2011 മേയ് 7

നഗര ജീവി


മാറിടം ച്ഛേദിച്ചു ‌പാരതന്ത്ര്യത്തിന്‍
അടയാളമുപേക്ഷിച്ചോരാ ഒറ്റമുലച്ചി
ആധുനിക നാരിമാരുടയാടകളെറിഞ്ഞ്
മേനിക്കൊഴുപ്പ്‌ പ്രദര്‍ശിപ്പിക്കും കാലത്ത്
ഇടവേളകളില്‍, ഇന്നലെ മണ്ണില്‍
നിണമിറ്റി മരിച്ച രക്തവര്‍ണ്ണമാര്‍ന്ന
സ്തന്യംചുരത്തും നിന്‍റെയൊറ്റമുല
നൊമ്പരമടക്കാനാവാതെയെന്നെ നോക്കി
തലതല്ലികരയുന്നതിനെ ഞാനറിയുന്നു..!

ഹേ നായികേ, നിന്നെ നയിക്കും മതമേത്,
വ്യാസന്‍ പറഞ്ഞ കഥയിലെ ജ്ഞാനവൃദ്ധനോ ?
ഹേ നായികേ, നീയാചരിക്കും ധര്‍മ്മമേത്,
യുദ്ധമരുതെന്നു കേണ വിദുരധര്‍മ്മമോ?
ഗുഹാവാസിയാമാദിമനുഷ്യസംസ്കാരത്തിന്‍
ചിഹ്നമൂരിയെറിഞ്ഞഷ്ടദിക്കിനെ
വസ്ത്രമായി സ്വീകരിച്ച ദിഗംബരത്വമോ?
അതോ, പടിഞ്ഞാരിന്‍ വട, തുട, സംസ്കാരമോ?

പരസ്യപലകയിലെ ചായംതേച്ച ശരീരവടിവ്
അറവുശാലകളിലെ മാംസക്കളത്തിലുംകാണാം
ഭോഗസംസ്കാരം, രതിസുഖമനിര്‍വ്വചനീയം..!
അനുകരണം, ഭ്രമിപ്പിക്കും കച്ചവടക്കണ്ണാണത്
നിന്നെ വലയം ചെയ്യും കഴുകക്കണ്ണാണത്
മതിഭ്രമം, നിനക്കലങ്കാരമോ ആഘോഷമോ?
അന്ന്, ഏതൊന്നിനെ നിനക്ക് നിഷേധിച്ചവോ?
ഇന്നതേ 'വെളുപ്പില്‍' നീയനുരക്തയാകുന്നുവോ?
ഹോ, എന്തൊരു വിരോധഭാസമാണിത്..!!

ഇന്നലെ, മോചനമസാധ്യമാം കാലം
ഉള്‍ക്കടലമാമാഗ്രഹത്തിന് തീര്‍പ്പ്‌
തത്വം പ്രയോഗത്തിലാവിഷ്കരിച്ചോരാ
ഒറ്റ മുലച്ചിയാം ധീര മാതാവേ..
നിന്നെയോര്‍ത്ത്‌ ഞാന്‍ കണ്ണീര്‍വാര്‍ക്കുന്നു
കുറ്റബോധത്തിന്‍ ചകിരിനാരിഴകള്‍
ഹൃദയത്തെ കുത്തി മുറിവേല്‍പ്പിക്കുന്നു..
കരിമ്പടം മൌനമാം മരണത്തിന്നടയാളം

നാളെയുടെ പകലില്‍: സൂര്യനമസ്കാരത്തിനായ്
നമുക്ക്, കടലോരം ചേര്‍ന്ന് നടക്കാം
കടല്‍കാറ്റേറ്റു മഞ്ഞലോഹകാന്തിയെ പറയാം
ഹോ, മാറിടം ച്ഛേദിച്ചോരുവളെ....!
ഔദാര്യം പോലെ വന്നുകിട്ടിയതിനെ
സ്വാതന്ത്ര്യത്തിന്നടയാളത്തെ വഴിയിലുപേക്ഷിച്ച്
നമുക്ക് ഗമിക്കാം: നിര്‍ലജ്ജം,
നഗരജീവിയെന്ന ശീര്‍ഷകത്തിലേക്ക്..!

2011 മേയ് 1

രാജ്യദ്രോഹത്തിന്‍റെ രസതന്ത്രം.


ബിനായക് സെന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍റെ കാരാഗൃഹവാസമാണ് രാജ്യദ്രോഹ പരമ്പരയുടെ എപ്പിസോഡില്‍ മായാതെ നില്‍ക്കുന്ന അവസാന ചിത്രം. ഇടക്കെപ്പോഴോ'അരുന്ധതി റോയ്'പ്രമോഷന്‍ ലഭിച്ചു പട്ടികയില്‍ ഇടം നേടിയെങ്കിലും ഇപ്പോള്‍ അവധിയിലാണ്. ഇന്ത്യയുടെ വിവിധ കാരാഗ്രഹങ്ങളില്‍ വര്‍ഷങ്ങളായി വിചാരണ പോലുമില്ലാത്ത അനേകം രാജ്യദ്രോഹികള്‍ വിലപ്പെട്ട ജീവിതം തള്ളി നീക്കുന്നു.

ഇന്ത്യ മഹാരാജ്യത്തിന്‍റെ ജനാധിപത്യ മനുഷ്യാവകാശ മഹിമകൊണ്ട് നിരവധി വര്‍ഷങ്ങളുടെ കാരാഗൃഹവാസത്തിന്നൊടുവില്‍ ഗവണ്‍മെണ്ടു ചിലവില്‍ ഓട്ടോറിക്ഷയും മറ്റു പാരിതോഷികങ്ങളും നല്‍കി മാപ്പും പറഞ്ഞു വിട്ടയക്കുന്ന കാഴ്ചയും ഈ മഹാരാജ്യത്ത് വിരളമല്ല.

'ഹേമന്ത് കര്‍ക്കരെ' എന്ന വിലപ്പെട്ട ജീവന് പകരം മോചിപ്പിക്കപ്പെട്ട രാജ്യദ്രോഹികള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് നമ്മുടെ ഓര്‍മ്മയിലുണ്ട്. ഭാരതീയ ഋഷിപരമ്പരയിലെ "ലോകോ സമസ്തോ സുഖിനോ ഭവന്തു" സന്ദേശത്തിന്‍റെ പിന്‍ഗാമികളില്‍ പെട്ട അസിമാനന്ദമാരുടെ കാരുണ്യവും രാജ്യദ്രോഹികള്‍ക്ക് തുണയാകുന്നതും അതുവഴി ചിലര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതും സമീപകാല സംഭവവികാസങ്ങളാണ്.

ഇടക്കൊരശരീരി പോലെ കര്‍ക്കരെയേ കൊന്നതാര്..? പാര്‍ലമെണ്ടാക്രമണത്തിന്‍റെ പുകമറയില്‍ സംഭവിച്ചതെന്ത്..? എന്നൊക്കെ ചില ദോഷൈക'ഭീകര'ദൃഷ്ടികള്‍ ചോദ്യമുന്നയിക്കുന്നത് തികച്ചും സ്വാഭാവികം...!!!!!

സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുണ്ടായേക്കാവുന്ന ആശങ്കകള്‍ ഇവിടെയവസാനിക്കുന്നില്ല. സ്വാതന്ത്ര്യ സമരങ്ങള്‍ ഒതുക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ആവിഷ്കരിച്ച കോളനി വാഴ്ചയുടെ ബാക്കിപത്രമായ നിയമമാണ് 124Aവകുപ്പ്. സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിയഞ്ചാം വര്‍ഷത്തിലും ചില രാജ്യദ്രോഹികളെ പടച്ചെടുക്കുന്നതില്‍ അവരെ കൈകാര്യം ചെയ്യുന്നതില്‍ മഹാ രാജ്യത്തിന്‍റെ ഭീകര വിരുദ്ധ യജ്ഞത്തില്‍ ഈ നിയമം അകമ്പടി സേവിക്കുന്നുവെന്ന സുപ്രീം കോടതിയുടെ ഈ അടുത്ത സമയത്തെ പരാമര്‍ശം ബ്രിട്ടീഷ് ഭരണത്തിന്‍റെ നേട്ടങ്ങളില്‍ എണ്ണാതെ പോയത് ഏറെ നിര്‍ഭാഗ്യകരമാണ്.

കാര്യങ്ങളുടെ വിചിത്രമായ മറ്റൊരു മുഖം അബ്ദുന്നാസിര്‍ മ'അദനിയെന്ന സര്‍ട്ടിഫൈഡ് രാജ്യദ്രോഹി വരച്ചു കാട്ടുന്നു. രാമന്‍റെ വനവാസത്തെ അനുസ്മരിക്കും വിധമുള്ള കാരാഗൃഹവാസത്തിനൊടുവില്‍ 'നിരപരാധി'മുദ്ര ചാര്‍ത്തി മോചിപ്പിക്കപ്പെടുന്നു. അവര്‍ണ്ണ പക്ഷ രാഷ്ട്രീയത്തിന്‍റെയും, ദേശ സുരക്ഷയുടെയും, ജന സേവനത്തിന്‍റെയും ദൗത്യമേറ്റെടുക്കുകയും സംഭവിച്ചു പോയ അരാഷ്ട്രീയ അരാജക മനസ്സിന്‍റെ ബഹിസ്ഫുരണം അല്പം കടന്നു പോയന്ന സ്വയം വിമര്‍ശനത്തിന് തയ്യാറാവുകയും ചെയ്യുന്നു. കൊട്ടിഘോഷിച്ചു ജനതയും ജന പ്രതിനിധികളും, മന്ത്രിമാരും പൗര പ്രമുഖരും ചേര്‍ന്ന് തലസ്ഥാന നഗരിയില്‍ സ്വീകരിക്കുന്നു. ഏറെക്കഴിയും മുമ്പ് വീണ്ടും തുറുങ്കിലടക്കപ്പെടുന്നു. തനിയാവര്‍ത്തനങ്ങള്‍ നിര്‍ബാധം........തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

പൂര്‍വ്വാശ്രമത്തിലെ കാട്ടാളന് മാനിഷാദ പാടാന്‍ അവസരമൊരുക്കിയ മണ്ണില്‍, കലിംഗ യുദ്ധത്തിന്‍റെ കറ കളഞ്ഞ് അഹിംസയുടെ അശോക ചക്രത്തിന് ഹൃദയപതാകയിലഭയം നല്‍കിയ വിശ്വഭാരതത്തില്‍, ചമ്പല്‍ കൊള്ളക്കാരി ജനപ്രതിനിധിയായി നിയമ നിര്‍മ്മാണം നടത്തിയ മഹാരാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന രാസമാറ്റമെതെന്താണ്..? ഒരു കാലത്തും മോചിപ്പിക്കപ്പെടാനാവാത്ത വിധം ആയിരത്തിന്‍റെ കറന്സിക്ക് ഗാന്ധിത്തലയെന്ന പോലെ ആഗോള ഭീകരതക്ക് അബ്ദുന്നാസിര്‍ മദനി അടയാളവത്കരിക്കപ്പെടുന്നത് ചരിത്രാന്വേഷകര്‍ക്ക് പുതിയ ഗവേഷണ വിഷയമാവേണ്ടതുണ്ട്. ഇവിടെ, ബാലഗംഗാദരതിലകനെ അനുകൂലിച്ചവര്‍ക്ക് രാജ്യദ്രോഹത്തിന് കാരാഗൃഹം നല്‍കിയ ബ്രിട്ടീഷ് രാജിന്‍റെ തന്നെ തുടര്‍ച്ചയാണോ തെഹല്‍ക പത്ര പ്രവര്‍ത്തക ഷാഹിനയുടെ അറസ്റ്റും എന്ന സംശയം പ്രകടിപ്പിക്കലും രാജ്യദ്രോഹത്തിന്‍റെ ഗണത്തില്‍ പെടില്ലെന്നു പ്രത്യാശിക്കാമോ..?

ബ്രിട്ടീഷ് ഭരണകാലത്ത് ദേശാഭിമാനികളായ സ്വാതന്ത്ര്യസമര നായകന്മാര്‍, കോണ്ഗ്രസ് ഭരണകാലത്ത് മാര്‍കിസ്റ്റുകാര്‍ , മാര്‍കിസ്റ്റ് ഭരണകാലത്ത് നക്സലൈറ്റുകള്‍ എന്നീ പരിണാമങ്ങള്‍ രാജ്യദ്രോഹത്തിന്‍റെ ചരിത്രത്തിലുണ്ട്. നവ സാമ്രാജ്യത്ത്വത്തിന്‍റെ കോളനിക്കണ്ണുകള്‍ രാജ്യത്തിലെ ഭൂരിപക്ഷം വരുന്ന ഭരണകര്‍ത്താക്കള്‍ സ്വന്തം അജണ്ടയായി തിരഞ്ഞെടുത്തപ്പോള്‍ ഭരണകൂടത്തിന്‍റെ താത്പര്യത്തിന് വിഭിന്നമായി ചിന്തിക്കുന്നവര്‍, വിമര്‍ശിക്കുന്നവര്‍, അഭിപ്രായപ്രകടനം നടത്തുന്നവര്‍, ജനതയെ സംഘടിപ്പിക്കുന്നവര്‍ രാജ്യദ്രോഹികളാകുന്ന ഭീതിജനകമായ സമകാലിക സാഹചര്യങ്ങളിലേക്ക് കാര്യം എത്തിച്ചേര്‍ന്നിരിക്കുന്നു.

ജനാധിപത്യത്തില്‍ ഫാഷിസത്തിനിടമുണ്ട് എന്ന വായനയെ സാധൂകരിക്കും വിധം ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചോര്‍ച്ച സംഭാവിച്ചതെവിടെ നിന്നാണ്..? അഭിപ്രായ സ്വാത,ന്ത്ര്യം ക്രിയാത്മക വിമര്‍ശനം എന്നിവ ജനാധിപത്യത്തിന്‍റെ പ്രാണവായുപോലെ പ്രധാനമാണെന്ന തിരിച്ചറിവ് ആര്‍ക്കാണ് നഷ്ടപ്പെട്ടത്..? സമരം ചെയ്യാനും, സംഘടിക്കാനും സംവദിക്കാനുമുള്ള അവസരം രാജ്യത്തിന്‍റെ ജനാധിപത്യ വികസനത്തിന്‍റെ സൂചകമാണെന്ന് തിരിച്ചറിയപ്പെടാതിരിക്കുന്നത് എന്ത് കൊണ്ടാണ്..?

ആഭ്യന്തര ക്രമസമാധാന പാലനം മുതല്‍ രഹസ്യാന്വേഷണവും, ഇടക്കുള്ള കോടതി വിധികളുമെല്ലാം ഇരട്ടനീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷം വരുന്ന പോലിസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും മുഖ്യധാരാ നിഗമനങ്ങളെ പൊളിക്കുന്നു. ഗുജറാത്ത് വംശഹത്യയും, ബാബരീ ധ്വംസനവും, 'ഇശ്രത്തു' വ്യാജയേറ്റുമുട്ടലിന്‍റെ വെളിപ്പെടുത്തലുകളും അടങ്ങിയ പത്രപാരായണം. ജീവിക്കാനുള്ള അവകാശം നിഷേധിച്ച് മാതാവാകാനുള്ള ആശയുപേക്ഷിച്ച് ദയാവധം പ്രതീക്ഷിച്ച് കഴിയുന്ന എന്‍ഡോസള്‍ഫാനിരകളുടെ ദീനരോദനത്തെപ്പോലും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി ബലികഴിക്കുന്ന മഹാജനസേവകര്‍. കൊടികളെഴുതാന്‍ പൂജ്യംതികയാത്ത അഴിമതിക്കഥകള്‍, ഇറ്റി വീഴുന്ന മഴ നനയാതെ കിടക്കാന്‍ ചേരികളിലും കടത്തിണ്ണകളിലും അഭയം പ്രാപിക്കുന്ന ഭാരതീയര്‍, ഈ കാഴ്ചകള്‍ തീര്‍ക്കുന്ന മാനസിക വിഭ്രാന്തി അതില്‍ നിന്നുത്ഭവിക്കുന്ന ആശങ്കകള്‍. ഇവയെല്ലാം പ്രതികരണത്തിനും പ്രധിഷേധത്തിനും പ്രേരിപ്പിക്കുന്ന മനസ്സാക്ഷി മരവിക്കാത്ത പൗരാവകാശ പ്രവര്‍ത്തകര്‍ ഇടക്കെപ്പോഴോ ഇലക്ഷന്‍ ബഹിഷ്കരിച്ചതിന് അവരിന്നും വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നു. പ്രാപ്തമായ പ്രബുദ്ധതയില്ലാത്ത രാഷ്ട്രീയ, മത മേലദ്ധ്യക്ഷന്മാര്‍...........

ഈ വിഷമ വൃത്തങ്ങള്‍ തീര്‍ക്കുന്ന അരാജകത്വവും അരാഷ്ട്രീയ വാദവും രാജ്യദ്രോഹത്തിന്‍റെ പരിധിയിലുള്‍പ്പെടുത്താതിരിക്കാന്‍ 'ചൗരി ചൗരാ ' സംഭവത്തില്‍ ആത്മ വിമര്‍ശനത്തിന് തയ്യാറായ ഗാന്ധിയന്‍ നീതിബോധത്തിന്‍റെ ആയിരത്തിലൊരംശം മനുഷ്യത്വം മരവിച്ച അഭിനവ രാജ്യസേവകര്‍ക്കും രാജ്യസ്നേഹികള്‍ക്കും ഉണ്ടാവുമോ..? അല്ലെങ്കില്‍ ഈജിപ്തും യമനും നല്‍കുന്ന ചരിത്ര പാഠത്തിനെ നേരിടാന്‍ ഇനിയും കരി നിയമങ്ങള്‍ തുണയാകുമോ? ഇതാണ് ജനാധിപത്യ പൗരാവലിയില്‍ അലയടിക്കേണ്ട പ്രധാന ചര്‍ച്ച. അല്ലാതെ വില്യം സായിപ്പിന്‍റെ രാജകീയ ചുംബനമല്ല.

2011 ഏപ്രി 22

യേമാനേ, അടിയങ്ങള്‍ പാവങ്ങളാണേ...!!!



ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുമ്പോഴോ എന്തെങ്കിലും വലിയ ദുരന്തങ്ങള്‍ അവര്‍ക്ക് മേല്‍ വന്നു പതിക്കുകയോ ചെയ്യുമ്പോള്‍ മാത്രം ചര്‍ച്ചയാകുന്ന ഇന്ത്യയിലെ ശതകോടി വരുന്ന ജനതയുടെ ദാരിദ്ര്യം ബഹുമാന്യ നീതി ക്ഷേത്രത്തിന്‍റെ പുതിയ അഭിപ്രായ പ്രകടനത്തോടെ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.''ഇന്ത്യയിലെ ജനതയെ രണ്ടു തരം പൗരന്മാരായി നില നിര്‍ത്താനാണോ സര്‍ക്കാര്‍ തീരുമാനം.? അല്ലെങ്കില്‍, സാമൂഹിക വികസന വിഷയവുമായി ബന്ധപ്പെട്ടു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യം വെച്ച് നടപ്പാക്കിയ പദ്ധതികള്‍ അത്രയും ഒരു പുനര്‍ വിചാരണക്ക് വിധേയമാക്കെണ്ടതില്ലേ." തുടങ്ങിയ സര്‍ക്കാരിനോടായുള്ള സുപ്രീം കോടതിയുടെ ചോദ്യങ്ങളും 'ബി പി എല്‍' ലിസ്റ്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍റെ 'സത്യവാങ്ങ് മൂലം' ആവശ്യപ്പെടലുമൊക്കെയും രാജ്യത്ത് ദരിദ്രരും ദാരിദ്ര്യവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും എല്ലാം ചര്‍ച്ച ചെയ്യുന്നതിന്‍റെ ഒരു പുതിയ തലം ആവശ്യപ്പെടുന്നു. ബഹുമാന്യ നീതിപീഠം അതിനു തുടക്കം കുറിക്കയും ചെയ്തിരിക്കുന്നു.

ദാരിദ്ര്യത്തെ നിര്‍വ്വചിക്കുമ്പോള്‍ ക്ഷാമാത്തോടടുത്ത ജീവിത സാഹചര്യങ്ങളെയും വിശപ്പ്‌ മൂലമുള്ള മരണങ്ങളെയും മാത്രമായി ചുരുക്കി കാണുന്ന പ്രവണത ശരിയല്ല. അതിനെ കുറേക്കൂടി സമഗ്രമായ ഒരു അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്. നിരവധി കാരണങ്ങളുടെ ആകെത്തുകയാണ് യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യമെന്നവസ്ഥ. പ്രദേശങ്ങളില്‍ നിന്നും പ്രദേശങ്ങളിലേക്കും സമൂഹങ്ങളില്‍ നിന്നും സമൂഹങ്ങളിലേക്കും സംസ്കാരങ്ങളില്‍ നിന്നും സംസ്കാരങ്ങളിലേക്കും മാറുന്നതിന്നനുസരിച്ചു അടിസ്ഥാന കാരണങ്ങളില്‍ ചില ഏറ്റകുറച്ചിലുകള്‍ സംഭിവിച്ചേക്കാം. എന്നാല്‍, ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നതിനനുസരിച്ചു കാരണങ്ങള്‍ക്ക് സമാനതകള്‍ ഉണ്ടെന്നതാണ് വാസ്തവം. പ്രതി ശീര്‍ഷ വരുമാനത്തിലോ,കലോറി ലഭ്യതയിലോ മാത്രം അതിനെ ഒതുക്കി നിര്‍ത്താനാവില്ല. ഭൂമിയുടെ ലഭ്യത,ആരോഗ്യം,വിദ്യാഭ്യാസം,സാക്ഷരത, ശിശുമരണ നിരക്ക്,ആയുര്‍ ദൈര്‍ഘ്യം, കടങ്ങള്‍,ആസ്തികള്‍,കൃഷിക്ക് ആവശ്യവും അനുയോജ്യവുമായ ഭൂമിയും ജലലഭ്യതയും, തൊഴിലവസരങ്ങളും തൊഴില്‍ ശാലകളുടെ സാന്നിദ്ധ്യവും, കുടിവെള്ളം തുടങ്ങിയ വിഭവങ്ങളും ആ കൂട്ടത്തില്‍ പെടുത്തേണ്ടവയാണ്. ഈ പറയപ്പെടുന്ന വിഭവങ്ങളില്‍ എല്ലാ ജനതക്കും തുല്യമായ അവകാശവും സാധ്യതയുമാണ് ഉള്ളതെന്ന് പറയുമ്പോഴും ആരോഗ്യ/വിദ്യാഭ്യാസ/തൊഴില്‍ വിഷയങ്ങളില്‍ രാജ്യത്തെ മഹാ ഭൂരിപക്ഷവും സമീപസ്ഥാരാണോ..?

രാജ്യത്തെ മൊത്തം ഭൂമിയുടെ പകുതിയോളം ഉടമസ്ഥാവകാശം ജനസംഖ്യയില്‍ കേവലം 5% മാത്രം വരുന്ന വിഭാഗങ്ങളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. രാജ്യത്തെ 20% ആളുകളും ഭൂരഹിതരുമാണ്. അവരത്രെ രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 85% വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുമാണ്. മൊത്തം ഭൂമിയുടെ 2% മാത്രം പുനര്‍ വിതരണം ചെയ്യപ്പെട്ടാല്‍ തീരുന്ന പ്രശ്നമാണ് ഇതെന്നിരിക്കെ ഇതിലടങ്ങിയിരിക്കുന്ന നീതി നിഷേധനത്തിന്‍റെ വലുപ്പം മനസ്സിലാകും. എന്നിട്ടും, അത് കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം കാണിക്കുന്ന കാലതാമസവും മറ്റും സൂചിപ്പിക്കുന്നത് ഭരണാധികാരികളുടെ താത്പര്യത്തെയാണ്. ഇത് സഗൌരവം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ഭൂമിയുടെ കൈകാര്യകര്‍ത്തിത്വമെന്നത് കേവല ആവാസവ്യവസ്ഥക്ക് അപ്പുറമുള്ളോരു കാര്യമായി കാണേണ്ടതുണ്ട്. മനുഷ്യരുടെ ചലനാത്മകതക്ക് ആക്കം കൂട്ടുകയും അതിനെ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഒരു വലിയ ഘടകമാണ്. അത് കൊണ്ട് തന്നെ ഇത് വലിയ ഗൗരവമര്‍ഹിക്കുന്ന ഒന്നാണ്.

പോഷകാഹാരക്കുറവും ആരോഗ്യസ്ഥിതിയും ചര്‍ച്ചക്കെടുക്കുമ്പോള്‍ പട്ടിണിയുടെ പിടിയിലാണെന്ന് രാജ്യമിനിയും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു വലിയ കൂട്ടം ആളുകള്‍ ഉണ്ടിവിടെ. അവരുടെ കുട്ടികള്‍ക്ക് അവരര്‍ഹിക്കുന്നത്രയും ഭക്ഷണം ലഭിക്കാതിരിക്കുമ്പോഴും കാര്യങ്ങളെല്ലാം ഭദ്രമാണെന്ന് പറഞ്ഞു പാവം ജനതയെ അധികാരികള്‍ നിരന്തരം പറ്റിക്കുന്നു. എന്നാല്‍, പോഷകാഹാരക്കുറവ് മാനസികവും ശാരീരികവുമായ വളര്‍ച്ചയെ തടയുകയും ജീവിതങ്ങളെയാകെ തന്നെ മുരടിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് പഠനം. ഏറ്റവും നിര്‍ണ്ണായകമായ ഘട്ടങ്ങളില്‍ ആവശ്യത്തിനു വൈദ്യസഹായം ലഭിക്കാത്ത ഒരു വ്യക്തി നിത്യ ദാരിദ്ര്യത്തിലായിരിക്കുന്നതിനു തുല്യമായ ഒരവസ്ഥയിലൂടെയാണ് ജീവിക്കുന്നത്. അതും ഒരു വലിയ തകര്‍ച്ചയുടെ ഗണത്തിലാണ് ഗണിക്കപ്പെടേണ്ടത്. കോടിക്കണക്കിനു വരുന്ന ഗ്രാമീണ ദരിദ്രര്‍ക്ക് മറ്റുള്ളവര്‍ അനുഭവിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ..? അവരില്‍ എത്ര പേര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ക്രയ ശേഷിയുണ്ട്...?

മിക്കപ്പോഴും ചില കണക്കിലെ കളികള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഒരു സമയം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണവും അതിന്‍റെ വ്യാപ്തിയും കണക്കാക്കാന്‍ നിയോഗിക്കപ്പെട്ട 'വിദഗ്ദ സമിതി' നിലവിലെ 'മാനദണ്ഡം' അനുസരിച്ചു ദാരിദ്ര രേഖക്ക് താഴെയുള്ള ആളുകളുടെ എണ്ണം ജനസംഖ്യയുടെ ഏതാണ്ട് 39% ആണെന്ന നിഗമനത്തിലെത്തുകയുണ്ടായി. എന്നാല്‍, അത് പൊതുജനസമക്ഷം സര്‍ക്കാരിനാല്‍ അവതരിക്കപ്പെട്ടപ്പോള്‍ കേവലം 19%മായി കുറയുകയാണുണ്ടായത്. അത്ഭുതം അതല്ല, ഈ പുതിയ കണക്ക് വെളിപ്പെടുത്തുന്നതിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോപ്പന്‍ ഹേഗനിലെ ഉച്ചകോടിയില്‍ ഭാരതത്തില്‍ 40% ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലാണെന്ന് പറയാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് യാതൊരു ജാള്യതയുമുണ്ടായില്ല എന്നതാണ് ഏറെ വിചിത്രമായ സംഗതി..!! അതിനു കാരണമോ..? പണം തരാന്‍ കഴിവുള്ളവരുടെ മുമ്പില്‍ ചെന്ന് രാജ്യത്തെ ജനതയുടെ ദയനീയതയെ പറഞ്ഞു നിരന്തരം യാചിക്കുക അതിനിക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല. രാജ്യത്തിന്നകത്ത് എത്രയധികം പാവങ്ങളുണ്ടോ അത്രയധികം പണം' നമുക്ക്' കിട്ടും. കൂടെ, അനുബന്ധ സൌകര്യങ്ങളും. അതിനു വേണ്ടി എത്രയും കൂട്ടിപ്പറയാം..!! എന്നാല്‍ ഈ വാങ്ങിച്ചു കൂട്ടുന്ന പണമത്രയും പതിന്മടങ്ങായി പിന്നീട് ഒടുക്കപ്പെടെണ്ടതുണ്ട്. കൂടെ, രാജ്യത്തെയും അതിലെ ജനതയെയും ഒരു പരീക്ഷണശാലയായും പരീക്ഷണവസ്തുവായും ഉപയോഗിക്കുവാനുള്ള സൗകര്യം ലോകത്തെ കുത്തകകളായ മരുന്നുത്പാദക സംരംഭകര്‍ക്ക് ഒരുക്കി കൊടുക്കുകയുമാവാം.

എന്നാല്‍, രാജ്യത്തെ ജനതയോട് ദാരിദ്ര്യത്തിന്‍റെ കുറഞ്ഞ {കള്ള} കണക്ക് പറഞ്ഞുകൊണ്ട് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ ദരിദ്ര ഗ്രാമങ്ങള്‍ക്കായി ആരോഗ്യം വിദ്യാഭ്യാസം കാര്‍ഷിക കുടിവെള്ളാവശ്യങ്ങള്‍ എന്നിവക്കായി അനുവദിക്കുന്ന ആനുകൂല്യങ്ങളും സഹായങ്ങളുമൊക്കെയും വെട്ടി ചുരുക്കുകയും, ശേഷം ഇത്തരം ആവശ്യങ്ങള്‍ അത്രയും മുതലാളിത്ത താത്പര്യാര്‍ത്ഥം സ്വകാര്യവത്കരിക്കുകയും അത് വഴി മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ ജനതക്ക് മേലുള്ള സര്‍ക്കാരിന്‍റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന നയമാണ് ഇക്കാലമത്രയുമായി നാം നമ്മുടെ രാജ്യത്ത് കണ്ടു വരുന്നത്. ഫലമോ, രാജ്യത്തെ പാവം ജനതക്ക് ആവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടുന്നതിനു വേണ്ടി ആശുപത്രി ഉടമയുടെയും വിദ്ദ്യാഭ്യാസ മുതലാളിയുടെയും തിണ്ണ നിരങ്ങേണ്ട ഗതികേടിലേക്ക് നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് അതിന്‍റെ ആത്യന്തികമായ റിസള്‍ട്ട്...!! ഇപ്പോള്‍ കാര്യങ്ങള്‍ അല്പം കൂടെ വ്യക്തമാകുന്നു. "യേമാനേ, അടിയങ്ങള്‍ പാവങ്ങളാണേ...!!!" എന്ന് പറയുന്നതിന്‍റെ ഗുട്ടന്‍സ്.

ഈ സവിശേഷ സാഹചര്യത്തില്‍ മറ്റൊരു ഉച്ചകോടിയും കൂടെ ഓര്‍മ്മയിലേക്ക് വരുന്നു. ലോകത്തെ മൊത്തം 88 രാജ്യങ്ങള്‍ നിരോധിച്ച കീടനാശിനി കേരളമടക്കം വരുന്ന സംസ്ഥാനങ്ങള്‍ ദേശവ്യാപകമായി നിരോധിക്കണം എന്നാവശ്യപ്പെട്ടിട്ടും അതിനു കൂട്ടാക്കാത്ത ഒരു കേന്ദ്രവും കൃഷിമന്ത്രിയും ഒരു സഹനും.. മറ്റൊരു ഉച്ചകോടിക്കായി യാത്രക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ആ 'മഹാ ദുരന്ത ലായനി' ഇനിയും നിര്‍ബാധം പാവം ജനതക്ക് മേല്‍ തളിക്കാന്‍ സാധനം ഇറക്കുമതി ചെയ്യാനുള്ള വണ്ടിയിലാണ് ഈ കൂട്ടം യാത്ര പോകുന്നത്. "ഇവിടെ കരിഞ്ഞു വീഴുന്നത് കേവലം തേയില കൊതുകുകളല്ല. ഈ രാജ്യത്തെ പാവം ജനതയുടെ ജീവനും ജീവിതങ്ങളുമാണ്". ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ ഈ അധികാരി വര്‍ഗ്ഗത്തിന് സാധിക്കാത്തതെന്ത് കൊണ്ട്..?

ചോദ്യം മറ്റൊരര്‍ത്ഥത്തില്‍ ഉത്തരമായി പരിണമിക്കുന്നു. ഈ കൂട്ടത്തിന്‍റെ താത്പര്യമത്രയും തന്നെ മുതലാളിത്ത ദാസ്യമാണ്. ഈ പാവം പാവങ്ങളുടെ ചിലവില്‍ ലഭിക്കുന്ന ഔദാര്യത്തെ വിറ്റു തിന്നാന്‍ ഈ ദുര്‍ഭൂതങ്ങള്‍ക്ക് യാതൊരു ഉളുപ്പുമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ഹാ കഷ്ടം..!! എന്‍റെ രാജ്യമേ...!!! ഇവിടെ, നമ്മുടെ നീതി ക്ഷേത്രങ്ങളുടെ ഇടപെടലുകള്‍ പ്രത്യാശക്ക്‌ വക നല്‍കുന്നു.

സാമൂഹിക നീതി ഉറപ്പു വരുത്തുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ഇച്ഛാശക്തിയുള്ള ജാഗ്രതയുള്ള ഒരു സംവിധാനമായി മൊത്തം രാജ്യവും മാറുന്ന ഒരു നല്ല രാഷ്ട്ര നിര്‍മ്മിതിക്കായുള്ള വഴി വെളിച്ചമായി നമുക്ക് നമ്മുടെ കോടതികളെ ആശിക്കാം.

നീതി ക്ഷേത്രത്തിനു അഭിനന്ദനങ്ങള്‍ കൂടെ, പൊതു ജനം കഴുതയാണെന്നു പറഞ്ഞ പഴം ചൊല്ലുകാരന് നല്ല നമസ്കാരവും.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms