2011, മേയ് 1

രാജ്യദ്രോഹത്തിന്‍റെ രസതന്ത്രം.


ബിനായക് സെന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍റെ കാരാഗൃഹവാസമാണ് രാജ്യദ്രോഹ പരമ്പരയുടെ എപ്പിസോഡില്‍ മായാതെ നില്‍ക്കുന്ന അവസാന ചിത്രം. ഇടക്കെപ്പോഴോ'അരുന്ധതി റോയ്'പ്രമോഷന്‍ ലഭിച്ചു പട്ടികയില്‍ ഇടം നേടിയെങ്കിലും ഇപ്പോള്‍ അവധിയിലാണ്. ഇന്ത്യയുടെ വിവിധ കാരാഗ്രഹങ്ങളില്‍ വര്‍ഷങ്ങളായി വിചാരണ പോലുമില്ലാത്ത അനേകം രാജ്യദ്രോഹികള്‍ വിലപ്പെട്ട ജീവിതം തള്ളി നീക്കുന്നു.

ഇന്ത്യ മഹാരാജ്യത്തിന്‍റെ ജനാധിപത്യ മനുഷ്യാവകാശ മഹിമകൊണ്ട് നിരവധി വര്‍ഷങ്ങളുടെ കാരാഗൃഹവാസത്തിന്നൊടുവില്‍ ഗവണ്‍മെണ്ടു ചിലവില്‍ ഓട്ടോറിക്ഷയും മറ്റു പാരിതോഷികങ്ങളും നല്‍കി മാപ്പും പറഞ്ഞു വിട്ടയക്കുന്ന കാഴ്ചയും ഈ മഹാരാജ്യത്ത് വിരളമല്ല.

'ഹേമന്ത് കര്‍ക്കരെ' എന്ന വിലപ്പെട്ട ജീവന് പകരം മോചിപ്പിക്കപ്പെട്ട രാജ്യദ്രോഹികള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് നമ്മുടെ ഓര്‍മ്മയിലുണ്ട്. ഭാരതീയ ഋഷിപരമ്പരയിലെ "ലോകോ സമസ്തോ സുഖിനോ ഭവന്തു" സന്ദേശത്തിന്‍റെ പിന്‍ഗാമികളില്‍ പെട്ട അസിമാനന്ദമാരുടെ കാരുണ്യവും രാജ്യദ്രോഹികള്‍ക്ക് തുണയാകുന്നതും അതുവഴി ചിലര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതും സമീപകാല സംഭവവികാസങ്ങളാണ്.

ഇടക്കൊരശരീരി പോലെ കര്‍ക്കരെയേ കൊന്നതാര്..? പാര്‍ലമെണ്ടാക്രമണത്തിന്‍റെ പുകമറയില്‍ സംഭവിച്ചതെന്ത്..? എന്നൊക്കെ ചില ദോഷൈക'ഭീകര'ദൃഷ്ടികള്‍ ചോദ്യമുന്നയിക്കുന്നത് തികച്ചും സ്വാഭാവികം...!!!!!

സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുണ്ടായേക്കാവുന്ന ആശങ്കകള്‍ ഇവിടെയവസാനിക്കുന്നില്ല. സ്വാതന്ത്ര്യ സമരങ്ങള്‍ ഒതുക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ആവിഷ്കരിച്ച കോളനി വാഴ്ചയുടെ ബാക്കിപത്രമായ നിയമമാണ് 124Aവകുപ്പ്. സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിയഞ്ചാം വര്‍ഷത്തിലും ചില രാജ്യദ്രോഹികളെ പടച്ചെടുക്കുന്നതില്‍ അവരെ കൈകാര്യം ചെയ്യുന്നതില്‍ മഹാ രാജ്യത്തിന്‍റെ ഭീകര വിരുദ്ധ യജ്ഞത്തില്‍ ഈ നിയമം അകമ്പടി സേവിക്കുന്നുവെന്ന സുപ്രീം കോടതിയുടെ ഈ അടുത്ത സമയത്തെ പരാമര്‍ശം ബ്രിട്ടീഷ് ഭരണത്തിന്‍റെ നേട്ടങ്ങളില്‍ എണ്ണാതെ പോയത് ഏറെ നിര്‍ഭാഗ്യകരമാണ്.

കാര്യങ്ങളുടെ വിചിത്രമായ മറ്റൊരു മുഖം അബ്ദുന്നാസിര്‍ മ'അദനിയെന്ന സര്‍ട്ടിഫൈഡ് രാജ്യദ്രോഹി വരച്ചു കാട്ടുന്നു. രാമന്‍റെ വനവാസത്തെ അനുസ്മരിക്കും വിധമുള്ള കാരാഗൃഹവാസത്തിനൊടുവില്‍ 'നിരപരാധി'മുദ്ര ചാര്‍ത്തി മോചിപ്പിക്കപ്പെടുന്നു. അവര്‍ണ്ണ പക്ഷ രാഷ്ട്രീയത്തിന്‍റെയും, ദേശ സുരക്ഷയുടെയും, ജന സേവനത്തിന്‍റെയും ദൗത്യമേറ്റെടുക്കുകയും സംഭവിച്ചു പോയ അരാഷ്ട്രീയ അരാജക മനസ്സിന്‍റെ ബഹിസ്ഫുരണം അല്പം കടന്നു പോയന്ന സ്വയം വിമര്‍ശനത്തിന് തയ്യാറാവുകയും ചെയ്യുന്നു. കൊട്ടിഘോഷിച്ചു ജനതയും ജന പ്രതിനിധികളും, മന്ത്രിമാരും പൗര പ്രമുഖരും ചേര്‍ന്ന് തലസ്ഥാന നഗരിയില്‍ സ്വീകരിക്കുന്നു. ഏറെക്കഴിയും മുമ്പ് വീണ്ടും തുറുങ്കിലടക്കപ്പെടുന്നു. തനിയാവര്‍ത്തനങ്ങള്‍ നിര്‍ബാധം........തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

പൂര്‍വ്വാശ്രമത്തിലെ കാട്ടാളന് മാനിഷാദ പാടാന്‍ അവസരമൊരുക്കിയ മണ്ണില്‍, കലിംഗ യുദ്ധത്തിന്‍റെ കറ കളഞ്ഞ് അഹിംസയുടെ അശോക ചക്രത്തിന് ഹൃദയപതാകയിലഭയം നല്‍കിയ വിശ്വഭാരതത്തില്‍, ചമ്പല്‍ കൊള്ളക്കാരി ജനപ്രതിനിധിയായി നിയമ നിര്‍മ്മാണം നടത്തിയ മഹാരാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന രാസമാറ്റമെതെന്താണ്..? ഒരു കാലത്തും മോചിപ്പിക്കപ്പെടാനാവാത്ത വിധം ആയിരത്തിന്‍റെ കറന്സിക്ക് ഗാന്ധിത്തലയെന്ന പോലെ ആഗോള ഭീകരതക്ക് അബ്ദുന്നാസിര്‍ മദനി അടയാളവത്കരിക്കപ്പെടുന്നത് ചരിത്രാന്വേഷകര്‍ക്ക് പുതിയ ഗവേഷണ വിഷയമാവേണ്ടതുണ്ട്. ഇവിടെ, ബാലഗംഗാദരതിലകനെ അനുകൂലിച്ചവര്‍ക്ക് രാജ്യദ്രോഹത്തിന് കാരാഗൃഹം നല്‍കിയ ബ്രിട്ടീഷ് രാജിന്‍റെ തന്നെ തുടര്‍ച്ചയാണോ തെഹല്‍ക പത്ര പ്രവര്‍ത്തക ഷാഹിനയുടെ അറസ്റ്റും എന്ന സംശയം പ്രകടിപ്പിക്കലും രാജ്യദ്രോഹത്തിന്‍റെ ഗണത്തില്‍ പെടില്ലെന്നു പ്രത്യാശിക്കാമോ..?

ബ്രിട്ടീഷ് ഭരണകാലത്ത് ദേശാഭിമാനികളായ സ്വാതന്ത്ര്യസമര നായകന്മാര്‍, കോണ്ഗ്രസ് ഭരണകാലത്ത് മാര്‍കിസ്റ്റുകാര്‍ , മാര്‍കിസ്റ്റ് ഭരണകാലത്ത് നക്സലൈറ്റുകള്‍ എന്നീ പരിണാമങ്ങള്‍ രാജ്യദ്രോഹത്തിന്‍റെ ചരിത്രത്തിലുണ്ട്. നവ സാമ്രാജ്യത്ത്വത്തിന്‍റെ കോളനിക്കണ്ണുകള്‍ രാജ്യത്തിലെ ഭൂരിപക്ഷം വരുന്ന ഭരണകര്‍ത്താക്കള്‍ സ്വന്തം അജണ്ടയായി തിരഞ്ഞെടുത്തപ്പോള്‍ ഭരണകൂടത്തിന്‍റെ താത്പര്യത്തിന് വിഭിന്നമായി ചിന്തിക്കുന്നവര്‍, വിമര്‍ശിക്കുന്നവര്‍, അഭിപ്രായപ്രകടനം നടത്തുന്നവര്‍, ജനതയെ സംഘടിപ്പിക്കുന്നവര്‍ രാജ്യദ്രോഹികളാകുന്ന ഭീതിജനകമായ സമകാലിക സാഹചര്യങ്ങളിലേക്ക് കാര്യം എത്തിച്ചേര്‍ന്നിരിക്കുന്നു.

ജനാധിപത്യത്തില്‍ ഫാഷിസത്തിനിടമുണ്ട് എന്ന വായനയെ സാധൂകരിക്കും വിധം ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചോര്‍ച്ച സംഭാവിച്ചതെവിടെ നിന്നാണ്..? അഭിപ്രായ സ്വാത,ന്ത്ര്യം ക്രിയാത്മക വിമര്‍ശനം എന്നിവ ജനാധിപത്യത്തിന്‍റെ പ്രാണവായുപോലെ പ്രധാനമാണെന്ന തിരിച്ചറിവ് ആര്‍ക്കാണ് നഷ്ടപ്പെട്ടത്..? സമരം ചെയ്യാനും, സംഘടിക്കാനും സംവദിക്കാനുമുള്ള അവസരം രാജ്യത്തിന്‍റെ ജനാധിപത്യ വികസനത്തിന്‍റെ സൂചകമാണെന്ന് തിരിച്ചറിയപ്പെടാതിരിക്കുന്നത് എന്ത് കൊണ്ടാണ്..?

ആഭ്യന്തര ക്രമസമാധാന പാലനം മുതല്‍ രഹസ്യാന്വേഷണവും, ഇടക്കുള്ള കോടതി വിധികളുമെല്ലാം ഇരട്ടനീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷം വരുന്ന പോലിസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും മുഖ്യധാരാ നിഗമനങ്ങളെ പൊളിക്കുന്നു. ഗുജറാത്ത് വംശഹത്യയും, ബാബരീ ധ്വംസനവും, 'ഇശ്രത്തു' വ്യാജയേറ്റുമുട്ടലിന്‍റെ വെളിപ്പെടുത്തലുകളും അടങ്ങിയ പത്രപാരായണം. ജീവിക്കാനുള്ള അവകാശം നിഷേധിച്ച് മാതാവാകാനുള്ള ആശയുപേക്ഷിച്ച് ദയാവധം പ്രതീക്ഷിച്ച് കഴിയുന്ന എന്‍ഡോസള്‍ഫാനിരകളുടെ ദീനരോദനത്തെപ്പോലും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി ബലികഴിക്കുന്ന മഹാജനസേവകര്‍. കൊടികളെഴുതാന്‍ പൂജ്യംതികയാത്ത അഴിമതിക്കഥകള്‍, ഇറ്റി വീഴുന്ന മഴ നനയാതെ കിടക്കാന്‍ ചേരികളിലും കടത്തിണ്ണകളിലും അഭയം പ്രാപിക്കുന്ന ഭാരതീയര്‍, ഈ കാഴ്ചകള്‍ തീര്‍ക്കുന്ന മാനസിക വിഭ്രാന്തി അതില്‍ നിന്നുത്ഭവിക്കുന്ന ആശങ്കകള്‍. ഇവയെല്ലാം പ്രതികരണത്തിനും പ്രധിഷേധത്തിനും പ്രേരിപ്പിക്കുന്ന മനസ്സാക്ഷി മരവിക്കാത്ത പൗരാവകാശ പ്രവര്‍ത്തകര്‍ ഇടക്കെപ്പോഴോ ഇലക്ഷന്‍ ബഹിഷ്കരിച്ചതിന് അവരിന്നും വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നു. പ്രാപ്തമായ പ്രബുദ്ധതയില്ലാത്ത രാഷ്ട്രീയ, മത മേലദ്ധ്യക്ഷന്മാര്‍...........

ഈ വിഷമ വൃത്തങ്ങള്‍ തീര്‍ക്കുന്ന അരാജകത്വവും അരാഷ്ട്രീയ വാദവും രാജ്യദ്രോഹത്തിന്‍റെ പരിധിയിലുള്‍പ്പെടുത്താതിരിക്കാന്‍ 'ചൗരി ചൗരാ ' സംഭവത്തില്‍ ആത്മ വിമര്‍ശനത്തിന് തയ്യാറായ ഗാന്ധിയന്‍ നീതിബോധത്തിന്‍റെ ആയിരത്തിലൊരംശം മനുഷ്യത്വം മരവിച്ച അഭിനവ രാജ്യസേവകര്‍ക്കും രാജ്യസ്നേഹികള്‍ക്കും ഉണ്ടാവുമോ..? അല്ലെങ്കില്‍ ഈജിപ്തും യമനും നല്‍കുന്ന ചരിത്ര പാഠത്തിനെ നേരിടാന്‍ ഇനിയും കരി നിയമങ്ങള്‍ തുണയാകുമോ? ഇതാണ് ജനാധിപത്യ പൗരാവലിയില്‍ അലയടിക്കേണ്ട പ്രധാന ചര്‍ച്ച. അല്ലാതെ വില്യം സായിപ്പിന്‍റെ രാജകീയ ചുംബനമല്ല.

49 comments:

നാമൂസ് പറഞ്ഞു...

ജനാധിപത്യത്തില്‍ ഫാഷിസത്തിനിടമുണ്ട് എന്ന വായനയെ സാധൂകരിക്കും വിധം ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചോര്‍ച്ച സംഭാവിച്ചതെവിടെ നിന്നാണ്..? അഭിപ്രായ സ്വാതന്ത്ര്യം ക്രിയാത്മക വിമര്‍ശനം എന്നിവ ജനാധിപത്യത്തിന്‍റെ പ്രാണവായു പോലെ പ്രധാനമാണെന്ന തിരിച്ചറിവ് ആര്‍ക്കാണ് നഷ്ടപ്പെട്ടത്..? സമരം ചെയ്യാനും, സംഘടിക്കാനും സംവദിക്കാനുമുള്ള അവസരം രാജ്യത്തിന്‍റെ ജനാധിപത്യ വികസനത്തിന്‍റെ സൂചകമാണെന്ന് തിരിച്ചറിയപ്പെടാതിരിക്കുന്നത് എന്ത് കൊണ്ടാണ്..?

ജിപ്പൂസ് പറഞ്ഞു...

ദോഹയിലേക്ക് സ്വാഗതം സഖാവേ...അഭിപ്രായം വായിച്ചിട്ട് തരാം കെട്ടാ നാമൂസ്ക്കാ :)

Noushad Koodaranhi പറഞ്ഞു...

എല്ലാം ശരിയാകുമെന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ വിശ്വസിക്കുമോ..?

Sameer Thikkodi പറഞ്ഞു...

മൊത്തത്തിൽ ഈ കുറിപ്പിനോട് യോജിക്കുന്നു...

ചില പരാമർശങ്ങൾ ഏച്ചു കെട്ടലുകൾ ആയോ എന്നു സംശയിച്ചാൽ പോലും...


അഭിപ്രായ സ്വാതന്ത്ര്യം എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരേ വിധമായിരിക്കണം... സംശയലേശമില്ലാതെ നമുക്ക് സമ്മതിക്കാവുന്നതും പൗരന്റെ അവകാശവുമാണു...

നന്ദി നാമൂസ് ഇത്തരം ആനുകാലിക വിഷയങ്ങൾ പങ്കു വെച്ചതിനു...

Unknown പറഞ്ഞു...

कोन बनेगा करोड़पती?
അതല്ലേ ഇന്ന് ഏവരുടെയും ചിന്ത?
ഒരു വാക്കു മിണ്ടാതെ തിരിച്ചു പോയി അല്ലെ?

കൂതറHashimܓ പറഞ്ഞു...

മ്.... വായിച്ച് ദീര്‍ഗ്ഗശ്വാസം വിട്ടു.
മാറ്റപ്പെടേണ്ട വസ്ഥുതകളുടെ മാറ്റൊലിക്കായി കാതോര്‍ക്കാം

ഐക്കരപ്പടിയന്‍ പറഞ്ഞു...

മുന്നെ വായിച്ച താൻകളുടെ ലേഖനത്തിന്റെ തുടർച്ച പോലെ തോന്നിക്കുന്ന ഈ ലേഖനത്തിലെ പരാമർശ വിധേയമായ കാര്യങ്ങളെ വിലയിരുത്തിയാൽ നമുക്ക് നിരാശ തന്നെയാണുൻടാവുക.

ചില കാര്യങ്ങളിൽ വൈകാരികത കടന്നുവന്നുവെൻകിലും അഭിപ്രായങ്ങൾ കാലികമാണെന്ന് സമ്മതിക്കാതെ വയ്യ....

Welcome back to Qatar!

അലി പറഞ്ഞു...

ഇനിയും ചർച്ചയാകേണ്ട വിഷയങ്ങൾ...

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഇറോം ശര്‍മിള, മഅദനി, ബിനായക്‌ സെന്‍ അങ്ങനെ നിരവധി പേര്‍ ഭരണകൂട ഭീകരതയുടെ ഇരകള്‍. പനത്തിനുമുകളില്‍ നിയമവ്യവസ്ഥയും, കോടതികളും ഒന്നും ചലിക്കില്ല എന്ന് തോന്നിപ്പോകും പല വിധി പ്രസ്താവങ്ങളും കാണുമ്പോള്‍... ഭൂരിപക്ഷ സമൂഹത്തിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ (ജാതി, മത, രാഷ്ട്രീയ, തൊഴില്‍) പീഡിപ്പിക്കപ്പെടുന്നു എന്നത് സത്യം തന്നെയാണ്. ലോകരാജ്യങ്ങളില്‍ എല്ലാം ഇത് തന്നെയാണ് നടക്കുന്നത്. മനുഷ്യമനസ്സുകളില്‍ മത ഭ്രാന്തും, ജാതീയതയും നിറയുമ്പോള്‍ മനുഷ്യത്വം നശിച്ചുപോകുന്നു. മത വര്‍ഗീയതും തീവ്രവാദവും ഒരു കൊടുക്കല്‍ വാങ്ങല്‍ രീതിയില്‍ ആണ് മുന്നേറുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഗുജറാത്ത് കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന് ഡി.ജി.പി വരെ പറഞ്ഞ അഭിപ്രായപ്പെട്ട നരേന്ദ്ര മോഡി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുകയും, ഒമ്പത് വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം നിരപരാധിയാണ് എന്ന് കണ്ടു വിട്ടയച്ച മഅദനി വീണ്ടും ഇപ്പോള്‍ ചില കേസുകളുടെ പേരില്‍ ജയിലില്‍ കിടക്കുകയും ചെയ്യുന്നത് ഭരണകൂട പക്ഷപാതിത്വത്തിന്റെ ഉദാഹരണം ആണ്.

മഅദനി പ്രധിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോട് നൂറുശതമാനം വിയോജിപ്പാണ് ഉള്ളത്. പി.ഡി.പി എന്ന സംഘടന ഒരിക്കലും ഒരു സെകുലര്‍ സംഘടന അല്ല. വര്‍ഗീയ ധ്രുവീകരണത്തിന് ശമിക്കുന്ന ബി.ജെ.പി-യുടെയോ ശിവസേനയുടെയോ ഒരു ചെറുപതിപ്പാണ് ആ സംഘടനയും.


"കാരാഗൃഹം" എന്നതല്ലേ ശരി. കരാഗ്രഹം തെറ്റല്ലേ?

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഇവിടെ ജനാതിപത്യമല്ലാ ഇപ്പോള്‍ രാഷ്ട്രീയ മേല്‍ക്കോയമയാണ് നടക്കുനത്
രാഷ്ട്രീയ വിജയത്തിന് വെണ്ടി എന്തുതരം കുപ്പായവും അണിയാന്‍ പാകത്തിന് ഇന്ന് നമ്മുടെ ഭരണാതിപന്മാര്‍ മാറിയിരിക്കുന്നു, വോട്ട് എന്ന പ്രക്രിയ വരുമ്പോള്‍ , തന്റെ പാര്‍ട്ടി നന്മ ചെയ്തു എന്ന് , മുറവിളികള്‍ ഉയര്‍ത്തി വീണ്ടും അധികാരം മോഹത്തിനായി മുഖമൂടി അണിഞാണ് ഈ ഭരണ ചെകുത്താന്മാര്‍ നമ്മളേ കാണുന്നത്, വെറും വോട്ടര്‍മാര്‍........
രാജ്യസ്നേഹികള്‍ വളരെ കുറച്ച് മാത്രം, വരും തലമുറക്ക് കാണിക്കാന്‍ ഇന്ന് ജീവിച്ചിരിക്ക്ന്ന ഭരണാതിപരില്‍ ആരും അതിന് അര്‍ഹരല്ലാ...........

ente lokam പറഞ്ഞു...

രാവിലെ ഓഫീസില്‍ വന്നപ്പോള്‍ ഒരു
ഈ നാട്ടുകാരനും ഒരു മറു നാടുകാരനും
ഒരേ സ്വരത്തില്‍ എന്നോട് ? കല്യാണം
കണ്ടിരുന്നോ എന്ന് ? ഞാന്‍ പറഞ്ഞ്
എന്‍റെ ഇന്നത്തെ ദിവസം
നിങ്ങള്‍ നശിപ്പിച്ചു എന്ന് ...

പറയാന്‍ കാരണം നമുക്ക് ഇപ്പൊ എന്ത് ആണ്
ചിന്തിക്കേണ്ടത് എന്ന് പോലും തിരിച്ചു അറിവ്
ഇല്ലാത്ത അവസ്ഥ ആയി .അത്രയ്ക്ക് നമുക്ക്
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു .സ്വതന്ത്ര
ചിന്ത വരെ ...
നാമൂസ് ..ഇനിയും എഴുതൂ ...വായിച്ചു ദേഷ്യം
തീര്‍ക്കാന്‍ എങ്കിലും ..!!!

ishaqh ഇസ്‌ഹാക് പറഞ്ഞു...

ചട്ടങ്ങള്‍..!! ചട്ടങ്ങള്‍..!!
ഒന്നല്ല, മൂന്ന് കുരങ്ങന്മാരാകാം നമുക്ക്..
താങ്കള്‍ തിരികെ വന്നെന്ന വാര്‍ത്തകേള്‍ക്കാനായി ..
സ്നേഹ സലാം...:)
തൌദാരം നന്നായി.

MOIDEEN ANGADIMUGAR പറഞ്ഞു...

താങ്കളുടെ നിരീക്ഷണങ്ങളോട് നൂറു ശതമാനം യോജിക്കുന്നു.

നസീര്‍ പാങ്ങോട് പറഞ്ഞു...

nallezhutthukal....

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നാമൂസിന്‍റെ രോഷം ഞാനും ഏറ്റുപിടിക്കുന്നു.
നന്നായി ലേഖനം

Akbar പറഞ്ഞു...

ഇറ്റി വീഴുന്ന മഴ നനയാതെ കിടക്കാന്‍ ചേരികളിലും കടത്തിണ്ണകളിലും അഭയം പ്രാപിക്കുന്ന ഭാരതീയര്‍, ഈ കാഴ്ചകള്‍ തീര്‍ക്കുന്ന മാനസിക വിഭ്രാന്തി അതില്‍ നിന്നുത്ഭവിക്കുന്ന ആശങ്കകള്‍ ഇവയെല്ലാം പ്രതികരണത്തിനും പ്രധിഷേധത്തിനും പ്രേരിപ്പിക്കുന്ന മനസ്സാക്ഷി മരവിക്കാത്തവര്‍ ഇലക്ഷന്‍ ബഹിഷ്കരിച്ചതിന് വിചാരണ നേരിടുന്ന പൗരാവകാശ പ്രവര്‍ത്തകര്‍. പ്രാപ്തമായ പ്രബുദ്ധതയില്ലാത്ത രാഷ്ട്രീയ, മത മേലദ്ധ്യക്ഷന്മാര്‍.

ഈ വിഷമ വൃത്തങ്ങള്‍ തീര്‍ക്കുന്ന അരാജകത്വവും അരാഷ്ട്രീയ വാദവും രാജ്യ ദ്രോഹത്തിന്‍റെ പരിധിയിലുള്‍പ്പെടുത്താതിരിക്കാന്‍ 'ചൗരി ചൗരാ ' സംഭവത്തില്‍ ആത്മ വിമര്‍ശനത്തിന് തയ്യാറായ ഗാന്ധിയന്‍ നീതിബോധത്തിന്‍റെ ആയിരത്തിലൊരംശം മനുഷ്യത്വം മരവിച്ച അഭിനവ രാജ്യ സേവകര്‍ക്കും രാജ്യ സ്നേഹികള്‍ക്കും ഉണ്ടാവുമോ..?

Akbar പറഞ്ഞു...

ഹോ ഞാന്‍ ഒന്ന് ശ്വാസം വിടട്ടെ നാമൂസ്.

ഒരു ലേഖനം എഴുതുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ കുറഞ്ഞ വരികളില്‍ ആറ്റിക്കുറുക്കി എഴുതുക എന്നതിലാണ് കാര്യം. അതാണ്‌ വായിക്കാന്‍ സുഖം. എന്നാല്‍ താങ്കള്‍ കുറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ വരികളില്‍ നീട്ടി വലിച്ചു എഴുതുന്നതും അനാവശ്യമായ ബലം പിടുത്തം നടത്തുന്നതും വായനയുടെ സുഖം ഇല്ലാതാക്കുന്നു. പലപ്പോഴും വാക്കുകള്‍ തമ്മില്‍ ബന്ധം ഇല്ലാതാകുന്നു. അസ്ഥാനത്ത് അനാവശ്യ ചരിത്രവും മറ്റും കടത്തി ലേഖകനുള്ള വിവരം മുഴുവന്‍ കാണിക്കാനുള്ള ഒരു അവസരമായി ലേഖനമെഴുത്തിനെ എടുക്കുമ്പോള്‍ ഉദ്ധേശ ശുദ്ധിയില്‍ വായനക്കാര്‍ സംശയാലുക്കാളായാല്‍ കുറ്റം പറയാനാവില്ല. ഇത് പറയുമ്പോള്‍ എന്നോട് ദേഷ്യം തോന്നാം. എന്നാല്‍ അടുത്ത ലേഖനത്തിനു താങ്കള്‍ക്കു ഈ അഭിപ്രായം ഉപകാരപ്പെട്ടാല്‍ നല്ലത്.

Hashiq പറഞ്ഞു...

വാക്കുകള്‍ കടുകട്ടി... നാട്ടില്‍ പോയി വന്നപ്പോള്‍ ആത്മരോഷം ഇരട്ടിച്ചോ? ആളുകളെ ഇക്കിളിപ്പെടുത്തി കൂടെ നിര്‍ത്തണമെങ്കില്‍ വില്യം സായിപ്പിന്റെപ രാജകീയ ചുംബനം പോലെ എന്തെങ്കിലുമൊക്കെ അതിന്റെ സ്വാഭാവികമായ എരിവും പുളിയോടും കൂടി കൊടുക്കണം... അത് കാണാനും ആളുകള്‍ ഉണ്ടാകും... അതുകൊണ്ടാണ് എന്നെയും നാമൂസിനെയും കൂട്ടി , ലോകമാകമാനമുള്ള 200 കോടി ആളുകള്‍ ഇത് തല്‍സമയം കാണുമെന്ന് അവര്‍ തട്ടി വിട്ടത് ...

"ചാലിയാറിന്റെ " നിര്‍ദേശങ്ങള്‍ കഴമ്പുള്ളതാണ്...........

yousufpa പറഞ്ഞു...

സായിപ്പ് കുറിച്ചിട്ടുപോയ വാക്കുകൾ വർഷങ്ങൾ അനവധി കഴിഞ്ഞിട്ടും ബാധ പോലെ പിൻതുടരുന്നതിന്റെ തെളിവാണ്‌ ഇന്നും നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ബുദ്ധിയുള്ളവർ ഇല്ലാത്തവരേ പോലെ അഭിനയിക്കുമ്പോൾ നമുക്കെന്ത് ചെയ്യാൻ കഴിയും..?

Echmukutty പറഞ്ഞു...

വായിച്ച് രോഷം കൊള്ളുകയെങ്കിലും ആവാമല്ലോ എന്ന ആശ്വാസവും വിഷാദവും... ഇനീം എഴുതുമല്ലോ.

ഒരില വെറുതെ പറഞ്ഞു...

നന്നായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നാടിനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയില്‍ ജീവിക്കുന്ന ചില ഹൃദയങ്ങളില്‍ രോഷത്തിന്റെ പ്രതിഷേധത്തിന്റെ വിത്തുകള്‍ കുതിര്‍ന്നു കിടക്കുന്നുണ്ട്.അല്ലെ?

=ഇതാണ് ജനാധിപത്യ പൗരാവലിയില്‍ അലയടിക്കേണ്ട പ്രധാന ചര്‍ച്ച. അല്ലാതെ വില്യം സായിപ്പിന്‍റെ രാജകീയ ചുംബനമല്ല=
ആശംസകള്‍ !

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

നാമൂസിന്റെ വാക്കുകള്‍ക്ക് വാളിന്റെ മൂര്‍ച്ചയും എഴുത്തിന് പ്രളയത്തിന്റെ ശക്തിയുമുണ്ട്. ഒറ്റശ്വാസത്തില്‍ വായിച്ചപോലെ തോന്നി... ആശംസകള്‍

Unknown പറഞ്ഞു...

വളരെ ശക്തമായ വിഷയം..ഒരുപാട് ചര്‍ച്ച ചെയ്യപ്പെടേണ്ട ഉള്ളടക്കം..നാമൂസ്..ശക്തമായി എഴുതി..ആശംസകള്‍..

കൊമ്പന്‍ പറഞ്ഞു...

ഇന്ജെ നമൂസേ ആനക്ക് ഒക്കെ വല്ല വിവരവും ഉണ്ടോ? പഹയാ ...

ഇന്ന് ഞമ്മളെ ഇന്ത്യ മാഹരാജ്യത്ത് പാവങ്ങളെ കൊള്ള അടിച്ചു കോടികള്‍ സ്വിസ്സ് ബാങ്കിലേക്ക് തള്ളുന്നവരാ രാജ്യ സ്നേഹികള്‍

അല്ലാതെ ഏതെങ്കിലും ഉടുതുണിക്ക് മറു തുണി ഇല്ലാത്ത നശിച്ച ശാപം കിട്ടിയ വര്‍ഗത്തിന് വേണ്ടി ഏതെങ്കിലും ശാപ സ്നേഹി രണ്ടക്ഷരം ഒന്നുറക്കെ പറഞ്ഞാല്‍ അവന്‍ തീവ്രവാദി രാജ്യ ദ്രോഹി തുടങ്ങി പരലോക മോക്ഷം വരെ കിട്ടാത്ത വിഭാഗത്തില്‍ ഉള്‍പെടും മനസിലായോ?

Unknown പറഞ്ഞു...

പ്രസക്തമാണ് പലകാര്യങ്ങളും, മൂര്‍ച്ചയുള്ള വാക്കുകള്‍.
വായിച്ചു രോഷംകൊള്ളുന്നു ഞാനും.

Jefu Jailaf പറഞ്ഞു...

നാമൂസ് ഭായ്. പുറന്തള്ളിയ ആത്മ രോഷത്തിനു ഭാവുകങ്ങള്‍... ശക്തമായ നിരീക്ഷണം..

ബെഞ്ചാലി പറഞ്ഞു...

ആത്മരോഷം കൊണ്ട് കണക്ക് തീർക്കാൻ പറ്റുമോ!! രാഷ്ട്രീയക്കാർക്ക് ചിലതൊക്കെ നടക്കേണ്ടിയിരിക്കുന്നു. അധികാരമുള്ളവർ യാഥാർത്ഥ്യങ്ങളുടെ നടുവേരറുത്ത് മനോഭാവങ്ങളെ പകരം സ്ഥാപിക്കും. ഇന്നലെ ഒസാമയെ വളർത്തിയവർ ഇന്ന് ഒബാമയിലൂടെ ഇല്ലാതാക്കിയിരിക്കുന്നു. ഇതൊക്കെ അധികാരത്തിന്റെ ചക്രമാണ്, ഒന്നു പോയാൽ മറ്റൊന്ന് സൃഷ്ടിക്കപെടും. അത്ര തന്നെ.

ഒതുക്കി എഴുതിയാൽ പോസ്റ്റിന് മാറ്റ് കൂടും. അഭിനന്ദനം

ajith പറഞ്ഞു...

ശരിയായ കാര്യം.

Basheer Kanhirapuzha പറഞ്ഞു...

ദേശസ്നേഹവും തീവ്രവാദവും അളക്കുന്ന നമ്മുടെ നാട്ടിലെ മീറ്ററിന്റെ സൂചി കാലങ്ങളായി താല്പ്പര്യങ്ങള്‍ക്കനുസരിച്ചാണ് തിരിയുന്നത്. അത് തരം തിരിക്കുന്നവരാകട്ടെ ചായം പുരട്ടിയ കണ്ണടകള്‍ ധരിച്ചവരും. ഈ അവസ്ഥ മാറേണ്ടതുണ്ട്. തെറ്റുകാരന്‍ ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ ശിക്ഷിക്കപ്പെടനം. മദനിയും സൂഫിയാ മദനിയും, നരേന്ദ്രമോഡിയും ഉമാഭാരതിയും ഒരേ നിയമത്തിനു വിധേയമാകണം. ഹേമന്ദ് കാര്‍ക്കരയുടെ ഘാതകര്‍ ആരാണെന്ന് അറിയാത്ത ഒരു കോടതിയും നമ്മുടെ നാട്ടിലില്ല. ശരിക്ക് നേരെ പുറം തിരിച്ചു നില്‍ക്കുന്നവന്റെ കൂടെ (തന്റെ പാര്‍ട്ടിക്കാരന്‍ ആയാലും മതക്കാരന്‍ ആയാലും) ഞാനില്ല എന്ന് പറയാന്‍ ഭാരതിയന്‍ ചങ്കൂറ്റം കാണിക്കണം. നന്മയും സ്നേഹവും ഒത്തു ചേരുന്ന ആ നല്ല പുലരിക്കായി കാതോര്‍ത്തിരിക്കാം. അകബര്‍ പറഞ്ഞപൊലെ ലേഖനം വലിച്ചു നീട്ടരുതായിരുന്നു. പീനല്‍ കോഡ് നമ്പര്‍ ഒന്നും ആരും ശ്രദ്ധിക്കില്ല, ,അതും ഒഴിവാക്കാമായിരുന്നു. ആശംസകള്‍

Kadalass പറഞ്ഞു...

വളരെ ചിന്താർഹ്മായ ലേഖനം!

haneefmuhammed പറഞ്ഞു...

രാഷ്ട്രീയത്തിലെ കീഴ് പ്പെടുത്തി ആധിപത്യം നേടുക എന്നാ കാടന്‍ നിയമത്തെ പോലും വെല്ലുന്ന തരാം താണ രീതി ആണ് ഇത് ...ഇതും ഇക്കൂട്ടരുടെ ഇന്നത്തെ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളില്‍ പ്രധാന മായി മാറിയിരിക്കുന്നു ...രാജ്യത്ത് നീതി നിഷേധിച്ചു ഭരണകൂട ഭീകരതയുടെ ഭാഗമായി ശിക്ഷ അനുഭവിച്ചിട്ടുള്ള ഓരോ വ്യക്തി യുടെയും ചരിത്രം അതാണ്‌ നമ്മെ ഓര്‍മ്മിക്കുന്നത് ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പഴയ വ്യവസ്ഥകൾ എന്തായാലും മാറ്റിയേ തീരു...

Unknown പറഞ്ഞു...

വല്ലാത്ത തൌദാരം തന്നെ ഇത്!!?

Anvar Vadakkangara പറഞ്ഞു...

ജനാധിപത്യരാഷ്ട്രത്തിലെ കാടന്‍ നിയമങ്ങള്‍ related post http://janasamaksham.blogspot.com/

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

അന്റെ തൌദാരം ഞമ്മക്ക് പുടിച്ചു!
ആത്മരോഷം കൊള്ളാന്‍ മാത്രമാണ് ഞമ്മന്റെ വിധി! :)

TPShukooR പറഞ്ഞു...

വളരെ പ്രസക്തമായ ലേഖനം.

Manoraj പറഞ്ഞു...

കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നു നാമൂസിന്റെ ബ്ലോഗില്‍ നിന്നും. അറിവില്ലാത്ത ഒട്ടേറെ കാര്യങ്ങള്‍. പലതും അറിയാത്ത കാര്യങ്ങളായതിനാല്‍ തന്നെ കൂടൂഹ്റ്റല്‍ അഭിപ്രായങ്ങള്‍ വിളമ്പി കുളമാക്കുന്നില്ല.

new പറഞ്ഞു...

ബ്ലോഗില്‍ ആദ്യമായാണ് - ബോറടിപ്പിക്കാതെ കാര്യങ്ങള്‍ ശതമായ രീതിയില്‍ അവതരിപ്പിക്കുന്നത്‌ കാണുന്നത് ...........

രാജദ്രോഹിയായി മുദ്രകുത്തപ്പെട്ടവന്‍ ഒടുവില്‍ നിരപരാധി എന്ന് തിരിച്ചറിഞ്ഞു വെറുതെ വിടുമ്പോള്‍ ........... രാജദ്രോഹി എന്ന് പച്ച കുത്തി വച്ചത് മായുമോ ? അതൊരു വലിയ വേദനയായി തന്നെ തുടരും അല്ലെ

ഷമീര്‍ തളിക്കുളം പറഞ്ഞു...

മാറ്റത്തിന്റെ ശബ്ദം മുഴങ്ങട്ടെ..!

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഒടുവില്‍ പരമോന്നത നീതി പീഠത്തിലെ ന്യായ വിധിക്കാര്‍ക്കും സംശയം. മസില്‍ പവര്‍ കൊണ്ട് തെളിവ് സൃഷ്ടിച്ചെടുക്കുന്ന പണിയാണ് കര്‍ണാടക പോലീസിനെന്നു ഒരു ജഡ്ജി. അതല്ല തെളിവുകള്‍ തള്ളിക്കളയരുതെന്നു മറ്റൊരാള്‍. ഒടുവില്‍ മഅദനിയുടെ ജാമ്യ ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി!

ഷാഹിന ഒരു പ്രതീകമാവുന്നതും മഅദനി സര്‍വകാല ഇരയാവുന്നത് നമുക്ക് കുറച്ചു പേര്‍ക്ക് മാത്രമാണ്. ഇവിടെ, നീതിയും ന്യായവും നടപ്പിലാവണമെങ്കില്‍ കന്യാസ്ത്രീയുടെ കന്യാചര്‍മം തുന്നിച്ചേര്‍ത്ത പോലെ ഇരകളുടെ അഗ്രച്ചര്മവും തുന്നിച്ചേര്ക്കേണ്ട ഗതികേടാണെന്ന തുറന്നു പറയാതെ നിര്‍വാഹമില്ല.

ഇനി നിങ്ങള്‍ക്കെന്നെ വര്‍ഗീയവാദിയെന്ന് വിധിയെഴുതാം.

Ismail Chemmad പറഞ്ഞു...

നമൂസിയന്‍ എഴുത്തിനു അഭിനന്ദനങ്ങള്‍

haris പറഞ്ഞു...

ഇവിടെ നമ്മുടെ രാജ്യത്ത് മനുഷ്യത്വം പോലും മരവിച്ചിരിക്കുന്നു നാമൂസ് .ജനാധിപത്യത്തിന്റെ മറവില്‍ നടക്കുന്ന നീതി നിഷേധങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങുമോ? രാജ ഏകാധി പത്യ രാജ്യങ്ങളില്‍ പൌരന്മാര്‍ മൌനം പാലിക്കും പോലെ ഭാരതീയനും നിര്‍ബന്ധിതരായിരിക്കുന്നു. ഭരണ കാര്യങ്ങളില്‍ എന്ത് നടക്കുന്നു എന്നത് ഇപ്പോള്‍ ഇന്ത്യന്‍ പൌരനെ സംബന്ധിച്ച ഒരു വിഷയമേ അല്ലാതായിരിക്കുന്നു .നമുക്ക് നമ്മുടെ കാര്യം അല്ല എനിക്ക് എന്റെ കാര്യം എന്ന വിധത്തില്‍ തലമുറ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു .അത് നീതി നിഷേധമാകട്ടെ ഫാസിസ്റ്റ് തന്ത്രങ്ങള്‍ ആവട്ടെ മനുഷ്യാവകാശ ലംഘനം ആവട്ടെ എന്നെ ബാധിക്കുന്നില്ലല്ലോ .......ഭരണ നിയമ വ്യവസ്ഥകള്‍ തുലോം ചുരുങ്ങിയ രാഷ്ട്രീയ മേലാള ന്യൂനപക്ഷത്തിന്റെ മാത്രം അവകാശവും ഔദാര്യവും ആയി മാറിയിരിക്കുന്നു .130 കോടിയില്‍ അധികം വരുന്ന നമ്മുടെ ജനസംഖ്യയില്‍ യഥാര്‍ത്ഥ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും പൊരുതാനും ഇന്ന് ആളെ കിട്ടുക പ്രയാസം .ഉള്ളവര്‍ തീവ്രവാദികളും രാജ്യദ്രോഹികളും .എന്നിട്ട് വീമ്പിളക്കാലോ ജനാധിപത്യമാണ് പോലും ജനാധിപത്യം ...40 കോടിയില്‍ അധികം ജനങ്ങള്‍ പട്ടിണിയിലും ......എന്റെ കാഴ്ചപ്പാടില്‍ ഭാവിയില്‍ ഭാരതം ഒരു വെറും രാഷ്ട്രീയ പാപ്പരത്തത്തിന്റെ , അധപതനത്തിന്റെ അഴിമതിയുടെ നീതി നിഷേധങ്ങളുടെ ചവറ്റു കൊട്ട യായി മാറിയേക്കാം .ഇപ്പോലുല്ലതിനേക്കാള്‍ ഭീകരമായി ന്യൂനപക്ഷങ്ങളും മര്ടിതരും കൂടുതല്‍ അടിമപ്പെട്ടെക്കാം ...ഇനിയൊരു ഉയിര്തെഴുന്നെല്പിനു പോലും ത്രാണിയില്ലാതെ ചവിട്ടി മെതിക്കപ്പെടാം...നാമൂസുമാരുടെ ബ്ലോഗുകള്‍ പെരുകട്ടെ .... ഇറോം ശര്മിളക്കും ബിനായക്സെന്നിന്നും പിന്‍ഗാമികള്‍ ഉണ്ടാവട്ടെ എണ്ണത്തില്‍ വണ്ണം ഇല്ലെങ്കിലും നമുക്ക് പേനത്തുംപുകള്‍ കൂട്ടിപ്പിടിക്കാം ..ആരെയും തകര്‍ക്കാനല്ല നേതാക്കളെ ....ഞങ്ങള്‍ .കോടി മനുഷ്യരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ... അത് നിഷേധിക്കപ്പെടരുത് ..അടിയങ്ങള്‍ പാവങ്ങലാനേ ....കഞ്ഞി കുടി മുട്ടിക്കല്ലേ ...

A പറഞ്ഞു...

ജനാധിപാത്യത്തിനു നേരുകള്‍ നഷ്ടപ്പെടുമ്പോള്‍ ചിന്തിക്കുന്ന ഒരു പൌരന്‍ അസ്വസ്ഥനാവുക സ്വാഭാവികം. ആ അസ്വസ്ഥത convincing ആയി താന്കള്‍ അവതരിപ്പിച്ചു. ഇനിയും കണ്ണുകള്‍ തുറന്നു തന്നെ പിടിക്കുക. കൂടുതല്‍ എഴുതുക.

kharaaksharangal.com പറഞ്ഞു...

ഗാന്ധിജിയെയും മഅദനിയെയും തമ്മില്‍ താരതമ്യം ചെയ്തത് ശരിയായില്ല. പിന്നെ തീവ്രവാദം രണ്ടുവിധമുണ്ട് സുഹൃത്തേ. 1.രാജ്യത്തെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദം. 2.സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ സ്വന്തം സത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന തീവ്രവാദം. മഅദനി ഇതില്‍ ഒന്നാമത്തെ ഗണത്തില്‍പ്പെടും. ഈറോണ്‍ ശര്‍മിളയും ബിനായക് സെന്നും നക്സലൈറ്റുകളും രണ്ടാമത്തെ ഗണത്തിലും.

ഏ.ആര്‍. നജീം പറഞ്ഞു...

തൂലിക പടവാളാണ് എന്നതെത്ര സത്യം... പലപ്പോഴും നമ്മുക്ക് ചുറ്റുമുള്ള കാഴ്ച്ചകൾ, സംഭവങ്ങൾ, വാർത്തകൾ നമ്മേ അലോസരപ്പെടുത്തുമ്പോൾ ഉൾവലിഞ്ഞു ഒരു ദീർഘനിശ്വാസം പൊഴിക്കുന്നതിനെക്കാൾ എത്രയോ ഭേദമാണ് പറയാനുള്ളത് നമ്മുക്ക് ലഭിച്ച മാധ്യമത്തിലൂടെ തുറന്നെഴുതുക.. ബധിരകർണ്ണങ്ങളിലണ് പതിക്കുന്നതെന്നറിഞ്ഞും...

അഭിനന്ദനങ്ങൾ നമൂസേ..

Sidheek Thozhiyoor പറഞ്ഞു...

ആത്മരോഷം അതിന്റെ ഉച്ചസ്ഥായിയില്‍ കാണുന്നു ..നമുക്ക് കാത്തിരിക്കാം നാമൂസ്‌.

നികു കേച്ചേരി പറഞ്ഞു...

പ്രതിപാദിച്ച പലവിഷയങ്ങളും കോടതിയുടെ മുന്നിലാണ്‌...തെളിയക്കപെടുന്നതുവരെയെങ്കിലും താങ്കളുടെ അഭിപ്രായം എന്നനിലയിലല്ലാതെ കാണാൻ കഴിയുകയില്ല...
ആശംസകൾ.

നാമൂസ് പറഞ്ഞു...

എല്ലാ കൂട്ടുകാര്‍ക്കും.
സ്നേഹപൂര്‍വ്വം നന്ദിയോതുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms