2011, ഡിസം 2

ബഹുമാന്യ ഘാതകര്‍.

"വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്."


ഒരു കൂട്ടം ജനങ്ങളുടെ.. {പ്രകൃതിയിലെ മറ്റനേകങ്ങളുടെ} ന്യായ{നീതി}മായ ആവശ്യങ്ങള്‍ക്കുള്ള എല്ലാ തെളിവുകളും നേരത്തെ തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അവ കോടതിയുടെ പരിഗണനയിലുമാണ്. ഇത്രയും കാര്യങ്ങള്‍ മാത്രമേ ഇനി എല്ലാവരുംകൂടി തലകുത്തി നിന്നാലും കോടതിക്ക് മുന്നിലും പ്രധാനമന്ത്രിയുടെ മുന്നിലും, ജനതയുടെ മുന്നിലും വെക്കാന്‍ കഴിയൂ...എന്നിട്ടും, പ്രധാനമന്ത്രിയും, തമിഴ്നാടും ഇവ അംഗീകരിച്ചിട്ടില്ല. ഇനി അംഗീകരിക്കുകയും ഇല്ല..!


ആരെയാണ് നാമിനി പ്രതീക്ഷിക്കേണ്ടത്. ഇത്ര നാളും ഒരു പരിഗണനയും തരാത്ത പ്രധാനമന്ത്രിയേയോ.. അതോ, ഇതെല്ലാം ശരിയായിരിക്കാം. പക്ഷെ, ഞങ്ങള്‍ അംഗീകരിക്കില്ലെന്നു പറയുന്ന തമിഴ്നാടിനെയോ.. അതോ, ഇപ്പോള്‍ പന്ത് കയ്യാളുന്ന കോടതിയെയോ..?
 
ഇതൊക്കെയും ഒരു ജനാധിപത്യ വിശ്വാസിയില്‍ അനേകം ചോദ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിലേറെ ആശങ്കയും..! രാജ്യത്തിനകത്തെ ഒരു സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ യാതൊന്നും നാളിതുവരെ ചെയ്യാനാവാത്ത ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാ അയല്പക്ക രാജ്യങ്ങളുമായി കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുക...?  കറന്‍സിയിലെ അക്കങ്ങളുടെ പെരുപ്പത്തെ വരക്കുന്നതിലെ മിടുക്കല്ല ഞങ്ങള്‍ ജനങ്ങള്‍ക്കാവശ്യം. പൌരന്റെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു ഭരണാധികാരിയെയാണ്. അല്ലാതെകണ്ടു യാങ്കിയേമാന്മാര്‍ തന്നുവിടുന്ന പാചക കുറിപ്പുമായി രാജ്യത്തെ വിഭവങ്ങള്‍ ഉപയോഗിച്ച് സദ്യ'വട്ടമൊരുക്കുന്ന ഒരു ദേഹണ്ണക്കാരനെയല്ല. മഹിത ജനാധിപത്യ രാജ്യത്തെ ഒരു കുക്കറി ഷോ' കണക്കുപയോഗിക്കുന്ന വാചക റാണിമാരെയുമല്ല. ഈ അനാസ്ഥ ഈ നിസ്സംഗത ഇത് കുറ്റകരമാണ് സര്‍ദാര്‍ജി..!

രാജ്യത്തെ മറ്റൊരിടത്തും കാണാത്ത'കണ്ട് ഏറെ സഹോദര്യത്തില്‍ കഴിയുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ അനാവശ്യമായ പ്രാദേശിക വാദങ്ങള്‍ ഉപയോഗിച്ച് ശത്രുവിനോടെന്ന കണക്ക് പെരുമാറാന്‍ പ്രേരിപ്പിക്കുന്ന തമിഴ്നാടിന്റെ ശുദ്ധ തെമ്മാടിത്തരത്തെ അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ യൂണിയനില്‍.. അതിനകത്ത് തന്നെ മറ്റൊരു രാജ്യമോ..? ഇതിനുവദിച്ചു നല്കിക്കൂടാ.. എന്തേ, രാജ്യത്തെ ദേശീയ പ്രസ്ഥാനങ്ങളുടെ മിണ്ടാനുപയോഗിക്കുന്ന 'സാമാനം' കാശിക്കു പോയോ..? നിലപാട് അറിയിക്കണം ഹേ..!

ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്ന ഉത്തരവാദിത്വം രാജ്യത്തിനുണ്ട്. അത് യഥാവിധി ഉറപ്പാക്കാത്ത പക്ഷം, രാജ്യത്തെ കോടതികള്‍ ഇടപെട്ടേ തീരൂ.. അല്ലാതെകണ്ടു 'കുറ്റ വിചാരണ'ക്ക് മാത്രമായി പരിമിതപ്പെടരുത്. ദീര്‍ഘ ദൃഷ്ടിയോടുകൂടി ഇടപെടുകയാണ് വേണ്ടത്. ഒരു കൂട്ടമാളുകള്‍ ചത്തൊടുങ്ങിയിട്ടു തുടങ്ങുന്ന നീതിന്യായ പാരായണം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടാ.. അതിനുംമുമ്പ് ഒരൊറ്റ താളൊന്നു തുറന്ന്  നേരാം വണ്ണം ആ ഒരു വരി മാത്രം മനസ്സിരുത്തി വായിച്ചാല്‍ മതി. "വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്." എന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മുദ്രാവാക്യങ്ങളില്‍ പ്രധാനപ്പെട്ടത്. 

അതെ, നമ്മുടെ പ്രതിഷേധവും വികാരവും കാണിക്കേണ്ടത് സുപ്രീം കോടതിയോടാണ്. ഭീതിതമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു വലിയ ജന വിഭാഗത്തിന്റെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം  കോടതി താമസംവിനാ നടപ്പില്‍ വരുത്തേണ്ടതുണ്ട്.

ഇവിടെ ലളിതമായ രണ്ടു മൂന്നു ചോദ്യങ്ങളില്‍ ഈ പോസ്റ്റ് സംഗ്രഹിക്കാം എന്നാണ് തോന്നുന്നത്.

ഒന്ന്: നമ്മള്‍ മലയാളികള്‍ക്ക് പുതിയ ഡാം വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. നിലവിലത്തേത് അപകടാവസ്ഥയില്‍ അല്ലെങ്കില്‍..!

രണ്ട്; ഇനി നിലവിലെ ഡാം അപകടാവസ്ഥയില്‍ ആണെന്ന് സ്ഥാപിക്കുന്ന മുഴുവന്‍ തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.! എങ്കില്‍, നമ്മള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഇവ ആധികാരികമായി പരിശോധിക്കാനോ തീര്‍പ്പു കല്പ്പിക്കാണോ പറ്റില്ലല്ലോ..?  അത് ചെയ്യേണ്ടത്, ചെയ്യിക്കേണ്ടത് നീതിപീഠത്തിന്റെ കര്‍ത്തവ്യം ആണെന്നാണ് നമ്മള്‍ പൊതു ജനങ്ങള്‍ മനസ്സിലാക്കുന്നത്.

മൂന്ന്: അങ്ങനെ പരിശോധിച്ച്‌  ഈ ഡാമിന് യാതൊരു തകരാറോ ജനതയ്ക്ക് ഭീഷണിയോ ഇല്ലെന്നാണ് കോടതി പറയുന്നതെങ്കില്‍ നമ്മള്‍ മലയാളികള്‍ അത് അനുസരിക്കാന്‍ തയ്യാറാണ്. പക്ഷെ, അത് കോടതിയാകണം പറയേണ്ടത്. അതും വസ്തുതകളുടെ വെളിച്ചത്തില്‍.

നാല്: നിലവിലെ ഭൂകമ്പങ്ങളുടെയും വര്‍ദ്ധിച്ച നീരൊഴുക്കിന്റെയും പശ്ചാത്തലത്തില്‍ ഈ കേസ് ഉടനടി പരിശോധിച്ച് തീര്‍പ്പു കല്പ്പിക്കെണ്ടതല്ലേ..? അതല്ലേ കോടതിയോട് ഈ നാട്ടിലെ മുഴുവന്‍ ജനതയും, രാഷ്ട്രീയ നേതാക്കളും, സേവ് മുല്ലപ്പെരിയാര്‍ കമ്മിറ്റികളും ചെയ്യേണ്ടത്. അല്ലാതെ ഒച്ചയെടുക്കുന്നത് വെറുതെ പ്രശ്നം വഷളാക്കുമെന്നത് വ്യക്തമല്ലേ..?

അഞ്ച്‌; വികാരങ്ങള്ക്കപ്പുറത്തു കോടതി തീരുമാനിക്കട്ടെ എന്നും എത്രയും വേഗം തീരുമാനിക്കണം എന്നതുമല്ലേ അപ്പോള്‍ ശരിയായ നിലപാട്.

ആറ്: അങ്ങനെ കോടതിക്ക് ഈ കേസില്‍ പെട്ടന്ന് ഇടപെടാനുള്ള പ്രേരണകള്‍ എങ്ങനെയൊക്കെ നല്‍കാം, ഏതെല്ലാം രീതികളില്‍ നമ്മുടെ പ്രതിഷേധം അറിയിക്കാം എന്നൊക്കെയല്ലേ നമ്മള്‍ കൂലംകഷമായി ചിന്തിക്കേണ്ടത്. കാര്യങ്ങള്‍ ഇത്രയും 'ലളിതം' എന്നിരിക്കെ നമ്മുടെ പ്രതിഷേധങ്ങള്‍ യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍  പ്രശ്നത്തെ വല്ലാതെ നീട്ടിക്കൊണ്ടുപോകുന്നുണ്ടോ...? എങ്കില്‍, ഈ ഭീതിയിലും ആശങ്കയിലും ജനത ഇനിയും മരിച്ചു ജീവിക്കട്ടെ എന്നാരാണ് ജനതക്ക് മേല്‍ വിധി നടപ്പാക്കിയത്. ?

