2017 ഫെബ്രു 18

പൊടുന്നനെ

പൊടുന്നനെ: നാമൂസ് പെരുവള്ളൂർ
(വര: ഗഫൂർ പി.എം.)
************
കാത്തിരുപ്പ്‌ കേന്ദ്രത്തിന്റെ
തിടുക്കത്തിലേക്ക്‌
പൊടുന്നനെ
ഒരു വണ്ടി വന്ന് നിൽക്കുന്നു
പുരാതനമായൊരോർമ്മക്കുതിപ്പിൽ
അകമാകെ ചരിത്രം തിങ്ങിനിറഞ്ഞിരിക്കുന്നു
ഏറെപ്പേർ വീണ്ടും അതില്‍ കയറിപ്പോകുന്നു

കാണാദൂരത്തെ
സഹയാത്രികരിലേക്കിരമ്പുന്ന വണ്ടി
ഗ്രാമങ്ങളാൽ നിറക്കപ്പെട്ടിരിക്കുന്നു
ആത്മഹത്യാകുറിപ്പില്‍ ഒപ്പായ്‌
ഒരു വിത്ത്‌ നട്ട്‌
അവസാന തുള്ളി നനയാൻ
ജയാരവങ്ങളുടെ അകാലസ്മൃതിയിൽ
കിസാൻ സീറ്റിനടിയിലേക്ക്‌ കുനിയുന്നു
മെലിഞ്ഞൊരു പുഴ
ഞരക്കങ്ങളിൽ ചുരുണ്ട്‌ കിടക്കുന്നു
അമ്മ രാജ്യം
പുതിയ കരാറുകൾ പെറ്റുകൂട്ടുന്നു
ആരു മരിച്ചാലും
അവയ്ക്ക് ജീവിക്കണം
അതിർത്തിയിൽ സൈന്യം പാറാവിലാണ്‌

രാജ്യഭൂപടത്തിലിടമെവിടെ
പട്ടിണി കിടന്ന് മെല്ലിച്ച ശരീരം
വെടിയൊച്ച കേട്ട് ഞെട്ടുന്നു.
എത്ര ഊക്കോടെ പാഞ്ഞിട്ടും
പിന്നിലേക്ക്‌ പതിച്ച്‌ കുട്ടികൾ
ടീച്ചറമ്മേന്ന് സങ്കടപ്പെടുന്നു
ഏറ്റവും പിറകിലത്തെ സീറ്റിൽ
ഒരു സ്കൂളിനെ മടിയിലിരുത്തി
സ്വാതന്ത്ര്യം - വിമോചനം
പാഠം ചൊല്ലുന്ന അമ്മ
രാജ്യദ്രോഹത്തിന്റെ ബലിഷ്ഠതയിൽ
കുത്തിനിറക്കപ്പെടുന്ന ആമീനുകളോട്
കുഞ്ഞാലിമാരുടെ പേരോര്‍മ്മിപ്പിക്കുന്നു 

ആളുകയറാനുണ്ടെന്നുള്ള ആക്രോശം
യാത്രികരെ നിശബ്ദരാക്കുന്നു
കരയുന്ന ബുദ്ധൻ
സ്ഥാനഭ്രഷ്ടനായ ഗാന്ധി
അദൃശ്യനായ അംബേദ്കർ
ടിക്കറ്റ്‌ മുറിക്കുന്ന ഗോഡ്സേ
പശ്ചാത്തലത്തിൽ
ഉച്ചത്തിലാലപിക്കപ്പെടുന്ന ഒരു പാട്ട്‌
ടാഗോര്‍
വണ്ടിയിൽ നിന്നെടുത്ത്‌ ചാടുന്നു

മുകളില്‍ വെച്ച് കെട്ടിയ
മയ്യത്ത് കട്ടിലിനുള്ളില്‍ രാജ്യം
ചമഞ്ഞ് കിടക്കുന്നു,
പൂത്ത് നില്‍ക്കുന്ന താമരക്കാട്ടില്‍
കടുവ തക്കം പാര്‍ത്ത്  നില്‍ക്കുന്നു
എതിര്‍ത്ത് നില്‍ക്കുന്നവരെയും
വണ്ടിയില്‍ കയറാന്‍ കൂട്ടാക്കാത്തവരെയും
ആലില്‍ കെട്ടിത്തൂക്കുന്നു
ഭരണഘടന ഗണിച്ച്
അധികാരം പറയുന്നു:
യാത്രക്കിത് നല്ല നേരം
കാണാദൂരത്തെ സഹയാത്രികര്‍
കാത്തിരിപ്പിന്റെ മുഷിച്ചിലിലാണ്. 

2016 ഡിസം 6

തകർക്കപ്പെടുന്ന സാംസ്കാരിക ചിഹ്നങ്ങൾ ആവശ്യപ്പെടുന്നത്‌


'മതേതര ഇന്ത്യ' എന്ന രാഷ്ട്രീയ നിലനിൽപ്പിനുമേൽ വന്നു പതിച്ച വർഗ്ഗീയതയുടെ കടുത്ത വെല്ലുവിളി ആയാണ്‌ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. ഇന്ത്യയിലെ വർഗ്ഗീയചേരിതിരിവിന്റെ പ്രത്യക്ഷ രൂപങ്ങളെ ബാബരിക്ക് മുന്പും പിന്പും  എന്ന വായനക്ക് കാരണമായ ആ സംഭവത്തിന്റെ ഇരുപത്തിമൂന്നാം വാർഷികം ആചരിക്കുന്ന സമയത്ത് രാജ്യം മോഡിയുടെ നേതൃത്വത്തിൽ സവർണ്ണ ഹൈന്ദവവർഗ്ഗീയതയുടെ കൈപ്പിടിയിൽ ആയിരിക്കുന്നു എന്നത് യാദൃശ്ചികമല്ല. സംഘ്പരിവാരത്തിന്റെ അധികാരത്തിലേക്കുള്ള വഴിയിലെ ഇന്ധനമായിരുന്നു ബാബറി ധ്വംസനം എന്നത് വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം. ഇതിന്റെ തന്നെ മറുതലക്കല്‍ മുസ്ലിം വർഗ്ഗീയ പരിസരത്തിന്റെ അതിവേഗധ്രുവീകരണവും  ബാബരിയില്‍ കാണാനാകും എന്നതാണ് വിചിത്രമായ യാഥാർത്ഥ്യം. ഈ ധ്രുവീകരണം മറുചേരിയെ പൊതുബോധത്തിൽ അപകടകരമാം വിധം സ്വീകര്യരാക്കുന്നതിൽ എത്ര കണ്ട് സഹായിക്കുന്നു എന്നത് ഇതിന്റെ ദുരന്തവശവും.

സ്വതന്ത്ര ഇന്ത്യയില്‍ ബാബരി വിഷയത്തെ 'തര്‍ക്കമന്ദിര'മായി കൈകാര്യം ചെയ്യുന്നതില്‍ കോണ്ഗ്രസ് പാര്‍ട്ടിക്ക് പ്രത്യേക താത്പര്യം തന്നെ ഉണ്ടായിരുന്നതായി രാജീവ് ഗാന്ധിയുടെ കാലത്തെ ശിലാന്യാസ സംഭവത്തിലൂടെത്തന്നെ വ്യക്തമാകുന്ന കാര്യമാണ്. അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രണ്ട് രഥയാത്രകളുടെ അനുഭവം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകുന്നുണ്ട്. ഒന്ന്, അന്ന് രാജ്യം ഭരിച്ച പുരോഗമന ശക്തികള്‍ അടങ്ങുന്ന ഭരണകൂടം സർക്കാർ  സംവിധാനങ്ങളാൽ ഈ 'വെറുപ്പിന്റെ പ്രചാരവാഹന'ത്തെ പ്രതിരോധിക്കുകയാണ് ചെയ്തതെങ്കില്‍ മറ്റൊന്ന് ഉത്തരവാദിത്തത്തില്‍നിന്നുള്ള പിറകോട്ടുപോക്കിലൂടെ കൃത്യമായ മൗനാനുവാദം നല്കുകയാണുണ്ടായത്. ഈ രണ്ട് അനുഭവങ്ങള്‍ മാത്രം മതിയാകും രാജ്യം എങ്ങനെയാണ് ഒരൊറ്റ രാജ്യമായി നിലനില്ക്കുക/നിലനിൽക്കാതിരിക്കുക എന്ന രാഷ്ട്രീയ പാഠവും ബോധവും ഉണ്ടാകുവാന്‍.

ഇതിന്റെ ഭാഗമായി നമ്മുടെ പുരോഗമന- മതേതര പരിസരങ്ങളെ സജീവമാക്കാതെ കണ്ട് ഈയൊരു സാഹചര്യത്തെ മറികടക്കാനാവില്ലെന്ന് മനസ്സിലാക്കി, വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന പാരസ്പര്യത്തിന്റെയും പങ്കുവെക്കലിന്റെയും സാംസ്കാരിക ഇടങ്ങളെ വീണ്ടെടുക്കുന്ന രാഷ്ട്രീയ ജാഗ്രതയിലേക്ക് സമൂഹ മനസ്സ് ഒന്നായി ഉണരുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, ഒരുവശത്ത് 'വെറുപ്പിന്റെ രാഷ്ട്രീയം' ശക്തിയാര്‍ജ്ജിക്കുമ്പോള്‍ മറുവശത്ത് 'ഭയത്തിന്റെ രാഷ്ട്രീയം' മുളക്കുകയും 'സ്വത്വരാഷ്ട്രീയം' എന്ന തെറ്റായ ദിശയിലേക്ക് ക്രമേണ വളരുകയുമായിരുന്നു.

അതിന് മ'അദനി വിഷയവും കാരണമായി വരുന്നുണ്ട്. ബാബരി ധ്വംസനത്തിന് ശേഷം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ത്തും അരക്ഷിതരായ മുസ്ലിം ജീവിതത്തിന്റെ വിവേകശൂന്യമായ വൈകാരിക പ്രകടനത്തിന്റെ മൊത്തരൂപമായിട്ടാണ് അന്നത്തെ മ'അദനി സംഭവിക്കുന്നത്. 'ഇര' എന്ന വാക്ക് നമ്മുടെ രാഷ്ട്രീയ വ്യവഹാര മേഖലയില്‍ ഇന്നത്തെ അത്രയും പ്രചാരത്തിലില്ലാത്ത കാലത്താണ് മ'അദനി 'ഇരവാദവും  ഇര രാഷ്ട്രീയ'വുമായി വരുന്നത്. അത് മറ്റൊരു ഭാഷയില്‍ സ്വത്വരാഷ്ട്രീയമാണ്. ഈ സ്വത്വരാഷ്ട്രീയം മനുഷ്യനെ പിന്നെയും പിന്നെയും ഇരയാക്കുകയും തുരുത്തിലേക്ക് തളക്കുകയും സ്വന്തത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന പ്രതിലോമ രാഷ്ട്രീയത്തെയാണ് കൈകാര്യം ചെയ്യുന്നതെന്ന അനുഭവസാക്ഷ്യംകൂടെയാണ് മ'അദനിയുടെ പില്ക്കാല രാഷ്ട്രീയ ജീവിതം പഠിപ്പിക്കുന്ന പാഠം.

മ'അദനി ഒരു തെറ്റായ പ്രയോഗമാകുന്നത് ഇതുകൊണ്ടുമാത്രമല്ല. തുടര്‍ന്ന് വരുന്ന കടുത്ത മനുഷ്യാവകാശലംഘനത്തിലേക്ക് നയിച്ച ജയിൽ വാസത്തിന്റെ നാൾവഴികൾ  കൊണ്ടുംകൂടിയാണ്. ഒരേസമയം ഇരയും അതേസമയം വേട്ടക്കാരനുമാകുന്ന ദ്വന്ദമുഖം മ'അദനിയിലുണ്ട്. മറ്റൊരു പ്രകാരത്തില്‍ രണ്ടുതരം പരിവാരത്തിനും ഇന്ധനമാകുന്ന വിധത്തില്‍ മ'ദനിയുടെ രാഷ്ട്രീയ-ജയില്‍ ജീവിതവ്യാഖ്യാനങ്ങൾ മാറുന്നുണ്ട്. വെറുപ്പിന്റെ രാഷ്ടീയത്തിന് വേട്ടക്കാരന്റെ റോളിലും ഭയത്തിന്റെ രാഷ്ട്രീയത്തിന് ഇരയുടെ റോളിലും മ'അദനി സ്വയം കത്തുന്ന ഇന്ധനമായി പരിവര്‍ത്തിക്കപ്പെട്ടതിന്റെ പിറകിലും ഈ മതേതര പരിസരത്തിന്റെയും ശരിയായ രാഷ്ട്രീയബോധത്തിന്റേയും  തളര്‍ച്ച കാരണമാകുന്നുണ്ട്.

ഈയൊരു സാഹചര്യത്തിലാണ് കൂടുതല്‍ കൂടുതല്‍ ഒറ്റയാകാനുള്ള ശ്രമങ്ങള്‍ നമ്മുടെ സാംസ്കാരിക-രാഷ്ട്രീയ മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതൊരു ഗൗരവമുള്ള വിഷയമാണ്. പ്രധാനമായും നാട്ടുനടപ്പെന്ന സാമാന്യമായി പറഞ്ഞുപോന്നിരുന്ന കൊടുക്കല്‍-വാങ്ങലുകളുടെ ഭാഗമായി നമ്മുടെ സാംസ്കാരിക ഇടത്ത് നിലനിന്നുപോന്നിരുന്ന നേര്‍ച്ച-ഉറൂസ്-പൂരം/ ഇതിന്‍റെയൊക്കെ ഭാഗമായുള്ള മതേതര ഉത്സവങ്ങള്‍-ആഘോഷങ്ങള്‍/കൊടിയേറ്റം-ചന്ദനമെടുപ്പ് പോലുള്ള സാംസ്കാരിക കൈമാറ്റങ്ങള്‍/ഇതിലൂടെയൊക്കെ പങ്കുവെക്കപ്പെടുന്ന സാംസ്കാരിക സഹൃദയത്വം ഇതൊക്കെയുമാണ് ഈ ഒറ്റയാകലിലൂടെ നിഷിദ്ധമാക്കപ്പെടുന്നതും കയ്യൊഴിക്കപ്പെടുന്നതും. ഫലം: സാംസ്കാരികമായ അന്യത്വവും.

ഈയിടെ ഉണ്ടായ നിലവിളക്ക് വിഷയത്തിലും ഈയൊരു അന്യത്വം പ്രകടമാണ്. സവിശേഷമായി ഈ വിഷയത്തില്‍ സാംസ്കാരികമായ അധിനിവേശവും പ്രകടമാണ്."കൊളുത്താനും കൊളുത്താതിരിക്കാനും സ്വാതന്ത്ര്യമുണ്ട്" എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകുന്ന എളുപ്പമായിരുന്നില്ല ഇവിടെ നമ്മെ നയിക്കേണ്ടിയിരുന്നത്.

സമൂഹത്തിലെ ആധിപത്യവർഗ്ഗത്തിന്റെ ആചാര/അനുഷ്ഠാന/വിശ്വാസ പ്രമാണങ്ങളും മറ്റും സമൂഹത്തിലെ വ്യവഹാര തലങ്ങളെയെല്ലാം സ്വാധീനിക്കുക സ്വാഭാവികം.  ഒരു സമൂഹത്തിന്റെ ബോധനിര്‍മ്മിതി ഇപ്രകാരമാണ്.  ഇങ്ങനെ ഉണ്ടാകുന്നതോ ഉണ്ടാക്കപ്പെടുന്നതോ ആയ  പൊതുബോധത്തെ നിലനിറുത്താനും മറ്റുള്ളവര്‍ക്ക് മേല്‍ നിര്‍ബന്ധിക്കാനും അവിടത്തെ ഭൂരിപക്ഷമാകുന്ന ഈ  ആധിപത്യ വര്‍ഗ്ഗം നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. കാലം ചെല്ലവേ.. അതത്രയും സമൂഹത്തില്‍ ഉറച്ചു പോവുകയും ജനത 'പൈതൃകം' എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. ഇത് നിലനിറുത്തേണ്ടത് ഈ ആധിപത്യ വര്‍ഗ്ഗത്തിന്റെ ആവശ്യമാകയാല്‍ അവര്‍ ശ്രദ്ധാലുക്കളും മര്‍ദ്ദകരും വിധികര്‍ത്താക്കളുമാവും. അത്തരമൊരു ശ്രദ്ധയും മര്‍ദ്ദനവും തീര്‍പ്പും 'വിളക്ക് കൊളുത്തല്‍' വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിലും ‍കാണാമായിരുന്നു. എങ്കില്‍, ഇതൊരു സാംസ്കാരിക ആധിപത്യമാണ്‌. ചിഹ്നങ്ങളെയും അടയാളങ്ങളെയും ചൂണ്ടിയുള്ള തിട്ടൂരം പാസ്സാക്കലുകള്‍. ഒരു വശത്ത് കാര്യങ്ങളിങ്ങനെ പുരോഗമിക്കുമ്പോള്‍ മറുവശത്ത് "കൊളുത്തില്ല" എന്ന് നിഷേധിക്കുന്നിടത്തും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലുള്ള തീര്‍പ്പിന് വിധേയപ്പെടുകയാണ്. അല്ലാതെകണ്ട് കാലങ്ങളോളമായി ഉറച്ചുപോയ ഒരു ബോധത്തിലെ അനീതിയും അയുക്തിയും അചരതയും ബോധ്യപ്പെട്ടുള്ള കുടഞ്ഞെറിയല്‍ അല്ല. അങ്ങനെയായിരുന്നില്ലെങ്കിൽ‍ "കൊളുത്തില്ല" എന്നത് ഒരു സാംസ്കാരിക പോരാട്ടമാകുമായിരുന്നു.

എന്നാലിതിൽ ‍അടങ്ങിയിട്ടുള്ളത് ‍ സാംസ്കാരിക അടിമത്തമാണ്‌. സാംസ്കാരിക ആധിപത്യത്തിന് ശ്രമിക്കുന്നത് പോലെത്തന്നെയാണ് അവക്ക് അടിമപ്പെടുന്നതും.ഇവിടെയാണ്‌ മേല്‍പറഞ്ഞ നിഷിദ്ധവും ഒറ്റയാകലും എത്രകണ്ട് പ്രതിലോമകരവും അപകടകരുമാണ് എന്ന് മനസ്സിലാകുന്നത്. ഇത് നമ്മുടെ മതേതര ഇടങ്ങളുടെ നിര്‍ജ്ജീവതയുടെ അപകടകരമായ  ജഡാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം ഇടങ്ങളിലെ മതേതര സാധ്യതകളെ വികസിപ്പിക്കുന്നതിന്‌ പകരം ഒന്നുകിൽ ആധിപത്യം അല്ലെങ്കിൽ അടിമത്തം എന്ന നിലക്ക്‌ കൂടുതൽ പ്രതിലോമകരമാവുകയാണ്‌ നമ്മുടെ പൊതുയിടജീവിതം. അതുകൊണ്ടുതന്നെയാണ്‌ നമ്മുടെ ഭരണഘടന മതേതരത്വം എന്നതിൽ ദീർഘവീക്ഷണത്തോടെ ഊന്നിയിരുന്നത്. ഈ മതേതര മൂല്യങ്ങളെ തിരിച്ചുപിടിക്കുകയും ശക്തിപ്പെടുത്തുകയും അതുവഴി പൊതുഇടങ്ങളെ/പോരാട്ടങ്ങളെ തികച്ചും മതേതരമാക്കുക എന്നത് മാത്രമാണ്‌ ഇത്തരം വർഗ്ഗീയ ധ്രുവീകരണങ്ങളെ ചെറുക്കാനുള്ള ഏക പോംവഴി. അന്ധവും അപ്രസക്തവുമായ കാര്യങ്ങളെ അടിസ്ഥാനമതവിശ്വാസങ്ങളിൽ നിന്ന് വ്യതിചലിക്കാതെത്തന്നെ കാലികമായ മാറ്റങ്ങൾക്ക് വിധേയമാക്കാതെ ഇത് അസാധ്യവുമാണ്.

അത് തന്നെയാണു  ഏറ്റവും അവസാനമായി പര്‍ദ്ദ വിവാദവും സൂചിപ്പിക്കുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെപ്പോലും നിരാകരിക്കുന്ന വിധത്തില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം തന്നെ ഒരു വ്യക്തിക്ക് നേരെ മതം പറഞ്ഞ് ഇടപെടുമ്പോള്‍ അതുണ്ടാക്കുന്നത് എത്ര ഭീകരമായ ജനാധിപത്യ ധ്വംസനമാണ്. ഒരു മനുഷ്യന്റെ സ്വയം നിര്‍ണ്ണയാവകാശത്തിനു മേലുള്ള നിഷേധത്തില്‍ നിന്ന് തുടങ്ങുന്നതാണ് ലോകത്തെ എല്ലാതരം അധിനിവേശങ്ങളുടെയും കഥകള്‍. വിശ്വാസാചാര-വസ്ത്ര/ഭാഷാ/ഭക്ഷണ/ശൈലീ സ്വാതന്ത്ര്യവുമെല്ലാം അതിലുള്‍പ്പെടുന്നു. എന്നാല്‍, നടേ സൂചിപ്പിച്ച ഒറ്റയാകൽ തന്നെയാണ് പര്‍ദ്ദ പ്രശ്നത്തിന്റെയും ചാലകം.

ഒരു പതിനഞ്ച്-ഇരുപത് കൊല്ലം മുന്പുവരെയും അധികമായാല്‍ ഒരു മാക്സിയിലേക്ക് വരെ പരിഷ്കരിച്ച കാച്ചിത്തുണിയും പുള്ളിത്തട്ടവുമാണ് മുസ്ലിം സ്ത്രീകളുടെ ഔദ്യോഗിക വേഷം പര്‍ദ്ദ എന്ന അർത്ഥത്തില്‍ അറേബ്യവത്കരിക്കുന്നത്. അതിനുതൊട്ടുമുന്‍പുള്ള കാലങ്ങള്‍ക്കെല്ലാം അപരിചിതമായ ഈ വസ്ത്രം പില്‍ക്കാലത്ത് ഇങ്ങനെ നിര്‍ബന്ധിക്കപ്പെടുന്ന കാരണം തനിമാവാദത്തിലധിഷ്ടിതമായ ഈ മാതാത്മക ഭയപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെ നിരന്തരം സാമൂഹ്യ ജീവിതത്തിലെ ഇഴുകിച്ചേരലിനെ നിരാകരിച്ചുകൊണ്ട് ഒറ്റയാകലിനെ നിര്‍ബന്ധിപ്പിക്കുന്ന ഭയത്തിന്റെ രാഷ്ട്രീയത്തെയും ചെറുത്ത് സാംസ്കാരിക ഇടങ്ങളിലെ കൊടുക്കല്‍-വാങ്ങലുകളിലെ സഹൃദയ ബന്ധുത്വത്തെ സ്വീകരിക്കുമ്പോഴാണ് വെറുപ്പിന്റെ രാഷ്ട്രീയത്തെ അതിന്റെ ശരിയായ രീതിയില്‍ സാംസ്കാരികമായും രാഷ്ട്രീയമായും പ്രതിരോധിക്കാനാവുകയുള്ളൂ...

മറുഭാഗത്ത് ഭൂരിപക്ഷവർഗ്ഗീയത, കൃത്യമായി പറഞ്ഞാൽ സവർണ്ണ ഹൈന്ദവ വർഗ്ഗീയത, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽ സൃഷ്ടിക്കുന്ന  അരക്ഷിതാവസ്ഥയെ ഈ വിഭാഗങ്ങളെ കൂടുതൽ സ്വത്വപ്രദർശനങ്ങളിലേക്കും അതുവഴി സ്വത്വരാഷ്ട്രീയത്തിലേക്കും വഴിതെറ്റിച്ചു വിടാനുള്ള എല്ലാ ശ്രമങ്ങളും പ്രതിരോധമെന്ന വ്യാജേന ന്യൂനപക്ഷ വർഗ്ഗീയതയുടെ വക്താക്കൾ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്‌ ഇന്ത്യയിലെ കേവലം പശുഇറച്ചി കഴിച്ചെന്ന സംശയം പോലും അയാളുടെ കൊലപാതകത്തിലേക്ക് നയിക്കുന്ന അവസ്ഥ സമീപകാല  ജനാധിപത്യ-മതേതര ഇന്ത്യയുടെ മനഃസാക്ഷിയെ പിടിച്ചുകുലുക്കുമ്പോൾ ഭൂരിപക്ഷ വർഗ്ഗീയതയെ നഖശിഖാന്തം എതിർക്കപ്പെടേണ്ടതുണ്ട്  എന്ന് കൂടുതൽ കൂടുതൽ ബോദ്ധ്യങ്ങളിലേക്ക് പുരോഗമനവാദികൾ നീങ്ങുമ്പോൾ ഇതേ സാഹചര്യം ന്യൂനപക്ഷ വർഗ്ഗീയതയുടെ വക്താക്കൾക്ക് ഇന്ധനമകുന്ന വിരോധാഭാസവും നിലനിൽക്കുന്നു.  
ഗസൽ ഇതിഹാസം ഗുലാം അലി ഏത് രാഷ്ട്രക്കാരനാണെന്ന് പലരും ആലോചിച്ചിട്ടുപോലും ഉണ്ടാവില്ല. എന്നാൽ ശിവസേന അദ്ദേഹത്തിന്റെ സംഗീതപരിപാടിക്ക് വിലക്കേർപ്പെടുത്തുമ്പോൾ വീണ്ടും സങ്കുചിത ദേശീയതയുടെ സംഹാരാത്മകത ഇന്ത്യൻ മനഃസാക്ഷിക്കുമേൽ മാരകമായ പ്രഹരമേൽപ്പിക്കുന്നു. ബാബറി ധ്വംസനത്തിന്‌ ശേഷം രണ്ടു ദശകങ്ങളിലേറെ കഴിഞ്ഞിട്ടും ഇന്ത്യൻ ജനതയുടെ ഐക്യത്തെ തകർക്കുന്ന ഇത്തരം ആവർത്തനങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു. സാധാരണ ജനങ്ങൾ പോലും ഞാൻ ആരാണ്‌/എന്താണ്‌ എന്ന് നിരന്തരം സ്വയം ചോദിച്ചുകൊണ്ടേയിരിക്കേണ്ടി വരുന്ന ഗതികേടിലേക്ക് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കൊപ്പം തന്നെ ഭൂരിപക്ഷം വരുന്ന ദളിതർ പോലും നയിക്കപ്പെടുമ്പോൾ സവർണ്ണ മേൽക്കോയ്മയുടെ വ്യാപ്തി മറ്റുപല തലങ്ങളുമാണ്‌ ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് എന്നുകൂടി കാണാം. കേവലം സ്വത്വത്തിലേക്കൊതുങ്ങി ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് ചൂട്ടുപിടിച്ചത് കൊണ്ട് യഥാർത്ഥ വസ്തുതകൾ അഭിസംബോധന ചെയ്യപ്പെടില്ല എന്ന് ചുരുക്കം.
ബാബരിയും മ'അദനിയും നിലവിളക്കും പര്‍ദ്ദയും തുടങ്ങി മറ്റനേകം പ്രശ്നങ്ങളെ മാനുഷികമായി കൈകാര്യം ചെയ്യുന്നതിനും ഈയൊരു ശരിയായ ദിശയിലുള്ള മേല്പറഞ്ഞ രീതിയിലുള്ള പ്രതിരോധത്തിന്റെ രാഷ്ട്രീയം ഇവിടെ സംഭവിച്ചേ തീരൂ... അതിനായി നമ്മുടെ മതേതര സാംസ്കാരിക ഇടങ്ങളെ കൂടുതല്‍ സജീവമാക്കുന്ന പ്രവര്‍ത്തനത്തില്‍ സാമൂഹ്യമായി ഇടപെടുന്ന വിധം സ്വയം നവീകരിക്കലാണ് ആവശ്യം. അല്ലാതെ പ്രത്യേകമായ ചില കാരണങ്ങളെ മുന്നോട്ട് വെച്ച് അന്യത്വത്തിലൂന്നിയ ഒറ്റയാകലിന് അരാഷ്ട്രീയമായി സംഘം ചേരുകയല്ല. ബാബരി ഓര്‍ക്കപ്പെടുന്ന സമയത്ത് മുന്പോട്ട് വെക്കേണ്ട മുദ്രാവാക്യം: അത് നഷ്ടപ്പെട്ട മതേതര സാംസ്കാരിക ഇടത്തെ തിരിച്ചുപിടിക്കുക എന്നതാണ്. വിശേഷിച്ചും ഭരണഘടനാ ജനാധിപത്യം മാത്രം നിലനിൽക്കുന്ന ഒരു രാഷ്ട്രമെന്ന വിമർശം ശക്തമായിരിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ  സാമൂഹ്യജീവിതത്തിൽ ഇന്ത്യയെ ഒരു രാജ്യമായി നിലനിറുത്തുന്ന 'മതേതരത്വം' കൂടുതൽ സജീവമായി പാലിക്കപ്പെടേണ്ടതുണ്ട്‌. ഒരു മതേതര-ജനാധിപത്യ രാജ്യമെന്ന ഭരണഘടനാ ഉറപ്പിന്‌ കീഴെ ജീവിക്കുന്ന പൗരകർതൃത്വത്തിന്റെ ബാധ്യത കൂടെയാണത്‌. രാജ്യം ഭരിക്കുന്നവർ തന്നെ 
മതേതരത്വം എടുത്തുകളയണമെന്നാവശ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

#കഴിഞ്ഞൊല്ലം Dool News'ല്‍ പ്രസിദ്ധപ്പെടുത്തിയത് 

2016 ഡിസം 4

വിദൂരതയിൽ രണ്ട്‌ നിഴലുകൾ



ആയിരുന്നതിൽ നിന്ന് 
എല്ലാ ആയലുകൾക്കുമകലെ
രണ്ടൂക്കൻ മതിലുകൾ, 
നിഴൽപ്പൊക്കത്തിനൊപ്പം
ചുരുങ്ങുന്ന
രണ്ട്‌ വിഭജിത രാജ്യങ്ങൾ

അകക്കടലിലെ
ഹുങ്കാരത്തിരയിൽ
പകച്ച പ്രണയച്ചന്തം,
പാതി വെന്ത്‌
മറുപാതി ഇലച്ച്‌
ഒരേ ചിലയ്യിൽ 
രണ്ടപൂർവ്വതകൾ

അപരിഹാര്യമായ
പതിവുകളിൽ തറഞ്ഞ
സ്വർഗ്ഗദൂരങ്ങൾ,
വിദൂരത
അത്ര അകലത്തിലല്ലാത്ത
ഒരു പരിചിത ദേശം
നമ്മളതിൽ
രണ്ടപരിചിത അയൽപ്പക്കം


വെട്ടത്തിന്നുദാരതയിൽ
വക്രിച്ചുമേങ്കോണിച്ചും
രണ്ട്‌ ദൃശ്യാദൃശ്യ അരൂപികൾ,
നമ്മൾ,
വിദൂരതയിലെ
രണ്ട്‌ നിഴലുകൾ.!

2016 ഏപ്രി 30

മഞ്ചാടി







നഗരഭിത്തിക്ക്‌ പിറകിലെ
ഇരുണ്ട ശൂന്യതക്ക്‌ മുകളിൽ
കാറ്റ്‌ വരയുന്ന വസന്തം തിരഞ്ഞ്‌
തെരുവിലിനേകം കണ്ണുകൾ,
ആകാശം തുളഞ്ഞ്‌ ചിതറിയ 
മേഘക്കീറുകൾക്ക്‌ താഴെ
തെരുവിലനാഥമായ 
വളപ്പൊട്ടുകൾ
ചതുപ്പുകളിലാഴ്‌ന്ന് 
മുടിപ്പിന്നുകൾ



ഒച്ചവെച്ചും 
ഓടിച്ചും
രുചിഭേദങ്ങൾക്കനുസരിച്ചും
യജമാനദാസ്യത്തിന്റെ അധികാരപ്പുരകളിൽ
ഉപ്പ്‌ 
മുളക്‌ 
കർപ്പൂരം 
ഒന്നിന്‍റെ കുറവ്‌
അല്ലെങ്കിൽ അധികം,
കൂട്‌ 
വീട്‌ 
ബൂട്‌സ്‌
അറ്റമില്ലാത്തൊരാർത്തനാദം
പാപങ്ങളിൽനിന്നാത്മാവിനെ രക്ഷിപ്പാൻ
ദേശസ്നേഹക്കയറിൽ 
ആനന്ദം



ഓർമ്മയിലിരുൾപ്പേടി മായ്ക്കും 
നനവ്‌ കിനിച്ച മേഘപ്പാളികൾ,
വശമൊന്നുലഞ്ഞ്‌ 
ഇലഞ്ഞിപ്പൂ പെയ്ത്തുകൾ,
മഴ നനഞ്ഞ ആകാശത്തേക്ക്‌ 
വലിച്ചുകെട്ടിയ 
പങ്ക
മാല
തോണി,
ചെരുവിലൊരു 
പെരുവിരൽ
അരുവിയിൽ
ചെകിളയടർത്തി 
കടത്തുമീൻ,
മുറ്റത്തെഴുതിയ കിളിക്കൂറ്റ്‌ കേട്ട്‌
കാറ്റുരുട്ടിയെടുക്കുന്ന 
ഗോട്ടി,
സ്കൂൾപ്പറമ്പിലെ അക്ഷരവിളയിൽ
ജോകര
കട്ടി
ജോസൂട്ടി,
കഴിഞ്ഞ ദശകത്തിൽ
ജനാലക്കരികിലെ പെൺകുട്ടി
മഞ്ചാടി വീണ്‌ ചുവന്ന തറയിൽ
ചേലിൽ ചേല ചുറ്റിയുടൽ



നീണ്ടുനീണ്ടുപോകുന്ന വീഥികൾ
ഇരുവശങ്ങളിലുമുയർത്തിക്കെട്ടിയ ദേശക്കൊടികൾ
നഗരമൊരധികാരകേന്ദ്രം 
പിതാവിന്റൗദാര്യം 
കൂട്‌ വീടെന്ന് 
നൂറ്റാണ്ട്‌ പ്രായമുള്ള അടിമജീവികൾ
പിന്നെയും 
'താഴ്‌'നപേക്ഷിക്കുന്നു.
നേരത്തിന്‌ പതിയുന്ന സീലുകൾ
നഗരത്തിനകത്തെ ജീവിതമെന്ന് 
മരിച്ചവർ നടു വളക്കുന്നു. 
മഞ്ചാടി വീണ്‌ ചുവന്ന തറയിൽ
ചേലിൽ ചേല ചുറ്റിയ ഉടൽ
ബോധത്തിൽ ചുവപ്പ്‌ പടർത്തുന്നു.









2016 ജനു 25

ജാതീയതയ്ക്ക് ബദൽ: ഒന്നാമത് ഭരണഘടന, പിന്നെ...?

  വര: നിജാസ്

'പൊളിറ്റിക്കൽ ഇസ്ലാം' എന്നത്‌ അങ്ങനെ ഒരു ഗ്രൂപ്പ്‌ നിലനിൽക്കുമ്പോൾ മാത്രം സജീവമാകുന്നതാണെങ്കിൽ ഇന്ത്യയിലെ 'അധികാര ഹിന്ദു' അങ്ങനെയൊരു പൊളിറ്റിക്കൽ ഗ്രൂപ്പ്‌ ഇല്ലെങ്കിലും ഇന്ത്യയിൽ സജീവമായിരിക്കും എന്നതാണ്‌ ചരിത്രാനുഭവം.

കാരണം, ഇന്ത്യൻ സാമൂഹ്യ വിഭജനത്തിൽ ഒരു 'വിഭജന യന്ത്ര'മായി പ്രവർത്തിക്കുന്ന 'ശ്രേണീകൃത അസമത്വ'ത്തിന്റെ ഉള്ളടക്കം തന്നെ ഈ അധികാര ഹിന്ദുവിനെ കേന്ദ്രീകരിച്ചുള്ളതാണ്‌. മനുഷ്യൻ എന്നതിന്‌ മനുഷ്യൻ എന്ന ഒരൊറ്റ മൂല്യം കണക്കാക്കപ്പെടുന്നതിന്‌ പകരം ജാതികേന്ദ്രീകൃത മാനദണ്ഡങ്ങളിലൂടെ അനേകമൂല്യങ്ങൾ കൽപ്പിക്കപ്പെടുന്ന വിധത്തിൽ അത് അതിഹീനമാംവിധം മനുഷ്യത്വവിരുദ്ധമാണ്‌. ഈ മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രമാണ്‌ ഇന്ത്യയിലെ അധികാര ഹിന്ദുവിന്റെ പ്രയോഗമാതൃക നിശ്ചയിക്കുന്നത്‌.

നിലവിൽ അത്‌ ജാതിയിൽ ജനിക്കുക എന്ന നിഷ്കർഷക്കപ്പുറം സവർണ്ണ ജാതിബോധത്തെ ഉള്ളിൽ വഹിക്കുക എന്ന തലത്തിലേക്ക്‌ അദൃശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ്‌ 'ഗ്രാംഷീയൻ വിശകലനം' പ്രസക്തമാകുന്നത്‌.  

പറഞ്ഞുവരുന്നത്‌, ഇന്ത്യയിൽ അധികാര ഹിന്ദു എന്നത്‌ ചരിത്രപരമായിത്തന്നെ ഒരു യാഥാർത്ഥ്യമാണ്‌. അതിനെ അൽപമെങ്കിലും പ്രതിരോധിക്കുന്നത്‌ ഭരണഘടനയിലെ 'മതേതരത്വം' ആണ്‌. അതെടുത്ത്‌ കളയണമെന്നാണ്‌ ഇപ്പോഴത്തെ സംഘാ'വശ്യം. ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ അദൃശ്യത പൊഴിഞ്ഞ്‌ പടം അഴിച്ച പാമ്പിന്റെ വേഗം ആർജ്ജിക്കുന്നത്‌ കാണാം.

ഭരണഘടനയിലെ സെക്കുലറിസത്തെ ആക്രമിക്കുന്ന സംഘപരിവാര രാഷ്ട്രീയം സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌ വർണ്ണശബ്ദങ്ങളുടെ സംസ്ഥാപനമാണ്‌. സൂക്ഷ്മതലത്തിൽ അത്‌ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കിക്കളയുന്ന ഒരു നീക്കമാണ്‌.

എല്ലാവർക്കും ബാധകമായ ഒരു നിയമനിർമ്മാണമെന്ന ആശയം പ്രത്യക്ഷത്തിൽ തന്നെ ശ്രേണീകൃത ജാതിഹിന്ദുവിനെതിരാണ്‌. ജനാധിപത്യ ഇന്ത്യയിൽ കേവലം 'ജാതി ശരീര'ങ്ങളായ മനുഷ്യരെ പൗരര്‍ എന്ന കർതൃത്വത്തിലേക്ക്‌ ഉയർത്തി 'സമന്മാരിൽ കൂടുതൽ സമന്മാർ' എന്ന ജാതിസൗകര്യത്തെയാണ്‌ ഇല്ലാതാക്കിയത്‌. വർണ്ണാശ്രമത്തിൽ അധികമായാൽ ജാതി ഭ്രഷ്ടിനപ്പുറം ശിക്ഷയില്ലാത്ത ബ്രാഹ്മൺസിനെയടക്കം ഒരേ നിയമത്തിന്‌ കീഴെ കൊണ്ടുവന്നു എന്നതാണ്‌ 'മനുഷ്യന്‌ ഒരു മൂല്യം' എന്ന ഭരണഘടനയിലെ മുഖ്യമായ ഒരുകാര്യം. ഇത്‌ വർണ്ണാശ്രമഹിന്ദുവിനസഹ്യമായ കാര്യമാണ്‌.

മറ്റൊരു സംഗതിയുള്ളത്‌, പതിനേഴാം വകുപ്പിൽ പറയുന്ന 'അയിത്ത വിരുദ്ധ' വകുപ്പാണ്. അന്നുവരെയും തുടർന്ന് പോന്ന അയിത്തം നിയമപരമായി നിരോധിക്കുകയും തുടരുന്നത്‌ ശിക്ഷാർഹമായ കുറ്റമെന്ന് നിർണ്ണയിക്കുകയും ചെയ്തു. ഇതും ജാതിഹിന്ദുവിനംഗീകരിക്കാനാകുന്ന ഒന്നല്ല.

ന്യൂനപക്ഷാവകാശം/ജാതി സംവരണം തുടങ്ങിയ ഭരണഘടനാവകാശം, അന്നുവരെ പൂർണ്ണാധീനതയിലുണ്ടായിരുന്ന രാജ്യവിഭവങ്ങൾക്ക്‌ മേൽ ഭരണഘടനാപരമായിത്തന്നെ ജാതിയിൽ കീഴാളരായ അതുകൊണ്ടുതന്നെ സ്വാഭാവിക അടിമകളായ അയിത്തജാതിക്കാർക്ക്‌ കൂടെ അവകാശമുണ്ടാകുന്നു. വിഭവങ്ങളിൽ പങ്ക്‌കാരുണ്ടാകുന്നു. ഇത്‌ സാമൂഹികബലങ്ങളിലെ ശ്രേണീവ്യവസ്ഥയെ തകിടം മറിക്കുന്ന ഒന്നാണ്‌. ചുരുക്കത്തിൽ ഇന്ത്യൻ ഭരണഘടന ഒന്ന് മാത്രമാണ്‌ ഈ 'സവർണ്ണ ഹൈന്ദവ മേൽക്കോയ്മ'യെ ശരിയാംവിധം പ്രതിരോധിക്കുന്നൊള്ളൂ... എന്നിട്ടും അതെത്ര അജയ്യമായി നിൽക്കുന്നു എന്നറിയുമ്പോൾ അതിന്റെ പ്രയോഗക്ഷമത നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ്‌. തീർച്ചയായും അതത്ര നിസ്സാരമായ ഒരു സംഗതിയല്ല.

നിലവിൽ കീഴ്ത്തട്ടിലും ഈ മേൽത്തട്ട്‌ ബോധം സജീവമാണ്‌.

കേവലാർത്ഥത്തിലുള്ള അനുകരണത്തിൽ നിന്നും അത്‌ പൈതൃക-സാംസ്കാരികതയുടെ തലത്തിലേക്ക്‌ വികസിച്ചിട്ടുണ്ട്‌. നേരത്തെയുണ്ടായിരുന്ന അംബേദ്കറുടെ ബുദ്ധാശ്ലേഷണ സാഹചര്യത്തിലല്ല, വർത്തമാന ദളിത്‌ ബോധം. അത്‌ കേവലമായ സവർണ്ണാനുകരണത്താൽ ഉപകരണവത്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌.

ഇടത്‌-മതേതര-പുരോഗമന ചേരി പോലും അന്തം വിട്ട്‌ നിൽക്കുന്നത്രയും ആഴത്തിലും വേഗത്തിലും ഇത്‌ പടർന്ന് കൊണ്ടിരിക്കുന്നു എന്നതാണ്‌ വസ്തുത.

മറ്റെല്ലാ അസ്പൃശ്യതകളും നിലനിൽക്കുമ്പോഴും 'വിശാലഹിന്ദു' എന്ന പരിവാര മുദ്രാവാക്യത്തിൽ കഥയറിയാതെ ആടിക്കൊണ്ടിരിക്കയാണ്‌ ഈ കീഴ്ത്തട്ട്‌ ജീവിതവും.

ഇത്‌ സൂചിപ്പിക്കുന്നത്‌, മേൽത്തട്ട്‌ന്റെ സാംസ്കാരിക മേൽക്കോയ്മ എതകണ്ട്‌ ശക്തമാണ്‌ എന്നാണ്‌.

നാം ഇവിടെ ചർച്ച ചെയ്യുന്ന അധികാര ഹിന്ദുവിന്റെ മുഖ്യചാലകമായ ജാതി പ്രവർത്തിക്കുന്നതും സചേതനമാകുന്നതും ഈ സാംസ്കാരികതക്കുള്ളിലാണ്‌.

അത്‌ തകർക്കപ്പെടേണ്ടതുണ്ട്‌, കൃത്യമായ സാംസ്കാരിക പ്രതിരോധത്തിലൂടെയാണ്‌ അത്‌ സാധ്യമാകുന്നതെന്ന് കരുതുന്നു.

ഒന്ന്: വികേന്ദ്രീകൃത പ്രതിരോധം
രണ്ട്‌: കേന്ദ്രീകൃത പ്രതിരോധം

വികേന്ദ്രീകൃത പ്രതിരോധമെന്നാൽ, രാജ്യത്തെ ബഹുതല-സ്വര വൈജാത്യങ്ങളെ അതിന്റെ സാംസ്കാരിക ഉള്ളടക്കത്തോടെ മുഖ്യധാരവത്കരിക്കുക. തെളിച്ച്‌ പറഞ്ഞാൽ, എല്ലാതരം ഉപദേശീയതകളെയും ഔദ്യോഗികവത്കരിക്കുക. അതുവഴി സവർണ്ണ മേൽക്കോയ്മയേയും അതിന്റെ സങ്കുചിതവാദത്തിലൂന്നിയ അക്രമാസക്തതയെ ചെറുക്കാനും സാംസ്കാരിക തലത്തിലെ വിശാലജനാധിപത്യത്തെ മുൻപോട്ട്‌ വെക്കാനുമാകുന്നു.

കേന്ദ്രീകൃത പ്രതിരോധം എന്നത്‌ കൊണ്ട്‌ അർത്ഥമാക്കുന്നത്‌, ഇത്തരം സവർണ്ണ ബഹിഷ്കരണമോ അവർണ്ണ പുനരുത്ഥാനമോ അല്ലാത്ത തീർത്തും മത ഇതര-അതീത സാംസ്കാരികതയുടെ സജീവതയെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാധ്യമാക്കുന്ന വിധത്തിലുള്ള ഇടപെടൽ. ഇത്‌ കൂടുതൽ പഠനവും കരുതലും ആവശ്യപ്പെടുന്ന സംഗതിയാണ്‌.

ഇതുരണ്ടുമല്ലാത്ത ഒരു വാദമുള്ളത്‌: സവർണ്ണ സാംസ്കാരികത മുൻപോട്ട്‌ വെക്കുന്ന അടയാളങ്ങളുടെ 'പവിത്രത' ഇല്ലാതാക്കുന്ന വിധം അതിനെ സാർവ്വത്രികമാക്കുക വഴി ബഹുജനങ്ങൾ എല്ലാവരും കൈകാര്യം ചെയ്ത്‌ അതിന്റെ സ്വഭാവത്തെ നിർവ്വീര്യമാക്കുക എന്നതാണ്‌. യഥാർത്ഥത്തിൽ ആ പവിത്രത അതിന്റെ മർമ്മങ്ങളിൽ യഥാസ്ഥിതി നിലനിൽക്കുകയും അടയാളങ്ങളുടെ സാർവ്വത്രികത ഈ ചിലവിൽ സാധ്യമാക്കുകയുമാകും. സത്യത്തിൽ ഇത്‌ മൂന്ന് നാല്‌ പക്ഷികൾ ഒന്നിച്ച്‌ വീഴുന്നതിന്‌ സമമാണ്‌.

ഒന്ന്: സവർണ്ണ ചിഹ്നങ്ങളുടെ വ്യാപനം
രണ്ട്‌: പവിത്രതാസംരക്ഷണം
മൂന്ന്: ബഹുസ്വരതയുടെ സ്വാഭാവിക നിഷ്കാസനം
നാല്‌: സാംസ്കാരിക തലത്തിലെ സമ്പൂർണ്ണ ആധിപത്യം.

നിലവിൽ, പ്രായോഗികവും സർഗ്ഗാത്മകവുമായ പ്രതിരോധമെന്നത്‌ 'വികേന്ദ്രീകൃത പ്രതിരോധ'മാണെന്നാണ്‌ ഇന്ത്യനനുഭവം. ഈ അർത്ഥത്തിൽ സാംസ്ജാരിക ഇടങ്ങളിൽ ഇടപെടുക എന്നത്‌ ചരിത്രത്തെപ്പോലും അതിന്റെ ആധിപത്യയുക്തിക്കനുഗുണമായ രീതിയിൽ നിർമ്മിച്ചെടുക്കുന്ന ഫാഷിസ്റ്റ്‌ കാലത്ത്‌ അവശ്യവും ശ്രദ്ധേയവുമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്‌.

രാജ്യം അതിന്റെ 66-മത്‌ റിപ്പബ്ലിക്ക്‌ ആഘോഷിക്കുമ്പോൾ ഭരണഘടന ഉറപ്പ്‌ നൽകുന്ന മതേതരമൂല്യസങ്കൽപ്പങ്ങളുടെ സംരക്ഷണംകൂടെ ചർച്ചയാകുന്നത്‌ ഒരു രാഷ്ട്രം എന്ന നിലക്ക്‌ ഇന്ത്യ മുൻപോട്ട്‌ വെക്കുന്ന ജനാധിപത്യ ആരോഗ്യത്തിനത്യാവശ്യമാണ്‌. തീർച്ചയായും അത്‌ ഏകശിലാത്മകമായ സവർണ്ണാധിപത്യ-ഫാഷിസ്റ്റ്‌ യുക്തിയെ നേരിട്ട്‌ പ്രതിരോധിക്കുന്ന ഒരു രാഷ്ട്രീയ ഇടപെടലും കൂടെയാണ്‌.

2015 ഒക്ടോ 9

ഊര്‍ന്നുപോയേക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍




പ്രിയരേ,

അങ്ങനെ പല കാലങ്ങളിലായി ഇവിടെ കുറിച്ചിട്ട അക്ഷരങ്ങളില്‍ ചിലത് പുസ്തക രൂപത്തിലേക്കാകുന്നു.

തുടക്കം മുതല്‍ ഈ നേരം വരെയും വായിക്കേം വിമര്‍ശിക്കേം ചെയ്ത ചങ്ങാത്തങ്ങള്‍ ഈ പുസ്തകത്തെയും അത് അര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. 

ഇങ്ങനെ ഒരു പുസ്തകം വ്യക്തിപരമായി എന്നെ ഏറെ സന്തോഷിപ്പിക്കുമ്പോഴും അത് പൂര്‍ണ്ണമാകുന്നത് എപ്പോഴും കൂട്ടുള്ള എന്റെ കൂട്ടുകാരിക്കൊപ്പം പങ്കുവെക്കുമ്പോഴാണ്. 

ഓര്‍മ്മയില്‍ അനേകര്‍,
എല്ലാവര്‍ക്കും എന്റെ സ്നേഹങ്ങള്‍.

തിരക്കിലും സ്നേഹപരിഗണനയാല്‍ കവിതകള്‍ വായിക്കാനും അവതാരികയാലും ചെറുകുറിപ്പുകളാലും എന്നെ സന്തോഷിപ്പിക്കാനും മനസ്സിറക്കം കാണിച്ച, സഖാവ് കെഇഎന്നും കവി സച്ചിമാഷിനും പ്രിയ സുഹൃത്തും സഖാവും ഇഷ്ടകവിയുമായ പി എന്‍ ഗോപീകൃഷ്ണനും എന്റെ ഹൃദയസ്മിതങ്ങള്‍. 

കവിതകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധം ചെയ്യാനുള്ള ആലോചന പങ്കുവെച്ചപ്പോള്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് കൂടെ നിന്ന മലയാള നോവല്‍-ചെറുകഥ സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യം പി സുരേന്ദ്രന്‍ മാഷിനും എന്റെ സ്നേഹങ്ങള്‍.

പുസ്തകത്തിന് കവര്‍ ഡിസൈന്‍ ചെയ്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുധീര്‍ എംഎ,
കവിതകള്‍ക്ക് വരഞ്ഞും ഈ ശ്രമത്തിന് പ്രോത്സാഹനമായും കൂടെനിന്ന സ്വാതി ജോര്‍ജ്ജ്/അഷ്‌റഫ്‌ മേലേവീട്ടില്‍ എന്നീ  ചങ്ങാത്തങ്ങള്‍ക്കും നിറഞ്ഞ സ്നേഹം. 

ബ്ലോഗിലെ/എഫ്ബിയിലെ/അടയാളത്തിലെ/ക്യൂ മലയാളത്തിലെ സ്നേഹസാമീപ്യങ്ങള്‍ക്കും എന്റെ സ്നേഹം. 

കൈരളിയിലെ അശോകേട്ടന്/ദിവ്യക്ക്/മറ്റു ജീവനക്കാര്‍ക്ക്/മൊത്തം കൈരളിക്ക്... എന്റെ സന്തോഷം പറയുന്നു.

ഈ നവംബറില്‍ ഷാര്‍ജ്ജ  ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ പ്രകാശിതമാകുന്ന 'ഊര്‍ന്നുപോയേക്കാവുന്നത്രയും മെലിഞ്ഞ രണ്ടുകാലുകള്‍' എന്ന ഈ ചെറിയ പുസ്തകത്തെ വാങ്ങി/ വായിച്ച്/അഭിപ്രായിക്കണം എന്ന്‍ എന്റെ എല്ലാ സ്നേഹങ്ങളോടും പറയുന്നു, പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കുന്നു.







2015 ഒക്ടോ 3

ഒരാണും ഒരു പെണ്ണും: മലയാളത്തിലെ രണ്ട് നസ്രാണി ജീവിതങ്ങള്‍


ഏഴ് പതിറ്റാണ്ട് കാലത്തെ തൃശൂരിന്റെ സാമൂഹ്യ-സാംസ്കാരിക പരിണാമം  ഒരു ചരിത്രാഖ്യായികയുടെ സ്വഭാവത്തില്‍ വിലാപ്പുറങ്ങളില്‍ നമുക്ക് വായിക്കാനാകും. സാധാരണ ഹിസ്‌-സ്റ്റോറിയായി അവതരിപ്പിക്കാറുള്ള ചരിത്രത്തെ അവളിലൂടെ അവതരിക്കുന്നു എന്നൊരു തിരുത്ത് കൂടെ ഈ നോവലിനുണ്ട്. വടക്കുന്നാഥനും ശക്തന്‍ തമ്പുരാനും ഐക്യകേരളവും മുണ്ടശ്ശേരിയും വിമോചനസമരവും ലീഡറും നവാബും അഴീക്കോടനും സഖാവ് ആര്യനും തട്ടില്‍ എസ്റ്റേറ്റും തൊഴിലാളി സമരോം വില്ലുവണ്ടീം മോട്ടോര്‍ വണ്ടീം പൂരപ്പറമ്പും ആറുംകൂട്യേടവും എല്ലാമെല്ലാം പതിവിന് വിപരീതമായി മറിയയുടെ കാലത്തെ ജീവിതങ്ങളെന്ന്‍ പരിഭാഷപ്പെടുകയാണ് നോവലില്‍.

ഈ നോവല്‍ മുഴുവനായും ഒരു പെണ്കോണ്‍ ആഖ്യാനമാണെന്ന് തറപ്പിച്ചു പറയാനാകും. ജീവിതത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രം തന്റേടവും സ്വാതന്ത്യവും പ്രഖ്യാപിച്ച് പിന്നീട് വിവിധ സമൂഹകുടുംബങ്ങളിലെ സ്വാഭാവിക വിധേയത്വത്തിലേക്ക് ചുരുങ്ങിപ്പോകുന്ന വാര്‍പ്പ്മാതൃകയല്ല ഈ നോവലിലെ സ്ത്രീ.

ഉപേക്ഷിക്കപ്പെട്ട സ്ത്രീയായല്ല, ജീവിക്കുന്ന സ്ത്രീയായാണ് നോവലിലുടനീളം മറിയയെ വായിക്കാനാവുക. സ്നേഹിക്കുന്നത് പാപമെങ്കില്‍ എനിക്കാ പാപം ചെയ്യാതിരിക്കനാവില്ലെന്ന  ജീവിതബോധമാണ് മറിയയെ ജീവിപ്പിക്കുന്നത്. അവസാനംവരെയും പ്രണയമുഘോഷിക്കുന്ന അംബരവിളംബരങ്ങളായി ഒരു ഇടിയൊച്ച മറിയക്കകത്തും പുറത്തും എപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നിരുന്നു. ഇത് പലപ്പോഴും സമൂഹത്തിന്റെ ആണ്‍ബോധത്തെ അസ്വസ്ഥപ്പെടുത്തുകയും മറിയയെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു പോരുന്നുണ്ട്. അപ്പോഴെക്കെയും സ്വശരീരത്തെ അത്തരം എല്ലാ ആണധികാരങ്ങളിൽ നിന്നും വിമോചിപ്പിച്ച് പ്രണയത്തിന്റെ ആകാശത്തിലേക്കെയ്തുവിട്ട് അരാജകത്വമാഘോഷിക്കയായിരുന്നു മറിയ. എന്റെ ശരീരത്തിന്റെയും പ്രണയത്തിന്റെയും അധികാരി ഞാന്‍ തന്നെ എന്ന പ്രഖ്യാപനവും കൂടിയാണത്. തീര്‍ച്ചയായും മറിയ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന ഒരു പെണ്ജീവിതമാകുന്നതങ്ങനെയാകും.

മറിയയിലെന്ന {സ്ത്രീ} പോലെ നോവലിന്റെ കാര്യത്തിലും വലിയ വ്യത്യസ്തത കാണാനാകും. സാധാരണയായി ഒരുപാട് ഉപഗ്രഹനിര്‍മ്മിതികളിലൂടെ ഒരു വ്യക്തിയെ/വിഷയത്തെ ശ്രദ്ധാകേന്ദ്രമാക്കി നിറുത്തി ഏകമുഖാത്മകമായ ഒരു പറച്ചില്‍ രീതിയാണ് നമ്മുടെ സാഹിത്യത്തില്‍ അധികമായുള്ളത്. ഇവിടെപക്ഷേ, ഒരു നാട് മുഴുവന്‍ എഴുപത് കൊല്ലത്തോളം തുടര്‍ച്ചയായി അതിന്റെ ജീവിതം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഭിന്ന ഭാഷാ-ലിംഗ-ജാതി-മത-ആചാര-സാംസ്കാരിക വൈവിധ്യങ്ങളിലൂടെ അതൊരു സമൂഹമായി നിലനില്‍ക്കുകയും നിരന്തരം സംസാരിക്കുകയും ചെയ്യുന്നു എന്നൊരു പ്രത്യേകത ഇതിന്റെ കഥപറച്ചിലില്‍ ഉണ്ട്.

ഞാന്‍ പ്രതീക്ഷിക്കുന്നത്, ഈ നോവല്‍ന്റെ സ്വഭാവവും അതിലെ സ്ത്രീയും ജീവിതവും ജീവിതഭാഷയും പ്രത്യേകം പരിഗണിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുമെന്നാണ്.

ലിസി എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച വിലാപ്പുറങ്ങള്‍ എന്ന ഈ നോവലിന്റെ വില 250 രൂപയാണ്, വായിക്കുന്നവര്‍ വായിക്കുക.

ഇറാനിമോസ്‌ എന്ന മനുഷ്യൻ അയാളുടെ വേര്‌ തേടിയുള്ള ദീർഘവും നിരന്തരവുമായ  യാത്രക്കിടയിൽ അഭിമുഖീകരിക്കുന്ന അനുഭവലോകങ്ങളുടെ വിവരണമാണ്‌ കരിക്കോട്ടക്കരി. ആ യാത്ര സമൂഹത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഭീതിതവും ദാരുണവുമായ ജീവിതസംഘർഷങ്ങളെ പരിചയപ്പെടുത്തുന്നു. അകത്തും പുറത്തും അതുണ്ടാക്കുന്ന അസ്വസ്ഥതകളിൽക്കൂടി എഴുത്തും വായനയും കടന്നുപോകുമ്പോൾ ഒരുവേള ചുറ്റിലും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ കരിക്കോട്ടക്കരി ദൃശ്യമാകുന്നത്രയും സാർവ്വത്രികാനുഭവമായി നോവൽലെ ജീവിതം നമ്മെ ചിന്തിപ്പിക്കുന്നു.

നൂറ്റാണ്ടുകൾക്ക്‌ പിറകിൽ നിന്ന് തുടങ്ങുന്ന പുലയ (ദളിത്‌) ജീവിതത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ സംഘർഷങ്ങളെ തൊട്ടറിയാനുള്ളൊരവസരം ഈ നോവൽ നൽകുന്നുണ്ട്‌. വിരുന്നുകാർ വീട്ടുകാരായി ഉടമയെ അടിമകളാക്കി വെളുക്കെച്ചിരിക്കുന്ന അധിനിവേശതന്ത്രത്തിനൊപ്പം നിഷ്കളങ്ക-നിസ്സഹായത അധമ-വിധേയഭാവമായി മാറുന്നതിന്റെ സാമൂഹിക-സാംസ്കാരിക പ്രതലങ്ങളെക്കൂടെ നോവൽ ചർച്ചക്കെടുക്കുന്നു. അതിൽതന്നെ അടിമ ഉടമയായി വേഷം പുതുക്കുന്ന ഒരു പ്രച്ഛന്നകാലത്ത്‌ മർദ്ദകന്റെ അതേ ആയുധം ജീവിതത്തെ നയിക്കുന്ന അധികാരാനുനകരണം അതിന്റെ എല്ലാ ഹിംസാത്മകതയോടെയും പ്രവർത്തിക്കുന്നതും നോവൽ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമാണ്‌.

കേവലം ഒരു വ്യക്തി നടത്തുന്ന തന്റെ സ്വത്വാന്വേഷണം പ്രദേശപരിസരങ്ങളിൽ നിലനിൽക്കുന്ന നിഷ്കളങ്കവും നിർദ്ദോഷവുമായ നാട്ടുപേച്ചുകളിലും പണ്ഡിതമേശകളിലെ വിചാരിപ്പ്‌ വാർത്തകളിലെ ക്രൗര്യവാക്കുകളിലും ഒരുപോലെ തട്ടിത്തെറിച്ചസ്വസ്ഥമാകുന്ന കാഴ്ചയും കരിക്കോട്ടക്കരിയിൽ സുലഭം. ഇത്‌ അരിക്‌വത്കരിക്കപ്പെട്ട അധ:സ്ഥിത ജീവിതം അനുഭവിക്കുന്ന സാമൂഹികമായ പീഡാവസ്ഥയാണ്‌. തൊഴിൽ/ധനം/സമ്പത്ത്‌/അധികാരം ഇതൊക്കെയും ഇതിൽ കാരണമായിവരുമ്പോഴും ഇതൊന്നുമല്ലാത്ത മുഖ്യമായ ഒരു കാരണം മന:സ്ഥിതിയാണ്‌. ഉത്തമനെന്നും അധമനെന്നും വിധിച്ച്‌ വിലക്കിയും നിഷേധിച്ചും അപരസ്വത്വത്തെ കൈകാര്യം ചെയ്യുന്ന ഈ മന:സ്ഥിതി വിചാരണ ചെയ്യപ്പെടേണ്ടതാണ്‌. തീർച്ചയായും അതൊരു ക്രിമിനൽ കുറ്റം തന്നെയാവണം. അതിനുള്ള ഒരെളിയ ശ്രമം ഈ വിനോയ്‌ തോമസ്‌ ഈ നോവലിലൂടെ നടത്തുന്നുണ്ട്‌.

പരിവർത്തിത സമൂഹങ്ങളിലും മേൽസൂചിപ്പിച്ച ജാതി എന്ന ക്രിമിനൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പുലയക്രൈസ്തവ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പശ്ചാത്തലമാക്കിയുള്ള ഈ നോവൽ പറഞ്ഞുതരും. സംവരണമൊക്കെ ചർച്ചയാകുന്ന ദേശീയസാഹചര്യത്തിൽ കരിക്കോട്ടക്കരി എന്ന പ്രാദേശികാനുഭവം വലിയ വലിയ ഉത്തരങ്ങളാകുന്നുണ്ട്‌.

കൂട്ടുകാർ വാങ്ങി വായിക്കാൻ ശ്രമിക്കുക


കരിക്കോട്ടക്കരി: നോവല്‍
വിനോയ് തോമസ്‌
ഡിസി ബുക്സ്


2015 സെപ്റ്റം 15

ജീവിതാസക്തിയും വെളുത്തമരണവും

ജീവിതാസക്തി: എര്‍വിംഗ് സ്റ്റോണ്‍
വിവര്‍ത്തനം: ജയേന്ദ്രന്‍
ഡിസി ബുക്സ്
പേജ്: 192. രൂപ 110

ഒരുപക്ഷേ അത്രതന്നെ അല്ലലില്ലാതെ കഴിഞ്ഞുകൂടാമായിരുന്ന ഒരവസ്ഥയില്‍ നിന്നും അങ്ങേയറ്റം ക്ലേശകരമായ ഒരു ജീവിതാവസ്ഥയിലേക്ക് സ്വയം നടന്നുപോയ ഒരു ആത്മാന്വേഷകന്റെ/കലാ ഉപാസകന്റെ/ഉന്മാദിയുടെ/ ഒരു മനുഷ്യന്റെ സാക്ഷാല്‍ വിന്‍സെന്റ് വാന്‍ഗോഖിന്റെ ജീവചരിത്രനോവലാണ്‌ ജീവിതാസക്തി.

ആദ്യം ജോലിസ്ഥലത്തെ 'ഏര്‍സ്യുല'യാല്‍ പിന്നെ അമ്മാവന്റെ വിധവയായ മകള്‍ 'കേ'യാലും തിരസ്കരിക്കപ്പെട്ട പ്രണയം വഴിയോര ബാറില്‍ വെച്ച് കണ്ടുമുട്ടുന്ന ക്രിസ്റ്റീന്‍ എന്ന ലൈംഗീകതൊഴിലാളിയില്‍ കണ്ടെടുക്കപ്പെടുകയും ചെയ്യുന്ന വിന്‍സെന്റ്, അവരാലും ഉപേക്ഷിക്കപ്പെട്ട് പിന്നെയും  വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെക്കാള്‍ 20 വയസ്സിനിളപ്പമുള്ള ഒരു പതിനാറുകാരിപ്പെണ്കുട്ടിക്ക് ചെവിയറുത്ത് കൊടുക്കുന്നത്രയും പ്രണയാന്വേഷകനായിത്തുടരുന്ന തിരസ്കൃത ജീവിതത്തിന്റെയും ചരിത്രമാണ് ജീവിതാസക്തി.

ഒരു ചിത്രവില്പ്പനശാലയിലെ എടുത്ത്കൊടുപ്പുകാരനായ വിന്‍സെന്റ് തന്റെ മേഖല എന്തെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അയാളില്‍ ലീനമായ സൃഷ്ട്യോന്മുഖത ജീവിതത്തിന്റെ എല്ലാഘട്ടത്തിലും അയാളില്‍ ഈയൊരസ്വസ്വസ്ഥത പെരുപ്പിക്കുകയും ചിത്രരചനയുടെ വഴിയില്‍ പരീക്ഷണയാത്ര തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.  ചിത്രരചനാശ്രമങ്ങളുടെ രണ്ടാമത്തെ ഘട്ടത്തില്‍ ഖനിത്തൊഴിലാളികള്‍ക്കൊപ്പം തീര്‍ത്തും അവരിലൊരാളായുള്ള  ജീവിതം അയാളില്‍ ഒരു രാഷ്ട്രീയത്തെക്കൂടെ സന്നിവേശിപ്പിക്കയായിരുന്നു.പിന്നീട് കര്‍ഷകര്‍ക്കും നെയ്ത്തുകാര്‍ക്കും ഒപ്പം ഇടപഴുകാന്‍ ലഭിച്ച അവസരത്തില്‍ ഇത് ശക്തമാവുകയും തുടര്‍ന്നുള്ള രചനകളില്‍ ഈ രാഷ്ട്രീയാവബോധം  ഒരിടപെടല്‍ എന്ന നിലക്ക് തന്നെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.

അപസ്മാരത്തിന്റെ നീലഞരമ്പുകള്‍ വലിഞ്ഞ് പൊട്ടി ഒടുക്കം ബുദ്ധിയും ബോധവും നശിച്ച് ഇനി ചിത്രം വരക്കാനേ കഴിയില്ലേ എന്ന ഭയാശങ്ക കലശലാകുന്ന ഘട്ടത്തില്‍ സ്വയം നിറയൊഴിച്ചവസാനിക്കുന്ന വാന്‍ഗോഖ് പക്ഷെ ഇന്നും അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലൂടെ ജീവിക്കുന്നുവെന്നത് ഏത് കവിത കൊണ്ടാണ് മനസ്സിലാക്കേണ്ടതെന്നറിയാതെ കരഞ്ഞുപോകുന്ന സമയത്ത് എനിക്ക് പുസ്തകം അവസാനിക്കുന്നു.

തീര്‍ച്ചയായും ഇതില്‍ അതിശയിപ്പിക്കുന്ന ഒരു ജീവിതമുണ്ട്.  വിശ്വാസിയും മതവും തമ്മിലുള്ള സംഘര്‍ഷമുണ്ട്.  കലയും ജീവിതവും തമ്മിലുള്ള സംവാദമുണ്ട്.  കലഹപ്രിയരും കലാപകാരികളും വിഗ്രഹഭജ്ഞരുമായ കലാകാരന്മാരുണ്ട്.  എത്രതന്നെ നിഷേധിക്കപ്പെടുമ്പോഴും പിന്നെയും പിന്നെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അതിതീവ്രമായ പ്രണയാഭിലാഷമുണ്ട്.  എല്ലാത്തിനും അപ്പുറം ഇതില്‍ തിയോ വാന്‍ഗോഖ് എന്ന അത്ഭുതമുണ്ട്. മനുഷ്യരുണ്ട്‌.

പുസ്തകം വായിച്ച് ജീവിതത്തെ അനുഭവിക്കുക,


ശൂന്യമനുഷ്യര്‍: പി സുരേന്ദ്രന്‍
ഡിസി ബുക്സ്

വെളുത്തതും കറുത്തതുമായ മരണക്കുതിപ്പുകള്‍ക്കിടയിലെ ജീവിതക്കിതപ്പുകള്‍ ഇടക്കൊക്കെ വികാരപരമായും കൂടുതല്‍ ദാര്‍ശനികമായും മറ്റുചിലപ്പോള്‍ ഭ്രമാത്മകമായും അനുഭവിപ്പിക്കുന്ന മരണത്തിന്റെ അതോ ജീവിതത്തിന്റെ തന്നെയോ പുസ്തകമാണ് പി സുരേന്ദ്രന്റെ ശൂന്യമനുഷ്യര്‍.

ചങ്ങാതിയും സഞ്ചാരിയുമായ കൃഷ്ണചന്ദ്രന്‍ വാസുവിനോട് 'സല്ലേഖന'ത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നിടത്തുനിന്നാണ് വാസു പിന്നീട് കറുത്തതും വെളുത്തതുമായ മരണത്തെക്കുറിച്ച് എഴുതിത്തുടങ്ങുന്നത്. അതില്‍, പോലീസുകാരന്‍ സുന്ദരേശന്‍ പറയുന്ന ആത്മഘാതകരുടെ കഥകള്‍ ഒരു കുറ്റാന്വേഷണ ഡയറി മറിയുന്നത്രയും അവിശ്വസനീയതയും നടുക്കവും ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും ഒരു ചേച്ചിയുടെയും മറ്റൊരുമ്മയുടെയും ആത്മഹത്യകള്‍ വിവരിക്കുന്ന അദ്ധ്യായങ്ങള്‍. ഒരുപക്ഷേ, മറ്റനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി അത് ചില ഹിംസ-അക്രമണോത്സുകത കൂടെ പ്രകടമാക്കുന്നുണ്ട്.

ദേവികയുടെ മരണം പക്ഷെ, അവസാനത്തെ ആ ഒരൊറ്റ വാചകത്തില്‍ സ്തബ്ധരായിപ്പോകുന്നത്രയും വികാരോജ്ജ്വലമായ ഒരു ജീവിതം പറച്ചിലായിരുന്നു. നമ്മുടെ സൗന്ദര്യസങ്കല്പം വൈകല്യം ബാധിച്ചൊരാളെ എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്യുന്നതെന്ന്, ഒരാളുടെ ആശാഭിലാഷ'നുഭൂതികളെ പരിമിതപ്പെടുത്തുന്നതെന്ന്... ദേവികയില്‍ നിന്ന് പറിഞ്ഞുപോകുന്ന കൂട്ടുകാരന്‍ കേശവന്‍കുട്ടി ആ രതിവിയര്‍പ്പുണങ്ങിയ പനിക്കിടക്കയിലും ഉത്തരമില്ലാത്തവനാകുമ്പോള്‍ ഞെട്ടലാകുന്നുണ്ട്. ഇനിയുമൊരിക്കല്‍ക്കൂടി ആകസ്മികമായി ഒരാക്രമണത്തിലൂടെപ്പോലും ആശക്ക്‌ വകയില്ലെന്ന നിരാശയില്‍ നിന്നാണ് ദേവി മരണത്തെ വേള്‍ക്കുന്നത്. 'ഉടലിലെ കൊക്കരണികള്‍' വായനയില്‍ ഒരുയിര്കുടുക്കായിട്ടാണനുഭവപ്പെടുന്നത് അതുകൊണ്ടാണ്.

ഉന്മാദത്തിന്റെ നിറമേതായിരിക്കും..? പലനിറക്കോലങ്ങളില്‍ അത് ജീവിതത്തില്‍ കോറിവരകള്‍ നടത്തിയേക്കാം, ചിലപ്പോള്‍ അതൊരു കുത്തിപ്പരത്തലുമാകാം. അതെന്തുതന്നെയാലും ഉന്മാദത്തിന്റെ നീലവര്‍ണ്ണസാധ്യതയാണ് 'വാര്യേത്ത് വീട്ടിലെ ശ്രീധരന്‍ മാഷ്‌'ന്റെ മരണമെഴുത്ത് പറയുന്നത്. ഉന്മാദത്തിന്റെ കയറ്റിറക്കങ്ങളില്‍ ഒരിക്കല്‍പ്പോലും സൗമ്യത കൈവെടിഞ്ഞിട്ടില്ലാത്ത മാഷ്‌ അതെ നിഷ്കളങ്ക ബുദ്ധിയാല്‍ ബലിത്തറയില്‍ ആടിന് പകരം മകന്റെ ശിരസ്സറുക്കുമ്പോള്‍, ഉന്മാദം തീണ്ടിയ ശരീരം നീലിച്ചുതുടങ്ങിയിരുന്നിരിക്കണം. മറ്റുനിറങ്ങളെയെല്ലാം അപ്രസക്തമാക്കി കറുത്തമരണത്തിലേക്ക് മാഷിനെ പായിക്കുന്നത് ഉന്മാദത്തിന്റെ ഈ നീലവര്‍ണ്ണമാണ്. നീലയില്‍ നിന്നും കറുപ്പിലേക്കധികദൂരമില്ലെന്നാണ് മാഷിന്റെ ഉന്മാദമൊഴിഞ്ഞല്പ'നേരജീവിതം വായനക്കാരോട്  പറയുന്നത്.

മാജിക്കല്‍ റിയലിസത്തിന്റെ അനുരണനങ്ങള്‍ പ്രകടമാക്കുന്ന 'കവിയുടെ ശിരസ്സ്' നോവലിലെ വ്യത്യസ്തമായ ഒരാഖ്യാനമാണ്. സത്യാ-മിഥ്യ ആലോചന'ഭാരത്താല്‍ കുഴമറിഞ്ഞ സന്ദേഹമനസ്സിലേക്ക് മനോഹരങ്ങളായ സ്വപ്നങ്ങളും അനുഭവങ്ങളും ഭാവനാലോകവും കാണിച്ച് ഭ്രമിപ്പിക്കുന്ന ഒരു മാന്ത്രികത നാരായണവാര്യരെന്ന കവിയുടെ ജീവിതത്തിനുണ്ട്. ഒരുപക്ഷെ, ഈ മരണപുസ്തകത്തില്‍ വികാര-വിചാര തലത്തില്‍ ഒരുപോലെ ആവേശിച്ച ഒരു ജീവിതം നാരായണവാര്യരെന്ന ഈ കവിയുടെതാണ്.

ജീവിതത്തിലെ ഏറ്റം വിശ്വസ്തമായ ഒരു സാധ്യതയെ ജീവിതം തന്നെയായി പുനരാലോചിപ്പിക്കുന്ന ഒരു വിചാരശാന്തത ഈ നോവല്‍ വായന നല്‍കുന്നുണ്ട്. ഒരുപക്ഷെ,  ജീവിക്കാന്‍ വേണ്ടി മരിക്കുന്നു എന്നാരെങ്കിലും ജീവിതത്തെക്കുറിച്ച് സ്വപ്നം കണ്ടാല്‍ അതുമൊരു സാധ്യതയാണെന്നതിനോട് പ്രതികരിക്കാന്‍ ശൂന്യമനുഷ്യര്‍ വായനക്കൊടുവില്‍ നമുക്കൊപ്പം പോരുന്നുണ്ട്.

പി സുരേന്ദ്രന്‍ ചെയ്ത 'ശൂന്യമമനുഷ്യര്‍' എന്ന ഈ നോവല്‍ ഡിസിയാണ് പ്രസിദ്ധപ്പെടുത്തിയത്. വാങ്ങി വായിക്കാന്‍ ശ്രമിക്കുക എന്നെഴുതി ഈ കുറിപ്പവസാനിപ്പിക്കുന്നു, വായനാശംസകള്‍.!

2015 ജൂൺ 7

ഭൂപടം കുഴിക്കേണ്ട വിധം

ഒറ്റ നോട്ടത്തില്‍ ഒന്നുമില്ലെന്ന് തോന്നുമെങ്കിലും ഒരു വിരല്‍ദൂരമാഴത്തില്‍ കുഴിച്ചാല്‍ ദൃശ്യപ്പെടുന്ന കഥകള്‍ നമ്മുടെതന്നെ രാഷ്ട്രീയചരിത്രബോധത്തെ ദൃഢമാക്കുന്നത്രയും ശക്തവും സംവാദാത്മകവുമാണ്.

ഏതൊരു പ്രദേശത്തിനും അതിന്റേതായ ഒരു ചരിത്രമുണ്ടാകണം. ജീവിതവും. വിശേഷിച്ചും സഹവര്‍ത്തിത്ത സാമൂഹികതയുടെതായ ഒരുനീണ്ട ജീവിതം ഈ ഗ്രാമങ്ങളുടെയെല്ലാം ഉള്ളുകളില്‍ സജീവമായിരിക്കണം. ഭാഷയില്‍/സംസ്‌കാരത്തില്‍/സാമ്പത്തികബന്ധങ്ങളില്‍/ജീവിതത്തില്‍ എല്ലാം അവരുടേത് എന്ന് അടയാളപ്പെടുന്ന സ്വഭാവശൈലീശീലങ്ങള്‍ കാണാം. ഈയൊരു ജീവിതത്തിന്റെ സമാഹാരമാണ് പിന്നീട് നാം ചരിത്രം എന്ന് വിശേഷിപ്പിക്കുന്ന ഓരോ വായനയും.

ആ അര്‍ത്ഥത്തില്‍ ‘നെഹ്രു ഇന്ത്യാരാജ്യത്തിന്റെ ചരിത്രമെഴുതിയത് പോലെ ഞാന്‍ ഈ അത്തിക്കാട്‌ന്റെ ചരിത്രവുമെഴുതും’ എന്ന് ചെറുകാടിന്റെ മണ്ണിന്റെ മാറിലെ കര്‍ഷകന്‍ പറയുമ്പോലെ ജിംഷാറിന്റെ നോവലും ‘തണ്ണീക്കോട്’ന്റെ ചരിത്രം എഴുതുകയാണ്. വംശ-രക്ത-ഭാഷാ-വിശ്വാസ-ആചാര ശുദ്ധിവാദത്തിന്റെ സങ്കുചിതത്വത്തിലൂന്നിയ അക്രമാസക്ത പ്രാദേശികത്വത്തിന് ബദലായുള്ള, ആദാന- പ്രദാന-സഹവര്‍ത്തിത്ത-ബഹുസ്വര-സാമൂഹികതയിലൂന്നിയ സര്‍ഗ്ഗാത്മക പ്രാദേശികതയെയാണ് ജിംഷാര്‍ ഈ നോവലിലൂടെ കുഴിച്ചെടുക്കുന്നത്.

അബൂട്ടി ഔലിയയും സീമന്തിനി ദേവിയും/അയലക്കുന്നും സീമാന്തിനിപ്പുഴയും/ചാത്തന്‍കുട്ടിയും മയ്യത്തുകളും/മാധവന്‍ നായരും പള്ളിപ്പണിയും തുടങ്ങി സക്കരിയയ്യയും നിരജ്ഞനയും എന്ന് വര്‍ത്തമാനത്തിലെത്തി നില്‍ക്കുമ്പോള്‍ ഈ പ്രാദേശിക ചരിത്യാഖ്യാനത്തിന്റെ താത്പര്യം വ്യക്തമാകുന്നുണ്ട്.

ദേവിയോടും ഔലിയയോടും ഒരേസമയം തേടുന്ന ജനത ബഹുസ്വരജീവിതത്തെ ആന്തരികമായി സ്വാംക്ഷീകരിച്ച സാംസ്‌കാരികജീവിതത്തിന്റെ ചരിത്രാനുഭവങ്ങളായാണ് നോവലില്‍ പ്രത്യക്ഷ്യപ്പെടുന്നത്. അത് തണ്ണീര്‍ക്കോട്‌ന്റെ മാത്രം പ്രത്യേകതയല്ല. ഒരുപക്ഷെ, തൊണ്ണൂറുകള്‍ വരെയും നമ്മുടെയൊക്കെയും ഗ്രാമപ്രദേശത്തെ ജീവിതത്തില്‍ ഈയൊരു സാംസ്‌കാരിക സഹൃദയത്വം നിലനിന്നുപോന്നിരുന്നു. നോവലില്‍ ബാബരിക്കാലം (മ’അദനി) പരാമര്‍ശിക്കുന്നതിലൂടെ വ്യക്തമാകുന്ന ഒരു വര്‍ത്തമാന ചരിത്രമുണ്ട്. അത് അതുവരെയും നിലനിന്നുപോന്നിരുന്ന നമ്മുടെ സാംസ്‌കാരിക ജീവിതത്തെ എങ്ങനെയാണ് തലതിരിച്ച് കുത്തനെപ്പിടിച്ച് നിറുത്തിയത് എന്നതിന്റെ സൂചന കൂടെയാണ്.

ഇര എന്ന വാക്ക് നമ്മുടെ രാഷ്ട്രീയ വ്യവഹാര മണ്ഡലങ്ങളില്‍ ഇന്നത്തെ അത്രയും പ്രചാരത്തിലില്ലാത്ത ബാബരിധ്വംസനാനന്തര അരക്ഷിത മുസ്ലിം കേരളത്തിന് മുന്‍പിലാണ് ഇരവാദവും ഇര രാഷ്ട്രീയവും കടന്നുവരുന്നത്. ഈ രാഷ്ട്രീയത്തിന് ഒരു വശത്ത് വെറുപ്പിന്റെയും മറുവശത്ത് ഭയത്തിന്റെയും രാഷ്ട്രീയം സംഭവിക്കേണ്ടതുണ്ട്. അതിന് അപരത്വനിര്‍മ്മാണം അതിഭീകരമാംവിധം ജീവിതത്തിന്റെ സമസ്തമേഖലകളിലും ആവശ്യമാണ്. അതുവരെയും നാം ആര്‍ജ്ജിച്ചെടുത്ത നവോത്ഥാനന്തര ആധുനിക സാമൂഹ്യബോധജീവിത വിചാരത്തെയും കൂടെയാണ് ഈ അപരനിര്‍മ്മാണം തകര്‍ത്ത് കളയുന്നത്. ഇത് മനുഷ്യനെ പിന്നെയും പിന്നെയും ഇരയാക്കുകയും തുരുത്തിലേക്ക് തളക്കുകയും സ്വന്തത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന പ്രതിലോമ പ്രവര്‍ത്തനമാണ്.

ഈയൊരു സാഹചര്യത്തിലാണ് കൂടുതല്‍ കൂടുതല്‍ ഒറ്റയാകാനുള്ള ശ്രമങ്ങള്‍ നമ്മുടെ സാംസ്‌കാരിക രാഷ്ട്രീയമണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. നാട്ടുനടപ്പെന്ന് സാമാന്യമായി പറഞ്ഞുപോന്നിരുന്ന സാംസ്‌കാരിക കൊടുക്കല്‍  വാങ്ങലുകളുടെ ഭാഗമായി നമ്മുടെ സാംസ്‌കാരിക ഇടത്ത് നിലനിന്നുപോന്നിരുന്ന നേര്‍ച്ച ഉറൂസ്പൂരം/ഇതിന്റെയൊക്കെ ഭാഗമായുള്ള മതേതര ഉത്സവങ്ങള്‍ ആഘോഷങ്ങള്‍/കൊടിയേറ്റം ചന്ദനമെടുപ്പ് പോലുള്ള സാംസ്‌കാരിക കൈമാറ്റങ്ങള്‍/ഇതിലൂടെയൊക്കെ പങ്കുവെക്കപ്പെടുന്ന സാംസ്‌കാരിക സഹൃദയത്വം ഇതൊക്കെയുമാണ് ഈ ഒറ്റയാകലിലൂടെ നിഷിദ്ധമാക്കപ്പെടുന്നതും കയ്യൊഴിക്കപ്പെടുന്നതും ഫലം: സാംസ്‌കാരികമായ അന്യത്വവും.

അബൂബക്കറിനെക്കൊണ്ട് സുബൈദയെ മറിയമെന്നും മകന്‍ മുസ്തഫയെ ഈസയെന്നും തോന്നിപ്പിച്ച നാടിന്റെ ബോധമായ സൈദ് മൊല്ലാക്കയെന്ന മനുഷ്യജീവിതത്തെ മരണാനന്തരം മിത്താക്കി എക്കാലത്തേക്കുമായി സ്വന്തമാക്കുന്ന നാടിന്റെ സംസ്‌കാരികോത്സവമായ നേര്‍ച്ച, യഥാര്‍ത്ഥത്തില്‍ നൂറുകോടികളദിവസിക്കുന്ന പ്രവിശാലമായ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യദിനമാണെന്നത് പ്രാദേശികജീവതത്തിന്റെ നിഷ്‌കളങ്കമായ സര്‍ഗ്ഗാത്മകതയെയാണ് കാണിക്കുന്നത്. ഒരുപക്ഷെ, ഇന്ത്യന്‍ സ്വാതന്ത്ര്യം പോലും ചര്‍ച്ചയാകുന്നത് സൈദ് മൊല്ലക്ക് ശേഷമാണെന്നാണ് ഈ നേര്‍ച്ച പറയുന്നത്.

ഈ നേര്‍ച്ചയും അനിസ്‌ലാമികമെന്ന് വിലക്കി അന്നോളം ആഘോഷിച്ചുപോന്നിരുന്ന സഹവര്‍ത്തിത്തസാംസ്‌കാരിക ജീവിതത്തെ നിഷേധിക്കയാണ് ഈ പ്രതിലോമരാഷ്ട്രീയം ചെയ്യുന്നത്. മറുവശത്ത് സീമന്തിനിപ്പുഴയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന വെറുപ്പിന്റെ രാഷ്ട്രീയവും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ നിരന്തരം സാമൂഹ്യ ജീവിതത്തിലെ ഇഴുകിച്ചേരലിനെ നിരാകരിച്ചുകൊണ്ട് ഒറ്റയാകലിനെ നിര്‍ബന്ധിപ്പിക്കുന്ന ഭയത്തിന്റെ (വെറുപ്പിന്റെയും) രാഷ്ട്രീയത്തെയും ചെറുത്ത് സാംസ്‌കാരിക ഇടങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളിലെ സഹൃദയ ബന്ധുത്വത്തെ സ്വീകരിക്കുമ്പോഴാണ് വെറുപ്പിന്റെ (ഭയത്തിന്റെയും) രാഷ്ട്രീയത്തെ അതിന്റെ ശരിയായ രീതിയില്‍ സാംസ്‌കാരികമായും രാഷ്ട്രീയമായും പ്രതിരോധിക്കാനാവുകയുള്ളൂ എന്ന് നോവല്‍ അതിന്റെ ഭൂപടത്തെ കുഴിച്ച് ഭൂതകാല ജീവിതത്തെ പറയുമ്പോള്‍ നോവല്‍ വായന തന്നെ ഒരു രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്നുണ്ട്.

 ഏതാണ്ട് നൂറുകൊല്ലത്തിനടുത്ത ജീവിതം പറയുന്ന നോവലിന്റെ ഭാഷക്കും അത്രേം വര്‍ഷത്തെ പഴക്കമുണ്ട്. ക്രമേണ ക്രമേണ മാറ്റം സംഭവിക്കുന്ന ഭാഷയില്‍ പിന്നീട് സംഭവിക്കുന്ന വിഭവവിനിമയ മാധ്യമങ്ങളുടെ വളര്‍ച്ചയിലെ സ്വാഭാവിക സ്വാധീനം പ്രകടമാണ്. അത്രയും സൂക്ഷ്മത ഭാഷയുടെ കാര്യത്തില്‍ നോവല്‍ പുലര്‍ത്തുന്നുണ്ട്. സാധാരണയായി പരിഹസിക്കുകയോ കോമഡിവത്കരിക്കുകയോ ചെയ്യുന്ന സാഹിത്യം ഈ നോവലില്‍ മലബാറിനെ അതിന്റെ ജൈവികതയില്‍ സമീപിച്ചു എന്നാണ് ശ്രദ്ധേയമായിട്ടുള്ളത്. അതും നോവല്‍ മുന്നോട്ട് വെക്കുന്ന സാംസ്‌കാരിക ഉള്ളടക്കത്തോടുള്ള സമീപനത്തിന്റെ ഭാഗമായുള്ള സത്യസന്ധതയുടെ ഭാഗമാണെന്നാണ് മനസ്സിലാക്കുന്നത്. തിരിപാട്-മോന്തി-മൊയന്ത്-ഈറ-തോനെ-ചുറ്റോറം-മോറ് -തലക്കാംപുറം-അന്ത്രപ്പാട്-വിക്രസ്സ്-പയ്പ്പ്-നടോത്ത്-കൂറ്റ്- പൗ് ഇങ്ങനെയെത്രയെത്ര സത്യങ്ങളാണ് നോവലില്‍ പൗസാക്ക് കാട്ടി നില്‍ക്കുന്നത്.


പുസ്തകം : ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ (നോവല്‍)
രചയിതാവ് : പി. ജിംഷാര്‍

2015 മേയ് 9

ലീല

വിചിത്ര കാമനകളുടെ വിസ്മയക്കൂടാണ്‌ കുട്ടിയപ്പൻ. അത്‌ ചിത്രീകരിക്കുന്നിടത്ത്‌ മണ്ണാറത്തൊടീലെ ജയകൃഷ്ണൻ ഒളിപാത്തുനോക്കുന്നത്‌ ജയകൃഷ്ണന്റെ സ്വാധീനം വായിക്കുന്ന എന്നിലുള്ളതുകൊണ്ടാകാം എന്ന് ലീലയുടെ മൗലികതയെ വിശ്വസിക്കുന്നു. ഇനിയുള്ള വാചകങ്ങൾ അതിനെ സാധൂകരിക്കുന്നു.

ലീലയിലെ ശ്രദ്ധേയമായ ഒരു സംഗതി ഇവർക്കിടയിലേ (കുട്ടിയപ്പനും പിള്ളെച്ചനും) സംഭാഷണത്തിലെ പരിഹാസ്യോദ്ദീപകമായ നന്നേ കറുത്തതും ഉൾപ്പിരിവുകളുമുള്ള തമാശകളാണ്‌. ഇടക്കിടെ ഭാണ്ഡമഴിഞ്ഞുവീഴുന്ന ലോകകാര്യങ്ങളിലെ രാഷ്ട്രീയ നിരീക്ഷണവും ലീലയെ വേറെ ഒരു മാനത്തിലെത്തിക്കുന്നുണ്ട്‌.

പിന്നെ, എടുത്തുപറയേണ്ടുന്ന ഒന്ന് കൃത്രിമമെന്ന് തോന്നിപ്പിക്കുന്ന അട്ടഹാസങ്ങളിലൂടെ എത്താകൊമ്പുകളിലേക്ക്‌/ഓടുന്ന വണ്ടിയിലേക്ക്‌ ഒക്കെ പായിക്കുന്ന പൊള്ളച്ചിരികൾ ത്രില്ലൊടുങ്ങുമ്പോൾ ബാക്കിയാകുന്ന നിസാരതയെയാണ്‌ സൂചിപ്പിക്കുന്നത്‌. അതുപക്ഷേ അപരനിലേൽപ്പിക്കുന്ന മുറിവാഴങ്ങൾ അളക്കാനാവാത്തതായിരിക്കും. മേൽസൂചിപ്പിച്ച നിസ്സാരത അതവതരിപ്പിക്കാനുപയോഗിച്ച പ്രയോഗനിർമ്മിതി സൂക്ഷമതലത്തിൽ ഒരു കവിതയുടെ സുഖം നൽകുന്നത്‌ ഇതിലെ വിചിത്രമായ മറ്റൊരു സംഗതിയാണ്‌ . ലീലയിൽ ഇങ്ങനെ അതിന്റെ ചില പ്രയോഗ രസങ്ങളിൽ വേറെയും കവിതകൾ കാണാം.

അതുപോലെത്തന്നെയാണ്‌ വായനയുടെ ഓരോ അടരിലും വെളിവാകുന്ന സ്വയംപരിഹാസ്യത്തിന്റേതായ മുനകൂർത്ത ചിരികൾ. അത്തരം സന്ദർഭങ്ങളിൽ പിള്ളേച്ചനും കുട്ടിയപ്പനും നമ്മെ ആദ്യം രസിപ്പിക്കേം ചിരിപ്പിക്കേം ചെയ്യുമെങ്കിലും അടുത്ത നിമിഷത്തിൽ ചിരിയെ അർദ്ധോക്തിയിൽ നിറുത്തി ചിന്തിപ്പിക്കുന്നത്‌ കാണാം.

അങ്ങനെ ഒരു സന്ദർഭമാണ്‌ ലീല. ലീല എന്ന പേര്‌ തന്നെ വലിയ വ്യാഖ്യാനക്ഷമത നൽകുന്ന ഒന്നാണ്‌. അത്‌ ആ പെൺകുട്ടിയുടെ പേരെല്ലെന്നിരിക്കെ വാങ്ങുന്ന/ഉപയോഗിക്കുന്ന കുട്ടിയപ്പൻ എന്ന മനുഷ്യന്റെ ഉദ്ദേശ്യമാണ്‌ ലീല. അയാളെത്ര വിചിത്ര സ്വഭാവക്കാരനാകുമ്പോഴും ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പും വിനോദാപാധിയുമാണ്‌ ലീല. ലൈംഗീകത വിലക്ക്‌ വാങ്ങുമ്പോൾ ചരക്കായി മാറുന്ന പെണ്ണിന്റെ ശബ്ദമില്ലായ്മയാണ്‌ ലീല.


മറ്റു സ്ത്രീ സാന്നിദ്ധ്യമായ ഉഷയും ബിന്ദുവും  ഇങ്ങനെ കുട്ടിയപ്പന്‍ വിലക്ക്‌ വാങ്ങിയ വിചിത്ര ലൈംഗീകതയുടെ അടയാളങ്ങളാണ്‌ . ആനയുടെ തുമ്പിക്കയ്യിൽ നിറുത്തി കൊമ്പുകളിൽ പിടിച്ച്‌ എനിക്കൊരു പെണ്ണിനെ ഭോഗിക്കണം. എനിക്കതിനൊരു ആനയെ വേണം. പിന്നെ ഒരു പെണ്ണും. ഈ വിചിത്രാവശ്യത്തിന്റെ ഒടുക്കത്തിലാണ്‌ കഥ ലീലയിലെത്തി നിൽക്കുന്നത്‌.

ദാസപ്പാപ്പിയും പാപ്പാൻ പണിക്കരും തങ്കപ്പൻ നായരും എല്ലാം ലീലയിൽ അധികമല്ലെന്ന് പാത്രങ്ങളുടെ വ്യക്തിത്വസാന്നിദ്ധ്യംകൊണ്ട്‌ തെളിയിക്കുന്നുണ്ട്‌. ഏലിയാമ്മയും അമ്മച്ചിയും എല്ലാം അങ്ങനെത്തന്നെ.! തോമയാണോടാ എന്ന അമ്മച്ചിയുടെ അന്വേഷണം പുറപ്പെട്ടുപോയ ഏതോ ഒരു നന്മയെ പ്രതീക്ഷിച്ചുള്ളതാകാം എന്നൊരു വിചാരത്തിലൂടെയാണ് എന്റെ വായന കടന്ന് പോയത്‌.

എന്തായാലും ലീല സിനിമയാകുമെങ്കിൽ (അങ്ങനെ ചില വാർത്തകൾ ഉണ്ടായിരുന്നു) ഞാനത്‌ കാണില്ലെന്ന് ഉറപ്പിച്ചിരിക്കയാണ്‌.

വായന ശീലമാക്കിയവർ 'ഉണ്ണി ആർ'ന്റെ  'ലീല' വായിക്കാതിരിക്കരുത്‌.

2014 ഒക്ടോ 28

നിൽപ്പ് സമരം രാഷ്ട്രീയപ്രമേയം – അടയാളം ഖത്തർ


സ്വന്തം വേരുകൾ തേടുന്ന ഒരു ജനത, തങ്ങളുടെ ആവാസവ്യവസ്ഥയിൽ നിന്ന് തന്ത്രപൂർവ്വം ആട്ടിയോടിക്കപ്പെട്ട ഒരു ജനത, പരിഷ്കൃതരെന്ന് മേനി നടിക്കുന്നവരുടെ അത്യാഗ്രഹത്തിനും ചൂഷണത്തിനും സ്വാർത്ഥതയ്ക്കും സ്വന്തം സ്വസ്ഥ ജീവിതം തന്നെ വിലയായി കൊടുക്കേണ്ടി വന്ന ഒരു ജനത, മാസങ്ങളായി കേരളത്തിന്റെ പൊതു മനഃസാക്ഷിക്ക് മുന്നിൽ രാഷ്ട്രീയ പ്രബുദ്ധതയെന്ന അവകാശവാദങ്ങളെ ശക്തമായി ചോദ്യം ചെയ്തുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ ഇടമില്ലാത്തവരുടെ പുതിയ പ്രതിഷേധരൂപവുമായി നിൽപ്പ് സമരത്തിലാണു. ഭൂമി കിട്ടാതെ, ഇരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്ന് അവർ ഉറക്കെയുറക്കെ പ്രഖ്യാപിക്കുമ്പോൾ നമ്മളും അതിൽ അണിചേരുകയും അവരുടെ ജീവന്മരണ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

   ലോകത്തിന്റെ ചരിത്രവും വർത്തമാനവും പരിശോധിക്കുമ്പോൾ എല്ലാ അധിനിവേശങ്ങളുടേയും ഏറ്റവും ക്രൂരമായ ഇരകൾ ആ മണ്ണിന്റെ യഥാർത്ഥ അവകാശികളാണു. ഇവിടേയും അധികാരരാഷ്ട്രീയത്തിന്റേയും മുതലാളിത്ത ചൂഷണത്തിന്റേയും നിശ്ശബ്ദരായ ഇരകളാണു ആദിവാസികൾ. ജനിച്ച് വളർന്ന മണ്ണെന്ന കാല്പനികതയ്ക്കപ്പുറം സ്വന്തം മണ്ണിൽ കൃഷി ചെയ്ത് ജീവിക്കാനുള്ള പ്രാഥമികാവകാശത്തിനുവേണ്ടിയുള്ള സമരമാണിത്. സ്വാതന്ത്ര്യസമരവും അത് മുന്നോട്ട് വച്ച ജനകീയ താല്പര്യങ്ങളും മനുഷ്യാവകാശവും ആദിവാസികളുടെ സവിശേഷ പ്രശ്നങ്ങളിലും അവർക്ക് മറ്റ് ഏത് ജനവിഭാഗങ്ങളേയും പോലെ ഭൂമിയുടെ മേലുള്ള അവകാശത്തിന്റെ പ്രശ്നങ്ങളിലും ദിശാബോധത്തോടെയുള്ള ഇടപെടലുകൾ നടത്താൻ സ്വാതന്ത്ര്യാനന്തര ഗവണ്മെന്റുകളെ നിർബന്ധിതരാക്കി. അതിന്റെ ആദ്യപടിയായി മുന്നോട്ട്  വെക്കപ്പെട്ട യു എൻ ധേബർ സമിതി റിപ്പോർട്ട് 1950 ജനുവരിയ്ക്ക് ശേഷമുള്ള എല്ലാ കയ്യേറ്റങ്ങളേയും കൈമാറ്റങ്ങളേയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതായിരുന്നു. എന്നാൽ ഇത് നടപ്പിലാക്കുന്നതിനുള്ള യാതൊരു രാഷ്ട്രീയ ധാർമ്മികതയും സർക്കാരുകൾ കാണിച്ചില്ലെന്ന് മാത്രമല്ല, അതിനെയൊക്കെ അട്ടിമറിക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള ഭരണവർഗ്ഗ പാർട്ടികളുടെയെല്ലാം സമീപനം.

കേരളത്തിന്റെ യഥാർത്ഥ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ ആദിവാസി മേഖലകളിലെ രാഷ്ട്രീയപ്രക്ഷോഭങ്ങൾ വളരെ സജീവമാകുന്നത് 1970 കളിലാണെന്ന് കാണാം. ഈ സജീവസമരങ്ങൾക്ക് ആദിവാസികളുടെ പ്രശ്നങ്ങൾ അവഗണിക്കാൻ പറ്റാത്ത വിധം പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണു അവയുടെ ചരിത്രപരവും അനിഷേധ്യവുമായ പ്രാധാന്യം. ഈ സമരങ്ങളെത്തുടർന്ന് 1975 ൽ ആദിവാസിപ്രശ്നങ്ങൾ പരിഹരിക്കാൻ എന്ന വ്യാജേന കേരള നിയമസഭ കേരളാപട്ടികവർഗ്ഗ നിയമം കൊണ്ടുവന്നു. എന്നാൽ ഈ നിയമപ്രകാരം 1960 വരെ നടന്ന കയ്യേറ്റങ്ങൾ എല്ലാം നിയമവിധേയമാക്കുകയും അതുവഴി കൈയ്യേറ്റക്കാരെ സഹായിക്കുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തുകയുമാണു ചെയ്തത്. 1950-1960 കാലഘട്ടങ്ങളിലാണു ഈ കയ്യേറ്റങ്ങൾ ഏറെയും കേരളത്തിൽ നടന്നത് എന്ന വസ്തുത പരിശോധിക്കുമ്പോൾ, എത്ര മാത്രം രാഷ്ട്രീയ സത്യസന്ധതയില്ലായ്മ ഈ ജനവിഭാഗങ്ങളോട് സർക്കാരുകൾ കാണിച്ചിട്ടുണ്ട് എന്നതും നഗ്നമായ ചൂഷണത്തിനു ജനപ്രതിനിധികൾതന്നെ കൂട്ടുനിൽക്കുന്നു എന്നതും നമ്മുടെ സകലപ്രതീക്ഷകളേയും തകിടം മറിക്കുന്നു.

ആദിവാസികളുടെ അടിസ്ഥാനപ്രശ്നങ്ങളോട് പൊതുവേ അലംഭാവം കാണിക്കുന്ന എല്ലാ ഗവണ്മെന്റുകളും 1975 ൽ പാസാക്കപ്പെട്ട ഈ നിയമം പതിനൊന്ന് വർഷത്തോളം അവഗണിക്കുകയായിരുന്നു. പിന്നീട് 1986 ലാണു ഇത് നടപ്പിലാക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരുന്നത്. തുടർന്നും കൈയേറ്റ ഭൂമികൾ തിരിച്ചുപിടിക്കാനും പരാതികൾ പരിഹരിക്കാനും നാമമാത്രമായ ശ്രമങ്ങളാണു സർക്കാരുകൾ നടത്തിയത്. തുടർന്ന് നല്ലതമ്പി തേരയുടെ നേതൃത്വത്തിൽ നടന്ന നിയമയുദ്ധങ്ങൾ ഈ നിയമം നടപ്പിലാക്കാൻ ഹൈക്കോടതി ഉത്തരവിടുന്നതുവരെ നീണ്ടുനിന്നതായിരുന്നു. ഈ വിധി നടപ്പിലാക്കുന്നതിനെതിരെപ്പോലും പുതിയ ബില്ലുകൾ ഭരണ-പ്രതിപക്ഷ  വ്യത്യാസമില്ലാതെ പാസാക്കി ഈ കാടിന്റെ മക്കൾക്ക് അവരുടെ ഭൂമി തിരിച്ചു പിടിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമായി അപ്രാപ്യമാക്കുകയും ആയിരുന്നു.

1996 ലെ സര്ക്കാമര് പാസാക്കിയ പുതിയ നിയമം, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിക്കേണ്ട വര്ഷംാ 1960 -ൽ നിന്ന്  1986 ആക്കി മാറ്റി. പിന്നീട് 1999 ലെ നിയമം, രണ്ടര ഹെക്ടര്‍ വരെയുള്ള കയ്യേറ്റങ്ങള്‍ നിയമ വിധേയമായി പ്രഖ്യാപിക്കുകയും ഭൂമിയുടെ യഥാര്ത്ഥ  അവകാശികളായ ആദിവാസികള്ക്ക്  മറ്റ് ഭൂമി വാഗ്ദാനം നല്കുകയും ചെയ്തു. അങ്ങനെ, ആദിവാസികളുടെ ഭൂമിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍, ആദിവാസികളെ ഭൂമിയില്‍ നിന്നും അടിച്ചിറക്കിയവര്ക്ക്  അനുകൂലമായ നിയമമാക്കി മാറ്റുകയായിരുന്നു. ഇത് വിശകലനം ചെയ്യുമ്പോൾ ആദിവാസികൾ അനുഭവിക്കുന്ന സാമൂഹ്യ അനീതിക്കൊപ്പം രാഷ്ട്രീയ അവഗണനയും ചൂഷണവും അതിരുകളില്ലാത്തതാണെന്ന് മനസിലാക്കുന്നു.

ഇതിനെതിരെ ആദിവാസി സംഘടനകളും ജനാധിപത്യശക്തികളും നടത്തിയ സമരങ്ങൾ ഒന്നും ലക്ഷ്യപ്രാപ്തിയിലെത്തിയില്ല.  അത്തരമൊരു സാഹചര്യത്തിലാണു 2001-ൽ സെക്രട്ടറിയേറ്റിനുമുന്നിലുള്ള കുടിൽ കെട്ടി സമരവും പിന്നീട് മുത്തങ്ങാ സമരവും ഇപ്പോഴത്തെ നില്പുസമരവും എല്ലാം നടക്കുന്നത്. കേരള സര്ക്കാ രുമായി 2001 ഒക്ടോബറില്‍ ഉണ്ടാക്കിയ ഒത്തുതീര്പ്പ്  വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാണു നില്പുസമരത്തിലൂടെ ഇന്നും ആവശ്യപ്പെടുന്നത്. 

അന്യാധീനപ്പെട്ട എല്ലാ ആദിവാസി ഭൂമിയും തിരികെ പിടിക്കുക / കേന്ദ്ര സര്ക്കാ്ര്‍ അനുമതി നല്കിനയ പത്തൊൻപതിനയിരത്തി അറുന്നൂർ ഏക്കര്‍ വനഭൂമി പതിച്ചു നല്കാ‍ന്‍ സര്ക്കാനര്‍ വിജ്ഞാപനമിറക്കുക /വനാവകാശ നിയമപ്രകാരമുള്ള വനാവകാശവും പാരമ്പര്യാവകാശവും അനുസരിച്ച് പട്ടയം നല്കുകക/ജലസേചനം പാരമ്പര്യ കൃഷി എന്നിവക്ക് ഊന്നല്‍ നകുന്ന കാര്ഷിലക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ എത്രയും വേഗത്തില്‍ നടപ്പില് വരുത്തണമെന്ന് ഈ പ്രമേയം ആവശ്യപ്പെടുന്നു.

 ആദിവാസി ഊരുഭൂമി അഞ്ചാം പട്ടികയില് ഉള്പ്പെടുത്തി പട്ടിക വര്ഗ്ഗ മേഖലയായി പ്രഖ്യാപിക്കുന്നത്, ഭാവിയിലും അന്യാധീനപ്പെട്ടു പോകുന്ന ഭൂമിയെ സംരക്ഷിച്ചു പിടിക്കാൻ അത്യാവശ്യമാണെന്ന് ഈ പ്രമേയം വിലയിരുത്തുന്നു. അതിനു വേണ്ടി സമഗ്രമായ ഒരു നിയമ നിര്മ്മാണം നടത്തുന്നതിനും അതോടൊപ്പം ആദിവാസിഭൂമിയിലേയ്ക്കുള്ള കൈയേറ്റങ്ങൾ നിയമം മൂലം നിരോധിച്ച് ആദിവാസി ഇതര സമൂഹത്തിനുള്ള തുടർ പട്ടയവിതരണ നടപടികളിൽ നിന്നും സർക്കാർ പൂർണ്ണമായും പിൻ വാങ്ങണമെന്നും  ഈ പ്രമേയം സർക്കാരിനോട് ആവശ്യപ്പെടുന്നു.
വനമേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പൂർണ്ണമായി വനവാസി സമൂഹത്തെ നിയമിക്കുന്ന തരത്തിലും വനവാസി വിഭാഗത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിലും ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെയുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പ്രമേയം സർക്കാരിനോട് ആവശ്യപ്പെടുന്നു.

ആദിവാസികളുടെ പാരമ്പര്യ വിളകളുടെയും അറിവുകളുടേയും ശേഖരണത്തിനും അവയ്ക്ക് അന്തരാഷ്ട്ര പേറ്റന്റ് നിയമതലത്തിൽ അംഗീകാരം നേടിയെടുക്കാനും അതിന്റെ ഗുണഫലം   പൂർണ്ണമായും ആദിവാസികൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന നടപടികളിലേയ്ക്ക് സർക്കാർ നീങ്ങണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു

തദ്ദേശീയ ജനതയുടെ ജീവത്സമരം അവസാനിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകള് ഉത്തരവാദിത്തപ്പെട്ട എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും പൗര സമൂഹത്തിന്റെ യും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഈ രാഷ്ട്രീയ പ്രമേയം അഭ്യർത്ഥിക്കുന്നു.  പ്രകൃതിവിഭവങ്ങൾക്ക് മുകളിൽ ആദിവാസികൾക്കുള്ള അധികാരം ഉറപ്പിക്കുന്നതിനും ആദിവാസികളുടെ എല്ലാ ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്തുവരുവാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിർബന്ധിക്കും വിധം പുരോഗമനശക്തികളും ജനാധിപത്യ സംഘടനകളും വിപ്ലവപ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്നും ഈ പ്രമേയം അഭ്യർത്ഥിക്കുന്നു.

2014 ജൂലൈ 21

ഏകാന്തതയുടെ പുസ്തകം

ഇനിയും മോക്ഷം ലഭിക്കാത്ത
പാപമെന്നൊരൊറ്റ'വാക്ക്
അതിന്റെ തന്നെ പാപഭാരവുമായി
മറ്റെല്ലാ വാക്കുകളെയും/ജീവിതങ്ങളെയും
ഭയപ്പെടുത്തി നില്‍ക്കയാണ്.

യോഹന്നാനും ആനിയും വീട്ടിലേക്കുള്ള വഴി തിരിയുമ്പോഴാണ് റാഹേല് കരഞ്ഞോണ്ട് ഓടിപ്പോകുന്നത്. റാഹേല് അവരുടെ സ്കൂളില്‍ അവര്‍ക്കൊപ്പം പഠിക്കുന്ന കുട്ടിയാണ്. റാഹേലിന്റെ വീട്ടില്‍ വേറെയും മൂന്നു പെണ്‍കുട്ടികളുണ്ട്, അനിയത്തിമാര്‍. ഈ ഓടിപ്പോകുന്നവള്‍ പിന്നീട് കന്യാസ്ത്രീയാകേണ്ടവളാണ്. അതിനും മുന്പ് അതായത് ഈ ഓട്ടത്തിനു ശേഷം പിന്നെയും കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരു പകലില്‍ യോഹന്നാന്റെ പ്രണയിനിയാണ് ഈ റാഹേല്.  അപ്പൊ, പറഞ്ഞുവരുന്നത് റാഹേല് ഓടുകയാണ്. അതും കരഞ്ഞുകൊണ്ടോടുകയാണ്. കുട്ടികള്‍ കാര്യം തിരക്കി, റാഹേല് പിന്നെയും കരച്ചില്‍ തുടര്‍ന്നു, ഓട്ടവും. കുട്ടികള്‍ പിന്നെ ഒന്നും ചോദിച്ചില്ല. പക്ഷെ, നടത്തം, അത് നിറുത്തിയില്ല. തുടര്‍ന്നു.

വീട്ടിലെത്തുമ്പോള്‍, അപ്പനുണ്ട് അപ്പാപ്പനെ ഇട്ടു പെരുക്കുന്നു. പന്നിക്കൂടിന്റെ അരികുവീണു അപ്പനും അപ്പാപ്പനും കെട്ടിമറിയുന്നു. കുട്ടികള്‍ അന്ധാളിച്ചു നില്‍പ്പാണ്. അപ്പന്‍ ഈയിടെ ജയില്‍ മോചിതനായി വന്നതാണ്. അതും ഒരു വധശ്രമത്തിന് ശിക്ഷിക്കപ്പട്ട്. അന്നൊക്കെ അപ്പാപ്പന്‍ പറയുന്നത് കേള്‍ക്കാം "കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കി വെക്കാനായിട്ട്" ആനിയും യോഹന്നാനും കരയാന്‍ തുടങ്ങി.

ഈ ആനിയുണ്ടല്ലോ, അവളിപ്പോ പരീക്ഷ എഴുതി നില്‍ക്കയാണ്‌. ജയിക്കും ജയിച്ചാല്‍ പക്ഷെ തുടര്‍ന്നു പഠിപ്പിക്കാനൊക്കില്ല. അപ്പന്‍ തീര്‍ത്ത്‌ പറഞ്ഞിരിക്കുന്നു. ഇനിയിപ്പോ മതി പഠിച്ചത്. കോളേജിലൊക്കെ പോയിട്ട് എന്തുണ്ടാക്കാനാന്നാ..? മാത്രവുമല്ല, മൂപ്പര്‍ക്കിനിയും രണ്ടാമത് കെട്ടാനാകില്ല, വല്ലതുമൊക്കെ വെച്ചുണ്ടാക്കി തരാന്‍ ആള് വേണ്ടായോ..? ഇങ്ങനെയൊക്കെയാണ് ആനീടെ അപ്പന്‍ തോമാടെ മതം. മൂപ്പര്‍ടെ കെട്ട്യോള്, അതായത്, കുട്ടികള്‍ടെ അമ്മ ദീനം വന്നു മരിക്കുമ്പോള്‍ മൂപ്പര് ജയിലിലാണ്. മറ്റൊരു പ്രകാരത്തില്‍, കുട്ടികളുടെ അമ്മ അതായത് മൂപ്പരടെ കെട്ട്യോള് മരിക്കുന്നത് മൂപ്പര് ജയിലിലായിരിക്കുന്ന സമയത്താണ്. ഒന്ന് കാണാതെ പോയതില്‍ നല്ല ദെണ്ണമുണ്ട് തോമാക്ക്. അതുകൊണ്ടായിരിക്കും സേവ്യരുടെ അടുത്തൂന്നു മൂക്കറ്റം മോന്തി എന്നും കല്ലറയില്‍ ചെന്ന് കെട്ട്യോളെ വിളിച്ചു കുമ്പസാരിക്കുന്നത്. അല്ല, പുന്നാരിക്കുന്നത്. ആ അപ്പനാണ് ഇപ്പൊ അപ്പാപ്പനെ തല്ലുന്നത്. യോഹന്നാന് ചിന്തിച്ചാധി കേറി.

അപ്പന്റെ മകന്‍ യോഹന്നാനും അത്ര പാവമൊന്നുമല്ല. അവനും ആളോളെ തല്ലിയിട്ടുണ്ട്. ലോഹിതാക്ഷന്റെ ബാര്‍ബര്‍ ഷോപ്പില്‍ കയറി ആദ്യമായി മീശ വെട്ടി ശരിയാക്കിയ ദിവസമാണത്. അന്നുതന്നെയാണ് യോഹന്നാന്‍ ആദ്യമായി തല്ലുന്നതും തല്ലു വാങ്ങുന്നതും. രണ്ടും ഈ ലോഹിതാക്ഷനെ തന്നെയായിരുന്നു. യോഹന്നാന്‍ പിന്നെയുമൊരിക്കലൊരാളെ തല്ലുന്നുണ്ട്. അതുപക്ഷേ, ലോഹിതാക്ഷനെയല്ല ലോഹിതാക്ഷനെ തല്ലിയതിനുമല്ല. ഇത് ജോഷിയെയാണ്. യോഹന്നാന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. എല്ലാ ഒറ്റപ്പെടലിലും സാന്ത്വനമായി നിന്നവന്‍. പിന്നീട് ഒറ്റയാക്കി അച്ചന്‍ പട്ടത്തിന് സെമിനാരീ പോയവന്‍. എന്നാലും ജോഷി റാഹേല്‍നെപ്പോലെയല്ല, പറഞ്ഞിട്ടാണ് പോയത്. പോകുമ്പോള്‍ കൈവീശി കാണിച്ചിരുന്നു. റാഹേല്‍, അവള് പക്ഷേ...

" തോമാ, താനെന്തിനാണ് ഇങ്ങനെ ഈ വയസ്സായ അപ്പനെ ഇട്ടു പെരുക്കുന്നത്. അതും ഒരാള്‍ക്കും ഒരുപദ്രവോം ചെയ്യാത്ത പള്ളീം പ്രാര്‍ത്ഥനേമായി കഴിഞ്ഞുകൂടുന്ന ഒരു സത്യക്രിസ്ത്യാനിയായ പൗലോച്ചായനെ... ഒന്നുമില്ലേലും തന്തേം തള്ളേം ഇല്ലാത്ത സ്ഥിതീല്‍ കഴിഞ്ഞിരുന്ന നിന്റെ കൊച്ചുങ്ങളെ നോക്കി ഇക്കോലമാക്കിയത് അയാളല്ലേ..? " കുട്ടികളുടെ കരച്ചിലുകേട്ട് ഓടിവന്ന യാക്കോബും ഫിലിപ്പോസുമാണ്. അല്ലേലും ചോദ്യങ്ങള്‍ ഏതും കര്‍ത്താവിന്റെ മനോധര്‍മ്മത്തിനനുസരിച്ച് ഉണ്ടാക്കാവുന്നതാണ്. പക്ഷേ, അതിന്റെ ബഹളം. അല്ലെങ്കില്‍ അകത്തും പുറത്തും അതുണ്ടാക്കുന്ന കുതൂഹലം, അതാണ്‌ അതിനെ ചോദ്യമായി നിലനിറുത്തുന്നത്.

ഈ ബഹളങ്ങള്‍ എല്ലാം തീര്‍ന്ന്, എല്ലാ ബഹളവും തന്റെ ഉള്ളില്‍ നടക്കുമ്പോള്‍ യോഹന്നാന്‍ ഒരിക്കല്‍ മല കയറിപ്പോകുന്നുണ്ട്‌. പിന്നീട് സാറ ചോദിക്കുമ്പോള്‍ "ഒരിക്കല്‍ മാത്രം അതും യാക്കോബ് നിര്‍ബന്ധിച്ചപ്പോ" എന്ന് മറുപടി പറയുന്ന ആ മദ്യസേവ നടന്നത് ആ കയറിപ്പോക്കിലാണ്. ഈ ചോദ്യോം വര്‍ത്താനോം കഴിഞ്ഞ് പിന്നെയും ദിവസങ്ങള്‍ക്ക് ശേഷം പതിനേഴുകാരന്‍ യോഹന്നാന്‍ വിധവയായ സാറയുടെ തറയില്‍കിടന്നുരുണ്ട് വിയര്‍ക്കുന്നുണ്ട്‌. യോഹന്നാന്‍ എണീറ്റ്‌ പോയ ക്ഷീണത്തില്‍ കട്ടിലില്‍ കിടന്നുറങ്ങുന്ന സാറയെ കല്യാണാലോചനക്ക് വന്ന അപ്പന്‍ തോമ പിന്നെ ഉണര്‍ത്തുന്നേയില്ല എന്നത് വേറെകാര്യം. അന്നും തോമ ആവശ്യത്തിനു കഴിച്ചിരുന്നു എന്നതും അതുപോലെത്തന്നെ വേറെ ഒരു കാര്യം.

ഈ അപ്പനും നാട്ടുകാര്‍ക്കും കുടിക്കാന്‍ മാത്രംള്ളത് സേവ്യര്‍ അയാള്‍ടെ ഷാപ്പില് കരുതീട്ടുണ്ട്. പക്ഷെ, യാക്കോബ്ന് അതൊന്നും വേണ്ട. അല്ലെങ്കില്‍ അതൊന്നും പോര. യാക്കോബിന് സ്വന്തമായിട്ട് വാറ്റിയ സാധനം തന്നെ വേണം. അതില്‍നിന്നും അല്പമാണ് ഇപ്പൊ യോഹന്നാനെയും കുടിപ്പിച്ചിരിക്കുന്നത്. ഇത് കുടിപ്പിച്ചിട്ടുവേണം യാക്കോബിന് ഉറക്കത്തില്‍ മരിക്കാന്‍. പക്ഷെ, അത് ഉണര്‍ന്നു എണീറ്റ്‌ പോകുന്ന യോഹന്നാനോ യാക്കോബിനെ തിരയുന്ന നാട്ടുകാരോ അറിയരുത്. അതിനിനിയും രണ്ടുനാള്‍ കഴിയണം.

അതിനും ദിവസങ്ങള്‍ക്ക് മുന്പ് സ്കറിയ്യയും മരിച്ചിരുന്നു. സാറയുടെ കെട്ട്യോന്‍.! നാട്ടില്‍ വേറെയും മരണങ്ങള്‍ നടന്നിട്ടുണ്ട്. സാമുവല്‍ സാറായിയിരുന്നു ആ വേറെ ഒരാള്‍. നല്ല തങ്കപ്പെട്ട മനുഷ്യന്‍. പക്ഷേ, മരിച്ചു പോയി. മൂപ്പര്‍ക്ക് മുന്‍പേ മൂപ്പര്ടെ ഏക മകനും മരിച്ചുപോയി. ഇനിയൊരു പ്രസവം റോസമ്മയുടെ ജീവനാപത്താണെന്ന് കരുതി  അവന്‍ ജനിച്ച ഉടനെ ആ ഏര്‍പ്പാട് നിറുത്താന്‍ സ്വന്തം ഇഷ്ടം മാഷ്‌ ശസ്ത്രക്രിയക്ക് വിധേയനായി. ആദ്യം മാഷ്‌ പാടെ തളര്‍ന്നു പോവുകയായിരുന്നു. അന്ന് സ്കൂളില്‍ നിന്ന് കുട്ടികളെല്ലാം മാഷിന്റെ വീട്ടില്‍ പോയിരുന്നു. ആ കൂട്ടത്തില്‍ വിശ്വാസിയായ ജോഷിയും ഉണ്ടായിരുന്നു. പിന്നീട് മാഷ്‌ മരിച്ചപ്പോള്‍ റോസമ്മയെ കുറിച്ചോ ആ വീടിനെ കുറിച്ചോ ഒരു വിവരവുമില്ലാണ്ടായി നാട്ടാര്‍ക്ക്.

പക്ഷെ, സാറാടെ വീടൊരു 'മരിച്ച വീട്' ആയിരുന്നില്ല. അതുകൊണ്ടുതന്നെ ആരും ആരെയും മറന്നില്ല. യോഹന്നാനും യോഹന്നാന്റെ അപ്പന്‍ തോമായും അപ്പന്റെ സുഹൃത്ത് ഫീലിപ്പോസും പോസ്റ്റ്മാന്‍ പീറ്ററും അച്ചനും ഇടവകേം ഒന്നും ഒന്നും സാറയെ മറന്നില്ല. അതുപോലെയുമായിരുന്നില്ല യാക്കോബിന്റെ മരണം. അങ്ങനെ ഒരു വീടാകാനല്ല ഒന്നിനും ഒരു വീടില്ലായിരുന്നു യാക്കോബിന്. "എന്റെ കൂട് പാറയില്‍"ന്നായിരുന്നു ഈ യാക്കോബ്ന് വീട്. ഒന്ന് കിടന്നു മരിക്കാന്‍ ഒരു വീട് നല്ലതാണ്. ഒന്നുമില്ലേലും 'മരിച്ച വീട്' ഒന്ന്‍ മറക്കാന്‍ മാത്രം പോന്ന നല്ലൊരു ഓര്‍മ്മയാണ്.

നാട്ടുകാരുടെ ഓര്‍മ്മയില്‍ യാക്കോബ് എപ്പോഴും വികാരിയച്ചനേം എന്തിന് കര്‍ത്താവീശോയെ വരെ നിരന്തരം പ്രാകുമായിരുന്നു. അതും ദീനം പിടിച്ചു ആശുപത്രിയിലായി അവിടെ കിടന്നു മരിക്കേണ്ട പാവം സ്കറിയ്യായെ പ്രതിയായിരുന്നു ഈ പ്രാക്ക് മുഴുവന്‍. ഇത്രേം സുന്ദരിയായ സാറയെ കണ്ണീരു കുടിപ്പിക്കാനാണോ ഈശോയെ നീ ഈ സ്കറിയ്യായെക്കൊണ്ട് അവളെ കെട്ടിച്ചത്.? അവള്‍ക്കുമില്ലേ ആശകളും ആഗ്രഹങ്ങളും... എന്നാലും ഈശോയെ നീ... യാക്കോബ് അങ്ങനെയാണ്. അയാള്‍ സാറയെ ഇങ്ങനെ പ്രണയിച്ചുകൊണ്ടേയിരുന്നു. ഈ പ്രണയത്തിന് യാക്കോബിന്റെ ആരോഗ്യമായിരുന്നു ഈട്. ആ യാക്കോബാണ് ഇപ്പൊ...

അപ്പാപ്പന്‍ പക്ഷെ ഇങ്ങനെയൊന്നുമായിരുന്നില്ല. എന്തൊരു സ്നേഹായിരുന്നു അപ്പാപ്പന്. എന്തൊരു വിശ്വാസായിരുന്നു അപ്പാപ്പന്. യോഹന്നാന്‍'ന്നു വെച്ചാ എന്ത് കാര്യായിരുന്നു. ഇതുപോലൊരു കാര്യായിരുന്നു വികാരിയച്ചന് അപ്പാപ്പനോട്. ആനി ഓര്‍ത്തു. അതും ഏതാനും മാസംകൂടെ കഴിഞ്ഞാല്‍ പള്ളീലെ കൊച്ചച്ചന്റെ {ഇടവകയിലെ പുതിയ വികാരിയച്ചന്‍} മുന്‍കൈയ്യില്‍ നടത്താനിരിക്കുന്ന പാരലല്‍ കോളേജിലെ ആദ്യ ബാച്ചുകാരിപ്പെണ്ണുങ്ങളില്‍ സുന്ദരിയായ ആനി. മാത്രവുമല്ല, അവിടന്ന് കുറച്ചുംകൂടെ മാസം കഴിഞ്ഞാല്‍ അനിയന്‍ യോഹന്നാന് ഒരു കത്തെഴുതി വെച്ചിട്ട് ഈ കൊച്ചച്ചന്റെ കൂടെ ജീവിതം ഉണ്ടാക്കാന്‍ പോകുന്ന അതെ ആനി. പിന്നീട് ഒരു കൊച്ചുണ്ടായിട്ടും നാട്ടില്‍ വന്നു അപ്പനെയോ അനിയനെയോ കാണാന്‍ കൂട്ടാക്കാത്ത അതെ ആനിയാണ് ഇപ്പൊ ഇങ്ങനെ ഓര്‍ക്കുന്നത്.

എന്തിനാണ് അപ്പന്‍ അപ്പാപ്പനെ ഇങ്ങനെ ..? പാവം അപ്പാപ്പന്‍.! നാളെ കഴിഞ്ഞുള്ള ദിവസം തോട്ടത്തിലെ മരത്തില്‍ മറ്റൊരു ഇലയായി തൂങ്ങി നില്‍ക്കാനുള്ള തടിയാണ് ഈ അടി മുഴുവന്‍ വാങ്ങികൂട്ടുന്നത്. അയല്‍ക്കാര്‍ പിന്നെയും ചോദിച്ചു."ഇയാള്‍, ഈ വൃദ്ധന്‍ തന്റെ കൊച്ചുമോള്‍ടെ പ്രായള്ള ആ കുട്ടിയെ" അപ്പന്‍ പാതിയില്‍ പറഞ്ഞു നിറുത്തി.

അപ്പാപ്പനും മരിച്ച് ആനി കൊച്ചച്ചന്റെ കൂടെ പോയതിനു ശേഷം തീര്‍ത്തും ഒറ്റക്കായിപ്പോയ യോഹന്നാന്റെ വീട്ടിലേക്ക് ഒരുപറ്റം ആട്ടിന്കൂട്ടത്തിനൊപ്പം കയറി വന്ന് പൊടിയില്‍ ഒന്നിച്ചുരുണ്ട്പിരണ്ട് തറ നിറയെ നഗ്ന ചിത്രം വരഞ്ഞ് ഒരു വാക്ക് പോലും മിണ്ടാതെഅവന്റെ ജീവിതത്തീന്നു തന്നെ  ഇറങ്ങിപ്പോയ റാഹേല്നെ ഈ അപ്പാപ്പന്‍ എന്ത് ചെയ്തൂന്നാ ഈ അപ്പന്‍ പറയണേ.? യോഹന്നാന്‍  പിന്നെയും കുട്ടിയായി.

ഓടിത്തുടങ്ങുന്നതിനു മുന്പ്, ഏകാന്തതയില്‍ അനുതപിക്കുന്ന ഒരാളെ അങ്ങനെയെങ്കിലും ഒന്ന് സഹായിക്കാമെന്നു വെച്ച് കഞ്ചാവിലെ കുരു കളയാന്‍ സഹായിക്കയായിരുന്നു റാഹേല് .ബാര്‍ബര്‍ ലോഹിതാക്ഷന്റെ കയ്യീന്നാണ് മൂപ്പരിത് തരാക്കുന്നത്. "ഇവിടെ തോമാച്ചനുണ്ട്. മക്കളുണ്ട്. എന്നാലും ഞാനെന്തുമാത്രം ഒറ്റയ്ക്കാ" "ഒറ്റയ്ക്കാവുമ്പോ മരിച്ചതിനു തുല്യമാണ്. ജീവനുണ്ടായിട്ടും മരിച്ച ഒരാള്" പിന്നീട് കുറെ നേരത്തേക്ക് പൗലോ മിണ്ടിയില്ല. പൗലോ റാഹേലിന്റെ മുടിയില്‍ വിരലോടിച്ചുകൊണ്ടിരുന്നു. അവളതു ശ്രദ്ധിച്ചതേയില്ല. എന്നാല്‍, ഞൊടിയിടയില്‍ എന്തോ സംഭവിച്ചു. അതിന്റെ ഓര്‍മ്മയില്‍ റാഹേല്‍ സെമിനാരിയിലെ മടുപ്പിക്കുന്ന ഏകാന്തതയിലും കരഞ്ഞു.

ഇനിയുമെത്രയോ പെസഹ കാണുമെന്നു പറഞ്ഞപ്പോള്‍, എലീശായുടെ ശബ്ദം കേട്ടിട്ടെന്ന പോലെ പൗലോ തരിച്ചുപോയി. റാഹേല്‍ ചിരിക്കുകയായിരുന്നു. അവളുടെ മുടിയിഴകള്‍ക്ക്‌ പാട്ടിന്റെ മിനുസമായിരുന്നു. എലീശായോടൊപ്പം കഴിച്ച പെസഹ നാളുകള്‍ പൌലോയില്‍ മിന്നിമറഞ്ഞു. തൊട്ടും തലോടിയും അവളുടെ ഉടലിനെ അറിയാന്‍ മനസ്സുവെമ്പി. പൗലോ ഇപ്പോഴും മരത്തില്‍ വലിഞ്ഞു കയറുകയാണ്. മറ്റൊരു ഇലയായി തൂങ്ങിയാടാന്‍.

അമ്മയില്ലാത്ത വീട്ടില്‍ അപ്പന്‍ ജയിലിലായിരിക്കെ യോഹന്നാന് അപ്പാപ്പനായിരുന്നു കൂട്ട്. ആനി കൊച്ചച്ചന്റെ കൂടെ പോയതോട്കൂടി യോഹന്നാന്‍ പിന്നെയും ഒറ്റക്കായി. അപ്പോഴാണ്‌ മേരി സ്വപ്നത്തിലും റാഹേല് വീട്ടിലും വരുന്നത്. ഉണര്‍ച്ചയില്‍പക്ഷേ പതിനാറുകാറി മേരി അന്‍പതുകാരന്‍ മാപ്ലക്കൊപ്പം അയാള്‍ടെ കുട്ടികളെ നോക്കാന്‍ പോയി. റാഹേല്‍ ഒന്നും മിണ്ടാതെ മഠത്തിലേക്കും. അതിനും മുന്‍പേ കൂട്ടുകാരന്‍ ജോഷി സെമിനാരിയിലേക്ക് പോയിരുന്നു. ഇതുംകൂടെയായപ്പോള്‍ യോഹന്നാന്‍ തീര്‍ത്തും ഒറ്റയായി. ഇപ്പോള്‍ സാറയും... ഇന്ന്,
യോഹന്നാനെ ഇല്ലാത്ത വിധം യോഹന്നാന്‍ ഒറ്റയാണ്.

സ്കറിയ്യ മരിച്ച് ഒന്നും ചെയ്യാനില്ലാതെ സാറ സാറയുടെ വീട്ടില്‍ ഒറ്റക്കായിരിക്കുമ്പോ "കൂട്ട് വേണോ" എന്ന് പീറ്ററാദികള്‍ തഞ്ചത്തില്‍ ഉദാരമതികളാവാന്‍ വെമ്പി നില്‍ക്കയായിരുന്നു. അപ്പോഴാണ്‌ മറ്റൊരു കല്യാണമേ വേണ്ടെന്നു കരുതി കാലം കഴിക്കയായിരുന്ന തോമായില്‍ ഫീലിപ്പോസ് സാറയെ നിറക്കുന്നത്. ഒറ്റയാകല്‍ അത്രമേല്‍ തോമയിലും ബഹളങ്ങള്‍ ഉണ്ടാക്കിയിരിക്കണം. എന്നാല്‍, അതേനിലയില്‍ ഒറ്റയായ യോഹന്നാന്റെ കൂട്ട് സാറക്ക്‌ അതിനുമെത്രയോ മുന്‍പേ സമാധാനമായിരുന്നു. സ്കറിയ്യ/യാക്കോബ്/യോഹന്നാന്‍/തോമ കല്ലറയില്‍ ഏകാകിയായി സാറ.

" ജീവിതത്തെ അര്‍ത്ഥമുള്ളതാക്കുക ചിലപ്പോള്‍ പാപത്തിന്റെ ഒരു നിമിഷമായിരിക്കും." മനുഷ്യന്‍  പിന്നെയും പുസ്തകമാവുകയാണ്.

ബൈബിളിന്റെ അസാധ്യ സാന്നിദ്ധ്യം ഉള്‍ക്കൊള്ളുന്ന ഒരു മനോഹര ഭാഷ ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ഒരുപക്ഷെ, ഒരു സുവിശേഷ പ്രഘോഷകന്‍റെ വായ്ത്താരിയെന്നു തോന്നിപ്പിക്കുന്നത്രയും താളാത്മകവും അമ്മയുടെ താരാട്ട് കണക്കു ആര്‍ദ്രവുമായ ഒരു സ്വരക്കൂട്ടം. എന്നാല്‍, പറയുന്നതോ അത്ര ലളിതമായ സുഖാനുഭവലോകത്തെയല്ല. അതിന്റെ ആദ്യ താളുകള്‍ മറിയുമ്പോള്‍ തന്നെ പുസ്തകം നമ്മോടു പറയാന്‍ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ഗൌരവം നമുക്ക് ബോധപ്പെടും. ഒറ്റയാകലിന്റെ ഒരു വലിയ നരകം/കൂട്ട് ചേരുന്നതിലെ സുഖദ സ്വര്‍ഗ്ഗം. നിരാശതയുടെ എരിവ്/ നിറ പ്രണയത്തിന്റെ മധുരം. വിരുദ്ധോക്തികളില്‍ ആയിരം നാവായ്‌ ജീവന്‍/ജീവിതം/മനുഷ്യന്‍.


ആയുസ്സിന്റെ പുസ്തകം.
സിവി ബാലകൃഷ്ണന്‍
ഡിസി ബുക്സ്.

2014 ജൂൺ 2

ഗ്രന്ഥപ്പശു

                                            ഗ്രന്ഥപ്പശു 

"ഗവണ്മെന്റിനെതിരെ പ്രവർത്തിച്ചവരെ ജയില്‍ ഭേദിച്ച് രക്ഷപ്പെടുത്തി എന്നതാണ് താങ്കള്‍ ചെയ്ത കുറ്റം"

തൊഴുത്തിനരികില്‍ ചെന്ന കുമാരന്‍ പുല്ലും വൈക്കോലും വേണ്ടത്ര ഉണ്ടെന്നു ഉറപ്പുവരുത്തിയ ശേഷം ചൂട്ടും മിന്നിച്ച് ഒതുക്കുകല്ലിറങ്ങി. വയല് മുറിച്ച് കടക്കുമ്പോള്‍ അയാളുടെ നെഞ്ചൊന്ന് പിടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ കാറ്റും മഴയും പിഴുതെറിഞ്ഞ വാഴയും നെല്ലും പാടത്തും പറമ്പിലുമായി ചത്തു ചീഞ്ഞു കിടക്കുന്നു. കാലില്‍ പുല്ലുരഞ്ഞ് മുറിഞ്ഞ് നീറുന്നുണ്ട്. കുമാരന്‍ ചൂട്ട് വീശി തീ ആളിച്ച് വെട്ടമുണ്ടാക്കി ധൃതി കൂട്ടി നടന്നു. വളവിലെത്തിയപ്പോള്‍ ബാങ്ക് വിളി ഉച്ചത്തില്‍ കേട്ട് തുടങ്ങിയിരുന്നു. പള്ളിയിലേക്ക് കയറിപ്പോകുന്നവരുടെ നിരയിലേക്ക് പതറി നോക്കി കയ്യിലെ കവര്‍ മുറുക്കിപ്പിടിച്ച് അവരെയും കടന്നു പോകാന്‍ അയാള്‍ തിടുക്കം കൂട്ടി.

"നേരം ബെളിബെരുന്നതിനു മുന്‍പേ നീ ഏടെ പോണ്?" 

"അത്, അതുപിന്നെ ഒരിടം വരെ".

"അതേട്രാ ഒരു സലം.? കുമാരാ നീ ചെല്ലീറ്റ്‌ പോടാ" 

വരി മുറിച്ച് വഴിയിലേക്കിറങ്ങി മൊല്ല ഒച്ചയിട്ടു.

ബസ്സ്‌ പോയിട്ടില്ല, കുമാരന്‍ ഓടിക്കയറി സീറ്റ് പിടിച്ചു. ഒന്ന് രണ്ട് സീറ്റിലൊഴികെ പണിക്കാരത്തിപ്പെണ്ണുങ്ങളും ആണുങ്ങളും നിറഞ്ഞിരിക്കുന്നു. മഴ പെയ്ത് തോര്‍ന്നെങ്കിലും മരം പെയ്യുന്ന പോലെ തവണ മുടങ്ങിയ കുടിശ്ശിക അപ്പോഴും കുമാരനെ ഭരണി പെയ്യുന്നുണ്ടായിരുന്നു. 

അടിവാരത്തെ തോട്ടപ്പണി ഉപേക്ഷിച്ച് ഭാര്യക്കും മക്കള്‍ക്കുമൊപ്പം കാലി വളര്‍ത്തലും കൃഷി നടത്തലുമൊക്കെയായി കുമാരന്‍ നാട്ടില്‍ക്കൂടാന്‍ തുടങ്ങിയിട്ടിപ്പോ ഏതാണ്ട്  പത്തുവര്‍ഷമായിക്കാണും. അതിന് ശേഷം അയാള്‍ ചുരം താണ്ടുന്നത് ഇതാദ്യമാണ്. 'അന്നൊക്കെ ഇതിനേക്കാള്‍ പച്ചയും തണുപ്പും ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. ഇനിയിപ്പോ ഉള്ളിലെ തീയ്യാണോ എന്തോ.?' 

കുമാരനെ വിയര്‍ക്കാന്‍ തുടങ്ങി. 

തോട്ടം തൊഴിലാളികളാണ്, ഇരു ഭാഗങ്ങളില്‍ നിന്നും റോഡു നിറഞ്ഞ് മുദ്രാവാക്യം വിളിക്കുകയാണ്‌. ഇത്ര കാലത്തെ ഇവരിതെന്തിനാണ് തൊഴില് മുടക്കി വഴി തടയുന്നത്? എത്ര പേരുടെ സമയമാണ് ഇവരപഹരിക്കുന്നത്.?  ആ, അവര്‍ക്കും എന്തേലും ന്യായം കാണുമായിരിക്കും. ചിന്തകളെ മുറിച്ചുകൊണ്ട് അയാള്‍ അടുത്തിരിക്കുന്ന ചെറുപ്പക്കാരന്റെ കയ്യില്‍ നിന്നും പത്രം വാങ്ങി വായിക്കാന്‍ തുടങ്ങി. 

ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു, അതാത് ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി. 

"ആദിവാസി ഊരുകളിലെ പട്ടിണിയും നിരക്ഷരതയും ചൂഷണം ചെയ്താണ് ഭരണകൂട വിരുദ്ധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്" 

അടുത്തിരിക്കുന്ന ചെറുപ്പക്കാരന്‍ വായന തടസ്സപ്പെടുത്തിക്കൊണ്ട് സംസാരത്തിനു തുടക്കമിട്ടു. അതിലൊന്നും വലിയ താത്പര്യം കാണിക്കാതെ കുമാരന്‍ പത്രം തിരികെ കൊടുത്ത് പൊതി കയ്യിലെടുത്തു പിടിച്ചു സീറ്റിലേക്ക് ചാഞ്ഞു.

ഉറക്ക് ഞെട്ടിയ കുമാരന്‍ കണ്ണുതുറന്നു നോക്കവേ ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നതാണ് കണ്ടത്. കാര്യം മനസ്സിലാകാതെ അയാള്‍ നാലുചുറ്റും നോക്കിയിട്ട് പുറത്തേയ്ക്ക് ദൃഷ്ടിപായിച്ചു.ടൗണിലേക്കുള്ള പ്രവേശന കവാടത്തില്‍ എത്തിയിട്ടേയുള്ളൂ. ഈ ബസ്സ്‌ എന്തിനായിരിക്കും നിര്‍ത്തിയിട്ടിരിക്കുന്നത്?. കാര്യങ്ങള്‍ മനസ്സിലാക്കി വരുമ്പോഴേക്കും ഏതാനും പോലീസുകാര്‍ ബസ്സിലേക്ക് ഇരച്ചു കയറിയിരുന്നു. തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരനെ പിടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ട് പകച്ചുപോയ കുമാരന്‍ ഇരിപ്പിടത്തില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. ഈ സമയം കുമാരന്റെ കയ്യിലെ പൊതി ശ്രദ്ധയില്‍പെട്ട പോലീസുകാരൻ കുമാരന്റെ കുപ്പായത്തിലും കടന്ന് പിടിച്ചു.


"സാര്‍, എന്തിനാണ് എന്നെ പിടിച്ചുകൊണ്ടുപോകുന്നത്.? സത്യമായും എനിക്കൊന്നുമറിയില്ല. ഞാനൊന്നും ചെയ്തിട്ടില്ല."

ബസ്സിലുള്ളവരുടെ സഹായത്തിനായി ദൈന്യത മുറ്റിയ കണ്ണുകളുമായ് കുമാരന്‍ നിസ്സഹായനാകുമ്പോള്‍,  ഇതെല്ലാംകണ്ട് മിഴിച്ചു നില്‍ക്കുന്ന സഹയാത്രികര്‍ക്കും ഓടിക്കൂടിയ നാട്ടുകാര്‍ക്കും ഇടയിലൂടെ പോലീസ് കുമാരനെ ബസ്സില്‍ നിന്നും ഉന്തിത്തള്ളി പുറത്തിറക്കി വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റി ഓടിച്ചുപോയി. 

"ഇപ്പോള്‍ തന്നെ ഇടിച്ചേനെ, ഇവറ്റകളെക്കൊണ്ട് വല്ല്യ പാടായിട്ടുണ്ട്. വല്ല ബസ്സോ ലാറിയോ കയറി ചത്താലും മ്മക്കെന്നെ എടങ്ങേറ്. ശവമെടുത്തോണ്ട് പോകാന്‍ മുനിസിപ്പാലിറ്റിക്കാര് പോലും വരില്ല"
 
പുരാതന കാലത്തെന്നോ വന്നടിഞ്ഞതാണ്, ഈ മഹാനഗരത്തിന്റെ ചീഞ്ഞളിഞ്ഞ ഓടയില്‍. മുഷിഞ്ഞും ശകാരിച്ചും പച്ചച്ചാണകം കൊട്ടയിലാക്കുന്ന തിരക്കിലാണ് മമ്മത്. 

"ആ... ഇന്ന് നല്ല കോളൊത്ത മട്ടുണ്ടല്ലോ"

ചാണകം നിറച്ച കൊട്ട ഷെഡ്ഡിന്റെ ഓരത്തേക്ക് മാറ്റി വെച്ച് മുന്‍പിലെ മുക്കാലിപ്പലകയിലേക്കിരുന്ന്‍ മമ്മതൊരു വഷളച്ചിരി പാസ്സാക്കി.

"എന്ത് കോള്, ഇന്നും കണക്കാ... ബൈപാസിന് പിറകിലെ ഗ്യാരേജ്ന്ന്‍ കിട്ടിയ ഒടിഞ്ഞ നാലഞ്ച് ലീഫുണ്ട്" 

തലച്ചുമട് തറയിലിറക്കി നിവര്‍ന്ന്‍ നന്നേ മെലിഞ്ഞ ആ ശബ്ദം നെടുവീര്‍പ്പിട്ടു.

"കിട്ടിയാന്ന് പറയുമ്പോ" മമ്മതിന്‍റെ ചുളിഞ്ഞ നെറ്റിക്ക്" ങ്ങളെന്നാ പോലീസിന്റെ പണി തൊടങ്ങ്യേ" കഴുത്ത് വളച്ചൊരു മറുപടി കൊടുത്തുകൊണ്ട് അളവൊക്കാത്ത ബനിയനുള്ളില്‍ നിന്നും മെലിഞ്ഞ രണ്ട് കൈകള്‍ കണ്ടെടുത്ത് ചുവന്ന നിക്കറുകാരന്‍ പയ്യന്‍ തന്റെ സഞ്ചിയിലെ ഇരുമ്പ് കുടഞ്ഞിട്ടു.

"ഇതോണ്ടൊക്കെപ്പെന്താകാനാ, ഒരുനേരം തികച്ച് തിന്നാനുള്ളതില്ലല്ലോ? നീ കൊറച്ചുംകൂടെ മുന്തിയ എന്തെങ്കിലും കിട്ട്വോന്ന് നോക്കെന്റെ മരുതാ. അതാകുമ്പോ വാങ്ങുന്ന ഇനിക്കും നാല് മുക്കാല് തടയും"
"ഞാനിത് അപ്രത്തെ അന്ത്രുപ്പാക്ക് കൊടുത്തോളാം."  

വിലയില്‍ തൃപ്തനാവാതെ മരുതന്‍  ആക്രികള്‍ തിരിച്ചു സഞ്ചിയിലേക്ക് ഇടാന്‍ തുനിഞ്ഞു.

"നീ പിണങ്ങാതെടാ കുണ്ടാ. ഏതായാലുമായില്ലേ ഇതാ പിടിച്ചോ അഞ്ചിന്റെ നാല് മുട്ടുറുപ്പ്യ"

മമ്മത് കോന്തല അഴിച്ചു കെട്ടി.

"ഗവണ്മെന്റിനെതിരിൽ പ്രവർത്തിച്ചവരെ ജയില്‍ ഭേദിച്ച് രക്ഷപ്പെടുത്തി എന്നതാണ് താങ്കള് ചെയ്ത കുറ്റം"


കയ്യിലെ സഞ്ചി മതിലിനു പിറകില്‍ ഒളിപ്പിച്ചുവെച്ചു പശുക്കളെ  വകഞ്ഞ്  മരുതന്‍ ഗെയ്റ്റ് കടന്ന് ജനലിലൂടെ അകത്തേക്കെത്തിനോക്കി.

പറയൂ. താങ്കള്‍ എങ്ങനെയാണ് ആ കൃത്യം നിര്‍വ്വഹിച്ചത്..?
ദയ യാചിക്കുന്ന പോലെ കുമാരന്‍ മുഖമുയര്‍ത്തി. 

നോക്കൂ. താങ്കള്‍ ഇങ്ങനെ മിണ്ടാതിരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഒരുകാര്യം ഉറപ്പു പറയുന്നു. കുറ്റം സമ്മതിക്കാതെ താങ്കളെ ശിക്ഷിക്കുകയില്ല. പറയൂ എന്താണ് സംഭവിച്ചത്..? 

കുമാരന്‍ ഭാഷ മറന്നവനെപ്പോലെ സ്വയം നഷ്ടപ്പെട്ട് പോയി.

"ശരി, താങ്കള്‍ക്ക് ഈ ചിത്രത്തില്‍ കാണുന്ന ആളെ എത്ര നാളായിട്ടറിയാം..?"

മരുതന്‍  ജനല്‍പ്പടിയില്‍ കയ്യൂന്നി നിവര്‍ന്ന്‍ ചിത്രത്തിലേക്കേന്തി നോക്കി.

"അറിയില്ല" 

ശരി, ഈ പത്രത്തില്‍ കാണുന്ന ആളെ ഇവിടെ കൊണ്ടുവരുന്നതിനും ഏതാനും മണിക്കൂറുകള്‍ക്ക് മുന്പ് നിങ്ങള്‍ കണ്ടിട്ടുണ്ട്.  എന്താ, ശരിയല്ലേ..? 

"അതെ. പഷേ എവിടെ വെച്ചെന്ന് ശരിക്കോര്‍മ്മയില്ല"

കുമാരന്‍ ശബ്ദമില്ലാത്തവനായി.

എവിടെ വെച്ചെന്ന് ശരിക്കും ഓര്‍ത്ത്‌ നോക്കൂ. താങ്കളുടെ സഹകരണത്തിനനുസരിച്ചായിരിക്കും കോടതി നിങ്ങളോടുള്ള സമീപനം സ്വീകരിക്കുന്നത്. 

"ആ ഓര്‍ക്കുന്നു. അടിവാരത്തെ സമരവും ലാത്തി ചാര്‍ജ്ജും കഴിഞ്ഞ് ഞങ്ങള്‍ സഞ്ചരിച്ച ബസ്സ്‌ യാത്ര തുടരുന്നു. എനിക്കൊപ്പമിരുന്ന്‍ യാത്ര ചെയ്തിരുന്ന ആ  ചെറുപ്പക്കാരനോട്‌ മുഷിഞ്ഞ്‌ എന്തോ ഓര്‍ത്തിരിക്കുന്നതിനിടക്ക് ഞാനുറങ്ങിപ്പോയി. അപ്പോഴാണ്‌ ഞാനിയാളെ കാണുന്നത്"

ഇപ്പോള്‍ കുമാരന്റെ കണ്ണുകള്‍ ശാന്തമാണ്.

"താങ്കള്‍ സംസാരിക്കുന്നത് കോടതിയോടാണെന്നോര്‍മ്മവേണം. കോടതിയെ പരിഹസിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്, മറക്കാതിരിക്കുക".  

"സത്യമായും ഞാന്‍ പരിഹസിച്ചതല്ല. ഞാനിയാളെ  സ്വപ്നത്തിലാണ് കാണുന്നത്. എത്രയോ നാളുകളായ് പലപല ആവശ്യങ്ങള്‍ ഉന്നയിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന എല്ലാ സമരങ്ങളും ഒന്നിച്ചൊരോറ്റ സമരമായി ജനങ്ങളെ സംഘടിപ്പിക്കുന്നതും രാജ്യത്തെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതും ജനതയെ വിമോചിപ്പിക്കുന്നതുമായിരുന്നു ആ സ്വപ്നം. ആ സ്വപ്നത്തില്‍ ഒരു തൊഴിലാളിയുടെ വേഷത്തില്‍ ഇയാളുമുണ്ടായിരുന്നു. അങ്ങനെയാണ് ഞാനിയാളെ കാണുന്നത്. അതിന് മുന്പ്  കുടിവെള്ളത്തിന് വേണ്ടി/ വന നശീകരണത്തിനെതിരില്‍/ കിടപ്പാടത്തിനും കൃഷിഭൂമിക്കും വേണ്ടി/  തൊഴിലിനും വിദ്യാഭ്യാസവകാശങ്ങള്‍ക്കും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി ഒക്കെ നടന്നിട്ടുള്ള  എല്ലാ സമരത്തിലും ഇയാളുള്ളതായി ഞാന്‍ വായിച്ചറിഞ്ഞിരുന്നു. ഇയാള്‍ അപ്പോഴും ഒരു തൊഴിലാളിയായിരുന്നു."

കുമാരന്‍ സ്വപ്നമാവേശിച്ച പോലെ പറഞ്ഞു നിറുത്തി.

"സ്വപ്നം എന്നത് ഒരാളുടെ ഉപബോധമനസ്സിന്റെ പ്രവർത്തനമോ പ്രതിപ്രവർത്തനമോ ആണെന്നാണ്‌ കോടതി മനസ്സിലാക്കിയിട്ടുള്ളത്. എങ്കിൽ, പ്രതിയുടെ ഉപബോധമനസ്സിൽ ഭരണകൂടത്തിനെതിരിൽ നിലനില്ക്കുന്ന ചിന്തയാണ് ഈയൊരു സ്വപ്നത്തിലൂടെ വെളിവായിട്ടുള്ളത് എന്ന് കോടതി വിലയിരുത്തുന്നു. ഭരണകൂടത്തിന്റെ ഇംഗിതത്തിനും നിലനില്ക്കുന്ന നിയമവ്യവസ്ഥക്കും എതിരിൽ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് അങ്ങേയറ്റത്തെ ഗുരുതരമായ ഒരു കുറ്റമായി കോടതി വിധിക്കുന്നു. ആകയാൽ, ഇത്തരത്തിലൊരു ചിന്ത സൂക്ഷിക്കുന്ന ഇയാളെ വെറുതെ വിടുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കരുതി ഇയാളെ തടവിൽ വെക്കാൻ ഈ കോടതി ഉത്തരവിടുന്നു "

മറ്റേതോ ലോകത്തുനിന്നും കറുപ്പ് പുതച്ച വിചിത്ര ഭാഷ സംസാരിക്കുന്ന എന്തോ ഒന്ന്‍ തന്നെ പരിഹസിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന പോലെ കുമാരന്‍ തനിക്ക് ചുറ്റിലും മനുഷ്യരെ പരതി. നടപടികള്‍ അവസാനിപ്പിച്ച് കോടതി പിരിയാന്‍ ഒരുങ്ങവേ പുറത്തൊരു പശു കറുത്ത തുണിയിലേക്ക്  മൂത്രമൊഴിച്ച്  പോലീസ് സ്റ്റേഷന് നേരെ അലസ നടത്തം തുടരുകയും സമാന്തരമായി ഒരു ശബ്ദം കോടതിക്കകത്തേക്ക് കൂസലന്യേ പ്രവേശിക്കുകയും ചെയ്തു. 
"കോടതിക്ക് തെറ്റു പറ്റിയിരിക്കുന്നു, ഇയാള്‍ നിരപരാധിയാണ്" 

കോടതി തെല്ലിട നിശബ്ദമായി. പിന്നെ, സമചിത്തത വീണ്ടെടുത്തു. 

"ഇത് നിന്റെ തെരുവോ തെരുവിലെ ചന്തയോ അല്ല, കോടതിയാണ്. കോടതിയോട് മര്യാദക്ക് സംസാരിക്കണം"

"ശരി, അങ്ങുന്നേ. അങ്ങിപ്പോ ജയിലലടക്കാൻ വിധിച്ച ഇയാള് നിരപരാധിയാണ്." 

ചെറുതെങ്കിലും മരുതന്റെ ഉറച്ച ശബ്ദം.

"അതെങ്ങനെയാണ് നീ തീര്‍പ്പാക്കുന്നത്?"

"ഇയാള്‍ ആ സ്വപ്നത്തിലേക്ക്  ഇടക്ക് വന്നു കയറുകയും വേഗത്തിൽ ഇറങ്ങിപ്പോവുകയും ചെയ്ത ആളാണ്‌. ആ സ്വപ്നം മുഴുവൻ കണ്ടത് ഞാനാണ്. കാരണം, അത് എന്റെ സ്വപ്നമായിരുന്നു" 

ഇപ്പോഴും ആ സ്വപ്നത്തിലെന്ന പോലെ മരുതന്‍ ശാന്ത ചിത്തനായിരുന്നു.

"ഇൻസ്പെക്ടർ പ്രേരണാകുറ്റം ചുമത്തി ഈ  കൂട്ടു പ്രതിയെകൂടി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കൂ"

ഉത്തരവിട്ടശേഷം ന്യായാധിപന്‍ കോടതി വരാന്ത ഇറങ്ങി മുറിയിലേക്ക് നടന്നു.

അപ്പോള്‍ കോടതിക്ക് വെളിയില്‍ പോലീസ് സ്റ്റേഷനകത്തെ  മാലിന്യക്കൂമ്പാരത്തില്‍  എംഎല്‍എ'യുടെ ശുപാര്‍ശക്കത്ത് വൈക്കോല്‍ രുചിയുടെ സന്തോഷത്തില്‍ അയവെട്ടുകയായിരുന്നു നഗരത്തിലെ മുത്തശ്ശിപ്പശു.

%ഗുല്‍മോഹറില്‍ വായിക്കാം
ചിത്രം: അഷ്‌റഫ്‌ മേലെവീട്ടില്‍  

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms