2011 നവം 24

വിരേചനത്തിന്റെയൊഴുക്ക്



വിരേചനത്തിന്റെയൊഴുക്ക്.


അഴിഞ്ഞ കെട്ടുകളും കൊളുത്തുകളും കുടുക്കുകളും..
ഇത്രമേലെനിക്കാരെയും ഒന്നിനെയും വിശ്വാസമില്ല.
ഇടക്ക് സമര്‍പ്പണം പോലൊരു വായ്പ്പാട്ട്,
ഒപ്പമിരിക്കുമ്പോള്‍, സഭ്യയതയൊട്ടുമില്ലാത്തൊരു ആഭാസനാകുന്നു ഞാന്‍.
മറ്റു ചിലപ്പോള്‍, ധ്യാനത്തിലുമാണ്.
ഞങ്ങളുടെ പ്രണയത്തിലെന്ന പോലെ..!!!
പതയിലലിഞ്ഞു കമിതാക്കളെന്നകണക്ക് നമ്മളൊന്നാകുന്നു.

അപ്പോഴായിരിക്കും,
'വിരേചന ഗുളിക' കഴിച്ചൊരു കൂട്ടം,
"ജോലിക്ക് പോവാന്‍ സമയമായി" എന്നാര്‍ത്തു ശകാരിക്കുന്നത്.

എന്നെ തണുപ്പിച്ച ജലധാരയില്‍ നിന്നും ദേഹത്തല്പാല്പം ജലകണങ്ങള്‍ ബാക്കിയാക്കി,
നനഞ്ഞ അരക്ക് താഴെ ആയി മുണ്ട് വാരിച്ചുറ്റി തിടുക്കത്തില്‍ പുറത്തേക്ക്....!!!

ഇന്നുമിന്നലെയും, ഇനിയെന്നും... ഇതുതന്നെ ഗതി.!

നിയമസഭാമന്ദിരം പോലൊരു ശൌച്യാലയം പണിയിക്കാന്‍ ഞാനും സമരത്തിലാണ്.

ഭാര്‍ഗ്ഗവ'ക്ഷേത്രാങ്കണത്തില്‍,
'എച്ചില്‍ കൂനകള്‍' അടയാളം കാണിക്കുമ്പോള്‍,

"കൃത്യമായൊരു 'വിരേചന നയ'മില്ലാതെ പോയ കുറവിനെ 'മുല്ലപ്പെരിയാര്‍' നികത്തുമെന്ന് "
{അഥവാ, ഒഴുക്കികളയുമെന്ന്} വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

പൂമുഖവും കടന്നു, 'ചില്ല് കൂട്ടില്‍' നിന്നും വാര്‍ത്താവതാരകന്റെ, പതിവ് ഓക്കാനം.

അവകാശ പോരാളികള്‍ക്കും, കേന്ദ്ര-സംസ്ഥാന ഭരണേതിഹാസങ്ങള്‍ക്കും അഭിവാദ്യങ്ങള്‍..!!!

2011 നവം 10

മാതൃകകള്‍ ഉണ്ടാകുന്നത്.

മാതൃകകള്‍ ഉണ്ടാകുന്നത്.


ആകാശത്തു നിന്നടര്‍ന്ന നക്ഷത്രത്തിനു
പ്രതീക്ഷയുടെ സ്വര്‍ഗ്ഗവാനം താണ്ടിയ
കുഞ്ഞുപറവകള്‍
ഹൃദയരക്തം ഊര്‍ജ്ജമായ്
കൊടുത്തിട്ടു പോകുന്ന
കാഴ്ചയെത്ര ഹൃദ്യം.

ഇന്ദ്രപ്രസ്ഥത്തിലെ വാനരക്കൂട്ടങ്ങളോട്
ദൈവ സമക്ഷം വ്യവഹാരത്തിലേര്‍പ്പെട്ട്
മാനനഷ്ടത്തിന് പരിഹാരം ചോദിക്കുന്ന,
പൂര്‍വ്വ സൂരികളുടെ നിലപാടെത്ര ന്യായം.

ഇറോം ആരാണു നീ,
എന്താണു നീ..?
സമത്വ വിളംബരപത്രത്തില്‍
തുല്യം ചാര്‍ത്താന്‍ മറന്ന
ദൈവത്തിനൊരു തിരുത്തോ..?
ജനഹിതത്തിന്‍ രക്തമൂറ്റുന്ന
ദുര്ഭൂതങ്ങള്‍ക്കുള്ള ഉത്തരമോ..?

ഇരുട്ടകറ്റി വന്ന പ്രവാചകദര്‍ശനമോ,
കലിയെ ജയിക്കുന്ന അവതാരപാത്രമോ,
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വാഗ്ദാനമോ,
മനുഷ്യസ്വഭാവത്തിന്റെ താത്പര്യമോ...

നിന്നെ ഞാന്‍ ജനാധിപത്യത്തിലെ
ഗംഗയെന്നു ചൊല്ലുന്നു,
മാലിന്യാലംകൃത മനസ്സിനെ സംസ്കരിക്കുന്ന
വിയര്‍പ്പുലവണം മണക്കുന്ന ഗംഗ.

നീ നന്മയുടെ ദേവത,
നീതിയുടെ സൂചകം,
സ്നേഹത്തിന്റെയടയാളം,
പ്രതീക്ഷയുടെ മഴക്കൊയ്ത്ത്...

നിനക്ക് ശതകോടികളുടെ മാപ്പപേക്ഷ.

2011 സെപ്റ്റം 25

നിറുത്തുക, ഈ ഭീകരത.

ഇറോം...
നിറുത്തുക, ഈ നിരാഹാര ഭീകരത
ഞങ്ങള്‍ നവ ഭാരതീയര്‍ {കോളനീയര്‍}
'യാങ്കി'യേമാന്റെ പൊന്നോമനകള്‍
ഭീകരതെക്കിതിരായി,
തലയോട്ടി കൊണ്ട് കുഴിമാടം നിറച്ചവര്‍.
വികസനത്തിനായി സ്വയം വിറ്റു തീര്‍ക്കുവോര്‍
സംവരണത്തിനായി ജീവിതം ഉഴിഞ്ഞവര്‍.
സൈന്യത്തിനായി സ്വത്വവും, സ്വത്തും നല്‍കിയോര്‍.

അറിയില്ലേ...
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം..!
ആഭ്യന്തര ഭീകരാക്രമണം..!
'ആദിവാസി നക്സല്‍' ഭീഷണി..!
അല്പം തിരക്കിലാണ്.
ജന സേവകര്‍ ജയിലഴിക്കുള്ളിലാണ്.

ധൈര്യമായിരിക്കുക.
ഒരപരാധിയും ശിക്ഷിക്കപ്പെടുകയില്ല.
പരമോന്നത നീതിപീഠം പരിമിതപ്പെടുകയില്ല.
സ്ത്രീയും {അവളുടെ വയറ്റിലെ} കുട്ടിയും
സംരക്ഷിക്കപ്പെടണം: അവന്‍,
ഭാവി സൈന്യാധിപനാണ്.

നന്ദി,
ശാന്തമായി ഒരു വ്യാഴവട്ടം പിന്നിട്ടതിനല്ല.
ധീരമായി ചെറുത്തു നിന്നതിനുമല്ല.
നിന്റെ നാടിന്റെ നഗ്ന മാംസത്താല്‍
എന്റെ വായനക്കൊരു 'കവറൊ'രുക്കിയതിന്.
എന്റെ 'പെട്ടിയില്‍' ദൃശ്യ'വിരുന്നൊരുക്കിയതിന്.

പ്ലീസ്..!
ഞാനൊന്ന് മിണ്ടാതിരിക്കട്ടെ,
എനിക്ക്, ദേശസ്നേഹം കൊണ്ട് നില്‍ക്കാന്‍ വയ്യ.
നിറുത്തുക, ഈ നിരാഹാര ഭീകരത.
എന്നെ ഭീകരനാക്കരുത്. പ്ലീസ്..!!

----------------------------------------------------
മറ്റു പോസ്റ്റുകള്‍..

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms