2017, ഫെബ്രു 18

പൊടുന്നനെ

പൊടുന്നനെ: നാമൂസ് പെരുവള്ളൂർ
(വര: ഗഫൂർ പി.എം.)
************
കാത്തിരുപ്പ്‌ കേന്ദ്രത്തിന്റെ
തിടുക്കത്തിലേക്ക്‌
പൊടുന്നനെ
ഒരു വണ്ടി വന്ന് നിൽക്കുന്നു
പുരാതനമായൊരോർമ്മക്കുതിപ്പിൽ
അകമാകെ ചരിത്രം തിങ്ങിനിറഞ്ഞിരിക്കുന്നു
ഏറെപ്പേർ വീണ്ടും അതില്‍ കയറിപ്പോകുന്നു

കാണാദൂരത്തെ
സഹയാത്രികരിലേക്കിരമ്പുന്ന വണ്ടി
ഗ്രാമങ്ങളാൽ നിറക്കപ്പെട്ടിരിക്കുന്നു
ആത്മഹത്യാകുറിപ്പില്‍ ഒപ്പായ്‌
ഒരു വിത്ത്‌ നട്ട്‌
അവസാന തുള്ളി നനയാൻ
ജയാരവങ്ങളുടെ അകാലസ്മൃതിയിൽ
കിസാൻ സീറ്റിനടിയിലേക്ക്‌ കുനിയുന്നു
മെലിഞ്ഞൊരു പുഴ
ഞരക്കങ്ങളിൽ ചുരുണ്ട്‌ കിടക്കുന്നു
അമ്മ രാജ്യം
പുതിയ കരാറുകൾ പെറ്റുകൂട്ടുന്നു
ആരു മരിച്ചാലും
അവയ്ക്ക് ജീവിക്കണം
അതിർത്തിയിൽ സൈന്യം പാറാവിലാണ്‌

രാജ്യഭൂപടത്തിലിടമെവിടെ
പട്ടിണി കിടന്ന് മെല്ലിച്ച ശരീരം
വെടിയൊച്ച കേട്ട് ഞെട്ടുന്നു.
എത്ര ഊക്കോടെ പാഞ്ഞിട്ടും
പിന്നിലേക്ക്‌ പതിച്ച്‌ കുട്ടികൾ
ടീച്ചറമ്മേന്ന് സങ്കടപ്പെടുന്നു
ഏറ്റവും പിറകിലത്തെ സീറ്റിൽ
ഒരു സ്കൂളിനെ മടിയിലിരുത്തി
സ്വാതന്ത്ര്യം - വിമോചനം
പാഠം ചൊല്ലുന്ന അമ്മ
രാജ്യദ്രോഹത്തിന്റെ ബലിഷ്ഠതയിൽ
കുത്തിനിറക്കപ്പെടുന്ന ആമീനുകളോട്
കുഞ്ഞാലിമാരുടെ പേരോര്‍മ്മിപ്പിക്കുന്നു 

ആളുകയറാനുണ്ടെന്നുള്ള ആക്രോശം
യാത്രികരെ നിശബ്ദരാക്കുന്നു
കരയുന്ന ബുദ്ധൻ
സ്ഥാനഭ്രഷ്ടനായ ഗാന്ധി
അദൃശ്യനായ അംബേദ്കർ
ടിക്കറ്റ്‌ മുറിക്കുന്ന ഗോഡ്സേ
പശ്ചാത്തലത്തിൽ
ഉച്ചത്തിലാലപിക്കപ്പെടുന്ന ഒരു പാട്ട്‌
ടാഗോര്‍
വണ്ടിയിൽ നിന്നെടുത്ത്‌ ചാടുന്നു

മുകളില്‍ വെച്ച് കെട്ടിയ
മയ്യത്ത് കട്ടിലിനുള്ളില്‍ രാജ്യം
ചമഞ്ഞ് കിടക്കുന്നു,
പൂത്ത് നില്‍ക്കുന്ന താമരക്കാട്ടില്‍
കടുവ തക്കം പാര്‍ത്ത്  നില്‍ക്കുന്നു
എതിര്‍ത്ത് നില്‍ക്കുന്നവരെയും
വണ്ടിയില്‍ കയറാന്‍ കൂട്ടാക്കാത്തവരെയും
ആലില്‍ കെട്ടിത്തൂക്കുന്നു
ഭരണഘടന ഗണിച്ച്
അധികാരം പറയുന്നു:
യാത്രക്കിത് നല്ല നേരം
കാണാദൂരത്തെ സഹയാത്രികര്‍
കാത്തിരിപ്പിന്റെ മുഷിച്ചിലിലാണ്. 

7 comments:

Basheer Kanhirapuzha പറഞ്ഞു...

നന്നായിട്ടുണ്ട്, താമര‍ക്കാട്ടില്‍ കടുവ കാത്തു നില്‍പ്പുണ്ട് എങ്ങും കെണികളും. രാജ വെമ്പാല തന്‍റെ 25 വര്‍ഷം പഴക്കമുള്ള സുഹൃത്ത് മൂര്‍ഖനാണെന്ന് മുദ്ര കുത്തിക്കഴിഞ്ഞു. അവസാനമുണ്ട്, എല്ലാറ്റിനും ലോകം വിറപ്പിച്ച ഹിറ്റ്ലര്‍ തോറ്റ് തൊപ്പിയിട്ടിട്ടുണ്ട്. അമേരിക്കന്‍ യുദ്ധ പ്രഭുവിനു ചെരുപ്പ് കൊണ്ട് ഏറു കിട്ടിയിട്ടുണ്ട്. അറബ് ലോകം കണ്ട ഏറ്റവും അഹങ്കാരിയായ ഭരണാധികാരി ഹുസ്നി മുബാറക്കിന്‍റെ ഇപ്പോഴത്തെ അവസ്ഥ ലോകത്തിനു മറക്കാന്‍ ആവില്ല. ഭൂമിയില്‍ അഹങ്കാരികളുടെ അന്ത്യം ഭയാനകം തന്നെ ആയിരിക്കും. പലതും നമുക്കും കാണാനാകും.

mini//മിനി പറഞ്ഞു...

നാമൂസ്,, നന്നായി,, അഭിനന്ദനങ്ങൾ

ഫൈസല്‍ ബാബു പറഞ്ഞു...

നമുക്ക് ചുറ്റും കാണുന്നത് (y)

പട്ടേപ്പാടം റാംജി പറഞ്ഞു...

കാണാദൂരത്തെ സഹയാത്രികര്‍
കാത്തിരിപ്പിന്റെ മുഷിച്ചിലിലാണ്.

aaഎന്തൊക്കെപ്പറഞ്ഞാലും നിസ്സഹായരുടെ നിസ്സഹായത നീണ്ടുപോകുന്നു. കടുവയെ പിടിക്കാന്‍ പൂച്ചകള്‍ കടുവകള്‍ ആകുന്ന കാലം വിദൂരമല്ല. കാത്തിരിപ്പിന്റെ മുഷിച്ചില്‍ അങ്ങനെ തീരുമായിരിക്കും.
നന്നായിരിക്കുന്നു.

Satheesan OP പറഞ്ഞു...

:-)

ente lokam പറഞ്ഞു...

പേടിപെടുത്തുന്ന കാത്തിരുപ്പ്
ആണിത്.മുന്നിൽ ഒളിഞ്ഞിരിക്കുന്ന
അപകടം അറിയാതെ യാത്ര ചെയുന്ന
യാത്രക്കാരൻ..

കാലോചിതം ആയ കവിത നാമൂസ്.
അഭിനന്ദനങ്ങൾ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എതിര്‍ത്ത് നില്‍ക്കുന്നവരെയും
വണ്ടിയില്‍ കയറാന്‍ കൂട്ടാക്കാത്തവരെയും
ആലില്‍ കെട്ടിത്തൂക്കുന്നു
ഭരണഘടന ഗണിച്ച്
അധികാരം പറയുന്നു:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms