2012, ഡിസം 10

'മ'അദനിയും മലാലയും' പ്രാസത്തിലെ പ്രശ്നം,


ലോകത്തെ എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ടുതന്നെ, മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തില്‍ പങ്കാളിയാവുകയും മനുഷ്യാവകാശ സംരക്ഷണത്തില്‍ ജാഗ്രത്തായിരിക്കുകയും വേണ്ടതുണ്ട്. ഓരോ ലോകത്തെയും വേറെ വേറെ തന്നെയും വിലയിരുത്താനും അതടിസ്ഥാനപ്പെടുത്തിയുള്ള നിലപാടുകള്‍ സ്വീകരിക്കാനും നാം ജനാധിപത്യ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്‌. ഓരോ വിഷയത്തെയും അതാതിന്റെ സാമൂഹ്യ/ മനുഷ്യാവസ്ഥയില്‍ നോക്കി കണ്ടാല്‍ മാത്രമേ നമുക്കിതിനാവുകയൊള്ളൂ...

ഇപ്പോള്‍, അബ്ദുന്നാസര്‍ മ'അദനിയുടെ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ സമമൊപ്പിക്കാന്‍ വേണ്ടി മലാലയും എന്നത് ശരിയായ ഒരു സമീപന രീതിയല്ല. മ'അദനിയും മലാലയും നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാകുമ്പോഴും അവ രണ്ടിനെയും ഒരേ ഇടത്ത് അവതരിപ്പിക്കുന്നതില്‍ വലിയ അനൌചിത്യമുണ്ട്. അവക്ക് രണ്ടിനും രണ്ടു മാനമാണുള്ളത്. മലാലയും മ'അദനിയും രണ്ട് സാമൂഹ്യ/ ജീവിതാവസ്ഥകളില്‍ നിന്നുമുള്ളവരാണ് എന്നതുതന്നെയാണ് അതിലെ മുഖ്യ വിഷയം.

ഒന്ന് 'മത ഭീകരത'യും മറ്റൊന്ന് 'ഭരണകൂട ഭീകരത'യുമാണ്. 
രണ്ടിലേയും മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം രണ്ടിനേയും 'വര്‍ഗീയ വാദികള്'‍ അവര്‍ക്കനുകൂലമായി അവസരോചിതമായി ഉപയോഗിക്കുന്നുവെന്നത് തിരിച്ചറിയുകയും ഇതിനെ മറികടക്കുന്ന തരത്തിലുള്ള നിലപാടുകളും  ഇടപെടലുകളും ജനാധിപത്യ വാദികളുടെ ഭാഗത്തുനിന്നും ‍ ഉണ്ടാകേണ്ടതുണ്ട്.
 
'മലാല' കൃത്യമായ ഫാഷിസ്റ്റ്‌ രീതികള്‍ അവലംബിക്കുന്ന മതാന്ധരായ ഒരു കൂട്ടത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നൂറ്റാണ്ടുകളായി തുടരുന്ന മര്‍ദ്ദന മുറകളുടെ ഇങ്ങേതലക്കലെ ഇരയാണ്. 'സ്വന്തമായി ഒരഭിപ്രായമുണ്ടാവുക എന്നത് പൊറുക്കാനാവാത്ത കുറ്റമാണ്. വിശേഷിച്ചും വഴിപ്പെട്ടും കീഴ്പ്പെട്ടും ജീവിക്കേണ്ട ഒരുവളില്‍ നിന്നും'.! ഇതെക്കാലവും മത ലോകങ്ങളിലെ നീറുന്ന പ്രശ്നങ്ങളില്‍ ഒന്നുമാണ്. അപ്പോള്‍ 'അവള്'‍ ഇല്ലാതായെ തീരൂ എന്നത് ഇക്കൂട്ടങ്ങളുടെ താത്പര്യമാണ്.

എന്നാല്‍, മ'അദനിയുടെ സാമൂഹ്യ പശ്ചാത്തലം വേറെയാണ്. നമ്മളധിവസിക്കുന്ന 'മഹിത ജനാധിപത്യ ഭാരതത്തിലെ പൌരനാണ്' മ'അദനി എന്നത് സവിശേഷ വായന ആവശ്യപ്പെടുന്ന ഒന്നാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൌരന്‍ അതെ രാജ്യത്ത് ജാമ്യമെന്ന ന്യായമായ അവകാശം പോലും നിഷേധിക്കപ്പെട്ട് 'അകാരണ'മായി ജയിലില്‍ കഴിയേണ്ടി വരുന്നു. അതും വിചാരണത്തടവുകാരനെന്ന പേരില്.!‍ ഇതേ പേരില്‍ നേരത്തെയും ഇതേ ധ്വംസനങ്ങള്‍ക്ക് വിധേയനായ ഒരാള്‍ക്ക് ഒട്ടും താമസിയാതെ തന്നെ അതെ അനുഭവം ആവര്‍ത്തിക്കേണ്ടി വരുന്നുവെന്നത് ജനാധിപത്യത്തിലെ നമ്മുടെ ജാഗ്രതയുടെ പിഴവാണ്. ഈയൊരു  സ്വയം വിമര്‍ശനംപോലും ഒരു ജനാധിപത്യ വാദിക്ക്  അയാളോട് കാണിക്കാവുന്ന  ഏറ്റം കുറഞ്ഞ നീതി മാത്രമാണ്.

ഒരു പൌരനു നേരെ പോലീസ് സംശയം പ്രകടപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്ത് അനന്തമായി തടവില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നതിലെ 'നീതി യുക്തി' എന്തെന്ന് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഏതൊരു പൌരനേയും അനന്തമായി തടവില്‍ പാര്‍പ്പിക്കാന്‍ ഭരണകൂടത്തിനു അനുമതി നല്‍കുന്ന 'വിചാരണ തടവ്' എന്ന അനീതിക്കെതിരിലുള്ള സമരമായി ' മ'അദനി വിഷയം' സ്വയം വികസിക്കുന്നുണ്ട്. അത് നമ്മുടെ ജനാധിപത്യ ബോധത്തിന്റെ വീണ്ടെടുപ്പാണ്.

മ'അദനി വിഷയം രാജ്യത്തെ മറ്റു വിചാരണ തടവുകാരിലേക്കുള്ള ഒരു വാതിലും കൂടെയാണ്. രാജ്യത്തെ വിവിധ ജയിലുകളിലായി വിചാരണ തടവുകാരായി കഴിയുന്ന ലക്ഷക്കണക്കിനാളുകളില്‍ എണ്‍പത് ശതമാനവും ഒരു ജനവിഭാഗത്തില്‍ പെട്ടവരാണെന്നത് ഒരു ജനാധിപത്യ വാദിയെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതും അയാളുടെ ജനാധിപത്യ ബോധത്തെ അലോസരപ്പെടുത്തേണ്ടതുമായ സംഗതിയാണ്. ഇവിടെയാണ്‌ നാം മ'അദനിക്കൊപ്പം സമം ചേര്‍ത്ത് മ'അദനിയും മലാലയുമെന്നു പ്രാസമൊപ്പിക്കുന്നത്.

'വിചാരണ തടവ്' എന്നത് തന്നെ വലിയ മനുഷ്യാവകാശ പ്രശ്നമാണ്. അതിന്റെ കൂടെ ഈ കണക്കിലെ ഭീകരത അത്രയും തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വലിയൊരു ജനാധിപത്യ വിഷയമാണ്. ഇത്തരം ജനാധിപത്യ/ മനുഷ്യാവകാശ പ്രശ്നങ്ങളെ നിസ്സാരവത്കരിക്കലാണ് മേല്‍ചൊന്ന മ'അദനിയും മലാലയുമെന്ന പ്രാസമൊപ്പിക്കലിലൂടെ സംഭവിക്കുന്നത്..!‍

മ'അദനി എന്നത് തനിയെ നില്‍ക്കുന്നതും തനിയെ സംസാരിക്കുന്നതുമായ ഒരു പ്രശ്നം തന്നെയാണ്. അത് സ്വയം തന്നെ അതിന്റെ സാമൂഹ്യ/ജീവിതാവസ്ഥകളെ അറിയിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ തന്നെ അതിനെ പരിഗണിക്കാനും കൈകാര്യം ചെയ്യാനും ജനാധിപത്യ വാദികള്‍ക്ക് കഴിയേണ്ടതുണ്ട്. അല്ലാത്ത പക്ഷം, ഇതൊരവസരമായിക്കണ്ടുപയോഗിക്കാന്‍ മറ്റു ചിലര്‍ രംഗത്ത് വന്നേക്കാം. അത് നമ്മുടെ ജനാധിപത്യാരോഗ്യത്തെ കൂടുതല്‍ അപകടത്തിലാഴ്ത്തും.

ഇനിയും ഇതേ പ്രാസമൊപ്പിക്കലുകള്‍ക്കാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങളുടെ ജനാധിപത്യ ബോധത്തിന് എന്തോ തകരാറുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. കാരണം, അതൊരു രോഗമാണ്, മാനസികാടിമത്വത്തോളം വളര്‍ന്ന രോഗം.!

32 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

"കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ, എന്നാല്‍ അനന്തമായുള്ള ഈ 'വിചാരണ'യെന്ന പ്രഹസനം അവസാനിക്കേണ്ടതാണ്. ഒരിന്ത്യന്‍ പൌരനു ലഭിക്കേണ്ടുന്ന എല്ലാ അവകാശങ്ങളും മ'അദനിക്കും അനുവദിച്ചു നല്‍കേണ്ടതുണ്ട്. കാരണം, അയാളിപ്പോഴും ഒരിന്ത്യക്കാരനാണ്. സര്‍വ്വോപരി ഒരു മനുഷ്യനാണ്."

കുറഞ്ഞത്, ഇങ്ങനെയെങ്കിലും പറയാന്‍ നമുക്കാവേണ്ടതുണ്ട്.
കാരണം, 'മനുഷ്യന്‍' എന്നത് സ്വല്പംകൂടെ ഭേദപ്പെട്ട ഒരു വാക്കാണ്‌.

Noushad Koodaranhi പറഞ്ഞു...

"'മനുഷ്യന്‍' എന്നത് സ്വല്പംകൂടെ ഭേദപ്പെട്ട ഒരു വാക്കാണ്‌....!!!"

Noushad Koodaranhi പറഞ്ഞു...

മലാല സംഭവത്തിനു പിന്നിലെ വാസ്തവം എന്താണ്...? സ്തോഭജനകമായ അക്കാര്യങ്ങള്‍ അറിയാന്‍ ഈ ലിങ്കില്‍ കൂടി പോകൂ....
http://www.madhyamam.com/news/203831/121208

ഷാജു അത്താണിക്കല്‍ പറഞ്ഞു...

മനുഷ്യൻ എന്നാ വക്കോ അതൊ അധികാരമെന്ന ശബ്ദമോ സത്യം?
ഒരു ജനതയെ വേണ്ട ഒരു മനുഷ്യനെ ഇങ്ങനെ ചെയ്യുന്നതിൽ എന്ത് നീതിയാണ് ഇവർ എഴുതച്ചേർക്കുക, ആരാണ് ശെരിക്കുമിതിന്റെ പിന്നിൽ?
ചോദ്യങ്ങൾ ഉണ്ട്, ആര് ഇത്തരം നൽക്കും ? എല്ലാം ചോദ്യങ്ങൾ.....................

വിരോധാഭാസന്‍ പറഞ്ഞു...

പ്രതികരിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ട്..!ആശംസകള്‍ ..!

Mohammed Kutty.N പറഞ്ഞു...

അധര്‍മ്മങ്ങളെ ധര്‍മ്മം അതിജയിച്ചേ പറ്റൂ."സത്യം സമാഗതമാഗവേ അസത്യം തകര്‍ക്കപ്പെടുമെന്നതാണ്"ദൈവിക നീതി...മഅ്ദനിയുടെ കാര്യത്തിലും അതു നടപ്പാവാതെ വരില്ല.'സ്വയം മാറാതെ ഒരു വ്യക്തിയേയേ സമഷ്ടിയേയോ മാറ്റുകയില്ലെന്നതും സത്യം.ഉണര്‍വിന്റെ വഴികള്‍ ഉയര്‍ന്നു വരട്ടെ.പ്രസക്തം ഈ പോസ്റ്റും അവതരണ രീതിയും.അഭിനന്ദിക്കട്ടെ പ്രിയ മന്‍സൂര്‍.. !! എഴുതാനും പറയാനുമേറേ....ഇവിടെ നിര്‍ത്തട്ടെ!


അജ്ഞാതന്‍ പറഞ്ഞു...

ഒരു തരം പ്രാസമൊപ്പിക്കലും ശരിയല്ല. പ്രശ്നങ്ങളെ കൃത്യമായി സമീപിക്കുകയും അനീതിയെ ശക്തിയായെതിർക്കുകയും ചെയ്യണം.

ente lokam പറഞ്ഞു...

മലാലയും മഅദനിയും പ്രാസത്തില്‍ മാത്രം
ഒത്തു പോവുന്നു എന്നാണു എനിക്ക് തോന്നുന്നത്..
(അങ്ങനെ തന്നെ അല്ലെ നാമൂസ് പറഞ്ഞതും .??!!).

എന്നാല്‍ മ അദനിയുടെ വിചാരണ തടവ്‌ ഒരു ജനാധിപത്യ
രാജ്യത്തിലെ പ്രജ എന്ന നിലയില്‍ ഒരു തരത്തിലും എനിക്ക്
മനസ്സിലാകാത്ത കാര്യം ആണ്..(ഇത് പോലെ നമുക്ക് അടുത്ത്
അറിയാത്ത അനേകം തടവുകാര്‍ ഉണ്ട് എന്നുള്ള സത്യവും..)

ഗുജറാത്തില്‍ എന്തിനു എന്ന് അറിയാതെ ജയിലില്‍ ക്കഴിയുന്ന
കുറെ മനുഷ്യരുടെ കഥ ഇന്ന് ഒരു ടീവി ഡോകുമെന്ടരിയില്‍ കണ്ടു.
അതെ നമൂസ് 'മനുഷ്യര്'‍ അല്പം കൂടി പരിഗണന അര്‍ഹിക്കുന്ന
ഒരു വിഭാഗം തന്നെ....

shameerasi.blogspot.com പറഞ്ഞു...

മദനിയുടെ കാര്യത്തില്‍ നടക്കുന്നത് വെറുംമുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ചില കാര്യങ്ങള്‍ ആണ് കോടതി മുറികള്‍ വെറും സ്റെജുകള്‍ മാത്രം അവിടെ സിനിമയില്‍ നടക്കുന്നതുപോലെ എത്ര ആളുകള്‍ വന്നാലുംഅടിയില്‍ ഹീറോ മാത്രമേ ജയിക്കാറുള്ളൂ ,.,.പേരിനു വെറുതെ കുറെ രംഗങ്ങള്‍ .,.,.ജഡ്ജി ആദ്യം തന്നെ ഇതാണ് വിധി എന്നെഴുതി കോടതി മുറിയില്‍ എത്തുമ്പോള്‍ ആര്‍ക്കു നീധി കിട്ടാന്‍ ,.,.കാരണം മദനി തെറ്റുകാരന്‍ ആണെങ്കില്‍ 100%ശിക്ഷ കിട്ടണം അതിനു ആര്‍ക്കും എതിര്‍പ്പില്ല ,.,.,വിചാരണ തടവ്‌ എന്ന കള്ളാ നാടകം അവസാനിക്കണം ,.,.,ഒരു ഇന്ത്യന്‍ പൌരനു ലഭിക്കേണ്ട നീധി മാത്രം .,.,.ഇങ്ങനെയാണെങ്കില്‍ പാകിസ്ഥാനില്‍ തടവില്‍ ഉള്ളവരെ വിട്ടു കിട്ടാന്‍ നമ്മള്‍ ഇങ്ങനെ യോഗ്യരാണ്‌ ,.,.,ഇന്ത്യന്‍ നീധിന്യായ വെവസ്തയോട് സത്യത്തില്‍ ഇപ്പോള്‍ വെറുപ്പ്‌ തോന്നുന്നു .,.,.,.,നല്ല രീതിയില്‍ എഴുതി ആശംസകള്‍ .,.,.,.

KOYAS KODINHI പറഞ്ഞു...

പകുതി വായിച്ചു നിര്‍ത്തി,മോശമായത് കൊണ്ടല്ല നിറുത്തിയത് ,മടുത്തു.കേരളത്തിലെ പോതുബോതം മുസ്ലിം വിരുദ്ധമാണ് മഹ്ദനിയും മുസ്ലിമാണ് ഒരു മുസ്‌ലിം ജനിക്കുമ്പോള്‍തന്നെ തീവ്രവാദിയായും ഭീകരവാദിയായുമാണ് ജനികുന്നത് എന്ന്‍ വിശ്വസിക്കുന്നവര്‍ പോലും നമുക്കിടയിലുണ്ടാവാം

ഭാനു കളരിക്കല്‍ പറഞ്ഞു...

രണ്ട് വിഷയങ്ങളും കൂട്ടി കുഴക്കേണ്ടി ഇരുന്നില്ല.
മദനി മോചിപ്പിക്കപ്പെട്ടേ തീരൂ. നമ്മുടെ രാജ്യം മഹിത ജനാധിപത്യ രാജ്യം ആണെന്ന വിലയിരുത്തല്‍ ആണ് നമൂസിന്റെ കുഴപ്പം. ഇന്ത്യയുടെ സ്വാതന്ത്ര്യം കൈമാറ്റം ചെയ്യപ്പെട്ട സ്വാതന്ത്ര്യമാണ്. ഇന്ത്യയെ വിഭജിച്ച്‌ അതില്‍ വിഭജന വാദത്തിന്റെ വിത്തുകള്‍ വിതറിക്കൊണ്ടാണ് അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കൈമാറ്റം ചെയ്യപ്പെട്ടത്. ബ്രിട്ടീഷ് ബൂര്‍ഷ്വാസിയില്‍ നിന്നും ഇന്ത്യന്‍ ബൂര്‍ഷ്വാസിയിലേക്കാണ് ആ സ്വാതന്ത്ര്യം കൈമാറ്റം ചെയ്യപ്പെട്ടത്. ജനതക്കല്ല അധികാരികള്‍ക്കാണ് സ്വാതന്ത്ര്യം ലഭിച്ചത്. ഭാരതത്തെ കീറി മുറിക്കുവാനും സമ്പന്നരെ മാത്രം സേവിക്കാനും ഉള്ള അധികാരം. അധികാരം നില നിര്‍ത്തുവാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് സമ്പന്ന വര്‍ഗ്ഗത്തിനു എന്നും മതങ്ങളും സംസ്ക്കാരവും. വിഭജിക്കുക ഭരിക്കുക എന്നതാണ് അവന്റെ ധര്‍മ്മ ശാസ്ത്രം. ആ തേരുരളലില്‍ ചതഞ്ഞരഞ്ഞുപോകുന്ന കൃമികീടങ്ങളോട് അവന്നു പുച്ഛം മാത്രമാണ് .

Areekkodan | അരീക്കോടന്‍ പറഞ്ഞു...

അനന്തമായുള്ള ഈ 'വിചാരണ'യെന്ന പ്രഹസനം അവസാനിക്കേണ്ടതാണ്. ഒരിന്ത്യന്‍ പൌരനു ലഭിക്കേണ്ടുന്ന എല്ലാ അവകാശങ്ങളും മ'അദനിക്കും അനുവദിച്ചു നല്‍കേണ്ടതുണ്ട്. കാരണം, അയാളിപ്പോഴും ഒരിന്ത്യക്കാരനാണ്. സര്‍വ്വോപരി ഒരു മനുഷ്യനാണ്."
Absolutely right.

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

അതെ , മദനിയെ പറയുമ്പോള്‍ മലാല കടന്നു വരുന്നത് ചില "തകരാറുകള്‍ " ആണ്
ഇവിടെ മദനിക്ക് ലഭ്യമാകേണ്ടത് ഒരു ജനാതിപത്യ രാജത്തെ നീതിയാണ്, മറ്റു യാതൊരു വിധ അനുകമ്പയും അല്ല

M. Ashraf പറഞ്ഞു...

മലാലക്കു ലഭിച്ച വാര്‍ത്താ പ്രാധാന്യം ഇനിയും നമ്മുടെ മാധ്യമങ്ങള്‍ മഅ്ദനിക്കെതിരായ അനീതിക്ക് നല്‍കിയിട്ടില്ല.
പ്രസക്തമായ കുറിപ്പ്.

Mizhiyoram പറഞ്ഞു...

ആദ്യമായി ഈ നല്ല എഴുത്തിനും അവതരണത്തിനും എന്റെ ആശംസകള്‍. മഅദനിയെയും മലാലയെയും ഒരേ നിലയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നല്ല. മലാലയെ ലോകത്തിനു പരിചയപ്പെടുത്തിയത്, ഉസാമയെ പരിചയപ്പെടുത്തിയ അതേ അമേരിക്കയും ബ്രിട്ടനും ബി ബി സീ യുമാണ്‌. മലാല വിഷയത്തില്‍ എത്രമാത്രം യാധാര്‍ത്യമുണ്ടെന്നു ഇനിയും അറിയേണ്ടിയിരിക്കുന്നു. ഒരുപക്ഷെ നാളെ ഉസാമയുടെ സ്ഥാനത്ത് മലാലയെ അവര്‍ പ്രധിഷ്ടിചേക്കാം.


എന്നാല്‍ മഅദനി, ചെയ്ത തെറ്റ് എന്താണെന്ന് അറിയാതെ വിചാരണ തടവുകാരനായി രണ്ടു വര്‍ഷമായി ജയില്‍ വാസം അനുഭവിക്കുന്ന വ്യക്തിയാണ്. ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചു, ആ സമുദായം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ലോകത്തോട്‌ വിളിച്ചു പറഞ്ഞു, ആ പറച്ചലില്‍ പ്രായത്തിന്റെ പക്വതക്കുറവു ഉണ്ടായിരുന്നു എന്നത് അദ്ദേഹം തിരിച്ചറിഞ്ഞു തെറ്റ് ഏറ്റു പറഞ്ഞതാണ്. എന്നിട്ടും അദ്ദേഹം ഈ അനുഭവിക്കുന്ന ത്യാഗത്തില്‍, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആരും ലജ്ജിച്ചു പോകുന്നുണ്ട്. ആ ലജ്ജക്ക് ആക്കം കൂട്ടുന്നതാണ്, ആരൊക്കയോ അദ്ദേഹത്തെ ജയില്‍ വാസത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നതും, അവര്‍ നിസ്സാരക്കാരല്ല എന്നതും.

മണ്ടൂസന്‍ പറഞ്ഞു...

ഒന്ന് 'മത ഭീകരത'യും മറ്റൊന്ന് 'ഭരണകൂട ഭീകരത'യുമാണ്.

ഈയൊരു സ്വയം വിമര്‍ശനംപോലും ഒരു ജനാധിപത്യ വാദിക്ക് അയാളോട് കാണിക്കാവുന്ന ഏറ്റം കുറഞ്ഞ നീതി മാത്രമാണ്.

ഈ വിഷയങ്ങളിൽ എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നത് മഅദനി വിഷയം തന്നെയാണ്. ആ വിഷയത്തിൽ ഇപ്പോൾ എന്റെ പരിചയത്തിൽ പെട്ടവരും അല്ലാത്തവരുമായ എത്രയാളുകളുടെ ലേഖനങ്ങളും പ്രതിഷേധ കുറിപ്പുകളും ഞാനിക്കാലം കൊണ്ട് വായിച്ചിരിക്കുന്നു. എന്നിട്ടും നമ്മൾക്കീ ഇതിന്റെ മേലാളൻമാർക്കിടയിൽ എന്തെങ്കിലും ഒരു നീക്കം നമുക്കനുകൂലമായി സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞോ ?
വേണ്ട ഈ സൈബർ രീതികൾ കൊണ്ടുള്ള പ്രതിഷേധങ്ങൾ അവരുടെ മുൻപിലെത്തിക്കാനെങ്കിലും കഴിഞ്ഞോ ?
ഞാനീ ചോദ്യങ്ങൾ ചോദിക്കുന്നറ്റ്ഹ് ഇത്തരം ശ്രമങ്ങളോടുള്ള എതിർപ്പു കൊണ്ടല്ല,ഇതിനുത്തരം ഇതിൽ നാമൂസ് തന്നെ എഴുതിയിട്ടുണ്ട്.

'ഇനിയും ഇതേ പ്രാസമൊപ്പിക്കലുകള്‍ക്കാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങളുടെ ജനാധിപത്യ ബോധത്തിന് എന്തോ തകരാറുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. കാരണം, അതൊരു രോഗമാണ്, മാനസികാടിമത്വത്തോളം വളര്‍ന്ന രോഗം.!'

അതെ നമ്മളെല്ലാം ആ മാനസികാടിമത്വത്തോളം വളരാൻ സാധ്യതയുള്ള രോഗത്തിനടിമയായിക്കഴിഞ്ഞു,അല്ല, നമ്മൾ മാനസികാടിമത്തമുള്ള രോഗികളായി മാറി. ഇനി നമുക്ക് ഇവിടുന്നെന്തു ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുക.

നാമൂസ് നല്ല കുറിപ്പ്.
ആശംസകൾ.

Jefu Jailaf പറഞ്ഞു...

നല്ല വിശകലനം നാമൂസ്. അഭിനന്ദനങ്ങള്‍..
മദനിയെ ഭീകരതയുടെ "ബഞ്ച് മാര്‍ക്ക് " ആയി നിലനിര്ത്തുന്നതോടെ ഹിഡന്‍ അജണ്ടയായ ദ്രുവീകരണത്തിനുള്ള വഴി മരുന്ന് കൂടി ആക്കുകയാണ് മുഖ്യ ലക്ഷ്യവും. അതിനു നീതിയുടെ കണ്ണ് പൊത്തേണ്ടി വരുന്നു എന്നതാണ് ഏറ്റവും സങ്കടകരം. ജനാധിപത്യ ഇന്ത്യയില്‍ അത് കണ്ടു നില്‍ക്കേണ്ടി വരുന്നു എന്നതാണ് പൌരനെന്ന നിലയില്‍ ഏറ്റവും ലജ്ജാകരം ..

കൊമ്പന്‍ പറഞ്ഞു...

പ്രണയവും മണ്ണാങ്കട്ടയും ഒഴിവാക്കി സാമൂഹ്യ പ്രസക്തി ഉള്ള എഴുത്തിലേക്ക് നീ തിരിച്ചു വന്നതില്‍ ഉള്ള സന്ദേശം ആദ്യം തന്നെ അറിയിക്കട്ടെ
ഇവിടെ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപെടട്ടെ അല്ലാതെ ഈ വിജാരണ തടവുകാരന്‍ എന്ന പ്രഹസനം അവസാനിപ്പികേണ്ടി ഇരിക്കുന്നു
പിന്നെ മലാലയും ഇതും എവിടെ ആണ് കൂട്ടി വായിക്കുന്നത് എന്ന് ചോദിച്ചാല്‍ ഓരോ വിഷയവും അതവതരിപ്പിക്കുന്ന ആളുകളുടെ താല്പര്യത്തിലെക്ക് വഴുതി മാറും അത്തരത്തില്‍ ആണ് അത് കൂട്ടി വായിക്കപെടുന്നത്

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഒരു പൗരന് മനുഷ്യാവകാശബന്ധിതമായ പരിഗണനകൾ പോലും നിഷേധിക്കുന്നതിലെ വിഭാഗീയതയാണ് നീതിന്യയ വ്യവസ്ഥിതിയുടെ പാളീച്ച. കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കട്ടെ, മാനുഷികമായ പരിഗണനകൾ നിഷേധിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മലാല മറ്റൊരു വിഷയമാണ്.. പഠനാർഹമായ ലേഖനം..!

മനോജ് ഹരിഗീതപുരം പറഞ്ഞു...

വയസുകാലത്ത് തങ്ങും തണലും ആകേണ്ട മകൻ കൊല്ലങ്ങളായ് ഇരുമ്പഴിക്കുള്ളിൽ....ആ അച്ഛന്റെയും അമ്മയുടെയും കണ്ണീർ കരളലിയിച്ചു....

Unknown പറഞ്ഞു...

എല്ലാ ഭരണകൂടങ്ങളും തങ്ങളുടെ ജനതയുമായി യുദ്ധത്തിലാണ്. അതിന് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ആദിവാസിയെന്നോ നാട്ടുവാസിയെന്നോ നോട്ടമില്ല. എന്നാല്‍ ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിനെതിരെയും ആദിവാസിയെ നാടുവാസിയ്ക്കെതിരെയും എല്ലാം പ്രതിഷ്ടിക്കുന്ന, ഓരോ വിഭാഗത്തെയും വിവിധ തട്ടുകളില്‍ നിര്‍ത്തി ചൂഷണം ചെയ്യുന്ന രീതിയാണ് ഭരണകൂടം അവലംബിക്കുന്നത്. ഒരു രാജ്യത്തെ വിവിധ ദേശീയതകള്‍ക്കെതിരെയും ഇതേ സമീപനമാണ് ഭരണകൂടം കൈക്കൊള്ളുന്നത്. അതുകൊണ്ട് ഓരോ വിഷയത്തെയും കേവലമായി സമീപിക്കുകയും അതിന്റെ വിപരീതത്തിനോടുള്ള ഭരണകൂടപ്രീണനമാണ് പ്രശ്നം എന്ന രീതിയില്‍ വ്ഷയത്തെ സമീപിക്കുകയും ചെയ്താല്‍ നാം ഭരണകൂടത്തിന്റെ തന്നെ വക്താക്കളായി മാറുകയാകും ചെയ്യുന്നത്. എന്നാല്‍ ഓരോ വിഭാഗവും നേരിടുന്ന പ്രശ്നങ്ങളെ ഭരണവര്‍ഗവിരുദ്ധസമരവുമായി കണ്ണിചേര്‍ത്തുകൊണ്ട്, ജനാധിപത്യസമരങ്ങളുമായി കണ്ണിചേര്‍ത്തുകൊണ്ട് പുരോഗമനശക്തികള്‍ സമീപിക്കാനും മുന്നോട്ട് നയിക്കാനും ശ്രമിച്ചില്ലെങ്കില്‍, സ്വത്വവാദക്കാര്‍ ഇത്തരം വിഷയങ്ങളെ വളരെ തെറ്റായ ദിശയിലേയ്ക്ക് നയിക്കും എന്നതാണ് അനുഭവം. അത് ഒരിക്കലും പുരോഗമനശക്തികള്‍ക്ക് ഗുണകരമാവുകയുമില്ല.

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...


തീര്‍ച്ചയായും പ്രദോഷ്, ശരിയായ വിലയിരുത്തലാണിത്. ഈയൊരു നിലപാട് സ്വീകരിച്ചും കൊണ്ട് മാത്രമേ ഇത്തരം വിഷയങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുകയൊള്ളൂ...

ഓരോ ലോകത്തെയും ന്യൂനപക്ഷങ്ങള്‍ അതാത് പ്രദേശത്തിന്റെ ഭൂരിപക്ഷത്താല്‍ വേട്ടയാടപ്പെടുന്നുണ്ട്. വേട്ടയുടെ മന:ശാസ്ത്രം പോലും 'കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്നതാണല്ലോ..? പാക്കിസ്ഥാനില്‍ ഹിന്ദുക്കളും ഈജിപ്തില്‍ ക്രിസ്ത്യാനികളും ഇന്ത്യയില്‍ മുസ്ലിംങ്ങളും ന്യൂനപക്ഷമാണ്. മറ്റൊന്ന്, ഈയിടങ്ങളിലെല്ലാം ഉള്ള 'ഗോത്ര സമൂഹങ്ങള്‍' ഈ ഭൂരിപക്ഷത്താലും ന്യൂനപക്ഷത്താലും ഒരുപോലെ പീഡനം സഹിക്കുന്നുണ്ട്. ഭൂരിപക്ഷത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണ സംവിധാനത്തില്‍ ചില അവസരങ്ങളില്‍ ന്യൂനപക്ഷവും ഭരണ പങ്കാളികളാവാറുണ്ട് എന്നതും കൂട്ടി വായിക്കേണ്ടതാണ്

ഇത്തരം വിവിധ ദേശീയതകളെ ഇഷ്ടാനുസരണം വളര്‍ത്തിയും തളര്‍ത്തിയും അവകള്‍ക്ക് പരസ്പരം ആയുധം നല്‍കിയും ഭരണകൂടം യഥേഷ്ടം ഉപയോഗികുകയാണ്. ജനതയെ വിവിധ കാരണങ്ങള്‍ സൃഷ്ടിച്ചും ഉള്ളവയെ പെരുപ്പിച്ചും വിഭജിച്ചു നിറുത്തി കൊണ്ടാണ് ഓരോ ലോകത്തെയും' ഭരണ കൂടം' അതിന്റെ സ്വഭാവം നിലനിറുത്തി പോരുന്നത്. ഇന്ത്യയില്‍ അത് മുസ്ലിംങ്ങള്‍ക്ക് നേരെയാണ് എന്നതൊരു സത്യമാണ്. എന്നാല്‍, ഇതേ 'മുസ്ലിം പക്ഷ വര്‍ഗ്ഗീയത'യും ഇന്ത്യയില്‍ അതിശക്തമാണ്. മറ്റൊരര്‍ത്ഥത്തില്‍ ഇവരണ്ടും പരസ്പര പൂരകങ്ങളാണ്. അതുകൊണ്ട്തന്നെ, 'മുസ്ലിം പ്രശ്നം' മാത്രമായി ഇവകളെ ചുരുക്കി കാണുന്നത് ഇതേ 'മര്‍ദ്ദക കൂടത്തെ' സഹായിക്കുന്നതിനു തുല്യമാണ്. ഇവയുടെയെല്ലാം പ്രയോക്താക്കളും ഉപഭോക്താക്കളും ഒരേ കേന്ദ്രമാണ്. അതിന്റെ നടത്തിപ്പുകാരാണ് അതാത് പ്രദേശത്തെ ഭരണ കൂടങ്ങള്‍.

വിവിധങ്ങളായ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ നമുക്കീ ഭരണ കൂടത്തിന്റെ ഭീകര മുഖം പ്രകടമാണ്. മണിപ്പൂരിലെ ഇറോമിലും ഒറീസ്സയിലെ ക്രിസ്ത്യാനികളിലും ഗുജറാത്തിലെ മുസ്ലിംങ്ങളിലും ബീഹാറിലെ ദളിതുകളിലും കാശ്മീരിലെ പണ്ഡിറ്റ്കളിലും കേരളത്തിലെ രൂപേഷ് ഷൈന, ജാനു വിഷയങ്ങളിലുമെല്ലാം കാണുന്നത് ഈ ഭരണകൂട ഭീകരതയാണ്. അതുപോലൊരു ഭീകരതയുടെ ഇരയാണ് മ'അദനിയും ഒരുപക്ഷെ, 'വിവേചന ഭീകരത 'എന്ന ജനാധിപത്യത്തിന്റെ കൊലക്കയര്‍ കൂടെ ഈ വിഷയത്തില്‍ ഉള്ചേര്‍ന്നിരിക്കുന്നു എന്നതാണ് ഈ വിഷയത്തെ ചെറുതായെങ്കിലും വ്യത്യസ്തമാക്കുന്നത്. അതും മുകളില്‍ സൂചിപ്പിക്കുന്ന കാരണങ്ങളുടെ ഒരു വകഭേദമാണ്.

ഈ പൊതുപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മദനിപ്രശ്നത്തെ സമീപിക്കുമ്പോള്‍ മദനി വിഷയം ഉയര്‍ത്തുന്ന ചില സവിശേഷപ്രശ്നങ്ങള്‍ കൂടിയുണ്ട്. നിലവിലെ സാഹചര്യത്തില്‍ പോലീസിനു ഒരു പൌരന്റെ പേരില്‍ സംശയം ജനിക്കുകയും പിന്നീട് അയാളെ അറസ്റ്റ് ചെയ്തു വിചാരണ തടവുകാരന്‍ എന്ന നിലയില്‍ എത്ര കാലവും തടവില്‍ പാര്‌പ്പിക്കാമെന്നുമുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. " വിചാരണ തടവേ അരുത് " ഇതാണ് നമ്മുടെ മുദ്രാവാക്യം. ആരോപിക്കപ്പെട്ട കുറ്റം പൂര്‍ണ്ണമായും തെളിയിക്കപ്പെടുവോളം അയാള്‍ക്ക് ഒരു മനുഷ്യനായി എല്ലാ അവകാശത്തോടുംകൂടെ ഇന്നലത്തേത് പോലെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കണം., ഇത് ഉറപ്പാക്കുന്നതിനായ് വിചാരണ തടവ് എന്ന 'അശ്ലീലം' ഒഴിവാക്കണം/. ഇതായിരിക്കണം നമ്മുടെ ചര്‍ച്ചകളുടെ മര്‍മ്മവും മുനഗണനയും.

Unknown പറഞ്ഞു...

ഭൂരിപക്ഷം ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നു എന്ന് പറയുന്നത് ശരിയാണോ??? ഓരോ ലോകത്തെയും ന്യൂനപക്ഷങ്ങള്‍ അതാത് പ്രദേശത്തിന്റെ ഭൂരിപക്ഷത്താല്‍ വേട്ടയാടപ്പെടുന്നുണ്ട്. എന്ന് പറയുമ്പോള്‍ അത് ശരിയാണോ എന്ന് പരിശോധിക്കണം. ഭൂരിപക്ഷം ഹിന്ദുക്കളും മുസ്ലീംകള്‍ക്ക് എതിരാണോ??
അങ്ങിനെ അല്ല എന്നാണ് എന്റെ അഭിപ്രായം. ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിനെതിരെ പ്രതിഷ്ഠിക്കുവാന്‍ വ്യാപകമായ ശ്രമമുണ്ട്. ഒരു ഭാഗത്ത് ഭരണകൂടവും മറുഭാഗത്ത് ഭൂരിപക്ഷത്തിന്റെ പക്ഷം പിടിക്കുന്നു എന്ന് വിവക്ഷിക്കുന്ന ഭൂരിപക്ഷവര്‍ഗീയതയുടെ വക്താക്കളും ന്യൂനപക്ഷവിരുദ്ധനിലപാടുകളെ മൂര്‍ച്ചിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷപീഡനം നടത്തുന്നുണ്ട്.
അതോടൊപ്പം തന്നെ ഭരണകൂടവും ഭൂരിപക്ഷവര്‍ഗീയതയുറ്റെ വക്താക്കളും ഭൂരിപക്ഷവിഭാഗങ്ങളെയും ചൂഷണം ചെയ്യുന്നുണ്ട്. ഇത്തരം ചൂഷണങ്ങള്‍ഊടെ യഥാര്‍ത്ഥകാരണങ്ങളിലേയ്ക്ക് ജനത ഒറ്റക്കെട്ടായി വരുന്നതിനെ ചെറുക്കുന്നതിനാണ് ഭരണകൂടവും ഭൂരിപക്ഷവര്‍ഗീയതയുടെ വക്താക്കളും ഇത്തരത്തിലുള്ള നിലപാടുകളുമായി രംഗപ്രവേശം ചെയ്യുന്നത്. ഇതിനെ ചെറുക്കാന്‍ ന്യൂനപക്ഷവര്‍ഗീയതയുടെ നിലപാടുമായി വരുന്നവരും ഭരണകൂടത്തിന്റെ യഥാര്‍ത്ഥ ആവശ്യത്തിന് സഹായകരമായ നിലപാടെ എടുക്കുന്നവരാണ്
പ്രദോഷ്

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ഇന്ത്യയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലെ മുസ്ലിംങ്ങളോട് എന്ന് പ്രത്യേക വായന ഞാനാവശ്യപ്പെടുന്നില്ല. മറ്റെല്ലാ ലോകത്തുമെന്നതുപൊലെ ഇന്ത്യയിലും, അത്രയുമേ ഒള്ളൂ...! മറ്റേതു വായനയും അതേ സംബന്ധിച്ചുള്ള അതിവായനയാണ് സഖാവേ... പിന്നെ, ഇങ്ങനെയൊരു നിരീക്ഷണം പ്രേരകം 'സാംസ്കാരിക ദേശീയത'യുടെ പരിസരത്തു നിന്നുമാണ്. അത് കൂടുതല്‍ ചര്‍ച്ച ആവശ്യപ്പെടുന്ന ഒരു സംഗതി കൂടെയാണ്. സഹൃദയരാല്‍ അത് സാധ്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു/.

Akbar പറഞ്ഞു...

മഅദനി നീതി നിഷേധത്തിന്റെ തടവറക്കുള്ളില്‍ ഇനി എത്രകാലം

ആമി അലവി പറഞ്ഞു...

ഇന്ത്യയിലെ മനുഷ്യാവകാശ നിഷേധത്തിനുള്ള ഏറ്റവും നല്ല ഉദാഹരണം ആണ് മദനി . വിചാരണ പോലും ഇല്ലാതെ ഒരു , ഒരു മനുഷ്യായുസ്സിന്റെ ഏറിയ പങ്കും ജയിലില്‍ ഒടുക്കേണ്ടി വരിക എന്നുള്ളത് ശിക്ഷയെക്കള്‍ ഭയാനകമാണ് . രോഷപ്രകടനങ്ങള്‍ക്കും , തര്‍ക്കങ്ങള്‍ക്കും , ചര്‍ച്ചകള്ക്കുമപ്പുറം ആ മനുഷ്യന് നീതി കൊടുക്കാന്‍ ഒരു നേതാവോ പ്രസ്ഥാനമോ എന്തിനു കോടതി പോലും ഉണ്ടാകുമെന്ന് കരുതുന്നില്ല . നല്ല ലേഖനം നാമൂസ്‌ . എന്നെപോലെ ഒരാളുടെ വായനയില്‍ ബാക്കി ആകുന്നതു ഒന്നും ചെയ്യാന്‍ ഇല്ലാതവളുടെ നിസ്സഹായത മാത്രമാണ് .

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

ഇഷ്ടാ നമ്മുടെ നാട്ടില്‍ എവിടെ ജനാധിപത്യം .... അതുണ്ടായിരുന്നെങ്കില്‍ ഇറോമും , മദനിയും നമ്മള്‍ അറിയാത്ത മറ്റനേകം പേരും ഇങ്ങനെ കഷ്ടപെടില്ലായിരുന്നു

മുകിൽ പറഞ്ഞു...

വായിച്ചു, നാമൂസ്. പ്രസ്ക്തം ലേഖനം..

Rainy Dreamz ( പറഞ്ഞു...

വിചാരണ തടവ്' എന്നത് തന്നെ വലിയ മനുഷ്യാവകാശ പ്രശ്നമാണ്. 'മലാല' കൃത്യമായ ഫാഷിസ്റ്റ്‌ രീതികള്‍ അവലംബിക്കുന്ന മതാന്ധരായ ഒരു കൂട്ടത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നൂറ്റാണ്ടുകളായി തുടരുന്ന മര്‍ദ്ദന മുറകളുടെ ഇങ്ങേതലക്കലെ ഇരയാണ്

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

അസുഖ ബാധിതനായി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിക്ക് മനുഷ്യാവകാശം ലഭ്യമാക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് രമേശ്‌ ചെന്നിത്തലയും, ഇ.ടി മുഹമ്മദ്‌ ബഷീറും. വൈകിപ്പോയി എങ്കിലും വളരെ നന്നായി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ന്യായമായ ഈ ആവശ്യത്തിനായി മുന്നിട്ടിറങ്ങിറങ്ങിയെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഒരു കാലത്ത് മഅദനി ഒരു പ്രത്യേക മതത്തിന്‍റെയോ, അല്ലെങ്കില്‍ രാഷ്ട്രീയതിന്റെയോ മാത്രം പ്
രധിനിധി ആയിരുന്നു എന്ന് വാദിക്കാം. അക്കാലത്ത് അദ്ദേഹം പൊതുജന പിന്തുണ തെല്ലും അര്‍ഹിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് മഅദനി മനുഷ്യാവകാശ ലംഘനങ്ങളുടെയും, നീതി നിഷേധത്തിന്റെയും ജീവിക്കുന്ന രക്തസാക്ഷി ആയിരിക്കുന്നു. ആശയപരമായി പൂര്‍ണമായും വിയോജിക്കാം. സഹജീവി എന്നനിലയില്‍ മാനുഷിക പരിഗണന അദ്ദേഹം അര്‍ഹിക്കുന്നു. ഇനിയും അദ്ദേഹത്തിന് നീതി ലഭിക്കണം എന്ന് ആവശ്യപ്പെടാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ നമ്മളേക്കാള്‍ വലിയ കാപട്യക്കാര്‍, മാനവിക വിരുദ്ധര്‍ വേറെ ആരാണ് ഉള്ളത്?!
https://www.facebook.com/sreejithkondotty/posts/3762391549365?notif_t=like ഒരു ഫേസ്ബുക്ക് ചര്‍ച്ച ഇവിടെ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വായിച്ചു കേട്ടൊ ഭായ്

സീത* പറഞ്ഞു...

ചിന്തനീയമായ വിഷയം...നന്നായി അവതരിപ്പിച്ചു..കൂടുതല്‍ ചര്‍ച്ച കേള്‍ക്കാന്‍ ഇനിയും ഈ വഴി വരാം..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms