ഏഴ് പതിറ്റാണ്ട് കാലത്തെ തൃശൂരിന്റെ സാമൂഹ്യ-സാംസ്കാരിക പരിണാമം ഒരു ചരിത്രാഖ്യായികയുടെ സ്വഭാവത്തില്‍ വിലാപ്പുറങ്ങളില്‍ നമുക്ക് വായിക്കാനാകും. സാധാരണ ഹിസ്-സ്റ്റോറിയായി അവതരിപ്പിക്കാറുള്ള ചരിത്രത്തെ അവളിലൂടെ അവതരിക്കുന്നു എന്നൊരു തിരുത്ത് കൂടെ ഈ നോവലിനുണ്ട്. വടക്കുന്നാഥനും ശക്തന് തമ്പുരാനും ഐക്യകേരളവും മുണ്ടശ്ശേരിയും വിമോചനസമരവും ലീഡറും നവാബും അഴീക്കോടനും സഖാവ് ആര്യനും തട്ടില്‍ എസ്റ്റേറ്റും തൊഴിലാളി സമരോം വില്ലുവണ്ടീം മോട്ടോര്‍ വണ്ടീം പൂരപ്പറമ്പും ആറുംകൂട്യേടവും എല്ലാമെല്ലാം പതിവിന് വിപരീതമായി മറിയയുടെ കാലത്തെ ജീവിതങ്ങളെന്ന് പരിഭാഷപ്പെടുകയാണ് നോവലില്‍.
ഈ നോവല്‍ മുഴുവനായും ഒരു പെണ്കോണ്‍ ആഖ്യാനമാണെന്ന് തറപ്പിച്ചു പറയാനാകും. ജീവിതത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രം തന്റേടവും സ്വാതന്ത്യവും പ്രഖ്യാപിച്ച് പിന്നീട് വിവിധ സമൂഹകുടുംബങ്ങളിലെ സ്വാഭാവിക വിധേയത്വത്തിലേക്ക് ചുരുങ്ങിപ്പോകുന്ന വാര്‍പ്പ്മാതൃകയല്ല ഈ നോവലിലെ സ്ത്രീ.
ഉപേക്ഷിക്കപ്പെട്ട സ്ത്രീയായല്ല, ജീവിക്കുന്ന സ്ത്രീയായാണ് നോവലിലുടനീളം മറിയയെ വായിക്കാനാവുക. സ്നേഹിക്കുന്നത് പാപമെങ്കില്‍ എനിക്കാ പാപം ചെയ്യാതിരിക്കനാവില്ലെന്ന ജീവിതബോധമാണ് മറിയയെ ജീവിപ്പിക്കുന്നത്. അവസാനംവരെയും പ്രണയമുഘോഷിക്കുന്ന അംബരവിളംബരങ്ങളായി ഒരു ഇടിയൊച്ച മറിയക്കകത്തും പുറത്തും എപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നിരുന്നു. ഇത് പലപ്പോഴും സമൂഹത്തിന്റെ ആണ്‍ബോധത്തെ അസ്വസ്ഥപ്പെടുത്തുകയും മറിയയെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു പോരുന്നുണ്ട്. അപ്പോഴെക്കെയും സ്വശരീരത്തെ അത്തരം എല്ലാ ആണധികാരങ്ങളിൽ നിന്നും വിമോചിപ്പിച്ച് പ്രണയത്തിന്റെ ആകാശത്തിലേക്കെയ്തുവിട്ട് അരാജകത്വമാഘോഷിക്കയായിരുന്നു മറിയ. എന്റെ ശരീരത്തിന്റെയും പ്രണയത്തിന്റെയും അധികാരി ഞാന്‍ തന്നെ എന്ന പ്രഖ്യാപനവും കൂടിയാണത്. തീര്‍ച്ചയായും മറിയ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന ഒരു പെണ്ജീവിതമാകുന്നതങ്ങനെയാകും.
മറിയയിലെന്ന {സ്ത്രീ} പോലെ നോവലിന്റെ കാര്യത്തിലും വലിയ വ്യത്യസ്തത കാണാനാകും. സാധാരണയായി ഒരുപാട് ഉപഗ്രഹനിര്‍മ്മിതികളിലൂടെ ഒരു വ്യക്തിയെ/വിഷയത്തെ ശ്രദ്ധാകേന്ദ്രമാക്കി നിറുത്തി ഏകമുഖാത്മകമായ ഒരു പറച്ചില് രീതിയാണ് നമ്മുടെ സാഹിത്യത്തില്‍ അധികമായുള്ളത്. ഇവിടെപക്ഷേ, ഒരു നാട് മുഴുവന്‍ എഴുപത് കൊല്ലത്തോളം തുടര്‍ച്ചയായി അതിന്റെ ജീവിതം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഭിന്ന ഭാഷാ-ലിംഗ-ജാതി-മത-ആചാര-സാംസ്കാരിക വൈവിധ്യങ്ങളിലൂടെ അതൊരു സമൂഹമായി നിലനില്ക്കുകയും നിരന്തരം സംസാരിക്കുകയും ചെയ്യുന്നു എന്നൊരു പ്രത്യേകത ഇതിന്റെ കഥപറച്ചിലില്‍ ഉണ്ട്.
ഞാന്‍ പ്രതീക്ഷിക്കുന്നത്, ഈ നോവല്‍ന്റെ സ്വഭാവവും അതിലെ സ്ത്രീയും ജീവിതവും ജീവിതഭാഷയും പ്രത്യേകം പരിഗണിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുമെന്നാണ്.
ലിസി എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച വിലാപ്പുറങ്ങള്‍ എന്ന ഈ നോവലിന്റെ വില 250 രൂപയാണ്, വായിക്കുന്നവര്‍ വായിക്കുക.
ഇറാനിമോസ് എന്ന മനുഷ്യൻ അയാളുടെ വേര് തേടിയുള്ള ദീർഘവും നിരന്തരവുമായ യാത്രക്കിടയിൽ അഭിമുഖീകരിക്കുന്ന അനുഭവലോകങ്ങളുടെ വിവരണമാണ് കരിക്കോട്ടക്കരി. ആ യാത്ര സമൂഹത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഭീതിതവും ദാരുണവുമായ ജീവിതസംഘർഷങ്ങളെ പരിചയപ്പെടുത്തുന്നു. അകത്തും പുറത്തും അതുണ്ടാക്കുന്ന അസ്വസ്ഥതകളിൽക്കൂടി എഴുത്തും വായനയും കടന്നുപോകുമ്പോൾ ഒരുവേള ചുറ്റിലും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ കരിക്കോട്ടക്കരി ദൃശ്യമാകുന്നത്രയും സാർവ്വത്രികാനുഭവമായി നോവൽലെ ജീവിതം നമ്മെ ചിന്തിപ്പിക്കുന്നു.
നൂറ്റാണ്ടുകൾക്ക് പിറകിൽ നിന്ന് തുടങ്ങുന്ന പുലയ (ദളിത്) ജീവിതത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ സംഘർഷങ്ങളെ തൊട്ടറിയാനുള്ളൊരവസരം ഈ നോവൽ നൽകുന്നുണ്ട്. വിരുന്നുകാർ വീട്ടുകാരായി ഉടമയെ അടിമകളാക്കി വെളുക്കെച്ചിരിക്കുന്ന അധിനിവേശതന്ത്രത്തിനൊപ്പം നിഷ്കളങ്ക-നിസ്സഹായത അധമ-വിധേയഭാവമായി മാറുന്നതിന്റെ സാമൂഹിക-സാംസ്കാരിക പ്രതലങ്ങളെക്കൂടെ നോവൽ ചർച്ചക്കെടുക്കുന്നു. അതിൽതന്നെ അടിമ ഉടമയായി വേഷം പുതുക്കുന്ന ഒരു പ്രച്ഛന്നകാലത്ത് മർദ്ദകന്റെ അതേ ആയുധം ജീവിതത്തെ നയിക്കുന്ന അധികാരാനുനകരണം അതിന്റെ എല്ലാ ഹിംസാത്മകതയോടെയും പ്രവർത്തിക്കുന്നതും നോവൽ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമാണ്.
കേവലം ഒരു വ്യക്തി നടത്തുന്ന തന്റെ സ്വത്വാന്വേഷണം പ്രദേശപരിസരങ്ങളിൽ നിലനിൽക്കുന്ന നിഷ്കളങ്കവും നിർദ്ദോഷവുമായ നാട്ടുപേച്ചുകളിലും പണ്ഡിതമേശകളിലെ വിചാരിപ്പ് വാർത്തകളിലെ ക്രൗര്യവാക്കുകളിലും ഒരുപോലെ തട്ടിത്തെറിച്ചസ്വസ്ഥമാകുന്ന കാഴ്ചയും കരിക്കോട്ടക്കരിയിൽ സുലഭം. ഇത് അരിക്വത്കരിക്കപ്പെട്ട അധ:സ്ഥിത ജീവിതം അനുഭവിക്കുന്ന സാമൂഹികമായ പീഡാവസ്ഥയാണ്. തൊഴിൽ/ധനം/സമ്പത്ത്/അധികാരം ഇതൊക്കെയും ഇതിൽ കാരണമായിവരുമ്പോഴും ഇതൊന്നുമല്ലാത്ത മുഖ്യമായ ഒരു കാരണം മന:സ്ഥിതിയാണ്. ഉത്തമനെന്നും അധമനെന്നും വിധിച്ച് വിലക്കിയും നിഷേധിച്ചും അപരസ്വത്വത്തെ കൈകാര്യം ചെയ്യുന്ന ഈ മന:സ്ഥിതി വിചാരണ ചെയ്യപ്പെടേണ്ടതാണ്. തീർച്ചയായും അതൊരു ക്രിമിനൽ കുറ്റം തന്നെയാവണം. അതിനുള്ള ഒരെളിയ ശ്രമം ഈ വിനോയ് തോമസ് ഈ നോവലിലൂടെ നടത്തുന്നുണ്ട്.
പരിവർത്തിത സമൂഹങ്ങളിലും മേൽസൂചിപ്പിച്ച ജാതി എന്ന ക്രിമിനൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പുലയക്രൈസ്തവ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പശ്ചാത്തലമാക്കിയുള്ള ഈ നോവൽ പറഞ്ഞുതരും. സംവരണമൊക്കെ ചർച്ചയാകുന്ന ദേശീയസാഹചര്യത്തിൽ കരിക്കോട്ടക്കരി എന്ന പ്രാദേശികാനുഭവം വലിയ വലിയ ഉത്തരങ്ങളാകുന്നുണ്ട്.
കൂട്ടുകാർ വാങ്ങി വായിക്കാൻ ശ്രമിക്കുക
കരിക്കോട്ടക്കരി: നോവല്‍
വിനോയ് തോമസ്
ഡിസി ബുക്സ്
13 comments:
നല്ല പരിചയപ്പെടുത്തല്‍ ..നിന്റെ ഭാഷയ്ക്ക് കനം കൂടുന്നു ..ആസ്വാദനങ്ങള്‍ക്ക് പൊതുവേ ഒരു പ്രത്യേക ഭാഷ ഉണ്ടായിട്ടുണ്ട് അതിന്റെ [പ്രതിധ്വനി ഇവിടെയും കാണാം ..അത് പൊളിച്ചു കളയുക ..തുടരുക (Y)
ആദ്യമായാണ് താങ്കളുടെ ബ്ലോഗു സന്ദർശിക്കുന്നത്. ഇതുപോലെ നല്ല പുസ്തകപരിചയപ്പെടുത്തലുകൾ വളരെ നല്ല കാര്യമാണ്. മറ്റുള്ളവർക്ക് അത് വായിക്കാൻ പ്രചോദനമുണ്ടാകും. ഒപ്പം താങ്കൾ ആ പുസ്തകങ്ങളെപ്പറ്റി ഒരു ചെറുവിവരണവും നല്‍കിയിട്ടുള്ളത് വളരെ നന്നായിട്ട് നല്ല വാക്കുകളിൽ പറഞ്ഞു തീർത്തിരിക്കുന്നു. ആശംസകൾ.
നല്ല പരിചയപ്പെടുത്തൽ.
പെണ്കോണ്‍, വാര്‍പ്പ്മാതൃക, അംബരവിളംബരങ്ങളായി, വിചാരിപ്പ് വാർത്തകളിലെ തുടങ്ങിയ പ്രദ പ്രയോഗങ്ങൾ പുതുമയുള്ളതായി തോന്നി.
രണ്ട് നല്ല പുസതകങ്ങൾക്ക് നല്ല മുഖവുര....
പുസ്തകങ്ങളിലെ ഉള്ളടക്കങ്ങള്‍ ഒരു കണ്ണാടിയിലെന്നപോലെ തെളിയുന്ന വാക്കുകള്‍
രണ്ട് കൃതികളും വായിച്ചിട്ടില്ല, വായിക്കാൻ ശ്രമിക്കാം
വായിക്കണം. നല്ല പോസ്റ്റ്
ലിസി എഴുതിയ "വിലാപ്പുറങ്ങള്‍" വായിച്ചു . ആരും ഇതേ പറ്റി ഒന്നും പറയാത്തതെന്തേ എന്ന് വിചാരിച്ചിരുന്നു. നാമൂസ് വളരെ നന്നായി അവതരിപ്പിച്ചു.. കരിക്കോട്ടക്കരി: പരിചയപ്പെടുത്തിയതിനു നന്ദി
വായിക്കാം... ലിസിയെ മുന്‍പേ വായിച്ചിട്ടുണ്ട്. രണ്ടു ബുക്കുക്ലും വായിക്കും .. നാമൂസ് നന്നായി എഴുതീട്ടുണ്ട് ഈ പരിചയപ്പെടുത്തല്‍...
പരിചയപെടുത്തലിനു നന്ദി, എന്നെ പോലെ ഒരാള്‍ക്ക് ഈ മുഖവുര കാരണം വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാം
വായനയൊക്കെ വളരെ കുറഞ്ഞ ഒരു കാലത്തിലൂടെയാണു ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നാട്ടില്‍ നിന്ന് പോരുമ്പോള്‍ വാങ്ങിക്കൊണ്ടുവന്ന അഞ്ച് പുസ്തകങ്ങളില്‍ ഒന്ന് മാത്രമാണ് ഒരു മാസം കൊണ്ട് തീര്‍ന്നത്.
എന്നാലും അവലോകനങ്ങളും ഇതുപോലുള്ള ചെറുപഠനങ്ങളും വായിക്കും.
നന്നായി പരിചയപ്പെടുത്തി...
വാങ്ങും.. വായിക്കും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?