എങ്കില്‍, കോടതിയെ അതിന് പ്രേരിപ്പിക്കും വിധം കോടതിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ പാകത്തിലുള്ള ജനാധിപത്യ സമരങ്ങളില്‍ സംസ്ഥാനം ഒറ്റക്കെട്ടാവണം. നമ്മുടെ സ്കൂള്‍/കോളേജ് കാംപസുകളും, തൊഴില്‍ ഇടങ്ങളും, ഓരോ കുടുംബവും, പ്രവാസ ലോകവും..എല്ലാം ഈ സമരത്തില്‍ ഭാഗഭാക്കാകണം. കട കമ്പോളങ്ങള്‍ അടച്ചിട്ടു കൊണ്ടോ, നിരത്തുകള്‍ ഉപരോധിച്ചു കൊണ്ടോ, സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടോ ഉള്ള പതിവ് രീതികളില്‍ നിന്നും
മാറിയുള്ളോരു സമരം. ഇതത്രയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനജീവിതം ദു:സഹമാക്കുന്നുണ്ട്. അങ്ങനെ തീര്‍ത്തും വ്യത്യസ്തമായൊരു സമര രീതി ആവിഷ്കരിച്ചു കൊണ്ടായിരിക്കണം കോടതിയോടിക്കാര്യം ആവശ്യപ്പെടേണ്ടുന്നത്. 


സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ തപാല്‍ വിലാസത്തില്‍ മേല്‍ചൊന്ന ഇടങ്ങളില്‍ നിന്നും മുല്ലപ്പെരിയാര്‍ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റ് കാര്‍ഡുകള്‍ പോകട്ടെ.. തീര്‍ത്തും വ്യക്തിപരമായി അയക്കപ്പെടുന്ന ഇത്തരം കാര്‍ഡുകളില്‍ ചേര്‍ക്കപ്പെടുന്ന ഓരോന്നും അതാതു വ്യക്തിയുടെ മനസ്സില്‍ തോന്നുന്നത് അവരുടെ തന്നെ കൈപ്പടയില്‍ കുറിച്ചത് ഇങ്ങനെ ആവണം. സ്കൂള്‍ കുട്ടികള്‍ക്ക് ഒറ്റക്കും കൂട്ടമായും ഇങ്ങനെ ചെയ്യാവുന്നതാണ്. ഒന്നാം ഘട്ടം ഇങ്ങനെയും. രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ഒപ്പുവെക്കുന്ന ഒരു ഭീമ ഹര്‍ജിയും ഇതേ വിഷയത്തില്‍ കോടതിയിലേക്കെത്തട്ടെ.. നാട്ടിലെ സന്നദ്ധ സംഘങ്ങളുടെയും, സേവ് മുല്ലപ്പെരിയാര്‍ ഫോറങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത് ഓരോ ജില്ലാ കേന്ദ്രീകൃതമായി ഏകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയും ചെയ്‌താല്‍.. കുറഞ്ഞ സമയത്തിനുള്ളില്‍ ഈരണ്ടാം ഘട്ട സമരം അവസാനിക്കുകയായി. ഈ ഓരോ പോസ്റ്റ്‌ കാര്‍ഡിനും ഓരോ ഹര്‍ജിയുടെ മാനം കൈവരുന്നത് വിഷയത്തിന്റെ ഗൌരവം ഉറപ്പാക്കുന്നുണ്ട്.  ഇതിനോടകം കോടതി ഈ വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞിരിക്കും. പിന്നീട്, അമാന്തം കാണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല തന്നെ....!

2011, നവം 24

വിരേചനത്തിന്റെയൊഴുക്ക്



വിരേചനത്തിന്റെയൊഴുക്ക്.


അഴിഞ്ഞ കെട്ടുകളും കൊളുത്തുകളും കുടുക്കുകളും..
ഇത്രമേലെനിക്കാരെയും ഒന്നിനെയും വിശ്വാസമില്ല.
ഇടക്ക് സമര്‍പ്പണം പോലൊരു വായ്പ്പാട്ട്,
ഒപ്പമിരിക്കുമ്പോള്‍, സഭ്യയതയൊട്ടുമില്ലാത്തൊരു ആഭാസനാകുന്നു ഞാന്‍.
മറ്റു ചിലപ്പോള്‍, ധ്യാനത്തിലുമാണ്.
ഞങ്ങളുടെ പ്രണയത്തിലെന്ന പോലെ..!!!
പതയിലലിഞ്ഞു കമിതാക്കളെന്നകണക്ക് നമ്മളൊന്നാകുന്നു.

അപ്പോഴായിരിക്കും,
'വിരേചന ഗുളിക' കഴിച്ചൊരു കൂട്ടം,
"ജോലിക്ക് പോവാന്‍ സമയമായി" എന്നാര്‍ത്തു ശകാരിക്കുന്നത്.

എന്നെ തണുപ്പിച്ച ജലധാരയില്‍ നിന്നും ദേഹത്തല്പാല്പം ജലകണങ്ങള്‍ ബാക്കിയാക്കി,
നനഞ്ഞ അരക്ക് താഴെ ആയി മുണ്ട് വാരിച്ചുറ്റി തിടുക്കത്തില്‍ പുറത്തേക്ക്....!!!

ഇന്നുമിന്നലെയും, ഇനിയെന്നും... ഇതുതന്നെ ഗതി.!

നിയമസഭാമന്ദിരം പോലൊരു ശൌച്യാലയം പണിയിക്കാന്‍ ഞാനും സമരത്തിലാണ്.

ഭാര്‍ഗ്ഗവ'ക്ഷേത്രാങ്കണത്തില്‍,
'എച്ചില്‍ കൂനകള്‍' അടയാളം കാണിക്കുമ്പോള്‍,

"കൃത്യമായൊരു 'വിരേചന നയ'മില്ലാതെ പോയ കുറവിനെ 'മുല്ലപ്പെരിയാര്‍' നികത്തുമെന്ന് "
{അഥവാ, ഒഴുക്കികളയുമെന്ന്} വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

പൂമുഖവും കടന്നു, 'ചില്ല് കൂട്ടില്‍' നിന്നും വാര്‍ത്താവതാരകന്റെ, പതിവ് ഓക്കാനം.

അവകാശ പോരാളികള്‍ക്കും, കേന്ദ്ര-സംസ്ഥാന ഭരണേതിഹാസങ്ങള്‍ക്കും അഭിവാദ്യങ്ങള്‍..!!!

2011, നവം 10

മാതൃകകള്‍ ഉണ്ടാകുന്നത്.

മാതൃകകള്‍ ഉണ്ടാകുന്നത്.


ആകാശത്തു നിന്നടര്‍ന്ന നക്ഷത്രത്തിനു
പ്രതീക്ഷയുടെ സ്വര്‍ഗ്ഗവാനം താണ്ടിയ
കുഞ്ഞുപറവകള്‍
ഹൃദയരക്തം ഊര്‍ജ്ജമായ്
കൊടുത്തിട്ടു പോകുന്ന
കാഴ്ചയെത്ര ഹൃദ്യം.

ഇന്ദ്രപ്രസ്ഥത്തിലെ വാനരക്കൂട്ടങ്ങളോട്
ദൈവ സമക്ഷം വ്യവഹാരത്തിലേര്‍പ്പെട്ട്
മാനനഷ്ടത്തിന് പരിഹാരം ചോദിക്കുന്ന,
പൂര്‍വ്വ സൂരികളുടെ നിലപാടെത്ര ന്യായം.

ഇറോം ആരാണു നീ,
എന്താണു നീ..?
സമത്വ വിളംബരപത്രത്തില്‍
തുല്യം ചാര്‍ത്താന്‍ മറന്ന
ദൈവത്തിനൊരു തിരുത്തോ..?
ജനഹിതത്തിന്‍ രക്തമൂറ്റുന്ന
ദുര്ഭൂതങ്ങള്‍ക്കുള്ള ഉത്തരമോ..?

ഇരുട്ടകറ്റി വന്ന പ്രവാചകദര്‍ശനമോ,
കലിയെ ജയിക്കുന്ന അവതാരപാത്രമോ,
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വാഗ്ദാനമോ,
മനുഷ്യസ്വഭാവത്തിന്റെ താത്പര്യമോ...

നിന്നെ ഞാന്‍ ജനാധിപത്യത്തിലെ
ഗംഗയെന്നു ചൊല്ലുന്നു,
മാലിന്യാലംകൃത മനസ്സിനെ സംസ്കരിക്കുന്ന
വിയര്‍പ്പുലവണം മണക്കുന്ന ഗംഗ.

നീ നന്മയുടെ ദേവത,
നീതിയുടെ സൂചകം,
സ്നേഹത്തിന്റെയടയാളം,
പ്രതീക്ഷയുടെ മഴക്കൊയ്ത്ത്...

നിനക്ക് ശതകോടികളുടെ മാപ്പപേക്ഷ.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms