2011 ഏപ്രി 16

നൂറ്റിപ്പത്തു കോടിയുടെ 'അണ്ണന്‍'

1983ലെ ലോകകപ്പ് കിരീടത്തിനു ശേഷം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ നൂറ്റിപ്പത്ത് കോടിയുടെ ഹൃദയം തുടിച്ചുവെങ്കില്‍ അതിന്‍റെ ആഹ്ലാദം വിട്ടടങ്ങും മുമ്പ് ഇന്ദ്രപ്രസ്ഥത്തിന്‍റെ അകത്തളങ്ങളില്‍ അലയടിച്ചത് അണ്ണാ ഹസാരെയെന്ന ഗാന്ധി ശിഷ്യന്‍റെ ആദര്‍ശ വിജയമായിരുന്നു.



ഉത്തരേന്ത്യന്‍ തെരുവോരങ്ങളില്‍ റിക്ഷ വലിക്കുന്ന, രക്തം വിയര്‍പ്പാക്കി പാട ശേഖരങ്ങളില്‍ പകലന്തിയോളം പണിയെടുക്കുന്ന യഥാര്‍ത്ഥ ഭാരതീയന്‍റെ മനസ്സകത്ത് കമ്പോളക്കണ്ണുള്ള ക്രിക്കറ്റിലെ താരങ്ങളേക്കാള്‍ തിളങ്ങുന്നത് അണ്ണാ ഹസാരെയായിരിക്കും എന്നതില്‍ സംശയമില്ല. തന്‍റെ നിരാഹാരത്തിലൂടെ സത്യാന്വേഷണ പരീക്ഷയുടെ ഒരു പുതിയ അദ്ധ്യായം രചിച്ചു ഹസാരെ. ഇത് പ്രതീക്ഷ നഷ്ടപ്പെട്ട ഭാരതീയന്‍റെ വികലവും വഴിപിഴച്ചതുമായ മാര്‍ഗ്ഗങ്ങളേക്കാള്‍ സ്വ സമര്‍പ്പണത്തിന്‍റെ സമര മാര്‍ഗ്ഗത്തിന് ബാധിരവും മൂകവുമായ ഒരു സമൂഹത്തിലെ പ്രസക്തി ബോദ്ധ്യപ്പെടുത്തുന്നു. വാര്‍ത്താ മാദ്ധ്യമങ്ങള്‍ വാണിജ്യവത്കരിക്കപ്പെട്ടുവെന്ന ആശങ്കക്ക് അല്പം ആശ്വാസം പകരുന്ന ചില നല്ല ദിവസങ്ങള്‍ പ്രതീക്ഷാവഹമാണ്.


ജനാധിപത്യത്തിന്‍റെ നല്ല നടപ്പിന് 'ജീര്‍ണ്ണത' ബാധിക്കാത്ത ജനുസ്സില്‍പ്പെട്ടവരുടെ സാന്നിദ്ധ്യം ചില ഓര്‍മ്മപ്പെടുത്തലുകളാണ്. ഗാന്ധിയെ മറന്ന ഇന്ത്യക്കാരന് വികലമായ ഗാന്ധിയന്‍ ചരിത്രം പഠിപ്പിക്കാനിരുന്ന മുതലാളിത്തത്തിന്‍റെ പുതിയ തന്ത്രം പുസ്തക താളുകള്‍ ഏറ്റെടുത്തപ്പോള്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു നമ്മള്‍.! ഏറെ കഴിയും മുമ്പ് ആത്മാര്‍ഥതയുള്ള ഭാരതീയന് ആശ്വാസമായിഗാന്ധിയന്‍ സ്മൃതികളെത്തിയത് കാവ്യ നീതിയാണെന്ന് കരുതാം.


ആവശ്യങ്ങള്‍ കടലാസിലംഗീകരിക്കാന്‍ തയ്യാറായാല്‍ സമരം നിര്‍ത്താമായിരുന്നുവെന്നു കരുതുന്ന അഭിനവ ആദര്‍ശ ധീരതയുടെ പട്ടികയിലല്ല ചരിത്രത്തിലെയും വര്‍ത്തമാന കാലത്തെയും അണ്ണാ ഹസാരെ. തന്‍റെ ദൗത്യം പുലരുവോളം സമരം പ്രഖ്യാപിച്ച അണ്ണാ ഹസാരെക്ക് ആയിരം വര്‍ഷത്തെ ആയുരാരോഗ്യം നേരണം നാം ഭാരതീയര്‍.


ആണ്‍കുട്ടികള്‍ അവശേഷിക്കുന്നുവെങ്കില്‍ കപട രാഷ്ട്രീയക്കാരനും കൂട്ടി കൊടുപ്പുകാരനും അഭ്രപാളികളില്‍ മാത്രം പോരാടുന്ന സിനിമാ മാഫിയക്കാരനുമല്ല ഫാന്‍സ്‌ അസോസിയേഷനുകള്‍ സ്ഥാപിക്കേണ്ടത്. പകരം ആയിരം കോടികളുടെ അഴിമതിക്കെതിരെ പോരാടിയ അണ്ണാ ഹസാരെ എന്ന മഹാ മനുഷ്യന് വേണ്ടിയാണ്. അണ്ണാ ഹസാരെ എന്ന മനുഷ്യന്‍റെ തോള്‍ ചേര്‍ന്ന് ഈ പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്ന ആയിരങ്ങളുടെ അഴിമതി വിരുദ്ധ മനസ്സുകള്‍ക്കാണ് നാം സ്മാരകങ്ങള്‍ പണിയേണ്ടത്

2011 ഏപ്രി 1

'അരി' രാഷ്ട്രീയത്തിന്‍റെ അകം പൊരുള്‍

ഗ്രീക്ക് നഗര രാഷ്ട്രത്തില്‍ രൂപം കൊണ്ട് ഗതി തെറ്റിയൊഴുകുന്ന ജനാധിപത്യത്തില്‍ ജനകീയ പരമാധികാരത്തിന്‍റെ പ്രസക്തി ഗവേഷണ വിഷയമാവേണ്ട കാലത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു.


1950നു ശേഷം ഇന്ത്യയിലും കേരളത്തിലുമായി നിരവധി തിരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച ജനത മുന്‍കാലങ്ങളില്‍ നിന്ന്‍ വിഭിന്നമായി രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്‍റെ നിര്‍വ്വചനങ്ങളില്‍ എവിടെയും കേ ട്ട്കേള്‍വിപോലുമില്ലാത്ത രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ മറന്നു പോവുന്നതായാണ് സമകാലിക സാഹചര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നത്. താരാരാധക സംഘങ്ങളെപ്പോലെ അധ:പതിച്ച രാജ്യത്തിലെ {പാര്‍ട്ടി}യുവത പ്രകടിപ്പിക്കുന്ന വീറും വാശിയും രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ക്രിയാശേഷി നഷ്ടപ്പെട്ടതിന്‍റെ സൂചനകളായി ദോഷൈകദൃക്കുകള്‍ക്കെങ്കിലും സംശയമുന്നയിക്കാനുള്ള സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. അപ്പോഴും, അപകടകരമായ അരാഷ്ട്രീയവത്കരണമല്ലിതെന്നു അഭിനവ ജനാധിപത്യത്തിന്‍റെ അപ്പോസ്തലന്മാര്‍ക്ക് ആശ്വസിക്കുകയുമാവാം....!!!!

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കൊട്ടിഘോഷിച്ച് ആരോപണ പ്രത്യാരോപണ മാമാങ്കത്തോടെ ആരംഭിക്കുന്ന പ്രചരണ കോലാഹലങ്ങളുടെ തനിയാവര്‍ത്തനം, 'ഭരണ'വ്യവസായത്തിനൊരുങ്ങുന്ന സംരംഭകരുടെ ആധുനിക കമ്പോള വിപണി ശാസ്ത്രത്തിലെ ഉത്പന്ന വൈവിധ്യവത്കരണത്തെപ്പോലും വെല്ലുന്ന പ്രകടന പത്രികകള്‍, ചിന്തക്കും അന്വേഷണത്തിനും ഇടം തരാത്ത വാര്‍ത്താ വൈവിധ്യങ്ങള്‍, ഒരിക്കല്‍പ്പോലും മുന്‍ വര്‍ഷങ്ങളിലെ പ്രകടന പത്രികകളും വാഗ്ദാനങ്ങളും രാജ്യതാത്പര്യങ്ങളും ജനകീയ വികസന പദ്ധതികളും വിചാരണക്ക് വിധേയമാവാതെ 'വാര്‍ത്ത' ചരക്കാക്കി വാണിജ്യം കൊഴുപ്പിക്കാന്‍ രാഷ്ട്രീയക്കാരന്‍റെ അരമന അരിച്ചു പെറുക്കി വ്യക്തിപരമായ ദുഷിപ്പിന്‍റെ കെട്ടഴിക്കുന്ന അന്വേഷണാത്മക പത്ര/മാധ്യമ പ്രവര്‍ത്തകര്‍.... ഇത്രയും ചേരുവകളൊത്തു ചേര്‍ന്നാല്‍ ഇനിയുമൊരായിരം തിരഞ്ഞെടുപ്പുകള്‍ മുറ തെറ്റാതെ നടന്നു പോകും....!!!

എക്സിറ്റ് പോളില്‍ വോട്ടര്‍മാര്‍ പ്രതിപക്ഷത്തും രാഷ്ട്രീയക്കാര്‍ ഭരണ പക്ഷത്തുമെന്നു വിധിയെഴുതാന്‍ അന്നം തിന്നുന്നവര്‍ക്ക് അധികം ബുദ്ധിവ്യയത്തിന്‍റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ലാ. ഇത് ദൂഷിത വലയത്തിന്‍റെ ചാക്രിക പരിക്രമണമാണെന്നാശ്വസിച്ചു അടുത്ത അഞ്ചു വര്‍ഷവും കൂടെ സഹിച്ചു വീണ്ടും സഹിക്കാനായി ഇടത്തെ കാലിലെ മന്ത് വലത്തോട്ടും പിന്നീട് ഇടത്തോട്ടും...!!!

ധവള പത്രവും ട്രഷറി സ്തംഭനവും നിത്യ സംഭവമായ ഒരു നാട്ടില്‍ ഇങ്ങിനെയൊരു സാമ്പത്തിക ധൂര്‍ത്തിന്‍റെ ആവശ്യമുണ്ടോയെന്ന് സാമ്പത്തിക ശാസ്ത്രത്തിന്‍റെ ബാലപാഠമില്ലാത്തവര്‍പ്പോലും ചിന്തിക്കാന്‍ പര്യാപ്തരായിട്ടും നമ്മുടെ സാമ്പത്തികാസൂത്രണ വിദഗ്ധര്‍ക്ക് ഈ കണക്ക് പിടി കിട്ടാത്താതെന്ത്കൊണ്ടാണ്..? മഹിതമായ ജനാധിപത്യ പാരമ്പര്യത്തിന്‍റെ അവകാശികള്‍ക്ക് പരസ്പര ചര്‍ച്ചക്ക് ശേഷമുള്ള ഒരു ധാരണയില്‍ കൃത്യമായ ചില വര്‍ഷങ്ങള്‍ പങ്കിട്ടെടുക്കുന്നതല്ലേ ഏറ്റം കരണീയം..? മറ്റനേകം കടങ്ങളുടെ കൂട്ടത്തില്‍ നിന്നും ഈ ഭാരിച്ച സാമ്പത്തിക ചിലവെങ്കിലും പാവം ജനതയുടെ തലയില്‍ നിന്നും ഒഴിവാക്കാമല്ലോ..? ഭരണ_പ്രതിപക്ഷ ഭേദമന്യേ അവനവന്‍റെ കാര്യങ്ങള്‍ക്ക് സൌകര്യപ്രദമായ സൌഹൃദം നില നില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയ നേത്രത്വത്തിനു ഈ സമവായം തൃപ്തികരമാകുമെന്നു വളരെ പരസ്യമായ ഒരു രഹസ്യം തന്നെ...!!!

മത ബോധം തൊട്ടു തീണ്ടാത്ത പൌരോഹിത്യം ആവര്‍ത്തിക്കുന്ന വില പേശലുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ സമുദായ മത സ്നേഹ പ്രകടനങ്ങള്‍, ഉന്നത നേത്രത്വത്തിനു 'ദയാ വധം' വിധിച്ചാല്‍ മാത്രമേ അവനവനു പാത തുറക്കുകയോള്ളൂവെന്നു വ്യക്തമായും ബോദ്ധ്യം വന്ന യുവ രാഷ്ട്രീയക്കാര്‍.. "മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു.. കണ്ണടകള്‍ വേണം" എന്ന് പറയാത്തവരാരുണ്ടിനി ബാക്കി..? തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം കുടത്തില്‍ നിന്നും പുറത്തിറങ്ങുന്ന മാനം കവര്‍ന്നു കൊല ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ആത്മാക്കള്‍, അതുവരെയും പഞ്ചായത്തിലും പാര്‍ലമെന്റിലും കോടതി വരാന്തകളിലും ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന മഹാന്മാരുടെ നാവുകളിലും കുടി കൊള്ളാന്‍ മടിക്കുന്നതിന്‍റെ മന:ശ്ശാസ്ത്രം പഠന വിധേയമാക്കെണ്ടതല്ലേ..?

മാര്‍ക്സും ലെനിനും കാലങ്ങള്‍ക്ക് ശേഷവും ഓരോ അഞ്ചു വര്‍ഷത്തിലും ഓണത്തിനു മാവേലിയെന്ന പോലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നിരൂപകരുടെയും പി ബി, കേന്ദ്ര കമ്മറ്റി ഇത്യാദി ഉന്നത കേന്ദ്രങ്ങളുടെയും ഉറക്കം കെടുത്തുന്ന തരത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതെന്ത് കൊണ്ടാണ്..?

രാജ്യത്തിന്‍റെ പരമാധികാരത്തെയും അഭിമാനത്തെയും വെല്ലു വിളിക്കുന്ന തരത്തില്‍ കരാറുകളും അഴിമതിയുമായി വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ അരമനയില്‍ ഒരു പഞ്ചായത്ത് മെമ്പറായിപ്പോലും തിരഞ്ഞെടുക്കപ്പെടാത്ത ദശകോടിക്കണക്കിന് ഭാരതീയരുടെ പ്രധിനിധി { പ്രധാന മന്ത്രി } സധൈര്യം മുന്നേറുമ്പോള്‍ നമ്മുടെ ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പിന്‍റെ സ്ഥാനം അതി വിശാലവും അതി പ്രസക്തവും തന്നെയല്ലേ..?

ഈ വൈരുദ്ധ്യാധിഷ്ടിത ജനാധിപത്യത്തില്‍ ഇടതു വലതു വ്യക്തി ദുഷിപ്പിന്‍റെ പട്ടിക നിരത്തി പരസ്പരം വാദിക്കുമ്പോള്‍, ലക്ഷം അഴിമതികളുടെ ചോദ്യ മുനയൊടിക്കാന്‍ കോടി അഴിമതികള്‍ ഉപയോഗപ്പെടുത്തുന്നു. മറു വശത്ത്‌ താമരയിതളില്‍ സുഖ നിദ്രയിലാണ്ടു കഴിയുന്ന കാവിയുടുത്ത സവര്‍ണ്ണ ഫാഷിസ്റ്റ് കൂട്ടങ്ങള്‍ ശവപ്പെട്ടിയിലും പണക്കൊയ്ത്തു നടത്തുന്നു. അവര്‍ക്ക് 'രാമരാജ്യം' എന്നത് അവരുടെ രാഷ്ട്രീയ ഇന്ധനമത്രേ...!!

മഹിത പാരമ്പര്യ തകര്‍ച്ചയില്‍ രക്തം തിളക്കാത്ത സിരകളിലിനി കൃത്രിമ മായി ഒരു രൂപദേശത്തിന് വേണ്ടി രക്തം തിളപ്പിക്കാന്‍ എത്ര പാട്പെടേണ്ടി വരും..? ഇതിനിടയില്‍ ഇടതു വലതു ഭേദമന്യേ സാര്‍വ്വത്രികമായി വികേന്ദ്രീകരിക്കപ്പെട്ട വ്യക്തി ആദര്‍ശ ജീര്‍ണ്ണതകളില്‍ കൊത്തി വലിക്കുന്ന ആയിരം കാക്കകളെ ഒന്നെന്നും രണ്ടെന്നും രൂപ വില നിശ്ചയിച്ചു അരിയെറിഞ്ഞു വശീകരിക്കാനാകുമോ..?

2011 മാർ 9

കാലാന്തരം



മൂകമീ മാനസസാന്ത്വനമായെത്തും
മഴവില്ലും മറയുന്നുവല്ലോ
ഊഷരമാംഭൂവില്‍ നീര്മഴയിന്നിതാ
ഊര്‍ന്നിറങ്ങാന്‍ മടിപൂണ്ടു നില്‍പ്പൂ

പാലാഴിമാഞ്ഞുപോയി ,നിദ്രയുമില്ലാത്ത
കാളരാവിന്റെയീഭീകരയാമത്തില്‍ -
മിന്നാമിനുങ്ങിന്റെ വെട്ടവുമന്യമായി
തമസ്സിന്റെ കാളസര്‍പ്പങ്ങളിഴയുന്നു .

മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു ധരണിയി -
ലാശ്വാസമയുള്ളതല്ലയൊന്നും
വറ്റുന്നു സൌരഭ്യമാകെയീ വാടിയില്‍
ചരിത്രമാകുന്നുവോ സത്യധര്‍മ്മങ്ങളും ?

മിഥ്യയെന്നട്ടഹസിയ്ക്കുന്നു നിര്‍ഭയം
ചോരതുപ്പുന്ന പകലിന്റെ രൌദ്രത
ദുസ്സഹമാണെന്നലറി വിളിയ്ക്കുന്നു
അമ്മയെ സൃഷ്ടിച്ച ലോകവുംഖിന്നമായ് .

ഇവിടെ ഭവിയ്ക്കുന്ന രാസമാറ്റങ്ങള -
ഭംഗുരമീവിധമായിത്തുടരുന്നു
തമസും വെളിച്ചവും പര്യായമെന്നോതി
ചങ്ങാത്തമാകുന്നിരകളും വേടനും

ചന്ദ്രനും ചൊവ്വയും സര്‍വ്വപ്രപഞ്ചവും
കീഴടകുന്നതോ പുണ്യകര്‍മ്മം ?
കബന്ധങ്ങള്‍ പോലും പകുക്കുന്നതെന്തേ
പരിഷ്കാരി വര്ഗ്ഗമാം ശ്രേഷ്ഠജന്മം..?

സത്രകുംഭകോണ,മെന്ടോസള്‍ഫാനു ,-
മാഡംബരത്തോടെ തീറ്റി കഴുകനും
നാടിന്മേല്‍ കാരിരുള്‍മേഘം നിറയുന്നു
നമുക്കാഘോഷിക്കാനേറെ മരണങ്ങള്‍ ......

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms