ചേർക്കുവാൻ വയ്യ. ആദ്യ കഥ ഇങ്ങനെയെങ്കിൽ ഒരായിരം കഥകൾ ഇവിടെ പിറക്കട്ടെ..!

വരികള്‍ക്കിടയില്‍ പറഞ്ഞു...

ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ്‌ അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ

ദീപ എന്ന ആതിര പറഞ്ഞു...

ഇതൊരു വല്ലാത്ത കഥ തന്നെ ..ചിന്തിപ്പിക്കുന്ന എഴുത്ത് ..ആശംസകള്‍

Sudheer Das പറഞ്ഞു...

ഒരു പരീക്ഷണം എന്ന നിലയില്‍ ഈ കഥ അഭിനന്ദനാര്‍ഹമാണ്. ആശംസകള്‍... നാമൂസ് പെരുവള്ളൂര്‍.

മിനി പി സി പറഞ്ഞു...

നാമൂസ് നന്നായി പറഞ്ഞിരിക്കുന്നു ...അഭിനന്ദനങ്ങള്‍ .

Unknown പറഞ്ഞു...

നീതിപീഠമേ....ഒരു ഗോവര്‍ദ്ഡനെയും കുമാരനെയും നീ നീതിപീഠത്താല്‍ ബന്ധിച്ചുവെങ്കില്‍ ഇതേ സ്വപ്നം കാണുന്ന ആയിരങ്ങള്‍ എന്നോടൊപ്പമുണ്ട് നിയമത്തിന്‍െറ മുമ്പില്‍ ഞങ്ങള്‍ കുറ്റവാളികളെങ്കില്‍ ഞങ്ങളുടെ മനസ്സാക്ഷിയ്ക്ക് മുമ്പില്‍ വലിയ ശരിയുണ്ട് ...,ഞങ്ങളുടെ അവകാശങ്ങളുടെ ശരി...,.,...!!!

Unknown പറഞ്ഞു...

അസ്സലായിട്ടുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ഒരു പ്രതിക്ഷേധി പ്രതികരണത്തിന് തുടിച്ചു ഒളിച്ചിരുപ്പുണ്ട്. സമൂഹ വ്യവസ്ഥിതിയില്‍ മടുപ്പുള്ള ഒരു മാവോയിസ്റ്റ്.. ഭൌതികമായ പ്രതിബദ്ധതകളും പ്രതി ബന്ധങ്ങളും കാരണം നമ്മള്‍ മൌനത്തിന്റെ വല്‍മീകം പൂണ്ടു നിര്‍ വികാര ജന്മങ്ങളായി പോവുകയാണ്. ഇടവിട്ട്‌ വീഴുന്ന, ഇടറിയ, വനരോദനങ്ങള്‍ നാളെ ഒരു സമൂഹത്തിന്റെ ശബ്ദമായി മാറി ഒരു ഇടിമുഴക്കം തന്നെ സൃഷ്ടിച്ചു കൂടായ്കയില്ല. നന്നായി എഴുതി.. ആശംസകള്‍ പ്രിയ നാമൂസ്.

Koya Kutty olippuzha പറഞ്ഞു...

സമകാലിക സംഭവങ്ങിലേക്ക്‌ ഒരു പശു അയവെട്ടുന്നു.
മരുതന്റെ സ്വപ്നങ്ങൾക്ക്‌ ഒരായിരം തുടർച്ചകളുണ്ട്‌. എന്നാൽ ഏതൊരു സ്വപ്നങ്ങളെയും പോലെ പാതിയെത്തെ മുറിച്ചുകളയുന്ന ഭരണകൂടചെയ്തികൾക്ക്‌ അനുസരണമായി ബൂർശ്വകോടതികൾ എങ്ങി നെ കുറ്റം ചുമത്തുന്നു,വിധിപറയുന്നു എന്ന് ഈ കഥ ചൂണ്ടിക്കാട്ടുന്നു. നിരപരാധിയായ ഒരു പൗരന്റെ സ്വകാര്യതയെ,സ്വാതന്ത്ര്യത്തെ ഭരണകൂടവും കോടതികളും വളച്ചൊടിച്ച്‌ നിരപരാധികളെ അപരാധികളാക്കി തടങ്കലിലെത്തിക്കുന്ന ഭീതിദവും ഭീകരവുമായ അവസ്ഥ നന്നായി അവതരിപ്പിച്ചു.
വ്യത്യസ്ഥമായ ഒരു ശ്രമം. ആശംസകൾ.

തുമ്പി പറഞ്ഞു...

കുമാരനെന്തിനാണ് എവിടേക്കാണ് ആധിയോടെ യാത്ര ആയത്?.പൊതിയിലെന്തായിരുന്നു. സ്വപ്നത്തില്‍...ഇവിടെ എനിക്ക് കഥ മനസ്സിലാക്കാന്‍ ബൌദ്ധിക വ്യായാമം ഏറെ വേണ്ടി വരുന്നു. എന്റെ പരാജയം കഥാകാരാ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms